ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ
മത്തായി 22, 23-33

സീറോമലബാർ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേ കാലത്തിലെ കഴിഞ്ഞ ഞായറാഴ്ചകൾ പ്രധാനമായും, ക്രിസ്തുവിന്റെ കുരിശുമരണവും, ഉത്ഥാനവും, ലോകാവസാനവും, ക്രിസ്തുവിന്റെ രണ്ടാംവരവും വിചിന്തന വിഷയമാക്കിക്കൊണ്ടാണ് കടന്നുപോയത്. ഈ ഞായറാഴ്ച്ച, നശ്വരമായ ഈ ഭൂമിയിലെ ജീവിതവും, അനശ്വരമായ സ്വർഗജീവിതവുമാണ് നാം വിചിന്തനവിഷയമാക്കുന്നത്. ക്രിസ്തു പ്രധാനമായും ചോദിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? രണ്ട്, ക്രൈസ്തവർ വിശ്വസിക്കുന്നത് മരിച്ചവരുടെ ദൈവത്തിലോ, അതോ, ജീവിക്കുന്നവരുടെ ദൈവത്തിലോ? അതോട് ചേർന്ന്, ഈശോ ഉയർത്തുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കണം? സ്വർഗ്ഗത്തിലെ ജീവിതം എങ്ങനെയാണ്? ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, ഈ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഹങ്കരിച്ചിരുന്ന ഇസ്രായേൽ ജനത്തിന്റെ ഇടയിൽ സദ്ദുക്കായരെന്നും, ഫരിസേയരെന്നും രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഫരിസേയർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നവരായിരുന്നു. സദ്ദുക്കായരാകട്ടെ മരിച്ചവരുടെ പുനരുത്ഥാനം, മരണാനന്തര ജീവിതം, ആത്മാവ്, മാലാഖമാർ എന്നിവയെ എതിർക്കുന്നവരുമായിരുന്നു. എന്നാൽ, ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം അവർ ഈശോയെ എതിർക്കുന്നവരായിരുന്നു എന്നതാണ്. മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ഈശോയെ എങ്ങനെ കെണിയിൽപ്പെടുത്താമെന്ന് ചിന്തിച്ചിരുന്നവരുമായിരുന്നു.
ഇവരിൽ സദ്ദുക്കായരാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രമാണിമാർ. ഈ സുവിശേഷ ഭാഗത്തിന് തൊട്ട് മുൻപ് വിശുദ്ധ മത്തായി അവതരിപ്പിക്കുന്നത് ഫരിസേയരെയാണ്. മത്തായി 22, 15 പറയുന്നത് ഇങ്ങനെയാണ്: “അപ്പോൾ ഫരിസേയർ പോയി യേശുവിനെ എങ്ങനെ വക്കിൽ കുടുക്കാൻ എന്ന് ആലോചന നടത്തി.” സീസറിന് നികുതി കൊടുക്കണോ വേണ്ടയോ എന്നതായിരുന്നു അവരുടെ പ്രശ്നം. ഫരിസേയർക്ക് ഉത്തരം മുട്ടിപ്പോയ മറുപടിയായിരുന്നു ഈശോ നൽകിയത്. “സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും …” (21) ഇനി വരുന്നത് ഇന്നത്തെ സുവിശേഷത്തിലെ ആദ്യവചനമാണ്. “പുനരുത്ഥാനമില്ലെന്ന് പറയുന്ന സദ്ദുക്കായർ അന്ന് തന്നെ അവനെ സമീപിച്ച് ചോദിച്ചു.” (23) ഈ സുവിശേഷ ഭാഗത്തിന് ശേഷം വരുന്ന വചനവും Interesting ആണ്: “യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്ന് കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി.” (34) ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം ഇതായിരുന്നു: ഈശോയെ കെണിയിൽപ്പെടുത്തുക!
സദുക്കായരോട് ഈശോ മറുപടി പറയുമ്പോൾ, നോക്കുക, ഈശോയ്ക്ക് ഒരിറ്റ് ദേഷ്യമില്ല. ഈശോ അസ്വസ്ഥനല്ല. ലേശംപോലും അഹങ്കാരമില്ല. തന്നെ കെണിയിൽപ്പെടുത്താൻ വന്നിരിക്കുന്നവരോട് ഒട്ടുമേ വെറുപ്പില്ല. ഈശോ ഈ അവസരം സ്വർഗീയ രഹസ്യങ്ങൾ അവതരിപ്പിക്കുവാൻ ഉപയോഗിക്കുകയാണ്. Just ഒരു തിരുത്തലോടെ …എന്താണത്? “വിശുദ്ധ ലിഖിതങ്ങളോ, ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു.” (29)
തുടർന്ന് ഈശോ സ്വർഗീയ ജീവിതത്തെക്കുറിച്ചും, ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചും അവരെ പഠിപ്പിക്കുകയാണ്.
ഒന്നാമത്തെ പഠനം ഇതാണ്: നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? ഈശോ പറയുന്നത് മരണമല്ല, ഉത്ഥാനമാണ് പ്രധാനപ്പെട്ടത്. നമ്മുടെ ദൈവം എന്നും ജീവിക്കുന്ന ദൈവമാണ്. നമ്മുടെ ദൈവം ഉത്ഥിതനാണ്. മരണം ഈ ഭൂമിയിലെ, മനുഷ്യ ജീവിതത്തിലെ ഒരു സംഭവം മാത്രം. മരണം ഒരു യാഥാർഥ്യമാണോ? Is it a Reality? അല്ലെന്ന് പറയേണ്ടിവരും. കാരണം, അനുഭവിച്ച ആർക്കും ഇതിനെക്കുറിച്ച് പറയാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇതൊരു സംഭവമാണ്. നമുക്ക് കാണാൻ പറ്റുന്നുണ്ട്. എന്നാൽ, അനുഭവിക്കാൻ പറ്റുന്നില്ല. അനുഭവിച്ചവർക്കോ, അതിനെക്കുറിച്ച് പറയാനും കഴിഞ്ഞിട്ടില്ല. ഇതുവരെ! മരണം ഒരു കടന്നുപോകലാണ്. ഇതൊരു വലിയ സംഭവമാണ്. അതുകൊണ്ടാണ്, ഭാരതീയ ആദ്ധ്യാത്മികതയിൽ മരണത്തെ മഹാസമാധി എന്ന് പറയുന്നത്.
രണ്ട് തരം സമാധിയുണ്ട്. ഒന്ന്, ഈ ഭൂമിയിലായിരിക്കെത്തന്നെ “ദൈവമേ, എന്റെ സർവ്വസ്വമെ” എന്ന സ്വയം പരിത്യാഗത്തിന്റെ പാരമ്യത്തിൽ എത്തിച്ചേരുക. അതാണ് സമാധി. സന്യാസജീവിതമൊക്കെ ഈ സമാധിയുടെ അടയാളങ്ങളാണ്, അടയാളങ്ങൾ ആകേണ്ടതാണ്. ഇത് ഒരു തരത്തിൽ മരണമാണ്. ഈ ലോകത്തിലായിരിക്കെത്തന്നെ, ലോകത്തോട് മരിക്കുക. ഇത് ഉത്ഥാനവുമാണ്. സമാധിയായ ക്രിസ്തു പിന്നെ ഈ ഭൂമിയിൽ സ്നേഹമായി. സമാധിയായ ബുദ്ധൻ ഈ ഭൂമിയിൽ അഹിംസയായി. സമാധിയായ ഗുരുദേവൻ ഈ ഭൂമിയിൽ സമത്വമായി. ഉത്ഥാനത്തിന്റെ ജീവിതം! സ്വർഗദൂതരെപ്പോലെയുള്ള ജീവിതം! ദൈവരാജ്യത്തിലെ ജീവിതം!
രണ്ടാമത്തേത്, ശരീര വേർപാടാണ്. അതിനെ മഹാസമാധി എന്ന് പറയുന്നു. ഭാരത ചിന്തയിൽ പേര് വലുതാണെങ്കിലും, മഹാസമാധിക്ക് അത്ര പ്രാധാന്യമില്ല. അത് ഭൂമിയിൽ നിന്നുള്ള യാത്ര പറച്ചിലാണ്. അത്രമാത്രം. അതെങ്ങനെയായാലും വിഷയമല്ല. ക്രിസ്തു കുരിശിലേറി. കൃഷ്ണൻ വേടന്റെ അമ്പേറ്റ് മരിച്ചു. ബുദ്ധൻ അജീർണം വന്ന് മരിച്ചു. ശ്രീരാമ കൃഷ്ണ പരമഹംസൻ, രമണ മഹർഷി ക്യാൻസർ വന്ന് മരിച്ചു. ശ്രീനാരായണ ഗുരു മൂത്രതടസ്സം, ഹെർണിയ വന്ന് മരിച്ചു. മരണം എങ്ങനെയായാലും പ്രശ്നമല്ല. ഈ ഭൂമിയിൽ നീ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്ഥിതനായിട്ടോ, മരിച്ചവനായിട്ടോ? ഉത്ഥിതനായ ജീവിക്കുമ്പോൾ നീ ദൈവത്തിലാണ്; സ്വർഗത്തിലാണ്. ഈ ഭൂമിയിലായിരിക്കുമ്പോഴും!!
രണ്ടാമത്തെ പഠനം: ക്രൈസ്തവർ വിശ്വസിക്കുന്നത് ഉത്ഥിതനായ ദൈവത്തിലാണ്. കാരണം, ക്രൈസ്തവന്റെ ജീവിതം ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം. അത്, ഈ ഭൂമിയിലാണെങ്കിലും, പരലോകത്താണെങ്കിലും! പൗരസ്ത്യ ആധ്യാത്മികത ക്രിസ്തുവിന്റെ ഉത്ഥാനത്തിന് പ്രാധാന്യം നൽകുന്നതിന്റെ രഹസ്യമിതാണ്! ഇത് ഉത്പത്തി പുസ്തകത്തിന്റെ പ്രായോഗിക വായനയാണ്. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന്റെ റിവേഴ്‌സ് വായന! ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ പൊടിപുരളാത്ത ഉടലും, മനസ്സുമായി ദൈവത്തെ പ്രതിഫലിപ്പിച്ച് ജീവിക്കേണ്ടവളാണ്, ജീവിക്കേണ്ടവനാണ്. കാരണം, നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്.
അപ്പോൾ, ചോദ്യമിതാണ്: ഈ ഭൂമിയിൽ ഞാൻ എങ്ങനെ ജീവിക്കണം? മരിച്ചവനായിട്ടോ, അതോ, ജീവിക്കുന്നവനായിട്ടോ?

തോട്ടത്തിലെ പൂക്കളെ നോക്കൂ. അവ സുന്ദരമാണ്. ഭൂമിയിലായിരിക്കെ അവ ഉത്ഥാനത്തിന്റെ മഹത്വത്തിലാണ്. പൂക്കളെല്ലാം കൊഴിഞ്ഞുപോകും. പൂവിതളുകൾ മണ്ണിൽ വീഴും. ആദിസ്രോതസ്സിലേക്ക് അവ അപ്രത്യക്ഷമാകും – അതിനെ സൃഷ്ടിച്ച ജീവരസത്തിലേക്ക്. അവിടെയും അവ സുന്ദരമാണ്. ഒരു പൂവ് പോലെ ഭൂമിയിലും, സ്വർഗ്ഗത്തിലും ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം നാം മനുഷ്യർ!
ഗുരു മരണക്കടക്കിയിലായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു: “അവസാനമായി ഞങ്ങൾക്ക് ഒരു ഉപദേശം തരാമോ? ഒന്ന് പുഞ്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഞാൻ മരിക്കും. എന്റെ ശവദാഹത്തിനുശേഷം നിങ്ങൾ വീട്ടിലേക്ക് മടങ്ങും. മടങ്ങുമ്പോൾ, നിങ്ങൾ നദി മുറിച്ച് കടക്കേണ്ടിവരും. അപ്പോൾ, നദിയിലൂടെ പോകുമ്പോൾ നിങ്ങളുടെ പാദങ്ങൾ നിങ്ങൾ നനയ്ക്കരുത്.” അങ്ങനെയാണ് ആധ്യാത്മികമായി ഉന്നതി പ്രാപിച്ചവർ ഈ ഭൂമിയിൽ ജീവിക്കേണ്ടത്. ലോകമാകുന്ന നദിയിലൂടെ മനുഷ്യർ നടക്കും. എന്നാൽ നദിയിലെ വെള്ളം, നദിയുടെ ഒഴുക്ക് അവരുടെ ജീവിതത്തെ ബാധിക്കരുത്.
സ്നേഹമുള്ളവരേ, ഭൂമിയും, സ്വർഗ്ഗവും ഒത്തിണങ്ങുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുരന്തം.
ഈ ഭൂമിയിൽ ഉത്ഥാനത്തിന്റെ മഹിമയിൽ, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിച്ച് ജീവിക്കുവാൻ നമുക്കാകണം. ലോകത്തിന്റെ കാമനകൾ, സുഖങ്ങൾ, ആഡംബരം….എല്ലാം നമുക്ക് ഉപയോഗിക്കാം. പക്ഷെ, അവയെയൊന്നും എന്റെ ദൈവമായി ഞാൻ കാണരുത്. അവയെല്ലാം നശ്വരങ്ങളാണ്. ഈ ഭൂമിയിൽ മരിച്ചവരായി, അടിമകളായി ജീവിക്കാനല്ല ഈശോ ആഗ്രഹിക്കുന്നത്. കാമനകളിൽ കുടുങ്ങരുത്. സ്വർണത്തിന്റെ വില ഇങ്ങനെ കുതിച്ചുയരുന്നത് മനുഷ്യൻ അതിന് അടിമകളായതുകൊണ്ടല്ലേ? ശാസ്ത്രം ഉത്പാദിപ്പിക്കുന്നതെല്ലാം മനുഷ്യനുവേണ്ടിയാണ്. നാം അവയുടെ അടിമകളാകരുത്. ഒരു മനുഷ്യനും ചങ്ങലക്കെട്ടിലാകരുത്. ആ ചങ്ങല സ്വർണ നിർമിതമാണെങ്കിൽ പോലും!!!
ഞാൻ നിങ്ങളോട് പറയുന്നു, മരിച്ചവരുടെ, മരിച്ചവരുടെ ആധിപത്യം വകവെച്ചു കൊടുക്കരുത്. അധികാരത്തിന് പുറകെ പോകുന്നവർ മരിച്ചവരാണ്. പണമാണ് ദൈവമെന്ന കരുതി ജീവിക്കുന്നവർ മരിച്ചവരാണ്. ലോകസുഖങ്ങളാണ് എല്ലാം എന്ന് ഭ്രമിച്ച് ജീവിക്കുന്നവർ മരിച്ചവരാണ്. നമ്മുടെ ദൈവം ഇങ്ങനെ മരിച്ചവരുടെ ദൈവമല്ല. നമ്മുടെ ദൈവം, സ്നേഹത്തിൽ, നന്മയിൽ, പ്രകാശത്തിൽ ഉത്ഥാനത്തിൽ ജീവിക്കുന്നവരുടെ ദൈവമാണ്. എപ്പോഴും, ഭൂമിയിലും സ്വർഗ്ഗത്തിലും നമുക്ക് ക്രിസ്തുവിനോടൊപ്പം ആയിരിക്കാം.
നല്ല കള്ളന്റെ പ്രാർത്ഥനയ്ക്കുള്ള ഈശോയുടെ മറുപടി മനോഹരമാണ്. നല്ല കള്ളൻ പ്രാർത്ഥിച്ചു: “നിന്റെ രാജ്യത്തിൽ എന്നെ ഓർക്കണമേ.” ഈശോ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും.” ഇന്ന് എന്നത് വർത്തമാനകാലത്തിന്റെ സൂചനയാണ്. ഭാവിയുടെ വീണ്ടെടുപ്പിനെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇന്നിന്റെ, വർത്തമാനകാലത്തിന്റെ വിശുദ്ധീകരണത്തെക്കുറിച്ചാണ് ഈശോ ഭൂമിയോട് മന്ത്രിക്കുന്നത്. സക്കേവൂസിനെപ്പോലെ ഉത്ഥാനത്തിലേക്ക് കടക്കുമ്പോൾ ഈശോ പറയും: “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു.” സുവിശേഷം വായിക്കിമ്പോൾ, കേൾക്കുമ്പോൾ ഈശോ പറയും: “നിങ്ങൾ കേട്ടിരിക്കെത്തന്നെ ഈ തിരുവെഴുത്ത് നിരവറിയിരിക്കുന്നു.” (ലൂക്കാ 4, 21)
പ്രിയപ്പെട്ടവരേ, പീഡാസഹനമല്ല, മരണമല്ല അവസാന വാക്ക്. ഉത്ഥാനമാണ് അവസാന വാക്ക്. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയുടെ ചൈതന്യം ഉത്ഥാനമാണ് എന്ന് പറയുന്നതിന്റെ യുക്തി ഇതാണ്. ക്രിസ്തു ജീവിക്കുന്നവരുടെ ദൈവമാണ്. മരിച്ചവരുടെ അല്ല. ക്രിസ്തുവിനോടൊപ്പമാണെങ്കിൽ നാമെന്നും പറുദീസയിലായിരിക്കും; സ്വർഗ്ഗത്തിലായിരിക്കും. ദൈവവുമൊത്തുള്ള

എന്റെ സഞ്ചാരമാണ് മോക്ഷം. സ്വർഗജീവിതവും അത് തന്നെ. ക്രിസ്തുവിനോടൊപ്പം ഇന്ന് സഞ്ചരിക്കാത്തവർ നാളെ അവനോടൊപ്പം ആയിരിക്കും എന്ന് കരുതാൻ വയ്യ. ക്രിസ്തു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ആമ്മേൻ!
One thought on “SUNDAY SERMON MT 22, 23-33”