All posts by Saju Pynadath

SUNDAY SERMON JN 7, 37 -39 +8, 12-20

നോമ്പുകാലം അഞ്ചാം ഞായർ

ഉത്പത്തി 16, 6-16

ജോഷ്വാ 9, 16-27

റോമാ 12, 1-11

യോഹ 7, 37- 39 +8, 12-20

സന്ദേശം

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ചു, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: ദൈവം വസിക്കുന്ന ആലയങ്ങളാണ് നാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം.

വ്യാഖ്യാനം

ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ 2. പെന്തക്കുസ്ത 3. കൂടാരത്തിരുനാൾ. ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തിയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ  ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.

ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ    വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് … ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കും. ഉത്സവത്തിന്റെ ആദ്യദിനം മുതൽ അവസാനദിവസം വരെ നിയമ ഗ്രന്ഥം വായിക്കും. അവസാന ദിനത്തിൽ ജലം കൊണ്ടുള്ള ആചാരങ്ങളാണ്. പുരോഹിതൻ സീലോഹ കുളത്തിൽ നിന്ന് സ്വർണം കൊണ്ടുള്ള കുടത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് ബലിപീഠത്തിനടുത്തുള്ള വെള്ളികൊണ്ടുള്ള പാത്രത്തിൽ ഒഴിക്കും. അപ്പോൾ ഗായകസംഘവും ജനങ്ങളും ഗാനങ്ങൾ ആലപിക്കും. ചില യഹൂദ പാരമ്പര്യങ്ങളിൽ പറയുന്നത് ഈ ജലം ദൈവാത്മാവിന്റെ പ്രതീകമെന്നാണ്. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാകണം യോഹാന്നാൻ സുവിശേഷകൻ പറയുന്നത്, “അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്” എന്ന്. ജീവജലം ഈശോയ്ക്ക് ആത്മാവാണ്, നിത്യജീവൻ പ്രദാനം ചെയ്യുന്ന ആത്മാവ്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഈശോ സമരായക്കാരി സ്ത്രീയോടും ഇക്കാര്യം പറയുന്നുണ്ട്: “…ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും”. (4, 14) സഖറിയായുടെ പ്രവചനത്തിൽ ജറുസലേമിൽ നിന്നുള്ള ജീവജലത്തെക്കുറിച്ച് പറയുന്നുണ്ട്. ” അന്ന് (മിശിഹായുടെ നാളിൽ) ജീവജലം ജറുസലേമിൽ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും, പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും.  അത് വേനൽക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.” (സഖറിയാ 14, 8) അതായത്, ക്രിസ്തുവിൽ നിറഞ്ഞു നിൽക്കുന്ന ജീവജലം, പരിശുദ്ധാത്മാവ്, സ്ഥലകാല പരിമിതികൾ ഇല്ലാത്ത നിരന്തര പ്രവാഹമായിരിക്കും.

ജലം ആത്മാവിന്റെ പ്രതീകമാണ്, പരിശുദ്ധാത്മാവിന്റെ. എല്ലാ മതങ്ങളും ജലത്തിന് പ്രതീകാത്മകത നൽകുന്നുണ്ട്. ജലം എല്ലാമതങ്ങൾക്കും വിശുദ്ധിയുടെ പ്രതീകമാണ്; പുനർജന്മത്തിന്റെ, നവീകരണത്തിന്റെ പ്രതീകമാണ്. യഹൂദ പാരമ്പര്യത്തിൽ, അവിടെ നിന്ന് ക്രൈസ്തവ പാരമ്പര്യത്തിലും ജലം ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തു ആത്മാവിനാൽ നിറഞ്ഞവനാണ്, ആത്മാവ് തന്നെയാണ്. അവിടുന്ന്, ജലത്തിന്റെ, ആത്മാവിന്റെ ഉറവയാണ്. ആ ഉറവയിൽ നിന്ന് കുടിക്കുന്നവർ ആരായാലും അവരിലും ആത്മാവിന്റെ നിറവുണ്ടാകും, ഒഴുക്കുണ്ടാകും. തന്നിലുള്ള ഈ ആത്മാവിനെ നൽകുവാനാണ്‌ ഈശോ ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ വന്ന സ്നാപക യോഹന്നാൻ എന്താണ് പറഞ്ഞത്? “ഞാൻ ജലം കൊണ്ട് സ്നാനം നൽകുന്നു (യോഹ 1, 26) … അവനാണ് (ക്രിസ്തുവാണ്) പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ.” (യോഹ 1, 33) തന്നെ ശ്രവിച്ചവരോട് “ദൈവം അളന്നല്ല പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്” (യോഹ 3, 34) എന്ന് പറഞ്ഞ ഈശോ, ആത്മ്മാവിനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരുന്ന ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുകയാണ്. വചനം പറയുന്നു: “അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ… അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.” (അപ്പ 2, 3-4)

ലോകം മുഴുവനും ആത്മാവിനെ നൽകുവാൻ വന്ന ഈശോ, താൻ ആത്മാവിന്റെ നിറവാണെന്നറിഞ്ഞുകൊണ്ട്, പിറ്റേദിവസം ജനത്തിനോട് പറയുകയാണ് “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ 8, 12) എന്ന്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈശോ ലോകത്തിന്റെ പ്രകാശമായത്? അവിടുന്ന് ജീവജലത്തിന്റെ ഉറവയായതുകൊണ്ട്.  അവിടുന്ന് ദൈവാത്മാവിന്റെ നിറകുടമായതുകൊണ്ട്. അപ്പോൾ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് എന്തായിരിക്കും? മക്കളേ, ദൈവാത്മാവിനാൽ നിങ്ങൾ നിറയുമ്പോൾ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങളായിരിക്കും. ദൈവാത്മാവിന്റെ നിറവ് നിങ്ങളിൽ ഇല്ലെങ്കിൽ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങൾ ആയിരിക്കുകയില്ല. വെളിച്ചമുള്ളിടത്തു മാത്രം നടക്കാനല്ല ഈശോ നമ്മോട് പറയ്യുന്നത്. അവിടുന്ന് നമ്മോടു പറയുന്നത് ആയിരിക്കുന്ന, നടക്കുന്ന ഇടങ്ങളിലെല്ലാം പ്രകാശം പരത്തുവാനാണ്, പ്രകാശങ്ങൾ ആകാനാണ്. അതിന് ഏറ്റവും ആവശ്യകമായ ഘടകം, ആവശ്യകമായ കാര്യം പരിശുദ്ധാത്മാവിനാൽ നിറയുക എന്നതാണ് 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവിന്റെ പ്രകാശങ്ങളാകുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടാണ് ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ജീവിക്കുന്നത്. ക്രിസ്തുമതവും, മറ്റുമതങ്ങളും മനുഷ്യനിൽ ദൈവത്തിന്റെ പ്രകാശം നിറഞ്ഞവരാകാൻ മനുഷ്യരെ പഠിപ്പിക്കുന്ന, സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാനുള്ളതാണ്. ഇരുളിന് കീഴടക്കാൻ കഴിയാത്ത ദൈവത്തിന്റെ വെളിച്ചങ്ങൾക്ക് മാത്രമേ, ലോകത്തിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തെ മാറ്റുവാൻ സാധിക്കുകയുള്ളു. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ സത്യത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രകാശങ്ങളാകുമ്പോഴാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ അർത്ഥപൂർണമാകുന്നത്. എന്റെ കുടുംബം ഇരുട്ടിലാണോ എന്നത് എന്നിൽ ദൈവികപ്രകാശം എന്തുമാത്രമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച്, മറ്റു കൂദാശകൾ കൂടെക്കൂടെ സ്വീകരിച്ച് ക്രിസ്തുമതത്തിലായിരിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രകാശങ്ങളാകുന്നില്ലെങ്കിൽ, മതംകൊണ്ട്, മതജീവിതംകൊണ്ട്    എന്ത് പ്രയോജനം?

എന്താണ് ക്രിസ്തുമതത്തിന്റെ ഭംഗി? എന്താണ് ക്രിസ്തുമതത്തെ മനോഹരിയാക്കുന്നത്? ക്രിസ്തുവിന്റെ പ്രകാശങ്ങളായി തിളങ്ങിനിൽക്കുന്ന ക്രൈസ്തവർ തന്നെയാണ് ക്രിസ്തുമതത്തിന്റെ ഭംഗി, സൗന്ദര്യം! കക്കുകളിച്ച് ഈ പ്രകാശത്തെ തല്ലിക്കെടുത്തുവാനാണ് അന്ധകാര ശക്‌തികൾ ശ്രമിക്കുന്നത്. ഈ സൗന്ദര്യത്തെ നിഷ്പ്രഭമാക്കുക എന്നതാണ്  കക്കുകളിക്ക് സ്റ്റേജൊരുക്കിയവരുടെ ഹിഡ്ഡൻ അജണ്ട. , ക്രൈസ്തവരുടെ പുണ്യപ്പെട്ട അമ്പതുനോമ്പിന്റെ ആദ്യനാളുകളിൽ,

മാർച്ചുമാസത്തിന്റെ ആദ്യാഴ്ചയിൽ ഗുരുവായൂരിൽ അരങ്ങേറിയ കക്കുകളി എന്ന നാടകം അഭിനയിച്ചവർക്ക് അവരുടെ ജോലിയുടെ ഭാഗമാകാം, അവതാരകർക്ക് ആവിഷ്കാര സ്വാതന്ത്ര്യമാകാം, സംഘാടകർക്ക് അവരുടെ സ്വാർത്ഥ താത്പര്യങ്ങളുടെ പ്രചാരമാകാം, പക്ഷേ, ക്രൈസ്തവർക്കത് മരണമാണ്; ക്രൈസ്തവർക്കെതിരെയുള്ള ചെളിവാരിയെറിയലാണ്; ക്രൈസ്തവർക്കെതിരെയുള്ള മനുഷ്യത്വഹീനമായ നീചപ്രവൃർത്തിയാണ്.  ഈ നാടകം ആസൂത്രണം ചെയ്തവരേ, അത് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചത് ആരായാലും, അതിന്റെ പുറകിലുള്ള നിങ്ങളുടെ ഉദ്ദേശം എന്തായാലും ഒരിക്കലും, ഒരിക്കലും നിങ്ങൾ അത് ചെയ്യരുതായിരുന്നു.  നന്മയുടെ പ്രകാശത്തെ തല്ലിക്കെടുത്തിയാൽ നിങ്ങളുൾപ്പെടെ എല്ലാവരും ഇരുട്ടിലാകുമെന്ന് എന്തേ നിങ്ങൾ ഓർക്കുന്നില്ല????

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ, ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുപറ്റുന്ന പുരോഹിതർ പരത്തുന്നപ്രകാശത്തെ ഇല്ലാതാക്കുവാൻ, ക്രിസ്തുവിനെ അടുത്തനുകരിച്ചുകൊണ്ട്,   സന്യാസ ജീവിതത്തിലൂടെ ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളാകുവാൻ ജീവിതം സമർപ്പിക്കുന്ന കന്യാസ്ത്രീകളുടെ നന്മയെ നിസ്സാരവത്കരിക്കുവാൻ ശ്രമിക്കുന്ന മനുഷ്യരോട് ഒരു കക്കുകളിക്കും ക്രൈസ്തവർ തെളിക്കുന്ന നന്മയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ പ്രകാശങ്ങളെ നശിപ്പിക്കുവാൻ സാധിക്കുകയില്ലയെന്ന് ധൈര്യത്തോടെ വിളിച്ചുപറയുവാൻ നമുക്ക് സാധിക്കണം.

കക്കുകളിയിലൂടെ ബഹുമാനപ്പെട്ട കന്യാസ്ത്രീകളെ ഹീനമായി സാക്ഷരകേരളം വസ്ത്രാക്ഷേപം നടത്തിയപ്പോൾ, അങ്ങ് മ്യാന്മറിൽ ഒരു കന്യാസ്ത്രീ നടത്തിയ ധീരകൃത്യത്തിന്റെ വാർഷികം നടക്കുകയായിരുന്നു. അന്ധകാരത്തിലാണ്ട മ്യാന്മറിൽ സൂര്യതേജസ്സിയായി നിന്ന സിസ്റ്റർ ആൻ റോസ് നു തവാങ്ങിനെ നിങ്ങളാരും ഓർക്കുന്നുണ്ടാകില്ല. കക്കുകളിക്കാരും ഓർക്കുന്നുണ്ടാകില്ല. അതാണ് പ്രകാശത്തിന്റെ ദൗർഭാഗ്യം. പ്രകാശം ലോകത്തിലേക്ക് വന്നിട്ടും ആരും പ്രകാശത്തെ സ്വീകരിച്ചില്ല.    

ഞാൻ പറയുന്നത്, ആളുകളെ മർദ്ദിക്കുകയും, വെടിവച്ചു കൊല്ലുകയും ചെയ്യുന്ന പട്ടാളത്തിനുമുന്പിൽ, തെരുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയ വിലാപത്തെ കുറിച്ചാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ മ്യാൻമറിലെ ജനത 2022 ൽ ആഴ്ചകളോളം പട്ടാളഭരണ കൂടത്തിനെതിരെ പ്രക്ഷോഭത്തിലായിരുന്നു. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു പാട്ടാളം. സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമടക്കം അവർ എല്ലാവരെയും മൃഗീയമായി കൊല്ലുകയായിരുന്നു. അപ്പോഴാണ്, “നിങ്ങൾക്കുവേണമെങ്കിൽ എന്റെ ജീവനെടുക്കാം, അവരെ വെറുതെ വിട്ടേക്കൂ …അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ …” എന്നും പറഞ്ഞു മ്യാൻമറിലെ മേയ്റ്റ് കെയ്‌ന നഗരത്തെരുവിൽ മുട്ടുകുത്തിനിന്നുകൊണ്ടു ആൻ റോസ് എന്ന കത്തോലിക്കാ കന്യാസ്ത്രീ പട്ടാളത്തോടു അപേക്ഷിച്ചത്. അധികാരത്തിന്റെ, മസിൽപവറിന്റെ അന്ധകാരത്തിലായിരുന്ന മ്യാൻമാർ പട്ടാളം മാത്രമല്ല, ലോകം മുഴുവനും ഈ രംഗം കണ്ടു തരിച്ചിരുന്നു പോയി!  സ്നേഹമുള്ളവരേ, അത്രമേൽ, ആർദ്രമായിരുന്നു ആ യാചന! അത്രമേൽ വേദനാജനകമായിരുന്നു അത്! അത് ലോകമനഃസ്സാക്ഷിയെ വളരെയേറെ മുറിവേൽപ്പിച്ചു. കാരണം, അത്രമേൽ പ്രകാശപൂർണമായിരുന്നു ആ രംഗം! ആ നിമിഷം സിസ്റ്റർ ആൻ റോസ് ക്രിസ്തുവിന്റെ പ്രകാശമായിരുന്നു!  

അവിടെ ആ തെരുവിലേക്കോടിച്ചെന്നത് വെറുമൊരു സ്ത്രീ ആയിരുന്നില്ല, ആ നഗരത്തെരുവിൽ മുട്ടുകുത്തി നിന്നതു വെറുമൊരു കന്യാസ്ത്രീ ആയിരുന്നില്ല! ലോകം നടുങ്ങുമാറ്‌, ഒരു നിമിഷനേരത്തേക്കെങ്കിലും മ്യാൻമാർ പട്ടാളത്തെ അസ്വസ്ഥമാക്കിക്കൊണ്ടു പട്ടാളത്തോട് കെഞ്ചിയത് ദൈവത്തിന്റെ ആത്മാവാൽ നിറഞ്ഞ, ക്രിസ്തുവിന്റെ പ്രകാശമായ, ക്രിസ്തുവിന്റെ സമർപ്പിത സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു!

ലോകത്തിന്റെ ആഘോഷങ്ങളിൽ ഭ്രമിച്ചു നിൽക്കാതെ, സ്വാഭാവിക ജീവിതത്തിന്റെ ഉത്സവ കാഴ്ച്ചകളിൽ കണ്മിഴിച്ചു നിൽക്കാതെ, ശബ്ദ കോലാഹലങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെടുത്താതെ, ആത്മീയമായി ജീവിച്ചാൽ അന്ധകാരം നിറഞ്ഞ ഇടങ്ങളിലേക്ക് ആത്മാവ് നമ്മെ നയിക്കും – ക്രിസ്തുവിന്റെ പ്രകാശങ്ങളാകാൻ!

സമാപനം

പ്രിയപ്പെട്ടവരെ, നാം ജീവിക്കുന്ന ഈ ഭൂമിയിൽ അന്ധകാരം ധാരാളമുണ്ട്. വൈരുധ്യങ്ങൾ ഏറെയുണ്ട്. സ്നേഹിക്കുന്നവരും കൊല്ലുന്നവരുമുണ്ട്. നേരും നെറികേടുമുണ്ട്. ദൈവവും ചെകുത്താനുമുണ്ട്! ഇരുളും വെളിച്ചവുമുണ്ട്! എന്നാൽ, ഈശോ നമ്മോടു പറയുന്നത്, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പ്രകാശമായ അവിടുത്തെ നാം അനുഗമിച്ചാൽ നമ്മിൽ ദൈവിക പ്രകാശമുണ്ടാകും എന്നാണ്.  എന്നിട്ട് ഒന്ന് മനോഹരമായി പുഞ്ചിരിച്ചിട്ട് ഈശോ നമ്മോടു പറയും:” നീ ലോകത്തിന്റെ പ്രകാശമാണ്’. ഇന്നത്തെ വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ.

എങ്ങും അന്ധകാരമാണ് എന്നും പറഞ്ഞു നിരാശപ്പെട്ടിരിക്കാതെ, പ്രകാശങ്ങളായി, ലോകത്തെമുഴുവൻ നിറനിലാവിൽ എപ്പോഴും നിർത്തുവാൻ നമുക്ക് ശ്രമിക്കാം. ആമേൻ!  

SUNDAY SERMON MT 21, 33-44

നോമ്പുകാലം നാലാം ഞായർ

ഉത്പത്തി 11, 1-9

ജോഷ്വാ 7, 10-15

റോമാ 8, 12-17

മത്താ 21, 33-44

സന്ദേശം

ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  അൻപത് നോമ്പ് ആരംഭിച്ചിട്ട് ഇരുപതാമത്തെ ദിവസത്തിലാണ് നാം. ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം, എന്റെ ജീവിതം ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന ഏറ്റുപറച്ചിലാണ് ക്രൈസ്തവ ജീവിതങ്ങളെ സുന്ദരവും സുഗന്ധപൂർണവുമാക്കുന്നത് എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. (സങ്കീ 16, 5) സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ വ്യാഖ്യാനത്തിലേക്ക് കടക്കാം.

ക്രൈസ്തവർക്ക് ക്രിസ്തു തങ്ങളുടെ അവകാശിയും അവകാശവുമാണെന്നത് ഒരു അമൂർത്താശയമല്ല. അത് ജീവിതം തന്നെയാണ്. സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയാണ് ക്രിസ്തുവെങ്കിൽ, സൃഷ്ടപ്രപഞ്ചം മുഴുവൻ ക്രിസ്തുവിന്റേതാണ്.

വ്യാഖ്യാനം

തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ.

ഈ മണ്ടത്തരത്തിന്റെ argument ഇങ്ങനെയാണ്: ” ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം ൧കരസ്ഥമാക്കാം.” (21, 38) നാട്ടിലുള്ള എല്ലാ പ്രസ്ഥാനങ്ങളും, സ്ഥലങ്ങളും, കടകളും ഒക്കെ ഒരാളുടേതാണെങ്കിൽ, അവയിലെല്ലാം പങ്കുപറ്റുവാൻ ഒരേയൊരു മാർഗം, എളുപ്പമുള്ള മാർഗം ആ ഒരു വ്യക്തിയുടെ സൗഹൃദം നേടിയെടുക്കുക, അദ്ദേഹത്തെ സ്വന്തമാക്കുക എന്നതാണ്. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ നാം പഠിക്കുന്നപോലെ,  രാജാവ് ദൈവമായിരുന്ന കാലത്ത്, രാജഭരണം നിലനിന്ന കാലത്ത് രാജ്യമെല്ലാം രാജാവിന്റേതായിരുന്നു. രാജാവിന്റെ ഭരണത്തിന്റെ അവശ്യഘടകങ്ങൾ ഒന്ന്, രാജാവ് അവകാശിയായി നിൽക്കുന്ന രാജ്യത്തിന് അതിർത്തികളുണ്ടായിരുന്നു (Boundary); രണ്ട്,  രാജ്യത്ത് പൗരന്മാരുണ്ടായിരുന്നു (Citizen); മൂന്ന്, രാജ്യത്തിന് ഒരു ഭരണഘടനയുണ്ടായിരുന്നു (Constitution); നാല്, രാജാവിന് രാജ്യത്തിന്റെമേൽ, പ്രജകളുടെമേൽ പരമാധികാരം (Soverignity) ഉണ്ടായിരുന്നു.  രാജാവിന്റേതായിട്ടുള്ളതെല്ലാം  സ്വന്തമെന്നപോലെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രജകൾ എന്തുചെയ്യണം, അവർ രാജാവിനെ അവകാശിയായി സ്വീകരിക്കണം; രാജാവിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അവർ രാജ്യത്തിന് പുറത്താണ്; അല്ലെങ്കിൽ കൽത്തുറുങ്കിലാണ്.

ക്രിസ്‌തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്‌കാരമായ ഈ കഥയിൽ, സർവ്വപ്രപഞ്ചത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമായി സ്വീകരിക്കാതെ അന്നത്തെ ജനങ്ങൾ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അവകാശിയെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. ക്രിസ്തുവാണ് അവകാശിയെന്നറിഞ്ഞിട്ടും, അവകാശിയെ കൊന്ന് അവകാശം സ്വന്തമാക്കുക എന്ന ആനമണ്ടത്തരത്തിന്മേൽ അടയിരിക്കുന്ന മണ്ടന്മാരായി യഹൂദർ മാറുകയാണ്. ഇന്നും, തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയായി യഹൂദർ ഈ ഭൂമിയിൽ കഴിയുന്നു!! ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആനമണ്ടത്തരത്തിൽ ജീവിതം തകർന്നുപോകാതിരിക്കാനായി, ധൂളിയായിപ്പോകാതിരിക്കാനായി ഒരു ഓർമപ്പെടുത്തലയിട്ടാണ് ഈ ഉപമ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുന്നത്.

പ്രിയപ്പെട്ടവരേ, ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ദൈവം സമ്മാനമായി നൽകിയ ഈ ജീവിതം, കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, ദൈവത്തിന്റെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ, അവിടുത്തെ കാരുണ്യത്തിന്റെ നിലത്ത്, ജീവനും ശക്തിയും നൽകി, വളവും ജലവും നൽകി   കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കു കയാണ് ദൈവം. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ അവിടുന്ന് വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാമെല്ലാവരും അവിടുത്തെ അവകാശയായി സ്വീകരിക്കുവാനും, അവിടുത്തെ അവകാശത്തിൽ പങ്കുപറ്റിക്കൊണ്ട് ദൈവമക്കളായി ജീവിക്കുവാനും വേണ്ടിയാണ്. അത്തരത്തിലുള്ള വിളവ്, ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.

ക്രിസ്തുവാണ് ഈ സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയെന്ന സത്യം, വിശുദ്ധ പൗലോശ്ലീഹായാണ് ഏറ്റവും മനോഹരമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം നമ്മൾ കാണുക.

ഇന്നത്തെ തുർക്കിയിലെ ഡെൻസിലി എന്ന പട്ടണത്തിന് 16 കിലോമീറ്ററോളം കിഴക്കായിട്ടാണ് കൊളോസോസ് സ്ഥിതിചെയ്യുന്നത്. തുർക്കിയിൽ നിന്നുള്ള വിജാതീയർ കൊളോസോസിലെ ക്രൈസ്തവരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന കാലം. അബദ്ധ സിദ്ധാന്തങ്ങളിലൂടെ നിഷ്കളങ്കരായ ക്രൈസ്തവരെ അവരുടെ ക്രിസ്തുവിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കുവാൻ വലിയ ശ്രമങ്ങൾ നടന്നിരുന്നു. ധാരാളം ക്രൈസ്തവർ വിജാതീയരുടെ കെണിയിൽ പെടുകയും ചെയ്തു. വിശുദ്ധ പൗലോശ്ലീഹായുടെ സഹപ്രവർത്തകനായിരുന്ന എപ്പഫ്രാസ് കൊളോസോസിൽ ആരംഭിച്ച ക്രൈസ്തവസമൂഹത്തിൽ അബദ്ധസിദ്ധാന്തങ്ങൾ വിശ്വാസികളെ വഴിതെറ്റിക്കുന്നെണ്ടെന്ന് അറിഞ്ഞ വിശുദ്ധ പൗലോസ് പ്രപഞ്ചം മുഴുവന്റെയും അവകാശി ക്രിസ്തുവാണെന്ന് കൊളോസോസുകാരെ പഠിപ്പിക്കുവാൻ ലേഖനങ്ങൾ എഴുതി. അദ്ദേഹം എഴുതിയ ലേഖനത്തിലെ ഒന്നാം അധ്യായത്തിൽ തന്നെ ക്രിസ്തു സൃഷ്ടിയുടെ മകുടമാണെന്ന് കൊളോസോസുകാരെ പഠിപ്പിച്ചു. നമുക്ക് „പാപമോചനവും രക്ഷയും ലഭിച്ചിരിക്കുന്ന ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ക്രിസ്തുവാണ് അവകാശിയെന്നും, ഈ അവകാശിയെ സ്വന്തമാക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടേതും ആകുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ പൗലോസിന് ക്രിസ്തു ദൈവവും, സർവ്വസ്വവുമായിരുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ‘ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’  ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, „ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട് വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു - അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗനന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഇന്നത്തെ രണ്ടാം വായന, ജോഷ്വാ 7, 10-15 ലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! 

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

സമാപനം

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? 

ഓർക്കുക,

അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!

SUNDAY SERMON MT 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

ഉത്പത്തി 7, 6-24

ജോഷ്വാ 5, 13-6, 5

റോമാ 7, 14-25

മത്തായി 20, 17-28

സന്ദേശം

കഴിഞ്ഞ ഫെബ്രുവരി 5 മുതൽ 14 വരെ തൃശ്ശൂരിൽ നടന്ന കേരള രാജ്യാന്തര തിയറ്റർ ഫെസ്റ്റിവെലിന്റെ (ITFoK) പതിമൂന്നാമത് എഡിഷനിൽ, യൂറോപ്യൻ തിയേറ്ററിലെ മഹാസാന്നിധ്യങ്ങളിൽ പ്രധാനിയായ ഇറ്റാലിയനായ റോമിയോ കസ്റ്റേലൂച്ചിയുടെ മൂന്നാം സാമ്രാജ്യം (Third Reich, തേർഡ് റയ്‌ക്ഹ്) എന്ന  നാടകം അരങ്ങേറുകയുണ്ടായി. ഹിറ്റ്ലറുടെ ഭരണകാലത്തെ വിശേഷിപ്പിക്കുന്ന പദമാണ് നാടകത്തിന്റെ പേരായി സ്വീകരിച്ചത് – തേർഡ് റയ്‌ക്ഹ്. ഈ നാടകം അരങ്ങേറുന്ന ദിനത്തിൽ പ്രവേശനകവാടത്തിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു: “ഇത് നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാം.”

ക്രിസ്തു തന്റെ ശിഷ്യരോടായി പറയുന്ന ഇന്നത്തെ സുവിശേഷഭാഗം വായിച്ചപ്പോൾ പ്രവേശനകവാടത്തിൽ കണ്ട മുന്നറിയിപ്പ് ഞാൻ ഓർത്തുപോയി. “ഇത് നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാം.”

കാരണമെന്തെന്നല്ലേ? ഒരാൾ നിങ്ങളോട് ഒരു കഥ പറയുമ്പോൾ, അല്ലെങ്കിൽ ഒരു സ്വപ്നം വിവരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് അത് കേൾക്കുവാൻ കൂടുതൽ താത്പര്യം കാണിക്കും. അതൊരു കഥ അല്ലെങ്കിൽ ഒരു സ്വപനം മാത്രമാണ്. അത് നിങ്ങളെ ഒരു വിധത്തിലും ഉപദ്രവിക്കുവാൻ പോകുന്നില്ല. വെറുതെ കേട്ടിരുന്നാൽ മതി. എന്നാൽ, ഒരു ക്രിസ്തുവിന്റെ, ഒരു ഗുരുവിന്റെ പ്രഭാഷണം കേൾക്കുക എന്നത് അപകടകരമാണ്. ക്രിസ്തുവിന്റെ വാക്കുകൾ കേൾക്കുക എന്നതിനർത്ഥം ഒരു തീർത്ഥയാത്രയ്ക്കുവേണ്ടി തയ്യാറെടുക്കുക എന്നാണ്. ക്രിസ്തുവിന്റെ വാക്കുകൾ കേൾക്കുകയെന്നതിന്റെ അർത്ഥം ഒരു പരിവർത്തനത്തിലൂടെ കടന്നുപോകുക എന്നാണ്.

അത്, ഒരു കഥ കേൾക്കുമ്പോൾ എന്നപോലെ ഒരു നേരമ്പോക്കല്ല. അതൊരു വിപ്ലവമാണ്. നിങ്ങൾ ഈശോയെ കേൾക്കുകയാണെങ്കിൽ, നിങ്ങളിലേക്ക് പ്രവേശിക്കുവാൻ ഈശോയെ അനുവദിക്കുകയാണെങ്കിൽ, ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ തുറക്കുകയാണെങ്കിൽ ക്രിസ്തുവിന്റെ വാക്കുകൾ അഗ്നിയാണ്. നിങ്ങളിലുള്ള  പാഴ്‌വസ്തുക്കളെ, നിങ്ങളിലുള്ള തിന്മകളെ, നിങ്ങളിലുള്ള കഴിഞ്ഞകാലജീവിതത്തിന്റെ അവശിഷ്ടങ്ങളെ അത് ദഹിപ്പിച്ചു കളയും. നിങ്ങളെ അത് ശുദ്ധീകരിച്ചെടുക്കും.  

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന്, നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, ക്രൈസ്തവജീവിതത്തെ ക്രിസ്തുചൈതന്യത്തിന്റെ നിറവാക്കി മാറ്റുന്നത് സഹനമാണെന്ന ചിന്തയിലേക്കാണ് നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ കൊണ്ടുപോകുന്നത്.

ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്ര”മാണെന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, ത്യാഗത്തിന്റെ, സഹനത്തിന്റെ മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. എന്നാൽ, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്. ഇതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ വിവരണം. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്‌, മരണശഷമുള്ള ഉത്ഥാനമുണ്ട്. ഉത്ഥാനത്തിലേക്കുള്ള വഴിയായി ക്രിസ്തു അവതരിപ്പിക്കുന്നതോ സഹനത്തെയാണ്.

സഹനത്തിന്റെ പിറവിയാണ് ക്രിസ്തുവിന്റെ ജീവിതം. ദൈവത്തിന്റെ മഹാത്യാഗമാണ് പുൽക്കൂട്ടിൽ നാം കാണുന്നത്. ദൈവത്തിന്റെ ത്യാഗം, സഹനം മുളപൊട്ടി പ്രപഞ്ചത്തിലേക്ക് വളർന്നതാണ് കാൽവരിയിലെ ഈശോയുടെ മരണം. “ഇതെന്റെ ശരീരമാകുന്നു”, ഇതെന്റെ രക്തമാകുന്നു” എന്ന വാഴ്ത്തലുകൾക്ക് മജ്ജയും മാംസവും ലഭിക്കുന്നത് കുരിശിലെ മരണത്തിലാണ്. ആ മരണത്തിന് ജീവൻ ലഭിക്കുന്നതോ ഉത്ഥാനത്തിലും.  

എങ്ങനെയാണ് സഹനം രൂപപ്പെടുന്നത്? അപരന്റെ വേദനകളെ സ്വന്തം ഹൃദയത്തിലേക്ക് വലിച്ചെടുക്കുമ്പോഴാണ് സഹനം ഉടലെടുക്കുന്നത്. അപരന്റെ ജീവിതക്ളേശം ലഘൂകരിക്കുന്നതിനുള്ള എന്റെ മനസ്സിന്റെ തീരുമാനത്തിൽ സഹനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു. ഒരാൾക്ക് ദുഃഖമുണ്ടാകുമ്പോൾ സാമൂഹികമായി മനുഷ്യർക്കെല്ലാം നോവണം.  പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത, പരിഭവങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിലേക്ക് നിങ്ങളെ നയിക്കുക! അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം, പരാതി? ശിശുവിനെ പ്രസവിച്ചശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൾ ഓർക്കുന്നതേയില്ല.

സഹനമാണ് ജീവിതത്തിന്റെ സ്വഭാവം. തീർത്തും സ്വാഭാവികമായ സഹനമാണ് നമ്മെ ദൈവികമാക്കുന്നതും.  എന്തുകൊണ്ട് സഹനം എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. കാൽവരിയിലേക്ക് ഒന്ന് നോക്കൂ… “ക്രിസ്തുവിൽ വിടർന്നു നിൽക്കുന്ന സഹനത്തിന്റെ അടരുകൾ, അതിനെ ഒരു തീർത്ഥമാക്കുകയാണ്. സഹനത്തിലൂടെ കടന്നു പോകുമ്പോൾ നിലാവ് പോലെ ആത്മാവ് ക്രിസ്തുവിൽ നിറയുകയാണ്. ദൈവത്തിന്റെ കൃപാവരത്തിലുള്ള ഒരു സ്നാനമാണ് ക്രിസ്തുവിന് സഹനം. കാരണം, അത് അപരന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാകുന്നു.” (ദൈവത്തിന്റെ ഭാഷ – വിശുദ്ധ കുർബാന, 3, 55, പേജ് 69) പ്രവാചകൻ സഹനദാസനെ ആരചിക്കുന്നത് സഹനത്തിന്റെ സൂക്ഷ്മതയിലാണ്. ‘നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്; നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു; ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി.’  ക്രിസ്തുവിന്റെ ജീവിതത്തോട് നമ്മുടെ ജീവിതങ്ങളെ ചേർത്ത് നിർത്തുമ്പോഴാണ് നമ്മുടെ സഹനങ്ങൾക്ക് മൂല്യമുണ്ടാകുന്നത്.

ഈ ഭൂമിയിലെ സഹനങ്ങളെ ഒന്നടുത്ത് വന്ന് നിരീക്ഷിക്കൂ… അവയ്‌ക്കെല്ലാം ക്രിസ്തുവിന്റെ മുഖമാണെന്ന് കാണുവാൻ സാധിക്കും. കാരണം ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തിന്റെ അർഥം മനസ്സിലായത്; ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തെ രക്ഷാകരമാക്കുവാൻ കഴിഞ്ഞത്!!!

എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരിയുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, ഓരോ ചുവടിലും സഹനം പനയ്ക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്! അല്ലെങ്കിൽ, ഒരു വർഗീയ ലഹളയുണ്ടാകുന്നതിന്റെ പുറകിലുള്ള രാഷ്ട്രീയം പലപ്പോഴും അധികാരമാകുന്നതെങ്ങനെ? ആയിരങ്ങൾ വെള്ളപ്പൊക്ക ദുരന്തത്തിൽ വീഴുമ്പോഴും അതിനെ എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ചിന്തിക്കുന്നതിന്റെ പുറകിലുള്ള ചിന്തയെന്താണ്?

നമ്മുടെ ജീവിതത്തിൽ അവശ്യം വന്നെത്തുന്ന സഹനങ്ങളെ എങ്ങനെ രക്ഷാകരമാക്കണം എന്നാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. സഹനങ്ങളെ പിതാവായ ദൈവത്തിന്റെ കൃപകളായി കണ്ട് അവയെ രക്ഷാകരമാക്കുവാൻ നമുക്കാകണം. ശരിയാണ്, വളരെയേറെ നാം സഹിക്കേണ്ടിവരും, കുരിശെടുക്കേണ്ടിവരും, ആരോപണങ്ങളുടെ കയ്യുകൾ നമ്മുടെ വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റും; നാം നഗ്നരാകും. സർവ്വരാലും വെറുക്കപ്പെടും. അപ്പോഴും ഉത്ഥാനത്തിന്റെ പ്രതീക്ഷയിൽ ജീവിക്കുവാൻ ഇന്ന് ഈശോ നമ്മെ ആഹ്വാനം ചെയ്യുകയാണ്!

മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌.

സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?

എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? നമ്മുടെ കാതുകൾ ഈ വചനം കേൾക്കുമ്പോൾ വേദനിക്കുന്നുണ്ടോ? നമുക്ക് മനഃസ്സാക്ഷിക്കുത്ത് ഉണ്ടാകുന്നുണ്ടോ? തൃശ്ശൂരിലെ രാജ്യാന്തര തിയേറ്റർ ഫെസ്റ്റിവലിന്റെ പ്രവേശനകവാടത്തിലെ മുന്നറിയിപ്പുപോലെ, ഈ വചനങ്ങൾ, ക്രിസ്തുവിന്റെ ജീവിതം, നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇറങ്ങിപ്പോകാം. അല്ലെങ്കിൽ ജീവിതത്തെ, ജീവിത സഹനങ്ങളെ രക്ഷാകരമാക്കാം, ക്രിസ്തുവിനെപ്പോലെ!

നമ്മുടെ ക്രൈസ്തവ ജീവിത മണ്ഡലങ്ങളിൽ ഒരു ഉടച്ചുവാർക്കൽ, തകിടം മറിക്കൽ, എന്നിട്ട് ഒരു പണിതുയർത്തൽ ആവശ്യമില്ലേ? അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി, സഹനത്തെപ്പറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, ജീവിതം നശ്വരമാണെന്നറിഞ്ഞിട്ടും, മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങുമെന്നറിഞ്ഞിട്ടും, നാം സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു, ക്രിസ്തു ദർശനത്തിലേക്ക് തിരിയാൻ നാം മടികാണിക്കുന്നു.

സമാപനം

സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ, സഹനത്തിന്റെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. രക്ഷാകരമായതുകൊണ്ടും, മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ് ക്രിസ്തു സഹനത്തിലൂടെ കടന്നുപോയത്.. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകാം.

കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌. ആമേൻ!

SUNDAY SERMON MT 7, 21-27

നോമ്പുകാലം രണ്ടാം ഞായർ

ഉത്പത്തി 5, 19-31

ജോഷ്വാ 4, 15-24

റോമാ 6, 15-23

മത്താ 7, 21-27

ആരാധനക്രമ വത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, വിശുദ്ധ ദിവസങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.  “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” എന്നും പറഞ്ഞുകൊണ്ട്, അനുതാപത്തിന്റെ പ്രതീകമായ ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാണ് പുണ്യം പൂക്കുന്ന വലിയനോമ്പ്‌ നാം ആരംഭിച്ചിരിക്കുന്നത്. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ഈശോ ഈ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.

ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.

ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, വിശുദ്ധ കുർബാനയുടെ അർപ്പണത്തെച്ചൊല്ലി തമ്മിൽത്തല്ലുന്ന ക്രൈസ്തവരുള്ള, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.

ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്നപട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”.

നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.

ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗദ്സേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ(ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു. 

സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. റഷ്യൻ-യുക്രയിൻ യുദ്ധം തുടങ്ങിയിട്ട് കഴിഞ്ഞ ദിവസം ഒരു ഒരു വർഷമായി. എന്നിട്ടും അഹന്തയുടെ കുതിരപ്പുറത്തു നിന്നിറങ്ങാതെ വ്ളാദ്മിർ പുടിൻ യുദ്ധവെറിപൂണ്ട് നിൽക്കുകയാണ്. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!! തിരുസ്സഭയും, സഭയുടെ സംവിധാനങ്ങളും അപഹാസ്യമാകുന്നു; ക്രിസ്തു അവഗണിക്കപ്പെടുന്നു.!

ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.  

നിങ്ങൾ ക്ലെയിം (claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് മനുഷ്യനെ രക്ഷിച്ചത്“. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നുഎനിക്ക് അയാളെ രക്ഷിക്കണംരക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്.

സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹുറൈമില എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേറയുടെ മകൻ ഷിമേയി ദാവീദിന്റെമേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു:”നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂകർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ ‌ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം. എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ.

നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!

SUNDAY SERMON MT 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

പുറപ്പാട് 34, 27-35

ഏശയ്യാ 58, 1-10

എഫേസോസ് 4, 17-24

മത്തായി 4, 1-11

2023-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം ക്ഷമിച്ചുകൊണ്ടു ദൈവത്തിന്റെ മുഖമുള്ളവരായി ജീവിക്കുവാനും, നമുക്കുള്ളത് മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ട് നൊന്ത് സ്നേഹിക്കാനുള്ള ഉറച്ച തീരുമാനങ്ങൾ നാം ഈ ബലിയിൽ സമർപ്പിക്കുന്നുണ്ട്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സന്ദേശം, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40, ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സംഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, ദൈവവുമായി ഒന്നായിരിക്കുന്ന കാലഘട്ടം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ‘. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്രപരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

2015 പുറത്തിറങ്ങിയ പ്രദീപൻ മുല്ലനേഴിയുടെ ഒരു മലയാളം സിനിമയുണ്ട്. “നമുക്കൊരേ ആകാശംഎന്നാണ് സിനിമയുടെ പേര്. സിനിമ തുടങ്ങുന്നത് അധികം സംസാരിക്കാത്ത, ചിരിക്കാത്ത, മുഖത്ത് എന്തോ ഭയം പ്രദർശിപ്പിക്കുന്ന ഉള്ളിൽ ആരോടും പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുട്ടിയെ (കണ്ണൻ) അവതരിപ്പിച്ചുകൊണ്ടാണ്. അവന്റെ പിതാവ് അവനെ ലാൽജി എന്ന മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്, ചികിത്സിക്കുവാൻ. ലാൽജി കുട്ടിയോട് വളരെ സ്നേഹപൂർവ്വം പെരുമാറി അവന്റെ ഉള്ളിലുള്ളത് പുറത്തെടുക്കുവാൻ സഹായിക്കുകയാണ്. പിന്നെ ഫ്ലാഷ്ബാക്ക് ആയി കഥ പറയുകയാണ്.

കൂട്ടുകാരിൽ നിന്ന് റോഡിൽ വയ്ക്കുന്ന അള്ളിനെക്കുറിച്ചു അറിഞ്ഞ കണ്ണൻ, കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അള്ളു റോഡിൽ വയ്ക്കുകയാണ്. ഉടനെ തന്നെ ഒരു കാർ വന്നു. അള്ളിന്റെ മുകളിലൂടെ ടയർ കയറി. അല്പദൂരം മാറി കാർ നിന്നു. കാറിൽ നിന്ന് ഒരു പ്രായമായ അങ്കിൾ ഇറങ്ങി വന്നു പൊട്ടിയ ടയർ നോക്കി ആകുലപ്പെട്ടു. കുട്ടിയും അവിടെ വരുന്നുണ്ട്. കാറിനുള്ളിലെ ആന്റിയെക്കണ്ടു അവനു വിഷമവും വരുന്നുണ്ട്. ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോകുകയാണ് എന്ന് തന്റെ യാത്രയുടെ ഉദ്ദേശ്യം അയാൾ കുട്ടിയോട് പറയുന്നുണ്ട്. പുറകെ വന്ന ഒരു ലോറിക്കാരന്റെ സഹായത്തോടെ ടയർ മാറ്റിയിട്ടു അങ്കിൾ യാത്ര തുടർന്നു. കണ്ണൻ പിന്നാലെ സൈക്കിളിൽ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ട്ടർ അങ്കിളിനോട് പറയുന്നത് കണ്ണൻ കേട്ടു. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ! ഒരു രണ്ട് മണിക്കൂറായിക്കാണും…” വെള്ളത്തുണിയിൽ പൊതിഞ്ഞ ആന്റിയുടെ മൃതദേഹം കണ്ടു കണ്ണൻ കരഞ്ഞു. അവൻ അവിടെ നിന്ന് വീട്ടിലേക്കു ഓടി. പിന്നെ അവൻ ആരോടും മിണ്ടാതെയായി, സങ്കടത്തോടെ എപ്പോഴും ഒറ്റയ്ക്കിരിക്കും.

സംഭവം കേട്ടു കഴിഞ്ഞു മനഃശാസ്ത്രജ്ഞൻ കുട്ടിയ്ക്ക് കൊടുത്ത മരുന്ന്, അങ്കിളിനോട് പോയി ക്ഷമ പറയുകയെന്നതായിരുന്നു. അങ്ങനെ കുട്ടിയും അവന്റെ അച്ഛനും കൂടി അങ്കിളിന്റെ അടുത്തെത്തി ക്ഷമ പറഞ്ഞു. അവരോർത്തു അങ്കിൾ ദേഷ്യപ്പെടുമെന്ന്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അങ്കിൾ പറഞ്ഞു: “മോൻ വിഷമിക്കേണ്ട. ഞാൻ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ തന്നെ അവൾ മരിച്ചിരുന്നു. അതുകൊണ്ടു മോൻ ഒട്ടും വിഷമിക്കണ്ട. നീ പഠിച്ചു മിടുക്കനാകണം. മറക്കാനും, പൊറുക്കാനും, സാധിക്കുമ്പോഴല്ലേ, നാം മനുഷ്യരാവുക.” അപ്പോൾ മുതൽ കണ്ണൻ വീണ്ടും ചിരിച്ചു തുടങ്ങി. അവന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെയെത്തി.

നൊന്തു സ്നേഹിക്കുകയെന്ന സ്നാനത്തിലൂടെ നമ്മെത്തന്നെ കടത്തിവിട്ട്, ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന അനുഭവം ഉണ്ടായാലേ, മറ്റുള്ളവരിലേക്കും ആ അനുഭവം പകർന്നുകൊടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും, ദൈവത്തിന്റെ എല്ലാമാണ് ഞാൻ എന്ന അനുഭവത്തിലേക്ക് പ്രവേശിക്കുവാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പറന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് വിശപ്പ്. വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ വിശപ്പ്, രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും. നമ്മുടെ ഭാരങ്ങൾ കുറയ്ക്കാനും, മറ്റുള്ളവരുടെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കാനും, അവരുടെ ജീവിതത്തിൽ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുവാനും ശ്രമിക്കുമ്പോൾ നാം നൊന്തുസ്നേഹിക്കുകയായിരിക്കും.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാൻ ഉള്ള അവസരം. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിൽ കുരിശു വര തിരുനാളിന്, വിഭൂതി തിരുനാളിന്, മുൻപുള്ള ഞായറാഴ്ച്ച പേത്തുർത്ത ഞായർ എന്നാണു അറിയപ്പെടുന്നത്. തിരിഞ്ഞുനോക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. അനുതാപത്തിനും, അനുരഞ്ജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം എന്ന് ഓർമിപ്പിക്കുകയാണ് പേത്തുർത്തയുടെ ഉദ്ദേശ്യം. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, നൊന്തു സ്നേഹിക്കാൻ പറ്റാതിരുന്നതുവഴി വന്നുപോയ വീഴ്ചകൾക്ക് പരിഹാരം ചെയ്‌ത്‌, ബന്ധങ്ങളിലെ വിള്ളലുകൾ നേരെയാക്കി ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുക എന്ന വലിയ ഓർമപ്പെടുത്തലാണ് പേത്തുർത്ത.

നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം. ആമേൻ!

SUNDAY SERMON JN 3, 22-31

ദനഹാക്കാലം ആറാം ഞായർ

നിയമവാർത്തനം 24, 14-22

ഏശയ്യാ 63, 7-16

ഹെബ്രാ 8, 1-6

യോഹന്നാൻ 3, 22-31

അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു സാധാരണ സംഭവമായി എടുത്താൽ മതിയാകും. പണ്ടുകാലങ്ങളിൽ ഏതെങ്കിലും ഗുരുവിന്റെ ശിഷ്യരാണെന്ന് പറഞ്ഞ് അഭിമാനിക്കുവാനും, ഗുരുവിന്റെ മഹത്വം വിളിച്ചു പറഞ്ഞ് വെല്ലുവിളിക്കാനുമൊക്കെ ആളുകളുണ്ടായിരുന്നു. ഈയിടെ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പ് കാലഘട്ടത്തിൽ എത്രയോ തർക്കങ്ങളാണ് മെസ്സിയുടെയും, റൊണാൾഡോയുടെയും, നെയ്മറിന്റെയും ഒക്കെ ഫാൻസുകൾ തമ്മിൽ നടന്നത്! ചിലതൊക്കെ വാക്കേറ്റത്തിലും, തല്ലിലുമൊക്കെയാണ് അവസാനിച്ചത്. ഈ സംഭവങ്ങളിൽ മെസ്സിക്കോ, റൊണാൾഡോയ്‌ക്കൊന്നും യാതൊരു പങ്കുമില്ല. അവർ ഈ വിവാദങ്ങളൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല.

വിവാദങ്ങൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതിയിലും, വ്യത്യസ്ത വിഷയങ്ങളിലുമൊക്കെ ഉണ്ടാകും, ഇന്നത്തെ നമ്മുടെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വിവാദംപോലെ! എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ്, നാം ഏത് ലോഹംകൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എന്ന് തീരുമാനിക്കുന്നത്; നാം ക്രിസ്തു ശിഷ്യരാണോ, അതോ വെറും ലോകത്തിന്റെ വക്താക്കളാണോ എന്ന് തെളിയിക്കുന്നത്.

മാമ്മോദീസായെക്കുറിച്ചുള്ള വിവാദങ്ങളെക്കാൾ ഇന്നത്തെ സുവിശേഷം ഉയർത്തിപ്പിടിക്കുന്നത് വിശുദ്ധ സ്നാപക യോഹന്നാന്റെ വ്യക്തിത്വത്തെയാണ്. ക്രിസ്തുവിനെ ലോകത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കാനും, ക്രിസ്തുവിന് സാക്ഷ്യം നൽകുവാനും വന്ന സ്നാപക യോഹന്നാന്റെ തിളങ്ങുന്ന വ്യക്തിത്വം നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്ക് കരുത്തുപകരുമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്.

സുതാര്യമായി, ആർജവത്തോടെ ജീവിക്കുകയെന്നതാണ് ഒരു ഗുരുവിന്റെ, ക്രിസ്തു ശിഷ്യന്റെ ഏറ്റവും വിശിഷ്ട ഗുണമായി സുവിശേഷം അവതരിപ്പിക്കുന്നത്. താൻ ആരാണെന്നും, തന്റെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും, ഏത് ദൗത്യത്തിനായാണ് താൻ ഈ ഭൂമിയിൽ വന്നിരിക്കുന്നതെന്നും, ആരുടെ ശബ്ദമാകാനാണ് തന്റെ നിയോഗമെന്നും കൃത്യമായ അറിവുള്ളവനായിരുന്നു വിശുദ്ധ സ്നാപകയോഹന്നാൻ. അർഹിക്കാത്ത ആദരവും, ബഹുമാനവും നേടിയെടുക്കാൻ താത്പര്യമില്ലതിരിക്കുക, അർഹിക്കുന്ന ആദരവും, ബഹുമാനവും മറ്റുള്ളവർക്ക് കൊടുക്കുക എന്നിവയാണ് ഒരു യഥാർത്ഥ ഗുരുവിന്റെ, ക്രിസ്തുശിഷ്യന്റെ വ്യക്തിത്വത്തിന്റെ മാഹാത്മ്യം.  

ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുകയും, തങ്ങളുടേതല്ലാത്ത തൂവലുകൾ തലയിൽ തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ജീവിതം, ഒരു സംശയവും വേണ്ട, ചീട്ടുകൊട്ടാരം തകരുന്നതുപോലെ തകർന്നുപോകും. എന്നാൽ, താൻ ആരാണെന്ന് അറിയുകയും, ഉള്ളതിൽ മാത്രം മേന്മ ഭാവിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കും. അവർ പ്രകാശഗോപുരംപോലെ എന്നും ഉയർന്ന് പ്രകാശിച്ചു നിൽക്കും.

നല്ലവനെന്ന് എല്ലാവരും വിചാരിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ ഒരു ഗുരുവിനെ കാണാനെത്തി. ആ ചെറുപ്പക്കാരന്റെ സുഹൃത്ത് ദേശാടനത്തിന് പോകുമ്പോൾ അയാളുടെ വീട് നോക്കുവാനായി ഈ ചെറുപ്പക്കാരനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാര്യം അയാൾ ഗുരുവിനോട് പറഞ്ഞു. “അതിലെന്താ കുഴപ്പം. നല്ലതല്ലേ. സമയമുണ്ടെങ്കിൽ ആ സുഹൃത്തിനെ സഹായിക്ക്’. ഗുരു പറഞ്ഞു നിർത്തിയപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: സുഹൃത്തിന് സുന്ദരിയായ ഒരു സഹോദരിയുണ്ട്. വീട് ഏൽപ്പിച്ചു പോകുമ്പോൾ സഹോദരിയുടെ സുരക്ഷ എന്റെ കയ്യിൽ ഭദ്രമാണെന്നാണ് അയാൾ കരുതിയിരിക്കുന്നത്. എല്ലാവരും കരുതുംപോലെ എന്റെ മനസ്സ് അത്ര ശുദ്ധമല്ല.” ആ ചെറുപ്പക്കാരൻ മനസ്സ് തുറന്നു. ” ആ പെൺകുട്ടിയോട് എനിക്കൊരു ആകർഷണം തോന്നിയിട്ടുണ്ട്. ചെറുപ്പക്കാരൻ പറഞ്ഞു നിർത്തിയപ്പോൾ ഗുരു ചോദിച്ചു: “എങ്കിൽ നിനക്കത് സുഹൃത്തിനോട് തുറന്നു പറഞ്ഞു കൂടെ?” “അപ്പോൾ സുഹൃത്തിന് എന്നെക്കുറിച്ചുള്ള അഭിപ്രായം മോശമാകില്ലേ?” ചെറുപ്പക്കാരൻ ഉള്ളിലുള്ളത് പറഞ്ഞു.

അയാളുടെ ആകുലത മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഗുരു അയാളോട് വളരെ ശാന്തമായി പറഞ്ഞു: “ സഹോദരാ, വിശുദ്ധനെന്ന് തോന്നിപ്പിച്ച് വീണുപോകുന്നതിനേക്കാൾ ശ്രേഷ്ഠം ബലഹീനത തുറന്നു പറഞ്ഞ് ആർജവത്തോടെ മുന്നോട്ട് പോകുന്നതാണ്. സ്വന്തം ജീവിതത്തോട് ആത്മാർത്ഥത പുലർത്തുകയാണ് ശരിയായ വിശുദ്ധി.

വിശുദ്ധ സ്നാപകയോഹന്നാൻ ശക്തനായ പ്രവാചകനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. വലിയൊരു ജനത അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ ധാരാളം ഫാൻസ് അസ്സോസിയേഷൻസ് ഉണ്ടായിരുന്നേനെ. നീയാണോ മിശിഹായെന്ന് ചോദിക്കുവാൻ മാത്രം അദ്ദേഹത്തിന്റെ മാഹാത്മ്യം അതിശക്തമായിരുന്നു. ആ ചോദ്യത്തിന് മുൻപിൽ ഒന്നും മിണ്ടാതിരുന്നെങ്കിൽ ജനം അദ്ദേഹത്തെ മിശിഹായായിത്തന്നെ കരുതുമായിരുന്നു. പക്ഷേ, അദ്ദേഹം അകംപുറം നേരുള്ളവനായിരുന്നു. ഒട്ടും വൈകാതെ തന്നെ അദ്ദേഹം പറയുന്നുണ്ട്, „ഞാൻ മിശിഹായല്ല.” പിന്നെപ്പറഞ്ഞു, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല.”  ഇന്നത്തെ സുവിശേഷഭാഗത്ത് സ്നാപകൻ ഒന്നുകൂടി കടത്തി പറയുകയാണ്, “ഞാൻ ക്രിസ്തുവല്ല, അവനുമുന്പേ അയയ്ക്കപ്പെട്ടവനാണ്. അവനാണ് വളരേണ്ടത്, ഞാനല്ല. യാതൊരു സംശയത്തിന് ഇടയില്ലാത്ത ഏറ്റുപറച്ചിൽ. തനിക്കർഹതയില്ലാത്തതിനെ വേണ്ടെന്നു വയ്ക്കുവാനുള്ള സത്യസന്ധതയുടെ, താനെന്തായിരിക്കുന്നുവോ അതിലുള്ള അഭിമാനത്തിന്റെ സന്ദര്യമാണ് സ്നാപകനിൽ.

നാട്യങ്ങളില്ലാത്ത ജീവിതമാണ് എന്നും ഗുരുക്കന്മാരുടേത്. അല്ലെങ്കിൽ ങ്ങനെയുള്ള ജീവിതമാണ് ഗുരുക്കന്മാർക്ക് ഉണ്ടായിരിക്കേണ്ടത്. കളങ്കമില്ലാത്ത, ഒളിക്കാനൊന്നുമില്ലാത്ത ജീവിതമാണ് കൂടുതൽ സൗന്ദര്യം, കൂടുതൽ സത്യം സൃഷ്ടിക്കുന്നത്. അതുകൊണ്ട് സ്നാപകന്റെ വാക്കുകൾ മനസ്സുകൊണ്ടല്ല ഹൃദയംകൊണ്ട് കേൾക്കുക. അവ ഹൃദയത്തിൽ നിന്നാണ് വരുന്നത്. ഹൃദയത്തിൽ സ്വീകരിച്ചാൽ മാത്രമേ അവ മനസ്സിലാക്കാനാവൂ.

ഒരു സ്നാപകന് മാത്രമേ, സ്നാപകനെപ്പോലുള്ള ശുദ്ധമായ, തിളങ്ങുന്ന വ്യക്തിത്വങ്ങൾക്ക് മാത്രമേ ക്രിസ്‌തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുവാൻ, ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തു തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തുന്ന ഈ ദനഹാക്കാലത്ത് എന്തുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്. സഹോദരീ, സഹോദരാ, നിന്നിലൂടെ, നിന്റെ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നിനക്ക് കടമയുണ്ട്. അതാണ് ഈ ഭൂമിയിലെ നിന്റെ ദൗത്യം, ക്രിസ്തു നിനക്ക് നൽകിയിരിക്കുന്ന ദൗത്യം. ആ ദൗത്യം എങ്ങനെയാണ് നിറവേറ്റേണ്ടത്? സ്നാപകയോഹന്നാനെപ്പോലെ ആർജവത്തോടെ ജീവിച്ചുകൊണ്ട്.

ഒട്ടും സംശയം വേണ്ട. വെറുതെ ഊതിവീർപ്പിച്ച ക്രൈസ്തവ ജീവിതങ്ങളാണ്, ക്രൈസ്തവ വ്യക്തിത്വങ്ങളാണ് നമുക്ക് ചുറ്റും. ഒന്ന്, വെറുതെ അമർത്തിയാൽ മതി, ഒരു ചെറിയ സൂചികൊണ്ടൊന്ന് തോണ്ടിയാൽ മതി അവ പൊട്ടിച്ചിതറും. ദൈവത്തിന്റെ മുൻപിൽ, ദൈവജനത്തിന്റെ മുൻപിൽ പ്രതിജ്ഞകളെടുത്ത്, മാമ്മോദീസാതുടങ്ങിയുള്ള കൂദാശകൾ സ്വീകരിച്ച്, ഈശോയുടെ, പുരോഹിതരായി, സന്യസ്തരായി, കുടുംബനാഥനും, കുടുംബനാഥയുമായി, ക്രിസ്തുവിന്റെ യുവാക്കളും, യുവതികളുമായി, ഈശോയുടെ ബാലികാബാലന്മാരായി ജീവിച്ചുകൊള്ളാമെന്ന് ഈശോയ്ക്ക് ഉറപ്പ് കൊടുത്ത് തുടങ്ങുന്ന ക്രൈസ്തവജീവിതങ്ങൾക്കിന്ന് സുതാര്യതയില്ല, ആർജ്ജവമില്ല, വിശുദ്ധിയില്ല, ആത്മാർത്ഥതയില്ല, വിശുദ്ധിയില്ല. നമ്മുടെയൊക്കെ ക്രൈസ്തവകുടുംബങ്ങൾക്ക്, ക്രൈസ്തവ സ്ഥാപനങ്ങൾക്ക്, ക്രൈസ്തവസന്യസ്ത ആശ്രമങ്ങൾക്ക്, ക്രൈസ്തവ ദൈവാലയങ്ങൾക്ക് … പുറമെ കാണുന്ന ചന്തമേയുള്ളോയെന്ന് നാം ചിന്തിച്ചുനോക്കേണ്ടതാണ്. പുറമേ കാണുമ്പോൾ മനോഹാരിതയുള്ള, പഴുത്ത് മുറിച്ചുകഴിയുമ്പോൾ ഉള്ളിൽ നിറയെ പുഴുക്കളുള്ള നീലം മാങ്ങകളെപ്പോലെയാണോ നമ്മുടെയൊക്കെ ജീവിതങ്ങൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്ന് ചിന്തിക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ നിർബന്ധിപ്പിക്കുന്നുണ്ട്. വെറുതെ അഭിനയിച്ചു തീർക്കുന്ന ക്രൈസ്തവജീവിതങ്ങൾ. ജീവിക്കുവാൻ മറന്നുപോകുന്ന, യാതൊരു കലർപ്പുമില്ലാത്ത, ഒറിജിനലായ ക്രൈസ്തവരായി ജീവിക്കുവാൻ മടിക്കുന്ന നമ്മുടെ മുൻപിൽ ശരിക്കും, സ്നാപകയോഹന്നാൻ വെല്ലുവിളിതന്നെയാണ്. ക്രിസ്തുവിനെ ഏറ്റുപറയേണ്ട, ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ട, ക്രിസ്തുവിനെ ജീവിതംകൊണ്ട് വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിലെല്ലാം ശരാശരി ക്രൈസ്തവനിന്ന് പരാജയമാണ്. നിരീശ്വര പ്രസ്ഥാനങ്ങളിലെ യുവാക്കളെപ്പോലും തോൽപ്പിക്കുംവിധം തെരുവിൽ ഉറഞ്ഞുതുള്ളുകയാണവർ. എന്ത് ഉശിരാണ് ക്രിസ്തുവിനെതിരെ, ക്രിസ്തുവിന്റെ സഭയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കാൻ!!! ആ ഉശിര് പക്ഷേ, കുരിശുമരണത്തോളം അനുസരണമുള്ളവനായ, ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായിത്തീർന്ന, മനുഷ്യന്റെ രക്ഷകനായിത്തീർന്ന ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ കാണിക്കുന്നില്ലല്ലോയെന്നോർക്കുമ്പോൾ ലജ്ജതോന്നുകയാണ്!

സ്നേഹമുള്ളവരേ, ദനഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സന്ദേശം നമ്മുടെ ഇന്നത്തെ ക്രൈസ്തവജീവിതങ്ങളോട് മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഒരു ഉടച്ചുവാർക്കലിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളാകാതെ, ഫാൻസിഡ്രസ്സ്‌ നടത്തുന്ന കുട്ടികളാകാതെ, മേക്കപ്പിട്ട കോമാളിവേഷങ്ങളാകാതെ

സത്യസന്ധരായ, ഒറിജിനലായ ക്രിസ്തു ശിഷ്യരാകാൻ, ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സ്നാപകന്മാരാകാൻ ഈ ഞായറാഴ്ചത്തെ, വിശുദ്ധ കുർബാനയും, സുവിശേഷ സന്ദേശവും നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ

നിയമവാർത്തനം 18, 13-18

ഏശയ്യാ 48, 12-20

ഹെബ്രാ 6, 9-15

യോഹന്നാൻ, 3, 14-21

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട മനോഹരമായ വചനത്തിന്റെ ചുവടുപിടിച്ച് നമുക്ക് ഇന്നത്തെ വചന വിചിന്തനത്തിലേക്ക് പ്രവേശിക്കാം. “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ ദൈവവചനത്തോട് കിടപിടിക്കുന്ന ഒരു ദൈവവചനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതി കാച്ചിക്കുറുക്കിയെടുത്ത വചനമാണിത്. ഈ വചനത്തിന് അതിഗംഭീരമായ ആന്തരിക സ്ഥിരതയുണ്ട്. ആദ്യം ഈ വചനം ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് പറയുന്നു. പിന്നീട് മനുഷ്യൻ നേടിയെടുക്കേണ്ട നിത്യജീവനെക്കുറിച്ച്. പിന്നെ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്.

ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് എന്തിന് സംസാരിക്കണം എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇവ തങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നില്ലെന്നും, ദൈവമില്ലാതെ തങ്ങൾക്ക് വളരെ നന്നായി ജീവിക്കുവാൻ സാധിക്കും എന്ന് പറയുന്നവരുണ്ടാകാം. ഇവ പൊള്ളയായ വാക്കുകളായും, വെറും കളികളോ കടംകഥകളോ ആയും കാണുന്നവരുണ്ടാകാം .പൊള്ളയായും, കടംകഥകളായും ഇവയെ കരുതുമ്പോഴാണ് മനുഷ്യന്റെ മനസ്സ് എല്ലാത്തരം ചവറുകളുംകൊണ്ട് നിറയുന്നത്. ജീവിതം വെറും പൊള്ളയാകുന്നത്. അപ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്നും, നിശ്ചയിക്കപ്പെട്ട ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് എത്തുന്നതുവരെയുള്ള ജീവിതം നിരാശാജനകവും, വ്യർത്ഥവുമാകുന്നത്. അപ്പോഴാണ് മനുഷ്യർ പ്രകാശത്തെ അന്ധകാരമായും നന്മയെ തിന്മയായും കാണുന്നത്. ‘പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുന്നത്.’

എന്നാൽ, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതം മനോഹരവും പ്രസാദം നിറഞ്ഞതുമാകുന്നത് ഈ മൂന്ന് കാര്യങ്ങൾക്കൊണ്ടാണ്. ഒന്നാമത്തേത് ദൈവം സ്നേഹിച്ചു എന്നതാണ്. സ്നേഹമാണ് പരമോന്നതമൂല്യം. അതുകൊണ്ടാണ് ദൈവം സ്നേഹമാകുന്നു എന്ന് ഈശോയ്ക്ക് പറയുവാൻ കഴിഞ്ഞത്. ദൈവം സ്നേഹമാകുന്നു എന്നത് ഒരു വിശകലനാത്മകമായ  വാചകമാണ് (Analytical sentence). A is A എന്നു പറയുന്നപോലെ. ദൈവം സ്നേഹമാകുന്നു; സ്നേഹം ദൈവമാകുന്നു. ദൈവം നമുക്ക് ജീവൻ തരുന്നത് ഭക്ഷണത്തിലൂടെയല്ല. സ്നേഹത്തിലൂടെയാണ്. സ്നേഹം നമുക്ക് ജീവൻ തരിക മാത്രമല്ല, സൗന്ദര്യമുള്ള, സത്യമുള്ള, മൂല്യമുള്ള മറ്റനേകം കാര്യങ്ങളും നൽകുന്നുണ്ട്. ലൗകിക സമൃദ്ധിയിലല്ല ജീവിതം സമ്പന്നമാകുന്നത് എന്ന് ഈശോ പറയുന്നത് ഇതിന്റെ വെളിച്ചത്തിലാണ്. സ്നേഹത്തിൽ മാത്രമേ, ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമേ ജീവിതം സമ്പന്നമാകുകയുള്ളു.

ദൈവം എന്തിനെയാണ് സ്നേഹിച്ചത്? ലോകത്തെ. ലോകം എന്നുള്ളത് ഇവിടെ ഒരു പൊതുനാമമാണ്. ദൈവം താൻ സൃഷ്ടിച്ച ലോകത്തെ സ്നേഹിച്ചു എന്നല്ല പറയുന്നത്. ഒരു വിശേഷണവും ഇവിടെ ഇല്ല. ഈ ലോകത്തെയെന്നും പറയുന്നില്ല. This എന്ന Demonstrative pronoun ഉപയോഗിക്കുന്നില്ല. ലോകത്തെ എന്നാണ് പറയുന്നത്. ഇവിടെ ലോകമെന്നത് എന്തുമാകാം. പ്രപഞ്ചം മുഴുവനും ലോകമാണ്. ഞാൻ എന്ന് പറയുന്ന വ്യക്തി ലോകമാണ്. മാനസിക വിശകലനത്തിന്റെ (Psychoanalysis) പിതാവായ ഫ്രോയിഡ് (Sigmund Freud) പറയുന്നത് ഓരോ മനുഷ്യനും ഒരു ലോകമാണ് എന്നാണ്. ഓരോ കുടുംബവും ലോകമാണ്. ഓരോ ഇടവകയും, രൂപതയും ലോകമാണ്. സീറോമലബാർ സഭ ലോകമാണ്. തിരുസ്സഭയും ലോകമാണ്. എന്റെ ലോകം എന്ന ഒരു സങ്കല്പം തന്നെയുണ്ട്. മാതാപിതാക്കൾക്ക് കുടുംബമാണ് അവരുടെ ലോകം. മക്കൾക്ക് മാതാപിതാക്കളാണ് അവരുടെ ലോകം. പ്രേമിക്കുന്ന ഒരു വ്യക്തി കൂട്ടുകാരനോട്, കൂട്ടുകാരിയോട് പറയുന്നത് You are my world എന്നല്ലേ? കവിയും എഴുത്തുകാരനും അധ്യാപകനുമായ അവിജിത് ദാസ് (Avijeet Das) പറയുന്നത് “My students are my world. And my heart is where they stay permanently.” ഇതുപോലെ ദൈവത്തിനും ലോകമുണ്ട്. ദൈവം സ്നേഹിക്കുന്ന, ദൈവത്തിന്റെ ഹൃദയം എപ്പോഴും വസിക്കുന്ന ലോകം. അത് മകളേ, മകനേ നീയാകുന്ന ലോകമാണ്.

ലോകം ഒരു പൊതുനാമമാണ്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ അതിന് വ്യാപകമായ അർത്ഥമുണ്ട്; അർത്ഥതലങ്ങളുണ്ട്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ ഞാനാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. അത്രയ്ക്കും വ്യക്തിപരമാണ് ഈ പ്രസ്താവന.

എങ്ങനെയാണ് സ്നേഹിച്ചത്? തന്റെ പുത്രനെ നൽകുവാൻ തക്കവിധം. എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? തന്റെ പുത്രനെ നൽകുവാൻ എന്നത് മനുഷ്യന്റെ ദൈവത്തെക്കുറിച്ചുള്ള, ദൈവസ്നേഹത്തെക്കുറിച്ചുള്ള അവതരണമാണ്. പുത്രനോ, പുത്രിയോ എന്നത് മാതാപിതാക്കളുടെ ഭാഗമാണ്, മാതാപിതാക്കൾ തന്നെയാണ്. അതുകൊണ്ടാണ്, തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന രൂപകം മനുഷ്യൻ ഉപയോഗിക്കുന്നത്. ദൈവംതന്നെ ഭൂമിയിലെത്തി എന്നുപറയുവാൻ ആഗ്രഹിച്ച മനുഷ്യന്റെ അവതരണമാണിത്. ഖലീൽ ജിബ്രാൻ (Khalil Gibran) തന്റെ „പ്രവാചകൻ“ (The Prophet)  എന്ന പുസ്തകത്തിൽ വളരെ വ്യക്തമായി ഈ കാര്യം മനസ്സിലാക്കിത്തരുന്നുണ്ട്. “സ്നേഹം തന്നെത്തന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്നിൽ നിന്നുമല്ലാതെ മറ്റൊന്നിൽ നിന്നുമാണ് അത് എടുക്കുന്നത്…” സ്നേഹം തന്നെത്തന്നെ മാത്രമേ നൽകൂ. അതിൽ കൂടുതൽ നല്കാനാകില്ല. അതിലും മഹത്തായത് ചിന്തിക്കാൻ കഴിയില്ല. അതിലും മൂല്യമുള്ളത് സ്നേഹത്തിന് നല്കാനില്ല. സ്നേഹം തന്നെതന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന് പറഞ്ഞാൽ ദൈവം തന്നെത്തന്നെ ഭൂമിക്ക് നൽകി എന്നാണ് അർഥം. ദൈവത്തിന്റെ, ദൈവസ്നേഹത്തിന്റെ സമൂർത്ത രൂപമാണ് പുത്രൻ.

എന്തിനാണ് ദൈവം ലോകത്തെ തന്റെ പുത്രനെ നൽകുവാൻ തക്കവിധം അത്രമാത്രം സ്നേഹിച്ചത്? മനുഷ്യന് നിത്യജീവനുണ്ടാകുവാൻ. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യന് നിത്യജീവൻ ഉണ്ടാകുവാൻ, മനുഷ്യർ രക്ഷിക്കപ്പെടുവാൻ. കുടുംബമാകുന്ന ലോകം, ഇടവകയാകുന്ന ലോകം, തിരുസ്സഭയാകുന്ന ലോകം രക്ഷിക്കപ്പെടുവാൻ. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് നാമാകുന്ന ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, പ്രത്യുത, അവൻ വഴി നാമാകുന്ന ലോകം രക്ഷപ്രാപിക്കാനാണ്. (യോഹ 3,17 ) വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം പത്താം വാക്യം പറയുന്നു: ‘ കൊല്ലാനും നശിപ്പിക്കുവാനുമാണ് കള്ളൻ വരുന്നത്. എന്നാൽ ഞാൻ വന്നിരിക്കുന്നത് മനുഷ്യർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനുമാണ്.’ (യോഹ 10, 10) കാരണം നിത്യജീവന്റെ വാക്കുകൾ ദൈവത്തിന്റെ, ക്രിസ്തുവിന്റെ പക്കൽ മാത്രമേയുള്ളു. (യോഹ 6, 68) തന്റെ പരസ്യജീവിതകാലത്ത് ഈശോ നടത്തിയ ഏറ്റവും ദീർഘമായ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രഭാഷണത്തിലും അവിടുന്ന് പറയുന്നത് ഇപ്രകാരമാണ്. : “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ.” (യോഹ 6, 27) നമ്മുടെ ഈ ഭൂമിയിലെ ജീവിതം വരപ്രസാദ പൂർണമാക്കുന്നത് ക്രിസ്തുവിന്റെ ജീവനിലുള്ള പങ്കാളിത്തമാണ്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നാമാകുന്ന ലോകത്തെ, നമ്മുടെ കുടുംബമാകുന്ന ലോകത്തെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹം മറക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കണം. നാം ജീവിക്കുന്ന ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവം സ്നേഹിക്കുന്ന ധാരാളം ലോകങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ തകർക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നമ്മുടെ കുടുംബങ്ങളാകുന്ന ലോകത്തെ ശിഥിലമാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന സീറോമലബാർ സഭയാകുന്ന ലോകത്തെ ഇല്ലാതാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന തിരുസ്സഭയാകുന്ന ലോകത്തെ നശിപ്പിക്കുവാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ, ശത്രുവിന് ഒരുത്തിരി സ്ഥലം പോലും നാമാകുന്ന ലോകത്ത് കൊടുക്കാതിരിക്കണം. ഒരു ചെറിയ ഇടം നാമാകുന്ന ലോകത്ത് ശത്രുവിന് കൊടുത്താൽ അത് മതി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകം തകർക്കുവാൻ. മരുഭൂമിയിൽ ഒരു യാത്രക്കാരൻ തൽമാത്രം വയ്ക്കുവാൻ ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥ ഓർക്കുന്നില്ലേ? തല വയ്ക്കുവാൻ ഒരു നുള്ള് സ്ഥലം കൊടുത്തിട്ട് അവസാനം യാത്രക്കാരനെ ഒട്ടകം പുറത്താക്കി.

ഇന്നത്തെ ആനുകാലിക സംഭവങ്ങൾ നമ്മോട് പറയുന്നത്, നമ്മൾ ക്രൈസ്തവർ  തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന ലോകങ്ങളിൽ, നമ്മുടെ ജീവിതങ്ങളിൽ, കുടുംബങ്ങളിൽ ശത്രുവിന് ഇടം കൊടുക്കുന്നുണ്ട് എന്നാണ്. അങ്ങനെ ശത്രുവിന് ഇടം കൊടുത്താൽ പുൽക്കൂടുപോലെ, വിശുദ്ധ ബൈബിൾപോലെ നാം വിശുദ്ധമായി കരുതുന്ന പലതും പതുക്കെ പതുക്കെ നശിപ്പിക്കപ്പെടും!  തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളിൽ ജീവിക്കുവാൻ പറ്റാത്തവിധം നമ്മുടെ ജീവിതം അസഹ്യമാകും, അസാധ്യമാകും!!?

ഒരാൾ തന്റെ വീട് പത്തുലക്ഷം രൂപയ്ക്ക് വിൽക്കുവാൻ തീരുമാനിച്ചു. വീടില്ലാത്ത ഒരു പാവം മനുഷ്യന് ഈ വീട് വളരെ ഇഷ്ടമായി. എന്നാൽ ആ പാവപ്പെട്ടവന് തന്റെ കയ്യിൽ മൂന്ന് ലക്ഷമേ ഉണ്ടയിരുന്നുള്ളു. അയാൾ വന്ന് തന്റെ പ്രശ്നം വീട്ടുടമസ്ഥനോട് പറഞ്ഞു. വീട്ടുടമസ്ഥൻ തന്റെ വീട് പാവപ്പെട്ടവന് നൽകുവാൻ സമ്മതിച്ചു. ഒരൊറ്റ കണ്ടീഷൻ മാത്രം ആ ഉടമസ്ഥൻ മുന്നോട്ടുവച്ചു. ഈ വീടിന്റെ ചുവരിൽ ഒരു ആണി എന്റേതായി കാണും. ആ ആണിയുടെ ഉടമസ്ഥൻ ഞാനായിരിക്കും. ആ ആണിയൊഴികെ എല്ലാം നിന്റേതായിരിക്കും. അവർ രണ്ടുപേരും ആ കാര്യത്തിൽ സമ്മതിച്ചു. പുതിയവീട്ടിൽ ആ മനുഷ്യൻ താമസവും ആരംഭിച്ചു. സന്തോഷകരമായ ദിനങ്ങൾ കഴിഞ്ഞുപോയി. ചില നാളുകൾക്കുശേഷം ആദ്യത്തെ ഉടമസ്ഥന് ഒരാഗ്രഹം, തന്റെ പഴയ വീട് തിരികെ വേണം. എന്നാൽ അത് കൊടുക്കുവാൻ പുതിയ ഉടമസ്ഥന് താത്പര്യമില്ലായിരുന്നു. പഴയ ഉടമസ്ഥൻ പോയി ഒരു ചത്ത മൃഗത്തെ തനിക്ക് അവകാശപ്പെട്ട ആണിയിൽ കൊണ്ട് തൂക്കി. ആ ശവം അവിടെകിടന്ന് ജീർണിക്കുവാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെ പിടിച്ചു നിൽക്കുവാൻ അവർ എല്ലാവരും ശ്രമിച്ചു. പക്ഷെ അവർക്ക്, ഒന്നും പറയുവാൻ പറ്റാത്ത അവസ്ഥയായി. ഉടമ്പടി പ്രകാരം ആ ആണി അയാളുടേതാണ്. ദുർഗന്ധം വമിക്കുന്ന ഓരോരോ കാര്യങ്ങൾ ആ ആണിയിൽ തൂക്കി അവിടെ ജീവിക്കുവാൻ പറ്റാത്ത അവസ്ഥ അയാൾ ഒരുക്കി. ഒരൊറ്റ ആണി! ആ ആണിയുടെ ഉടമസ്ഥാവകാശം കയ്യിൽവച്ചുകൊണ്ട് അയാൾ ആ വീടിന്റെ സമാധാനം കെടുത്തി.

സ്നേഹമുള്ളവരേ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളെ തകർക്കുവാൻ ശത്രുവിന് ഒരു ചെറിയ ഇടം മതി. വളരെ നിസ്സാരങ്ങളെന്ന് ചെലപ്പോൾ തോന്നാവുന്ന ആ ചെറിയ ഇടങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ അത് മതി, നമ്മുടെ ലോകങ്ങൾ തകർക്കുവാൻ. നമ്മുടെ സ്വാഭാവിക പ്രവണതകൾ, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, പുകവലി, അഹങ്കാരം, തുടങ്ങിയ കുറവുകളാകാം, ആരെങ്കിലും പറഞ്ഞ ഒരു വക്കാകാം, ഒരു ചെറിയ നിരാശയാകാം, ആരുടെയെങ്കിലും രോഗമാകാം അങ്ങനെയുള്ള ആണികൾ മതി നമ്മുടെ ജീവിതത്തെ, നമ്മുടെ ലോകങ്ങളെ ദുർഗന്ധപൂരിതമാക്കുവാൻ! നാമാകുന്ന ലോകത്തിന്റെ, നമ്മുടെ കുടുംബമാകുന്ന ലോകത്തിന്റെ സകല സൗന്ദര്യവും, സുഗന്ധവും തകർക്കുവാൻ ഇവ മതിയാകും. നമ്മുടെ അൽപ്പം ശത്രുവിന് നൽകിയാൽ അതിലൂടെ അവൻ നമ്മുടെ മുഴുവനെയും എടുക്കും.

ഇന്നത്തെ ദൈവവചനം നമ്മോട് പറയുന്നത് തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്നാണ്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്നത് നാമാകുന്ന ലോകത്തെയാണ്. നമുക്ക് നിത്യജീവൻ നൽകുവാൻ വേണ്ടിയാണ് അവിടുന്ന് നാമാകുന്ന ലോകത്തെ സ്നേഹിക്കുന്നത്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ ദൈവകൃപയുള്ളതാക്കി നിലനിർത്തുവാൻ നമുക്ക് സാധിക്കട്ടെ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഞാനാകുന്ന ലോകത്തെ, എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ച ദൈവം – ഇതായിരിക്കട്ടെ ഈ ആഴ്ചയിലെ നമ്മുടെ ധ്യാനം. ഈ ധ്യാനവഴികൾ ദൈവാനുഗ്രഹത്തിന്റെ അരുവികളായിരിക്കും. തീർച്ച! ആമേൻ!

SUNDAY SERMON JN 2, 1-11

ദനഹാക്കാലം നാലാം ഞായർ

സംഖ്യ 11, 23-35

ഏശയ്യാ 46, 5-13

ഹെബ്രാ 7, 23-28

യോഹന്നാൻ 2, 1-11

പ്രധാന ആശയം

ക്രിസ്തുമതത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്ന, ആന്തരികതയെ വ്യക്തമാക്കുന്ന സുന്ദരമായ ഒരു അത്ഭുതമാണ് കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചത്. ക്രിസ്തുമതത്തിലെ ആന്തരികയെന്നത് നിരന്തരം വളരുന്ന, രൂപാന്തരം പ്രാപിക്കുന്ന, മനോഹരമായി ഇതൾവിടരുന്ന ദൈവികതയാണ്, വെള്ളം വീഞ്ഞാകുന്ന അത്ഭുതമാണ്. ക്രൈസ്തവജീവിതം എന്നത്, വെള്ളം വീഞ്ഞാകുന്ന, മാനുഷികത ദൈവികതയാകുന്ന, മാനുഷിക ബലഹീനത, ദൈവകൃപയാൽ ദൈവിക ശക്തിയാകുന്ന വലിയൊരു അത്ഭുതമാണ്.

പശ്ചാത്തലം

വാസ്തവത്തിൽ, മനുഷ്യൻ, ഇന്നുവരെ വെളിപ്പെടുത്തപ്പെട്ട വേദഗ്രന്ഥങ്ങളെ, അവയുടെ ആത്മാവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. വേദഗ്രന്ഥങ്ങളുടെ അന്തസത്ത എന്തെന്ന് അന്വേഷിക്കുവാൻ മനുഷ്യൻ അധികം മെനക്കെട്ടിട്ടില്ല. അങ്ങനെത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട കാനായിലെ അത്ഭുതത്തെ ക്രൈസ്തവർപോലും വ്യക്തമായി മനസ്സിലാക്കിയിട്ടില്ല. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി വേദങ്ങളെ, സുവിശേഷങ്ങളെ, അവയിൽ വിവരിക്കുന്ന അത്ഭുതങ്ങളെ വ്യാഖ്യാനിക്കാമെങ്കിലും, അവയുടെയൊക്കെ സത്ത, Essence ആന്തരികതയാണ്, ആധ്യാത്മികതയാണ്. ഒറ്റ സ്വരത്തിൽ അവയെല്ലാം വിളിച്ചുപറയുന്നത് രൂപാന്തത്തെക്കുറിച്ചാണ്. മനുഷ്യൻ ഈ ഭൂമിയിൽ അവളുടെ/അവന്റെ സ്വാഭാവിക പ്രവണതകൾക്കനുസരിച്ച്, മാനുഷിക ചോദനകൾക്കനുസരിച്ച് ജീവിച്ച് മരിക്കേണ്ട ഒന്നല്ല. അങ്ങനെ ജീവിച്ചാൽ മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം വെറും വയലിലെ പുല്ലിന് സദൃശ്യമാകും. ദൈവാത്മാവിനാൽ നിറഞ്ഞ മനുഷ്യൻ തന്നിലെ ദൈവികതയെ ഊതിക്കത്തിച്ച് ആ ദൈവിക പ്രകാശത്താൽ നിറയേണ്ടവളും, നിറയേണ്ടവനുമാണ്. മറ്റെരുവാക്കിൽ, വെറും വെള്ളമായ മനുഷ്യൻ വീഞ്ഞായി തീരേണ്ട മഹാത്ഭുതത്തിലൂടെ കടന്നുപോകേണ്ടവനാണ്. അങ്ങനെ ദൈവികതയുടെ സുവർണ താക്കോൽ കണ്ടെത്തി ജീവിതത്തിൽ ദൈവിക വസന്തം വിടർത്തേണ്ട, അതിനോടൊപ്പം നൃത്തം ചെയ്യേണ്ടവനാണ് മനുഷ്യൻ.

ഇന്നത്തെ സുവിശേഷ ഭാഗം കേവലം വെറുമൊരു മാനുഷിക സാഹചര്യത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണവീടിന്റെ മനോഹരമായ ഇടത്തിലാണ് ഈ അത്ഭുതം സംഭവിക്കുന്നത്. ഗലീലിയ എന്ന വലിയ പ്രദേശത്തുള്ള കാന എന്ന ഗ്രാമത്തിലെ  ഒരു കല്യാണവീട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ ആദ്യത്തെ അത്ഭുതത്തിനുള്ള, അതിലൂടെ തന്റെ ദൈവിക പ്രാഭവം വെളിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം. ഈ ഭൂമിയിൽ താൻ മനുഷ്യനായി അവതരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമായി ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സീൻ. എന്താണ് ഈശോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ? എന്തിനാണ് ദൈവം മനുഷ്യനായി പിറന്നത്? എന്തിനാണ് സ്വർഗം ഈ ഭൂമിയിൽ വന്ന് മണ്ണിനെ പുണർന്നത്? ഉത്തരം ഒന്നേയുള്ളു. മനുഷ്യനെ ദൈവികതയാൽ നിറയ്ക്കുവാൻ. മണ്ണിനെ വിണ്ണോളമുയർത്തുവാൻ! മൃഗീയതയിൽ രമിക്കുന്ന മനുഷ്യനെ, ദൈവകൃപയാൽ നിറച്ച് ദൈവമകളാക്കുവാൻ, ദൈവമകനാക്കുവാൻ! വെറും വെള്ളമായ മനുഷ്യനെ വീഞ്ഞാക്കുവാൻ! ഇവിടെ വെള്ളമുണ്ട്, വീഞ്ഞുണ്ട്. പരിശുദ്ധ അമ്മയുണ്ട്, ഭാവിയിൽ ശ്ലൈഹിക പിന്തുടർച്ചയ്ക്കായുള്ള ശിഷ്യരുണ്ട്. വീഞ്ഞ് തീർന്നുപോകുന്ന അവസ്ഥ കല്യാണവീടുകളിൽ വെറും സാധാരണമാണ്. ഇങ്ങനെയുള്ള അവശ്യഘട്ടത്തിൽ സഹായിക്കാനെത്തുന്നവൻ തീർച്ചയായും ഒരു ദൈവ പുരുഷൻ തന്നെയാകും.  ക്രിസ്തുവിന് ഇടപെടുവാൻ തീർത്തും അനുയോജ്യമായ സാഹചര്യം. ജനം, ലോകം എത്രമാത്രം തന്റെ മനസ്സ് വായിക്കുമെന്ന് ഈശോയ്ക്കറിയില്ലെങ്കിലും, അവിടുന്ന് ഇടപെടുകയാണ്.

വ്യഖ്യാനം 1

കല്യാണവീട്ടിലെ ഇല്ലായ്മയുടെ വേളയിൽ ഈശോയുടെ ഇടപെടലിലൂടെ അവരുടെ നാണക്കേട് മാറുകയും അവർ വിസ്മയഭരിതരാകുകയും ചെയ്യുന്നുണ്ട്. നല്ലതുതന്നെ. എന്നാൽ ഈശോയുടെ മനസ്സിൽ നിറഞ്ഞു നിന്നത് രണ്ട് ഘടകങ്ങളാണ്. വെള്ളവും വീഞ്ഞും.

യഹൂദപാരമ്പര്യത്തിന്റെ സംസ്കാരംപേറുന്ന ആറ് ശൂന്യമായ കൽഭരണികൾ അവിടെ ഉണ്ടായിരുന്നു.  അവ ഉപയോഗിച്ചിരുന്നതാകട്ടെ ശുദ്ധീകരണകർമ്മങ്ങൾക്കുവേണ്ടിയായിരുന്നു. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ”. ഈശോ വെള്ളം എന്ന ഘടകത്തെ അവിടെ കൊണ്ടുവരികയാണ്. ഈശോയ്ക്ക് വേണമെങ്കിൽ ഒറ്റവാക്കിൽ കല്യാണവീട്ടുകാരുടെ ആവശ്യം സാധിതമാക്കാമായിരുന്നു. വീഞ്ഞ് നിറയട്ടെ എന്ന് ഒരു രജനീകാന്ത് സ്റ്റൈലിൽ കയ്യൊന്ന് വായുവിൽ കറക്കി പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത്ഭുതം ഒന്നുകൂടി സ്റ്റൈലാകുമായിരുന്നു. പക്ഷെ ഈശോ പറയുന്നത് വെള്ളം നിറയ്ക്കുവിൻ എന്നാണ്. വെള്ളം ഇവിടെ ഒരു പ്രതീകമാണ്, ശൂന്യമായ യഹൂദ പാരമ്പര്യത്തിന്റെ പ്രതീകം. നശ്വരമായ സകലത്തിന്റെയും പ്രതീകം. മൂന്ന് ദിവസത്തിൽ കൂടുതൽ വെള്ളം കേടുകൂടാതിരിക്കുകയില്ല. ഇന്ന് കുപ്പികളിൽ കിട്ടുന്ന വെള്ളത്തെക്കുറിച്ചല്ലാ കേട്ടോ ഞാൻ പറയുന്നത്. മൂന്ന് ദിവസമാകുമ്പോഴേക്കും ദുർഗന്ധം വന്നുതുടങ്ങും. വെള്ളം മനുഷ്യന്റെ പ്രതീകമാണ്. മനുഷ്യന്റെ ബലഹീനതകളുടെ, മനുഷ്യനിലെ എല്ലാ തിന്മകളുടെ, യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ, ആർത്തിയുടെ, നശീകരണപ്രവണതകളുടെ, പ്രായംചെല്ലുംന്തോറും ഇല്ലാതാകുന്ന നന്മകളുടെ പ്രതീകമാണ്. ഇന്നുണ്ടായി അല്പം കഴിഞ്ഞ് കൊഴിഞ്ഞുപോകുന്ന പൂവിന് സമമാണ് മനുഷ്യൻ. ആ മനുഷ്യന്റെ പ്രതീകമാണ് വെള്ളം.

ദിവസങ്ങൾ കഴിയുന്തോറും ചീഞ്ഞുതുടങ്ങുന്ന വെള്ളംപോലെ മനുഷ്യനിലെ നിഷ്കളങ്കത ഇല്ലാതാകുകയാണ്. മനുഷ്യന് പ്രായം കൂടുന്നുണ്ട്. അവൾ/ അവൻ വളരുകയാണ്. എന്നാൽ അവൾ/അവൻ കൂടുതൽ നിഷ്കളങ്കരാകുന്നില്ല. അവൾക്ക്/അവനു കൂടുതൽ ഉൾക്കാഴ്ച്ച കിട്ടുന്നില്ല, കൂടുതൽ ദൈവികരാകുന്നില്ല. അവർ ദുർഗന്ധം നിറഞ്ഞ, ചീഞ്ഞളിഞ്ഞ വ്യക്തിത്വങ്ങളാകുകയാണ്. വെറും വെള്ളം!!ഇതാണ് ഈശോയെ അലട്ടുന്ന പ്രശ്നം. ദൈവം നൽകുന്ന നിഷ്കളങ്കത, ദൈവികത, മനുഷ്യൻ നഷ്ടപ്പെടുത്തുന്നു. അവൾ/അവൻ പിന്നീട് അതിലേക്ക് രൂപാന്തരപ്പെടുന്നില്ല. 

വിവരണം

കുഞ്ഞു മരിയയ്ക്ക് 3 വയസ്സുള്ളപ്പോഴാണ് ഒരു അനുജൻ പിറക്കുന്നത്.  നക്ഷത്രക്കണ്ണുള്ള ആ കുഞ്ഞിനെ തൊടാനും ലാളിക്കാനും മരിയയ്ക്ക് വലിയ ഇഷ്ടമാണ്. അവളുടെ ഒരു ആഗ്രഹം മാതാപിതാക്കളെ തെല്ല് അസ്വസ്ഥതപ്പെടുത്തി.  കുഞ്ഞിനെ അവളുടെ മടിയിൽ കിടത്തി മാതാപിതാക്കൾ മുറിയിൽ നിന്ന് മാറി നിൽക്കണം എന്നാണ് അവൾ പറയുന്നത്. എന്തിനായിരിക്കും? എന്തോ രഹസ്യം പറയാൻ ആണത്രേ. കുഞ്ഞുങ്ങൾ ഇളയവരെ ഉപദ്രവിക്കാറുണ്ട് എന്ന് കേൾക്കാറുണ്ടല്ലോ. ഒരു ദിവസം അവളുടെ ആഗ്രഹപ്രകാരം കുഞ്ഞിനെ മടിയിൽ കിടത്തി, പപ്പയും മമ്മിയും മുറിയിൽ നിന്ന് പുറത്തിറങ്ങി. അവർ തനിച്ചായപ്പോൾ മരിയ കുഞ്ഞിനെ ചുംബിച്ചു. എന്നിട്ട് കാതിൽ ഒരു രഹസ്യം എന്നതുപോലെ ചോദിച്ചു” “പറയൂ, ദൈവം എങ്ങനെയാണ് ഇരിക്കുന്നത്? സ്വർഗ്ഗം എങ്ങനെയാണ്? ഞാൻ എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു.” (ആഴം, ഡോ. ഫാ. ഷിന്റോ മംഗലത്ത് വി.സി., പേജ് 42)

അങ്ങനെയായിരുന്നു മനുഷ്യവംശത്തിന്റെ ബാല്യം.  ഈ മണ്ണിൽ പിറന്നുവീണ് വളർന്നു തുടങ്ങുമ്പോൾ സ്വർഗ്ഗവും ദൈവവും ഒക്കെ വിസ്മരിക്കപ്പെട്ടു പോകുന്നു. മനുഷ്യനെ ആ നിഷ്കളങ്കതയിലേക്ക്, ദൈവികതയിലേക്ക് വീണ്ടെടുക്കാനാണ് ഈശോ വന്നത്. “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ.“ ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.

വ്യാഖ്യാനം 2

വെള്ളം പകർന്ന് കാലവറക്കാരന്റെ അടുത്ത് എത്തിയപ്പോഴേയ്ക്കും അത് വീഞ്ഞായി മാറിയിരുന്നു. രൂപാന്തരപ്പെട്ടിരുന്നു. വീഞ്ഞ് ദൈവികതയുടെ പ്രതീകമാണ്. ക്രിസ്തുവിന്റെ പ്രതീകമാണ്. അനശ്വരമായ സകലത്തിന്റെയും പ്രതീകം. വീഞ്ഞ് നിങ്ങൾ സൂക്ഷിച്ചു വയ്ക്കൂ …ദിവസം ചെല്ലുംന്തോറും അതിന്റെ രുചി കൂടിവരും. വീര്യം കൂടിവരും. അത് ഒരിക്കലും നശിച്ചുപോകുകയില്ല. അത് Spirit ആണ്. Spirit ന് നാശം ഇല്ലല്ലോ. ഈശോയുടെ തത്വം ഇതാണ്. മനുഷ്യനിലെ നഷ്ടപ്പെട്ട് പോയ നിഷ്കളങ്കത, ദൈവികത, അനശ്വരത വീണ്ടെടുക്കുക. അതിലേക്ക് മനുഷ്യൻ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. വെള്ളം വീഞ്ഞായി രൂപപ്പെട്ടതുപോലെ. ഈശോയുടെ സുവിശേഷം രൂപാന്തരത്തിന്റെ, Transformation ന്റെ സുവിശേഷമാണ്.

മനുഷ്യജീവിത സാഹചര്യങ്ങളിൽ രൂപാന്തരത്തിന്റെ അത്ഭുതം മനുഷ്യനിൽ നടക്കണം. രൂപാന്തരത്തിലൂടെ പ്യൂപ്പയിൽ നിന്ന് ദൈവികതയിലേക്ക് ഉണരുന്ന ശലഭമായി തീരുന്ന അത്ഭുതം നടക്കേണ്ടിയിരിക്കുന്നു. മൃഗീയതിൽ അഭിരമിക്കുന്ന, ലോകത്തിന്റെ ആഡംബരങ്ങളിൽ മുഴുകുന്ന മനസ്സുകൾക്ക് ഈ രൂപാന്തരത്തിന്റെ കഥയോട് വലിയ താത്പര്യം ഉണ്ടാകില്ല. എന്നാൽ രൂപാന്തരത്തിലേക്ക് മനുഷ്യനെ നയിക്കുവാനാണ് ക്രിസ്തു ഈ ഭൂമിയിൽ വന്നത്. അതുകൊണ്ടാണ് തന്റെ ആദ്യത്തെ അത്ഭുതം തന്നെ മഹത്വപൂർണമാക്കുവാൻ അവിടുന്ന് ആഗ്രഹിച്ചത്.  

സന്ദേശം

ശുദ്ധീകരണകർമത്തിന് ഉപയോഗിച്ചിരുന്ന കൽഭരണികളെ ഈശോ രൂപാന്തരത്തിന്റെ പാത്രങ്ങളാക്കി മാറ്റുകയാണ്. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം ശുദ്ധീകരിക്കപ്പെടുവാനുള്ളതാണ്. രൂപാന്തരത്തിലേക്ക് കടന്നെത്തി നിൽക്കുവാനുള്ളതാണ്. മനുഷ്യന്റെ സാധാരണ ആവശ്യങ്ങളിൽ, ശൂന്യതകളിൽ നിറവായി വരുന്നവനാണ് ക്രിസ്തു. മനുഷ്യന്റെ ഇല്ലായ്മയെ, ഉള്ളായ്മയാക്കി മാറ്റുന്നവനാണ് ദൈവം. ഉറപ്പുതന്നെ. എന്നാൽ ആ നിറവ് രൂപാന്തരത്തിന്റെ, വീഞ്ഞിന്റെ, ദൈവികതയുടെ നിറവായി മാറണം. ഈശോ നമ്മെ ക്ഷണിക്കുന്നത് ഈ രൂപാന്തരത്തിലേക്ക് നാം എത്തിച്ചേരുവാനാണ്.

കാരണം, ക്രിസ്തു ലക്‌ഷ്യം വയ്ക്കുന്നത് ഉന്നതമായവയെയാണ്. ശരിയാണ്, മനുഷ്യന്റെ മാനുഷിക ആവശ്യങ്ങള പ്രധാനപ്പെട്ടതുതന്നെ. പക്ഷേ, ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് അതുക്കും മേലെ സ്വർഗ്ഗത്തിലേക്കാണ്.  

നാമോരോരുത്തരും, ക്രിസ്തുവിന്റെ സഭയിൽ, കത്തോലിക്കാ തിരുസഭയിൽ മാമ്മോദീസയിലൂടെ അംഗങ്ങളായി തീർന്നിരിക്കുന്നത് നമ്മുടെ മാനുഷികതയിൽ ദൈവികത നിറയ്ക്കുന്ന, നമ്മുടെ മാനുഷികതയെ ദൈവികമാക്കുന്ന അത്ഭുതത്തിന് സാക്ഷികളാകുവാനാണ്. വെള്ളം വീഞ്ഞായി മാറുന്ന അത്ഭുതം നമ്മിൽ സംഭവിക്കുവാനാണ്.

ഇന്നും ക്രിസ്തു നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വന്ന്, നമ്മോടൊത്തായിരുന്നുകൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തുകയാണ്, രൂപാന്തരത്തിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണെങ്കിലും അവിടുത്തെ കൗദാശിക സാന്നിധ്യം നിലനിൽക്കുന്നതും അത്ഭുതം പ്രവർത്തിക്കുന്നതും തിരുസ്സഭയിലാണ്.

പഞ്ചഭൂതബന്ധിയായ അനുഭവത്തിനും അപ്പുറം നിലകൊള്ളുന്ന വെളിപ്പെടുത്തപ്പെട്ട ദൈവികതയുടെ (revealed divinity) കൗദാശിക സാന്നിധ്യമായ (Sacramental presence) വിശുദ്ധ കുർബാന രൂപാന്തരത്തിന്റെ പൂർണതയാണ്. അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം. പ്രത്യക്ഷത്തിന്റെ (Facticity) അസ്തിത്വവഴികളിൽ രൂപാന്തരത്തിന്റെ (Transcendence) അത്ഭുതമാണ് വിശുദ്ധ കുർബാന സൃഷ്ടിക്കുന്നത്.“ (ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന, ഫാ. സാജു പൈനാടത്ത് എംസിബിഎസ്, പേജ് 71)

സമാപനം

വെള്ളം വീഞ്ഞാകുന്ന രൂപാന്തരത്തിന്റെ അത്ഭുതം ഇന്ന് തിരുസഭയിൽ, തിരുസഭാമക്കളിൽ നടക്കുന്നില്ല എന്ന വലിയ ദുരന്ത മുഖത്താണ് നാം ജീവിക്കുന്നത്. മാമ്മോദീസയിലൂടെ തിരുസ്സഭയുടെ മക്കളായി ഉയർത്തപ്പെടുന്നുണ്ടെങ്കിലും, ആ അവസ്ഥയിലേക്ക് തങ്ങളെ ഉയർത്തിയെടുക്കുവാൻ, രൂപാന്തരപ്പെടുത്തിയെടുക്കുവാൻ നമുക്കാകുന്നില്ല.  വെള്ളമായിത്തന്നെ നിലനിൽക്കുന്നതുകൊണ്ട് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പരിമളം പരത്തുന്നില്ല, എന്ന് മാത്രമല്ല, ദുർഗന്ധം പടർത്തുകയാണ്. ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് ഇന്നത്തെ സുവിശേഷ സന്ദേശം വായിക്കുമ്പോൾ മനസ്സിലാകും എത്രമാത്രം ദുർഗന്ധമാണ് നാം പരത്തുന്നതെന്ന്!  ക്രൈസ്തവരെ കാണുമ്പോൾ ഇന്ന് മറ്റുള്ളവർ മൂക്കുപൊത്തുകയാണ്. ക്രിസ്തു ചൈതന്യമില്ലാത്ത, തിരുസ്സഭയെയും, സഭാസംവിധാനത്തെയും, ശ്ലൈഹീക പിന്തുടർച്ചയെയും അവഗണിക്കുന്ന കൃത്രിമ ക്രൈസ്തവരായ നമ്മെ കാണുമ്പോൾ, നമ്മുടെ അടുത്ത് വരുമ്പോൾ നാം ചീഞ്ഞുനാറുകയാണ് പ്രിയപ്പെട്ടവരേ.

വെറും വെള്ളമായി എത്രനാൾ ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവിതങ്ങളുമായി നാം ജീവിക്കും??? രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു നാം. വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്ക്!! ആമേൻ!

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ

സംഖ്യ 10, 29-36

ഏശയ്യാ 45, 11-17

ഹെബ്രാ 3, 1-6

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.  

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി;ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2)   ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻ ബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും, പ്ലേറ്റോയുടെയും ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട് LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം. വചനം ദൈവമാണ്;വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും ഇപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ  പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.  

വിവരണം

1. ഈയിടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടക്കുന്ന പ്രശ്നങ്ങളുടെ ചില വീഡിയോകൾ കാണുവാൻ ഇടയായി. അതിൽ ഇരുഭാഗവും ഉപയോഗിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ദുഃഖം തോന്നി. ഒരു വ്യക്തി അതിനെക്കുറിച്ച് പറഞ്ഞത്, ഭരണിപ്പാട്ട് ഇതിലും എത്രയോ ഭേദം എന്നാണ്. എങ്ങനെ ദൈവത്തിന്റെ കൃപയുടെ ഒഴുക്കുണ്ടാകും?! നാം ഉരുവിടുന്ന വാക്കുകൾകൊണ്ടുതന്നെ നാം വിധിക്കപ്പെടുമെന്നുള്ളത് ദൈവത്തിന്റെ വചനമാണ്. ദൈവത്തിന്റെകൃപയും സത്യവും നിറഞ്ഞ വാക്കുകൾ അഭിഷിക്തരിൽ നിന്ന് മാത്രമല്ല എല്ലാ ക്രൈസ്തവരിൽ നിന്നും ഉണ്ടാകണം.

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ജീവിതങ്ങളെനോക്കിയും, മറ്റുള്ളവർക്ക് പറയുവാൻ കഴിയണം:

“വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ആമേൻ! 

SUNDAY SERMON LK 4, 16-22a

ദനഹാക്കാലം ഒന്നാം ഞായർ

പുറപ്പാട് 3, 1-12

ഏശയ്യാ 44, 28-45,4

2 തിമോ 3, 10-15 

ലൂക്കാ 4, 16-22a

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2023 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2023 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വശപ്പിനടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിവഹിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തൊരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.

ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം എന്താണ് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിലാണ് ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നത്.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും,   ചെയ്കളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്ത സാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mothere Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (venerated Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

കഴിഞ്ഞ ഡിസംബർ 31 ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ മരണം ദൈവത്തിന്റെ വെളിപാടായി മാറിയത് ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. “കർത്താവേ, നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന അവസാന വാക്കുകൾ എത്രയോ മനോഹരമാണ്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!