All posts by Saju Pynadath

SUNDAY SERMON MT 10, 1-15

ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ

മിഷൻ ഞായർ  

മത്തായി 10, 1-15

ഇന്ന് സീറോമലബാർ സഭ മിഷൻ ഞായർ ആഘോഷിക്കുകയാണ്. തിരുസ്സഭ സ്വഭാവത്താലേ  മിഷനറിയാണെന്നും, ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികളോളം പ്രസംഗിക്കുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവരെന്നും നാമിന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ്. മടികൂടാതെ ക്രിസ്തുവിന്റെ മിഷനറിമാരായി ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന മിഷൻ ഞായർ നൽകുന്ന സന്ദേശം അഭിമാനത്തോടെ ഏറ്റെടുക്കുവാൻ നാം തയ്യാറാകണം. കാരണം, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണ്. തിരുസ്സഭയിലൂടെ ക്രിസ്തു നൽകുന്ന ദൗത്യം, തൊരുസഭയോടൊപ്പം ചേർന്ന് നിന്ന് പൂർത്തീകരിക്കുവാൻ നാം തയ്യാറാകണം. അതിന് നമ്മെ പ്രേരിപ്പിക്കുന്നതാകട്ടെ ഇന്നത്തെ വചനസന്ദേശം.

തിരുസ്സഭയുടെ ചരിത്രം, അവൾ എങ്ങനെയാണ് ക്രിസ്തുവിന്റെ Mandate പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത് എന്നൊക്കെ നാം മനസ്സിലാക്കിയിരിക്കണം.  ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശ്ലീഹന്മാർ നടത്തിയ സുവിശേഷ പ്രഘോഷണവും, ക്രിസ്തു സ്ഥാപിച്ച ക്രൈസ്തവ സഭയുടെ വളർച്ചയും വെറും ഭൗതിക വിപ്ലവ മുന്നേറ്റമായിരുന്നില്ല. അത് ക്രിസ്തുവിനാൽ കേന്ദ്രീകൃതമായതും, ക്രിസ്തുവാകുന്ന പാറമേൽ പണിതുയർത്തിയതുമാണ്. അത് ദൈവികമായതുകൊണ്ടും, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ടും മതമർദ്ദനങ്ങളെയും, ശീശ്‌മകളെയും, പാഷണ്ഡതകളെയും, യുദ്ധങ്ങളെയും, വിഘടനങ്ങളെയും, വിവാദങ്ങളെയും, വിമതപ്രവർത്തനങ്ങളേയും അതിജീവിച്ചവളാണ് തിരുസ്സഭ; ഓട്ടോമൻ ചക്രവർത്തിയുടെ പാർടയോട്ടത്തെയും അതിജീവിച്ച് ഇന്നും ദൈവവരപ്സദത്തിന്റെ തിളക്കത്തിൽ നിൽക്കുന്നവളാണ് തിരുസ്സഭ. വിശുദ്ധ കുർബാനയെച്ചൊല്ലി ഉയർന്നുവന്ന എല്ലാ വിവാദങ്ങളെയും തോൽപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയെ തിരുസ്സഭയുടെ, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാക്കി നിലനിർത്തുന്നവളാണ് തിരുസ്സഭ. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനങ്ങളെ കഴിഞ്ഞുപോയ ഒരു ചരിത്രമായിട്ടല്ല, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദൈവിക, ആധ്യാത്മിക പ്രക്രിയയായിട്ടാണ് നാം വിലയിരുത്തുന്നത്. അതിന് വളവും, ജലവും നൽകാൻ ജീവിതം സമർപ്പിക്കുന്ന മിഷനറിമാരേ, സുവിശേഷംപ്രസംഗിക്കുന്ന നിങ്ങളുടെ പാദങ്ങൾ എത്ര സുന്ദരങ്ങൾ എന്ന് പ്രഘോഷിച്ചുകൊണ്ടാണ് നാമിന്ന് മിഷൻ ഞായർ ആഘോഷിക്കുന്നത്.

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ സ്വഭാവത്താലേ മിഷനറിയാണ്. ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ് ഇത്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥലം വിട്ട്, ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്; അവർ മിഷനറിമാർ ആകുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്‌മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം. 

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.    

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, കോവിഡനന്തര കാലത്തിന്റെ ബുദ്ധിമുട്ടുകളും, കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക.

ഇന്നത്തെ വചന സന്ദേശം അവസാനിപ്പിക്കുന്നതിന് മുൻപ്  നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ. What are you passionate about? എന്തിനോടാണ് നിങ്ങൾക്ക് അഭിനിവേശമുളളത്? അല്ലെങ്കിൽ എന്തിനോടാണ് ഏറ്റവും ആവേശം ഉള്ളത്? തീർച്ചയായും, ഒരു ക്രൈസ്തവനെന്ന നിലയിൽ, ഒരു ക്രൈസ്തവ എന്ന നിലയിൽ? പണത്തിനോട്? വീടിനോട്? ലോകസുഖങ്ങളോട്? അധികാരത്തോട്? ഫാഷനോട്? ഇൻസ്റ്റഗ്രാമിനോട്, വാട്സ്ആപ്പിനോട്? വിശുദ്ധ പൗലോശ്ലീഹാ തന്റെ അഭിനിവേശത്തെക്കുറിച്ച് റോമാക്കാരോട് പറയുന്നുണ്ട്. “…ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ഞാൻ അത്യധികം ഉത്സാഹം കാണിച്ചു.” വിശുദ്ധ പൗലോസിന്റെ ഉത്സാഹം, ആവേശം, ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ആയിരുന്നു. ഈ മിഷൻ ഞായറാഴ്ച്ച What are you passionate about? എന്ന് ചോദിക്കുമ്പോൾ, പൗലോശ്ലീഹായെപ്പോലെ “My ambition is to proclaim the good news not where Christ has been named”എന്ന് പറയുന്ന ക്രൈസ്തവരായിത്തീരുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.

ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതാണ് മിഷനറി ജീവിതം!

അത്, നഷ്ടപ്പെടുന്നുണ്ട് എന്ന് സാമാന്യമായി പറയാമെങ്കിലും, ഈ പ്രത്യേകതയും, സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുട ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. നാം സ്വഭാവത്താലേ മിഷനറിമാരാണ് എന്ന് നമുക്ക് മറക്കാതിരിക്കാം. ലോകം മുഴുവനിലും പ്രവർത്തിക്കുന്ന മിഷനറി മാർക്കുവേണ്ടി ഇന്നേ ദിവസം പ്രത്യേകം പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON MT 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ

മൂശെ ഒന്നാം ഞായർ  

മത്തായി 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായറാഴ്ച, മനോഹരമായ ഈ ദേവാലയത്തിൽ, സ്വച്ഛമായ, ദൈവാനുഗ്രഹം നിറഞ്ഞ അന്തരീക്ഷത്തിൽ, വിശുദ്ധ കുർബാന ഏറ്റവും ആഘോഷപൂർവ്വമായി അർപ്പിച്ചുകൊണ്ട്, നാം ഈ ഞായറാഴ്ചയുടെ നിമിഷങ്ങളെ വിശുദ്ധമാക്കുകയാണ്. ജനനവും, മരണവും അതിരിട്ട ഈ ഭൂമിയിലെ ജീവിതത്തിൽ എത്ര ജനനങ്ങൾ നാം കണ്ടു? എത്ര മരണങ്ങൾ നാം കണ്ടു? എന്നാൽ വേണ്ടവിധം കാണേണ്ട കാഴ്ചകൾ നാം കണ്ടുവോ? കണ്ട കാഴ്ചകൾ പറഞ്ഞുതന്നവ നാം കേട്ടുവോ? കാണേണ്ട കാഴ്ചകളിലേക്ക് കണ്ണുതുറക്കാനുള്ള ക്ഷണമാണ് ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം.   

നാം കാണേണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായ, ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മരണം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല.  അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട്  കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും.. എല്ലാം അല്പനേരമെങ്കിലും ജീവിതത്തിരക്കിനിടയ്ക്ക് നാം ഭാവന ചെയ്യുന്നുണ്ടാകും!  

ആർക്കൊക്കെ വെറുപ്പുണ്ടെങ്കിലും, ആരൊക്കെ ഇഷ്ടപ്പെടുന്നില്ലെങ്കിലും മരണം നമ്മെ തിരിച്ചുകൊണ്ടുപോകുകയാ. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം നടക്കുന്നത്. ഇന്നും, പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന, ഈശോയെ എന്റെ മക്കളെ ഒന്നൊരു കരയ്‌ക്കെത്തിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചാ മതികെട്ടോ എന്നായിരിക്കും. എന്നാൽ, അതൊന്നും പരിഗണിക്കാതെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിച്ചാൽ നാം തിരികെപോകേണ്ടിവരും. അത്, കുട്ടിയായിരുന്നാലും, യുവത്വത്തിലായിരുന്നാലും, എഴുപത് കഴിഞ്ഞാലും നാം തിരിച്ചുപോകേണ്ടിവരും. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിൽപേറി അവസാനം ചിലതൊക്കെ നേടി, ചിലതൊക്കെ നേടാതെ ഈ മണ്ണിലേക്ക് പോകുമ്പോൾ ആ യാത്രയെക്കുറിച്ച് ആയുസ്സിന്റെ ഓരോ സെക്കണ്ടും ഞാനും നിങ്ങളും ചിന്തിക്കേണ്ടതുണ്ട്.

എന്നാൽ, ഓരോ മനുഷ്യനിലേക്കും അവശ്യം വന്നെത്തുന്ന മരണത്തെക്കുറിച്ചല്ല ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത്. പിന്നെയോ, ഓരോ മനുഷ്യനും, മരണശേഷം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ചാണ്. ഈ ലോകത്തിന് ഒരവസാനമുണ്ടെന്നും, മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വനമേഘങ്ങളിൽ വീണ്ടും വരുമെന്നും, അപ്പോൾ അവിടുന്ന് ഭൂമിയിലെ ആദ്യംമുതലുള്ള, ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടി, നല്ലവരെ തന്റെ വലതുവശത്തും, ദുഷ്ടരെ തന്റെ ഇടതുവശത്തും നിർത്തി അവരുടെ ചെയ്തികളെ വിധിക്കുമെന്നും നാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ലോകാവസാനത്തിന് മൂന്ന് കാര്യങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്. ഒന്ന്, ‘ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ അതിർത്തികളിലും പ്രസംഗിക്കപ്പെടണം. അപ്പോൾ അന്ത്യമാകും. രണ്ട്, എല്ലാ ആടുകളും തന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും. (യോഹ 10, 16) മൂന്ന്, സകല ജനങ്ങളും (യഹൂദരടക്കം) ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയും. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കുമ്പോൾ ലോകാവസാനമാകും. ലോകാവസാനത്തിൽ അന്ത്യവിധിയുമുണ്ടാകും.

മരണം എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒരു യാഥാർഥ്യമായതുകൊണ്ട് അതിനെക്കുറിച്ച് ഈശോ സംസാരിക്കുന്നില്ല. അന്ത്യവിധിയെക്കുറിച്ചാണ് ഈശോ പറയുന്നത്. എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് കടന്നുവരുന്ന മരണത്തെയാണോ, അതോ, സംഭവിക്കാനിരിക്കുന്ന അന്ത്യവിധിയെയാണോ മനുഷ്യൻ ഭയക്കുന്നത്? അന്ത്യവിധിയെക്കുറിച്ചു് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതല്ലാതെ, അതിൽ വിശ്വസിക്കുന്നതല്ലാതെ ഒന്നും അറിയാൻ പാടില്ലാത്തതുകൊണ്ടാകും അന്ത്യവിധിയെക്കുറിച്ചു് നാം അധികം ചിന്തിക്കാത്തത്.

കോട്ടയം വടവാതൂർ സെമിനാരിയിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ അച്ചനെ അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കാണുവാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ മരണത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചു. അതിനിടയിൽ അദ്ദേഹം കരയുവാൻ തുടങ്ങി. ഒട്ടു പ്രതീക്ഷിക്കാത്ത ഒരു രംഗമായതുകൊണ്ടും, ഞാൻ ഏറെ ബഹുമാനിക്കുന്ന വൈദികനായതുകൊണ്ടും, ആധ്യാത്മികമായി വളരെ ഉന്നതിൽ നിൽക്കുന്ന അച്ചനായതുകൊണ്ടും എന്നെ അത് അത്ഭുതപ്പെടുത്തി. ” എന്താ, അച്ചന് മരിക്കുവാൻ പേടിയാണോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, കരച്ചിലടക്കി വെറുതെ ഒന്ന് ചിരിച്ചിട്ട്, അദ്ദേഹം പറഞ്ഞു: “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല.”  – നമുക്കൊക്കെ മരണം പേടിയാണ്. മരണത്തെ ഞാനും നിങ്ങളും പേടിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞുവലിക്കുന്ന ശ്വാസത്തോടൊപ്പം വാരിയെല്ലിന്റെ ഉള്ളിലൂടെ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയാൽ നമ്മളിൽ പലരും പകുതി മരിക്കാൻ തുടങ്ങും. അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ECG തുടങ്ങിയ എല്ലാ ടെസ്റ്റുകളും, സ്കാനിംഗും കഴിഞ്ഞ്, കുഴപ്പമൊന്നുമില്ല, ഗ്യാസാണ് എന്ന് ഡോക്ടർ പറയുന്നതുവരെ എത്രപ്രാവശ്യം നമ്മൾ മരിച്ചുകാണും! നമുക്കൊക്കെ മരണത്തെ പേടിയാണ്.  – ആ വൈദികൻ പറഞ്ഞു:  “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല. ഞാൻ ഭയക്കുന്നത് അന്ത്യവിധിയെയാണ്? അച്ചൻ കയ്യിലിരുന്ന തോർത്തുകൊണ്ട് തന്റെ കണ്ണീർ തുടച്ചു.

വിശുദ്ധനായ ഒരു വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നാം, സാധാരണക്കാരായ ക്രൈസ്തവർ എത്രമാത്രം അന്ത്യവിധിയെ ഭയക്കണം? അവസാന യാത്രതുടങ്ങിയശേഷം ദൈവപുത്രന്റെ സന്നിധിയിൽ എത്തുന്നതുവരെയുള്ള യാത്ര അവസാനിക്കുന്നത് സ്വർഗ്ഗമോ നരകമോ എന്ന വലിയ ചോദ്യത്തിന്റെ മുൻപിലാണ്. അതേ, പ്രിയപ്പെട്ടവരേ, അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്ന് നിശ്ചയിക്കപ്പെട്ട ആറടിമണ്ണിന്റെ ഇരുട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ തുച്ഛമായ ഒരു ലോകം. അത് മാത്രമാണ് ഈ ജീവിതം. ആ ഇരുട്ടുകൾക്കിടയിലുണ്ടായിരുന്ന വെളിച്ചം അവസാനിക്കുന്ന മരണത്തിനുശേഷം അന്ത്യവിധിയായി! വിശുദ്ധനായ വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, അന്ത്യവിധിയുടെ യാത്രയിലേക്കുള്ള മരണം ഏത് സെക്കന്റിലും നമ്മെയും തേടിയെത്തും. മരണം നമ്മുടെ വാതിൽക്കലുണ്ട്, മരണം നമ്മുടെ ചെരിപ്പിനടിയിലുണ്ട്. മരണം നമ്മുടെ പിന്നാലെയുണ്ട്. മരണം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ പിന്നാലെയുണ്ട്. മരണം ഞാൻ കഴിക്കുന്ന ഭക്ഷണത്തോടൊപ്പമുണ്ട്. മരണം ഞാൻ കുടിക്കുന്ന വെള്ളത്തോടൊപ്പമുണ്ട്. ആ മരണത്തിനുശേഷം, നമ്മുടെ വീട്ടുകാരും അയൽവക്കക്കാരും നമ്മോട് ചെയ്യാനുള്ള കടമകളെല്ലാം ചെയ്യും. അടഞ്ഞുപോയ നമ്മുടെ കണ്ണുകളിലേക്ക് അവരൊന്ന് നോക്കും. നമ്മുടെ സഹോദരങ്ങളെ, മക്കളെ തോളിൽ തട്ടി ആശ്വസിപ്പിക്കും. എന്നിട്ട് വലിച്ചുകെട്ടിയ ടാർപായയുടെ അടിയിലെ കസേരയിലിരുന്ന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും. “കർത്താവേ, അന്ത്യവിധിയുടെ നാളിൽ ഈ ആത്മാവിനോട് കരുണകാണിയ്ക്കണമേ. നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാൻ കഴിവ് കൊടുക്കണേ കർത്താവേ”

സ്നേഹമുള്ളവരേ, മരണം നമ്മെ ഭയപ്പെടുത്തേണ്ടതില്ല. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ടതുപോലെ, ഭയക്കേണ്ടത് അന്ത്യവിധിയെയാണ്. മനുഷ്യരേ, ഈ കാണാവുന്ന പവറും പത്രാസും ഈ ലോകത്തിലേയുള്ളു. പണംകൊണ്ടും, അധികാരംകൊണ്ടും, ശക്തികൊണ്ടും എഴുന്നേറ്റുനിൽക്കാനുള്ള പവർ ഈ മണ്ണിന്റെ മുകളിലേയുള്ളു. ആറടിമണ്ണിൽ വച്ചാൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും സാധിക്കില്ല. അന്ത്യവിധിനാളിൽ ക്രിസ്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിവ് കിട്ടണമെങ്കിൽ അവിടുത്തെ കരുണയുണ്ടാകണം.

ചോദ്യങ്ങൾ വലതുവശത്തു നിൽക്കുന്നവർക്കും, ഇടതുവശത്തുനിൽക്കുന്നവർക്കും ഒരുപോലെയാണ്. നീ പാശ്ചാത്യനാണോ, പൗരസ്ത്യനാണോ എന്നതായിരിക്കല്ല ചോദ്യം; നീ യൂറോപ്പ്യനാണോ, ചൈനക്കാരനാണോ, ഏഷ്യാക്കാരനാണോ എന്നുമായിരിക്കില്ല ചോദ്യം; നീ മലയാളിയോ, ബംഗാളിയോ, തമിഴ്നാട്ടുകാരനോ, ആന്ധ്രാക്കാരനോ എന്നൊന്നും ചോദ്യമുണ്ടാകില്ല. നീ നേടിയെടുത്ത ഡിഗ്രികളെക്കുറിച്ചോ, നീ വെട്ടിപ്പിടിച്ച രാജ്യങ്ങളെക്കുറിച്ചോ, നീ നടത്തിയ വിപ്ലവങ്ങളെക്കുറിച്ചോ ചോദ്യമുണ്ടാകില്ല. വിധിയാളനായ ക്രിസ്തു നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഉത്തരങ്ങൾക്ക് multiple choice ഇല്ലാത്ത ഒരേയൊരു ചോദ്യം ഇതായിരിക്കും: “എന്റെ ഈ എളിയവരിൽ എന്നെക്കണ്ട് അവർക്ക് നന്മചെയ്തുവോ? എന്റെയീ എളിയവർ, കാരാഗൃഹത്തിലായിരുന്നപ്പോൾ അവരെ സന്ദർശിച്ചുവോ? എന്റെയീ എളിയവർ നഗ്നരായിരുന്നപ്പോൾ അവരെ ഉടുപ്പിച്ചുവോ? അവർ വിശന്നപ്പോൾ അവർക്ക് ഭക്ഷണം കൊടുത്തുവോ? അവർ ദാഹിച്ചു നടന്നപ്പോൾ അവർക്ക് കുടിക്കാൻ കൊടുത്തുവോ? എന്നൊക്കെ വിശദീകരിച്ചു് ചോദിക്കുമ്പോൾ, ഈശോയേ, ഈ ലോകത്തിന്റെ പിന്നാലെ പോയതുകൊണ്ട്, സിനിമാക്കാരുടെ പളപളപ്പിന്റെ പിന്നാലെ പോയതുകൊണ്ട്, രാഷ്ട്രീയക്കാരന്റെ വിടുവായത്തത്തിന്റെ പിന്നാലെ പോയതുകൊണ്ട്, മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നതുകൊണ്ട്, ജോഷ്‌, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയയ്ക്ക് പിന്നാലെ പോയതുകൊണ്ട് ഇതൊന്നും എനിക്ക് ചെയ്യാൻ സാധിച്ചില്ല എന്ന് പറയുവാൻ ഇടവന്നാൽ അന്ത്യവിധി ഭയാനകമായിരിക്കും പ്രിയപ്പെട്ടവരേ!

അപ്പോൾ നാം ആരെ വിളിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. നീ നിന്റെ സൈന്യത്തെ വിളി, നിന്റെ കയ്യിലുണ്ടായിരുന്ന പണത്തെ, അധികാരത്തെ വിളി, ആരെയൊക്കെയോ തോൽപ്പിക്കുവാൻ വേണ്ടി, ആരെയൊക്കെയോ നശിപ്പിക്കുവാൻവേണ്ടി, നിന്നെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ കോടി ഉയരങ്ങളിൽ ഉയർത്തുവാൻവേണ്ടി നിന്നോടൊപ്പം നിന്നവരെ വിളി. ആരെ വിളിച്ചാലും നിന്റെ വിളികളെല്ലാം നിഷ്ഫലമാകുന്ന ദാരുണ മുഹൂർത്തമാണത്. അവിടെ നിന്നെ രക്ഷിക്കുവാൻ നീ ഈ ഭൂമിയിൽ ചെയ്ത നന്മകൾക്കുമാത്രമേ സാധിക്കൂ. ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്നതിനും, അന്ത്യ വിധി നാളിൽ ഈശോയുടെ മുൻപിൽ ധൈര്യത്തോടെ നിൽക്കുന്നതിനും, സുകൃതങ്ങൾ ചെയ്ത് നാം ജീവിക്കണം.

ഉ​​​പ്പുതൊ​​​ട്ട് സോ​​​ഫ്റ്റ്‌​​വേ​​​ർ വ​​​രെ ന​​​ൽ​​​കു​​​ന്ന ടാ​​​റ്റാ ഗ്രൂ​​​പ്പി​​​നെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​യി​​​ച്ച രത്തൻ നവൽ ടാറ്റയുടെ (Ratan Naval Tata 1937-2024) മരണം കഴിഞ്ഞ ആഴ്ചയിലെ പ്രധാന

സംഭവമായിരുന്നു. വ്യവസായികൾക്കിടയിലെ ജീവകാരുണ്യമുഖമായിരുന്നു രത്തൻ ടാറ്റ.  ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു:

 “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?”

അദ്ദേഹം പറഞ്ഞു: ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.

ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.

വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും  താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. എന്നിട്ടും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.

അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്:

ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന്  എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു .ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു. അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് !

 അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ”നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?” എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു:

 “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം.  നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു. ഇത്തരം നന്മകൾ ചെയ്‌താൽ ഞാൻ സ്വർഗ്ഗത്തിലെത്തുമായിരിക്കും.”

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യവുമായി ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകൾ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ദൈവത്തിന്റെ വചനത്തിന്റെ സന്ദേശം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ, നമ്മെ നന്മയിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചു് ജീവിക്കുമെന്ന പൈശാചികമായ ചിന്താഗതി ഉപേക്ഷിച്ചു് അന്ത്യവിധിയിൽ ഈശോയുടെ ചോദ്യത്തിന് നല്ല ഉത്തരം നൽകുന്നതിനുള്ള പുറപ്പാടുകളായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം. അന്ത്യവിധി നാളിൽ ഈശോ ചോദിക്കുന്ന ഈയൊരു ചോദ്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. നമുക്ക് ദൈവം നൽകുന്ന എല്ലാ അനുഗ്രഹങ്ങളും,

കഴിവുകളും, സമ്പത്തും, സ്ഥാനമാനങ്ങളും, അവസരങ്ങളും ഈയൊരു ചോദ്യത്തിന് നല്ല ഉത്തരം കൊടുക്കുവാൻ നാം ഉപയോഗിക്കണം. അതിനുള്ള അനുഗ്രഹം വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമേൻ!

SUNDAY SERMON MT 11, 25-30

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ

സ്ലീവാ നാലാം ഞായർ

മത്താ 11, 25-30

ലോകം ഇന്നുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരവും, പ്രതീക്ഷാ നിർഭരവും, ദൈവിക ചൈതന്യം നിറഞ്ഞതുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നാം കേട്ടത്. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.” (28-30)

ലോകചരിത്രത്തിൽ വളരെ മനോഹരങ്ങളായ, വിപ്ലവാത്മകമായ, മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന ധാരാളം പ്രസംഗങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റായ എബ്രഹാം ലിങ്കൺന്റെ (Abraham Lincoln 1809-1865) ഏറ്റവും വിഖ്യാതമായ പ്രസംഗം എന്നറിയപ്പെടുന്നത് 19 ആം നൂറ്റാണ്ടിൽ അദ്ദേഹം നടത്തിയ ഗെറ്റിസ്ബർഗ് പ്രസംഗമാണ്. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു. “Four score and seven years ago our fathers brought forth on this continent, a new nation, conceived in Liberty, and dedicated to the proposition that all men are created equal.” ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 1947 ആഗസ്റ്റ് 15 ന്റെ ആദ്യനിമിഷത്തിൽ നടത്തിയ പ്രസംഗവും പ്രസിദ്ധമാണ്.  “”Long years ago, we made a tryst with destiny… At the stroke of the midnight hour, when the world sleeps, India will awake to life and freedom.”

ലോകചരിത്രത്തിൽ വലിയ പ്രസംഗങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ ഇന്നത്തെ “നസ്രത്ത് പ്രസംഗം” പോലെ ശക്തവും, പൂർണവുമായ മറ്റൊരു പ്രസംഗമോ, പ്രഖ്യാപനമോ ഇന്നുവരെ നാം കേട്ടിട്ടില്ല. ഈ പ്രഖ്യാപനം ഒരേ സമയം ആത്മികവും, ഭൗതികവുമാണ്. ഇത് വിപ്ലവാത്മകവും, മനുഷ്യന്റെ വേദനിക്കുന്ന ആത്മാവിനെ തൊട്ടുണർത്തുന്നതുമാണ്. ഇത് ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ, തരത്തിനൊത്ത്, താളത്തിനൊത്ത് നടത്തിയ ഒരു പ്രഖ്യാപനമല്ല. വളരെ determined ആയ, പറയുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, നല്ല Integrity യുള്ള, ആർജ്ജവത്വം നിറഞ്ഞ ഒരു നേതാവിന്റെ, ഗുരുവിന്റെ പ്രഖ്യാപനമാണിത്. ഇത് ഇന്നാട്ടിലെ സാധാരണക്കാരായ തൊഴിലാളികളോട് അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി പറയുന്നപോലെയുള്ള വഞ്ചിക്കൽ പ്രഖ്യാപനമല്ല. ഇത് മനുഷ്യനെ ആശ്വസിപ്പിക്കുന്ന, അവന്റെ, അവളുടെ കണ്ണീരൊപ്പുന്ന അവരെ കൈപിടിച്ചുയർത്തുന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ്; ചരിത്രത്തിലൊന്നും കാണാൻ സാധിക്കാത്ത അമൂല്യമായ, അനന്യമായ ഒരു പ്രഖ്യാപനമാണിത്. 

വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അധ്യായം ആരംഭിക്കുന്നത് “യേശു തോണിയിൽ കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി” (1) എന്നും പറഞ്ഞുകൊണ്ടാണ്.  തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഈശോയുടെ പ്രവർത്തങ്ങളാണ് വിവരിക്കുന്നത്. പതിനൊന്നാം അധ്യായത്തിലേക്ക് വരുമ്പോഴാണ് ഈശോയുടെ നസ്രത്ത് പ്രസംഗം അരങ്ങേറുന്നത്. സ്നാപകനെക്കുറിച്ചെല്ലാം പറഞ്ഞശേഷം, അനുതപിക്കാത്ത നഗരങ്ങൾക്കെതിരെ വലിയ വാഗ്വിലാസത്തോടെ ദൈവത്തിന്റെ സ്വരമുയർത്തിയ ശേഷം, ആ പ്രസംഗത്തിന്റെ അവസാനമാണ് മനോഹരമായ പ്രഖ്യാപനം ഈശോ നടത്തുന്നത്. ഈ ഭാഗത്തിന്റെ തുടക്കംതന്നെ നോക്കൂ.. “യേശു ഉദ്ഘോഷിച്ചു.” (25) പിന്നീട്,  പിതാവായ ദൈവത്തിങ്കലേക്ക് കണ്ണുകളുയർത്തിയൊരു പ്രാർത്ഥനയാണ്. അത് കഴിഞ്ഞ്, സ്വല്പമൊന്ന് നിർത്തി, ജനങ്ങളെയെല്ലാം ഒന്ന് നോക്കിയശേഷമാകണം ഈശോ ഈ വചനങ്ങൾ മൊഴിഞ്ഞത്. വളരെ ഉച്ചത്തിൽ, Rhetoric syle ൽ ഈശോ പറഞ്ഞു: അധ്വാനിക്കുന്നവരും….! ജനം കൈയടിച്ചുകാണണം !!!!

മറ്റ്‌ സുവിശേഷങ്ങളിലൊന്നും കാണാത്ത ഈ പ്രഖ്യാപനം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ കാണുന്നതിന്റെ കാരണം എന്താണ്? മറ്റൊന്നുമല്ല. രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി ഇസ്രായേൽ ജനം പ്രതീക്ഷിക്കുന്ന ക്രിസ്തു, മിശിഹാ, ആരാണെന്നും, എന്താണെന്നും, എങ്ങനെയുള്ളവനാണെന്നും ഇസ്രായേൽ ജനത്തിന്റെ മുൻപിൽ അവതരിപ്പിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ ചെയ്യുന്നത്. മിശിഹായെക്കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തലാണ് വിശുദ്ധ മത്തായി ഇവിടെ നടത്തുന്നത് – ഈശോ കർത്താവും മിശിഹായും മാത്രമല്ല, അവിടുന്ന് എല്ലാവരെയും ആശ്വസിപ്പിക്കുന്ന ദൈവമാണെന്ന വലിയ വെളിപ്പെടുത്തൽ; നാം ഇന്നത്തെ ഒന്നാം വായനയിൽ കേട്ടപോലെ, “ഞാൻ തന്നെ നിന്നോട് കൂടെ വരികയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും” (പുറ 33, 14) എന്ന് ദൈവം മോശയോട് പറഞ്ഞതിന്റെ പൂർത്തീകരണം ക്രിസ്തുവിലാണ് എന്നതിന്റെ വെളിപ്പെടുത്തൽ.

സ്നേഹമുള്ളവരേ, ഈശോയുടെ ഈ നസ്രത്ത് പ്രസംഗത്തിലൂടെ ഈശോ തന്റെ സാമൂഹിക കാഴ്ചപ്പാട് (Social View) വ്യക്തമാക്കുകയാണ്. അവിടുത്തെ, സമൂഹത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടിതാണ്: “അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരും.” എല്ലാ മനുഷ്യരെയും അവിടുന്ന് ഇതിൽ ഉൾപ്പെടുത്തുകയാണ്. All Inclusive കാഴ്ചപ്പാടാണിത്. രാഷ്ട്രീയത്തിന്റെ പേരിലോ, കൊടിയുടെ നിറത്തിന്റെ പേരിലോ, വർഗാധിപത്യത്തിന്റെ പേരിലോ അല്ല ഈശോ മനുഷ്യരെ കാണുന്നത്. വർഗ്ഗത്തിന്റെ, വർണത്തിന്റെ , ജാതിയുടെ, മതത്തി ന്റെ പേരിലോ അല്ല ഈശോ മനുഷ്യരെ കാണുന്നത്. അവിടുന്ന് അവരെ കാണുന്നത്, അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായിട്ടാണ്. എല്ലാ മനുഷ്യരും, ചെറിയവനും, വലിയവനും, സമ്പന്നനും, ദരിദ്രനും, ആണും പെണ്ണും,  ചെറുതും,വലുതും, യുറോപ്യനും, ഏഷ്യക്കാരനും, മലയാളിയും, ബംഗാളിയും, തമിഴനും  ബംഗാളിയും, മറാത്തിയും എല്ലാവരും …. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവവരും ആണ്. പ്രകൃതിയുടെ, മനുഷ്യന്റെ സ്വഭാവമാണിത്. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ പ്രത്യേകതയാണിത്. ക്രിസ്തുവിന് മാത്രമാണ്, നമ്മുടെ ദൈവത്തിന് മാത്രമാണ് ഇങ്ങനെ ഒരു സാമൂഹിക കാഴ്ചപ്പാടുള്ളത്.

ഈ പ്രസ്താവനയുടെ സമഗ്രത നോക്കുക. അധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാം. ഈ വഴിയിലൂടെ പോയാൽ നിങ്ങൾക്ക് ആശ്വാസം കിട്ടും. എന്നല്ല ഈശോ പറയുന്നത്. അവിടുന്ന് മരുന്നൊന്നും Prescribe ചെയ്യുന്നില്ല. പകരം, നിങ്ങൾ എന്റെ അടുക്കൽ വരുമ്പോൾ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും എന്നാണ് ഈശോ പറയുന്നത്. ഈശോയുടെ ഉറപ്പാണിത്. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന, ഇന്നും ഓരോ വിശുദ്ധ കുർബാനയിലൂടെയും ആവർത്തിക്കുന്ന, വിശുദ്ധ ബൈബിളിലെ ഓരോ വചനവും ഏറ്റുപറയുന്ന ഉറപ്പ്.

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ ഈശോയുടെ ഈ സാമൂഹിക കാഴ്ചപ്പാട് ഏറ്റുപറഞ്ഞുകൊണ്ട് നാം പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, നമ്മുടെ കുർബാനയുടെ അനാഫൊറ ഉറപ്പിച്ചിരിക്കുന്നത് പ്രണാമജപങ്ങളെന്നറിയപ്പെടുന്ന നാല് തൂണുകളിലാണ്. അതിൽ മൂന്നാമത്തെ പ്രണാമജപ പ്രാർത്ഥന ഒന്ന് ശ്രദ്ധിക്കുക. വാതം, പിത്തം, കഫങ്ങൾ നിറഞ്ഞ മനുഷ്യസ്വഭാവമുള്ള, അധഃപതിച്ചുപോയ, മൃതരായ, പാപികളായ, ബുദ്ധിയിൽ ഇരുട്ടുബാധിച്ച, ശത്രുക്കളുള്ള, ബലഹീനമായ പ്രകൃതിയുള്ള ഞങ്ങളെ ആശ്വസിപ്പിക്കാൻ വന്ന കർത്താവേ, എങ്ങനെയാണ് ഞങ്ങൾ നന്ദി പ്രകാശിപ്പിക്കുക!!! മറ്റൊരുവാക്കിൽ, അധ്വാനിക്കുന്നവരും, ഭാരം വഹിക്കുന്നവരുമായ ഞങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം എത്ര വലിയ ആശ്വാസങ്ങളാണ് അനുഗ്രഹങ്ങളാണ് നീ നൽകിയിരിക്കുന്നത്.

ഇത്രമാത്രം മനോഹരമായ ഈ പ്രണാമജപം പക്ഷേ നമ്മൾ, ഒരു ഗാനത്തിനുവേണ്ടി, ഒരു സ്തുതിഗീതത്തിനുവേണ്ടി ഉപേക്ഷിക്കുകയല്ലേ പ്രിയപ്പെട്ടവരേ??? ഇന്നത്തെ സുവിശേഷഭാഗത്തു കാണുന്ന ആശ്വസിക്കുന്ന ക്രിസ്തുവാണ് വിശുദ്ധ കുർബാനയിലെ ഇന്നും ജീവിക്കുന്ന ക്രിസ്തു എന്ന് വിശ്വാസത്തോടെ ഏറ്റുപറയുമ്പോൾ എങ്ങനെയാണ് ഈ പ്രണാമജപം ഉപേക്ഷിക്കുവാൻ നമുക്ക് തോന്നുക!!!!

എനിക്കറിയാം, നിങ്ങൾ ഓരോരുത്തർക്കും മനഃപാഠമാണ് ഈ ബൈബിൾ വചനം എന്ന്. മറ്റ് സുവിശേഷ വചനങ്ങൾ അറിഞ്ഞില്ലെങ്കിലും, ഈ സുവിശേഷ വചനം അറിയാത്ത ഒരു ക്രൈസ്തവനും ഈ ലോകത്തുണ്ടായിരിക്കുകയില്ലെന്ന് ഞാൻ വെറുതെ അങ്ങ് വിശ്വസിക്കുകയാണ്. കാരണം, നമ്മെ ആശ്വസിക്കുന്ന ഏകദൈവം ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നവരാണ് നാം. ആകാശത്തിന് കീഴിൽ ഭൂമിക്ക് മീതെ നമ്മെ ആശ്വസിപ്പിക്കുന്ന ഏകനാമം ക്രിസ്തുവിന്റേതാണെന്ന് നാം വിശ്വസിക്കുന്നു. ആകാശത്തിന് കീഴിൽ ഭൂമിക്ക് മീതെ നമ്മെ ആശ്വസിപ്പിക്കുന്ന ഏക ദൈവം ക്രിസ്തുവാണെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ ധ്യാനകേന്ദ്രങ്ങളിലും, കുടുംബങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മകളിലും നാം പാടുന്ന ഒരു പാട്ടില്ലേ? എന്താണത്? “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു ” അതെ അവിടുന്നാണ്, എന്റെ കണ്ണീരൊപ്പുന്ന, എന്നെ ആശ്വസിപ്പിക്കുന്ന, എന്റെ ഭാരങ്ങൾ വഹിക്കുന്ന, എന്റെ പാപങ്ങൾ നീക്കുന്ന, എന്നെ സുഖപ്പെടുത്തുന്ന ക്രിസ്തു. ആ ക്രിസ്തു എന്ത് ചെയ്യുന്നു? നിന്നെ വിളിച്ചീടുന്നു. നിന്നെ വിളിച്ചീടുന്നു. എല്ലാവരും ചേർന്ന് ഒന്ന് പേടിക്കേ: “ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു, നിന്നെ വിളിച്ചീടുന്നു. നിന്നെ വിളിച്ചീടുന്നു.”

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.”

സ്നേഹമുള്ളവരേ, നമ്മെ ആശ്വസിപ്പിക്കുന്ന നമ്മുടെ ദൈവം, ക്രിസ്തു ഓരോ നിമിഷവും തന്റെ ആശ്വാസത്തിലേക്ക്, തന്നിലേക്ക് നമ്മെ മാടിവിളിക്കുകയാണ്. ആ ക്രിസ്തുവിനെ സ്നേഹിക്കുകയെന്നാൽ അവിടുന്നിൽ വിശ്വസിക്കുകയാണ്. ആ ക്രിസ്തുവിനെ ഏറ്റുപറയുകയെന്നാൽ അവിടുത്തെ ആശ്വാസം മറ്റുള്ളവർക്കും പകർന്നു നൽകുകയാണ്. ആ ക്രിസ്തുവിന്റെ ശിഷ്യയാകുകയെന്നാൽ, ശിഷ്യനാകുകയെന്നാൽ അവിടുത്തെ എന്റെ കർത്താവായ, എന്റെ ദൈവമായി പ്രഖ്യാപിക്കുകയാണ്. അങ്ങനെ ഒരു നേരം നമ്മുടെ ജീവിതത്തിലും വരും. ഇന്നത്തെ ലോകത്തിന്റെ അടയാളങ്ങൾ അതാണ് നമ്മോട് പറയുന്നത്. കാരണം, നമ്മുടെ ജീവിതസാക്ഷ്യങ്ങൾ നമ്മെ ആശ്വസിപ്പിക്കുന്ന ക്രിസ്തുവിനെ ഏറ്റുപറയുവിധം ആകുന്നില്ല.  ഈ സുവിശേഷഭാഗം നമ്മുടെ ക്രൈസ്തവജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.

പ്രിയപ്പെട്ടവരേ, വേദനിക്കുന്നവന് ആശ്വാസമാണ് ക്രിസ്തു; ഒറ്റയായിരിക്കുന്നവന് കൂട്ടാണ് ക്രിസ്തു. ആശങ്കകളുള്ളവർക്ക് പ്രതീക്ഷയാണ് ക്രിസ്തു. തോറ്റവനെയും ചേർത്തുപിടിക്കുന്ന ശക്തിയാണ് ക്രിസ്തു.

അങ്ങനെയെങ്കിൽ നമുക്ക് ആരാണ് ക്രിസ്തു. ഇന്നത്തെ സുവിശേഷം പറയുന്നു, നിന്റെ ആശ്വാസമാണ് ക്രിസ്തുവെന്ന്. നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. ഈശോയുടെ ആശ്വാസം സ്വന്തമാക്കാം. മൂന്നാം പ്രമാണജപം Sense മനസ്സിലാക്കി ചൊല്ലി പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ

സ്ലീവാ മൂന്നാം ഞായർ

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത്ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൾ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ.പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “ (ഫാ. സാജു പൈനാടത്ത്, ദൈവത്തിന്റെ  ഭാഷ-വിശുദ്ധ കുർബാന, 5, 59, പേജ് 103)

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ, കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം.

നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MT 24, 39-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ

സ്ലീവാ രണ്ടാം ഞായർ  

മത്താ 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

ഇവയോടൊപ്പമായിരിക്കും പ്രപഞ്ചത്തിലെ ശക്തികളിലുണ്ടാകുന്ന മാറ്റം. സൂര്യൻ ഇരുണ്ടുപോകും;ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങള ആകാശത്തിൽ നിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകും. ഈശോ ഇവിടെ ആലങ്കാരിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് AD 70 ൽ നടന്ന ജറുസലേം ദേവാലയത്തിന്റെ തകർച്ചയെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇത് കഴിഞ്ഞുപോയ സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചുമല്ല ഈശോ സൂചിപ്പിക്കുന്നത്. ഇത് വരാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. കർത്താവിന്റെ ദിനത്തിൽ സൂര്യൻ ഇരുണ്ടുപോകുമെന്നും, നക്ഷത്രങ്ങൾ പ്രകാശം മറച്ചുകളയുമെന്നും ജോയേൽ പ്രവാചകൻ പറയുന്നുണ്ട്. (2, 10) വെളിപാടിന്റെ പുസ്തകത്തിൽ ചന്ദ്രൻ രക്തവർണമാകുന്നതും, ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമാകുന്നതും അത്തിവൃക്ഷത്തിൽ നിന്ന് പച്ചക്കായ്‌കൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ നിപതിക്കുന്നതും വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ട്. (6, 13) അത് എന്നായിരിക്കുമെന്നതിന് ഒരു സൂചനയും ഈശോ നൽകുന്നില്ല. നൽകുന്നില്ലെന്ന് മാത്രമല്ല പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലയെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിന്, പ്രകൃതിയിൽ നിന്ന് കാലങ്ങൾ നിരീക്ഷിച്ചു് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നതുപോലെ ഈ കാലഘട്ടത്തിന്റെ, വർത്തമാനകാലത്തിലെ മനുഷ്യരുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി നിൽക്കുവാൻ നമുക്ക് സാധിക്കട്ടെ.

ക്രിസ്തു നമുക്ക് തരുന്ന ഒരേയൊരു ലക്ഷണം ഇതാണ്: നോഹയുടെ ദിവസങ്ങൾ പോലെയുള്ള അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോൾ ഓർക്കുക തകർച്ചയുടെ കാലം അകലെയല്ലെന്ന്.

നമ്മുടെ ജീവിതത്തിൽ നന്മയുടെ, ധാർമികതയുടെ, ക്രൈസ്തവമൂല്യങ്ങളുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് തിരിയുവാൻ നകുക്കാകട്ടെ. ആമേൻ! 

SUNDAY SERMON MT 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ   

സ്ലീവാക്കാലം ഒന്നാം ഞായർ

മത്താ 10, 34- 42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.   നമ്മുടെ സീറോമലബാർ ആരാധനാക്രമ കലണ്ടർ അനുസരിച്ച് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച മുതൽ സ്ലീവക്കാലമാണ് നാം ചരിക്കുന്നത്. ഇന്ന് സ്ലീവാക്കാലം ഒന്നാം ഞായറാണ്.  കുരിശിനാലേ ലോകമൊന്നായ് ക്രിസ്തു വീണ്ടെടുത്തതിന്റെ ഓർമയാണ് ഈ കാലഘട്ടത്തിൽ പ്രത്യേകമായി നാം സ്മരിക്കുന്നത്. കുരിശ് രക്ഷയുടെ പ്രതീകമാണെന്നും, ക്രിസ്തുവിന്റെ കുരിശിൽ അഭിമാനിക്കുന്നവരാണ് ക്രൈസ്തവർ എന്നും പ്രഖ്യാപിച്ചുകൊണ്ടാണ്, നമ്മുടെ ക്രൈസ്തവ സാക്ഷ്യം ഏറ്റുപറഞ്ഞുകൊണ്ടാണ് ഇന്ന് വിശുദ്ധ കുർബാനയിൽ നാം പങ്കെടുക്കുന്നത്.

ലോകമിന്ന് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ കുരിശിനെ സ്വീകരിക്കുകയും, അതോടൊപ്പംതന്നെ, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ കുരിശിനെ, ക്രൈസ്തവരെ തള്ളിപ്പറയുകയും, അധിക്ഷേപിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ഈയിടെ ഇന്തോനേഷ്യയിലും, കിഴക്കൻ തിമോറിലും, പപ്പാന്യൂഗിനിയയിലും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയ്ക്ക് ലഭിക്കുന്ന സ്വീകരണവും, വർണോജ്വലമായ വരവേൽപ്പും, ക്രിസ്തുവിനെ ലോകം സ്വീകരിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നതിന്റെ അടയാളങ്ങളാണ്. എന്നാൽ, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അഭിമാനത്തോടെ, കുരിശും വഹിച്ച് ധാരാളം ക്രൈസ്തവർ ക്രിസ്തുവിനായി സാക്ഷ്യം വഹിക്കുന്നുണ്ട്. ആഗോള ഇസ്ലാമിക ഭീകരതയും, ക്രൈസ്തവ വേട്ടയും ഇന്ന് സർവ സാധാരണമാകുമ്പോൾ ക്രൈസ്തവന്റെ കുരിശുകൾക്കും, കുരിശിന്റെ വഴികൾക്കും കാഠിന്യമേറുകയാണ്. ഇപ്പോൾ ചർച്ചയായിരിക്കുന്ന വഖഫ് അധിനിവേശങ്ങളും, മണിപ്പൂരിൽ തുടരുന്ന അസ്വസ്ഥതകളും ഭാരതത്തിലെ ക്രൈസ്തവരും തങ്ങളുടെ കുരിശുകൾ വഹിച്ച് ഈശോയെ പിന്തുടരുന്ന ക്രൈസ്തവരാണെന്ന് പ്രഘോഷിക്കുകയാണ്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരുസ്സഭ യഥാർത്ഥ ക്രിസ്തുശിഷ്യന്റെ ജീവിതരീതികളെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷഭാഗം നമ്മുടെ പരിചിന്തനത്തിനായി നൽകിയിരിക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ പത്താം അദ്ധ്യായം ക്രിസ്തു ശിഷ്യത്തെക്കുറിച്ച് വിവരിക്കുന്ന അധ്യായമാണ്. ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്നതും, അവരെ മിഷൻ പ്രവർത്തനത്തിനയയ്ക്കുന്നതും വളരെ ദീർഘമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുമ്പോഴുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ചും ഇവിടെ ഈശോ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഞാൻ നിങ്ങളെ അയയ്ക്കുന്നതെന്നും, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കണമെന്നും, പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കണമെന്നും ഈശോ ശിഷ്യന്മാരോട് നിഷ്കർഷിക്കുന്നുണ്ട്. പീഡനങ്ങൾക്കിടയിലും, കുരിശുകൾക്കിടയിലും പരിശുദ്ധാത്മാവ് നിങ്ങളോട് കൂടെ ഉണ്ടായിരിക്കുമെന്നും ഈശോ പറയുന്നുണ്ട്. എന്നിട്ട് ഈശോ പറയും, പീഡനങ്ങൾക്കിടയിലും, കുരിശുകൾക്കിടയിലും നിങ്ങൾ എനിക്ക് നിർഭയം സാക്ഷ്യം നൽകണം. എന്നിട്ടാണ് ഈശോ ക്രിസ്തു ശിഷ്യന്റെ ജീവിതരീതികളെപ്പറ്റി പറയുന്നത്. 

ക്രിസ്തുശിഷ്യന്റെ ജീവിതരീതിയുടെ ആദ്യത്തെ പ്രത്യേകത അത് സമാധാനത്തിന്റേതായിരിക്കുകയില്ല ഭിന്നിപ്പിന്റേതായിരിക്കും എന്നതാണ്. ഇവിടെ നല്കപ്പെട്ടിരിക്കുന്ന പ്രതീകങ്ങൾ രണ്ടാണ്: സമാധാനവും വാളും. നമ്മുടെ ദൈവം സമാധാനം നൽകുന്ന ദൈവമാണ്. ക്രിസ്തുവിന്റെ ജനനവേളയിൽ മാലാഖമാർ ആശംസിച്ചത് ഭൂമിയിൽ നന്മനസ്സുള്ളവർക്ക് സമാധാനമുണ്ടാകട്ടെ എന്നാണ്. ഉത്ഥാനത്തിനുശേഷം, ഈശോയുടെ പ്രത്യക്ഷീകരണവേളകളിലും, നിങ്ങൾക്ക് സമാധാനം എന്നാണ് ഈശോ പറഞ്ഞത്.

സമാധാനം ദൈവികകൃപയുടെ പ്രതീകമാണെങ്കിൽ, വാൾ അങ്ങനെയല്ല. അത്, ഭിന്നിപ്പിന്റെ, സംഹാരത്തിന്റെ പ്രതീകമാണ്. ക്രിസ്തുവും, ക്രിസ്തുവിന്റെ സന്ദേശവും സമാധാനത്തിന്റേതാണെങ്കിലും, അത് സ്വീകരിക്കുവാൻ ലോകം തയ്യാറാവുകയില്ല. അതറിയുവാനുള്ള ഉൾക്കണ്ണിന്റെ തുറവി അവർക്കുണ്ടാകുകയില്ല. അതുകൊണ്ട്, ക്രിസ്തു സമാധാനമാണെങ്കിലും, ഫലത്തിൽ ക്രിസ്തുവിന്റെ വചനങ്ങളും, സന്ദേശവും, ജീവിതവും മനുഷ്യമനസ്സിൽ, സമൂഹത്തിൽ ഭിന്നത സുഷ്ടിക്കും.

ക്രിസ്തുവിന്റെ സന്ദേശത്തിന് ഒരു പ്രത്യേകതയുണ്ട്. അത് വിശുദ്ധമാണ്. അതിന് നന്മയുടെ നിറവും മണവുമുണ്ട്. അതിന് അന്ധകാരത്തെ നീക്കിക്കളയുവാനുള്ള ശക്തിയുണ്ട്. അത് പക്ഷേ, സ്വാർത്ഥത നിറഞ്ഞ മനസ്സുകളെ അസ്വസ്ഥമാക്കും; അസ്സോയാനിറഞ്ഞ ഹൃദയങ്ങളെ അന്ധമാക്കും. ഹിഡൻ അജണ്ടകൾ ഉള്ളവരെ വിദ്വേഷം കൊണ്ട് നിറയ്ക്കും. അങ്ങനെ സമാധാനം നിറഞ്ഞ, പുണ്യം നിറഞ്ഞ ക്രിസ്തു സന്ദേശത്തെ, ക്രിസ്തുവിന്റെ സമാധാനത്തെ അവർ വികൃതമാക്കും. ജനം കേൾക്കുന്നത് അവരെയായിരിക്കും. മാധ്യമങ്ങൾ ചർച്ചചെയ്യുന്നത് അവർ പറയുന്ന കാര്യങ്ങളായിരിക്കും. ക്രിസ്തു സന്ദേശം അങ്ങനെ വികൃതമാക്കപ്പെട്ട, ഭിന്നത സൃഷ്ടിക്കുന്ന ഒന്നാകും. അപ്പോൾ, രക്തബന്ധങ്ങൾ അകന്നു നിൽക്കും. കുടുംബബന്ധങ്ങൾക്ക് ഒരു വിലയുമുണ്ടാകില്ല. ആത്മാർത്ഥതയ്ക്കും, വിശ്വസ്തതയ്ക്കും മാർക്കറ്റുണ്ടാകില്ല. ക്രിസ്തുവിനറിയാം, അവിടുത്തെ സന്ദേശം ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുമെന്ന്. അതുകൊണ്ടാ ഈശോ പറഞ്ഞത്: സമാധാനമല്ല ഭിന്നത എന്ന്.

ക്രിസ്തുവിന്റെ ജീവിതരീതിയുടെ രണ്ടാമത്തെ പ്രത്യേകത,

അതിന് മുൻഗണനാക്രമം (Priority) ഉണ്ടെന്നതാണ്. ദൈവത്തിന്, ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകുക. നിന്റെ priority List ൽ ഒന്നാം സ്ഥാനം ക്രിസ്തുവിന്!!! സ്നേഹിതരേ, നിങ്ങൾക്ക് നിങ്ങളുടെ ജീവൻ നേടിയെടുക്കാൻ താത്പര്യമുണ്ടോ, ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. നിങ്ങളുടെ കുടുംബത്തെ ദൈവകൃപയിൽ നിലനിർത്താൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. നിങ്ങളുടെ മക്കൾക്ക് ഉന്നതമായ വിജയം നേടിയെടുക്കുവാൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക. അപകടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും സുരക്ഷാ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക.  എല്ലാത്തരത്തിലുമുള്ള ഭയത്തിൽ നിന്ന് രക്ഷപ്പെടുവാൻ ആഗ്രഹമുണ്ടോ? ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകുക.  അങ്ങനെ ഒന്നാം സ്ഥാനം നൽകുമ്പോൾ, ദൈവം നിന്റെ ജീവിതത്തെ തിരിച്ചുപിടിക്കും. നീ എവിടെ വച്ച് തകർക്കപ്പെട്ടുവോ, അവിടെവച്ച് തന്നെ അവിടുന്ന് നിന്നെ ഉയർത്തും. നിന്റെ ആവശ്യങ്ങളിൽ നിന്റെ ജീവിതത്തിലേക്ക് ആളുകളെ അയയ്ക്കും. അപ്പോൾ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. ആളുകളുടെ മുൻപിൽ നീ സ്വീകൃതനാകും. എത്തിച്ചേരാൻ പറ്റില്ലായെന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തിച്ചേരും. അപ്പോൾ നീ മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു ഗ്ലാസ് പച്ചവെള്ളത്തിനുപോലും നിനക്ക് പ്രതിഫലം ലഭിക്കും. മനുഷ്യരിൽ നിന്നല്ല, ദൈവത്തിൽ നിന്ന്!!

മൂന്നാമതായി, ക്രിസ്തുശിഷ്യന്റെ ജീവിതരീതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് സ്വന്തം കുരിശെടുത്ത് അവിടുത്തെ അനുഗമിക്കുക

എന്നത്. എന്തുകൊണ്ടാണ് ഇത് ഏറ്റവും പ്രധാനപ്പെട്ടതാകുന്നത്? അതിന് കുരിശ് എന്താണെന്ന് നാം അറിയണം. എന്താണ് കുരിശ്? ഈശോ ഈ വചനം പറയുമ്പോൾ, കുരിശ് രക്ഷയുടെ അടയാളമായിട്ടില്ല. കുരിശ് മനുഷ്യന്റെ ജീവിത ബുദ്ധിമുട്ടുകളല്ല. മനുഷ്യരുടെ കണ്ണീരല്ല. മനുഷ്യരുടെ രോഗങ്ങളല്ല. നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും! അച്ചനെന്താണീ പറഞ്ഞുവരുന്നത്? സ്നേഹമുള്ളവരേ, കുരിശെന്ന് പറയുന്നത്, നമ്മുടെ തീരുമാനങ്ങളാണ്. ഈശോ പറയുന്നു, “മകളേ, മകനേ നിന്റെ തീരുമാനമാകുന്ന കുരിശ് നിന്റെ ജീവിതത്തിന്റെ തോളത്തും വച്ചുകൊണ്ട് എന്റെ പിന്നാലെ വരിക. മനുഷ്യന്റെ തീരുമാനമാണ് കുരിശ്. ജീവിതമെന്നു പറയുന്നതോ, തീരുമാനങ്ങളുടെ ആകെത്തുക. ഓരോ നിമിഷവും ചെറുതും വലുതുമായ തീരുമാനങ്ങളെടുത്തുംകൊണ്ടാണ് നാം മുന്നോട്ട് പോകുന്നത്. ഈ തീരുമാനങ്ങളുടെ പരിണിതഫലമായി വരുന്നവയാണ്, സന്തോഷവും ദുഃഖവും. ചിരിയും, കണ്ണീരും. അപ്പോൾ നിന്റെ കുരിശ് നിന്റെ തീരുമാനമാണ്. നീ നൈറ്റിനെ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. നിന്റെ തീരുമാനത്തോട് ആത്മാർത്ഥത പുലർത്തണം. വിശ്വസ്ത പുലർത്തണം. അത് നീ വൈദികനായാലും, സന്യാസിയായാലും, കുടുംബജീവിതം നയിക്കുന്നവരായാലും, യുവജനങ്ങളായാലും തീരുമാനങ്ങളോട് വിശ്വസ്തത പുലർത്തണം. അത് നീ മാമ്മോദീസയിൽ എടുത്ത് തീരുമാനമായാലും, വൈദികനായപ്പോൾ എടുത്ത തീരുമാനമായാലും, വിവാഹത്തിലെടുത്ത തീരുമാനമായാലും, സാധാരണ ജീവിത സാഹചര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങളായാലും – മകളേ, മകനേ വിശ്വസ്തത പുലർത്തുക. അപ്പോൾ, അപ്പോൾ മാത്രമേ നീ ക്രിസ്തു ശിഷ്യനാകുകയുള്ളു.

സ്നേഹമുള്ളവരേ, ക്രിസ്തു ശിഷ്യന്റെ ജീവിതരീതികൾ നമ്മിൽ നിന്ന്, ക്രൈസ്തവരിൽ നിന്ന് അന്യം നിന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്‌തുവിന്റെ വചനം പ്രസംഗിക്കുന്ന ഞാൻ തന്നെ, മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെടുമെന്ന ഭീതിയിൽ, മറ്റുള്ളവരാൽ അവഹേളിക്കപ്പെടുമെന്ന പേടിയിൽ പലപ്പോഴും ക്രിസ്തുവിന്റെ വചനം, അവിടുത്തെ സന്ദേശം ഉറക്കെ പറയാറില്ല. ചിലപ്പോഴൊക്കെ, ക്രിസ്തുവിന്റെ വചന സന്ദേശത്തിൽ ഞാൻ വെള്ളം ചേർക്കുന്നു. എന്റെ കുരിശുകളോട് ഞാൻ ആത്മാർത്ഥത കാണിക്കുന്നില്ല. എന്റെ കുരിശുകളെ ചിലപ്പോൾ എന്റെ തോളിൽ വഹിക്കുവാൻ താത്പര്യപ്പെടുന്നില്ല. അതിനാൽ, എന്റെ പുഞ്ചിരിപോലും, മറ്റുള്ളവരിൽ ദൈവകൃപ നിറയ്ക്കുന്നില്ല. എന്റെ സാന്നിധ്യം മറ്റുള്ളവർക്ക് അരോചകമാകുന്നു.

പ്രിയപ്പെട്ടവരേ, ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ തീരുമാനങ്ങളെ

മറക്കാതെ ജീവിക്കാം. നമ്മുടെ ജീവിതത്തിൽ ക്രിസ്തു ശിഷ്യന്റെ ജീവിത രീതിയുടെ പ്രത്യേകതകൾ വിളങ്ങിനിൽക്കട്ടെ. അതിനായി, വിശുദ്ധബലിയിൽ നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON MT 1, 1-17

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

പരിശുദ്ധമാതാവിന്റെ ജനനത്തിരുനാൾ

മത്താ 1, 1-17

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന്, മരിയഭക്തരോട് ചേർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ നാമിന്ന് ആഘോഷിക്കുകയാണ്. സെപ്റ്റംബർ മാസത്തിന്റെ ആത്മീയ ഭംഗി മാതാവിന്റെ ജനനത്തിരുനാൾ തന്നെയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ പങ്കുചേരാനും, ക്രിസ്തുവിന്റെ വംശാവലിയുടെ ഓരംചേർന്ന് നടക്കാനും പരിശുദ്ധ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചത് വലിയ അത്ഭുതത്തോടെതന്നെയാണ് തിരുസ്സഭ, ലോകം നോക്കിക്കാണുന്നത്. അമലോത്ഭവയായി ഈ ഭൂമിയിൽ പിറന്നുവീണത് അമ്മയെ അനന്യയും, കൃപനിറഞ്ഞവളുമാക്കി. തന്നെയുമല്ല, കുരിശിൽ ചുവട്ടിൽ ഇതാ നിന്റെ ‘അമ്മ എന്നും പറഞ്ഞ് വിശുദ്ധ യോഹന്നാന് മറിയത്തെ നൽകിയപ്പോൾ മുതൽ അവൾ ലോകം മുഴുവന്റെയും അമ്മയായി മാറി. വിശുദ്ധ ഒൻപതാം പീയൂസ് മാർപാപ്പ പറഞ്ഞതുപോലെ മറിയമേ, എത്ര പരിശുദ്ധം നിന്റെ ജനനം; എത്ര മനോഹരം നിന്റെ ജീവിതം! എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനനതിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

ക്രിസ്തുവിന്റെ വംശാവലിയുടെ ഓരം ചേർന്ന് നടന്നവളാണ് മറിയം. ഇന്നത്തെ സുവിശേഷഭാഗം ക്രിസ്തുവിനെ വംശാവലിയുടെ പൂർണതയായി അവതരിപ്പിക്കുന്നതോടൊപ്പം, പരിശുദ്ധ മറിയത്തെ, ആ വംശാവലിയുടെ വഴിയിലെ സമർപ്പണത്തിന്റെ, ദൈവകൃപയുടെ മാതൃകയായി ചേർത്തുനിർത്തുകയാണ്. നമുക്ക് ആദ്യം തന്നെ ക്രിസ്തുവിന്റെ വംശാവലിയുടെ പ്രത്യേകതകൾ എന്തെന്ന് പരിശോധിക്കാം. 

മനുഷ്യ ജനിതകശാസ്ത്രത്തിൽ, (Human Genetics) വംശാവലികൾ (Genealogy) കുടുംബത്തിൻ്റെയും കുടുംബാംഗങ്ങളുടെയും ജനിതക വിവരങ്ങൾ നമുക്ക് നൽകും. ഇത് കുടുംബത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക ജനിതക സ്വഭാവം കണ്ടെത്താൻ നമ്മെ സഹായിക്കും. വംശാവലികൾ വിശകലനം ചെയ്യുന്നതിലൂടെ അത്തരം മനുഷ്യ ജനിതക സവിശേഷതകൾ കണ്ടെത്താനാകും ഒരു ഗവേഷകൻ ശ്രമിക്കുക.  തലമുറകളിലുടനീളം മാതാപിതാക്കളെയും സന്താനങ്ങളെയും കാണിക്കുന്ന കുടുംബവൃക്ഷങ്ങളിൽ നിന്ന് ഈ പ്രത്യേക ജനിതക സ്വഭാവം കണ്ടെത്തുമ്പോൾ, ആ കുടുംബവൃക്ഷത്തിന്റെ സവിശേഷതകൾ മനസിലാക്കുവാൻ നമുക്കാകും.

ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ, ഈ കാലഘട്ടത്തിൽ വംശാവലിതേടിയുള്ള യാത്രകളെ തിരിച്ചുപിടിച്ച നോവലെഴുതിയത് അമേരിക്കക്കാരനായ അലക്സ് ഹാലിയാണ് (Alex Haley). നോവലിന്റെ പേര്: Roots: The Saga of an American Family. (1976) ഈ നോവൽ വംശാവലികളെ കണ്ടെത്താനും, അതിനെക്കുറിച്ച് അറിയാനും ലോകമെങ്ങുമുള്ള മനുഷ്യരിൽ ജിജ്ഞാസ ജനിപ്പിച്ചു.

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായ ഗബ്രിയേൽ ഗാർസിയ മാർകേസ് (Gabriel Garcia Marquez) 1976 ൽ എഴുതിയ നോവലും വംശാവലിയുടെ കഥയാണ് പറയുന്നത്. നോവലിന്റെ പേര്: ഏകാന്തതയുടെ 100 വർഷങ്ങൾ (Hundred Years of Solitude). ബ്യുവെണ്ടിയാ കുടുംബത്തിന്റെ (Buendia Family) ഏഴ് തലമുറകളുടെ കഥയാണ് ഈ നോവൽ. തലമുറകളെക്കുറിച്ച് ഓർമയുണ്ടായിരിക്കണം എന്നാണ് ഈ നോവലിൽ മാർക്കേസ് പറയുന്നത്. “ഓർമയുടെ താക്കോൽ കളഞ്ഞുപോയ ഒരു ജനതയ്ക്ക് കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും; ചിതറിയ്ക്കപ്പെടും”.

മലയാള സാഹിത്യത്തിൽ തലമുറകളെക്കുറിച്ച് ഓ. വി. വിജയനാണ് (O.V. Vijayan) എഴുതിയിരിക്കുന്നത്. നോവലിന്റെ പേര്: “തലമുറകൾ.” അതിലെ ഒരു വാചകവും നമ്മെ ഓർമിപ്പിക്കുന്നത് തലമുറകളെക്കുറിച്ചാണ്. “എല്ലാം വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. മനുഷ്യപ്പറ്റും, നന്മയും എല്ലാം വീട്ടിൽ നിന്നാണ് കിട്ടുന്നത്.”

സ്വിറ്റ്സർലൻഡുകാരനായ ലോകപ്രശസ്ത ചിന്തകനും വിശകലന മനഃശാസ്ത്രത്തിന്റെ പിതാവുമായ കാൾ യുങ് (Carl Jung) വംശാവലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. “അനാഥമായ മനസ്സോടെ ആരും പിറക്കുന്നില്ല. എത്രയോ തലമുറകളുടെ ജനിതക ഘടനകൾ നമ്മിലുണ്ട്. തായ് വേരുകൾ മക്കുവാൻ കഴിയുന്നതല്ല.”

ക്രിസ്തുവിന്റെ വംശാവലി വിശകലനം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന പ്രത്യേക ജനിതക സ്വഭാവം (Specific Genetic Trait) നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. എന്താണ് ആ പ്രത്യേക ജനിതക സ്വഭാവം? കുടുംബചരിത്രത്തിന്റെ ആദ്യം മുതൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുപറ്റുന്ന തലമുറകളുടെ സംഗമമാണ് ക്രിസ്തുവിന്റെ വംശാവലി.

വളരെ മനോഹരമായിട്ടാണ് വിശുദ്ധ മത്തായി ഈ വിവരണം തുടങ്ങുന്നത്. “അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.” (1, 1) കൃത്യതയോടെയാണ് വിശുദ്ധ മത്തായി വിവരിക്കുന്നത്. 42 തലമുറകളുടെ വിവരണമാണ് ക്രിസ്തുവിന്റെ വംശാവലിയിലുള്ളത്. (ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശാവലി ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റേതാണ് (Confucious), 82 തലമുറകൾ!)

ഒന്നാമതായി, ഞാൻ ആദ്യം പറഞ്ഞതുപോലെ, ക്രിസ്തുവിന്റെ വംശാവലി ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ സഹകരിക്കുന്ന തലമുറകളുടെ സംഗമമാണ്. നമ്മുടെ ഓരോരുത്തരുടേയും ജീവിതവൃക്ഷങ്ങൾ പരിശോധിച്ചാൽ നമുക്കറിയുവാൻ സാധിക്കും, എത്രയോ വിശുദ്ധിയുടെയും, ത്യാഗത്തോടെയുമാണ് നമ്മുടെ പൂർവികർ തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പദ്ധതിയോട് സഹകരിച്ച് ജീവിച്ചതെന്ന്. അവരുടെ സഹനത്തിന്റെ, ബുദ്ധിമുട്ടിന്റെ, അവയ്ക്കിടയിലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ടുള്ള ക്രൈസ്തവ സാക്ഷ്യത്തിന്റെ നന്മയാണ് നമ്മുടെയൊക്കെ കുടുംബവൃക്ഷത്തിൽ നമുക്ക് കാണുവാൻ സാധിക്കുക.

രണ്ടാമതായി,വംശാവലിയുടെ പൂർണത ക്രിസ്തുവിലാണ്. “ഇങ്ങനെ, അബ്രഹാം മുതൽ ദാവീദുവരെ 14ഉം, ദാവീദുമുതൽ ബാബിലോൺ പ്രവാസം വരെ 14ഉം, ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ 14ഉം തലമുറകളാണ് ആകെയുള്ളത്” (117) എന്ന് പറഞ്ഞുകൊണ്ട് വംശാവലി തീരുകയാണ്. കാരണം, Jesus is the Ultimate.” Jesus is the Ultimate Flowering.” He is the Pleroma (Fulfillment)

സ്നേഹമുള്ളവരേ, ഓരോ വംശാവലിയുടെയും, നിന്റെയും, എന്റെയും വംശാവലിയുടെ പൂർണത ക്രിസ്തുവിലാണ്. നമ്മുടെ കുടുംബങ്ങളുടെ, കുടുംബചരിത്രത്തിന്റെ പൂർണത ക്രിസ്തുവിലാണ് എന്ന ബോധ്യത്തിൽ ജീവിക്കുമ്പോൾ, വിശുദ്ധിയോടെ, ശ്രദ്ധയോടെ നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് സാധിക്കും. ഏത് കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ ഞാൻ പൊടിച്ചു എന്നതല്ല പ്രധാനപ്പെട്ടത്. ആ കുടുംബവൃക്ഷത്തിന്റെ പൂർണത ക്രിസ്തുവാണെന്ന് അറിയുവാൻ എനിക്കാകുന്നുണ്ടോ എന്നതാണ് ചോദ്യം! നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ മഹത്വം അത് തന്നെയാണ്.

മൂന്നാമതായി, ഓരോ വംശാവലി ചരിത്രവും, ആ കുടുംബത്തിന്മേലുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ, കരുതലിന്റെ, കണക്കുകൂട്ടലുകളുടെ, പരിപാലനയുടെ കഥകളുടെ സമാഹാരമാണ്. ക്രിസ്തുവിന്റെ വംശാവലി ചരിത്രം നോക്കുക. അത് ദൈവമഹത്വത്തിന്റെ കഥയാണ് പറയുന്നത്. അബ്രഹാം മുതൽ ദാവീദുവരെയുള്ള 14 തലമുറകൾ – മഹത്വത്തിന്റെ കാലഘട്ടം. ദാവീദുമുതൽ ബാബിലോൺ പ്രവാസം വരെയുള്ള 14 തലമുറകൾ – കളഞ്ഞുപോയ മഹത്വത്തിന്റെ കാലഘട്ടം. ബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെയുള്ള 14 തലമുറകൾ – വീണ്ടെടുക്കപ്പെട്ട മഹത്വത്തിന്റെ കാലഘട്ടം. നമ്മുടെ കുടുംബചരിത്രത്തിൽ നഷ്ടപ്പെടുത്തിയ, കളഞ്ഞുപോയ മഹത്വത്തിന്റെ കഥകൾ ഇല്ലാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

നാലാമതായി, ക്രിസ്തുവിന്റെ വംശാവലി All Inclusive ആണ്. ഈ വംശാവലിയിൽ സ്ത്രീകളുണ്ട്. താമാർ, Prostitute ആയ റാഹാബ്, പിന്നെ മറിയം. ഇത്രയും പേരെടുത്തു പറഞ്ഞ് ഉൾപ്പെടുത്തിയിട്ടുണ്ട്. വംശാവലിയിൽ, എല്ലാവരെയും പരിഗണിക്കണം. സമ്പന്നരെയു, ദരിദ്രരെയും, പാപികളെയും ഒക്കെ …പരിഗണിക്കണം. ഇടർച്ചയുണ്ടാകുമ്പോൾ ഉറ്റവരെ ഉപേക്ഷിക്കുന്നത് ശരിയല്ലല്ലോ. ചേർത്ത് നിർത്തുമ്പോഴാണ്, കൂടെ നിൽക്കുമ്പോഴാണ് മറ്റുള്ളവരെ നമുക്ക് രക്ഷയിലേക്ക് മടക്കിക്കൊണ്ടുവരുവാൻ സാധിക്കൂ. നമ്മുടെ കുടുംബവൃക്ഷങ്ങളിലും ചെറുതും വലുതുമായ ചില്ലകളുണ്ടാകാം. എല്ലാവരെയും ചേർത്ത് നിർത്തുവാൻ, ക്രിസ്തുവിന്റെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം.

അഞ്ചാമതായി, സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് വംശാവലി. ഓരോ വ്യക്തിയിലും തലമുറകളുടെ ജനിതകം ഉൾച്ചേർന്നിട്ടുണ്ട്. എത്രയോ തലമുറകളുടെ സ്വപ്നമാണ് ഈശോയിൽ മുളച്ചത്!! നമ്മിൽ മുളച്ചിരിക്കുന്നത്!!  തളിർത്തിരിക്കുന്നത്!! പൂ ചൂ ടിയിരിക്കുന്നത്!! പഴമായി മറ്റുള്ളവർ രുചിക്കുന്നത്!! ഞാനൊരു ക്രൈസ്തവ കുടുംബത്തിൽ ജനിക്കാൻ ഇടയായി എന്നതിൽ അഭിമാനിക്കുകയും, ദൈവത്തിന് നന്ദി പറയുകയും വേണം.

സ്നേഹമുള്ളവരേ,

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിന്റെ വംശാവലിയിൽ പങ്കുപറ്റിയവളാണ് അമ്മയെന്നും, ക്രിസ്തുവിന്റെ വംശാവലിയുടെ സവിശേഷതകൾ അമ്മയിലും നിറഞ്ഞു നിൽക്കുന്നുവെന്ന് ഏറ്റുപറയുകയും ചെയ്യാം. ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ സംഭവിക്കട്ടെയെന്ന് പറഞ്ഞ് ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ചവളാണ് മറിയം. ക്രിസ്തുവിനെ ജീവിതത്തിന്റെ പൂർണതയായി സ്വീകരിച്ചവളാണ് മറിയം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു എന്നും പറഞ്ഞ് തന്നിലെ ദൈവ മഹത്വം എന്നും ഉയർത്തിപ്പിടിച്ചവളാണ് മറിയം. കണ്ടുമുട്ടുന്ന എല്ലാവരെയും, അവർ പാപികളായാലും, നല്ലവരായാലും, ചേർത്തുപിടിച്ചവളാണ് മറിയം. ദൈവത്തിന്റെ സ്വപ്നം തന്നിൽ പൂർത്തിയാകാൻവേണ്ടി സഹനത്തിലൂടെ കടന്നുപോയവളാണ് മറിയം. അതുകൊണ്ട്, വിശുദ്ധ ഒൻപതാം പീയൂസ് മാർപാപ്പയെപ്പോലെ നമുക്കും പറയാം, മറിയമേ, എത്ര പരിശുദ്ധം നിന്റെ ജനനം; എത്ര മനോഹരം നിന്റെ ജീവിതം ഈ ഭൂമിയിൽ!

പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിന്റെ വംശാവലിയുടെ സവിശേഷതകൾ നമ്മിലും നിറഞ്ഞുനിൽക്കാൻ നമുക്ക് ശ്രമിക്കാം. കുടുംബമഹിമ എന്നത് വെറുതെ വീമ്പടിക്കാൻ മാത്രമുള്ളതല്ലെന്നും, കുടുംബത്തിന്റെ ആഢ്യത്തം എന്നത് ജീവിതത്തിലൂടെ കാണിക്കേണ്ടതാണെന്നും നമുക്ക് ബോധ്യമുണ്ടാകട്ടെ.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിൽ ഈ ഭൂമിയിലെ നമ്മുടെ ജീവിതം, ക്രൈസ്തവജീവിതം മനോഹരമാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം നമുക്കുണ്ടാകട്ടെ. ആമേൻ!

SUNDAY SERMON MT 17, 9-13

ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ

മത്തായി 17, 9-13

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, ഏലിയാ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം, കഴിഞ്ഞ ഞായറാഴ്ച്ച നാം കേട്ട ഈശോയുടെ രൂപാന്തരീകരണത്തിന്റെ തുടർച്ചയാണ്. കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണ് ഈശോയുടെ രൂപാന്തരീകരണം നാം ശ്രവിച്ചത്. ഇന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ രൂപാന്തരീകരണത്തെ തുടർന്ന് വരുന്ന ഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ നമുക്ക് നൽകിയിരിക്കുന്നത്. ഈശോയുടെ രൂപാന്തരീകരണത്തിനുശേഷം ശിഷ്യരോടൊപ്പം മലയിറങ്ങി വരുന്ന ഈശോ അവരോട് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. സന്ദേശം ഇതാണ്: ദൈവത്തിന്റെ നമുക്കുവേണ്ടിയുള്ള രക്ഷാകരപദ്ധതിയോട് സഹകരിച്ചുകൊണ്ട്, തിരുസ്സഭയോട് ചേർന്ന് നിന്ന് ഈശോ നമുക്കായി നേടിയെടുത്ത രക്ഷ സ്വന്തമാക്കുക.  

എന്തുകൊണ്ടായിരിക്കാം ഈശോ അവരോട് നിങ്ങൾ താബോർമലയിൽ ദർശിച്ച രൂപാന്തരീകരണം ആരോടും പറയരുതെന്ന് പറഞ്ഞത്? എന്തുകൊണ്ടായിരിക്കും മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് അവരോട് നിർദ്ദേശിച്ചത്? അത് യഹൂദന്മാരെ പേടിച്ചിട്ടായിരിക്കുമോ? അവർ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്നിട്ടായിരിക്കുമോ? ഏയ്, അങ്ങനെയാകാൻ വഴിയില്ല. പിന്നെ എന്തുകൊണ്ടായിരിക്കും ഈശോ അങ്ങനെ പറഞ്ഞത്? കാരണം ഇതായിരിക്കണം. ഈശോയുടെ കൂടെയാണ് നടക്കുന്നതെങ്കിലും, ശിഷ്യന്മാർക്ക് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൊരുൾ മനസ്സിലായിട്ടില്ലായിരുന്നു. പഴയനിയമകാലത്തു നിന്ന് തുടങ്ങുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതി എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് അവർ ചിന്തിച്ചിട്ടില്ലായിരുന്നു. എന്തിന്, ക്രിസ്തുവിനെക്കുറിച്ചുതന്നെ അവർക്ക് ശരിയായ ഗ്രാഹ്യമില്ലായിരുന്നു. ക്രിസ്തു വന്ന് ദൈവമക്കളെ തന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുമെന്ന് അവർക്കറിയില്ലായിരുന്നു. (മത്താ 4, 17, യോഹ 18, 36) ക്രിസ്തു കുരിശിൽ തറയ്ക്കപ്പെടുമെന്ന് അവർക്കറിയില്ലായിരുന്നു. (മത്താ 27, 26-50) ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു മരിക്കണമെന്നും അവർക്കറിയില്ലായിരുന്നു. (1 യോഹ 2, 2) മൂന്ന് ദിവസം കല്ലറയ്ക്കുള്ളിലായിരിക്കുമെന്നും അവർ ചിന്തിച്ചിട്ടില്ലായിരുന്നു. (മത്താ 27, 57-66) മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് അവരുടെ സ്വപ്നത്തിൽപ്പോലും അവർ നിനച്ചിട്ടില്ലായിരുന്നു. (മത്താ 28, 6) സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുമെന്നും, (അപ്പ 1, 5) ലോകം മുഴുവൻ സുവിശേഷം അറിയിക്കാൻ തന്റെ ശിഷ്യരെ അവൻ അയയ്ക്കുമെന്നും (മത്താ 28,18-20) അവർക്കറിയില്ലായിരുന്നു. ചുരുക്കത്തിൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് അവർ അജ്ഞരായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് പറഞ്ഞത്, “ഈ ദർശനത്തെപ്പറ്റി നിങ്ങൾ ആരോടും പറയരുത്.”

ഒന്ന് വിശകലനം ചെയ്താൽ നമുക്ക് ഇങ്ങനെ പറയാൻ കഴിയും: നിങ്ങൾ കണ്ട ദർശനത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല. നിങ്ങൾ അത് മറ്റുള്ളവരോട് പറഞ്ഞാലും അവർക്കും അത് മനസ്സിലാകില്ല. ഇത്രയും മനോഹരമായൊരു കാര്യം വെറുതെ വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും വഴിവെക്കും. അതുകൊണ്ട് നിങ്ങളിത് ഇപ്പൊ ആരോടും പറയണ്ട. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുതല്ലോ. പിന്നെ, മുത്തുകൾ പന്നികളുടെ മുൻപിൽ വിതറിയാൽ അവരത് ചവുട്ടിയരച്ച് വികൃതമാക്കിക്കളയുമല്ലോ. (മത്താ 7, 6)

എന്നാൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ചുകൊണ്ട്, ആ രക്ഷാകര പദ്ധതി പൂർത്തീകരിക്കുവാൻ, ദൈവനിയോഗവുമായി വന്നവരോട്, വരുന്നവരോട് ഈ ലോകം, യഹൂദർ എന്താണ് ചെയ്തതെന്ന് ഈശോ അവരെ ഓർമപ്പെടുത്തുന്നുണ്ട്.. ദൈവം അയയ്ക്കുന്ന പ്രവാചകരെ, നീതിമാന്മാരെ മനസ്സിലാക്കാതെ തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവരോട് മനുഷ്യർ ചെയ്തു. തീർന്നില്ല, ദൈവപുത്രനോടും അവർ അങ്ങനെതന്നെ ചെയ്യുമെന്ന് ഈശോ അവരോട് മുൻകൂട്ടി പറയുകയാണ്. എന്നാലും ശിഷ്യർക്ക് അതൊന്നും അത്രയ്ക്കങ്ങ് മനസ്സിലാകുന്നില്ല. അതോർത്തുള്ള ഈശോയുടെ ദുഃഖമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം 13 ആം അധ്യായത്തിൽ നാം കാണുന്നത്. “ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും, നിന്റെ അടുത്തേയ്ക്ക് അയയ്ക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്ത് നിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. (13, 34-35)

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകര പദ്ധതി നമ്മിൽ ഓരോരുത്തരിലും പൂർത്തിയാകണമെന്നതാണ് ദൈവഹിതം. അതിന് നമ്മിൽ നടക്കേണ്ട ദൈവത്തിന്റെ പദ്ധതിയെ നാം അറിയണം. തങ്ങളുടെ അഹന്തകൊണ്ടും, സ്വാർത്ഥതകൊണ്ടും, അധികാരപ്രമത്തതകൊണ്ടും, അന്ധതകൊണ്ടും ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച ഇസ്രായേൽ ജനത്തിന്റെ ദുർഗതി നമുക്ക് വരാതിരിക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: മകളേ, മകനേ നിന്നിൽ നടക്കേണ്ട ദൈവത്തിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ച് അറിവുള്ളവളാകുക, അറിവുള്ളവനാകുക. പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൽ ചേർത്തുപിടിക്കുന്നതുപോലെ, നമ്മെ ഓരോരുത്തരെയും ചേർത്തുപിടിച്ചുകൊണ്ട് തന്റെ രക്ഷ നമുക്ക് നല്കാൻ ഈശോ ആഗ്രഹിക്കുന്നു. 

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നാം അറിഞ്ഞിരിക്കണം. 1. ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവത്തിന്റെ കൃപയുടെ പ്രവർത്തനമാണ്. ദൈവത്തിന്റെ കൃപകൊണ്ട്, കൃപ ഒന്നുകൊണ്ട് മാത്രമാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. ആ രക്ഷ സ്വന്തമാക്കുവാൻ ദൈവം തന്റെ കരുണയിൽ നമ്മെ വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ സ്വന്തമാക്കുവാൻ നാം എന്തെല്ലാം ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കും. 2. നമ്മുടെ ആഗ്രഹമോ, നമ്മുടെ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് നമ്മുടെ രക്ഷയുടെ അടിസ്ഥാനം. നമ്മുടെ പ്രവൃത്തികളോ, വിശ്വാസമോ ഒന്നുമല്ല. എന്തിന് വിശ്വാസം പോലും ദൈവത്തിന്റെ സമ്മാനമാണ്. ദൈവ സന്നിധിയിൽ, ദൈവമേ നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെയെന്ന മനസ്സുമായി നിൽക്കുക. അതുമാത്രം മതി. നീ അവിടുത്തെ രക്ഷയാൽ നിറയും. നീ മാത്രമല്ല, നിന്റെ കുടുംബവും. 3. ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് നമ്മിൽ രക്ഷ നിറയ്ക്കുന്നത്

ദൈവത്തിന്റെ രക്ഷാകര പദ്ധതി ഇന്ന് തുടരുന്നത് തിരുസ്സഭയിലൂടെയാണ്. ഒന്നുകൂടി, വ്യക്തമായിപ്പറഞ്ഞാൽ, തിരുസ്സഭയിലെ വിശുദ്ധ കുർബാനയിലൂടെയാണ്. മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ഈശോയുടെ ജന, പരസ്യജീവിത, പീഡാനുഭവ, മരണ, ഉത്ഥാന രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ക്രിസ്തുവിന്റെ രക്ഷയുടെ നിറവാണ്. അത് രക്ഷാകരമാണ്, രക്ഷാദായകമാണ്. പോപ്പ് ഫ്രാൻസിസ് തന്റെ അപ്പസ്തോലിക കത്തിൽ ഇക്കാര്യം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, “വിശുദ്ധ കുർബാന ഇന്നിന്റെ രക്ഷാകര പദ്ധതിയാണ്.” (Desiderio Desideravi, Apostolic Letter, Pope Francis, 2022) ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ അന്തിമ ലക്‌ഷ്യം വിശുദ്ധ കുർബാനയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂത്തുലഞ്ഞ് ഫലം ചൂടി നിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ, ചെങ്കടലിലൂടെ ഇസ്രായേൽ ജനത്തിനായി വഴിവെട്ടിയ ദൈവം ഇന്നും ജീവിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ഇസ്രായേൽ ജനത്തിനായി മന്നാ പൊഴിച്ച ദൈവം ഇന്നും വസിക്കുന്നത് വിശുദ്ധ കുർബാനയിലാണ്. ദൈവജനത്തിന് മോചനമായി, രക്ഷയായി, സമാധാനമായി, സമൃദ്ധിയായി ഇന്നും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് വിശുദ്ധ കുർബാനയിലാണ്.  

സ്‌നേഹമുള്ള ദൈവജനമേ, ദൈവം ബെത്ലെഹെമിൽ പിറന്നത്, വചനം പ്രഘോഷിച്ചത്, അത്ഭുതങ്ങൾ ചെയ്തത്, അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തൃപ്തമാക്കിയത്, ഇതെന്റെ ശരീരം, ഇതെന്റെ രക്തമെന്ന് അരുളിച്ചെയ്തത്, കാൽവരിയിൽ മരിച്ചത്, മൂന്നാം ദിനം ഉത്ഥിതനായത് വിശുദ്ധ കുർബാന ആകുവാനായിരുന്നു. ലോകാവസാനംവരെയുള്ള ഓരോ വ്യക്തിയിലും ക്രിസ്തുവിന്റെ രക്ഷ സാധിതമാകുന്നതുവരെ ക്രിസ്തു തുടരാനാഗ്രഹിക്കുന്ന ഈ രക്ഷാകര പദ്ധതി ഇന്നും തുടരുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്. ഇക്കാര്യം മനസ്സിലാകാത്തവർക്ക് ക്രിസ്തുവിന്റെ രക്ഷ അകലെയായിരിക്കും. ഇക്കാര്യം മനസ്സിലാകാത്തവർ, ഇസ്രായേൽ ജനം പ്രവാചകന്മാരോടും, ക്രിസ്തുവിനോടും ചെയ്തതുപോലെ, വിശുദ്ധ കുർബാനയോട് ചെയ്യും. ഇസ്രായേൽ ജനം പ്രവാചകന്മാരോടും, ക്രിസ്തുവിനോടും ചെയ്തതുപോലെ, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതി മനസ്സിലാകാത്ത ഇന്നത്തെ ജനം തിരുസ്സഭയോടും ചെയ്യും. വിശുദ്ധ കുർബാനയുടെ എത്ര വലിയ അത്ഭുതങ്ങൾ നടന്നാലും അവർ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ടിരിക്കും.

ദൈവത്തിന്റെ രക്ഷാകര പദ്ധതി നമ്മിൽ നടക്കുന്നുണ്ടോ, നാം ദൈവത്തിന്റെ രക്ഷയിലാണോ എന്നറിയാൻ 7 അടയാളങ്ങൾ, നിദർശനങ്ങൾ നമ്മിലുണ്ടോ എന്ന് നോക്കിയാൽ മതി.

1. നിന്നിൽ ദൈവസ്നേഹവും പരസ്നേഹവും ഉണ്ടായിരിക്കണം.

2. ദൈവവചനം അനുസരിക്കണം.

3. തിരുസ്സഭയെ സ്നേഹിക്കുകയും, സഭയോടൊപ്പം ജീവിക്കുകയും ചെയ്യണം.

4. പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കണം.

5. അനുതാപം നിറഞ്ഞ മനസ്സോടെ ജീവിക്കണം.

6. കൂദാശാജീവിതം നയിക്കണം.

7. തിരുസഭയുടെ പഠനങ്ങളോട് വിശ്വസ്തത പുലർത്തണം.

അപ്പോൾ എന്താണീ രക്ഷാകര പദ്ധതി? നമ്മുടെ ജീവിതയാത്ര തന്നെയാണ് ദൈവത്തിന്റെ രക്ഷാകര പദ്ധതി. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ നാം പലപ്രാവശ്യം വീണപ്പോൾ നമുക്ക് എഴുന്നേൽക്കാനും വീണ്ടും നടക്കാനും സാധിച്ചത് സ്നേഹമുള്ളവരേ, ഈശോ നമ്മോടൊപ്പമുള്ളതുകൊണ്ടാണ്. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ ശത്രുക്കൾ പലപ്രാവശ്യം നമ്മെ തകർക്കാൻ ശ്രമിച്ചപ്പോൾ, അവിടെയെല്ലാം നാം രക്ഷപ്പെട്ടത് നാം ദൈവത്തോടൊപ്പം ഉണ്ടായിട്ടല്ല, ദൈവം നമ്മുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. നമ്മുടെ ജീവിതയാത്രയിൽ, നമ്മുടെ രക്ഷാകര പദ്ധതിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് വിചാരിച്ചിടത്തൊക്കെ ചെന്നെത്താൻ നമുക്ക് സാധിച്ചത് നാം നമ്മെ നയിച്ചതുകൊണ്ടല്ല, ഈശോ നമ്മെ നയിച്ചതുകൊണ്ടാണ്. അതുകൊണ്ട് ഈ ജീവിതയാത്രയിലെ നല്ല നിമിഷങ്ങൾക്ക് Praise the Lord പറയുക. ബുദ്ധിമുട്ടേറുന്ന നിമിഷങ്ങളിൽ ഈശോയെ അന്വേഷിക്കുക. ശാന്തമായ അവസരങ്ങളിൽ ഈശോയെ ആരാധിക്കുക. വേദന നിറഞ്ഞ അവസരങ്ങളിൽ ഈശോയിൽ വിശ്വസിക്കുക. എല്ലാ നിമിഷത്തിലും ഈശോയ്ക്ക് നന്ദി പറയുക.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതയാത്രയിൽ, നമുക്കായുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ വിജയിക്കുവാനുള്ളതെല്ലാം ഈശോ നമുക്കായി ഒരുക്കിയിട്ടുണ്ട്. അവിടുത്തെ രക്ഷ സ്വന്തമാക്കുവാൻ ആദ്യം ഈശോയെ നാം സ്വന്തമാക്കണം. ഏലിയായെ പീഡിപ്പിച്ച, സ്നാപകയോഹന്നാനെ കൊന്ന, ഈശോയെ കുരിശിലേറ്റിയ അന്നത്തെ ജനത്തെപ്പോലെയാകാതെ, തിരുസ്സഭയിലൂടെ, വിശുദ്ധ കുർബാനയുടെ നമ്മിലേക്ക് വരുന്ന ഈശോയുടെ രക്ഷ നമുക്ക് സ്വന്തമാക്കാം. ഈശോ നമ്മെ ചേർത്തുപിടിക്കുമ്പോൾ, കുതറിപ്പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. നമ്മിലുള്ള ക്രിസ്തുവിനെ കൊല്ലാതിരിക്കുവാൻ സുകൃതം നിറഞ്ഞ ഒരു ജീവിതം നയിക്കുക. നമ്മെക്കുറിച്ചുള്ള ഈശോയുടെ

രക്ഷാകര പദ്ധതിയിൽ വിശ്വസിക്കുകയും, ജീവിതത്തിന്റെ ഏത് നിമിഷവും ഈശോയുടെ മകളാണ്, ഈശോയുടെ മകനാണ് എന്ന് ഏറ്റുപറയുക യും ചെയ്യുക.. അപ്പോൾ നാമും നമ്മുടെ കുടുംബവും രക്ഷ പ്രാപിക്കും. ആമേൻ! 

SUNDAY SERMON MK 9, 2-13

ഏലിയാ ശ്ലീവാ മൂശേക്കാലം ഒന്നാം ഞായർ

മാർക്കോ 9, 2-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, ഏലിയാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, മോശെയും ഏലിയായും പഴയനിയമത്തെയും, സ്ലീവാ എല്ലാത്തിന്റെയും പൂർത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു.  സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു, തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ (ഫിലിപ്പി 2, 6-9) കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് സ്ലീവക്കാലത്തിന്റെ കേന്ദ്രബിന്ദു.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും വീണ്ടെടുത്തുകൊണ്ട്, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങാൻ ഈ കാലത്തിൽ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു സന്ദേശവുമായിട്ടാണ് നമ്മുടെ മുൻപിലുള്ളത്.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഹൃദയത്തിൽ നിറച്ചുകൊണ്ട്, ക്രൈസ്തവസഭയും ക്രൈസ്തവരും ഉള്ളിലുള്ള ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ പ്രകാശം വിതറുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം. 

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈശോയുടെ രൂപാന്തരീകരണം സുവിശേഷകൻ അവതരിപ്പിക്കുന്നത്. അതുവരെ അത്ഭുതങ്ങളും, അടയാളങ്ങളുമൊക്കെ പ്രവർത്തിച്ചിരുന്നെങ്കിലും, തന്നിലെ ദൈവികത അതിന്റെ സർവ്വപ്രതാപത്തിൽ ലോകത്തിനുമുൻപിൽ ഈശോ വെളിവാക്കിയിരുന്നില്ല. വെളിവാക്കിക്കഴിഞ്ഞാൽ പിന്നെ രക്ഷാകരകർമങ്ങൾക്കുള്ള സമയമായിയെന്ന്, അതിന്റെ തുടക്കമായെന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് രൂപാന്തരീകരണം ഈശോയുടെ ജീവിതത്തിലെ Turning Point ആകുന്നത്. ഈ സംഭവത്തിനുശേഷം, കുരിശുമരണത്തിലൂടെ ലോകരക്ഷ സാധിതമാക്കാൻ ഈശോ ജെറുസലേമിലേക്ക് യാത്രയാകുകയാണ്.

മനസ്സിലുയരുന്ന മറ്റൊരു ചോദ്യം എന്തുകൊണ്ട് ഈശോയോടൊപ്പം മോശയും ഏലിയായും? പഴയനിയമത്തിന്റെയും, പുതിയനിയമത്തിന്റെയും കണ്ടുമുട്ടലാണെന്നും, പഴയനിയമം പുതിയനിയമത്തിലേക്ക് അലിഞ്ഞുചേർന്ന് ക്രിസ്തുമാത്രമാകുന്ന സംഭവമെന്നും ഇതിനെ വിശദീകരിക്കാം. എന്നിട്ടും ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്നൊരു തോന്നൽ! ഗലീലി തടാകത്തിന്റെ 15 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Mount Tabor ന് ഗലീലിയുടെ താഴ്ന്ന പ്രദേശത്തുനിന്ന് 600 മീറ്റർ ഉയരമുണ്ട്. ഇവിടെ മൂന്ന് ശിഷ്യന്മാരെമാത്രം കൂട്ടിക്കൊണ്ടുപോയി ഈശോ രൂപാന്തരപ്പെട്ടതും, അവിടേയ്ക്ക് മോശെയും, ഏലിയായും വന്നതും, “ഇവൻ എന്റെ പ്രിയപ്പെട്ടവൻ ഇവനെ ശ്രവിക്കുക” എന്ന് സ്വർഗത്തിൽ നിന്ന് സ്വരമുണ്ടായതും ഫ്രീക്കന്മാർ പറയുമ്പോലെ വെറുതെ ഒരു സീൻ ഉണ്ടാക്കാൻ അല്ലായിരുന്നു ബ്രോ. അത് ചരിത്രത്തിൽ നഷ്ടപ്പെട്ടുപോയ നന്മകളെ, മൂല്യങ്ങളെ വീണ്ടെടുക്കാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മനുഷ്യനുമുൻപിൽ തുറന്നുകാണിക്കുവാനുമായിരുന്നു.

ക്രിസ്തുവിന്റെ രൂപാന്തരീകരണം രക്ഷാകരചരിത്രത്തിൽ വെറുതെ സംഭവിച്ച ഒരു കാര്യമല്ല. ചരിത്രത്തിന്റെ ആത്മികവും ധാർമികവുമായ പ്രതിസന്ധിഘട്ടങ്ങളിൽ സ്വർഗം കനിഞ്ഞു നൽകുന്ന മഹാവിരുന്നുകളാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം പോലെയുള്ള സംഭവങ്ങൾ. റോമൻ സാമ്രാജ്യത്വത്തിന്റെ പിടിയിൽപ്പെട്ട് വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നീ മൂന്ന് മൂല്യങ്ങളും അന്യംനിന്നുപോയ ഒരു മനുഷ്യാവസ്ഥയിലേക്കാണ് ക്രിസ്തുവിന്റെ കടന്നുവരവെന്നത് നാം മറക്കരുത്. സാക്ഷരതയില്ലാത്തവരായിരുന്നു ശിഷ്യരെന്ന് പറയാമെങ്കിലും അവരുടെ അതിജീവനത്തിന്റെ വഴികളിൽ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും നഷ്ടപ്പെട്ടവർ തന്നെയായിരുന്നു ശിഷ്യർ. ഈ മൂന്ന് മൂല്യങ്ങളെയും റോമൻ സീസറിന്റെ ഭരണം തകർത്തുകളഞ്ഞു. ജീവിതം അടിമത്വത്തിന്റെ വേദനകളുടെ കൂമ്പാരമായി. ഇങ്ങനെയൊരവസ്ഥയിൽ ശിഷ്യരെ ശാക്തീകരിക്കുവാൻ താബോർ എപ്പിസോഡ് ആവശ്യമായിരുന്നു. അവിടെ അവർ വിശ്വാസത്തിന്റെ പ്രതീകമായി മോസസ്സിനെയും, പ്രതീക്ഷയുടെ അടയാളമായി ഏലിയായെയും, സ്നേഹമായി ക്രിസ്തുവിനെയും ദർശിച്ചു. വിശ്വാസവും, പ്രതീക്ഷയും സ്നേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നതായി അവർ കാണുകയാണ്. ഈജിപ്തിലെ അടിമത്തകാലംമുതൽ, ബാബിലോൺ പ്രവാസംവരെയുണ്ടായ ചരിത്ര സംഭവങ്ങൾ വിശ്വാസത്തെയും, പ്രതീക്ഷയേയും, സ്നേഹത്തെയും എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ ഒരു കഥാർസിസ് (Catharsis=വികാരങ്ങളുടെ കുത്തൊഴുക്ക്) ആണ് പത്രോസിന്റെ പറച്ചിൽ! “ഗുരോ നാമിവിടെയായിരിക്കുന്നത് നല്ലതാണ്. ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയയ്ക്ക്. മോശെയിൽ വിശ്വാസത്തിന്റെയും, ഏലിയായിൽ   പ്രതീക്ഷയുടെയും, ക്രിസ്തുവിൽ സ്നേഹത്തിന്റെയും വിശ്വരൂപങ്ങൾ കണ്ട ശിഷ്യന്മാർ ഒരു വിഭ്രാന്തിയിലെന്നപോലെ വിളിച്ചുപറഞ്ഞതാണ് ഈ വാക്കുകൾ! അവരിലെ സ്വപ്നങ്ങൾക്ക് ജീവൻവയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്, അവരുടെ വിശ്വാസം ദൃഢമാകുന്നതായി അവർക്ക് തോന്നുകയാണ്; അവരിലെ സ്നേഹം ജീവൻ വയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്. മാത്രമല്ല, അല്പം കഴിയുമ്പോൾ, ഈ മൂന്ന് മൂല്യങ്ങളും ക്രിസ്തുവിൽ ഒന്നായിത്തീരുകയാണ്. “അവർ ചുറ്റും നോക്കി, യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവർ കണ്ടില്ല.”

ബാക്കിയുള്ള സംഭാഷണങ്ങളെല്ലാം ഈ മഹാസംഭവത്തിന്റെ വിവരണങ്ങളാണ്, പ്രതിഫലനങ്ങളാണ്.

ഈശോയുടെ രൂപാന്തരീകരണത്തിൽ അനേകകാലങ്ങളുടെ മുഴക്കമുണ്ട്. ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ, ഏഷ്യൻ സംസ്കാരങ്ങളുടെ മുഴക്കങ്ങൾ താബോർമലയിൽനിന്ന് കേൾക്കുന്നുണ്ട്. ഈ സംസ്കാരങ്ങളെല്ലാം തന്നെ മനുഷ്യന്റെ ആദ്ധ്യാത്മികവും ധാർമികവുമായ മൂല്യങ്ങൾ തകർത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം, മനുഷ്യർ തമ്മിലുള്ള വിശ്വാസം തകർന്ന കഥകൾ സംസ്കാരങ്ങളുടെ ജീർണതയുടെ താളുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. പ്രതീക്ഷയറ്റ മനുഷ്യ സമൂഹമല്ലേ യുദ്ധങ്ങൾക്കും, പിടിച്ചെടുക്കലുകൾക്കും ഇറങ്ങിത്തിരിക്കുന്നത്? മനുഷ്യചരിത്രം തന്നെ പ്രതീക്ഷയറ്റ, നിരാശരായ മനുഷ്യരുടെ രക്തച്ചൊരിച്ചിലിന്റെ കഥകളല്ലേ പറയുന്നത്? സ്നേഹം വെറുപ്പാകുന്നതും, ചതിയുടെയും, അവിശ്വസ്തതയുടെയും രൂപം സ്വീകരിക്കുന്നതുമല്ലേ നമ്മുടെ സാഹിത്യകൃതികൾ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്? ഈ സംസ്കാരധാരകളുടെയെല്ലാം മുഴക്കങ്ങൾക്ക് മറുപടിയായിട്ടാണ് ക്രിസ്തുവും, മോശയും, ഏലിയായും ഇവിടെ നിലകൊള്ളുന്നത്.

അത് മാത്രമല്ല. ഇന്നത്തെ കാലഘട്ടവും കടന്നുപോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത് ഈ മൂല്യങ്ങളെ തകർത്തുകൊണ്ടാണെന്നത് ഈശോയുടെ രൂപാന്തരീകരണത്തിന്റെ കാലിക പ്രസക്തിയെ വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ അരങ്ങേറുന്ന തീവ്രവാദപ്രവർത്തനങ്ങളും, വർഗീയ വീക്ഷണങ്ങളും, വർഗീയ ലഹളകളും, കോർപ്പറേറ്റ് ചൂഷണങ്ങളും മുന്നേറുന്നത് പ്രധാനമായും ഈ മൂന്ന് മൂല്യങ്ങളെ തകർത്തുകൊണ്ടാണ്. വർഗീയ ലഹളകളും, ശാസ്ത്രത്തിന്റെ വളർച്ച ശുഷ്കമായിരിക്കുക്കുന്നതും, പ്രകൃതിക്ഷോഭങ്ങളും, സമയംതെറ്റിയുള്ള മഴയും, മഴക്കെടുതികളും കാലാവസ്ഥാവ്യതിയാനങ്ങളും ഈ മൂല്യതകർച്ചയുടെ പ്രതിഫലനങ്ങളായി ആരും കാണുന്നില്ലായെന്നത് വലിയ വിരോധാഭാസം തന്നെ.  വിശ്വാസം, പ്രതീക്ഷ, സ്നേഹം മുതലായ മൂല്യങ്ങൾക്ക് വിലയില്ലാത്തവിധം നാം “Waste Land” കളായി മാറിയിരിക്കുന്നു.   

ഇവിടെ ഇന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണം നടക്കേണ്ടിയിരിക്കുന്നു.

ഈശോയുടെ രൂപാന്തരീകരണമെന്നത് പുതിയതിലേക്കുള്ള ഒരു മാറ്റമല്ലായിരുന്നു; ഒരു രൂപം മാറി വേറൊന്ന് സ്വീകരിക്കലല്ലായിരുന്നു. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന” എന്ന പുസ്തകത്തിൽ പറയുന്നപോലെ, “അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം.” (പേജ് 71) ക്രിസ്തുവിന്റെ ഉള്ളിലുള്ളതിന്റെ മഹിമയോടെയുള്ള പ്രകാശിപ്പിക്കലാണ് താബോർ മലയിലെ അവിടുത്തെ രൂപാന്തരീകരണം. ഉള്ളിലുള്ളതിനെ പ്രകാശിപ്പിക്കലായിരുന്നു അത്. Uncovering of what is within! ഈ മരമെവിടെനിന്ന് വന്നു എന്ന് കുട്ടികൾ ചോദിക്കുമ്പോൾ, വിത്തിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് എന്ന് വല്യപ്പൻ കുഞ്ഞുങ്ങളോട് പറയുന്നപോലെയാണത്. കൊക്കൂണിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് വർണശബളിതയാർന്ന ചിത്രശലഭമെന്ന് പറയുന്നപോലെയാണത്. ഈശോയുടെ ഉള്ളിലുണ്ടായിരുന്ന ദൈവം സർവ്വപ്രതാപത്തോടെ, സകല മഹിമയോടുകൂടെ പ്രത്യക്ഷമായതാണ്, പ്രകാശിതമായതാണ് ഈശോയുടെ രൂപാന്തരീകരണം.

ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുകയാണ് രൂപാന്തരീകരണംകൊണ്ട് ഈശോ അർത്ഥമാക്കുന്നത്. ഈ ചിന്തയോടെ ഇന്നത്തെ സുവിശേഷത്തെ സമീപിക്കുമ്പോൾ നമുക്ക് മനസിലാകും, ഈ സുവിശേഷഭാഗത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്. ക്രൈസ്‌തമൂല്യങ്ങൾക്ക് ക്ഷയം സംഭവിച്ചിരിക്കുന്ന, ക്രൈസ്തവജീവിതത്തിന് ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മോട് ക്രിസ്തുവിന്റെ രൂപാന്തരീകരണം വിളിച്ചു പറയുന്നത് മകളേ, മകനേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുക എന്നാണ്. അതിന് മുന്നോടി എന്നോണമാണ് ഈശോ പറഞ്ഞത് ദൈവരാജ്യം നിന്നിൽ തന്നെയാണെന്ന്. (ലൂക്കാ 17, 21) ഉള്ളിലുള്ള ക്രിസ്തുവിനെ ഖനനം ചെയ്യുകയാണ് ക്രൈസ്തവജീവിതത്തിന്റെ ഉദ്ദേശ്യവും, ലക്ഷ്യവും. ആ ക്രിസ്തുവിനെ നമ്മുടെ ഉടലിൽ പ്രകാശിപ്പിക്കുകയാണ് നമ്മുടെ ദൗത്യം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനും,ധാർമിക മൂല്യങ്ങൾക്കും ക്ഷയം സംഭവിച്ചപ്പോൾ, വിശുദ്ധ ഫ്രാൻസിസ് അസീസി,  ലൗകികതയ്ക്കുപിന്നാലെ, സമ്പത്തിനുപിന്നാലെ അന്ധമായി ഓടിക്കൊണ്ടിരുന്ന ലോകത്തിനുമുന്പിൽ നടത്തിയ രൂപാന്തരീകരണം ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. അദ്ദേഹത്തെ നോക്കിക്കൊണ്ട് ലോകം വിളിച്ചു പറഞ്ഞു:

“ഇതാ, രണ്ടാമത്തെ ക്രിസ്തു കടന്നുപോകുന്നു.” അദ്ദേഹത്തിലുണ്ടായ ദൈവികമാറ്റം ലോകം മനസ്സിലാക്കിയെന്നത് വലിയ കൃപയാണ്. ഇന്ന് നമ്മിൽ രൂപാന്തരീകരണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വർത്തമാനകാലത്തിൽ ഏറ്റവും വലിയ ദുരന്തം! നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ അടച്ചാക്ഷേപിക്കുകയല്ല. മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് അടർത്തിയെടുക്കാവുന്ന രൂപാന്തരീകരണങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവയെ മനസ്സിലാക്കുവാൻ പക്ഷേ ലോകമനസ്സ് ഒന്നുകിൽ പാകമായിട്ടില്ല, അല്ലെങ്കിൽ അവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമല്ലെങ്കിൽ അവയെ അവഗണിക്കുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണം വെറുമൊരു ചരിത്രസംഭവമായോ, അമാനുഷിക പ്രവർത്തിയായോ നിൽക്കേണ്ട ഒന്നല്ല. അത് ഇന്ന് നിന്നിലും, എന്നിലും സംഭവിക്കേണ്ട ദൈവിക മാറ്റമാണ്.

കഴിഞ്ഞ തിങ്കളാഴ്ച്ച ആഗസ്റ്റ് 19 2024

പ്രകൃതിയുടെ ഒരു രൂപാന്തരം നമ്മൾ കണ്ടുകാണും – Super Bluemoon!! Super Bluemoon ന്റെ പ്രകാശം, സൗന്ദര്യം ഗംഭീരമായിരുന്നു!  നമ്മിൽ ക്രിസ്തു രൂപപ്പെട്ടുകഴിഞ്ഞാൽ അതിലും വലിയ പ്രകാശമായിരിക്കും നമ്മുടെ ഉടലിൽ, ജീവിതത്തിൽ മറ്റുള്ളവർ കാണുക!

ടോക്കിയോ ഒളിമ്പിക്സിൽ (2020) പുരുഷന്മാരുടെ ഹൈജമ്പ് (Highjump) മത്സരത്തിന്റെ ഫൈനൽ നടക്കുകയാണ്. ഖത്തറിന്റെ മുത്താസ് ഈസാ ബർഷിമും, (Mutaz Essa Barshim) ഇറ്റലിയുടെ ജിയാൻ മാർക്കോ തമ്പേരിയുമാണ് (Gianmarco Thamberi) ഫൈനലിൽ മത്സരിക്കുന്നത്. രണ്ടുപേരുടെയും ഉയരം വ്യത്യസ്തമായിരുന്നെങ്കിലും,

രണ്ടുപേരും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒരേ hight ൽ അവർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒന്നാമത്തെ Round, രണ്ടാമത്തെ Round …. മൂന്നാമത്തെ Round ….അവർ മത്സരിച്ച് ചാടുകയാണ്. മൂന്നാമത്തെ Round കഴിഞ്ഞപ്പോഴും ഇറ്റലിയുടെയും, ഖത്തറിന്റെയും hight ഒരേപോലെ!!!! ആരും ജയിക്കുന്നുമില്ല, ആരും തോൽക്കുന്നുമില്ല.  നാലാമത്തെ Round നായി അവർ ഒരുങ്ങുകയാണ്. പക്ഷേ, നാലാമത്തെ Round ന് തൊട്ട് മുൻപ് ഇറ്റലിയുടെ തമ്പേരിയുടെ കാലിന് വയ്യാതെയായി. അദ്ദേഹം വേദനകൊണ്ട് പുളഞ്ഞു. എന്തായാലും ഈ Round ൽ മത്സരിക്കാൻ പറ്റില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോൾ സ്വാഭാവികമായും ഖത്തറിന്റെ ബർഷിം വിജയിക്കും. ജിയാൻ മാർക്കോ തമ്പേരി കഴിഞ്ഞ കുറെ വർഷങ്ങളായി കൊണ്ട് നടന്ന സ്വപ്നം തകരുകയാണ്. ഇതാ ഇവിടെ ഇപ്പോൾ എല്ലാം നഷ്ടപ്പെടുകയാണ് അയാൾക്ക്! ആ നിമിഷത്തിൽ, താൻ ജയിക്കുമെന്ന് ഉറപ്പായ ആ നിമിഷത്തിൽ ബർഷിം അധികാരികളോട് ഒരു ചോദ്യം ചോദിച്ചു. ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ചോദ്യമായിരുന്നു അത്. “ഞാൻ ഇപ്പോൾ പിന്മാറിയാൽ ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം കിട്ടുമോ?” Olympics officials പറഞ്ഞു: “കിട്ടും”. അങ്ങനെ ബർഷിം പിന്മാറി. തമ്പേരിയും, ബർഷിമും സ്വർണം പങ്കിട്ടെടുക്കാൻ പ്രഖ്യാപനമായി! ആ നിമിഷത്തിൽ കാല് വയ്യാതിരുന്ന തമ്പേരി ചാടിയെഴുന്നേറ്റ് ബാർഷിമിനെ കെട്ടിപ്പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം കണ്ടു നിന്ന എല്ലാവരുടെയും കൺകോണുകളിൽ നനവുപടർന്നു. മാത്രമല്ല, ലോകം ബർഷിമിന്റെ ഉടലിൽ ദൈവത്തിന്റെ പ്രകാശം ദർശിച്ചു.

(https://www.google.com/search? q=muthaas+isha+barshim&sca_esv=a526368c5945871d&sca_upv=1&source=hp&ei=n1TEZoDcCtemseMP84XwuQk&iflsig=AL9hbdgAAAAAZsRir4uT2)

സ്നേഹമുള്ളവരേ, ദൈവം നമ്മോട് ഇപ്പോഴും ചോദിക്കുക, മകളേ, മകനേ നിന്റെ ജീവിതത്തിൽ, നിന്നിൽ രൂപാന്തരീകരണത്തിന്റെ വേളകൾ ഉണ്ടോ എന്നായിരിക്കും. നീ സഞ്ചരിക്കുന്നത് ഏത് കാറിലാണെന്ന് ദൈവം ചോദിക്കില്ല. യാത്രാസൗകര്യമില്ലാത്ത എത്രപേരെ യാത്രചെയ്യാൻ സഹായിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം.

നിന്റെ വീടിന്റെ വിസ്തൃതി എത്ര സ്‌ക്വയർ ഫീറ്റാണെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നിന്റെ ഭവനത്തിൽ നീ സ്വീകരിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ അലമാരയിൽ എത്ര വസ്ത്രങ്ങളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നീ ഉടുപ്പിച്ചു എന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നീ എന്തുതരം ജോലിയാണ് ചെയ്യുന്നത് എന്ന് ദൈവം ചോദിക്കില്ല. നീ എത്ര നന്നായി അവ ചെയ്‌തുതീർത്തെന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിനക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേർക്ക് നല്ലൊരു സുഹൃത്താകാൻ നിനക്ക് കഴിഞ്ഞു എന്ന് ചോദിക്കും. നിന്റെ അയൽക്കാർ ആരെന്ന് ചോദിക്കില്ല. അവരോട് നീ എങ്ങനെ പെരുമാറി എന്ന് ചോദിക്കും. നിന്റെ തൊലിയുടെ നിറം എന്തെന്ന് ചോദിക്കില്ല. നിന്റെ സ്വഭാവത്തിന് നന്മയുടെ നിറമുണ്ടായിരുന്നോ എന്ന് ചോദിക്കും. കാരണം, അവയായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷങ്ങൾ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന ദൈവിക കാഴ്ചയുടെ സമൃദ്ധിയിലേക്ക് നമ്മുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോകാനായി നമുക്കാകണം. നമ്മുടെ സ്വന്തം രൂപത്തിലെ, ഉടലിലെ, അതിനുള്ളിലെ ദൈവത്തെ തിരിച്ചറിയാനാകാത്ത, അപരന്റെ ഉടലിലെ ക്രിസ്തുവിനെ തിരിച്ചറിയാനാകാത്ത നമുക്ക് ഒരു രൂപാന്തരീകരണം ഇനിയും അന്യമാണ്! വിശ്വാസവും, പ്രതീക്ഷയും സ്നേഹവും നിറഞ്ഞ ജീവിതത്തിലേ രൂപാന്തരീകരണം സംഭവിക്കുകയുള്ളൂ എന്ന ബോധ്യത്തോടെ, ഇന്നത്തെ സുവിശേഷ സന്ദേശം സ്വീകരിക്കുവാനും, ഉള്ളിലെ ക്രിസ്തുവിനെ, ജീവിതത്തിലൂടെ പ്രകാശിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.

നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമായ, ദൈവസ്നേഹത്തിന്റെ ആഘോഷമായ, നമുക്കെന്നും പ്രത്യാശ നൽകുന്ന വിശുദ്ധ കുർബാന യോഗ്യതയുടെ അർപ്പിച്ചു്, രൂപാന്തരീകരണത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON MT 6, 19-24

കൈത്താക്കാലം ഏഴാം യർ

മത്താ 6, 19-24

ഭാരതത്തിന്റെ എഴുപത്തിയെട്ടാമത്‌ സ്വാതന്ത്ര്യദിനവും, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആഘോഷിച്ചശേഷം, കൈത്താക്കാലത്തിന്റെ ഏഴാമത്തെ ഞായറാഴ്ച വളരെ മനോഹരമായൊരു വചന സന്ദേശവുമായാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഉയർന്നുകേട്ട വലിയൊരു സന്ദേശമാണിത്.  ഈശോയുടെ മലയിലെ പ്രസംഗമെന്നത് വെറുതെയൊരു പറച്ചിലല്ല. ഒരു ആത്മീയ സംസ്കാരത്തിന്റെ വെളിപ്പെടുത്തലാണത്. ഇത്രയും മനോഹരമായ ഈശോയുടെ മലയിലെ പ്രസംഗത്തെ ആകർഷകമാക്കുന്നതിന്റെയും, അനുഭവപരമാക്കുന്നതിന്റെയും പൊരുൾ എന്താണ്? എനിക്ക് തോന്നുന്നത് ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്ന മനോഹരമായ വാക്യമാണ് മലയിലെ പ്രസംഗത്തിന്റെ പൊരുൾ“നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും”. അസാധാരണമാണ് ഈ വചനത്തിന്റെ അർത്ഥവും, ഇതിന്റെ നിയോഗവും.

ഈശോയുടെ മലയിലെ പ്രസംഗത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം മുഴുവനും ഉൾച്ചേർന്നിരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ എല്ലാ സന്ദേശങ്ങളെയും പുഷ്ടിപ്പെടുത്തുന്നതും, ക്രിസ്തു ശിഷ്യർക്ക് യശസ്സുണ്ടാക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗമാണ്; അതിന്റെ പൊരുളായ നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും എന്ന വചനമാണ്. ഇന്നത്തെ നമ്മുടെ ചിന്തയുടെ കേന്ദ്രബിന്ദുവും ഈ വചനം തന്നെയാണ്.

“Location is everything” “ലൊക്കേഷൻ ആണ് എല്ലാം!” ബിസിനസ്സ് സംഭാഷണങ്ങളിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു പദമാണിത്. ഒരു ബിസിനസ്സ് വളർന്നുവരുന്നതിൽ location ഏറ്റവും പ്രധാനപെട്ടതാണ്.   സ്ഥാപനം സ്ഥിതി ചെയ്യുന്ന തെരുവ്, റോഡ്, ആളുകളുടെ വരവും പോക്കും, അവിടുത്തെ ട്രാഫിക് പാറ്റേൺ, എന്നിവയാണ് ഒരു ബിസിനസിനെ നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങൾ. ഒരു ബിസിനസ്സിന്റെ location എവിടെയാണെന്നത് ആ ബിസിനസ്സിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ “നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും” എന്ന തിരുവചനത്തിന്റെ ബിസിനസ്സ് മാനേജ്‌മന്റ് version ആണ് Business management ക്ളാസുകളിൽ അധ്യാപകർ ഉപയോഗിക്കുന്നത്.

നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ, ആത്മീയ ജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ, നമ്മുടെ ഹൃദയം, നമ്മുടെ കുടുംബം ഏത് location ൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ഏത് അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത് എന്നതിന് വലിയ പങ്കുണ്ട്. മനുഷ്യജീവിതത്തിൽ, ഒരു വ്യക്തി എന്താണ് അമൂല്യമായി സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുവാൻ, ആ വ്യക്തിയുടെ ഹൃദയം എവിടെയാണെന്ന് അറിയുവാൻ അദ്ദേഹത്തിന്റെ location ഏതാണെന്ന് അന്വേഷിച്ചാൽ മതി. ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളത് നമുക്ക് കാണാൻ കഴിയാത്തതിനാൽ, അവന്റെ നിധികളും മൂല്യങ്ങളും നിർണ്ണയിക്കാൻ, ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഷ എന്താണെന്നറിഞ്ഞാൽ മതി. കാരണം, “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെ നിങ്ങളുടെ ഹൃദയവും ഉണ്ടാകും” (മത്തായി 6:21).

എന്താണ് ഹൃദയം? Anatomy ഭാഷയിൽ പറഞ്ഞാൽ, നമ്മുടെ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്ന ഒരു മുഷ്ടി വലിപ്പമുള്ള അവയവമാണ് ഹൃദയം. It is a non-stop pumping set. ഇത് നമ്മുടെ

രക്തചംക്രമണ വ്യവസ്ഥയുടെ പ്രാഥമിക അവയവമാണ്. ഹൃദയത്തിന്റെ പ്രവർത്തനം എന്താണ്? നമ്മുടെ ഹൃദയത്തിന്റെ പ്രധാന പ്രവർത്തനം നമ്മുടെ ശരീരത്തിലുടനീളം രക്ത സഞ്ചാരം സുഗമമാക്കുക എന്നതാണ്. നമ്മുടെ ഹൃദയം ഹൃദയമിടിപ്പിന്റെ താളവും വേഗതയും നിയന്ത്രിക്കുന്നുണ്ട്.  രക്തസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പെടുന്നതാണ്. നമ്മുടെ ഹൃദയത്തിൽ പേശികൾ കൊണ്ട് നിർമ്മിച്ചതും വൈദ്യുത പ്രേരണകളാൽ പ്രവർത്തിക്കുന്നതുമായ നാല് പ്രധാന ഭാഗങ്ങൾ (അറകൾ) അടങ്ങിയിരിക്കുന്നു. നമ്മുടെ തലച്ചോറും നാഡീവ്യവസ്ഥയും നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ നയിക്കുന്നു. എന്താണ് നമ്മുടെ ഹൃദയത്തിലുള്ളത് എന്ന് ഒരു ഡോക്ടറോട് ചോദിച്ചാൽ അദ്ദേഹം പറയുന്ന വാക്കുകൾ നമുക്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ലെങ്കിലും, നമ്മുടെ ജീവൻ നിലനില്കുന്നു എന്ന് പറയുന്നതും, ഇപ്പോഴും ഹൃദയമിടിപ്പുണ്ട് എന്ന് പറയുന്നതും മനസ്സിലാക്കാൻ നമുക്ക് എളുപ്പമാണ്.

നമ്മുടെ ആത്മീയ വീക്ഷണത്തിൽ, ഹൃദയം ദൈവം വസിക്കുന്ന വസിക്കുന്ന സ്ഥലമാണ്, ദൈവത്തിന്റെ വാസസ്ഥലമാണ്. ബൈബിൾ പദപ്രയോഗമനുസരിച്ച്, “ഞാൻ പിന്മാറുന്ന” “ഞാൻ ദൈവത്തിലേക്ക് നീങ്ങുന്ന” സ്ഥലമാണ് ഹൃദയം. വെറും മാംസളമായ ഒരു അവയവമാണെങ്കിലും, നന്മയും തിന്മയുമായ എല്ലാ വികാരങ്ങളുടെയും കേന്ദ്രം ഹൃദയമാണ്. ഹൃദയം നമ്മുടെ മറഞ്ഞിരിക്കുന്ന കേന്ദ്രമാണ്, നമ്മുടെ യുക്തിയുടെയും മറ്റുള്ളവരുടെയും ഗ്രാഹ്യത്തിനപ്പുറം ആണത്. ദൈവത്തിന്റെ ആത്മാവിന് മാത്രമേ മനുഷ്യഹൃദയത്തെ ഗ്രഹിക്കാനും പൂർണ്ണമായി അറിയാനും കഴിയൂ. ഹൃദയം തീരുമാനത്തിന്റെ സ്ഥലമാണ്. അത് സത്യത്തിന്റെ സ്ഥലമാണ്, അവിടെ നാം നന്മയുടെ, മരണത്തിന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇത് കണ്ടുമുട്ടുന്ന സ്ഥലമാണ്, കാരണം ദൈവത്തിന്റെ ഒരു പ്രതിച്ഛായ എന്ന നിലയിൽ നമ്മൾ ദൈവവുമായി ബന്ധപ്പെടുന്ന സ്ഥലമാണ്.

അതായത്, ദൈവമാണ് എന്റെ നിക്ഷേപം എന്ന് വിശ്വസിക്കുന്ന, അതിനനുസരിച്ചു് ജീവിതം ക്രമീകരിക്കുന്ന ഓരോരുത്തരുടെയും ഹൃദയം ദൈവത്താൽ നിറയപ്പെട്ടതായിരിക്കും. ഈശോ പറയുന്നപോലെ അപ്പോൾ, ഹൃദയത്തിന്റെ നിറവിൽ മനുഷ്യൻ സംസാരിക്കുമ്പോൾ, അവളിൽ നിന്ന്, അവനിൽ നിന്ന് വരുന്നത് ദൈവത്തിന്റെ ചിന്തകളും, വാക്കുകളും ആയിരിക്കും. അല്ലെങ്കിലോ, മനുഷ്യന്റെ നിക്ഷേപം ഈതെന്നനുസരിച്ചുള്ള ചിന്തകളും വാക്കുകളും ആയിരിക്കും; തേളുകളും പഴുതാരകളുമായിരിക്കും മനുഷ്യന്റെ ഉള്ളിൽ നിന്ന് വരിക. കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.

പഴയനിയമപുസ്തകങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ ദൈവത്തിൽ നിക്ഷേപം കണ്ടെത്തിയവരേയും, ഹൃദയങ്ങൾ ആ നിക്ഷേപത്തിൽ സ്ഥാപിച്ചവരേയും, അതിനാൽത്തന്നെ, കർത്താവാണ് ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല (സങ്കീ 23) എന്ന് ഹൃദയം നിറയെ സന്തോഷത്താൽ പാടിയവരെയും കണ്ടെത്താൻ സാധിക്കും. ഒപ്പം, തങ്ങളുടെ ഹൃദയങ്ങളെ മറ്റ് നിക്ഷേപങ്ങളിൽ സമർപ്പിച്ചതിന്റെ ഫലമായി തട്ടിവീണവരേയും നമുക്ക് കണ്ടെത്താൻ സാധിക്കും. വീണ്ടും പശ്ചാത്തപിച്ചു് തങ്ങളുടെ നിക്ഷേപമായി ദൈവത്തെ സ്വീകരിച്ചവരെയും നാം വിശുദ്ധ ഗ്രന്ഥത്തിൽ കണ്ടുമുട്ടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. അബ്രഹാം ഈ ഭൂമിയിൽ ഒരനുഗ്രഹമായി തീർന്നത്, അദ്ദേഹം വഴി ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമായിത്തീർന്നത് അദ്ദേഹത്തിന്റെ നിക്ഷേപം ദൈവമായിരുന്നതുകൊണ്ടാണ്. (ഉത്പത്തി 12) ഉത്പത്തി പുസ്തകത്തിലെത്തന്നെ മറ്റൊരു തിളങ്ങുന്ന വ്യക്തിത്വമായ ജോസഫിന്റെ ഹൃദയം എവിടെയായിരുന്നു? പ്രപഞ്ച സ്രഷ്ടാവായ യഹോവയാകുന്ന നിക്ഷേപത്തിലായിരുന്നു. (ഉത്പത്തി 45)  

സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ നാം കണ്ടുമുട്ടുന്ന സാവൂൾ, ദൈവം ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിച്ചവനായിരുന്നു. എന്തിനാണ് പുതിയഹൃദയം കൊടുത്തത്? ദൈവത്തിൽ, ദൈവത്തിൽ മാത്രം തന്റെ നിക്ഷേപം കണ്ടെത്തുവാനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ നിന്നകന്ന് ലൗകിക തൃഷ്ണകൾക്ക് പിന്നാലെ പോയി. ആദ്യം തന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ കേന്ദ്രീകരിച്ച ദാവീദ് എന്നാൽ പിന്നീട് തട്ടിവീഴുകയാണ്. പക്ഷേ, അയാൾക്ക് വീണ്ടും ദൈവത്തിൽ നിക്ഷേപം കണ്ടെത്തുവാൻ ദൈവം കൃപ നൽകി. ജോബിന്റെ ഹൃദയം എവിടെയായിരുന്നു? എന്തായിരുന്നു ജോബിന്റെ നിക്ഷേപം? ദൈവമായിരുന്നു. സാംസന്റെ ഹൃദയത്തെ ദൈവമാകുന്ന നിക്ഷേപത്തിലായിരുന്നപ്പോൾ, ഹാ എന്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി; എന്തിലും വിജയം മാത്രമായിരുന്നു അയാളുടെ മുൻപിൽ. നിക്ഷേപം മാറിയപ്പോൾ, ഹൃദയം പുതിയ നിക്ഷേപത്തിലേക്ക് നീങ്ങിയപ്പോൾ ജീവിതം തകർന്നുപോയി അദ്ദേഹത്തിന്റെ. (ന്യായാധിപന്മാർ 16) ഇസ്രായേൽൽ ജനം തന്നെ, ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് തങ്ങളുടെ ഇഷ്ടമനുസരിച്ചു് ജീവിച്ച ഒരു ജനതയായിരുന്നു.

ഈശോയും ഇസ്രായേൽ ജനത്തെക്കുറിച്ചു് പറഞ്ഞത് എത്രയോ ശരിയാണ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.” (മത്തായി 15, 8) ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം വിവരിച്ചുകൊടുത്തപ്പോ മനസ്സിലാകാതിരുന്ന മനുഷ്യരെപ്പറ്റി ഈശോ പറഞ്ഞത് “നിങ്ങൾ കണ്ണുകൊണ്ട് കണ്ട്, കാതുകൊണ്ട് കേട്ട്, ഹൃദയംകൊണ്ട് മനസ്സിലാക്കി മനസാന്തരപ്പെടുകയും, ഞാൻ നിങ്ങളെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് നിങ്ങളുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു” എന്നാണ്. (മത്തായി 13, 15)

ഒരു യഥാർത്ഥ ക്രൈസ്തവന്റെ ജീവിതത്തിന് എന്നും വലിയൊരു ദൃശ്യസമ്പന്നത (Visual Richness) ഉണ്ട്. ആ ദൃശ്യസമ്പന്നതയുടെ ഏക കാരണം ക്രൈസ്തവന്റെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. വിശുദ്ധ മദർ തെരേസായുടെ ജീവിതം നോക്കൂ … വിശുദ്ധ മദർ തെരേസ തെരുവിൽ നിന്ന് കിട്ടിയ ഒരു മനുഷ്യനെ ശുശ്രൂഷിക്കുന്ന ചിത്രമൊന്ന് നോക്കൂ …എന്തൊരു ദിവ്യതയാണ്, സ്വർഗീയ സൗന്ദര്യമാണ് ആ ചിത്രത്തിന്. അച്ചൻ വർഗീയത പറയുന്നതല്ല… ഒരു ക്രൈസ്തവൻ നന്മപ്രവർത്തികൾ ചെയ്യുമ്പോൾ അതിന് എന്തെന്നില്ലാത്ത, മറ്റെങ്ങും കാണാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട്, ദൈവികതയുണ്ട്. കാരണം മറ്റൊന്നുമല്ല. ക്രൈസ്തവന്റെ നിക്ഷേപം ക്രിസ്തുവാണ്, അവളുടെ, അവന്റെ ഹൃദയം ക്രിസ്തുവിലാണ്. നേരെ തിരിച്ചും ചിന്തിക്കൂ…ഒരു ക്രൈസ്തവൻ ഒരു തിന്മ പ്രവൃത്തി ചെയ്യുമ്പോൾ അതിൽ കാണുന്ന വൈകൃതവും, ക്രൂരതയും വളരെ വലുതായിരിക്കും. കേട്ടിട്ടില്ലേ, നല്ല സാധനങ്ങൾ ചീത്തയായാൽ അതിന്റെ ദുർഗന്ധം വലുതായിരിക്കും. മുട്ട, പാൽ തുടങ്ങി നല്ല സാധനങ്ങൾ ചീത്തയായാൽ!!!

ബഹുമാന്യനായ സാധു ഇട്ടിയവരയുടെ ജീവിതം നോക്കൂ … എന്തിന് അങ്ങോട്ടേയ്ക്കൊക്കെ പോകണം? നമ്മുടെയൊക്കെ അമ്മച്ചിമാരെ ഒന്ന് അടുത്ത് വീക്ഷിക്കൂ … എന്തൊരു ദൃശ്യസമ്പന്നതയാണ് അവരുടെ ജീവിതങ്ങൾക്ക്! ഒരു വീട്ടിൽ ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും ആരാണെന്നൊക്കെ ചോദിച്ചുകൊണ്ട് Whats App ൽ സംസാരിക്കുന്നവർ അത് അമ്മയാണെന്നൊക്കെ ഉത്തരം തരുമ്പോൾ നാം കാണുന്നത് അമ്മയുടെ ജീവിതത്തിന്റെ ദൃശ്യസമ്പന്നതയാണ്. അധികമൊന്നും സംസാരിക്കാതെ, കുടുംബത്തിന്റെ കാര്യങ്ങളെല്ലാം ഉള്ളിലൊതുക്കി, മനക്കണക്കുകൾക്കൂട്ടി വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഉറക്കമില്ലാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്ന, എന്നിട്ട് വീണ്ടും ജോലികൾക്കായി പോകുന്ന നമ്മുടെ അപ്പച്ചന്മാരെ നോക്കുക!  കുടുംബത്തിനുവേണ്ടി ഇല്ലാതാകുന്ന, കുർബാന യാകുന്ന അവരിലെ ദൃശ്യസമ്പന്നത അപാരമാണ്.  എന്താണ് കാരണം? അവരുടെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. മറ്റൊരുവാക്കിൽ അവരുടെ നിക്ഷേപം ക്രിസ്തുവാണ് എന്നതാണ്. അവരുടെ ഹൃദയം ക്രിസ്തുവിലായതുകൊണ്ട്, അവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതെല്ലാം ക്രിസ്തുവിന്റെ ചൈതന്യമായിരിക്കും.

നമ്മുടെയൊക്കെ വീടുകൾക്ക് മുൻപിലും, മതിലുകളിലും, പബ്ലിക് പരിസരങ്ങളിലുമുള്ള ചില ബോർഡുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? പട്ടിയുണ്ട് സൂക്ഷിക്കുക. അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹം. പരസ്യം പതിക്കരുത്. ഇത് പൊതുവഴിയല്ല. അന്യർക്ക് പ്രവേശനമില്ല. അനുവാദം കൂടാതെ അകത്തുകടക്കരുത്. അന്യമതസ്ഥർക്ക് പ്രവേശനമില്ല….!! ഹൃദയങ്ങൾ ക്രിസ്തുവാകുന്ന നിക്ഷേപത്തിൽ അല്ലാത്തതുകൊണ്ടാണ്, ക്രിസ്തുവിന്റെ ചൈതന്യംകൊണ്ട് നിറയാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇതുപോലുള്ള ബോർഡുകൾ കൂടുതലായി ഉയർന്നുവരുന്നത്. ഈയിടെയുണ്ടായ ശക്തമായ മഴയിൽ പുഴ ഒഴുക്കിക്കൊണ്ടുവന്ന ഇതുപോലുള്ള ബോർഡുകൾ നോക്കി കടൽ തലതല്ലി ചിരിച്ചത്രേ!!! കടലോളം ഹൃദയമുണ്ടാകണം നമുക്ക്. എന്ന് പറഞ്ഞാൽ, ക്രിസ്തുവിന്റേതുപോലുള്ള ഹൃദയം!!

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ചത്തെ സുവിശേഷം സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളോടാണ്. ഈശോ ഇന്ന് നമ്മോട് ചോദിക്കുന്നത്, മകളേ, മകനേ എന്താണ് നിന്റെ നിക്ഷേപം? സമ്പത്താണോ? സ്ഥാനമാനങ്ങളാണോ? നിന്റെ തന്നെ അഹങ്കാരമാണോ, നിന്റെ അഭിപ്രായങ്ങളിലെ കടുംപിടുത്തമാണോ? എന്റെ ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് മാത്രം ഞാൻ ചെയ്യും എന്ന പിടിവാശിയാണോ? ശരീരസുഖങ്ങളിലേക്കുള്ള ആസക്തിയാണോ? ലഹരിയാണോ? അതോ, ക്രിസ്തുവാണോ? എന്താണ് നിന്റെ നിക്ഷേപം? ഇനി, എവിടെയാണ് നിന്റെ ഹൃദയം?

നമുക്ക് നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവാകുന്ന യഥാർത്ഥ നിക്ഷേപത്തിൽ ചേർത്തുവച്ചിട്ട് വിശുദ്ധ കുർബാന തുടരാം. ക്രിസ്തുവാകുന്ന നിക്ഷേപത്തിലല്ല നമ്മുടെ ഹൃദയങ്ങളെങ്കിൽ, പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതങ്ങൾ തകർന്നുപോകും.

ഇവിടെ ചോദ്യം ഇതാണ്: രണ്ട് യജമാനന്മാരെ നീ സേവിക്കുകയാണോ? രണ്ടോ അതിൽ കൂടുതലോ നിക്ഷേപങ്ങൾ നിനക്കുണ്ടോ? ഈശോ പറയും: ദൈവത്തെയും, മാമോനെയും സേവിക്കാൻ നിനക്ക് സാധിക്കുകയില്ല. സത്യമാണത്! ആമേൻ!