Category Archives: Sunday sermon

SUNDAY SERMON LK 24, 44-53

ഉയിർപ്പുകാലം ഏഴാം ഞായർ

ലൂക്കാ 24, 44-53

സന്ദേശം

ഉയിർപ്പുകാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണമാണ് സ്വർഗാരോഹണ തിരുനാളിന് ശേഷം വന്നെത്തിയിരിക്കുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണിത്. ഈ പ്രത്യക്ഷീകരണത്തിൽ പതിനൊന്ന് ശിഷ്യരോടും, അവരോടൊപ്പമുണ്ടായിരുന്നവരോടും (24, 33) നിയമങ്ങളുടെയും, പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് താനെന്ന് ക്രിസ്തു പ്രഘോഷിക്കുകയാണ്. അവിടുത്തെ ദൈവരാജ്യ പ്രഘോഷണങ്ങൾക്കും, അത്ഭുതപ്രവർത്തികൾക്കും സാക്ഷികളായ അവരോട്, ജറുസലേം മുതൽ എല്ലാജനതകളോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ചുകൊണ്ട് ഈ ദൗത്യത്തിലേക്ക് ഈശോ അവരെ ക്ഷണിക്കുകയാണ്.  അങ്ങനെ പ്രചോദിതരായ, ശക്തരായ, തീക്ഷ്ണമതികളായ ശിഷ്യരാകട്ടെ, ബഥാനിയായിൽ ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നത് കണ്ടശേഷം ആനന്ദത്തോടെ തിരികെ ജറുസലേമിൽ വന്ന് സദാസമയവും, ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തിൽ കഴിഞ്ഞുകൂടി.

ഇത്രയും സംഭവങ്ങളടങ്ങുന്ന ഇന്നത്തെ സുവിശേഷഭാഗം ക്രൈസ്തവരായ നമ്മെ ഓർമപ്പെടുത്തുന്നത് നമ്മുടെ ക്രൈസ്തവ ദൗത്യത്തെയാണ്. ക്രൈസ്തവരുടെ ജീവിതം 180 ഡിഗ്രി തിരിക്കാവുന്ന ചോദ്യം ഇതാണ്: ഒരു ക്രൈസ്തവ സഹോദരി എന്ന നിലയിൽ, ക്രൈസ്തവ സഹോദരൻ എന്ന നിലയിൽ നീ ഈ ഭൂമിയിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം നീ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ജീവിതംകൊണ്ടും, ജീവിതം കൊടുത്തും  ധൈര്യപൂർവം പ്രഘോഷിക്കുക. ഈ ദൗത്യം നമ്മെ ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു എന്ന് എഴുതുമ്പോഴും, ഏതെല്ലാം വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് ഈശോ അവരെ ഓർമിപ്പിച്ചതെന്നോ, ഏതെല്ലാം വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണ് അവർക്ക് വിശദീകരിച്ചു കൊടുത്തതെന്നോ വിശുദ്ധ ലൂക്കാ നമ്മോട് പറയുന്നില്ല. എന്നാൽ, ഈ സുവിശേഷഭാഗത്തുനിന്ന് തിരുസഭയുടെ വചനപ്രഘോഷണത്തിന്റെ മൂന്ന് ഘടകങ്ങൾ വിശുദ്ധ ലൂക്കാ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഒന്ന്, ക്രിസ്തുവിന്റെ പീഡാസഹനവും, മരണവും. രണ്ട്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നു. മൂന്ന്, ക്രിസ്തുവിന്റെ ക്ഷമയും, പാപമോചനവും എല്ലാ ജനതകളോടും പ്രസംഗിക്കുക.

ജറുസലേമിൽ നിന്ന് ആരംഭിക്കുന്ന ഈ പ്രഘോഷണം പക്ഷേ, ജറുസലേമിൽ മാത്രം ഒതുങ്ങുന്നില്ല. അത് ജറുസലേമിൽ നിന്ന് യൂദയായിലേക്ക്, അവിടെനിന്ന് സമരിയയിലേക്ക്, പിന്നെ ഭൂമിയുടെ അതിർത്തികൾ വരെയും എത്തേണ്ടിയിരിക്കുന്നു. (അപ്പ 1, 8) ഈ പ്രഘോഷണമാണ്, തിരുസഭയുടെ, ഓരോ ക്രൈസ്തവ സഹോദരിയുടെ, സഹോദരന്റെ ഈ ഭൂമിയിലെ ജീവിത ദൗത്യം. നാമോരോരുത്തരുടേയും മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ, അവിടുത്തെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ നമുക്കാകണം. ഈ ഏറ്റുപറച്ചിലാകണം ഓരോ ക്രൈസ്തവന്റെയും ജീവിതം. മതമർദ്ദനത്തെയോ, കൊലവിളി മുദ്രാവാക്യങ്ങളെയോ പേടിച്ച് ഓടിയൊളിക്കുവാനല്ല ക്രിസ്തു തന്റെ രക്തംകൊണ്ട് നമ്മെ രക്ഷിച്ചത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ വലിയ റാലിയിൽ കേവലം ഒൻപതു വയസ്സുള്ള ഒരു ബാലന്റെ വായിലൂടെ പുറത്തു വന്ന മുദ്രാവാക്യങ്ങൾ കേൾക്കാത്തവരായി ഇന്ന് ഭൂമിമലയാളത്തിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ആ മുദ്രാവാക്യങ്ങൾകേട്ട് ഏതെങ്കിലും ക്രൈസ്തവന് ഞെട്ടലുണ്ടായെങ്കിൽ അതിന്റെ കാരണം, മൂർച്ചയുള്ള മുദ്രാവാക്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന തീവ്രവാദത്തിന്റെയും, അസഹിഷ്ണതയുടെയും, കൊലവിളിയുടെയും ഉള്ളടക്കംകൊണ്ടാണ്. തങ്ങൾ മറ്റു മതസ്ഥരുടെ അന്തകരാകുമെന്നും, തങ്ങൾ പറയുന്ന മര്യാദയ്ക്കനുസരിച്ചു ജീവിച്ചില്ലെങ്കിൽ കുന്തിരിക്കം കരുതിവയ്ക്കണമെന്നും പറയുമ്പോൾ, പേടിച്ചു പോകുന്നവരാണ് ക്രൈസ്തവരെന്നാണ് അവർ കരുതിയത്.

മലയാളത്തിൽ റിലീസ് ചെയ്ത വരയൻ സിനിമയിൽ നായകനായ എബിച്ചൻ പറയുന്ന മനോഹരമായ ഒരു ഡയലോഗുണ്ട്. അച്ചനെ കുത്തിക്കൊല്ലാൻ വരുന്ന ഇടവകയിലെ ഗുണ്ടയോട് അച്ചൻ പറയുന്നതിങ്ങനെയാണ്: ‘എന്നോട് പൊരുതാൻ വന്നാൽ നീ തോറ്റുപോകും. കാരണം, ഞാൻ (ക്രിസ്തുവിനായി) മരിക്കാൻ വന്നവനാണ്. എനിക്കൊന്നും നഷ്ടപ്പെടുവാനില്ല. നീ ജീവിക്കാൻ ആഗ്രഹിക്കുന്നവനാണ്.’ അതേ സ്നേഹമുള്ളവരേ, ഓരോ  ക്രൈസ്തവ സഹോദരിയും, സഹോദരനും ക്രിസ്തുവിനായി ഈ ഭൂമിയിൽ ജീവൻകൊണ്ടും, ജീവിതംകൊണ്ടും സാക്ഷ്യം നൽകുവാൻ, രാക്ഷസാക്ഷിത്വം വഹിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്, നിൽക്കുന്നവനാണ്. അവർക്ക്, വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിൽ മരണം നേട്ടമാണ്. അവരെ മുദ്രാവാക്യങ്ങളാകുന്ന ഓലപ്പടക്കങ്ങൾകൊണ്ട് പേടിപ്പിക്കുവാൻ ശ്രമിക്കുന്നത് വെറും വ്യാമോഹമാണെന്ന് വിളിച്ചുപറയുവാൻ, ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. കാരണം, സ്നേഹത്തിനുപകരം സ്നേഹം നൽകാനും, ബലിക്കുപകരം ബലിയാകാനും തയ്യാറായിട്ടാണ് ഓരോ ക്രൈസ്തവനും ഓരോ നിമിഷവും ജീവിക്കുന്നത്. ഇനി ഒരു ബലി അർപ്പിക്കുവാൻ വരുമോ ഇല്ലയോ എന്ന് പറഞ്ഞിട്ട് വിശുദ്ധ കുർബാനയുടെ ജീവിതം നയിക്കുവാൻ ഇറങ്ങിപുറപ്പെടുന്ന ക്രൈസ്തവനെ പേടിപ്പിക്കുവാൻ ഈ ലോകത്തിലെ മുദ്രാവാക്യങ്ങൾക്കോ, പീഡനങ്ങൾക്കോ സാധിക്കുകയില്ലെന്ന് ക്രൈസ്തവ ചരിത്രം എത്രയോ വട്ടം തെളിയിച്ചിട്ടുള്ളതാണ്!!! അങ്ങനെ ശ്രമിക്കുന്നത് വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതുപോലെയിരിക്കും!!

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ, അവിടുത്തെ ദൈവമായി ഏറ്റുപറയുന്നവരെ ഇല്ലായ്മചെയ്യുവാൻ, ക്രൈസ്തവ മുക്ത ഭാരതം രൂപീകരിക്കുവാൻ അരയും തലയും മുറുക്കി തയ്യാറായി നിൽക്കുന്നവർ കേൾക്കേ നാം വിളിച്ചു പറയണം ക്രിസ്തു ഞങ്ങൾക്ക് ജീവനാണ് ജീവിതമാണെന്ന്. വർഗീയതയും, തീവ്രവാദവും കൊലവിളികളും പറയുവാൻ കൊച്ചുകുട്ടികളെപ്പോലും ഉപകരണങ്ങളാക്കുന്നവർ വിശ്വസിക്കുന്ന മതമേതാണാവോ? ഏറ്റുപറയുന്ന ദൈവത്തിന്റെ സ്വഭാവമെന്താണാവോ?

അതെന്തായാലും, ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം സ്നേഹമാണ്; ക്രൈസ്തവർ ഏറ്റുപറയുന്ന ദൈവം കാരുണ്യവാനാണ്;

ക്രൈസ്തവർ പ്രഘോഷിക്കുന്ന മതം ശത്രുവിനെപ്പോലും സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന, സഹോദരങ്ങൾക്കുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന മതമാണ്. മാത്രമല്ല, ലോകാവസാനവരെ നമ്മോടൊത്തു വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലാണ് ക്രൈസ്തവരുടെ വിശ്വാസം.

അതുകൊണ്ട് സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതുവരെ, ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല. ഫാദർ ചാൾസ് അർമിനോയുടെ „യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും“ എന്ന ഗ്രന്ഥത്തിൽ ലോകം അവസാനിക്കുന്നതിനുള്ള മൂന്ന് അടയാളങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1. വിശുദ്ധ മത്തായിയുടെ സുവിശേഷം 24, 14 ആണ്. “എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യമാകും.” 2. വിശുദ്ധ പൗലോശ്ലീഹാ തെസ്സലോനിക്കക്കാർക്ക് എഴുതിയ രണ്ടാം ലേഖനം രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറയുന്ന അരാജകത്വത്തിന്റെ മനുഷ്യനായ അന്തിക്രിസ്തുവിന്റെ ആഗമനമാണ്. 3. വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്ക് എഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം 14 മുതലുള്ള വാക്യങ്ങളിൽ പറയുന്ന യഹൂദരുടെ മനസാന്തരമാണ്.

അടുത്ത നൂറ് വർഷത്തേക്ക് കൂടി ലോകം നിലനിൽക്കുമോ? അതോ, നമ്മുടെ ഈ സഹസ്രാബ്ദത്തിൽ തന്നെ അത് അവസാനിക്കുമോ? ഒരു സാങ്കൽപ്പിക സിദ്ധാന്തത്തിനും അനുമാനത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളാണിവയെല്ലാം. ആ ദിവസം നമുക്ക് അറിയാനാകില്ല എങ്കിലും, ഒരു കാര്യം നമുക്ക് ഉറപ്പാണ്. ദൈവത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണത്. മാത്രമല്ല, ദൈവം തന്റെ വചനങ്ങളിലൂടെ നമുക്കത് അറിയിച്ചു തരികയും ചെയ്തിട്ടുണ്ട്. വിശുദ്ധ ജെറോമിനെയും (St. Jerome)ബീഡിനെയും (St. Bede the Venerable)പോലുള്ളവർ ദൈവത്തിന്റെ വചനങ്ങൾ കർശനമായും അക്ഷരാർത്ഥത്തിലും മനസ്സിലാക്കണമെന്നാണ് പറയുന്നത്. കൊർണേലിയൂസ് ലാപിഡ് (Fr. Cornelius Lapide SJ) എന്ന ബൈബിൾ വ്യാഖ്യാതാവ് പറയുന്നത്, ക്രിസ്തുമതം പ്രഘോഷിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും മാത്രമല്ല, ഒരു പൊതു സംവിധാനമെന്ന നിലയിൽ രൂപപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷമാണ് അവസാനം വരിക.” അഭിമാനത്തോടെ ദൈവരാജ്യത്തിന്റെ സുവിശേഷം ഏറ്റുപറയുവാൻ, ധൈര്യത്തോടെ ജീവിതത്തിന്റെ എല്ലാസാഹചര്യങ്ങളിലും, എല്ലാ വേളകളിലും പ്രഘോഷിക്കുവാൻ നാം തയ്യാറാകുമ്പോഴേ, പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ശക്തിയിൽ ചൈതന്യത്തിൽ ജീവിക്കുവാൻ നമുക്കാകൂ. ദൈവരാജ്യത്തിന്റെ സുവിശേഷം, ഒരു സമുദ്രവും ബാക്കിയില്ലാതെ, അജ്ഞാതമായ ഒരു ദ്വീപില്ലാതെ, എല്ലാ വിജനപ്രദേശങ്ങളിലും, ജനവാസ മേഖലകളിലും, മുസ്ലീമിനോടും, ഹിന്ദുവിനോടും, നിരീശ്വര വാദിയോടും, നിർമ്മതക്കാരനോടും, ജാതി, മത വർഗ വർണ വ്യത്യാസമില്ലാതെ എല്ലാവരോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരിടയനും ഒരു തൊഴുത്തും ആകും (യോഹ 10, 16) എന്ന ക്രിസ്തുവിന്റെ വചനം നിറവേറുവാൻ നാം ഉപകരണങ്ങളാകേണ്ടിയിരിക്കുന്നു!!

ഇതാണ് നമ്മുടെ ജീവിത ദൗത്യമെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. കാലത്തിന്റെ സ്പന്ദനങ്ങൾ നാം വായിച്ചെടുക്കുമ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഏറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം തീവ്രവാദികൾ കൊലപ്പെടുത്തുന്നത് നാം ക്രിസ്ത്യാനികളെയാണ്. ഭാരതത്തിലും, ഈ കൊച്ചുകേരളത്തിലും വർഗീയ തീവ്രവാദികളുടെ target നാം ക്രൈസ്തവരല്ലാതെ മറ്റാരുമല്ല. സ്നേഹമുള്ളവരേ, നമ്മുടെ ജീവിത ദൗത്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

നമ്മുടെ ഇടവക ദൈവാലയങ്ങളിൽ ആദ്യകുർബാന സ്വീകരണങ്ങൾ നടക്കുന്ന ഈ നാളിൽ, സോഷ്യൽ മീഡിയയിൽ കണ്ട ഒരു Video നമ്മുടെ ക്രൈസ്‌തജീവിതദൗത്യത്തെ വരച്ചു കാട്ടുന്നതാണ്. ഫാ. ഫിജോ സ്ക്രിപ്റ്റ് എഴുതി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത് Media Catholica അവതരിപ്പിക്കുന്ന ഈ Video യുടെ പേര്, Isa എന്നാണ്. Subtitle ആയി ഈ വാക്കിന്റെ അർത്ഥമാണ് കൊടുത്തിരിക്കുന്നത് – God is my Oath. ഇസ എന്ന പെൺകുട്ടിയുടെ ആദ്യകുർബാന സ്വീകരണം വികാരിയച്ചൻ മുടക്കിയതിനെച്ചൊല്ലി ഒരു മാഷ് അച്ചനോട് സംസാരിക്കുന്നതോടുകൂടിയാണ് ചിത്രം തുടങ്ങുന്നത്. അപ്പോൾ അച്ചൻ പറഞ്ഞു: “ഞാൻ ആദ്യകുർബാന സ്വീകരണം മുടക്കിയിട്ടില്ല. മാതാപിതാക്കൾ കുമ്പസാരിച്ച് ഒരുങ്ങുന്നില്ലെങ്കിൽ അവരുടെ മക്കൾക്ക് ആദ്യകുർബാന സ്വീകരിക്കാൻ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇസയുടെ അപ്പച്ചൻ ബെന്നി കുമ്പസാരിക്കുന്നില്ലെങ്കിൽ, ഇസയുടെ ആദ്യകുർബാനസ്വീകരണം നടക്കില്ല.”  അടുത്ത സീൻ ഇസയുടെ അപ്പച്ചൻ ബെന്നിയും, മാഷും, ഇസയും കൂടി വീട്ടിലിരുന്ന് സംസാരിക്കുന്നതാണ്. ബെന്നി ധാരാളം Arguments പറയുന്നുണ്ട്. കേസുകൊടുക്കുമോന്നൊക്കെ വീമ്പടിക്കുന്നുണ്ട്. അപ്പോൾ ഇസ പറഞ്ഞു: “ഞാൻ ആദ്യകുർബാന സ്വീകരിക്കുന്നില്ല.”  “കണ്ടില്ലേ വികാരിയച്ചൻ കാരണം എന്റെ മകളെടുക്കുന്ന തീരുമാനം?” ബെന്നി ദേഷ്യത്തോടെ പറഞ്ഞു. അപ്പോൾ ഇസ പറഞ്ഞു: “വികാരിയച്ചൻ കാരണമല്ല. അപ്പച്ചൻ കാരണമാണ് ഞാൻ ആദ്യ കുർബാന സ്വീകരണം വേണ്ടെന്ന് പറഞ്ഞത്. അപ്പച്ചന് കുമ്പസരിച്ച് കുർബാന സ്വീകരിക്കാൻ താത്പര്യമില്ലല്ലോ. അപ്പച്ചന് വേണ്ടാത്ത ഈശോയെ എനിക്കും വേണ്ട.” ആ അപ്പച്ചൻ ഞെട്ടിപ്പോയി. Video അവസാനിക്കുന്നത് ഇസയുടെ ആദ്യകുർബാന സ്വീകരണത്തോടെയാണ്.

മുതിർന്നവരും, മാതാപിതാക്കളുമൊക്കെ യഥാർത്ഥ ക്രൈസ്തവജീവിതം നയിക്കുന്നില്ലെങ്കിൽ, തങ്ങളുടെ ക്രൈസ്തവ ദൗത്യം നിർവഹിക്കുന്നില്ലെങ്കിൽ വരും തലമുറയ്ക്ക് ക്രിസ്തുവിനെ സ്വീകരിക്കാൻ, പ്രഘോഷിക്കാൻ വലിയ താത്പര്യമൊന്നും ഉണ്ടാകില്ല. അവർ പറയും: “നിങ്ങൾക്ക് വേണ്ടാത്ത ക്രിസ്തുവിനെ ഞങ്ങൾക്കും വേണ്ട.”

ക്രിസ്തുവിന്റെ, ക്രിസ്തുമതത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു Video യും ഈയിടെ കണ്ടു.

Christianity ഭാരതത്തിന് വേണ്ട എന്ന് പറയുന്നവരെ ഈ Video കാണിച്ചുകൊടുക്കുവാനാണ് അവതാരകൻ പറയുന്നത്.

പ്രിയപ്പെട്ടവരേ, തമ്മിൽതല്ലി ചാകുവാനായിട്ടല്ല ക്രിസ്തു നമുക്കുവേണ്ടി കാൽവരികയറിയത്; മൂന്നാണികളിൽ തൂങ്ങി മരിച്ചത്; മൂന്നാം ദിനം ഉത്ഥിതനായത്; ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തു വസിക്കുന്നത്. ക്രിസ്തുവിന്റെ സഭയോടൊത്തു ചേർന്ന്, ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി ജീവിക്കുവാൻ നമ്മുടെ പിടിവാശികളും, ഈഗോയും (Ego) നാം മാറ്റിവയ്ക്കണം. തെരുവിൽ, പൊതുസമൂഹത്തിന്റെ മുൻപിൽ ക്രിസ്തുവിനെ നാണം കെടുത്തുവാനല്ല, ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായി വിളിക്കപ്പെട്ടിരിക്കുന്നത്!!  നമ്മുടെ കുടുംബങ്ങളെ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഇടങ്ങളാക്കി നാം മാറ്റണം. വീട്ടിൽ നിന്ന് എന്തുകാര്യത്തിന് ഇറങ്ങുമ്പോഴും, തിരിയെ എത്തുമ്പോഴും തിരുഹൃദയ ഈശോയുടെ മുൻപിൽ നമ്മെ സമർപ്പിക്കുവാൻ നമുക്കാകട്ടെ. ആധ്യാത്മിക കാര്യങ്ങൾക്ക് നാം പ്രാധാന്യംകൊടുക്കുന്നത് നിരീക്ഷിക്കുന്ന നമ്മുടെ സഹോദരങ്ങൾ തീർച്ചയായും ക്രിസ്തുവിനെ അറിയും. ഒപ്പം, വൈദികരെയും സിസ്റ്റേഴ്സിനെയും കാണുമ്പോൾ ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ“എന്ന് പറയുന്നത് ശ്രേഷ്ഠം തന്നെ. എന്നാൽ, ക്രൈസ്തവർ പരസ്പരം കാണുമ്പോഴും ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നത് നമ്മുടെ ജീവിത ദൗത്യം എന്തെന്ന് പരസ്പരം ഓർമിപ്പിക്കുവാൻ ഉപകരിക്കും.

സമാപനം

വീട്ടിലുള്ള ഭൂപടം ഒന്ന് നിരീക്ഷിക്കൂ… അല്ലെങ്കിൽ ഗൂഗിൾ ചെയ്താൽ കാണാൻ പറ്റും. ദൈവരാജ്യത്തിന്റെ സുവിശേഷം എല്ലാ മനുഷ്യരിലും വിളംബരം ചെയ്യപ്പെട്ടിട്ടില്ല എന്ന് നമുക്കപ്പോൾ മനസ്സിലാകും. വെളിവാക്കപ്പെട്ട സത്യത്തിന്റെ നേരിയ കിരണങ്ങൾപോലും ദർശിക്കാത്തവർ ഇന്നുമുണ്ട്. അപ്പോൾ, പ്രിയപ്പെട്ടവരേ, നാം ഉറക്കം തൂങ്ങികളാകരുത്; നമ്മുടെ ദൗത്യം മറക്കുന്നവരുമാകരുത്. രാത്രി പകലാക്കിക്കൊണ്ട് ക്രിസ്തുവിനുവേണ്ടി അധ്വാനിക്കുവാൻ നാം തയ്യാറാകണം. മുദ്രാവാക്യങ്ങളെ നാം ഭയപ്പെടേണ്ടതില്ല; ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും നമ്മെ തകർക്കുവാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഭയക്കേണ്ടതില്ല. “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” (2 മക്കബായർ 8, 18)

നമ്മുടെ ജീവിതദൗത്യം നമുക്ക് സാധിക്കുന്നിടത്തോളം പൂർണതയിലും, ശക്തിയിലും നിർവഹിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ജീവിത ദൗത്യത്തെ ഓർമപ്പെടുത്തുന്ന ക്രിസ്തുവിന്റെ ബലിയാണെന്ന് നാം മറക്കാതിരിക്കുക. ആമേൻ! 

SUNDAY SERMON JN 5, 19-29

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 5, 19-29

ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന് അന്വേഷിക്കുക. 

ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് തൊട്ട് മുൻപ് നടന്ന ബെത് സൈദാ യിലെ രോഗശാന്തിയും, അതിനുശേഷം യഹൂദർക്കിടയിൽ നടന്ന സംഭാഷണവുമാണ്. സാബത്തിൽ ഈശോ രോഗിയെ സുഖപ്പെടുത്തിയതിൽ അമർഷംപൂണ്ട യഹൂദരോട് ഈശോ പറഞ്ഞത് തന്റെ പിതാവ് എപ്പോഴും പ്രവർത്തന നിരതനാണ് എന്നാണ്. ഇങ്ങനെയൊരു statement യഹൂദരെ കോപാകുലരാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല. ദൈവത്തെ പിതാവ് എന്ന് വിളിച്ചതിൽ ദൈവദൂഷണമാണ് അവർ കാണുന്നത്. യഹോവയുടെ നാമം അത്രയും ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത്. തങ്ങളുടെ എതിരാളിയായ ഈശോയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്‌താവന വന്നപ്പോൾ അതവർ ഈശോയ്‌ക്കെതിരായി ഉപയോഗിച്ചു. സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ പിതാവെന്ന് വിളിച്ചെന്നും, അതുമൂലം ഈശോ തന്നെത്തന്നെ ദൈവതുല്യനാക്കിയെന്നും അവർ വിളിച്ചു പറഞ്ഞു. ആ യഹൂദരുടെ മുൻപിലാണ് ഈശോ ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.

എന്തൊക്കെയാണ് ഈശോ അന്ന് യഹൂദരോട് പറയാൻ ആഗ്രഹിച്ചത്? ഇന്ന് നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത്? ശരിയാണ്, ഈ സുവിശേഷഭാഗം അത്ര പെട്ടെന്ന് നമുക്ക് മനസ്സിലായെന്ന് വരില്ല. എങ്കിലും, അല്പമൊന്ന് ധ്യാനിച്ചാൽ, ഈ ഭാഗത്തെ പ്രധാന ആശയങ്ങൾ നമുക്ക് കൊത്തിപ്പെറുക്കിയെടുക്കുവാൻ സാധിക്കും. അവ ഇങ്ങനെയാണ്: ഒന്ന്, ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്; തന്റെ വ്യക്തിത്വം expand ചെയ്യുകയാണ്.  രണ്ട്, താനും പിതാവും ഒന്നാണെന്ന് ഈശോ പ്രഖ്യാപിക്കുന്നു മൂന്ന്, പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. അവൾ / അവൻ മരിച്ചാലും ജീവിക്കും. നാല്, താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പിതാവിന്റെ പ്രവൃത്തികളാണെന്നും, പിതാവിന്റെ ഇഷ്ടമാണ് താൻ പ്രവർത്തികമാക്കുന്നതെന്നും ഈശോ വെളിപ്പെടുത്തുന്നു. ഈശോയുടെ വ്യക്തിത്വം പിതാവായ ദൈവത്തിന്റെ പ്രതിഫലനമാകുന്നു.

ഇതിൽ ഒന്നും രണ്ടും ഈ സുവിശേഷഭാഗത്തിന്റെ ദൈവിക മാനമാണ് (Divine Dimension). മൂന്നാമത്തേതാകട്ടെ, ഇതിന്റെ ആത്മീയമാനമാണ് (Spiritual Dimension). നാലാമത്തേതാകട്ടെ, ക്രൈസ്തവജീവിതത്തിന്റെ പ്രായോഗിക മാനവും (Practical Dimension). ഇവ മൂന്നും ദൈവിക മാനവും, ആത്മീയമാനവും, പ്രായോഗികമാനവും – ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളാകുമ്പോഴാണ് ക്രൈസ്തവജീവിതം ഫലം ചൂടുന്ന വൻവൃക്ഷമാകുന്നത്.  ക്രിസ്തുവിനെ ദൈവമായി ഏറ്റുപറയുകയും, ക്രിസ്തു എന്റെ കർത്താവും ദൈവവുമാണെന്ന് വിശ്വസിക്കുകയും ചെയ്യുക എന്ന ക്രൈസ്തവ ചൈതന്യത്തെ ഒരു ഉന്നതമായ ചിന്താസരണിയായി ഉയർത്തിയെടുക്കുക എന്നത് നമ്മുടെ ക്രൈസ്തവ സ്വഭാവമാകണം. വിശുദ്ധ പൗലോസിന് അങ്ങനെ ഉന്നതമായ ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, ‘യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷപ്രാപിക്കുമെന്ന്.’ (റോമാ 10, 9) ക്രിസ്തുവിന്റെ വചനങ്ങളിലും, സഭയുടെ പഠനങ്ങളിലും, സഭയുടെ പാരമ്പര്യത്തിലുമുള്ളവയെ ആത്മീയമായ ആർജവത്തോടെ സ്വാംശീകരിക്കുവാൻ ക്രൈസ്തവന് കഴിഞ്ഞാൽ, ജീവിതാനുഭവങ്ങളെയും, ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതത്തെയും വിശ്വാസ വെളിച്ചത്തിൽ വിലയിരുത്തുവാൻ ക്രൈസ്തവന് സാധിക്കും.

പഴയനിയമത്തിന്റെയും, പ്രവചനങ്ങളുടെയും പൂർത്തീകരണമായി (Fulfilment), ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൂർണതയായി (Pleroma) ക്രിസ്തുവിനെ കാണുവാൻ അന്നത്തെ ജനത്തിന് സാധിച്ചില്ല. യഹൂദ പരമ്പര്യത്തിന്റെ ഒരു ഉപോത്പന്നമായിട്ടായി രിക്കാം ക്രിസ്തുവിനെ യഹൂദജനം കണ്ടിരുന്നത്. ശിഷ്യന്മാരാകട്ടെ, ഈശോയെ ഒരു വിപ്ലവകാരിയായിട്ടാണ്, റോമാസാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് തങ്ങളെ വിമോചിപ്പിക്കുന്ന നേതാവായിട്ടാണ് കണ്ടത്. ക്രിസ്തുവിന്റെ മഹാത്ഭുതങ്ങളിലൊന്നും, അവിടുത്തെ ദൈവത്വം ദർശിക്കുവാൻ യഹൂദജനത്തിന് സാധിച്ചില്ല. എന്നാൽ, കാൽവരിയിൽ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, മൂന്നാണികളിൽ കുരിശിന്മേൽ കിടന്നപ്പോൾ, പ്രപഞ്ചം ഞെട്ടുമാറ് ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞപ്പോൾ, ഒരു ശതാധിപൻ വിളിച്ചുപറയുന്നുണ്ട്, “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു ” (മാർക്കോ 15,39) എന്ന്. പിന്നീട്, ഈശോയുടെ ഉത്ഥാനത്തിനുശേഷമാണ് ശിഷ്യന്മാർ ഈശോയെ കർത്താവും, ദൈവവും, രക്ഷകനുമായി മനസ്സിലാക്കുന്നതും, അനുഭവിക്കുന്നതും, ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്നതും. മതമർദ്ദനത്തിന്റെ ഭീകരതകൾ അവരെ ഭയപ്പെടുത്തിയില്ല. നീണ്ടുനിൽക്കുന്ന മർദ്ദനങ്ങളുടെ വേളയിലും, “ദൈവത്തിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും പുതിയതാണ്” (വിലാപങ്ങൾ 3 , 22) എന്ന് പാടുവാൻ, “ആകാശത്തിനും ഭൂമിക്കും മദ്ധ്യേ രക്ഷപ്പെടുവാൻ ഒരു നാമമേ നല്കപ്പെട്ടിട്ടുള്ളു -ക്രിസ്തുവിന്റെ നാമം” (അപ്പ 4, 12) എന്ന് ധൈര്യത്തോടെ ഏറ്റുപറയുവാൻ അവർക്ക് സാധിച്ചത് ക്രിസ്തുവിൽ ദൈവത്തെ കണ്ടതുകൊണ്ടാണ്, അനുഭവിച്ചതുകൊണ്ടാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിന്റെ കാലികപ്രസക്തി ഇവിടെയാണ്. ഈശോയെ കർത്താവായി, ദൈവമായി, ക്രിസ്തുവായി, മിശിഹായായി ജീവിതത്തിന്റെ ഏതുസാഹചര്യത്തിലും ഏറ്റുപറയുവാൻ നമുക്കാകണം. നമ്മുടെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി, ഭരണസംവിധാനങ്ങളുടെ ഭീഷണി പേടിച്ച്, ലോകത്തിന്റെ രീതികൾക്ക് വഴങ്ങി ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയുവാൻ നാം മടിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക, നാം അലയേണ്ടിവരും, ജീവിതത്തിന്റെ മരുഭൂമികളിലൂടെ സംവത്സരങ്ങളിൽ നിന്ന് സംവത്സരങ്ങളിലേക്ക് നാം അലയേണ്ടിവരും.

ഈ സുവിശേഷ ഭാഗത്തിന്റെ ആത്മീയ മാനമാണ് ക്രിസ്തുവിൽ വിശ്വസിക്കുക എന്നത്. ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമാണ് നമുക്ക് നിത്യജീവൻ, നിത്യരക്ഷ പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ വിശ്വാസാധിഷ്ഠിതമായ നീതിയെക്കുറിച്ച് സംസാരിക്കുന്നത്. കാരണം, വിശ്വാസമാണ് രക്ഷയിലേക്ക്, നിത്യജീവനിലേക്ക് നയിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘ക്രിസ്തു നിനക്ക് സമീപസ്ഥമാണ്. അവൻ നിന്റെ അധരത്തിലുണ്ട്; നിന്റെ ഹൃദയത്തിലുണ്ട്.’  (റോമാ 10, 8)

ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യംജീവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് വിശുദ്ധരുടെ ജീവിതങ്ങൾ. ഏറ്റവും അടുത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ദൈവസഹായം പിള്ളയുടെ ജീവിതം നോക്കൂ… വിശുദ്ധ ദൈവ സഹായം പിള്ള വെറുമൊരു സാധാരണക്കാരനായിരുന്നില്ല ക്രിസ്തുവിനെ സ്വീകരിച്ച നീലകണ്ഠ പിള്ള.

സംസ്കൃതമറിയാമായിരുന്ന, വേദങ്ങളിലും, ഉപനിഷത്തുക്കളിലും പ്രാവീണ്യമുണ്ടായിരുന്ന, ഹൈന്ദവ ആചാരങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന നീലകണ്ഠ പിള്ളയാണ് ക്രിസ്തുവിനെ കർത്താവും ദൈവവുമായി സ്വീകരിച്ചത്. തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠ പിള്ളയാണ്, തനിക്ക് സ്വന്തമാക്കാൻ കഴിയുന്നതിനെയെല്ലാം തുച്ഛമായി കരുതിക്കൊണ്ട്, ക്രിസ്തുവിനെ ഹൃദയത്തിൽ വിശ്വസിക്കുകയും, അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്തുകൊണ്ട് നിത്യജീവൻ നേടിയെടുത്തത്. അദ്ദേഹമാണ് മരിച്ച് 272 വർഷങ്ങൾ കഴിഞ്ഞിട്ടും ജീവനുള്ളവനായി നിലകൊള്ളുന്നത്.  

സ്നേഹമുള്ളവരേ, കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷാപാപിക്കും. (അപ്പ 16, 31) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ സൗഖ്യം പ്രാപിക്കും. കാരണം, മരുന്നോ, ലേപനമോ അല്ല കർത്തായ ഈശോയാണ്, ഈശോയുടെ വചനമാണ് നിന്നെ സുഖപ്പെടുത്തുന്നത്. (ജ്ഞാനം 16, 12) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ ശക്തിയുള്ളവളാകും, ശക്തിയുള്ളവനാകും. കർത്താവാണ് നിന്റെ ബലം. (ഹബകുക്ക് 3, 19) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിനക്ക് സമൃദ്ധിയുണ്ടാകും, അളവുകളില്ലാതെ ആത്മാവിനെ കൊടുക്കുന്നവനാണ് ക്രിസ്തു. (യോഹന്നാൻ 3, 34)  കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് സമാധാനം ഉണ്ടാകും, കാരണം അവൻ സമാധാനത്തിന്റെ രാജാവാണ്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് ജീവൻ ഉണ്ടാകും, ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി നല്കുവാനുമാണ് അവൻ വന്നത്. (യോഹന്നാൻ 10, 10)

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രായോഗിക മാനമാണ് ക്രൈസ്തവരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ പ്രവൃത്തികൾ പ്രകാശിപ്പിക്കുന്നവരാകണം എന്നത്. ഇന്നത്തെ സുവിശേഷത്തിൽ അന്തർലീനമായിരിക്കുന്ന ക്രിസ്തുവിന്റെ ശബ്ദമിതാണ്, നാം ക്രിസ്തുവിന്റെ പ്രവൃത്തികൾ ചെയ്യുന്നവരാകണം. ഇന്ന് ഭാരതത്തിൽ, കേരളത്തിൽ ക്രൈസ്തവസമൂഹം മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ, ക്രൈസ്തവസമൂഹത്തിന് നീതി, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, കേരളത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയമായി ഒതുക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം, നാം എണ്ണത്തിൽ കുറവായതുകൊണ്ട് മാത്രമല്ല, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പ്രതിഫലനങ്ങൾ ആകാത്തതുകൊണ്ടുകൂടിയാണ്. നാം എണ്ണത്തിൽ കുറവാകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മുന്നണികൾ രാഷ്ട്രീയമായി നമ്മെ മാറ്റിനിർത്തുന്നു. നമ്മെ നശിപ്പിക്കുവാൻ, ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു. ശരിതന്നെ. എങ്കിലും, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, കുടുംബജീവിതങ്ങൾ ശക്തമാണെങ്കിൽ, ക്രിസ്തു ചൈതന്യം നിറഞ്ഞതാണെങ്കിൽ പ്രിയപ്പെട്ടവരേ, ഒരിക്കലും നമ്മെ ഇല്ലാതാക്കുവാൻ ആകില്ല.

സ്നേഹമുള്ളവരേ, ക്രൈസ്തവജീവിതത്തിന്റെ ലാവണ്യമെന്നത്, സൗന്ദര്യമെന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ് എന്ന് നാം മറക്കരുത്. നമ്മുടെ ജീവിതത്തിന്റെ പരിസരങ്ങളിൽ ധാരാളം അപകടങ്ങൾ പതിയിരിക്കുന്ന ഒളിയിടങ്ങളുണ്ട്. എപ്പോഴാണ് ഈ അപകടങ്ങൾ മറനീക്കി പുറത്തുവരിക എന്ന് നമുക്ക് അറിയില്ല. നമ്മെ സഹായിക്കുമെന്ന് നാം കരുതുന്ന ഒന്നിനും അപ്പോൾ നമ്മെ സഹായിക്കുവാൻ കഴിഞ്ഞെന്നും വരില്ല. അവിടെ നമുക്ക് ഇപ്പോഴും സമീപസ്ഥമായ നമ്മുടെ ദൈവമാണ്, ക്രിസ്തുവാണ് നമ്മെ സഹായിക്കുവാൻ എത്തുക. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രൂപപ്പെടുന്ന ജീവിതദർശനം നമുക്ക് സഹായത്തിനെത്തും. 

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ് നമ്മുടെ ക്രൈസ്തവ വ്യക്തി, കുടുംബ,

ഇടവക ജീവിതങ്ങൾ എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാൻ നമുക്കാകട്ടെ. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ ലാവണ്യത്തിൽ, മഹത്വത്തിൽ തിളങ്ങുവാൻ ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ

ലൂക്ക 10, 1-12

യാത്രാവിവരണങ്ങളുടെ (Travologues) എഴുത്തുകാരനാണ് വിശുദ്ധ ലൂക്കാ. കന്യകാമറിയത്തിന്റെ എലിസബത്തിനെ കാണുവാനുള്ള യാത്രയുടെ, ജോസഫിന്റെയും, മേരിയുടെയും ദാവീദിന്റെ നഗരമായ ബെത്ലഹേമിലേക്കുള്ള യാത്രയുടെ, മാതാവും, യൗസേപ്പിതാവും, ഈശോയും ചേർന്ന് നടത്തുന്ന ജെറുസലേമിലേക്കുള്ള യാത്രയുടെ, ….ഈശോയുടെ പരസ്യജീവിത യാത്രയുടെ, ശിഷ്യന്മാരുടെ പ്രേഷിതപ്രവർത്തന യാത്രകളുടെ…അവസാനം എമ്മാവൂസ് യാത്രയുടെ ….അങ്ങനെ യാത്രാവിവരണങ്ങളാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കൂടുതലും. അന്ന് നമ്മുടെ ജോബി ചുവന്നമണ്ണ്  പോലുള്ള Vloggers ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം  വളരെ രസകരമായി സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചേനേ!

ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടത് ഈശോയുടെ 72 ശിഷ്യന്മാർ നടത്തിയ യാത്രയുടെ വിവരണമാണ്. വിശേഷിച്ചും, അവരുടെ പ്രേഷിതപ്രവർത്തനങ്ങളുടെ വിവരണം. ഈശോയുടെ പ്രേഷിതപ്രവത്തനത്തിന്റെ രീതികളെ ഏറെ സൂക്ഷ്മമായിത്തന്നെ വിശുദ്ധ ലൂക്കാ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാർക്ക് സ്വന്തമായി പേരുണ്ടെങ്കിലും, ഈ എഴുപത്തിരണ്ടുപേരുടെ പേരുകൾ നാമിവിടെ കാണുന്നില്ല. എഴുപത്തിരണ്ട് പേരുകൾ എഴുതിച്ചേർക്കാനുള്ള ബിദ്ധിമുട്ടുകൊണ്ടാകാം ഇത് എഴുതാതിരുന്നത്. അവരുടെ പേരുകൾ നാം കാണുന്നില്ലെങ്കിലും, അവർ ചെയ്ത പ്രേഷിത പ്രവർത്തികൾ വളരെ വ്യക്തമായിത്തന്നെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്.

ഈ സുവിശേഷഭാഗം പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമല്ല. 72 ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമാണ് നമുക്ക് നൽകുന്നത്. അതായത്, ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് പേര് മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യയും, ശിഷ്യനും, ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെടുന്നവരാണ്, മിഷനറിമാരാണ്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ്; ക്രിസ്തുവിന്റെ സമാധാനം ഓരോ ഹൃദയത്തിലും, ഓരോ കുടുംബത്തിലും നൽകുവാൻ വിളിക്കപ്പെട്ടവരാണ്. അതിന്റെ പ്രാധാന്യം ആദ്യത്തെ തിരുവചനത്തിൽ തന്നെയുണ്ട്. താൻ പോകേണ്ട ഗ്രാമങ്ങളിലേക്ക് ..തനിക്ക് മുൻപേ ….ഈശോ ശിഷ്യരെ അയച്ചു. ഈശോ സന്ദർശിക്കേണ്ട ഭവനങ്ങളിലേക്ക്, ഈശോ സ്പർശിക്കേണ്ട ജീവിതങ്ങളിലേക്ക്, ഈശോ സുഖപ്പെടുത്തേണ്ട വ്യക്തികളിലേക്ക് നമ്മെ ഓരോരുത്തരെയും അയയ്ക്കുകയാണ്. എങ്ങനെ? തനിക്ക് മുൻപേ! പ്രധാനപ്പെട്ടതാണത് പ്രിയപ്പെട്ടവരേ! നമ്മുടെ ഓരോ പ്രവൃത്തിയും ഈശോയുടെ അയയ്ക്കപ്പെടലിന്റെ ഭാഗമാണ്; ഈശോയുടെ അയയ്ക്കപ്പെടലാണ്!

നോക്കുക, മടിശീലയോ, സഞ്ചിയോ, ചെരുപ്പോ ….! ശിഷ്യരോട് പ്രേഷിതപ്രവർത്തനത്തിനായി പോകണമെന്ന് പറഞ്ഞപ്പോൾ മുതൽ അവർ വളരെ ഉത്സാഹത്തിലായിരുന്നു. പ്രസംഗകുറിപ്പുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ചിലർ…ചിലരാകട്ടെ തെരുവുനാടകങ്ങൾ പരിശീലിക്കുന്ന തിരക്കിലായിരുന്നു….കഥാപ്രസംഗത്തിലൂടെ ദൈവവചനപ്രഘോഷണമായാലെന്താ എന്നായിരുന്നു കുറച്ചുപേർ ചോദിച്ചത് ….ചിലർ യാത്രയിൽ ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു… വേറെ ചിലർ യാത്രയ്ക്കുള്ള വസ്ത്രങ്ങൾ അലക്കി തേയ്ക്കുന്നു….ഈശോ ഇതെല്ലം കാണുന്നുണ്ട്….ഒടുവിൽ, പോകാനുള്ള ദിവസം വന്നപ്പോൾ ഈശോ എല്ലാവരെയും വിളിച്ചിട്ട് പറഞ്ഞു: “മടിശീലയോ, സഞ്ചിയോ, ചെരുപ്പോ ഒന്നും എടുക്കേണ്ട. ഒരു സാധനവും എടുക്കേണ്ട. പ്രസംഗ കുറിപ്പൊക്കെ കീറിക്കളഞ്ഞേക്ക്. എവിടെ ചെന്നാലും, ഈ വീടിന് സമാധാനം എന്ന് മാത്രം പറഞ്ഞാ മതി. ഭക്ഷണ സാധനങ്ങളും എടുക്കേണ്ട. ആളുകൾ തരുന്നത് ഭക്ഷിക്കുക. ഏത് ജോലിയാണെങ്കിലും, കൂലിക്ക് നിങ്ങൾ അർഹരാണ്. നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പറയുക. …ഇതാണ് ഈശോയുടെ പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള മനോഭാവം.

 ക്രൈസ്തവജീവിതം, മിഷനറിപ്രവർത്തനം ദൈവപരിപാലനയിൽ ആശ്രയിച്ചുള്ളതായിരിക്കണം എന്നതാണ് ഇവിടെ വിവക്ഷ! ഇന്നത്തെ തലമുറയ്ക്കിത് വെറും തമാശയായിട്ട് തോന്നാം. ഈശോയെ ഒന്ന് നന്നായി ട്രോളാനും തോന്നും. Google Pay, Phone pe തുടങ്ങി പലവിധത്തിൽ Transactions നടത്താൻ പ്രാപ്തിയുള്ള ഇന്നത്തെ കാലത്ത്, പണമുണ്ടെങ്കിൽ എന്തും നേടാം എന്ന ഹുങ്കിൽ മനുഷ്യർ നടക്കുന്ന ഇക്കാലത്ത് ഒന്നും മില്ലാതെ ദൈവത്തിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകണമെന്ന് പറയുമ്പോൾ, അല്പം വട്ടില്ലേ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടാനൊന്നും ഇല്ല. പക്ഷെ, ഈശോ പറയും, നിങ്ങളെ അയയ്ക്കുന്നത് ദൈവമാണ്…നിങ്ങൾ ദൈവത്തിന്റെ കയ്യിലെ ഉപകരണങ്ങളാണ്. ദൈവമാണ്, ആത്മാവാണ് നിങ്ങളിലൂടെ പ്രവർത്തിക്കേണ്ടത്.

നിങ്ങളുടെ ആശയമല്ല, ദൈവത്തിന്റെ സന്ദേശമാണ് നിങ്ങൾ പറയേണ്ടത്. ഇനിയും….ആശംസിക്കേണ്ടത് ക്രിസ്തുവിന്റെ സമാധാനമാണ്…കൈമാറേണ്ടത് ക്രിസ്തുവിന്റെ സൗഖ്യമാണ്….പ്രഘോഷിക്കേണ്ടത് ദൈവരാജ്യമാണ്!

ഇന്ന്, കണക്കിൽപെടുത്തിയും, കണക്കിൽ പെടാതെയും മടിശീലകൾ ഉള്ളപ്പോൾ, സ്വരുക്കൂട്ടിവച്ചിരിക്കുന്ന സഞ്ചികളുള്ളപ്പോൾ, സ്വന്തം പ്ലാനുകളുടേയും, പദ്ധതികളുടെയും ചെരുപ്പുകൾ ഉള്ളപ്പോൾ (ചെരുപ്പ് സ്വന്തം അളവിന്റെ, സ്വന്തം കണക്കുകൂട്ടലുകളുടെ പ്രതീകമാണ്), നിർമിത ബുദ്ധിയുള്ളപ്പോൾ (Artificial Intelligence), ചാറ്റ് ജിപിടിയുള്ളപ്പോൾ (Chat G PT) ഈ ദൈവവചനഭാഗം മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും!!! Plan A ഉണ്ടാക്കിയ ശേഷം, Plan B പോക്കറ്റിലും ഇട്ട് കാര്യങ്ങൾ ചെയ്യണമെന്ന Modern Management പഠനങ്ങൾ ഈശോയെ കളിയാക്കും. ദൈവ പരിപാലനയുടെ Events ആണ് പ്രേഷിതപ്രവർത്തണമെന്ന് മനസ്സിലാക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഇനിയും കൂടുതൽ പഠിക്കേണ്ടിവരും!

സമ്പത്തുകൊണ്ടുള്ള ആർഭാടങ്ങളായി ക്രൈസ്തവരുടെ, ക്രൈസ്തവസഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ മാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അതല്ലെങ്കിൽ, നമ്മുടെ പ്രേഷിത പ്രേഷിതപ്രവർത്തനങ്ങളെ അവയുടെ വിശുദ്ധിയിൽ, നന്മയിൽ കാണുവാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ലായെന്നത് ഒരു പരാമർത്ഥമല്ലേ? ക്രിസ്തുവിന്റെ മനോഭാവമില്ലാതെ, പ്രേഷിതപ്രവർത്തനം നടത്തിയാൽ ആ പ്രവർത്തനങ്ങളെല്ലാം അലസിപ്പോകുമെന്നതിന് സംശയംവേണ്ട!

നാമിന്ന് നമ്മോട് തന്നെ ചോദിക്കേണ്ടത് ഇങ്ങനെയാണ്: എന്റെ ജീവിതം വഴി, എന്റെ പ്രവർത്തികൾവഴി, എന്റെ ഇടപെടലുകൾ വഴി, എന്റെ പ്രേഷിത പ്രവർത്തനങ്ങൾ വഴി, വൈദിക സന്യാസ ജീവിതം വഴി എത്ര പേർക്ക് ക്രിസ്തുവിനെ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്? എത്ര പേരുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്? ഓർക്കുക, കണ്ടുമുട്ടുന്ന മനുഷ്യരെ ക്രിസ്തുവിനായി നേടുവാനാണ് സഭ സ്വഭാവത്താലേ മിഷനറിയായിരിക്കുന്നത്. പാതിവഴിയിൽ പ്രേഷിതപ്രവർത്തനം അവസാനിപ്പിച്ച്, എല്ലാറ്റിനോടും കോമ്പ്രമൈസ് ചെയ്‌ത്‌ നാമമാത്ര ക്രൈസ്തവരായി തീരുന്നതിൽ നമുക്കാർക്കും അത്ര വലിയ സങ്കടം ഒന്നും ഇല്ല. ക്രിസ്തുവിന്റെ മിഷനറിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു!! ക്രിസ്തുമതമെന്നത് വെറുമൊരു മതം മാത്രമല്ലെന്നും, ലോകരക്ഷകനായ, ഏകരക്ഷകനായ ക്രിസ്തുവിന്റെ കാരുണ്യവും, സ്നേഹവും നിറഞ്ഞു നിൽക്കുന്ന സാഗരമാണെന്നും ലോകത്തോട് പറയുവാൻ ഇനിയും നാം മടികാണിക്കരുത്.

മിഷനറി പ്രവർത്തനം മറന്ന പ്രേഷിതസഭയായി, ക്രിസ്തുസഭയായി നാം മാറിയിട്ടില്ലേ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ സുവിശേഷഭാഗം ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ ആഹ്വാനം ചെയ്തുവല്ലോ? ഇപ്പോൾ കപട മതേതരത്വത്തിന്റെ പേരിൽ, പ്രശ്നങ്ങളുണ്ടകുമെന്ന് ഭയന്ന്, അതുമല്ലെങ്കിൽ മതമർദ്ദനം ഭയന്ന് നാം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടികാണിക്കുന്നു. നാം അയയ്ക്കപ്പെട്ട ജനമാണ് എന്നും, ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണെന്നും, ദൈവരാജ്യത്തിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിക്കേണ്ടവരാണെന്നും, അതാണ് അത് മാത്രമാണ് നമ്മുടെ കടമയെന്നും നാം സൗകര്യപൂർവം മറക്കുന്നു!!! 

അയയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ ചൈതന്യത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മെ അയയ്ക്കുന്ന ക്രിസ്തു ബോധവാനാണ്. അവിടുന്ന് പറയുന്നു: ”…ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ…”. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സന്ദേശത്തെ, ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളെ സ്വീകരിക്കാതിരിക്കുക ലോകത്തിന്റെ സ്വഭാവമാണ്. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ലോകത്തിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു. എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.” (യോഹ 1, 11)

സ്നേഹമുള്ളവരേ, ഈശോ 72 പേരെ തനിക്ക് മുന്പേ അയച്ചതുപോലെ, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മെയും ഈശോ അയയ്ക്കുകയാണ്. നാം എവിടെയായിരുന്നാലും, വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സ്കൂളിലായാലും, സുഹൃത്തുക്കളോടൊത്തായാലും ഈശോ നമ്മെ അയച്ചിരിക്കുന്നതാണ്. കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാനും, ക്രിസ്തുവിന്റെ സൗഖ്യം നൽകാനും, ദൈവരാജ്യം പ്രഘോഷിക്കുവാനും ഈശോ നമ്മെ അയക്കുന്നതാണ്. ക്രിസ്തുവിനെ രുചിച്ചറിയുവാനും, ക്രിസ്തുവിന്റെ സുഗന്ധം പരത്തുവാനും നമുക്കാകട്ടെ. കോവിഡ് രോഗികളാകാതിരിക്കട്ടെ നാം. കോവിഡ് രോഗികളെപ്പോലെയാണെങ്കിൽ ക്രിസ്തുവിനെ രുചിച്ചറിയാൻ നമുക്കാകില്ല.

ക്രിസ്തുവിന്റെ പരിമളം, സുഗന്ധം മണത്തറിയുവാൻ നമുക്കാകില്ല. ലോകം മുഴുവനും, ഭാരതം മുഴുവനും ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കാം. മുന്നോട്ട് പോകണം നമ്മൾ ക്രിസ്തുവിൻ സാക്ഷികളായി! ആമേൻ!

SUNDAY SERMON MT 28, 16-20

ഉയിർപ്പുകാലം നാലാം ഞായർ

മത്തായി 28, 16-20

വീണ്ടും ഒരു പാർലമെന്ററി തിരഞ്ഞെടുപ്പുകാലത്തിലൂടെ കടന്നുപോകുകയാണ് നാം. വിവിധ രാഷ്ട്രീയപാർട്ടികൾ ഇഞ്ചോടിഞ്ചു പോരടിച്ച് മത്സരിക്കുമ്പോൾ ഒരു കാര്യം ഞാൻ നിരീക്ഷിച്ചു; സ്ഥാനാർത്ഥികളുടെ പറച്ചിലുകൾ! എല്ലാവരും കൊടുക്കുന്ന ഉറപ്പിങ്ങനെയാണ്: ഒപ്പമുണ്ട് എപ്പോഴും! പലരും ഈ പറച്ചിലുകൾ ഫ്ളക്സ് അടിച്ച് പ്രദർശിപ്പിക്കുന്നുമുണ്ട്. ഈ പറച്ചിലിന് വലിയ ഗ്യാരണ്ടിയൊന്നുമില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ അത് വോട്ടിംഗ് ദിനംവരെയേയുള്ളു! അത് കഴിഞ്ഞാൽ അവരതെല്ലാം വെറുതെ അങ്ങ് മറക്കും!  മാത്രമല്ല, ഇറാന്റെ ആക്രമണത്തോടെ, ഇസ്രായേൽ-പലസ്തീൻ യുദ്ധം പുതിയൊരു തലത്തിലേക്ക് എത്തിനിൽക്കുന്നതുകൊണ്ട് ഇനി ആരൊക്കെ, ആരോടുകൂടെ, എത്രനാൾ ഒപ്പമുണ്ടായിരിക്കുമെന്നൊന്നും പറയാനും പറ്റില്ല.

എന്നാൽ, ഇന്നത്തെ സുവിശേഷത്തിൽ, നിത്യം നിലനിൽക്കുന്ന ഗ്യാരന്റിയുമായിട്ടാണ് ഉത്ഥിതനായി, ഇന്നും ജീവിക്കുന്ന ക്രിസ്തു നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈശോയുടെ പറച്ചിലെന്താണ്? “ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” ഈ ഭൂമിയിലെ മക്കളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല, ലോകരക്ഷകനായ ക്രിസ്തു ഇത് പറഞ്ഞത്.  രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയോ, മനുഷ്യരെ പറ്റിക്കാൻവേണ്ടിയോ അല്ല ഈശോ ഇത് പറഞ്ഞത്. ഭൂമിയിലെ മനുഷ്യമക്കളോടുള്ള അതിരറ്റ സ്നേഹത്താലാണ്, സ്നേഹത്താൽ മാത്രമാണ് ഈശോ പറഞ്ഞത്, ‘ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന്,”

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ, ഗത്സമേൻ തോട്ടത്തിൽ വച്ച് നടന്ന ഈശോയുടെ അറസ്റ്റിനുശേഷം, ശിഷ്യന്മാർ ഒരുമിച്ച് വരുന്നത് ഗലീലയിലാണ്. ഉത്ഥാനത്തിനുശേഷം,  ഈശോ മഗ്‌ദലെന മറിയത്തെ കണ്ടപ്പോൾ, അവളോട് പറഞ്ഞത്, ‘ശിഷ്യന്മാരോട് ഗലീലിയിൽ ഒരുമിച്ചുകൂടാൻ പറയുക എന്നാണ്.’ (മത്താ 28, 10)   തന്റെ ഉയിർപ്പിനുശേഷം, ശിഷ്യന്മാരോട് ഗലീലിയിൽ ഒരുമിച്ചുകൂടാൻ ഈശോ നിർദ്ദേശിച്ചപ്പോൾ വന്നത് പതിനൊന്ന് ശിഷ്യന്മാരായിരുന്നു. അവർ ഗലീലിയിൽ ഒരുമിച്ചുകൂടി.

എന്തുകൊണ്ട് ഗലീലി? എന്തുകൊണ്ട് താൻ മലയിലെപ്രസംഗം നടത്തിയ മല ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് രൂപാന്തരീകരണം നടന്ന താബോർ മല ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി അവിടുന്ന് തിരഞ്ഞെടുത്തു?

ഈശോ ജെറുസലേം പട്ടണത്തിന്റെ നിഴലിലാണ് ജനിച്ചതെങ്കിലും, വളർന്നത് ഗലീലിയിലായിരുന്നു. ഗലീലി, വിജാതീയരുടെ ഗലീലി എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും, ഈശോയുടെ പരസ്യജീവിതത്തിലെ കൂടുതൽ പ്രവർത്തനങ്ങളും നടന്നത് ഗലീലിയിൽ വച്ചാണ്. ഉത്ഥാനത്തിന് ശേഷവും, തന്റെ ദൗത്യം ശിഷ്യർക്ക് കൊടുക്കുവാൻ ഈശോ തിരഞ്ഞെടുത്തതും ഗലീലിയാണ്. ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന സ്ഥലമായിരുന്നു ഗലീലി!

ദൈവവചനം പറയുന്നത്, ഈശോ അവരുടെ അടുത്തേക്ക് വന്നു. എന്നാണ്.(18) ഉത്ഥാനത്തിനുശേഷം ഈശോ മനുഷ്യരുടെ അടുത്തേക്ക് വരികയാണ്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന, വിശുദ്ധ കുർബാനയിലൂടെ ഇന്നും കൗദാശികമായും, യഥാർത്ഥമായും ഈശോ നമ്മോടൊത്ത് വസിക്കുകയാണ്. തന്റെ പരസ്യജീവിതകാലത്ത് ഈശോയുടെ അടുത്തേയ്ക്ക് ജനം കടന്നുവരികയായിരുന്നു. വചനം ശ്രവിക്കാൻ ആഗ്രഹിച്ചവർ, സുഖപ്പെടുവാൻ ആഗ്രഹിച്ചവർ, യേശു ആരെന്നറിയാൻ ആഗ്രഹിച്ചവർ, പാപികൾ ഏല്ലാവരും ഈശോയെത്തേടി അവിടുത്തെ അടുക്കലേക്ക് എത്തുകയാണ്. എന്നാൽ, ഉത്ഥാനത്തിനുശേഷം, ഈശോ നമ്മോടൊത്ത് വസിക്കാൻ, നമ്മുടെ അടുത്തേക്ക് വരികയാണ്. അതാണ് ഇന്നത്തെ സുവിശേഷത്തിന്റെ Highlight!

സ്വർഗ്ഗത്തിലും, ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ഈശോ, ലോകത്തിന്റെ അതിർത്തികളോളം പോയി, സകലജനങ്ങളെയും ശിഷ്യപെടുത്തുക എന്ന് പറഞ്ഞ ഈശോ, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസാ മുക്കുകയും ചെയ്യുവിൻ എന്ന് ശിഷ്യരോട് Command ചെയ്ത ഈശോ, അവസാനമായി ശിഷ്യരോട് പറഞ്ഞത് “ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കു”മെന്നാണ്. പ്രിയപ്പെട്ടവരേ, ഈ ലോകത്തിൽ അവതാരമെടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളതിൽ ഏത് ദൈവമാണ് ഇതുപോലൊരു ഉറപ്പ് നമുക്ക് നൽകിയിട്ടുള്ളത്? ക്രൈസ്തവന്റെ ദൈവമായ യേശുക്രിസ്തു അല്ലാതെ ആരാണ് “ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും” എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുള്ളത്? കൂടെ വസിക്കുന്ന ഒരു ദൈവം ഏത് ജനതയ്ക്കാണ് ഉള്ളത് പ്രിയപ്പെട്ടവരേ? വിശുദ്ധ മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? “കണ്ടാലും, ഒരു കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും.” (മത്താ 1, 23) വിശുദ്ധ മത്തായിയുടെ സുവിശേഷം അവസാനിക്കുന്ന വചനവും ശ്രദ്ധിക്കൂ: ” കണ്ടാലും, ലോകത്തിന്റെ അവസാനംവരെ ഞാനെന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” എത്ര മനോഹരമായിട്ടാണ് ദൈവത്തിന്റെ രക്ഷകര പദ്ധതി നെയ്തുവച്ചിരിക്കുന്നത്!  നമ്മുടെ ഹൃദയത്തിന്റെ ചെപ്പിൽ സൂക്ഷിക്കേണ്ട, നമ്മുടെ അധരങ്ങളിൽ എപ്പോഴും മുഴങ്ങേണ്ട, നമ്മുടെ മനസ്സിൽ എപ്പോഴും ധ്യാനിക്കേണ്ട ഒരു ക്രിസ്തു വചനമാണിത്: ‘മകളേ, മകനേ, ലോകത്തിന്റെ അവസാനംവരെ ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും.’

ഈയിടെ, ഏപ്രിൽ നാലിന്, ബ്രിട്ടീഷ് നിരീശ്വരവാദിയായ റിച്ചാർഡ് ടൗകിൻസ് (Richard Dawkins) ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. അദ്ദേഹം LBC യ്ക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്തുവിനെക്കുറിച്ച്, ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തി. “ക്രിസ്തുവിലേക്ക് അതിവേഗം നടന്നടുക്കുന്ന ഒരു നിരീശ്വരവാദി” എന്നാണ് Apologia Radio, Richard Dawkins നെ വിശേഷിപ്പിച്ചത്. റെയ്‌ച്ചൽ ജോൺസന്റെ (Rachel Johnson) ചേദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്: “ക്രിസ്തുമതത്തെ എനിക്ക് ഇഷ്ടമാണ്. ക്രിസ്തുമതത്തിന്റ പാട്ടുകളും, പ്രാർത്ഥനകളും കേൾക്കുമ്പോൾ എന്തോ ഒരു ദൈവികത എനിക്ക് Feel ചെയ്യുന്നുണ്ട്. ക്രിസ്തുമതം Fundamentally ഒരു Decent മതമാണ്. ദൈവാനുഭവം തേടുന്ന ആധുനിക ലോകത്തിന് ക്രിസ്തു, ക്രിസ്തുമതം ഒരു അനിവാര്യതയാണ്(Invariable).” മനുഷ്യരോടൊപ്പം വസിക്കുന്ന, സഞ്ചരിക്കുന്ന ഒരു ദൈവമാണ് ക്രിസ്തു എന്നത്, ക്രിസ്തുമതത്തിന്റെ ദൈവമെന്നത് നിരീശ്വരവാദികൾ പോലും ഏറ്റുപറയുമ്പോൾ, ആ ഏറ്റുപറച്ചിൽ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്. 

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം പ്രഘോഷിക്കുന്നത്, ഉത്ഥിതനായ ഈശോ നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ രക്ഷകനായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ പിതാവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ സുഖപ്പെടുത്തുന്ന

കർത്താവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ ഗുരുവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ വഴിയും, സത്യവും, ജീവനുമായി നമ്മോടൊപ്പമുണ്ടെന്നാണ്. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വന്നാലും, ദൈവത്തിന്റെ കരം നമ്മെ വിട്ടുപോകില്ല. “ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട് “. ജെറമിയ പ്രവാചകനിലൂടെ ദൈവം നമ്മെ ഓർമിപ്പിക്കുന്നു. (ജെറ, 1, 19) എന്നെ സൃഷ്ടിച്ച, എന്നെ രൂപപ്പെടുത്തിയ, എന്നെ അനുഗ്രഹിക്കുന്ന, കൈപിടിച്ചെന്നെ വഴിനടത്തുന്ന എന്റെ ദൈവം എന്നോടൊപ്പമുണ്ടെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ഞായറാഴ്ചയാണിത് പ്രിയപ്പെട്ടവരേ!

ഒരിക്കൽ, ഒരു വൈകുന്നേരം, പതിനെട്ട് വയസ്സായ മൂത്തമകനെയുംകൊണ്ട്, അവന്റെ അപ്പച്ചൻ ഒരു വനത്തിലേക്ക് യാത്രയായി. അവർ വനത്തിലെത്തിയപ്പോൾ രാത്രിയായി. മനോഹരമായൊരു മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ അപ്പച്ചൻ അവനോട് പറഞ്ഞു: മകനേ, ഈ രാത്രി നിന്നെ ഞാൻ ഈ കാട്ടിൽ, ഈ മരത്തിന്റെ ചുവട്ടിൽ ഇരുത്തുകയാണ്. നിന്റെ രണ്ട് കണ്ണും ഒരു തുണികൊണ്ട് ഞാൻ കെട്ടും. ഇങ്ങനെ ഈ രാത്രി മുഴുവൻ നീ ഇവിടെ കഴിയുകയാണെങ്കിൽ നീ നല്ല ധൈര്യമുള്ള, പക്വതയുള്ള ഒരു വ്യക്തിയായിത്തീരും. ആ മകൻ സമ്മതിച്ചു. അയാൾ അവന്റെ കണ്ണുകൾ മൂടിക്കെട്ടി, അവനെ ഒറ്റയ്ക്ക് അവിടെ വിട്ടു. മരത്തിന്റെ ചുവട്ടിൽ കണ്ണുകൾ കെട്ടപ്പെട്ട് ഇരുന്ന മകന്റെ മനസ്സിലൂടെ wild ചിന്തകൾ കടന്നുകൂടി. വന്യമൃഗങ്ങൾ വന്നാൽ! ഇഴജന്തുക്കൾ കടിച്ചാൽ, കൊടുങ്കാറ്റുണ്ടായാൽ! അവനെ വിറയ്ക്കാൻ തുടങ്ങി. വന്യമൃഗങ്ങളുടെ അലർച്ച അങ്ങകലെ കേട്ടപ്പോൾ അവൻ ഞെട്ടി. കണ്ണിന്റെ കെട്ട് അഴിച്ചുമാറ്റിയാലോ എന്ന് പലപ്രാവശ്യം അവൻ ചിന്തിച്ചു. എങ്കിലും, എങ്ങനെയോ ധൈര്യം സംഭരിച്ച് അവൻ അവിടെ ഇരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങി. പ്രഭാതസൂര്യന്റെ രശ്മികൾ മുഖത്തടിച്ചപ്പോൾ, അവൻ മെല്ലെ കണ്ണിന്റെ കെട്ടുകൾ അഴിച്ചു. സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന കാടിനെ കണ്ടപ്പോൾ അവൻ സന്തോഷിച്ചു. ചുറ്റും കണ്ണോടിച്ച കൂട്ടത്തിൽ അവൻ തന്റെ പുറകിലേക്ക് നോക്കി. അതാ, തന്റെ അപ്പച്ചൻ അവിടെ ഇരിക്കുന്നു. അവൻ ചാടി എഴുന്നേറ്റപ്പോൾ അപ്പച്ചൻ പറഞ്ഞു: “എന്താ ഞാൻ നിന്നെ ഇവിടെ വിട്ടിട്ട് പോയെന്ന് ഓർത്തോ? ഇന്നലെ രാത്രി മുഴുവൻ നിന്നെയും നോക്കിക്കൊണ്ട് ഞാൻ നിന്നോടൊപ്പമുണ്ടായിരുന്നു. നീ ഞെട്ടി വിറച്ചപ്പോഴും, അസ്വസ്ഥനായി ഞെളിപിരികൊണ്ടപ്പോഴും ഞാൻ ഇവിടെയുണ്ടായിരുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.” ആ മകൻ ഓടി വന്ന് അപ്പച്ചനെ കെട്ടിപ്പിടിച്ചു.

സ്നേഹമുള്ളവരേ, വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അതുകൊണ്ട്, ഈശോയുടെ ഈ വാക്കുകൾ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുക. അപ്പോൾ, ജീവിതത്തിന്റ എല്ലാ നിമിഷങ്ങളിലും, ഈശോ ഒപ്പമുണ്ട് എന്ന അനുഭവം നമുക്കുണ്ടാകും. ഒപ്പമുണ്ട് എന്ന രാഷ്ട്രീയക്കാരുടെ വെറും മൊഴിയുടെ പിന്നാലെ പോകുന്നത് അപകടകരമാണ്.

ഉത്ഥിതനായ ക്രിസ്തു ലോകാവസാനം വരെ നമ്മോടൊപ്പമുള്ള ദൈവമാണ്. ഉത്ഥിതനായ ഈശോയുടെ Sacramental സാന്നിധ്യമാണ്, Real സാന്നിധ്യമാണ്, ആ സാന്നിധ്യത്തിന്റെ ആഘോഷമാണ് വിശുദ്ധ കുർബാന.

വിശുദ്ധ കുർബാനയിൽ ഈശോയുടെ സ്നേഹം അനുഭവിക്കാനും, ആ സാന്നിധ്യത്തിൽ ഇപ്പോഴും ആയിരിക്കാനും നമുക്കാകട്ടെ. ഓർക്കുക എപ്പോഴും – ലോകാവസാനംവരെ ഈശോ നമ്മോടൊപ്പമുണ്ടാകും! ആമ്മേൻ!

SUNDAY SERMON JN 21, 15-19

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹന്നാൻ 21, 15-19

സന്ദേശം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്.  “യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച് പരോപകാരപ്രവർത്തികളും ചെയ്ത് ജീവിച്ചാൽ നല്ലൊരു ക്രൈസ്തവയായി, ക്രൈസ്തവനായി എന്നാണ്. എന്നാൽ, ഇന്നത്തെ സുവിശേഷഭാഗം നമ്മെ ക്രൈസ്തവ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ മനസ്സിലാക്കിത്തരികയാണ്. എന്താണ് ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ ലക്‌ഷ്യം? ക്രിസ്തുവിന്റെ, വ്യവസ്ഥകളില്ലാത്ത, ത്യാഗംനിറഞ്ഞ സ്നേഹത്തിൽ പങ്കുകാരായിക്കൊണ്ട് ക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഒരു ജീവിതം. ഈ ലക്ഷ്യത്തിലേക്കുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം                

ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങൾകൊണ്ട് (Apparitions) സമ്പന്നമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അദ്ധ്യായം 20 തും അദ്ധ്യായം 21 ഉം. എ. ഡി 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അവസാനത്തെ അദ്ധ്യായം, അദ്ധ്യായം 21, പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് ചില പണ്ഡിതന്മാർ തെളിവുകളോടെ അവകാശപ്പെടുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തോട് ചേർന്നുപോകുന്ന അദ്ധ്യായം തന്നെയാണിത്. അദ്ധ്യായം 20 ൽ ശൂന്യമായ കല്ലറ, യേശു മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെടുന്നു, ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു, തോമസിന് പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെ വിശദമായി യേശുവിന്റെ പ്രത്യക്ഷീകരണങ്ങൾ വിവരിച്ചശേഷം, വാക്യം 30 ൽ യോഹന്നാൻ ശ്ലീഹ, ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് നിങ്ങൾ വിശ്വസിക്കേണ്ടതിനും, അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്എന്ന് പറഞ്ഞിട്ട് സുവിശേഷം അവസാനിപ്പിച്ചെങ്കിലും, ഇതിനുശേഷം” എന്ന് പറഞ്ഞ് അദ്ദേഹം സുവിശേഷം തുടരുകയാണ്. ശൈലികൾകൊണ്ടും, ഭാഷയുടെ പ്രയോഗങ്ങൾകൊണ്ടും അധ്യായം 21, വിശുദ്ധ യോഹന്നാൻ തന്നെ എഴുതിയതാകുവാനാണ് സാധ്യത! അധ്യായം 21 ലെ തിബേരിയസ് കടൽത്തീരത്തെ അത്ഭുതകരമായ മീൻപിടുത്തത്തിന് ശേഷം ശിഷ്യന്മാർക്ക് പ്രാതൽ നല്കിക്കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷഭാഗം സംഭവിക്കുന്നത്. 

വിശുദ്ധ പത്രോസിനെ അജപാലകനായി, സഭയുടെ പാപ്പായായി ഈശോ നേരിട്ട് നിയമിക്കുന്ന ഭാഗമാണിതെന്നും, അല്ലാ, തന്റെ പീഡാസഹനവേളയിൽ മൂന്ന് പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെക്കൊണ്ട് മൂന്ന് പ്രാവശ്യം ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ഏറ്റുപറയിക്കുന്ന ഭാഗമാണിതെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളുടെയും സാധുതയെ എതിർക്കുന്നില്ലെങ്കിലും, എന്റെ പഠനത്തിന്റെ, ധ്യാനത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത്, സുവിശേഷഭാഗം ക്രിസ്തുശിഷ്യ സ്നേഹബന്ധത്തിന്റെ, ദൈവമനുഷ്യ ബന്ധത്തിന്റെ, ഭൂമിയിൽ ഓരോ ക്രൈസ്തവനും എത്തിച്ചേരേണ്ട അവസ്ഥയുടെ, അനുഭവത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണെന്നാണ്.

ഈശോ മൂന്നുപ്രാവശ്യം പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന്. ബൈബിളിൽ മൂന്ന് എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യവും, അർത്ഥവും പറഞ്ഞ് ഈ ആവർത്തനത്തെ സാധൂകരിക്കാമെങ്കിലും, പ്രത്യക്ഷത്തിൽ, ഒരു കാര്യം തന്നെ മൂന്ന് പ്രാവശ്യം ചോദിക്കുന്നത് മാന്യമായ രീതിയല്ല. പ്രത്യേകിച്ച് സ്നേഹത്തിന്റെയൊക്കെ കാര്യത്തിൽ. ഒരു പ്രാവശ്യം ചോദിച്ചാൽ മതി. ഉത്തരം പറയേണ്ട വ്യക്തി YES എന്നോ NO എന്നോ പറഞ്ഞാൽ കാര്യം കഴിഞ്ഞു. എന്തിനാണിങ്ങനെ മൂന്ന് പ്രാവശ്യം? ഈശോയുടെയും പത്രോസിന്റെയും കാര്യത്തിൽ, ഈശോയ്ക്ക് മൂന്നുപ്രാവശ്യം ചോദിക്കേണ്ടി വന്നു എന്ന് പറയുന്നതാകും ശരി!

ഈശോ ഈ ഭൂമിയിൽ അവതരിച്ചതും, ദൈവരാജ്യം പ്രസംഗിച്ചതും, പീഡകൾ സഹിച്ചു മരിച്ചതും, മൂന്നാം നാൾ ഉത്ഥിതനായതും പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനായിരുന്നു, അനുരഞ്ജ്ജനത്തിലേക്ക് നയിക്കുവാനായിരുന്നു. ലൗകികമായ ഒരു നേട്ടവും, സ്വാർത്ഥപരമായ യാതൊരു ലക്ഷ്യവും ഈശോയുടെ വരവിന് പിന്നിൽ ഇല്ലായിരുന്നു. ലക്‌ഷ്യം ഒന്നുമാത്രം – പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി അനുരഞ്ജ്ജിപ്പിക്കുക! ദൈവവുമായുള്ള സ്നേഹത്തിലേക്ക്, ഒന്നാകലിലേക്ക് ക്ഷണിക്കുകയാണ് ഈശോ പത്രോസിനെ, ഇന്നത്തെ സുവിശേഷത്തിലൂടെ.

എന്താണ് ഈശോ ചോദിക്കുന്നത്? പത്രോസ്, നീ എന്നെ സ്നേഹിക്കുന്നുവോ?” പത്രോസിന്റെ ഉത്തരം: ഞാൻ നിന്നെ സ്നേഹിക്കുന്നു.” വെറുമൊരു സാധാരണ സ്നേഹത്തെപ്പറ്റിയല്ല ഈശോ ഇവിടെ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ സുവിശേഷം രചിച്ചത് ഗ്രീക്ക് ഭാഷയിലാണ്. വിശുദ്ധ യോഹന്നാന്റെ ഗ്രീക്ക് ഭാഷയിൽ എഴുതിയ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ പ്രത്യേകത അറിയുമ്പോൾ ഈ വചനഭാഗത്തിന്റെ പ്രകാശം, അർത്ഥം നമുക്ക് ലഭിക്കും. 

ഗ്രീക്ക് ഭാഷയിൽ, ഗ്രീക്ക് സാഹിത്യത്തിൽ സ്നേഹത്തിന് 8 വാക്കുകളുണ്ട്. 1. ഇറോസ് (Eros) ശാരീരിക, ലൈംഗിക സ്നേഹമാണിത്. ഇതിൽ ആഗ്രഹമുണ്ട്, അഭിലാഷമുണ്ട്, വികാരമുണ്ട്. 2. ഫീലിയ (Phiia) ബന്ധങ്ങളുടെ, പ്രത്യേകിച്ച് സൗഹൃദ ബന്ധങ്ങളുടെ സ്നേഹം. ബന്ധങ്ങളുടെ പിരിമുറുക്കങ്ങൾ ഇവിടെയുണ്ടാകും. 3. അഗാപ്പെ (Agape) നിബന്ധനകളില്ലാത്ത, സ്വാർത്ഥതയില്ലാത്ത, ത്യാഗം മാത്രമുള്ള സ്നേഹം. ദൈവത്തിന്റെ സ്നേഹം ഇങ്ങനെയാണ്. 4 സ്റ്റോർഗെ (Storge) കുടുംബബന്ധങ്ങളിലെ സ്നേഹം. 5. മാനിയ (Mania) ഭ്രാന്തമായ സ്നേഹമാണിത്. സ്വാർത്ഥത നിറഞ്ഞ സ്നേഹം. 6. ലൂഡസ് (Ludus) വെറും തമാശയ്ക്ക് എന്ന മട്ടിലുള്ള സ്നേഹമാണിത്. 7. പ്രഗ്മ (Pragma) പ്രായോഗിക സ്നേഹം, ജോലിസ്ഥലങ്ങളിലെ, സംഘടനകളിലെ സ്നേഹങ്ങൾ. 8 ഫിലൗതിയ (Philautia) സ്വയം സ്നേഹിക്കുന്ന അവസ്ഥ (Narcissism). ഇങ്ങനെ 8 തരത്തിലുള്ള സ്‌നേഹഭാവങ്ങൾക്ക് 8 വാക്കുകളാണ് ഗ്രീക്ക് ഭാഷയിലുള്ളത്.

ഇതിൽ പത്രോസേ നീയെന്നെ സ്നേഹിക്കുന്നുവോ? എന്ന് ഈശോ ചോദിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്നത് അഗാപ്പെ എന്ന വാക്കാണ്. അതായത് വ്യവസ്ഥകളില്ലാത്ത, നിബന്ധനകളില്ലാത്ത, ത്യാഗം നിറഞ്ഞ ഭാവത്തോടെ നീ എന്നെ സ്നേഹിക്കുന്നുവോ പത്രോസേ എന്നാണ് ഈശോ ചോദിക്കുന്നത്. മറ്റൊരുവാക്കിൽ, ദൈവവുമായി ഒന്നായിത്തീരുന്ന, ഇനി ഞാനല്ല ദൈവം എന്നിൽ വസിക്കുന്നു എന്ന സ്നേഹത്തിലേക്കാണ് ഈശോ പത്രോസിനെ ക്ഷണിക്കുന്നത്. ഈശോ ചോദിക്കുന്നത്, Are you in prayer with me? എന്നാണ്.

പത്രോസിനാകട്ടെ ഈശോയുടെ മനസ്സ് വായിച്ചെടുക്കുവാനായില്ല. അദ്ദേഹം പറഞ്ഞു: “ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ.” ഇവിടെ അദ്ദേഹം സ്നേഹം എന്നതിന് ഫിലിയ (Philia) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ദൈവിക, സ്വർഗീയ ബന്ധത്തിനായി ഈശോ പത്രോസിനെ ക്ഷണിക്കുമ്പോൾ, പത്രോസ് വെറും സൗഹൃദ ബന്ധത്തിലേക്ക്, പിരിമുറുക്കങ്ങളും, സ്വാർത്ഥതാത്പര്യങ്ങളും നിറഞ്ഞ സാധാരണ ബന്ധങ്ങളിലേക്ക് തന്നെത്തന്നെ താഴ്ത്തുകയാണ്. ത്യാഗം നിറഞ്ഞ പുണ്യം നിറഞ്ഞ ദൈവികമായ സ്നേഹത്തിലേക്ക് നമ്മെ ഉയർത്തുവാനാണ് ഈശോ ശ്രമിക്കുന്നത്. പക്ഷെ നാം സ്വാർത്ഥത നിറഞ്ഞ വെറും ലൗകികമായ സ്നേഹത്തിലേക്ക് വീണുപോകുകയാണ്.

എന്നാലും ഈശോ നിരാശനാകുന്നില്ല. അവിടുന്ന് വീണ്ടും ശ്രമിക്കുകയാണ്. കാരണം ഒരിക്കലും അസ്തമിക്കാത്ത, എന്നും പുതിയതായി സ്നേഹമാണല്ലോ അവിടുന്ന്!!! ഈശോ വീണ്ടും ചോദിച്ചു: “യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?” ഇവിടെയും ഈശോ അഗാപ്പെ, വ്യവസ്ഥകളില്ലാത്ത, നിബന്ധനങ്ങളില്ലാത്ത, നിർബന്ധങ്ങളില്ലാത്ത സ്നേഹമാണ് ഉപയോഗിക്കുന്നത്. എന്നാൽ, പത്രോസിനുണ്ടോ അത് മനസ്സിലാകുന്നുള്ളു!! അദ്ദേഹം ഫിലിയ ഉപയോഗിച്ചുകൊണ്ടാണ് ഉത്തരം കൊടുക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ നിസ്സഹായാവസ്ഥയാണിത്. സ്വർഗം ഭൂമിയിൽ വന്നിട്ടും മനസ്സിലാക്കുവാൻ മനുഷ്യന് പറ്റുന്നില്ലല്ലോ. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ സ്നേഹം അനുഗ്രഹങ്ങളായി, അനുഗ്രഹങ്ങളുടെ മഴയായി നമ്മുടെ ജീവിതത്തിലൂടെ കുത്തിയൊഴുകിയിട്ടും നമുക്കത് മനസ്സിലാക്കുവാൻ കഴിയുന്നില്ലല്ലോ. മനുഷ്യന്റെ നിർഭാഗ്യമാണത്.

മനുഷ്യനെപ്പോഴും അങ്ങനെയാണ്. ഇടവകദേവാലയത്തിലെ തിരുനാളുകൾ നാം ആഘോഷമായി നടത്തും. ആ ആഘോഷങ്ങളിൽ എല്ലാവരും സന്തോഷത്തോടെ പങ്കെടുക്കും. എന്നാൽ, ഒരു വർഷം മുഴുവനും ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയാനും, ക്രിസ്തുവിനോട് ചേർന്നുള്ള ഒരു ജീവിതം നയിക്കാനും നാം മറന്നുപോകും. രാജ്യത്തെ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കുന്നെന്ന് വിചാരിക്കുക. അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ട് കഴിയുമ്പോൾ, പ്രധാനമന്ത്രി നിങ്ങളോട് പറയുന്നു: “നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള എന്തെങ്കിലും ചോദിച്ചുകൊള്ളുക.” അപ്പോൾ നിങ്ങളാകെ അങ്കലാപ്പിലാകും. എന്നിട്ട് അവസാനം, “എനിക്ക് ഒരു ലിറ്റർ പെട്രോൾ മതി” എന്ന് നിങ്ങൾ പറയുന്നു. ശരിയാണ്. പെട്രോളിന് വലിയ വിലയാണ്. എന്നാൽ എന്തുകൊണ്ട് ഒരു ലിറ്റർ? പ്രധനമന്ത്രിയോട് ചോദിക്കുമ്പോൾ അതുക്കുംമേലെയുള്ള കാര്യങ്ങൾ ചോദിക്കേണ്ടേ? ജീവിതത്തിന്റെ ശരിയായ ലക്ഷ്യങ്ങൾ നാം പലപ്പോഴും മറക്കും. അവസരങ്ങൾ നാം നന്നായി ഉപയോഗിക്കുകയില്ല. 

ഞങ്ങൾ വൈദികർ, സന്യസ്തർ, ജീവിതം മുഴുവനും ക്രിസ്തുവിനായി സമർപ്പിച്ച്, ക്രിസ്തുവുമായി ഒന്നായിത്തീരുന്ന ഉന്നതമായ ഒരു ജീവിതം ആഗ്രഹിച്ച് വരുന്നവരാണ്. ഈശോ ഞങ്ങളെ പ്രത്യേകം ക്ഷണിക്കുന്നതും ഈശോയോടൊത്തുള്ള ഈ ഉന്നത ജീവിതത്തിനാണ്. ഞങ്ങളാകട്ടെ, ജീവിതം മുഴുവനും സാമൂഹ്യസേവനം ചെയ്തും, പ്രേഷിതപ്രവർത്തനം ചെയ്തും, സ്കൂളുകളും, കോളേജുകളും, ആശുപത്രികളും നടത്തിയും, ഇല്ലാത്ത തിരക്കുകളുമായി കറങ്ങി നടന്നും, ജീവിതം അങ്ങ് അവസാനിപ്പിക്കും. ഉന്നതമായ ലക്ഷ്യം മാത്രം അങ്ങ് മറക്കും! എന്തൊരു കഷ്ടം അല്ലേ?

എന്നാൽ, മനുഷ്യന്റെ ബലഹീനത അറിയുന്ന ഈശോ, മൂന്നാമത്തെ പ്രാവശ്യം പത്രോസിന്റെ തലത്തിലേക്ക് ഇറങ്ങി വരികയാണ്. അവിടുന്ന് മൂന്നാം പ്രാവശ്യം യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന് ചോദിക്കുമ്പോൾ ഫിലിയ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പത്രോസ് ഇതൊന്നും അറിയുന്നില്ലല്ലോ. ദൈവം തന്റെ നിലയിലേക്ക് താഴ്‌ന്നു വന്ന് തന്നെ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. അല്പം അസ്വസ്ഥനായിട്ട് തന്നെ, പത്രോസ് തന്റെ പതിവ് പല്ലവി പാടുകയാണ്. ഉത്ഥിതൻ ഒട്ടും നിരാശനാകുന്നില്ല. അവിടുന്ന് പത്രോസിന്റെ ഭാവി വെളിപ്പെടുത്തുകയാണ്. പത്രോസിനത് എത്രത്തോളം മനസ്സിലായോ എന്തോ. അദ്ദേഹം ക്രിസ്തുവിനെ അനുഗമിക്കുകയാണ്. ആടുകളെ മേയിച്ചുകൊണ്ട്, വചനം പ്രഘോഷിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തനത്തിലൂടെ, പ്രേഷിതപ്രവർത്തനത്തിലൂടെ, ഹൃദയം ക്രിസ്തുവിനായി ഒരുക്കുവാൻ ഈശോ പത്രോസിനെ ക്ഷണിക്കുകയാണ്. ഈശോ പത്രോസിനായി കാത്തിരിക്കുകയാണ്.

സ്നേഹമുള്ളവരേ, ഇന്ന് ഉത്ഥിതനായ ഈശോ ഓരോ വിശുദ്ധ കുർബാനയിലും പ്രാതലൊരുക്കി നമുക്കായി കാത്തിരിക്കുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും അവിടുന്ന് ചോദിക്കുന്നുണ്ട്: മകളേ, മകനേ നീയെന്നെ സ്നേഹിക്കുന്നുണ്ടോ?  “- നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” ഈശോ ചോദിക്കുന്നത്, വ്യവസ്ഥകളില്ലാത്ത, ത്യാഗം നിറഞ്ഞ, സ്‌നേഹം മാത്രമുള്ള ഹൃദയവുമായി നീ എന്നിലേക്ക് വരുന്നോ എന്നാണ്. ഈ ക്ഷണത്തിന്റെ അർത്ഥം, പ്രസക്തി, ചൈതന്യം പത്രോസിനെന്നപോലെ നമുക്കും മനസ്സിലാകുന്നില്ല. എന്നാൽ, സഭാചരിത്രത്തിൽ വിശുദ്ധരെന്ന് തിരുസ്സഭ നാമകരണം ചെയ്തിട്ടുള്ള ധാരാളം ക്രൈസ്തവർ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് അതിന്റെ അർത്ഥം മനസ്സിലാക്കി ഉത്തരം പറഞ്ഞവരാണ്.  മാത്രമല്ല, ധാരാളം വിശുദ്ധരായ ക്രൈസ്തവർ അവരുടെ കുടുംബ ജീവിത സാഹചര്യങ്ങളിൽ, വൈദിക സന്യസ്ത ജീവിത ഇടങ്ങളിൽ, പ്രേഷിത മേഖലകളിൽ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് ഉത്തരം നൽകുന്നുണ്ട്. അവരെ ഭാഗ്യം നിറഞ്ഞവർ എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്.

നമ്മളോ? നാം നമ്മുടെ ഭാഗ്യം തട്ടിക്കളയുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും ദൈവം തന്നെത്തന്നെ നമുക്കായി നൽകുവാൻ ആഗ്രഹിക്കുമ്പോൾ, നാമോ നിസ്സാരമായവയ്ക്കു പിന്നാലെ ഓടുകയാണ്. നമ്മുടെ ഐതിഹ്യങ്ങളിലെ ആളുകളെപ്പറ്റി കേട്ടിട്ടില്ലേ? ദൈവം ചോദിക്കുന്നു, നിനക്ക് എന്ത് വരമാണ് വേണ്ടത്? ജ്ഞാനമോ, സ്വർണമോ, അതോ നീ തൊടുന്നവരെല്ലാം, തൊടുന്നവയെല്ലാം ഭസ്മമായിപ്പോകുന്ന വരമോ? അതാ, അയാൾ അല്പമൊന്ന് ആലോചിച്ചിട്ട് പറയുന്നു, എനിക്ക് മൂന്നാമത്തെ വരം മതിയെന്ന്!!! ഇതാണ് നാം.

ഈശോ ചോദിക്കുന്നു?  “നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ”? അഗപ്പേയാണ് ഈശോ ആവശ്യപ്പെടുന്നത്. നാം നിസ്സാരമായവയുടെ പിന്നാലെ ഓടുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ കത്തോലിക്കാ സന്യാസിയും, എഴുത്തുകാരനുമായിരുന്ന തോമസ് മെർട്ടൻ (Thomas Merton) പറയുന്നതിങ്ങനെയാണ്: “മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം, തീർത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്.” നമ്മെത്തന്നെ വരിഞ്ഞുമുറുക്കി കൊല്ലാൻ കെല്പുള്ളവയോടാണ് നമുക്ക് താത്പര്യം.  റഷ്യയുടെ പുടിൻ അയൽരാജ്യമായ യുക്രയിനുവേണ്ടി ഓടുകയാണ്. ഇസ്രായേലാകട്ടെ പലസ്തീനിന്റെ പുറകെയും! ഉത്തരകൊറിയ ആകട്ടെ നശീകരണ ആയുധങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ഇങ്ങു ഭാരതത്തിലാകട്ടെ നൂറിലധികം രാഷ്ട്രീയപാർട്ടികളുണ്ട്. അവയോരോന്നും അവരുടെ മാത്രം ഭാരതം നിർമിക്കുന്ന തിരക്കിലാണ്. പാർട്ടികളേക്കാൾ കൂടുതൽ മതങ്ങളുണ്ട്. അവരും ശരിയായ ലക്‌ഷ്യം മറന്ന് സ്വന്തം രാഷ്ട്രം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. നമ്മളോ, ക്രിസ്തുവിന് കുപ്പായം തയ്പ്പിക്കുവാനുള്ള തിരക്കിലാണ്. ബട്ടൺ എവിടെ വേണം? മുന്പിലോ പിൻപിലോ? കുപ്പായത്തിന്റെ കളർ എന്തായിരിക്കണം, കുപ്പായത്തിന് എത്ര പോക്കറ്റ് വേണം……അങ്ങനെയങ്ങനെയങ്ങനെ…. ദൈവങ്ങളെ സംരക്ഷിക്കുവാൻ ബുള്ളറ്റ് പ്രൂഫ് (Bullet proof) ചില്ലുകൂട് പണിയുന്നവരാണല്ലോ നമ്മൾ!!

സമാപനം

“ഇവരേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യത്തിന് എന്ത് ഉത്തരം നിങ്ങൾ കൊടുക്കും എന്റെ സഹോദരീ സഹോദരന്മാരെ? ഈ ചോദ്യം ഈശോ ലോകത്തുള്ള എല്ലാവരോടും, ലോകത്തുള്ള 840 കോടി ജനങ്ങളോടും ചോദിക്കുന്നുണ്ട്. നാം ഉത്തരം പറയാതെ, പറയുന്നുണ്ടെങ്കിൽ നമ്മുടെ ഇഷ്ടമനുസരിച്ചുള്ള ഉത്തരം പറഞ്ഞ് ജീവിക്കുന്നവരാണെങ്കിൽ നാം മാസ്‌ക് ധരിക്കുന്ന ക്രൈസ്തവരാണ്. കോവിഡിനെതിരെ വച്ച  മസ്കല്ല. പൊയ്മുഖങ്ങൾ!!! ഈശോ എപ്പോഴും ആഗ്രഹിക്കുന്നത് ദൈവവുമായി അകന്നുനിൽക്കുന്ന ക്രൈസ്തവജീവിതമല്ല, ദൈവത്തോടൊത്തു നിൽക്കുന്ന ക്രൈസ്തവജീവിതങ്ങളെയാണ്. ദൈവത്തിന്റെ സ്നേഹത്തിൽ ഒന്നായി നിന്നുകൊണ്ട് ക്രിസ്തു കാണുന്നപോലെ കാണാനും, ക്രിസ്തു കേൾക്കുന്ന പോലെ കേൾക്കാനും, ക്രിസ്തുവിന്റെ ഹൃദയത്തോടെ

മറ്റുള്ളവരെ സ്നേഹിക്കുവാനും സാധിക്കുക. അതല്ലേ ശരിയായ അജപാലനം. മറ്റുള്ളതെല്ലാം വെറും തട്ടിപ്പല്ലേ?? ദൈവകൃപയില്ലാത്ത പ്രവർത്തികൾ!! നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ നവീകരിച്ചുകൊണ്ട് ക്രിസ്തുസ്നേഹത്തിൽ വളരാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON JN 20, 24-31

ഉയിർപ്പുകാലം രണ്ടാം ഞായർ

പുതു ഞായർ 2024

യോഹന്നാൻ 20, 24-31

ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ Octave of Easter ആയി പാശ്ചാത്യ ക്രൈസ്തവസഭകളും, “പ്രകാശമുള്ള ആഴ്ച്ച” (Bright Week) ആയി പൗരസ്ത്യ ക്രൈസ്തവ സഭകളും കാണുമ്പോൾ, ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായറും” (Divine Mercy Sunday) പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായറും” (New Sunday), “നവീകരണ ഞായറും” (Renewal Sunday) “തോമസ് ഞായറും” (Thomas Sunday) ആഘോഷിക്കുകയാണ്.  ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ എന്റെ കർത്താവേ, എന്റെ ദൈവമേ എന്നും പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുവാനാണ് വിശുദ്ധ തോമാശ്ളീഹായുടെ പുതുഞായർ തിരുനാൾ നമ്മൾ ആഘോഷിക്കുന്നത്.   ഇന്നത്തെ സന്ദേശമായി രണ്ടു കാര്യങ്ങളാണ് തിരുസ്സഭ നമ്മോട് പറയുന്നത്. ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മഴയായാലും വെയിലായാലും ക്രിസ്തുവിനെ എന്റെ കർത്താവും എന്റെ ദൈവവും എന്ന് ഏറ്റുപറയണം. രണ്ട്, നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം. നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിനെക്കുറിച്ചുള്ള സംശയത്തിലേക്കല്ല, ക്രിസ്തുവിനെ ഏറ്റുപറയുന്ന വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം. അത്രമേൽ ശക്തവും മനോഹരവുമാക്കണം നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതം, നമ്മുടെ ക്രൈസ്തവജീവിതം.

കണിക്കൊന്ന പൂത്തു നിൽക്കുന്നപോലെ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ വിശുദ്ധ തോമസിനെ “സംശയിക്കുന്ന തോമാ”യായി (Doubting Thomas), “അവിശ്വസിക്കുന്ന തോമസാ”യി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ശ്ലീഹന്മാരിലൊരുവനും, ഭാരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ധാരാളം സംഭവങ്ങൾ സുവിശേഷം ഇവിടെ നമുക്കായി കോർത്തുവച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുന്നത് (ആഴ്ചയുടെ ആദ്യദിവസം) ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതിലേക്കാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ (Apparition) തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, “ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്,

സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. തോമസ് ഉടനടി തന്റെ നിലപാട് അറിയിച്ചു: “അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്നപോലെ തോമസും കൂട്ടത്തിലുണ്ട്.  അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക് …എന്റെ മുറിവുകൾ കാണ് …നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌ പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ഈ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ, അക്രൈസ്തവരെ, സാധാരണ ക്രൈസ്തവരെ  പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം, രോഗീലേപനം, പൗരോഹിത്യം, വിവാഹം എന്നീ കൂദാശകൾ സ്വീകരിക്കുന്ന, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? ഉത്ഥിതനായ ക്രിസ്തുവിന്റെ സ്നേഹ സാന്നിധ്യം, രക്ഷാകര സാന്നിധ്യം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയെച്ചൊല്ലി ക്രൈസ്തവർ വഴക്കടിക്കുമ്പോൾ എങ്ങനെയാണ് അക്രൈസ്തവർ ക്രിസ്തുവിൽ വിശ്വസിക്കുക? അവരെ നാം സംശയിക്കുന്ന തോമ്മമാർ ആക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ നമ്മൾ തന്നെയല്ലേ? ചിന്തിച്ചു നോക്കണം. ചിന്തിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

“നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം” എന്ന് കാർന്നോന്മാർ പറയും. എന്നെങ്കിലും, എപ്പോഴെങ്കിലും നായ്‌ക്കോലം കെട്ടുകയാണെങ്കിൽ കുരയ്ക്കണം നിങ്ങൾ! അതിന്റെ സ്വഭാവം കാണിയ്ക്കണം. അപ്പോൾ നിങ്ങൾ ഒരു ക്രൈസ്തവ സഹോദരിയോ, സഹോദരോ ആണെങ്കിൽ ക്രൈസ്തവ സ്വഭാവം കാണിക്കണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. (ഫിലി 2, 5)

എന്നാൽ വൈരുധ്യങ്ങളും, എതിർസാക്ഷ്യങ്ങളും ധാരാളം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളിൽ ഉണ്ടെങ്കിലും, ക്രിസ്തുവാണ് ഏക രക്ഷകനെന്ന്, ക്രിസ്തുവാണ് എന്റെ കർത്താവും എന്റെ ദൈവവുമെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതംകണ്ടു നാം അത്ഭുതപ്പെടാറില്ലേ? ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നവരെ, അവരുടെ കുടുംബങ്ങളെ കണ്ടു എത്രയോ അക്രൈസ്തവരാണ് വിസ്മയത്തോടെ “നോക്കൂ, ക്രിസ്തുവിലുള്ള ഇവരുടെ വിശ്വാസം അപാരം തന്നെ” എന്ന് പറഞ്ഞിട്ടുള്ളത്!

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്കു പോകുന്ന നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും, ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന ക്രൈസ്തവ യുവജനങ്ങളും, കുട്ടികളുമൊക്കെ അക്രൈസ്തവർക്കു ഇന്നും അത്ഭുതമാണ്. വീടിനെയും സ്വന്തക്കാരെയും, സ്വാഭാവികമായ നേട്ടങ്ങളെയുമെല്ലാം വേണ്ടെന്നുവച്ചു, ക്രിസ്തുവിനായി ഇറങ്ങിത്തിരിക്കുന്ന വൈദികരെയും, സമർപ്പിതരെയും, മിഷനറിമാരെയും, അവരുടെ ജീവിതത്തിലെ അചഞ്ചലമായ ക്രിസ്തുവിശ്വാസവും കണ്ടിട്ട് എത്രയോ അക്രൈസ്തവരാണ് ക്രിസ്തുവിലേക്കു ആകർഷിതരായത്! ഇവരൊക്കെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ തന്നെ ക്രിസ്തു വിശ്വാസത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഇനിയും വൈകിയിട്ടില്ല പ്രിയപ്പെട്ടവരേ, എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ പുതുഞായർ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.  ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്: “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. ഇവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. എത്രയോ മഹത്തായ, ധന്യമായ ജീവിതം!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

SUNDAY SERMON EASTER 2024

ഈസ്റ്റർ ഞായർ 2024

അവൻ ഇവിടെ ഇല്ല. സത്യമായും അവിടുന്ന് ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ! “

ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകരക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ലോകത്തിലേയ്ക്ക് അയയ്ക്കുകയും, എനിക്ക് രക്ഷനേടിത്തരികയും ചെയ്യുമായിരുന്നു എന്ന വിശുദ്ധ അമ്മത്രേസ്യായുടെ സാക്ഷ്യപ്പെടുത്തൽ ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ്. ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ദൈവം ഈ ഭൂമിയിൽ ജനിക്കുമായിരുന്നു, പീഡകൾ സഹിക്കുമായിരുന്നു, കുരിശിൽ മരിക്കുമായിരുന്നു, ഉത്ഥാനം ചെയ്യുമായിരുന്നു എന്ന ചിന്ത തന്നെ ഹൃദയത്തെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു.  കാൽവരിയിൽ കർത്താവായ ക്രിസ്തു തന്റെ കൈകൾ വിരിച്ചു പിടിച്ചിരിക്കുന്നത് മകളേ, മകനേ നിന്നെ കെട്ടിപ്പിടിക്കുവാനാണെന്നും, കുരിശിൽ അവിടുന്ന് മുഖം കുനിച്ച് നിൽക്കുന്നത് നിന്നെ ചുംബിക്കുവാനാണെന്നും, അവിടുത്തെ ഹൃദയം പിളർന്നു നിൽക്കുന്നത് നിന്നിലേക്ക് തന്റെ സ്നേഹം ഒഴുക്കുവാനാണ് എന്നും, അവിടുന്ന് മരിച്ചവരിൽ നിന്ന് ഉത്ഥിതനായത് എന്നും എപ്പോഴും നിന്നോടൊത്തായിരിക്കുവാനാണെന്നും വിശുദ്ധ അഗസ്തീനോസ് പറയുമ്പോൾ, ഈ ഉത്ഥാന തിരുനാളിൽ “ദൈവമേ, നിന്റെ സ്നേഹം എത്ര അപാരം എന്ന് പറയുവാനാണ്, “God’s love is so wonderful” എന്ന് പാടുവാനാണ് എനിക്ക് തോന്നുന്നത്.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.” (1 കോറി 15)

പന്തക്കുസ്താദിനത്തിൽ അവിടെകൂടിയിരുന്ന ജനങ്ങളോട് വിശുദ്ധ പത്രോശ്ലീഹാ   പറഞ്ഞതിങ്ങനെയാണ്: ” “ഇസ്രായേൽ ജനങ്ങളേ കേൾക്കുവിൻ. നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു. എന്നാൽ ദൈവം മൃത്യുപാശത്തിൽ നിന്ന് വിമുക്തനാക്കി അവിടുത്തെ ഉയിർപ്പിച്ചു.. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.” (അപ്പ 2, 22-) അതോടൊപ്പം, വിശുദ്ധ പത്രോശ്ലീഹാ വെളിപ്പെടുത്തി. “ആകാശത്തിനുകീഴിൽ, മനുഷ്യരുടെയിടയിൽ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റെ നാമമല്ലാതെ.”  (അപ്പ 4, 12) ഉത്ഥിതനായ ക്രിസ്തു മനുഷ്യന്റെ രക്ഷകനായി, ജീവിക്കുന്ന ദൈവമായി നമ്മുടെ ഇടയിലുണ്ട് എന്ന സത്യം പ്രഘോഷിക്കുകയായിരുന്നു വിശുദ്ധ പത്രോസ്. വിശുദ്ധ പൗലോസ് റോമക്കാരോട് ഈ സത്യം ഒന്നുകൂടി ഉറപ്പിച്ച് പറയുന്നുണ്ട്.  അതിങ്ങനെയാണ്:” റോമാക്കാരേ, യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നിങ്ങൾ രക്ഷപ്രാപിക്കും.” (റോമാ 10, 9) ആരിലാണ് രക്ഷ? ഉത്ഥിതനായ ക്രിസ്തുവിലാണ് രക്ഷ! വിശുദ്ധ പൗലോസും, സീലാസും തടവറയിൽ നിന്ന് രക്ഷപ്പെട്ടെന്ന് വിചാരിച്ച്ആത്മഹത്യചെയ്യാൻ ഒരുങ്ങിയ കാവൽക്കാരനെ തടഞ്ഞ പൗലോസിനോട് കാവൽക്കാരൻ ചോദിക്കുകയാണ്: “രക്ഷപ്രാപിക്കാൻ ഞാൻ എന്തുചെയ്യണം?” പൗലോസിന്റെ മറുപടി വളരെ പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു: ” കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക.  നീയും, നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പ 16, 31) ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.

2024 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശവും ഇതുതന്നെയാണ്: ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ക്രിസ്തുവാണ് ലോകത്തിന്റെ രക്ഷകൻ. വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാം അദ്ധ്യായം പത്താം വാക്യം തികച്ചും പൂർണമാകുന്നത് ഉത്ഥാനത്തിരുനാളിലാണ്. ” ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.

ഈശോ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത നിമിഷം, പരിശുദ്ധാത്മാവാൽ നിറഞ്ഞ ദൈവം ജനിക്കുകയാണ്. ഇന്നും ജീവിക്കുന്ന പൂർണ ദൈവം ജനിക്കുകയാണ്. പ്രപഞ്ചസൃഷ്ടിയിലൂടെ പിതാവായ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയെങ്കിൽ, പുത്രനായ ദൈവം മനുഷ്യാവതാരത്തിലൂടെ നമുക്ക് വെളിപ്പെട്ടെങ്കിൽ, ഉത്ഥാനത്തിലൂടെ പരിശുദ്ധാത്മാവായ ദൈവം ഭൂമിയിൽ നിറയുകയാണ്. “ലോകാവസാനംവരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കു”മെന്ന് പറയുന്നത് പരിശുദ്ധാത്മാവായ, ഉത്ഥിതനായ ദൈവമാണ്.

സ്നേഹമുള്ളവരേ, ഇന്നും ജീവിക്കുന്ന ഉത്ഥിതനായ ഈശോയാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ക്രൈസ്തവർക്ക് പീഡാസഹനമല്ല, ക്രൂശാരോഹണമല്ല, മരണമല്ല അവസാന വാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. ആത്മാവായ ദൈവമായാണ് ഈശോ ഉയിർത്തെഴുന്നേറ്റത്. നമ്മൾ പാടുന്നില്ലേ? “ആത്മാവാം ദൈവമേ വരണേ ….” ഉത്ഥിതനായ ദൈവം, ഇന്നും ജീവിക്കുന്ന ദൈവം, വിശുദ്ധ കുർബാനയായി വാഴുന്ന ദൈവം ആത്മാവാണ്. ഉത്ഥിതനായ കർത്താവാണ് രക്ഷിക്കുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് സുഖപ്പെടുത്തുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മെ ബലപ്പെടുത്തുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മെ ആശ്വസിപ്പിക്കുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മുടെ കണ്ണീരൊപ്പുന്ന ദൈവം. ഉത്ഥിതനായ കർത്താവാണ് നമ്മുടെ കുടുംബത്തിന്റെ നാഥൻ.

ഈ സ്നേഹമായ, കാരുണ്യമായ ഉത്ഥിതനായ ദൈവം. ഇന്നും നമ്മുടെ ഇടയിൽ വസിക്കുന്നത്, നമ്മോടൊപ്പം നടക്കുന്നത് നമ്മെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് പ്രിയപ്പെട്ടവരേ. നാം ചിന്തിക്കുന്നതിലുമപ്പുറം, നാം പോലും അറിയാതെ നമ്മെ രക്ഷിക്കുന്ന, നമുക്കായി പ്ലാനുകളും, പദ്ധതികളുമൊരുക്കുന്ന ദൈവത്തെ പാടിസ്തുതിക്കുവാനുള്ളതാണ്, ഹല്ലേലൂയാ പാടി സ്‌തുതിക്കുവാനുള്ളതാണ് ഈ ഉത്ഥാനത്തിരുനാൾ.

ഒരു കുടുംബം അവരുടെ ഗ്രാമത്തിൽ വലിയ ക്ഷാമമുണ്ടായപ്പോൾ, അടുത്തുള്ളൊരു ദ്വീപിലേക്ക് യാത്രയായി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളേയായുള്ളുവെങ്കിലും, ദൈവത്തിൽ ആശ്രയിച്ച്, പ്രതീക്ഷയോടെ തന്നെ അവർ യാത്രപുറപ്പെട്ടു. ആ ദ്വീപിലേക്ക് പോകുവാൻ പഴകി ദ്രവിച്ച ഒരു പാ ലമാണുള്ളത്. അതിലൂടെ ദ്വീപിലെത്തിയാൽ പിന്നെ തിരിച്ചുവരവുണ്ടാകയില്ലയെന്ന് അവർ തിരിച്ചറിഞ്ഞു. അത്രയും പഴകിയ പലമാണത്. വീഴാറായ ആ പാലത്തിലൂടെ ഒരു കണക്കിന് അവർ അക്കരെയെത്തി. ഏകദേശം ഒരു ദിവസത്തോളമെടുത്തു ആൾപാർപ്പുള്ള സ്ഥലത്തെത്താൻ. എത്തിക്കഴിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അവർ അവിടെ ഒരു സ്ഥലത്ത് വീട് വച്ച് താമസം തുടങ്ങി.  ഒട്ടും വൈകാതെ തന്നെ അവർക്കൊരു കുഞ്ഞുണ്ടായി. ജീവിതം സന്തോഷപ്രദമായ മുന്നോട്ടു നീങ്ങി. എന്നാൽ, കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ, ആ ദ്വീപിലും ക്ഷാമം വിരുന്നുവന്നു. ജനങ്ങളെല്ലാം വലഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഈ ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും ദുഃഖിതരായി. ദ്വീപിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അവർക്ക് പേടിയായി. ആ പാലം അവിടെയുണ്ടോ എന്ന് പോലും അവർക്കറിയില്ല. ആരും അതിനെക്കുറിച്ച് സംസാരിച്ചതായി അവർ ഓർക്കുന്നില്ല. എത്രയോ വർഷങ്ങളായി. ആ പാലം അവിടെ ഉണ്ടാകില്ല എന്ന് തന്നെ അവർ കരുതി.ഉൺടെങ്കിൽ തന്നെ അതിലൂടെ കടക്കുമ്പോൾ, കുഞ്ഞിനെ തങ്ങൾക്ക് നഷ്ടപ്പെട്ടാലോ? അവർക്കതിനെക്കുറിച്ച് ഓർക്കാനേ കഴിഞ്ഞില്ല.  പക്ഷേ, ക്ഷാമം വർധിച്ചപ്പോൾ, തിരികെ പോകാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ എല്ലാം കെട്ടിപ്പെറുക്കി അവർ യാത്രയായി.  ഒരു പകലോളം നടന്ന് അവർ ആ പാലത്തിനടുത്തെത്തി. അവരുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പഴയ പാലത്തിന് പകരം മനോഹരമായൊരു പാലം. തങ്ങൾക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ച, തങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ മാറ്റിത്തന്ന ദൈവത്തിന് അവർ നന്ദി പറഞ്ഞു.

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ഈശോ നമുക്കായി രക്ഷയുടെ വഴികൾ ഒരുക്കുന്നവനാണ്. നാം പോലുമറിയാതെ, നമ്മുടെ ഇരുളടഞ്ഞ ജീവിതവഴികളെ നക്ഷത്ര ശോഭയുള്ളതാക്കുന്നവനാണ് ഉത്ഥിതനായ ദൈവം. ഈ ഉയിർപ്പുതിരുനാളിൽ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് ഏറ്റുപറയാം. നമ്മെ ശിക്ഷിക്കുന്നവനല്ല, രക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം എന്ന് മനസ്സിൽ ഉരുവിടാം. അങ്ങനെ ഈ തിരുനാൾ അർത്ഥവത്തായി ആഘോഷിക്കാം.  

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, അവിടുത്തെ രക്ഷയിലേക്കാണ്, അവിടുത്തെ സ്നേഹത്തിലേക്കാണ്. ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ ഉത്ഥിതന്റെ രക്ഷകൊണ്ട്  സ്നേഹംകൊണ്ട്, നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ.  ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. കടന്നു വന്ന് നമുക്ക് രക്ഷ നൽകട്ടെ. ഹൃദയം നിറയെ സ്നേഹത്തോടെ ഉത്ഥിതനായ ക്രിസ്തുവാണ്

എന്റെ ദൈവം എന്ന് പ്രഘോഷിച്ചുകൊണ്ട് എന്റെ ക്രൈസ്തവജീവിതം ഞാൻ നയിക്കും എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!

SUNDAY SERMON GOOD FRIDAY 2024

ദുഃഖവെള്ളി 2024

ക്രൂശിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരേ,

“ഏൽ ഏൽ ലമാ സബക്താനി! എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന്, ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ കുരിശിൽ കിടന്നുകൊണ്ട് ലോകരക്ഷകനായി വന്ന ക്രിസ്തു കരഞ്ഞതിന്റെ അലയൊലികൾ നമ്മെ അസ്വസ്ഥമാക്കുന്ന ഒരു ദുഃഖവെള്ളിയാഴ്ച്ചകൂടി നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്. സഹനത്തിന്റെ ശൂലമുനയിൽ കയറി, മനുഷ്യജീവിതത്തിലെ സഹനങ്ങളെ ക്രിസ്തു രക്ഷാകരമാക്കിയെങ്കിലും, സഹനങ്ങൾക്ക് പുതിയ അർഥം നൽകിയെങ്കിലും, ഇന്നും, സഹനങ്ങൾക്ക്, ദൈവമേ എന്നെ ഉപേക്ഷിച്ചോ എന്ന കരച്ചിലിന് ഒരു പഞ്ഞവുമില്ല. അന്ന് രണ്ടായിരത്തിനുമേറെ വർഷങ്ങൾക്ക് മുൻപേ കുരിശുമരണത്തിലൂടെ സഹനങ്ങളെ ക്രിസ്തു രക്ഷാകരമാക്കി. ഇന്ന് നമ്മൾ ക്രൈസ്തവരിലൂടെ, ക്രൈസ്തവരെ വേട്ടയാടുന്ന തീവ്ര വാദികളിലൂടെ, ക്രൈസ്തവമുക്ത ഭാരതം സ്വപ്നം കാണുന്നവരിലൂടെ ക്രിസ്തുവിന്റെ പീഡാനുഭവവും ക്രൂശുമരണവും തുടർക്കഥകളാകുമ്പോൾ, ക്രൈസ്തവസമൂഹത്തെ ജിഹാദുകളിലൂടെ ഇല്ലാതാക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ ജീവിതസഹനങ്ങളെ ദൈവകൃപകളാക്കിക്കൊണ്ട്, ജീവിതത്തിലെ കുരിശിന്റെ വഴികളിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ തീരുമാനമെടുത്തുകൊണ്ട് ഈ ദുഖവെള്ളിയാഴ്ച്ച ആചരിക്കുവാൻ ക്രിസ്തു നമ്മോട് ആവശ്യപ്പെടുകയാണ്.

ഈശോമിശിഹായുടെ പീഡാസഹനവും മരണവുമാണ് നാമിന്ന് ധ്യാനവിഷയമാക്കുക. ഇസ്രായേൽ ജനത്തിന് വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് രണ്ട് തരത്തിലുള്ള സങ്കല്പങ്ങളുണ്ടായിരുന്നു. ഒന്ന്, രാജകീയ മിശിഹാ. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം, ഏഴാം അദ്ധ്യായം ഒന്നുമുതൽ പതിനേഴുവരെയുള്ള വാക്കുകളിൽ നഥാൻ പ്രവാചകൻ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട പ്രതാപവനായ ഒരു രാജാവായിരിക്കും മിശിഹായെന്ന് പ്രവചനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, ഇസ്രായേൽ ജനം പലപ്പോഴും ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുത്തെ രാജാവാക്കുവാൻ ശ്രമിക്കുന്നത്.

മറ്റൊന്ന്, സഹിക്കുന്ന ദാസനാണ് മിശിഹാ എന്നതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ 42, 49, 50, 53 അദ്ധ്യായങ്ങളിലായി സഹിക്കുന്ന ദാസനെക്കുറിച്ച് പറയുന്നുണ്ട്. “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു, ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷനൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” ബി സി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏശയ്യാ പ്രവാചകൻ പറഞ്ഞത് സഹിക്കുന്ന ക്രിസ്തുവിൽ പൂർത്തിയാകുകയാണ്. സഹനത്തിലൂടെ രക്ഷനേടിത്തന്ന, സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും പ്രഖ്യാപിച്ച ക്രിസ്തുവിനുള്ള ശാശ്വത സ്മാരകമാണ് ദുഃഖവെള്ളി!

സ്നേഹമുള്ള ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ ക്രിസ്തുവിന്റെ സഹനത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ളതാണ്. ദുഃഖവെള്ളിയാഴ്ചയിൽ ക്രിസ്തുവിന്റെ രക്ഷാകരമായ പീഡാസഹനങ്ങളിലൂടെ, അവയെക്കുറിച്ചുള്ള ധ്യാനത്തിലൂടെ നാം കടന്നുപോകുമ്പോൾ, നമ്മുടെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ എന്തുചെയ്യണമെന്ന് ക്രിസ്തുവിൽ നിന്ന് നാം പഠിക്കണം. അതോടൊപ്പം, അവനെ സഹനത്തിലേക്ക് നയിച്ച അന്യായമായ ആ ന്യായ വിധിയെക്കുറിച്ച് നാം അറിയണം.

പീലാത്തോസിന്റെ അരമന മുറ്റം. കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു. ജനം മുഴുവൻ ആക്രോശിച്ചപ്പോഴും, നീതിപീഠം കുറ്റം വിധിച്ചപ്പോഴും മനുഷ്യരക്ഷയ്ക്കുവേണ്ടി മനുഷ്യനായിപ്പിറന്നവൻ മൗനിയായിരുന്നു. ചെമന്ന മേലങ്കിയും ധരിച്ചപ്പോഴും, സ്ഥാനമുറപ്പിക്കുവാൻ വേണ്ടി നീതിയെ പണയപ്പെടുത്തിയ പീലാത്തോസ് ക്രിസ്തുവിനെ നോക്കി “ഇതാ മനുഷ്യൻ” എന്ന് പറഞ്ഞപ്പോഴും ക്രിസ്തു അക്ഷ്യോഭ്യനായി നിൽക്കുകയാണ്. പ്രിയപ്പെട്ടവരേ, ആരാണവൻ! സത്രത്തിപോലും സ്ഥലം ലഭിക്കാഞ്ഞ്, കാലിത്തൊഴുത്തിൽ പിറന്നവനാണവൻ! പ്രഭുക്കന്മാരെയും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടുകളെയും വിട്ട് അക്ഷരാഭ്യാസമില്ലാത്ത മുക്കുവരെ തന്റെ ശിഷ്യരാക്കിയവനാണവൻ! വേലക്കാരൻ കൂലിക്കർഹനാനും പറഞ്ഞ് ലോകചരിത്രത്തിലാദ്യമായി തൊഴിലാളികളോട് പക്ഷം ചേർന്നവനാണവൻ! വിധവയുടെ ചില്ലിക്കാശിന് മൂല്യം കല്പിച്ചതും, ഹേറോദോസിനെ കുറുക്കായെന്ന് വിളിച്ചാക്ഷേപിച്ചതും ഇവാൻ തന്നെ. ഇവനാണ് മീനിന്റെ ഉളുമ്പുനാറ്റം തികട്ടിവരുന്ന തോണിയുടെ അമരത്തും, മുക്കുവക്കുടിലുകളിലും അന്തിയുറങ്ങിയവൻ! ഇവനാണ് ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുവാൻ വന്ന യൂദാസിന് കവിൾത്തടം കാണിച്ചുകൊടുത്തത്. ഇവൻ തന്നെയാണ് സെഹിയോൻ ശാലയിൽ ലോകത്തിനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയത്!

ഈ ക്രിസ്തുവിനെയാണ് പീലാത്തോസിന്റെ അരമനമുറ്റത്തുവച്ച് തങ്ങളുടെ വളർച്ചയ്ക്ക് ഇവൻ ഭീഷണിയാകുമെന്നറിഞ്ഞ് പുരോഹിത പ്രമുഖന്മാരും, നിയമജ്ഞ-ഫരിസേയ കൂട്ടുകെട്ടും കൂടി ചതിയിൽ കൊല്ലുവാൻ ശമിച്ചത്.

കാരണം, ഞാഞ്ഞൂലിന് പോലും ഗ്രഹണസമയത്ത് വിഷമുണ്ടാകുമല്ലോ. ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകനെ, ഈ തച്ചനെ ഇങ്ങനെവിട്ടാൽ ശരിയാകില്ലെന്ന് അവരുറപ്പിച്ചു. നീതിന്യായ കോടതികളെ പിൻവാതിലിലൂടെ സ്വാധീനിച്ച് അവർ അവനെ കുരിശിൽ തറച്ചു കൊല്ലുവാനുള്ള വിധി നേടിയെടുത്തു. അങ്ങനെയാണ് തന്നേക്കാൾ ഭാരമുള്ള കുറിച്ചും വഹിച്ചുകൊണ്ട്, നഗ്നപാദനായി ഈശോ കാൽവരി കയറിയത്. അവിടെ കാൽവരിയിൽ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ, കുരിശിൽ കിടന്നുകൊണ്ട് “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ” എന്ന വിശ്വ സാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കിയത്. എന്നിട്ട്, “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് പ്രാണൻ വെടിഞ്ഞത്.

സ്നേഹമുള്ളവരേ, ദുഃഖവെള്ളിയാഴ്ച്ചകൾ സഹനസംസ്കാരത്തിലേക്ക് വളരാനുള്ള ക്രിസ്തുവിന്റെ ആഹ്വാനമാണ്. ക്രിസ്തുവിനെ അറിയാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗത്സമെനിയുടെ, കാൽവരിയുടെ സഹനത്തിന്റെ സന്ദേശം നാം സ്വീകരിക്കണം. എന്തിന്, ക്രിസ്തുവിനെ അറിയാനുള്ള അളവുകോൽ മറ്റൊന്നല്ല അത് സഹനമാണ്. ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി, കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം. ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് ശ്ലീഹന്മാർ ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഒരിക്കൽ ഒരാൾ തന്റെ കൂട്ടുകാരുടെ കൂടെ ഒരു കപ്പൽ യാത്ര പ്ലാൻ ചെയ്തു. ഏറെ നാളത്തെ ആഗ്രഹമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. യാത്ര തുടങ്ങുന്നതിന്റെ തലേന്ന് ഭാര്യയോടും, മക്കളോടും യാത്ര പറഞ്ഞു. വീണ്ടും കാണുമ്പോൾ സമ്മാനങ്ങളുമായിട്ടായിരിക്കും താൻ വരുന്നതെന്ന് പറഞ്ഞ് അവരെ ആലിംഗനം ചെയ്തു. പിറ്റേന്ന് രാവിലെ കപ്പൽ പുറപ്പെട്ടു. യാത്രയാക്കാൻ വന്ന കുടുംബാംഗങ്ങളോട് കൈ വീശി യാത്രപറഞ്ഞ് യാത്ര തുടങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ, യാത്രയുടെ രണ്ടാം ദിവസം കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽ തകർന്നുപോയി. എല്ലാവരും രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു. ഈ മനുഷ്യനും സർവ്വശക്തിയുമെടുത്ത് നീന്തി. ഇടയ്ക്കൊക്കെ അവശനായെങ്കിലും, അവസാനം രക്ഷപ്പെട്ട് ഒരു ദ്വീപിലെത്തി.

ദ്വീപിലെത്തിയിട്ടും അയാളുടെ കരച്ചിൽ നിന്നില്ല. വാവിട്ടുകരയുമ്പോഴും, അകലേക്ക് പ്രതീക്ഷയോടെ അയാൾ നോക്കിക്കൊണ്ടിരുന്നു. വിശപ്പ്…തണുപ്പ്….ഒരു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. കണ്ണിൽ കണ്ടതെല്ലാം കൂട്ടിച്ചേർത്ത് അയാൾ ഒരു വീടുണ്ടാക്കി, പകൽ ചൂടിൽ നിന്നും, രാത്രി തണുപ്പിൽ നിന്നും, രക്ഷപ്പെടുവാനായി. അന്ന് രാത്രി തണുപ്പ് തുടങ്ങിയപ്പോൾ, അയാൾ വീടിനുമുന്പിൽ തീ കൂട്ടി. എന്നാൽ, പെട്ടെന്ന് വന്ന കാറ്റ് എല്ലാം നശിപ്പിച്ചു. തീ വീട്ടിലേക്ക് പടർന്നു പിടിച്ചു.  വീട് കത്തി നശിച്ചു. അയാൾ വാവിട്ട കരഞ്ഞു…ദൈവമേ നീ എവിടെ എന്ന് ആകാശത്തിലേക്ക് നോക്കി ഉറക്കെ ചോദിച്ചു. പിറ്റേ ദിവസം, വൈകുന്നേരമായപ്പോൾ, തളർന്ന് അവശനായ ആ മനുഷ്യൻ കടലിലേക്ക് നോക്കിയപ്പോൾ ഒരു കപ്പൽ ആ ദ്വീപിനെ സമീപിക്കുന്നതായിക്കണ്ടു. തീരത്തോടടുത്ത കപ്പലിൽ നിന്ന് കാപ്പിത്താനും മറ്റുള്ളവരും ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചു. അയാൾ തിടുക്കത്തിൽ ചോദിച്ചു: എങ്ങനെയാണ് ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായത്? അപ്പോൾ കപ്പിത്താൻ പറഞ്ഞു: ഇന്നലെ രാത്രി ദ്വീപിൽ തീ കണ്ടു. അപ്പോൾ .ഞങ്ങൾക്ക് തോന്നി ആരെങ്കിലും ഈ ദ്വീപിലുണ്ടാകുമെന്ന്.” അയാൾ ഉറക്കെ കരഞ്ഞു. കരച്ചിലിനിടയിൽ അയാൾ പുലമ്പി: “ഞാനുണ്ടാക്കിയ ആ വീട് കത്തിയില്ലായിരുന്നെങ്കിലോ? അയാൾ ആകാശത്തിലേക്ക് കൈകൾ കൂപ്പി…!

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്. ഓരോ സഹനവും, ദൈവകൃപ നമ്മിലേക്ക് കടന്നുവരുന്ന ചാലുകളാണ് പ്രിയപ്പെട്ടവരേ!

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സ്നേഹമുള്ളവരേ, ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ച്ച ആചരണം ഓരോ ക്രൈസ്തവനും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമാണ്. ക്രൈസ്തവസമൂഹം ചുറ്റും ശത്രുക്കളാൽ വലയംചെയ്യപ്പെട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ചക്രവ്യൂഹങ്ങൾ തകർത്ത്, പുറത്തുകടന്ന് ക്രിസ്തുവിനുവേണ്ടി സഹിക്കുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ക്രൈസ്തവരായി മാറുവാൻ നാം തയ്യാറാകണം. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ദുഃഖവെള്ളിയാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകില്ലാ എന്ന് പറയുന്നവരോട് വാക്കുകൾകൊണ്ട് പ്രതികരിച്ചിട്ട് കാര്യമില്ല; സമരങ്ങൾ നടത്തി പ്രതിരോധിച്ചിട്ടും കാര്യമില്ല. നമ്മുടെ ക്രൈസ്തവജീവിതങ്ങളെ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികരിക്കണം, പ്രതിരോധിക്കണം. നാമൊക്കെ, വെറും ബോൺസായി ക്രൈസ്തവരായിട്ട് കാര്യമില്ല പ്രിയപ്പെട്ടവരേ! ബോൺസായി മരങ്ങളെ നോക്കൂ! കാഴ്ചയിൽ അതൊരു മരമാണ്. ഇലകളുണ്ടോ? ഉണ്ട്. നിറമുണ്ടോ? ഉണ്ട്. രൂപമുണ്ടോ? ഉണ്ട്.  എന്നാൽ ഫലം മാത്രം ലഭിക്കില്ല. ഇനി അഥവാ ലഭിച്ചാലും, വളരെ ശുഷ്കമായവ മാത്രം. അ യഥാർത്ഥ ജീവിതമില്ല. ഒരു ഷോ പീസായി വയ്ക്കാൻ നല്ലതാണ്.

ഇന്ന് ശരാശരി ക്രൈസ്തവരും ഇങ്ങനെയായിരിക്കുന്നു. അവരുടെ ക്രൈസ്തവ സാക്ഷ്യത്തിന് തിളക്കമില്ലാതായിരിക്കുന്നു. ക്രൈസ്തവരാണോ? അതെ. പള്ളിയിൽ പോകുന്നുണ്ടോ? ഉവ്വ്. കൂദാശകൾ സ്വീകരിക്കുന്നുണ്ടോ? ഉണ്ട്. കുടുംബ പ്രാർത്ഥനയുണ്ടോ? ഉണ്ടേ, വളരെ കൃത്യമായി. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. പക്ഷേ, ഫലങ്ങളൊന്നുമില്ല. ഭരണസംവിധാനങ്ങളുണ്ടോ? ഉണ്ട്. പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും ഉണ്ടോ? ഉണ്ട്. അത്മായ നേതാക്കളുണ്ടോ? ഉണ്ട്. ക്രിസ്തുവിന്റെ സാക്ഷികളാണെന്ന് വീമ്പ് പറയുമെങ്കിലും സ്വന്തം കാര്യങ്ങൾ വരുമ്പോൾ, ക്രിസ്തു പുറത്ത്. നല്ലൊരു ഷോ പീസ്!!

സ്നേഹമുള്ളവരേ, ക്രിസ്തുവിനെ ജീവിതത്തിന്റെ മൂല്യമാക്കാതെ, നമ്മുടെ കുടുംബങ്ങളിൽ, ഇടവകകളിൽ, നമ്മുടെ പ്രവർത്തനങ്ങളിൽ ക്രിസ്തുവിനെ പുറത്തു നിർത്തുമ്പോൾ നാം സഹനവഴികളെ ഉപേക്ഷിക്കുകയാണ്; ക്രിസ്തു വീണ്ടും കുരിശിലേറുകയാണ്. സഹനത്തെ മൂല്യമായി നാം കാണുന്നില്ല.  അധികാരത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, താത്ക്കാലിക നേട്ടങ്ങൾക്കുവേണ്ടി, സുഖങ്ങൾക്കുവേണ്ടി ക്രൈസ്തവ മൂല്യങ്ങളെ ബലികഴിക്കുമ്പോൾ നമ്മുടെ ക്രൈസ്തവജീവിതം ആർഭാടം നിറഞ്ഞതാകുന്നു!! ത്യാഗം നമുക്ക് അന്യമായിത്തീരുന്നു!

ജീവിത പങ്കാളിയെ തേടുമ്പോൾ കത്തോലിക്കാ വിശ്വാസമുള്ള ക്രൈസ്തവയാകണമെന്ന്, ക്രൈസ്തവനാകണമെന്ന് നിർബന്ധമില്ലെന്നും, രാഷ്ട്രീയ നിലപാടുകളിൽ നിരീശ്വര പ്രസ്ഥാനങ്ങാളായാലും, വർഗീയ പാർട്ടികളായാലും കുഴപ്പമില്ലെന്നും, കുർബാനയുടെ പേരിൽ തങ്ങളുടെ ഭാഗം ജയിക്കുവാൻ വേണ്ടി എന്ത് കോലാഹലങ്ങൾ കാണിച്ചാലും പ്രശ്‌നമില്ലെന്നും പറയുമ്പോൾ, ഓർക്കുക പ്രിയപ്പെട്ടവരേ, ക്രിസ്തു ക്രൂശിക്കപ്പെടുകയാണ് –   വീണ്ടും! നമ്മുടെ കൈകളിൽ ചോര നിറയുന്നു!!! എന്റെ ജീവിത സാഹചര്യങ്ങളിൽ എന്റെ ദൈവത്തെ ഇല്ലാതാക്കുക എന്ന ദുഷ്കൃത്യം ചെയ്യുന്നതിനേക്കാൾ വലിയ അപരാധം മറ്റെന്തുണ്ട് സ്നേഹിതരേ!!?? താലത്തിൽ വെള്ളമെടുത്ത്, വെൺകച്ചയും അരയിൽ ചുറ്റി ശിഷ്യരുടെ പാദം കഴുകിയ   ക്രിസ്തു ഇന്ന് അധികാരത്തിന്റെ നടുത്തളങ്ങളിൽ തമാശയായി മാറിയിരിക്കുന്നു! ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്നും പറഞ്ഞ് ലോകത്തിന്റെ ജീവനുവേണ്ടി തന്നെത്തന്നെ പകുത്തു നൽകിയ ഒടുവിലത്തെ അത്താഴം ഇന്ന് ആർഭാടമായ നമ്മുടെ ഊട്ടുമുറികളിലെ മനോഹരമായ ചിത്രം മാത്രം!! ദൈവമായിരുന്നിട്ടും, ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി, മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായ ക്രിസ്തു ഈ ന്യൂജൻ സംസ്കാരത്തിൽ ഒരു കോമാളി!!

ക്രൂശിതനായ ക്രിസ്തുവിൽ അഭിമാനിക്കുന്ന ക്രൈസ്തവരേ, ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. വിശുദ്ധ പൗലോസിനോടൊപ്പം ഞാൻ ഏറ്റുപറയുകയാണ്: “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് ഞാൻ കരുതുന്നു. (റോമാ 8, 18) “ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.” (റോമാ 8, 28)

കുരിശിനാലെ ലോകമൊന്നായ് വീണ്ടെടുത്ത് രക്ഷിച്ച ക്രിസ്തു,

മിശിഹാ നമ്മുടെ ജീവിതവഴികളിലെ പ്രകാശമാകട്ടെ. നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ വിശുദ്ധീകരിക്കട്ടെ, നമ്മുടെ സഹനങ്ങളെ ദൈവകൃപകളാക്കട്ടെ.. ആമേൻ!

SUNDAY SERMON MAUNDY THURSDAY2024

പെസഹാവ്യാഴം 2024

ഇന്ന് ലോകമെങ്ങും ക്രൈസ്തവർ പെസഹാവ്യാഴം ആചരിക്കുന്നു. ക്രൈസ്തവർക്കിനി പങ്കുവയ്ക്കലിന്റെയും, എളിമപ്പെടലിന്റെയും, പീഡാനുഭവത്തിന്റെയും, പ്രതീക്ഷ നിറഞ്ഞ ഉത്ഥാനത്തിന്റെയും പരിശുദ്ധ നാളുകളാണ്.  നമ്മുടെ ഇക്കൊല്ലത്തെ പെസഹാതിരുനാൾ ആഘോഷത്തിൽ വലിയൊരു വൈരുധ്യം ഞാൻ കാണുന്നുണ്ട്. പരസ്പരം പോരടിച്ച് രാജ്യങ്ങളൊന്നായി വെട്ടിപ്പിടിക്കാനുള്ള വെമ്പൽ ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുമ്പോൾ, പലസ്തീനയിലെ ഗാസയിലെപ്പോലെയുള്ള സ്ഥലങ്ങളിൽ ദാരിദ്ര്യത്തിന്റെയും, അനാഥത്വത്തിന്റെയും ദുരിതഭൂമിയിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം അപ്പത്തിനായി പാ ത്രങ്ങൾ നീട്ടുമ്പോൾ, ദൈവം മനുഷ്യന്റെ പാദങ്ങൾ കഴുകിയ, ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ ഈ മഹാതിരുനാൾ നാം ആഘോഷിക്കുന്നത് വലിയ വിരോധാഭാസം തന്നെയാണ്. എങ്കിലും, ലോകാവസാനംവരെ ദൈവമക്കളോടൊത്ത് വസിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്ഥാപിച്ച ഈശോയുടെ അനന്ത സ്നേഹത്തെ വാഴ്ത്തിപ്പാടുവാൻ, അവിടുന്ന് വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസമല്ലാതെ മറ്റൊന്ന് കണ്ടെത്തുക അസാധ്യമാണ്.

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമും, പെസഹാ തിരുനാൾ, അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ, രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ ആഘോഷിക്കുമ്പോൾ, ഈ തിരുനാളിന്റെ സന്ദേശം ഉൾക്കൊള്ളാനും, ജീവിക്കുവാനും നമുക്കാകട്ടെ എന്ന പ്രാർത്ഥനയോടെ, വചന വിചിന്തനത്തിലേക്ക് കടക്കാം. ഈ വർഷത്തെ പെസഹാതിരുനാളിന്റെ സന്ദേശം, ദൈവം എന്നും എപ്പോഴും നമ്മോടൊത്തുണ്ട് എന്നതാണ്.  

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും നൽകിക്കൊണ്ട് വിശുദ്ധ കുർബാനയായിത്തീർന്നതിന്റെ ഓർമയാണ് ഈ പെസഹാ വ്യാഴാഴ്ച്ച നാം ആഘോഷിക്കുന്നത്. 

ഓർമകളുണ്ടായിരിക്കണമെന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലല്ലോ! ഓർമകളിലൂടെയാണ് മരിച്ചവർപോലും നമ്മിൽ ജീവിക്കുന്നത്. ഓർമകളാണ്, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, തോൽവിയുടെ, വിജയത്തിന്റെ, കാരുണ്യത്തിന്റെ ഓർമകളാണ്, ജീവിക്കുവാൻ നമുക്ക് ഊർജം നൽകുന്നത്. കഴിഞ്ഞകാലങ്ങളിലെ നമ്മുടെ ജീവിതത്തിൽ നാം പോലുമറിയാതെ ദൈവം കൈ പിടിച്ചു നടത്തിയതിന്റെ ഓർമകളാണ്, നാം പോലുമറിയാതെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഓർമകളാണ് നമ്മെ എളിമയുള്ളവരാക്കുന്നതും, ക്രിസ്തു ദൈവമാണെന്നും, ആ ദൈവം രക്ഷകനാണെന്നും ഏറ്റുപറയുവാൻ നമ്മെ പ്രാപ്തരാക്കുന്നതും. ഓർമകളാണ് നാം പറയുന്നതിനും, ചെയ്യുന്നതിനും, ആചരിക്കുന്നതിനുമെല്ലാം അർഥം നൽകുന്നതും, പ്രസക്തി നൽകുന്നതും. 

ഓർമകളുണ്ടായിരിക്കണം നമുക്ക്. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിലും ദൈവേഷ്ടം പൂർത്തിയാക്കുവാൻ സെഹിയോൻ ശാലയിലെ യാഗവേദിയിലേക്ക് നടന്ന മനുഷ്യപുത്രൻ കാൽകഴുകലിന്റെ അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ച്, സ്വയം യാഗമായത് വിശുദ്ധ കുർബാനയായിത്തീരുവാനായിരുന്നു എന്ന ഓർമ നമുക്കുണ്ടായിരിക്കണം; മനുഷ്യന്റെ ശാരീരിക-മാനസിക-ആത്മീയ വിശപ്പുകളകറ്റാൻ അപ്പമായിത്തീരുവാനായിരുന്നു ക്രിസ്തു സെഹിയോൻ ശാലയിലേക്കും, തുടർന്ന് കാൽവരിയിലേക്കും നടന്നതെന്ന ഓർമ നമുക്കുണ്ടായിരിക്കണം. ഓർമകളുണ്ടായിരിക്കണം നമുക്ക്. ഈ ഓർമകളുണ്ടെങ്കിൽ പെസഹാവ്യാഴാഴ്ചയുടെ ദൈവശാസ്ത്രം ക്രൈസ്തവന്റെ മനസ്സിൽ ഒരു മഴവില്ലുപോലെ വിരിഞ്ഞുനിൽക്കും. ഈ ഓർമകളുണ്ടെങ്കിൽ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണെന്ന് മനസ്സിലാക്കുവാൻ ക്രൈസ്തവന് മറ്റുമതങ്ങളെ തേടിപ്പോകേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ സഭയോടൊത്ത് ഏകമനസ്സായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഈ ഓർമകളുണ്ടെങ്കിൽ ജീവിതത്തിൽ വിശുദ്ധ കുർബാനയിലേക്ക്, കുർബാനയുടെ ചൈതന്യത്തിലേക്ക് ചുവടൊന്ന് മാറ്റിചവിട്ടുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. ഈ ഓർമകളുണ്ടെങ്കിൽ, വിശുദ്ധ കുർബാനയെന്നത് ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെയാണെന്നുള്ള, ദൈവത്തിന്റെ ലോകാവസാനംവരെയുള്ള സാന്നിധ്യത്തിന്റെ ജീവനുള്ള, കൗദാശിക സാന്നിധ്യമാണ് വിശുദ്ധകുർബാനയെന്നുള്ള സത്യം നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകയില്ല.

വിശുദ്ധ കുർബാനയെന്നത്, നമ്മോടൊത്ത്, മനുഷ്യരോടൊത്ത് എന്നും വസിക്കുവാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ അടയാളമാണെന്നറിയുമ്പോൾ, നമ്മുടെ കൂടെയായിരിക്കുവാനുള്ള ഈശോയുടെ വലിയ സ്നേഹത്തിന്റെ പ്രകടനമാണെന്നറിയുമ്പോൾ, വിശുദ്ധ കുർബാനയെ പ്രണയിക്കുവാൻ നമുക്ക് തോന്നും; എപ്പോഴും വിശുദ്ധ കുർബാനയോടൊത്തായിരിക്കുവാൻ, വിശുദ്ധ കുർബാനയെത്തന്നെ നോക്കിയിരിക്കുവാൻ, വിശുദ്ധ കുർബാനയുടെ കണ്ണോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുവാൻ നമുക്ക് തോന്നും.

സ്നേഹമുള്ളവരേ, പെസഹാ വ്യാഴാഴ്ച്ച ആഘോഷത്തിലൂടെ ദൈവത്തിന്റെ രക്ഷ, സാന്നിധ്യം ഇന്നും തുടിച്ചുനിൽക്കുന്നത് വിശുദ്ധ കുർബാനയിലാണ്‌ എന്ന് നാം പ്രഖ്യാപിക്കുകയാണ്. വിശുദ്ധ കുർബാന ക്രൈസ്തവന് വെറുമൊരു ആചാരമോ അനുഷ്ഠാനമോ അല്ല. അത് ജീവിതമാണ്, ജീവിത ബലിയാണ്, ജീവിതമൂല്യമാണ് ക്രൈസ്തവന്. ഈ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന “ആര് ഞങ്ങളെ രക്ഷിക്കുമെന്ന” മനുഷ്യന്റെ ആർത്തനാദത്തിന് ഉത്തരം നൽകുന്ന ഏക മതഗ്രന്ഥമാണ് ബൈബിൾ. ആ ഉത്തരമാകട്ടെ, വിശുദ്ധ കുർബാനയിലെ ഈശോ എന്നാണ്. വിശുദ്ധ കുർബാന നമ്മുടെ കാതുകളിൽ മൊഴിയുന്നത്, നിന്നെ രക്ഷിക്കാൻ ഞാൻ കൂടെയുണ്ട് മകനെ, മകളെ എന്നാണ്. (ജെറ 1, 19) മകളേ, മകനേ, നിന്റെ ജീവിതം സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ, നിന്റെ ജീവിതം അഗ്നിയിലൂടെ കടന്നുപോകുമ്പോൾ, രോഗത്തിന്റെ, സാമ്പത്തിക ബാധ്യതകളുടെ വഴിയിലൂടെ കടന്നുപോകുമ്പോൾ ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. വിശുദ്ധ കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയുടെ ഉറപ്പാണത്. ഇന്നത്തെ രാഷ്ട്രീയക്കാർ നൽകുന്ന ഉറപ്പ് പോലെയല്ല ഇത്. നാഴികയ്ക്ക് നാൽപ്പത് വട്ടം മൈക്ക് കെട്ടി രാഷ്ട്രീയക്കാർ പറയുന്ന ഗ്യാരന്റി പോലെയല്ല ഇത്. ഇത് ദൈവത്തിന്റെ ഉറപ്പാണ്. പെസഹാവ്യാഴാഴ്ചയുടെ സൗന്ദര്യമെന്ന് പറയുന്നത് ഈ ഉറപ്പാണ്.

കാരണം, നമ്മുടെ ഓരോരുത്തരുടെയും ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ നമ്മോടൊത്ത് വസിക്കുന്നത്. വിശുദ്ധ കുർബാനയിൽ നിങ്ങളുടെയും, എന്റെയും ജീവിതത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങളുണ്ട്. പാവപ്പെട്ടവന്റെ വേദനയുണ്ടതിൽ; തകർന്ന കുടുംബങ്ങളുടെ തകരുന്ന ദാമ്പത്യങ്ങളുടെ മുറിപ്പാടുകളുണ്ടതിൽ. അക്രമത്തിന്റെ ആക്രോശങ്ങൾക്കിടയിൽ, വർഗീയതയുടെ അമർത്തലുകൾക്കിടയിൽ ചതഞ്ഞരയുന്ന ജീവിതങ്ങളുണ്ടതിൽ. ലഹരിയുടെ, രതിയുടെ, സ്വാർത്ഥതയുടെ ഭ്രാന്തിൽ പൊലിഞ്ഞുപോകുന്ന ബാല്യങ്ങളുടെ സ്ത്രീകളുടെ കരച്ചിലുകളുണ്ടതിൽ. സാമ്പത്തിക തകർച്ചമൂലം ഇനിയെന്തുചെയ്യണമെന്നറിയാത്തവരുടെ കരച്ചിലുണ്ടതിൽ. നിങ്ങളെയും എന്നെയും ചേർത്ത് നിർത്തുന്ന കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹഭാവങ്ങളുണ്ടതിൽ. മഹാമാരികൾ വന്നാലും നമ്മെ സുഖപ്പെടുത്തുന്ന ദൈവം, കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ പരിപാലിക്കുന്ന ദൈവം, പാവപ്പെട്ടവനും ദരിദ്രനായ എന്നെ കരുതുന്ന ദൈവം, ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് എന്ന് പറഞ്ഞു കൈ നീട്ടി എന്നെ രക്ഷിക്കുന്ന ദൈവം … അങ്ങനെ എന്നെ കാക്കുന്ന, കരുതുന്ന, എന്റെ ജീവിതവുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന ദൈവത്തിന്റെ മഹാസാന്നിധ്യമാണ്, സാന്നിധ്യത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരേ വിശുദ്ധ കുർബാന.

നമ്മുടെ ജീവിതവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരു ദൈവമാണ് വിശുദ്ധ കുർബാനയിൽ ഉള്ളത്. എന്താ സംശയമുണ്ടോ? സുവിശേഷങ്ങൾ തുറന്നു നോക്കുന്നോ…

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 9 മുതലുള്ള വാക്യങ്ങൾ. സിനഗോഗിൽ ഇതുപോലെ വചനം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്കിടയിൽ കൈശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോ അവനോടു പറഞ്ഞു:” നിന്റെ കൈ നീട്ടുക. സുഖപ്പെടട്ടെ”. ആരും യേശുവിനോടു ചോദിച്ചില്ല. ആരും യേശുവിനോടു പറഞ്ഞില്ല. മനുഷ്യന്റെ വേദന അറിയുമ്പോൾ അവളുടെ / അവന്റെ വേദനകളുമായി താദാത്മ്യപ്പെടുകയാണ് ഈശോ!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ 38 വർഷമായി തളർവാതം പിടിപെട്ട് കിടക്കുന്ന ഒരു മനുഷ്യനെ നാം കാണുന്നുണ്ട്. ഈശോ അവനെ സമീപിക്കുകയാണ്. അവന്റെ അടുത്ത് ചെന്നിട്ട്, അവിടെ അയാളോടൊത്തു ഇരുന്നിട്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ?’ ആ മനുഷ്യൻ അമ്പരക്കുകയാണ്. ജീവിതത്തിന്റെ അങ്ങേയറ്റത്തുപോലും ഇവനെങ്ങനെ ഒരു സാധ്യത ഭാവന ചെയ്തിട്ടില്ല. തന്റെ ദുരിതത്തെക്കുറിച്ചല്ലാതെ കണക്കുകൂട്ടലും അയാൾ നടത്തിയിട്ടില്ല. ഒരു സെക്കന്റുപോലും നഷ്ടപ്പെടുത്താതെ അയാൾ പറയുകയാണ്: ‘ഉവ്വ് കർത്താവേ.’ അവിടുന്ന് അവനെ സുഖപ്പെടുത്തുകയാണ്. ആരും യേശുവിനോട് പറഞ്ഞില്ല. ആരും യേശുവിനോടു ചോദിച്ചില്ല. ഒരു മെമ്മോറണ്ടംപോലും ആരും യേശുവിനുമുന്പിൽ വച്ചില്ല. മനുഷ്യന്റെ നോവ് മനസ്സിലാക്കി അവനിലേക്ക്‌ കടന്നുചെല്ലുകയാണ് ഈശോ.

എല്ലാവർഷവും വേനൽ അവധിക്കാലത്ത് മാതാപിതാക്കളുടെ കൂടെ അകലെയുള്ള മുത്തശ്ശിയെ കാണാൻ പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. മാതാപിതാക്കളോടൊത്തുള്ള ആ യാത്ര എന്നും അവൻ ആസ്വദിച്ചിരുന്നു. അവന് പന്ത്രണ്ട് വയസ്സായപ്പോൾ തനിയെ യാത്രചെയ്യാൻ അവനൊരു മോഹം. പരീക്ഷയെല്ലാം കഴിഞ്ഞ്, ആ വർഷത്തെ അവധിക്കാലം അടുത്തപ്പോൾ അവൻ മാതാപിതാക്കളോട് ചോദിച്ചു: “ഇപ്രാവശ്യം മുത്തശ്ശിയെകാണാൻ ഞാൻ തനിച്ച് പൊയ്ക്കോട്ടേ?” മാതാപിതാക്കൾ സമ്മതിച്ചു. അവധിക്കാലം വന്നപ്പോൾ അമ്മ അവന്റെ പെട്ടി ഒരുക്കിക്കൊടുത്തു. യാത്രയിൽ കഴിക്കാനുള്ള ഭക്ഷണവും ‘അമ്മ അവന്റെ ബാഗിൽ വെച്ചു. അവന്റെ പപ്പ അവനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി. പ്ലാറ്റുഫോമിൽ ട്രെയിൻ കാത്ത് നിന്നപ്പോൾ, പപ്പ അവനോട് പറഞ്ഞു: മോനെ, നീ ആദ്യമായിട്ടല്ലേ തനിച്ച് പോകുന്നത്. ” അതെയെന്ന് അവൻ തലകുലുക്കി. പപ്പ തന്റെ പോക്കറ്റിൽ നിന്ന് മടക്കിയ ഒരു കടലാസെടുത്ത് അവന്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് അവനോട് പറഞ്ഞു: “നിനക്ക് ട്രെയിനിൽ വച്ച് എന്തെങ്കിലും പേടിയോ, മറ്റെന്തെങ്കിലും അസ്വസ്ഥതയോ ഉണ്ടാകുകയാണെങ്കിൽ ഈ കടലാസെടുത്ത് നോക്കണം.” മടക്കിയ കടലാസ് ഭദ്രമായിട്ടാണ് പോക്കറ്റിലുള്ളത് എന്ന് അവൻ കൈതൊട്ട് ഉറപ്പാക്കി. അപ്പോഴേക്കും ട്രെയിൻ വന്നു. കുട്ടി സന്തോഷത്തോടെ യാത്രയായി.

കുട്ടി ജനലിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ കുറച്ചാളുകൾ അവനിരുന്ന ബോഗിയിൽ കയറി. ആദ്യമൊന്നും ഒരു കുഴപ്പവും അവന് തോന്നിയില്ല. അല്പം കഴിഞ്ഞപ്പോൾ, കയറിയ ആളുകൾ അവനെ തുറിച്ചുനോക്കുന്നതായി അവന് തോന്നി. അവന്റെയുള്ളിൽ പേടി പനച്ചിറങ്ങി. കൈകൾ വിറയ്ക്കുന്നതായി അവനു തോന്നി. ഉടനെ, അവൻ പപ്പ പറഞ്ഞതോർത്തു. എന്നിട്ട്, പോക്കറ്റിൽ കിടന്ന് പേപ്പർ എടുത്ത് അതിന്റെ മടക്കു തുറന്നു. അതിൽ എഴുതിയിരുന്നത് അവൻ വായിച്ചു: “മകനേ, ഒട്ടും പേടിക്കേണ്ട. നീ യാത്ര ചെയ്യുന്ന ട്രെയിനിന്റെ അടുത്ത ബോഗിയിൽ ഞാനുണ്ട്.” അവന് ഉള്ളിൽ ധൈര്യം തോന്നി. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ആളുകളെ ഒട്ടും തന്നെ ശ്രദ്ധിക്കാതെ, അവൻ പുറത്തേക്ക് നോക്കി ട്രെയിൻ യാത്ര ആസ്വദിച്ചു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതയാത്രയിൽ, ഈശോ നമ്മുടെ ജീവിതത്തിൽ ഉണ്ട്. നമുക്ക് പേടിയുണ്ടാകുമ്പോൾ, ജീവിതം വിറക്കുന്നതായി തോന്നുമ്പോൾ, ജീവിത സാഹചര്യം മോശമാകുമ്പോൾ ഓർക്കുക, ഈശോ അടുത്ത ബോഗിയിൽ ഉണ്ട്. വിശുദ്ധ കുർബാനയാണ് ഈശോ നമുക്ക് നൽകിയിരിക്കുന്ന കടലാസ്. അതിൽ എഴുതിയിട്ടുണ്ട്: “ഭയപ്പെടേണ്ട, മകളേ, മകനേ ഞാൻ നിന്റെ കൂടെയുണ്ട്.” പെസഹാവ്യാഴം ഈ ഓർമപ്പെടുത്തലാണ്.  സ്നേഹം കരകവിഞ്ഞൊഴുകിയ ആ മുഹൂർത്തത്തിലെ ഈശോയുടെ സ്നേഹത്തിൽ ചാലിച്ച വാക്കുകളെ നാം മറക്കാതിരിക്കുക: “ഇതെന്റെ ശരീരമാണ്. നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ. ഇതെന്റെ രക്തമാണ്, നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ.” ഈ വചനങ്ങളെ ധ്യാനിക്കുമ്പോൾ സ്നേഹമിങ്ങനെ നമ്മുടെ ഹൃദയത്തിൽ തുടിക്കട്ടെ.

സ്നേഹമുള്ളവരേ, വിശുദ്ധ കുർബാനയെ നാം കൂടുതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയോട് സ്നേഹമല്ല, പ്രണയം തോന്നേണ്ടിയിരിക്കുന്നു. എന്നോടുള്ള ദൈവത്തിന്റെ അതിവിസ്മയകരമായ പ്രതിഭാസം എന്നൊക്കെ വേണമെങ്കിൽ നമുക്ക് വിശുദ്ധ കുർബാനയെ വിശേഷിപ്പിക്കാം.

ഈ പെസഹാവ്യാഴം വിശുദ്ധ കുർബാനയോട് കൂടുതൽ അടുത്തിരിക്കാം. എന്നിട്ട് വിശുദ്ധ കുർബാനയിലെ ഈശോയോട് സ്നേഹസംഭാഷണം നടത്താം. വിശുദ്ധ കുർബാനയുടെ കൂട്ടുകാരാകാം. ഈ പെസഹാവ്യാഴാഴ്‌ചത്തെ പ്രാർത്ഥനകളും, ആചാരങ്ങളും അതിനായി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON PALM SUNDAY 2024

ഓശാന ഞായർ – 2024

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്. 

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥാനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, പെസഹാത്തിരുനാളിന് ജനം മുഴുവൻ ജറുസലേമിൽ തിങ്ങിക്കൂടിയപ്പോൾ, സ്വർഗത്തിൽ നിന്നെന്നപോലെ, വലിയൊരു അത്ഭുതം പോലെ, അന്നുവരെയുണ്ടായിരുന്ന, ലോകത്തിന്റെ അവസാനവരെയുള്ള ജനത്തിന്റെ ഓശാനവിളികൾക്ക്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ എന്ന ജനത്തിന്റെ ഹൃദയം തകർന്നുള്ള കരച്ചിലുകൾക്ക്, മിശിഹായേ വരണമേ എന്ന കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം, ഉത്തരമെന്നോണം, ദാവീദിന്റെ പുത്രനായ ഈശോ, ജീവിത ദൗത്യം പൂർത്തീകരിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ …. തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ, ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! “ദാവീദിന്റെ പുത്രന് ഹോസാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ റോഡ് ഷോ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

സ്നേഹമുള്ളവരേ, എന്താണ് നാമിന്ന് ആചരിക്കുന്നത്? ബോധ്യമുണ്ടാകണം നമുക്ക്! ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശംഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമായിരുന്നില്ല അത്. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നുഎന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു. ആഘോഷത്തിനുവേണ്ടിയോ, ആചരണത്തിനുവേണ്ടിയോ, സമൂഹത്തിൽ മാനിക്കപ്പെടുവാൻവേണ്ടിയോ, വെറുമൊരു ജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ വേണ്ടിയോ, സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി മറന്നുകളയാൻവേണ്ടിയോ നാമൊക്കെ  നടത്തുന്ന  വെറുതെ ഒരു  പ്രതിജ്ഞപോലെയല്ല, “ദൈവമേ നിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നുഎന്ന് പിതാവായ ദൈവത്തിന് കൊടുത്ത വാക്കിന്റെ പൂർത്തീകരണമായിരുന്നു ഈശോയുടെ ജറുസലേം  പ്രവേശം!

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശംകൊണ്ടായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ – ആ വ്യക്തി ആരുമായിക്കൊള്ളട്ടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഭാര്യയോ ഭർത്താവോ, വൈദികനോ സന്യാസിയോ, മെത്രാനോ ആയിക്കൊള്ളട്ടെ – ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?  

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ, ചൈതന്യത്തിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ആകാശങ്ങളിൽ പല ദിക്കുകളിൽനിന്ന് പക്ഷികൾ വന്ന് ചുറ്റും പറന്നുനടന്ന് ആഹ്ളാദം പങ്കുവയ്ക്കുകയാണ്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? വിശുദ്ധരുടെ ജീവിതങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമായിരുന്നു. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചുകൊണ്ട്, സ്വന്തം താത്പര്യങ്ങളും, സൗകര്യങ്ങളും, ഇഷ്ടങ്ങളും ത്യജിച്ചുകൊണ്ട് തിരുസ്സഭയിലൂടെ, സീറോമലബാർ സഭയിലൂടെ, മറ്റ് വ്യക്തിഗതസഭകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിച്ചപ്പോഴാണ് അവരുടെ ജീവിതങ്ങൾ വിശുദ്ധമായത്. നോക്കൂ വിശുദ്ധ പാദ്രെ പിയോയെ?  വിശുദ്ധിയുടെ വഴികളിലൂടെ ഈ ഭൂമിയിലൂടെ നടന്നുപോയപ്പോൾ, തിരുസഭയിൽ നിന്ന് കിട്ടിയ ശിക്ഷണ നടപടികൾ പോലും ദൈവത്തിന്റെ ഇഷ്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്?

എന്തുകൊണ്ടാണ് വിവാഹം നമ്മൾ ആഘോഷമാക്കുന്നത്? രണ്ടു ചെറുപ്പക്കാർ, അവളും, അവനും, അവരുടെ യൗവ്വനത്തിന്റെ കാലഘട്ടത്തിൽ, ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തിരുസ്സഭയെ സാക്ഷിയാക്കി,നീ നൽകിയ ജീവിതപങ്കാളിയോടൊത്ത്  ദൈവമേ നിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ആ വിവാഹം, ആ ദാമ്പത്യം ആഘോഷിക്കുവാൻ മാത്രമുള്ളതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാണ് ഓരോ വിവാഹവും, ദാമ്പത്യജീവിതവും, കുടുംബജീവിതവും! പിന്നീടങ്ങോട്ട് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും എടുത്ത് പ്രതിജ്ഞ നിറവേറ്റുവാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് അവരുടെ ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമാക്കി മാറ്റുന്നത്!   

എന്തുകൊണ്ടാണ് തിരുപ്പട്ടവും സന്യാസം സ്വീകരിക്കലും നാം ഉത്സവമാക്കുന്നത്? ദൈവമേ നീ നൽകിയ ജീവിതം മുഴുവനും നിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കുവാൻ ഞാൻ തയ്യാറാണ് എന്നും പറഞ്ഞുകൊണ്ട്, അഭിവന്ദ്യ മെത്രാന്റെ മുൻപിൽ, സഭാ ശ്രേഷ്ഠന്റെ, സഭാ ശ്രേഷ്ഠയുടെ മുൻപിൽ, തിരുസഭയുടെ മുൻപിൽ, മുട്ടുകുത്തി നിന്നുകൊണ്ടോ, കമിഴ്ന്നുവീണ് കിടന്നുകൊണ്ടോ ഏറ്റുപറയുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ജീവിക്കുവാൻ തയ്യറായി നിൽക്കുന്ന ആ ചെറുപ്പക്കാരെ എങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം സ്വീകരിക്കേണ്ടത്? എങ്ങനെയാണ് ആ മഹാ സംഭവം ആഘോഷിക്കേണ്ടത്? തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്? ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും തങ്ങളിലൂടെ, തങ്ങളുടെ ജീവിതത്തിലൂടെ പൂർത്തിയാക്കുവാൻ അവർ ശ്രമിക്കുന്നതുകൊണ്ടല്ലേ ലോകം മുഴുവനും അവരെ ബഹുമാനിക്കുന്നത്!! ക്രിസ്തുവിനുവേണ്ടി, തിരുസ്സഭയ്ക്കുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വന്തം അഭിപ്രായങ്ങൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ട്, ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കുന്ന മഹത് വ്യക്തിത്വങ്ങളെ ആഘോഷത്തോടും, ആരവങ്ങളോടുംകൂടി നാം സ്വീകരിക്കുമ്പോൾ അവരുടെ എളിമയിൽ, അവരുടെ സമർപ്പണത്തിൽ നാം ക്രിസ്തുവിനെ കാണുകയാണ്!!

ഓരോ ജീവിതാന്തസ്സിലേക്കുള്ള പ്രവേശവും ഓശാനഞായറിന്റെ ചൈതന്യവും ആഹ്ലാദവും നിറച്ചുകൊണ്ടാണ് ഭൂമിയിൽ പിറന്നുവീഴുന്നത്.

സ്നേഹമുള്ളവരേ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജനും, പുറത്തേയ്ക്ക് വിടുന്ന കാർബൺ ഡയോക്സൈഡും, ഇവ രണ്ടുംകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഹൃദയത്തോടെ ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. ആ വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, ആ വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റ ലാണ്; ജീവിതം മുഴുവൻ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കിമാറ്റലാണത്. തിരുസ്സഭയിൽ, സീറോമലബാർ സഭയിൽ, നമ്മുടെ കുടുംബങ്ങളിൽ, നാം ക്രൈസ്തവരുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്, എതിർസാക്ഷ്യങ്ങൾക്ക് കാരണം നാമൊക്കെ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശ്രമിക്കാതെ, നമ്മുടെ അഹന്തയുടെ കുതിരപ്പുറത്തുകയറി യാത്രചെയ്യുന്നു എന്നതാണ്. കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ,

നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ! വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!