ഏലിയാ-സ്ലീവാ-മൂശേക്കാലം
സ്ലീവാ രണ്ടാം ഞായർ
മത്താ 17, 14-21

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തിക്കൊണ്ട് സൗഖ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രിസ്തുവിനെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഒരുവശത്ത് ഈ ലോകം തന്നെ അപസ്മാരം പിടിപെട്ടവരെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്. ചിലപ്പോൾ തോന്നും ഇസ്രയേലിനാണ് അപസ്മാരം എന്ന്. മറ്റുചിലപ്പോൾ അത് ഹമാസിനും പാലസ്തീനിനുമാണെന്ന് തോന്നും. പിന്നെ അമേരിക്കക്കാണോ അതോ റഷ്യയ്ക്കാണോ അപസ്മാരമെന്ന്? ക്രിസ്ത്യാനികളെ മതപരിവർത്തനത്തിന്റെപേരിൽ ആക്രമിക്കുന്നത് കാണുമ്പോ ഇന്ത്യയ്ക്കും അപസ്മാരമാണോയെന്ന് തോന്നിയാൽ സംശയമില്ല. സംഗമങ്ങൾക്കും, സമ്മേളനങ്ങൾക്കും പിന്നാലെ പോകുന്ന കേരളത്തെ കാണുമ്പോൾ തോന്നും കേരളത്തിനാണോ അപസ്മാരമെന്ന്!!
വർത്തമാനപ്പത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, സാമൂഹ്യമാധ്യമങ്ങൾ പരതുമ്പോൾ ഇതൊക്കെ ശരിയാണെന്ന് നമുക്ക് തോന്നും. മറുവശത്താണെങ്കിലോ, ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സുവിശേഷമാണ് ഏറ്റവും നല്ല ഔഷധമെന്ന് പോപ്പ് ലെയോ പതിനാലാമൻ! ഇന്നത്തെ സുവിശേഷ ഭാഗവും ക്രിസ്തുവാണ്, കൃത്വിന്റെ സുവിശേഷമാണ് ലോകത്തിന് സഖ്യം നൽകുന്നതെന്ന് പ്രഘോഷിക്കുകയാണ്.
സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത്, ഈശോ ആവശ്യപ്പെടുന്നത്, ഹൃദയത്തിലുള്ള വിശ്വാസമാണ്.
ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ, ഈശോ, സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറഞ്ഞപോലുള്ള വിശ്വാസം; കർത്താവേ, നീ ജീവനുള്ള ദൈവത്തിന്റെ മിശിഹയാകുന്നുവെന്ന് വിശുദ്ധ പത്രോസ് വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; നമ്മുടെ പ്രായം ചെന്ന വല്യപ്പന്മാരും, വല്യമ്മമാരും അതിരാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാന അർപ്പിക്കാൻ ദേവാലയത്തിലെത്തുന്ന പോലുള്ള വിശ്വാസം! എന്തുമാത്രം വിശ്വാസ പ്രതിസന്ധികളുണ്ടായാലും, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയേയും കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങളുണ്ടായാലും, ദൈവാലയത്തിന്റെ തിരുനടയിൽ തിരികത്തിച്ച് പ്രാർത്ഥിക്കാനെത്തുന്ന സാധാരണ ക്രൈസ്തവന്റെ വിശ്വാസം, എന്റെ ദൈവം എന്റെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറയ്ക്കുവാൻ എന്റെ ജീവിതത്തിലേക്ക് വരും എന്ന ഓരോ ക്രൈസ്തവന്റെയും വിശ്വാസം! വിശ്വാസം – യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്.
ദേവാലയങ്ങളുടെ വലിപ്പമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ, സംസ്കാരത്തിന്റെ പവിത്രതയല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം, ക്രൈസ്തവരുടെ എണ്ണമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വലിപ്പം, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ Richness, സമ്പന്നത! ക്രിസ്തുവിലുള്ള വിശ്വാസമാണ്, ഉത്ഥിതനായ ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം തന്നെയാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ, സൗന്ദര്യം, വലിപ്പം, സമ്പന്നത.
താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, ശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവനെ സുഖപ്പെടുത്തുന്നതും.
ഈ സംഭവവിവരണത്തിലൂടെ ഒന്ന് കടന്നുപോകാം… ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇസ്രായേല്യരുടെ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ജോലി ഭാരം കൂട്ടുന്നതായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്. ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം. അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നമുക്കാർക്കെങ്കിലും ആയിരുന്നെങ്കിൽ ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലെല്ലാം നാം ഓടിച്ചെന്നേനെ! അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി …അങ്ങനെ ഏതെല്ലാം പതികളുണ്ടോ അവിടെയെല്ലാം നാം കടന്നുചെന്നേനെ! ശരിയല്ലേ?
എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.
വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.” ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ ചരമവാർഷികമായിരുന്നു.
ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്; ഈശോ മുഴുവനും സൗഖ്യമാണെന്ന്. നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണത്തിന്റെ ബലത്തിൽ ക്രൈസ്തവർക്കെതിരെ ബിൽ കൊണ്ടുവരുന്നവർ കേൾക്കണം, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ! എത്ര ബിൽ അവതരിപ്പിച്ചാലും, ലോകരക്ഷകനായ ക്രിസ്തുവിനെ മനുഷ്യർ തിരിച്ചറിയും. എന്നിട്ട് വിളിക്കും, ഈശോയേ, കർത്താവേ സൗഖ്യം നല്കണേ എന്ന്!!!
സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.
ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.
2014 ൽ ഇറങ്ങിയ ഒരു English Film ഉണ്ട് – Exodus: Gods and Kings. പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളാണ്

സിനിമയുടെ വിഷയം. സംവിധാനം, ഗ്ലാഡിയേറ്റർ (Gladiator 2000) ഫെയിം, റിഡ്‌ലെ സ്കോട്ട് (Ridley Scott) ആണ്. മോസസ് ആയി അഭിനയിച്ച ക്രിസ്ത്യൻ ബെയ്ൽ (Christian Bale) നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഈജിപ്തിൽ നിന്ന് മോശയുടെ നേതൃത്വത്തിൽ രക്ഷപ്പെടുന്ന ഇസ്രായേൽ ജനം ആഹ്ളാദാരവങ്ങളോടെയാണ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കാനാൻ ദേശം ലക്ഷ്യമാക്കി നടക്കുന്നത്. എല്ലാം ശുഭമാണെന്ന് വിചാരിച്ച് സന്തോഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് ചെങ്കടൽ അവർക്ക് മുൻപിൽ വെള്ളത്തിന്റെ മതിൽ സൃഷ്ടിക്കുന്നത്. മോസസ് പ്രധാന ആളുകളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഒരു ഫലവുമില്ല. ഫറവോയുടെ പട്ടാളം പിന്നാലെ വന്ന് തങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുമോയെന്ന ഭയം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു. ജനം പരാതിപറയാൻ തുടങ്ങി. പരസ്പരം തമ്മിൽ തല്ലാൻ തുടങ്ങി. മോസസ് കാലുവെന്ത പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം, അവസാനം അദ്ദേഹം തന്റെ കയ്യിലിരുന്ന വടി വെള്ളത്തിലേക്ക് എറിഞ്ഞിട്ട് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു: “യഹോവയെ എന്നെക്കൊണ്ട് ഈ വലിയ തടസ്സം മാറ്റാൻ പറ്റില്ല. യഹോവയേ, നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.” ഇതും പറഞ്ഞു അയാൾ മണലിൽ കമിഴ്ന്നു കിടന്നു. ഒട്ടും സമയം കഴിഞ്ഞില്ല. അയാളുടെ കാതുകൾ വെള്ളത്തിന്റെ തിരയനക്കം കേട്ടു. തലയുയർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് വെള്ളം പിന്നോട്ടോടുന്നതാണ്. വചനം പറയുന്നു: “ഇസ്രായേൽ ജനം കരയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നു.” ദൈവത്തിന്റെ കയ്യിലേക്ക് പൂർണമായി കൊടുക്കുക. അത്രയ്ക്കും വിശ്വാസം നിനക്കുണ്ടാകുക. സ്നേഹിതാ, ദൈവം നിന്റെ ജീവിതത്തെ സുഖപ്പെടുത്തും.
ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.
അതുകൊണ്ടാണ്, തന്റെ ആദ്യത്തെ Official അഭിമുഖത്തിൽ ക്രക്സ് സീനിയർ കറസ്‌പോണ്ടന്റ് എലീസ് ആൻ അലനോട് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പറഞ്ഞത് ‘ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല മറിച്ച് സുവിശേഷം പങ്കിടുകയാണ് എന്റെ പ്രധാന ദൗത്യം’. കാരണം, പാപ്പയ്ക്കറിയാം അപസ്മാരം നിറഞ്ഞ ഈ ലോകത്തിന് മറുമരുന്ന് ക്രിസ്തുവിന്റെ സുവിശേഷമാണെന്ന്!!

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.
ഈ ഭൂമിക്ക്, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.
നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്,

മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!