SUNDAY SERMON JN 2, 12-22

പള്ളിക്കൂദാശാക്കാലം   മൂന്നാം ഞായർ

യോഹ 2, 12 – 22  

ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും, ഇടതു കയ്യിൽ ഒരു ബൈബിളും തുറന്നുപിടിച്ചുകൊണ്ട് അയാൾ വഴിയോരത്തുനിന്ന് പ്രസംഗിക്കുകയാണ്. …ദൈവാലയങ്ങളിന്ന് ഷോപ്പിംഗ് മാളുകളായിരിക്കുകയാണ്. അൾത്താരകളിന്ന് സ്റ്റേജുകളിയിരിക്കുകയാണ്.  സുവിശേഷ പ്രസംഗങ്ങളിന്ന് വെറും വാചകക്കസർത്തുകളായി മാറുന്നു. വിശുദ്ധ കുർബാനകളിന്ന് റിയാലിറ്റി ഷോകളാകുന്നു. കുറച്ചാളുകൾ അയാൾക്ക് ചുറ്റും കൂടിയപ്പോൾ അയാൾ ഉറക്കെ ചോദിക്കുകയാണ്: സ്വന്തം ഇടവക ദൈവാലയത്തെക്കുറിച്ച് അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ തന്നെ സംസാരിക്കുന്ന മനുഷ്യരേ, നിങ്ങളുടെ ദൈവാലയങ്ങൾ വെറും കച്ചവടസ്ഥലങ്ങളല്ലേ??

അതെ, ഇന്നത്തെ സുവിശേഷത്തിൽ അങ്ങനെയൊരു ചോദ്യം ഈശോയുടെ നാവിൽ നിന്ന് തന്നെ നാം കേൾക്കുന്നുണ്ട്. സുവിശേഷത്തിൽ, സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. ഇതാണാ പ്രസ്താവന: എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. വളരെ പോസിറ്റിവായ ഒരു പ്രസ്താവനയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം, അവിടുത്തെ ദൈവിക സാന്നിധ്യത്തിന്റെ കൂടാരമാണ്. അതിനെ നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം’ എന്നാണ് ഈശോ പറയുന്നത്.’ 

ഈ പ്രസ്താവനയിലെ ദൈവാലയം എന്ന വാക്കിന് വലിയ അർത്ഥ വ്യാപ്തിയുണ്ട്. ഏതൊക്കെയാണ്, എന്തൊക്കെയാണ് ഒരു ദൈവാലയം?  പിതാവായ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടങ്ങളെല്ലാം ദൈവാലയങ്ങളാണ്. അത് ജറുസലേം ദൈവാലയമാകാം, അത് നമ്മുടെ ഇടവക ദൈവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം, അത് ഈ പ്രപഞ്ചം മുഴുവനുമാകാം. ദൈവം വസിക്കുന്ന ഇടമായ ദൈവാലയത്തെ, അത് ഏതു രൂപത്തിലായാലും വിശുദ്ധമായി സൂക്ഷിക്കുകയാണ് ഓരോ ക്രൈസ്തവനും ചെയ്യേണ്ടത്.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ശുദ്ധീകരിക്കുന്ന ജെറുസലേം ദൈവാലയം നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയതാണ്. ജറുസലേം ദൈവാലയത്തിന്റെ ചരിത്രം അല്പമൊന്ന് അറിയുന്നത് നല്ലതാണ്. ദാവീദ് രാജാവിന് ദൈവത്തിനായി ഒരു ആലയം പണിയുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സോളമൻ രാജാവിനാണ് അതിനു ഭാഗ്യമുണ്ടായത്. ബിസി 589 ൽ ഈ ദൈവാലയം ബാബിലോണിലെ നെബുക്കദ്‌ നേസർ രാജാവ് നശിപ്പിച്ചു. പിന്നീട് ബിസി 525 ൽ എസ്രാ ദൈവാലയം പുനർനിർമിച്ചു. അന്തിയോക്കസ് എപ്പിഫാനസ് അശുദ്ധമാക്കിയ ദൈവാലയം ബിസി 168 ൽ യൂദാസ് മക്കബേയൂസ് പുനരുദ്ധരിച്ചു. ബിസി 63 ൽ റോമൻ സൈന്യാധിപൻ പോംപെ ഈ ദൈവാലയം നശിപ്പിച്ചു. ബിസി 20 ൽ ഹോറോദേസ് രാജാവ് ദൈവാലയത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ഈ ദൈവാലയമാണ് ഈശോയുടെ കാലത്ത് ഉണ്ടായിരുന്നത്.    

യഹൂദ സംസ്കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധ്യാന്യമുള്ളതാണ് ഈ ജറുസലേം ദൈവാലയം.  ദൈവികതയുടെ ഉറവിടമാണ് ജറുസലേം ദൈവാലയം യഹൂദർക്ക്. ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ് ജറുസലേം ദൈവാലയം; ദൈവ ഉടമ്പടിയുടെ കേന്ദ്രമാണ് ജറുസലേം ദൈവാലയം. യഹൂദരുടെ അഭിമാനവും, ജീവിതത്തിന്റെ ഭാഗവും, ദൈവ സാന്നിധ്യത്തിന്റെ കൂടാരവുമായ ജറുസലേം ദൈവാലയം, ദൈവപിതാവിന്റെ ഈ ഭവനം, കച്ചവടസ്ഥലമാകുന്നത് കണ്ടപ്പോൾ ഈശോ അതിനെ ശുദ്ധീകരിക്കുകയാണ്.

മൂന്നുതലങ്ങളിലായാണ് ഈശോ ഈ ശുദ്ധീകരണം നടത്തുന്നത്.

ഒന്ന്, മൃഗങ്ങളെ, ആടുകളെ, കാളകളെ പുറത്താക്കിക്കൊണ്ട്. ദൈവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയ വാസനകളെ, മൃഗീയ രീതികളെ അവിടുന്ന് പുറത്താക്കുകയാണ്

രണ്ട്, ഈശോ നാണയങ്ങൾ ചിതറിച്ചു, അതും ക്രയവിക്രയങ്ങൾ നടത്തിയിരുന്ന മേശകൾ തട്ടിമറിച്ചുകൊണ്ട്.  ദൈവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന കഴുത്തറപ്പൻ മത്സരത്തെയും, ലാഭക്കൊതിയെയും അവിടുന്ന് ചിതറിച്ചു കളയുകയാണ്.

മൂന്ന്‌, പ്രാവുവില്പനക്കാരോട് പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു. പ്രാവുകൾ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. മൂല്യച്യുതിയെയും, മൂല്യങ്ങളുടെ വില്പനയെയും, സ്വാർത്ഥ ലാഭത്തിനുവേണ്ടി മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നതിനെയും ക്രിസ്തു എതിർക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഇവിടെ. ഇത്തരം രീതികളുമായി ആര് ദേവാലയത്തിൽ പ്രവേശിച്ചാലും ദൈവാലയം മലിനമാകും; ഇത്തരം സ്വഭാവങ്ങളുമായി ആര് ദേവാലയത്തിൽ വന്ന് ബലിയർപ്പിച്ചാലും അത് വെറും Commercial പ്രവർത്തിയായിരിക്കും. വീണ്ടും ദൈവാലയം ചന്തയാകും! ഇത്തരം രീതികളുമായി ക്രൈസ്തവജീവിതം നയിക്കുന്ന ആര് ദൈവാലയത്തിൽ കടന്നാലും അവർ കൂടെ കൊണ്ട് വരുന്നത് ‘കാളകളെയും ആടുകളെയും’ ഒക്കെയായിരിക്കും. ഈശോ അവരെ കാളകളോടും ആടുകളോടും കൂടെ പുറത്താക്കും!    

ഈ സന്ദേശം വ്യക്തമായി മനസ്സിലാക്കുവാൻ പഴയനിയമത്തിലെ പുറപ്പാടിന്റെ പുസ്തകത്തിലേക്ക് ഒന്ന് പോകേണ്ടിയിരിക്കുന്നു. പുറപ്പാടിന്റെ പുസ്തകം. മൂന്നാം അധ്യായത്തിലെ ഒരു സംഭവമാണ്. (പുറപ്പാട് 3, 1-6) ദൈവാലയത്തെക്കുറിച്ച്   നേരിട്ടൊരു വിവരണമോ, സൂചനയോ ഇവിടെയില്ല. സംഭവമിതാണ്.  മോശ അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് ഹോരേബ് മലയിൽ എത്തുകയാണ്. അവിടെവച്ച് അവിശ്വസനീയമായ ഒരു ദൃശ്യം അദ്ദേഹം കാണുന്നു – ഒരു മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയരുന്ന അഗ്നി… മുൾപ്പടർപ്പ് കത്തിജ്വലിക്കുന്നുണ്ടെങ്കിലും എരിഞ്ഞ് ചാമ്പലാകുന്നില്ല…വിസ്മയത്തോടെ അങ്ങോട്ടേക്ക് നീങ്ങിയ മോശെയോട് മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ദൈവം പറഞ്ഞു: ‘മോശേ, നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാൽ, നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.’ (3, 5) ഇവിടെ എവിടെയാണ് ദൈവാലയം? മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയരുന്ന അഗ്നിയിൽ അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നിൽക്കുന്നു …ആ സ്ഥലം പരിശുദ്ധമാണ്. അത് ദൈവാലയമാണ്.  മാത്രമല്ല, അവിടെനിന്ന് മുൾപ്പടർപ്പിനെ എരിഞ്ഞില്ലാതാക്കാത്ത അഗ്നി ഉയരുന്നു.  കാരണം അവിടെ ദൈവമുണ്ട്. ഓരോ ദൈവാലയത്തിൽ നിന്നും ദൈവത്തിന്റെ സ്നേഹാഗ്നികൾ ഉയരുന്നുണ്ട്; ദൈവത്തിന്റെ, കാരുണ്യത്തിന്റെ, പരിപാലനയുടെ, സൗഖ്യത്തിന്റെ, അനുഗ്രഹത്തിന്റെ   അഗ്നികൾ ഉയരുന്നുണ്ട്. എങ്ങനെയുള്ള അഗ്നികൾ?  നമ്മെ കത്തിച്ചാമ്പലാക്കാത്ത, നമ്മെ നശിപ്പിക്കാത്ത, നമുക്ക് ചൂട് പകരുന്ന, നമുക്ക് സൗഖ്യം തരുന്ന അഗ്നികൾ!!  ദൈവാലയത്തിൽ മാത്രമല്ല ദൈവാലയത്തിന്റെ പരിസരങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അങ്ങനെ ജ്വലിച്ചുയർന്ന് നിൽക്കുന്നുണ്ട്.

എന്നാൽ, അവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുന്ന നമ്മോട് ദൈവം പറയും: “നിന്റെ പാദരക്ഷകൾ അഴിച്ചു മാറ്റുക.” (5) എന്താണ് പാദരക്ഷകൾ? നാം എപ്പോഴും ധരിക്കുന്ന ചെരുപ്പിന്റെ അർത്ഥമെന്താണ്? നമുക്കറിയാം ചെരുപ്പുകൾക്ക് ഒരു അളവുണ്ട്. ചിലർക്ക് 6 ഇഞ്ചിന്റെ ചെരുപ്പുവേണം. ചിലർക്ക് 8 ഇഞ്ചിന്റേത് … ഇനിയും ചിലർക്ക് 10 ഇഞ്ചിന്റേത്. എനിക്ക് 7 ഇഞ്ചിന്റെ ചെരുപ്പാണ് പാകം. പാകത്തിലല്ലാത്ത ചെരുപ്പിട്ടാൽ നമുക്ക് അസ്വസ്ഥതയാണ്. ചെരുപ്പെന്ന് പറയുന്നത് ഓരോരുത്തരുടെയും കണക്കുകൂട്ടലുകളാണ്. ദൈവം പറയുന്നു: ‘മകളേ, മകനേ നീ ദൈവാലയത്തിൽ, എന്റെ സാന്നിധ്യത്തിൽ പ്രവേശിച്ച് പ്രാർത്ഥിക്കുവാൻ, ബലിയർപ്പിക്കുവാൻ, ആരാധിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിന്റെ കണക്കുകൂട്ടലുകളുടെ, നിന്റെ സ്വാർത്ഥതയുടെ, നിന്റെ…നിന്റെ മാത്രം ആഗ്രഹങ്ങളുടെ, അഭിപ്രായങ്ങളുടെ പാദരക്ഷകൾ പുറത്ത് അഴിച്ചു വച്ചിട്ട് പ്രവേശിക്കുക! നിന്റെ കണക്കുകളുമായി നീ ദേവാലയത്തിൽ പ്രവേശിക്കുകയാണെങ്കിൽ നീ അതിനെ കച്ചവടസ്ഥലമാക്കും.’

സ്നേഹമുള്ളവരേ, ഇതാണ് അന്ന് ജറുസലേം ദൈവാലയത്തിൽ സംഭവിച്ചത്. സ്വന്തം ചെരുപ്പുകളുമായി, സ്വന്തം കണക്കുകൂട്ടലുകളുമായി ദേവാലയത്തിൽ പ്രവേശിച്ച യഹൂദരും, വിജാതീയരും പവിത്രമായ ദൈവാലയത്തെ കച്ചവടസ്ഥലമാക്കി മാറ്റി!! എന്ത് കൃത്യമായിട്ടാണ് ഈശോ അത് മനസ്സിലാക്കിയത്! അവിടുന്ന് പറഞ്ഞു: ” എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്.” (യോഹ 2, 16) ഇന്ന് ചെരുപ്പുകൾ, നമ്മുടെ കണക്കുകൂട്ടലുകൾ പുറത്തു അഴിച്ചു വയ്ക്കാതെ ദൈവാലയത്തിൽ പ്രവേശിക്കുന്നതുവഴി നാം നമ്മുടെ ദൈവാലയങ്ങളെ കച്ചവട സ്ഥലങ്ങളാക്കിയിരിക്കുകയാണ്. നമ്മുടെ കണക്കു കൂട്ടലുകളുടെ, പിടിവാശികളുടെ, തീരുമാനങ്ങളുടെ, ആഗ്രഹങ്ങളുടെ, സമീപനങ്ങളുടെ, മനോഭാവങ്ങളുടെ ചെരുപ്പുകളുമായാണ് നാം ദൈവാലയത്തിൽ പ്രവേശിക്കുന്നത്. ഈ ചെരുപ്പുകളൊന്നും നമ്മുടെ ക്രൈസ്തവ ജീവിതത്തിന് ഇണങ്ങാത്തവയാണെങ്കിലും ഈ ചെരുപ്പുകളും വലിച്ചുകൊണ്ടാണ് നമ്മുടെ നടപ്പ്!

സ്നേഹമുള്ളവരേ, ഓരോ നമ്മുടെ കണക്കുകൂട്ടലുകൾ നമ്മുടെ കണക്കുകൂട്ടലുകൾ ദൈവാലയവും ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ നിറവാണ്; ഓരോ ദൈവാലയവും ക്രിസ്തുവാണ്, ദൈവികതയുടെ കൂടാരമാണ്. ദൈവമില്ലെങ്കിൽ, കോടികൾ മുടക്കി പണിതാലും ആ സൗധം ദൈവാലയമാകില്ല. കല്ലുകൾക്കുമുകളിൽ കല്ലുകൾ ചേർത്ത്‌ പണിയുമ്പോഴല്ല ഒരു സൗധം ദൈവാലയമാകുന്നതെന്നും, മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കുമ്പോഴാണ് ദൈവാലയം പണിതുയർത്തപ്പെടുകയെന്നും നാമെന്നാണ് മനസ്സിലാക്കുക? അകത്തുനിൽക്കുമ്പോൾ ദൈവാനുഭവം നൽകാത്ത പള്ളികൾ, ദൈവാലയങ്ങൾ നമുക്കെന്തിനാണ്? പാവപ്പെട്ടവർ മക്കളെ പഠിപ്പിക്കാനും, മഴനനയാത്ത വീടുപണിയാനും കഷ്ടപ്പെടുമ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ജീവിക്കാൻ നെട്ടോട്ടമോടുമ്പോൾ തണുത്തുറഞ്ഞ എസി പള്ളികളിൽ ഇരുന്നു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ? നമ്മുടെ ഇടവകയാകുന്ന, സന്ന്യാസ ഭവനങ്ങളാകുന്ന, സ്ഥാപനങ്ങളാകുന്ന, സംഘടനകളാകുന്ന ദൈവാലയങ്ങളെ നാം ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അവ ദൈവ സാന്നിധ്യം നിറഞ്ഞ, ദൈവകാരുണ്യം തുടിക്കുന്ന ദൈവിക ഇടങ്ങളായി മാറേണ്ടിയിരിക്കുന്നു, അവയെ നാം മാറ്റേണ്ടിയിരിക്കുന്നു!  

നമ്മുടെ കുടുംബമാകുന്ന ദൈവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ കൂത്തരങ്ങായിരിക്കുന്നു നമ്മുടെ കുടുംബങ്ങൾ! മൃഗങ്ങളെപ്പോലെ പരസ്പരം ചീറ്റുന്ന, കടിച്ചുകീറുന്ന എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്? മറ്റുള്ളവർക്ക് പങ്കുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന നാണയങ്ങൾ – വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സമ്പത്ത് – എത്രയോ അധികമാണ്? സമാധാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ? നമ്മുടെ കുടുംബങ്ങളെയും നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു, ദൈവാലയങ്ങളാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചെരുപ്പുകളെ പുറത്തിടാൻ നാം പഠിക്കണം.

നമ്മുടെ ശരീരം ദൈവാലയമാണെന്നു ചെറുപ്പത്തിലേ നാം മനസ്സിലാക്കാത്തത് എന്താണ്? ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞു. അവനിലിലേക്കു നിശ്വസിച്ചു. എന്നുവച്ചാൽ ദൈവത്തിന്റെ സാന്നധ്യം, ആത്മാവ് മനുഷ്യനിൽ നിറഞ്ഞു എന്നർത്ഥം. ശരീരമാകുന്ന ദൈവാലയത്തിലെ വിശുദ്ധ പ്രതിഷ്ഠയാണ് ദൈവം. മനുഷ്യശരീരത്തെ ദൈവാലയമായിക്കണ്ടു പരസ്പരം ബഹുമാനിക്കാൻ നാം പഠിക്കണം. അതില്ലാത്ത കാഴ്ചകളൊക്കെ മൃഗീയമാണ്. മൃഗീയ വാസനകളോടെ, ലാഭക്കൊതിയോടെ, യാതൊരു മൂല്യങ്ങളുമില്ലാതെ നോക്കുന്നതാണ് വ്യഭിചാരമെന്നു ഈശോ പഠിപ്പിക്കുന്നു. അത് മൊബൈലിൽ തോണ്ടുന്നതായാലും, ഇൻറർനെറ്റിൽ സെർഫ് ചെയ്യുന്നതായാലും മൃഗീയതതന്നെ. ശരീരമാകുന്ന ദൈവാലയത്തെയും നാം വിശുദ്ധീകരിക്കണം. നമ്മുടെ ചെരുപ്പുകളെ പുറത്തിടാൻ നാം പഠിക്കണം.

നേരത്തെ പറഞ്ഞ ചരിത്രത്തിന്റെ ബാക്കികൂടി പറഞ്ഞിട്ട് ഈ വിചിന്തനം അവസാനിപ്പിക്കാം. ഈശോയുടെ കാലത്തെ ജറുസലേം ദൈവാലയം എഡി 70 ൽ റോമൻ സൈന്യാധിപനായ ടൈറ്റസ് തകർത്തു. പിന്നീടിന്നുവരെ യഹൂദർക്ക് അവിടെ ഒരു ദൈവാലയം പണിയാൻ സാധിച്ചിട്ടില്ല. മാത്രമല്ല, എഡി 685 നും 691 നും ഇടയ്ക്കു മുസ്‌ലിംങ്ങൾ അവിടെ ഡോം ഓഫ് റോക്ക് (Dom of Rock) എന്ന മുസ്ളീം ദൈവാലയം പണിതു. ഇന്നുവരെ തങ്ങളുടെ ജറുസലേം ദൈവാലയം പോലൊന്ന് പണിയാൻ കഴിയാത്ത ഹതഭാഗ്യരാണ് യഹൂദരിന്നും.  

സ്നേഹമുള്ളവരേ, നമ്മുടെ സഭയുടെ വ്യക്തിത്വവും, തനിമയും സവിശേഷതകളും നാം സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ ദൈവാലയങ്ങളും എപ്പോഴും ഇവിടെ ഉണ്ടായിരിക്കണമെന്നില്ല. നാം നമ്മുടെ ചെരുപ്പുകളുമായി നമ്മുടെ പിടിവാശികളുമായി ക്രൈസ്തവരായി ജീവിക്കുകയാണെങ്കിൽ ഓർക്കുക ഈശോയുടെ വചനം,’കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇതെല്ലാം തകർന്നുപോകും, ധൂളിയായിപ്പോകും.’ 

നാം പിതാവിന്റെ ഭവനങ്ങളാണ്, നമ്മുടെ ശരീരം ദൈവാലയമാണ്. മൂന്നാംനാൾ പുനർനിർമ്മിക്കുവാൻ, വിശുദ്ധീകരിക്കുവാൻ, ക്രിസ്തുവിനെപ്പോലെ വിശുദ്ധ കുർബാനയുടെ പെസഹാവ്യാഴങ്ങളിലൂടെ കടന്നുപോകണം. പിന്നെ, ദൈവത്തിന്റെ ഇഷ്ടം പൂർത്തിത്തീകരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലൂടെ. അതിനുശേഷം, പ്രതീക്ഷയുടെ ദുഃഖശനിയാഴ്ചയിലൂടെ. അപ്പോൾ ഓരോ നിമിഷവും,

ഉത്ഥിതനായ ഈശോ വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തു വാഴുന്ന ദൈവാലയങ്ങളാക്കി നമ്മെ സൂക്ഷിക്കുവാൻ നമുക്കാകും. നമ്മുടെ ദൈവാലയങ്ങളെ  കച്ചവടസ്ഥലങ്ങളാക്കാതിരിക്കുക! ആമേൻ!!!