ദനഹാക്കാലം നാലാം ഞായർ
യോഹ 4, 1-26

ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് ഇന്നത്തെ ദൈവവചനഭാഗം നാം ശ്രവിച്ചത്. ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യം എന്ന് പറയാൻ കാരണമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന് മഹത്വത്തിന്റെ സുവിശേഷം, മഹത്വത്തിന്റെ പുസ്തകം എന്നും പേരുണ്ട്. ഈശോയുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉള്ളടക്കം. കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേക്കുള്ള കടന്നുപോകലായാണ് ഈശോയുടെ ജീവിതത്തെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്.
ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ താൻ “മിശിഹാ” ആണെന്ന് ഈശോ വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ.
ധാരാളം ചിന്തകൾ നിറഞ്ഞതാണ് ഇന്നത്തെ സുവിശേഷഭാഗമെങ്കിലും, പ്രധാനപ്പെട്ട ഒന്നുരണ്ട് കാര്യങ്ങൾ നാം കൊത്തിപ്പെറുക്കിയെടുക്കുകയാണ്:
1. ഈശോ, “മിശിഹാ” യാണ്.
2. ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണ് ഈശോ.
3. ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണം.
4. എന്നാലേ, മനുഷ്യന് സംതൃപ്തി ലഭിക്കൂ.
ഭൂമിശാസ്ത്രപരമായി, സമരിയായിൽ യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന് അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണർക്കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണം നടക്കുന്നത്. ചരിത്രപരമായി പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ കിണർ.
പ്രതീകാത്മകമായി ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ കിണറാണ്. നമ്മുടെയൊക്കെ ദൈവാലയങ്ങളും, ദൈവാലയ തിരുനാളുകളും യാക്കോബിന്റെ കിണറാണ്. നമ്മുടെയൊക്കെ മാമ്മോദീസ, ആദ്യകുർബാന സ്വീകരണം തുടങ്ങിയുള്ള ആഘോഷങ്ങളും യാക്കോബിന്റെ കിണറാണ്. ഈ കിണറിലേക്ക്, കിണറ്റിൻ കരയിലേക്ക് ധാരാളം ആളുകൾ വരും. വെള്ളം കുടിക്കും. പക്ഷേ, വീണ്ടും ദാഹിക്കും. എന്നാൽ, ഇവിടെയേ ആളുകൾ വരികയുള്ളു. നോക്കൂ … നമ്മുടെയൊക്കെ തിരുനാളുകൾക്ക് എന്ത് ജനക്കൂട്ടമാണ്!!! പാരമ്പര്യങ്ങളുടെ കിണറ്റിൻ കരയിൽ ഒരുമിച്ചുകൂടാനാണ് മനുഷ്യർക്ക് താത്പര്യം.. അതുകൊണ്ട് തന്നെ ഈശോ നമുക്കുവേണ്ടി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, കിണറ്റിൻ കരകളിൽ കാത്തിരിക്കും.
കാരണം, ഈശോയാണ് ജീവജാലത്തിന്റെ ഉറവ. ഈശോയാണ് ഈശോയുടെ പ്രസാദവരമാണ് ദൈവത്തിന്റെ ദാനം. ക്രി സ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ, സംതൃപ്തി ലഭിക്കും.
ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്, ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.
പ്രലോഭനങ്ങളൊക്കെ മനുഷ്യന്റെ അസംതൃപ്തിയുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ തനി തങ്കമാണോ, 916 സ്വർണമാണോ എന്ന് ഉരച്ചുനോക്കുന്ന കല്ലാണ് ഓരോ പ്രലോഭനവും. നിങ്ങൾ പാരമ്പര്യത്തിന്റെ, ലൗകിക സുഖങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളം കുടിക്കുന്നവനാണോ, അതോ ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് കുടിക്കുന്നവനാണോയെന്ന് പരിശോധിക്കുന്ന നിമിഷമാണ് ഓരോ പ്രലോഭനവും. ഉദാഹരണത്തിന്, സെക്സ്, ലൈംഗികത അസംതൃപ്തിയുടെ ഒരു മേഖലയാണ്. ദാമ്പത്യ ജീവിതമാണ് അതിന്റെ സ്വാഭാവികമായ ഊട്ടുമേശ. അതിനുപകരം, ഇന്റർനെറ്റിൽ പോർണോഗ്രഫിക് സൈറ്റ് സെർച്ച് ചെയ്യുന്ന ഒരാളോ, തന്നിൽത്തന്നെ ചില ആഹ്ലാദങ്ങൾ തിരയുന്ന ഒരാളോ എന്താണ് വിളിച്ചുപറയുന്നത്? ദേ, ഞാൻ അസംതൃപ്തനാണ് എന്നല്ലേ?

പ്രലോഭനത്തിന്റെ കല്ല് വന്നുവീഴുന്നത് പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ അസംതൃപ്തമായ ഇടങ്ങളിലാണ്; നമ്മുടെ ജീവിതത്തിന്റെ ദുർബലമായ ഇടങ്ങളിലാണ്. ശ്രേഷ്ഠമായ ലോഹങ്ങൾക്കൊണ്ട് നിർമിച്ച മനുഷ്യരുടെ പാദങ്ങൾ കളിമണ്ണിലാണ് തീർത്തിരിക്കുന്നത് എന്ന ഒരു സ്വപ്നം ദാനിയേൽ വ്യാഖ്യാനിക്കുന്നുണ്ട്. (ദാനിയേൽ 2, 31-) ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും, കാലുകൾ ഇരുമ്പുകൊണ്ടും ആയിരുന്നു. പാദങ്ങളാകട്ടെ ഇരുമ്പും കളിമണ്ണും ചേർന്നതും. (ഇരുമ്പ് കളിമണ്ണുമായി കലരാത്തതുകൊണ്ട് പാദങ്ങൾ ദുർബലമായിരുന്നു.) രാജാവ് നോക്കിക്കൊണ്ട് നിൽക്കേ, ഒരു കല്ല് ആരും തൊടാതെ അടർന്നുവന്ന് ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേർന്ന പാദങ്ങളിൽ പതിച്ച് അതിനെ ചിന്നഭിന്നമാക്കി…..
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ പ്രലോഭനങ്ങളുടെ കല്ല് വന്നു വീഴുന്നത് ദുർബലമായ, അസംതൃപ്‌തമായ ഇടങ്ങളിലായിരിക്കും. അത് ജീവിതത്തെ ചിന്നഭിന്നമാക്കിക്കളയും!!
ക്രിസ്തുവാകുന്ന ജീവജലത്തിന്റെ ഉറവയിൽ നിന്ന് കുടിക്കുവാൻ, ശമരിയാക്കാരി സ്ത്രീയെ ക്ഷണിച്ചതുപോലെ, ഈശോ നമ്മെയും ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്.
ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്,
രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം.
ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ശമരിയാക്കാരി ആ ക്ഷണം സ്വീകരിച്ച് സന്തോഷം നിറഞ്ഞ, സംതൃപ്തി നിറഞ്ഞ ജീവിതത്തിലേക്ക് നടന്നുകയറി. നാമോ?
ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.
സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവൃത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും.
ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് (Femi Otedola) റേഡിയോ അവതാരകൻ ചോദിച്ചു, “സർ, ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും സന്തോഷം, സംതൃപ്തി നൽകിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?” ഫെമി പറഞ്ഞു: “ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ, സംതൃപ്തിയുടെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ, സംതൃപ്തിയുടെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.”
സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം. പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി. എന്നാൽ, വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി. നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം, സംതൃപ്തി കിട്ടിയില്ല.
വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം. ഏകദേശം 200 കുട്ടികൾ മാത്രം. സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി. പക്ഷേ, ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. ഞാൻ റെഡിയായി അവന്റെ കൂടെ പോയി. അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി. ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു. അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.
അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു, അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു. എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി. ഒരു സംതൃപ്തി എന്നിലൂടെ കടന്നുപോയി. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു. ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.
ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?
ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു. ഈ കുട്ടി പറഞ്ഞു: “എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട്, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും.” ഞാൻ ജീവിത സംതൃപ്തി അനുഭവിച്ച നിമിഷമായിരുന്നു അത്.
പ്രിയപ്പെട്ടവരേ, ശമരിയാക്കാരിയെപ്പോലെ ക്രിസ്തുവാകുന്ന ജീവന്റെ ഉറവയെ തിരിച്ചറിയുക. ക്രിസ്തുവിനെ മിശിഹായായി സ്വീകരിക്കുക. ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക.

ശമരിയാക്കാരിയെപ്പോലെ അസംതൃപ്‌തമായ ജീവിതത്തിന്റെ ഇടങ്ങളെ ക്രിസ്തുവിന് സമർപ്പിക്കുക. അപ്പോൾ, നിങ്ങൾക്ക് വീണ്ടും ദാഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!