SUNDAY SERMON MK 8, 31-9, 1

നോമ്പുകാലം ആറാം ഞായർ

മർക്കോസ് 8, 31-9,1

ശാസ്ത്രം നിർമിത ബുദ്ധിയിലൂടെയും (Artificial Intelligence), റോബോട്ടിക്സ് എഞ്ചിനീയറിംഗിലൂടെയും (Robotics Engineering) പുരോഗതിയിലേക്ക് കുതിക്കുമ്പോഴും മനുഷ്യന്റെ വേദനകൾ, സഹനങ്ങൾ കുറയുകയല്ല, നിമിഷംപ്രതി കൂടുകയാണ്. ജീവിതം മുഴുവനും സഹനചിത്രങ്ങളുമായി നിൽക്കുന്ന മനുഷ്യരോട് സഹനത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷം. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ ഈശോയുടെ പീഡാനുഭവ-ഉത്ഥാന പ്രവചനങ്ങൾ മൂന്നാണ്. ഇവയിൽ ഒന്നാമത്തേതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് നാം വായിച്ചു കേട്ടത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ മറ്റ്, രണ്ടു മൂന്നും പ്രവചനങ്ങൾ ഒൻപതാം അദ്ധ്യായം 30-32 ലും, പത്താം അദ്ധ്യായം 32-34 ലും ആണ് നാം കാണുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ പരിസരം മനസ്സിലാക്കുവാൻ, തൊട്ട് മുൻപുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ഇതിനോട് ചേർത്ത് പറഞ്ഞുപോകേണ്ടതാണ്.

ഗലീലിക്കടലിന്റെ വടക്കൻ തീരത്തുള്ള ബെത്‌സയ്ദാ പട്ടണത്തിലായിരുന്ന (മർക്കോ 8, 22) ഈശോ, മുന്നോട്ടുള്ള യാത്രയ്ക്ക് കേസറിയാ ഫിലിപ്പി തിരഞ്ഞെടുക്കുകയാണ്. ഈ വിജാതീയ നഗരത്തിൽ വച്ചാണ് പത്രോസ് ഈശോയെ ക്രിസ്തുവായി തിരിച്ചറിയുന്നതും, “നീ ക്രിസ്തുവാണ്” എന്ന് ഏറ്റുപറയുന്നതും. ഈ ഏറ്റുപറച്ചിൽ ഈശോയ്ക്ക് ഒരു ദൈവിക വെളിപാടിന്റെ അനുഭവമായിരുന്നെങ്കിൽ, ശിഷ്യർക്കത് ഭാവിയിലേക്കുള്ള വലിയ വാതിലായിരുന്നു; ഭാവിയിൽ തുറക്കപ്പെടാനുള്ള സാധ്യതകളുടെ വലിയ വാതിൽ! അധികാരത്തിന്റെ, സമ്പത്തിന്റെ, നേട്ടങ്ങളുടെ വലിയ വാതിൽ! ശിഷ്യന്മാർ ചിന്തിച്ചു കാണും, ഈ വ്യക്തി ക്രിസ്തുവാണെങ്കിൽ, മിശിഹായാണെങ്കിൽ റോമാക്കാരെ തങ്ങളുടെ നാട്ടിൽ നിന്ന് ഓടിച്ചുവിട്ട്, ഇവിടെ ദൈവരാജ്യം സ്ഥാപിക്കുവാൻ സാധിക്കും. അങ്ങനെ ഒരു ദൈവാരാജ്യസംസ്ഥാപനം ഉണ്ടാകുകയാണെങ്കിൽ, തീർച്ചയായും, അതിന്റെ താക്കോൽസ്ഥാനങ്ങളിൽ തങ്ങളുണ്ടാകും. പിന്നെ, ക്രിസ്തുവിനെ മുന്നിൽ നിർത്തി അധികാരത്തിന്റെ സിംഹാസനങ്ങളിൽ തങ്ങൾക്ക് ഉപവിഷ്ഠരാകാം. ഞാനിത് പറയുന്നത് വെറും ഭാവനയുടെ വാചകക്കസർത്തായിട്ടല്ല. ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം, പത്രോസ് ഈശോയെ മാറ്റിനിർത്തിക്കൊണ്ട് തടസ്സം പറയുന്നത്. “നിനക്കിത് സംഭവിക്കാതിരിക്കട്ടെ.” കാരണം, പ്രവചനം സംഭവിച്ചാൽ അവരുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാകും! ശിഷ്യന്മാർ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ, അതിൽ സ്വന്തം കസേരകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു – അവരുടെ ചിന്തയിൽ!

ശിഷ്യരുടെ ഇത്തരത്തിലുള്ള ചിന്തകളും അവയിൽ പതുങ്ങിയിരിക്കുന്ന അപകടവും മനസ്സിലാക്കിയ ക്രിസ്തു ഉടനെ മൊഴിയുകയാണ് തന്റെ പീഡാനുഭവ-ഉത്ഥാനത്തിന്റെ ഒന്നാം പ്രവചനം! “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പ്രധാന പുരോഹിതന്മാർ നിയമജ്ഞന്മാർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും, വധിക്കപ്പെടുകയും, മൂന്ന് ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും!” ഈശോ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞത്? വചനം പറയുന്നു: ” അവൻ ഇക്കാര്യം തുറന്ന് പറഞ്ഞു.” ഈശോ തന്റെ  സന്ദേശം സാധാരണ രീതിയിൽ പറയുന്നത് ഉപമകളിലൂടെയും കഥകളിലൂടെയുമാണ്. എന്നാൽ, ലോകരക്ഷയ്ക്കായി ഭൂമിയിൽ വന്ന ക്രിസ്തു ലോകത്തിന് രക്ഷ നൽകുന്നത് എങ്ങനെയെന്ന് വളരെ വ്യക്തമായി തുറന്ന് പറയുകയാണ്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

മാനുഷികമായ ചിന്തയിൽ ഭ്രമിച്ചിരുന്ന ശിഷ്യരുടെ മുൻപിൽ, കൊന്നും കൊലവിളിച്ചും വിജയശ്രീലാളിതനായി ലോകത്തിലേക്ക് വരുന്ന ക്രിസ്തുവിനെ ഭാവന ചെയ്തിരുന്ന ശിഷ്യരുടെ മുൻപിൽ സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ ദൈവരാജ്യം സ്ഥാപിക്കുവാൻ വന്നിരിക്കുന്ന മിശിഹായെ”ക്കുറിച്ചുള്ള യഥാർത്ഥ ചിത്രം അവതരിപ്പിക്കുകയാണ് ഈശോ. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹനദാസന്റെ, നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ട, നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെട്ട, കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും, രോമം കത്രി ക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും മൗനമായി സഹിച്ച സഹനദാസന്റെ (ഏശയ്യാ 53, 5-7) ചിത്രം ഓർമിപ്പിക്കുകയാണ് ഈശോ. വലിയ വാഹനങ്ങളിൽ ഇരുപതും ഇരുപത്തിയഞ്ചും കാറുകളുടെ അകമ്പടിയോടെ ജനത്തെ കബളിപ്പിച്ച് മിന്നിപ്പായുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന ഒരു നേതാവായിട്ടല്ല, സ്നേഹത്തിലൂടെ, സഹനത്തിലൂടെ, ത്യാഗത്തിലൂടെ സ്വന്തം ജീവൻ സമർപ്പിച്ചും ലോകത്തിന് രക്ഷ നല്കുന്നവനായിട്ടാണ് ക്രിസ്തു വന്നിരിക്കുന്നത് എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുകയാണ് ഈശോ.  

സ്നേഹമുള്ളവരേ, ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി, കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം. ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് വിശുദ്ധ മാർക്കോസ് ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഒരിക്കൽ ഒരാൾ തന്റെ കൂട്ടുകാരുടെ കൂടെ ഒരു കപ്പൽ യാത്ര പ്ലാൻ ചെയ്തു. ഏറെ നാളത്തെ ആഗ്രഹമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. യാത്ര തുടങ്ങുന്നതിന്റെ തലേന്ന് ഭാര്യയോടും, മക്കളോടും യാത്ര പറഞ്ഞു. വീണ്ടും കാണുമ്പോൾ സമ്മാനങ്ങളുമായിട്ടായിരിക്കും താൻ വരുന്നതെന്ന് പറഞ്ഞ് അവരെ ആലിംഗനം ചെയ്തു. പിറ്റേന്ന് രാവിലെ കപ്പൽ പുറപ്പെട്ടു. യാത്രയാക്കാൻ വന്ന കുടുംബാംഗങ്ങളോട് കൈ വീശി യാത്രപറഞ്ഞ് യാത്ര തുടങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ, യാത്രയുടെ രണ്ടാം ദിവസം കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽ തകർന്നുപോയി. എല്ലാവരും രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു. ഈ മനുഷ്യനും സർവ്വശക്തിയുമെടുത്ത് നീന്തി. ഇടയ്ക്കൊക്കെ അവശനായെങ്കിലും, അവസാനം രക്ഷപ്പെട്ട് ഒരു ദ്വീപിലെത്തി. ദ്വീപിലെത്തിയിട്ടും അയാളുടെ കരച്ചിൽ നിന്നില്ല. വാവിട്ടുകരയുമ്പോഴും, അകലേക്ക് പ്രതീക്ഷയോടെ അയാൾ നോക്കിക്കൊണ്ടിരുന്നു. വിശപ്പ്…തണുപ്പ്….ഒരു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. കണ്ണിൽ കണ്ടതെല്ലാം കൂട്ടിച്ചേർത്ത് അയാൾ ഒരു വീടുണ്ടാക്കി, പകൽ ചൂടിൽ നിന്നും, രാത്രി തണുപ്പിൽ നിന്നും, രക്ഷപ്പെടുവാനായി. അന്ന് രാത്രി തണുപ്പ് തുടങ്ങിയപ്പോൾ, അയാൾ വീടിനുമുന്പിൽ തീ കൂട്ടി. എന്നാൽ, പെട്ടെന്ന് വന്ന കാറ്റ് എല്ലാം നശിപ്പിച്ചു. തീ വീട്ടിലേക്ക് പടർന്നു പിടിച്ചു.  വീട് കത്തി നശിച്ചു. അയാൾ വാവിട്ട കരഞ്ഞു…ദൈവമേ നീ എവിടെ എന്ന് ആകാശത്തിലേക്ക് നോക്കി ഉറക്കെ ചോദിച്ചു. പിറ്റേ ദിവസം, വൈകുന്നേരമായപ്പോൾ, തളർന്ന് അവശനായ ആ മനുഷ്യൻ കടലിലേക്ക് നോക്കിയപ്പോൾ ഒരു കപ്പൽ ആ ദ്വീപിനെ സമീപിക്കുന്നതായിക്കണ്ടു. തീരത്തോടടുത്ത കപ്പലിൽ നിന്ന് കാപ്പിത്താനും മറ്റുള്ളവരും ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചു. അയാൾ തിടുക്കത്തിൽ ചോദിച്ചു: എങ്ങനെയാണ് ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായത്? അപ്പോൾ കപ്പിത്താൻ പറഞ്ഞു: ഇന്നലെ രാത്രി ദ്വീപിൽ തീ കണ്ടു. അപ്പോൾ ഞങ്ങൾക്ക് തോന്നി ആരെങ്കിലും ഈ ദ്വീപിലുണ്ടാകുമെന്ന്.” അയാൾ ഉറക്കെ കരഞ്ഞു. കരച്ചിലിനിടയിൽ അയാൾ പുലമ്പി: “ഞാനുണ്ടാക്കിയ ആ വീട് കത്തിയില്ലായിരുന്നെങ്കിലോ? അയാൾ ആകാശത്തിലേക്ക് കൈകൾ കൂപ്പി…!

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്. ഓരോ സഹനവും, ദൈവകൃപ നമ്മിലേക്ക് കടന്നുവരുന്ന ചാലുകളാണ് പ്രിയപ്പെട്ടവരേ!

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സഹനത്തെ മൂല്യമുള്ളതാക്കാൻ സാധിക്കുന്നത് ഈശോയുടെ മരണവുമായി അത് ഒത്തുപോകുമ്പോഴാണ്. ഒരുവൻ സഹിക്കുന്നത് ദൈവമഹത്വത്തിനും, മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടിയാണെങ്കിൽ അത് ഈശോയുടെ മരണത്തിലുള്ള പങ്കുപറ്റലാണ്. ഈശോയുടെ മരണത്തെ ശരിയായി വിവരിക്കുന്ന വാക്ക് ചമ്മട്ടിയടിയല്ല, പീഡനങ്ങളല്ല, കുരിശും അല്ല, പിന്നെയോ സ്നേഹത്തോടെയുള്ള സഹനമാണ്.

സഹനത്തിൽ ഒരു വ്യക്തിയും ഏകാകിയല്ല. ഈശോയുടെ പുൽക്കൂടിന് ചുറ്റും, കുരിശിന് ചുറ്റും ദൂതഗണങ്ങളുണ്ടായിരുന്നു. പുൽക്കൂടും കുരിശും എന്നത് ഈശോയുടെ രക്ഷകൻ എന്ന ദൗത്യത്തിന്റെ പരിസരവും, സാക്ഷാത്ക്കാരവുമായിരുന്നു. അതുകൊണ്ടാണ് സഹായിക്കുവാനും, ആശ്വസിപ്പിക്കുവാനും സ്വർഗം ഈശോയോടൊപ്പം ഉണ്ടായിരുന്നത്.

മനുഷ്യന് സഹിക്കുവാൻ പറ്റാത്തവിധം ഒരു സഹനവും ദൈവം നൽകുന്നില്ല. ഒരു വ്യക്തിക്ക് എത്രമാത്രം സഹിക്കുവാൻ കഴിയുമെന്ന് ഈശോയ്ക്കറിയാം. മനുഷ്യന്റെ ദുഃഖത്തിന്റെ ഭാരം വളരെ അസാധാരണവും, മനുഷ്യനെ ഞെരിച്ചു കളയുന്നതുമായതിനാൽ അത് വഹിക്കുവാൻ മനുഷ്യനെ ശക്തിപ്പെടുത്തുവാൻ ദൈവം അസാധാരണമാർഗങ്ങൾ തന്നെ ഉപയോഗിക്കും. അതുകൊണ്ട്, അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ നിങ്ങൾ പരിഭ്രമിക്കരുത്. ( 1 പത്രോ 4, 12) നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് ഞാൻ കരുതുന്നു. (റോമാ 8, 18)

ദൈവഹിതം നിറവേറ്റുവാൻ സഹനത്തിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.

ഓർക്കുക, വിശുദ്ധി, നന്മനിറഞ്ഞ ജീവിതം സഹനത്തെ ഒഴിവാക്കുന്നില്ല. ഈ ഭൂമിയിൽ മനുഷ്യന് നേടുവാൻ കഴിയുന്നതിന്റെ ഏറ്റവും ഉന്നതവമായ വിശുദ്ധി നേടുവാൻ പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മറ്റാർക്കും കഴിയാത്ത വിധത്തിൽ സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുവാനും അവൾക്ക് സാധിച്ചു. എന്നാൽ അവൾ അനുഭവിക്കാത്ത ദുഃഖങ്ങളുണ്ടായിരുന്നോ? അമലോത്ഭവ ആയതുകൊണ്ട് ആദത്തിന്റെ തെറ്റ് വരുത്തിയ പാപത്തിൽ നിന്ന്, ലോകത്തിന്റെ ദുഃഖ ദുരിതങ്ങളിൽ നിന്ന് അവൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. എന്നാൽ എത്ര വിലാപങ്ങൾ! എത്രയധികം കണ്ണീർ! അവളുടെ പിതാവ്, മാതാവ്, ഭർത്താവ്, പുത്രൻ എല്ലാവരെയും മരണം വഹിച്ചുകൊണ്ട് പോകുന്നത് അവൾ കണ്ടു.

സഹനത്തിന്റെ രഹസ്യത്തിൽ പങ്കുകൊള്ളുന്നവർക്ക് മാത്രമേ യഥാർത്ഥമായ ജ്ഞാനം നല്കപ്പെടുന്നുള്ളു. സഹനത്തിന്റെ രഹസ്യത്തിലേക്ക് കടക്കുവാൻ ഒരു വ്യക്തി സമ്മതിക്കാത്തിടത്തോളം കാലം ക്രിസ്തു രുചിച്ചറിഞ്ഞ വേദന ഗ്രഹിക്കുവാൻ സാധിക്കുകയില്ല. ഈശോ മരിയവർത്തോർത്തയോട് പറഞ്ഞത് സഹിക്കുന്ന വ്യക്തിയിലേക്ക് മുൾമുടിധരിക്കപ്പെട്ട അവിടുത്തെ നെറ്റിത്തടത്തിൽ നിന്ന് പ്രത്യേക പ്രകാശ രശ്മികൾ കടന്നു ചെല്ലും എന്നാണ്. തുറക്കപ്പെട്ട അവിടുത്തെ കരങ്ങളിൽ നിന്നും, പാദങ്ങളിൽ നിന്നും കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും പ്രത്യേക പ്രകാശ രശ്മികൾ സഹിക്കുന്നവരിലേക്ക്  കടന്നുവരും.

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ ആറാം ഞായറാഴയിലേക്ക് നാം പ്രവേശിക്കുകയാണ്. അൻപത് നോമ്പിലെ നാൽപ്പതാം വെള്ളി ഈ ആഴ്ചയിലാണ് നാം ആചരിക്കുന്നത്. ഈയാഴ്ച്ചത്തെ നമ്മുടെ ധ്യാനം ഈശോയുടെ സഹനത്തെക്കുറിച്ചാകട്ടെ. ഈശോയുടെ സഹനത്തെക്കുറിച്ചുള്ള, കുരിശുമരണത്തെക്കുറിച്ചുള്ള ധ്യാനം, നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ മനസ്സിലാക്കുവാനും അവയെ വിശുദ്ധീകരിക്കുവാനും നമ്മെ സഹായിക്കും. ഓരോ വിശുദ്ധ കുർബാനയിലും നാം ഈശോയുടെ പീഡാസഹനവും, കുരിശുമരണവും ഓർക്കുന്നുണ്ട്, ആചരിക്കുന്നുണ്ട്. നമ്മുടെ വിശുദ്ധ കുർബാനയിലെ കൂദാശാവചനവേളയിൽ   ഈശോയുടെ കുരിശുമരണമാണ് നാം ആചരിക്കുന്നത്. ദൈവശാസ്ത്രജ്ഞന്മാർ the crowning point of his death എന്നാണ് ഈ സമയത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വിശുദ്ധ കുർബാനയർപ്പണവേളയിൽ ഈ സമയത്ത് വി. പാദ്രേ പിയോ കരഞ്ഞിരുന്നു പ്രിയപ്പെട്ടവരേ. ഇന്നത്തെ ബലിയിൽ ഈ ചിന്തയോടെ നമുക്ക് പങ്കെടുക്കാം. നമ്മുടെ ജീവിത സഹനങ്ങളെ, വേദനകളെ, കണ്ണുനീരിനെ വിശുദ്ധ കുർബാനയോട് ചേർത്തുവയ്ക്കാം.

സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ആമേൻ!

SUNDAY SERMON JN 8, 1-11

നോമ്പുകാലം അഞ്ചാം ഞായർ

യോഹന്നാൻ 8, 1-11

അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗം, സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം, ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.

ഒന്ന്, ഈ സംഭവം പാപികളോടുള്ള ഈശോയുടെ മനോഭാവവുമായി ചേർന്നുപോകുന്നതാണ്. പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സുവിശേഷങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ (മത്താ 9, 9 -13 ) ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് ഈശോ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയാ ണ് വിശുദ്ധ മത്തായി.  വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലൂടെ സ്വർഗം മതിമറന്ന് സന്തോഷിക്കുന്ന അസുലഭ നിമിഷങ്ങൾ പാപികളുടെ മാനസാന്തത്തിന്റെ അവസരങ്ങളാണെന്ന് ഈശോ പറഞ്ഞിട്ടുണ്ട്. ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിനിരുന്നപ്പോൾ നർദ്ദീൻ തൈലത്തിന്റെ പരിമളത്തോടൊപ്പം അനുതപിക്കുന്ന ഹൃദയവുമായെത്തിയ സ്ത്രീയെ, ഈശോ രക്ഷയിലേക്ക് ചേർത്തുനിർത്തുന്നത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ കണ്ണുനനയിക്കുന്ന സുന്ദര ചിത്രമാണ്. വിശുദ്ധ മാർക്കോസാണെങ്കിൽ “”ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തു പാപികളുടെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. സിക്കാറിലെ യാക്കോബിന്റെ കിണറ്റിൻ കരയിൽ കണ്ടുമുട്ടിയ ശമരിയക്കാരി സ്ത്രീയെ രക്ഷയിലേക്ക് കൈപിടിച്ചുകയറ്റുന്നത് വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ടെങ്കിലും, അവിടെ പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്നുള്ള സന്ദേശത്തിനല്ല ഈശോ പ്രാധാന്യം നൽകുന്നത്. “യേശുക്രിസ്തു പാപികളെ രക്ഷിക്കാനാണ് ലോകത്തിലേക്ക് വന്നത്” എന്നവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാൻ തിരഞ്ഞെടുക്കുന്ന സുവിശേഷഭാഗമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ, വിശുദ്ധ യോഹന്നാൻ ശ്ലീഹ ബോധപൂർവം തന്നെ എഴുതിച്ചേർത്തതായിരിക്കണം ഈ സംഭവം. 

രണ്ട്, ദൈവകൃപയുടെ വലിയ പ്രവാഹമാണ് ഈ സംഭവത്തിൽ നാം കാണുന്നത്. അടയാളങ്ങളുടെ പുസ്തകമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ വചനം പറയുന്നത്, ‘ക്രിസ്തുവിലൂടെ നാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു’ എന്നാണ്. വചനം, വെള്ളം, പ്രകാശം തുടങ്ങിയവയോടൊപ്പം വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്ന ഒരു ദൈവിക അടയാളമാണ് കൃപ. “സ്ത്രീയേ, നിന്നെ ഞാനും വിധിക്കുന്നില്ല, പോകുക, ഇനിമേൽ പാപം ചെയ്യരുത്” എന്ന ഈശോയുടെ വചനത്തിലൂടെ ദൈവകൃപയുടെ നറുംനിലാവ് അവളുടെ ജീവിതത്തിൽ നിറയുകയായിരുന്നു. താൻ അറിയിക്കുന്ന സുവിശേഷം അടയാളങ്ങളുടെ പുസ്തകമാണ് എന്ന് ഓരോ സംഭവത്തിലൂടെയും വെളിപ്പെടുത്തുകയാണ് വിശുദ്ധ യോഹന്നാൻ.

ഈ രണ്ട് കാരണങ്ങൾ മതി ഇന്നത്തെ സുവിശേഷഭാഗം ആരും പിന്നീട് എഴുതിച്ചേർത്തതല്ല എന്ന് സമർത്ഥിക്കുവാൻ. ഇന്നത്തെ സുവിശേഷഭാഗം വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നതാണെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, ഈശോയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്. ഒരിക്കലും നാം miss ചെയ്യാൻ പാടില്ലാത്ത സംഭവം!

മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ, അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശത്തിലേക്ക് എത്തിച്ചേരുവാനാണ് ഞാൻ ശ്രമിക്കുന്നത്.

ഒന്നാമത്തെ ചോദ്യം ഇതാണ്: പുരുഷനെവിടെ? അന്നത്തെ കാലത്തിന്റെ രീതികൾവച്ച് നോക്കുമ്പോൾ ഈ ചോദ്യം അസ്ഥാനത്താണ്.  കാരണം, പുരുഷമേധാവിത്വം സമൂഹത്തിന്റെ എല്ലാ തലങ്ങളേയും അടക്കി വാണിരുന്ന ഒരു കാലത്ത് എന്തിന് പുരുഷനെക്കുറിച്ച്, അവന്റെ ചെയ്തികളെക്കുറിച്ച് ചിന്തിക്കണം? സ്ത്രീകളെക്കുറിച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെക്കുറിച്ച്, അവരുടെ തിന്മകളെക്കുറിച്ച് ചിന്തിച്ചാൽ പോരേ?  എന്നാൽ, ഇന്ന് നാം ഈ ചോദ്യം ഉന്നയിക്കതന്നെ വേണം. പുരുഷനെവിടെ? ഇന്നത്തെ കപടസദാചാര പ്രവർത്തകരെപ്പോലെയായിരുന്നു അന്നത്തെ നിയമജ്ഞരും, ഫരിസേയരും. അന്നത്തെ സമൂഹത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ടവരായിരുന്നു ഫരിസേയരും നിയമജ്ഞരും. പുറമേ ധാർമികരായി കരുതപ്പെട്ടിരുന്നെങ്കിലും അവരുടെ മനസ്സുനിറയെ തേളുകളും പഴുതാരകളും ആയിരുന്നു. തങ്ങൾ ധാർമികരും, മറ്റുള്ളവരെല്ലാം അധാർമികരുമെന്ന ചിന്തയുള്ളവരായിരുന്നു അവർ. തങ്ങൾക്കില്ലാത്തത് പൊലിപ്പിച്ചുകാട്ടുകയും, മറ്റുള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന കപടസദാചാരപ്രവർത്തകരായിരുന്നു അവർ. സമൂഹത്തെ നന്മയുള്ളതാക്കുക എന്നതായിരുന്നില്ല അവരുടെ ലക്‌ഷ്യം. തങ്ങളുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം.  സമൂഹത്തിലെ സ്ത്രീകളും വിജാതീയരുമടങ്ങുന്ന ബലഹീനരുടെ തെറ്റുകൾ ഇപ്പോഴും ഉയർത്തിക്കാട്ടിക്കൊണ്ട് തങ്ങളുടെ തിന്മകൾ മൂടിവയ്ക്കുകയെന്ന തികച്ചും അധാർമികമായ അടവുനയമായിരുന്നു അവർ അതിനായി ഉപയോഗിച്ചിരുന്നത്.

മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിലൂടെ തങ്ങളെ മാന്യന്മാരായി അവതരിപ്പിക്കുവാനും, മറ്റുള്ളവരെ ചൂഷണംചെയ്യാനും അവർക്ക് കഴിയും. അതുകൊണ്ടാണ് പുരുഷനെ അവർ മറച്ചുവച്ചത്. ഒരു പുരുഷനെ രംഗത്തുകൊണ്ടുവന്നാൽ പിന്നെ തങ്ങളുടെ മുഖംമൂടികളും വലിച്ചുകീറപ്പെടുമെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അത്രയും കാപട്യം നിറഞ്ഞ സദാചാരപ്രവർത്തകരായിരുന്നു അവർ!

മനുഷ്യന്റെ മുഖംമൂടികൾ അഴിഞ്ഞു വീഴണമെങ്കിൽ, പലമുഖമുള്ളവരായി തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ജീവിക്കാതെ, ഒരൊറ്റ മുഖമുള്ളവരായി ക്രിസ്തുവിന്റെ മുഖമുള്ളവരായി ജീവിക്കണമെങ്കിൽ നാം ചോദിക്കണം, പുരുഷനെവിടെ? വ്യഭിചാരമെന്നത് പവിത്രമായ, വിശുദ്ധമായ ബന്ധങ്ങളിലെ വിള്ളലുകളാണ്; അപചയമാണ്; പൈശാചികതയാണ്. അവിടെ രണ്ട് പേരുണ്ടാകണം. ചിലപ്പോൾ അതിലധികവും. എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ക്രിസ്തുവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് നിന്റെ ഭാര്യയെ, ഭർത്താവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് സഹോദരങ്ങളെ, സുഹൃത്തുക്കളെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ദേവാലയത്തിൽ വരുവാൻ, കുമ്പസാരത്തിനണയുവാൻ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുക?   

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഈശോ കുനിഞ്ഞിരുന്നത്? എന്താണ് ഈശോ കുനിഞ്ഞിരുന്ന് നിലത്ത് എഴുതിക്കൊണ്ടിരുന്നത്? ഈ ചോദ്യത്തിന് സഭാപിതാക്കന്മാർ തുടങ്ങി പലരും ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ദൈവശാസ്ത്രപരമായ, സാമാന്യബുദ്ധിക്കനുസരിച്ചുള്ള പല ഉത്തരങ്ങൾ ഈ ചോദ്യത്തിന് ഉണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടത് മനഃശാസ്ത്രപരമായ ഒരു ഉത്തരമാണ്. അത് ദൈവിക ചൈതന്യം നിറഞ്ഞ ഉത്തരവുമാണ്.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെമേൽ, ഇവൾ കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ്” എന്ന   വിധിപ്രസ്താവിച്ചതിന്റെ ഹുങ്കും, അഹങ്കാരത്തിന്റെ കല്ലുമായി നിൽക്കുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ലക്‌ഷ്യം സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക, ക്രിസ്തുവിനെ കെണിയിൽ കുടുക്കി ഇല്ലാതാക്കുക എന്നതായിരുന്നു. സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നത് അവർക്കൊരു വിനോദമായിരുന്നെങ്കിൽ, ക്രിസ്തുവിനെ ഇല്ലാതാക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. സ്ത്രീയെ ശിക്ഷിക്കുക എന്നതിനേക്കാൾ അവർക്ക് വേണ്ടത് ഈശോയെ വാക്കിൽകുടുക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് അവരുടെ ചോദ്യം: നീ എന്ത് പറയുന്നു?” ഈശോ കുനിഞ്ഞിരിക്കുകയായിരുന്നു. കാരണം, എന്താണ് പറയേണ്ടതെന്ന തേങ്ങൽ അവിടുത്തേയ്ക്കുണ്ടായിരുന്നു. “മോശ പറഞ്ഞതാണ് ശരി അതുപോലെ ചെയ്യൂ”, എന്ന് പറഞ്ഞാൽ അവർ ചോദിക്കും, “അപ്പോൾ നിന്റെ കരുണ എവിടെ? സ്നേഹം എവിടെ? രക്ഷ എവിടെ?” മോശയ്ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ അപ്പോഴും അവർ ചോദിക്കും, ‘നീ മോശയെയും പ്രവാചകരെയും നശിപ്പിക്കാൻ വന്നവനാണല്ലേ?” എന്തുപറഞ്ഞാലും പെട്ടുപോകുന്ന ഒരു അവസ്ഥ. ഈശോയുടെ മനസ്സ് ഒരു ഉത്തരത്തിനുവേണ്ടി പരതുകയായിരുന്നു. അവന്റെ മനസ്സിന്റെ തേക്കത്തിനനുസരിച്ചു അവന്റെ വിരലുകൾ മണലിലൂടെ ഉദാസീനമായി നീങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് തലയുയർത്തി ഈശോ പറഞ്ഞു: നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.” 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കുറ്റം ചെയ്യാത്തവൻ എന്നല്ല, പാപം ഇല്ലാത്തവൻ പാപം ചെയ്യാത്തവൻ എന്നാണ്. എന്താണ് പാപം? തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ മനസ്സിൽ ആലോചന നടത്തുന്നതാണ്. അതിനെപ്പറ്റി ചിന്തിക്കുന്നതാണ് പാപം. എന്താണ് കുറ്റം? ആ plan നടപ്പിലാക്കുന്നതാണ്, ആ പാപം ചെയ്യുന്നതാണ് കുറ്റം. ഒരാളെ തല്ലാനോ കൊല്ലാനോ   ചിന്തിച്ചാൽ അത് പാപമാണ്. ഒരു കോടതിയ്ക്കും അതിന് ആരെയും ശിക്ഷിക്കാനാകില്ല. എന്നാൽ കുറ്റം ചെയ്‌താൽ ശിക്ഷിക്കാം. കുറ്റം ചെയ്യാത്തവർ ഉണ്ടാകുമെങ്കിലും, പാപം ഇല്ലാത്ത, പാപം ചെയ്യാത്ത ആരും ഉണ്ടാകാൻ സാധ്യമല്ലെന്ന് ഈശോയ്ക്കറിയാം. അവിടുന്ന് വളരെ സമർത്ഥമായ, reasonable ആയ ഉത്തരമാണ് കൊടുത്തത്. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. എന്നിട്ട് വീണ്ടും കുനിഞ്ഞ് നില ത്തെഴുതിക്കൊണ്ടിരുന്നു.

ഇപ്രാവശ്യം വലിയൊരു psaychological move ആണ് ഈശോ നടത്തിയത്. അഹങ്കാരത്തിന്റെ കല്ലുമായി വന്നവർ മുറിപ്പെട്ടു എന്ന് ഈശോയ്ക്കറിയാം. ഒരു നിമിഷംകൊണ്ട് അവർ ഒന്നുമല്ലാതായി. ഈശോയുടെ ഒരു നോട്ടംപോലും ചിലപ്പോൾ അവരെ provoke ചെയ്യാം. തല ഉയർത്തിപ്പിടിച്ച് ഒരു ഇന്നസെന്റ് സ്റ്റൈലിൽ എന്ത്യേ എന്ന് ചോദിച്ചാൽ …. ഏതെങ്കിലും ഒരുത്തൻ ഒരു കുഞ്ഞിക്കല്ല് എറിഞ്ഞാൽ മതി…തീർന്നു…പിന്നെ എല്ലാവരും ഏറിയും. അതാണ് ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം. ഒരാൾ ചെയ്‌താൽ മതി … തെറ്റാണോ ശരിയാണോയെന്ന് ചിന്തിക്കാതെ എല്ലാവരും കൂടെച്ചേരും…ആൾക്കൂട്ടക്കൊലപാതകങ്ങളുടെ മനശ്ശാസ്ത്രമാണത്. ഈശോ മനഃപൂർവം പിൻവാങ്ങുകയാണ്. കുനിഞ്ഞിരുന്ന് അവരുടെ ego വീണ്ടും hurt ചെയ്യാതെ നോക്കുകയാണ്. ഈശോയ്ക്കറിയാം തന്റെ പറച്ചിൽ അവരെ വേദനിപ്പിച്ചെന്ന്. അതാഘോഷിക്കുകയല്ല ഈശോ ചെയ്തത്. അവിടുന്ന് അവർക്ക് മതിയായ അവസരം നൽകുകയാണ്. തനിക്കെതിരെ വന്നവരുടെയും feelings നെ പരിഗണിക്കുകയാണ്. നിയമപരമായി അവർക്ക് ഈ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാം. നിയമപരമായി തങ്ങൾ ധാർമികരാണെന്ന് മേനിനടിക്കാം.    പക്ഷേ അവരതെല്ലാം മറന്നുപോയി. ഈശോയുടെ പ്രസ്‌താവന എല്ലാം തെറ്റിച്ചുകളഞ്ഞു. ഈശോ അവരുടെ ചിന്ത ആ സ്ത്രീയിൽ നിന്ന് അവരിലേക്ക് തിരിച്ചു. അവൻ അവരെ മനസാന്തരപ്പെടുത്തി.  മുതിർന്നവർ തുടങ്ങി കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോയി.

മൂന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ഈശോ എന്തുകൊണ്ട് ആ സ്ത്രീയെ വിധിച്ചില്ല? ഈശോ കണ്ണുകളുയർത്തി നോക്കിയപ്പോൾ ആ സ്ത്രീ തനിയെ! അവളുടെമേൽ കുറ്റമാരോപിച്ചവർ പോയിക്കഴിഞ്ഞിരുന്നു. കുറ്റമാരോപിച്ചവരുടെ കൂട്ടത്തിൽ ഈശോ ഉണ്ടായിരുന്നില്ല. സ്വർഗത്തിനെങ്ങനെ ഒരാളെ വിധിക്കുവാൻ സാധിക്കും? സ്വർഗത്തിനെങ്ങനെ ഒരാളെ, കുറ്റക്കാരനാണെങ്കില്പോലും കല്ലെറിഞ്ഞ് കൊല്ലാൻ കഴിയും? ക്രിസ്തു കരുണയോടെ, സ്നേഹത്തോടെ അവളെ കടാക്ഷിച്ചിട്ട് അവളോട് പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല…പോകുക ഇനിമേൽ പാപം ചെയ്യരുത്.” ഇതാണ് ദൈവികത…ആത്മീയത…നീ ചെയ്തതെല്ലാം ഇതാ സ്വർഗം, ദൈവം മറന്നിരിക്കുന്നു. The past is past. ഇത് ഒരനുഭവമായിട്ടുണ്ടെങ്കിൽ ഇനിമേൽ പാപത്തിലേക്ക് പോകരുത്.

സ്നേഹമുള്ളവരേ, ഇതാണ് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്ത -essence! പാപികളെ രക്ഷയിലേക്ക് വിളിക്കുവാൻ വന്നവൻ, വിധി പ്രസ്താവിച്ച് നാശത്തിലേക്ക് തള്ളിവിടാൻ വന്നവനല്ല. ഈശോയ്ക്കറിയാം, തെറ്റുചെയ്യുന്നവനോടൊപ്പം നിന്നെങ്കിലേ അവളെ /അവനെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂവെന്ന്. ഒരാൾ ഒരു തെറ്റ് ചെയ്‌താൽ എത്ര ശിക്ഷ അയാൾ ഏറ്റുവാങ്ങണം? എത്രപേരിൽ നിന്നുള്ള ശിക്ഷ സ്വീകരിക്കണം? എത്രനാൾ ശിക്ഷ സ്വീകരിക്കണം? നിന്റെ സൗഹൃദത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് എത്രനാൾ മാറ്റിനിർത്തണം? നാമോരോരുത്തരും നമ്മുടെ മനസ്സിന്റെ കുടുസ്സുമുറിയിൽ നിർത്തി എത്രപ്രാവശ്യം വിധി പ്രസ്താവിക്കണം? ചേർത്ത് നിർത്തുകയാണ് ക്രിസ്തു -പാപിനിയെ മാത്രമല്ല, അവൾക്കെതിരെ ആരോപണങ്ങളുമായി വന്നവരെയും. പാപിനിയെ മാത്രമല്ല, തന്നെ വക്കിൽകുടുക്കി ഇല്ലാതാക്കുവാൻ വന്നവരെയും! ഈശോയുടെ argument നോക്കുക “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.”

പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുവാൻ സാധിക്കുക – അതാണ് ഈശോയുടെ കരുണയുടെ പാഠം. ഇതാണ് നമ്മുടെ കുമ്പസാരത്തിന്റെ മഹനീയത! ഉയർന്ന മലയിൽ നിന്നേ, സമതലങ്ങളിലേക്ക് നദിക്കു ഒഴുകുവാൻ കഴിയൂ. ദൈവത്തിൽ നിന്നേ മനുഷ്യനിലേക്ക് ക്ഷമ, കരുണ ഒഴുകുവാൻ കഴിയൂ. ക്രിസ്തുവിന്റെ ഒരു നോട്ടം, ഒരു സ്പർശം…അത് മതി രൂപാന്തരത്തിന്റെ, ക്ഷമയുടെ പ്രസാദവരം നമ്മിലേക്കൊഴുകാൻ!

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ച ഈശോ നമ്മെ, നമ്മുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുകയാണ്. മുഖംമൂടികൾ വച്ചുകൊണ്ട്, കപട  സദാചാരത്തിൽ ജീവിക്കുവാൻ നമുക്കാകില്ല. വിശുദ്ധമായ ബന്ധങ്ങളെ വ്യഭിചാരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ നമുക്കാകില്ല. നമ്മെ അപകീർത്തിപ്പെടുത്തുവാൻ വരുന്നവരുടെപോലും, നമ്മെ കെണിയിൽ കുടുക്കുവാൻ വരുന്നവരുടെപോലും മനസ്സിലെ മുറിപ്പെടുത്താതെ പെരുമാറുവാൻ നമുക്കാകണം. ആരെയും വിധിക്കാതെ, ബലഹീനരെ, പാപികളെ, തെറ്റിൽ വീഴുന്നവരെ കൈപിടിച്ചുയർത്താനും,

ചേർത്തുപിടിക്കാനും നമുക്കാകണം. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, ശിക്ഷിക്കാനല്ലോ രക്ഷിക്കാനല്ലേ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്?! ആമേൻ!

SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ

മത്തായി 5, 27-32

മനുഷ്യജീവിതത്തിന്റെ വ്യഭിചാര വഴികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ വഴികളെ ദൈവികമാക്കാൻ ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക വെളിപാടുകളെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്നുണ്ടെങ്കിലും, വിശുദ്ധ പൗലോശ്ലീഹാ എഫേസോസുകാരോട് പറഞ്ഞതുപോലെ, ‘ദൈവത്തിന്റെ മുൻപാകെ എങ്ങനെ പരിശുദ്ധരായി, നിഷ്കളങ്കരായി ജീവിക്കാമെന്നാണ്’ വചനം നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലെ നാലാം പ്രണാമജപത്തിലും നാം ആഗ്രഹിച്ച്, പ്രാർത്ഥിക്കുന്നത് എന്താണ്? “… പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കുംവേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചെന്നും എല്ലാ മനുഷ്യരും അറിയട്ടെ” എന്നാണ്.

നോമ്പുകാലത്തിന്റെ ഈ നാലാം ഞായറാഴ്ച നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനും, വിശുദ്ധിയുടെ വഴിയിലൂടെ ജീവിക്കുവാൻ, അനുതാപത്തിലൂടെ ജീവിതനവീകരണത്തിലേക്ക് പ്രവേശിക്കുവാനും തിരുസഭ ആഗ്രഹിക്കുന്നു.

മനുഷ്യനും ദൈവവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമാണ് വിശുദ്ധി. ലോകം പണിയപ്പെട്ടിരിക്കുന്നത് നാം കരുതുന്നപോലെ കല്ലും സിമന്റും വച്ചല്ല; ഭൗതികവാദ പ്രസ്ഥാനങ്ങൾ കരുതുന്നപോലെ, വർഗ്ഗസമരത്താലോ, വിപ്ലവം കൊണ്ടോ അല്ല. ലോകം പണിയപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ നന്മയെ പ്രകാശിപ്പിക്കുംവിധം മനുഷ്യനിലെ നന്മയും വിശുദ്ധിയും ചേർത്തുകെട്ടിയാണ്.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ വായനകളെല്ലാം തന്നെ വിശുദ്ധിയെ പരാമർശിച്ചാണ് നിലകൊള്ളുന്നത്. ഒന്നാം വായന ഉത്പത്തി പുസ്തകത്തിലെ സോദോം ഗൊമോറയുടെ ധാർമിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. മനുഷ്യനിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള സ്നേഹം, നന്മ, വിശുദ്ധി വറ്റിപ്പോയാൽ, ശാരീരിക തൃഷ്ണകളാൽ ആസക്തരായാൽ വാതിൽ തപ്പി നടക്കുന്ന, വഴിതേടി നടക്കുന്ന വലിയ അന്ധതയിലേക്ക് മനുഷ്യൻ നിപതിക്കുമെന്ന, നമ്മെ ഭയപ്പെടുത്തുന്ന സന്ദേശമാണ് നാമിവിടെ കണ്ടുമുട്ടുന്നത്. രണ്ടാം വായന പഴയനിയമത്തിലെ വലിയൊരു ദുരന്തത്തെയാണ് വരച്ചുകാട്ടുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, രാജാവായി അഭിഷിക്തനായ ദാവീദ് ലൈംഗിക ആസക്തിയാൽ അശുദ്ധിയിലേക്ക്, തിന്മയിലേക്ക് തലകുത്തി വീഴുന്ന സംഭവം ഒരുൾക്കിടിടലത്തോടെയല്ലാതെ നമുക്ക് ധ്യാനിക്കാൻ കഴിയില്ല! ഇവിടെയും, തൃഷ്ണകളുടെ, രതിയുടെ, അശുദ്ധിയുടെ, മനുഷ്യനിലെ ദൈവികത മരിക്കുന്നതിന്റെ ഫലമായുണ്ടാകുന്നവ നിലനിൽക്കുകയില്ലെന്ന് മാത്രമല്ല, ബാല്യത്തിലേ ഇല്ലാതാകുമെന്നുള്ള സന്ദേശമാണ് നാം കാണുന്നത്. നാഥാൻ പ്രവാചകൻ പറയുന്നത് കേൾക്കുക: “കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല. എങ്കിലും, പ്രവർത്തികൊണ്ട് നീ കർത്താവിനെ അവഹേളിച്ചതിനാൽ നിന്റെ കുഞ്ഞ് മരിച്ചുപോകും.” മനുഷ്യൻ അശുദ്ധികൊണ്ട് നേടുന്നതൊന്നും നിലനിൽക്കുകയില്ല.

നാം വായിച്ചുകേട്ട ലേഖനഭാഗത്ത് വിശുദ്ധ പൗലോശ്ലീഹാ വിശുദ്ധിയെ വിവിധ ഭാവങ്ങളിൽ അവതരിപ്പിക്കുകയാണ്. പരിശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നത്, നീതി പ്രവർത്തിക്കുന്നത്, സ്നേഹം, വിശ്വാസം, സമാധാനം എന്നിവ ലക്ഷ്യംവയ്ക്കുന്നത് സൗമ്യതയോടെ, ക്ഷമാശീലത്തോടെ വർത്തിക്കുന്നത് എല്ലാം വിശുദ്ധിയാണ് അദ്ദേഹത്തിന്. യുവസഹജമായ വ്യാമോഹങ്ങളും, മൂഢവും, ബാലിശവുമായ വാദപ്രതിവാദങ്ങൾ, കലഹിക്കൽ തുടങ്ങിയവയാകട്ടെ അശുദ്ധിയായാണ് പൗലോശ്ലീഹാ കാണുന്നത്.

സുവിശേഷത്തിലേക്ക് വരുമ്പോൾ ഈശോ വിശുദ്ധിക്ക് പുതിയൊരു ഭാഷ്യം, അർഥം നൽകുന്നുണ്ട്. ഈശോയുടെ വീക്ഷണത്തിൽ വിശുദ്ധി എന്നത് ശരിയായ ചര്യകളിലൂടെ, പ്രവൃത്തികളിലൂടെ  മുന്നോട്ട് പോകുന്നതാണ്. ചര്യ എന്നാൽ മര്യാദ എന്ന് അർത്ഥമുണ്ട്. ശരിയായ മര്യാദകളിൽ നിന്ന് വ്യതിചലിക്കുന്നത് (Deviate) പാപമാണ്, വ്യഭിചാരമാണ്, അശുദ്ധിയാണ്. ഈശോ പറയുന്ന ഉദാഹരണം ലൈംഗിക ആസക്തിയുമായി ബന്ധപ്പെട്ടതാണ്. അവിടെ, ആസക്തിയോടെ, തിന്മനിറഞ്ഞ മനസ്സോടെ സ്ത്രീയെ നോക്കുന്നതുപോലും, അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റായിട്ടാണ് ഈശോ പറയുന്നത്.  എന്നുവച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും, വെറും ഭോഗവസ്തുക്കളായി നീ കണ്ടാൽ, മനസ്സിൽ വിചാരിച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും നിന്റെ സുഖത്തിനായി മാത്രം,നിന്റെ  സംതൃപ്തിക്കായി മാത്രം, ഉപയോഗിച്ചാൽ, അങ്ങനെ നീ മനസ്സിൽ ചിന്തിച്ചാൽ നീ  അശുദ്ധനായി. അങ്ങനെ നിന്നെ അശുദ്ധനാക്കാൻ നിന്റെ കണ്ണ് കാരണമാകുന്നുണ്ടെങ്കിൽ, കൈകൾ കാരണമാകുന്നുണ്ടെങ്കിൽ, കാലുകൾ കാരണമാകുന്നുണ്ടെങ്കിൽ. ഈ അവയവങ്ങൾ ഇല്ലാത്തവരെപ്പോലെ ജീവിക്കണം. അശുദ്ധി അല്ല, വിശുദ്ധി ആയിരിക്കണം നിങ്ങളുടെ പ്രവൃത്തികളുടെ മാനദണ്ഡം, അളവുകോൽ.

അതുകൊണ്ടാണ് ഈശോ പറയുന്നത്, ആസക്തിയോടെ ഒരു സ്ത്രീയെ, പുരുഷനെ നീ നോക്കിയാൽ, അത് മതി, നീ ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു. ഇത് ലൈംഗികതയെ ക്കുറിച്ച് മാത്രമല്ല ഈശോ പറയുന്നത്. നീ നിന്റെ സ്വന്തം സുഖത്തിനായി ആസക്തിയോടെ എന്ത് ആഗ്രഹിച്ചാലും അത് വ്യഭിചാരമാകുന്നു. മര്യാദയില്ലാത്ത പ്രവൃത്തിയാകുന്നു. കാരണം, അത് നിന്നിലെ ദൈവസ്നേഹത്തിന് എതിരാകുന്നു. സ്‌നേഹിക്കുമ്പോൾ നാം, ഖലീൽജിബ്രാൻ പറയുന്നപോലെ, ദൈവത്തിന്റെ ഹൃദയത്തിലാണ്. അപ്പോൾ നമ്മുടെ സ്നേഹത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നത് ദൈവമായിരിക്കും. അപ്പോൾ നമ്മുടെ പ്രവൃത്തികൾ വിശുദ്ധമായിരിക്കും.

നാം ഈ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും, ഈ ലോകത്തിന്റെ തൃഷ്ണകൾക്കും, ആസക്തികൾക്കും ഉപരിയായി നിൽക്കുവാൻ നമുക്കാകണം. ഈ ലോകത്തിന്റെ സമ്പത്തിനും ഉപരിയായി നമ്മുടെ ചിന്തകളെ ഉയർത്തി നിർത്തുവാൻ നമുക്കാകണം. നമ്മുടെ ജീവിതാന്തസ്സിന്റെ വിശുദ്ധിയെ നശിപ്പിക്കുന്ന എല്ലാറ്റിനും മുകളിലായി നമ്മുടെ ജീവിതത്തെ പ്രതിഷ്ഠിക്കുവാൻ നമുക്കാകണം. അപ്പോൾ നാം നമ്മെ വ്യഭിചാരത്തിന് വിട്ടുകൊടുക്കുകയില്ല. നിയമങ്ങളെക്കാൾ നമ്മുടെ ജീവിത വിശുദ്ധി ഉയർന്നു നിൽക്കണം.

ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് (Vincent Van Gogh) ഒരിക്കൽ മനോഹരമായ ഒരു ചിത്രം വരച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ നാടായ ലെബനോനിലെ ദേവദാരുക്കളെയാണ് അദ്ദേഹം വരച്ചത്. തന്റെ ചിത്രത്തിൽ നക്ഷത്രങ്ങൾക്കും അപ്പുറം ഉയർന്നു നിൽക്കുന്ന ദേവദാരു മരങ്ങളെയാണ് വരച്ചത്. ചിത്രം ആളുകൾക്ക് കാണാനായി പ്രദർശിപ്പിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ചിത്രകാരന്മാർ പറഞ്ഞു: “ദേ, ഇയാൾക്ക് ഭ്രാന്താണ്. ദൂരെയുള്ള നക്ഷത്രങ്ങൾക്ക് മുകളിൽ വളരുന്ന മരങ്ങൾ നിങ്ങൾ എവിടെയാണ് കണ്ടിട്ടുള്ളത്?” വാൻഗോഗ് പറഞ്ഞു: “ഞാനും അങ്ങനെയുള്ള ദേവദാരു മരങ്ങളെ കണ്ടിട്ടില്ല. എന്നാൽ, ആ മരങ്ങൾക്കടിയിലിരുന്നപ്പോൾ അവരുടെ ആഗ്രഹം അവർ തമ്മിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

സ്നേഹമുള്ളവരേ, ഈ ലോകത്തിലുള്ളവ നമ്മുടെ കണ്ണുകൾക്ക് സുന്ദരമായ നക്ഷത്രങ്ങളായിരിക്കാം; ഈ ലോകത്തിലെ ശബ്ദങ്ങൾ നമ്മുടെ കാതുകൾക്ക് സുന്ദരമായ നക്ഷത്രങ്ങൾ ആയിരിക്കാം. ഈ ലോകത്തിലെ സുഖങ്ങൾ ഇരുകൈകളും നീട്ടി ആലിംഗനം ചെയ്യാൻ തോന്നുന്ന മനോഹരങ്ങളായ നക്ഷത്രങ്ങളായിരിക്കാം. പക്‌ഷേ, അവയോടൊത്ത് രമിക്കാനല്ല, അവയോടൊത്ത് ചിന്തയിൽപോലും വ്യഭിചാരിക്കാനല്ല, അവയ്ക്ക് മുകളിലേക്ക് വളരുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്നേഹം കച്ചവടമല്ല. പക്‌ഷേ, മനുഷ്യൻ സ്നേഹത്തെ കച്ചവടമാക്കി മാറ്റിയിരിക്കുന്നു!!

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷ സന്ദേശം മനസിലാക്കാൻ രണ്ട് കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, വിശുദ്ധി എന്നത് ലൈംഗികതയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. രണ്ട്, വിശുദ്ധി എന്നത് മനുഷ്യ ശരീരത്തോട് മാത്രം, മനുഷ്യ ബന്ധങ്ങളോട് മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കുപറ്റുന്നവയാണ്.

വിശുദ്ധ മദർ തെരേസ (St. Mother Teresa) പറയുന്നത്, വിശുദ്ധി എന്നത് ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമായി സ്വീകരിക്കുക, അതിനനുസരിച്ച് ജീവിക്കുക എന്നതാണ്. ദൈവം നമുക്ക് തന്റെ വിശുദ്ധി സമ്മാനിക്കുമ്പോൾ, നാം എന്തിനാണ് ധനവും, ലോകവസ്തുക്കളും തേടിപോകുന്നത്? ദൈവം നമുക്ക് മഹത്വം, മൂല്യം നൽകുമ്പോൾ, നാം എന്തിനാണ് കീർത്തിയും, അധികാരവും തേടിപോകുന്നത്? ദൈവം നമുക്ക് അനശ്വരമായ സ്വർഗം നൽകുമ്പോൾ, നാമെന്തിനാണ് നശ്വരമായ ഈ ലോകം തേടിപ്പോകുന്നത്? വിശുദ്ധി എന്നത് നമ്മിലുള്ള ദൈവത്തിന്റെ സ്നേഹസാന്നിധ്യമാണ്. വിശുദ്ധി എന്നത് നമ്മിലെ നന്മയാണ്.

പ്രപഞ്ചത്തിന് വിശുദ്ധിയുണ്ട്. അത് ഈ പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം വിശുദ്ധിയാണ്. മനുഷ്യൻ പ്രപഞ്ചത്തെ ഒരു ഉപഭോഗ വസ്തുവായി കാണുമ്പോൾ, അതിനനുസരിച്ച് പ്രകൃതിയെ ദുരുപയോഗിക്കുമ്പോൾ അതിന്റെ വിശുദ്ധി അപ്രത്യക്ഷമാകുകയാണ്. നാം മാലിന്യം വലിച്ചെറിയുമ്പോഴും, വനം നശിപ്പിക്കുമ്പോഴും, എൻഡോസൾഫാൻ ഉപയോഗിക്കുമ്പോഴും പ്രകൃതിയുടെ വിശുദ്ധി നശിക്കുകയുകയാണ്. മനുഷ്യനിലെ അശുദ്ധികൊണ്ട് പ്രകൃതി നിറയുകയാണ്.

നമ്മുടെ കുടുംബങ്ങൾക്കുമുണ്ട് വിശുദ്ധി. നമ്മുടെ കുടുംബങ്ങളുടെ വിശുദ്ധി എന്നത് മാതാപിതാക്കളുടെ, മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയവിശുദ്ധിയുടെ പ്രകടനമാണ്, പ്രതിഫലനമാണ്. അത് മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ വിശുദ്ധിയാകാം, ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയാകാം, കുടുംബത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ വിശുദ്ധിയാകാം, മക്കളുടെ നന്മനിറഞ്ഞ ജീവിതത്തിന്റെ വിശുദ്ധിയാകാം, അനുസരണത്തിന്റെ, ബഹുമാനത്തിന്റെ ഒക്കെ വിശുദ്ധിയാകാം. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ കടമയുണ്ടെന്ന് ഇന്നത്തെ സുവിശേഷം പ്രത്യേകം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.  ഈ വിശുദ്ധിയുടെ പ്രകടനമായിട്ടാകണം നമ്മുടെ കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളും നടക്കുവാൻ. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളുണ്ടെങ്കിൽ, കുടുംബപ്രാർത്ഥനയില്ലാത്ത കുടുംബങ്ങളുണ്ടെങ്കിൽ ഓർക്കുക നമ്മുടെ കുടുംബങ്ങൾ അശുദ്ധിയിലാണ്. അപ്പോൾ ഭീഷ്മപർവം മുതലായ സിനിമകൾ നമ്മുടെ ക്രൈസ്തവ കുടുംബങ്ങളെ സിനിമയിൽ ആവിഷ്കരിക്കുന്നതും അതുപോലെയാകും. അങ്ങനെയല്ലെങ്കിലും, നമ്മുടെ കുടുംബങ്ങളിലെ വിശുദ്ധിയെ തകർക്കുവാൻ മനഃപൂർവം സിനിമകളിൽ വിശുദ്ധിയില്ലാത്ത ക്രൈസ്തവകുടുംബങ്ങളെ കാണിക്കുവാൻ ചിലർ ശ്രമിക്കും.

നാം ജീവിക്കുന്ന സമൂഹത്തിനും വിശുദ്ധിയുണ്ട്. രാജ്യങ്ങൾ തമ്മിൽ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുമ്പോൾ, മനുഷ്യർ പരസ്പരം സ്‌നേഹിക്കുമ്പോൾ, സഹായിക്കുമ്പോൾ, വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധിയാണത്. എന്നാൽ, യുദ്ധങ്ങൾ സമൂഹത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നു. യുക്രയിൻ-റഷ്യ യുദ്ധം, യമനിൽ നടക്കുന്ന നരഹത്യകൾ, പിന്നെ നമുക്കറിയാത്ത യുദ്ധങ്ങളും സമൂഹത്തെ അശുദ്ധമാക്കുന്നു. യുദ്ധമുണ്ടാകുമ്പോൾ ആദ്യം മരിക്കുന്നത് സമൂഹത്തിന്റെ വിശുദ്ധിയാണ്. വെട്ടിപ്പിടിക്കുവാനും, അയൽരാജ്യങ്ങളെ ശത്രുക്കളായിക്കണ്ട് ആക്രമിക്കുവാനും, സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുവാൻ അപരന്റെമേൽ ബോംബിടാനും തുടങ്ങിയാൽ അശുദ്ധിയുടെ കൂമ്പാരമായിത്തീരും മാനവസമൂഹം! വർഗീയതയുടെ പേരിൽ സമൂഹങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, വ്യക്തികൾക്ക്, സമൂഹങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ, അഴിമതിയും, അസമത്വവും അഴിഞ്ഞാടുമ്പോൾ, സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, മക്കൾ കാത്തിരിക്കുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.  എവിടെയെല്ലാം മനുഷ്യൻ വേദനിക്കുന്നുണ്ടോ, എവിടെയെല്ലാം മനുഷ്യൻ ആൾക്കൂട്ടക്കൊലപാതകത്തിൽപെടുന്നുവോ അവിടെയെല്ലാം സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തെ നാം ജീവനോടെ കുഴിച്ചുമൂടുമ്പോൾ, മറവിയെ അതിനുമേൽ പുല്ലുപോലെ വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.

തിരുസ്സഭയ്ക്കും വിശുദ്ധിയുണ്ട്. നമ്മുടെ സീറോ മലബാർ സഭയ്ക്കും വിശുദ്ധിയുണ്ട്. ആ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ, മനോഭാവങ്ങൾ ഒരിക്കലും സഭാമക്കളിൽ നിന്ന് ഉണ്ടാകരുത്.

മനുഷ്യ ബന്ധങ്ങൾക്കുമുണ്ട് വിശുദ്ധി. സൗഹൃദങ്ങളിൽ വിശുദ്ധിയുണ്ട്. മനുഷ്യന്റെ എല്ലാകാര്യങ്ങളിലും വ്യാപിച്ചു നിൽക്കുന്ന മനോഹരമായ ദൈവികാംശമാണ് വിശുദ്ധി. നമ്മുടെ സംഗീതത്തിന്, നൃത്തത്തിന്, നമ്മുടെ വസ്ത്രധാരണത്തിന് എല്ലാം വിശുദ്ധിയുണ്ട്.

സ്നേഹമുള്ളവരേ, വിശുദ്ധിയുടെ മഹത്തായ ഇടങ്ങളിലേക്ക് വിശുദ്ധിയെക്കുറിച്ചുള്ള ഈ ധ്യാനം നമ്മെ നയിക്കട്ടെ.  ആമേൻ!

SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ

മത്തായി 6, 1-8; 16-18

ഈ വർഷത്തെ അൻപത് നോമ്പിന്റെ വഴികളിൽ, ക്രിസ്തുവിന്റെ യാതനകളോട് ചേർത്തുവച്ച് ധ്യാനിക്കുവാൻ, പ്രാർത്ഥിക്കുവാൻ ധാരാളം സംഭവങ്ങളാണ് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. കരിഷകരുടെ ദുരിതങ്ങളും, കഷ്ടപ്പാടും സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുവാനുള്ള കർഷക മാർച്ച് ഈശോയുടെ കുരിശിന്റെ വഴികളെ ഓർമിപ്പിക്കുന്നു. അവർക്ക് വേണ്ടി മാത്രമല്ലല്ലോ, ഭാരതത്തിലെ ഓരോ കർഷകനുംവേണ്ടിയാണ് അവർ പീഡകൾ സഹിക്കുന്നത്. വയനാടുപോലുള്ള മലയോര പ്രദേശങ്ങൾ കാട്ടുമൃഗങ്ങളെ പേടിച്ച് വിറങ്ങലിച്ചു നിൽക്കുകയാണ്. ഒരു കരിയില അനങ്ങുന്നതുപോലും ഞെട്ടലുണ്ടാക്കുന്ന സാഹചര്യത്തെ ഭാവനചെയ്യാന്പോലും കഴിയുന്നില്ല. ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന സിസ്റ്റർ മേഴ്സിയുടെ സങ്കടങ്ങളും കുരിശിന്റെ വഴിയോട് നാം ചേർത്തുവയ്ക്കണം. കഴിഞ്ഞ വെള്ളിയാഴ്ച പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവവും കുരിശിന്റെ വഴികളിലെ ചാട്ടവാറടികളാണ്. ഭാരതത്തിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് തടയിടാൻ നിയമസഭകൾ ബില്ലവതരിപ്പിക്കുന്നതും പീഡാ നുഭവത്തിന്റെ പുതിയ വഴികളാണ്.

ക്രിസ്തുവിന്റെ ചുടുചോരയാൽ നനഞ്ഞ കാൽവരി വഴികളെ ഓർമിപ്പിക്കുന്ന വഴികളിലൂടെ നാം കടന്നുപോകുന്ന ഇക്കാലത്ത്, ഇന്നത്തെ സുവിശേഷം, നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്തുവാനുള്ള മാർഗങ്ങളെക്കുറിച്ച് നമുക്ക് പറഞ്ഞു തരികയാണ്. നമ്മുടെ ഓരോരുത്തരുടെയും ക്രൈസ്തവ വിശ്വാസത്തെയും, ക്രൈസ്തവ ജീവിതത്തെയും ശക്തിപ്പെടിത്തുമ്പോൾ മാത്രമേ, ക്രിസ്തുവിന്റെ രക്ഷയുടെ അനുഭവം നമുക്കും, നമ്മിലൂടെ ലോകം മുഴുവനും അനുഭവിക്കുവാൻ സാധിക്കൂ. അതുകൊണ്ട്, പീഡനങ്ങളുടെ കാലത്ത് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ നമുക്കാകണം.

വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്. കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.

ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? മൂന്നാം ലോകമഹായുദ്ധത്തിന്റെ കൊടിയേറ്റമെന്നോണം ഇന്നും തുടരുന്ന യുക്രയിൻ-റഷ്യ യുദ്ധം എന്തിന് വേണ്ടിയാണ്? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? പൂഞ്ഞാറിൽ കഴിഞ്ഞ ദിവസം ഒരു വൈദികൻ ആക്രമിക്കപ്പെട്ടത് എന്തിനുവേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി, അധികാരത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.

ഇങ്ങനെയുള്ള മനുഷ്യനെ, നമ്മെ ഓരോരുത്തരെയും, ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ ശോഭയുള്ളതാക്കുവാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം, പ്രാർത്ഥന, ഉപവാസം.

വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണംധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.

മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും  ബഹളവും!

പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്. ഇതിന്റെ പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു.  കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും   സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.

നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.

മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.

ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!!   സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്.

നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത്, വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥനയിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.

ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ലോകം ഇന്ന് നേരിടുന്ന, ക്രൈസ്തവർ ഇന്ന് നേരിടുന്ന പീഡാനുഭവങ്ങളെ തരണം ചെയ്യണമെങ്കിൽ, അവയെ രക്ഷാകരമാക്കണമെങ്കിൽ, ഈ മൂന്ന് മാർഗങ്ങളിലൂടെ നമ്മുടെ ക്രൈസ്തവ ജീവിതം ശക്തമാക്കണം. അതാണ് പ്രഥമവും പ്രധാനവുമായ നമ്മുടെ ദൗത്യം. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു, ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു. അപ്പോൾ തിരുസഭയുടെ ശത്രുക്കൾ ചിതറിപ്പോകും.

നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്ക് സുഗന്ധമുണ്ടാകും; നമ്മുടെ ക്രൈസ്തവസാക്ഷ്യത്തിനുമുന്പിൽ ലോകം തോറ്റുപോകും.  അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!

SUNDAY SERMON LK 19, 1-10

നോമ്പുകാലം രണ്ടാം ഞായർ

ലൂക്കാ 19, 1-10

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്ന സക്കേവൂസ്, തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ എടുത്ത ഒരു തീരുമാനത്തേയും അതിന്റെ പരിണതഫലങ്ങളെയും ആണ്. നമുക്കറിയാവുന്നതുപോലെ, ജീവിതത്തിന്റെ ഓരോ നിമിഷവും നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെയും, നമുക്ക് ചുറ്റും ജീവി ക്കുന്നവരുടെയും, എന്തിന്, ചിലപ്പോൾ ഈ ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നത്.

ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരാൾ എടുക്കുന്ന ഒരു തീരുമാനത്തിന് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹത്തോട് ചേർന്ന് ജീവിക്കുന്നവരെയും രക്ഷിക്കുവാൻ സാധിക്കുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിലെ സക്കേവൂസിന്റെ ജീവിതം.

മനുഷ്യജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ  കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ – അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ? …. ഇങ്ങനെ ഓരോ നിമിഷവും നാം തീരുമാനങ്ങളെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. സക്കേവൂസിന്റെ ജീവിതം ഉചിതമായ, നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്.

നമ്മുടെ ജീവിതങ്ങളുമായി സക്കേവൂസിന്റെ ജീവിതത്തിന് എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്ന് അറിയുന്നത് വളരെ നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അയാൾ ഒരു ചു ങ്കക്കാരനായിരുന്നു. എന്ന് പറഞ്ഞാൽ റോമാചക്രവർത്തിക്കുവേണ്ടി പണിയെടുക്കുന്ന ആൾ. യഹൂദരുടെ വിരോധി. മാത്രമല്ല, ചക്രവർത്തി 5% നികുതിയാണ് ചുമത്തുന്നതെങ്കിൽ, സക്കേവൂസ് ആളുകളിൽനിന്ന് 10% പിരിക്കും. ഇങ്ങനെ തട്ടിപ്പറിക്കുന്നതുകൊണ്ട് അയാൾ ധനികനാണ്. റോമാചക്രവർത്തിയുടെ ആളായതുകൊണ്ട് നല്ല സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, അയാൾ ജീവിതത്തിൽ സംതൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ താൻ ഒന്നുമില്ലാത്തവനാണെന്ന് അയാൾക്ക്‌ തോന്നും. തന്റെ പ്രവർത്തികളിൽ എവിടെയോ ഒക്കെ തെറ്റുകളില്ലേയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തിയിരുന്നു. താൻ തട്ടിപ്പറിക്കുന്നതുകൊണ്ട് അനേകരുടെ കണ്ണീരും   ശാപവും തന്റെ ജീവിതത്തിന്മേൽ ഇല്ലേയെന്ന് അയാൾ പലവട്ടം തന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. സാധാരണമനുഷ്യർക്ക് തന്നെ ഇഷ്ടമല്ലെന്നും, തന്നോട് വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അയാൾ ചിന്തിച്ചു. ഈ ചിന്തകൾ ചിലപ്പോഴൊക്കെ അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കി. സമ്പത്ത് ഉണ്ടായിട്ട് മാത്രം എന്ത് കാര്യം എന്ന് അയാളുടെ മനഃസാക്ഷി അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു.

നമുക്ക് എന്ത് ഉണ്ട് എന്നതിനേക്കാൾ, നാം ആരാണ് എന്നതാണ് പ്രധാനപ്പെട്ടത്; നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്; നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ സ്വത്തിനോ, നാം നേടിയെടുക്കുന്ന ഡിഗ്രികൾക്കോ, തട്ടിയെടുക്കുന്ന ഭൂമിക്കോ, രാജ്യത്തിനോ, ഒരു വിലയുമില്ലാത്ത രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം പ്രിയപ്പെട്ടവരേ. അവിടെ ചെല്ലുമ്പോൾ ക്രൈസ്തവരായ നമ്മോട് ഒരു ചോദ്യമേ ചോദിക്കൂ. “ഈ ചെറിയവർക്ക് നീ എന്താണ് ചെയ്തത്?” ഇന്നത്തെ ലേഖനത്തിൽ പൗലോശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നതും ശ്രദ്ധിക്കുക: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.” നമ്മുടെ സുകൃതം നിറഞ്ഞ ജീവിതമല്ലാതെ മറ്റൊന്നും സ്വർഗത്തിന് വേണ്ട.

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ ചിന്തകൾ നമ്മെ അലട്ടും. അപ്പോഴാണ് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുന്നത്. സക്കേവൂസും അങ്ങനെയൊരവസ്ഥയിലായി. അയാൾ തന്നോട് തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും: ” എനിക്ക് ഈശോയെ കാണണം.” ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈശോ അയാളുടെ വീട്ടിൽ വിരുന്നെത്തുന്നതും, ജീവിതത്തിന്റെ ഏതോ ഒരു ഭാഗ്യപ്പെട്ട നിമിഷത്തിൽ എന്ന് ഞാൻ പറയും, അയാൾ ഒരു തീരുമാനത്തിലെത്തുന്നതും.     

അതുകൊണ്ടല്ലേ, ആളുകൾ കൂടിയിരുന്നിട്ടും, അതിൽ തന്റെ ശത്രുക്കൾ ധാരാളം ഉണ്ടെന്നറിഞ്ഞിട്ടും, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും സക്കേവൂസിന് തന്റെ തീരുമാനം ഉറക്കെ വിളിച്ചുപറയാൻ സാധിച്ചത്. ജനത്തിന്റെ പിറുപിറുപ്പുകളൊഴിച്ചാൽ അവിടം ശാന്തമായിരുന്നു. അയാൾ ഒരു നിമിഷം ദീർഘമായി ഒന്ന് ശ്വാസോച്ഛാസം ചെയ്തുകാണണം. ആ നിമിഷം ദൈവകൃപ അയാളിൽ നിറഞ്ഞിട്ടുണ്ടാകും.  എന്നിട്ട് അയാൾ ചാടിയെഴുന്നേറ്റിട്ടുണ്ടാകും. മറ്റൊന്നും ചിന്തിക്കാതെ അയാൾ ഉറക്കെ തന്റെ തീരുമാനം പറഞ്ഞു: കർത്താവേ, ഞാനിതാ നല്ല മനുഷ്യനാകാൻ തീരുമാനിച്ചു. ദൈവത്തിന്റെ മകനാകാൻ തീരുമാനിച്ചു. ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു.  ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.

സ്നേഹമുള്ളവരേ, ഈ തീരുമാനത്തിന്റെ വിശുദ്ധി എന്താണെന്നറിയാൻ, ക്രിസ്തുവിന്റെ പ്രതികരണം കേൾക്കണം. ഈ തീരുമാനത്തിന്റെ range, ഈ തീരുമാനത്തിന്റെ reach അറിയണമെങ്കിൽ ഈശോ എന്താണ് പറയുന്നതെന്ന് അറിയണം. ഈശോ പറയുന്നു: “ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു. സക്കേവൂസ്, ദൈവത്തിൽ വിശ്വസിച്ചപ്പോൾ, തന്നിലുള്ള ദൈവത്തെ അന്വേഷിച്ച്, കണ്ടെത്തിയപ്പോൾ, ആ ദൈവത്തിന്റെ സാന്നിധ്യത്തിലായപ്പോൾ, അയാൾ എടുത്ത തീരുമാനം അയാളുടെയും, അയാളുടെ കുടുംബത്തിന്റെയും രക്ഷയായിത്തീർന്നു. മാത്രമല്ല. ഈശോ വീണ്ടും പറഞ്ഞു: ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. സക്കേവൂസിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറുകയാണ്. ഇതുവരെ അയാളുടെ Identity എന്തായിരുന്നു? പേര്: സക്കേവൂസ്, സ്ഥലം ജെറീക്കോ, ജോലി tax collector, income tax അടയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചപ്പോൾ അയാളുടെ identity തന്നെ മാറുകയാണ്. അയാൾ അബ്രാഹത്തിന്റെ പുത്രനാവുകയാണ്.

ഇങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം ക്രൈസ്തവർ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, പ്രാർത്ഥനയുടെ നിമിഷങ്ങളിൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞാകണം നമ്മുടെ തീരുമാനങ്ങൾ. നാട്ടിലെ കള്ളുഷാപ്പിലിരുന്നോ, ക്ളബുകളിലിരുന്നോ, ദേഷ്യം നിറഞ്ഞ, വെറുപ്പുനിറഞ്ഞ മനസ്സോടെയോ, തെരുവിൽ ധർണ നടത്തിയോ ഒന്നും ആകരുത് നാം തീരുമാനങ്ങൾ എടുക്കേണ്ടത്. നമ്മുടെ തീരുമാനങ്ങളുടെമേൽ സ്വർഗ്ഗത്തിന്റെ, ക്രിസ്തുവിന്റെ കൈയൊപ്പുണ്ടായിരിക്കണം.

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യ ജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിൽ ഇന്നത്തെ ഒന്നാം വായനയിലെ അബ്രാഹത്തിന്റെ ജീവിതത്തിലെന്നപോലെ ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

പ്രതിസന്ധികളുടെ മൂടൽ മഞ്ഞ് നമ്മുടെ വീക്ഷണത്തെ ഭാഗികമായിട്ടെങ്കിലും മറയ്ക്കാൻ ശക്തമെങ്കിലും, ശാന്തതയോടെ ദീർഘമായി ശ്വാസോച്ഛാസം നടത്തുവാൻ നാം എടുക്കുന്ന സമയം ദൈവകൃപയുടെ അനുഗ്രഹീത നിമിഷമായിട്ട് മാറും. ആ നിമിഷം നമ്മിൽ നടക്കുന്നത് അത്ഭുതമാണോ, യാഥാർഥ്യമാണോയെന്ന് വേർതിരിച്ചറിയാൻ വയ്യാത്തവിധം നാം ദൈവത്തിന്റെ കരങ്ങളിലായിരിക്കും. ഉടനെ എടുക്കുന്ന തീരുമാനം നമുക്ക് മാത്രമല്ല നമ്മോടൊത്തുള്ളവർക്കും രക്ഷയായിഭവിക്കും. 

2009 ജനുവരി 15 ന് ന്യൂയോർക്കിലെ ലാ ഗാർഡിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന യു എസ് എയർവേസ് ഫ്ലൈറ്റ് 1549. പതിവുപോലെ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കിയശേഷം ലക്ഷ്യസ്ഥാനത്തേക്ക് റൺവേയിലൂടെ വിമാനം കുതിച്ചു. പറന്നുയർന്ന് ഏകദേശം ഒരു മിനിറ്റിനുശേഷം വ്യോമയാന വ്യവസായത്തിലെ ശത്രുക്കളായ കാനറി ഗീസുകൾ എന്ന പക്ഷിക്കൂട്ടത്തിൽ ഇടിച്ചു. പക്ഷികളുടെ പ്രഹരത്തിൽ രണ്ട് എൻജിനുകളും തകരാറിലായി, ശക്തി നഷ്ടപ്പെട്ട് നിശബ്ദമായി. ഉടനെ കൺട്രോൾ റൂമിൽ നിന്ന് ക്യാപ്റ്റൻ സുല്ലൻ ബെർഗറിനോട് അടിയന്തര ലാൻഡിംഗ് നടത്തുവാൻ ആവശ്യപ്പെട്ടു. എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റിനോട് അടുത്തുള്ള എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറഞ്ഞെങ്കിലും, പരിചയസമ്പന്നനായ ഈ പൈലറ്റ് വിമാനം അവിടംവരെ എത്തുകയില്ല എന്ന് മറുപടി പറഞ്ഞു. എന്നിട്ട് സുല്ലൻബെർഗെർ ഒന്ന് ദീർഘമായി ശ്വസിച്ചശേഷം, വളരെ ശാന്തമായി അവരെ അറിയിച്ചു: ” വാട്ടർ ലാൻഡിംഗ് നടത്തുവാൻ പോകുന്നു. ഞങ്ങൾ ഹഡ്‌സണിൽ ആയിരിക്കും.” വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ലാൻഡിംഗ് നേരിടാൻ ഒരുക്കി.

തൊണ്ണൂറ് സെക്കൻഡുകൾക്ക് ശേഷം, സല്ലൻബെർഗർ, ഫ്ലൈറ്റ് 1549 ജോർജ്ജ് വാഷിംഗ്ടൺ പാലത്തിന് മുകളിലൂടെ ഹഡ്‌സൺ നദിയുടെ തണുത്ത പ്രതലത്തിലേക്ക് തെറിപ്പിച്ചു. അവിടെ അത് മാൻഹട്ടനും ന്യൂജേഴ്‌സിക്കും ഇടയിൽ മധ്യഭാഗത്ത് ലാൻഡ് ചെയ്തു. ഫ്ലൈറ്റ് അറ്റൻഡന്റുകൾ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകി, യാത്രക്കാർ എമർജൻസി എക്സിറ്റുകളിലൂടെ, ബോബിംഗ് ജെറ്റിന്റെ വെള്ളം നിറഞ്ഞ ചിറകുകളിലേക്കും കയറ്റിയപ്പോൾ, യാത്രാ ബോട്ടുകളുടെയും, രക്ഷായാനങ്ങളുടെയും ഒരു നിര സംഭവസ്ഥലത്തേക്ക് കുതിച്ചു. എല്ലാവരെയും രക്ഷപ്പെടുത്താനായി. അതിജീവിച്ചവരിൽ ഒരാൾക്ക് രണ്ട് കാലുകൾക്ക് ഒടിവുണ്ടായി, മറ്റുള്ളവർക്ക് ചെറിയ പരിക്കുകൾക്കോ ​​ഹൈപ്പോതെർമിയക്കോ ചികിത്സ നൽകി. പക്ഷേ മരണങ്ങളൊന്നും സംഭവിച്ചില്ല. പൂർണ്ണമായ ഒഴിപ്പിക്കൽ ഉറപ്പാക്കാൻ വിമാനത്തിന്റെ ഇടനാഴിയിലൂടെ രണ്ടുതവണ മുകളിലേക്കും താഴേക്കും നടന്ന ശേഷം, മുങ്ങുന്ന വിമാനം അവസാനമായി ഉപേക്ഷിച്ചത് സുല്ലൻബർഗറായിരുന്നു.

അന്ന്, ആ പ്രതിസന്ധിഘട്ടത്തിൽ ക്യാപ്റ്റൻ ചെൽസി സല്ലൻബെർഗർ എടുത്ത തീരുമാനത്തിന് 150 മനുഷ്യജീവനുകളുടെ വിലയുണ്ടായിരുന്നു.  വലിയ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം എടുത്ത തീരുമാനം അദ്ദേഹത്തിന്റെ നൈപുണ്യത്തിന്റെയും, ശാന്തതയുടെയും, പ്രകടനമായിമാറി. ഉചിതമായ സമയത്ത്, പാകതയോടെ എടുക്കുന്ന തീരുമാനങ്ങൾക്ക് ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടായിരിക്കും!

ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാകട്ടെ നിങ്ങളുടെ ജീവിതം. ആ തീരുമാനത്തെക്കുറിച്ച് എപ്പോഴും ആലോചിക്കുക; അതിനെക്കുറിച്ച് സ്വപ്നം കാണുക. നിങ്ങളുടെ തലച്ചോറും, പേശികളും, നാഡികളും, നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആ തീരുമാനം കൊണ്ട് നിറയട്ടെ. ആ തീരുമാനമാണ് ജീവിതവിജയത്തിലേക്കുള്ള പാത. അങ്ങനെയാണ് മഹാന്മാർ ജനിക്കുന്നത്. അങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾ ദൈവത്തിന്റെ രക്ഷകൊണ്ട് നിറയുന്നത്.

സ്നേഹമുള്ളവരേ, നാമെടുക്കുന്ന, നമ്മുടെ യുവജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങൾ നമ്മെ ബിവറേജസിന്റെ മുൻപിൽ എത്തിക്കും. മറ്റുചിലപ്പോൾ stuff (ലഹരി) കിട്ടുന്ന ഇടങ്ങളിലേക്ക്. ചില തീരുമാനങ്ങൾ നമ്മുടെയും കുടുംബത്തിന്റെയും തകർച്ചയായിത്തീരും. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can break everything. അല്ലെങ്കിൽ the very decision of yours can make everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്. ഓർത്തുനോക്കിക്കോളൂ …. എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ജീവിതനവീകരണത്തിലേക്കുള്ള, ക്രിസ്തുവിന്റെ രക്ഷയിലേക്കുള്ള തീരുമാനങ്ങൾ എടുക്കുവാൻ സക്കേവൂസ് നമ്മെ പഠിപ്പിക്കട്ടെ. ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നമ്മെ സൃഷ്ടിച്ച, നമ്മിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് തിരിയുവാൻ നമുക്ക് സാധിക്കട്ടെ. ക്രിസ്തുവിന് മാത്രമേ എന്റെ ജീവിതം നന്മയിലേക്ക് നയിക്കുവാൻ സാധിക്കൂ എന്ന് വിശ്വസിക്കുക. ആ ക്രിസ്തുവിന്റെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബത്തിലും വിശുദ്ധ കുർബാനയിലും അനുഭവിക്കുക. എന്നിട്ട് ഓരോ നിമിഷവും തീരുമാനങ്ങളെടുക്കുക. ആ തീരുമാനങ്ങൾ നമ്മെ രക്ഷയിലേക്ക്, ജീവിത വിജയത്തിലേക്ക് നയിക്കും. ഈ നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളെ,

നാമെടുത്തിരിക്കുന്ന തീരുമാനങ്ങളെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം. ജീവിതനവീകരണത്തിനായി വിശുദ്ധ കുമ്പസാരത്തിനായി അണയാം.

അപ്പോൾ ഈശോ നമ്മോട് പറയും, ഇന്ന് നീയും നിന്റെ ഭവനവും രക്ഷപ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ഈ വചനം കേൾക്കാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON LK 4, 1-13

നോമ്പുകാലം ഒന്നാം ഞായർ

ലൂക്കാ 4, 1-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, മാനസാന്തരത്തിലേക്ക് കടന്നുവരാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ, പൊതുവേ ജീവിതനവീകരണത്തിന്റെ ആഹ്വാനവുമായി വീണ്ടും ഒരു നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്.

ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന വലിയ നോമ്പിന് അഥവാ അൻപത് നോമ്പിന് പുറമെ, പൗരസ്ത്യ പാരമ്പര്യങ്ങളിൽ വിവിധങ്ങളായ നോമ്പുകൾ പ്രാബല്യത്തിലുണ്ട്. ഈശോയുടെ പിറവിതിരുനാളിന് ഒരുക്കമായി ഇരുപത്തിയഞ്ച് നോമ്പ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് മുൻപ് പതിനഞ്ച് നോമ്പ്, മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായ എട്ടുനോമ്പ്, യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അനുതപിച്ച നിനിവേ നിവാസികളുടെ മനസാന്തരത്തെ അനുസ്മരിക്കുന്ന മൂന്ന് നോമ്പ് എന്നിങ്ങനെ പലതരത്തിലുള്ള നോമ്പാചരണങ്ങൾ നമ്മുടെ സഭയിലുണ്ട്.  

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും ലക്‌ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി നോമ്പാചരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. “നോവ്+അൻപ്” എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് നോമ്പ്. തമിഴ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കാണിത്. നോവിന് നൊയ് എന്നും പറയും. അതിൽ നിന്നാണ് നൊയമ്പ് വരുന്നത്. നൊയ് എന്നാൽ വേദന, അൻപ് എന്നാൽ സ്നേഹം. നൊന്തു സ്നേഹിക്കുക എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർഥം. സഹോദരങ്ങളെ, സ്നേഹിതരെ നൊന്തു സ്നേഹിക്കുന്നതാണ് നോമ്പ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണമാണ്, ത്യാഗമാണ്. അവരുടെ നന്മയ്ക്കുവേണ്ടി, അവരുടെ വളർച്ചയ്ക്കുവേണ്ടി ഭക്ഷണപാനീയങ്ങളും, മറ്റുജീവിതസുഖങ്ങളും പരിത്യജിച്ചുകൊണ്ട്, വർജിച്ചുകൊണ്ട് (abstinence) നോമ്പാചരിക്കുക എന്നത് ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. സ്നേഹം എന്നും ഇപ്പോഴും വേദനാക്ഷമമാണ്. നൊന്തു സ്‌നേഹിക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നോമ്പായിരിക്കും നമുക്ക്. അത് മറ്റുള്ളവരുടെയും, നമ്മുടെയും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരുന്ന ചാലുകളായി മാറും. 

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ  അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ നിങ്ങൾ ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ ചോദിക്കുന്നത്: “ഇതാണോ നിങ്ങളുടെ ഉപവാസം? ദുഷ്ടതയില്ലാത്ത, മറ്റുള്ളവരെ മർദ്ദിക്കാത്ത, മറ്റുള്ളവരിൽ ദൈവത്തെക്കണ്ട് അവരെ സ്നേഹിക്കുന്ന മനസ്സുമായി ഈ ഭൂമിയിൽ ജീവിക്കുന്നതല്ലേ ശരിയായ ഉപവാസം? ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട്, അവരുമായി ആഹാരം പങ്കുവയ്ക്കുന്നതും, വീടില്ലാത്തവന് വീടാകുന്നതും, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നതുമല്ലേ ഉപവാസം? എന്താണ് ഇവ ഉപവാസമാകാൻ കാരണം? അപ്പോൾ നിന്റെ ജീവിതം ആനന്ദംകൊണ്ട് നിറയും, നിന്റെ ജീവിതത്തിൽ വെളിച്ചം പ്രഭാതംപോലെ വിരിയും. നീ സൗഖ്യമുള്ളവനാകും. അപ്പോൾ നീ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയില്ല.

ഭക്ഷണം ആനന്ദമാണ്. മറ്റൊരു വശംകൂടി ഇതിനുണ്ട്. ആനന്ദം ഭക്ഷണമാണ്. വെള്ളത്തിന് മഞ്ഞുകട്ടയാകാൻ കഴിയുമെങ്കിൽ, മഞ്ഞുകട്ടയ്ക്ക് വെള്ളവുമാകാം. ദൈവത്തോട് അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഉപവാസം.

നൊന്ത് സ്നേഹിക്കുന്ന നോമ്പും, ദൈവത്തിന്റെ അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ജീവിതം വിശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കും. അതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്.

ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്ന് മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു … ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. ഇങ്ങനെയാണ് വചനം ആമുഖമായി പറഞ്ഞുവയ്ക്കുന്നത്. ആത്മാവിൽ നിറഞ്ഞവനായി, ആത്മാവിൽ ആനന്ദിച്ച ഈശോ ഭക്ഷണം മറന്നു. എന്നാൽ, പ്രലോഭനങ്ങൾ അവിടുത്തെ വിട്ടുപോയില്ല. ദൈവത്തോടൊത്ത് ആയിരിക്കുമ്പോഴും, ദൈവിക ആനന്ദത്തിൽ ആയിരിക്കുമ്പോഴും പ്രലോഭനങ്ങൾ ഇല്ലാതാകുന്നില്ല. കാരണം, മനുഷ്യൻ പ്രലോഭനങ്ങൾക്ക് അതീതനല്ല. പച്ചയായ മനുഷ്യന്റെ സ്വാഭാവിക പ്രവണതകൾ എന്നും അവളെ / അവനെ പ്രലോഭനത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞവളായി/ നിറഞ്ഞവനായി നിങ്ങൾ ജീവിക്കുമ്പോഴും നിങ്ങളുടെ സ്വാഭാവിക പ്രവണതകളെ ഒഴിവാക്കാൻ നിങ്ങൾക്കാകില്ല.

എന്താണ് പ്രലോഭനം? ബഹുമാനപ്പെട്ട ബോബി ജോസ് കട്ടികാട് അച്ഛൻ തന്റെ “നിലത്തെഴുത്ത്” എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:” ഒരുവന്റെ അവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട് ഓരോ മനസ്സിലും രൂപപ്പെടാവുന്ന ആഭിമുഖ്യവും ഉദ്ദീപനവുമാണ്” പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു പുരോഹിതന്റെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു സന്യാസിയുടേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തതുകൊണ്ടാണ് ഓരോന്നും തിന്മയാകുന്നത്. ദൂരക്കാഴ്ച്ചകളെ, ദൂരെയുള്ള ശരിയെ, യാഥാർഥ്യത്തെ മറയ്ക്കുന്നതാണ് പ്രലോഭനം.

മനുഷ്യന്റെ അടിസ്ഥാന പ്രവണതകളോട് (Basic Instincts) ബന്ധപ്പെട്ട വിശപ്പ് ഒരു വലിയ പ്രലോഭനമാണ്. ഈശോ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ വിശപ്പ് എന്ന് പറയേണ്ടിവരും. വിശപ്പിന് പല ഭാവങ്ങളുണ്ട്. ഭക്ഷണത്തോട് ചേർന്നത് മാത്രമല്ല വിശപ്പ്. സമ്പത്തിനോട്, ശാരീരിക സുഖങ്ങളോട്, മദ്യപാനത്തോട്, ലഹരികളോട്, ചീത്തകൂട്ടുകെട്ടുകളോട് – തുടങ്ങിയവയോടൊക്കെ നമുക്ക് അതിയായ വിശപ്പുണ്ട്. പ്രലോഭനമാണത്. രണ്ടാമത്തേത്, അധികാരവും മഹത്വവും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ഭാര്യയുടെ മുൻപിൽ, ഭർത്താവിന്റെ മുൻപിൽ അധികാരം സ്ഥാപിക്കാനുള്ള അഭിനിവേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുവാനുള്ള പ്രവണത, ഇവയ്ക്കായി ദൈവത്തെപ്പോലും ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് – എല്ലാം മനുഷ്യന്റെ ഒരുതരം വിശപ്പാണ്. മൂന്നാമത്തേത്, പേരിനും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. അതിനായി നല്ല മൂല്യങ്ങളെ വലിച്ചെറിയുവാൻ ഒരു മടിയുമില്ല. ഇതും  ഒരുതരം വിശപ്പാണ്. ഇതെല്ലം പലർക്കും പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ഇത്തരം വിശപ്പുകൾ ഒരത്താഴംകൊണ്ട് ശമിക്കാവുന്നതുമല്ല.

സ്നേഹമുള്ളവരേ, ഇക്കൊല്ലത്തെ അൻപത് നോമ്പ് വ്യക്തിജീവിതത്തെയും, ജീവിതസാഹചര്യങ്ങളെയും, കുടുംബത്തെയും കുടുംബസാഹചര്യത്തെയും, ഇടവകയേയും, ഇടവക സാഹചര്യങ്ങളെയും നവീകരിക്കുവാനുള്ളതാകട്ടെ. നമ്മുടെ ജീവിതാവസ്ഥകളിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ നോമ്പാചരിച്ചും, ഉപവാസമിരുന്നും അതിജീവിക്കുവാനാകണം നമ്മുടെ ശ്രമം. ഇതിനായി മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്, പ്രലോഭനങ്ങളുടെ ആകർഷണത്തിൽ പെട്ട് ജീവിതം തകർക്കരുത്. (പഴയനിയമത്തിലെ ദാവീദിന്റെ ജീവിതം ഓർക്കുക.)

രണ്ട്, ജീവിതാവസ്ഥകളോട് ചേർന്ന് വരുന്ന ഒരു പ്രലോഭനത്തെയും നിസ്സാരമായി, ചെറുതായി കാണരുത്.

മൂന്ന്, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളോട് നിസംഗത (Indifference) പുലർത്തരുത്.

സുഡാനിലെ കഠിനമായ ഒരു വരൾച്ചാക്കാലം. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചുവീഴുന്ന അതിവേദനാജനകമായ കാലം.

കെവിൻ കാർട്ടർ എന്നുപേരുള്ള ഒരു ഫോട്ടോ ജേർണലിസ്റ്റ് സുഡാന്റെ തെരുവിലൂടെ യാത്രചെയ്തപ്പോൾ കണ്ട ഒരു ദൃശ്യം അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകൾക്ക് വലിയ വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒട്ടു താമസിയാതെ അത് ഒപ്പിയെടുത്തു. ചിത്രമിതായിരുന്നു: തെരുവിൽ വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടി. തൊട്ടടുത്ത് തന്നെ ഒരു കഴുകൻ! ആ കുട്ടി മരിച്ചിട്ടുവേണം അതിനെ കൊത്തി തിന്നുവാൻ – എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി കഴുകൻ. കെവിൻ കാർട്ടർ 1993 ലാണ് സുഡാന്റെ തെരുവിൽ നിന്ന് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന് അദ്ദേഹം പേരിട്ടു: The Vulture and the Little Girl. എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്ത്തി. അന്താരാഷ്ട്ര ബഹുമതികൾ തന്നെ തേടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തെറ്റിയില്ല.   ചിത്രത്തിന് ആ വർഷത്തെ പുലിറ്റ്സർ പ്രൈസ് ലഭിക്കുകയുണ്ടായി. എന്നാൽ, നിർഭാഗ്യവശാൽ, കെവിൻ കാർട്ടർ അയാളുടെ 33 മത്തെ വയസ്സിൽ ആത്മഹത്യചെയ്തു. എന്തുകൊണ്ട് കെവിൻ കാർട്ടർ ആത്മഹത്യചെയ്തു? അതായിരുന്നു അന്ന് ലോകം മുഴുവൻ ചോദിച്ചതും. അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു: ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?” കാർട്ടർ മറുപടി പറഞ്ഞത്, എനിക്കറിയില്ല. ഞാനന്ന് തിരക്കിലായിരുന്നു. ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നു. പിന്നെ അന്വേഷിച്ചില്ല എന്നാണ്. അത് കേട്ടതും വിളിച്ചയാൾ കെവിനോട് ഒന്നുകൂടി ചോദിച്ചു: “എത്ര കഴുകന്മാർ ഉണ്ടായിരുന്നു അവിടെ?” കെവിൻ മറുപടി പറഞ്ഞു: “ഒന്ന്” മറ്റെയാൾ ഉടനെ പറഞ്ഞു: ” അല്ല, രണ്ട്.  ഒന്നിന്റെ കയ്യിൽ ഒരു ക്യാമറയും കൂടിയുണ്ടായിരുന്നു”, കെവിൻ ഞെട്ടിപ്പോയി. ഈ ഒരൊറ്റ ഉത്തരമാണ് കെവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അനന്തരം അയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യചെയ്യുകയായിരുന്നു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയുക, ജീവിതം നഷ്ടപ്പെടാതിരിക്കാൻ അവയിൽ നിന്ന് പിന്മാറുക! ജീവിതത്തിന്റെ വിശപ്പുകളുടെ പിന്നാലെ ഓടുന്ന തിരക്കിൽ നമ്മിലും, സഹോദരങ്ങളിലും, ഈ പ്രപഞ്ചത്തിലുമുള്ള ദൈവത്തെ കണ്ടുമുട്ടാൻ മടിക്കരുത്. ജീവിത സാഹചര്യങ്ങളിൽ, പൗരോഹിത്യ, സന്യാസ കുടുംബ ജീവിതാവസ്ഥകളുടെ പരിസരങ്ങളിൽ വന്നുവീഴുന്ന പ്രലോഭനങ്ങളുടെ വേളകളിൽ വെറും മൃഗങ്ങളാകാതെ മനുഷ്യരാകാൻ നമുക്ക് കഴിയണം. വിശപ്പുകളുടെ പിന്നാലെ പോയി നമ്മുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും തകർക്കുന്നവരാകാതെ, നൊന്തുസ്നേഹിച്ചും, ഉപവസിച്ചും ജീവിതത്തെ നന്മയുള്ളതാക്കാൻ നമുക്ക് സാധിക്കട്ടെ. അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളെ ദൈവ കൃപയാൽ

നിറച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ, കുടുംബങ്ങളെ ശക്തമാക്കാം. നാളെ നെറ്റിയിൽ കുരിശ് വരച്ച് നോമ്പിലേക്ക് പ്രവേശിക്കുവാൻ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ!

SUNDAY SERMON MK 2, 1-12

ദനഹാക്കാലം അഞ്ചാം ഞായർ

മാർക്കോ 2, 1-12

ക്രിസ്തുവിനെ, അവിടുത്തെ വചനങ്ങളെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്.. ചരിത്രം പരിശോധിച്ചാൽ, ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി.  ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്. മനുഷ്യാ, നിന്റെ പാപങ്ങൾ മോചിക്കുന്ന, നിനക്ക് രോഗശാന്തി നൽകുന്ന ദൈവമാണ് ക്രിസ്തു!

ഈശോയുടെ അത്ഭുത രോഗശാന്തികൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് വിശുദ്ധ മർക്കോസിന്റെ സുവിശേഷം. ആദ്യത്തെ പത്ത് അധ്യായങ്ങൾ ഓരോന്നിലും ഒന്നുകിൽ ഒരു രോഗശാന്തി അല്ലെങ്കിൽ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റു മൂന്ന് സുവിശേഷങ്ങളേക്കാൾ അത്ഭുതങ്ങൾക്കും, രോഗശാന്തിക്കും വിശുദ്ധ മാർക്കോസ് പ്രത്യേകം ശ്രദ്ധ നൽകുന്നു. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ 678 വചനങ്ങളിൽ, 198 ഉം അത്ഭുതസംഭവങ്ങളുടെ നാൾ വഴികളാണ്. അവയിൽത്തന്നെ വലിയൊരു ഭാഗം രോഗശാന്തി വിവരണങ്ങളാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഈ രോഗശാന്തികൾ പ്രധാനമായും നടക്കുന്നത് ഗലീലിയിൽ വച്ചാണ്.   

അന്ന് ഗലീലിയിൽ ധാരാളം മാന്ത്രികരുണ്ടായിരുന്നു. അവർ യഹൂദരോ, ഗ്രീക്കുകാരോ റോമക്കാരോ ആയിരുന്നു. അവർ കള്ളത്തരങ്ങളിലൂടെയോ, കൺകെട്ടുവിദ്യകളിലൂടെയോ, മറ്റ് ചെപ്പടിവിദ്യകളിലൂടെയോ ആണ് അത്ഭുതങ്ങൾ, മാജിക്കുകൾ നടത്തിയിരുന്നത്.  എന്നാൽ ഈശോയുടെ രോഗശാന്തികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ശാരീരികമായ സൗഖ്യം മാത്രമായിരുന്നില്ല അത്. ആളുകളിൽ നിന്ന് കയ്യടി ലഭിക്കുവാനുള്ള കള്ളത്തരങ്ങളുമായിരുന്നില്ല ഈശോയുടെ അത്ഭുതങ്ങൾ! ഈശോയുടെ രോഗശാന്തികൾ മനുഷ്യന്റെ സമഗ്രമായ വിമോചനത്തെ ലക്‌ഷ്യംവച്ചുള്ളതായിരുന്നു; മനുഷ്യന്റെ ആന്തരിക മാറ്റത്തെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. വെറും ശാരീരികമെന്നതിനേക്കാൾ, മനസികമെന്നതിനേക്കാൾ ഈശോ ശ്രദ്ധിച്ചിരുന്നത് മനുഷ്യന്റെ ആത്മീയ വിമോചനമായിരുന്നു, ആത്മാവിന്റെ രക്ഷയായിരുന്നു.

ഇന്നത്തെ സുവിശേഷഭാഗത്ത് സുതരാം വ്യക്തമാണ് ഈശോയുടെ ഈ പ്രവർത്തന ശൈലി. ആധുനിക സാമൂഹ്യ മനഃശാസ്ത്രം പറയുന്നപോലെ വെറും Psychosomatic രോഗശാന്തികളായിരുന്നില്ല ഈശോയുടേത്. അവിടുത്തെ രോഗശാന്തിയുടെ പ്രത്യേകതകൾ നോക്കുക: 1. ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അവിടുന്ന് രോഗശാന്തി നൽകുന്നത്. 2. രോഗശാന്തിക്ക് സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല. 3. രോഗശാന്തി ലഭിച്ചവരെ സമൂഹത്തിന് പരിശോധിക്കാമായിരുന്നു. 4. ഈശോ മനുഷ്യന്റെ ആത്മാവിന്റെ സൗഖ്യമാണ് ആദ്യമായി ആഗ്രഹിക്കുന്നത്. 5. രോഗിയുടെയോ, രോഗിയുടെ അടുത്തുനിൽക്കുന്നവരുടെയോ വിശ്വാസം ഈശോ പരിഗണിച്ചിരുന്നു. തളർവാതരോഗിയെ സുഖപ്പെടുത്തുമ്പോൾ ഈശോ പിന്തുടരുന്ന pattern ഇത് തന്നെയാണ്. ആദ്യം രോഗിയുടെ പാപങ്ങൾ മോചിക്കുന്നു, പിന്നെ രോഗിയെ സുഖപ്പെടുത്തുന്നു.

ഗലീലി കടൽത്തീരത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഫർണാം എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്ന സംഭവം നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ വീട് കേന്ദ്രീകരിച്ചാണ് ഈശോ തന്റെ സുവിശേഷ ദൗത്യം കഫെർണാമിൽ നടത്തിയിരുന്നത്. അതുകൊണ്ട് സുവിശേഷഭാഗത്ത് പറയുന്ന വീട് വിശുദ്ധ പത്രോസിന്റേതായിരിക്കണം. ആ വീട് അത്ര വലുതൊന്നുമായിരുന്നില്ല. അതിന്റേത് താഴ്ന്ന മച്ചുമായിരുന്നു. ഈശോയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകതകൊണ്ടും, ഈശോ ആ പ്രദേശത്ത് സാമാന്യം പ്രശസ്തനായതുകൊണ്ടും ആയിരിക്കണം, മുറ്റം   നിറയെയും, വീടിന്റെ അകം നിറയെയും ആളുകൾ അവിടെ കൂടിയത്. അല്പം സാഹസപ്പെട്ടിട്ടാണെങ്കിലും ഒരു തളർവാത രോഗി അവിടെ ഈശോയുടെ മുൻപിൽ എത്തുകയാണ്.

ഈശോയുടെ കാലത്ത് പലസ്തീനയിൽ സാധാരണമായ ഒരു രോഗമായിരുന്നു തളർവാതം. എന്തുകൊണ്ട് തളർവാതം? ചിലപ്പോൾ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടാകാം; കാലാവസ്ഥയുടെ സ്വഭാവംകൊണ്ടാകാം; പരിസരം വൃത്തിയില്ലാത്തതായതുകൊണ്ടാകാം; അനാരോഗ്യകരമായ ഭക്ഷണരീതികൾകൊണ്ടാകാം. എന്തായാലും, ആ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു മഹാരോഗമായി തളർവാതം രൂപപ്പെട്ടിരുന്നു.   ഈ അസുഖത്തിന്റെ ആരംഭത്തിൽ കാലുകൾക്കാണ് തളർച്ച അനുഭവപ്പെടുക. പിന്നെ കൈത്തണ്ടകളിലേക്ക് വ്യാപിക്കുകയും, പതുക്കെ കഴുത്തിന് ചുറ്റും വരെ എത്തുകയും ചെയ്യും. മൂന്ന് ആഴ്ചയോടെ രോഗി പൂർണമായും തളർന്നുപോകും. ഒരു ന്യൂറോളജിക്കൽ അസുഖമാണിത്.

എന്നാൽ, ഈശോയുടെ കാഴ്ചപ്പാടിൽ ഈ രോഗത്തിന്റെ കാരണം ന്യൂറോളജിക്കൽ പഠനങ്ങൾക്കും അപ്പുറമായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ജീവിതാവസ്ഥകളെ കാണാൻ ക്രിസ്തുവിന് കഴിയുമായിരുന്നു. അന്നത്തെ മനുഷ്യന്റെ ആത്മീയ ജീവിതത്തിലെ, മതജീവിതത്തിലെ പുഴുക്കുത്തുകളെ, ദൈവത്തെ, ദൈവത്തിലുള്ള വിശ്വാസത്തെ സ്വന്തം സുഖത്തിനും, വളർച്ചയ്ക്കും, അധികാരത്തിനും പണത്തിനും പാരമ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തെ, സ്വാർത്ഥതയെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു. ഈശോ തളർവാതരോഗിയെ നോക്കിയപ്പോൾ കണ്ടത്, ദൈവവുമായി അനുരജ്ഞനപ്പെടാതെ നിൽക്കുന്ന, ദൈവത്തിന്റെ പ്രസാദവരങ്ങളുമായി സഹകരിക്കാതെ നിൽക്കുന്ന, ആവശ്യമായ പോഷണങ്ങൾ നൽകാതെ തളർന്നു നിൽക്കുന്ന അവന്റെ ആത്മാവിനെയായിരുന്നു.  പാപത്തിന്റെ വഴികളിലൂടെ നടന്ന് തളർന്നുപോയ അവന്റെ കാലുകളേക്കാൾ, തിന്മയുടെ ലഹരിയിൽ തളർന്നുപോയ ശരീരത്തേക്കാൾ ഈശോ കണ്ടത്, തിന്മയുടെ ബന്ധനത്തിൽ കിടക്കുന്ന അവന്റെ ആത്മാവിനെയാണ്. സ്വർഗ്ഗപിതാവിന്റെ പുത്രനായ ക്രിസ്തു, ദൈവാത്മാവ് നിറഞ്ഞ ദൈവപുത്രൻ, സർവ്വാധികാരത്തോടെ, അതിലുമുപരി കരുണയോടെ, സ്നേഹത്തോടെ പറയുന്നു: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”  ഈശോ ആ രോഗിയെ ആത്മീയമായി സ്വതന്ത്രനാക്കുകയാണ്. തുടർന്ന് ഈശോയുടെ പ്രവർത്തിയെ ദൈവദൂഷണമായിക്കണ്ട് ജനക്കൂട്ടം ബഹളം വയ്ക്കുകയും അതിന്റെ അവസാനം ആ തളർവാതരോഗി ശാരീരികമായും സുഖപ്പെടുകയാണ്.

സ്നേഹമുള്ളവരേ, വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ വീണ്ടും വിസ്തരിച്ച് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുവാനല്ല ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും, എന്റെയും ദൈവമായ, ഈ ലോകത്തിന്റെ ഏക രക്ഷകനായ, രണ്ടാം വായനയിൽ ദാ നിയേൽ പ്രവാചകൻ പറയുന്ന കരുണയും പാപമോചനവും നിറഞ്ഞു നിൽക്കുന്ന, (ദാനിയേൽ 9, 9) ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ നമുക്ക് രക്ഷയും പാപമോചനവും നൽകുന്ന കർത്താവായ ക്രിസ്തുവിന്റെ പ്രവർത്തനശൈലി, കാഴ്ചപ്പാട് നിങ്ങളെ ഓർമപ്പെടുത്തുവാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും എന്റെയും കണ്ണുകളിലൂടെ നോക്കിക്കൊണ്ട് നിങ്ങളുടെയും എന്റെയും ഹൃദയത്തെ കാണുന്നവനാണ്, ആത്മാവിനെ കാണുന്നവനാണ്, നിങ്ങളുടെയും എന്റെയും ജീവിതാവസ്ഥ മനസ്സിലാക്കുന്നവനാണ് ഈശോ എന്ന് ഒരിക്കൽക്കൂടി പറയുവാനാണ്, ആ ഈശോയാണ് നിങ്ങളുടെയും എന്റെയും ആത്മാവിനെ, ജീവിതത്തെ എല്ലാവിധ തിന്മകളിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കുന്നവനെന്ന് പ്രഘോഷിക്കുവാനാണ് ഞാൻ ശ്രമിച്ചത്.

മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല.നിരീശ്വരവാദികളും, യുക്തിവാദികളും, ഭൗതികവാദികളും മനുഷ്യൻ ശരീരം മാത്രമെന്നും, ശരീരവും മനസ്സുമെന്നുമൊക്കെ സൗകര്യപൂർവം വാദിച്ചുകൊണ്ടിരിക്കും. എന്നാൽ, ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്നും ഇവർക്കെല്ലാം ഉപരിയായിരിക്കും. കാരണം, ക്രിസ്തുവിന് മനുഷ്യൻ മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല. മനുഷ്യൻ ക്രിസ്തുവിന് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ, മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ഉള്ളവനാണ്. മനുഷ്യാ നിന്നിൽ ദൈവത്തിന്റെ ആത്മാവുണ്ടെന്നും, നീ ദൈവത്തിന്റെ ആലയമാണെന്നും, നിന്നിലുള്ള ആത്മാവിന്റെ ജീവിതമാണ് നീ നയിക്കേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുവാനും, പഠിപ്പിക്കുവാനുമാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് ഈശോ ഒരിക്കൽ പറഞ്ഞത്: “ഹേ മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിഹാൾ നിനക്ക് എന്ത് പ്രയോജനം? ആത്മാവിന് പകരമായി നീ എന്ത് കൊടുക്കും?”

എന്നാൽ, ഇന്ന് ക്രൈസ്തവർ ഈ ആത്മാവിനെ മറന്ന് ജീവിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് കൊറോണ വൈറസുമൊന്നുമല്ല പ്രിയപ്പെട്ടവരേ. വർഗീയതയുമല്ല. ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തീവ്രവാദവും അല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ഞാൻ ഒന്നുക്കൂടി പറയട്ടെ: ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ശരീരത്തിനുവേണ്ടി മാത്രം ഒരു വ്യക്തി ജീവിക്കുമ്പോൾ അത് പാപത്തിലുള്ള ജീവിതമാണ്. മനസ്സിനുവേണ്ടി മാത്രം പലതരത്തിലുള്ള ലഹരിയ്ക്കുവേണ്ടി മാത്രം ഉള്ള ജീവിതമാണ് നീ നയിക്കുന്നതെങ്കിൽ അത് തിന്മയിലുള്ള ജീവിതമാണ്. അത് നിന്നെ തളർവാതത്തിലേക്ക് നയിക്കും. നിന്റെ ജീവിതത്തെ, നിന്റെ കുടുംബത്തെ, നിന്റെ ഇടവകയെ, നിന്റെ രൂപതയെ, നിന്റെ സഭയെ തകർത്തുകളയുന്ന തളർവാതത്തിലേക്ക് നയിക്കും.

സമാപനം

ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. സ്നേഹമുള്ളവരേ, നമ്മെ, നമ്മുടെ കുടുംബത്തെ തളർവാതമെന്ന രോഗം അലട്ടുന്നുണ്ടെങ്കിൽ ക്രിസ്തുവിന്റെ സന്നിധിയിൽ അണയുക. നമ്മുടെ ഹൃദയങ്ങൾ, ജീവിതങ്ങൾ കാണുന്ന ക്രിസ്തു നമ്മുടെ ആത്മാവിനെ വീണ്ടെടുക്കും. നാം തയ്യാറാണെങ്കിൽ ഇന്ന്, ഇപ്പോൾ, ഈ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്വരം നാം ശ്രവിക്കും:

“മകളേ, മകനേ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.” അതിനായി അതിയായി ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

SUNDAY SERMON JN 4, 1-26

ദനഹാക്കാലം നാലാം ഞായർ

യോഹ 4, 1-26

തിരിച്ചറിവുകളുടെയും, തിരിച്ചുവരവുകളുടെയും സുവിശേഷം എന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തെ വിശേഷിപ്പിക്കാം. ക്രിസ്തു സാന്നിധ്യത്തിന്റെ മാന്ത്രികത, ക്രിസ്തുവിനെ അറിയാത്ത വരിൽപോലും വരുത്തുന്ന മാറ്റം കണ്ട് അത്ഭുതം നിറഞ്ഞ മിഴികളോടെ നിൽക്കുവാനേ ഈ സുവിശേഷഭാഗം വായിക്കുന്ന ഭക്തന് സാധിക്കൂ. ചെറുപ്പത്തിൽ സൺ‌ഡേ സ്കൂൾ വാർഷികത്തിന് മുതിർന്ന കുട്ടികൾ നട്ടുച്ച നേരത്ത് കിണറിന്റെ തീരത്ത് …എന്ന ഗാനത്തിന്റെ സ്റ്റേജ് ആവിഷ്ക്കാരം നടത്തിയപ്പോൾ വിടർന്ന മിഴികളോടെ അത് കണ്ടിരുന്നത് ഓർത്തുപോകുന്നു. ബഹു. ആബേലച്ചന്റെ സുന്ദരമായ വരികൾക്ക് ശ്രീ കെ.ജെ. യശുദാസും, ബി. വസന്തയും ശബ്ദം നൽകിയപ്പോൾ കേൾക്കാൻ എന്തൊരു ഇമ്പമാണ്. സാധാരണ ക്രൈസ്തവർക്ക് ഈ ഗാനം ഒരു നൊസ്റ്റാൾജിയ (Nostalgia) ആണ്.

ക്രിസ്തുവിനെ അറിയുന്നവർ ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ തീരുമാനമെടുക്കുന്ന, അതിനുശേഷം ലോകവും അത് നൽകുന്ന സുഖങ്ങളും പുല്ലുപോലെ വലിച്ചെറിയുവാൻ അവർക്ക് കരുത്തുലഭിക്കുന്ന, ഒടുവിൽ ക്രിസ്തുവിന്റെ പ്രേഷിതരാകുന്ന   രൂപാന്തരത്തിന്റെ വലിയ അത്ഭുതമാണ് ഈ സുവിശേഷഭാഗം ആവിഷ്കരിക്കുന്നത്.

ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ തന്നെ, താൻ “മിശിഹാ” ആണെന്ന് വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ. ഈശോ, “മിശിഹാ” യാണെന്നും, ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണെന്നും, ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണമെന്നും,  ആ ദാനം സ്വീകരിക്കുന്നവർ ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷികളാകണമെന്നും ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. 

സമരിയായിൽ,യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന്  അടുത്തുള്ള അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണർക്കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള  നടക്കുന്നത്. ചരിത്രപരമായി   പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്ന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും സ്ഥാപിച്ചതാണ് ഈ കിണർ.

മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ, പള്ളിപ്പെരുന്നാളുകളുടെ, കൺവെൻഷനുകളുടെ കിണറാണ്. ഇവിടെയാണ് ജനങ്ങൾ വരുന്നത്. ജനങ്ങളെ കണ്ടുമുട്ടണമെങ്കിൽ ഈശോയ്ക്ക് ഈ കിണറുകളുടെ വക്കത്ത് കാത്തിരിക്കേണ്ടിയിരിക്കുന്നു.  

കിണറ്റിൽ കരയിൽ ഈശോയെ കണ്ടുമുട്ടുന്ന ശമരിയക്കാരി സ്ത്രീ നമ്മുടെ പ്രതീകമാണ്. നീയും, ഞാനുമാണ് അവിടെ നിൽക്കുന്നത്. സമരിയക്കാരും, യാഹൂന്നോടാരും എന്ന രീതിയിൽ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീ. ഭൗതിക ലാഭത്തിനുവേണ്ടി, അതിനുവേണ്ടി മാത്രം വിശുദ്ധ കുര്ബാനയ്ക്കും, ധ്യാനങ്ങൾക്കും, മറ്റ് പ്രാർത്ഥനകൾക്കും പോകുന്നവർ. തിന്മയുടെ വഴിയിലൂടെയാണ് യാത്രയെങ്കിലും അതിനെ മറച്ചുവെച്ച് മാന്യതയുടെ മുഖംമൂടി അണിയുന്നവർ. ആധ്യാത്മിക വ്യക്തികളെ കാണുമ്പോൾ വിശുദ്ധ കുർബാനയെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, സഭയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവർ. എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് അവൾ ക്രിസ്തുവിനെയോട് സംസാരിക്കുന്നത്!! യഹൂദരും, ശമര്യക്കാരുമായുള്ള ശത്രുതയെക്കുറിച്ച്, ജെറുസലേമിനെക്കുറിച്ച്, ദൈവത്തിൽ നിന്നുള്ള രക്ഷയെക്കുറിച്ച്, യഥാർത്ഥ ആരാധനയെക്കുറിച്ച്, നമ്മളൊക്കെ, ഏതെങ്കിലും വൈദികനെക്കണ്ടാൽ, കന്യാസ്ത്രീയെക്കണ്ടാൽ സാധാരണ സംസാരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവളും സംസാരിക്കുകയാണ്. അതെ ആ സ്ത്രീ, ശമരിയക്കാരി, ഞാൻ തന്നെയാണ്!  

ക്രിസ്തുവിൽ നിന്ന് അകന്നു നിൽക്കുന്നവളെങ്കിലും, ഈ ശമരിയക്കാരിയുടെ ഉള്ളിലെ ചോദ്യം കർത്താവെ, അങ്ങ് ആരാണ് എന്നതാണ്. ക്രിസ്തുമാർഗത്തിൽ ജീവിക്കുന്നവരെ നശിപ്പിക്കുവാൻ തീരുമാനിച്ച് പടയ്ക്ക് പുറപ്പെട്ട സാവൂൾ  ചോദിച്ചതും ഇതുതന്നെ. “കർത്താവേ നീയാരാണ്?” ക്രിസ്തുവിനെതള്ളിപ്പറഞ്ഞ ശേഷം ഹൃദയം നൊന്ത് കരഞ്ഞ പത്രോസിന്റെ ഉള്ളിലെ ചോദ്യം ഇതുതന്നെയായിരുന്നിരിക്കണം: “കർത്താവേ, നീയാരാണ്? ക്രിസ്തുവിൽ നിന്ന് അകന്ന് നിൽക്കുന്നവർ ഡമാസ്കസിലേക്ക് പോകുന്നവരാണ്. സ്വന്തം സുരക്ഷയ്ക്കുവേണ്ടി ക്രിസ്തുവിനെ തള്ളിപ്പറയുന്നവരാണ്. തങ്ങളുടെ പാപങ്ങൾ മറച്ചുവച്ച്, മാന്യതയുടെ മുഖംമൂടി അണിഞ്ഞ് കിണറ്റിൻകരകളിലേക്ക് ദാഹശമനത്തിന് വെള്ളത്തിനായി പോകുന്നവരാണ്.

എന്നാൽ, ജീവജലത്തിന്റെ ഉറവ ക്രിസ്തുവാണ്. ക്രിസ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ  പറഞ്ഞാൽ, സംതൃപ്തി ലഭിക്കും. ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്, ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.

മാത്രമല്ല, ജീവജലത്തിന്റെ, ദൈവദാനത്തിന്റെ ഉറവയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും, ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ നിന്ന്   ജീവജലം നുകരുന്നവരും, കണ്ടുമുട്ടുന്നവർക്ക് ജീവജലം നല്കുന്നവരാകും, ജീവജലത്തിന്റെ അരുവികളാകും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായം 37 മുതലുള്ള വചനം പറയുന്നു: “തിരുനാളിന്റെ അവസാനത്തെ മഹദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി പറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൾ /അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.””

ശമര്യക്കാരി സ്ത്രീയുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുറക്കുകയായിരുന്നു അവിടെ. ഇന്നലെവരെ ദൈവഹിതത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും, ജീവിക്കുകയും ചെയ്ത അവൾ അന്ന് ദൈവത്തെ അറിഞ്ഞു. ദൈവസ്നേഹം എന്തെന്നറിഞ്ഞു. അവർ അറിഞ്ഞു. ക്രിസ്തുവിലേക്കുള്ള അവളുടെ യാത്ര അവിടെ ആരംഭിച്ചു. അന്ന് ഈശോയുടെ മുൻപിൽ, ആ കിണറ്റിൻക രയിൽ വച്ച് അവളുടെ മാനസാന്തരം നടന്നെങ്കിലും, എത്രയോ വർഷങ്ങൾക്ക് ശേഷമാണ് പുറംലോകം ആ മാനസാന്തരകഥ അറിയുന്നത്!!

സ്നേഹമുള്ളവരേ, ദൈവദാനത്തിന്റെ, ജീവജലത്തിന്റെ അരുവികളാകുവാൻ ഇന്ന് ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്. ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്, രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവർത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും. 

പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിന്റെ കിണറ്റിൻകരയിലിരിക്കുന്ന ഈശോയെ കാണാനും, ആ ഈശോയെ നമ്മുടെ ജീവിതത്തിന്റെ കർത്താവും ദൈവവുമായി സ്വീകരിക്കുവാനും ക്രിസ്തുവിലേക്ക് മനസാന്തരപ്പെടുവാനും നമുക്ക് സാധിക്കട്ടെ. ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് നിങ്ങളുടെ പ്രവർത്തികൾ ചെയ്യുക.

അപ്പോൾ, നിങ്ങൾക്ക് വീണ്ടും ദഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ  മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MK 3, 7-19

ദനഹാക്കാലം മൂന്നാം ഞായർ

മാർക്കോസ് 3, 7 -19

സീറോമലബാർ സഭയുടെ വിശുദ്ധ കുർബാന തക്സയിൽ (Holy Qurbana Text) കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥനയിൽ പറയുന്നപോലെ, ‘സകല സൗഭാഗ്യങ്ങളും നന്മകളും മുടിചൂടി നിൽക്കുന്ന തിരുസ്സഭ” ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണത്തിൽ നാം ഏറ്റുപറയുന്ന ‘സാർവത്രികവും, ശ്ലൈഹികവും, അപ്പസ്തോലികവുമായ സഭ’ യുടെ അടിത്തറ ഇളകുകയാണോയെന്ന് ലോകം സംശയിക്കുന്നു. ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാനും, തിരുസ്സഭയുടെ നന്മകളെ തമസ്കരിക്കുവാനും ശ്രമിക്കുന്ന സഭാശത്രുക്കൾ കോടാലിക്കൈ പ്രയോഗത്തിലാണ്. സഭയുടെ മക്കളെക്കൊണ്ട് തന്നെ സഭയെ നശിപ്പിക്കുവാൻ അവർ ശ്രമിക്കുന്നു. വലിയ കൊടുംങ്കാറ്റുകളിലൂടെ കടന്നുപോയിട്ടും തകരാതെ ഇന്നും നിലനിൽക്കുന്ന തിരുസഭയുടെ ഉറപ്പേറിയ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, തിരുസ്സഭയെക്കുറിച്ചും, സഭയുടെ പ്രവർത്തനരീതികളെക്കുറിച്ചും ധാരാളം ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നത് തിരുസ്സഭ ശ്ലൈഹികമാണ്, അപ്പസ്തോലികമാണ് എന്നാണ്.

ഇന്ന് നാം വായിച്ചുകേട്ട സുവിശേഷത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, കടൽത്തീരത്ത് സംഭവിച്ച കാര്യങ്ങൾ. ഈശോ ചെയ്ത പ്രവൃത്തികളെക്കുറിച്ച് കേട്ട് ധാരാളം ആളുകൾ വന്നപ്പോൾ ഈശോ അവരെ പഠിപ്പിച്ചു. അവരുടെ രോഗങ്ങളിൽ നിന്ന് അവരെ സുഖപ്പെടുത്തി. പിശാചുക്കളെ പുറത്താക്കി. അവരുടെ ജീവിതത്തിന് പ്രത്യാശ നൽകി. അവരെ ദൈവമക്കളാക്കി. അവരെ ക്രിസ്തു ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സമൂഹമാക്കി മാറ്റി. രണ്ട്, അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു. ക്രിസ്തുവിന്റെ പ്രവൃത്തികൾ തുടർന്നുകൊണ്ടുപോകുന്നതിനായി, ക്രിസ്തു പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുന്നു; അവരെ അപ്പസ്തോലരാക്കി മാറ്റുന്നു. ഇന്നത്തെ സുവിശേഷത്തിലെ ഒന്നാം ഭാഗത്ത് സംഭവിച്ച കാര്യങ്ങൾ തുടരാനായി, ക്രിസ്തു സംഭവങ്ങൾ തുടരാനായി ഈശോ അപ്പസ്തോലരെ തിരഞ്ഞെടുക്കുന്നു. അവരിലൂടെ രൂപപ്പെട്ട സമൂഹത്തിന് തിരുസ്സഭ എന്ന പേരും ഉണ്ടാകുന്നു. ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ ക്രിസ്തു സംഭവങ്ങൾ തുടർന്നുകൊണ്ട് പോകുന്നതുകൊണ്ട് തിരുസ്സഭ അപ്പസ്തോലികമായി.

ലളിതമായി പറഞ്ഞാൽ, അപ്പസ്തോലരുടെ പിന്തുടർച്ചയുള്ള വിളിക്കപ്പെട്ട സമൂഹമായി.   

തീർച്ചയായും, പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തതിലെ ഈശോയുടെ ഉദ്ദേശ്യം വളരെ Clear ആണ്. അധികാരം നൽകുന്നതിനാണ് ഈശോ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തത്. എന്തിനൊക്കെയുള്ള അധികാരം? 1. ഈശോയോടുകൂടി ആയിരിക്കുവാൻ. അതായത്, എപ്പോഴും ഈശോയുടെ പക്ഷത്ത് നിൽക്കുവാൻ, ഈശോയുടെ ലക്‌ഷ്യം പൂർത്തിയാക്കുവാൻ, ഈശോ ഉദ്ദേശിക്കുന്നകാര്യം നടപ്പിലാക്കാൻ. 2. പ്രസംഗിക്കാൻ അയയ്ക്കുന്നതിന്. എന്നുവച്ചാൽ, ഈശോയുടെ സന്ദേശം, സുവിശേഷം, ദൈവരാജ്യം മറ്റുള്ളവരെ അറിയിക്കുവാൻ. 3. പിശാചുക്കളെ ബഹിഷ്കരിക്കുവാൻ. ഈശോയുടെ ശക്തികൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ട് ഈശോയ്‌ക്കെതിരെയുള്ള ശക്തികളെ ഇല്ലാതാക്കുവാൻ.   ക്രിസ്തുവിന്റെ അംബാസഡർ (Ambassador) മാരായി പോകുന്നവർ ക്രിസ്തുവിനോട് അടുത്തിരിക്കണമല്ലോ; ഈശോയുടെ മനസ്സ് പറയണമല്ലോ; ഈശോയുടെ പ്രവൃത്തികൾ ചെയ്യണമല്ലോ. പിന്നെ, ഈശോയാണ് ശിഷ്യരെ വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഈശോയുടെതാണ്. Church, പള്ളി എന്നതിന്റെ ഗ്രീക്ക് – എക്ലേസിയ – (Ekklesia, ἐκκλησία) പദത്തിന് അക്ഷരാർത്ഥത്തിൽ വിളിക്കപ്പവർ എന്നാണ് അർഥം.

യൂത്ത് കാറ്റക്കിസം (YouthCathechism, YouCat) ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

തന്റെ ഏറ്റവും അടുത്ത സഹകാരികളായിരിക്കാൻ യേശു അപ്പസ്തോലന്മാരെ വിളിച്ചു. അവർ അവന്റെ ദൃക്‌സാക്ഷികളായിരുന്നു. പുനരുത്ഥാനത്തിനുശേഷം, അവൻ അവർക്ക് ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. അവൻ അവർക്ക് പരിശുദ്ധാത്മാവിനെ നൽകുകയും ലോകമെമ്പാടുമുള്ള തന്റെ ആധികാരിക സന്ദേശവാഹകരായി അവരെ അയയ്ക്കുകയും ചെയ്തു. ആദിമ സഭയിലെ ഐക്യം അവർ ഉറപ്പുനൽകി. അവർ തങ്ങളുടെ ദൗത്യവും അധികാരവും തങ്ങളുടെ പിൻഗാമികളായ ബിഷപ്പുമാർക്ക് കൈവയ്പ്പിലൂടെ നൽകി. ഈ പ്രക്രിയയെ അപ്പസ്തോലിക പിന്തുടർച്ച എന്ന് വിളിക്കുന്നു. (YouCat 137)

CCC (Catechism of the Catholic Church) യിൽ പറയുന്നത് തിരുസഭ മൂന്ന് തരത്തിൽ അപ്പസ്തോലികമാണ് എന്നാണ്:

1. ക്രിസ്തു തിരഞ്ഞെടുത്ത സാക്ഷികളായ “അപ്പസ്തോലന്മാരുടെ” അടിത്തറയിലാണ് തിരുസ്സഭ പണിയപ്പെട്ടിരിക്കുന്നത്.

2. അപ്പസ്തോലന്മാരുടെ പഠിപ്പിക്കൽ സഭ കൈക്കൊള്ളുന്നു.

3. സഭയെ നയിക്കുന്നത് അപ്പസ്തോലന്മാരുടെ പിൻഗാമികളായ ബിഷപ്പുമാർ മാർപ്പാപ്പയുമായുള്ള ഐക്യത്തിലാണ്.

സ്നേഹമുള്ളവരേ, നമ്മുടെ സഭ അപ്പസ്തോലികമാണ്.  കാരണം, അത് ക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാർ പഠിപ്പിച്ചതുപോലെ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്നു.  ക്രിസ്തു  തന്റെ സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെ ഏൽപ്പിച്ചു, “നീ പത്രോസാണ്, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും, ലോകത്തിന്റെ കവാടങ്ങൾ അതിനെ ജയിക്കുകയില്ല” (മത്തായി 16:18). അങ്ങനെ പീറ്റർ ആദ്യത്തെ ബിഷപ്പും മാർപ്പാപ്പയുമായി. ഈ പ്രവർത്തനങ്ങളിലൂടെ, യേശു തന്റെ സഭയുടെ മിഷനറിമാരായി സേവനജീവിതത്തിലേക്ക് അവരെ വിളിക്കുകയായിരുന്നു. ഇന്നുവരെ പിന്തുടരുന്ന എല്ലാ മെത്രാന്മാരും മാർപാപ്പമാരും ഈ ദൗത്യം പങ്കിടുന്നു.

നമ്മുടെ സഭയുടെ അപ്പസ്തോലിക സ്വഭാവം ക്രിസ്തുവിൽ വേരൂന്നിയതാണ്; അത് കൂദാശകളിൽ പങ്കുചേരുന്നതിലൂടെ ലഭിക്കുന്ന ദൈവകൃപയിൽ അടിസ്ഥാനമിട്ടതാണ്; അപ്പസ്തോലപിന്തുടർച്ചയിൽ നിലനിൽക്കുന്നതുമാണ്. ഈ അപ്പസ്തോലിക സ്വഭാവത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്നത് നാം കേൾക്കണം. ” അപ്പസ്തോലന്മാരെ യേശു വിളിച്ചത് പോലെ നാമെല്ലാവരും “പുറപ്പെടാൻ” വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസം യേശുവിന്റെ അപ്പസ്തോലന്മാരുടെ പ്രഘോഷണത്തിലും സാക്ഷ്യത്തിലും നങ്കൂരമിട്ടിരിക്കുന്നു. അത് അവിടെ നിന്ന് വരുന്ന ഒരു നീണ്ട ചങ്ങലയാണ്; അതിനായി, ക്രിസ്തുവിൽ, അപ്പസ്തോലന്മാരുടെ പിൻഗാമികളുമായുള്ള കൂട്ടായ്മയിൽ, നാം നിയുക്തരായിരിക്കുന്നു.”

തിരുസഭയുടെ മക്കളേ, തിരുസ്സഭ അപ്പസ്തോലികമെന്നത് വെറും അറിവ് മാത്രമായി ചുരുങ്ങാതെ അത് നമ്മുടെ വികാരമാകണം. അതിൽ അഭിമാനിക്കാൻ നമുക്കാകണം. കത്തോലിക്കാ സഭയുടെ അപ്പസ്തോലിക പാരമ്പര്യം ഇന്നും തുടർന്നുകൊണ്ട് പോകുന്നതിൽ സന്തോഷിക്കാൻ നമുക്കാകണം. ക്രിസ്തുമാകുന്ന മുന്തിരിച്ചെടിയോട് ചേർന്ന് നിന്നാണ് അപ്പസ്തോലന്മാർ ഫലം പുറപ്പെടുവിച്ചത്. അവർക്ക് കൽപ്പനയും (Mandate), ശക്തിയും (Power) ലഭിച്ചത് ക്രിസ്തുവിൽ നിന്നാണ്.  അവർ “ക്രിസ്തുവിന്റെ സ്ഥാനപതികളും” (2 കോറി 6: 4) “ദൈവത്തിന്റെ രഹസ്യങ്ങളുടെ കാര്യവിചാരകരും” (1 കോറി 4:1) ആണെന്ന് അവർക്ക് അറിയാമായിരുന്നു. സഭയെ മേയിക്കാനുള്ള അപ്പസ്തോലന്മാരുടെ ദൗത്യം “മെത്രാന്മാരുടെ വിശുദ്ധ ക്രമത്താൽ തടസ്സമില്ലാതെ നിർവഹിക്കപ്പെടാൻ വിധിക്കപ്പെട്ടതാണ്” (രണ്ടാം വത്തിക്കാൻ കൗൺസിൽ).

ആ പാരമ്പര്യം ഇന്നും മാർപാപ്പയിലൂടെ, മെത്രാന്മാരിലൂടെ, അവരുടെ കൈവയ്പ്പ് ശുശ്രൂഷാവഴി വൈദികരിലൂടെ തുടരുകയാണ്. സീറോമലബാർ സഭയുടെ തിരുപ്പട്ട ശുശ്രൂഷയുടെ തുടക്കത്തിൽ, കൈവയ്പ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം നൽകുന്ന മെത്രാന്റെ മുൻപിൽ മുട്ടുകുത്തിനിന്ന്, ‘റോമിലെ മാർപാപ്പയും, മെത്രാൻ സംഘവും പഠിപ്പിക്കുന്ന കാര്യങ്ങൾ, നിയതമായി നിർവചിച്ചിട്ടില്ലെങ്കിൽപോലും അനുസരിച്ചുകൊള്ളാമെന്ന്’ ഡീക്കൻ പ്രതിജ്ഞചെയ്യുമ്പോൾ, അദ്ദേഹം ഈ അപ്പസ്തോലിക പിന്തുടർച്ചയുടെ ജീവിക്കുന്ന സാക്ഷിയാകുകയാണ്. തിരുസ്സഭയിലെ മാർപാപ്പയും, കർദ്ദിനാൾമാരും, മെത്രാന്മാരും, ഓരോ വൈദികനും തിരുസ്സഭ അപ്പസ്തോലികമാണ് എന്നതിന്റെ ജീവിക്കുന്ന സാക്ഷികളാണ്.

.

തിരുസഭ അപ്പസ്തോലികമാണ് എന്ന സത്യം ഒരിക്കൽക്കൂടി സഭ പ്രഘോഷിക്കുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ. സഭയിലെ അപ്പസ്തോലിക പിന്തുടർച്ച സാധിതമാകുന്നതാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴിയാണ്.  സഭയുടെ വാതിലുകളും ജനലുകളും തുറന്നിട്ടുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ, താൻ പാപ്പയായി തിരഞ്ഞെടുക്കപ്പടെന്നതിന്റെ തലേരാത്രി, താനായിരിക്കും പാപ്പയാകുക എന്ന് ഉറപ്പായപ്പോൾ ഉറങ്ങാൻ കഴിയാതെ അസ്വസ്ഥനായി. ഒട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അദ്ദേഹം കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നിട്ട് അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ജിയോവാനീ, നീ എന്തുകൊണ്ടാണ് ഉറങ്ങാത്തത്? നീയാണോ, പരിശുദ്ധാത്മാവാണോ സഭയെ നയിക്കുന്നത്?” ജിയോവാനീ പറഞ്ഞു: “അത് പരിശുദ്ധാത്മാവ് തന്നെ.” “എന്നാൽ നീ പോയി കിടന്നുറങ്ങുക.” അദ്ദേഹം സ്വയം ശാന്തനായി ഉറങ്ങുവാൻ പോയി.

ഇന്ന് തിരുസ്സഭയെ വിമർശിക്കുന്ന സഭയ്ക്കുള്ളിലുള്ളവരും, പുറത്തുള്ളവരും, മാർപാപ്പയുടെ, മെത്രാൻ സംഘത്തിന്റെ, വൈദികരുടെ ശ്ലൈഹിക അധികാരത്തെയും, കൂദാശകളുടെ സാധുതയെയും ചോദ്യം ചെയ്യുന്നവരും ഓർമിക്കേണ്ട ഒരു സത്യമുണ്ട്:  തിരുസ്സഭ അപ്പസ്തോലികമാണ്. തിരുസഭയുടെ ഈ അപ്പസ്തോലിക പിന്തുടർച്ച തിരുസ്സഭയിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണ്. അത് ഏതെങ്കിലും സർക്കാരിൽ നിന്ന് ലഭിച്ചതോ, മാളുകളിൽ നിന്ന് വാങ്ങാൻ കിട്ടുന്നതോ അല്ല. അത് ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക്, പരിശുദ്ധാത്മാവ് നൽകുന്ന ദാനമാണ്.

.

അപ്പസ്തോലന്മാരിലൂടെ പകർന്നുകിട്ടിയ വിശ്വാസപാരമ്പര്യം, കൂദാശയുടെ പാരമ്പര്യം മുറുകെപിടിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ് നാമെല്ലാവരും ചെയ്യേണ്ടത്. അല്ലെങ്കിൽ അത് നമ്മുടെ, നമ്മുടെ കുടുംബങ്ങളുടെ, ലോകത്തിന്റെ തന്നെ നാശമായിരിക്കും. യൂറോപ്പ് അപ്പസ്തോലിക പാരമ്പര്യത്തെ, എന്തിന് ക്രൈസ്തവമൂല്യങ്ങളെത്തന്നെ വിസ്മരിച്ചപ്പോൾ അന്നത്തെ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഏറെ വിലപിച്ചു. സെക്കുലറിസത്തിന്റെപേരിൽ ഉയർന്നുവന്ന ക്രൈസ്തവ വിരോധം യൂറോപ്പിന്റെ നാശത്തിലെ അവസാനിക്കൂ എന്ന് മാർപാപ്പ മുൻകൂട്ടിക്കണ്ടു. പിന്നീട്, ഫ്രാൻസ് സന്ദര്ശിച്ച വേളയിൽ പാപ്പാ ഫ്രാൻസുകാരോട് ചോദിച്ചു:”ഫ്രാൻസ്, സഭയുടെ മൂത്തപുത്രി, തിരുസഭയിൽ നിന്ന് നീ സ്വീകരിച്ച മാമ്മോദീസ നീ എന്തുചെയ്തു?” അപ്പസ്തോലരിലൂടെ കൈവന്ന കൂദാശയുടെ സ്വീകരണം കൊണ്ട് സ്നേഹമുള്ളവരേ നാമും എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചു നോക്കേണ്ടതാണ്.

സ്നേഹമുള്ളവരേ, സഭ ഏകമാണ്, വിശുദ്ധവും അപ്പസ്തോലികവുമാണ്. ഈ സഭയുടെ മക്കളായതിൽ നമുക്ക് അഭിമാനിക്കാം. സഭയുടെ അപ്പസ്തോലിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ജീവിച്ചാൽ നമുക്ക് രക്ഷയുണ്ട് സഭയിലൂടെ. സഭയുടെ അപ്പസ്തോലിക പാരമ്പര്യം തള്ളിപ്പറഞ്ഞത് നമുക്കത് നാശത്തിന് കാരണമാകും. ക്രിസ്തുവിന്റെ ദൈവരാജ്യം നാം പ്രസംഗിക്കേണ്ടിയിരിക്കുന്നു. കാരണം, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ അടിത്തറയിൽ, കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു. (വെളി. 21:14). ഇന്നത്തെ കുർബാനയിൽ വവിശ്വാസപ്രമാണം ചെല്ലുമ്പോൾ സഭ ശ്ലൈഹികമാണ്,

അപ്പസ്തോലികമാണ് എന്ന് നമുക്ക് ഏറ്റുപറയാം. അങ്ങനെ തിരുസഭയുടെ നല്ല മക്കളായി ജീവിച്ചുകൊണ്ട് ഈശോയുടെ രക്ഷ സ്വന്തമാക്കാം. ആമേൻ!

SUNDAY SERMON JN 8, 21-30

ദനഹാക്കാലം രണ്ടാം ഞായർ

യോഹ 8, 21-30

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ച് സാധാരണയായി പറയുന്ന ഒരു നിരീക്ഷണമുണ്ട്. “വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒരു ജലാശയമാണ്. അതിൽ ഒരു കൊച്ചു കുട്ടിക്ക് കുസൃതിയോടെ നടക്കുവാൻ സാധിക്കും; ഒപ്പം, ഒരു ആനയ്ക്ക് നീന്തുവാനും സാധിക്കും.” ഇന്നത്തെ സുവിശേഷം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേതന്നെ മനസ്സിലെത്തിയത് ഈ നിരീക്ഷണമാണ്.

പ്രതീകങ്ങളും, ഉപമകളും, രൂപകങ്ങളും ഒക്കെ ചേർത്ത് കാര്യങ്ങൾ വിവരിക്കുമ്പോൾ, മനസ്സിലാക്കാൻ വളരെ പ്രയാസമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഒന്നോർത്താൽ, ഒരു കൊച്ചുകുട്ടിക്ക് ഓടിക്കളിക്കാവുന്നതുപോലെ വളരെ ലളിതമാണ് അത്.  എന്നാൽ, ഒരു ആനയ്ക്ക് നീന്തിക്കുളിക്കാവുന്നതുപോലെ വിശാലവും, ആഴമേറിയതുമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഇന്നത്തെ സുവിശേഷഭാഗം ഇതിൽ രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. അതെ, അല്പം ആഴമേറിയതാണ് ഈ സുവിശേഷഭാഗം. 

എങ്കിലും, ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമ്മോട് പറയുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടാണ്. എട്ടുദിവസം നീണ്ടുനിൽക്കുന്ന കൂടാരത്തിരുനാളിന് വന്ന യഹൂദരോടാണ് ഈശോ താൻ ആരാണെന്ന് വെളിപ്പെടുത്തുന്നത്. ഇസ്രായേൽ ജനം മരുഭൂമിയിൽ വസിച്ച നാളുകളുടെ അനുസ്മരണമാണ് കൂടാരത്തിരുനാൾ. താൽക്കാലികമായി പണിതുണ്ടാക്കിയ കൂടാരങ്ങളിൽ 7 ദിവസം താമസിച്ചാണ് യഹൂദർ ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ഈശോയും തിരുനാളിൽ പങ്കെടുത്തത് യഹൂദ അധികാരികളോടും, നിയമജ്ഞരോടും, ഫരിസേയരോടും, സാധാരണ ജനങ്ങളോടും വചനം പങ്കുവച്ചും, അവരോടൊത്ത് ഭക്ഷണം കഴിച്ചൊക്കെയാണ്. അങ്ങനെയൊരു

സംവാദത്തിനിടയിലാണ് ഈശോ യഹൂദർക്ക് താൻ ആരാണെന്നും, തന്റെ Identity എന്തെന്നും വെളിപ്പെടുത്തുന്നത്.

ഇവിടെ ഒരു കാര്യം നാം മനസ്സിൽ സൂക്ഷിക്കണം. ഈശോ സംസാരിക്കുന്നത് താൻ തിരഞ്ഞെടുത്ത തന്റെ ശിഷ്യരോടല്ല; സ്വന്തം മനസ്സോടെ ഈശോയെ പിഞ്ചെല്ലുന്ന സാധാരണ ജനത്തോടുമല്ല. മറിച്ച്, ഈശോയെ കൊല്ലുവാൻ ആഗ്രഹിക്കുന്ന, ദൈവം ലോകത്തിലേക്കയച്ച ദൈവത്തിന്റെ പുത്രനായിരുന്നിട്ടും ആ ദൈവപുത്രനെ മനസ്സിലാക്കാത്ത, അവനിൽ ഭ്രാന്താരോപിക്കുന്ന, ആത്മഹത്യചെയ്യാൻ മാത്രം മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിക്കാണുന്ന ഒരു ജനത്തോടാണ് ഈശോ തന്നെക്കുറിച്ച് പറയുന്നത്. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചിട്ടും ആ പുത്രനെ സ്വീകരിക്കാത്ത ജനത്തോട് തൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ലെന്നും, തന്നെ അയച്ച അപിതാവിന്റെ ഇഷ്ടമാണ് തൻ പൂർത്തിയാക്കുന്നതെന്നും പറയാൻ അല്പം ധൈര്യം മാത്രം പോരാ. ഒരു കടുത്തപോരാട്ടമായിരുന്നിരിക്കണം ഈശോയുടെ മനസ്സിൽ അപ്പോൾ നടന്നത്. യഹൂദർക്കൊന്നും മനസ്സിലായില്ലെങ്കിലും, നീ ആരാണ് എന്ന് ചോദിക്കുമ്പോൾ ഈശോ ഉത്തരം പറയണമല്ലോ.

ഈശോ പറയുന്ന ഉത്തരത്തിന് രക്ഷാകര ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹോറെബ് മലയിൽ പ്രത്യക്ഷനായ ദൈവത്തോട് അങ്ങയുടെ പേരെന്താണ് എന്ന് മോശെ ചോദിച്ചപ്പോൾ മേഘങ്ങൾക്കിടയിൽ തിളങ്ങിപ്രകാശിച്ചിരുന്ന ദൈവം പറഞ്ഞത് “ഞാൻ, ഞാൻ തന്നെ” എന്നാണ്. (പുറ 3, 14) “നീ ആരാണ്” എന്ന് യഹൂദർ ഈശോയോട് ചോദിച്ചപ്പോൾ, അന്ന് ഹോറെബ് മലയിൽ ദൈവം മോശയോട് വെളിപ്പടുത്തിയ അതെ പേര് തന്നെ പറഞ്ഞുകൊണ്ട് ഈശോ തന്റെ ദൈവത്വം, ദൈവ മഹത്വം  വെളിപ്പെടുത്തടുകയാണ്.

യഹൂദർക്ക് മനസ്സിലാകുന്നില്ലെങ്കിലും, ഈ ഭൂമിയിലെ സകല മനുഷ്യർക്കുംവേണ്ടി ഈശോ പറയുകയാണ് ‘താൻ ഉന്നതത്തിൽ നിന്നുള്ളവനാണ് എന്ന്. ഈശോ മുകളിൽ നിന്നുള്ളവനാണ്. മനുഷ്യരോ താഴെ നിന്നുള്ളവരും. ക്രിസ്തു സ്വർഗത്തിൽ നിന്നുള്ളവനാണ്; മനുഷ്യരോ ലോകത്തിൽ നിന്നുള്ളവരും.

രണ്ട് സത്യങ്ങളാണ് ഇവിടെ വെളിപ്പെടുന്നത്. ഒന്ന്, ക്രിസ്തുവിനെക്കുറിച്ച്. അവിടുന്ന് ദൈവമാണ്. ഉന്നതത്തിൽ നിന്നുള്ളവനാണ്. മനുഷ്യനുമായി അവിടുത്തെ താരതമ്യപ്പെടുത്തിയാൽ, അവിടുത്തെ നമ്മുടെ ലെവൽ വച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ, യഥാർത്ഥ ക്രിസ്തു ആരെന്ന് നമുക്ക് പിടികിട്ടുകയില്ല. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ദൈവം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. “കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്ത നിങ്ങളുടേത് പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നു നിൽക്കുന്നു. അതുപോലെ, എന്റെ വഴികളും, ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രെ.” (ഏശയ്യാ 55, 8-9) ക്രിസ്തുവിന്റെ DNA വ്യത്യസ്തമാണ്; അത് ദൈവികമാണ്, Divine ആണ്.

രണ്ട്, മനുഷ്യരെക്കുറിച്ച്. മനുഷ്യർ താഴെ നിന്നുള്ളവരാണ്; ഭൂമിയിൽ നിന്നുള്ളവരാണ്. അവർ മണ്ണാണ്. മണ്ണിലേക്ക് മടങ്ങുന്നവരാണ്. അവരുടെ genetic വെറും മാനുഷികമാണ്.

സ്നേഹമുള്ളവരേ, ഈശോ ആരെന്ന് അറിയുകയാണ് രക്ഷയിലേക്കുള്ള ആദ്യത്തെ Step. ഈശോ ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ മനുഷ്യപുത്രനാണ്. അവിടുന്ന് ദൈവപുത്രനാണ്. ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കാത്തവർ, ക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറയാത്തവർ പാപത്തിൽ മരിക്കും. ക്രിസ്തുവിനെ നാം സ്വീകരിക്കുന്നില്ലെങ്കിൽ, ക്രിസ്തു ദൈവമാണെന്ന് നാം അറിയുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നാം വിശ്വസിക്കുന്നില്ലെങ്കിൽ നാം നമ്മുടെ പാപങ്ങളിൽ മരിക്കും. കാരണം, “യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്‌താവം വിശ്വസിനീയവും, തികച്ചും സ്വീകാര്യവുമാണ്.” (1 തിമോ 1, 15)

ഈ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഇന്ന് ഏറെ വലുതാണ്. ഇന്ന് സുവിശേഷങ്ങളിലൂടെ, തിരുസ്സഭയിലൂടെ നമുക്ക് ലഭിക്കുന്ന വെളിപാടുകൾ ഹൃദയപൂർവം സ്വീകരിക്കുവാൻ നാം തയ്യാറാകുന്നില്ല. അന്നത്തെ യഹൂദരെപ്പോലെതന്നെ, ക്രിസ്തുവിനെ നാം ചോദ്യം ചെയ്യുന്നു. കേവലം ഒരു മനുഷ്യനെപ്പോലെ Treat ചെയ്യുന്നു. അവിടുത്തെ വചനങ്ങളിലെ ദൈവികത നാം കാണുന്നില്ല. ക്രിസ്തു ആര് എന്ന് ഇന്നും നാം ചോദിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ അറിവുകൾ വച്ചുകൊണ്ട്, ശാസ്ത്രത്തിന്റെ പുരോഗതിയിൽ അഹങ്കരിച്ചുകൊണ്ട് നാം ദൈവിക വെളിപാടുകൾ അവഗണിക്കുന്നു. ഇന്ന്, ക്രിസ്തു ദൈവമാണെന്നും, അവിടുന്നാണ് ലോകരക്ഷകനെന്നും പ്രഘോഷിക്കുവാൻ മടിക്കുന്ന ക്രൈസ്തവരുണ്ട്. ഈ ലോകത്തുള്ള മതങ്ങളിലെ പല ദൈവങ്ങളിൽ ഒരു ദൈവമാണ് ഈശോ എന്ന് പറയുന്ന ക്രൈസ്തവരുണ്ട്. എന്നാൽ, “യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും” (റോമാ 10, 9) ചെയ്താലേ നീ രക്ഷപ്പെടുകയുള്ളു എന്ന് പ്രഘോഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

രണ്ടാമതായി, സുവിശേഷങ്ങളിൽ വെളിപ്പെടുന്ന ക്രിസ്തുവിനെയും, തിരുസഭയിൽ വെളിപ്പെടുന്ന ക്രിസ്തുവിനെയും രണ്ടായി നാം കാണുന്നു. തിരുസ്സഭയിൽ വെളിപ്പെടുന്ന, തിരുസ്സഭയിൽ വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവിക്കുന്ന ക്രിസ്തു ചോദ്യംചെയ്യപ്പെടുന്നു. വിശുദ്ധ യോഹന്നാൻ ശ്ലീഹായിലൂടെ, ഈശോ നമ്മെ ഓർമിപ്പിക്കുന്നു: “ഞാൻ, ഞാൻ തന്നെ എന്ന് വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” (യോഹ 8, 24)

മൂന്നാമതായി, ശരാശരി ക്രൈസ്തവരിന്ന്, ജെറെമിയ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നപോലെ, ‘തങ്ങൾക്ക് തോന്നുന്നതുപോലെ ചെയ്യുന്നു; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയ്‌ക്കൊത്ത് പ്രവർത്തിക്കുന്നു.’ (18, 12) എന്നാൽ, ഈശോ അങ്ങനെയല്ലായിരുന്നു. “ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു.” (യോഹ 8, 29)

പ്രിയപ്പെട്ടവരേ, ക്രിസ്തുവിനെ മനസ്സിലാക്കാൻ, ക്രിസ്തുവിന്റെ വെളിപാടുകൾ മനസ്സിലാക്കുവാൻ നമുക്കാകട്ടെ. ഓരോ വിശുദ്ധ കുർബാനയിലും ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. നമുക്കറിയാവുന്നതുപോലെ, ഈ പ്രപഞ്ചത്തിലെ ദൈവത്തിന്റെ ആവിഷ്കാരങ്ങളിൽ, വെളിപാടുകളിൽ

ഏറ്റവും മനോഹരമായത് വിശുദ്ധ കുർബാനയാണ്.  ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ക്രിസ്തുവിനെ അറിഞ്ഞ് നമുക്കും ക്രിസ്തുവിന്റെ വെളിപാടുകളാകാം. ആമേൻ!

Communicate with love!!