Category Archives: Sunday sermon

SUNDAY SERMON MT 17, 14-21

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ ലോകം തന്നെ, ചില സമയങ്ങളിൽ, ഈ പ്രപഞ്ചം തന്നെ അപസ്മാരം പിടിപെട്ടവരെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്. വർത്തമാനപ്പത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് ശരിയാണെന്ന് നമുക്ക് തോന്നും. ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം.  

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത്, ഈശോ ആവശ്യപ്പെടുന്നത്, ഹൃദയത്തിലുള്ള വിശ്വാസമാണ്.

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ, ഈശോ, സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറഞ്ഞപോലുള്ള വിശ്വാസം; കർത്താവേ, നീ ജീവനുള്ള ദൈവത്തിന്റെ മിശിഹയാകുന്നുവെന്ന് വിശുദ്ധ പത്രോസ് വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; നമ്മുടെ പ്രായം ചെന്ന വല്യപ്പന്മാരും, വല്യമ്മമാരും അതിരാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാന അർപ്പിക്കാൻ ദേവാലയത്തിലെത്തുന്ന പോലുള്ള വിശ്വാസം! എന്തുമാത്രം വിശ്വാസ പ്രതിസന്ധികളുണ്ടായാലും, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയേയും കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങളുണ്ടായാലും, ദൈവാലയത്തിന്റെ തിരുനടയിൽ തിരികത്തിച്ച് പ്രാർത്ഥിക്കാനെത്തുന്ന സാധാരണ ക്രൈസ്തവന്റെ വിശ്വാസം, എന്റെ ദൈവം എന്റെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറയ്ക്കുവാൻ എന്റെ ജീവിതത്തിലേക്ക് വരും എന്ന ഓരോ ക്രൈസ്തവന്റെയും വിശ്വാസം! വിശ്വാസം – യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്.

ദേവാലയങ്ങളുടെ വലിപ്പമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ, സംസ്കാരത്തിന്റെ പവിത്രതയല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം, ക്രൈസ്തവരുടെ എണ്ണമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വലിപ്പം, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ Richness, സമ്പന്നത! ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം തന്നെയാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ, സൗന്ദര്യം, വലിപ്പം, സമ്പന്നത.

താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, ശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവനെ സുഖപ്പെടുത്തുന്നതും.

ഈ സംഭവവിവരണത്തിലൂടെ ഒന്ന് കടന്നുപോകാം… ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇസ്രായേല്യരുടെ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ജോലി ഭാരം കൂട്ടുന്നതായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നമുക്കാർക്കെങ്കിലും ആയിരുന്നെങ്കിൽ ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലെല്ലാം നാം ഓടിച്ചെന്നേനെ! അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി …അങ്ങനെ ഏതെല്ലാം പതികളുണ്ടോ അവിടെയെല്ലാം നാം കടന്നുചെന്നേനെ! ശരിയല്ലേ?  

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ അഞ്ചാം  ചരമവാർഷികമായിരുന്നു.      

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്. വാണിജ്യ സിനിമകൾക്ക്, ക്രൈസ്തവന്റെ സുഖപ്പെടുത്തുന്ന കർത്താവിന്റെ, ദൈവത്തിന്റെ, ഈശോയുടെ പേര് നൽകി ക്രൈസ്തവവിശ്വാസത്തെയും, ഈശോയെയും അപമാനിക്കുന്നവർക്ക് വലിയൊരു വെല്ലുവിളിയാണ്, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ!

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

2014 ൽ ഇറങ്ങിയ ഒരു English Film ഉണ്ട് – Exodus: Gods and Kings. പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളാണ് സിനിമയുടെ വിഷയം. സംവിധാനം, ഗ്ലാഡിയേറ്റർ (Gladiator 2000) ഫെയിം, റിഡ്‌ലെ സ്കോട്ട് (Ridley Scott) ആണ്. മോസസ് ആയി അഭിനയിച്ച ക്രിസ്ത്യൻ ബെയ്ൽ (Christian Bale) നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഈജിപ്തിൽ നിന്ന് മോശയുടെ നേതൃത്വത്തിൽ രക്ഷപ്പെടുന്ന ഇസ്രായേൽ ജനം ആഹ്ളാദാരവങ്ങളോടെയാണ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കാനാൻ ദേശം ലക്ഷ്യമാക്കി നടക്കുന്നത്. എല്ലാം ശുഭമാണെന്ന് വിചാരിച്ച് സന്തോഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് ചെങ്കടൽ അവർക്ക് മുൻപിൽ വെള്ളത്തിന്റെ മതിൽ സൃഷ്ടിക്കുന്നത്. മോസസ് പ്രധാനആളുകളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഒരു ഫലവുമില്ല. ഫറവോയുടെ പട്ടാളം പിന്നാലെ വന്ന് തങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുമോയെന്ന ഭയം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു. ജനം പരാതിപറയാൻ തുടങ്ങി. പരസ്പരം തമ്മിൽ തല്ലാൻ തുടങ്ങി. മോസസ് കാലുവെന്ത പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം, അവസാനം അദ്ദേഹം തന്റെ കയ്യിലിരുന്ന വടി വെള്ളത്തിലേക്ക് എറിഞ്ഞിട്ട് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു: “യഹോവയെ എന്നെക്കൊണ്ട് ഈ വലിയ തടസ്സം മാറ്റാൻ പറ്റില്ല. യഹോവയേ, നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.” ഇതും പറഞ്ഞു അയാൾ മണലിൽ കമിഴ്ന്നു കിടന്നു. ഒട്ടും സമയം കഴിഞ്ഞില്ല. അയാളുടെ കാതുകൾ വെള്ളത്തിന്റെ തിരയനക്കം കേട്ടു. തലയുയർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് വെള്ളം പിന്നോട്ടോടുന്നതാണ്. വചനം പറയുന്നു: “ഇസ്രായേൽ ജനം കരയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നു.” ദൈവത്തിന്റെ കയ്യിലേക്ക് പൂർണമായി കൊടുക്കുക. അത്രയ്ക്കും വിശ്വാസം നിനക്കുണ്ടാകുക. സ്നേഹിതാ, ദൈവം നിന്റെ ജീവിതത്തെ സുഖപ്പെടുത്തും.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! ഇടവകയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ, ക്ഷമയുടെയും, കരുണയുടെയും, വിട്ടുവീഴ്ചയുടെയും മാർഗത്തിലൂടെ ഇടവകയിൽ തന്നെ തീരുമാനം ഉണ്ടാക്കാതെ നേരെ കേസുകൊടുക്കുവാൻ ഓടുമ്പോൾ, പള്ളിക്കവലയിൽ കിടന്ന് തുള്ളുമ്പോൾ,  അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.  

ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON MT 13, 24-30

ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ

മത്താ 13, 24-30   

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.  പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? മണിപ്പൂരിൽ കലാപത്തിന്റെ മറവിൽ ക്രൈസ്തവരെയും, ക്രൈസ്തവ ദേവാലയങ്ങളെയും തിരഞ്ഞുപിടിച്ച് തകർക്കുവാൻ തീവ്രവാദികൾ എവിടെനിന്ന് വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? പ്രണയപ്പകയുമായി യുവതിയെ ആക്രമിക്കുക, ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യചെയ്യുക, വീട്ടിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുക, തുടങ്ങി തഴച്ചങ്ങനെ വളരുന്ന കളകൾ ധാരാളമാണ് നമ്മുടെ സമൂഹത്തിൽ!  എല്ലാ നന്മമരങ്ങളെയും വീഴ്ത്തിക്കൊണ്ടാണ് സോളാർ ഗൂഡലോചന തുടങ്ങിയ രാഷ്ട്രീയക്കളകളുടെയും വളർച്ച! “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലിയുള്ള ഒച്ചപ്പാടുകളുമായി മതപരമായ കളകളും ആർത്തലച്ചുതന്നെയാണ് വളരുന്നത്!! വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!

നല്ല വിത്തുകൾ മാത്രം വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ, കരുണയുടെ, നീതിയുടെ രാജ്യം വളർത്തുവാൻ ശ്രമിക്കുമ്പോൾ, അവിടെ കളകളും പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, നല്ല വിത്തുകളുടെ വളവും ജലവും സ്വീകരിച്ചുകൊണ്ട് അവ തഴച്ചു വളരുന്നു. തഴച്ചുവളരുക മാത്രമല്ല, തങ്ങളാണ് നല്ല വിത്തുകൾ എന്ന് കാണികളെ ബോധ്യപ്പെടുത്തുംവിധം Original ആയി അഭിനയിക്കുകയും ചെയ്യുന്നു.

ഈ ലോകത്തിന്റെ സ്വഭാവത്തെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ ലോകത്തിന് രണ്ട് സ്വഭാവങ്ങളുണ്ട്. ദ്വന്ദാത്മകമാണ് (Dulaism) ഈ ലോകം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും…അങ്ങനെ എവിടെ നോക്കിയാലും രണ്ടു സ്വഭാവങ്ങൾ കാണും. ഇങ്ങനെയുള്ളൊരു ബൈനറിയിൽ (Binary) നിന്നുകൊണ്ടാണ് പൊതുവേ നാം വിശുദ്ധ വചനങ്ങളെ നോക്കിക്കാണുന്നതും, അവയിലുള്ള ആശയങ്ങൾ വികസിപ്പിക്കുന്നതും. എന്നാൽ, യാഥാർഥ്യം, ശരിയായത് ഒന്ന് മാത്രമേയുള്ളു. ഇരുളല്ലാ, വെളിച്ചമാണ് യാഥാർഥ്യം. തിന്മയല്ല, നന്മയാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഈശോ പറയുന്നത് രണ്ടും ഒരുമിച്ച് വളരട്ടെയെന്ന്. കാരണം, നല്ലതിനെ സംരക്ഷിക്കുവാൻ വേണ്ടി തിന്മയെ, കളകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ   നല്ല ചെടികളും, നന്മയും ചിലപ്പോൾ ഇല്ലാതായേക്കാം. കളകളെ ഇല്ലാതാക്കുവാൻവേണ്ടി, നമ്മുടെ സമയവും, energy യും ചിലവാക്കുമ്പോൾ,നന്മയ്ക്കുവേണ്ടി, നല്ല ചെടികൾക്കുവേണ്ടി സമയവും energy യും കൊടുക്കുവാൻ നാം  മറന്നെന്ന് വരാം.  അല്ലെങ്കിൽ, ആവശ്യമുള്ളിടത്തോളം പരിരക്ഷണം കൊടുക്കുവാൻ പറ്റിയില്ലെന്നും വരാം. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത് കൊയ്ത്തുകാലം വരുമ്പോൾ മാത്രമേ, ശരിയായത് തിരിച്ചറിയുവാനും ശേഖരിക്കുവാനും കഴിയൂ.

എന്താണ് കൊയ്ത്തുകാലം? ഈശോ ഈ ഉപമ വ്യാഖ്യാനിക്കുമ്പോൾ പറയുന്നത് കൊയ്ത്തുകാലം യുഗാന്തമാണെന്നാണ്. (മത്താ 13, 39) കൊയ്ത്തുകാർ ദൈവദൂതരും. കളകൾ, തിന്മ ചെയ്തവർ തീയിലെറിയപ്പെടും. നീതിമാന്മാർ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്. (മത്താ 13, 39) നമ്മുടെ കത്തോലിക്കാ വിശ്വാസത്തിൽ ഇത്രയും മനസ്സിലാക്കാനും യുഗാന്തോൻമുഖരായി ജീവിക്കുവാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.

എന്നാൽ അല്പം കൂടി പ്രായോഗികമായി ഈ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ പ്രതീകാത്മക വ്യാഖ്യാനം (Symbolic Interpretation) നമ്മെ സഹായിക്കും. പ്രതീകാത്മകമായ (Symbolic) വ്യാഖ്യാനം ഇങ്ങനെയാണ്: കൊയ്ത്തുകാലം ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനത്തിന്റെ സമയമാണ്. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നിങ്ങനെ നിൽക്കും. ദൈവത്തിന്റെ നന്മയും, ദുഷ്ടന്റെ തിന്മയും നമ്മുടെ മുന്പിലുണ്ടാകും. നാം ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരും. ഓരോ തീരുമാനത്തിന്റെയും സമയം വളരെ തീവ്രതയേറിയതാണ്. കാറ്റിലകപ്പെട്ട കരിയിലപോലെ അത് നമ്മുടെ ജീവിതങ്ങളെ കശക്കിയെറിയും. രക്തപങ്കിലമായ ഒരു യുദ്ധത്തിനെക്കാൾ രൂക്ഷതയേറിയതാകും ചിലപ്പോൾ നമ്മുടെ അവസ്ഥ! 

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിൽ ‘അമ്മ ഇതുപോലൊരു കൊയ്ത്തുകാലത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈശോയുടെ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അവളുടെ മുൻപിൽ വന്നു നിന്ന സമയം. അവൾ വളരെ അസ്വസ്ഥയായി എന്നാണ് വചനം പറയുന്നത്. നന്മയുടെയും തിന്മയുടെയും ഒരു സംഘർഷം, വടംവലി അവളുടെ മനസ്സിൽ നടന്നു. ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നിന്ന സമയം. (ലൂക്ക 1, 26-38) ഈശോയുടെ ജീവിതത്തിലും ഒരു കൊയ്ത്തുകാലം വരുന്നുണ്ട്, തീരുമാനമെടുക്കുവാനുള്ള സമയം. ഒറ്റിക്കൊടുക്കുന്നവൻ തിന്മയുടെ ശക്തികളുമായി ചേർന്ന് ഈശോയെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈശോ ഗത്സമേൻ തോട്ടത്തിലാണ്. “അവൻ തീവ്രവേദനയിൽ മുഴുകി …അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” എന്നാണ് ഈശോയുടെ മാനസികാവസ്ഥയെപറ്റി വചനം പറയുന്നത്. ഗോതമ്പുചെടികളും, കളകളും ജീവിതത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഏത് കൊയ്തെടുക്കണമെന്ന് തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ഇവിടെ ആര് ജയിക്കും?

ആര് ജയിക്കും, ഏത് തിരഞ്ഞെടുക്കണം എന്നറിയാൻ നമുക്ക് നിയമാവർത്തന പുസ്തകം വരെയൊന്ന് പോകണം.  

നിയമാവർത്തനപുസ്തകം അദ്ധ്യായം 30 ൽ മോശ തന്റെ മരണത്തിന് മുൻപ് ഇസ്രായേൽ ജനത്തോട് പറയുന്നത് നോക്കൂ. “ഇതാ ഇന്ന് ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. …നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. …എന്നാൽ ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും…ചെയ്‌താൽ നീ തീർച്ചയായും നശിക്കും. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു...” (15 – 19) ഈ രണ്ടു യാഥാർഥ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? ആര് ജയിക്കും?

പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ (George Bernard Shaw) ഒരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്: ഒരിക്കൽ വൃദ്ധനായ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, ഉള്ളിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ബെർണാഡ് ഷായോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: “സാർ, എന്റെ ഉള്ളിൽ രണ്ട് പട്ടികൾ ഉണ്ട്. ഒരു പട്ടി വളരെ തിന്മ നിറഞ്ഞതാണ്. മറ്റേതാകട്ടെ വളരെ നല്ലതും. രണ്ടുപേരും എന്റെ ഉള്ളിൽ കിടന്ന് കടിപിടി കൂടുകയാണ്.” അദ്ദേഹം ശ്വാസമെടുക്കാൻ അല്പമൊന്ന് നിർത്തിയപ്പോൾ ബെർണാഡ് ഷാ ചോദിച്ചു: ” “ആരാണ് എപ്പോഴും ജയിക്കുന്നത്?” തെല്ലൊന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു: “ഏതിനാണോ ഞാൻ കൂടുതൽ തീറ്റ കൊടുക്കുന്നത് അത്.”

സ്നേഹമുള്ളവരേ, കൊയ്ത്തുകാലം നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളുടെ സമയമാണ്. തീരുമാനമെടുക്കുന്ന സമയം കൊയ്ത്തുകാലമാണ്. നാം കൊയ്യാൻ പോകുകയാണ്. ഏതു കൊയ്യണം? നന്മയോ, തിന്മയോ? സ്നേഹമോ വെറുപ്പോ? കുടുംബത്തിന്റെ വളർച്ചയോ, തളർച്ചയോ? സമാധാനമോ യുദ്ധമോ? ജീവനോ മരണമോ? ഏത് ഞാൻ തിരഞ്ഞെടുക്കും? ഏതിനോടാണോ എനിക്ക് ഏറെ ഇഷ്ടം അതിനെ, ഏതിനെയാണോ ഞാൻ നാന്നായി തീറ്റിപ്പോറ്റുന്നത് അതിനെ ഞാൻ തിരഞ്ഞെടുക്കും. ഇരുളാണ് എന്നിലുള്ളതെങ്കിൽ, വെറുപ്പാണ് എന്നിലുള്ളതെങ്കിൽ, അഹങ്കാരത്തിന്റെ, അസൂയയുടെ, നാശത്തിന്റെ സർപ്പങ്ങളോടൊപ്പമാണ് എന്റെ ജീവിതമെങ്കിൽ ജയിക്കുന്നത് തിന്മയായിരിക്കും. ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ജീവിതത്തിന്റെ നാഥൻ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മനുഷ്യപുത്രനാണ് ഈശോയാണ് നിന്റെ ജീവിതത്തിന്റെ നാഥൻ എങ്കിൽ, നീ ജീവിക്കും. ഈശോയല്ല, കളകളുടെ, തിന്മയുടെ, ദുഷ്ടതയുടെ കേശുമാരാണ്, സാത്താനാണ് നിന്റെ ജീവിതത്തിന്റെ നാഥനെങ്കിൽ നീ നശിക്കും.

വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, നാം ‘ദൈവത്തിന്റെ വയലാണ്’ (1 കോറി 3, 9) ദൈവം വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വയലുകൾ. അവിടുന്ന് നല്ല വിത്തുകൾ നമ്മിൽ വിതയ്ക്കുന്നു. എന്നാൽ നാം അറിയുന്നു, നമ്മിൽ കളകളും വളരുന്നുണ്ടെന്ന്. ദൈവം തന്റെ കൃപാവരം, energy നമുക്ക് എപ്പോഴും നൽകുന്നു. ഓർക്കുക, നമ്മിലെ കളകൾ ഇതേ വളവും ജലവും വലിച്ചെടുത്താണ് വളരുന്നത്.  കാരണം, energy ഒന്നേയുള്ളു. ആ energy കൊണ്ട് ആരെ തീറ്റിപ്പോറ്റണമെന്നുള്ളത് നിന്റെ, നമ്മുടെ തീരുമാനമാണ്. ജീവിതം മുഴുവനും തീരുമാനങ്ങളുടെ കൂട്ടമാണ്. ഓരോ നിമിഷവും നാം തീരുമാനങ്ങളെടുക്കുകയാണ്. വളരെ ഗൗരവമേറിയതാണ് ഓരോ തീരുമാനത്തിന്റെ നിമിഷവും, ഓരോ കൊയ്ത്തുകാലവും. ഓരോ വ്യക്തിയും അവളുടെ/അവന്റെ തീരുമാനമാണ്. വെളിച്ചമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെളിച്ചം, സ്നേഹമാണെങ്കിൽ സ്നേഹം. വെറുപ്പാണെങ്കിൽ വെറുപ്പ്‌, തിന്മയാണെങ്കിൽ തിന്മ!

ജീവിതം ഒരു ചെസ്സ് കളിപോലെയാണ്. നമ്മുടെ ഓരോ നീക്കത്തിനും, നമ്മുടെ ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്. അത് ജീവിതത്തിലെ സാധാരണ കാര്യങ്ങളായാലും ഗൗരവമേറിയകാര്യങ്ങളായാലും ഒരുപോലെയാണ്. എന്നാൽ, തീരുമാനം, തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും, തീരുമാനത്തിന്റെയും സമയം, പ്രിയപ്പെട്ടവരേ, യുഗാന്തം പോലെ പ്രധാനപ്പെട്ടതാണ്. ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും, സമൂഹത്തിലും, ലോകം മുഴുവനും ഇന്ന് കളകൾ, തിന്മകൾ വർധിച്ചുവരികയാണ്. ചിലപ്പോൾ തോന്നും, കളകളല്ലേ, കളകൾ മാത്രമല്ലേ  തഴച്ചു വളരുന്നത് എന്ന്! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളാണ് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പായുന്നത്! ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്, കളകൾ തീയിലേറിയപ്പെടും എന്ന് തന്നെയാണ്. കളകൾ എന്തുമാത്രം തഴച്ചുവളർന്നാലും, നമ്മിലെ നന്മകളെ നിഷ്പ്രഭമാക്കിക്കൊണ്ട് വളർന്നു നിന്നാലും, നമ്മെ ചുമരോട് ചേർത്ത് തേച്ച് ഒട്ടിച്ചാലും, ഈശോ പറയുന്നു, കളകൾ ഒരുമിച്ചുകൂട്ടി തീയിൽ ചുട്ടുകളയുക തന്നെ ചെയ്യും.

കൊയ്ത്തുകാലം യുഗാന്തമായിട്ടും നാം ചിന്തിക്കണം. ഒടുവിൽ ഒരു വിധിയുണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു – ഈ  ഭൂമിയിലെ ജീവിതത്തിന്മേൽ നിത്യനായ വിധിയാളൻ കൽപ്പിക്കുന്ന വിധി!  ഒരേ കളപ്പുരയിൽ ശേഖരിക്കുന്ന കൊയ്ത്തിൽ നിന്ന് കാറ്റിനഭിമുഖമായി പാറ്റി നിത്യനായ കൃഷിക്കാരൻ കളയും വിളയും വേർതിരിക്കും. ഒരേ വലയിൽനിന്ന് ശേഖരിക്കപ്പെടുന്ന മത്സ്യങ്ങളിൽ നിന്ന് നിത്യനായ മുക്കുവൻ നല്ലതും ചീത്തയും തരംതിരിക്കും. ഒരേ ആട്ടിൻപറ്റത്തിൽ നിന്ന് ചെമ്മരിയാടുകളെയും കോലാടുകളെയും നിത്യനായ ഇടയൻ ഇരുവശങ്ങളിലേക്ക് മാറ്റിനിർത്തും. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ കണക്ക് നമ്മൾ നൽകുമ്പോൾ നമ്മിലെ സുകൃതങ്ങൾ മാത്രമേ കണക്കിലെടുക്കുകയുള്ളു. പതിര്, കള, നമ്മിലെ തിന്മകൾ തീയിലെറിയപ്പെടും.

ഈ കാലഘട്ടത്തിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്: 1. നാം ദൈവത്തിന്റെ വയലാണ്. 2. ദൈവം നമ്മിൽ നല്ല വിത്തുകൾ വിതയ്ക്കുന്നു. 3. വിത്തുകൾ വളർന്ന് ചെടിയായി ഫലം പുറപ്പെടുവിക്കുവാൻ അവിടുന്ന് നമുക്ക് energy, കൃപ നൽകുന്നു. 4. നമ്മിലുള്ള തിന്മയും ഇതേ energy യാണ് വലിച്ചെടുക്കുന്നത്. 5. ജീവിതത്തിലെ തീരുമാനങ്ങളാണ് നമ്മെ ജീവനിലേക്കും മരണത്തിലേയ്ക്കും നയിക്കുന്നത്.

നമുക്ക് പ്രാർത്ഥിക്കാം. ഈശോയേ, ഞങ്ങളോട് എല്ലാം പൊറുക്കേണമേ. അസ്വസ്ഥതകളും, വഞ്ചനയും, കഷ്ടതകളും, അഹങ്കാരവും, ധാർഷ്ട്യവുമൊക്കെ നിറഞ്ഞ ഈ ജീവിതപുസ്തകത്തിൽ നിന്ന് കളകൾ വെട്ടിക്കളഞ്ഞ്

ഞങ്ങളെ ശുദ്ധീകരിക്കേണമേ! കളകൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനും, കളകൾ വളരാതെ ജീവിതവയലിനെ സംരക്ഷിക്കാനും കൃപതരണമേ. ആമേൻ!

SUNDAY SERMON MT 13, 1-9

ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ

മത്താ 13, 1-9   

സന്ദേശം

കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത, ചിങ്ങത്തിലെ മുണ്ടകൻ, മകരം കുംഭത്തിലെ പുഞ്ച കൃഷികളെക്കുറിച്ച് ഇന്ന് എത്രപേർക്ക് അറിയാം? പാടം ഒരുക്കുന്നതിനുള്ള കരിയും നുകവും, കെട്ടി അടിക്കാനുള്ള ചെരുപ്പ്, ഞാറു നടുന്നതിനുമുൻപ് ഞവർക്കാനുള്ള ഞവരി എന്നിവ കണ്ടിട്ടുണ്ടോ ഇന്നത്തെ തലമുറ? സംശയമാണ്. എങ്ങനെയാണ് വിത്തുവിതക്കാൻ നിലം ഒരുക്കുന്നത്? ആറ് ചാല് ഉഴുത് പാടം പാകമാക്കണം. ഇതിൽ നാലാമത്തെ ചാല് കഴിഞ്ഞ് ചെരുപ്പ് ഉപയോഗിച്ച് നിലം അടിക്കണം. പിന്നെ ഞവര ഉപയോഗിച്ച് ഞവർക്കണം. അത് കഴിഞ്ഞു വേണം മുളപൊട്ടി പാകമായ നെൽ വിത്ത് വിതയ്ക്കുവാൻ. വിതയ്ക്കുമ്പോൾ വിത്തിൽ അല്പം വെളിച്ചെണ്ണ ചേർക്കണം, വിത്ത് ചെളിയിൽ പൂണ്ടുപോകാതിരിക്കുവാൻ. വിതച്ചു കഴിഞ്ഞ് നാലാം ദിവസം വെള്ളം വറ്റിച്ചു കളയണം. പിന്നെ, നല്ല പരിപാലന വേണം. എങ്കിലേ, വിത്ത് മുളച്ചു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളു.

ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകൾ, അനുഭവങ്ങൾ കുറവാണെങ്കിലും, നിലം ഒരുക്കാതെ വിത്ത് വിതയ്ക്കുന്നത് മണ്ടത്തരമാണ് എന്നെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞാലേ, ഇന്നത്തെ സുവിശേഷത്തിലെ ഉപമയുടെ അർഥം, സന്ദേശം ഗ്രഹിക്കുവാൻ സാധിക്കൂ…

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. നമുക്ക് ഇങ്ങനെയൊന്ന് ഭാവന ചെയ്താലോ?

പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് മലയിറങ്ങുമ്പോഴാണ് ഈശോ ആ കാഴ്ച്ച കണ്ടത്. വിതയ്ക്കാൻ വിത്തും ചുമന്നുകൊണ്ട് കുറെ കർഷകർ പാടത്തേക്ക് പോകുന്നു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നിക്കാണണം. ഈശോ ഓർത്തു: ‘ഇവർ നിലം ഒരുക്കിക്കാണുമോ? വിതയ്ക്കുമ്പോൾ വിത്തുകൾ വഴിയിൽ വീണാലോ? പക്ഷികൾ കൊത്തിക്കൊണ്ടു പോകില്ലേ? പാടത്തോട് ചേർന്ന് കിടക്കുന്ന പാറപ്പുറത്ത് വീണാലോ? ഉണങ്ങിപോകില്ലേ? വരമ്പോട് ചേർന്ന് നിൽക്കുന്ന മുൾച്ചെടികൾക്കിടയിൽ വീണാലോ? മുൾച്ചെടികൾ ഞെരുക്കിക്കളയില്ലേ? “പിതാവേ, ഈ കർഷകർ വിതയ്ക്കുന്ന വിത്തുകൾ നല്ല നിലത്തു വീണു നൂറുമടങ്ങു് വിളവ് ഇവർക്കുകൊടുക്കണേ” ഈശോ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു ചിന്തയും ഈശോയുടെ മനസ്സിലേക്ക് ഓടിയെത്തി. ഞാനിന്ന് പറയുവാൻ പോകുന്ന വചനങ്ങൾ ഈ വിത്തുകൾ പോലെ തന്നെയല്ലേ? ഞാനല്ലേ വിതക്കാരൻ? കേൾക്കുന്ന മനുഷ്യർ അവരുടെ ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ടാകുമോ? വചനം കേട്ട് അവർ നന്മ നിറഞ്ഞ ജീവിതത്തിലേക്ക് വരുമോ? കേൾക്കുന്ന വചനത്തിന്റെ ശക്തി ഇവർക്ക് അറിയാമോ? പ്രഭാതത്തിന്റെ ചെറിയ തണുപ്പിലും ഈശോയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: ‘പിതാവേ, വചനം കേൾക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ നൂറുമടങ്ങു ഫലം പുറപ്പെടുവിക്കാൻ ഒരുക്കണമേ.’ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ തോളത്തു കിടന്ന് ഷോളെടുത്തു തുടച്ചിട്ട് ഈശോ ജനങ്ങൾക്കിടയിലേക്ക് നടന്നു.

ഈശോ അന്ന് ജനങ്ങളുടെ ഇടയിലേക്ക് ചെന്നിട്ട്, ഇങ്ങനെ പറയാൻ തുടങ്ങി: “ഒരു കർഷകൻ വിത്ത് വിതക്കാൻ പുറപ്പെട്ടു…”

ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ ക്രൈസ്തവജീവിതങ്ങളും, കുടുംബജീവിതങ്ങളും ധാരാളം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ, ഉള്ളിൽ നിന്ന് തന്നെയുള്ള പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാകുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എങ്കിലും വചനമായ ക്രിസ്തു, വചനത്തിലൂടെ, ക്രിസ്തുവിലൂടെ നമുക്ക് രക്ഷ നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്, വചനമാണ് രക്ഷ നൽകുന്നത് എന്ന് വിശുദ്ധ യോഹന്നാൻ  പറയുന്നുണ്ട്. വചനത്തിന്റെ പ്രാധാന്യം ബൈബിളിൽ വളരെ  വ്യക്തമാണ്. വചനമാണ് ജീവൻ നൽകുന്നത്. (യാക്കോബ് 1, 18) ദൈവത്തിന്റെ വചനംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. (മത്താ, 4, 4) വചനമാണ് ക്രൈസ്തവന്റെ ജീവിതവഴിയിലെ വിളക്ക്. (സങ്കീ 109, 105) വചനമാണ് നമുക്ക് സൗഖ്യം നൽകുന്നത്. (ജ്ഞാനം 16, 12) ഒരു യുവാവിനോ, യുവതിക്കോ അവരുടെ മാർഗം എങ്ങനെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കും? ദൈവത്തിന്റെ വചനമനുസരിച്ചു വ്യാപാരിച്ചുകൊണ്ട്. (സങ്കീ 119, 9) ആരാണ് ഭാഗ്യപ്പെട്ടവർ? ദൈവ വചനം കേൾക്കുന്നവരാണ്. (ലൂക്ക 11,28) പാറപ്പുറത്ത് വീട് പണിയുന്ന ബുദ്ധിമാനായ മനുഷ്യൻ ആരാണ്? ദൈവ വചനം കേട്ട് അനുസരിക്കുന്നവനാണ്. (മത്താ 7, 24) എന്താണ് മനുഷ്യന്റെ മാർഗങ്ങളിൽ പ്രകാശം നൽകുന്നത്? വചനമാണ്. എന്താണ് എളിയവർക്ക് അറിവ് നൽകുന്നത്? ദൈവത്തിന്റെ വചനമാണ്. (സങ്കീ 119, 130) എന്താണ് ഈ ലോകത്തിൽ സത്യമായിട്ടുള്ളത്? കർത്താവിന്റെ വചനമാണ്. (സങ്കീ 33, 4) മനുഷ്യന്റെ ജീവിതത്തിലെ പരീക്ഷകളെ നേരിടാൻ അവളിൽ/ അവനിൽ പാകിയിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കണം. (യാക്കോബ് 1, 21) സജീവവും, ഉർജ്ജസ്വലവുമായതും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും എന്താണ്? ദൈവത്തിന്റെ വചനമാണ്. (ഹെബ്രാ 4, 12)

എന്തിനായിരിക്കണം ഈശോ മനോഹരമായ വിത്തിന്റെ ഉപമ പറഞ്ഞത്? ദൈവവചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പാകുവാനാണ് ഈശോ ഈ ഉപമ പറയുന്നത്. ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. മുപ്പതുമേനി, അറുപതു മേനി, നൂറുമേനി performance കാണിക്കുന്ന, പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ മക്കളാകുവാനുള്ള App, ആപ്ലിക്കേഷൻ അവർക്കു നൽകുകയായിരുന്നു ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?  

നമുക്ക് ഉപമയിലേക്ക് വരാം. വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്ത്. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്.

വചനമാകുന്ന വിത്ത് വന്ന് വീഴുന്നത് നമ്മുടെ ജീവിതാവസ്ഥകളിലാണ്.  നാലു തരത്തിലുള്ള സാധ്യതകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്? ഇതിനു നാല് പടികൾ (steps, levels) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ്. (Unconscious) അതിനാൽ തന്നെ, അശക്തനുമാണ്. (Incompetence) ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. ധാരാളം വചനങ്ങൾ വിവിധ അവസരങ്ങളിൽ, പലതരം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ അവളിലേക്ക്/അവനിലേക്ക് എത്തപ്പെടും. എന്നാൽ, അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ, അവൾ, അവൻ അജ്ഞതയിലാകാം; അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു താത്പര്യമില്ല. അതുകൊണ്ടുതന്നെ, പ്രാപ്തിയുമില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും. വഴിയരികിൽ വീണ വിത്തിനെപ്പോലെ.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, ego, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. മുള്ളുകൾ ചെടികളെ ഞെരുക്കുന്നപോലെ! ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവാശ്യമില്ല. (Unconscious) സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്, അതിനുള്ള പ്രാപ്തിയിലാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും.

വിവിധ തരത്തിലുള്ള ജിഹാദുകളുടെ രൂപത്തിൽ വർഗീയ ശക്തികൾ സഭയെ ആക്രമിക്കുമ്പോൾ മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അവയെ നേരിടുവാൻ നമുക്കാകണം. ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്.

ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

SUNDAY SERMON LK 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

ആമുഖം

സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈ കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. നമ്മിലെ അന്ധതയെല്ലാം മാറ്റി, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കാം. 

 പ്രസംഗം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, വാണിജ്യ സിനിമകൾക്ക് “ഈശോ” എന്ന പേരിട്ട് ഈശോയെ അവഹേളിക്കുന്ന ഇന്നത്തെ ലാഭക്കൊതിയന്മാരായ സിനിമാ സംവിധായകർക്ക് ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

ഈശോയേ എന്ന അന്ധന്റെ ഹൃദയംപൊട്ടിയുള്ള നിലവിളികൾ നാം ജീവിക്കുന്ന സാഹചര്യങ്ങളിലും ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും 2008 ൽ ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന കലാപം. അന്ന് 39 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു; 395 പള്ളികൾ തകർക്കപ്പെട്ടു; 600 ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു; 5600 വീടുകൾ കൊള്ളയടിക്കപ്പെട്ടു; 54, 000 ജനങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ആക്രമികളെ പേടിച്ച് കാട്ടിലേക്ക്  രക്ഷപെടാൻ ശ്രമിച്ച ക്രൈസ്തവർ ഈശോയേ രക്ഷിക്കണമേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ഓടിയത്! വിഷപ്പാമ്പുകൾ നിറഞ്ഞ, വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഈശോയേ എന്നും വിളിച്ച് അഭയം തേടിയ ആ പാവം ജനങ്ങളെ വിഷപ്പാമ്പുകളോ, വന്യമൃഗങ്ങളോ ആക്രമിച്ചില്ല. എന്നാൽ അവരുടെ പിന്നാലെ വന്ന കൊലയാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.

ഈശോ എന്ന വിളി ഒരു അലമുറയായി വീണ്ടും ഉയർന്നത് കഴിഞ്ഞ മെയ് മാസം മണിപ്പൂരിലായിരുന്നു. കലാപം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ, തങ്ങളുടെ പള്ളികൾ തകർക്കപ്പെടുന്നത് കണ്ടപ്പോൾ ക്രൈസ്തവർ ഉറക്കെ വിളിച്ചത് ഈശോയേ എന്നായിരുന്നു. ഇന്നും മണിപ്പൂരിലെ ക്രൈസ്തവരുടെ അധരങ്ങളിൽ നിറയുന്നത് ഈശോ എന്ന നാമമാണ്.

ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നാൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും! നിങ്ങളുടെ സത്യസന്ധതപോലും കള്ളത്തരമായി പറയപ്പെടും!

റോമാസാമ്രാജ്യ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട തത്വചിന്തകരിൽ ഒരാളായ സെനെക്കാ (Seneca, AD 65) തന്റെ സുഹൃത്ത് ലുചിലിയുസിന് (Lucilius) അയച്ച ഒരു കത്തിൽ എഴുതിയത് ഇങ്ങനെയാണ്: “ഒഴിവാക്കേണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് നിങ്ങൾ ചോദിക്കുന്നു. ഞാൻ പറയുന്നു, ജനക്കൂട്ടം.” ജനക്കൂട്ടം ചിലപ്പോൾ ആർത്തുവിളിച്ച് സ്വാഗതമോതും, മറ്റ് ചിലപ്പോൾ ആക്രോശിച്ച് കുരിശിൽ തറയ്ക്കും, വേറെ ചിലപ്പോൾ കരുണയില്ലാതെ മനുഷ്യരെ നഗ്നരാക്കും. ചിലപ്പോഴാകട്ടെ നിർവികാരമായി നിൽക്കും.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഒരു രംഗമുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുവാൻ “തലയോട് എന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലതുവശത്തും, ഇതരനെ ഇടതുവശത്തും. യേശു ഉറക്കെ പറഞ്ഞു: “പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. പിന്നീട് അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കുവാൻ അവർ കുറിയിട്ടു.” ഇത്രയും വിവരിച്ചശേഷം ഒരു കുഞ്ഞുവരി വിശുദ്ധ ലൂക്കാ എഴുതിവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്, ” ജനക്കൂട്ടം നോക്കി നിന്നു”. ലോകത്തിൽ അന്നുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ക്രൂരമായ ഒരു വിധി നടപ്പാകുന്ന വികാര നിർഭരമായ ആ നിമിഷത്തിൽ നോക്കുക ജനക്കൂട്ടത്തിന്റെ മനോഭാവം – നിർവികാരം!  ജനക്കൂട്ടം നോക്കി നിന്നു.  

ഇതൊന്നുമല്ലെങ്കിൽ ജനക്കൂട്ടം video എടുത്ത് രസിക്കും. ഇതെല്ലാം ജനക്കൂട്ടത്തിന്റെ തമാശകളാണ്. ജനക്കൂട്ടം എപ്പോഴും തടസ്സമാണ്.  ഈ അന്ധന് മാത്രമല്ല, സക്കേവൂസിനും ഈശോയെ കാണാൻ തടസ്സമായിരുന്നത് ജനക്കൂട്ടമായിരുന്നു എന്ന് ഓർക്കുക.. (ലൂക്കാ 19, 3)

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative Identity Disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. “മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative identity disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? യുക്രൈനിൽ യുദ്ധം ചെയ്യുന്നവർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെ കാണാത്ത ഭരണകർത്താക്കളും അന്ധരല്ലേ? കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഓർക്കുന്നില്ലേ? ഒരു സ്കൂളിൽ  കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ഒരു ദളിത് സഹോദരിയാണ്. ആ സഹോദരി  പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാർ അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ ഈ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ശ യോട് ഓ എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ സിനിമയുടെ title ആക്കിയാൽ, അതും ഒരു തോക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ.

നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ സ്വരം വിശുദ്ധ കുർബാനയിൽ കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

SUNDAY SERMON LK 18, 1-8

കൈത്താക്കാലം ഏഴാം  ഞായർ

ലൂക്ക 18, 1-8

ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കി. ഇങ്ങനെ കുറെ നേരം ഇരുന്ന് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം? ദൈവത്തിന് എന്ത് ചെയ്യാൻ കഴിയുമെന്നാ നിങ്ങളുടെ വിചാരം? ഇങ്ങനെപോയി കൂട്ടുകാരുടെ ചോദ്യങ്ങൾ. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that heaven cannot heal.)

കൈത്താക്കാലത്തിന്റെ ഈ അവസാന ഞായറാഴ്ച്ച ഭഗ്നാശരാകാതെ നിരന്തരം പ്രാർത്ഥിക്കണമെന്ന സുവിശേഷ സന്ദേശം വായിച്ചു ധ്യാനിക്കാനിരുന്നപ്പോൾ മനസ്സിലൂടെ കടന്നുപോയ ചിത്രം ഈ ഐറീഷ്‌ കവിയുടേതാണ്. കാരണം, എന്തിനു പ്രാർത്ഥിക്കണമെന്ന ഒരു ചിന്ത, അത് സാത്താന്റെ പണിയാണെന്ന് അറിയാമെങ്കിലും, ഈ സുവിശേഷ ഭാഗം വായിച്ചപ്പോൾ മനസ്സിൽ കടന്നുകൂടി. “എന്തുമാത്രം ഉപവസിച്ചും, പരിത്യാഗം ചെയ്തും പ്രാർഥിച്ചതാ, എത്ര തിരികൾ കത്തിച്ചതാ, എത്ര വിശുദ്ധ കുർബാനകൾ അർപ്പിച്ചതാ …. എന്നിട്ടും, ജീവിത ദുരിതങ്ങൾ മുന്നോട്ട് തന്നെ, യുക്രയ്‌നിൽ റഷ്യ യുദ്ധം തുടരുകയാണ്; മണിപ്പൂർ നിന്ന് കത്തുകയാണ്; വിശുദ്ധ കുർബാന പ്രശ്നം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടയ്ക്ക് കുടുംബത്തിൽ സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് പ്രശ്നങ്ങളും…. ദൈവത്തിനുപോലും ഈ പ്രശ്നങ്ങളെ മാറ്റുവാൻ കഴിയുന്നില്ലല്ലോ!” ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോഴാണ് ഈ ഐറീഷ് കവിയുടെ പ്രസ്താവന ഓർമയിലെത്തിയത്. – സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല”

ഇന്നത്തെ സുവിശേഷ ഭാഗം മനോഹരമായ ഈ സന്ദേശത്തിന്റെ ക്രിസ്തു ഭാഷ്യമാണ്.  ജീവിത വഴികളിലൂടെ മുന്നോട്ട് പോകുമ്പോൾ ഈശോ നമ്മോട് പറയുന്നതിങ്ങനെയാണ്: ” മകളേ, മകനേ, നിരന്തരം നിരാശപ്പെടാതെ കാരുണ്യം, സ്നേഹം മാത്രമായ നിന്റെ ദൈവത്തോട് എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കുക, ബന്ധത്തിൽ ആയിരിക്കുക അവിടുന്ന് നിന്റെ ജീവിതത്തിന് ആവശ്യമായുള്ളതെല്ലാം നൽകും.” പ്രാർത്ഥന എന്താണെന്നും, എങ്ങനെ പ്രാർത്ഥിക്കണമെന്നും, പ്രാർത്ഥനയിൽ സ്വീകരിക്കേണ്ട മനോഭാവമെന്താണെന്നും ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്. നമുക്കറിയാവുന്ന കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുകയാണ്.

പ്രാർത്ഥനയുടെ സവിശേഷതകളെ നമ്മെ പഠിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത് എന്നതിന് ഒരു തർക്കവുമില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷം തന്നെ പ്രാർത്ഥനയുടെ സുവിശേഷം എന്നാണു അറിയപ്പെടുന്നത്. ലൂക്കായുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതൽ പ്രാർത്ഥനയുടെ വിവിധ രൂപങ്ങളും സവിശേഷതകളും നമുക്ക് കാണാവുന്നതാണ്. ഒന്നാമത്തെ അദ്ധ്യായത്തിൽ സഖറിയാ എന്ന പുരോഹിതനെ അവതരിപ്പിച്ചുകൊണ്ട് വിശുദ്ധ ലൂക്കാ പറയുന്നു ധൂപാർച്ചനയാണ് പ്രാർത്ഥന. അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ദൈവം ഉത്തരം കൊടുക്കുന്നുണ്ട്. ആ അധ്യായത്തിൽ തന്നെ മാതാവിന്റെ പ്രാർത്ഥനയും ഉണ്ട്. അത് ഒരു സ്തോത്രഗീതമായിട്ടാണ് മാതാവ് അവതരിപ്പിച്ചത്. രണ്ടാം അധ്യായത്തിലെ ശിമെയോന്റെയും അന്നായുടെയും പ്രാർത്ഥന, മൂന്നാം അധ്യായത്തിൽ ജ്ഞാനസ്നാന സമയത്തെ പ്രാർത്ഥന, നാലാം അധ്യായത്തിലെ ഉപവസിച്ചുള്ള പ്രാർത്ഥന…ഇങ്ങനെ ലൂക്കായുടെ സുവിശേഷം മുഴുവൻ പ്രാർത്ഥയുടെ രൂപങ്ങളും പ്രത്യേകതകളുമാണ്. വീട്ടിൽ ചെന്ന് ലൂക്കായുടെ സുവിശേഷം ഈ ചിന്തവച്ച് ഒന്ന് വായിച്ചു നോക്കിയാൽ നിങ്ങൾ വിസ്മയിച്ചു പോകും, തീർച്ച!

ഈശോ പലപ്പോഴായി പ്രാർത്ഥനയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10 ൽ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു ഈശോ പ്രാർത്ഥിക്കുന്നുണ്ട്. (21 -24) പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനയുടെ ഉന്നതരൂപം തന്നെയാണ്. അദ്ധ്യായം 11 ൽ ഈശോ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാർത്ഥനയുടെ ഘടന എങ്ങനെയായിരിക്കണം എന്ന് ഈശോ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. (1 – 4) ഇതേ അധ്യായത്തിൽ തന്നെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ഈശോ പറയുന്നുണ്ട്. (5 – 13) അദ്ധ്യായം 22 ൽ ഈശോയുടെ ഗത്സെമെൻ പ്രാർത്ഥനയുണ്ട്. രക്തം വിയർക്കേ പ്രാർത്ഥിക്കുന്ന ഈശോ, പ്രാർത്ഥനയുടെ മറ്റൊരു രൂപം അവതരിപ്പിക്കുകയാണ്. അദ്ധ്യായം 23 ൽ, കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന് മുൻപ് വളരെ മനോഹരമായ ഒരു പ്രാർത്ഥന ഈശോ നമുക്കായി നൽകുന്നു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (46)

ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ മൂന്ന് സവിശേഷതകളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന്, ഭഗ്നാശരാകാതെ, നിരാശരാകാതെ പ്രാർത്ഥിക്കണം. രണ്ട്, എപ്പോഴും പ്രാർത്ഥിക്കണം. മൂന്ന്, പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും.

നമ്മുടെ ജീവിതത്തിൽ, നിരാശരാകാതെ, എന്റെ ദൈവം എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നൽകും എന്ന ഉറച്ച വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം. ജീവിതമെന്നു പറയുന്നത് നമ്മുടെ ചിന്തയുടെ, നമ്മുടെ വിശ്വാസങ്ങളുടെ, നമ്മുടെ സ്വഭാവത്തിന്റെ, നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് എന്ന് ആധുനിക മാനേജ്‌മെന്റ് Trainers പറയും. എന്നാൽ ഈശോ പറയുന്നത്, ജീവിതമെന്നത് നമ്മുടെ പ്രാർത്ഥനയുടെ പ്രതിഫലനമാണെന്നാണ്. കാരണം പ്രാർത്ഥന എന്നത് ദൈവവും മനുഷ്യനും ഒന്നായിത്തീരുന്ന അവസ്ഥയാണ്. പ്രാർത്ഥനയെന്നത് ദൈവത്തോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നിരത്തലല്ല. പ്രാർത്ഥന എന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ എന്നെത്തന്നെ സമർപ്പിക്കുന്ന സമയമാണ്. പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവം നൽകിയ ജീവിതത്തിനു നന്ദി പറയുന്ന നിമിഷമാണ്. ഈ പ്രാർത്ഥന സന്തോഷത്തോടെ, നന്ദിയോടെ, കൃതജ്ഞതയോടെ ചെയ്യേണ്ട ഒരു കർമമാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാർത്ഥനയായ വിശുദ്ധ കുർബാനയിലെ ഓരോ പ്രാർത്ഥനയും ശ്രദ്ധിച്ചിട്ടില്ലേ? “ഞങ്ങൾ അങ്ങേക്ക് സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുന്നു എന്ന് എത്രയോ വട്ടമാണ് നാം ചെല്ലുന്നത്!

സ്നേഹമുള്ളവരേ, എല്ലാം നല്കുന്നവനാണ് നമ്മുടെ ദൈവം. ‘വിളിക്കും മുൻപേ ഉത്തരം അരുളുന്നവനാണ് നമ്മുടെ ദൈവം; പ്രാർത്ഥിച്ചു തീരും മുൻപേ അത് കേൾക്കുന്നവനാണ് നമ്മുടെ ദൈവം’. (ഏശയ്യാ 65, 24) അതുകൊണ്ടു നിരാശരാകാതെ നാം പ്രാർത്ഥിക്കണം, ദൈവത്തോടൊത്തു ആയിരിക്കണം.

ഒരിക്കൽ ഒരു സ്കൂളിൽ ബാൻഡ് സെറ്റിൽ ചേർന്ന് സംഗീതോപകരണം പഠിക്കാൻ   ആഗ്രഹിച്ച ഒരു കൊച്ചുകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു: “എനിക്ക് Flute പഠിക്കാൻ ആഗ്രഹമുണ്ട്. ഒരു ഓടക്കുഴൽ വാങ്ങിത്തരുമോ?” അവന്റെ മാതാപിതാക്കൾ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞില്ല, വാങ്ങിത്തരില്ലന്നും പറഞ്ഞില്ല.   “ഞങ്ങൾക്ക് അതിനെക്കുറിച്ച് ചിന്തിക്കണം. നല്ലൊരു ഓടക്കുഴലിന് ധാരാളം പണം ചിലവാകും, നീ അതിൽ ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ലല്ലോ.” കുറച്ച് ദിവസങ്ങൾ കടന്നുപോയി, കുട്ടിയുടെ മാതാപിതാക്കൾ ഒന്നും പറഞ്ഞില്ല, അതിനാൽ വീണ്ടും അവൻ മാതാപിതാക്കളോട് ചോദിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.”

അടുത്ത ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവനൊരു Music ഷോപ്പിൽ കയറി, പഴയൊരു Flute ന്റെ വില ചോദിച്ചു. അവനത് ഇഷ്ടപ്പെട്ടു. അവൻ ആഗ്രഹിച്ചത് അത് മാത്രമായിരുന്നു.

അന്ന് രാത്രി അത്താഴസമയത്ത് കുട്ടി മാതാപിതാക്കളോട് വീണ്ടും പറഞ്ഞു. “ഞാൻ ഇന്ന് സ്കൂൾ കഴിഞ്ഞ് മ്യൂസിക് സ്റ്റോർ വഴി പോയി. അവിടെ നല്ലൊരു ഉപയോഗിച്ച Flute ഞാൻ കണ്ടു.  എനിക്ക് വേണ്ടത് അതാണ്, അതിന് 500 രൂപ മാത്രം മതി.” കുട്ടിയുടെ പപ്പാ മമ്മിയോട്  പറഞ്ഞു, “ഇവാൻ ഉറച്ച തീരുമാനത്തിലാണെന്ന് തോന്നുന്നു. നമുക്ക് ആ ഫ്‌ലൂടെ വാങ്ങിച്ചുകൊടുക്കാം അല്ലേ?” മമ്മി തലകുലുക്കി.  അടുത്ത ദിവസം, കുട്ടി മാതാപിതാക്കളോടൊപ്പം സംഗീത സ്റ്റോറിലേക്ക് പോയി, അവർ ആ ഓടക്കുഴൽ വാങ്ങി. അവന് സന്തോഷമായി. അവൻ സ്കൂളിലെ ബാൻഡിൽ ചേർന്നു.  അവൻ  ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി കോളേജിൽ പോയി സംഗീതം പഠിച്ചു. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം സംഗീത അധ്യാപകനായി. പിന്നീട്, വലിയൊരു സംഗീതജ്ഞനായി. ചെറുപ്പത്തിൽ വീണ്ടും വീണ്ടും മാതാപിതാക്കളോട് അവൻ ഒരു Flute ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അവന് Flute കിട്ടിയതും, അവൻ ഇത്ര ഉയരങ്ങളിൽ എത്തിയതും.

നിരാശരാകാതെ,പ്രതീക്ഷയോടെ, വീണ്ടും, വീണ്ടും ഈശോയുടെ മുൻപിൽ നമ്മുടെ ഹൃദയം തുറക്കണം. ഒരു ജലധാരപോലെ നമ്മുടെ ഹൃദയം ഈശോയുടെ മുൻപിൽ ചൊരിയണം. നമ്മുടെ ഹൃദയമറിയുന്ന ഈശോ അപ്പോൾ നമുക്ക് അനുഗ്രഹങ്ങൾ നൽകും.

രണ്ട്, നാം പ്പോഴും പ്രാർത്ഥിക്കണം.

കാരണം, നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലിന്റെ ഒരാഘോഷമാകണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിലോ, നാം ദൈവവുമായി എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി കിടക്കുന്ന നിമിഷം വരെ നാം പ്രാർത്ഥനയിൽ ആയിരിക്കണം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാവൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആ ഭക്ഷണം നൽകിയ നല്ല ദൈവത്തിനു നന്ദി പറയുന്നവർ എത്ര പേരുണ്ട്? വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമേ സുഹൃത്തേ, നീ നിന്റെ ദൈവവുമായി പ്രാർത്ഥനയിലാകണം. Be in tune with your God always! Be in prayer with your God always!

മൂന്ന്, നമ്മുടെ പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും. ഈ സുവിശേഷഭാഗം ആ വിധവയ്ക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചു പറയാനല്ല ഈശോ ആഗ്രഹിച്ചത്. പിന്നെയോ, രാവും പകലും തന്നെ വിളിച്ചു കരയുന്നവർക്കു, താനുമായി പ്രാർത്ഥനയിൽ ആകുന്നവർക്കു നീതിപൂർവം ഉത്തരം നല്കുന്നവനാണ് ദൈവം എന്ന് പഠിപ്പിക്കുവാനാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യനെ മാനിക്കാത്ത ഒരു ന്യായാധിപന് ആ വിധവയ്ക്ക് നീതിനടത്തി കൊടുക്കുവാൻ മനസ്സുണ്ടായിരുന്നെങ്കിൽ, ഹേ മനുഷ്യാ, നിന്നെ സ്നേഹിക്കുന്ന, പേരുചൊല്ലി വിളിക്കുന്ന, സമുദ്രത്തിലൂടെ കടന്നുപോകുമ്പോഴും, നദികളിലൂടെ സഞ്ചരിക്കുമ്പോഴും നിന്നെ കാക്കുന്ന, അഗ്നിയിലൂടെ നടന്നാലും പൊള്ളലേൽക്കാതെ സംരക്ഷിക്കുന്ന, തന്റെ കൈകളിൽ നിന്നെ താങ്ങുന്ന നിന്റെ ദൈവം നിനക്ക് അർഹതപ്പെട്ടത്‌ നല്കാതിരിക്കുമോ? (Pause)

ശരിയാണ്, ദൈവം നമുക്ക് നീതിയേ നടത്തി തരൂ. എന്ന് പറഞ്ഞാൽ, നമുക്ക് അർഹതപ്പെട്ടതേ നൽകൂ. ഒരുവന് അർഹതപ്പെട്ടത്‌ നല്കുന്നതാണല്ലോ നീതി! അതുകൊണ്ടു നമുക്ക് അർഹതപ്പെട്ടത്‌ മാത്രമേ നല്കപ്പെടുകയുള്ളൂ.

ക്രിസ്തുവുമായി പ്രാർത്ഥനയിലായിരിക്കുമ്പോഴും, ഓർക്കുക, നിനക്ക് അർഹതപ്പെട്ടത്‌ എന്തെന്ന് നന്നായി അറിയുന്ന നിന്റെ ദൈവം അർഹതപ്പെട്ടതേ നിനക്ക് നൽകൂ; അതും ഉചിതമായ സമയത്തേ നൽകൂ. അതുകൊണ്ടാണ് ആധ്യാത്മിക പിതാക്കന്മാർ പറയുന്നത്, the Grace of God has its own pace! ദൈവത്തിന്റെ ചുവടുവെപ്പുകൾക്കു അതിന്റേതായ താളമുണ്ട്, സമയമുണ്ട്. അപ്പോൾ പിന്നെ, പ്രാർഥിച്ചത് കിട്ടുന്നുണ്ടോ, എന്നതല്ല പ്രധാനപ്പെട്ടകാര്യം. നാളെ എന്ത് ചെയ്യുമെന്നോർത്തു ആകുലപ്പെടുകയല്ല വേണ്ടത്. പ്രധാനപ്പെട്ട കാര്യം Am I in tune with God, am I in prayer with my God എന്നതാണ്. ഞാൻ എന്റെ ഈശോയുമായി പ്രാർത്ഥനയിൽ ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം!

സ്നേഹമുള്ളവരേ, ഈശോ ഇന്ന് നമ്മോട് ചോദിക്കുന്ന സുന്ദരമായ ചോദ്യം ഇതാണ്: സഹോദരി, സഹോദരാ, നീ ഞാനുമായി സന്തോഷത്തോടെ, എപ്പോഴും പ്രാർത്ഥനയിൽ ആണോ?  ആണെങ്കിൽ തീർച്ചയായും, നമുക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥന നമ്മുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കും.

സ്നേഹമുള്ളവരേ, നിങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ മാറി സന്തോഷമുള്ള, സമാധാനമുള്ള, നന്മയുള്ള ദൈവകൃപയാൽ നിറഞ്ഞ ഒരു ജീവിതാവസ്ഥ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഭഗ്നാശരാകാതെ, നിരന്തരം പ്രാർത്ഥിക്കുക. വലിയൊരു മതിൽപോലെ നിന്ന ചെങ്കടൽ രണ്ടായി പിളർന്ന് വഴിയുണ്ടായതുപോലെ, കരയിലൂടെയെന്നവണ്ണം ഇസ്രായേൽ ജനം മറുകരെയെത്തിയതുപോലെ, നിങ്ങളുടെ ജീവിതാവസ്ഥ മാറാൻ ആഗ്രഹമുണ്ടെങ്കിൽ, ചെങ്കടൽ പോലെ നിൽക്കുന്ന പ്രശ്നങ്ങൾ മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിരന്തരം പ്രാർത്ഥിക്കുക, പ്രതീക്ഷയോടെ. കുട്ടികളില്ലാതിരുന്ന ഹന്നയ്ക്ക്, ദൈവത്തിന്റെ മുൻപിൽ തന്റെ ഹൃദയം പകർന്നപ്പോൾ കുട്ടികളുണ്ടായതുപോലെ, അസാധ്യമെന്ന് കരുതുന്നതുപോലും നിങ്ങളുടെ ജീവിതത്തിൽ സാധ്യമാകണമെന്നുണ്ടെങ്കിൽ, ഹൃദയവിചാരങ്ങൾ പ്രാർത്ഥനയായി ഈശോയ്ക്ക് സമർപ്പിക്കുക.

ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാന തുടരാം. ആമേൻ!!

SUNDAY SERMON LK 17, 11-19

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 17, 11-19

കൈത്താക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. നിങ്ങൾക്കറിയാവുന്നതുപോലെ, കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്.

അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയുടെ ജെറുസലേമിലേക്കുള്ള യാത്രയിൽ, ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ സ്വരമുയർത്തി “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ” എന്നപേക്ഷിക്കുന്നതാണ് രംഗം.

ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ്, പ്രത്യേകിച്ചും ലൂക്കാ സുവിശേഷകന്. ദൈവം തന്റെ രക്ഷ മനുഷ്യകുലത്തിന് നൽകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജനത സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന ഒരു സൂചന ഈ സംഭവം നൽകുന്നുണ്ട്. മാത്രമല്ല, ദൈവത്തിന്റെ രക്ഷയോടു വിജാതീയർ സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്നും ഈ സംഭവം പറഞ്ഞുതരുന്നുണ്ട്. വീണ്ടും, ദൈവത്തിന്റെ രക്ഷയോടു ഇന്ന് വചനം ശ്രവിക്കുന്ന നാം സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നും ഈ സംഭവം പ്രഘോഷിക്കുന്നുണ്ട്. ഇസ്രായേൽ ജനം ദൈവത്തിന്റെ രക്ഷ തിരസ്കരിച്ചപോലെ നാമും ചെയ്യാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. സമരിയാക്കാരൻ തിരികെ വന്ന് ദൈവത്തെ മഹത്വപ്പെടുത്തിയപോലെ നാമും ദൈവത്തിന്റെ രക്ഷക്ക്, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നൽകുന്ന പരിപാലനക്കു നന്ദി പറയുന്നവരാകണം എന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷം.

ഭൂമിശാസ്ത്രപരമായ ഒരു തെറ്റ് ഈ സുവിശേഷഭാഗത്തുണ്ട്. ‘സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ’ ഈശോ കടന്നു പോകുകയായിരുന്നു എന്നാണു വചനം പറയുന്നത്. എന്നാൽ സമരിയായും ഗലീലിയും അതിർത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളാണ്. അതായത് ജറുസലേമിലേക്കുള്ള യാത്രയിൽ ആദ്യം സമറിയാ, പിന്നീട് ഗലീലി. അവയ്ക്കിടയിൽ ഒരു ഗ്രാമമില്ല. അതുകൊണ്ടു ഈശോ പ്രവേശിച്ച ഗ്രാമം സമറിയാ ആയിരുന്നിരിക്കണം.

ആരൊക്കെയാണ് ഈ പത്തു കുഷ്ഠരോഗികൾ? കൃത്യമായി അവരാരൊക്കെയാണ് എന്ന് ഇവിടെ വ്യക്തമല്ല. എന്നാൽ, ഈശോയുടെ, ‘ഈ വിജാതീയനല്ലാതെ’ എന്ന പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ബാക്കി ഒൻപതുപേർ യഹൂദരായിരുന്നിരിക്കണം എന്നാണ്.

ഇവിടെ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങൾ താമസിച്ചിരുന്നത് സമരിയായിലാണ്. അപ്പോഴാണ് അസ്സീറിയാക്കാർ അവരെ ആക്രമിക്കുകയും ബന്ദികളായി അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ ധാരാളം വിജാതീയർ സമരിയായിൽ വന്നു താമസിച്ചു. പിന്നീട് ഇസ്രായേൽക്കാർ തിരിച്ചെത്തിയപ്പോൾ വിജാതീയരുമായി ഇടകലർന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിവാഹങ്ങൾ നടത്തുകയും സംസ്കാരങ്ങൾ പങ്കിടുകയും ചെയ്തു. അങ്ങനെയാണ് സമരിയായിൽ യഹൂദരും   വിജാതീയരും ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടായത്. അതുകൊണ്ടു തന്നെ ഈ പത്തു പേരിൽ ഒന്പതുപേർ യഹൂദരാകാം.

ഇതോടൊപ്പം തന്നെ, യഹൂദരോടും, വിജാതീയരോടുമുള്ള ഈശോയുടെ സമീപനവും നാം മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്രായേൽ ജനത്തോടു ഒരു വിമർശനാത്മകമായ സമീപനമായിരുന്നു ഈശോയുടേത്. കാരണം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്ന ഒരു ഹുങ്ക് അവർക്കുണ്ടായിരുന്നു. നിയമംanushtichaal മതി രക്ഷപ്പെടും എന്ന ചിന്തയും അവർ പുലർത്തിയിരുന്നു. അതിനാൽ തന്നെ, കരുണയും സ്നേഹവും അവരിൽ നിന്ന് അകന്നു നിന്നു. എന്നാൽ വിജാതീയരോട് കരുണാപൂർണമായിരുന്നു ഈശോ ഇടപെട്ടത്. മാത്രമല്ല, അവരെ പുകഴ്ത്താനും അവസരം കിട്ടുമ്പോൾ ഈശോ മടിച്ചില്ല. നല്ല സമരായൻ, (ലൂക്ക 10, 25-), സമരായക്കാരി (യോഹ 4, 1-), ഇന്നത്തെ സുവിശേഷ ഭാഗത്തിലെ വിജാതീയൻ – എല്ലാവരെയും ഈശോ ഹീറോസ് ആയിട്ടാണ് അവതരിപ്പിക്കുന്നത്.

പത്തു കുഷ്ഠരോഗികളും അകലെ നിന്നവരായിരുന്നു. കുഷ്ഠ രോഗികളായതുകൊണ്ടു നിയമനുസരിച്ചു അവർ അകലെ നിൽക്കണമായിരുന്നു. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. പുരോഹിതന്മാർക്കായിരുന്നു അവരെ തിരികെ സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനും അവകാശമുണ്ടായിരുന്നത്.

ഈശോയോടു അപേക്ഷിച്ചപ്പോൾ പുരോഹിതനെ കാണിച്ചുകൊടുക്കുവിൻ എന്ന് പറഞ്ഞപ്പോൾ, അതിൽ വിശ്വസിച്ചു അവർ പോയി എന്നത് ക്രിസ്തുവിലുള്ള അവരുടെ വിശ്വാസമാണ് കാണിക്കുന്നത്. അതിനു അവർക്കു പ്രതിഫലം കിട്ടി. “പോകും വഴി അവർ സുഖം പ്രാപിച്ചു.”

എന്നാൽ അതിനോടുള്ള അവരുടെ മനോഭാവം ഈശോയെ ഞെട്ടിച്ചു കാണണം. ഒൻപതു യഹൂദർ വിചാരിച്ചു കാണും ഈ സൗഖ്യം തങ്ങളുടെ അവകാശമാണെന്ന്; ഈ സൗഖ്യം തങ്ങൾ നേടിയെടുത്തതാണെന്ന്; ഈ സൗഖ്യം തങ്ങളുടെ സ്വരമുയർത്തിയുള്ള വിളിയുടെ ഫലമാണെന്ന്. വിളിക്കും മുൻപേ ഉത്തരമരുളുന്ന, ചോദിക്കും മുൻപേ നമ്മെ കേൾക്കുന്ന ഒരു ദൈവത്തെയാണ് അവർ ഈശോയിൽ കണ്ടത്.

എന്നാൽ, വിജാതീയൻ ഉടൻ തന്നെ മനസ്സിലാക്കി താൻ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. ഇതെനിക്ക് നല്കപ്പെട്ടതാണ്. ഇത് ദൈവത്തിന്റെ മഹാ അത്ഭുതമാണ്. അയാൾ തിരികെ വന്നു ഈശോയുടെ കാൽക്കൽ വീണു നന്ദി പറഞ്ഞു. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തി.

സ്നേഹമുള്ളവരേ, ഈ വിജാതീയന്റെ മനോഭാവത്തിലേക്കു, ആധ്യാത്മികതയിലേക്കു ഈശോ നമ്മെ ക്ഷണിക്കുകയാണ്. നല്കപ്പെട്ടിട്ടുള്ളവയോടെല്ലാം നന്ദിയുള്ളവരാകുക. അപ്പോൾ കൂടുതൽ നമുക്ക് ലഭിക്കും. ഇല്ലാത്തതിനെ ഓർത്തു നാം അസന്തുഷ്ടരാണെങ്കിൽ ഒരിക്കലും നമുക്ക് മതിയാകില്ല. ഇന്ന് നാം കേൾക്കുന്ന അഴിമതിക്കഥകളൊക്കെ നമ്മോടു പറയുന്നത് മനുഷ്യർ അസന്തുഷ്ഠരും അതൃപ്തരുമാണെന്നല്ലേ? അസന്തുഷ്ടരും അതൃപ്തരുമായവരൊക്കെ നന്ദിയില്ലാത്തവരാണ്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ പറയുന്നത്, നന്ദി പറയുകയെന്നാൽ, അതിനെപ്പറ്റി ചിന്തിക്കുകയെന്നാണ്. നമുക്ക് നൽകുന്നവരെ, നമ്മെ സഹായിക്കുന്നവരെ, നമ്മോട് കരുണകാണിക്കുന്നവരെ നാം ഓർക്കണം. അവരിലൂടെ ലഭിച്ച എണ്ണമറ്റ നന്മകൾക്ക് നന്ദിയുള്ളവരാകണം. അവർ നമ്മുടെ ജീവിതത്തെ നനച്ചു വളർത്തുന്ന, വിടരാൻ സഹായിക്കുന്ന തോട്ടക്കാരാണ്.

ഒരിക്കൽ പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുന്നവഴി റോഡരികിലുള്ള സെന്റ് പാട്രിക് ചർച്ചിൽ കുറച്ചു സമയം ചിലവഴിക്കുവാൻ കയറി. ഞാൻ ചെല്ലുമ്പോൾ ഒരു സ്ത്രീയും അവരുടെ പതിനാലു വയസ്സ് തോന്നിക്കുന്ന മകനും മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വന്നത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ അവർ ഒരു ഗാനം പതിയെ പാടാൻ തുടങ്ങി. (എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ) അതൊരു മലയാള ഗാനമായിരുന്നു. അവർ പാടി: “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എനിക്ക് ആകാംക്ഷയായി. കുറെക്കഴിഞ്ഞു അവർ പള്ളിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞാനും പിന്നാലെ ചെന്നു. ഞാൻ ചെല്ലുന്നതുകണ്ടു നിറഞ്ഞ പുഞ്ചിരിയോടെ നിന്ന ആ സ്ത്രീയോട് പറ്റിപ്പിടിച്ചു നിന്ന മകനെ ഞാൻ ശ്രദ്ധിച്ചു. അവനും എന്നെ നോക്കി ചിരിച്ചു. അവൻ ഒരു ഭിന്നശേഷിക്കാരനായിരുന്നു. “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അഭിമാനം തോന്നി, ജീവിതം എങ്ങനെയായിരുന്നാലും ദൈവത്തിനു നന്ദി പറയുന്ന ആ സ്ത്രീയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെയോർത്ത്.

തൊണ്ണൂറുകളിൽ സിനിമാക്കൊട്ടകളിൽ ഉയർന്നുകേട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 1992 ൽ പുറത്തിറങ്ങിയ അഹം എന്ന രാജീവ്‌നാഥ് സിനിമയിൽ നായകൻ സിദ്ധാർത്ഥൻ പാടുന്ന പാട്ടാണ്. വലിയൊരു ചോദ്യമാണ് ഈ ഗാനത്തിന്റെ ആദ്യവരി. ചോദ്യമിതാണ്: “നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു?” അന്ന് ധാരാളം അവാർഡുകൾ കിട്ടിയ സിനിമയാണ്. പക്ഷേ, ആധുനിക മനുഷ്യൻ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാതെ, അഹങ്കാരത്തിന്റെ കുതിരപ്പുറത്തിരിക്കുമ്പോൾ നന്ദി ആരോടാണ് പറയേണ്ടതെന്നുപോലും അറിയാത്തവനായിത്തീരുന്നു. ആരാണ് നമുക്ക് ഈ ജീവിതം നൽകിയത്? ആരാണ് നമുക്ക് ഈ മനോഹരമായ പ്രപഞ്ചം നൽകിയത്? ആരുടെ കരുണ കൊണ്ടാണ് ഇപ്പോഴും നാം ജീവനോടെയിരിക്കുന്നത്? രാത്രിയിൽ ഉറങ്ങുവാൻ കിടക്കുന്ന നമ്മെ ഉണർത്തുന്നതാര്? ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുവാൻ സഹായിക്കുന്നതാര്? പിന്നോട്ട് വച്ച കാൽ മുന്നോട്ട് ആയുവാൻ സഹായിക്കുന്നതാര്?  ഒന്ന് പുഞ്ചിരിക്കുവാൻ, കരയുവാൻ സഹായിക്കുന്നതാര്? സ്നേഹം മാത്രമായ ദൈവം! അപ്പോൾ ആരോടാണ് നാം നന്ദിയുള്ളവരാകേണ്ടത്?

നന്ദിയുള്ളവൻ തന്റെ അറിവെല്ലാം മാറ്റിവച്ചു, അഹന്തയെല്ലാം വെടിഞ്ഞു, ഒരു ശിശുവിനെപ്പോലെയാകും. അവൾ /അവൻ സ്വീകരിക്കുവാൻ തയ്യാറാണ്. എല്ലാം നല്കപ്പെട്ടതാണെന്നുള്ള വലിയ വെളിപാടിൽ അവൾ /അവൻ കൈകൾ കൂപ്പി നിൽക്കും. സ്വീകരിച്ച, സ്വീകരിക്കുന്ന വലിയ അനുഗ്രഹങ്ങൾക്ക് മുൻപിൽ അവളുടെ /അവന്റെ ഹൃദയം ത്രസിക്കും. അവന്റെ കണ്ണുകളിൽ നിറയെ വിസ്മയമാണ്. ദൈവത്തിന്റെ അത്ഭുതങ്ങൾ ഓരോ ചെറിയ കാര്യത്തിലും അവൻ കാണും. കടപ്പുറത്തെ ഒരു കാക്ക, ആരെയും ആകർഷിക്കാത്ത ഒരു കാട്ടുപൂവ്, മുറ്റത്തുകിടക്കുന്ന ഒരു ചെറിയ കല്ല്, അവനെ അത്ഭുതപ്പെടുത്തും. Lewis Carroll ന്റെ “Alice in Wonderland ലെ ആലീസ്   മാത്രമല്ല അത്ഭുത ലോകത്തെത്തുക! നന്ദിയുള്ള ഓരോ വ്യക്തിയും അത്ഭുതലോകത്തിലാണ് ജീവിക്കുന്നത്.

സ്നേഹമുള്ളവരേ, നമുക്ക് ദൈവത്തോട്, ഈ പ്രപഞ്ചത്തോട്, നമ്മുടെ മാതാപിതാക്കളോട്, ആരിൽ നിന്നെല്ലാം നാം സ്വീകരിക്കുന്നുണ്ടോ അവരോടെല്ലാം നന്ദിയുള്ളവരാകാം.

നമ്മുടെ വിശുദ്ധ കുർബാന ദൈവത്തിനോടുള്ള നന്ദി പ്രകടനത്തിന്റെ ആഘോഷമാണെന്നു നമ്മിൽ എത്ര പേർക്കറിയാം?

വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ നാം സ്തുതിയും കൃതജ്ഞതയും ദൈവത്തിനു സമർപ്പിക്കുകയല്ലേ. പ്രത്യേകമായി, ദൈവത്തിനു നന്ദി പറയുന്ന ഒരു ഭാഗം നമ്മുടെ ബലിയിലുണ്ട്. കൂദാശാ വചനം കഴിഞ്ഞുള്ള പ്രണാമജപം ആണത്. കൂദാശാവചനഭാഗം   ഈശോയുടെ കുരിശു മരണത്തിന്റെ ഏറ്റവും ഉന്നതമായ നിമിഷമാണ്. (The crowning point of his death) അതിനുശേഷം വൈദികൻ ഏറ്റുപറയുകയാണ്. കർത്താവേ, …നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്താണ് ആ വലിയ അനുഗ്രഹം? ദൈവത്തിന്റെ രക്ഷ, വിശുദ്ധ കുർബാന. ചില വൈദികർ ഇവിടെ അനുഗ്രഹങ്ങൾ എന്ന് പറയാറുണ്ട്. അതിന്റെ ആവശ്യമില്ല. ആദ്യം തന്നെ എല്ലാമായ വലിയ അനുഗ്രഹത്തെ ഏറ്റുപറയുകയാണ്. അതിനുശഷമാണ് അനുഗ്രഹങ്ങൾ ഓരോന്നായി പറയുന്നത്. എട്ടു അനുഗ്രഹങ്ങളാണ് ഇവിടെ പ്രത്യേകമായി പറയുന്നത്. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന നാം ഇവിടെ എന്ത് ചെയ്യണം?  നന്ദി നിറഞ്ഞ ഹൃദയത്തോടെ നിൽക്കണം. പോരാ, ആ നന്ദി ഏറ്റുപറയണം. എങ്ങനെ? വൈദികൻ പ്രാർത്ഥിക്കുന്നതോടൊപ്പം പറയണം. … നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നന്ദി ഈശോയെ. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ -നന്ദി ഈശോയെ. നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും -നന്ദി ഈശോയെ. അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും -നന്ദി ഈശോയെ. മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു … നന്ദി ഈശോയേ! പാപികളായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു – നന്ദി ഈശോയെ. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകി -നന്ദി ഈശോയെ. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി- നന്ദി ഈശോയെ. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു -നന്ദി ഈശോയെ. അത് കഴിഞ്ഞു വൈദികൻ ഉറക്കെ “നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി …” എന്ന് ചൊല്ലുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ ത്രസിക്കണം. നമ്മുടെ കണ്ണുകൾ നിറയണം. നമുക്ക് രോമാഞ്ചമുണ്ടാകണം. ഈ സമയത്തെ ഭക്തന്റെ അനുഭവവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ!

പക്ഷെ, ധാരാളം വൈദികർ, മിക്കവാറും പള്ളികളിൽ ഈ പ്രണാമജപം ചൊല്ലുന്നില്ല. കഷ്ടം തന്നെ! ചൊല്ലാത്തതിൽ രൂപതയിലെ ബിഷപ്പിനു പ്രശ്നമില്ല. വൈദികർക്കും പ്രശ്നമില്ല. അല്മായർക്കു ഒട്ടും പ്രശ്നമില്ല. മറ്റൊരു പ്രാർത്ഥനയ്ക്കും, ഒരു പാട്ടിനും ഇതുപോലൊരു ദൈവാനുഭവം നൽകുവാൻ കഴിയില്ല. ദൈവത്തോട് നന്ദി പറയുവാൻ നമുക്ക് സമയമില്ല. ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ വിജാതീയനെ പിടിച്ചു ഈശോ നമ്മുടെ മുൻപിൽ നിറുത്തുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ അഹന്തയെ മാറ്റി മൈസ്റ്റർ എക്കാർട്ട് എന്ന മിസ്റ്റിക് പറയുന്നതുപോലെ ‘നമ്മുടെ ജീവിതകാലം മുഴുവനും ദൈവമേ നന്ദി എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലിയാൽ നമ്മുടെ ജീവിതം ധന്യമാകും.നമ്മുടെ ജീവിതം ദൈവത്തോടുള്ള, നമ്മുടെ മാതാപിതാക്കളോടുള്ള, ഈ പ്രപഞ്ചത്തോടുള്ള, ഒരു നന്ദി പ്രകടന മായി മാറട്ടെ. നന്ദി നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കും. തിരസ്കാരത്തെ സ്വീകാര്യതയാക്കും. അലങ്കോലത്തെ അലങ്കാരമാക്കും. ഒരു സാധാരണ ഭക്ഷണത്തെ ആഘോഷമായ വിരുന്നാക്കി മാറ്റും. ഒരു വീടിനെ ഭവനമാക്കും. അപരിചിതനെ സുഹൃത്താക്കും.

ഈശോയെ നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്ക് നൽകണമേ! ആമേൻ!

SUNDAY SERMON LK 16, 19-31

കൈത്താക്കാലം അഞ്ചാം ഞായർ

ലൂക്ക 16, 19-31

കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ നമ്മുടെ വിചിന്തനം ധനവനെയും ലാസറിനെയും ചുറ്റിപ്പറ്റിയാണ്. ചെറുപ്പം മുതലേ ഈ കഥ കേൾക്കുമ്പോൾ ചെറിയൊരു കുസൃതി ഞാൻ കാണിക്കുമായിരുന്നു. അത് തന്റെ മേശയ്ക്കരുകിൽ വന്നിരിക്കുന്ന, വിശപ്പകറ്റുവാനായി തന്റെ മേശപ്പുറത്തുനിന്ന് വീഴുന്ന ഉച്ചിഷ്ടം കാത്തുകിടക്കുന്ന ലാസർ എന്ന ദരിദ്രനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഭക്ഷണത്തിലേക്ക് മാത്രമേ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം വെട്ടിവിഴുങ്ങുന്ന ധനവാന്റെ ചിത്രം ഭാവനചെയ്യുക എന്നതായിരുന്നു. ചെറുപ്പത്തിൽ കുട്ടികൾക്കുവേണ്ടി പ്രസിദ്ധീകരിച്ചിരുന്ന “സ്നേഹസേന” എന്ന മാസികയിൽ കണ്ട ചിത്രമാണ് ഇങ്ങനെ ഭവൻ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചിരുന്നത്! ഇന്നത്തെ പ്രസംഗം ഒരുങ്ങാനിരുന്നപ്പോഴും ഈ കുസൃതി എന്നിലുണ്ടായി. എന്തുകൊണ്ടാണ് ആ ദരിദ്രനെ അദ്ദേഹം ഒന്ന് നോക്കാതിരുന്നത്? ഭക്ഷണശേഷം അയാൾക്കെന്തിങ്കിലും കൂടുതലായി ആവശ്യമുണ്ടോ എന്ന് തിരക്കാതിരുന്നത്? അവന്റെ ദാരിദ്രാവസ്ഥയോർത്ത് എന്തുകൊണ്ടാണ് അയാൾ വേദനിക്കാതിരുന്നത്? വെറുമൊരു അപരിചിതനായി, അന്യനായി ആ ദരിദ്രനെ കരുതിയത് വലിയ തെറ്റായിപ്പോയി എന്ന ചിന്ത എന്നിലുണ്ടായി.

മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന്, ഇങ്ങനെയുള്ള മനോഭാവത്തിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ Dictionary യിൽ ഇല്ലാത്ത ഒരു വാക്കാണിത്. എന്നാൽ, നമ്മുടെ മനോഭാവങ്ങളിലും, പ്രവർത്തികളിലും എപ്പോഴും കടന്നുവരുന്ന വാക്കാണിത്. ഒരാളെ കാണുമ്പോൾ നാം Good Morning പറഞ്ഞെന്ന് വരാം, അവൾക്ക്/അവന് എന്തെങ്കിലും സഹായം കൊടുത്തെന്നും വരാം. എങ്ങനെയെങ്കിലും അവൾ/ അവൻ ജീവിച്ചുപോയ്‌ക്കോട്ടെ എന്നും ചിന്തിച്ചെന്നും വരാം. പക്ഷേ, നമ്മുടെ ജീവിതത്തിൽ നിന്ന്, നമ്മുടെ സൗഹൃദത്തിൽ നിന്ന്, നമ്മുടെ സമൂഹത്തിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഇതാണ് അപരവത്ക്കരണം. പാശ്ചാത്യർ ഭാരതത്തിൽ വന്നപ്പോൾ അവർക്കുണ്ടായിരുന്ന മനോഭാവം ഈ അപരവത്ക്കരണമായിരുന്നു. നമ്മെ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. അത്രയും പരിഗണന നമുക്കു നൽകി. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ഡാക്കാ മസ്ലിൻ പോലുള്ള മേൽത്തരം ചിത്രങ്ങൾ ഇവിടെ നിന്ന് കടത്തുവാൻ നമ്മെ ഉപയോഗിച്ചു. എന്നാൽ നമ്മെ അവരുടെ സൗഹൃദങ്ങളിൽ നിന്ന് ചാപ്പകുത്തി അകറ്റി നിർത്താനാണ് അവർ ശ്രമിച്ചത്. ഹൈന്ദവ സമൂഹത്തിലുള്ള വർണ്ണ ജാതി സമ്പ്രദായം അപരവത്കരണത്തിന്റെ ഉത്തമോദാഹരണമാണ്. നമ്മുടെ കുടുംബബന്ധങ്ങളിൽ, വ്യക്തി സമൂഹ ബന്ധങ്ങളിലെല്ലാം അപരവത്ക്കരണത്തിന്റെ ചായക്കൂട്ടുകൾ കാണാം.

ഈ അപരവത്കരണത്തിന്റെ പരിണിതഫലമെന്താണ്? അപരവത്ക്കരണം വഴി ഒരു വ്യക്തി മറ്റൊരാൾക്ക് ആവശ്യമായത് കൊടുക്കുന്നുണ്ടാകാം. പക്ഷെ അയാളെ ഒരു വ്യക്തിയായി സ്വീകരിക്കുന്നുണ്ടാകില്ല. ഹൃദയത്തിൽ അയാൾക്ക് സ്ഥാനമുണ്ടാകില്ല. അയാളെ, ഏതെങ്കിലും കുടുംബങ്ങളെ, ഭാര്യയെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ചാപ്പകുത്തി മനസ്സിൽ നിന്ന് മാറ്റിനിർത്തും.  അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന്റെ പരിണിതഫലം ഭയങ്കരമായിരിക്കും.  അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം ധനവാന്റെയും ലാസറിന്റെയും അല്ലേ?

അതെ, ധനവാന്റെ ദുരന്തത്തിന്റെ കാരണം അപരവത്ക്കരണമായിരുന്നു. ഈ ഭൂമിയിലെ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുൻപിൽ, സഹോദരങ്ങളുടെ മുൻപിൽ അപരവത്ക്കരണമെന്ന വലിയൊരു ഗർത്തം അയാൾ നിർമിച്ചിരുന്നു. ധനവാനെ നോക്കൂ… ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും…സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ച് …ലാസറിനെ പടിവാതിൽക്കൽ കിടക്കാൻ അനുവദിച്ചു…മേശയിൽ നിന്ന് വീണിരുന്നവ ഭക്ഷിക്കാൻ അനുവദിച്ചിരുന്നു…എന്നാൽ തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം അവനെ അകറ്റി നിർത്തി…അപരവത്കരണം!!!

മറ്റൊരു ചെറിയ അല്ല വലിയ ഘടകം ഇവിടെയുണ്ട്. കഥപറച്ചിലുകാരൻ, ഈശോ, ഈ ദരിദ്രന് ഒരു പേര് കൊടുത്തു-ലാസർ. ലാസർ എന്ന വാക്കിന് “ദൈവം സഹായിച്ചു” എന്നാണർത്ഥം. പേരുകൊടുത്തു എന്നുവച്ചാൽ ഒരുവനെ തന്റെ ജീവിതത്തോട് ചേർത്തുനിർത്തി എന്നർത്ഥം.  ധനവാൻ (ലോകം മുഴുവനും) കഥയിലെ ലാസറിനെ അപരനായി, the other ആയി കണ്ടപ്പോൾ ദൈവം അവനെ തന്നോട് ചേർത്ത് നിർത്തുന്നു.  ദരിദ്രന്റെ മരണശേഷമുള്ള ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ് ലാസർ എന്ന പേര്. നോക്കൂ, ദരിദ്രനെ ദൈവദൂതന്മാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അബ്രാഹത്തിന്റെ മടിയിലേക്ക്. (22) ദരിദ്രനെ ധനവാൻ കാണുന്നത് എവിടെയാണ്? ‘അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു,’ (23) ഈ കഥയെ ലാവണ്യമുള്ളതാക്കുന്നത് ഈ പേരാണ്. ഈശോയുടെ മറ്റ് ഉപമകളിൽ കഥാപാത്രങ്ങൾക്ക് പേരില്ലെന്നോർക്കുക! മാത്രമല്ല, അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക എന്നും ഓർക്കുക!!.

സ്നേഹമുള്ളവരേ, ധനവാന്റെയും ലാസറിന്റെയും ഉപമ ചെറുപ്പം മുതലേ കേട്ട്, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്‌ത്‌ ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. അപരവത്കരണത്തിന്റെ വക്താക്കളാകാതെ, മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു, നമ്മുടെ സഹോദരീസഹോദരങ്ങളെ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിച്ചുകൊണ്ട്  ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, യുക്രയിൻ-റഷ്യ യുദ്ധമൊന്നും നമ്മെ സ്പർശിക്കാതെ പോകുമ്പോൾ, മണിപ്പൂരിൽ ഭാരതീയർ, അതിൽ  കൂടുതൽ ക്രൈസ്തവർ മരിച്ചുവീഴുമ്പോൾ, നമ്മുടെ മേശമേൽ വിളമ്പുന്നതെന്തും നാം വെട്ടിവിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ ഇന്നത്തെ കഥയ്ക്ക് പ്രസക്തി ഏറുകയാണ്!  സ്നേഹമുള്ളവരേ, ഇങ്ങനെയുള്ളൊരു സാഹചര്യത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ് ഈശോ ഈ ഉപമയിലൂടെ.

ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന  ഒരു അവബോധം അവർക്കില്ലാതെപോയി. പാവപ്പെട്ടവരെ, വേദനിക്കുന്നവരെ, സമൂഹത്തിൽ താഴേക്കിടയിലുള്ളവരെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തി. അങ്ങനെയൊരു ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. അപരവത്കരണത്തിന്റെ വക്താക്കളായിരുന്നു അവർ! അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്എന്നും നാം അറിയണം. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

സ്നേഹമുള്ളവരേ, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം നമുക്കുണ്ടാകണം. എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത നമുക്കുണ്ടാകണം.  എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും നമുക്കുണ്ടാകണം. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്. അയാൾ ദേവാലയത്തിൽ നിന്ന് പ്രസംഗിച്ചു  സ്വര്‍ഗത്തെക്കുറിച്ച്. ഒരു കുടുംബ സന്ദർശനത്തിൽ അയാൾ പറഞ്ഞത്  മനുഷ്യസ്നേഹത്തെക്കുറിച്ചായിരുന്നു. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” ഈ കവിതയിലെ ‘അയാൾ’, അപരവത്കരണത്തിന്റെ വക്താവാണ്.

അയൽക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവ വൈകൃതം നമ്മെ ബാധിച്ചിരിക്കുകയാണോ? ഒരു രാഷ്ട്രം, ഒരു ജനത, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് ഒരു നേതാവ് തുടങ്ങിയ പരികല്പനകൾ അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങി അപരവത്കരണത്തിനു പശ്ചാത്തലമൊരുങ്ങുകയാണോ എന്ന് ഞാൻ പേടിക്കുന്നു!!. അപരവത്കരണത്തിന്റെ ദുരന്തത്തിലേക്കുള്ള യാത്രയിലാണോ നാം? മണിപ്പൂരിലും ഹരിയാനയിലും നിഷ്കളങ്കരായ മനുഷ്യർ മരിച്ചു വീഴുമ്പോഴും, അവരുടെ കിടപ്പാടവും മറ്റും അഗ്നിക്കിരയാകുമ്പോഴും മൗനം നടിക്കുന്ന ഭരണാധികാരികൾ അപരവത്ക്കരണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഭരണാധികാരികൾ മൗനം പാലിക്കുന്നു എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. സാധാരണക്കാരായ പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാതെ അവരെ ദുരന്തത്തിന് വിട്ടുകൊടുക്കുമ്പോൾ, ധനവാന്റേതുപോലുള്ള നിസംഗത പാലിക്കുന്ന ഇവരും ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടിവരും. സ്വന്തം ഭാര്യമാരെ സുഹൃത്തുക്കളുടെ മുൻപിൽവച്ച് അപമാനിക്കുന്നതിൽ അഭിമാനിക്കുന്ന ഭർത്താക്കന്മാരും അപരവത്ക്കരണമാണ് നടത്തുന്നത്. എന്തിന് നഴ്സിങ്ങിനും, മറ്റ് ഡിഗ്രി അഡ്മിഷനുകൾക്കും ഉയർന്ന മാർക്കുള്ളവരെ മാത്രം പരിഗണിക്കുന്നവരും അപരവത്ക്കരണമാണ് നടത്തുന്നത്. അവരെല്ലാം കഥയിലെ ധനവാനെപ്പോലെ ദരിദ്രന്റെ ജീവിതം മനോഹരമാക്കുവാൻ ചെറുവിരൽ അനക്കാത്തവരാണ്!

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം അപരവത്കരണം കൂടുകൂട്ടിയിട്ടുണ്ടെങ്കിൽ അത് നമ്മെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും.

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?”

ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും ഈശോ നമ്മോടും ചോദിക്കുന്നത് ഈ ചോദ്യമാണ്! ഈ ചോദ്യത്തിനുള്ള ഉത്തരം നിന്റെ തന്നെ ജീവിതമാണ് സുഹൃത്തേ! ആമ്മേൻ!

SUNDAY SERMON MT 17, 1-9

കൈത്താക്കാലം നാലാം ഞായർ

നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം

മത്തായി 17, 1-9

നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം – പറയുമ്പോൾ തന്നെ ഏതോ സ്വർഗീയ തേജസ്സിന്റെ അനുഭവത്തിലേക്ക് നമ്മുടെ മനസ്സ് നാമറിയാതെ പറന്നുയരും. ഈ ലോകത്തിന്റെതല്ലാത്ത എന്തോ ഒന്ന് നമ്മുടെ ഉള്ളിൽതുടിക്കും. ദൈവികതയുടെ മണികൾ മുഴങ്ങാൻ തുടങ്ങും.

സമാന്തര സുവിശേഷങ്ങളിൽ വിവരിച്ചിട്ടുള്ളതും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ അവതരിപ്പിച്ചിട്ടില്ലാത്തതുമായ ഈശോയുടെ രൂപാന്തരീകരണം മാനുഷികമായി ചിന്തിക്കാൻ ശ്രമിച്ചാൽ പിടികിട്ടുന്ന ഒന്നല്ല. ഇത് സ്വർഗ്ഗത്തിന്റെ വെളിപ്പെടുത്തലാണ്. ഇത് തീർത്തും സത്യമാണ്. ശാസ്ത്രബുദ്ധിയ്ക്ക് മനസ്സിലാക്കുവാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇതൊരു മിത്താണെന്ന് (Myth) പറഞ്ഞ് തള്ളിക്കളയുവാനും കഴിയില്ല. എന്താണ് മിത്ത് അല്ലെങ്കിൽ പുരാണം? ഒരു പരമ്പരാഗത ഐതിഹാസിക സംഭവം, കഥ, സാധാരണയായി ഏതെങ്കിലും വ്യക്തിയെയോ, സംഭവത്തെയോ സംബന്ധിക്കുന്ന, പ്രത്യേകിച്ച് ദൈവവുമായി ബന്ധപ്പെട്ടതും പ്രകൃതിയുടെ ചില ആചാരങ്ങൾ, അല്ലെങ്കിൽ പ്രതിഭാസങ്ങൾ വിശദീകരിക്കുന്നതുമായ ഒന്ന്, നിർണ്ണായകമായ അടിസ്ഥാനമോ സ്വാഭാവിക വിശദീകരണമോ ഇല്ലാതെ നിൽക്കുമ്പോൾ അതിനെ നാം മിത്ത് അല്ലെങ്കിൽ പുരാണം എന്ന് പറയുന്നു. ഓരോ മതത്തിലും മനസ്സിലാക്കാൻ സാധിക്കാത്ത ധാരാളം ഘടകങ്ങളുണ്ട്. നമുക്കത് ഇന്ന് ഇപ്പോൾ മനസ്സിലായിട്ടില്ലെന്ന് മാത്രം. നാളെ അതിന്റെ സത്യം വെളിപ്പെടുവാൻ സാധ്യതയുണ്ടെന്ന് നാം മറക്കരുത്.  അല്ലെങ്കിൽത്തന്നെ, വിശ്വാസം എന്ന് പറയുന്നതുതന്നെ യുക്തിക്കും, വിശദീകരണത്തിനും മേലെയുള്ള ഒന്നാണല്ലോ.  ശാസ്ത്രത്തിന് ഇനിയും പിടികിട്ടാത്ത എന്തല്ലാം ഭൗതികയാഥാർഥ്യങ്ങളാണ് ഈ ലോകത്തിലുള്ളത്! എന്നാൽ അവയെല്ലാം വെറും മിത്താണെന്ന് പറഞ്ഞ് നടന്നകലാൻ നല്ല ശാസ്ത്രജ്ഞന്മാർ ശ്രമിക്കുകയില്ല. രാഷ്ട്രീയക്കാർക്ക്, അതും, നിരീശ്വര പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്ക്, അവർ പുറത്ത് പറഞ്ഞാലും ഇല്ലെങ്കിലും, അവർക്ക് മതം, ദൈവവിശ്വാസം ഒക്കെ വെറും മിത്താണ്!

ഈശോയുടെ രൂപാന്തരീകരണം ഒരു ദൈവിക വെളിപ്പെടുത്തലായി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന്റെ ചരിത്രപരത എന്ന് പറയുന്നത് ശിഷ്യരുടെ ദൃക്സാക്ഷി വിവരണം തന്നെയാണ്. വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം അദ്ധ്യായം ഒന്ന് 17 – 18 വാക്യങ്ങളിൽ വിശുദ്ധ പത്രോസ് തറപ്പിച്ചു ഇങ്ങനെ പറയുന്നു:   “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമ പ്രഭാവത്തിൽ നിന്ന് അവന്റെ അടുത്ത് വന്നു. സ്വർഗത്തിൽ നിന്നുണ്ടായ ആ സ്വരം ഞങ്ങൾ കേട്ടു. എന്തെന്നാൽ, ഞങ്ങളും അവന്റെ കൂടെ വിശുദ്ധ മലയിൽ ഉണ്ടായിരുന്നു. ”  വെറും മിത്തെന്ന രീതിയിൽ പരിഗണിക്കപ്പെടേണ്ട ഒന്നല്ല ക്രിസ്തുവിന്റെ രൂപാന്തരീകരണമെന്നത് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

കേസരിയ ഫിലിപ്പി പ്രദേശത്തുവച്ച് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്’ എന്ന പത്രോസിന്റെ പ്രഖ്യാപനത്തിന് ആറു ദിവസം കഴിഞ്ഞാണ് വിശുദ്ധ മത്തായിയും, മാർക്കോസും രൂപാന്തരീകരണം വിവരിക്കുന്നത്. വിശുദ്ധ ലൂക്കായാകട്ടെ എട്ടുദിവസങ്ങൾക്ക് ശേഷം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ഗ്രീക്ക് ശൈലിയിൽ എട്ടുദിവസങ്ങൾക്ക് ശേഷം എന്നത് ഒരാഴ്ചയ്ക്ക് ശേഷം എന്നാണ് നാം മനസ്സിലാക്കേണ്ടത്).

ഈശോ ശിഷ്യരേയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്ക് പോയി എന്നാണ് വിശുദ്ധ മത്തായിയും, മാർക്കോസും പറയുന്നത്. ഇത് താബോർമലയാണെന്ന് പരമ്പരാഗതമായി പറയുന്നുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ അത് ശരിയാകണമെന്നില്ല. ഒന്നാമത്തെ കാരണം, താബോർ മല ഉയർന്ന മലയല്ല എന്നതാണ്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 1900 അടി ഉയരത്തിലാണ്; മലയുടെ ഉയരമാകട്ടെ 580 meters. രണ്ടാമത്, ഈ മല സ്ഥിതി ചെയ്യുന്നത് കേസരിയാഫിലിപ്പിയിൽ നിന്ന് കഫർണാമിലേയ്ക്കുള്ള വഴിയിലുമല്ല. Mount Hermon സമുദ്രനിരപ്പിൽ നിന്ന് 9300 അടി ഉയരത്തിലാണ്; ഉയരം 2835 meters. വേറൊരു മലയുള്ളത് Mount Miron ആണ്. അത് സമുദ്രനിരപ്പിൽ നിന്ന് 3900 അടി ഉയരത്തിലാണ്. മലയുടെ ഉയരമാകട്ടെ 1190 meters. പരമ്പരാഗതമായി താബോർമല എന്ന് പറയുന്നുണ്ടെങ്കിലും, ഉയർന്നമല എന്നത് ഏതാണെന്ന് പറയുക ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ താബോർ മലയെന്ന് പറഞ്ഞോളൂ; കുറച്ചുകൂടി കൃത്യതവേണമെങ്കിൽ ഹെർമോൻ മലയെന്ന് പറയാം.

മലയേതായാലും, അതിന്റെ ഭൂമിശാസ്ത്രപരത എന്തുതന്നെയായാലും, ഈശോയുടെ രൂപാന്തരീകരണം വലിയൊരു മാറ്റത്തിന്റെ സന്ദേശമാണ് നമുക്ക് നൽകുന്നത്. ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് നമ്മെ മാറ്റത്തിലേക്ക്, രൂപാന്തരീകരണത്തിലേക്ക്, മാനസാന്തരത്തിലേക്ക്  ക്ഷണിച്ചുകൊണ്ടാണ്. ” മനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” (മത്തായി  4, 17) വിശുദ്ധ ബൈബിളിൽ ദൈവത്തിന്റെ  ആഹ്വാനം ഏശയ്യാ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 1, വാക്യം 18 ആണ്. “വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും, അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്ത വർണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും.” സുവിശേഷങ്ങളിലൂടെ ഈശോയും നമ്മെ ക്ഷണിക്കുന്നത് മാറ്റത്തിലേക്കാണ്; രൂപാന്തരീകരണത്തിലേക്കാണ്. അല്പംകൂടി ആലങ്കാരികമായി പറഞ്ഞാൽ ക്രിസ്തുമതം നമ്മോട് പറയുന്നത് മാറ്റത്തിന്റെ കഥയാണ്. ഈശോയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള മാറ്റത്തിന്റെ കഥ; വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്കുള്ള മാറ്റം; മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുള്ള മാറ്റം; ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റം. തിന്മയിൽ നിന്ന് നന്മയിലേക്കുള്ള മാറ്റം; സാവൂളിൽ നിന്ന് പൗലോസിലേക്കുള്ള മാറ്റം. അത് ധൂർത്തപുത്രൻ വീണ്ടും വീട് കണ്ടെത്തുന്നതാണ്; അന്ധൻ വീണ്ടും കാണുന്നതാണ്; മുടന്തൻറെ കാലുകൾ വീണ്ടും ബലം നേടുന്നതാണ്.  അത് സക്കേവൂസിന്റെ വീട് രക്ഷയുടെ ഭവനമായി മാറുന്നതാണ്. രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നതാണ്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലും രൂപാന്തരീകരണം സംഭവിക്കണം. നമ്മുടെ മുഖങ്ങളും സൂര്യനെപ്പോലെ വെട്ടിത്തിളങ്ങണം; നമ്മുടെ വസ്ത്രങ്ങളും പ്രകാശംപോലെ വെണ്മയുള്ളതാകണം; സ്വർഗത്തിന് നമ്മോട് സംസാരിക്കുവാൻ മാത്രം വിശുദ്ധിയുള്ളവരായി നാം മാറണം.

ദൈവത്തിനുവേണ്ടിയുള്ള അന്വേഷണം ഏതെങ്കിലും ലക്ഷ്യത്തിനുവേണ്ടിയുള്ള അന്വേഷണമല്ല, എന്തെങ്കിലും നേട്ടത്തിന് വേണ്ടിയുള്ള അന്വേഷണമല്ല. അത് വിശുദ്ധി തേടിയുള്ള അന്വേഷണമാണ്. അത് പരിശുദ്ധാത്മാവിലുള്ള ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പാണ്. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വൃത്തം പൂർത്തിയാക്കലാണ്. രൂപാന്തരീകരണം നടന്നുകഴിഞ്ഞാൽ പിന്നെ, നമ്മിൽ നിന്ന് ഭയം അപ്രത്യക്ഷമാകും. നമ്മെക്കുറിച്ചുള്ള, നമ്മുടെ മക്കളെക്കുറിച്ചുള്ള, ഭാവിയെക്കുറിച്ചുള്ള ഭയം ഇല്ലാതാകും. നാം ഈ ദൈവാലയത്തിലായിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്.

രൂപാന്തരം ജനനമാണ്. ഓരോ ക്രൈസ്തവനും ഒരു പുനർസൃഷ്ടിയാണ്. അരുതുകളിലൂടെയോ, നിയമങ്ങളിലൂടെയോ നേടിയെടുക്കേണ്ട ഒന്നല്ല അത്. വ്യക്തിയുടെ നവീകരണത്തിലൂടെയോ, പുതുക്കിപ്പണിയലുകളിലൂടെയോ അല്ല ഇത് സംഭവിക്കുന്നത്. സമ്പൂർണമായ തകർക്കലിലൂടെയാണ്.

മൂന്ന് തരത്തിലുള്ള മാറ്റങ്ങളുണ്ട്. ഒന്ന്, നവീകരണമാണ് (Reformation). ഇതൊരു മാറ്റമാണ്. പക്ഷേ, വെറും ഉപരിപ്ലവമായ, പുറമെയുള്ള മാറ്റം. ഉള്ള് അതുപോലെതന്നെയിരിക്കും. ആശയങ്ങൾ മാത്രം മാറുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത് ഒരു നവീകരണമായിരുന്നു. ഒന്ന് വ്യക്തമായി പറഞ്ഞാൽ, വീടിന്റെ പ്രധാനവാതിൽ മാത്രം മിനുക്കുന്ന പണി. ബാക്കിയെല്ലാം ചീഞ്ഞളിഞ്ഞങ്ങനെ കിടക്കും. വീടിന്റെ ഉമ്മറവും, അടുക്കളയും, പിന്നാമ്പുറവുമൊക്കെ കുഴഞ്ഞുമറഞ്ഞങ്ങനെ കിടക്കും. നമ്മുടെയൊക്കെ public toilets നോക്കൂ…മൂക്കുപൊത്തിയേ അതിൽ കയറാൻ സാധിക്കൂ.

രണ്ട്, വിപ്ലവമാണ് (Revolution) ഇവിടെ ആശയം മാറുന്നു. ഘടനയും മാറുന്നു. വ്യക്തിയുടെ പുറം വൃത്തിയാക്കലാണിത്. അകം അതേപടിയിരിക്കും. ഇവിടെ വീടിന്റെ വാതിൽ മാത്രമല്ല സ്വീകരണമുറിയും നന്നായിരിക്കും. ബാക്കിയെല്ലാം അതേപടിയിരിക്കും.

മൂന്ന്, അവബോധത്തിലുള്ള മാറ്റം (Rebellion) ആശയം മാത്രമല്ല, ഘടന മാത്രമല്ല, മനോഭാവവും, രീതികളും എല്ലാം മാറും. സമൂലമായൊരു മാറ്റം. ഇവിടെ വാതിൽ മാത്രമല്ല, സ്വീകരണമുറി മാത്രമല്ല, വീട് മുഴുവനും പുതിയതാകുന്നു. ഇതാണ് രൂപാന്തരീകരണം. ഇവിടെ നിന്റെ ശരീരം മാത്രമല്ല, വസ്ത്രങ്ങൾ മാത്രമല്ല, നിന്റെ വ്യക്തിത്വം മുഴുവനും തിളങ്ങും. സ്വർഗത്തിന്റേതായൊരു വെണ്മയിൽ നീ തിളങ്ങും.

വിശുദ്ധ പൗലോസിനെ നോക്കൂ…ഈ മാറ്റം നിങ്ങൾക്ക് ദർശിക്കാം; ശ്രീ ബുദ്ധനെ നോക്കൂ …സിദ്ധാർത്ഥനിൽ നിന്ന് ബുദ്ധനിലേക്കുള്ള മാറ്റം നിങ്ങൾക്ക് കാണാം. ഇന്നത്തെ സുവിശേഷം 10 മിനിറ്റ് ധ്യാനിക്കൂ…തിളങ്ങി നിൽക്കുന്ന ക്രിസ്തുവിനെ നിങ്ങൾക്ക് കാണാം.

സ്നേഹമുള്ളവരേ, നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം – ഇത് വെറുമൊരു ചിത്രീകരണമല്ല. നമ്മിലും സംഭവിക്കേണ്ട അത്ഭുതമാണ്. നമുക്ക് രൂപാന്തരീകരണം വേണം. നമ്മുടെ ഭവനങ്ങൾക്കും രൂപാന്തരീകരണം ആവശ്യമാണ്. വെറുമൊരു നവീകരണം, വിപ്ലവം മാത്രം പോരാ. ഒരു കുമ്പസാരം, ഒരു വീട് വെഞ്ചിരിപ്പ് – അത് മാത്രം പോരാ. നമ്മുടെ ജീവിതത്തിന്റെ, കുടുംബത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം ആവശ്യമായിരിക്കുന്നു. നമ്മിലെ, നമ്മുടെ കുടുംബത്തിന്റെ പ്രകാശം കണ്ട് മറ്റുള്ളവർക്ക് ദൈവസാന്നിധ്യത്തിന്റെ അനുഭവമുണ്ടാകണം. ഗർഭണിയായ ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു ശിശു ഉരുവാകുമ്പോൾ അവൾക്ക് അതുവരെ ഇഷ്ടമുണ്ടായിരുന്ന പലതിനോടും മനംമറിച്ചിൽ (Nausea) ഉണ്ടാകുന്നതുപോലെ, ക്രിസ്തു നമ്മുടെ ഉള്ളിൽ, നമ്മുടെ കുടുംബങ്ങളിൽ രൂപപ്പെട്ടുകഴിഞ്ഞാൽ പിന്നെ പലതിനോടും ക്രൈസ്തവന് മനംമറിച്ചിൽ ഉണ്ടാകണം. പലതിനോടും അകലം പാലിക്കണം.

ഈശോ ക്ഷണിക്കുന്ന രൂപാന്തരീകരണത്തിലേക്ക് പ്രവേശിക്കുവാൻ

ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. ക്രൈസ്തവർക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കുവാൻ രൂപാന്തരീകരണമല്ലാതെ മറ്റു വഴികളില്ല. ആമേൻ!

SUNDAY SERMON JN 9, 1-12

കൈത്താക്കാലം മൂന്നാം  ഞായർ

യോഹ 9, 1 – 12

ഇന്ന് കൈത്താക്കാലം മൂന്നാം ഞായറാഴ്ചയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന ഒരു Thread ഉണ്ട് .  അത് ഈശോ വെളിച്ചമാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്ന് മറിച്ചു നോക്കിയാൽ, ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. (1, 5) ആരാണ് ഈ വെളിച്ചം? ക്രിസ്തു-ക്രിസ്തുവാണ് വെളിച്ചം. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വരുന്നുണ്ട്.  രാത്രിയില്‍? ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ അടുത്ത്. (3, 2) ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. (3, 19) ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. (8, 12) ആരാണീ ഞാന്‍? ക്രിസ്തു. എന്താണ് ക്രിസ്തു? വെളിച്ചം. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” (9, 5) പതിനൊന്നാം അധ്യായത്തിൽ ലാസർ മരണത്തിന്റെ അന്ധകാരത്തിൽ നിന്ന് ജീവന്റെ പ്രകാശത്തിലേക്ക് വരുന്നു. പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. (12, 35-36) പ്രകാശം ക്രിസ്തുവാണ്‌. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. (12, 46) ആരായി? വെളിച്ചമായി. പതിമൂന്നാം അധ്യായത്തിൽ യൂദാസ് വെളിച്ചമായ ക്രിസ്തുവിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്നു. വചനം പറയുന്നു. “അപ്പോൾ രാത്രിയായിരുന്നു.” (13, 30) 18 ൽ പത്രോസ് ഇരുളിൽ നിന്നുകൊണ്ട് പ്രകാശത്തെ (പ്രകാശമായ ക്രിസ്തുവിനെ) തള്ളിപ്പറയുന്നു. (18, 18) ഇരുപതാം അധ്യായത്തില്‍ ഇരുട്ടയിരിക്കുമ്പോള്‍ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട എങ്ങോട്ട്? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.

അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, ലോകത്തിന്റെ മുഴുവൻ അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം.  വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്.  ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം. 

സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ബഹിരാകാശത്തേക്ക് ഈസിയായിട്ട് പിക്‌നിക്കിന് പോയിത്തുടങ്ങിയിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്, ദൈവത്തിന്റെ മഹത്വം പ്രകടമാകുന്നതിനുവേണ്ടിയാണ്.’

എന്നെ   കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടാകും. അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ? നമ്മുടെ ജീവിതത്തിൽ തകർച്ചകൾ കടന്നുവരുന്നത് പൂർവ പിതാക്കളുടെ പാപത്തിന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നതോ?

ഈ ചിന്തയ്ക്ക് ഒരു പരിണാമ ചരിത്രമുണ്ട്. മനുഷ്യൻ ബുദ്ധിപരമായി വളർന്നു വരുന്നതോടുകൂടി അവന്റെ ചിന്തകൾക്കും, വിശ്വാസങ്ങൾക്കുമെല്ലാം മാറ്റം വരുന്നുണ്ട്. ഇക്കാര്യത്തിലും ഒരു പരിണാമം നമുക്ക് കാണാവുന്നതാണ്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ  ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവതന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്ക പ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്‌! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.   

അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്. ‘ പിന്നീട് ശ്ലീഹന്മാരുടെ കാലത്തും ക്രിസ്തുവിന്റെ മനോഭാവമാണ് അവരും വച്ച് പുലർത്തിയത്. വിശുദ്ധ യാക്കോബിന്റെ ലേഖനം (AD 62 ന് മുൻപ് രചിക്കപ്പെട്ടതാണ് ഈ ലേഖനം) ഒന്നാം അദ്ധ്യായം 14, 15 വചനങ്ങൾ ഇങ്ങനെയാണ്: “അവിടുന്ന് (ദൈവം) ആരെയും പരീക്ഷിക്കുന്നില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ചയെത്തുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു.”

ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ, നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.

അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തെങ്ങിൻ പൂക്കുല ചിതറുന്നപോലെ കൊലനടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവർ – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്?  മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളും, കൊലപാതകങ്ങളും, മാനഭംഗപ്പെടുത്തലുകളും കണ്ടില്ലെന്ന് നടിക്കുന്ന ഭരണസംവിധാനങ്ങൾ അന്ധരല്ലാതെ മറ്റെന്താണ്?

ഇതിനെതിരെ ഒന്നും ശബ്ദിക്കാതെ, ഒന്നും സംഭവിക്കാത്ത രീതിയിൽ മുന്നോട്ട് പോകുന്ന ഭരണാധിപന്മാരും അന്ധരല്ലാതെ മറ്റെന്താണ്?

നമ്മുടേത് അന്ധന്മാരുടെ ലോകമാണോ?  നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”

ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർശനത്തിനായി നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം. 

നമ്മിലെ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേ നിങ്ങൾ അന്ധരാണ്. പ്രകാശത്തിലേക്ക് വരിക! ക്രിസ്തുവാണ് വെളിച്ചം. ക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുക. ക്രിസ്തുവാകുന്ന വെളിച്ചത്തിൽ ജീവിക്കുക!

നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും.  നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും.  നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.

ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍

പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്. ആമ്മേൻ!

SUNDAY SERMON LK 15, 11-32

കൈത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 15, 11-32

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് അതിലെ ഒരു മുഹൂർത്തം മാത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിന് കാരണമായ സന്ദർഭമാണ്.  ഈ കഥയെ വഴിതിരിച്ചു വിടുന്ന സന്ദർഭമാണത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അധ്യായം 15, വാക്യം 17: “അപ്പോൾ അവന് സുബോധമുണ്ടായി.”  ഈ കഥയുടെ പോക്കിനെ, അതിന്റെ ഗതിയെ തിരിച്ചു വിടുന്ന ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!

ധൂർത്തപുത്രന്റെ അവസ്ഥയെ ഇങ്ങനെ വായിച്ചെടുക്കാം. ചെറുപ്പം മുതലേ വീടിന്റെ ഭ്രമണപഥങ്ങളിലൂടെ കറങ്ങിയിരുന്ന, അതിൽ ആനന്ദവും, സന്തോഷവും അനുഭവിച്ചിരുന്ന ഒരുവന് ഒരുനാളിൽ വീടിനോട്, വീട്ടുകാരോട്, അതിന്റെ പരിസരങ്ങളോട് മടുപ്പ് തോന്നുന്നു. ജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു അവസ്ഥയാണത്. ഓർത്തുനോക്കൂ, നമ്മുടെ മക്കൾക്ക് അവരുടെ വീടിനോട് മടുപ്പുതോന്നിയാലുള്ള അവസ്ഥ! സ്കൂളിലേക്ക് പോയ, മകൾക്കോ, മകനോ, പല കാരണങ്ങൾ കൊണ്ടാകാം,  തിരിച്ചുവരാൻ തോന്നിയില്ലെങ്കിലോ? അയ്യോ! ചിന്തിക്കാൻ പോലും വയ്യ എന്നായിരിക്കും നിങ്ങൾ ഉള്ളിൽ പറയുന്നത്.  അങ്ങനെ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഏതായാലും, വീടിനോട് മടുപ്പുതോന്നിയ കഥയിലെ ഇളയപുത്രൻ വീടിന്റെ ഭ്രമണ പഥത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. ലോകത്തിന്റെ നിറങ്ങളിൽ ഭ്രമിച്ചിട്ടാകാം, സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയിട്ടാകാം, ചങ്ങാതിക്കൂട്ടത്തിന്റെ, ലഹരിയുടെ, മദ്യപാനത്തിന്റെ പ്രേരണകളാകാം – അവൻ ആഘോഷങ്ങളുടെ വഴികളിലൂടെ ആടിപ്പാടി നടക്കുകയാണ്. അപ്പോഴാണ് ഒരു ക്ഷാമകാലം വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും കാമ്പില്ലാത്ത പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും കിട്ടിയാൽ മതിയെന്നായി അയാൾക്ക്. പന്നികളെ മേയ്ക്കാൻ പോയ അവന് ആർത്തിയോടെ പന്നികൾ തവിടുതിന്നുന്നതുകണ്ടപ്പോൾ, കൊതിയായി. എന്നാൽ, അതുപോലും ആരും അവന് കൊടു ത്തില്ല. പിന്നെയാണ് സുന്ദരമായ ആ വാചകം: “അപ്പോൾ അയാൾക്ക് സുബോധമുണ്ടായി.”

എന്താണ് ഒരാളുടെ ജീവിതത്തിന്റെ സുബോധം? ഒരു വ്യക്തി, താൻ തട്ടിത്തെറിപ്പിച്ച് കടന്നുപോന്ന ജീവിതത്തിന് തികച്ചും വിപരീതമായ, വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, താൻ കടന്നുപോകുന്ന അവസ്ഥയുടെ ദൈന്യതയിൽ നിന്നുകൊണ്ട് കഴിഞ്ഞകാല ജീവിത സൗഭാഗ്യങ്ങൾ ഓർത്തെടുക്കുന്നു. ഓർത്തെടുക്കുക മാത്രമല്ല, തിരികെപ്പോകാൻ തീരുമാനമെടുക്കുന്നു. ഇതാണ് സുബോധം.

ഇളയമകൻ തന്നെ പൊതിഞ്ഞു നിന്ന സ്നേഹാനുഭാവത്തെ ഓർത്തെടുക്കുകയാണ്; തന്റെ കുടുംബത്തിലെ ദൈവപരിപാലനയെ, പിതാവിന്റെ സ്നേഹത്തെ, ദാസർപോലും സമൃദ്ധമായി ഭക്ഷിക്കുന്ന മേശയെ ഓർത്തെടുക്കുകയാണ്. അതോടുകൂടി അയാളുടെ ലോകം തന്നെ പുതിയതാകുന്നു. അപ്പോൾ സംഭവിച്ചത് ഇതാണ്:

കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ, ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ. കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!”  അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരങ്ങൾക്ക് ദൈവിക ചൈതന്യം ലഭിക്കുന്നത് ഇളയ മകന്റെ സുബോധത്തിൽ നിന്നാണ്. ദൈവത്തിൽ നിന്നകലുന്ന ദൈവത്തോട് മറുതലിക്കുന്ന മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്നതിന്റെ നേർചിത്രമാണ് ധൂർത്തപുത്രന്റെ കഥ. ഒപ്പം സുബോധം നേടി ദൈവത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്റെയും കഥയാണ് ധൂർത്തപുത്രന്റെ കഥ.

ഈ കഥയ്ക്ക് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും, ദൈവത്തിൽ നിന്നകലുന്ന മനുഷ്യന്റെ കഥകൾക്ക് യാതൊരു പഞ്ഞമില്ലെങ്കിലും, ദൈവത്തിൽ നിന്ന് അകലുന്ന, അങ്ങനെ നാശത്തിലേക്ക് വീഴുന്ന ധൂർത്തപുത്രന്മാരുടെ എണ്ണം കൂടിവരികയാണ്. കുടുംബസ്വത്തിന്റെ കാര്യത്തിൽ പിണങ്ങി നിൽക്കുന്ന, മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ മാതാപിതാ ക്കളോട് സംസാരിക്കാതിരിക്കുന്ന, വലിയ വിലയുടെ മൊബൈലോ, ലാപ്ടോപ്പോ, വസ്ത്രങ്ങളോ, ബൈക്കോ  വാങ്ങിക്കൊടുക്കാത്തതുകൊണ്ട് മാതാപിതാക്കളോട് മറുതലിച്ചു നിൽക്കുന്ന മക്കൾ ധൂർത്ത പുത്രന്റെ വഴിയിലാണ്. കുടുംബം നോക്കാത്ത, മദ്യപാനിയായി നടക്കുന്ന കുടുംബനാഥന്മാർ, കുടുംബത്തിൽ ഏഷണിയുമായി നടക്കുന്ന അമ്മമാർ – ഇവരും ധൂർത്തപുത്രന്റെ വഴിയിലാണ്. തിരുസ്സഭയോടൊത്ത് നിൽക്കാത്ത ക്രൈസ്തവർ, ദൈവമില്ലായെന്ന് വിശ്വസിക്കുന്ന നിരീശ്വരന്മാർ, നിരീശ്വര പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നവർ – ഇവരും ധൂർത്ത പുത്രന്റെ വഴിയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പോകുമ്പോൾ നാമും ധൂർത്തപുത്രന്റെ വഴിയിലാണ്.  പാപത്തിന്റെ വഴിയാണ് ധൂർത്തപുത്രന്റെ വഴി!  

മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ആധുനിക മനുഷ്യൻ ചന്ദ്രയാൻ ദൗത്യത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴും ദൈവത്തിൽ നിന്ന് അകലുന്നതിന്റെ ചിത്രങ്ങളാണ് നാം കാണുന്നത്. ദൈവത്തെ ധിക്കരിക്കുന്നതിന്റെ കഥകളാണ് നാം കേൾക്കുന്നത്. ദൈവമായിത്തീരാനുള്ള അഹന്തയുടെ പടപ്പുറപ്പാടുകൾക്ക് ജീവിതം തന്നെ കൊടുക്കുവാൻ മനുഷ്യൻ ഇന്ന് തയ്യാറാണ്.   തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.

“അപ്പോൾ അവന് സുബോധമുണ്ടായി” എന്നത് വായിച്ചെടുക്കേണ്ടത് ഇങ്ങനെയാണ്: ‘അപ്പോൾ വീണുപോയ അവന് വീണ്ടും എഴുന്നേൽക്കുവാനുള്ള ദൈവത്തിന്റെ ക്ഷണം കിട്ടി.’ വീഴ്ചകൾ സാധാരണമാണ്; പാപം ചെയ്ത്, പാപാവസ്ഥയിൽ ജീവിക്കുകയെന്നത് മനുഷ്യന്റെ ബലഹീനതയുടെ വശമാണ്. എന്നാൽ, സുബോധമുണ്ടാകുക എന്നത് ദൈവകൃപയുടെ വസന്തമാണ്. സുബോധത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം നേരിട്ടായിരിക്കണമെന്നില്ല. മനുഷ്യരിലൂടെ, സംഭവങ്ങളായിലൂടെ, പ്രകൃതിയുടെ, അത്ഭുതങ്ങളായിലൂടെ പോലും, ദൈവം നമ്മെ നിരന്തരം സുബോധത്തിലേക്ക്, അനുതാപത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ഒന്ന് ചിന്തിച്ചാൽ ധൂർത്തപുത്രൻ ഭാഗ്യവാനാണ്. ഒന്നാമതായി, ദൈവം അവനെ വീണ്ടും ക്ഷണിച്ചു എന്നതാണ്. രണ്ടാമതായി, ആ ക്ഷണം മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാൻ അയാൾക്ക് സാധിച്ചു. ധൂർത്തപുത്രന്റെ കാര്യത്തിൽ ദൈവം അയാളെ ക്ഷണിച്ചത് പ്രകൃതിയിലെ ഒരു ചിത്രത്തിലൂടെയാണ്: പന്നികൾ ആക്രാന്തത്തോടെ, ശബ്ദമുണ്ടാക്കി തവിട് തിന്നുന്നു. അതുപോലും ലഭിക്കാത്ത ശപ്തനായ താൻ!! അയാൾക്ക് സുബോധമുണ്ടായി.

പത്രോസിന്റെ കാര്യത്തിൽ അത് കോഴി കൂവലായിരുന്നു; ഒപ്പം ഈശോയുടെ നോട്ടവും. “… പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോഴി കൂവി. കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി.” അവന് സുബോധമുണ്ടായി. വിശുദ്ധ ലൂക്കാ അതിനുപകരം എഴുതിവച്ചിരിക്കുന്നത് മനോഹരമാണ്. “അവൻ പുറത്തുപോയി മനം നൊന്ത് കരഞ്ഞു.” (ലൂക്കാ 22, 60-62)

മുംബയിൽ ചെറുപ്പക്കാരനായ ഒരു മലയാളി ഒരിക്കൽ നിരാശനായി, ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടക്കുകയാണ്. അല്പദൂരം നടന്നുകഴിഞ്ഞപ്പോൾ അയാളുടെ മുന്നിൽ ആരോ വലിച്ചെറിഞ്ഞ ഒരു ന്യൂസ് പേപ്പർ കഷണം. അല്പം എണ്ണ പുരണ്ടിട്ടുണ്ടെങ്കിലും അയാളതെടുത്തു.  അയാൾ അത്ഭുതപ്പെട്ടുപോയി. അതൊരു മലയാള പത്രത്തിന്റെ കഷണമായിരുന്നു. ചുമ്മാ അതിലെഴുതിയിരുന്നതിലൂടെ അയാൾ കണ്ണോടിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞപ്പോൾ അയാളൊരു മരത്തിന്റെ ചുവട്ടിലിരുന്ന് അത് മുഴുവൻ വായിച്ചു. വായന കഴിഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്ക്, ജീവിതത്തിലേക്ക് നടന്നു. അയാൾക്ക് സുബോധമുണ്ടായി. മുംബയിൽ … ഒരു മലയാളി …. മലയാള പത്രത്തിന്റെ കഷണം… അത്ഭുതം തോന്നുന്നില്ലേ?  ദൈവത്തിന്റെ ക്ഷണമായിരുന്നു ആ പേപ്പർ കഷണം.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത്, 2015 ൽ ഇറങ്ങിയ ഒരു മലയാളം സിനിമയുണ്ട് ചന്ദ്രേട്ടൻ എവിടെയാ എന്ന പേരിൽ. മനുഷ്യനെ സുബോധത്തിലേക്ക് കൊണ്ടുവരാൻ ദൈവം പ്രകൃതിയിൽ പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന കാര്യം വളരെ മനോഹരമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട് ഈ സിനിമയുടെ Climax scene ൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. ഈ സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശം.  വെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അപ്പോൾ അയാൾക്ക് സുബോധമുണ്ടായി. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. “ചന്ദ്രേട്ടന്‍ എവിടെയാ” ഭാര്യയാണ്. “ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്”, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നാം സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം. ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്. പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം.

ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം. ആമേൻ!