All posts by Saju Pynadath

SUNDAY SERMON MT 13, 44-52

കൈത്താക്കാലം നാലാം ഞായർ

നിയമാവർത്തനം 6, 1-9

എസക്കിയേൽ 3, 16-21

2 തെസ 2, 13-17 

മത്താ 13, 44-52

നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിൽ ഓരോ സെക്കന്റിനും വിലയുണ്ടെന്നും, ജീവിതത്തിൽ നാം കണ്ടെത്തുന്നതും നേടിയെടുക്കുന്നതും ഏറ്റവും നല്ലതായിരിക്കണമെന്നും, ലോകത്തിലെ നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകരുത് നാമെന്നും   സൂചിപ്പിക്കുന്ന വളരെ മനോഹമായ ഒരു സുവിശേഷഭാഗമാണ് ഈ ഞായറാഴ്ച തിരുസ്സഭ നമുക്കായി അവതരിപ്പിക്കുന്നത്. മനുഷ്യാ, ഈ ലോകം മുഴുവൻ നീ നേടിയാലും, നിന്റെ ഭാഗം ജയിക്കുവാൻ വേണ്ടി ഏത് മാർഗം നീ സ്വീകരിച്ചാലും ക്രിസ്തുവിനെ നിന്റെ ജീവിതത്തിന്റെ നിധിയായി, രത്നമായി, മാർഗമായി നീ കണ്ടെത്തുന്നില്ലെങ്കിൽ നിനക്കെന്ത് ഫലം എന്ന ചങ്കിൽ തട്ടുന്ന ചോദ്യമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മുടെ മുൻപിൽ വയ്ക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 13 അറിയപ്പെടുന്നത് ഉപമകളുടെ അദ്ധ്യായമായിട്ടാണ്. ഈ അദ്ധ്യായത്തിലെ അവസാനത്തെ ഉപമകളായിട്ടാണ് നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും ഉപമകൾ ഈശോ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, തന്റെ അടുക്കലേക്ക് വന്ന ജനങ്ങളുടെ മനസ്സറിഞ്ഞ ഈശോ, അവരെ ഉപകളിലൂടെയാണ് ദൈവരാജ്യത്തിന്റെ വലിയ സത്യങ്ങൾ ലളിതമായി പഠിപ്പിച്ചുകൊണ്ടിരുന്നത്. ഉപമകൾ തന്നെ വലിയസത്യങ്ങൾ ചെറിയ, എന്നാൽ മനോഹരമായ കഥകളിലൂടെ അവതരിപ്പിക്കുന്ന ഒരു technique ആണ്, സാഹിത്യശൈലി ആണ്. ഈശോ ബോധപൂർവം ഉപമയുടെ വിശദീകരണം പലപ്പോഴും ഒഴിവാക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിലെ ഉപമകളുടെ വിശദീകരണം ഈശോ നൽകുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് വ്യാഖ്യാനം, വിശദീകരണം ആവശ്യമാണ്. 

സ്വർഗ്ഗരാജ്യത്തിന്റെ, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ വന്ന ഈശോ, ഉപമകളിലൂടെ എന്താണ് സ്വർഗ്ഗരാജ്യമെന്നും, എന്താണ് സ്വർഗ്ഗരാജ്യത്തിന്റെ മൂല്യമെന്നും, ഈ ഭൂമിയിൽ മനുഷ്യൻ എന്തെല്ലാം നേടിയാലും സ്വർഗ്ഗരാജ്യം നേടുന്നില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുകകയാണ്. മൂന്ന് മഹത്തായ കാര്യങ്ങളാണ് ഇന്ന് ഈശോ നമ്മുടെ കാതുകളിൽ ഓതുന്നത്.

ഒന്ന്, സ്വർഗ്ഗരാജ്യം നാം കണ്ടെത്തേണ്ട, കണ്ടെത്തിക്കഴിഞ്ഞാൽ നേടിയെടുക്കേണ്ട അമൂല്യ നിധിയാണ്, വിലയേറിയ രത്നമാണ്. എന്താണ് സ്വർഗ്ഗരാജ്യം? ദൈവത്തോടോത്തുള്ള, ക്രിസ്തുവിനോടൊത്തുള്ള ജീവിതം. എന്താണ് ഈ പ്രപഞ്ചത്തിൽ, നമ്മിൽ ദൈവം ഒളിപ്പിച്ചിരിക്കുന്ന നിധി? ക്രിസ്തുവാണ് നാം കണ്ടെത്തേണ്ട, നേടിയെടുക്കേണ്ട നിധി! ഈ ഭൂമിയിലുള്ളവയെക്കാളും വിലയേറിയ രത്നമേതാണ്? ക്രിസ്തുവാണ് നമുള്ളതെല്ലാം വിറ്റ് നാം വാങ്ങിച്ചെടുക്കേണ്ട രത്നം!

തമ്പുരാനാണ് എന്റെ നിധിയെന്ന് കണ്ടെത്തുന്ന, അത് വാങ്ങുന്ന വ്യക്തിയാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ! തമ്പുരാനോടുള്ള പ്രണയമൊഴികെ, ഈ ഭൂമിയിലുള്ളതെല്ലാം മടു ക്കുന്ന ഒരു കാലം മകളേ, മകനേ നിന്റെ ജീവിതത്തിൽ വരികയാണെങ്കിൽ നീയപ്പോൾ സ്വർഗ്ഗരാജ്യത്തിലായിരിക്കും. “കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കാര്യങ്ങളിലാണ്” (സങ്കീ 16, 5) എന്ന് പാടിയ സങ്കീർത്തകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, ആ നിധി സ്വന്തമാക്കിയവനാണ്. ജീവിതത്തിലെ ദുരന്തങ്ങളുടെ ലിസ്റ്റ്, ഇല്ലായ്‍മയുടെ ലിസ്റ്റ് നിരത്തിയതിനുശേഷം “ഞാൻ കർത്താവിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും, കർത്താവാണ് എന്റെ ബലം” (ഹബക്കുക്ക് 3, 18-19) എന്ന് ഉദ്‌ഘോഷിച്ച ഹബക്കുക്ക് പ്രവാചകൻ ദൈവത്തെ നിധിയായി കണ്ടെത്തിയവനാണ്, സർവ്വതും വിറ്റ് ആ രത്നം നേടിയവനാണ്. ദാരിദ്ര്യത്തെ ഉപാസിച്ചുകൊണ്ട്, ദൈവമേ എന്റെ സർവ്വസ്വമെ എന്ന് പാടി നൃത്തം ചെയ്ത അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ക്രിസ്തുവിനെ നിധിയായി കണ്ടെത്തിയവനാണ്. കഴിഞ്ഞ പതിനൊന്നാം തീയതി തിരുനാളാഘോഷിച്ച വിശുദ്ധ ക്‌ളാര പറഞ്ഞത് എനിക്ക് ക്രിസ്തുമാത്രം മതിയെന്നാണ്. പട്ടുമെത്തയിൽ കിടന്നവൾ വൈക്കോലിൽ കിടക്കുവാൻ തയ്യാറായെങ്കിൽ, സ്വർണ്ണാഭരണങ്ങൾക്ക് പകരം അരയിൽ കയർ ധരിക്കുവാൻ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു് പച്ചിലകൊണ്ടുള്ള സൂപ്പ് ഭക്ഷിക്കുവാൻ, വിലകൂടിയ ചെരുപ്പുപേക്ഷിച്ചു് നഗ്‌ന പാദയായി നടക്കുവാൻ ക്ലാര തയ്യാറായെങ്കിൽ അതിന്റെ കാരണം, അതിന്റെ ഒരേയൊരു കാരണം ഈ ഭൂമിയിൽ, ജീവിതവഴികളിൽ ഒളിഞ്ഞിരുന്ന നിധിയെ അവൾ കണ്ടെത്തിയെന്നതാണ്.

പ്രസിദ്ധ ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവലാണ് ആൽക്കെമിസ്റ്റ്. അതിന്റെ സാന്റിയാഗോ എന്ന ഇടയബാലൻ ഒരു രതിയിൽ സ്വപ്നം കാണുകയാണ്. സ്വാപനം എന്തായിരുന്നെന്നോ? വലിയൊരു നിധി, സ്വരങ്ങളും രത്നങ്ങളുമടങ്ങുന്ന വലിയൊരു നിധി. അതായിരുന്നു സ്വപ്നം. എന്നാൽ അത് എവിടെയാണെന്നോ, എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നോ അവന് അറിയില്ല. ഈ നിധി കണ്ടെത്തണം. അതായിരുന്നു പിന്നെ അവന്റെ ചിന്ത. അതിനായുള്ള അന്വേഷണമാണ് ഈ നോവൽ. നിധി കണ്ടെത്തുവാൻ അവൻ ധാരാളം സഞ്ചരിക്കുന്നുണ്ട്. അതിന്റെ ചിലവിലേക്കായി കഠിനമായി അധ്വാനിക്കുന്നുണ്ട്. മാത്രമല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും അവന്റെ ഒരേയൊരു ചിന്ത ഈ നിധി മാത്രമായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു പള്ളിയിൽ തന്റെ ആടുകളോടൊത്ത് അന്തിയുറങ്ങിയപ്പോഴാണ് അവന് ഈ സ്വപ്നം ഉണ്ടാകുന്നത്. അവിടെ നിന്ന് അവൻ മരുഭൂമികളിലൂടെ, പട്ടണങ്ങളിലൂടെ ധാരാളം യാത്രചെയ്യുന്നുണ്ട്. അവസാനം, തിരികെ പഴയ പള്ളിയിൽ എത്തുമ്പോൾ അവിടെ അവൻ ആ നിധി കണ്ടെത്തുകയാണ്. നമ്മിൽത്തന്നെ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ നിധി കണ്ടെത്താനാകുമെന്ന സന്ദേശമാണ് ഈ നോവൽ.

സ്നേഹമുള്ളവരേ, ദൈവം താനാകുന്ന നിധിയെ സ്നേഹത്തോടെ ഒളിച്ചുവച്ചിരിക്കുന്നത് നമ്മിൽ തന്നെയാണ്; നമ്മുടെ കുടുംബങ്ങളിലാണ്; നമ്മുടെ തിരുസ്സഭയിലാണ്; നമ്മുടെ സൗഹൃദങ്ങളിലാണ്, ബന്ധങ്ങളിലാണ്; നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലാണ്, നാം നടത്തുന്ന പ്രാർത്ഥനകളിലാണ്, കുടുംബപ്രാർത്ഥനകളിലാണ്. ഈ നിധിയെ കണ്ടെത്തുവാൻ നാം അന്വേഷിക്കേണ്ടത് ഇവിടെയൊക്കെത്തന്നെയാണ്. കുട്ടികൾ നടത്തുന്ന ഒരു കളിയില്ലേ? Treasure Hunting -നിധി കണ്ടെത്തൽ. നമ്മുടെ ക്രൈസ്തവ ജീവിതം ഈ നിധി കണ്ടെത്താനുള്ള അലച്ചിലാകണം. ദൈവത്താൽ നല്കപ്പെട്ടിട്ടുള്ളവയിൽ ദൈവത്തെ തേടാതെ, നിധി അന്വേഷിക്കാതെ, നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത് നാം. ക്രിസ്തുവാണ് നിധിയെന്നറിഞ്ഞിട്ടും, ക്രിസ്തുവാണ് ഏറ്റവും വിലയേറിയ രത്നമെന്നറിഞ്ഞിട്ടും, എന്തേ, ആ നിധി, രത്നം സ്വന്തമാക്കുവാൻ നാം മടിക്കുന്നു? ഭൂതത്താൻ നിധി കാക്കുന്ന പോലെയാണ് ഭൂമിയിൽ അധികം പേരും. ജീവിച്ചിരിക്കുന്നവർക്കെല്ലാം ജീവിച്ചു് കൊതിതീരുന്നില്ല. വാശി പിടിച്ചു് വെട്ടിപ്പിടിക്കുന്നതെല്ലാം നിധിയെന്ന മട്ടിൽ, രത്നമെന്ന മട്ടിൽ

പൊത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് അധികാരമാണ് നിധി; ചിലർക്ക് ലഹരി മരുന്നുകളാണ് രത്നം. ചിലർക്ക് നശ്വരമായ സമ്പത്താണ് നിധി! ഇന്നത്തെ സുവിശേഷം പറയുന്നു, വ്യക്തമായി നമുക്ക് കാണിച്ചു തരുന്നു, ക്രിസ്തുവാണ്, ക്രിസ്തുമാത്രമാണ് നമ്മുടെ നിധിയെന്ന്!

രണ്ട്, അന്ത്യോന്മുഖമായ ഒരു ദർശനം (Eschatological vision) ഈശോ വലയുടെ ഉപമയിലൂടെ, ഉപമയിലെ നല്ല മത്സ്യങ്ങളെ ശേഖരിക്കുകയും, ചീത്ത മത്സ്യങ്ങളെ പുറത്തെറിയുകയുംചെയ്യുന്ന മുക്കുവരുടെ പ്രവർത്തിയിലൂടെ ആവിഷ്കരിക്കുകയാണ്. മനുഷ്യജീവിതം ഹൃസ്വമാണെന്നും, ലോകത്തിലുള്ളതെല്ലാം നശ്വരങ്ങളാണെന്നും, ഭൂമിയിൽ മനുഷ്യജീവിതം ധന്യമാകുന്നത് ക്രിസ്തുവിനെ സ്വന്തമാക്കുമ്പോഴാണെന്നും മനസ്സിലാക്കി, വിശുദ്ധ പൗലോശ്ലീഹാ പറയുന്ന പോലെ “ക്രിസ്തുവിനെ മനോഭാവം പുലർത്തിക്കൊണ്ട് മനുഷ്യൻ ജീവിക്കണമെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. കാരണം, ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്ന അന്ത്യദിനമുണ്ട്. അന്ന് ഒരു വലയിൽ അകപ്പെട്ട നല്ലതും ചീത്തയുമായ മത്സ്യങ്ങളെപോലെ, ചെറുതും, വലുതുമായ മത്സ്യങ്ങളെപ്പോലെ എല്ലാവരും ഒരുമിച്ചു ചേർക്കപ്പെടും. ചെമ്മരിയാടുകളെ വലതുവശത്തേക്കും കോലാടുകളെ ഇടതുവശത്തേയ്ക്കും മാറ്റിനിർത്തുന്ന രക്ഷാകരമായ സംഭവത്തിന് സാക്ഷികളാകേണ്ടവരാണ് ഭൂമിയിലൂടെ കടന്നുപോകേണ്ട മനുഷ്യരെല്ലാവരും. ദൈവദൂതന്മാർ ദുഷ്ടരെ നീതിമാന്മാരിൽ നിന്ന് വേർതിരിക്കും, മുക്കുവർ ചീത്ത മത്സ്യങ്ങളെ നല്ല മത്സ്യങ്ങളിൽ നിന്ന് വേർതിരിക്കുന്നതുപോലെ.

സ്നേഹമുള്ളവരേ, നാമെല്ലാവരും മരിക്കും. മരണശേഷം ഒരു വിധിയുണ്ട്. മരണം വഴി ദൈവത്തിങ്കലെത്തുന്ന ഓരോ മനുഷ്യനും തന്റെ ഭൂമിയിലെ ജീവിതത്തിന് കണക്കുകൊടുക്കേണ്ടിവരും. അത് ഒരു നിമിഷം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും – നാമെല്ലാവരും കണക്കുകൊടുക്കേണ്ടി വരും. അവിടെ വിധിയുടെ അളവുകോൽ ഒന്നുമാത്രം. ക്രിസ്തുവിനെ നിധിയായി, രത്നമായി നീ സ്വന്തമാക്കിയോ? അങ്ങനെ സ്വന്തമാക്കിയിട്ട് “ഈ ചെറിയവരിൽ  ക്രിസ്തുവിനെക്കണ്ട്  അവർക്കുവേണ്ടി നന്മപ്രവർത്തികൾ ചെയ്തുവോ? നിധിയായ ക്രിസ്തുവിനെ സ്വന്തമാക്കുവാൻ അവരെ സഹായിച്ചുവോ? അന്ന്, വിലാപത്തിന്റെയും പല്ലുകടിയുടെയും അവസ്ഥകളിൽപെട്ടുപോകാതിരിക്കുവാൻ ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

മൂന്ന്, സ്വർഗ്ഗരാജ്യത്തിലെ അന്ത്യവിധി നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും സംഭവിക്കണം. സ്വർഗ്ഗരാജ്യത്തിലെ ശിഷ്യനാണ് നീയെങ്കിൽ, തന്റെ നിക്ഷേപത്തിൽ നിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനെപ്പോലെ, പുതിയത്, നല്ലത് സ്വീകരിച്ചിട്ട്, പഴയത് ആക്രിക്കാർക്ക് വിൽക്കുന്ന, കത്തിച്ചുകളയുന്ന വീട്ടുടമസ്ഥനെപ്പോലെ ജീവിതത്തിന്റെ സാഹചര്യങ്ങളിൽ അന്ത്യവിധി ഓരോ നിമിഷവും സംഭവിക്കേണ്ടിയിരിക്കുന്നു.  പുതിയജീവിതത്തിലേക്ക് രാവിലെ ഉണ ർന്നെഴുന്നേൽക്കുമ്പോൾ, രാവിലെ മുതൽ ഓരോരോ കർമങ്ങളിൽ ഏർപ്പെടുമ്പോൾ, സംസാരിക്കുവാൻ വായ് തുറക്കുമ്പോൾ, സഹോദരീസഹോദരന്മാരെ കാണുമ്പോൾ, സ്വാഭാവിക പ്രവണതകൾ തിന്മയിലേക്ക് നയിക്കുമ്പോൾ ഓർക്കണം നാം, നമ്മുടെ ജീവിതത്തെ അരിച്ചുപെറുക്കുന്ന അന്ത്യവിധിയെക്കുറിച്ചു്, നന്മതിന്മകളെ തിരിച്ചറിഞ്ഞ് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നൽകുന്ന ഈ മൂന്ന് സന്ദേശങ്ങൾ ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിൽ പ്രസക്തമാണെന്നും, ജീവിതം നന്മയുള്ളതാക്കുവാൻ, ക്രൈസ്തവമാക്കുവാൻ ഉതകുന്നതാണെന്നും മനസ്സിലാക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമുക്ക് കൃപനൽകട്ടെ. ക്രിസ്തുവിനെ നമ്മുടെ ജീവിതതിന്റെ നിധിയായി, രത്നമായി നമുക്ക് സ്വീകരിക്കാം. നശ്വരമായവയ്ക്ക് പിന്നാലെ ഓടാതെ, നൈമിഷിക സുഖങ്ങൾക്കുവേണ്ടി, ക്രിസ്തുവാകുന്ന രത്നത്തെ നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ നമുക്കാകട്ടെ. നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തുവാനല്ല ഈ ജീവിതം ദൈവം നമുക്ക് നൽകിയത് എന്നത് നാം മറക്കാതിരിക്കുക.

വിശുദ്ധ കുർബാന നൽകുന്ന കൃപയും ശക്തിയും സ്വീകരിച്ചുകൊണ്ട് നമ്മുടെ ജീവിതം ക്രിസ്തുവാകുന്ന നിധിയെ കണ്ടെത്തുവാനുള്ള അന്വേഷണമാക്കി മാറ്റാം. ആമേൻ! 

SUNDAY SERMON LK 10, 38-42

കൈത്താക്കാലം മൂന്നാം ഞായർ

റൂത്ത് 1, 6-18

പ്രഭാഷകൻ 33, 7-13

റോമാ 12, 3-8 

ലൂക്കാ 10, 38-42

ഓർക്കാൻ ഒട്ടും ആഗ്രഹിക്കാത്ത 2018 ലെ പ്രളയഭീതിയെ ഓർമയിലേക്ക് കൊണ്ടുവന്ന കനത്ത മഴയുടെ ദിവസങ്ങളിലൂടെ വീണ്ടും നാം കടന്നുപോയിക്കിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ ഉൾപ്പെടെ കൂടുതൽ ഡാമുകൾ തുറക്കുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, തീരങ്ങളിൽ ജാഗ്രത നിർദ്ദേശം എന്നിങ്ങനെ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാർത്തകൾ നമ്മുടെ ആധിയെ വർധിപ്പിക്കുന്നു. ആശങ്കകൾ കരകവിഞ്ഞൊഴുകുമ്പോൾ നമ്മുടെ മനസ്സിലുയരുന്ന ചോദ്യം ‘ഇനി എന്ത് ചെയ്യും?‘ എന്നായിരിക്കും. ഈ വലിയ ചോദ്യത്തിന് നല്ലൊരു ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിലും, വിഷമമേറിയ ഘട്ടങ്ങളിലും എന്ത് ചെയ്യണമെന്നാണ്, ഏത് ഭാഗം തിരഞ്ഞെടുക്കണമെന്നാണ് മർത്തായുടെയും, മേരിയുടെയും മനോഭാവങ്ങളിലൂടെ ഈശോ വെളിപ്പെടുത്തുന്നത്.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ ദൈവമേകുന്ന പരിപാലനയുടെ, ദൈവമേകുന്ന കൂട്ടിന്റെ തുടർക്കഥകളാണ് നമ്മുടെ ജീവിതമെന്ന് വിശ്വസിക്കുന്നവരാണ് നാം. നാമൊക്കെ നനയാതിരിക്കുവാനായി സ്നേഹത്തിന്റെ, സംരക്ഷണയുടെ കുട നിവർത്തിപ്പിടിച്ചിരിക്കുന്നവനാണ് ക്രിസ്തു എന്ന വിശ്വാസമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ, സമൃദ്ധിയുടെ സപ്രമഞ്ചങ്ങളിലേറുമ്പോൾ, വിജയത്തിന്റെ സോപാനങ്ങളിൽ നിൽക്കുമ്പോൾ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ധാരാളമാകുമ്പോൾ ദൈവത്തെ സൗകര്യപൂർവം മറക്കുന്നു എന്നത് നമ്മുടെയൊക്കെ ജീവിതങ്ങളിലെ ദുരന്തങ്ങളാണ്.

അങ്ങനെയൊരു അവസ്ഥയിലേക്ക് മനുഷ്യൻ വീഴാതിരിക്കുവാനുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷഭാഗം. ആതിഥ്യമര്യാദയുടെ, അതിഥിയെ ബഹുമാനിക്കുന്നതിന്റെ, ഭാരതീയ പശ്ചാത്തലത്തിലെ അതിഥി ദേവോ ഭവ: എന്ന മനോഭാവം അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ സുവിശേഷഭാഗമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും, ജീവിതത്തിൽ എല്ലാ പ്രവർത്തനങ്ങൾക്കുമുപരി ദൈവത്തോടൊത്തായിരിക്കുകയാണ് പരമപ്രധാനമെന്ന് കാണിക്കുവാനാണ് ഈ സുവിശേഷഭാഗം ശ്രമിക്കുന്നതെന്ന് പറയാമെങ്കിലും, ഇവയേക്കാളെല്ലാം ഉപരിയായി ജീവിതത്തിൽ ദൈവത്തിന്റെ ഭാഗത്താണ് ക്രൈസ്തവൻ നിൽക്കേണ്ടതെന്ന്, സത്യത്തിന്റെ വഴിയാണ് ക്രൈസ്തവൻ തിരഞ്ഞെടുക്കേണ്ടതെന്ന്, കർത്താവും, ദൈവവുമായ  ക്രിസ്തുവിനെ കെട്ടിപ്പിടിച്ചാണ്, ക്രിസ്തുവിന്റെ തിരുസ്സഭയോടൊത്താണ്  ക്രൈസ്തവൻ  ജീവിക്കേണ്ടതെന്ന് പറയാനാണ് ഇന്ന് ഈ സുവിശേഷഭാഗം നമ്മെ സമീപിച്ചിരിക്കുന്നത്.

മർത്താ, മേരി, ലാസർ എന്നിവരുടെ കുടുംബസുഹൃത്താകുന്നിടത്തോളം വളർന്ന ഈശോയുടെ സൗഹൃദം വളരെ ഹൃദ്യമായി വരച്ചിടിന്നുണ്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം. വളരെ ഹൃദ്യമായി, ഊഷ്മളമായി ഈശോയെ സ്വീകരിച്ചിരുന്ന വീടാണ് ഇവരുടേത്. ഇവരെല്ലാവരും ഈശോയെ സ്നേഹിച്ചിരുന്നെന്നും, ഇവരുടെ ജീവിതത്തിനാവശ്യമായ നിർദ്ദേശങ്ങൾ ഈശോ കൊടുത്തിരുന്നെന്നും ന്യായമായും നമുക്ക് അനുമാനിക്കാം. മർത്താ ഈശോയെ അതിയായി സ്നേഹിച്ചിരുന്നുവെന്നതിൽ യാതൊരു സംശയവും വേണ്ട. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാളിൽ ഉണ്ടായിരിക്കേണ്ട ശാന്തത, സഹിഷ്ണത, ക്ഷമ ഈശോ അവളിൽ കണ്ടില്ല. അവൾ പല കാര്യങ്ങളാൽ വ്യഗ്രചിത്തയായിരുന്നു. She was too much distracted…ജീവിതത്തിലെ ഇല്ലായ്മകൾകൊണ്ടോ, വല്ലായ്മകൾകൊണ്ടോ അവൾ അസ്വസ്ഥയായിരുന്നിരിക്കണം…ലോകത്തിന്റെ സുഖങ്ങൾക്ക് പിന്നാലെ പോകുന്നതുകൊണ്ട്, അവ കിട്ടാതെ വരുന്നതിൽ നിരാശപ്പെട്ടുപോകുന്നതുകൊണ്ട് ഹൃദയത്തിൽ ദേഷ്യം കൊണ്ടുനടന്നവളായിരിക്കാം…മറ്റുള്ളവരുടെ നന്മയിൽ, വളർച്ചയിൽ അസൂയപ്പെടുന്നതുകൊണ്ട് മനസ്സ് പിടച്ചുകൊണ്ടിരിക്കുന്നവളായിരിക്കാം… അത് മനസ്സിലാക്കുവാൻ ക്രിസ്തുവിനല്ലാതെ മറ്റാർക്കാണ് കഴിയുക! അവിടുന്ന് അവളുടെ മനസ്സറിഞ്ഞപ്പോൾ അവളെ തിരുത്തുകയാണ്, “മർത്താ, മർത്താ നീ പലതിനെക്കുറിച്ചും, ഉത്കണ്ഠാകുലയും, അസ്വസ്ഥയുമായിരിക്കുന്നു.”  ഈശോയ്ക്ക് അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല ഈ വിമർശനം. അവളുടെ പേര് രണ്ടുപ്രാവശ്യം വിളിക്കുന്നതിൽ തന്നെ ഈശോയ്ക്ക് മാർത്തായോടുള്ള സ്നേഹം വ്യക്തമാണ്. എന്നാൽ, അവളുടേത് ഉചിതമായ ഒരു തിരഞ്ഞെടുപ്പമല്ല. മേരിയുടേതാകട്ടെ, വളരെ, പക്വമായ, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. അതുകൊണ്ടാണ് ഈശോയുടെ പ്രസ്‌താവന: “മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.”

ഇത് വീട്ടിൽ വന്ന ഒരു വ്യക്തിയോട് കാട്ടുന്ന ആതിഥ്യമര്യാദയുടെ study class അല്ല. അല്ലെങ്കിൽ study class മാത്രമല്ല. ഇത് സഹോദരിമാരിൽ ഒരാൾ മാത്രം ജോലിചെയ്യുന്നതുകൊണ്ടുള്ള പരാതിപറച്ചിലുമല്ല. ഇത് ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളിൽ ഒരുവൻ ക്രിസ്തുവിനോട് കൂടെ നിൽക്കണമെന്നുള്ള ആഹ്വാനമാണ്. ജീവിതത്തിന്റെ ഏത് ഘട്ടങ്ങളിലും നല്ലതുമാത്രം തിരഞ്ഞെടുക്കുന്ന, സ്വന്തം ജീവിതത്തിനും, കൂടെയുള്ളവരുടെ ജീവിതത്തിനും നൻമ മാത്രം ഉണ്ടാകുവാൻ ക്രിയാത്മകമായവ മാത്രം ചെയ്യുന്ന ക്രിസ്തുമനോഭാവത്തിലേക്കുള്ള ക്ഷണമാണ്. നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാനുള്ള ക്രിസ്തുവിന്റെ ഓർമപ്പെടുത്തലാണ്.

ബൈബിളിൽ നല്ല ഭാഗം തിരഞ്ഞെടുക്കുന്നവരും, ചീത്തഭാഗം തിരഞ്ഞെടുക്കുന്നവരും ധാരാളമാണ്. പുരോഹിത വസ്ത്രമണിഞ്ഞ് അഭിഷേകതൈലത്തിന്റെ പരിമളമേന്തി നിൽക്കുന്ന അഹറോൻ പഴയനിയമത്തിലെ ജീവസ്സുറ്റ ഒരു കഥാപാത്രമാണ്. എപ്പോഴും ദൈവത്തിലേക്ക് നോക്കി ദൈവത്തിന്റെ അരുളപ്പാടും കാത്തിരിക്കുന്ന, ദൈവത്തിന്റെ ഇഷ്ടം മാത്രം നിർവഹിക്കുവാൻ ആഗ്രഹിക്കുന്ന, ദൈവത്തിന് വിശ്വസ്തതയോടെ കൃതജ്ഞതാബലികളും, ദഹനബലികളും അർപ്പിക്കുന്ന അഹറോൻ പക്ഷേ ജീവിതത്തിൽ മോശയോടൊപ്പം നിൽക്കേണ്ട ഘട്ടം വന്നപ്പോൾ വീണുപോയി. ഇതുവരെ പ്രിയമുള്ളതായി കരുതിയതും, കരുതിയവരും, എന്തിന് ഉയിര്‌പോലും ദൈവത്തിനായി മാറ്റിവച്ച ആ വൈദികന് കാലിടറുകയാണ്.

ഒരുവട്ടം മിറിയാം എന്ന സ്ത്രീയോട് ചേർന്ന് ദൈവപുരുഷനായ മോശയ്‌ക്കെതിരെ തിരിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. ദൈവജനത്തിന്റെ മുഴുവൻ ചുമതലയും ദൈവം ഏൽപ്പിച്ച മോശയോട് ചേർന്ന് ദൈവജനത്തെ നയിക്കേണ്ട അഹറോൻ ഒരുവട്ടം മിറിയാമിനോട് ചേർന്ന് മോശയ്‌ക്കെതിരെ ദുഷിച്ചുപറയുകയാണ്. അപ്പോൾ, നല്ല ഭാഗം തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ദൈവത്തോടൊപ്പം, മോശയോടൊപ്പം നില്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്തുസംഭവിച്ചു, മിറിയാം കുഷ്ഠം പിടിച്ചു് വിളറി വെളുത്തുപോയി. അവളെ പാളയത്തിന് പുറത്താക്കി. (ലേവ്യർ 12)

രണ്ടാം വട്ടം. ഉടമ്പടി പലകകൾ ദൈവത്തിൽ നിന്ന് വാങ്ങാൻപോയ മോശ, മലയിൽ നിന്നിറങ്ങാൻ വൈകിയപ്പോൾ ജനം ദേഷ്യപ്പെട്ട് അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: “ഞങ്ങളെ നയിക്കാൻ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരിക.” ഇക്കുറിയും നല്ല ഭാഗം തിരഞ്ഞെടുക്കുവാൻ അഹറോന് സാധിച്ചില്ല. അയാൾ അവരിൽ നിന്ന് സ്വർണം വാങ്ങി മൂശയിലുരുക്കി ഒരു സ്വർണ കാളക്കുട്ടിയെ വാർത്തെടുത്തു് ആരാധിക്കുവാനായി ജനത്തിന് നൽകി.. ആൾക്കൂട്ടത്തിന്റെ ഇഷ്ടങ്ങളിൽ അഭ്രമിച്ചു് സ്വർണ കാളക്കുട്ടിയെ നിർമിക്കാൻ പുരോഹിതനായ അഹരോൻ കൂട്ടുനിൽക്കുമ്പോൾ ആയിരങ്ങൾ മരിച്ചു വീഴുന്നു. (പുറപ്പാട് 32)

സ്നേഹമുള്ളവരേ, ജീവിതസാഹചര്യങ്ങളിൽ നല്ല ഭാഗം, ദൈവത്തിന്റെ ഭാഗം തിരഞ്ഞെടുക്കുവാൻ നമുക്കാകുന്നില്ലെങ്കിൽ ഓർക്കുക, അത് നമുക്ക് മാത്രമല്ല, നമ്മോട് കൂടെ നിൽക്കുന്നവർക്കും നാശമായിരിക്കും.

കുടുംബപ്രാർത്ഥനയുടെ സമയത്ത് മറ്റ് കാര്യങ്ങൾ വരുമ്പോൾ ഏതിന് priority കൊടുക്കും? ഏതായിരിക്കും നല്ലഭാഗം? നമ്മുടെ മതകാര്യങ്ങളിൽ, വസ്ത്രധാരണങ്ങളിൽ, ആഘോഷങ്ങളിൽ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ, ഞായറാഴ്ച്ച ആചരണങ്ങളിൽ, സഭയുടെ പഠനങ്ങളിൽ … എന്തായിരിക്കും നമ്മുടെ priority? ഏതായിരിക്കും നല്ലഭാഗം? മേരി നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഈശോ പറഞ്ഞപോലെ, നമ്മോടും ഈശോ പറയുമോ? ഇവിടെയെല്ലാം നാം distracted ആയാൽ, മറ്റു പലതുകൊണ്ടും വ്യഗ്രചിത്തരായാൽ പ്രിയപ്പെട്ടവരേ, നല്ല ഭാഗം തിരഞ്ഞെടുക്കാതിരുന്നാൽ!!? ക്രിസ്തുവിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കേണ്ടവരൊക്കെ വേറെയെന്തിനെയൊക്കെയോ പറ്റിപ്പിടിച്ചുകൊണ്ട് നിൽക്കുമ്പോൾ, വേറെയെന്തിനൊക്കെയോവേണ്ടി സംഘടിക്കുമ്പോൾ ആണ് അവരും, അവരോടൊപ്പം നിൽക്കുന്നവരും വീണുപോകുന്നത്. ക്രിസ്തുവിനോട് തോളോടുതോൾ ചേർന്ന് നിന്നിട്ട് മുപ്പതുവെള്ളിക്കാശിനെ കെട്ടിപ്പിടിക്കുന്നവരാകല്ലേ പ്രിയപ്പെട്ടവരേ നാം. നാം നല്ല ഭാഗം തിരഞ്ഞെടുക്കാതെ വരുമ്പോൾ പൊള്ളുന്നത് ക്രിസ്തുവിന്റെ നെഞ്ചകമാണ്!!

“(കോട്ടയത്തുള്ള) വടവാതൂർ സെമിനാരി. പ്രായമുള്ളൊരു അച്ചന്റെ പകൽ ബലി. ധൂപമാട്ടിയും, പാട്ടുപാടിയും, പ്രാർത്ഥനചൊല്ലിയും നാനൂറോളം ശെമ്മാച്ചന്മാർ. പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന ഒരു ശബ്ദം. പാതിമയക്കത്തിലായിരുന്നവരൊക്കെ ഞെട്ടിയുണർന്നു. ആരോ വിളിച്ചുകൂവി, “പള്ളിയുടെ മുകളിലേക്ക് വിമാനം വീണതാ.” കേട്ട പാതി, കേൾക്കാത്ത പാതി പടവുകളിറങ്ങി താഴേക്കെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. റിക്ടർ സ്കെയിലിൽ കൂടുതൽ അളവ് രേഖപ്പെടുത്തിയ ഭൂമികുലുക്കമായിരുന്നു. കിതപ്പൊന്നകന്നപ്പോൾ, തമാശകൾ പറഞ്ഞ് ചിരിച്ചു് പടവുകൾ കയറി ചാപ്പലിലെത്തിയപ്പോൾ അതിശയിപ്പിക്കുന്ന ഒരു കാഴ്ച്ച. ബലിയർപ്പിച്ചുകൊണ്ടിരുന്ന വൃദ്ധവൈദികൻ ബലിപീഠത്തിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു. കുട്ടികൾ ചോദിച്ചു, “അച്ചനെന്തേ ഓടാതിരുന്നേ?” സൗമ്യമായ മറുപടി: “ഈ അൾത്താരയെ വിട്ടോടിയാൽ എവിടംവരെ ഓടാനാവും മക്കളേ?” ” (ഫാ. വിബിൻ ചൂതംപറമ്പലിന്റെ “ഞാൻ” എന്ന പുസ്തകത്തിൽ നിന്ന്)

അച്ചൻ നല്ല ഭാഗം തിരഞ്ഞെടുത്തു. ജീവിതത്തിന്റെ സാധാരണതകളിലും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ക്രിസ്തുവാണ് എന്റെ ഭാഗം, എന്റെ എല്ലാം എന്ന മട്ടിൽ ജീവിതം ഇന്ന് വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു.

വിശുദ്ധ മദർ തെരേസ ജീവിതത്തിൽ എപ്പോഴും നല്ല ഭാഗം തിരഞ്ഞെടുത്തവളും, നല്ലഭാഗം തിരഞ്ഞെടുക്കാൻ സഹോദരിമാരെ പഠിപ്പിക്കുകയും ചെയ്തവളുമാണ്. ഒരിക്കൽ പ്രേഷിത പ്രവർത്തനങ്ങളുടെ കൂടുതൽകൊണ്ട് ആകുലപ്പെട്ട് ഒരു സിസ്റ്റർ മദറിനോട് പറഞ്ഞു: “അമ്മേ, ജനങ്ങൾക്കുവേണ്ടി ധാരാളം കാര്യങ്ങൾചെയ്യുവാൻ നമുക്കുണ്ട്. സമയമാണെങ്കിൽ തികയുന്നുമില്ല. അതിനാൽ എന്നുമുള്ള ആരാധനയുടെ സമയം നമുക്കൊന്ന് കുറച്ചാലോ?”അപ്പോൾ മദറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നാം എന്നും നടത്തുന്ന ആരാധന ഇന്ന് മുതൽ കൂടുതൽ സമയം ആക്കാം. കാരണം, ദൈവത്തെക്കൂടാതെ, അവിടുത്തെ ശക്തിയും ചൈതന്യവും ലഭിക്കാതെ എങ്ങനെയാണ് നമുക്ക് ജോലിചെയ്യുവാൻ കഴിയുക?” നല്ല ഭാഗത്തു നിന്നാലേ, ക്രിസ്തുവിനോടൊപ്പം നിന്നാലേ, മറ്റുള്ളവർക്ക് ക്രിസ്തുവിനെ നൽകുവാൻ കഴിയൂ.

കോളേജിൽ ക്രിസ്ത്യൻ മോട്ടിവേഷൻ ക്ലാസ്സിൽ (Christian Motivation Program) ഒരു പെൺകുട്ടി തന്റെ അനുഭവം പങ്കുവച്ചത് ഇങ്ങനെയാണ്: കോളേജിലെ സുഹൃത്തുക്കളോടൊപ്പമുള്ള ജീവിതം വളരെ ഹൃദ്യമായിരുന്നു. വളരെ ത്രില്ലോടെ മുന്നോട്ട് പോകുമ്പോഴാണ് കൂട്ടുകാരികൾ ഒരു മുസ്‌ലിം സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. നല്ല ചെറുപ്പക്കാരനായിരുന്നു അവൻ. അവനും ഞങ്ങളുടെ ഗ്രൂപ്പിൽ കൂടി. കൂട്ടുകാരികൾ എന്നെയും അവനെയും ചേർത്ത് തമാശകൾ പറയാൻ തുടങ്ങി. ഒരിക്കൽ വളരെ സീരിയസ്സായി അവനുവേണ്ടി എന്റെ ഒരു കൂട്ടുകാരി എന്നോട് സംസാരിച്ചു. വിവാഹക്കാര്യമാണ്. ആദ്യം അല്പം ശങ്കിച്ചെങ്കിലും, എവിടെനിന്നോ കിട്ടിയ ധൈര്യം കൊണ്ട് ഞാൻ പറഞ്ഞു: “അവനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ ജീവിതപങ്കാളിയാകാനുള്ള യോഗ്യത അവനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്ന ഒരാളോടൊപ്പം ജീവിതം പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” എനിക്കറിയാം ഇത് പറയാൻ ധൈര്യം തന്നത് പരിശുദ്ധാത്മാവാണ്. അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. ഞാൻ പറഞ്ഞു: സൗമ്യ, നീ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. ഇത് നിന്നിൽ നിന്ന് എടുക്കപ്പെടുകയില്ല.

നല്ല ഭാഗം തിരഞ്ഞെടുക്കാൻ കഴിയാതെ പോകുന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ സങ്കടം. പുരോഹിതനായ എന്റെ ജീവിതം എന്നുപറയുന്നത് ഒരു പാതിയിൽ പവിത്രമായ പുരോഹിത വിചാരങ്ങളുടെ സങ്കീർത്തനം! മറുപാതിയിലാകട്ടെ പ്രലോഭനങ്ങളുടെ പ്രഹേളിക! ഏതു ഭാഗം ഞാൻ തിരഞ്ഞെടുക്കും? ഈശോയെ, നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാൻ അനുഗ്രഹിക്കണമേ. നിങ്ങളുടെയൊക്കെ ജീവിതത്തിലും ഈ യുദ്ധം ഉണ്ടെന്ന് എനിക്കറിയാം. സ്നേഹമുള്ളവരേ, നല്ല ഭാഗം എപ്പോഴും തിരഞ്ഞെടുക്കുവാൻ, അതുവഴി എപ്പോഴും ദൈവകൃപയിൽ ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആരെയും നഷ്ടപ്പെടുത്താതെ അരികിൽ ചേർത്തുനിർത്തുന്ന ക്രിസ്തുവിനെ, ക്രിസ്തുവിന്റെ വിശുദ്ധ കുർബാനയെ കെട്ടിപ്പിടിച്ചുകൊണ്ടാകട്ടെ നമ്മുടെ ജീവിതയാത്ര! ആമേൻ!

SUNDAY SERMON JN 15, 1-8

കൈത്താക്കാലം രണ്ടാം ഞായർ

നിയമാവർത്തനം 28, 1-14

പ്രഭാഷകൻ 10, 19-25

റോമാ 11, 17-24

യോഹ 15, 1-8

വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.

രൂപകകഥയായതുകൊണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, ഓരോ കഥാപാത്രത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട് (Symbolic meaning), അർത്ഥതലങ്ങളുണ്ട്. ഇതിലെ കൃഷിക്കാരൻ പിതാവായ ദൈവമാണ്. മുന്തിരിച്ചെടിയാകട്ടെ ക്രിസ്തുവാണ്. ശാഖകൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന, അവിടുത്തെ ദൈവവും, കർത്താവുമായ ഏറ്റുപറയുന്ന ക്രൈസ്തവരാണ്, നാം ഓരോരുത്തരുമാണ്. ക്രിസ്തുവിനോട് ചേർന്ന് നിൽക്കാത്ത, ക്രിസ്തുവിനെ തള്ളിപ്പറയുന്ന വ്യക്തികളാണ് ഫലംപുറപ്പെടുവിക്കാത്ത ശാഖകൾ. മുന്തിരിച്ചെടിയുടെ ഉപമ ഈ നാല് വ്യക്തികളെ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്; അവരുടെ ബന്ധത്തിന്റെ കഥയാണ് ഓരോ അടരുകളായി ഈശോ പറഞ്ഞുവയ്ക്കുന്നത്. ഒപ്പം, നമ്മുടെ ബന്ധങ്ങളുടെ കഥയും ഈശോ പറയുകയാണ്.  

ഈ രൂപകകഥയിൽ ആദ്യഭാഗത്തുതന്നെ ഈശോ നാല് കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ്. കഥപറയുന്നത് ഇങ്ങനെയാണ്: ഞാനാണ് സാക്ഷാൽ മുന്തിരിച്ചെടി. എന്റെ പിതാവാണ് കൃഷിക്കാരൻ. എന്റെ ശാഖകളിൽ ഫലം തരുന്നതിനെ ഞാൻ കൂടുതൽ കരുതലോടെ കാക്കുന്നു. ഫലം തരാത്തതിനെ നീക്കിക്കളയുന്നു, വെട്ടിക്കളയുന്നു, കത്തിച്ചുകളയുന്നു.

ഇത് ബന്ധങ്ങളുടെ കഥയാണ്. ഒന്നാമത്തേത്, കൃഷിക്കാരനും, മുന്തിരിച്ചെടിയും തമ്മിലുള്ള ബന്ധമാണ്; ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ്. കൃഷിക്കാരന്റെ ആത്മപ്രകാശനമാണ്, ജീവൻ തന്നെയാണ് അയാൾ നട്ടുവളർത്തുന്ന ഓരോ ചെടിയും. കൃഷിക്കാർക്ക് ഈ ആത്മബന്ധത്തിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലാകും. അതുപോലെ, ഈ പ്രപഞ്ചത്തിലെ ബന്ധങ്ങളുടെ ഒരു sterling example ആയിട്ടാണ് ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധം ക്രിസ്തു അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ദൈവവും, ക്രിസ്തുവും തമ്മിലുള്ള ബന്ധം? വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 30 ൽ ഈശോ പറയുന്നു: “ഞാനും പിതാവും ഒന്നാണ്.” ആ ബന്ധത്തിന്റെ ആഴം കാണണമെങ്കിൽ, ആ ബന്ധത്തിന്റെ മഹത്വം മനസ്സിലാകണമെങ്കിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 14, വാക്യം 9 വായിക്കണം. “എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന മുന്തിരിച്ചെടിയുടെ ഉപമയുടെ ആദ്യഭാഗത്തു തന്നെ തികച്ചും പൂർണതയുള്ള, സുന്ദരമായ ഒരു ബന്ധത്തെ ഈശോ ചിത്രീകരിക്കുകയാണ്. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറയുന്നതിൽ കൂടുതലായി, ഇതിൽപ്പരം വ്യക്തമായി എങ്ങനെയാണ് പ്രിയപ്പെട്ടവരേ, മാനുഷിക ഭാഷയിൽ ഒരു ബന്ധത്തെ അവതരിപ്പിക്കുക!!

രണ്ടാമത്തേത്, മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധമാണ്. മുന്തിരിച്ചെടി, ശാഖകൾക്ക് വളരുന്നതിനാവശ്യമായവ കൊടുക്കുവാൻ തയ്യാറായി നിൽക്കുകയാണ്. രണ്ടുതരത്തിലുള്ള ശാഖകളുണ്ട്. ഫലം തരുന്നവയും, ഫലവും തരാത്തവയും. ഫലം തരുന്നവയെ കൂടുതൽ കായ്ക്കുവാനായി വളർത്തുകയും, ഫലം തരാത്തതിനെ മുറിച്ചുകളയുകയും, പിന്നീട് കത്തിച്ചുകളയുകയും ചെയ്യുന്ന രീതിയാണ് മുന്തിരിച്ചെടിയുടെ കർഷകർ പിന്തുടരുന്നത്.  ഒരു ചെടിയും അതിന്റെ ശാഖകളും, ഒരു വൃക്ഷവും അതിന്റെ ശാഖകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് നിങ്ങളോട് ഞാൻ വിവരിക്കേണ്ട ആവശ്യമില്ല. ശാഖകൾ ചെടിയോട്, തായ്ത്തടിയോട് ചേർന്നു നിന്നാൽ മാത്രമേ, വെള്ളവും, വളവും വലിച്ചെടുത്തു് പൂവണിയുവാനും, ഫലങ്ങൾ പുറപ്പെടുവിക്കുവാനും കഴിയൂ.

രൂപകകഥയുടെ പ്രതീകാത്മകമായ അർത്ഥത്തിൽ, ക്രിസ്തുവും ക്രൈസ്തവരും തമ്മിലുള്ള ബന്ധമാണ് ഇവിടെ വിവക്ഷ. ശാഖകൾ മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുന്നതുപോലെ, ഓരോ ക്രൈസ്തവനും ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം മനോഹരമാക്കുവാൻ സാധിക്കൂ. ശാഖകൾക്ക് ജീവനുണ്ടാകുവാനും, ആ ജീവൻ സമൃദ്ധിയായി നല്കുവാനുമാണ് മുന്തിരിച്ചെടിയായ ക്രിസ്തു വന്നിരിക്കുന്നത്. ക്രിസ്തുവിൽ വസിച്ചാൽ മാത്രമേ, നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തുവിൽ വസിക്കുന്നില്ലെങ്കിൽ ഉണങ്ങിയ ശാഖയായി, ജീവിതം വെറും ഭസ്മമായിത്തീരും.

മുന്തിരിച്ചെടിയുടെ രൂപകകഥ ഈ ഭൂമിയിലുള്ള ബന്ധങ്ങളെപ്പറ്റിയാണ് നമ്മോട് സംസാരിക്കുന്നത്. ആത്മീയജീവിയായ മനുഷ്യൻ ദൈവത്തോടും, സാമൂഹ്യജീവിയായ മനുഷ്യൻ പ്രകൃതിയോടും, പ്രകൃതിയിലെ മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഈ ഭൂമിയിലെ നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നാണ് മുന്തിരിച്ചെടിയുടെ കഥ നമ്മോട് പറയുന്ന സാരോപദേശം. ഇതിനെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായി മാത്രം വ്യാഖ്യാനിച്ചു് വികൃതമാക്കരുത് നാം. ചോര ചോരയെ തിരിച്ചറിയുന്നു എന്നൊക്കെയുള്ള അറിവ് വച്ചല്ലേ ദൈവവുമായുള്ള നമ്മുടെ ബന്ധംപോലും നാം മനസ്സിലാക്കുന്നത്!!! ദൈവത്തോടൊപ്പം വസിക്കുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നിന്ന് ജീവനും, ചൈതന്യവും സ്വീകരിക്കുന്നില്ലെങ്കിൽ നാമൊക്കെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചുപോകുമെന്നതിന് പ്രത്യേകിച്ച് ഉദാഹരണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാബേൽഗോപുരംപോലെ ആകാശം മുട്ടേ പടുത്തുയർത്തിയാലും ദൈവമാകുന്ന, ക്രിസ്തുവാകുന്ന പാറമേലല്ലെങ്കിൽ അവയെല്ലാം കടലാസുഗോപുരംപോലെ തകർന്നുവീഴും; ക്രിസ്തുവിനോടൊത്തല്ലെങ്കിൽ നാമെല്ലാവരും ചിതറിക്കപ്പെടും! ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനോഹരമാക്കേണ്ടത് ലൗകിക സമ്പത്തുകൊണ്ടല്ല ഉള്ളിലെ നന്മകൊണ്ടാണ്; ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് ഫെവിക്കുക്കു കൊണ്ടല്ല ഹൃദയത്തിലെ സ്‌നേഹംകൊണ്ടാണ്.

നമ്മുടെ ബന്ധങ്ങളിൽ നാം ഓർക്കേണ്ട ഒരു കാര്യം, ഒരു ബന്ധവും ആകസ്മികമായി സംഭവിക്കുന്നതല്ല എന്നാണ്. ബന്ധങ്ങളെക്കുറിച്ചു് പറയുമ്പോൾ ഈശോ പറയുന്നത് “ദൈവം യോജിപ്പിച്ചത്’ എന്നാണ്. അത് വിവാഹ ബന്ധത്തിന് മാത്രമല്ല, എല്ലാ ബന്ധങ്ങൾക്കും ഇണങ്ങും. ഒരാളുടെ സൗഹൃദങ്ങൾ, ഭാര്യാഭർത്തൃബന്ധങ്ങൾ, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങൾ, സഹോദരീ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം, ജോലിചെയ്യുന്ന സ്ഥാപനവുമായുള്ള ബന്ധം, ഓടിക്കുന്ന വാഹനങ്ങളുമായുള്ള മാനസിക അടുപ്പം, കളിക്കുന്ന പാവക്കുട്ടിയുമായുള്ള കുട്ടിയുടെ അടുപ്പം …എല്ലാ ബന്ധങ്ങൾക്കും ക്രിസ്തുവിന്റെ കണക്കും കരുതലും ഉണ്ട്. ഒരാൾ ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ പൊടിച്ചു എന്നതിൽ ദൈവത്തിന്റെ പരിപാലനവും തീരുമാനവും ഉണ്ട്. മറക്കരുത് ഈ സത്യം!

എന്തിനാണിങ്ങനെ ബന്ധങ്ങൾ ഈ ഭൂമിയിൽ? പ്രപഞ്ചത്തിലെ വളരെ ദുർബലമായ ഒരു കൂട്ടമാണ് മനുഷ്യർ. അങ്ങനെ ദുർബലമായവയ്ക്കുവേണ്ടിയുള്ള സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങൾ. ഭൂമിയിലെ ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടിവരുന്നില്ല. പെറ്റുവീഴുന്ന ഒരു പശുക്കുട്ടി എത്ര പെട്ടെന്നാണ് ചാടിമറിയുന്നത്! മനുഷ്യനോ? ഒന്ന് പിച്ചവയ്ക്കാൻ എത്രയോ നാളുകൾ കാത്തിരിക്കണം! അതും എത്രയോ പേരുടെ സഹായത്താൽ! ബന്ധങ്ങൾക്കുമേൽ ബന്ധങ്ങൾ ഉണ്ടായാലേ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയൂ. ഇത് ശൈശവത്തിന്റെ പ്രശ്നം മാത്രമല്ല. ജീവിതത്തിന്റെ ഓരോ ചുവടിലും ബന്ധങ്ങളിലൂടെയേ മനുഷ്യന് വളരുവാൻ കഴിയൂ.

ഈ ബന്ധങ്ങൾ എങ്ങനെയായിരിക്കണം? മുന്തിരിച്ചെടിയും ശാഖകളും പോലെയായിരിക്കണം. മുന്തിരിച്ചെടിയോട് ചേർന്നുവളരുവാൻ നമുക്കാകണം.

ആരൊക്കെയാണ് ഈ മുന്തിരിച്ചെടികൾ? നാമോരോരുത്തരും ഒരേ സമയം മുന്തിരിച്ചെടികളും ശാഖകളുമാണ്. നിങ്ങൾ ഈ ഭൂമിയിലേതാണെങ്കിൽ തീർച്ചയായും ഏതെങ്കിലും മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കണം. തിരുസ്സഭ, മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, അധ്യാപകർ, രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ എല്ലാവരും മുന്തിരിച്ചെടികളാണ്. അതേസമയം തന്നെ, നാം ശാഖകളുമാണ്. ഒറ്റയ്ക്ക് നമുക്ക് നിലനിൽപ്പില്ല. ചേർന്ന് നിൽക്കുന്നില്ലങ്കിൽ നാം ഉണങ്ങിപ്പോകും. വളവും ജലവും ലഭിക്കില്ല. ഫലം പുറപ്പെടുവിക്കില്ല.

ബന്ധങ്ങൾ പരസ്പരം സഹായിക്കുന്ന, താങ്ങുന്ന, ബലപ്പെടുത്തുന്ന ഊന്നുവടികളാണ്. മുന്തിരിച്ചെടിയെ ശാഖകൾ പരിപോഷിക്കുമ്പോൾ, ശാഖകൾ തായ്ത്തടിയെ ശക്തിപ്പെടുത്തുന്നുണ്ട്. മുന്തിരിച്ചെടി എന്നത് തായ്‌ത്തടിയും ശാഖകളും ചേർന്നതാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഊന്നുവടികളാണ്. നമ്മുടെ ബന്ധങ്ങളും അങ്ങനെത്തന്നെയല്ലേ? ഭർത്താവ് മുന്തിരിച്ചെടിയെങ്കിൽ, ഭാര്യ ശാഖയാണ്. ഭാര്യ മുന്തിരിച്ചെടിയെങ്കിൽ ഭർത്താവ് ശാഖയാണ്. മാതാപിതാക്കളും മക്കളും, പരസ്പരം മുന്തിരിച്ചെടിയും ശാഖകളുമാണ്. ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരുന്നത്. ഫലം പുറപ്പെടുവിക്കുന്നത്.

സ്നേഹമുള്ളവരേ, ഭാര്യയെ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ട്? ഭർത്താവിനെ ഒന്ന് സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കിയിട്ട്? പരസ്പരം ചേർന്നിരുന്നിട്ട്? നമ്മുടെ ബന്ധങ്ങളിൽ പാരസ്പര്യം കുറഞ്ഞു പോയിരിക്കുന്നു. നിലത്തുപാകുന്ന ഗ്രാനൈറ്റ് പാളികളേക്കാൾ നമ്മുടെ ബന്ധങ്ങൾ തണുത്തുപോയിരിക്കുന്നു. ബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞിരിക്കുന്നു. ബന്ധങ്ങൾ വെറും ബാധ്യതയായി മാറിയിരിക്കുന്നു! ബന്ധങ്ങൾക്ക് നാമിന്ന് വിലയിടുകയാണ്. അവയ്ക്കിടയിലുള്ള സ്നേഹത്തെ നാം തൂക്കിനോക്കുകയാണ്. ചിരപരിചയം കൊണ്ടാകാം, നമ്മുടെ ബന്ധങ്ങൾ നമ്മെ ഇന്ന് സന്തോഷിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം വാടിപ്പോകുന്നു. ഫലം പുറപ്പെടുവിക്കാത്ത ശാഖകളായി മാറുന്നു.

എന്താണ് ബന്ധങ്ങളുടെ ധർമ്മം? മുന്തിരിച്ചെടിയും ശാഖകളുമായി നിൽക്കുമ്പോൾ എന്താണ് അനുഷ്ഠിക്കേണ്ട ധർമ്മം? മറ്റൊന്നുമല്ല, കാവലാകുകയാണ് ബന്ധങ്ങളുടെ ധർമ്മം. കൃഷിക്കാരൻ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. വേരുകൾ മുന്തിരിച്ചെടിയ്ക്ക് കാവലാകണം. മുന്തിരിച്ചെടി ശാഖകൾക്ക് കാവലാകണം. ശാഖകൾ പൂവിനും, ഫലങ്ങൾക്കും കാവലാകണം. പൂവുകളും ഫലങ്ങളും വരുംതലമുറയ്ക്ക് കാവലാകണം. നമ്മുടെ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് ഇമവെട്ടാതെ കാവലാകണം.

അതിന് അടുത്താകണമെന്നൊന്നുമില്ല. അകാലങ്ങളിലായാലും നമുണ്ട് ബന്ധങ്ങളെ ശക്തിപ്പെടുത്താനും കാവലാകാനും സാധിക്കും.

അമേരിക്കൻ ജേർണലിസ്റ്റും, എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബെർട്ടിന്റെ (Elizabeth Gilbert) Eat Pray Love എന്നൊരു പുസ്തകമുണ്ട്. ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ തന്നെ ആധ്യാത്മിക അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സൂസൻ ബോവന് ആണ്. എഴുതിയിരിക്കുന്നത് ഇങ്ങനെ: For Susan Bowen – who provided refuge even from 12,000 miles away.  സൂസൻ ബോവന്, പന്തീരായിരം മൈലുകൾക്കപ്പുറത്തുനിന്ന് എനിക്ക് അഭയമായതിന്.

ബന്ധങ്ങൾക്ക് കാവലാകാൻ ദൂരം ഒരു ഘടകമേയല്ല. കാര്യമിതാണ്: നിന്റെ ബന്ധങ്ങൾ കൃഷിക്കാരന്റേതും മുന്തിരിച്ചെടിയുടേതുംപോലെയാണോ? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പോലെയാണോ? മുന്തിരിച്ചെടിക്കോ, ശാഖകൾക്കോ ഒറ്റക്ക് നിലനില്പില്ലെന്ന് ഓർക്കുക. മുന്തിരിച്ചെടിയിൽ നിന്ന് അകന്നുപോകുന്നതൊന്നും, ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതൊന്നും നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ  സംഭവിക്കാതിരിക്കട്ടെ.

സ്നേഹമുള്ളവരേ, നമ്മുടെ ബന്ധങ്ങൾ വളരെ ശാസ്ത്രീയമാകണമെന്നൊന്നുമില്ല. പക്ഷേ, അതൊരിക്കലും യന്ത്രികമാകരുത്. മുന്തിരിച്ചെടിയും നല്ല ശാഖകളുംപോലെ ജൈവികമായിരിക്കണം. നമ്മുടെ ബന്ധങ്ങളിൽ സ്നേഹം നിറക്കേണ്ടതും, ആ ബന്ധങ്ങളിലെ ഊഷ്‌മളത അനുഭവിക്കേണ്ടതും ഇപ്പോഴാണ്. നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ രൂപകകഥയിലൂടെ ഈശോ നമുക്ക് കാണിച്ചുതരുമ്പോൾ അതിനെ

മനസ്സിലാക്കാനും സ്വീകരിക്കുവാനും ഈശോ നമ്മെ അനുഗ്രഹിക്കട്ടെ. 

SUNDAY SERMON MT 10, 1-15

കൈത്താക്കാലം ഒന്നാം ഞായർ

ഉത്പത്തി 35, 23-29

ജോഷ്വാ 4, 1-9

വെളിപാട് 21, 9-21

മത്തായി 10, 1-15

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശ്ലീഹന്മാർ നടത്തിയ സുവിശേഷ പ്രഘോഷണവും, ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ സഭയുടെ വളർച്ചയും വെറും ഭൗതിക വിപ്ലവ മുന്നേറ്റമായിരുന്നില്ല. അത് ക്രിസ്തുവിനാൽ കേന്ദ്രീകൃതമായതും, ക്രിസ്തുവാകുന്ന പാറമേൽ പണിതുയർത്തിയതുമാണ്. അത് ദൈവികമായതുകൊണ്ടും, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടും മതമർദ്ദനങ്ങളെയും, ശീശ്‌മകളെയും, പാഷണ്ഡതകളെയും, യുദ്ധങ്ങളെയും, വിഘടനങ്ങളെയും, വിവാദങ്ങളെയും, വിമതപ്രവർത്തനങ്ങളേയും അതിജീവിച്ചുകൊണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളെ കഴിഞ്ഞുപോയ ഒരു ചരിത്രമായിട്ടല്ല, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദൈവിക, ആധ്യാത്മിക പ്രക്രിയയായിട്ടാണ് നാം വിലയിരുത്തുന്നത്.  

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്‌ തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്.

എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം.  

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.     

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായാത്തതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, കോവിഡനന്തര കാലത്തിന്റെ ബുദ്ധിമുട്ടുകളും, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.

ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.

അത്, നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുട ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ആമേൻ!

SUNDAY SERMON JN 16, 16-20+25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

സംഖ്യ 11, 16-18; 24 -30

1 സാമുവേൽ 16, 14-23

ഗലാ 5, 16-26 

യോഹ 16, 16-20 + 25-26

സന്ദേശം

സീറോമലബാർ സഭയുടെ ആരാധനാക്രമ കലണ്ടറിലെ ശ്ളീഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ക്രിസ്തുവിന്റെ രക്ഷയും, സമാധാനവും, സൗഖ്യവും പ്രഘോഷിക്കുവാൻ, ക്രിസ്തുവിനെ ലോകത്തിന് നൽകുവാൻ ഭൂമിയുടെ അതിർത്തികളോളം സഞ്ചരിച്ച ശ്ലീഹന്മാരെ പഠിക്കുകയാണ് നാം ശ്ളീഹാക്കാലത്തിൽ ചെയ്യുന്നത്.  ശ്ലീഹന്മാരെപ്പോലെ, ക്രിസ്തു ആരെന്നറിഞ്ഞ് ജീവിതത്തിലൂടെ അവിടുത്തെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായത്. ഇന്നത്തെ സുവിശേഷഭാഗവും ക്രിസ്തു ആരെന്ന് നമ്മോട് പറയുന്നുണ്ട്. സുവിശേഷങ്ങളിൽ തെളിയുന്ന ക്രിസ്തുവിന്റെ വ്യക്‌തിത്വ സവിശേഷതകളിൽ ഏറ്റവും ഹൃദയസ്പർശിയായ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ വ്യക്തിത്വമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഇതൾവിരിയുന്നത്. ജീവിതത്തിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ, ദുരിതത്തിന്റെ അന്ധകാരം നിറയുമ്പോൾ ദൈവമേ നീ എവിടെ എന്ന് ചോദിക്കുന്ന മനുഷ്യന്റെ മുൻപിൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന് പറയുന്ന, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരുമെന്ന് പറയുന്ന ദൈവത്തെയാണ്, ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്.   ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പറയുന്നു: വിഷമിക്കേണ്ടാ, ഈ അല്പസമയം കടന്നുപോകും, നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. കാരണം, ഈ ലോകത്തെ ജയിച്ചിരിക്കുന്നവനാണ് നിങ്ങളുടെ ദൈവം! ലോകം അസ്വസ്ഥതകളിലൂടെ കടന്നുപോകുമ്പോൾ, ഓരോ നിമിഷവും നമ്മുടെ ജീവിതം പിരിമുറുക്കങ്ങളിലൂടെ, സാമ്പത്തിക ഞെരുക്കങ്ങളിലൂടെ, പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ വചനത്തിന്റെ പൊരുൾ ഗ്രഹിക്കുവാൻ നമുക്കാകട്ടെ.

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് ആദ്യത്തെ അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് ആദ്യത്തെ അല്പസമയം.

ഇത് ഈശോ പറയുന്ന അന്ധകാരത്തിന്റെ സമയമാണ്. കഷ്ടപ്പാടുകളുടെ സമയമാണ്. കടൽത്തീരത്ത് ഒരാളുടെ കാൽപ്പാടുകൾ മാത്രം കണ്ട കുട്ടി ദൈവത്തോട് ചോദിച്ചതുപോലെ, “എന്റെ വേദനകളുടെ സമയത്ത് ഞാൻ ഒറ്റയ്ക്കായിരുന്നപ്പോൾ, നീ എവിടെയായിരുന്നു” എന്ന് മനുഷ്യൻ ചോദിക്കുന്ന സമയമാണിത്. രണ്ടാമത്തെ അല്പസമയമാകട്ടെ, ആദ്യത്തെ അല്പസമയത്തിലൂടെ കടന്നുപോകുന്ന മനുഷ്യൻ “ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറയുന്ന അല്പസമയമാണ്. ആ നിമിഷം, ആ സമർപ്പണത്തിന്റെ നിമിഷം ആ അല്പസമയം മനുഷ്യൻ വീണ്ടും ദൈവത്തെ അവളുടെ/അവന്റെ ജീവിതത്തിൽ കണ്ടുമുട്ടും. വിശുദ്ധ ആഗസ്തീനോസ് (St. Augustine) പറയുന്നപോലെ, ഈ രണ്ടാമത്തെ അല്പസമയം മുതലാണ് ഒരു വ്യക്തി, തന്റെ ജീവിതത്തെ തികച്ചും പ്രസാദാത്മകമാക്കുന്നത്, തന്റെ ജീവിതത്തെ, ജീവിതത്തിലെ സംഭവങ്ങളെ രക്ഷാകരമാക്കുന്നത്. ഈ രണ്ട് അല്പസമയങ്ങളിലൂടെയുള്ള യാത്രയാണ് മനുഷ്യജീവിതം!

അന്ന് മാത്രമല്ല, ഇന്നും, ക്രിസ്തുവിന്റെ അനുയായികളെന്ന നിലയിൽ, ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കുമ്പോൾ ആവശ്യം കടന്നുവരുന്ന സഹനങ്ങളുടെ വേളയാണ്, ത്യാഗത്തിന്റെ നിമിഷമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ! ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ.  ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ. ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം.

ക്രിസ്തുവിനുവേണ്ടി പ്രസവ വേദന അനുഭവിച്ച ഒരാളെ നിങ്ങൾക്കറിയില്ലേ? അഹന്തയുടെ കുതിരപ്പുറത്തുകയറി ക്രിസ്ത്യാനികളെ കൊന്നൊടുക്കുവാൻ പുറപ്പെട്ട, പിന്നീട്, ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിച്ച ആ ഒരാൾ! വിശുദ്ധ പൗലോശ്ലീഹാ! അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:  “എന്റെ കുഞ്ഞു മക്കളെ, ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു”. (ഗലാ 4, 19) സ്നേഹമുള്ളവരേ, ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67) അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) “ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും പറഞ്ഞ് ദൈവത്തിന്റെ കൃപയുടെ കുടക്കീഴിൽ ആകുന്ന നിമിഷം നമ്മുടെ ദുഃഖം സന്തോഷമായി മാറും. “എല്ലാം ദൈവമേ നിൻ സ്നേഹ പരിപാലന എന്ന് പാടാൻ കഴയുന്ന നിമിഷം, “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” എന്ന് പാടാൻ കഴിയുന്ന നിമിഷം നമ്മുടെ ദുഃഖം സന്തോഷമായി മാറും.

സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളിൽ നമുക്ക് ആശ്വാസം പകരുന്ന ദൈവത്തിന്റെ വചനത്തിനു സ്തുതി പറയാം. അല്പസമയങ്ങളുടെ കരച്ചിലുകളിൽ നിന്ന് ഇതുവരെ നമ്മെ കാത്തുരക്ഷിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാരണം, നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്താകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) മകളേ, മകനേ, നിന്റെ സങ്കടങ്ങളുടെ വേളയിൽ കടൽത്തീരത്ത് നീ കണ്ടത് നിന്റെ കാൽപ്പാടുകളല്ല, നിന്നെ തോളിൽ വഹിച്ചുകൊണ്ട് നടന്ന എന്റെ കാൽപ്പാടുകളാണ്. കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

അല്പസമയങ്ങൾ നമ്മുടെ ജീവിതത്തിന്റെ സ്വഭാവമായിരിക്കുന്നപോലെതന്നെ, ഈ അല്പസമയങ്ങൾക്ക് താങ്ങായി, ഈ അല്പസമയങ്ങളെ അതിജീവിക്കുവാൻ ശക്തിയായി ദൈവം മനുഷ്യന് ഈ പ്രപഞ്ചത്തിൽ ധാരാളം നന്മകളെ ഒരുക്കിയിട്ടുണ്ട്.  നമ്മുടെ ശരീരത്തിലേക്ക് ഒന്ന് നോക്കൂ... “തലയ്ക്കുനേരേ വരുന്ന ഓരോ അടിയും താങ്ങാൻ/ കൈകൾ പേടികൂടാതെ മുന്നോട്ട് വരുന്നു./ മുട്ടൻ തെറിവിളിച്ചശേഷം പേടിയില്ലാതുറങ്ങുന്ന നാവിനെ/ കോട്ടയായി നിന്ന് കാക്കാൻ പല്ലുകൾക്കറിയാം./ സൂര്യന്റെ അമ്പുകൾക്കുനേരെ വലിഞ്ഞടയുന്നതിൽനിന്ന്/ കൺപോളകളെ ആർക്ക് തടയാനാകും./ മുറിവിലൂതുന്നതിന്റെ തളർച്ചയെ/ ചുണ്ടുകൾ പുഞ്ചിരികൊണ്ട് മറയ്ക്കുന്നു./ വഴുക്കുന്ന വലതുകലിന്/ ഇടതുകാൽ താങ്ങാകുന്ന കാലത്തോളം,/ പുറത്തെ ചൊറിപ്പാടിലേക്ക് നീണ്ടെത്താൻ/ വിരലുക ധൃതിപ്പെടുന്ന നിമിഷം വരേയ്ക്കും,/ എല്ലാം മറന്നുള്ള ഉറക്കിനൊപ്പം/ പാവം കൈത്തണ്ടയുമുറങ്ങുന്ന കാഴ്ച്ച അവസാനിക്കാത്ത കാലത്തോളം/ ആർക്ക് പറയാനാകും” നിങ്ങൾക്കാരുമില്ലെന്ന് ? ദൈവം നമ്മെ കാക്കുന്നില്ലെന്ന്?!! വീരാൻകുട്ടി എന്ന കവിയുടെ “നന്ദികെട്ടവരോട്” എന്ന കവിതയിൽ, കവി ജീവിതത്തിന്റെ കഷ്ടതയേറിയ അല്പസമയങ്ങളെ കാക്കുന്ന ദൈവത്തെ ഓർത്തു് എഴുതിയതാകാം ഈ വരികൾ!

സ്നേഹമുള്ളവരേ, ജനിച്ചു വീഴുന്ന കുട്ടികൾ മുതൽ, രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ വരെ ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

സമാപനം

അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്റർ (Roller Coaster) കണ്ടിട്ടില്ലേ? അതിൽ യാത്ര ചെയ്യാത്തവരും ചുരുക്കമായിരിക്കും. അതിൽ കയറുമ്പോൾ തന്നെ നമ്മെ ആ യന്ത്രത്തിൽ സുരക്ഷിതമായി ബന്ധിക്കും. എന്നിട്ട് യന്ത്രം സ്റ്റാർട്ട് ചെയ്യും. നാമതിൽ കറങ്ങാൻ തുടങ്ങും. വേഗത കൂടുന്നതിനനുസരിച്ചു നമ്മിൽ ഭയവും വർധിക്കും. ചിലർ കരയും, കരഞ്ഞു നിലവിളിക്കും, ചിലർ കൂവും, ചിലർ ഈ യന്ത്രം ഒന്ന് നിറു ത്തണേയെന്നു ഉറക്കെ വിളിച്ചു പറയും. ചിലർ മലമൂത്ര വിസർജനം വരെ നടത്തും. എന്നാൽ, യന്ത്രത്തിന്റെ ഓപ്പറേറ്റർ അവിടെ ശാന്തനായി നിൽക്കും. അയാൾക്കറിയാം, ആവശ്യത്തിനുള്ള വേഗതയേ താൻ കൊടുത്തിട്ടുള്ളു എന്ന്. ചിലർക്ക് അത് കൂടുതലായിരിക്കാം. എന്നാൽ, ഒരപകടവും കൂടാതെ എല്ലാവരെയും സംരക്ഷിക്കത്തക്ക സംവിധാനമാണ് അയാൾ ഒരുക്കിയിരിക്കുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, ബുദ്ധിമുട്ടുകളെ, മഹാമാരികളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം. ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. (ജെറമിയ 33, 3) നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും.

നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

ലേവ്യർ 8, 1-13

ഏശയ്യാ 6, 1-8

1 കോറി 1, 26-31

മത്താ 9, 27-38

ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്.

ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്, “ഈശോ ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്ക് കാഴ്ച്ച കിട്ടി” എന്നാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന രംഗമുണ്ട്. അവിടെ സുവിശേഷകൻ പറയുന്നതും ക്രിസ്തുവിന്റെ കരുണയെക്കുറിച്ചാണ്. “അവൻ കരുണ തോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസ്സുണ്ട്. നിനക്ക് ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധിവന്നു.” വിശുദ്ധ മത്തായി ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തെ അവതരിപ്പിക്കുവാനായി അവിടുത്തെ വചനം തന്നെ രേഖപ്പെടുത്തുകയാണ്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും, വിനീത ഹൃദയനുമാണ്.‘ (28) ക്രിസ്തു കരുണാമയനാണ്, കാരുണ്യം മാത്രമാണ്. സമുദ്രത്തിന്റെ ഏത് ഭാഗത്തുനിന്നും എടുക്കുന്ന ജലത്തിന് ഉപ്പുരസം ഉള്ളതുപോലെ, ക്രിസ്തുമുഴുവനും കരുണയാണ്.

ക്രിസ്തുവിന്റെ ദൗത്യമെന്താണ്? ലോകത്തിന്റെ, മനുഷ്യരുടെ, ഈ പ്രപഞ്ചത്തിന്റെ സൗഖ്യം!! മലക്കിയ പ്രവാചകൻ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. ” നിങ്ങൾക്കുവേണ്ടി നീതി സൂര്യൻ ഉദിക്കു. അവന്റെ ചിറകുകളിൽ സൗഖ്യമുണ്ട്.” (4, 2) പുറപ്പാടിന്റെ പുസ്തകത്തിൽ ദൈവ വചനം പറയുന്നു, “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്.” (പുറപ്പാട് 16, 26) ക്രിസ്തു സുഖപ്പെടുത്തുന്ന ദൈവമാണ്.

ക്രിസ്തുവിന്റെ സ്വഭാവവും ദൗത്യവും ഇവയാണെങ്കിൽ, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും, ദൗത്യവും വേറൊന്നാകാൻ സാധ്യമല്ലല്ലോ! ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയമ ഉള്ളവരാകുകയാണ് ക്രൈസ്തവരുടെ സ്വഭാവം. ഈ ലോകത്തെ, ഈ പ്രപഞ്ചത്തെ, എല്ലാ മനുഷ്യരെയും സുഖപ്പെടുത്തുകയാണ് ക്രൈസ്തവരുടെ ദൗത്യം. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇത് തന്നെയാണ്. കരുണയുള്ളവരായിക്കൊണ്ട് ക്രിസ്തുവിന്റെ സൗഖ്യത്തിൽ ജീവിക്കുക, മറ്റുള്ളവർക്ക് ആ സൗഖ്യം പകർന്നുകൊടുക്കുക.

ക്രിസ്തു കരുണയായതുകൊണ്ട്, കരുണ മാത്രമായതുകൊണ്ട്, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവർക്ക് മാത്രമല്ല, ഈശോ തന്റെ സൗഖ്യം നൽകുന്നത്.

സുവിശേഷങ്ങളിൽ ഈശോ രോഗികളെ സുഖപ്പെടുത്തുമ്പോൾ എല്ലാവരിൽ നിന്നും ഈ വിശ്വാസം ആവശ്യപ്പെടുന്നില്ല. ചിലരുടെ അടുത്ത് ഈശോ അവരുടെ വിശ്വാസം ഏറ്റുപറയുവാൻ അവസരമൊരുക്കുന്നുണ്ട്. അന്ധതയുണ്ടായിരുന്നിട്ടും ഈശോയെ അനുഗമിക്കുന്ന, ജനങ്ങളെ തട്ടിയും, മുട്ടിയും ഈശോയെ പിന്തുടരുന്ന രണ്ടു കുരുടന്മാർക്കും ഈശോയിൽ വിശ്വാസമുണ്ടായിരുന്നു. ദാവീദിന്റെ പുത്രാ എന്ന വിളിയിൽ ആ വിശ്വാസം നമുക്ക് സ്പഷ്ടമായി കേൾക്കാം. ഞങ്ങളിൽ കനിയണമേ എന്ന നിലവിളിയിൽ ആ വിശ്വാസം നമുക്ക് തെളിഞ്ഞ് കാണാം. കാഴ്ച്ച കിട്ടിയശേഷം നാടെങ്ങും ഈശോയുടെ കീർത്തി പ്രചരിപ്പിച്ചതിൽ നിന്ന് അവരുടെ വിശ്വാസം നമുക്ക് വായിച്ചെടുക്കാം. ഈശോ അവരുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മറ്റുചിലരുടെ കാര്യത്തിൽ മാതാപിതാക്കളുടെയോ, സ്നേഹിതരുടെയോ വിശ്വാസം കണ്ടുകൊണ്ട് ഈശോ അവരെ സുഖപ്പെടുത്തുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇല്ലാതെ, മനുഷ്യന്റെ വേദന മനസ്സിലാക്കിക്കൊണ്ട് അവളുടെ / അവന്റെ ജീവിതത്തിലേക്ക് ഈശോ തന്റെ കാരുണ്യം ചൊരിഞ്ഞുകൊണ്ട് അവരെ സുഖപ്പെടുത്തുന്നു. ഇന്നത്തെ സുവിശേഷത്തിൽ, രണ്ടു കുരുടന്മാരോട് അവരുടെ വിശ്വാസത്തെപ്പറ്റി അന്വേഷിക്കുമ്പോൾ, ഊമനെ തന്റെ കാരുണ്യത്താൽ ഈശോ സുഖപ്പെടുത്തുകയാണ്.

Cumpassio എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് compassion എന്ന English വാക്കുണ്ടായത്. Cumpassio എന്ന വാക്കിന്റെ അർത്ഥം co-suffering ഒത്ത് സഹിക്കുക എന്നാണ്. ഈ മനോഭാവം ഉൾക്കൊള്ളുന്ന അർത്ഥമാണ് മലയാളഭാഷയിൽ നാം ഉപയോഗിക്കുന്ന കരുണ, ദയ, അനുകമ്പ തുടങ്ങിയ വാക്കുകൾക്കുള്ളത്. ദലൈലാമയുടെ പുസ്തകത്തിന്റെ English പരിഭാഷകൻ തുപ്റ്റെൻ ജിൻപാ (Thupten Jinpa) Compassion നെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

“കരുണ എന്നത് മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ ഉത്കണ്ഠയുള്ള, കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാൻ ആഗ്രഹമുള്ള, അവരുടെ കഷ്ടപ്പാടുകൾ നീങ്ങുന്നതുവരെ അവരോടൊത്ത് നിൽക്കുവാനുള്ള ഒരു മാനസികാവസ്ഥയാണ്.”

കരുണയ്ക്ക് മൂന്ന് തലങ്ങളുണ്ട്:

ഒന്ന്, അറിവിന്റെ തലം. ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് “എനിക്ക് നിന്നെ മനസിലാക്കുവാൻ, അറിയാൻ സാധിക്കുന്നുണ്ട്” എന്ന് പറയുവാൻ കഴിയുന്ന മനസികാവസ്ഥയാണത്.

രണ്ട്, സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തലം. എനിക്ക് നിന്നെ മനസ്സിലാക്കുവാൻ മാത്രമല്ല, എനിക്ക് നിന്നോടൊത്ത് വിഷമിക്കുവാനുമാകും എന്ന അവസ്ഥ.

മൂന്ന്, ബോധ്യപ്പെടുത്തലിന്റെ തലം. നിന്റെ ഈ വിഷമത്തിനകത്തുനിന്ന് പുറത്തുകടക്കാൻ നിന്റെകൂടെ ഞാനുമുണ്ടാകുമെന്ന് വേദനിക്കുന്ന വ്യക്തിയെ ബോധ്യപ്പെടുത്തുന്ന, അവളുടെ /അവന്റെ വേദന ഇല്ലാതാക്കിയെടുക്കുന്ന അവസ്ഥ.  അവസ്ഥ.

കരുണയുടെ ഈ മൂന്നുതലങ്ങളും ഒരുമിച്ചു ചേർന്നിരിക്കുകയാണ് ക്രിസ്തുവിൽ. ഈശോയ്ക്ക് എല്ലാവരെയും അറിയാം. നിങ്ങളെയും എന്നെയും ഈശോയ്ക്കറിയാം. ആരോടും പറയുവാൻ സാധിക്കാതെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന നമ്മുടെ സങ്കടങ്ങളോടൊപ്പം, ആഗ്രഹങ്ങളോടൊപ്പം ഈശോയ്ക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതവുമായി താദാത്മ്യപെട്ട്  നിൽക്കുന്നവനാണ് ഈശോ. ലാസറിന്റെ മരണത്തിൽ ലാസറിന്റെ സഹോദരിമാരോടൊത്ത് കരഞ്ഞവനാണ് ഈശോ. തോമാശ്ലീഹായുടെ മനസ്സിന്റെ വേദനയറിഞ്ഞവനാണ് ഈശോ. മഗ്ദലേനയിലെ മറിയത്തിന്റെ ഹൃദയത്തിനുള്ളിൽ നന്മ കണ്ടെത്തിയവനാണ് ഈശോ. നമ്മോടൊത്തു ചിരിക്കാനും, കരയാനും, വേവലാതിപ്പെടാനും കഴിയുന്നവനാണ് ഈശോ. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവനാണ് ഈശോ. കരുണ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു വൃക്ഷമായി ഈശോ മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ തത്ക്ഷണം അവളുടെ/അവന്റെ ബന്ധങ്ങൾ അഴിയുകയാണ്; കണ്ണുകൾ തുറക്കപ്പെടുകയാണ്; സംസാരശക്തി വീണ്ടുകിട്ടുകയാണ്. വചനം പറയുന്നത് കേൾക്കുക: “തത്ക്ഷണം അവൻ സുഖപ്പെട്ടു.”

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമാകേണ്ടവളാണ്/ ആൾരൂപമാകേണ്ടവനാണ്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾ രൂപങ്ങളായി ക്രൈസ്തവർ ഈ ലോകത്തിലൂടെ നടക്കുമ്പോൾ, സഞ്ചരിക്കുമ്പോൾ ഈ ലോകം സൗഖ്യം പ്രാപിക്കും. ഇതാണ് നമ്മുടെ പ്രാർത്ഥന: “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ.”

എന്നാൽ, ഇങ്ങനെ പ്രാർത്ഥിച്ചു് ലോകത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഓടിച്ചുകളയുന്നതുകണ്ട്‌ ഞെട്ടുകയാണ് നാമിന്ന്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ ദീപിക ദിനപത്രത്തിന്റെ അവസാന പേജിൽ ഒരു വാർത്തയുണ്ടായിരുന്നു. വാർത്ത വായിച്ചു് ഞാൻ ശരിക്കും ഞെട്ടിപ്പോയി. “മദർ തെരേസായുടെ സന്യാസിനിമാർ പുറത്താക്കി നിക്കരാഗ്വ.” ഒപ്പം, നിക്കരാഗ്വയിൽ നിന്ന് അയൽരാജ്യമായ കോസ്റ്റാറിക്കയിലേക്ക് നടന്നു നീങ്ങുന്ന സന്യാസിനിമാരുടെ ചിത്രവും കൊടുത്തിരുന്നു. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാർ 1988 മുതൽ നിക്കരാഗ്വയിൽ പ്രവർത്തിക്കുന്നതാണ്. കുട്ടികൾക്കുള്ള നഴ്സറിയും, സ്ത്രീകൾക്കായുള്ള അഭയ കേന്ദ്രവും നഴ്‌സിംഗ് ഹോമും അവർ നടത്തിയിരുന്നു. ക്രിസ്തുവിന്റെ കരുണയിലൂടെ നിക്കരാഗ്വയെ സൗഖ്യപ്പെടുത്തിയിരുന്ന സന്യാസിനിമാരെയാണ് നിക്കരാഗ്വയിലെ പ്രസിഡണ്ട് ഡാനിയേൽ ഒർട്ടേഗയുടെ സർക്കാർ ആട്ടിയോടിച്ചത്. നന്മയെ, കരുണയെ  മനസ്സിലാക്കാൻ സാധിക്കാത്ത ആധുനിക ലോകത്തിന്റെ ഒരു പരിച്ഛേദമാണ് നിക്കരാഗ്വ.

നിക്കരാഗ്വ മാത്രമല്ല, നമ്മുടെ ഭാരതവും ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ മാവോയിസ്റ്റുകൾ എന്നൊക്കെ മുദ്രകുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമായിക്കൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ച, ജീവിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണവാർഷികമായിരുന്നു ജൂലൈ 5. ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ, ഭാരതത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഇല്ലാതാക്കുമ്പോൾ നഷ്ടപ്പെടുന്നത് ലോകത്തിന്റെ മനുഷ്യന്റെ സൗഖ്യമാണെന്ന് ലോകം മറന്നുപോകുന്നു.

ഗവൺമെന്റ് ആദ്യം ചോദിച്ചത് കത്തോലിക്കരേ, എവിടെനിന്നാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്? അപ്പോൾ ലോകം വിചാരിച്ചു, ശരിയല്ലേ. സമ്പത്ത് കൊണ്ട് ക്രൈസ്തവർ എന്ത് ചെയ്യുന്നു എന്ന് ആരും ചോദിച്ചില്ല. പിന്നെ, സർക്കാർ, കത്തോലിക്കരുടെ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടുവാൻ തുടങ്ങി. അപ്പോൾ ലോകം പറഞ്ഞു സുതാര്യത നല്ലതല്ലേ. ഒർട്ടേഗയുടെ മനസ്സിലിരിപ്പിനെക്കുറിച്ചു് ആരും ചിന്തിച്ചില്ല. പിന്നെ, ക്രൈസ്തവരുടെ പ്രവൃത്തികളെക്കുറിച്ചായി ചോദ്യങ്ങൾ. അവിടെയും ലോകം ഒർട്ടേഗയുടെ കൂടെ നിന്നു. അങ്ങനെ പതുക്കെ, പതുക്കെ ഒർട്ടേഗ തന്റെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവമുക്ത നിക്കരാഗ്വ നിർമിച്ചുകൊണ്ടിരിക്കുന്നു. സ്നേഹമുള്ളവരേ, നമ്മുടെ ഇന്ത്യയും ഈ ഒരു ദിശയിലൂടെയല്ലേ നീങ്ങിക്കൊണ്ടിരിക്കുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം തുടച്ചു നീക്കുവാൻ, ഇന്ത്യയെ  സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആളുകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ചരിത്രം പറയുന്നു.

മനുഷ്യൻ മനുഷ്യനോട്, പ്രകൃതിയോട് കരുണകാണിക്കാത്ത കാലങ്ങളിൽ സംഭവിച്ചതൊക്കെ മനുഷ്യൻ മറക്കുകയാണ്. രണ്ടാം ലോകമഹായുദ്ധവും, ഹിറ്റ്ലറിൻറെ ഫാസിസ്റ്റ് രീതികളും, യഹൂദരെ ഇല്ലാതാക്കുവാൻ നടത്തിയ വംശഹത്യയുമൊക്കെ ക്രിസ്തുവിന്റെ കാരുണ്യം ലവലേശംപോലും ഇല്ലാത്ത വ്യക്തികളുടെ കിരാത നൃത്തമായിരുന്നു. അവർ ലോകത്തെ സുഖപ്പെടുത്തുകയല്ല, ലോകത്തെ കൂടുതൽ കൂടുതൽ മുറിപ്പെടുത്തുകയായിരുന്നു.

ഹങ്കേറിയൻ നോവലിസ്റ്റ് എലീ വീസലിന്റെ (Elie Wiesel) നൈറ്റ് (Night) എന്ന നോവൽ വായിച്ചാൽ കഴിഞ്ഞ തലമുറയുടെ ക്രൂരമുഖം നമുക്ക് മനസ്സിലാകും. ലക്ഷക്കണക്കിന് ജൂതരുടെ എഴുതപ്പെടാത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരമാണ് ഈ നോവൽ. എലീ വീസൽ പറയുന്നത് കേൾക്കൂ..”മനുഷ്യർ മനുഷ്യരോട് ചെയ്തത് എന്തെന്ന് ഓർത്തുവെയ്ക്കാൻ നാം തയ്യാറാണെങ്കിൽ, നാളെ മറ്റു ദുരന്തങ്ങൾ തടയാൻ നമുക്ക് സാധിച്ചേക്കും.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം, സുവിശേഷ സന്ദേശം നമുക്കൊരു വെല്ലുവിളിയാണ്. മനുഷ്യൻ മനുഷ്യനിലെ മൃഗീയത കൂടുതലായി പുറത്തുകൊണ്ടു വരുന്ന ഒരു കാലഘട്ടമായി വർത്തമാനകാലത്തെ കരുതാൻ താത്പര്യമില്ലെങ്കിലും, ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ അതിന് അടിവരയിടുകയല്ലേ? എന്തെന്ത് ക്രൂരതകളാണ്, കുടുംബങ്ങളിലും, സമൂഹങ്ങളിലും, ആത്മീയ ഇടങ്ങളിലും നടമാടുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖമുള്ളവർ കുറയുന്നു ഇവിടെ. കരുണ വറ്റിയ കണ്ണുകളുള്ള, ഹൃദയമുള്ള ആളുകൾ കൂടിവരുന്നു. ക്രിസ്തുവിന്റെ കരുണയുടെ ലോകത്തെ സുഖപ്പെടുത്തുന്നവർ കുറഞ്ഞു വരുന്നു.

എഴുന്നേൽക്കുവിൻ, ഉണരുവിൻ! ക്രിസ്തുവിനെ, അവിടുത്തെ കരുണയെ അവിടുത്തെ സൗഖ്യത്തെ ലോകത്തിന് നൽകുവാൻ തയ്യാറകുവിൻ! ആമേൻ!

SUNDAY SERMON JN, 11, 1-16

ശ്ളീഹാക്കാലം അഞ്ചാം ഞായർ

ജൂലൈ 3

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

സന്ദേശം

ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ 1950 ആം രക്ത സാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തിലാണ്, നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത ധീരത സ്വന്തമാക്കുവാൻ, ആ ധീരതയോടെ ക്രിസ്തുവിനായി ജീവിക്കുവാൻ ഇന്നത്തെ ദുക്റാന തിരുനാൾ നമ്മെ ക്ഷണിക്കുകയാണ്; വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസ ദീപം കരിന്തിരി കത്താതെ, ഉജ്ജ്വലമായി ആളിക്കത്തിച്ചുകൊണ്ട് വരും തലമുറയ്ക്ക് കൈമാറുവാൻ ഭാരത സഭാമക്കളേ മുന്നോട്ടുവരുവിൻ എന്ന് ഇന്നത്തെ തിരുനാൾ നമ്മോട് ആഹ്വാനംചെയ്യുകയാണ്. ഈ ക്ഷണത്തിന്റെ, ആഹ്വാനത്തിന്റെ പ്രാധാന്യവും, പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് ദുക്റാന തിരുനാളിന്റെ സന്ദേശം നമുക്ക് ശ്രവിക്കാം.

വ്യാഖ്യാനം

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം വാർഷികം നാം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം. കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നീതിന്യായ കോടതികൾ ഈ സത്യം സമ്മതിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങളെ „നിർഭാഗ്യകര“മെന്നാണ് കഴിഞ്ഞ ജൂൺ 26 ന് ഭാരതത്തിന്റെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. നമ്മുടെ രാജ്യത്ത് ക്രൈസ്തവർക്കും, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും, വൈദികർക്കും, സന്യസ്തർക്കുമെതിരെ ഓരോ മാസവും 45 മുതൽ 50 വരെ അക്രമാസക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നാണ് സുപ്രീംകോടതിയിൽ പറഞ്ഞത്.  ഹിന്ദു തീവ്രവാദ സംഘടനകളും, മുസ്‌ലിം തീവ്രവാദ സംഘടനകളും രാജ്യത്തുടനീളം ക്രൈസ്തവർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ട്. വർധിച്ചു വരുന്ന വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ രൂപതകൾ സംസ്ഥാനവ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. ക്രൈസ്തവർ നേരിടുന്ന ഭീഷണികളെ ചെറുക്കുക എന്നതാണ് ഇത്തരം സമിതികളുടെ ലക്‌ഷ്യം. 

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഈ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച  ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ (Crystals) രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ? ഇന്നത്തെ സുവിശേഷമൊന്ന് ശ്രദ്ധിക്കൂ….

തന്റെ സ്നേഹിതനായ ലാസർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ശിഷ്യരോട് നമുക്ക് യൂദയായിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ശിഷ്യന്മാർ ഞെട്ടുകയാണ്. ഈശോ പറഞ്ഞതിലെ അപകടം അവർക്ക് പെട്ടെന്ന് മനസ്സിലായി. തങ്ങളുടെ അവസാനമാണ് യൂദായിലേക്കുള്ള യാത്ര! അവർ അവിടെ അവരുടെ മരണം മണത്തറിഞ്ഞു. „ഈശോയേ, അവർ നിന്നെ കല്ലെറിഞ്ഞു കൊല്ലും“ ചില ശിഷ്യന്മാർ അവനെ പേടിപ്പിക്കുവാൻ നോക്കി. “ഗുരുവേ, നിയമജ്ഞർ നിനക്കെതിരെ കേസ് കൊടുക്കും”, എന്നായി മറ്റു ചില ശിഷ്യന്മാർ. പക്ഷേ, ഈശോ യൂദായിലേക്ക് പോകാൻ തയ്യാറായിത്തന്നെ നിന്നു. ഇവയൊന്നും ഫലിക്കാതെ വന്നപ്പോൾ പല ന്യായങ്ങളും അവർ പറഞ്ഞിട്ടുണ്ടാകും. കാരണം, ശിഷ്യത്വം എന്ന് പറയുന്നത് ഗുരുവിനോടൊപ്പമുള്ള, ഗുരുവിനുവേണ്ടിയുള്ള ജീവിതമാണെന്ന് അവർ മനസ്സിലാക്കിയില്ല. അവർക്ക് അവരുടെ ജീവിതമായിരുന്നു വലുത്.

സ്വന്തം ജീവിതം വച്ച് കളിയ്ക്കാൻ അവർ ആഗ്രഹിച്ചില്ല. എന്നാൽ, ദീദിമോസ്എന്ന തോമസ്, ഒരു ശിഷ്യൻ ആരെന്ന ഉറച്ച ബോധ്യത്തോടെ, ഉത്തമനായ, ധൈര്യവാനായ ഒരു ശിഷ്യനുമാത്രം പറയാൻ പറ്റുന്ന ചങ്കൂറ്റത്തോടെ പറഞ്ഞു: “അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം!” ക്രിസ്തു ദീദിമോസിനെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു കാണണം!!!

തോമാശ്ലീഹാ ഈശോയുടെ ശിഷ്യനായ രംഗം വളരെ മനോഹരമായി വിവരിക്കുന്നുണ്ട് മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യന്റെ സ്നേഹഗീത” എന്ന പുസ്തകത്തിൽ.

“ഈശോയോടൊപ്പം ചേരണമെന്നാഗ്രഹിച്ചു് നിറഞ്ഞ മനസ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെ ക്കുറിച്ചുള്ള ചിന്ത ഉളവാക്കി. ശുഷ്യനാകുവാൻ താൻ അയോഗ്യനാണെന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ. നിന്റെ സമീപം നിൽക്കുവാൻ പോലും ഞാൻ അയോഗ്യൻ” എന്ന് പറഞ്ഞു തോമസ് യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ പോകുന്നതിനുമുമ്പ്, “ഞാൻ വീണ്ടും വരുമ്പോൾ നീ എന്നെ വന്നു കാണണം” എന്നും, ” ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കും ” എന്നും ഈശോ അവനോട് പറഞ്ഞു. അയാൾ തിരികെ വരുമെന്ന് ഈശോയ്ക്കറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം, അയാൾ വരികയും ചെയ്തു. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ട് പറഞ്ഞു: “നീ വരുന്നതുവരെ കാത്തിരിക്കുവാൻ വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ ചെയ്തവനാണ്. എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്.  നിറയെ സ്നേഹമുണ്ട്.” അതായിരുന്നു ഈശോയ്ക്ക് വേണ്ടതും. തോമയുടെ തലയിൽ കൈകൾ വച്ച് അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ദീദിമൂസ് നീ ഇന്നുമുതൽ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നുമുതൽ നീ എന്റെ ശിഷ്യനാണ്.” അന്നുമുതൽ തോമ ഈശോയുടെ ശിഷ്യനായി.”

സ്നേഹമുള്ളവരേ, ഹൃദയം നിറയേ സ്നേഹം ഉണ്ടെങ്കിലേ ഈശോയുടെ ശിഷ്യനാകുവാൻ കഴിയൂ. നമ്മുടെ അയോഗ്യതയല്ല, ബലഹീനതയല്ല ശിഷ്യത്വത്തെ ദൈവാനുഗ്രഹപ്രദമാക്കുന്നത്. നമ്മുടെ സ്നേഹവും, ത്യാഗവും, ആഗ്രഹവും ഒത്തുചേരുമ്പോൾ മാനുഷികമായ ആകുലതകൾ, ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ചാലുകളായി മാറും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്ക് നാം ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയും. തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കാൻ നമുക്ക് കഴിയണം. “ഗുരുവില്ലാത്ത ജീവിതത്തേക്കാൾ നല്ലത് ഗുരുവിനോടൊത്തുള്ള, ഗുരുവിനുവേണ്ടിയുള്ള മരണമാണ് എന്ന് ബോധ്യമുണ്ടായിരുന്നവനാണ് തോമാശ്ലീഹാ. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങൾക്ക് ഇല്ലാതെ പോയിരിക്കുന്നതും അത് തന്നെയാണ്.

മറ്റൊന്ന്, തോമാശ്ലീഹായുടെ ഈശോയെക്കുറിച്ചുള്ള അറിവാണ്. അന്നുവരെ, മനുഷ്യർ ഗുരുക്കന്മാരെ കണ്ടിരുന്നത് സത്യത്തിലേക്കുള്ള, ജ്ഞാനത്തിലേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവമനുഷ്യരായിട്ടാണ്. ഭാരതത്തിലും അങ്ങനെത്തന്നെയായിരുന്നു ഗുരുക്കന്മാരെ കണ്ടിരുന്നത്. ഗുരു വഴികാണിക്കുന്നവനാണ്; വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് എന്ന ശക്തമായ പാരമ്പര്യം ഇപ്പോഴും നമുക്ക് ഉണ്ട്. സംസ്കൃതത്തിൽ പറയുന്നത്, ഗു ശബ്ദം അന്ധകാരം. രു ശബ്ദം തത് നിരോധകം എന്നാണ്.  എന്നുവച്ചാൽ, അന്ധകാരത്തെ മാറ്റി വെളിച്ചം നൽകുന്നവൻ ആരോ, അവനാണ് ഗുരു. തോമസും അങ്ങനെത്തന്നെയാണ് വിചാരിച്ചിരുന്നത്. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്, “വഴി ഞങ്ങൾ എങ്ങനെ അറിയും. ഞങ്ങൾക്ക് വഴി കാണിച്ചു താ.” അപ്പോഴാണ് അയാൾ അറിയുന്നത് ക്രിസ്തു വഴി കാണിച്ചു തരുന്നവൻ മാത്രമല്ല. അവിടുന്ന് വഴി തന്നെയാണ്. സത്യം പറയുന്നവൻ മാത്രമല്ല, സത്യം തന്നെയാണ്. ജീവൻ നൽകുന്നവൻ മാത്രമല്ല, ജീവൻ തന്നെയാണ്.  അപ്പം നൽകുന്നവൻ മാത്രമല്ല, അപ്പം തന്നെയാണ്. സൗഖ്യം നൽകുന്നവൻ മാത്രമല്ല, സൗഖ്യം തന്നെയാണ്. പ്രകാശം കാണിക്കുന്നവൻ മാത്രമല്ല, പ്രകാശം തന്നെയാണ്.

അന്നുവരെ ഉണ്ടായിരുന്ന ഗുരു സങ്കല്പങ്ങളെല്ലാം ക്രിസ്തുവിൽ മാറി മറിയുകയാണ്. അന്നുവരെയുണ്ടായിരുന്ന ഗുരു സങ്കല്പങ്ങളുടെയെല്ലാം പൂർത്തീകരണമാകുകയാണ്ക്രിസ്തു.

തോമസിൽ രൂപാന്തരം സംഭവിക്കുകയാണ്. അപ്പോൾ മുതൽ അയാൾ കാണുന്ന വഴികളെല്ലാം ക്രിസ്തുവായി മാറി. അയാൾ കേൾക്കുന്ന, കാണുന്ന സത്യമെല്ലാം ക്രിസ്തുവായി മാറി. അയാൾ കാണുന്ന ജീവനെല്ലാം, ജീവനുള്ളതെല്ലാം എന്തായി മാറി അയാൾക്ക്? ക്രിസ്തുവായി മാറി. അതാ, ജറുസലേമിലെ വഴിയും, ഇങ്ങു ഭാരതത്തിലെ വഴിയും അയാൾക്ക് സമം. എല്ലാം ക്രിസ്തുവാണ്. ജെറുസലേമിലുള്ളതും, ജെറുസലേമിലുള്ളവരും, ഭാരതത്തിലുള്ളതും, ഭാരതത്തിലുള്ളവരും അയാൾക്ക്‌ സമം. എല്ലാം ക്രിസ്തുവാണ്. അങ്ങനെയാണ് അയാളിൽ ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെട്ടത്. അങ്ങനെയാണ് നമ്മിൽ ഒരു ക്രൈസ്തവ, ക്രൈസ്തവൻ, ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെടേണ്ടത്, പിറവിയെടുക്കേണ്ടത്. സ്നേഹമുള്ളവരേ, നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസ വ്യക്തിത്വം എത്രയോ ധന്യമാണ്! എത്രയോ മഹനീയമാണ്!

ഭാരതത്തിൽ ഇന്ന് ക്രൈസ്തവർ ധാരാളം പീഡനം അനുഭവിക്കുന്നുണ്ട്. ശരിയായിരിക്കാം, നമുക്കത് അനുഭവപ്പെടുന്നില്ല. ഇവിടെ നാം സുരക്ഷിതരായിരിക്കാം. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തു് വായിച്ചാൽ മനസ്സിലാകും, ഈ സുരക്ഷിതത്വത്തിന് ആയുസ്സ് കുറവാണ്. തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം ജീവിക്കുവാനും, ഏറ്റുപറയുവാനും സാധിക്കാത്തത്ര ബുദ്ധിമുട്ടുകൾ നേരിടുന്ന കാലം വിദൂരമല്ല. തോമാശ്ലീഹായെപ്പോലെ നാം ധൈര്യമുള്ളവരാകണം. ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ താത്പര്യമുള്ളവരാകണം. ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിഡ്ഢികളാകാതെ പരസ്പരം സഹായിച്ചും, സഹകരിച്ചും ക്രൈസ്തവജീവിതങ്ങളെ നിർമ്മലമാക്കിയും നാം മുന്നേറേണ്ടിയിരിക്കുന്നു. സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി നിലകൊള്ളാതെ, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

സമാപനം

സ്നേഹമുള്ളവരേ, ഈ ജൂലൈ മൂന്ന് നമുക്കൊരു പ്രത്യേക ദിവസമാകട്ടെ. നമ്മുടെ ക്രൈസ്തവ ജീവിതം സമഗ്രമായ ഒരു ചിന്താമാറ്റത്തിന് വിധേയമാകട്ടെ. അതിന് തോമാശ്ലീഹായുടെ വ്യക്തിത്വം നമുക്ക് പ്രചോദനം നല്കട്ടെ. വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസദീപം ഇന്നും ജ്വലിച്ചു നിൽക്കുന്നപോലെ, കൂടുതൽ ശോഭയോടെ പ്രോജ്വലിച്ചു നിൽക്കുവാൻ നാം തോമാശ്ലീഹായിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാര്യങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന സ്കൂൾ ആണ് വിശുദ്ധ തോമാശ്ലീഹാ. തോമാശ്ലീഹാ ചൊല്ലിത്തരുന്ന പാഠങ്ങൾ ഇവയാണ്: പാഠം ഒന്ന്, ഹൃദയം നിറയെ ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടായിരിക്കണം. പാഠം രണ്ട്, ക്രിസ്തു ആരെന്ന് വ്യക്തമായി അറിയണം. പാഠം മൂന്ന്, ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയണം. പാഠം നാല്, പ്രേഷിത ധൈര്യത്തോടെ ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകണം.

ഈ നാല് പാഠങ്ങളിലും Full A+ ഉണ്ടെങ്കിൽ നമ്മുടെ ക്രൈസ്തവ ജീവിതം മനോഹരമാകും. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവാനുഗ്രഹം നിറഞ്ഞതാകും. നമ്മുടെ കുടുംബവും, കുടുംബത്തിലുള്ളവരും ക്രിസ്തുവാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ ജീവനിലൂടെ നടക്കും. വിശുദ്ധ തോമാശ്ലീഹായെപ്പോലെ നമുക്ക്, നമ്മുടെ കുടുംബത്തിന്, ഈ ലോകത്തിന് നാം ഒരു അനുഗ്രഹമാകും.

ഓർക്കുക, ഭാരതസഭയും, ക്രൈസ്തവരും അവരുടെ പ്രേഷിത ധീരത വീണ്ടെടുക്കുന്നില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ ഭാരത ക്രൈസ്തവർക്ക്, കേരള ക്രൈസ്തവർക്ക് പിടിച്ചു നില്ക്കാൻ ഒന്നുമില്ലാതെയായിത്തീരും. ആമേൻ!

SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

പുറപ്പാട് 20, 1-17

റോമാ 10, 5-15

യോഹ 6, 60-69

ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച്ചത്തെ സുവിശേഷ വിചിന്തനം അല്പം രാഷ്ട്രീയംകൊണ്ട് തുടങ്ങാം. പറയാൻ പോകുന്നത് മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകത്തെക്കുറിച്ചാണ്. ഭൂരിപക്ഷമുണ്ടായിരുന്ന മഹാസഖ്യത്തിലെ മുഖ്യമന്ത്രിയുടെ പാർട്ടിയിലെ കുറച്ചു എംഎൽഎ മാർ പാർട്ടി വിട്ടുപോയിരിക്കുന്നു! തങ്ങളുടെ രാഷ്ട്രീയപാർട്ടി അതിന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു എന്നാണ് അവർ പറയുന്ന ന്യായം. എന്തായാലും, നേതാവിനെയും നിലപാടുകളെയും തള്ളിപ്പറഞ്ഞു അവർ പുതിയ വഴികൾ, സഖ്യങ്ങൾ തേടുന്നു. ഒരു പഴയകാല ചരിത്രം പൊടിതട്ടിയെടുത്താൽ, അതിന്റെ കഥയും നേതാവിനെ ഉപേക്ഷിക്കുന്ന അണികളുടേതാണ്. റോമാ സാമ്രാജ്യത്തിലെ ജൂലിയസ് സീസറിന്റെ രാഷ്ട്രീയജീവിതം അവസാനിക്കുന്നത് അങ്ങനെയാണ്. സീസറിന്റെ സുഹൃത്തുക്കളും, അനുയായികളുമായി ബ്രൂട്ടസും കൂട്ടരും അദ്ദേഹത്തെ ചതിയിൽ കൊലപ്പെടുത്തിക്കൊണ്ടുതന്നെ സീസറിനെ വിട്ടുപോകുകയാണ്.   യൂദാസിനാൽ ഒറ്റിക്കൊടുക്കപ്പെട്ടശേഷം അറസ്റ്റ് ചെയ്യപ്പെട്ട്, കാൽവരിയിലേക്ക് ഈശോനടന്നപ്പോൾ വചനം പറയുന്നത്, അവന്റെ ശിഷ്യന്മാർ അവനെവിട്ട് ഓടിപ്പോയി എന്നാണ്.  അവിടെയും കാരണം അധികാരം തന്നെയായിരുന്നു.

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Thread ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‚നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ ” എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ ..പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!!നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.   

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തു, ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്. നിർമലമായ വിശുദ്ധ മായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!

SUNDAY SERMON LK 9, 1-6

ശ്ലീഹാക്കാലം മൂന്നാം ഞായർ

പുറപ്പാട് 23, 20-26

യോനാ 4, 1-11

റോമാ 15, 14-21

ലൂക്കാ 9, 1-6

സന്ദേശം

ഭാരതം, പ്രത്യേകിച്ച് കേരളം രാഷ്ട്രീയമായും, മതപരമായും അസ്വസ്ഥമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരാഴ്ചയാണ് നമുക്ക് പിന്നിലുള്ളത്.  ഈനാട് ഇനിയെങ്കിലും ഉണരുമോയെന്ന് സിനിമാപ്പേരുകൾ വച്ച് ചോദിക്കാത്തവരായോ, അങ്ങനെ ചിന്തിക്കാത്തവരായോ ആരും ഇവിടെ ഉണ്ടാകില്ലെന്ന് തോന്നുന്നു. അത്രയ്ക്കും വിചിത്രമായ കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്. ഈനാട് ഇനിയെങ്കിലും ഉണരുമോയെന്ന ചോദ്യത്തിന്, ചിന്തയ്ക്ക് ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ഇന്ന് ശ്ളീഹാക്കാലം മൂന്നാം ഞായറാഴ്ച്ച വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചുകൂടുമ്പോൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സുവിശേഷഭാഗത്തിലൂടെ എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ, അവിടെയൊക്കെ നന്മ വിതയ്ക്കുന്നവരാണ് ക്രൈസ്തവർ എന്നുള്ള ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ്. അതിനിടയ്ക്കാകട്ടെ അവിടുന്ന് പന്ത്രണ്ടു പേരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തു. സുവിശേഷഭാഗ്യങ്ങൾ പ്രസംഗിച്ചുകൊണ്ടും, നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചുകൊണ്ടും, കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ടും തന്റെ ദൈവത്വം ഈശോ ജനങ്ങൾക്കും, ശിഷ്യർക്കും വെളിപ്പെടുത്തികൊടുത്തു. പിന്നീടൊരുനാൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുകയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി.

ഒരു സുപ്രഭാതത്തിൽ വെറുതേ തോന്നിയ ഒരു കാര്യമല്ലായിരുന്നു ഈ അയയ്ക്കൽ. ഗുരുവും കർത്താവുമായ ഈശോ തീർച്ചയായും ശിഷ്യന്മാരെ രഹസ്യമായി പഠിപ്പിച്ചിട്ടുണ്ടാകണം; അവരെ പല കാര്യങ്ങളൂം പരിശീലിപ്പിച്ചിട്ടുണ്ടാകണം. പിന്നെ അവർക്ക്, ഇന്നത്തെ വചനത്തിൽ പറയുന്നപോലെ, സകല പിശാചുക്കളുടെയുംമേൽ അധികാരം കൊടുത്തു. ഇങ്ങനെ വളരെ മനോഹരമായി ഒരുക്കിയ ശേഷമാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ദൈവാരാജ്യപ്രഘോഷണമെന്ന, ദൈവരാജ്യസംസ്ഥാപനം എന്ന തന്റെ ദൗത്യത്തിന്റെ മുൻ നിരയിലേക്ക് മുന്നണിപ്പോരാളികളാകാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണ്. ശിഷ്യരാകട്ടെ, ഒന്നും അറിയില്ലെങ്കിലും, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറാകുകയാണ്.

ഈശോ ശിഷ്യർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ശ്ലാഘനീയമാണ്. അയയ്ക്കപ്പെടുന്നവരുടെ ജീവിതലാളിത്യത്തിന്റെ ഒരു നേർചിത്രമാണ് ഈ നിർദ്ദേശങ്ങൾ നമുക്ക് തരുന്നത്. എവിടെനിന്നായിരിക്കണം ഈ ജീവിതലാളിത്യത്തിനുള്ള നിർദ്ദേശങ്ങൾ ഈശോയ്ക്ക് ലഭിച്ചിരിക്കുക? മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്നാമത്തേത്, ദൈവപുത്രനായ ഈശോയ്ക്ക് എല്ലാം അറിയാം. അതുകൊണ്ട്,അവിടുത്തേക്ക് ശിഷ്യരെ നേരിട്ടങ്ങു് പഠിപ്പിക്കാം. രണ്ട്, യഹൂദരുടെ മതഗ്രന്ഥമായ താൽമൂദിൽ (Talmud), ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി യാത്രചെയ്യുന്നവർ സ്വീകരിക്കേണ്ട ജീവിതരീതിയെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി പോകുന്നവർ വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ഇത്, ദൈവാലയത്തിൽ പ്രവേശിക്കുന്നവർക്ക്, ദൈവിക കാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ്; മറ്റ് കാര്യങ്ങളിലേക്ക് മനസ്സ് പോകാതിരിക്കുവാനാണ്. മൂന്ന്, ഈശോയുടെ കാലത്തുണ്ടായിരുന്ന എസ്സീൻ സന്യാസികൾ (Essenes) സ്വീകരിച്ചിരുന്ന ജീവിത ശൈലി ഇങ്ങനെയായിരുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതലാണ് യഹൂദരായ ഈ സന്യാസികൾ ഖുമറാൻ (Qumran) ഗുഹകളിൽ താമസിച്ചിരുന്നത്. ഏറ്റവും ലാളിത്യത്തോടെയായിരുന്നു അവർ ദൈവികകാര്യങ്ങൾക്കായി പോയിരുന്നത്.

വലിയ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങൾ എഴുതുവാൻ ഈശോ അവരോട് ആവശ്യപ്പെടുന്നില്ല. Message പകർന്നുകൊടുക്കുന്ന Skits, തെരുവുനാടകങ്ങൾ തുടങ്ങിയവ ഒരുങ്ങാനും പറയുന്നില്ല. ക്രിസ്തു ശിഷ്യരുടെ സാന്നിധ്യം തന്നെ ധാരാളം എന്നായിരിക്കണം ഈശോയുടെ ചിന്ത.

എങ്ങനെയായാലും, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു രീതിശാസ്ത്രം (Methodology) ഈശോ ഇവിടെ രൂപപ്പെടുത്തുകയാണ്. മാത്രമല്ല, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ക്രൈസ്തവരുടെയും പ്രേഷിത പ്രവർത്തനത്തിന്റെ രീതിശാസ്ത്രമാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയുടെ കാലത്ത് അവിടുത്തെ ശിഷ്യന്മാരും, ഈശോയുടെ ഉത്ഥാനത്തിനുശേഷം ആദിമ ക്രൈസ്തവരും സ്വീകരിച്ച പ്രേഷിത പ്രവർത്തനരീതിയും മറ്റൊന്നല്ലായിരുന്നു. അതിനുശേഷം, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി മുതൽ വിശുദ്ധ മദർ തെരേസ ഉൾപ്പെടെയുള്ള ധാരാളം ക്രിസ്തു ശിഷ്യർ ഈ പ്രേഷിത പ്രവർത്തനരീതി തുടർന്നിട്ടുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. രോഗികളെ, ലോകത്തെ സുഖമാക്കിയിട്ടുണ്ട്. ഇന്നും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്ന അനേകായിരങ്ങൾ തുടരുന്നതും, തുടരേണ്ടതും ഈ രീതിശാസ്ത്രം തന്നെയാണ്. ജീവിതത്തിലൂടെ, ജീവിതലാളിത്യത്തിലൂടെ വേണം നാം എന്നും ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത്.

ഗ്രീക്ക് നോവലിസ്റ്റായ നിക്കോസ് കസാന്റ്‌സാക്കിസിന്റെ (Nikos Kazantzakis) ദൈവത്തിന്റെ പാപ്പർ (God’ Pauper) എന്ന നോവൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അതിലൊരു രംഗം ഇങ്ങനെയാണ്:

വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് ബ്രദർ ലിയോയോട് പറഞ്ഞു: നാളെ നമുക്ക് പട്ടണത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. ലിയോയ്ക്ക് സന്തോഷമായി. അയാൾ അപ്പോൾ മുതൽ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. രാത്രിമുഴുവനും ഇരുന്ന് പറയേണ്ടതെല്ലാം എഴുതി വച്ചു. പിറ്റേന്ന് രാവിലെ ഫ്രാൻസിസും ബ്രദർ ലിയോയും പട്ടണത്തിൽ ചെന്നു. കണ്ടുമുട്ടിയ ആളുകളെയെല്ലാം നോക്കി ഫ്രാൻസിസ് പുഞ്ചിരിച്ചു. ലിയോയും അങ്ങനെ ചെയ്തു. ചിലരെ നോക്കി ഫ്രാൻസിസ് തലകുലുക്കി. ലിയോയും അതുതന്നെ ചെയ്തു. ഉച്ചയായിട്ടും ഇതേ പരിപാടി തുടർന്ന ഫ്രാൻസിസിനോട് ലിയോ ദേഷ്യപ്പെടുന്നുണ്ട്? “എന്താണ് നാം പ്രസംഗിക്കാത്തത്?” വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് പറഞ്ഞു: “നമുക്ക് പോകാം.” ലിയോയ്ക്ക് വല്ലാതെ ദേഷ്യം വന്നു. “അപ്പോൾ സുവിശേഷ പ്രസംഗം?” തെല്ല് ഈർഷ്യയോടെ തന്നെയാണ് ലിയോ അങ്ങനെ ചോദിച്ചത്. ഫ്രാൻസിസ് വളരെ സൗമ്യതയോടെ പറഞ്ഞു: “ഇന്ന് മുഴുവനും നാം വചനം പ്രസംഗിക്കുകയായിരുന്നല്ലോ, വാചാലമായി.”

ക്രൈസ്തവരായ നാം അയയ്ക്കപ്പെട്ടവരാണ്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ, ലോകത്തെ സുഖപ്പെടുത്താൻ. അയയ്ക്കപ്പെടുന്നവരായ നാം പക്ഷെ പ്രസംഗിക്കേണ്ടത്, നമ്മുടെ ജീവിതംകൊണ്ടായിരിക്കണം, ജീവിതലാളിത്യംകൊണ്ടായിരിക്കണം, വലിയ management skills ഒന്നും വേണമെന്നില്ല. ആളുകളെ ആകർഷിക്കുന്ന rhetoric styles ഉം വേണമെന്നില്ല. നീണ്ട പ്രസംഗങ്ങളും വേണ്ട. എന്നാൽ, വേണ്ടത് ക്രിസ്തുവിന്റെ ശിഷ്യനാണ് താൻ എന്ന അവബോധമാണ്. വേണ്ടത്, ഞാൻ പ്രസംഗിക്കേണ്ടത് ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് എന്ന  ബോധ്യമാണ്. വേണ്ടത് ലോകത്തെ സുഖപ്പെടുത്തുകയാണ് എന്റെ ദൗത്യമെന്ന തിരിച്ചറിവാണ്. വേണ്ടത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. എല്ലാറ്റിലുമുപരി, നിന്നിലൂടെ പ്രകാശിക്കേണ്ടത് പ്രസാദവരത്തിന്റെ ഭംഗിയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ മാമോദീസ സ്വീകരിച്ച നാമെല്ലാവരും അയയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ഒരു മിഷനറി മതമാകുന്നത്. നാം അയക്കപ്പെടുന്നത് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനാണ്. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും ക്രിസ്തുവാ ഹകരാകുന്നത്. നാം അയയ്ക്കപ്പെടുന്നത് ക്രിസ്തുവിന്റെ സൗഖ്യം ലോകത്തിന് നൽകുവാനാണ്‌. അതുകൊണ്ടാണ് നാം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാം അയയ്ക്കപ്പെടുന്നത് മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനാണ്, ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനാണ്. അതുകൊണ്ടാണ്, “കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന് പ്രസംഗിക്കുന്നത്.

ക്രിസ്തു നമ്മെ അയയ്ക്കുന്നത് ലോകത്തിന്റെ അതിർത്തികളോളം ചെന്ന്, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ്. അങ്ങ് വത്തിക്കാനിലെ പരിശുദ്ധ പാപ്പാ ഫ്രാൻസിസ് മുതൽ ഇങ്ങു ഈ ദൈവാലയത്തിലിരിക്കുന്ന നാം ഉൾപ്പെടെ എല്ലാവരും അയയ്ക്കപ്പെട്ടവരാണ്.

ഇന്ന് ലോകമെങ്ങും പോയി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, ലോകത്തെ സുഖപ്പെടുത്തുവാനും ക്രിസ്തു നമ്മെ അയയ്ക്കുന്നത് തിരുസ്സഭയിലൂടെയാണ്. ക്രിസ്തു അതിനായി നമ്മെ ശക്തിപ്പെടുത്തുന്നതും തിരുസ്സഭയിലൂടെയാണ്. കൂദാശകളിലൂടെയും, മറ്റ് കൂദാശാനുകരണങ്ങളിലൂടെയും തിരുസ്സഭയിലൂടെ ക്രിസ്തു നമ്മെ ശക്തരാക്കുന്നുണ്ട്. നാം അയയ്ക്കപ്പെടുന്നവരാകുന്നതുകൊണ്ട്, അയയ്ക്കുന്നവന്റെ ദൗത്യമാണ് നാം നിറവേറ്റേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവന്റെ സന്ദേശമാണ് നാം പറയേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവൻ രൂപപ്പെടുത്തുന്ന ജീവിത ശൈലിയാണ് നാം പിന്തുടരേണ്ടത്, നമ്മുടെ അല്ല. വിശുദ്ധ പൗലോശ്ലീഹാ പറയുന്ന പോലെ നാം ക്രിസ്തുവിന്റെ ജോലിക്കാരാണ്.

പ്രിയപ്പെട്ടവരേ, ക്രിസ്തു നമ്മെ അയയ്ക്കുന്ന പ്രേഷിത ഇടങ്ങൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ കുടുംബങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരാണ് നാം. കുടുംബത്തിന്റെ സാഹചര്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുവാനും, കുടുംബത്തിലുള്ളവരെ, നമ്മുടെ കുടുംബവുമായി ചേർന്ന് നിൽക്കുന്നവരെ സുഖപ്പെടുത്തുവാനും നമുക്കാകണം. നമ്മുടെ ഇടവകയിലേക്കും അയയ്ക്കപ്പെടുന്നവരാണ് നാം. പ്രശ്നകലുഷിതമായ രാഷ്ട്രീയ രംഗങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയ മേഖലകളെ നാം സുഖപ്പെടുത്തേണ്ടതുണ്ട്. അനീതി നിറഞ്ഞ വ്യവസ്ഥിതികളിലേക്കും കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. കേറിക്കിടക്കാൻ വീടില്ലാത്തതുകൊണ്ട് തെരുവിൽ കിടന്നു ഒരാൾ മരിച്ചാൽ അത് വാർത്തയല്ലാതാകുകയും, ഓഹരിക്കമ്പോളത്തിന്റെ സൂചിക അല്പമൊന്നു കൂടിയാൽ അത് വാർത്തയാകുകയും ചെയ്യുന്നത് ഹിംസയാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ, അദ്ദേഹം വ്യവസ്ഥിതികളിലെ അനീതിയെ സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. താൻ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് കൊല്ലരുത്, Thou shall not kill എന്ന് വ്യവസ്ഥിതികളോടും പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  

യുദ്ധഭൂമികളിലേക്ക്, കലാപങ്ങൾ നിറഞ്ഞ തെരുവുകളിലേക്ക്, നാം അയയ്ക്കപ്പെടുന്നുണ്ട്. നിരാശരായി ആത്മഹത്യ മാത്രമേ ശരണം എന്ന് ചിന്തിച്ചു നടക്കുന്നവരുടെ ആത്മത്യയിലേക്കുള്ള വഴികളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്കൂൾ-കോളേജ് അന്തരീക്ഷങ്ങളിൽ ദൈവാരാജ്യപ്രഘോഷണം നടത്തണം.  രോഗാതുരമായി കണ്ടെത്തുന്നവ്യക്തികളെ, ഡ്രഗ്‌സിനും മറ്റും അടിമകളാകുന്നവരെ സുഖപ്പെടുത്തണം. ഭൂമിയുടെ അന്തരീക്ഷതാപം വർധിച്ചു വർധിച്ച് ജീവനേ ഇല്ലാതാകുന്ന ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടവകകളെല്ലാം പരിസ്ഥിതി സൗഹൃദ മേഖലകളാക്കുവാനുള്ള (Environmental friendly zones) ദൗത്യമെന്നത് പരിസ്ഥിതിയെ സുഖപ്പെടുത്തുക എന്ന ദൗത്യം തന്നെയാണ്.

സമാപനം

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രം എന്തെന്ന് പഠിക്കുവാൻ നമുക്കാകട്ടെ. അയയ്ക്കപ്പെട്ടവരാണ് നാം എന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രത്തിൽ നിന്ന് മാറിയണോ എന്റെ ജീവിതം എന്ന് വ്യക്തിപരമായും, കൂട്ടായും ചിന്തിക്കുവാൻ നമുക്ക് കഴിയണം.

നമ്മുടെ പ്രേഷിത ഇടങ്ങളെ ക്രിസ്തു വിശുദ്ധീകരിക്കട്ടെ. ശ്ലീഹന്മാരെ ഈശോ അയച്ചതുപോലെ നമ്മെയും അയയ്ക്കുമ്പോൾ, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിതംകൊണ്ട് സുവിശേഷം പ്രസംഗിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!  

SUNDAY SERMON JN 16, 12-15

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

റോമ 5, 1-5

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് തിരുസ്സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.

മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്ച്ച കൊല്ലപ്പെട്ട ക്രൈസ്തവരെയോർത്ത് നമ്മുടെ മനസ്സുകൾ വേദനിക്കുന്നുണ്ട്. നൈജീരിയയിലെ ഒൻണ്ടോ സംസ്ഥാനത്തെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച്ച, പെന്തെക്കുസ്താ തിരുനാൾ ദിനത്തിൽ, ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത സംഭവം നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ടായ മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിൽ അൻപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഓവോയിലെ ഗവർണർ പറഞ്ഞത്, “ഇത് ഒവൊയിൽ ഒരു കറുത്ത ഞായറാഴ്ച്ചയാണ് എന്നാണ്. മനുഷ്യരക്തമാണ് ഇവിടെ തളംകെട്ടിക്കിടക്കുന്നത്. മനുഷ്യജീവനാണ് ഇവിടെ അതിക്രൂരമായി ഉന്മൂലനം ചെയ്തത്. നൈജീരിയയിലെ ക്രൈസ്തവർക്കുവേണ്ടി സ്വരമുയർത്താൻ ഈ ഭൂമിയിൽ ആരുണ്ട്?” അധികം ആരും ഇല്ലായിരുന്നു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ക്രൈസ്തവരാജ്യങ്ങൾ, എന്തിന് ഐക്യരാഷ്ട്ര സഭപോലും മൗനം പാലിച്ചുവെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. വെറും പ്രസ്താവനകളെ ചൊല്ലിപ്പോലും യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കുന്ന ഇക്കാലത്ത് അൻപതോളം ക്രൈസ്തവർ മരിച്ചിട്ട് അത് ശ്രദ്ധിക്കുവാൻ കഴിയാത്തിടത്തോളം ലോകമനഃസാക്ഷി മരവിച്ചു പോയിരിക്കുന്നു. കൊല്ലപ്പെട്ട ക്രൈസ്തവ സഹോദരങ്ങളുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം.  

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്. ആഫ്രിക്കയിലെ കർത്തേജിൽ നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. 

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന്വിശുദ്ധ അഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാ ത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വനുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ,  ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, പാക്കിസ്ഥാനിലെപ്പോലെ മുസ്‌ലിം ആകാൻ സമ്മതിക്കാത്തതിന്റെപേരിൽ ക്രൈസ്തവർ മാനഭംഗത്തിന് ഇരയാകുന്നുണ്ടെങ്കിൽ, വർഗീയതയുടെ പേരിൽ മനുഷ്യർ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം, പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്. 

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തിൽ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർ വാദ പ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെ നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. 

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യങ്ങളായി മാറണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

നമുക്ക് പ്രാർത്ഥിക്കാം:

പരിശുദ്ധ ത്രിത്വമേ, തീവ്രവാദ ആക്രമണങ്ങളിൽനിന്നും , വർഗീയരാഷ്ട്രീയത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!