All posts by Saju Pynadath

SUNDAY SERMON LK 1, 57-66

മംഗളവാർത്താക്കാലം മൂന്നാം ഞായർ

ലൂക്കാ 1, 57 – 66

വചന വ്യാഖ്യാനം 

മംഗളവാർത്താക്കാലം ഒന്നാം ഞായറാഴ്ചയിലെ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷഭാഗം. അന്ന് മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. ‘മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന’ (ലൂക്ക 1, 25) ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ചപ്പോഴൊക്കെ മൂകനായി കഴിയേണ്ട ഗതികേട് കുറച്ചൊന്നുമല്ല സഖറിയായെ വേദനിപ്പിച്ചത്. എങ്കിലും ദൈവേഷ്ടത്തിന് പൂർണമായും വിധേയനായി ജീവിക്കുന്ന സഖറിയയെയാണ് നാം കാണുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ, കുടുംബത്തിൽ ദൈവാനുഗ്രഹത്തിന്റെ മഴവില്ല് വിരിയുവാൻ ഇടയാക്കിയെന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പറഞ്ഞുതരുന്നത്.

ദൈവത്തിന്റെ അരുളപ്പാട് മനസ്സിലാക്കുവാൻ സഖറിയായ്ക്ക് സാധിച്ചില്ല എന്നതും, അതുവഴി താൻ മൂകനായിപ്പോയി എന്നതും സഖറിയായുടെ ജീവിതപുസ്തകത്തിലെ അച്ചടിപ്പിശക് തന്നെയാണ്. സഖറിയയെക്കുറിച്ച് പറയുമ്പോൾ നാം ആദ്യം ചിന്തിക്കുന്നതും ഈ സംഭവമാണ്, ഈ കുറവാണ്. എന്നാൽ, Perfect moments of life are remembered for the imperfections that happen in between. അതുപോലെതന്നെയാണ് മൂകനായിപ്പോയി എന്ന അദ്ദേഹത്തിന്റെ കുറവിന്റെ ഭംഗിയും!! അദ്ദേഹത്തിന്റെ കുടുംബത്തിൽ യോഹന്നാന്റെ ജനനം എന്ന സംഭവത്തിന് ഇത്രമേൽ ഭംഗി കൈവന്നതും ഈ കുറവുകൊണ്ടുതന്നെയാണ്. പൂർണതയിലേക്കുള്ള പ്രയാണത്തിൽ അറിയാതെ സംഭവിക്കുന്ന അപൂർണതകളുടെ വശ്യത, പൂർണതയ്ക്ക് വല്ലാത്ത ഭംഗി നൽകുന്നുണ്ട്. അത് തന്നെയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സൗന്ദര്യവും!!

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനും, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാനും ഉള്ളതാണെന്ന് വിശ്വാസം.

ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു. സഹോദരീ, സഹോദരാ, ജീവിതത്തിൽ എന്നും ഓർക്കേണ്ട ഒരു കാര്യം ഇതാണ്: നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നിനക്ക് വിജയം തരുന്നതിന് മുൻപ് ദൈവം നിന്നെ ഒറ്റപ്പെടുത്തും. നിനക്ക് വേദനകൾ തരും. പലപ്പോഴും നീ തോറ്റുപോയെന്ന് വരും. ചിലപ്പോള് പലതും നഷ്ടപ്പെട്ടേക്കാം. പക്ഷേ, നീ വിജയിക്കുക തന്നെ ചെയ്യും. So, trust the process, not the pain!

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളുംതീർച്ചയായുംമാനിക്കപ്പെടേണ്ടത്തന്നെയാണ്. ഡയലോഗുംസമവായവുംവളരെനല്ലതാണ്.  എന്നാൽഅവയെല്ലാംദൈവേഷ്ടംനടപ്പാക്കാൻനമ്മെസഹായിക്കുന്നവയാകണം. നേരെമറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈഭൂമിയിൽദൈവത്തിന്റെഇഷ്ടമനുസരിച്ചുജീവിക്കുയാണ്നമ്മുടെദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. ഞാൻ ജോസഫാണ് എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടകാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്“. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.

ജീവിതത്തിലെപ്ലാനുകളുംപദ്ധതികളുംസ്വപ്നങ്ങളുമെല്ലാംദൈവത്തിന്റെഇഷ്ടമനുസരിച്ചുക്രമീകരിക്കപ്പെടുമ്പോഴാണ്ക്രൈസ്തവജീവിതംക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ്നമ്മിൽസംഭവിക്കുന്നത്. ഇന്നത്തെസുവിശേഷഭാഗത്തുംഇതുതന്നെയാണ്നാംകാണുന്നത്. ദൈവേഷ്ടംഅന്വേഷിക്കുമ്പോൾ, അത്പൂർത്തീകരിക്കുവാൻതയ്യാറാകുമ്പോൾസഖറിയാസിന്റെകുടുബത്തിൽഅത്ദൈവകൃപയുടെവസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാംഅഴിയുകയാണ്. സഖറിയാസ്സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെകരംസഖറിയാസിന്റെകുടുബത്തിൽദർശിക്കുവാൻജനത്തിനുസാധിക്കുകയാണ്. 

രണ്ട്, നമ്മുടെക്രൈസ്തവവിശ്വാസത്തെതകർക്കുന്നപ്രവർത്തനങ്ങൾലോകത്തിൽ  സംഭവിക്കുമ്പോൾ, സഭയിൽഉണ്ടാകുമ്പോൾ, നമ്മുടെജീവിതത്തിൽഉണ്ടാകുമ്പോൾ നമ്മുടെവിശ്വാസത്തെശക്തിപ്പെടുത്തുവാൻനമുക്കാകണം.

മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചുമാതാപിതാക്കൾക്ക്ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചുമാതാപിതാക്കൾക്ക്ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെകൃപകൊണ്ട്. ഓരോമനുഷ്യന്റെയുംആത്മീയജനിതകത്തിൽഉള്ളഒന്നാണ്പരിശുദ്ധാത്മാവിന്റെകൃപ. കാരണം, ദൈവത്തിന്റെആത്മാവാണ്നമ്മെനയിക്കുന്നത്.    ഈആത്മാവിനെനമുക്ക്നൽകുവാനാണ്‌ ക്രിസ്തുഈലോകത്തിലേക്ക്വന്നത്. ഈപരിശുദ്ധാത്മാവിനാൽനമ്മെസ്നാനപ്പെടുത്തുവാനാണ്ക്രിസ്തുവരുന്നതെന്ന്ലോകത്തോട്പറയുകഎന്നതായിരുന്നു(ലൂക്ക3, 16) സ്നാപകയോഹന്നാന്റെദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽനീതിനിഷ്ഠനാകുക, ദൈവേഷ്ടംജീവിതത്തിൽനിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെകൃപകളാലുംവരങ്ങളാലുംഎന്നെനിറക്കുകയെന്നുപ്രാർത്ഥിക്കുക. അപ്പോൾമക്കളെക്കുറിച്ചുനമുക്കുംദൈവംദർശനങ്ങൾനൽകും.

ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല.  ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും.  

സ്നേഹമുള്ളവരേ, ഇന്നത്തെസുവിശേഷംനമ്മെഅസ്വസ്ഥരാക്കണം. പ്രത്യേകിച്ച്ഇന്നത്തെലോകത്തിൽ. നാംഅദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി24 മണിക്കൂറുംആകുലപ്പെടുന്നുണ്ട്. നല്ലക്രൈസ്തവരായിജീവിക്കാൻശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെക്രൈസ്തവജീവിതംഎത്രമേൽഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെആഘോഷമാണോനമ്മുടെജീവിതം? ദൈവംദർശനങ്ങൾനൽകാൻമാത്രംയോഗ്യതയിലാണോ, വിശുദ്ധിയിലാണോനമ്മുടെജീവിതം? ദൈവത്തോട്നന്ദിയുള്ളവരാണോ? ഉറച്ചദൈവവിശ്വാസമുള്ളവരാണോ? നമ്മുടെഅനുദിനജീവിതപ്രവർത്തികൾ, ആധ്യാത്മികകാര്യങ്ങൾനമ്മെക്രിസ്തുവിലേക്കുഅടുപ്പിക്കുന്നുണ്ടോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, ആസുരമായഒരുകാലഘട്ടത്തിലൂടെയാണ്ഞങ്ങൾകടന്നുപോയിക്കൊണ്ടിരിക്കുന്നത്. അങ്ങേനന്മകൾക്ക്ഞങ്ങൾനന്ദിപറയുന്നു. ഞങ്ങളെ, ഞങ്ങളുടെകുടുംബങ്ങളെപരിശുദ്ധാത്മാവിന്റെകൃപയാൽനിറയ്ക്കണമേ. ഞങ്ങളുടെമക്കളെസ്നാപകനെപ്പോലെആത്മാവിൽശക്തിപ്പെടുത്തണമേ. ആമ്മേൻ!

SUNDAY SERMON LK1, 26-38

മംഗളവാർത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 1, 26-38

വചന വ്യാഖ്യാനം

മറിയം – ആ പേരുതന്നെ അത്രയേറെ ആനന്ദവും, സന്തോഷവും നൽകുന്നുണ്ട്. ആ പേര് കേൾക്കുമ്പോൾത്തന്നെ ഹൃദയത്തിൽ ഈ ലോകത്തിന്റെതല്ലാത്ത മണികൾ മുഴങ്ങാൻ തുടങ്ങും.  കാരണം, പരിശുദ്ധ കന്യകാമറിയം അമലോത്ഭവയായ ഒരു വ്യക്തിത്വമത്രേ. ചില കാലങ്ങളിൽ, അതും ചില കാലങ്ങളിൽ സ്വർഗ്ഗത്തിനുമാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന വ്യക്തിത്വം.  അതെ, ഈ മനോഹരമായ ഭൂമിയിലെ ഏറ്റവും ശ്രഷ്ഠയായ ഒരു വ്യക്തിയെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

‘പരിശുദ്ധ കന്യകാമറിയം അസാധ്യമായതെന്തോ ചെയ്തു; മറ്റൊരു മനുഷ്യനും ഇന്നോളം ചെയ്യാത്തവിധം കൃപനിറഞ്ഞവളായി അവൾ തന്നെത്തന്നെ ഉയർത്തി’ എന്ന് മംഗളവാർത്താ സംഭവത്തെക്കുറിച്ച് വിശുദ്ധ ബർണാഡ് പറയുന്നുണ്ട്. എന്നാൽ, അസാധ്യമായത് എന്നതിനേക്കാൾ, മനുഷ്യന് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മഹനീയമായത് എന്തോ ചെയ്തു എന്ന് പറയുന്നതാവും ശരി. മറിയത്തെ സ്വർഗത്തിലേക്ക്, പരമമായതിലേക്ക്, ദൈവികമായതിലേക്ക് നയിച്ച എന്തോ ഒന്ന്!! എന്താണ് ആ എന്തോ ഒന്ന്? മറിയത്തിന്റെ തീരുമാനം! സ്വർഗം മുൻപിൽ വന്ന് നിന്നപ്പോൾ, സ്വർഗ്ഗത്തിന്റെ മുൻപിൽ മറിയം എടുത്ത തീരുമാനം! ആ എന്തോ ഒന്നാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന്, അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു വേണ്ടി ശുഭമായ ഭാവിയും പ്രത്യാശയും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്നും (ജറെമിയ 29, 11) ആ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് എപ്പോഴും നീ ജീവിക്കണമെന്നും, മറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിമും അന്നയും അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. അതിലുമുപരി, ആ തീരുമാനം, ആ ഒരൊറ്റ തീരുമാനം മറിയത്തെ ദൈവത്തിന്റെ അമ്മയാക്കി മാറ്റി.

Your decision determines what you become! വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുമ്പോൾ, ഉയരങ്ങളിലേക്ക് പറക്കുവാനുള്ള മനസ്സിന്റെ വെമ്പലിൽ മുളപൊട്ടുകയാണ് ഓരോ തീരുമാനവും. അങ്ങനെയാണ് ഓരോ തീരുമാനവും ഒരു യാത്രയുടെ തുടക്കമാകുന്നത്. അവയോടൊത്താണ് പിന്നെ യാത്ര. മനസ്സിന്റെ ചില ശൂന്യതകളെ പൂരിപ്പിച്ചുകൊണ്ടാകും അവ മുന്നോട്ട് നീങ്ങുന്നത്. ചിലപ്പോഴെങ്കിലും തീരുമാനങ്ങളിൽ അറിവുകൾ തോറ്റുപോകുകയും, പേരിടാൻ പോലും കഴിയാത്ത പുതിയ തീരുമാനങ്ങളിലേക്ക് നമ്മൾ നടന്നുപോകുകയും ചെയ്യും. തീരുമാനങ്ങൾ വിജയിക്കുമ്പോഴും, പതറിപ്പോകുമ്പോഴും നമ്മെ അമ്പരിപ്പിപ്പിച്ചുകൊണ്ട് ദേ വരുന്നു മറ്റൊരു തീരുമാനം!

അതാണ് മനുഷ്യജീവിതം – തീരുമാനങ്ങളുടെ ആകെത്തുക. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ നടക്കുവാൻ പോകണോ വേണ്ടയോ, പള്ളിയിൽ കുർബാനയ്ക്ക് ഏത് ഷർട്ടും മുണ്ടും വേണം, സാരിയോ, ചുരിദാറോ, ജോലിയ്ക്ക് എങ്ങനെ പോകും? സ്‌കൂട്ടറോ, കാറോ, ബസ്സോ, മെട്രോയോ, അതോ നടന്നോ? പേയ്‌മെന്റ് എങ്ങനെയായിരിക്കണം? ഗൂഗിൾ പേയോ, ഫോൺപേയോ, അതോ ക്യാഷോ? ചായയോ, കാപ്പിയോ ….. ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുംവിധം തീരുമാനങ്ങളുടെ കൂട്ടമാണ്, തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം.  

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിലും പ്രതിസന്ധിഘട്ടങ്ങൾ ചിലപ്പോൾ നമ്മെ വല്ലാതെ ഉലച്ചുകളയും.

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്ന് ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! പരിശുദ്ധ കന്യകാമറിയത്തെ ദൈവത്തിന്റെ അമ്മയാക്കിയത്!! ഈശോയുടെ അമ്മയാക്കിയത്!!!

പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിൽ നാമും പകച്ചു നിന്നിട്ടുണ്ടാകണം. എങ്കിലും, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നാമും തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ആ തീരുമാനങ്ങളാണ് നമ്മെ ക്രിസ്തുവിന്റെ മകളാക്കിയത്. ക്രിസ്തുവിന്റെ മകനാക്കിയത്. ക്രിസ്തുവിന്റെ യുവതിയാക്കിയയത്. ക്രിസ്തുവിന്റെ യുവാവാക്കിയത് ക്രിസ്തുവിന്റെ  ഭാര്യയാക്കിയത്. ക്രിസ്തുവിന്റെ ഭർത്താവാക്കിയത്. ക്രിസ്തുവിന്റെ സമർപ്പിതയാക്കിയത്. ക്രിസ്തുവിന്റെ സമർപ്പിതനാക്കിയത്. ക്രിസ്തുവിന്റെ പുരോഹിതനാക്കിയത്.   വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു തീരുമാനമെടുത്തില്ലേ? മനസ്സിൽ എടുത്ത ഈ തീരുമാനത്തെ വിവാഹമെന്ന കൂദാശയുടെ നേരത്ത് വിശുദ്ധ ബൈബിളിൽ തൊട്ട് നിങ്ങൾ ഏറ്റുപറഞ്ഞു. ആ തീരുമാനമാണ് നിങ്ങളെ ക്രിസ്തുവിന്റെ ദമ്പതികളാക്കിയത്.

സന്യസ്തരോടുള്ള സ്വർഗ്ഗത്തിന്റെ ചോദ്യം ഇതാണ്: ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ സന്യസ്ത ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? ഞങ്ങൾ സന്യാസിനികൾ, സന്യാസികൾ ദീർഘനാളത്തെ പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷം തീരുമാനമെടുത്തു, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് ജീവിതത്തിന്റെ ഓരോ നിമിഷവും പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, അപ്പോൾ ഞങ്ങൾ ക്രിസ്തുവിന്റെ സന്യസ്തരായി.

ക്രിസ്തുവിന്റെ പുരോഹിതരാകുമ്പോഴും അതിന് ഒരു തീരുമാനത്തിന്റെ പിന്ബലമുണ്ട്. എന്താകുവാനാണ് നീണ്ട വർഷങ്ങൾ ഒരുങ്ങുന്നത്? ക്രിസ്തുവിന്റെ പുരോഹിതരാകുവാൻ. ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ആരാണ് ദൗത്യം തരുന്നത്? ക്രിസ്തുവാണ് ദൗത്യം തരുന്നത്. ആരിലൂടെ? തിരുസ്സഭയിലൂടെ. ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി ക്രിസ്തുവിന്റെ പുരോഹിതരാകുന്നു.  

ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി ഇതാണ്: നീ എടുക്കുന്ന തീരുമാനത്തിലൂടെ നിനക്ക് ലോകത്തിൽ ക്രിസ്തുമസ് സംജാതമാക്കുവാൻ നമുക്ക് കഴിയും. സ്നേഹമുള്ളവരേ, നാമെടുത്ത തീരുമാനങ്ങളാണ് നമ്മെ ഓരോ ജീവിതാന്തസ്സുകളിലേക്ക് കൈപിടിച്ചുയർത്തിയായത്. അതുകൊണ്ട്, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും വേഷംകെട്ടലാകാതിരിക്കട്ടെ. ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! ക്രിസ്തുവിനോടൊത്ത്  ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ.

നാമാരും ഇന്ന് ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നില്ല.  കണ്ടെത്തിയാലും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നില്ല. നാമാരും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്തുവിനെ പ്രസവിക്കുന്നുമില്ല. ഓർക്കുക!

ഓരോതീരുമാനത്തിന്റെസമയത്തുംസ്വർഗംനമ്മുടെമുൻപിലെത്തുന്നുണ്ട്.  കാരണം, ഓരോതീരുമാനവുംഈഭൂമിയിൽക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെസന്തോഷവുംസമാധാനവുംവിതറുന്നതാകാൻദൈവംആഗ്രഹിക്കുന്നു. നമ്മുടെഓരോതീരുമാനവുംക്രിസ്തുനമ്മിൽഗർഭംധരിക്കുന്നതുവേണ്ടിയുള്ളYES

ആകാൻസ്വർഗംആഗ്രഹിക്കുന്നു.  നമ്മുടെഓരോതീരുമാനവുംക്രിസ്‌തുവിന്‌ ഈഭൂമിയിൽജന്മം

കൊടുക്കുന്നതാകണമെന്നുസ്വർഗംആഗ്രഹിക്കുന്നു. ഏറ്റവുംമനോഹരവുംനല്ലതുമായതീരുമാനത്തിൽജീവിക്കുകയെന്നാണ്പരിശുദ്ധ’അമ്മഇന്ന്നമ്മോടുപറയുന്നസന്ദേശം. ആമ്മേൻ!

SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 1, 5-25

മംഗളവാർത്താക്കാലം

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. ഒരു വർഷമെടുത്ത് നാം, സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. ആരാധനാക്രമ വത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും, അതിന്റെ ചൈതന്യത്തിനനുസരിച്ച് നമ്മുടെ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യണമെന്നാണ് തിരുസ്സഭ ഇതിലൂടെ ആഗ്രഹിക്കുന്നത്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണെന്നത് വിസ്മയകരമായ ഒരു യാഥാർഥ്യമാണ്. 

നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗള വാർത്താക്കാലത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിന്റെ ആരംഭം അവിടുത്തെ മനുഷ്യാവതാരത്തിലാണ് എന്ന് മനസിലാക്കുക . Its a beginning! രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ’ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വചനവ്യാഖ്യാനം

നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച ഈ സുവിശേഷ ഭാഗത്തിലെ  അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായും, അദ്ദേഹത്തിന്റെ ഭാര്യ, അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തും വിവിധ കാലഘട്ടങ്ങളുമായി, കാലഘട്ടങ്ങളിലെ മനുഷ്യരുമായി പലതരത്തിൽ സംസാരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികവും, ചരിത്രപരവുമായ അടിയൊഴുക്കുകളിൽ ഈ സംഭവം പുനഃസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എണ്ണമറ്റ വായനയ്ക്കും, വ്യാഖ്യാനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇന്നും, പുതു വാ യനകളിൽ ഈ സംഭവം വീണ്ടും വീണ്ടും തളിർക്കുകയും, പൂവിടുകയും, സുഗന്ധംപരത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നമുക്കും ഒരു പുതുസന്ദേശം നൽകിക്കൊണ്ടാണ് ഇന്ന് സഖറിയായും, എലിസബത്തും നമ്മുടെ മുൻപിൽ നിൽക്കുന്നത്.

ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

വിശുദ്ധ അഗസ്റ്റിനെപ്പോലെയുള്ള പണ്ഡിതന്മാർ, ഇതിൽ അനാ വരണംചെയ്യപ്പെടുന്ന ദൈവിക ഇടപെടലുകളുടെ മുൻപിൽ ദി ക്കറിയാതെനിൽക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ വൈകാരിക സംഘർഷത്തെയും, അയാൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും, ഒപ്പം മനുഷ്യസ്വഭാവത്തിലെ സങ്കീർണഭാവങ്ങളെയുംക്കുറിച്ചാണ് വിശുദ്ധ അഗസ്റ്റിൻ ചിന്തിച്ചത്. സഖറിയാസ് പുരോഹിതന്റെ  വികാരങ്ങളെ ശരിയായി മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും, ദൈവത്തിന്റെ ഇടപെടലിനുമുൻപിൽ ചുവടൊന്ന് മാറ്റിചവിട്ടുവാൻ സഖറിയാസ് ശ്രമിച്ചില്ലായെന്നത് അദ്ദേഹത്തിന് സംഭവിച്ച ദുരന്തത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.

ഇവരുടെ പ്രത്യേകത ഒരുട്രാക്കിലൂടെ, ഒരേയൊരുട്രാക്കിലൂടെഓടിക്കൊണ്ടിരുന്നവരായിരുന്നുഇവർ എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെമുൻപിൽകുറ്റമറ്റവരായി, നീതിനിഷ്ഠരായിജീവിച്ചപ്പോഴുംപ്രായംകവിഞ്ഞുപോയഞങ്ങൾക്കിനിമക്കളുണ്ടാകുകയില്ലായെന്നഒറ്റചിന്തയിൽ, ആഒറ്റട്രാക്കിലാണ്‌ അവർഓടിക്കൊണ്ടിരുന്നത്. ദൈവത്തിനുഅസാധ്യമായിഒന്നുമില്ലായെന്നുചിന്തിക്കുവാൻ, തങ്ങളുടെജീവിതത്തിൽദൈവംഅത്ഭുതംപ്രവർത്തിക്കുമെന്ന്ഉറച്ചുവിശ്വസിക്കുവാൻആരീതിയിൽചുവടൊന്നുമാറ്റിചവിട്ടുവാൻഅവർശ്രമിച്ചില്ല. 

സഖറിയാ എന്ന വാക്കിനർത്ഥം ദൈവംഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല? വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

“ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ. എന്നാൽ, ആ സമയം വന്നപ്പോൾ സഖറിയായ്ക്കത് വിശ്വസിക്കാനായില്ല. ഇതാ സഖറിയാസ് മൂകനാകുന്നു. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!! ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അദ്ദേഹം അപഹാസ്യനാകുകയാണ്.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നായിരുന്നെങ്കിലും, എലിസബത്ത്   എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നൊക്കെയായിരുന്നെങ്കിലും, തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ അവർ നിൽക്കുകയില്ലായിരുന്നു. ഏതാണാ ട്രാക്ക്?  പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്. അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്‌. ജീവിതം Stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!

നൂറ്റാണ്ടുകളിലെ മനുഷ്യരോടും, അവരുടെ അഭിരുചികളോടും, ആഭിമുഖ്യങ്ങളോടും സംവദിച്ച ഈ സംഭവം ഈ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്നത് അതിന്റെ സാർവകാലിക പ്രസക്തി ഒന്നുകൊണ്ടുമാത്രമാണ്. എന്താണ് ആ സാർവകാലിക പ്രസക്തി? ദൈവത്തിലേക്ക് ചുവടുമാറ്റിചവിട്ടുവാൻ സാധിക്കാത്ത മനുഷ്യന്റെ മാനസികാവസ്ഥ!!! ഇത്തരത്തിലൊരു മനസികാവസ്ഥയുള്ള മനുഷ്യൻ ചെന്നെത്തുന്നത് ജീവിതത്തിന്റെ ദുരന്ത മുഖത്തായിരിക്കും. തീർച്ച!!!

പഴയനിയമത്തിലെ രാജാക്കന്മാരുടെ രണ്ടാം പുസ്തകം അദ്ധ്യായം  9 ൽ  കണ്ണെഴുതി മുടിയലങ്കരിച്ചിരിക്കുന്ന ഇസ്രായേൽ രാജ്ഞിയായ ജെസെബെല്ലിനെ നാം കാണുന്നുണ്ട്. ആഡംബര പ്രിയയായ, അഹങ്കാരിയായ ജെസെബെൽ! ബൈബിളിലെ ഭീതിപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് ജെസെബെൽ. വിഗ്രഹാരാധനയുടെ വികാരങ്ങളെ യഹോവയുടെ മണ്ണിലേക്ക് ആഭിചാരം നടത്തിയവൾ ജെസെബെൽ. അന്യദേവന്മാർക്കും, ദേവതകൾക്കും ആരാധന പാടില്ലെന്ന ഓർമ്മപ്പെടുത്തലുകൾ ധിക്കരിച്ച്, ബാലിന്റെ നാനൂറ് ദേവന്മാർക്കും, അശേരയുടെ നാനൂറ്റമ്പത് ദൈവങ്ങൾക്കും പ്രതിഷ്ഠയർപ്പിച്ചവൾ ജെസെബെൽ. നാബോത്തിനെ വേട്ടയാടി മുന്തിരിത്തോട്ടം കൈക്കലാക്കിയവൾ ജെസെബെൽ. ദൈവത്തിലേക്ക് ചുവട് മാറ്റിചവിട്ടുവാൻ പറഞ്ഞുവന്നവരെ ആട്ടിപ്പുറത്താക്കിയവൾ ജെസെബെൽ. അപകടകരമായ ചുവടുകളാണ് അവളെരെയും വയ്ക്കുന്നത്. ഒടുവിൽ, ആഹാബിന്റെയും ജെസെബെലിന്റെയും സാമ്രാജ്യങ്ങൾ താഴെ വീഴുന്നു. കണ്ണെഴുതിയും, മുടിയലങ്കരിച്ചും ഇരുന്ന അവളെ അന്തപ്പുരകാവൽക്കാർ താഴേയ്ക്ക് വലിച്ചെറിയുന്നു. തെരുവുനായ്ക്കൾ അവളെ വലിച്ചുകീറുന്നു. സംസ്കരിക്കാൻപോലും ഒന്നുമുണ്ടായിരുന്നില്ലെന്ന വചനം ഞെട്ടലോടെയേ വായിക്കുവാൻ സാധിക്കൂ.

സ്നേഹമുള്ളവരേ, ദൈവത്തിലേക്ക് ചുവട് മാറ്റിചവിട്ടുവാൻ കഴിയാത്ത മനുഷ്യന്റെ അവസ്‌ഥയിലേക്ക് നമ്മുടെ ജീവിതങ്ങൾ എത്തിച്ചേരാതിരിക്കട്ടെ.. ഈ സംഭവത്തിന്റെ സാർവകാലികപ്രസക്തി നമുക്ക് മറക്കാതിരിക്കാം.. വില്യംഷെയ്ക്‌സ്പിയറിന്റെ വിശ്വവിഖ്യാത ദുരന്തനാടകമായ”ഹാംലെറ്റ്” (Hamlet) നെ വ്യാഖ്യാനിച്ചുകൊണ്ട് ത്തൊൻപതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹാസ്‌ലിറ്റ് (William Hazlit) റഞ്ഞു:  “It is we who are Hamlet”. ഇന്ന് ദൈവത്തിന്റെ ഇടപെടലുകൾ ക്ക് മുൻപിൽ, ദൈവത്തിലേക്ക്ചുവടുവയ്ക്കാതെനിന്നസഖറിയാസിന്റെജീവിതംകാണുമ്പോൾനമുക്കുംതോന്നുന്നില്ലേ?  “It is we who are Zachariah.” എല്ലാക്കാലത്തേയുംമനുഷ്യന്റെഅനുഭവമാണ്സഖറിയാസിന്റേത്.

എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.

സ്നേഹമുള്ളവരേ, ഈക്രിസ്മസ്ഒരുക്കക്കാലത്ത്എന്റെജീവിതത്തിലുംദൈവത്തിന്റെഇടപെടലുകളുണ്ടാകുമെന്നും, ആഇടപെടലുകളെമനസ്സിലാക്കുവാൻഞാൻശ്രമിക്കുമെന്നുംദൈവത്തിലേക്ക്, എന്റെദൈവത്തിലേക്ക്ചുവട്മാറ്റിച്ചവിട്ടുമെന്നും, നമുക്ക്തീരുമാനമെടുക്കണം. മാത്രമല്ല, നാംഓടിക്കൊണ്ടിരിക്കുന്നട്രാക്ക്ഏതാണെന്നുപരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും. മറ്റുചിലരുടേതു “വീട്ടിൽ എപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ. ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല. വീട്ടുകാരും നാട്ടുകാരും ശരിയല്ല… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.

ഒരുമാസികയിൽവന്നചിത്രീകരണംഓർത്തുപോകുകയാണ്: ഒരുറയിൽവേട്രാക്ക്. അതിലൂടെഒരുപശുവുംഅതിന്റെകിടാവുംനടക്കുകയാണ്. നീണ്ടുനിവർന്ന്കിടക്കുന്നട്രാക്ക്… ആരുംശല്യപ്പെടുത്താനില്ല…അവരങ്ങനെഅലസമായിനടക്കുകയാണ്. അപ്പോഴാണ്പുറകിൽനിന്ന്ട്രെയിനിന്റെചൂളംവിളികേട്ടത്. പശുവുംകിടാവുംട്രാക്കിലൂടെഓടാൻതുടങ്ങി. ഒരേദിശയിലേക്ക്വലത്തോട്ടും, ഇടത്തോട്ടുംതിരിയാതെ…അവർഓടുകയാണ്…കുറെകഴിഞ്ഞപ്പോൾഅനിവാര്യമായതുസംഭവിച്ചു. പശുവിനെയുംകിടാവിനെയുംതട്ടിത്തെറുപ്പിച്ചുട്രെയിൻകടന്നുപോയി. ഈചിത്രീകരണത്തിന്റെഅടിക്കുറിപ്പ്ഇതാണ്: ഒന്ന്ചുവടുമാറ്റിചവിട്ടിയിരുന്നെങ്കിൽസ്വയംരക്ഷിക്കാമായിരുന്നു, അടുത്തതലമുറയെയും!

സമാപനം

സ്നേഹമുള്ളവരെ, 2025 ലെ ക്രിസ്തുമസിനായി ഒരുങ്ങുന്ന നമുക്കൊരു ചുവടുമാറ്റം ആവശ്യമുണ്ട്. ഇന്നത്തെ രാഷ്ട്രീയ, മത രംഗങ്ങളിൽ കാണുന്ന ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും ചിത്രങ്ങൾ നമുക്കൊക്കെ ദൈവത്തിലേക്ക് ഒരു ചുവടുമാറ്റം ആവശ്യമുണ്ട് എന്ന് തന്നെയാണ് പറയുന്നത്..  നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ തിരിച്ചറിയുവാനും അവയുടെ മുൻപിൽ ഉറച്ച വിശ്വാസത്തോടെ നിൽക്കുവാനുമുള്ള ദൈവകൃപ നമുക്കുണ്ടാകണം. ജീവിതത്തെമൂകമാക്കുന്നചിന്തകളിൽനിന്ന്മാറി, ദൈവംഎന്നെഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽവിശ്വസ്തനാണെന്നുംഅവിടുത്തെസമ്മാനം

എനിക്ക്നൽകുമെന്നുംഉറച്ചുവിശ്വസിച്ചുകൊണ്ട്ചുവടൊന്ന്മാറ്റിചവുട്ടിനോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. ആമേൻ!

SUNDAY SERMON FEAST OF CHRIST THE KING 2025

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2025

ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങൾ! യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടം!! അടിമത്തം (Slavery), ചൂഷണം (Exploitation) കോണ്സെന്ട്രേഷൻ ക്യാമ്പുകൾ (Concentration camps), ഹോളോകാസ്റ്റ് (Holocaust) തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലം!!!  ഇങ്ങനെ ലോകത്തിൽ അരാജകത്വം നിറഞ്ഞു നിന്നിരുന്നൊരു കാലഘട്ടത്തിൽ, ലോകത്തിന്റെ നേതാക്കൾ ദൈവങ്ങളായി നാട് ഭരിച്ചിരുന്നൊരു സാഹചര്യത്തിൽ, അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ പ്രഖ്യാപിച്ചു: ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, സ്നേഹമുള്ള മക്കളേ , ക്രിസ്തുവാണ്, രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തെ നയിക്കുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു.  അങ്ങനെയാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന്റെ തുടക്കം.  1925 ൽ സാർവത്രിക സഭയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ നടപ്പിലാക്കിയ കാലം മുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്.  

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞത് ഞാനിപ്പോൾ ഓർത്തെടുക്കുകയാണ്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!  

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം വാക്യം 49 ൽ നഥാനിയേൽ ഈശോയെ രാജാവായി ഏറ്റുപറയുന്നുണ്ട്. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

ഇസ്രായേൽ ജനത്തിന് രാജാവുണ്ടായത് എങ്ങനെയെന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യ ചരിത്രം തന്നെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടെ വിജയപരാജയങ്ങളുടെ ചരിത്രമാണല്ലോ. ആദ്യകാലം മുതലേ കൊന്നും കൊലവിളിച്ചും രാജാക്കന്മാർ നടത്തിയ തേരോട്ടങ്ങളുടെ കഥകളിൽ ചതഞ്ഞരഞ്ഞ മനുഷ്യർ അനവധിയാണ്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോപകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി?? സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ!

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. അമ്പലങ്ങളിൽ നിന്ന് ദൈവത്തിന്റെ സ്വർണപ്പാളികൾ അടിച്ചുമാറ്റിയിട്ടില്ല.  സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടുത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.  സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

സ്വന്തം രാജ്യത്തെത്തന്നെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… പാവപ്പെട്ടവർക്ക് നൽകുന്ന ക്ഷേമപദ്ധതികളിൽ കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദയമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!  പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്.

എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON JN 2, 12-22

പള്ളിക്കൂദാശാക്കാലം   മൂന്നാം ഞായർ

യോഹ 2, 12 – 22  

ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും, ഇടതു കയ്യിൽ ഒരു ബൈബിളും തുറന്നുപിടിച്ചുകൊണ്ട് അയാൾ വഴിയോരത്തുനിന്ന് പ്രസംഗിക്കുകയാണ്. …ദൈവാലയങ്ങളിന്ന് ഷോപ്പിംഗ് മാളുകളായിരിക്കുകയാണ്. അൾത്താരകളിന്ന് സ്റ്റേജുകളിയിരിക്കുകയാണ്.  സുവിശേഷ പ്രസംഗങ്ങളിന്ന് വെറും വാചകക്കസർത്തുകളായി മാറുന്നു. വിശുദ്ധ കുർബാനകളിന്ന് റിയാലിറ്റി ഷോകളാകുന്നു. കുറച്ചാളുകൾ അയാൾക്ക് ചുറ്റും കൂടിയപ്പോൾ അയാൾ ഉറക്കെ ചോദിക്കുകയാണ്: സ്വന്തം ഇടവക ദൈവാലയത്തെക്കുറിച്ച് അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ തന്നെ സംസാരിക്കുന്ന മനുഷ്യരേ, നിങ്ങളുടെ ദൈവാലയങ്ങൾ വെറും കച്ചവടസ്ഥലങ്ങളല്ലേ??

അതെ, ഇന്നത്തെ സുവിശേഷത്തിൽ അങ്ങനെയൊരു ചോദ്യം ഈശോയുടെ നാവിൽ നിന്ന് തന്നെ നാം കേൾക്കുന്നുണ്ട്. സുവിശേഷത്തിൽ, സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. ഇതാണാ പ്രസ്താവന: എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. വളരെ പോസിറ്റിവായ ഒരു പ്രസ്താവനയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം, അവിടുത്തെ ദൈവിക സാന്നിധ്യത്തിന്റെ കൂടാരമാണ്. അതിനെ നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം’ എന്നാണ് ഈശോ പറയുന്നത്.’ 

ഈ പ്രസ്താവനയിലെ ദൈവാലയം എന്ന വാക്കിന് വലിയ അർത്ഥ വ്യാപ്തിയുണ്ട്. ഏതൊക്കെയാണ്, എന്തൊക്കെയാണ് ഒരു ദൈവാലയം?  പിതാവായ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടങ്ങളെല്ലാം ദൈവാലയങ്ങളാണ്. അത് ജറുസലേം ദൈവാലയമാകാം, അത് നമ്മുടെ ഇടവക ദൈവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം, അത് ഈ പ്രപഞ്ചം മുഴുവനുമാകാം. ദൈവം വസിക്കുന്ന ഇടമായ ദൈവാലയത്തെ, അത് ഏതു രൂപത്തിലായാലും വിശുദ്ധമായി സൂക്ഷിക്കുകയാണ് ഓരോ ക്രൈസ്തവനും ചെയ്യേണ്ടത്.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ശുദ്ധീകരിക്കുന്ന ജെറുസലേം ദൈവാലയം നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയതാണ്. ജറുസലേം ദൈവാലയത്തിന്റെ ചരിത്രം അല്പമൊന്ന് അറിയുന്നത് നല്ലതാണ്. ദാവീദ് രാജാവിന് ദൈവത്തിനായി ഒരു ആലയം പണിയുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സോളമൻ രാജാവിനാണ് അതിനു ഭാഗ്യമുണ്ടായത്. ബിസി 589 ൽ ഈ ദൈവാലയം ബാബിലോണിലെ നെബുക്കദ്‌ നേസർ രാജാവ് നശിപ്പിച്ചു. പിന്നീട് ബിസി 525 ൽ എസ്രാ ദൈവാലയം പുനർനിർമിച്ചു. അന്തിയോക്കസ് എപ്പിഫാനസ് അശുദ്ധമാക്കിയ ദൈവാലയം ബിസി 168 ൽ യൂദാസ് മക്കബേയൂസ് പുനരുദ്ധരിച്ചു. ബിസി 63 ൽ റോമൻ സൈന്യാധിപൻ പോംപെ ഈ ദൈവാലയം നശിപ്പിച്ചു. ബിസി 20 ൽ ഹോറോദേസ് രാജാവ് ദൈവാലയത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ഈ ദൈവാലയമാണ് ഈശോയുടെ കാലത്ത് ഉണ്ടായിരുന്നത്.    

യഹൂദ സംസ്കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധ്യാന്യമുള്ളതാണ് ഈ ജറുസലേം ദൈവാലയം.  ദൈവികതയുടെ ഉറവിടമാണ് ജറുസലേം ദൈവാലയം യഹൂദർക്ക്. ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ് ജറുസലേം ദൈവാലയം; ദൈവ ഉടമ്പടിയുടെ കേന്ദ്രമാണ് ജറുസലേം ദൈവാലയം. യഹൂദരുടെ അഭിമാനവും, ജീവിതത്തിന്റെ ഭാഗവും, ദൈവ സാന്നിധ്യത്തിന്റെ കൂടാരവുമായ ജറുസലേം ദൈവാലയം, ദൈവപിതാവിന്റെ ഈ ഭവനം, കച്ചവടസ്ഥലമാകുന്നത് കണ്ടപ്പോൾ ഈശോ അതിനെ ശുദ്ധീകരിക്കുകയാണ്.

മൂന്നുതലങ്ങളിലായാണ് ഈശോ ഈ ശുദ്ധീകരണം നടത്തുന്നത്.

ഒന്ന്, മൃഗങ്ങളെ, ആടുകളെ, കാളകളെ പുറത്താക്കിക്കൊണ്ട്. ദൈവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയ വാസനകളെ, മൃഗീയ രീതികളെ അവിടുന്ന് പുറത്താക്കുകയാണ്

രണ്ട്, ഈശോ നാണയങ്ങൾ ചിതറിച്ചു, അതും ക്രയവിക്രയങ്ങൾ നടത്തിയിരുന്ന മേശകൾ തട്ടിമറിച്ചുകൊണ്ട്.  ദൈവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന കഴുത്തറപ്പൻ മത്സരത്തെയും, ലാഭക്കൊതിയെയും അവിടുന്ന് ചിതറിച്ചു കളയുകയാണ്.

മൂന്ന്‌, പ്രാവുവില്പനക്കാരോട് പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു. പ്രാവുകൾ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. മൂല്യച്യുതിയെയും, മൂല്യങ്ങളുടെ വില്പനയെയും, സ്വാർത്ഥ ലാഭത്തിനുവേണ്ടി മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നതിനെയും ക്രിസ്തു എതിർക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഇവിടെ. ഇത്തരം രീതികളുമായി ആര് ദേവാലയത്തിൽ പ്രവേശിച്ചാലും ദൈവാലയം മലിനമാകും; ഇത്തരം സ്വഭാവങ്ങളുമായി ആര് ദേവാലയത്തിൽ വന്ന് ബലിയർപ്പിച്ചാലും അത് വെറും Commercial പ്രവർത്തിയായിരിക്കും. വീണ്ടും ദൈവാലയം ചന്തയാകും! ഇത്തരം രീതികളുമായി ക്രൈസ്തവജീവിതം നയിക്കുന്ന ആര് ദൈവാലയത്തിൽ കടന്നാലും അവർ കൂടെ കൊണ്ട് വരുന്നത് ‘കാളകളെയും ആടുകളെയും’ ഒക്കെയായിരിക്കും. ഈശോ അവരെ കാളകളോടും ആടുകളോടും കൂടെ പുറത്താക്കും!    

ഈ സന്ദേശം വ്യക്തമായി മനസ്സിലാക്കുവാൻ പഴയനിയമത്തിലെ പുറപ്പാടിന്റെ പുസ്തകത്തിലേക്ക് ഒന്ന് പോകേണ്ടിയിരിക്കുന്നു. പുറപ്പാടിന്റെ പുസ്തകം. മൂന്നാം അധ്യായത്തിലെ ഒരു സംഭവമാണ്. (പുറപ്പാട് 3, 1-6) ദൈവാലയത്തെക്കുറിച്ച്   നേരിട്ടൊരു വിവരണമോ, സൂചനയോ ഇവിടെയില്ല. സംഭവമിതാണ്.  മോശ അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് ഹോരേബ് മലയിൽ എത്തുകയാണ്. അവിടെവച്ച് അവിശ്വസനീയമായ ഒരു ദൃശ്യം അദ്ദേഹം കാണുന്നു – ഒരു മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയരുന്ന അഗ്നി… മുൾപ്പടർപ്പ് കത്തിജ്വലിക്കുന്നുണ്ടെങ്കിലും എരിഞ്ഞ് ചാമ്പലാകുന്നില്ല…വിസ്മയത്തോടെ അങ്ങോട്ടേക്ക് നീങ്ങിയ മോശെയോട് മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ദൈവം പറഞ്ഞു: ‘മോശേ, നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാൽ, നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.’ (3, 5) ഇവിടെ എവിടെയാണ് ദൈവാലയം? മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്ന് ജ്വലിച്ചുയരുന്ന അഗ്നിയിൽ അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നിൽക്കുന്നു …ആ സ്ഥലം പരിശുദ്ധമാണ്. അത് ദൈവാലയമാണ്.  മാത്രമല്ല, അവിടെനിന്ന് മുൾപ്പടർപ്പിനെ എരിഞ്ഞില്ലാതാക്കാത്ത അഗ്നി ഉയരുന്നു.  കാരണം അവിടെ ദൈവമുണ്ട്. ഓരോ ദൈവാലയത്തിൽ നിന്നും ദൈവത്തിന്റെ സ്നേഹാഗ്നികൾ ഉയരുന്നുണ്ട്; ദൈവത്തിന്റെ, കാരുണ്യത്തിന്റെ, പരിപാലനയുടെ, സൗഖ്യത്തിന്റെ, അനുഗ്രഹത്തിന്റെ   അഗ്നികൾ ഉയരുന്നുണ്ട്. എങ്ങനെയുള്ള അഗ്നികൾ?  നമ്മെ കത്തിച്ചാമ്പലാക്കാത്ത, നമ്മെ നശിപ്പിക്കാത്ത, നമുക്ക് ചൂട് പകരുന്ന, നമുക്ക് സൗഖ്യം തരുന്ന അഗ്നികൾ!!  ദൈവാലയത്തിൽ മാത്രമല്ല ദൈവാലയത്തിന്റെ പരിസരങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അങ്ങനെ ജ്വലിച്ചുയർന്ന് നിൽക്കുന്നുണ്ട്.

എന്നാൽ, അവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുന്ന നമ്മോട് ദൈവം പറയും: “നിന്റെ പാദരക്ഷകൾ അഴിച്ചു മാറ്റുക.” (5) എന്താണ് പാദരക്ഷകൾ? നാം എപ്പോഴും ധരിക്കുന്ന ചെരുപ്പിന്റെ അർത്ഥമെന്താണ്? നമുക്കറിയാം ചെരുപ്പുകൾക്ക് ഒരു അളവുണ്ട്. ചിലർക്ക് 6 ഇഞ്ചിന്റെ ചെരുപ്പുവേണം. ചിലർക്ക് 8 ഇഞ്ചിന്റേത് … ഇനിയും ചിലർക്ക് 10 ഇഞ്ചിന്റേത്. എനിക്ക് 7 ഇഞ്ചിന്റെ ചെരുപ്പാണ് പാകം. പാകത്തിലല്ലാത്ത ചെരുപ്പിട്ടാൽ നമുക്ക് അസ്വസ്ഥതയാണ്. ചെരുപ്പെന്ന് പറയുന്നത് ഓരോരുത്തരുടെയും കണക്കുകൂട്ടലുകളാണ്. ദൈവം പറയുന്നു: ‘മകളേ, മകനേ നീ ദൈവാലയത്തിൽ, എന്റെ സാന്നിധ്യത്തിൽ പ്രവേശിച്ച് പ്രാർത്ഥിക്കുവാൻ, ബലിയർപ്പിക്കുവാൻ, ആരാധിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിന്റെ കണക്കുകൂട്ടലുകളുടെ, നിന്റെ സ്വാർത്ഥതയുടെ, നിന്റെ…നിന്റെ മാത്രം ആഗ്രഹങ്ങളുടെ, അഭിപ്രായങ്ങളുടെ പാദരക്ഷകൾ പുറത്ത് അഴിച്ചു വച്ചിട്ട് പ്രവേശിക്കുക! നിന്റെ കണക്കുകളുമായി നീ ദേവാലയത്തിൽ പ്രവേശിക്കുകയാണെങ്കിൽ നീ അതിനെ കച്ചവടസ്ഥലമാക്കും.’

സ്നേഹമുള്ളവരേ, ഇതാണ് അന്ന് ജറുസലേം ദൈവാലയത്തിൽ സംഭവിച്ചത്. സ്വന്തം ചെരുപ്പുകളുമായി, സ്വന്തം കണക്കുകൂട്ടലുകളുമായി ദേവാലയത്തിൽ പ്രവേശിച്ച യഹൂദരും, വിജാതീയരും പവിത്രമായ ദൈവാലയത്തെ കച്ചവടസ്ഥലമാക്കി മാറ്റി!! എന്ത് കൃത്യമായിട്ടാണ് ഈശോ അത് മനസ്സിലാക്കിയത്! അവിടുന്ന് പറഞ്ഞു: ” എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്.” (യോഹ 2, 16) ഇന്ന് ചെരുപ്പുകൾ, നമ്മുടെ കണക്കുകൂട്ടലുകൾ പുറത്തു അഴിച്ചു വയ്ക്കാതെ ദൈവാലയത്തിൽ പ്രവേശിക്കുന്നതുവഴി നാം നമ്മുടെ ദൈവാലയങ്ങളെ കച്ചവട സ്ഥലങ്ങളാക്കിയിരിക്കുകയാണ്. നമ്മുടെ കണക്കു കൂട്ടലുകളുടെ, പിടിവാശികളുടെ, തീരുമാനങ്ങളുടെ, ആഗ്രഹങ്ങളുടെ, സമീപനങ്ങളുടെ, മനോഭാവങ്ങളുടെ ചെരുപ്പുകളുമായാണ് നാം ദൈവാലയത്തിൽ പ്രവേശിക്കുന്നത്. ഈ ചെരുപ്പുകളൊന്നും നമ്മുടെ ക്രൈസ്തവ ജീവിതത്തിന് ഇണങ്ങാത്തവയാണെങ്കിലും ഈ ചെരുപ്പുകളും വലിച്ചുകൊണ്ടാണ് നമ്മുടെ നടപ്പ്!

സ്നേഹമുള്ളവരേ, ഓരോ നമ്മുടെ കണക്കുകൂട്ടലുകൾ നമ്മുടെ കണക്കുകൂട്ടലുകൾ ദൈവാലയവും ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ നിറവാണ്; ഓരോ ദൈവാലയവും ക്രിസ്തുവാണ്, ദൈവികതയുടെ കൂടാരമാണ്. ദൈവമില്ലെങ്കിൽ, കോടികൾ മുടക്കി പണിതാലും ആ സൗധം ദൈവാലയമാകില്ല. കല്ലുകൾക്കുമുകളിൽ കല്ലുകൾ ചേർത്ത്‌ പണിയുമ്പോഴല്ല ഒരു സൗധം ദൈവാലയമാകുന്നതെന്നും, മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കുമ്പോഴാണ് ദൈവാലയം പണിതുയർത്തപ്പെടുകയെന്നും നാമെന്നാണ് മനസ്സിലാക്കുക? അകത്തുനിൽക്കുമ്പോൾ ദൈവാനുഭവം നൽകാത്ത പള്ളികൾ, ദൈവാലയങ്ങൾ നമുക്കെന്തിനാണ്? പാവപ്പെട്ടവർ മക്കളെ പഠിപ്പിക്കാനും, മഴനനയാത്ത വീടുപണിയാനും കഷ്ടപ്പെടുമ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ജീവിക്കാൻ നെട്ടോട്ടമോടുമ്പോൾ തണുത്തുറഞ്ഞ എസി പള്ളികളിൽ ഇരുന്നു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ? നമ്മുടെ ഇടവകയാകുന്ന, സന്ന്യാസ ഭവനങ്ങളാകുന്ന, സ്ഥാപനങ്ങളാകുന്ന, സംഘടനകളാകുന്ന ദൈവാലയങ്ങളെ നാം ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അവ ദൈവ സാന്നിധ്യം നിറഞ്ഞ, ദൈവകാരുണ്യം തുടിക്കുന്ന ദൈവിക ഇടങ്ങളായി മാറേണ്ടിയിരിക്കുന്നു, അവയെ നാം മാറ്റേണ്ടിയിരിക്കുന്നു!  

നമ്മുടെ കുടുംബമാകുന്ന ദൈവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ കൂത്തരങ്ങായിരിക്കുന്നു നമ്മുടെ കുടുംബങ്ങൾ! മൃഗങ്ങളെപ്പോലെ പരസ്പരം ചീറ്റുന്ന, കടിച്ചുകീറുന്ന എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്? മറ്റുള്ളവർക്ക് പങ്കുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന നാണയങ്ങൾ – വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സമ്പത്ത് – എത്രയോ അധികമാണ്? സമാധാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ? നമ്മുടെ കുടുംബങ്ങളെയും നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു, ദൈവാലയങ്ങളാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചെരുപ്പുകളെ പുറത്തിടാൻ നാം പഠിക്കണം.

നമ്മുടെ ശരീരം ദൈവാലയമാണെന്നു ചെറുപ്പത്തിലേ നാം മനസ്സിലാക്കാത്തത് എന്താണ്? ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞു. അവനിലിലേക്കു നിശ്വസിച്ചു. എന്നുവച്ചാൽ ദൈവത്തിന്റെ സാന്നധ്യം, ആത്മാവ് മനുഷ്യനിൽ നിറഞ്ഞു എന്നർത്ഥം. ശരീരമാകുന്ന ദൈവാലയത്തിലെ വിശുദ്ധ പ്രതിഷ്ഠയാണ് ദൈവം. മനുഷ്യശരീരത്തെ ദൈവാലയമായിക്കണ്ടു പരസ്പരം ബഹുമാനിക്കാൻ നാം പഠിക്കണം. അതില്ലാത്ത കാഴ്ചകളൊക്കെ മൃഗീയമാണ്. മൃഗീയ വാസനകളോടെ, ലാഭക്കൊതിയോടെ, യാതൊരു മൂല്യങ്ങളുമില്ലാതെ നോക്കുന്നതാണ് വ്യഭിചാരമെന്നു ഈശോ പഠിപ്പിക്കുന്നു. അത് മൊബൈലിൽ തോണ്ടുന്നതായാലും, ഇൻറർനെറ്റിൽ സെർഫ് ചെയ്യുന്നതായാലും മൃഗീയതതന്നെ. ശരീരമാകുന്ന ദൈവാലയത്തെയും നാം വിശുദ്ധീകരിക്കണം. നമ്മുടെ ചെരുപ്പുകളെ പുറത്തിടാൻ നാം പഠിക്കണം.

നേരത്തെ പറഞ്ഞ ചരിത്രത്തിന്റെ ബാക്കികൂടി പറഞ്ഞിട്ട് ഈ വിചിന്തനം അവസാനിപ്പിക്കാം. ഈശോയുടെ കാലത്തെ ജറുസലേം ദൈവാലയം എഡി 70 ൽ റോമൻ സൈന്യാധിപനായ ടൈറ്റസ് തകർത്തു. പിന്നീടിന്നുവരെ യഹൂദർക്ക് അവിടെ ഒരു ദൈവാലയം പണിയാൻ സാധിച്ചിട്ടില്ല. മാത്രമല്ല, എഡി 685 നും 691 നും ഇടയ്ക്കു മുസ്‌ലിംങ്ങൾ അവിടെ ഡോം ഓഫ് റോക്ക് (Dom of Rock) എന്ന മുസ്ളീം ദൈവാലയം പണിതു. ഇന്നുവരെ തങ്ങളുടെ ജറുസലേം ദൈവാലയം പോലൊന്ന് പണിയാൻ കഴിയാത്ത ഹതഭാഗ്യരാണ് യഹൂദരിന്നും.  

സ്നേഹമുള്ളവരേ, നമ്മുടെ സഭയുടെ വ്യക്തിത്വവും, തനിമയും സവിശേഷതകളും നാം സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ ദൈവാലയങ്ങളും എപ്പോഴും ഇവിടെ ഉണ്ടായിരിക്കണമെന്നില്ല. നാം നമ്മുടെ ചെരുപ്പുകളുമായി നമ്മുടെ പിടിവാശികളുമായി ക്രൈസ്തവരായി ജീവിക്കുകയാണെങ്കിൽ ഓർക്കുക ഈശോയുടെ വചനം,’കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇതെല്ലാം തകർന്നുപോകും, ധൂളിയായിപ്പോകും.’ 

നാം പിതാവിന്റെ ഭവനങ്ങളാണ്, നമ്മുടെ ശരീരം ദൈവാലയമാണ്. മൂന്നാംനാൾ പുനർനിർമ്മിക്കുവാൻ, വിശുദ്ധീകരിക്കുവാൻ, ക്രിസ്തുവിനെപ്പോലെ വിശുദ്ധ കുർബാനയുടെ പെസഹാവ്യാഴങ്ങളിലൂടെ കടന്നുപോകണം. പിന്നെ, ദൈവത്തിന്റെ ഇഷ്ടം പൂർത്തിത്തീകരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലൂടെ. അതിനുശേഷം, പ്രതീക്ഷയുടെ ദുഃഖശനിയാഴ്ചയിലൂടെ. അപ്പോൾ ഓരോ നിമിഷവും,

ഉത്ഥിതനായ ഈശോ വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തു വാഴുന്ന ദൈവാലയങ്ങളാക്കി നമ്മെ സൂക്ഷിക്കുവാൻ നമുക്കാകും. നമ്മുടെ ദൈവാലയങ്ങളെ  കച്ചവടസ്ഥലങ്ങളാക്കാതിരിക്കുക! ആമേൻ!!!

SUNDAY SERMON MT 12, 1-13

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ

മത്താ 12, 1-13 

ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്തായിരിക്കുമെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും കൃത്യമായി രൂപപ്പെടുത്തുവാൻ എനിക്ക് സാധിച്ചത് വൈദികനായ ശേഷമാണ്. സുവിശേഷ വായനയെ മനുഷ്യ ജീവിതങ്ങളുമായി ചേർത്ത് വായിച്ചു തുടങ്ങിയപ്പോഴാണ് ക്രിസ്തുവിന്റെ മനുഷ്യദർശനമെന്ന വിത്ത് മുളയ്ക്കാനും, ഓരില ഈരിലയായി വിരിയിച്ചെടുക്കാനും സാധിച്ചത്. ഇന്നത്തെ സുവിശേഷ ഭാഗം അതിന് ഒത്തിരി സഹായകമായിട്ടുണ്ട്. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട്, മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെ ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുമ്പോൾ ഉള്ളിൽ അലതല്ലുന്ന ആഹ്ലാദം കുറച്ചൊന്നുമല്ല.  പള്ളിക്കൂദാശാക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗത്ത്, ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഈശോ നമ്മോട് പറയുന്നു:  ലോകത്തിന്റെ മരവിച്ച നിയമങ്ങളിൽ നിങ്ങളുടെ മനസ്സുകൾ കുടുങ്ങിക്കിടക്കാതെ കരുണ എന്ന ദൈവിക പുണ്യംകൊണ്ട് നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങളെ നിറയ്ക്കുക.

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു Paradigm Shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, മനുഷ്യൻ ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

മനുഷ്യനെ മറന്ന്, മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ പരിഗണിക്കാതെ, നിയമത്തിന്റെ കാർക്കശ്യത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്ന രാഷ്ട്രങ്ങളോടും, രാഷ്ട്രീയ പാർട്ടികളോടും, വ്യക്തികളോടും, ഏകാധിപത്യ, ഫാസിസ്റ്റ് ഭാവങ്ങൾ കളഞ്ഞ് കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ പാത സ്വീകരിക്കുവാനാണ് ക്രിസ്തു ആഹ്വാനം ചെയ്യുന്നത്. ഇത് അന്നത്തെ ഫരിസേയ-നിയമജ്ഞ കൂട്ടുകെട്ടിനോട് മാത്രമായിട്ടല്ല ക്രിസ്തു പറയുന്നത്. ഇന്നും ക്രിസ്തുവിന്റെ ഈ ആഹ്വാനത്തിന് പ്രസക്തിയുണ്ട്.  ഒരു സാധാരണക്കാരൻ സർക്കാർ ഓഫീസുകളിലോ, സ്വകാര്യ സ്ഥാപനങ്ങളിലോ, എന്തിന് ക്രൈസ്തവ സ്ഥാപനങ്ങളിലോ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ലോകത്തെങ്ങുമില്ലാത്ത  നിയമങ്ങൾ അധികാരികൾ അവരുടെ മുൻപിൽ നിരത്തും! നിശ്ചിത സമയത്തിന് മുൻപോ പിന്[ഓ ചെന്നാലും സാധാരണക്കാരെ പരിഗണിക്കാത്ത ധാരാളം മനുഷ്യരുണ്ട്.  നിയമത്തിന്റെ കാഠിന്യം പുറത്തുകാണിച്ചുകൊണ്ട് തങ്ങളുടെ സ്വാർത്ഥത മൂടിവയ്ക്കുന്ന അന്നത്തെ യഹൂദമനോഭാവം ഇന്നും നാമൊക്കെ പല രീതിയിൽ പിന്തുടരുന്നുണ്ട്.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ. മനുഷ്യന്റെ വിശപ്പിനേക്കാൾ വലുത് അവർക്കു നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ്. സാബത്തിൽ നിഷിദ്ധമായ കാര്യങ്ങൾ, അത് ദൈവകല്പനയ്ക്കു എതിരായാൽ പോലും, ചെയ്യുന്നതിൽ അവർ അപാകത കാണുന്നില്ല. മാത്രമല്ല, വളരെ നിസ്സാരങ്ങളായ, മാനുഷികമായ കാര്യങ്ങൾക്കു മതത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും, ദൈവനിയമത്തിന്റെയും നിറം കൊടുത്തു, അതിനെ വർഗീയമാക്കി, മനുഷ്യന് എതിരെ ഉപയോഗിക്കുന്ന വളരെ ക്രൂരമായ മനോഭാവങ്ങൾ പുലർത്തുന്നതിൽ അവർ യാതൊരു കുറ്റവും കാണുന്നുമില്ല. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ഠാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്.  മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌. ഇന്നും അങ്ങനെയൊക്കെത്തന്നെ!!

ആടിനുവേണ്ടി, പശുവിനുവേണ്ടി എത്ര മനുഷ്യരെ കൊന്നാലും അത് തിന്മയാകുന്നില്ല. ഒരു പടികൂടി കടന്നു മതത്തിനുവേണ്ടി, മതനിയമങ്ങൾക്കുവേണ്ടി സ്വന്തം വീട്ടിലുള്ളവരെയോ, അയൽക്കാരെയോ കൊന്നാലും സ്വർഗം ലഭിക്കുമെന്ന് പഠിപ്പിച്ചാൽ, സ്വർഗത്തിൽ മനുഷ്യന് സങ്കല്പിക്കുവാൻ കഴിയാത്തത്ര സുഖങ്ങളാണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് പഠിപ്പിച്ചാൽ ജിഹാദികളാകാനും, ചാവേറുകളാകാനും ആളുകളെക്കിട്ടുമ്പോൾ മറ്റെന്ത്  പറയാനാണ്!!! ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വളരെ വിലപ്പെട്ട മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ: ആടിനേക്കാൾ, പശുവിനേക്കാൾ, നിയമാനുഷ്ഠാനങ്ങളെക്കാൾ എത്രയോ വിലപ്പെട്ടവനാണ് മനുഷ്യൻ എന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ!!

സ്നേഹമുള്ളവരേ, ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. ക്രിസ്തുവിന്റെ മനുഷ്യ ദർശനത്തിന്റെ ആഴവും, വ്യാപ്തിയും, പ്രാധാന്യവും ക്രൈസ്തവരായ നാം പോലും ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു യാഥാർഥ്യമാണ്. ഭാരതസഭ സുവിശേഷങ്ങളിൽ ഇതൾവിരിയുന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ശരിയായ രീതിയിൽ ഭാരതമക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന ആൾക്കൂട്ട കൊലപാതകങ്ങളോ, ലൈംഗികാതിക്രമങ്ങളോ ഇത്രയും വ്യാപകമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല. എന്റെ പിഴ എന്നും പറഞ്ഞു സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ മനുഷ്യദർശനം സ്വന്തമാക്കുവാനും, അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാനും നാം തയ്യാറാകണം. തെറ്റായ മനുഷ്യദർശനങ്ങളെക്കുറിച്ചു, നിരീശ്വര പ്രസ്ഥാനങ്ങളുടെ, വർഗീയ സംഘടനകളുടെ മനുഷ്യദർശങ്ങളെക്കുറിച്ചു ബോധവാന്മാരാകുവാനും, ക്രിസ്തുവിന്റെ ശരിയായ, കരുണനിറഞ്ഞ മനുഷ്യ ദർശനത്തെ അവതരിപ്പിക്കുവാനും നമുക്കാകണം. തെറ്റായ ദൈവദർശനമാണ്, തെറ്റായ മനുഷ്യ ദർശനമാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ ഒന്നുറപ്പാണ്, നിങ്ങൾ മനുഷ്യ സമൂഹത്തിനു അപകടകാരിയാണ്!!! ഈയടുത്തു ലോകത്തിൽ നടന്ന, നടക്കുന്ന സംഭവങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്.

എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല.

നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.

ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.

നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.

നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്.

“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.

അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?

ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”

ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹ, സാംസ്‌കാര നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”

സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു Paradigm Shift, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ? നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ

പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. ആമേൻ!!

SUNDAY SERMON MT 16, 13-19

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

മത്താ 16, 13 – 19

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം ഇന്നത്തെ സുവിശേഷത്തിൽ ” നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയിൽ അംഗങ്ങളായതിൽ അഭിമാനിക്കുന്നവരാണ്, സന്തോഷിക്കുന്നവരാണ് നാമെല്ലാവരും. തിരുസ്സഭ എന്നും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, നന്മയുടെ പ്രതീകമായിട്ടാണ് ലോകത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടാണ്, ലോകരാഷ്ട്രങ്ങളും, ലോകനേതാക്കളുമെല്ലാം, ലോകസമാധാനത്തിനായി, മാനവ സൗഹാർദത്തിനായി സഭയെ ഉറ്റുനോക്കുന്നത്.   

ക്രിസ്തുവിന്റെ ഈ സഭയിൽ അഭിമാനംകൊള്ളുന്ന ക്രൈസ്തവരായിട്ടാകണം ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നാം കാണുവാൻ. ഈശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി, നിന്റെ ജീവിതത്തിന്റെ, ഈ ലോകത്തിന്റെ രക്ഷകനായി ഏറ്റുപറയുക എന്നതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന വെല്ലുവിളി.

സമാന്തര സുവിശേഷങ്ങളായ വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചു കേട്ടത്. ഇതിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വിവരണമാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി നൽകിയിരിക്കുന്നത്. ഈ വിവരണമാകട്ടെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതുമാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തിന്റെ മിശിഹാ, രക്ഷകനായിട്ടാണ്. ഈ സത്യം ലോകത്തിന് വെളിപ്പെടുത്തുവാനാണ് സുവിശേഷങ്ങളിൽ അവിടുന്ന് ശ്രമിക്കുന്നത്. ‘സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു’ (ലൂക്ക 2, 10) എന്ന് മാലാഖമാർ അറിയിച്ചിട്ടും മാതാവും യൗസേപ്പിതാവും ശിശുവിന് ഈശോ എന്നാണു പേരിട്ടത്. (മത്താ 1, 25) അതായത്, ഇനി ഈശോ തന്റെ വചനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, തന്നെത്തന്നെ മിശിഹായായി, ക്രിസ്തുവായി ലോകത്തിന് വെളിപ്പെടുത്തണം. അതിന്റെ ഭാഗമായിട്ടാണ് ഈശോ ശിഷ്യരോട്‌ ചോദിക്കുന്നത്: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?”

താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത്? എന്തുകൊണ്ട്, തന്റെ ജനനസ്ഥലമായ ബേത്ലഹേം ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി, ജെറുസലേം എന്നീ പട്ടണങ്ങളെ തഴഞ്ഞ് കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തു? ചോദ്യം യുക്തിപരമല്ലേ? താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത് വെറുമൊരു തോന്നലിന്റെ ബലത്തിലല്ല.  വ്യക്തമായ ലക്ഷ്യത്തോടെയാണ്. 

മറ്റുപട്ടണങ്ങളിൽ നിന്ന് കേസരിയാ ഫിലിപ്പിയെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളാണ് ഈ പട്ടണത്തെ തിരഞ്ഞെടുക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. പല മതങ്ങളുടെ സംഗമസ്ഥാനമാണ് കേസരിയാ ഫിലിപ്പി. ഗ്രീക്ക് ദേവനായ പാനിന്റെ വലിയൊരു പ്രതിമ ഇവിടെ ഉണ്ടായിരുന്നു. ബാൽ ദേവനെ ആരാധിക്കുന്നവർ ഈ പട്ടണത്തിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. വിജാതീയ ദേവതയായ അസ്തേറിന്റെ ആളുകളും ഈ പട്ടണത്തിലുണ്ട്. ധാരാളം മതങ്ങളുള്ളതുകൊണ്ടുതന്നെ മതപ്രഭാഷണങ്ങളും, ചർച്ചകളും, വാഗ്‌വാദങ്ങളും നിരന്തരം നടക്കുന്ന ഒരു പട്ടണമാണിത്. മറ്റുസ്ഥലങ്ങളിൽനിന്നു സന്ദർശകർ ഈ പട്ടണത്തിലേക്ക് വരാറുണ്ടായിരുന്നു. ഇങ്ങനെ പല മതങ്ങളുടെ സംഗമസ്ഥലമായ, പല ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങളുള്ള ഈ പട്ടണത്തിൽവച്ചു താൻ മിശിഹായാണെന്നു പ്രഖ്യാപിക്കുവാൻ ഈശോ അവസരം ഒരുക്കുകയാണ്.

നാം വിചാരിക്കുന്നപോലെ അത്ര നിസ്സാരമായ ഒരു സാഹചര്യമായിരുന്നില്ല അത്! ചോദ്യം ഉന്നയിച്ച ഈശോയുടെ മനസ്സിൽ വേവലാതിയാണ്. ആരാണ് ഉത്തരം പറയുക? എന്തായിരിക്കും ഉത്തരം? ഈ കാണുന്ന ദേവന്മാരെപ്പോലെ ഒരാൾ എന്നായിരിക്കുമോ ഉത്തരം? ഈ കാണുന്ന മതനേതാക്കന്മാരെ പോലെ ഒരാൾ? മനുഷ്യരെ പറ്റിച്ചു കറങ്ങിനടക്കുന്ന രാഷ്ട്രീയ മത നേതാക്കന്മാരെപ്പോലെ ഒരാൾ? ഇവരുടെ സാംസ്കാരിക നേതാക്കന്മാരെപ്പോലെ ഒരാൾ? അതുമല്ലെങ്കിൽ പഴയനിയമ പ്രവാചകരിൽ ഒരാൾ? ഈശോയുടെ ചങ്കിടിക്കുകയാണ്.

ശിഷ്യന്മാരാണെങ്കിലോ? കണക്ക് ക്ലാസ്സിൽ ശതമാനം കാണാൻ ബോർഡിന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയെപ്പോലെയാണവർ. കൃത്യമായ ഉത്തരം എന്തെന്ന് അറിയില്ല. എന്ത് ഉത്തരം പറയും? എന്ത് പറഞ്ഞാലാണ് ശരിയാവുക? അപ്പോഴാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ട് പത്രോസ് പറയുന്നത് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. “കോടീശ്വരൻ” പ്രോഗ്രാമിലെപ്പോലെ, പത്രോസ് …  പറഞ്ഞ … ഉത്തരം …. ശരിയാണ്. ….. എന്ന് പറയാൻ ആരുമില്ലായിരുന്നെങ്കിലും, സ്നേഹമുള്ളവരേ, ഈശോ ഒന്ന് പുഞ്ചിരിച്ചു കാണണം. ഈശോയ്ക്ക് മനസ്സിലായി വെറും മനുഷ്യനായ പത്രോസിൽ ദൈവാത്മാവ് നിറഞ്ഞിരിക്കുന്നു. വെറും മുക്കുവനായ പത്രോസിന്റെ മാംസ രക്തങ്ങളല്ല, മാനുഷിക ബുദ്ധിയല്ല, സ്വർഗ്ഗസ്ഥനായ പിതാവാണ് പത്രോസിലൂടെ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈശോ പറയുകയാണ്, പത്രോസേ, ‘നീയാണ് എന്റെ സഭ!’ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആരൊക്കെ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ; ആരിലൂടെയൊക്കെയോ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

പ്രിയപ്പെട്ടവരേ, നൂറ്റാണ്ടുകളായി, വർഷങ്ങളായി നാം ക്രിസ്തുവിനോടൊപ്പം നമ്മുടെ കേസരിയാ ഫിലിപ്പികളിലാണ് – വിവിധ മതങ്ങളുള്ള, ദൈവങ്ങളുള്ള, വിശ്വാസങ്ങളുള്ള, നേതാക്കന്മാരുള്ള, ആചാരങ്ങളുള്ള, അഭിപ്രായങ്ങളുള്ള കേസരിയാ ഫിലിപ്പികളിൽ! ഭാരതമൊരു കേസരിയ ഫിലിപ്പിയാണ്, കേരളം ഇന്നൊരു കേസരിയ ഫിലിപ്പി ആണ്. നമ്മുടെ കുടുംബം, സൗഹൃദക്കൂട്ടങ്ങൾ, നാം തന്നെ കേസരിയ ഫിലിപ്പികളാണ്. അവിടെ വച്ച് ഈശോ നമ്മോട് പറയാറുണ്ട്, അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നാം എന്ത് ചെയ്തു? കോടികൾമുടക്കി ബ്രഹ്‌മാണ്ഡങ്ങളായ ദേവാലയങ്ങൾ പണിതു. എന്നിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു ക്രിസ്തു എന്റെ ദൈവമാണ്. ലോകത്തിന്റെ രക്ഷകൻ എന്നല്ല, എന്റെ രക്ഷകനാണ്, എന്റെ ദൈവമാണെന്ന്. വീണ്ടും അവിടുന്ന് നമ്മോട് പറഞ്ഞു, ലോകത്തിന്റെ കോണുകളിൽ പോയി സാക്ഷികളാകുവാൻ! അവിടെച്ചെന്ന് സ്ഥാപനങ്ങൾ പണിതിട്ട് നാം വിളിച്ചു പറഞ്ഞു, സുഹൃത്തുക്കളെ നിങ്ങളുടെ മൂവത്തു മുക്കോടി ദൈവങ്ങളില്ലേ, അതുപോലെ, plus one ദൈവം. അതാണ് അതാണ് ഞങ്ങളുടെ ദൈവമെന്ന്.   എന്റെ ദൈവമായ ക്രിസ്തുമാത്രമാണ് നിങ്ങളുടെയും ദൈവമെന്ന് ഏറ്റുപറയുവാൻ നാം മടിച്ചു.

പിന്നെയും ഈശോ പറഞ്ഞു: നിങ്ങളുടെ ജീവിതസാഹചര്യങ്ങളാകുന്ന കേസരിയാഫിലിപ്പികളിൽ അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നമ്മൾ ക്രിസ്തുവിനെ മറന്ന്, ഗ്രോട്ടോകൾ പണിയുവാനും, വിശുദ്ധരെ പലയിടങ്ങളിൽ കുടിയിരുത്തുവാനും, പെരുന്നാളുകൾ നടത്തുവാനും നമ്മുടെ പണവും, സമയവും, കഴിവും ചിലവഴിച്ചു! നമ്മുടെ മത നേതാക്കന്മാർ ഇഫ്‌താർ പാർട്ടികളിലും, ഉത്സവങ്ങളിലും പോയി പരസ്പരം ആലിംഗനംചെയ്ത്, നമസ്തേ പറഞ്ഞു. എന്നിട്ടു അവരുടെ കാതുകളിൽ പറഞ്ഞു, നിങ്ങളുടെയും ഞങ്ങളുടെയും ദൈവം – എല്ലാം ഒന്നാന്നേയ്!! സാംസ്കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞു വിശുദ്ധ കുർബാനയിൽ മറ്റു മതസ്ഥരുടെ ആചാരങ്ങളും ചിഹ്നങ്ങളും വേദഗ്രന്ഥ വായനകളും ചേർത്തിട്ട് നാം വിളിച്ചുപറഞ്ഞു – എല്ലാ മതങ്ങളും ദൈവങ്ങളും ഒന്നാന്നേയ്!!! നമുക്ക് തെറ്റിപ്പോയില്ലേ സ്നേഹമുള്ളവരേ? നമുക്ക് തെറ്റിപ്പോകുന്നില്ലേ സ്നേഹമുള്ളവരേ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ?!!

സ്നേഹമുള്ളവരേ, ഓർക്കണം, ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ അവർ, ആ അനുഭവത്തിന്റെ ചൂടിൽ ക്രിസ്തു ഏക രക്ഷകൻ എന്ന്, ക്രിസ്തു ദൈവമെന്ന് വിളിച്ചു പറഞ്ഞു. അവരിൽ ചിലരെ, ചുട്ടുകൊന്നു, മറ്റുചിലരെ മൃഗങ്ങൾക്ക് ഇരയായിക്കൊടുത്തു. വേറെചിലരെ പലതരത്തിലുള്ള ആയുധങ്ങൾകൊണ്ട് നിഷ്കരുണം കൊന്നുകളഞ്ഞു. ഭാരതവും പിന്നിലായിരുന്നില്ല…കേരളത്തിൽ നിന്ന് ഒരു ദൈവസഹായം പിള്ള, ഒറീസ്സയിൽ സുവിശേഷ പ്രസംഗകനായ ഗ്രഹാം സ്റ്റൈനും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പും തിമോത്തിയും, പിന്നെ സിസ്റ്റർ റാണിമാരിയ… എന്നാലും അവരെല്ലാം ജീവൻ വെടിയുന്നവരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന്. എന്റെ ക്രൈസ്തവരേ അതേ ചൈതന്യത്തോടുകൂടി, അതേ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയണം, വീണ്ടും, വീണ്ടും വിളിച്ചുപറയണം ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ് എന്ന്.

ഒരു രാജകൊട്ടാരത്തിൽ വലിയൊരു വാദ്യ സംഘമുണ്ടായിരുന്നു. എല്ലാവരും രാജാവിനുവേണ്ടി വാദ്യോപകരണങ്ങൾ വായിക്കുകയായിരുന്നു, ഓരോരുത്തരുടെയും കഴിവിനനുസരിച്ച്, ആത്മാർത്ഥമായി. അപ്പോൾ അതിൽ ഒരു വിരുതൻ പുല്ലാങ്കുഴൽ വായിക്കുന്ന മട്ടിൽ ഇരുന്നു. രാജാവിന് അവനെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട്! രാജാവ് പറഞ്ഞു: “എനിക്ക് ഓരോരുത്തരുടെയും സംഗീതം പ്രത്യേകം കേൾക്കണം.” അത് കേട്ടപ്പോൾ ഈ വിരുതൻ രോഗം നടിച്ചു കിടന്നു. കൊട്ടാരം വൈദ്യൻ പറഞ്ഞു: “ഇയാൾ രോഗിയല്ല. അങ്ങനെ ഒറ്റയ്ക്ക് പുല്ലാങ്കുഴൽ വായിക്കുവാൻ അയാൾ നിർബന്ധിതനായി. പുല്ലാങ്കുഴൽ വായിക്കാനറിയാത്ത അയാൾ സദസ്സിന്റെ മുൻപിൽ പുല്ലാങ്കുഴലും പിടിച്ച് ഇളിഭ്യനായി നിന്നു.

സ്നേഹമുള്ളവരേ, തിരുസ്സഭ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന മനോഹരമായ വാദ്യ ഉപകരണമാണ്. ഓരോ ക്രൈസ്തവനും തിരുസ്സഭയോട് ചേർന്ന് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന effective  musical insruments ആണ്. അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം. കൂട്ടത്തിൽ ചേർന്ന് ക്രിസ്തുവിന്റെ സ്വഭാവമില്ലാത്ത ക്രൈസ്തവനായി നിന്നാൽ എന്നെങ്കിലും നിന്റെ സ്വഭാവം ലോകം അറിയും. അപ്പോൾ നീ ലോകത്തിന്റെ മുൻപിൽ ഇളിഭ്യനായി നിൽക്കും. അങ്ങനെ ഇളിഭ്യരായിത്തീരുന്ന ക്രൈസ്തവരുടെ കൂട്ടായ്മയല്ല തിരുസ്സഭ! 

സ്നേഹമുള്ളവരേ, ആദിമസഭയെപ്പോലെ ക്രിസ്തു ലോകരക്ഷകൻ എന്ന് നാമോരോരുത്തരും വാക്കുകൊണ്ടും ജീവിതംകൊണ്ടും വിളിച്ചുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്രോസിനെപ്പോലെ നാമും സാക്ഷ്യപ്പെടുത്തണം ഈശോ കർത്താവാണെന്ന്, ദൈവമാണെന്ന്. മറ്റാരിലും രക്ഷയില്ലെന്നും, ആകാശത്തിന് കീഴെ, മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റേതല്ലാതെ (അപ്പ 4, 12) എന്ന് ജീവിതത്തിന്റെ കേസരിയാ ഫിലിപ്പികളിൽ നിന്ന് നാം പ്രഘോഷിക്കണം. നമ്മുടെ സുരക്ഷിത താവളങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവപരിപാലനയിൽ വിശ്വസിച്ചുകൊണ്ട് ഇന്ന് നാം ഈശോയെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി ഏറ്റുപറയുന്നില്ലെങ്കിൽ, നാളെ അതിനുള്ള അവസരമുണ്ടാകുമെന്ന് പറയാനാകില്ലാ പ്രിയപ്പെട്ടവരേ! നാളെ ചിലപ്പോൾ പ്രഘോഷിക്കുവാൻ വചനവേദികൾ ഉണ്ടായെന്നു വരില്ല; ബലിയർപ്പിക്കുവാൻ ബലിവേദികളുണ്ടാകുകയില്ല; ഒരുമിച്ചു കൂടുവാൻ ദേവാലയങ്ങൾ ഉണ്ടാകുമെന്നതിനും ഒരു ഉറപ്പുമില്ല

അതിനാൽ നമുക്ക് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന് ഏറ്റുപറഞ്ഞ ധീരരായ ക്രൈസ്തവരോട് ചേർന്ന് ക്രിസ്തുവിന് സാക്ഷികളാകാം. വിശുദ്ധ പൗലോസിനെപ്പോലെ സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എനിക്ക് ജീവിതം ക്രിസ്തുവാണെന്ന് ഏറ്റുപറയാം. ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ നമുക്ക് ശ്രമിക്കാം.

ജെമീമ റോഡ്രിഗസ് (Jemimah Rodrigues) Women’s Cricket World Cup 2025 ൽ വിജയത്തിന്റെ നെറുകയിൽ, Player of the Match ആയി എത്തിയപ്പോൾ വിളിച്ചു പറഞ്ഞപോലെ, വിജയം നൽകുന്നത് Jesus ആണെന്ന് പ്രഘോഷിക്കുവാൻ നമുക്കാകണം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ്. ക്രിസ്തുവിന്റെ വചനങ്ങൾ എന്നും ജീവനുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ക്രൈസ്തവ സാക്ഷ്യങ്ങൾ ജീവനുള്ളതാകട്ടെ. ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസ്സഭയെ നമുക്ക് സ്നേഹിക്കാം. തിരുസ്സഭ നമ്മുടെ അമ്മയാണ്, അധ്യാപികയാണ്, ക്രിസ്തുവിലേക്കുള്ള വഴികാട്ടിയാണ്. സഭ പഠനങ്ങൾക്കനുസരിച്ച്, സഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ നമുക്കാകട്ടെ.

വിശുദ്ധ കുർബാനയിൽ നാം ചൊല്ലുന്നതുപോലെ,സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ”

അംഗങ്ങളായതിൽ അഭിമാനിച്ചുകൊണ്ട്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. ആമേൻ!

SUNDAY SERMON MT 22, 23-33

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ

മത്തായി 22, 23-33

സീറോമലബാർ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേ കാലത്തിലെ കഴിഞ്ഞ ഞായറാഴ്ചകൾ പ്രധാനമായും, ക്രിസ്തുവിന്റെ കുരിശുമരണവും, ഉത്ഥാനവും, ലോകാവസാനവും, ക്രിസ്തുവിന്റെ രണ്ടാംവരവും വിചിന്തന വിഷയമാക്കിക്കൊണ്ടാണ് കടന്നുപോയത്. ഈ ഞായറാഴ്ച്ച, നശ്വരമായ ഈ ഭൂമിയിലെ ജീവിതവും, അനശ്വരമായ സ്വർഗജീവിതവുമാണ് നാം വിചിന്തനവിഷയമാക്കുന്നത്. ക്രിസ്തു പ്രധാനമായും ചോദിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? രണ്ട്, ക്രൈസ്തവർ വിശ്വസിക്കുന്നത് മരിച്ചവരുടെ ദൈവത്തിലോ, അതോ, ജീവിക്കുന്നവരുടെ ദൈവത്തിലോ? അതോട് ചേർന്ന്, ഈശോ ഉയർത്തുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കണം? സ്വർഗ്ഗത്തിലെ ജീവിതം എങ്ങനെയാണ്? ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, ഈ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഹങ്കരിച്ചിരുന്ന ഇസ്രായേൽ ജനത്തിന്റെ ഇടയിൽ സദ്ദുക്കായരെന്നും, ഫരിസേയരെന്നും രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഫരിസേയർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നവരായിരുന്നു. സദ്ദുക്കായരാകട്ടെ മരിച്ചവരുടെ പുനരുത്ഥാനം, മരണാനന്തര ജീവിതം, ആത്മാവ്, മാലാഖമാർ എന്നിവയെ എതിർക്കുന്നവരുമായിരുന്നു. എന്നാൽ, ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം അവർ ഈശോയെ എതിർക്കുന്നവരായിരുന്നു എന്നതാണ്. മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ഈശോയെ എങ്ങനെ കെണിയിൽപ്പെടുത്താമെന്ന് ചിന്തിച്ചിരുന്നവരുമായിരുന്നു.

ഇവരിൽ സദ്ദുക്കായരാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രമാണിമാർ. ഈ സുവിശേഷ ഭാഗത്തിന് തൊട്ട് മുൻപ് വിശുദ്ധ മത്തായി അവതരിപ്പിക്കുന്നത് ഫരിസേയരെയാണ്. മത്തായി 22, 15 പറയുന്നത് ഇങ്ങനെയാണ്: “അപ്പോൾ ഫരിസേയർ പോയി യേശുവിനെ എങ്ങനെ വക്കിൽ കുടുക്കാൻ എന്ന് ആലോചന നടത്തി.” സീസറിന് നികുതി കൊടുക്കണോ വേണ്ടയോ എന്നതായിരുന്നു അവരുടെ പ്രശ്നം. ഫരിസേയർക്ക് ഉത്തരം മുട്ടിപ്പോയ മറുപടിയായിരുന്നു ഈശോ നൽകിയത്. “സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും …” (21) ഇനി വരുന്നത് ഇന്നത്തെ സുവിശേഷത്തിലെ ആദ്യവചനമാണ്. “പുനരുത്ഥാനമില്ലെന്ന് പറയുന്ന സദ്ദുക്കായർ അന്ന് തന്നെ അവനെ സമീപിച്ച് ചോദിച്ചു.” (23) ഈ സുവിശേഷ ഭാഗത്തിന് ശേഷം വരുന്ന വചനവും Interesting ആണ്: “യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്ന് കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി.” (34) ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം ഇതായിരുന്നു: ഈശോയെ കെണിയിൽപ്പെടുത്തുക!

സദുക്കായരോട് ഈശോ മറുപടി പറയുമ്പോൾ, നോക്കുക, ഈശോയ്ക്ക് ഒരിറ്റ് ദേഷ്യമില്ല. ഈശോ അസ്വസ്ഥനല്ല. ലേശംപോലും അഹങ്കാരമില്ല. തന്നെ കെണിയിൽപ്പെടുത്താൻ വന്നിരിക്കുന്നവരോട് ഒട്ടുമേ വെറുപ്പില്ല. ഈശോ ഈ അവസരം സ്വർഗീയ രഹസ്യങ്ങൾ അവതരിപ്പിക്കുവാൻ ഉപയോഗിക്കുകയാണ്. Just ഒരു തിരുത്തലോടെ …എന്താണത്? “വിശുദ്ധ ലിഖിതങ്ങളോ, ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു.” (29)

തുടർന്ന് ഈശോ സ്വർഗീയ ജീവിതത്തെക്കുറിച്ചും, ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചും അവരെ പഠിപ്പിക്കുകയാണ്.

ഒന്നാമത്തെ പഠനം ഇതാണ്: നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? ഈശോ പറയുന്നത് മരണമല്ല, ഉത്ഥാനമാണ് പ്രധാനപ്പെട്ടത്. നമ്മുടെ ദൈവം എന്നും ജീവിക്കുന്ന ദൈവമാണ്. നമ്മുടെ ദൈവം ഉത്ഥിതനാണ്. മരണം ഈ ഭൂമിയിലെ, മനുഷ്യ ജീവിതത്തിലെ ഒരു സംഭവം മാത്രം. മരണം ഒരു യാഥാർഥ്യമാണോ? Is it a Reality? അല്ലെന്ന് പറയേണ്ടിവരും. കാരണം, അനുഭവിച്ച ആർക്കും ഇതിനെക്കുറിച്ച് പറയാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇതൊരു സംഭവമാണ്. നമുക്ക് കാണാൻ പറ്റുന്നുണ്ട്. എന്നാൽ, അനുഭവിക്കാൻ പറ്റുന്നില്ല. അനുഭവിച്ചവർക്കോ, അതിനെക്കുറിച്ച് പറയാനും കഴിഞ്ഞിട്ടില്ല. ഇതുവരെ! മരണം ഒരു കടന്നുപോകലാണ്. ഇതൊരു വലിയ സംഭവമാണ്. അതുകൊണ്ടാണ്, ഭാരതീയ ആദ്ധ്യാത്മികതയിൽ മരണത്തെ മഹാസമാധി എന്ന് പറയുന്നത്.

രണ്ട് തരം സമാധിയുണ്ട്. ഒന്ന്, ഈ ഭൂമിയിലായിരിക്കെത്തന്നെ “ദൈവമേ, എന്റെ സർവ്വസ്വമെ” എന്ന സ്വയം പരിത്യാഗത്തിന്റെ പാരമ്യത്തിൽ എത്തിച്ചേരുക. അതാണ് സമാധി. സന്യാസജീവിതമൊക്കെ ഈ സമാധിയുടെ അടയാളങ്ങളാണ്, അടയാളങ്ങൾ ആകേണ്ടതാണ്. ഇത് ഒരു തരത്തിൽ മരണമാണ്. ഈ ലോകത്തിലായിരിക്കെത്തന്നെ, ലോകത്തോട് മരിക്കുക. ഇത് ഉത്ഥാനവുമാണ്. സമാധിയായ ക്രിസ്തു പിന്നെ ഈ ഭൂമിയിൽ സ്നേഹമായി. സമാധിയായ ബുദ്ധൻ ഈ ഭൂമിയിൽ അഹിംസയായി. സമാധിയായ ഗുരുദേവൻ ഈ ഭൂമിയിൽ സമത്വമായി. ഉത്ഥാനത്തിന്റെ ജീവിതം!  സ്വർഗദൂതരെപ്പോലെയുള്ള ജീവിതം! ദൈവരാജ്യത്തിലെ ജീവിതം!

രണ്ടാമത്തേത്, ശരീര വേർപാടാണ്. അതിനെ മഹാസമാധി എന്ന് പറയുന്നു. ഭാരത ചിന്തയിൽ പേര് വലുതാണെങ്കിലും, മഹാസമാധിക്ക് അത്ര പ്രാധാന്യമില്ല. അത് ഭൂമിയിൽ നിന്നുള്ള യാത്ര പറച്ചിലാണ്. അത്രമാത്രം. അതെങ്ങനെയായാലും വിഷയമല്ല. ക്രിസ്തു കുരിശിലേറി. കൃഷ്ണൻ വേടന്റെ അമ്പേറ്റ് മരിച്ചു. ബുദ്ധൻ അജീർണം വന്ന് മരിച്ചു. ശ്രീരാമ കൃഷ്ണ പരമഹംസൻ, രമണ മഹർഷി ക്യാൻസർ വന്ന് മരിച്ചു. ശ്രീനാരായണ ഗുരു മൂത്രതടസ്സം, ഹെർണിയ വന്ന് മരിച്ചു. മരണം എങ്ങനെയായാലും പ്രശ്നമല്ല. ഈ ഭൂമിയിൽ നീ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്ഥിതനായിട്ടോ, മരിച്ചവനായിട്ടോ? ഉത്ഥിതനായ ജീവിക്കുമ്പോൾ നീ ദൈവത്തിലാണ്; സ്വർഗത്തിലാണ്. ഈ ഭൂമിയിലായിരിക്കുമ്പോഴും!!

രണ്ടാമത്തെ പഠനം: ക്രൈസ്തവർ വിശ്വസിക്കുന്നത് ഉത്ഥിതനായ ദൈവത്തിലാണ്. കാരണം, ക്രൈസ്തവന്റെ ജീവിതം ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം. അത്, ഈ ഭൂമിയിലാണെങ്കിലും, പരലോകത്താണെങ്കിലും! പൗരസ്ത്യ ആധ്യാത്മികത ക്രിസ്തുവിന്റെ ഉത്ഥാനത്തിന് പ്രാധാന്യം നൽകുന്നതിന്റെ രഹസ്യമിതാണ്! ഇത് ഉത്പത്തി പുസ്തകത്തിന്റെ പ്രായോഗിക വായനയാണ്. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന്റെ റിവേഴ്‌സ് വായന! ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ പൊടിപുരളാത്ത ഉടലും, മനസ്സുമായി ദൈവത്തെ പ്രതിഫലിപ്പിച്ച് ജീവിക്കേണ്ടവളാണ്, ജീവിക്കേണ്ടവനാണ്. കാരണം, നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്.

അപ്പോൾ, ചോദ്യമിതാണ്: ഈ ഭൂമിയിൽ ഞാൻ എങ്ങനെ ജീവിക്കണം? മരിച്ചവനായിട്ടോ, അതോ, ജീവിക്കുന്നവനായിട്ടോ?

തോട്ടത്തിലെ പൂക്കളെ നോക്കൂ. അവ സുന്ദരമാണ്. ഭൂമിയിലായിരിക്കെ അവ ഉത്ഥാനത്തിന്റെ മഹത്വത്തിലാണ്. പൂക്കളെല്ലാം കൊഴിഞ്ഞുപോകും. പൂവിതളുകൾ മണ്ണിൽ വീഴും. ആദിസ്രോതസ്സിലേക്ക് അവ അപ്രത്യക്ഷമാകും – അതിനെ സൃഷ്ടിച്ച ജീവരസത്തിലേക്ക്. അവിടെയും അവ സുന്ദരമാണ്. ഒരു പൂവ് പോലെ ഭൂമിയിലും, സ്വർഗ്ഗത്തിലും ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം നാം മനുഷ്യർ!

ഗുരു മരണക്കടക്കിയിലായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു: “അവസാനമായി ഞങ്ങൾക്ക് ഒരു ഉപദേശം തരാമോ? ഒന്ന് പുഞ്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഞാൻ മരിക്കും. എന്റെ ശവദാഹത്തിനുശേഷം നിങ്ങൾ വീട്ടിലേക്ക് മടങ്ങും. മടങ്ങുമ്പോൾ, നിങ്ങൾ നദി മുറിച്ച് കടക്കേണ്ടിവരും. അപ്പോൾ, നദിയിലൂടെ പോകുമ്പോൾ നിങ്ങളുടെ പാദങ്ങൾ നിങ്ങൾ നനയ്ക്കരുത്.” അങ്ങനെയാണ് ആധ്യാത്മികമായി ഉന്നതി പ്രാപിച്ചവർ ഈ ഭൂമിയിൽ ജീവിക്കേണ്ടത്. ലോകമാകുന്ന നദിയിലൂടെ മനുഷ്യർ നടക്കും. എന്നാൽ നദിയിലെ വെള്ളം, നദിയുടെ ഒഴുക്ക് അവരുടെ ജീവിതത്തെ ബാധിക്കരുത്.

സ്നേഹമുള്ളവരേ, ഭൂമിയും, സ്വർഗ്ഗവും ഒത്തിണങ്ങുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുരന്തം. 

ഈ ഭൂമിയിൽ ഉത്ഥാനത്തിന്റെ മഹിമയിൽ, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിച്ച് ജീവിക്കുവാൻ നമുക്കാകണം. ലോകത്തിന്റെ കാമനകൾ, സുഖങ്ങൾ, ആഡംബരം….എല്ലാം നമുക്ക് ഉപയോഗിക്കാം. പക്ഷെ, അവയെയൊന്നും എന്റെ ദൈവമായി ഞാൻ കാണരുത്. അവയെല്ലാം നശ്വരങ്ങളാണ്. ഈ ഭൂമിയിൽ മരിച്ചവരായി, അടിമകളായി ജീവിക്കാനല്ല ഈശോ ആഗ്രഹിക്കുന്നത്. കാമനകളിൽ കുടുങ്ങരുത്. സ്വർണത്തിന്റെ വില ഇങ്ങനെ കുതിച്ചുയരുന്നത് മനുഷ്യൻ അതിന് അടിമകളായതുകൊണ്ടല്ലേ? ശാസ്ത്രം ഉത്പാദിപ്പിക്കുന്നതെല്ലാം മനുഷ്യനുവേണ്ടിയാണ്. നാം അവയുടെ അടിമകളാകരുത്. ഒരു മനുഷ്യനും ചങ്ങലക്കെട്ടിലാകരുത്. ആ ചങ്ങല സ്വർണ നിർമിതമാണെങ്കിൽ പോലും!!!

ഞാൻ നിങ്ങളോട് പറയുന്നു, മരിച്ചവരുടെ, മരിച്ചവരുടെ ആധിപത്യം വകവെച്ചു കൊടുക്കരുത്. അധികാരത്തിന് പുറകെ പോകുന്നവർ മരിച്ചവരാണ്. പണമാണ് ദൈവമെന്ന കരുതി ജീവിക്കുന്നവർ മരിച്ചവരാണ്. ലോകസുഖങ്ങളാണ് എല്ലാം എന്ന് ഭ്രമിച്ച് ജീവിക്കുന്നവർ മരിച്ചവരാണ്. നമ്മുടെ ദൈവം ഇങ്ങനെ മരിച്ചവരുടെ ദൈവമല്ല. നമ്മുടെ ദൈവം, സ്നേഹത്തിൽ, നന്മയിൽ, പ്രകാശത്തിൽ ഉത്ഥാനത്തിൽ ജീവിക്കുന്നവരുടെ ദൈവമാണ്. എപ്പോഴും, ഭൂമിയിലും സ്വർഗ്ഗത്തിലും നമുക്ക് ക്രിസ്തുവിനോടൊപ്പം ആയിരിക്കാം.

നല്ല കള്ളന്റെ പ്രാർത്ഥനയ്ക്കുള്ള ഈശോയുടെ മറുപടി മനോഹരമാണ്. നല്ല കള്ളൻ പ്രാർത്ഥിച്ചു: “നിന്റെ രാജ്യത്തിൽ എന്നെ ഓർക്കണമേ.” ഈശോ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും.” ഇന്ന് എന്നത് വർത്തമാനകാലത്തിന്റെ സൂചനയാണ്. ഭാവിയുടെ വീണ്ടെടുപ്പിനെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇന്നിന്റെ, വർത്തമാനകാലത്തിന്റെ വിശുദ്ധീകരണത്തെക്കുറിച്ചാണ് ഈശോ ഭൂമിയോട് മന്ത്രിക്കുന്നത്. സക്കേവൂസിനെപ്പോലെ ഉത്ഥാനത്തിലേക്ക് കടക്കുമ്പോൾ ഈശോ പറയും: “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു.” സുവിശേഷം വായിക്കിമ്പോൾ, കേൾക്കുമ്പോൾ ഈശോ പറയും: “നിങ്ങൾ കേട്ടിരിക്കെത്തന്നെ ഈ തിരുവെഴുത്ത് നിരവറിയിരിക്കുന്നു.” (ലൂക്കാ 4, 21)

പ്രിയപ്പെട്ടവരേ, പീഡാസഹനമല്ല, മരണമല്ല അവസാന വാക്ക്. ഉത്ഥാനമാണ് അവസാന വാക്ക്. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയുടെ ചൈതന്യം ഉത്ഥാനമാണ് എന്ന് പറയുന്നതിന്റെ യുക്തി ഇതാണ്. ക്രിസ്തു ജീവിക്കുന്നവരുടെ ദൈവമാണ്. മരിച്ചവരുടെ അല്ല. ക്രിസ്തുവിനോടൊപ്പമാണെങ്കിൽ നാമെന്നും പറുദീസയിലായിരിക്കും; സ്വർഗ്ഗത്തിലായിരിക്കും. ദൈവവുമൊത്തുള്ള

എന്റെ സഞ്ചാരമാണ് മോക്ഷം. സ്വർഗജീവിതവും അത് തന്നെ.  ക്രിസ്തുവിനോടൊപ്പം ഇന്ന് സഞ്ചരിക്കാത്തവർ നാളെ അവനോടൊപ്പം ആയിരിക്കും എന്ന് കരുതാൻ വയ്യ. ക്രിസ്തു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ആമ്മേൻ!

SUNDAY SERMON MISSION SUNDAY 2025

മിഷൻ ഞായർ 2025   

മത്തായി 10, 1-15

ലോകത്തിൽ, എന്തിന് നമ്മുടെ കൊച്ചു കേരളത്തിൽ പോലും ക്രിസ്തു സാക്ഷ്യം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ മിഷൻ ഞായർ നമ്മൾ ആചരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രസ്താവിക്കുന്നതുപോലെ, തിരുസ്സഭ – അത് സ്വഭാവത്താലേ മിഷനറിയാണ്. ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുവിനെ പിന്തുടരുന്ന ഓരോ ക്രൈസ്തവനും മിഷനറിയാണ് എന്ന സത്യം ഉറക്കെ പ്രഘോഷിക്കാനും, ക്രിസ്തു ലോകത്തിന്റെ രക്ഷകനാണെന്ന് ചങ്കൂറ്റത്തോടെ ഏറ്റുപറയുവാനുമാണ് നാം മിഷൻ ഞായർ ആഘോഷിക്കുന്നത്.

ഭാരതത്തിലെ ക്രൈസ്തവ മിഷനറി ദൗത്യത്തിന്റെ മഹത്തായ മാതൃകയാണ് കേരളത്തിലെ ക്രൈസ്തവരും, ക്രൈസ്തവ സഭകളും. ലോകത്തിലെ ക്രൈസ്തവ ഭൂപടത്തിൽ എന്താണ് കേരള ക്രൈസ്തവരെ വ്യത്യസ്തരാക്കുന്ന ഘടകം? എന്താണ് മിഷൻ ഞായറിനെ മനോഹരമാക്കുന്നതിൽ കേരള ക്രൈസ്തവരുടെ പങ്ക്? അത് മറ്റൊന്നുമല്ല. ക്രിസ്തുവിന്റെ മിഷനറി ദൗത്യം, ജീവിതംകൊണ്ടും, ജീവൻ കൊടുത്തും പ്രഘോഷിക്കാൻ ഇവിടെ ക്രൈസ്തവർ ഉണ്ട് എന്നുള്ളതാണ്. എന്താണ് ഈശോ നൽകുന്ന മിഷനറി ദൗത്യം? The Missionary Mandate? തന്റെ സ്വർഗാരോഹണത്തിന് മുൻപ്,  ശിഷ്യർക്ക് ഈശോ നൽകിയ ഉപദേശം! “നിങ്ങൾ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ.” (മത്താ 28, 19-20) 

കേരള ക്രൈസ്തവ സഭയ്ക്ക് ആഴമായ വിശ്വാസത്തിന്റെ വേരുകളുണ്ട്. അപ്പസ്തോലിക പൈതൃകമുണ്ട്. വിശ്വാസത്തിന്റെ പിതാവായ മാർ തോമാശ്ലീഹായുടെ പാദമുദ്രകൾ പതിഞ്ഞ മണ്ണാണിത്. അപ്പസ്തോലിക പാരമ്പര്യത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന കത്തോലിക്കാ സഭയ്ക്ക്  ഇന്നും ഫലഭൂയിഷ്ഠമായ മണ്ണാണ് നമ്മുടെ നാട്. വിശ്വാസ പാരമ്പര്യത്തിന്റെ അടയാളങ്ങളായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ദൈവാലയങ്ങൾ നമുക്കുണ്ട്. ക്രിസ്തുവക്കുന്ന പ്രകാശത്തെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തെ വാഴ്ത്തിപ്പാടുന്ന അത്‌ലയങ്ങൾ നമുക്കുണ്ട്. ഇവയ്‌ക്കെല്ലാമുപരി ക്രിസ്തുവിനുവേണ്ടി, തിരുസഭയിൽ ക്രിസ്തു മഹത്വപ്പെടുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ക്രൈസ്തവ മക്കൾ നമുക്കുണ്ട്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ആയിരക്കണക്കിന് പ്രേഷിത തീക്ഷ്ണതയുള്ള മക്കൾ  നമുക്കുണ്ട്. അതുകൊണ്ട്, ഈ മിഷൻ ഞായർ അഭിമാനത്തോടെ, സന്തോഷത്തോടെ ആഘോഷിക്കുവാൻ നമുക്കാകട്ടെ.

ഈ മിഷൻ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥാനം വിട്ട്, സ്ഥലം വിട്ട്,  പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ ട്രമ്പ്? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം. 

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.    

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായാത്തതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. ഒന്ന്, നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. രണ്ട്, എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക. ക്രൈസ്തവ ജീവിതമെന്നത് മിഷനറി ജീവിതമാണ്. ഓരോ നിമിഷവും ക്രിസ്തുവിനെ കൊടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.

നമ്മുടെ മിഷനറി സ്വഭാവം എപ്പോഴും ഉയർത്തിപ്പിടിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഈ മിഷൻ ഞായർ അക്കാര്യം നമ്മെ ഒന്നുകൂടി ഓർമപ്പെടുത്തുകയാണ്.

പണ്ടത്തെപ്പോലെ അല്ലെങ്കിലും, മിഷൻ ഞായർ നന്നായി ആഘോഷിക്കാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുമതത്തിന്റെ  സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുടെ ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ലോകത്തിന്റെ അതിരുകളോളം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ആമേൻ!

SUNDAY SERMON LK 8 41b-56

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ രണ്ടാം ഞായർ

ലൂക്ക 8, 41b – 56

മനോഹരമായ നമ്മുടെ ദൈവാലയത്തിൽ, ശാന്തമായിരുന്ന്, വലിയ അങ്കലാപ്പുകളൊന്നുമില്ലതെയായിരിക്കണം നിങ്ങൾ ഇന്ന് ഈ സുവിശേഷഭാഗം വായിച്ചുകേട്ടത്. ഞാൻ ഈ വചനഭാഗം വായിച്ചതും വലിയ ഭയപ്പാടുകളൊന്നുമില്ലാതെ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന അനേകായിരം ക്രൈസ്തവർ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.  ഭാരതത്തിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കുവാൻ ക്രൈസ്തവർ അനുഭവിക്കുന്ന വേദനകൾ വിവരണാതീതമാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് നൈജീരിയയിലുള്ള ക്രൈസ്തവർ ജീവിക്കുന്നത്. ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബൊക്കോ ഹറാം പോലുള്ള ഇസ്ലാമിസ്റ്റ് ഭീകരസംഘടനകൾ 2009 മുതൽ ഇതുവരെ 1, 25000 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്!! നൈജീരിയയിൽ പ്രതിദിനം 32 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബെർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (International Society for Civil Liberties and rule of Law) കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, നൈജീരിയയിൽ പ്രത്യേകിച്ചും ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ മാർപാപ്പ യുണൈറ്റഡ് നേഷൻസിൽ (UNO) ആശങ്ക അറിയിച്ചിട്ടുണ്ട്. സർക്കാരുകളും, ലോകമാധ്യമങ്ങളും , നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കുവേണ്ടി മുറവിളികൂട്ടുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെ മറക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെ  മകളെയും അവതരിപ്പിച്ചുകൊണ്ട്  ഇന്നത്തെ സുവിശേഷഭാഗം  നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ, നിന്റെ ജീവിതത്തെ മനോഹരമാക്കുവാൻ നിന്റെ ദൈവത്തിന് സാധിക്കും എന്നാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. 

ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നോക്കൂ… പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ് നാം കാണുന്നത്! ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. ഈശോയെ എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്ക് സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ!

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി. സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്.

എന്നിട്ട് വാക്കുകൾ കൊണ്ടും ഈശോ അവളെ സൗഖ്യപ്പെടുത്തുകയാണ്. മൃദുവായ സ്വരത്തിൽ ഈശോ അവളോട് പറയുകയാണ്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക.” അവൾ കരച്ചിൽ നിർത്തി ഈശോയെ നോക്കി കണ്ണീരിലൂടെ പുഞ്ചിരിക്കുന്നു.  അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ എന്റെ കൂടെയുണ്ട്എന്നത് എത്ര ആശ്വാസകരമാണ്!

ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്ക് ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) സ്നേഹമുള്ളവരേ, വിശ്വസിക്കുക, ഉറച്ചു വിശ്വസിക്കുക…നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് (Leo Tolstoy) പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

WhatsApp ലൂടെ  എന്റെ കയ്യിലെത്തിയ ഒരു കഥ ഇങ്ങനെയാണ്. ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടെക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല

അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ എന്റെ ചിറകുകൾ ദൈവമേ….

ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ  മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു

ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി  കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.

ആകാശം വെള്ള  കീറി, കറുത്ത കാർമേഘങ്ങൾ  അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു.ചിറകിന്റെ തളർച്ച പൂർണ്ണമായും  മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.

ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ, ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.

കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.

സ്നേഹമുള്ള സഹോദരീ, സഹോദരാ, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും. നിന്റെ അവസാനമെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിച്ചപ്പോൾ, നീയും അങ്ങനെ ചിന്തിച്ചു പോയെങ്കിൽ വിഷമം ഒട്ടും വേണ്ടാട്ടോ… നിന്റെ കൂടെ നടന്നവർ, ഉറ്റവർ, ഉടയവർ സ്വന്തം എന്നു വിശ്വസിച്ച് നീ കൂടെ നിന്നവർ ഒരു പക്ഷെ നിന്റെ സ്വന്തം സഹോദരർ പോലും ഉറ്റസ്നേഹിതർ എന്നു നീ വിശ്വസിച്ചവർ ഒരുമിച്ചു താമസിച്ചവർ,  എല്ലാവരും നിന്നെ കണ്ടില്ല എന്നു നടിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ടു പോകും. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, നിന്ദിച്ചവർ, ഒറ്റപ്പെടുത്തിയവർ, പുറംകാലുകൊണ്ട് തട്ടിയവർ അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി നീ കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. നീ പോലും അറിയാത്ത ഒരു അത്ഭുതകരം, നീ താണുപോയ ആഴത്തിൽ നിന്നും നിന്നെ ഉയർത്തും. ഒരു ശക്തി നിന്നെ സൗഖ്യപ്പെടുത്തും. ഒരു ശബ്ദം നിന്നെ ധൈര്യപ്പെടുത്തും. ആ കരത്തിന്, ആ ശക്തിക്ക്, ആ ശബ്ദത്തിന് ഞാൻ ഇടുന്ന പേര് ഈശോ എന്നാണ്.

മഹാകവി ടാഗോറിന്റെ (Rabindranath Tagore) ഗീതാഞ്ജലിയിൽ (Geethanjali) അദ്ദേഹം പറയുന്നുണ്ട്:  “എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, ദൈവത്തിന് മാത്രമേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ, ലോകത്തിലുള്ള ക്രൈസ്തവരുടെ ജീവിതസാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ് റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധമാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും. ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. ഇസ്ലാമിസ്റ്റ് തീവ്രവാദികളിൽ നിന്ന് ക്രൈസ്തവരെ സംരക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും.

വർഗീയ ശക്തികളിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും. ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാം. ആമേൻ!