കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 2025

ആഗോള കത്തോലിക്കാ സഭയിൽ ഇന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ (The Feast of the Exaltation of the Holy Cross) നാം ആഘോഷിക്കുകയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി, ക്രിസ്തു തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ലോകത്തിന് രക്ഷ നൽകുവാൻ കുരിശിൽ മരിച്ചു എന്ന യാഥാർഥ്യത്തിന്റെ വെളിച്ചത്തിലാണ് ക്രൈസ്തവർ കുരിശിനെ പൂജ്യമായി കാണുവാൻ തുടങ്ങുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭരണകാലത്ത് ദൈവ നിന്ദയ്ക്കും, രാജദ്രോഹത്തിനുമുള്ള ശിക്ഷയായിരുന്നു കുരിശുമരണം. എന്നാൽ, ക്രിസ്തുവിന്റെ കുരിശുമരണത്തോടെ, ശിക്ഷയുടെ അടയാളമായ കുരിശ് രക്ഷയുടെ അടയാളമായി മാറി.
കത്തോലിക്കാ സഭയിൽ AD 4 ലാണ് പരസ്യമായി കുരിശിനെ വണങ്ങുവാൻ തുടങ്ങുന്നത്. അത് ആരംഭിച്ചതാകട്ടെ, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലന രാജ്ഞി തന്റെ ജറുസലേമിലേക്കുള്ള തീർത്ഥയാത്രയ്ക്കിടക്ക് ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തിയതിനുശേഷമാണ്. AD 326 സെപ്റ്റംബർ 14 നാണ് കുരിശ് കണ്ടെത്തിയത്.
എങ്കിലും പാശ്ചാത്യ സഭയിൽ വളരെ പ്രാധാന്യത്തോടെ കുരിശിന്റെ പുകഴ്ച്ച തുടങ്ങിയത് ഏഴാം നൂറ്റാണ്ടിലാണ്. പേർഷ്യാക്കാരിൽ നിന്ന് കോൺസ്റ്റാന്റിനെപ്പോളിലെ ഹെറാക്ലിയസ് രാജാവ് ക്രിസ്തുവിന്റെ കുരിശ് വീണ്ടെടുത്തതിന് ശേഷമാണ് കുരിശിന് വലിയ പ്രാധാന്യം കിട്ടിയത്. എന്നാൽ, ജറുസലേമിലെ പൗരസ്ത്യ സഭകളിൽ കുരിശിന്റെ പുകഴ്ച്ച നാലാം നൂറ്റാണ്ടുമുതൽ ഉണ്ടായിരുന്നു എന്നാണ് സഭാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
വിശുദ്ധ പൗലോസ് ശ്ലീഹ, ആദിമസഭയിൽ കുരിശിനെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിച്ചരുന്നു. ക്രൂശിതനായ ക്രിസ്തുവിനെ പ്രസംഗിക്കുന്നതിൽ അഭിമാനിച്ചിരുന്ന പൗലോസ് പറയുന്നത് കേൾക്കൂ: “ഞങ്ങളാകട്ടെ യഹൂദർക്ക് ഇടർച്ചയും, വിജാതീയർക്ക് ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.” (1 കോറി1, 23) കോറിന്തോസിലെ ക്രൈസ്തവരെ അദ്ദേഹം ഓർമിപ്പിക്കുന്നതും കുരിശിനെക്കുറിച്ചാണ്. ” നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അത് ദൈവത്തിന്റെ ശക്തിയത്രെ.” (1 കോറി 1, 18) വിശുദ്ധ പൗലോശ്ലീഹാ ഫിലിപ്പിയർക്ക് ലേഖനം എഴുതുമ്പോൾ ക്രൂശിതനായ ക്രിസ്തുവിനെക്കുറിച്ച് വളരെ കവിതാത്മകമായാണ് രേഖപ്പെടുത്തുന്നത്. ഓരോ ക്രൈസ്തവനും മനഃപാഠമാക്കേണ്ട ദൈവ വചനങ്ങളാണിവ. “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ – അതേ കുരിശുമരണംവരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി…ഇത് … യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുവേണ്ടിയാണ്.” (ഫിലിപ്പി 2, 6-11)
എന്നാൽ, പ്രിയപ്പെട്ടവരേ, ഒരു കാര്യം നാം മനസ്സിലാക്കണം. ആദിമസഭയിൽ ക്രിസ്തുവിന്റെ കുരിശിൽ ആദിമക്രൈസ്തവർ അഭിമാനിച്ചത് ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടല്ല. പിന്നെയോ, കുരിശുമരണത്തിനുശേഷം, ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതുകൊണ്ടാണ്; കുരിശുമരണം വലിയൊരു ക്രിസ്തുരഹസ്യത്തിലേയ്ക്കുള്ള വാതിലായിരുന്നതുകൊണ്ടാണ്. അതുകൊണ്ട്, കുരിശിനേക്കാൾ, കുരിശുമരണത്തെക്കാൾ ക്രൈസ്തവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രിസ്തുവിന്റെ കുരിശിനെ നാം വണങ്ങുന്നത് ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നതുകൊണ്ടാണ്.
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ക്രൈസ്തവർ ഇന്നും ആഘോഷിക്കുന്നത് നാമെല്ലാവരും, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ടാണ്; വിശുദ്ധ പത്രോസ് ശ്ലീഹ പ്രസംഗിച്ചതുപോലെ, “അല്ലയോ ഇസ്റായേൽ ജനങ്ങളേ, നിങ്ങളുടെ കൈകളിൽ അവൻ ഏല്പിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചു കൊന്നു. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിന് സാക്ഷികളാണ്” (അപ്പ 2 23, 32) എന്ന് നമ്മളും പ്രസംഗിക്കുന്നതുകൊണ്ടാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ നമ്മൾ ആഘോഷിക്കുന്നത്. ഇസ്രായേൽ ജനം കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി (അപ്പ 2, 36) എന്ന് ഇന്നും നമ്മൾ വിശ്വസിക്കുന്നതുകൊണ്ടാണ് നാമിന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നത്. സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ പീഡാസഹനമല്ല അവസാന വാക്ക്; ക്രിസ്തുവിന്റെ കുരിശു മരണവുമല്ല അവസാനവാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് കേൾക്കൂ…” ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; ഞങ്ങളുടെ വിശ്വാസവും വ്യർത്ഥം! (1 കോറി 15, 14) അതുകൊണ്ട്, ക്രിസ്തുവിന്റെ പീഡാസഹനമല്ല അവസാന വാക്ക്; ക്രിസ്തുവിന്റെ കുരിശു മരണവുമല്ല അവസാനവാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. നാം അവന്റെ ഉത്ഥാനത്തിന് സാക്ഷികളായതുകൊണ്ടാണ് അവന്റെ കുരിശിന്റെ പുകഴ്ച്ച ആഘോഷിക്കുന്നത്.
ക്രിസ്തു തന്റെ പീഡാനുഭവ മരണ ഉത്ഥാന പ്രവചനങ്ങൾ നടത്തുമ്പോൾ ഊന്നൽ നൽകുന്നത് ഉത്ഥാനത്തിനാണ്.

“മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും, എന്നാൽ, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.” (ലൂക്ക 9, 22) ഇന്ന് നാം വായിച്ചുകേട്ട സുവിശേഷ ഭാഗത്തും ഈശോ പറയുന്നത് മഹത്വത്തെക്കുറിച്ചാണ്. “ഭോഷന്മാരേ, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ? (ലൂക്ക 24, 25-26) ക്രിസ്തു മഹത്വീകൃതനാണ്; ഉത്ഥിതനാണ്. അതിനുള്ള ഉപകരണമായിരുന്നു കുരിശ്; അതിനുള്ള മാർഗമായിരുന്നു കുരിശുമരണം. അതിനാൽ, കുരിശുമരണം ബഹുമാനിക്കപ്പെടണം. കുരിശ് പുകഴ്ചയ്ക്ക് അർഹമാണ്. ആദിമക്രൈസ്തവ കാലംമുതലേ, ക്രിസ്തുവിന്റെ കുരിശുമരണത്തെ നാം ആദരിച്ചിരുന്നു. കുരിശിനെ രക്ഷയുടെ അടയാളമായി കണ്ടിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ ഉത്ഥാനമാണ് കുരിശിന്റെ പുകഴ്ചയുടെ അടിസ്ഥാനം എന്ന് നാം മറക്കരുത്.
കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നത്, കുരിശിന്റെ പുകഴ്ച്ച എന്നത് നമ്മുടെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു കടന്നുപോയ സഹനങ്ങളെ ആദരിക്കലാണ് എന്നാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 42, 49, 50, 52 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന സഹനങ്ങളിലൂടെ ഈശോ നടന്നുകയറിയത് ഉത്ഥാനത്തിലേക്കാണ് എന്ന മഹാസന്ദേശം ലോകത്തിന് മുൻപിൽ പ്രഘോഷിക്കുകയാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ നാം ചെയ്യുന്നത്.
ഒരിക്കൽ ഒരു പക്ഷി വഴിയിൽ വച്ച് അഗ്നിയെ കണ്ടു. എല്ലാം കത്തി നശിപ്പിക്കുന്ന അഗ്നിയോട് പക്ഷി ചോദിച്ചു: “ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനാണോ നീ?” “അല്ല ഒരിക്കലുമല്ല”, അഗ്നി പറഞ്ഞു. പിന്നെ ആരാണ് ഏറ്റവും ശക്തൻ? “എന്നെപ്പോലും കെടുത്തിക്കളയുന്ന വെള്ളമാണ് ഏറ്റവും ശക്തൻ.”അന്ന് ഉച്ചകഴിഞ്ഞ് വെള്ളത്തെ കണ്ടപ്പോൾ പക്ഷി ചോദിച്ചു: “വെള്ളം, നീയാണോ ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തൻ? വെള്ളം പറഞ്ഞു: “ഞാനല്ല ഏറ്റവും ശക്തൻ എന്നെപ്പോലും വറ്റിച്ചുകളയുന്ന സൂര്യനാണ് ഏറ്റവും ശക്തൻ.” പിറ്റേദിവസം പക്ഷി സൂര്യനോട് ഈ ചോദ്യം ആവർത്തിച്ചു: “ഞാനല്ല. എന്നെപ്പോലും മറച്ചുകളയുന്ന മേഘങ്ങളാണ് ഏറ്റവും ശക്തൻ.” ഓഹോ? അങ്ങനെയാണോ? എന്നാൽ പക്ഷി മേഘത്തിനോട് ചോദിച്ചപ്പോൾ മേഘം പറഞ്ഞു: “ഞാനല്ല. എന്നെപ്പോലും ഓടിച്ചു കളിക്കുന്ന കാറ്റാണ് ഏറ്റവും ശക്തൻ.” എന്നാൽ കാറ്റിനോട് ചോദിച്ചപ്പോൾ കാറ്റ് പറഞ്ഞു: “അയ്യോ, ഞാനല്ല. അത് മലയാണ്. എനിക്കാ മലയെ ഒന്ന് അ നക്കാൻപോലും പറ്റില്ല.” എന്നാൽ, മലയും പക്ഷിയോട് പറഞ്ഞു: “ഞാനല്ലാട്ടോ. എന്നെപ്പോലും തുരന്ന് മാറ്റാൻ കഴിയുന്ന മനുഷ്യനാണ് ഏറ്റവും ശക്തൻ.” പക്ഷി മനുഷ്യനോട് ചോദിച്ചപ്പോൾ മനുഷ്യൻ പറഞ്ഞു. “ഞാൻ ശക്തനേയല്ല. മരണമാണ് ഏറ്റവും വലിയ ശക്തൻ.” പക്ഷി മരണത്തെ തേടിപ്പോയി. കണ്ടുമുട്ടിയപ്പോൾ മരണം പറഞ്ഞത് വേറൊരു കഥ. “ഞാനല്ല ഏറ്റവും വലിയ ശക്തൻ. നസ്രത്തിൽ നിന്നുള്ള ഈശോയെന്ന ചെറുപ്പക്കാരൻ എന്നെയും തോൽപ്പിച്ചു കളഞ്ഞു. മരണശേഷം മൂന്നാം നാൾ അവൻ ഉത്ഥാനം ചെയ്തു. അവനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തൻ.”
വൈകാരികമായി കുരിശിനെ, സഹനങ്ങളെ നാം കെട്ടിപ്പിടിക്കുമ്പോഴും, ആത്മീയമായി ഉത്ഥാനത്തെയാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ഉറങ്ങാതിരുന്ന് പഠിച്ച രാത്രികളെ എന്നതിനേക്കാൾ വിജയത്തെ നാം ഉയർത്തിപ്പിടിക്കുന്നതുപോലെ. പേറ്റുനോവിനെ എന്നതിനേക്കാൾ കുഞ്ഞിനെ ഉയർത്തിപ്പിടിക്കുന്നത്പോലെ! അനവധി ദിവസങ്ങളിലെ, അധ്വാനത്തെയും, ഒഴുക്കിയ വിയർപ്പിനെയും എന്നതിനേക്കാൾ നിറകതിരുകളെ ഉയർത്തിപ്പിടിക്കുന്നതുപോലെ. ആധ്യാത്മിക ജീവിതത്തിന്റെ പാകത എന്നത്, കുരിശിനെ ആദരിച്ചുകൊണ്ട് ഉത്ഥാനത്തിൽ ജീവിക്കുകയെന്നതാണ്. ക്രൈസ്തവ ജീവിതത്തിന്റെ പാകത എന്നത് സഹനങ്ങളെ സ്വീകരിച്ചുകൊണ്ട്, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറയുകയാണ്.
എമ്മാവൂസിലെ ശിഷ്യന്മാർക്ക് ഈശോ അപ്പം വിഭജിച്ച് കൊടുത്തപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെടുകയാണ്. അവരുടെ ഹൃദയം ജ്വലിക്കുകയാണ്. മാത്രമല്ല, തത്ക്ഷണം അവർ അവിടെനിന്ന് പോകുകയാണ്. ഇനി അവരുടെ ഊഴമാണ്. ക്രിസ്തുവാകുവാൻ; അപ്പമാകുവാൻ. ആരാണ് ക്രിസ്തു? ഉത്ഥിതനാണ് ക്രിസ്തു. സഹനത്തിലൂടെ ഉത്ഥാനം ചെയ്തവനാണ് ക്രിസ്തു. ക്രിസ്തുവിൽ സഹനമുണ്ട്; ഉത്ഥാനവുമുണ്ട്. ഉത്ഥാനമാണ് സഹനത്തിന് പ്രസക്തി നൽകുന്നത്, പ്രകാശം നൽകുന്നത്. അപ്പമെന്താണ്? ആയിത്തീരുന്നതാണ്, ഉത്ഥാനമാണ് അപ്പം. കനലിൽ എരിയുക എന്നതായിരുന്നു സഹനം.
സ്നേഹമുള്ളവരേ, കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ നാം ഇന്ന് ആഘോഷിക്കുമ്പോൾ ഓർക്കുക, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്ന ദൈവമായതുകൊണ്ടാണ് കുരിശിന് വിലയുണ്ടായത്. അല്ലാതെ, ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടല്ല. എന്തുകൊണ്ടാണ് കളിയ്ക്കാൻ അറിയില്ലെന്ന പേരിൽ പുറത്താക്കപ്പെട്ടവനാണ് മൈക്കിൾ ജോർദാൻ എന്ന് നാം പറയുന്നത്? നാളുകൾ കഴിഞ്ഞ് ആറ് തവണ അദ്ദേഹം നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യനായതുകൊണ്ടാണ്. സ്വരം കൊള്ളില്ലെന്ന പേരിൽ ഡെക്കാ സ്റ്റുഡിയോ പുറംതള്ളിയവർ എന്ന് നാലുചെറുപ്പക്കാരെക്കുറിച്ച് നാം വലിപ്പം പറയുന്നത് എന്തുകൊണ്ടാണ്? ബീറ്റിൽസ് (The Beatles) എന്ന മികച്ച മ്യൂസിക് ബാൻഡായി അവർ മാറിയതുകൊണ്ടല്ലേ?
കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഒരു ചൂണ്ടുപലകയാണ്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്ന ദൈവമാണെന്നതിലേക്കുള്ള ചൂണ്ടുപലക. അതുപോലെതന്നെ, നമ്മുടെ ജീവിതത്തിലെ സഹനങ്ങളും, കുരിശുകളും ചൂണ്ടുപലകകൾ മാത്രമാണ്. ജീവിക്കുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്ന, നമ്മുടെ ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്ന, നമ്മുടെ രോഗങ്ങളിൽ നിന്ന് നമുക്ക് സൗഖ്യം നൽകുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്നത്തിലേക്കുള്ള ചൂണ്ടുപലക.

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ പ്രത്യാശയുടെ തിരുനാളാണ്. കുരിശല്ല, ദുഃഖവെള്ളിയല്ല അവസാനവാക്ക്. ഉത്ഥാനമാണ്, ഈസ്റ്റർ ഞായറാണ് അവസാനവാക്ക് എന്ന പ്രത്യാശയുടെ തിരുനാൾ. ആമ്മേൻ!