ദനഹാക്കാലം മൂന്നാം ഞായർ
മർക്കോ 3, 7-19

ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ Highly Effective Instruments ആകുവാനാണ്.
നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1) ഇന്നത്തെ സുവിശേഷഭാഗത്താകട്ടെ ദൈവപുത്രനായ യേശുക്രിസ്തു തന്റെ സുവിശേഷം തുടർന്നും, ലോകത്തിന്റെ അതിർത്തികൾ വരെ, ലോകാവസാനത്തോളം പ്രഘോഷിക്കപ്പെടുവാൻ ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയാണ്.
ഈ പ്രവർത്തിക്ക് വളരെ മനോഹരമായ ഒരു ആമുഖം വിശുദ്ധ മർക്കോസ് എഴുതിച്ചേർക്കുന്നുണ്ട്. ക്രിസ്തുവിനെ ഒരു Super Hero ആയി മർക്കോസ് അവതരിപ്പിക്കുകയാണ്. പരസ്യ ജീവിതത്തിന്റെ ആരംഭം മുതലേ അത്ഭുതങ്ങൾ ചെയ്തും, രോഗികളെ സുഖപ്പെടുത്തിയും, വേദനിക്കുന്നവരെ ആശ്വസിപ്പിച്ചും ജനത്തിനിടയിലായിരുന്ന ക്രിസ്തുവിന് ജനമനസ്സിൽ വലിയ സ്ഥാനമുണ്ടായിരുന്നു. എപ്പോഴും വലിയൊരു ജനക്കൂട്ടം ഈശോയെ അനുഗമിക്കുകയാണ്. എവിടെനിന്നൊക്കെ? ഗലീലിയയിൽ നിന്ന്, യൂദാ, ജെറുസലേം എന്നിവിടങ്ങളിൽ നിന്ന്, ജോർദ്ദാന്റെ മറുകര നിന്ന്, ടയിർ, സീദോൻ പരിസരങ്ങളിൽ നിന്ന്. എന്നുവച്ചാൽ, ഇസ്രയേലിന്റെ എല്ലാ ഭാഗത്തും നിന്ന് ഈശോയുടെ പ്രവർത്തികളെക്കുറിച്ചു കേട്ട് ജനം അവിടുത്തെ കാണാൻ വന്നെത്തുന്നു. ഒരു ചുവട് മുന്നോട്ട് വയ്ക്കുവാൻ കഴിയാത്തവിധം ആൾത്തിരക്കാണ്. ക്രിസ്തു വചനം പ്രഘോഷിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, അശുദ്ധാത്മാക്കളെ പുറത്താക്കുന്നു. പുറത്താകുന്ന അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനെന്ന് പ്രഘോഷിക്കുന്നു. അശുദ്ധാത്മാക്കൾ ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നത് കണ്ട് ജനം മുഴുവൻ കണ്ണുമിഴിച്ച് നിൽക്കുകയാണ്. അവരെല്ലാവരും മനസ്സിൽ ഉറപ്പിച്ചു: അതെ ഇവൻ തന്നെ മിശിഹാ!!
ഇത്രയുമായപ്പോഴേക്കും, ഈശോ മലമുകളിലേക്ക് കയറുകയാണ്. മലമുകൾ എല്ലാ മത പാരമ്പര്യത്തിലും ചേതോഹരമായ ഒരു പ്രതീകമാണ്. ദൈവത്തിന്റെ, ദൈവ സാന്നിധ്യത്തിന്റെ, ദൈവമഹത്വത്തിന്റെ ശ്രേഷ്ഠമായ പ്രതീകം. യേശുക്രിസ്തു ദൈവപുത്രനായിക്കൊണ്ട്, ആ ദൈവമഹത്വത്തിൽ നിന്നുകൊണ്ട് തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. എന്തിനുവേണ്ടി? To be his instruments! ക്രിസ്തു തന്റെ ദൈവരാജ്യപ്രഘോഷണത്തിന്റെ, ദൈവരാജ്യ സംസ്ഥാപനത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വ്യക്തികളെ, highly effective instruments കളെ അന്വേഷിക്കുകയാണ്. അവർ എന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിനോടുകൂടി ആയിരിക്കണം. ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കണം. ക്രിസ്തുവിന്റെ, പിശാചുക്കളെ ബഹിഷ്കരിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യണം… – ക്രിസ്തുവിന്റെ വിളികേട്ട് അവിടുത്തെ സമീപത്തേക്ക് ചെന്നവരെ ക്രിസ്തു നിയോഗിക്കുകയാണ്, തന്റെ highly effective instruments ആയി ക്രിസ്തു അവരെ സ്വീകരിക്കുകയാണ്.

Modern Management skills വച്ച് അളക്കുകയാണെങ്കിൽ ഈശോയുടെ ഈ തെരഞ്ഞെടുപ്പ് ഒരു Failure ആണെന്ന് പറയേണ്ടി വരും. കാരണം selection process ഒരു വലിയ Management Task ആണ്. Leader ന് Leadership Ability ഉണ്ടായിരിക്കണം. Ability to Assess “Fitness” of the Candidates ഉണ്ടായിരിക്കണം. Strategic Thinking വേണം. Planning and Organization വേണം. ഇവിടെ, ഈശോയുടെ Selection ൽ ഇതൊന്നും കാണുന്നില്ല. ഏറ്റവും കുറഞ്ഞത് Candidates ന്റെ Fitness പോലും നോക്കാതെയാണ് ഈശോ ശിഷ്യരെ, highly effective, Instruments കളെ തെരഞ്ഞെടുക്കുന്നത്. MBA യുടെ Scale വച്ച് ഈശോയെ ഇവിടെ വിലയിരുത്തേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഈശോ Gravitation laws വച്ച് പ്രവർത്തിക്കുന്ന ഒരാളല്ല. അവിടുന്ന് പ്രവർത്തിക്കുന്നത് ദൈവ പ്രസാദവരത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ്. Law of Gravitation അല്ല Law of Grace, Grace of God ആണ് ഈശോയുടെ അളവുകോൽ. ലോകത്തിന്റെ കഴിവുകളല്ലാ, ദൈവത്തിന്റെ പ്രസാദവരമാണ് ഈശോയുടെ ശിഷ്യത്വത്തിന്റെ മാനദണ്ഡം.
സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശിഷ്യത്വത്തിൽ ജീവിക്കുക എന്നതാണ് ക്രൈസ്തവജീവിതത്തിന്റെ കാതൽ. നാമോരോരുത്തരും ക്രിസ്തുവിന് ഇഷ്ടമുള്ളവരാണ്. നമ്മൾ അവിടുത്തേക്ക് വിലപ്പെട്ടവരും, ബഹുമാന്യരും, പ്രിയങ്കരരുമാണ്. (ഏശയ്യാ 43, 4) നാം പാവപ്പെട്ടവരോ, സമ്പന്നരോ ആരായിരുന്നാലും ക്രിസ്തുവിന് നമ്മെപ്പറ്റി കരുതലുണ്ട്. (സങ്കീ 40, 17) ക്രിസ്തുവിന് നമ്മെക്കുറിച്ച് വിചാരമുണ്ടെന്ന് മാത്രമല്ല, അവിടുന്ന് ഇപ്പോഴും നമ്മെ അനുഗ്രഹിക്കുന്നുണ്ട്. (സങ്കീ 115, 12) ക്രിസ്തുവിന്റെ മുൻപാകെ സ്നേഹത്തിൽ പരിശുദ്ധരും, നിഷ്കളങ്കരുമായിരിക്കുവാൻ ലോകസ്ഥാപനത്തിന് മുൻപ് തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാം. (എഫേ 1, 4) ഇത് നാമോരോരുത്തരും ക്രിസ്തുവിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. (എഫേ 1, 12) ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ highly effective Instruments ആകുവാനായിട്ടാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്, നാം ക്രൈസ്തവരായിരിക്കുന്നത്. നമ്മുടെ കഴിവുകൾ എന്നതിനേക്കാൾ, ദൈവത്തിന്റെ കൃപയാണ് ഈ വിളിയുടെ അടിസ്ഥാനം.
ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പുത്രിയാണ്, പുത്രനാണ്. ഓരോ നിമിഷവും അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്, അവിടുത്തെ നല്ല ഉപകരണങ്ങളാകുവാൻ. നമ്മുടെ വ്യക്തി ജീവിതത്തിലൂടെ, കുടുംബജീവിതത്തിലൂടെ, സന്യാസ പൗരോഹിത്യ ജീവിതങ്ങളിലൂടെ ക്രിസ്തുവിന്റെ കയ്യിലെ ഉപകരണങ്ങളാകുവാൻ അവിടുന്ന് നമ്മെ വിളിക്കുകയാണ്. ജീവിതാന്തസ്സിന്റെ പ്രത്യേകത അനുസരിച്ച് നാമാകുന്ന ഉപകരണങ്ങൾക്കും വ്യത്യാസമുണ്ടാകും എന്നുമാത്രം.
വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വിളിയുടെ കഥകളാണ് നമ്മോട് പറയുന്നത്. ദൈവത്തിന്റെ കയ്യിലെ effective ഉപകരണങ്ങളാകുവാൻ വേണ്ടി മനുഷ്യനെ വിളിക്കുന്ന കഥകളാണ് ബൈബിളിൽ നാം കാണുന്നത്. ഇന്നും ഈശോ വിളിക്കുന്നുണ്ട്. അബ്രഹാമിനെപ്പോലെ ഭൂമിയിൽ അനുഗ്രഹമാകുവാൻ, an Instrument of the blessing of God ആകുവാൻ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്. ആബേലിനെപ്പോലെ, മെൽക്കിസദേക്കിനെപ്പോലെ ദൈവത്തിന് വിശുദ്ധിയോടെ, വിശ്വാസത്തോടെ, അനുസരണത്തോടെ ബലിയർപ്പിക്കുവാൻ ദൈവത്തിന് effective, holy Instruments ആവശ്യമുണ്ട്. മോസസ്സിനെപ്പോലെ, ജോഷ്വായെപ്പോലെ നാം കണ്ടുമുട്ടുന്ന എല്ലാവരെയും സമൃദ്ധിയിലേക്ക്, സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് നയിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. സോളമൻ രാജാവിനെപ്പോലെ മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ, മനുഷ്യ ഹൃദയങ്ങളിൽ ദേവാലയം പണിയുവാൻ സ്നേഹമുള്ള സഹോദരീ, സഹോദരാ, ക്രിസ്തുവിന് നിന്നെ ആവശ്യമുണ്ട്. ഏലിയാ പ്രവാചകനെപ്പോലെ ദൈവത്തിന്റെ സംസ്കാരം പടുത്തുയർത്തുവാൻ ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്. പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഈ ലോകത്തിന് പ്രദാനം ചെയ്യുവാൻ ഈശോ നിന്നെ വിളിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരെപ്പോലെ ലോകം മുഴുവനും ദൈവരാജ്യത്തിനായി ജീവൻ സമർപ്പിച്ചും പ്രവർത്തിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. ക്രൈസ്തവന്റെ ജീവിതം ദൈവത്തിന്റെ വിളിയുടെ ജീവിതമാണ്; ദൈവത്തിന്റെ ദൗത്യം പൂർത്തിയാക്കുന്നതിന്റെ ജീവിതമാണ്; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നതിന്റെ, ജീവിക്കുന്നതിന്റെ ജീവിതമാണ്. ക്രിസ്തുവിന്റെ കയ്യിലെ effective instrument ആകുന്നതിന്റെ ജീവിതമാണ്.
വിശുദ്ധരുടെ ജീവിതത്തിന്റെ മനോഹാരിത അവർ ക്രിസ്തുവിന്റെ വിളി സ്വീകരിച്ച്, ക്രിസ്തുവിന്റെ കയ്യിലെ effective Instruments ആയിരുന്നു എന്നതാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ ഓർക്കുന്നില്ലേ? അദ്ദേഹം പറഞ്ഞിരുന്നത്, ‘ഞാൻ ദൈവത്തിന്റെ കഴുതയാണ്; ഞാനാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ എത്ര വേണേലും സഞ്ചരിച്ചോട്ടെ എന്നാണ്. ഫ്രാൻസിസ് അസ്സീസിയാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ സഞ്ചരിച്ചില്ലേ പ്രിയപ്പെട്ടവരേ? ആ യാത്ര കണ്ടപ്പോൾ ലോകം പറഞ്ഞു, ദേ പോകുന്നു രണ്ടാമത്തെ ക്രിസ്തു എന്ന്. വിശുദ്ധ മദർ തെരേസാ എന്താണ് പറഞ്ഞത്? “ഞാൻ ദൈവത്തിന്റെ കയ്യിലെ ഒരു തൂലികയാകുന്നു. ഞാനാകുന്ന തൂലിക ഉപയോഗിച്ച് ഈശോ എഴുതിക്കോട്ടെ. കഴുത്തറപ്പൻ മത്സരവും, ലൗകിക തൃഷ്ണയുമായി നടക്കുന്ന ആധുനിക ലോകത്തിന്റെ ചുമരിൽ മദർ തെരേസയാകുന്ന തൂലിക ഉപയോഗിച്ച് ദൈവം കരുണയാകുന്നു എന്ന് ക്രിസ്തു എഴുതിയില്ലേ പ്രിയപ്പെട്ടവരേ? ഭാരതത്തിന്റെ മഹാകവി രബീന്ദ്രനാഥ് ടാഗോർ പറഞ്ഞത്, ‘ഞാൻ ദൈവത്തിന്റെ കയ്യിലെ പുല്ലാങ്കുഴൽ ആണ്. ഞാനാകുന്ന പുല്ലാങ്കുഴലിലൂടെ ഈശ്വരൻ എപ്പോഴും പാടിക്കോട്ടെ’ എന്നാണ്. ടാഗോറാകുന്ന ഓടക്കുഴലുപയോഗിച്ച് സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ എത്രയോ ഗാനങ്ങളാണ് ഈശ്വരൻ പാടിയത്!
ഈ ലോകത്തിലെ നമ്മുടെ ജീവിതം ധന്യമാക്കുവാൻ, മനോഹരമാക്കുവാൻ ഈശോ നമ്മെ എപ്പോഴും വിളിക്കുന്നുണ്ട്. നാം തയ്യാറാണെങ്കിൽ നമുക്ക് Excuses ഒന്നുമില്ലെങ്കിൽ തീർച്ചയായും അവിടുത്തെ ശിഷ്യരാകുവാൻ നമുക്ക് സാധിക്കും. ശിഷ്യരെ ഈശോ തിരഞ്ഞെടുത്തപ്പോൾ തോമാശ്ലീഹാ വിചാരിച്ചിരുന്നോ, താൻ ഭാരതത്തിൽ വന്ന് സുവിശേഷം പ്രസംഗിക്കുമെന്ന്, ക്രിസ്തുവിനായി മരിക്കുമെന്ന്? ഇല്ല. പക്ഷേ, ക്രിസ്തു നമ്മെ തന്റെ അടുത്തേക്ക് വിളിക്കുന്നു, നിയോഗിക്കുന്നു. എന്തിന്? എവിടെ? എപ്പോൾ? നമുക്കറിയില്ല. നല്ലൊരു കുടുംബനാഥയായി, കുടുംബനാഥനായി സന്യാസിയായി, പുരോഹിതനായി, ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിക്കുമ്പോൾ ആദ്യമായും അവസാനമായും ഓർക്കേണ്ടത്, ക്രിസ്തു എന്നെ വിളിക്കുന്നു. അവിടുന്ന് എന്നെ തെരഞ്ഞെടുക്കുന്നു. അവിടുത്തെ കയ്യിലെ effective instruments ആണ് ഞാൻ എന്നാണ്.
ഒരിക്കൽ ഒരു മനുഷ്യൻ തന്റെ ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോൾ, വഴിയരുകിൽ രണ്ട് ചിറകുകളുമില്ലാത്ത ഒരു കാക്കയെ കണ്ടു. അദ്ദേഹത്തിന് അതിനോട് വല്ലാത്ത അനുകമ്പ തോന്നി. “പാവം കാക്ക. ഇതെങ്ങനെ ജീവിക്കും? ഇതിന് എങ്ങനെ ആഹാരം കിട്ടും?” ഇങ്ങനെ ചിന്തിച്ചിരിക്കെ ആദ്ദേഹം കണ്ടു, അകലെ നിന്ന് ഒരു പരുന്തു വരുന്നതും, അതിന്റെ കൊക്കിലിരുന്ന മാംസക്കഷ്ണംകൊണ്ട് ആ കാക്കയെ തീറ്റുന്നതും. ഇതുകണ്ട് അദ്ദേഹം മനസ്സിൽ പറഞ്ഞു: “ഓ ഇങ്ങനെയാണ് ദൈവം തീറ്റിപ്പോറ്റുന്നത്. അവിടുന്ന് ആരെയെങ്കിലും അയയ്ക്കും, വിശക്കുന്നവരെ തീറ്റിപ്പോറ്റാനും, വിഷമിക്കുന്നവരെ സഹായിക്കുവാനും.”
സ്നേഹമുള്ളവരേ, നമ്മുടെ നല്ല വാക്കുകളിലൂടെ മാത്രം ആശ്വാസത്തിനായി കൊതിച്ച് ധാരാളം വ്യക്തികൾ നമ്മുടെ അടുത്തും അകലെയുമായി ജീവിക്കുന്നുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? നമ്മിലൂടെ നല്ല ജീവിതത്തിലേക്ക് വരുവാൻ, നമ്മിലൂടെ ക്രിസ്തുവിന്റെ കാരുണ്യം നേടുവാൻ ധാരാളം ആളുകൾ നമ്മുടെ അടുത്തും അകലെയുമായും ജീവിക്കുന്നുണ്ട്.അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? നിന്നിലൂടെ രക്ഷിയ്ക്കപ്പെടുവാൻ ഒരു ജനത കാത്തു നിൽപ്പുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ?
ക്രിസ്തുവിന്റെ ഒരു ഉപകരണമാകാൻ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ മാതൃക പിന്തുടരാൻ നാം തയ്യാറായിരിക്കണം. സുവിശേഷം വായിക്കുക മാത്രമല്ല, അതനുസരിച്ച് ജീവിക്കുകയും വേണം. നമ്മുടെ മുഴുവൻ മനസ്സും ഹൃദയവും അവന്റെ വചനത്തിലേക്ക് നയിക്കണം. ക്രിസ്തുവിന്റെ ഉപകരണമാകുന്നതിന് നാം ക്രിസ്തുവിന്റെ ഹൃദയം സ്വന്തമാക്കണം. ഉദാരമനസ്കനായിരിക്കുക എന്നതിനർത്ഥം പണം നൽകണമെന്നല്ല, മറിച്ച് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഇതുവരെയുള്ള നമ്മുടെ യാത്രയിൽ നിന്ന് നാം അനുഭവിച്ചതും പഠിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുക എന്നതാണ്. തന്റെ മക്കളുടെ യാചനകൾ കേൾക്കാനും അവരെ സഹായിക്കാനും ദൈവംതന്നെ ഒരിക്കലും മടിക്കാത്തതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നാം മടിക്കരുത്. ലളിതമായി പറഞ്ഞാൽ, ദയയും സഹായവും ദൈവത്തിന്റെ ഒരു ഉപകരണത്തിന്റെ പ്രധാന സവിശേഷതകളാണ്. അതിനാൽ, യഥാർത്ഥത്തിൽ ദൈവത്തിന്റെ ഉപകരണമായിത്തീരുന്നതിന്, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധതയുള്ള ഒരു ഹൃദയം നാം വികസിപ്പിക്കേണ്ടതുണ്ട്.
ഒരു Emotional blackmailing ആണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതൊരു psaychological move ഉം അല്ല. സത്യമിതാണ്. ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്. വെറും ഒരു Instrument ആയിട്ടല്ല. Highly effective Instrument ആയിട്ടുതന്നെ. അതിനായിട്ടാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്, തിരഞ്ഞെടുക്കുന്നത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മുടേതല്ലാതെ ഒരു ഹൃദയം ക്രിസ്തുവിനില്ല. നന്മ ചെയ്യുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കരങ്ങളില്ല. ഈ ലോകം മുഴുവൻ സഞ്ചരിക്കാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാലുകളില്ല. മറ്റുള്ളവരെ കരുണയോടെ നോക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കണ്ണുകളില്ല. മറ്റുള്ളവരെ കേൾക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാതുകളില്ല. ആശ്വാസവാക്കുകൾ പറയുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് നാവില്ല. ഇത് ഒരു Emotional blackmailing അല്ല.

ഈ ഞായറാഴ്ചത്തെ, വരും ദിവസങ്ങളിലെ നമ്മുടെ ചിന്ത ഇതായിരിക്കട്ടെ: “ഈശോയുടെ കയ്യിലെ എങ്ങനെയുള്ള ഉപകരണമാണ് ഞാൻ?” ആമേൻ!