SUNDAY SERMON MT 22, 23-33

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ

മത്തായി 22, 23-33

സീറോമലബാർ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേ കാലത്തിലെ കഴിഞ്ഞ ഞായറാഴ്ചകൾ പ്രധാനമായും, ക്രിസ്തുവിന്റെ കുരിശുമരണവും, ഉത്ഥാനവും, ലോകാവസാനവും, ക്രിസ്തുവിന്റെ രണ്ടാംവരവും വിചിന്തന വിഷയമാക്കിക്കൊണ്ടാണ് കടന്നുപോയത്. ഈ ഞായറാഴ്ച്ച, നശ്വരമായ ഈ ഭൂമിയിലെ ജീവിതവും, അനശ്വരമായ സ്വർഗജീവിതവുമാണ് നാം വിചിന്തനവിഷയമാക്കുന്നത്. ക്രിസ്തു പ്രധാനമായും ചോദിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? രണ്ട്, ക്രൈസ്തവർ വിശ്വസിക്കുന്നത് മരിച്ചവരുടെ ദൈവത്തിലോ, അതോ, ജീവിക്കുന്നവരുടെ ദൈവത്തിലോ? അതോട് ചേർന്ന്, ഈശോ ഉയർത്തുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കണം? സ്വർഗ്ഗത്തിലെ ജീവിതം എങ്ങനെയാണ്? ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, ഈ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഹങ്കരിച്ചിരുന്ന ഇസ്രായേൽ ജനത്തിന്റെ ഇടയിൽ സദ്ദുക്കായരെന്നും, ഫരിസേയരെന്നും രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഫരിസേയർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നവരായിരുന്നു. സദ്ദുക്കായരാകട്ടെ മരിച്ചവരുടെ പുനരുത്ഥാനം, മരണാനന്തര ജീവിതം, ആത്മാവ്, മാലാഖമാർ എന്നിവയെ എതിർക്കുന്നവരുമായിരുന്നു. എന്നാൽ, ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം അവർ ഈശോയെ എതിർക്കുന്നവരായിരുന്നു എന്നതാണ്. മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ഈശോയെ എങ്ങനെ കെണിയിൽപ്പെടുത്താമെന്ന് ചിന്തിച്ചിരുന്നവരുമായിരുന്നു.

ഇവരിൽ സദ്ദുക്കായരാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രമാണിമാർ. ഈ സുവിശേഷ ഭാഗത്തിന് തൊട്ട് മുൻപ് വിശുദ്ധ മത്തായി അവതരിപ്പിക്കുന്നത് ഫരിസേയരെയാണ്. മത്തായി 22, 15 പറയുന്നത് ഇങ്ങനെയാണ്: “അപ്പോൾ ഫരിസേയർ പോയി യേശുവിനെ എങ്ങനെ വക്കിൽ കുടുക്കാൻ എന്ന് ആലോചന നടത്തി.” സീസറിന് നികുതി കൊടുക്കണോ വേണ്ടയോ എന്നതായിരുന്നു അവരുടെ പ്രശ്നം. ഫരിസേയർക്ക് ഉത്തരം മുട്ടിപ്പോയ മറുപടിയായിരുന്നു ഈശോ നൽകിയത്. “സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും …” (21) ഇനി വരുന്നത് ഇന്നത്തെ സുവിശേഷത്തിലെ ആദ്യവചനമാണ്. “പുനരുത്ഥാനമില്ലെന്ന് പറയുന്ന സദ്ദുക്കായർ അന്ന് തന്നെ അവനെ സമീപിച്ച് ചോദിച്ചു.” (23) ഈ സുവിശേഷ ഭാഗത്തിന് ശേഷം വരുന്ന വചനവും Interesting ആണ്: “യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്ന് കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി.” (34) ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം ഇതായിരുന്നു: ഈശോയെ കെണിയിൽപ്പെടുത്തുക!

സദുക്കായരോട് ഈശോ മറുപടി പറയുമ്പോൾ, നോക്കുക, ഈശോയ്ക്ക് ഒരിറ്റ് ദേഷ്യമില്ല. ഈശോ അസ്വസ്ഥനല്ല. ലേശംപോലും അഹങ്കാരമില്ല. തന്നെ കെണിയിൽപ്പെടുത്താൻ വന്നിരിക്കുന്നവരോട് ഒട്ടുമേ വെറുപ്പില്ല. ഈശോ ഈ അവസരം സ്വർഗീയ രഹസ്യങ്ങൾ അവതരിപ്പിക്കുവാൻ ഉപയോഗിക്കുകയാണ്. Just ഒരു തിരുത്തലോടെ …എന്താണത്? “വിശുദ്ധ ലിഖിതങ്ങളോ, ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു.” (29)

തുടർന്ന് ഈശോ സ്വർഗീയ ജീവിതത്തെക്കുറിച്ചും, ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചും അവരെ പഠിപ്പിക്കുകയാണ്.

ഒന്നാമത്തെ പഠനം ഇതാണ്: നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? ഈശോ പറയുന്നത് മരണമല്ല, ഉത്ഥാനമാണ് പ്രധാനപ്പെട്ടത്. നമ്മുടെ ദൈവം എന്നും ജീവിക്കുന്ന ദൈവമാണ്. നമ്മുടെ ദൈവം ഉത്ഥിതനാണ്. മരണം ഈ ഭൂമിയിലെ, മനുഷ്യ ജീവിതത്തിലെ ഒരു സംഭവം മാത്രം. മരണം ഒരു യാഥാർഥ്യമാണോ? Is it a Reality? അല്ലെന്ന് പറയേണ്ടിവരും. കാരണം, അനുഭവിച്ച ആർക്കും ഇതിനെക്കുറിച്ച് പറയാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇതൊരു സംഭവമാണ്. നമുക്ക് കാണാൻ പറ്റുന്നുണ്ട്. എന്നാൽ, അനുഭവിക്കാൻ പറ്റുന്നില്ല. അനുഭവിച്ചവർക്കോ, അതിനെക്കുറിച്ച് പറയാനും കഴിഞ്ഞിട്ടില്ല. ഇതുവരെ! മരണം ഒരു കടന്നുപോകലാണ്. ഇതൊരു വലിയ സംഭവമാണ്. അതുകൊണ്ടാണ്, ഭാരതീയ ആദ്ധ്യാത്മികതയിൽ മരണത്തെ മഹാസമാധി എന്ന് പറയുന്നത്.

രണ്ട് തരം സമാധിയുണ്ട്. ഒന്ന്, ഈ ഭൂമിയിലായിരിക്കെത്തന്നെ “ദൈവമേ, എന്റെ സർവ്വസ്വമെ” എന്ന സ്വയം പരിത്യാഗത്തിന്റെ പാരമ്യത്തിൽ എത്തിച്ചേരുക. അതാണ് സമാധി. സന്യാസജീവിതമൊക്കെ ഈ സമാധിയുടെ അടയാളങ്ങളാണ്, അടയാളങ്ങൾ ആകേണ്ടതാണ്. ഇത് ഒരു തരത്തിൽ മരണമാണ്. ഈ ലോകത്തിലായിരിക്കെത്തന്നെ, ലോകത്തോട് മരിക്കുക. ഇത് ഉത്ഥാനവുമാണ്. സമാധിയായ ക്രിസ്തു പിന്നെ ഈ ഭൂമിയിൽ സ്നേഹമായി. സമാധിയായ ബുദ്ധൻ ഈ ഭൂമിയിൽ അഹിംസയായി. സമാധിയായ ഗുരുദേവൻ ഈ ഭൂമിയിൽ സമത്വമായി. ഉത്ഥാനത്തിന്റെ ജീവിതം!  സ്വർഗദൂതരെപ്പോലെയുള്ള ജീവിതം! ദൈവരാജ്യത്തിലെ ജീവിതം!

രണ്ടാമത്തേത്, ശരീര വേർപാടാണ്. അതിനെ മഹാസമാധി എന്ന് പറയുന്നു. ഭാരത ചിന്തയിൽ പേര് വലുതാണെങ്കിലും, മഹാസമാധിക്ക് അത്ര പ്രാധാന്യമില്ല. അത് ഭൂമിയിൽ നിന്നുള്ള യാത്ര പറച്ചിലാണ്. അത്രമാത്രം. അതെങ്ങനെയായാലും വിഷയമല്ല. ക്രിസ്തു കുരിശിലേറി. കൃഷ്ണൻ വേടന്റെ അമ്പേറ്റ് മരിച്ചു. ബുദ്ധൻ അജീർണം വന്ന് മരിച്ചു. ശ്രീരാമ കൃഷ്ണ പരമഹംസൻ, രമണ മഹർഷി ക്യാൻസർ വന്ന് മരിച്ചു. ശ്രീനാരായണ ഗുരു മൂത്രതടസ്സം, ഹെർണിയ വന്ന് മരിച്ചു. മരണം എങ്ങനെയായാലും പ്രശ്നമല്ല. ഈ ഭൂമിയിൽ നീ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്ഥിതനായിട്ടോ, മരിച്ചവനായിട്ടോ? ഉത്ഥിതനായ ജീവിക്കുമ്പോൾ നീ ദൈവത്തിലാണ്; സ്വർഗത്തിലാണ്. ഈ ഭൂമിയിലായിരിക്കുമ്പോഴും!!

രണ്ടാമത്തെ പഠനം: ക്രൈസ്തവർ വിശ്വസിക്കുന്നത് ഉത്ഥിതനായ ദൈവത്തിലാണ്. കാരണം, ക്രൈസ്തവന്റെ ജീവിതം ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം. അത്, ഈ ഭൂമിയിലാണെങ്കിലും, പരലോകത്താണെങ്കിലും! പൗരസ്ത്യ ആധ്യാത്മികത ക്രിസ്തുവിന്റെ ഉത്ഥാനത്തിന് പ്രാധാന്യം നൽകുന്നതിന്റെ രഹസ്യമിതാണ്! ഇത് ഉത്പത്തി പുസ്തകത്തിന്റെ പ്രായോഗിക വായനയാണ്. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന്റെ റിവേഴ്‌സ് വായന! ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ പൊടിപുരളാത്ത ഉടലും, മനസ്സുമായി ദൈവത്തെ പ്രതിഫലിപ്പിച്ച് ജീവിക്കേണ്ടവളാണ്, ജീവിക്കേണ്ടവനാണ്. കാരണം, നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്.

അപ്പോൾ, ചോദ്യമിതാണ്: ഈ ഭൂമിയിൽ ഞാൻ എങ്ങനെ ജീവിക്കണം? മരിച്ചവനായിട്ടോ, അതോ, ജീവിക്കുന്നവനായിട്ടോ?

തോട്ടത്തിലെ പൂക്കളെ നോക്കൂ. അവ സുന്ദരമാണ്. ഭൂമിയിലായിരിക്കെ അവ ഉത്ഥാനത്തിന്റെ മഹത്വത്തിലാണ്. പൂക്കളെല്ലാം കൊഴിഞ്ഞുപോകും. പൂവിതളുകൾ മണ്ണിൽ വീഴും. ആദിസ്രോതസ്സിലേക്ക് അവ അപ്രത്യക്ഷമാകും – അതിനെ സൃഷ്ടിച്ച ജീവരസത്തിലേക്ക്. അവിടെയും അവ സുന്ദരമാണ്. ഒരു പൂവ് പോലെ ഭൂമിയിലും, സ്വർഗ്ഗത്തിലും ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം നാം മനുഷ്യർ!

ഗുരു മരണക്കടക്കിയിലായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു: “അവസാനമായി ഞങ്ങൾക്ക് ഒരു ഉപദേശം തരാമോ? ഒന്ന് പുഞ്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഞാൻ മരിക്കും. എന്റെ ശവദാഹത്തിനുശേഷം നിങ്ങൾ വീട്ടിലേക്ക് മടങ്ങും. മടങ്ങുമ്പോൾ, നിങ്ങൾ നദി മുറിച്ച് കടക്കേണ്ടിവരും. അപ്പോൾ, നദിയിലൂടെ പോകുമ്പോൾ നിങ്ങളുടെ പാദങ്ങൾ നിങ്ങൾ നനയ്ക്കരുത്.” അങ്ങനെയാണ് ആധ്യാത്മികമായി ഉന്നതി പ്രാപിച്ചവർ ഈ ഭൂമിയിൽ ജീവിക്കേണ്ടത്. ലോകമാകുന്ന നദിയിലൂടെ മനുഷ്യർ നടക്കും. എന്നാൽ നദിയിലെ വെള്ളം, നദിയുടെ ഒഴുക്ക് അവരുടെ ജീവിതത്തെ ബാധിക്കരുത്.

സ്നേഹമുള്ളവരേ, ഭൂമിയും, സ്വർഗ്ഗവും ഒത്തിണങ്ങുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുരന്തം. 

ഈ ഭൂമിയിൽ ഉത്ഥാനത്തിന്റെ മഹിമയിൽ, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിച്ച് ജീവിക്കുവാൻ നമുക്കാകണം. ലോകത്തിന്റെ കാമനകൾ, സുഖങ്ങൾ, ആഡംബരം….എല്ലാം നമുക്ക് ഉപയോഗിക്കാം. പക്ഷെ, അവയെയൊന്നും എന്റെ ദൈവമായി ഞാൻ കാണരുത്. അവയെല്ലാം നശ്വരങ്ങളാണ്. ഈ ഭൂമിയിൽ മരിച്ചവരായി, അടിമകളായി ജീവിക്കാനല്ല ഈശോ ആഗ്രഹിക്കുന്നത്. കാമനകളിൽ കുടുങ്ങരുത്. സ്വർണത്തിന്റെ വില ഇങ്ങനെ കുതിച്ചുയരുന്നത് മനുഷ്യൻ അതിന് അടിമകളായതുകൊണ്ടല്ലേ? ശാസ്ത്രം ഉത്പാദിപ്പിക്കുന്നതെല്ലാം മനുഷ്യനുവേണ്ടിയാണ്. നാം അവയുടെ അടിമകളാകരുത്. ഒരു മനുഷ്യനും ചങ്ങലക്കെട്ടിലാകരുത്. ആ ചങ്ങല സ്വർണ നിർമിതമാണെങ്കിൽ പോലും!!!

ഞാൻ നിങ്ങളോട് പറയുന്നു, മരിച്ചവരുടെ, മരിച്ചവരുടെ ആധിപത്യം വകവെച്ചു കൊടുക്കരുത്. അധികാരത്തിന് പുറകെ പോകുന്നവർ മരിച്ചവരാണ്. പണമാണ് ദൈവമെന്ന കരുതി ജീവിക്കുന്നവർ മരിച്ചവരാണ്. ലോകസുഖങ്ങളാണ് എല്ലാം എന്ന് ഭ്രമിച്ച് ജീവിക്കുന്നവർ മരിച്ചവരാണ്. നമ്മുടെ ദൈവം ഇങ്ങനെ മരിച്ചവരുടെ ദൈവമല്ല. നമ്മുടെ ദൈവം, സ്നേഹത്തിൽ, നന്മയിൽ, പ്രകാശത്തിൽ ഉത്ഥാനത്തിൽ ജീവിക്കുന്നവരുടെ ദൈവമാണ്. എപ്പോഴും, ഭൂമിയിലും സ്വർഗ്ഗത്തിലും നമുക്ക് ക്രിസ്തുവിനോടൊപ്പം ആയിരിക്കാം.

നല്ല കള്ളന്റെ പ്രാർത്ഥനയ്ക്കുള്ള ഈശോയുടെ മറുപടി മനോഹരമാണ്. നല്ല കള്ളൻ പ്രാർത്ഥിച്ചു: “നിന്റെ രാജ്യത്തിൽ എന്നെ ഓർക്കണമേ.” ഈശോ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും.” ഇന്ന് എന്നത് വർത്തമാനകാലത്തിന്റെ സൂചനയാണ്. ഭാവിയുടെ വീണ്ടെടുപ്പിനെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇന്നിന്റെ, വർത്തമാനകാലത്തിന്റെ വിശുദ്ധീകരണത്തെക്കുറിച്ചാണ് ഈശോ ഭൂമിയോട് മന്ത്രിക്കുന്നത്. സക്കേവൂസിനെപ്പോലെ ഉത്ഥാനത്തിലേക്ക് കടക്കുമ്പോൾ ഈശോ പറയും: “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു.” സുവിശേഷം വായിക്കിമ്പോൾ, കേൾക്കുമ്പോൾ ഈശോ പറയും: “നിങ്ങൾ കേട്ടിരിക്കെത്തന്നെ ഈ തിരുവെഴുത്ത് നിരവറിയിരിക്കുന്നു.” (ലൂക്കാ 4, 21)

പ്രിയപ്പെട്ടവരേ, പീഡാസഹനമല്ല, മരണമല്ല അവസാന വാക്ക്. ഉത്ഥാനമാണ് അവസാന വാക്ക്. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയുടെ ചൈതന്യം ഉത്ഥാനമാണ് എന്ന് പറയുന്നതിന്റെ യുക്തി ഇതാണ്. ക്രിസ്തു ജീവിക്കുന്നവരുടെ ദൈവമാണ്. മരിച്ചവരുടെ അല്ല. ക്രിസ്തുവിനോടൊപ്പമാണെങ്കിൽ നാമെന്നും പറുദീസയിലായിരിക്കും; സ്വർഗ്ഗത്തിലായിരിക്കും. ദൈവവുമൊത്തുള്ള

എന്റെ സഞ്ചാരമാണ് മോക്ഷം. സ്വർഗജീവിതവും അത് തന്നെ.  ക്രിസ്തുവിനോടൊപ്പം ഇന്ന് സഞ്ചരിക്കാത്തവർ നാളെ അവനോടൊപ്പം ആയിരിക്കും എന്ന് കരുതാൻ വയ്യ. ക്രിസ്തു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ആമ്മേൻ!

SUNDAY SERMON MISSION SUNDAY 2025

മിഷൻ ഞായർ 2025   

മത്തായി 10, 1-15

ലോകത്തിൽ, എന്തിന് നമ്മുടെ കൊച്ചു കേരളത്തിൽ പോലും ക്രിസ്തു സാക്ഷ്യം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ മിഷൻ ഞായർ നമ്മൾ ആചരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രസ്താവിക്കുന്നതുപോലെ, തിരുസ്സഭ – അത് സ്വഭാവത്താലേ മിഷനറിയാണ്. ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുവിനെ പിന്തുടരുന്ന ഓരോ ക്രൈസ്തവനും മിഷനറിയാണ് എന്ന സത്യം ഉറക്കെ പ്രഘോഷിക്കാനും, ക്രിസ്തു ലോകത്തിന്റെ രക്ഷകനാണെന്ന് ചങ്കൂറ്റത്തോടെ ഏറ്റുപറയുവാനുമാണ് നാം മിഷൻ ഞായർ ആഘോഷിക്കുന്നത്.

ഭാരതത്തിലെ ക്രൈസ്തവ മിഷനറി ദൗത്യത്തിന്റെ മഹത്തായ മാതൃകയാണ് കേരളത്തിലെ ക്രൈസ്തവരും, ക്രൈസ്തവ സഭകളും. ലോകത്തിലെ ക്രൈസ്തവ ഭൂപടത്തിൽ എന്താണ് കേരള ക്രൈസ്തവരെ വ്യത്യസ്തരാക്കുന്ന ഘടകം? എന്താണ് മിഷൻ ഞായറിനെ മനോഹരമാക്കുന്നതിൽ കേരള ക്രൈസ്തവരുടെ പങ്ക്? അത് മറ്റൊന്നുമല്ല. ക്രിസ്തുവിന്റെ മിഷനറി ദൗത്യം, ജീവിതംകൊണ്ടും, ജീവൻ കൊടുത്തും പ്രഘോഷിക്കാൻ ഇവിടെ ക്രൈസ്തവർ ഉണ്ട് എന്നുള്ളതാണ്. എന്താണ് ഈശോ നൽകുന്ന മിഷനറി ദൗത്യം? The Missionary Mandate? തന്റെ സ്വർഗാരോഹണത്തിന് മുൻപ്,  ശിഷ്യർക്ക് ഈശോ നൽകിയ ഉപദേശം! “നിങ്ങൾ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ.” (മത്താ 28, 19-20) 

കേരള ക്രൈസ്തവ സഭയ്ക്ക് ആഴമായ വിശ്വാസത്തിന്റെ വേരുകളുണ്ട്. അപ്പസ്തോലിക പൈതൃകമുണ്ട്. വിശ്വാസത്തിന്റെ പിതാവായ മാർ തോമാശ്ലീഹായുടെ പാദമുദ്രകൾ പതിഞ്ഞ മണ്ണാണിത്. അപ്പസ്തോലിക പാരമ്പര്യത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന കത്തോലിക്കാ സഭയ്ക്ക്  ഇന്നും ഫലഭൂയിഷ്ഠമായ മണ്ണാണ് നമ്മുടെ നാട്. വിശ്വാസ പാരമ്പര്യത്തിന്റെ അടയാളങ്ങളായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ദൈവാലയങ്ങൾ നമുക്കുണ്ട്. ക്രിസ്തുവക്കുന്ന പ്രകാശത്തെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തെ വാഴ്ത്തിപ്പാടുന്ന അത്‌ലയങ്ങൾ നമുക്കുണ്ട്. ഇവയ്‌ക്കെല്ലാമുപരി ക്രിസ്തുവിനുവേണ്ടി, തിരുസഭയിൽ ക്രിസ്തു മഹത്വപ്പെടുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ക്രൈസ്തവ മക്കൾ നമുക്കുണ്ട്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ആയിരക്കണക്കിന് പ്രേഷിത തീക്ഷ്ണതയുള്ള മക്കൾ  നമുക്കുണ്ട്. അതുകൊണ്ട്, ഈ മിഷൻ ഞായർ അഭിമാനത്തോടെ, സന്തോഷത്തോടെ ആഘോഷിക്കുവാൻ നമുക്കാകട്ടെ.

ഈ മിഷൻ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥാനം വിട്ട്, സ്ഥലം വിട്ട്,  പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ ട്രമ്പ്? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം. 

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.    

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായാത്തതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. ഒന്ന്, നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. രണ്ട്, എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക. ക്രൈസ്തവ ജീവിതമെന്നത് മിഷനറി ജീവിതമാണ്. ഓരോ നിമിഷവും ക്രിസ്തുവിനെ കൊടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.

നമ്മുടെ മിഷനറി സ്വഭാവം എപ്പോഴും ഉയർത്തിപ്പിടിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഈ മിഷൻ ഞായർ അക്കാര്യം നമ്മെ ഒന്നുകൂടി ഓർമപ്പെടുത്തുകയാണ്.

പണ്ടത്തെപ്പോലെ അല്ലെങ്കിലും, മിഷൻ ഞായർ നന്നായി ആഘോഷിക്കാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുമതത്തിന്റെ  സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുടെ ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ലോകത്തിന്റെ അതിരുകളോളം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ആമേൻ!

SUNDAY SERMON LK 8 41b-56

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ രണ്ടാം ഞായർ

ലൂക്ക 8, 41b – 56

മനോഹരമായ നമ്മുടെ ദൈവാലയത്തിൽ, ശാന്തമായിരുന്ന്, വലിയ അങ്കലാപ്പുകളൊന്നുമില്ലതെയായിരിക്കണം നിങ്ങൾ ഇന്ന് ഈ സുവിശേഷഭാഗം വായിച്ചുകേട്ടത്. ഞാൻ ഈ വചനഭാഗം വായിച്ചതും വലിയ ഭയപ്പാടുകളൊന്നുമില്ലാതെ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന അനേകായിരം ക്രൈസ്തവർ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.  ഭാരതത്തിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കുവാൻ ക്രൈസ്തവർ അനുഭവിക്കുന്ന വേദനകൾ വിവരണാതീതമാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് നൈജീരിയയിലുള്ള ക്രൈസ്തവർ ജീവിക്കുന്നത്. ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബൊക്കോ ഹറാം പോലുള്ള ഇസ്ലാമിസ്റ്റ് ഭീകരസംഘടനകൾ 2009 മുതൽ ഇതുവരെ 1, 25000 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്!! നൈജീരിയയിൽ പ്രതിദിനം 32 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബെർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (International Society for Civil Liberties and rule of Law) കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, നൈജീരിയയിൽ പ്രത്യേകിച്ചും ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ മാർപാപ്പ യുണൈറ്റഡ് നേഷൻസിൽ (UNO) ആശങ്ക അറിയിച്ചിട്ടുണ്ട്. സർക്കാരുകളും, ലോകമാധ്യമങ്ങളും , നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കുവേണ്ടി മുറവിളികൂട്ടുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെ മറക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെ  മകളെയും അവതരിപ്പിച്ചുകൊണ്ട്  ഇന്നത്തെ സുവിശേഷഭാഗം  നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ, നിന്റെ ജീവിതത്തെ മനോഹരമാക്കുവാൻ നിന്റെ ദൈവത്തിന് സാധിക്കും എന്നാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. 

ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നോക്കൂ… പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ് നാം കാണുന്നത്! ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. ഈശോയെ എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്ക് സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ!

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി. സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്.

എന്നിട്ട് വാക്കുകൾ കൊണ്ടും ഈശോ അവളെ സൗഖ്യപ്പെടുത്തുകയാണ്. മൃദുവായ സ്വരത്തിൽ ഈശോ അവളോട് പറയുകയാണ്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക.” അവൾ കരച്ചിൽ നിർത്തി ഈശോയെ നോക്കി കണ്ണീരിലൂടെ പുഞ്ചിരിക്കുന്നു.  അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ എന്റെ കൂടെയുണ്ട്എന്നത് എത്ര ആശ്വാസകരമാണ്!

ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്ക് ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) സ്നേഹമുള്ളവരേ, വിശ്വസിക്കുക, ഉറച്ചു വിശ്വസിക്കുക…നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് (Leo Tolstoy) പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

WhatsApp ലൂടെ  എന്റെ കയ്യിലെത്തിയ ഒരു കഥ ഇങ്ങനെയാണ്. ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടെക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല

അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ എന്റെ ചിറകുകൾ ദൈവമേ….

ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ  മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു

ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി  കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.

ആകാശം വെള്ള  കീറി, കറുത്ത കാർമേഘങ്ങൾ  അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു.ചിറകിന്റെ തളർച്ച പൂർണ്ണമായും  മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.

ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ, ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.

കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.

സ്നേഹമുള്ള സഹോദരീ, സഹോദരാ, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും. നിന്റെ അവസാനമെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിച്ചപ്പോൾ, നീയും അങ്ങനെ ചിന്തിച്ചു പോയെങ്കിൽ വിഷമം ഒട്ടും വേണ്ടാട്ടോ… നിന്റെ കൂടെ നടന്നവർ, ഉറ്റവർ, ഉടയവർ സ്വന്തം എന്നു വിശ്വസിച്ച് നീ കൂടെ നിന്നവർ ഒരു പക്ഷെ നിന്റെ സ്വന്തം സഹോദരർ പോലും ഉറ്റസ്നേഹിതർ എന്നു നീ വിശ്വസിച്ചവർ ഒരുമിച്ചു താമസിച്ചവർ,  എല്ലാവരും നിന്നെ കണ്ടില്ല എന്നു നടിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ടു പോകും. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, നിന്ദിച്ചവർ, ഒറ്റപ്പെടുത്തിയവർ, പുറംകാലുകൊണ്ട് തട്ടിയവർ അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി നീ കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. നീ പോലും അറിയാത്ത ഒരു അത്ഭുതകരം, നീ താണുപോയ ആഴത്തിൽ നിന്നും നിന്നെ ഉയർത്തും. ഒരു ശക്തി നിന്നെ സൗഖ്യപ്പെടുത്തും. ഒരു ശബ്ദം നിന്നെ ധൈര്യപ്പെടുത്തും. ആ കരത്തിന്, ആ ശക്തിക്ക്, ആ ശബ്ദത്തിന് ഞാൻ ഇടുന്ന പേര് ഈശോ എന്നാണ്.

മഹാകവി ടാഗോറിന്റെ (Rabindranath Tagore) ഗീതാഞ്ജലിയിൽ (Geethanjali) അദ്ദേഹം പറയുന്നുണ്ട്:  “എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, ദൈവത്തിന് മാത്രമേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ, ലോകത്തിലുള്ള ക്രൈസ്തവരുടെ ജീവിതസാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ് റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധമാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും. ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. ഇസ്ലാമിസ്റ്റ് തീവ്രവാദികളിൽ നിന്ന് ക്രൈസ്തവരെ സംരക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും.

വർഗീയ ശക്തികളിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും. ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാം. ആമേൻ!

SUNDAY SERMON MT 20, 1-16

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേക്കാലം ഒന്നാം ഞായർ

മത്താ 20, 1-16  

ഏലിയാ സ്ലീവാ മൂശേ കാലത്തിലെ ഏലിയാ സ്ലീവാ കാലങ്ങൾ ആചരിച്ച ശേഷം, നാം ഈ ഞായറാഴ്ച്ച മൂശേക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്താണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറയുന്നത്? ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കി കാനാൻ ദേശത്തേക്ക് മോശെയുടെ നേതൃത്വത്തിൽ നയിച്ചതും, കുരിശുമരണം വഴി ക്രിസ്തു മാനവ കുലത്തിന് രക്ഷനേടിത്തന്നതും, അവിടുന്ന് വിശുദ്ധ കുർബാനയിലൂടെ ലോകാവസാനം വരെ നമ്മോടൊത്ത് വസിക്കുന്നതും, നമ്മെ സ്വർഗത്തിലേക്ക് വിളിക്കുവാനായി അവിടുന്ന് രണ്ടാമതും വരുന്നതുമെല്ലാം ദൈവത്തിന്റെ മഹാകാരുണ്യത്തെയാണ് പ്രഘോഷിക്കുന്നത് എന്നാണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറഞ്ഞു തരുന്നത്. ഈ ഞായറാഴ്ചയിലെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയും നമ്മോട് പറയുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യത്തെക്കുറിച്ചു തന്നെയാണ്.

ഏലിയ സ്ലീവാ മോശെക്കാലവും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ, ലോകനീതിക്കും മേലേ നിൽക്കുന്ന ദൈവ കാരുണ്യത്തിന്റെ കാഴ്ചപ്പാടോടെ, ജീവിതത്തെ, ജീവിത ബന്ധങ്ങളെ, ലോകത്തെ നോക്കിക്കാണുക!  

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ വീക്ഷിക്കുവാൻ ശരിയായ കാഴ്ചപ്പാട് നമുക്ക് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, അർഹതപ്പെട്ടത്‌ കൊടുക്കുക എന്നതിനേക്കാൾ, ജീവിതത്തിൽ ആവശ്യങ്ങൾ നടത്തുവാൻ ഉതകുന്നത് കൊടുക്കുവാൻ ആഗ്രഹിക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങൾക്കും, ഇസങ്ങൾക്കും, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

ഇന്നത്തെ സുവിശേഷഭാഗം മൂന്ന് തലങ്ങളിൽ നിന്നുകൊണ്ട് മനസ്സിലാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമത്തേത്, ആത്മികം.

ഈ പ്രപഞ്ചത്തിന് മുഴുവനും രക്ഷ നൽകുവാൻ, എല്ലാവരെയും ദൈവത്തിലേക്ക് നയിക്കുവാൻ വന്ന ഈശോ നമ്മുടെ ഹൃദയങ്ങളെ ദൈവാലയങ്ങളാക്കുവാൻ വന്നവനാണ്. ഈശോയുടെ ഈ ആഗ്രഹത്തിന്റെ വലിയ പ്രകടനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 16, 26 ൽ നാം വായിക്കുന്നത്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” നമ്മുടെ ആത്മാക്കളെ സ്വർഗത്തിനായി നേടുവാനാണ് ഈശോ ലോകത്തിലേക്ക് വന്നത്. ആത്മാവിന്റെ രക്ഷ, നിത്യതയുടെ പ്രതിഫലം, മനുഷ്യന്റെ അധ്വാനത്തിന്റെ അളവോ, തൂക്കമോ നോക്കിയല്ല, ദൈവ കൃപയുടെ, ദൈവ കാരുണ്യത്തിന്റെ ആഴമനുസരിച്ചാണ് എന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് ഈശോ ഈ ഉപമ പറയുന്നത്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന യഹൂദ ക്രൈസ്തവരാണോ, അതോ, പുറജാതികളായ, സമൂഹത്തിൽ നിന്ന് പലവിധ കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടിരിക്കുന്ന വിജാതീയരിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത് എന്ന ഒരു ചോദ്യം ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നു. ക്രൈസ്തവ സഭയുടെ പുലരിയിൽ വന്ന യഹൂദ ക്രൈസ്തവരാണോ അതോ ക്രൈസ്തവസഭ വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത്? ഈ ആത്മീയ പ്രതിസന്ധിയെയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ അഭിസംബോധന ചെയ്യുന്നത്. സഭയുടെ ആദ്യകാലങ്ങളിൽ മതമർദ്ദനത്തിലൂടെ, രക്തസാക്ഷിത്വത്തിലൂടെ സഭയെ വളർത്തിയെടുത്ത യഹൂദ ക്രൈസ്തവർ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വളർച്ചയ്ക്കായി, ദൈവഹിതത്തോട് ചേർന്ന് വളരെയേറെ സഹിച്ചവരാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ കയറിവന്ന വിജാതീയ ക്രൈസ്തവർ സഭയിൽ ദൈവാനുഭവത്താൽ നിറഞ്ഞവരായി വചനം പ്രഘോഷിക്കുന്നത് കണ്ടപ്പോൾ, പ്രവചിക്കുന്നത് കണ്ടപ്പോൾ യഹൂദ ക്രൈസ്തവർക്ക് അങ്കലാപ്പായി. അവരോട് ഈശോ പറയുന്നു, മനുഷ്യന്റെ അധ്വാനമല്ലാ, മനുഷ്യന്റെ രീതികളല്ലാ, ദൈവത്തിന്റെ കൃപയാണ്, ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. പതിനൊന്നാം മണിക്കൂറിലും വന്ന ജോലിക്കാരനും, ഒന്നാം മണിക്കൂറിൽ വന്ന ജോലിക്കാരന ദൈവത്തിന്റെ മുൻപിൽ തുല്യരാണെന്ന് വലിയ സത്യം ഈശോ ജനങ്ങളെ, നമ്മെ പഠിപ്പിക്കുകയാണിവിടെ. ദൈവ ജനമായ യഹൂദർക്കെന്നതുപോലെതന്നെ, വിജാതീയർക്കും, ആത്മാവിന്റെ രക്ഷയിൽ തുല്യപങ്കാളിത്തം നൽകുവാൻ ദൈവം തന്റെ കരുണയിൽ തീരുമാനിച്ചിരിക്കുന്നു എന്ന സത്യമാണ് ഈശോ ഇവിടെ പകർന്നു നൽകുന്നത്.

ഈ ഉപമയുടെ രണ്ടാമത്തെ തലം സാമൂഹികം ആണ്. ഉപമയിൽ, ഒന്നാം മണിക്കൂറിലും (രാവിലെ 6 മണി) മൂന്നാം മണിക്കൂറിലും (രാവിലെ 9 മണി) ആറാം മണിക്കൂറിലും (ഉച്ചക്ക് 12 മണി) പതിനൊന്നാം മണിക്കൂറിലും (വൈകുനേരം 6 മണി) രംഗത്തേക്ക് കടന്നു വരുന്ന തൊഴിലാളികളെ അവതരിപ്പിച്ചുകൊണ്ടാണ് ഈശോ വലിയൊരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കുന്നത്. ഉപമയിൽ പറയുന്നപോലെ, ദിവസത്തിന്റെ ഏത് മണിക്കൂറിലും ജോലി അന്വേഷിച്ച് നൽക്കവലകളിൽ തൊഴിലാളികൾ നിൽക്കുന്നത് സാധാരണ ജീവിതത്തിലെ ഒരു ചിത്രമായിരുന്നു. കുറേ നാളുകൾക്ക് മുൻപ് കേരളത്തിന് ഈ ചിത്രം അന്യമായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രം സർവ സാധാരണമാണ്. പെരുമ്പാവൂർ തുടങ്ങിയ പട്ടണങ്ങളിൽ അന്യസംസ്ഥാനത്തൊഴിലാളികൾ ആരെങ്കിലും ജോലിക്കായി തങ്ങളെ വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുന്നത് ഇന്നിന്റെ ചിത്രമാണ്.

ഉപമയിൽ രാവിലെ 6 മണിമുതൽ പണിയുന്നവരും, 9 നും, 12 നും വന്നവരും, വൈകുന്നേരം 5 മണിക്ക് എത്തിയവരും യജമാനനുമായി ഉടമ്പടി നടത്തിയത് ഒരു ദനാറയ്ക്കായിരുന്നെങ്കിലും, കൂലി കൊടുക്കുന്ന സമയമായപ്പോൾ ഈ തുല്യതയിലെ അനീതി കണ്ടെത്താൻ അവർക്ക് ദാസ് കാപ്പിറ്റലിന്റെ (Das Kapital) ആവശ്യമില്ലായിരുന്നു. അവർ പ്രതികരിക്കുകയാണ്. ഇന്നത്തെ പാർട്ടിക്കാരുടെ “നോക്കുകൂലി” പരിപാടി അന്നില്ലാതിരുന്നതുകൊണ്ട് രാവിലെ വന്നവർ നന്നായി ജോലി ചെയ്തു കാണണം. അതുകൊണ്ടു തങ്ങളുടെ ജോലിക്കനുസരിച്ച് വിയർപ്പിന്റെ വിലയായ, അധ്വാനത്തിന്റെ വിലയായ കൂലി അവർ ആവശ്യപ്പെടുകയാണ്. എന്നാൽ പതിനൊന്നാം മണിക്കൂറിൽ വന്ന മനുഷ്യനെയും അവന്റെ ജീവിതാവശ്യങ്ങളെയും മനസിലാക്കുന്ന വീട്ടുടമസ്ഥൻ അവനും ഉടമ്പടിയനുസരിച്ചുള്ള കൂലി കൊടുക്കുകയാണ്. അവന്റെ അധ്വാനത്തിന്റെ സമയമല്ല, അവന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു വീട്ടുടമസ്ഥന് പ്രധാനപ്പെട്ടത്.

ക്രിസ്തുവിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ സൗന്ദര്യം ഇന്നത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കോ, ഗവണ്മെന്റുകൾക്കോ, എന്തിന് ക്രൈസ്തവർക്ക് പോലും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. വെറും സിദ്ധാന്തങ്ങളോ, പുസ്തകങ്ങളിൽ കാണിക്കുന്ന അക്ഷരക്കൂട്ടുകളോ മാത്രമല്ല ഈശോയ്ക്ക് സാമൂഹിക നീതി. അത്, നീതിയെയും ഉല്ലംഘിക്കുന്ന കരുണയാണ്. ആ കരുണയുടെ കാഴ്ചപ്പാടിലേ, ഒരുവന് അർഹതപ്പെടുന്നതിനും അപ്പുറം അവളുടെ/അവന്റെ ആവശ്യങ്ങളുടെ നെടുവീർപ്പുകളിലേക്ക് കടന്നെത്തി നിൽക്കുവാൻ നമുക്ക് സാധിക്കുകയുള്ളു. പതിനൊന്നാം മണിക്കൂറിൽ വരുന്നവന്റെയും കണ്ണീരിന്റെ നനവ്, കുടുംബത്തിലെ പട്ടിണി, ചങ്കിലെ പിടച്ചിൽ അറിയണമെങ്കിൽ ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്ക് ഇന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഗവണ്മെന്റ് സംവിധാനങ്ങളും വളരേണ്ടിയിരിക്കുന്നു.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ്‌ തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്.  വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കുക എന്നത് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, കത്തോലിക്കാസഭയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്. അത്, തൊഴിൽ ചെയ്യാതെ അണികളെ ചൂഷണം ചെയ്യുന്ന, വിശപ്പിന്റെ നോവറിയാത്ത, സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്ന, അടവുനയങ്ങൾ മാറി മാറി പ്രയോഗിക്കുന്ന  വിപ്ലവനേതാക്കൾക്ക് മനസ്സിലാകില്ല. 

ഉപമയുടെ മൂന്നാമത്തെ തലം കാരുണികം ആണ്. നീതിയും കരുണയും ഒരുമിച്ചു നിൽക്കുന്ന ഒരു പാരസ്പര്യം ആണ് ഈ ഉപമയുടെ സൗന്ദര്യം. ക്രിസ്തുമതത്തിന്റെ സൗകുമാര്യം തന്നെ കരുണയുള്ള ദൈവം നമുക്കുണ്ട് എന്നുള്ളതാണ്. ക്രിസ്തുവിന്റെ മുൻപിൽ കരുണയാണ് ദൈവനീതി. നർദീൻ സുഗന്ധതൈലവുമായി കടന്നു വന്ന പെൺകുട്ടിയോടും, വ്യഭിചാരത്തെ പിടിക്കപ്പെട്ട പെണ്കുട്ടിയോടും ഈശോ കാണിച്ചത് സഹോദര്യത്തിലധിഷ്ഠിതമായ നീതി മാത്രമായിരുന്നോ? ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, കുരിശിൽ കിടന്നപ്പോൾ നല്ല കള്ളനോട് കാണിച്ചത് നീതി മാത്രമായിരുന്നോ? ഒരിക്കലുമല്ല. അത് കാരുണ്യമായിരുന്നു. ക്രിസ്തുവിലൂടെ പ്രകാശിക്കുന്ന കാരുണ്യം ലോകത്തിന്റെ കാഴ്ചപ്പാടായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.

എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെതിരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?

സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക!  നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!  

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…  99 is equl to 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്.

സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!