ഏലിയാ-സ്ലീവാ-മൂശേക്കാലം
മൂശേ രണ്ടാം ഞായർ
ലൂക്ക 8, 41b – 56

മനോഹരമായ നമ്മുടെ ദൈവാലയത്തിൽ, ശാന്തമായിരുന്ന്, വലിയ അങ്കലാപ്പുകളൊന്നുമില്ലതെയായിരിക്കണം നിങ്ങൾ ഇന്ന് ഈ സുവിശേഷഭാഗം വായിച്ചുകേട്ടത്. ഞാൻ ഈ വചനഭാഗം വായിച്ചതും വലിയ ഭയപ്പാടുകളൊന്നുമില്ലാതെ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന അനേകായിരം ക്രൈസ്തവർ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഭാരതത്തിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കുവാൻ ക്രൈസ്തവർ അനുഭവിക്കുന്ന വേദനകൾ വിവരണാതീതമാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് നൈജീരിയയിലുള്ള ക്രൈസ്തവർ ജീവിക്കുന്നത്. ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബൊക്കോ ഹറാം പോലുള്ള ഇസ്ലാമിസ്റ്റ് ഭീകരസംഘടനകൾ 2009 മുതൽ ഇതുവരെ 1, 25000 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്!! നൈജീരിയയിൽ പ്രതിദിനം 32 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബെർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (International Society for Civil Liberties and rule of Law) കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, നൈജീരിയയിൽ പ്രത്യേകിച്ചും ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ മാർപാപ്പ യുണൈറ്റഡ് നേഷൻസിൽ (UNO) ആശങ്ക അറിയിച്ചിട്ടുണ്ട്. സർക്കാരുകളും, ലോകമാധ്യമങ്ങളും , നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കുവേണ്ടി മുറവിളികൂട്ടുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെ മറക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെ മകളെയും അവതരിപ്പിച്ചുകൊണ്ട് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ, നിന്റെ ജീവിതത്തെ മനോഹരമാക്കുവാൻ നിന്റെ ദൈവത്തിന് സാധിക്കും എന്നാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും.
ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നോക്കൂ… പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ് നാം കാണുന്നത്! ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. ഈശോയെ എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.
ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്ക് സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.
രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ!
അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി. സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്.
എന്നിട്ട് വാക്കുകൾ കൊണ്ടും ഈശോ അവളെ സൗഖ്യപ്പെടുത്തുകയാണ്. മൃദുവായ സ്വരത്തിൽ ഈശോ അവളോട് പറയുകയാണ്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക.” അവൾ കരച്ചിൽ നിർത്തി ഈശോയെ നോക്കി കണ്ണീരിലൂടെ പുഞ്ചിരിക്കുന്നു. അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.
നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്: എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ എന്റെ കൂടെയുണ്ട്എന്നത് എത്ര ആശ്വാസകരമാണ്!
ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്ക് ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) സ്നേഹമുള്ളവരേ, വിശ്വസിക്കുക, ഉറച്ചു വിശ്വസിക്കുക…നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.
അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.
നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് (Leo Tolstoy) പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’
WhatsApp ലൂടെ എന്റെ കയ്യിലെത്തിയ ഒരു കഥ ഇങ്ങനെയാണ്. ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടെക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല
അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ എന്റെ ചിറകുകൾ ദൈവമേ….
ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു
ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.
ആകാശം വെള്ള കീറി, കറുത്ത കാർമേഘങ്ങൾ അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു.ചിറകിന്റെ തളർച്ച പൂർണ്ണമായും മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.
ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ, ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.
കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.
സ്നേഹമുള്ള സഹോദരീ, സഹോദരാ, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും. നിന്റെ അവസാനമെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിച്ചപ്പോൾ, നീയും അങ്ങനെ ചിന്തിച്ചു പോയെങ്കിൽ വിഷമം ഒട്ടും വേണ്ടാട്ടോ… നിന്റെ കൂടെ നടന്നവർ, ഉറ്റവർ, ഉടയവർ സ്വന്തം എന്നു വിശ്വസിച്ച് നീ കൂടെ നിന്നവർ ഒരു പക്ഷെ നിന്റെ സ്വന്തം സഹോദരർ പോലും ഉറ്റസ്നേഹിതർ എന്നു നീ വിശ്വസിച്ചവർ ഒരുമിച്ചു താമസിച്ചവർ, എല്ലാവരും നിന്നെ കണ്ടില്ല എന്നു നടിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ടു പോകും. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, നിന്ദിച്ചവർ, ഒറ്റപ്പെടുത്തിയവർ, പുറംകാലുകൊണ്ട് തട്ടിയവർ അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി നീ കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. നീ പോലും അറിയാത്ത ഒരു അത്ഭുതകരം, നീ താണുപോയ ആഴത്തിൽ നിന്നും നിന്നെ ഉയർത്തും. ഒരു ശക്തി നിന്നെ സൗഖ്യപ്പെടുത്തും. ഒരു ശബ്ദം നിന്നെ ധൈര്യപ്പെടുത്തും. ആ കരത്തിന്, ആ ശക്തിക്ക്, ആ ശബ്ദത്തിന് ഞാൻ ഇടുന്ന പേര് ഈശോ എന്നാണ്.
മഹാകവി ടാഗോറിന്റെ (Rabindranath Tagore) ഗീതാഞ്ജലിയിൽ (Geethanjali) അദ്ദേഹം പറയുന്നുണ്ട്: “എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”
ദൈവത്തിനേ, ദൈവത്തിന് മാത്രമേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.
ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ, ലോകത്തിലുള്ള ക്രൈസ്തവരുടെ ജീവിതസാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ് റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധമാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും. ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. ഇസ്ലാമിസ്റ്റ് തീവ്രവാദികളിൽ നിന്ന് ക്രൈസ്തവരെ സംരക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും.

വർഗീയ ശക്തികളിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും. ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാം. ആമേൻ!
One thought on “SUNDAY SERMON LK 8 41b-56”