സന്ദർശനങ്ങളും അഭിവാദനങ്ങളും പറച്ചിലുകളും, വിവാദങ്ങളുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുന്നത് നോക്കൂ ..! ‘മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.’ കണ്ടുമുട്ടലുകളെ ദൈവാനുഭവത്തിന്റെ സുന്ദര നിമിഷങ്ങളാക്കുവാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.
തന്റെ ജീവിത സാഹചര്യങ്ങളിൽ തനിമയോടെ, തന്റേടത്തോടെ കന്യകാമറിയം പറഞ്ഞു:”ദൈവത്തിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.” സ്വഭാവത്താലേ ബുദ്ധിമുട്ടേറിയ മനുഷ്യജീവിതം എളുപ്പമുള്ളതാക്കുവാനുള്ള മന്ത്രം ഇതാണ്: “ദൈവമേ, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”
നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”
ഇന്ന് വിസ്മയ തുടങ്ങിയവരുടെ മരണങ്ങൾ ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു.
രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.
റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്. ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’ പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.
നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.
ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. ഒരു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമ പെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”
സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാ സമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.
പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”
മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു.
ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.
വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”
ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.
അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി‘ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.
സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.
സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം.
നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ, അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!
അമേരിക്കയിലെ Christian Online Newspaper ആയ “The Christian Post” ന് ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസ്സിയേഷൻ (Billy Graham Evangelistic Association) പ്രസിഡന്റായ സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം (Franklin Graham) പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതകാലത്തു ഇതുപോലൊരു മഹാമാരിയിലൂടെ നമ്മൾ ഒരിക്കലും കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. എന്നാൽ, ഈ പകർച്ചവ്യാധിക്കാലത്തു, ദൈവം മനുഷ്യഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു, ആളുകളെ ക്രിസ്തുവിലേക്കു കൂടുതൽ, കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.” സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ നിരീക്ഷണം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്.
കൊറോണ വൈറസിന്റെ ഭീതിയിൽ ദേവാലയങ്ങളിൽ പതിവുപോലെ വിശുദ്ധകുർബാനയും, ആരാധനകളും പ്രാർത്ഥനകളും ഇല്ലെങ്കിലും ലോകം, നാം ക്രിസ്തുവിലേക്കു കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ സുവിശേഷം ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ, വീടുകളെ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന്, എങ്ങനെയാണ് ക്രിസ്തുവിനോട് കൂടുതൽ അടുക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുകയാണ്.
വ്യാഖ്യാനം
മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, കുഞ്ഞിന്റെ നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.
രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്.
ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, “നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം”. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.
നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.
പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.
ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട്
ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.
ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.
രണ്ട്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.
എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.
മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!! എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!
അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.
എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്. ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം.
അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തിന്റെ നിഷ്കളങ്കത, നൈർമല്യം. ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ട വർക്കേ ദൈവേഷ്ടം അറിയാനും, അതിനനുസരിച്ചു ജീവിക്കാനും ദൈവത്തിന്റെ ദർശനങ്ങൾ സ്വീകരിക്കുവാനും അർഹതയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് ബാധിച്ചു മരണമടഞ്ഞ ദക്ഷിണകൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ (Kim Ki-duck) സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ് (Spring, Summer, Fall, and Spring) എന്ന സിനിമയിൽ (2003) നായക കഥാപാത്രം ബുദ്ധ സന്യാസിയാകാൻ ഒരുങ്ങുന്ന ആളാണ്. ചെറുപ്പം മുതൽ ഗുരുവിനോടൊത്തു ജീവിച്ച അയാൾ തിന്മയുടെ, തൃഷ്ണയുടെ വഴിയിലൂടെ നടന്നു തന്നെത്തന്നെ മലിനപ്പെടുത്തുകയാണ്. അവസാനം കൊലപാതകം വരെ ചെയ്ത ശേഷം തിരിച്ചു ആശ്രമത്തിൽ എത്തുമ്പോൾ ഗുരു അവനു കൊടുക്കുന്ന അഭ്യാസം അയാൾ കൊല്ലാൻ ഉപയോഗിച്ച കത്തികൊണ്ടുതന്നെ ബുദ്ധ വചനങ്ങൾ ആവർത്തിച്ചു എഴുതുക എന്നതായിരുന്നു. പോലീസ് അയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നുണ്ടെങ്കിലും ശിക്ഷ കഴിഞ്ഞു വരുന്ന അയാൾ ഒരു പുതിയ മനുഷ്യനായിരുന്നു, ഒരു നല്ല സന്യാസി.
ദൈവത്തിന്റെ വചനം, ഗുരുവചനം ആവർത്തിച്ചു എഴുതുന്നതും, ചൊല്ലുന്നതും, വായിക്കുന്നതും നമ്മെ വിമലീകരിക്കും. ദൈവത്തിന്റെ ഹൃദയമറിയാൻ ഇടയാക്കും. അപ്പോൾ നമ്മിൽ ക്രിസ്തുമസ് സംഭവിക്കും. ഈ ക്രിസ്തുമസ് ഒരുക്കക്കാലം, ദൈവവചനത്തിലൂടെ സ്വയം ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടം അറിയുവാൻ നാം ശ്രമിക്കണം.
ദൈവസന്നിധിയിൽ നീതിനിഷ്ഠരാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.
സമാപനം
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?
ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!
കോവിഡ് 19 എന്ന മഹാമാരിയുടെ ഭീകരത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ധാരാളം മനുഷ്യർ നിരാശയുടെ വക്കിലെത്തി ഇനിയെന്ത് എന്നറിയാതെ വിഷമിക്കുന്നുണ്ട്. (പത്തു ദിവസമായി ക്വാറന്റൈനിൽ ഇരുന്നപ്പോഴാണ് ഒറ്റയ്ക്കിരിക്കുന്നതിന്റെ അസ്വസ്ഥത എനിക്ക് മനസ്സിലായത്.) ദേവാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കുവാനും, പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാധ്യസ്ഥ്യം പ്രാർത്ഥിക്കുവാനും സാധിക്കാതെ നമ്മുടെയൊക്കെ ആധ്യാത്മിക ജീവിതം കേവലം വെർച്യുൽ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആചരിക്കുകയാണ്. നമ്മുടെ ജീവിതം കൂടുതൽ പ്രതീക്ഷ നിറഞ്ഞതും, സമാധാനപ്രദവുമാകാൻ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.
നമ്മുടെ കത്തോലിക്കാ സഭയിൽ ആകെ മൂന്നു ജനന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. ഒന്ന് ഈശോയുടെ, രണ്ടു, പരിശുദ്ധ കന്യകാമറിയത്തിന്റെ, മൂന്നു വിശുദ്ധ സ്നാപക യോഹന്നാന്റേത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പരിശുദ്ധ കന്യകാമറിയത്തിനുള്ള സ്ഥാനവും പ്രാധാന്യവുമാണ് അമ്മയുടെ ജനന തിരുനാളാഘോഷത്തിലൂടെ സഭ വ്യക്തമാക്കുന്നത്.
സുവിശേഷങ്ങളിൽ ഇതൾ വിരിയുന്ന പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ സവിശേഷതകളായിരിക്കണം നിങ്ങളും ഞാനും അടക്കമുള്ള ലോകത്തിലെ ക്രൈസ്തവർക്ക് പരിശുദ്ധ അമ്മയോട് ഇഷ്ടം തോന്നാൻ കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ സവിശേഷതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു സവിശേഷതകളിൽ ഒന്ന്, പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ജീവിതമാണ് നയിച്ചത് എന്നാണ്.
മറ്റൊരുവാക്കിൽ പരിശുദ്ധ അമ്മയുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. മംഗളവാർത്ത അറിയിച്ചതിനു ശേഷം അമ്മയുടെ തീരുമാനം അറിയാൻ സ്വർഗം കാത്തു നിന്നപ്പോൾ, “ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം പോലെ എന്നിൽ സംഭവിക്കട്ടെ” എന്ന് മാതാവ് ഉത്തരം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിത ദൈവേഷ്ടത്തിന്റെ ആഘോഷമാകുകയായിരുന്നു. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കാൻ ആഗ്രഹിച്ച മറിയത്തെ പിന്നീട് നാം കാണുന്നത് കുരിശിൻ ചുവട്ടിലാണ്. പക്ഷെ ഇന്ന് ‘അമ്മ ലോകത്തിന്റെ തന്നെ അമ്മയായി മാറിയിരിക്കുകയാണ്.
സ്നേഹമുള്ളവരേ, ഓരോ ക്രൈസ്തവന്റെയും ജീവിതം അമ്മ ജീവിച്ചപോലെ, ദൈവേഷ്ടത്തിന്റെ ആഘോഷമായിരിക്കണം. ക്രിസ്തുവിനെ ലോകത്തിനു നൽകിക്കൊണ്ട് ഈശോയുടെ അമ്മമാരാകാൻ ആഗ്രഹമുണ്ടെങ്കിൽ, ഈശോയുടെ സഹോദരനും സഹോദരിയുമാകാൻ ആഗ്രഹമുണ്ടെങ്കിൽ ഈശോ പറയുന്നത് ഇങ്ങനെയാണ്: ” “ഇതാ എന്റെ അമ്മയും എന്റെ സഹോദരങ്ങളും. ദൈവത്തിന്റെ ഹിതം നിർ വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും”. (മർക്കോ 3, 35) J.I Packer “Knwoing and Doing the will of God” എന്ന പുസ്തകത്തിൽ പറയുന്നത് ‘ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ പ്രസാദവരത്താൽ നിറഞ്ഞവരും ജീവിത സന്തോഷത്താൽ ആനന്ദിക്കുന്നവരുമാകാൻ നാം ചെയ്യേണ്ടതു ദൈവഹിതം അറിയുകയും അതിനനുസരിച്ചു ജീവിക്കുകയുമാണ്’എന്നാണ്.
നമ്മുടെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണെങ്കിൽ നാമൊക്കെ ജീവിതത്തിൽ വിജയം നേടുന്നവരാകും. നമുക്കറിയാവുന്നതുപോലെ, ജീവിതം ബുദ്ധിമുട്ടേറിയതാണ്. അതിന്റെ സ്വഭാവം അങ്ങനെയാണ്. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ തീർച്ചയായും നാം ചെന്നെത്തുക തെറ്റിദ്ധാരണയുടെ കുരിശിൻ ചുവട്ടിലാകാം. അപമാനത്തിന്റെ കുരിശിൻ ചുവട്ടിലാകാം. ഒറ്റപ്പെടലിന്റെ, ചവുട്ടി താഴ്ത്തലുകളുടെ കുരിശിൻ ചുവടുകളിലാകാം. എന്നാൽ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ നാം തയ്യാറായാൽ നമ്മുടെ മുൻപിലും സ്വർഗം തുറക്കപ്പെടും. ജീവിതം എളുപ്പമുള്ളതാക്കാൻ, മനോഹരമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്: ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക.
നമ്മൾ ആരായിരുന്നാലും, എന്തുമാത്രം സമ്പന്നരായിരുന്നാലും, എത്രമാത്രം ശക്തരായിരുന്നാലും, എത്രത്തോളം പ്രശസ്തരായിരുന്നാലും, എത്രമാത്രം സൗന്ദര്യമുണ്ടായിരുന്നാലും, വിദ്യാസമ്പന്നർ, വാഴ്ത്തപ്പെട്ടവർ ആയിരുന്നാലും ദൈവേഷ്ടത്തിന്റെ ആഘോഷമല്ല നമ്മുടെ ജീവിതമെങ്കിൽ നമ്മൾ തകർക്കപ്പെടും, ഇന്നല്ലെങ്കിൽ, നാളെ.
രണ്ടാമത്തെ സവിശേഷത, പരിശുദ്ധ അമ്മ നമ്മോടൊത്തുണ്ട്. നമ്മോടൊത്തായിരുന്നുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യയാകുവാൻ, ശിഷ്യനാകുവാൻ പരിശുദ്ധ ‘അമ്മ നമുക്ക് പ്രോത്സാഹനം നൽകും. ഈശോയുടെ ജീവിതവഴികളിൽ അങ്ങനെയായിരുന്നു പരിശുദ്ധ ‘അമ്മ. കാനായിലെ കല്യാണ വിരുന്നിൽ മനുഷ്യരുടെ കുറവുകളിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ പരിശുദ്ധ അമ്മ ഈശോയോടൊത്തു ഉണ്ടായിരുന്നു. എലിസബത്തിന്റെ ഉദരത്തിലെ ശിശു ദൈവികാനന്ദത്താൽ നിറയാനും എലിസബത്തു പരിശുദ്ധാത്മാവിനാൽ പ്രചോദിതയാകാനും പരിശുദ്ധ അമ്മയുടെ സാന്നിധ്യം കാരണമായി. ഈശോയുടെ ഉത്ഥാനത്തിനുശേഷം അമ്മയോടൊപ്പമാണ് ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞത്. പരിശുദ്ധ ‘അമ്മ നമ്മോടൊപ്പമുണ്ടെന്ന ചിന്ത ക്രിസ്തുശിഷ്യത്വത്തിന്റെ വഴികളിൽ നമുക്കൊരു ശക്തിയാണ്.
2004 ൽ റിലീസ് ചെയ്ത Mel Gibson ന്റെ Passion of Christ എന്ന സിനിമയിൽ വളരെ മനോഹരമായ ഒരു രംഗമുണ്ട്.
ഈശോ കുരിശുമായി കാൽവരി യാത്രയിലാണ്……അവശനായി രക്തമൊലിക്കുന്ന മുഖത്തോടെ കുരിശുമായി ആടിയുലഞ്ഞു നടക്കുകയാണ്….ഇടയ്ക്കെപ്പോഴോ കാലിടറി വഴിയിൽ വീണു…ദേഹത്തേക്ക് സ്ലോ മോഷനിൽ ഭാരമേറിയ കുരിശും…..ഈശോയുടെ ‘അമ്മ ആ ദാരുണ രംഗം കണ്ടു…അവൾ ഈശോയുടെ അടുത്തേക്ക് ഓടാൻ ശ്രമിക്കുമ്പോൾ, സംവിധായകൻ ഒരു Flash back നമ്മുടെ മുന്നിലിട്ട് തരികയാണ്…കുട്ടിയായിരുന്ന ഈശോ ഓടിക്കളിക്കുകയാണ്……പെട്ടെന്നാണ് ഒരു കല്ലിൽ തട്ടി ബാലനായ ഈശോ വീഴുന്നത്… മാതാവ് ഈശോയുടെ അടുത്തേക്ക് ഓടിയെത്തുന്നു…മുറിവ് തുടച്ചു വൃത്തിയാക്കുന്നു…ഈശോയുടെ കവിളത്തു ഉമ്മവയ്ക്കുന്നു.. പേടിച്ചു പോയ ഉണ്ണിയെ മാറോട് ചേർത്ത് പിടിച്ചുകൊണ്ടു അവൾ പറഞ്ഞു: “I am here”..…Flash back തീർന്നു…
ക്യാമറ വീണ്ടും കുരിശിന്റെ വഴിയിലേക്ക്…കുരിശിനടിയിൽ വീണുകിടക്കുന്ന ഈശോയുടെ അടുത്തേക്ക് slow motion ൽ മാതാവ് ഓടിയെത്തിയിട്ട് ഈശോയുടെ മുഖം കൈകളിൽ കോരിയെടുത്തിട്ട് ഈശോയുടെ ചെവിയിൽ പറയുന്നു… “Son, I am here” …. ക്യാമറ ഈശോയുടെ മുഖത്തിന്റെ close up കാണിക്കുമ്പോൾ നാം അറിയുകയാണ്, അമ്മയുടെ “Son I am here” എന്നുള്ള പറച്ചിൽ യാത്ര തുടരാൻ ഈശോയെ ധൈര്യപ്പെടുത്തിയെന്ന്…. അവിടുന്ന് കുരിശെടുത്തു നടക്കുവാൻ ശ്രമിക്കുകയാണ്…
സ്നേഹമുള്ളവരേ, അമ്മ നമ്മോടൊത്തു ഉണ്ടെന്ന ചിന്ത നമ്മെയും ശക്തിപ്പെടുത്തും. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ബലിയാകുവാൻ, വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാൻ, ജീവിതത്തിലെ കുരിശുകൾ വഹിക്കാൻ, ഇല്ലായ്മകളിൽ പ്രതീക്ഷ പുലർത്താൻ, പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മ നമ്മുടെ കാതിൽ വന്നു പറയും: “Daughter, Son, I am here”.
പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്കു, ക്രൈസ്തവ കുടുംബ ജീവിതങ്ങൾക്ക്, നവീകരണത്തിന്റെ ദിനമാകട്ടെ.
നാം എവിടെയായിരുന്നാലും, എന്തായിരുന്നാലും ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സ്നേഹത്തെ, സമാധാനത്തെ ലോകത്തിനു നൽകാൻ അമ്മയുടെ ഈ മാതൃക നമുക്ക് പ്രചോദനമേകട്ടെ. നമ്മുടെ ജീവിതങ്ങൾ ദൈവേഷ്ടത്തിന്റെ ആഘോഷമാകട്ടെ. പരിശുദ്ധ അമ്മയുടെ സാമിപ്യം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്തട്ടെ.
എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.