SUNDAY SERMON JN 1, 43-51

ദനഹാക്കാലം ഒന്നാം ഞായർ

യോഹ 1, 45 – 51

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2024 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2024 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം.

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നത്. എന്നാൽ, ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴത്തടയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചാരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് ഈ തിരുനാളിന് ലഭിച്ചത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന്, ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ദനഹാക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷഭാഗം മൂന്ന് സന്ദേശങ്ങളാണ് നമ്മോട് പറയുന്നത്.

1. ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് നമ്മുടെ ജീവിതത്തിന്  മുൻപിൽ നിൽക്കുമ്പോൾ, നമ്മോട് എന്നെ അനുഗമിക്കുക എന്ന് പറയുമ്പോൾ, ആ ക്രിസ്തുവിനെ മനസ്സിലാക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും നമുക്കാകണം.

വിശുദ്ധ പീലിപ്പോസിന്റെ മുൻപിൽ ക്രിസ്തു വന്നു നിന്നപ്പോൾ, എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ ക്രിസ്തുവിനെ അറിയുവാനും, തൻ അറിഞ്ഞ ക്രിസ്തുവിനെ പിൻചെല്ലാനുമുള്ള ദൈവകൃപ പീലിപ്പോസിനുണ്ടായി. ശരിയാണ്. മോശയുടെ നിയമങ്ങളെക്കുറിച്ച് അറിവുള്ള ആളായിരുന്നു പീലിപ്പോസ്. പ്രവാചക ഗ്രന്ഥങ്ങളെക്കുറിച്ചും, അവയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന് . എന്നാലും ക്രിസ്തു ആരെന്ന് അറിയാനും, ക്രിസ്തുവിനെ അനുഗമിക്കാനും മാത്രം വിശ്വാസം അദ്ദേഹത്തിന് ഉണ്ടാകണമെന്നില്ല. ദൈവശാസ്ത്രത്തിലും, ബൈബിളിലും ഡോക്ടറേറ്റ് ഉള്ളവർ പോലും, വിശുദ്ധ കുർബാനയെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചും മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന ഇക്കാലത്ത്, Qualifications ഉം Certificates ഉം ഉള്ളതുകൊണ്ട് മാത്രം ഒരു വ്യക്തി ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനാകണമെന്നില്ല. പീലിപ്പോസ് എന്ന വാക്കിന്റെ അർഥം കുതിരയെ സ്നേഹിക്കുന്നവൻ എന്നാണ്. ക്രിസ്തുവിന്റെ കുതിരക്കാരനാകാൻ, പടയാളിയാകുവാൻ പീലിപ്പോസിന് സാധിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

പീലിപ്പോസിന്റെ ജീവിത്തിൽ സംഭവിച്ചതുപോലെയല്ലെങ്കിലും, എത്രയോ വട്ടമാണ് ഈശോ നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്!!

2. നമുക്ക് വെളിപ്പെടുത്തിക്കിട്ടിയ ക്രിസ്തുവിനെ മറ്റുള്ളവർക്ക്, വെളിപ്പെടുത്തിക്കൊടുക്കുക, കാണിച്ചുകൊടുക്കുക.

ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, വെളിപ്പെടുത്തിക്കൊടുക്കുക എന്നത് പീലിപ്പോസിന് ജീവിത വൃതമായിരുന്നു. സമാന്തര സുവിശേഷങ്ങൾ അപ്പസ്തോല ഗണത്തിൽ പീലിപ്പോസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഹന്നാനാകട്ടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഉത്തമനായ ഒരു ക്രിസ്തു ശിഷ്യനായിട്ടാണ് പീലിപ്പോസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷം ഒന്നുകൂടി ഓർത്തെടുക്കുവാൻ കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, നഥാനിയേലിനോടാണ് ക്രിസ്തുവിനെക്കുറിച്ച് പീലിപ്പോസ് പറയുന്നത്. വെളിപാട് ഇതാണ്: ‘നഥാനിയേലേ, മോശയുടെ നിയമത്തിലും,  പ്രവാചകന്മാരിലും, ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ, ആ മിശിഹായെ, നസ്രത്തിലെ നിന്നുള്ള ക്രിസ്തുവിനെ ഞാൻ കണ്ടു.’ അഞ്ചപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്ന ബാലനെ ഈശോയുടെ അടുത്തേക്ക് കൊണ്ടുവരുന്നത് ആരാണ്? പീലിപ്പോസാണ്. ഗ്രീക്കുകാരെ ഈശോയുടെ അടുത്തേക്ക് ആനയിക്കുന്നത് ആരാണ്?  പീലിപ്പോസാണ്. അപ്പസ്തോലപ്രവർത്തനങ്ങൾ, അദ്ധ്യായം 8 ൽ എത്യോപ്യക്കാരനായ ഷണ്ഡനോട് ക്രിസ്തുവിനെക്കുറിച്ച് പറയുനനതും, അവനെ ജ്ഞാനസ്നാനപ്പെടുത്തുന്നതും ആരാണ്? പീലിപ്പോസാണ്.

ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യൻ ആരായിരിക്കണമെന്നാണ് വിശുദ്ധ പീലിപ്പോസ് നമ്മോട് പറയുന്നത്.

3. നമ്മളിലൂടെ ക്രിസ്തുവിനെ പരിചയപ്പെട്ടവരിലൂടെ ദനഹ സംഭവിക്കുക; ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടുണ്ടാകുക.

നഥാനിയേൽ ക്രിസ്തുവിനെ വെളിപ്പെടുത്തുകയാണ്: “ഗുരോ, അങ്ങ് ദൈവപുത്രനാണ്. ഇസ്രയേലിന്റെ രാജാവാണ്.” പീലിപ്പോസ് പോലും അത്ഭുതപ്പെട്ടുപോയിക്കാണും. അയാൾ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല നഥാനിയേലിൽ നിന്ന് ഇങ്ങനെയൊരു വെളിപാടുണ്ടാകുമെന്ന്!! ഒരു ക്രൈസ്തവൻ തന്റെ ധർമ്മം നിർവഹിക്കുമ്പോൾ, കായലിലൂടെ മാത്രമല്ല ക്രിസ്തു വെളിപ്പെടുക, അയാൾ ആർക്ക് ക്രിസ്തുവിനെ വെളിപ്പെടുത്തിയോ അവരിലൂടെയും ക്രിസ്തു വെളിപ്പെടുകയാണ്; ക്രിസ്തു മഹത്വീകൃതനാകുകയാണ്.

സ്നേഹമുള്ളവരേ, നമ്മിലൂടെ, നമ്മുടെ കുടുംബങ്ങളിലൂടെ ക്രിസ്തു വെളിപ്പെടേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കൽക്കട്ടയിലെ തെരുവീഥിയിൽ ആർക്കുംവേണ്ടാത്ത പീറക്കുഞ്ഞുങ്ങളെയും, മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കിടക്കുന്ന മരണാസന്നരെയും, വെള്ളസാരിയിൽ നീലക്കരയുള്ള ഒരു സ്ത്രീ മാറോട് ചേർത്ത് പിടിച്ചപ്പോൾ അവളിലൂടെ ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തി. മധ്യപ്രദേശിലെ പാവങ്ങൾക്കുവേണ്ടി ജീവൻ സമർപ്പിച്ച, മുഖമില്ലാത്തവരുടെ മുഖമായി മാറിയ ഒരു കന്യകസ്ത്രീയിലൂടെ ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തി. എന്നാൽ, നമ്മിലൂടെ, നമ്മുടെ കുടുംബങ്ങളിലൂടെ, നാം ആഘോഷിക്കുന്ന തിരുനാളുകളിലൂടെ, നാം നടത്തുന്ന സ്ഥാപനങ്ങളിലൂടെ, നമ്മുടെ സഭാ സംവിധാനങ്ങളിലൂടെ ക്രിസ്തു വെളിപ്പെടുന്നുണ്ടോ? നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി

നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!

SUNDAY SERMON LK 2, 21-24

പിറവിക്കാലം രണ്ടാം ഞായർ

ലൂക്കാ 2, 21-24

2023-ന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, നാളെ പിറന്നുവീഴുന്ന പുതുവർഷം, 2024, ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്.

ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, വിവാദങ്ങൾക്കുമുപരി, ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെയും, വിശുദ്ധ യൗസേപ്പിതാവിനെയും കൂടുതൽ മനസ്സിലാക്കിയപ്പോൾ, അവരുടെ മതജീവിതത്തിനോടുള്ള പ്രതിബദ്ധത അറിഞ്ഞപ്പോൾ, മതാചാരങ്ങൾ വളരെ കൃത്യമായി അനുഷ്ഠിക്കുന്നത് കണ്ടപ്പോൾ ഞാനും എന്റെ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാൻ ഓർത്തുപോയി. അത്രമാത്രം.

യഹൂദ പാരമ്പര്യമനുസരിച്ച്, യഹൂദമതത്തിന്റെ സംവിധാനത്തെ പിഞ്ചെന്ന് ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കിയവരാണ്, അങ്ങനെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയവരാണ് ഈശോയുടെ മാതാപിതാക്കൾ. ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തുനിന്ന് തന്നെ ഇത് സുതരാം വ്യക്തമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് “ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ” അവർ ശിശുവിന് ഈശോ എന്ന പേര് നൽകി. വീട്ടുകാരുടെ സൗകര്യമനുസരിച്ച്, കേറ്ററിംഗ്കാരനെ കിട്ടുന്നതിനനുസരിച്ച്, പള്ളിയുടെ ഹാളിന്റെ ലഭ്യതയനുസരിച്ച്, ഫോട്ടോഗ്രാഫറുടെ അഭിപ്രായമനുസരിച്ച് മാമ്മോദീസായുടെയോ, മറ്റ് കൂദാശസ്വീകരണങ്ങളുടെയോ date മുന്നോട്ടോ, പിന്നോട്ടോ മാറ്റുവാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു തമാശയായി തോന്നാം. ഇത്ര കൃത്യമായി പാലിക്കേണ്ടതുണ്ടോ ഇവയൊക്കെ, മതാചാരമനുസരിച്ച്, മതം പറയുന്ന രീതിയിൽ നടത്തിയില്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ തന്നെ, നമ്മളോടൊക്കെ ചോദിച്ചിട്ടാണോ ഇവർ ഇങ്ങനെയൊക്കെ തീരുമാനിച്ചത്, ഇവർ തീരുമാനിക്കുന്നതിനനുസരിച്ചൊക്കെ തുള്ളാൻ നടക്കേണ്ട ആവശ്യമുണ്ടോ  എന്നൊക്കൊ തോന്നാം. വീണ്ടും, മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ” ഈശോയെ കർത്താവിന് സമർപ്പിക്കുവാൻ അവർ ജെറുസലേമിലേക്ക് കൊണ്ടുപോയി. ഓർക്കണം, ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്ത്, Uber, Ola തുടങ്ങിയ modern possibilities ഇല്ലാതിരുന്ന സമയത്താണ് അവർ കൃത്യമായി നടന്നോ, കഴുതപ്പുറത്തോ ജെറുസലേമിലേക്ക് പോയത്. ഇനിയും, കർത്താവിന്റെ നിയമത്തിൽ പറഞ്ഞതനുസരിച്ച് ഒരു ജോഡി ചങ്ങാലികളെയോ, രണ്ട് പ്രാവിൻ കുഞ്ഞുങ്ങളെയോ” സമർപ്പിക്കണം. ഇത് വീട്ടിൽ നിന്ന് കൊണ്ടു വന്നാൽ പോരാ. അവിടെ കച്ചവടം നടത്തുന്നവരിൽ നിന്നു തന്നെ വാങ്ങണം. ഇതിനൊക്കെ പണം ആവശ്യമാണ്. മതത്തിന്റെ ചട്ടക്കെട്ടുകളോട് ചേർന്ന് കച്ചവടശൈലികൾ അന്നും ഉണ്ടായിരുന്നു.

ഞാൻ പറഞ്ഞുവരുന്നത്, ഈശോയുടെ മാതാപിതാക്കൾ അവർ അംഗങ്ങളായുള്ള മതത്തിന്റെ നിയമങ്ങൾക്കനുസരിച്ച്, പാരമ്പര്യങ്ങൾക്കനുസരിച്ച്, സംവിധാനങ്ങൾക്കനുസരിച്ച് അവയിലെല്ലാം ദൈവത്തിന്റെ ഇഷ്ടംകണ്ടുകൊണ്ട് ജീവിച്ചവരായിരുന്നു എന്നാണ്. ദൈവനിയമങ്ങളെയും, മതനിയമങ്ങളെയും വിഭജിക്കുന്ന ഭൗതിക സംസ്കാരത്തിൽ നിന്ന് വേറിട്ട്, ഇവ രണ്ടും രണ്ടല്ലെന്നും പൂവും മണവും പോലെ രണ്ടിനെയും പരസ്പരം സ്വീകരിച്ചും, സംയോജിപ്പിച്ചുമാണ് കൊണ്ടുപോകേണ്ടതെന്നും ഈശോയുടെ മാതാപിതാക്കൾ പഠിച്ചിരുന്നു. അവർക്ക് വേണമെങ്കിൽ തർക്കിക്കാമായിരുന്നു…ആരോട് ചോദിച്ചിട്ടാണ് ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയത്? എത്ര പേരുടെ ഭൂരിപക്ഷമുണ്ടായിരുന്നു ഈ നിയമങ്ങൾ പാസ്സാക്കിയപ്പോൾ?  ഞങ്ങളോട് ചോദിക്കാത്ത, ഞങ്ങളറിയുകപോലുമില്ലാത്ത, ഞങ്ങൾക്ക് താത്പര്യമില്ലാത്ത ഈ നിയമങ്ങൾ ഞങ്ങൾ അനുവർത്തിക്കുകയില്ലയെന്ന് ഒരു ടാർപ്പായയും വലിച്ചുകെട്ടി, മൈക്കും കൈയ്യിൽ പിടിച്ച് അവർക്ക് ആക്രോശിക്കാമായിരുന്നു. എന്നാൽ, മതനിയമങ്ങളെ ദൈവിക നിയമങ്ങളായി കണ്ട്, അവയിൽ ദൈവത്തിന്റെ ഹിതം ദർശിക്കുവാൻ ‘അമ്മ പഠിപ്പിച്ച വേദപാഠം അവർക്ക് അധികമായിരുന്നു!!   

സ്നേഹമുള്ളവരേ, ക്രൈസ്തവമതജീവിതത്തിന്റെ പക്വത എന്ന് പറയുന്നത് –   തിരുസ്സഭയെന്നത് ക്രിസ്തുവിന്റെ, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പിന്തുടർച്ചയാണെന്നന്നും, ക്രിസ്തുവിന്റെ പഠനങ്ങളെന്നത് തിരുസഭയുടെ പഠനങ്ങളാണെന്നും, ക്രിസ്തുവിന് വിധേയപ്പെടുക എന്നത് തിരുസ്സഭയ്ക്ക് വിധേയപ്പെടലാണെന്നും, ക്രിസ്തുവിന്റെ ശബ്ദമാകുക എന്നാൽ തിരുസഭയുടെ ശബ്ദമാകുകയാണെന്നും മനസ്സിലാക്കലാണ്. അതായത്, ക്രിസ്തുവിനെ പിന്തുടരുന്നു എന്ന് പറയുകയും, തിരുസഭയുടെ പഠനങ്ങൾക്കും, തീരുമാനങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനെ കബളിപ്പിക്കലാണ്. നമ്മോട് തന്നെ, നമ്മുടെ ക്രൈസ്തവജീവിതത്തോട് തന്നെ നാം കാണിക്കുന്ന ആത്മാർത്ഥതയില്ലായ്മയാണ്.

ക്രിസ്തുവിലൂടെ പൂർത്തിയായ ദൈവത്തിന്റെ രക്ഷാകര പദ്ധതി ഇന്നും തുടർന്നുകൊണ്ട് പോകുന്നത് തിരുസ്സഭയിലൂടെയാണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. തിരുസഭയിൽ കൂദാശകളിലൂടെയും, കൂദാശാനുകരണങ്ങളിലൂടെയും ഇന്നും ഈശോ തന്റെ രക്ഷ നമുക്ക് നൽകുന്നു എന്ന് നാം വിവിശ്വസിക്കുന്നു. ‘സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന’ (രണ്ടാം വത്തിക്കാൻ കൗൺസിൽ) നല്കപ്പെട്ടിരിക്കുന്നത് തിരുസ്സഭയ്ക്കാണ്; തിരുസ്സഭയിലാണ് അത് പരികർമ്മം ചെയ്യപ്പെടുന്നത്. ഓരോ വിശുദ്ധ കുർബാനയർപ്പണവും തിരുസ്സഭയോടൊപ്പമാണ് നാം പ85രികർമ്മം ചെയ്യുന്നത്.  കാറോസൂസാ പ്രാർത്ഥനയിലും, കൂദാശാവചനത്തിനുശേഷമുള്ള മധ്യസ്ഥ പ്രാർത്ഥനയിലും, മാർപാപ്പയുടെയും, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിന്റെയും, നമ്മുടെ രൂപതയുടെ മെത്രാന്റെയും പേര് പറഞ്ഞ് പ്രാർത്ഥിക്കുന്നത്, തിരുസ്സഭയോട് ചേർന്നാണ് നാം ബലിയർപ്പിക്കുന്നത് എന്നതിന്റെ സൂചനയാണ്.

ഇന്നത്തെ സുവിശേഷം തിരുസ്സഭയോടൊത്തുള്ള നമ്മുടെ ക്രൈസ്തവ ജീവിതത്തെപ്പറ്റി വിചിന്തനം ചെയ്യുവാനാണ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ വിചിന്തനത്തിന് കൂട്ടായി സഭ ചൂണ്ടിക്കാണിക്കുന്നത് പരിശുദ്ധ അമ്മയെയും, വിശുദ്ധ യൗസേപ്പിതാവിനെയുമാണ്. മതത്തോടും, മതാചാരങ്ങളോടും, മതത്തിന്റെ സംവിധാനത്തോടും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവും യോജിച്ചു നിന്നതുപോലെ – എന്നാണ് സഭ ഇന്ന് നമ്മോട് പറയുന്നത്.

ക്രിസ്തു സ്ഥാപിച്ച സഭയുടെ, (ക്രിസ്തു സഭ സ്ഥാപിച്ചുവോ? ഇന്നുള്ള രീതിയിലുള്ള ഒരു സഭാസംവിധാനത്തെ ക്രിസ്തു വിഭാവനം ചെയ്തിരുന്നോ? ഇന്ന് കാണുന്ന സഭാസംവിധാനങ്ങളും, അധികാരശ്രേണികളും, ഹയരാർക്കിക്കൽ ഭരണസംവിധാനവും ക്രിസ്തു ആഗ്രഹിച്ചിരുന്നോ? ഉചിതമായൊരു ഉത്തരം, മതിയായ ഉത്തരം ലഭിക്കാത്ത, ആവശ്യമായിടത്തോളം തെളിവുകൾ നിരത്താൻ സാധിക്കാത്ത ചോദ്യങ്ങളാണിവ. എങ്കിലും, സുവിശേഷാടിസ്ഥാനത്തിലുള്ള ഒരു സംവിധാനം തന്നെയാണ് തിരുസഭയിൽ രൂപപ്പെട്ട് വന്നിരിക്കുന്നത്. തന്നെയുമല്ല, ഇത്രയും നാൾ സഭാസംവിധാനം ക്രിസ്തുവിനെ പ്രഘോഷിച്ച് മുന്നോട്ട് പോയത് പരിശുദ്ധാത്മാവിന്റെ കൈയൊപ്പോടുകൂടി തന്നെയാണ്. അതുകൊണ്ട്, വിശ്വാസത്തിന്റെ വെളിച്ചത്തിൽ ക്രിസ്തു സ്ഥാപിച്ച സഭ എന്ന് പറയുവാൻ തന്നെയാണ് എന്റെ ആഗ്രഹം) ക്രിസ്തു സ്ഥാപിച്ച സഭയുടെ ശ്ലൈഹിക പിന്തുടർച്ചയാണ് കത്തോലിക്കാ തിരുസ്സഭ. ഇന്ന് കത്തോലിക്കാ തിരുസ്സഭയിലൂടെയാണ് ക്രിസ്തു തന്റെ രക്ഷാകര പദ്ധതി കൗദാശികമായി തുടരുന്നത്. കത്തോലിക്കാ തിരുസ്സഭയുടെ പാരമ്പര്യത്തെയും, ഭരണസംവിധാനത്തെയും, ദൈവികമായി, ദൈവത്തിന്റെ ഇഷ്ടത്തിന്റെ വെളിപ്പെടുത്തലുകളായിക്കണ്ട് സ്വീകരിക്കുവാൻ ഓരോ ക്രൈസ്തവനും ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ അമ്മയെപ്പോലെ, വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നാം അംഗങ്ങളായിരിക്കുന്ന തിരുസ്സഭയെസഭയുടെ ഭരണസംവിധാനങ്ങളേയും പിന്തുടരുവാൻ നാം തയ്യാറാകേണ്ടതുണ്ട്.

നാമെല്ലാവരും കത്തോലിക്കരാണെങ്കിൽ, ആഗോള കത്തോലിക്കാസഭയുടെ രീതികൾ പിന്തുടരുകയല്ലേ വേണ്ടത്? ഈ കാലഘട്ടത്തിൽ പല കോണുകളിൽനിന്നും ഉയരുന്ന ഒരു ചോദ്യമാണിത്. അല്ല എന്നാണ് ഇതിനുള്ള ഉത്തരം. കാരണം, കത്തോലിക്കാ സഭയെന്നത് വ്യക്തിഗതസഭകളുടെ കൂട്ടായ്മയാണ്. 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. ലത്തീൻ സഭയും, 23 പൗരസ്ത്യ കത്തോലിക്കാ സഭകളും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഇതിലെ 23 വ്യക്തിഗത പൗരസ്ത്യ സഭകളിൽ ഒന്നാണ് സീറോ മലബാർ സഭ. സീറോമലബാർ സഭാംഗങ്ങൾ സ്വയാധികാരമുള്ള വ്യക്തിഗതസഭയായ സീറോമലബാർ സഭയുടെ ചൈതന്യവും, സ്വഭാവവും, ആരാധനാരീതികളും ഉൾക്കൊണ്ടുകൊണ്ട്, അവയെ സ്വന്തമാക്കിക്കൊണ്ട് കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കുന്നവരാണ്, നിൽക്കേണ്ടവരാണ്. വ്യക്തിഗതസഭകളുടെ സ്വഭാവവും, വ്യത്യസ്തതയും ഉൾക്കൊണ്ടുകൊണ്ട് ബഹുത്വത്തിലെ ഏകത്വം അനുഭവിച്ചുകൊണ്ടാണ് കത്തോലിക്കാ സഭ മുന്നോട്ട് പോകുന്നത്.

നമുക്കറിയാവുന്നതുപോലെ, മൂന്ന് കാര്യങ്ങളിലാണ് ഈ 24 വ്യക്തിഗതസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാസഭയിൽ ഐക്യമുള്ളത്. ഒന്ന്, വിശ്വാസം – ദൈവം ഏകനാണെന്നും, ദൈവത്തിൽ പരിശുദ്ധ ത്രിത്വം ഉൾക്കൊള്ളുന്നുവെന്നും ഉള്ള വിശ്വാസം. രണ്ട്,  കൂദാശകൾ – ഏഴ് കൂദാശകളിലൂടെയാണ് ക്രിസ്തുവിന്റെ അദൃശ്യമായ കൃപകളും, വരങ്ങളും നമുക്ക് ലഭിക്കുന്നത്. മൂന്ന്, ഭരണക്രമം – ഹയരാർക്കിക്കൽ ഭരണസംവിധാനം. മറ്റ് കാര്യങ്ങളിലെല്ലാം, ആരാധനാക്രമം, ആചാരരീതികൾ, സംസ്കാരം, ജീവിതരീതികൾ, വിശ്വാസജീവിതത്തിന്റെ പ്രഘോഷണങ്ങൾ, ഇവയെല്ലാം ഓരോ വ്യക്‌തിഗത സഭയിലും വ്യത്യസ്തമാണ്. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടേ സീറോ മലബാർ ക്രൈസ്തവർക്ക് തങ്ങളുടെ മാതൃസഭയെ മനസ്സിലാക്കിക്കൊണ്ട്, കത്തോലിക്കാ സഭയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ സാധിക്കൂ. ഈ ബഹുത്വത്തിലെ ഏകത്വം മനസ്സിലാക്കിയില്ലെങ്കിൽ, സീറോമലബാർ സഭയുടെ വ്യക്തിത്വവും സ്വഭാവവും നാം അറിയുന്നില്ലെങ്കിൽ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിഗതസഭയ്ക്കും അവരവരുടേതായ ആരാധനാക്രമ രീതികളും, സംസ്കാരവും, ആചാരരീതികളും ഉണ്ട്. ഈ വ്യത്യസ്തത ഒരു യാഥാർഥ്യമാണ്.  ഒരു നാടൻചൊല്ല് പറയുന്നപോലെ, “നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം.” സീറോമലബാർ സഭയുടെ മകളാണെങ്കിൽ, മകനാണെങ്കിൽ ആ സഭയുടെ ചൈതന്യത്തിനനുസരിച്ചുള്ള ജീവിതം, ആരാധനാക്രമജീവിതം ആവശ്യമാണ്. പരിശുദ്ധ അമ്മയും, വിശുദ്ധ യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നതും അത് തന്നെയാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ പരിശുദ്ധ അമ്മയുടെ, വിശുദ്ധ യൗസേപ്പിതാവിന്റെ സ്വന്തം മതാചാരങ്ങളോടുള്ള പ്രതിബദ്ധത, ആനുകാലിക സംഭവങ്ങളോട് ചേർത്തുവച്ച് ചിന്തിക്കുവാനും, ദൈവികനിയമങ്ങളും, തിരുസഭയുടെ നിയമങ്ങളും ഒന്നാണെന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോകുവാനും നമ്മെ സഹായിക്കണം.. എങ്കിലേ നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ദൈവകൃപ നിറഞ്ഞതാകൂ. തങ്ങളുടെ സ്വരം കേൾപ്പിക്കുവാനും, സ്വന്തം താത്പര്യങ്ങൾ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നവർ അശാന്തതയിൽ ബഹളം വച്ചുകൊണ്ടിരിക്കും. സഭയോടും, സഭാസംവിധാനത്തോടും ചേർന്ന് നിൽക്കുന്നത്, ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളോടും ചേർന്ന് നിൽക്കുന്നതിന് തുല്യമാണെന്ന് മനസ്സിലാക്കുവാനും നമുക്കാകട്ടെ. സഭാചരിത്രത്തിലെ വിടവുകളിലാണ്, കുറവുകളിലാണ്, സഭയുടെ ശത്രുക്കളും, അവരുടെ ആയുധങ്ങളും, ആയോധനങ്ങളും ഇരകാത്തിരിക്കുന്നത്

എന്ന് മനസ്സിലാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ സ്വരം, തിരുസ്സഭയിലൂടെ ശ്രവിച്ചുകൊണ്ട് ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ നമുക്കാകട്ടെ. അതിനായി പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും ജീവിത മാതൃകയെ കൂട്ടുപിടിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!   

SUNDAY SERMON CHISTMAS 2023

ക്രിസ്തുമസ് 2023

കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും  ആഘോഷിക്കുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് നാം ഈ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമതത്തിന്റെ ഈറ്റില്ലം, ക്രിസ്തു ജനിച്ചുവളർന്ന നാട്, രക്ഷാകരചരിത്രത്തിലെ ദൈവിക മുഹൂർത്തങ്ങൾ അരങ്ങുതകർത്ത പ്രദേശങ്ങളിന്ന് അശാന്തിയിലാണ്. ലോകത്തിന്റെ പല പ്രദേശങ്ങളും ഇന്ന് യുദ്ധത്തിലോ, യുദ്ധഭീഷണിയിലോ ആണ്. മികച്ച ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിലിന്ന് ജനപ്രതിനിധികൾ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യപ്പെടുകയാണ്.  നമ്മുടെ കേരളത്തിലാണെങ്കിൽ ജീവന്രക്ഷാപ്രവർത്തനമെന്നപേരിൽ പ്രതികരിക്കുന്നവരെ വഴിയിൽ ഓടിച്ചിട്ട് തല്ലുകയാണ്. തിരുസഭയിൽ, പ്രത്യേകിച്ച് സീറോമലബാർ സഭയിൽ ക്രൈസ്തവസാക്ഷ്യത്തിന് ക്ഷതം സംഭവിച്ചിരിക്കുകയാണ്. എങ്ങും അശാന്തിയുടെ പുകയാണ് ഉയരുന്നത്.   

ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ  പ്രത്യാശയോടെ ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം!! 

എന്താണ് ക്രിസ്തുമസ്? ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2023 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്.

സദ്വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹംദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ദൈവസ്നേഹത്തിന്റെ നറുംപാൽ കാച്ചിക്കുറുക്കിയ രൂപമാണ് ക്രിസ്തുമസ്! ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ് ക്രിസ്തുമസ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്. 

ഈ ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക. ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക.  

പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഗർഭം ധരിക്കണമെങ്കിൽ, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം നൽകണമെങ്കിൽ, ഈ ഭൂമിയിൽ ഇന്നും ക്രിസ്തുമസ് സംഭവിക്കണമെങ്കിൽ, ഒരു സ്ത്രീ കടന്നുപോകുന്ന ഗർഭകാലാനുഭവങ്ങളെ നാം മനസ്സിലാക്കണം. അതിലൂടെ ക്രിസ്തുവിനെ ഗർഭം ധരിക്കുന്ന കല നാം മനസ്സിലാക്കണം.  ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിനിടയിൽ ഒരു സ്ത്രീ കടന്നുപോകുന്ന എല്ലാ അനുഭവങ്ങൾക്കും സദൃശ്യമായതെന്തോ ക്രിസ്തുവിനെ ഗർഭം ധരിക്കലിലും ഉണ്ട്.

എങ്ങനെയാണ് ഒരു സ്ത്രീ തന്റെ ഉള്ളിലെ പുതിയ ജീവന്റെ, നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? അവൾ ശർദ്ദിക്കുന്നു, അവൾക്ക് ഓക്കാനം വരുന്നു. Nausea, നോസിയ!  മനംമറിച്ചിൽ! ഇന്നലെവരെ ഇഷ്ടമുള്ള പലതും ഇന്നവളെ മടുപ്പിക്കുന്നു. അവയുടെ മണം കിട്ടിയാൽ മതി, അവൾ ശർദ്ദിക്കും.  ചിലത് കാണുമ്പോൾ, ചിലത് കഴിക്കുമ്പോൾ, ചിലതിന്റെ മണം കിട്ടുമ്പോൾ അവ അവളെ മനംമറിപ്പിക്കുന്നു. ഒപ്പം, ഇന്നലെവരെ ഒട്ടും താത്പര്യമില്ലാതിരുന്നവയോട് പുതിയ കൗതുകവും, സ്നേഹവും! അതുകൊണ്ടാണ് ഗർഭണിയായ ഒരു സ്ത്രീക്ക് പുളിയോട്, മാങ്ങയോട്, മസാലദേശയോട് … അങ്ങനെയങ്ങനെ പ്രത്യേക ഇഷ്ടം തോന്നുന്നത്. മലയാളത്തിൽ ഇതിനെ വാക്യൂൺ എന്നാണ് പറയുന്നത്.

ക്രിസ്തു നിങ്ങളിൽ രൂപപ്പെടുമ്പോഴും, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു തകിടംമറിയലിന് വിധേയമാകും. മദ്യപിച്ചിരുന്ന, കൂട്ടുകാരോടൊപ്പം ലഹരി ഉപയോഗിച്ചിരുന്ന, പല തല്ലുകൊള്ളിത്തരത്തിനും പോയിരുന്ന നിങ്ങളെ പെട്ടെന്ന് ഒരു മടുപ്പ് പിടികൂടുന്നു; ഒരുതരം മനംമറിച്ചിൽ തന്നെ ഉണ്ടാക്കുന്നു. അന്നുവരെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് പോകാതിരുന്ന നിങ്ങൾക്ക് വിശുദ്ധ കുർബാന ഏറ്റവും ഇഷ്ടമുള്ളതാകുന്നു. കുടുംബപ്രാർത്ഥന ഏറ്റവും നന്മയുള്ളതാകുന്നു. നിങ്ങൾ കണ്ടിട്ടില്ലേ? കൂട്ടുകാരോടൊത്ത് കള്ളും കുടിച്ച് നടന്നിരുന്ന ആൾ, രാവിലെ എഴുന്നേറ്റ് നേരെ മദ്യഷാപ്പിലേക്ക് പോയിരുന്ന ആൾ, അതാ ഒരു പ്രഭാതത്തിൽ അതിരാവിലെ എഴുന്നേറ്റ് ദേ പള്ളിയിലേക്ക് പോകുന്നു. എന്താ സംഭവിച്ചത്? അദ്ദേഹം ഒരു ധ്യാനത്തിന് പോയപ്പോൾ അദ്ദേഹത്തിൽ ക്രിസ്തു രൂപപ്പെട്ടു. അദ്ദേഹം ഇപ്പോൾ ക്രിസ്തുവിനെ ഗർഭം ധരിച്ചിരിക്കുകയാണ്. പുതിയ ഇഷ്ടങ്ങൾ, താത്പര്യങ്ങൾ അദ്ദേഹത്തിലുണ്ടാകുന്നു. അന്നുവരെയുണ്ടായിരുന്നവയോട് ഒരു മനംമറിച്ചിൽ! 

അസ്സീസിയിലെ ഫ്രാൻസിസ് ഇതിന് നല്ല ഉദാഹരണമാണ്. ഫ്രാൻസിസിന്റെ ആദ്യകാലജീവിതത്തിൽ അദ്ദേഹത്തതിന്റെ

ഇഷ്ടങ്ങൾക്ക് ലോകത്തിന്റെ നിറമായിരുന്നു; ഭൗതികതയുടെ രുചിയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവത്തിന്. എന്നാൽ ക്രിസ്തു അദ്ദേഹത്തിൽ ഒരുനാൾ രൂപപ്പെട്ടു കഴിഞ്ഞപ്പോഴോ? അദ്ദേഹമതിനെ വിവരിച്ചത് ഇങ്ങനെയാണ്: “അന്നുവരെ കയ്പുള്ളവ ആ നിമിഷംമുതൽ എനിക്ക് മധുരമുള്ളതായി; മധുരമുണ്ടായിരുന്നവയോ കയ്പുള്ളതും.”

രണ്ടാമതായി, ഗർഭണിയായ ഒരു സ്ത്രീ ഒരു തിരിച്ചറിവിലൂടെ കടന്നുപോകുന്നുണ്ട്. തനിക്ക് ശരിയായ പല കാര്യങ്ങളും കുഞ്ഞിന് ഉചിതമല്ലെന്ന, ചിലപ്പോൾ, കുഞ്ഞിന് അപകടകരമാണെന്ന തിരിച്ചറിവ്. അവൾ എന്തെങ്കിലും കഴിച്ചാൽ, അത് കുഞ്ഞിന് അപകടകരമാണെങ്കിൽ ശരീരം തന്നെ അതിനെ ശർദ്ദിച്ചുകളയും. തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിന് ഹാനികരമാകുന്നതൊന്നും അവൾ ചെയ്യില്ല. ധാരാളം കാര്യങ്ങൾ അവൾ വേണ്ടെന്നുവയ്ക്കും. എന്തിന്? കുഞ്ഞിനുവേണ്ടി, കുഞ്ഞിനുവേണ്ടി മാത്രം! അതുകൊണ്ടാണ് ഗർഭണിയായ സ്ത്രീയോട് മുതിർന്നവർ ചില അരുതുകൾ കല്പിക്കുന്നത്; സാമൂഹികമായ മാമൂലുകൾ അവളെ ഓർമിപ്പിക്കുന്നത്.

ഓരോ ക്രൈസ്തവനും, ക്രിസ്തുവിനെ ഗർഭം ധരിക്കുന്ന, ക്രിസ്തു ഉള്ളിൽ വളരുന്ന, ക്രിസ്തു ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഓരോ ക്രൈസ്തവനും ഈ തിരിച്ചറിവുണ്ടാകണം. സാമൂഹികമായ ഒത്തിരി ശരികൾ അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ ബലപ്പെടുത്തുന്നവ ആകണമെന്നില്ല എന്ന തിരിച്ചറിവ്. അതുകൊണ്ടായിരിക്കാം പൗലോശ്ലീഹാ പറഞ്ഞത് “എല്ലാം നിയമാനുസൃതമാണ്. എന്നാൽ, എല്ലാം രക്ഷയ്ക്ക് വേണ്ടിയാകണമെന്നില്ല.” ഒരു വൈദികന് കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കാം. നിയമാനുസൃതമായി യാതൊരു തെറ്റുമില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഉള്ളിലുള്ള ക്രിസ്തുവിന് അത് അപകടകരമാകാം. സാമൂഹികമായ പല ശരികളും ഒരു ക്രൈസ്തവന് അവളുടെ, അവന്റെ ഉള്ളിലെ ദൈവാനുഭവത്തിന്, ക്രിസ്തുവിന് ഉചിതമല്ലെന്ന തിരിച്ചറിവ് ഏറ്റവും പ്രധാനപ്പെട്ടതാണ്. ക്രൈസ്തവരുടെ സംസാരം, ചിന്ത, പ്രവൃത്തി എല്ലാം അവളുടെ, അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നത് ആകരുത്.

മൂന്നാമതായി, കുഞ്ഞിനുവേണ്ടി അമ്മ തന്റെ വൈകാരികലോകംപോലും ക്രമപ്പെടുത്തുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ഒരേ മനസ്സാണ്. അമ്മയുടെ സന്തോഷങ്ങൾ കുഞ്ഞിന്റെ സന്തോഷങ്ങളാണ്; അമ്മയുടെ ദുഃഖങ്ങൾ കുഞ്ഞിന്റെ ദുഃഖങ്ങളാണ്. ‘അമ്മ ചിന്തിക്കുന്നതും, വായിക്കുന്നതും, കേൾക്കുന്നതും, സംസാരിക്കുന്നതും, ചെയ്യുന്നതും എല്ലാം കുഞ്ഞിന്റേതുകൂടിയാണ്. മുതിർന്നവർ ഗർഭണിയായ സ്ത്രീയോട് പറയുന്ന കേട്ടിട്ടില്ലേ, നീ ബൈബിൾ വായിക്കണം, നല്ല പുസ്തകങ്ങൾ വായിക്കണം, നല്ല പാട്ടുകൾ കേൾക്കണം. ഉള്ളിലുള്ള കുഞ്ഞിനെ പേടിപ്പെടുത്തുന്ന, ഞെട്ടലുണ്ടാക്കുന്ന സാഹചര്യങ്ങളെപ്പോലും ഒരു സ്ത്രീ ഒഴിവാക്കുവാൻ ശ്രമിക്കും. അവൾക്ക് വലുത് അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞാണ്. ക്രൈസ്തവരുടെ സംസാരം, ചിന്ത, പ്രവൃത്തി എല്ലാം അവളുടെ, അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നത് ആകരുത്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ, പരിശുദ്ധ അമ്മയുടെ അഭിവാദനസ്വരത്തിൽ എലിസബത്തിന്റെ ഉള്ളിലെ ശിശു കുതിച്ചു ചാടിയത് ഓർക്കുന്നില്ലേ? പുറമെ നിന്നുള്ള കാര്യങ്ങൾപോലും ഉള്ളിലെ ശിശുവിനെ സ്വാധീനിക്കുന്നുണ്ട്. ക്യൂക്കണിംഗ് (Queckening) എന്ന കുതിപ്പാണ് ഗർഭകാലത്തിലെ

ഏറ്റവും ഹൃദ്യമായ അനുഭവമെന്നാണ് സ്ത്രീകൾ പറയുന്നത്. ഉള്ളിലെ കുഞ്ഞിനെ സന്തോഷിപ്പിക്കുന്ന രീതിയിൽ ചിന്തിക്കുമ്പോൾ, സംസാരിക്കുമ്പോൾ ശിശു പ്രതികരിക്കും. അസ്വസ്ഥതകളുള്ള ഗർഭകാലത്തെ ദൈവം ഒരുക്കിയിരിക്കുന്ന സന്തോഷമാണത്.

ലോകത്തിനെന്നും ക്രിസ്തുമസ് ആകുവാൻ നാം ക്രിസ്തുവിനെ ഗർഭം ധരിക്കുമ്പോൾ, ഉള്ളിലെ ക്രിസ്തുവിനുവേണ്ടി നമ്മുടെ വൈകാരിക ലോകത്തെ നാം ക്രമീകരിക്കേണ്ടതുണ്ട്. ഉള്ളിലെ ദൈവത്തിന് ബലം വയ്ക്കാനുതകുന്ന ഒരു മാനസിക പരിസരം ഓരോ ക്രൈസ്തവനും രൂപപ്പെടുത്തണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്‌തുവിന്റെ മനോഭാവം ജീവിതത്തിൽ പുലർത്തുവാൻ, ആത്മാവിന്റെ വ്യാപാരങ്ങളിൽ നിലനിൽക്കുവാൻ, അമിതമായി ആകുലപ്പെടാതെ ക്രിസ്തുവിൽ വിശ്വസിക്കുവാൻ ക്രൈസ്തവന് സാധിക്കുമ്പോഴാണ് അവളിൽ, അവനിൽ ക്രിസ്തുവിന് യോജിച്ച വൈകാരികലോകം സൃഷ്ടിക്കപ്പെടുക. ക്രിസ്തുമസ് എന്നാൽ അഭിഷിക്തന്റെ യാഗം എന്നാണ് അർത്ഥം. ക്രിസ്തു എന്നാൽ പൂർണമായി അർപ്പിക്കപ്പെട്ടവൻ, പൂർണമായി കീഴ്പ്പെട്ടവൻ എന്നൊക്കെ ഈ ക്രിസ്തുമസ് നാളിൽ അർത്ഥമുണ്ട്. ഓരോ ക്രൈസ്തവനും, അവളുടെ, അവന്റെ ജീവിതാന്തസ്സിന് യോജിച്ച വിധത്തിൽ ഉള്ളിൽ വളരുന്ന ക്രിസ്തുവിന് യോജിച്ച വിധത്തിൽ ചിന്തിക്കുവാനും, സംസാരിക്കുവാനും, പ്രവർത്തിക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. ഓരോ ക്രൈസ്തവനും തിരുവോസ്തി നെഞ്ചോട് ചേർത്ത് നടക്കുന്നവനായിരിക്കണം. ഏത് സമയത്തും ക്രിസ്തുവിനെ നൽകുവാൻ തയ്യാറായിക്കൊണ്ട് ജീവിക്കണം.

ഒടുവിൽ ഈറ്റുനോവെന്ന സഹനസംസ്കാരത്തിലൂടെ മാത്രമേ ക്രിസ്തുവിന് ഈ ഭൂമിയിൽ ജന്മം കൊടുക്കുവാൻ നമുക്ക് സാധിക്കൂ. ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതും, ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് ജന്മം നല്കുന്നതും അത്ര എളുപ്പമുള്ള ഒന്നായി കാണരുത്. ഒരു സ്ത്രീയുടെ ഗർഭകാലത്തിലെ അസ്വസ്ഥതകളും, വേദനകളും, അവരനുഭവിക്കുന്ന ഈറ്റുനോവും, പ്രസവസമയത്തെ വേദനയും പ്രധാനമായും ശാരീരികമാണെങ്കിൽ, ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതും, ക്രിസ്തുവിന് ജന്മം കൊടുക്കുന്നതും പ്രധാനമായും ആത്മീയമായ സഹനങ്ങളാണ്. കാരണം, ക്രിസ്തു നമ്മിൽ രൂപപ്പെടുന്നത് “രക്തത്തിൽ നിന്നോ, ശാരീരികാഭിലാഷത്തിൽ നിന്നോ, പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽ നിന്നാണ്.” (യോഹ 1, 13) എല്ലാ സഹനവും ഒരുവന് ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതിനോ, ക്രിസ്തുവിനെ ഈ ഭൂമിയ്ക്ക് കൊടുക്കുന്നതിനോ ഇടയാക്കില്ല. പരിഭവമില്ലാതെ, പരാതികളില്ലാതെ ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും പറഞ്ഞുംകൊണ്ട് ജീവിതത്തെ സ്വീകരിക്കുമ്പോഴാണ് ഒരുവളിൽ, ഒരുവനിൽ ക്രിസ്തു രൂപപ്പെടുന്നത്. അതുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കണമെങ്കിൽ ഒരു വ്യക്തി സ്ത്രീ ആയിരിക്കണമെന്നില്ല. പുരുഷന്മാരും ഗർഭം ധരിക്കണമെന്ന അസാധാരണ സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്.

സമാപനം

സ്നേഹമുള്ളവരേ, 2023 ലെ ക്രിസ്തുമസിന്റെ സന്ദേശം ഇതാണ്: ക്രിസ്തുവിനെ ഗർഭം ധരിക്കുക; ക്രിസ്തുവിനെ ഈ ലോകത്തിന് നൽകുക. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുമസാക്കിത്തീർക്കുവാൻ, കുടുംബത്തിൽ എന്നും ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയുവാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസ തീക്ഷ്ണത പ്രോജ്വലിപ്പിക്കുവാൻ

ഇതല്ലാതെ മറ്റു വഴികളില്ല. തയ്യാറാകാം നമുക്ക് ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ; ഈറ്റുനോവനുഭവിക്കാം നമുക്ക് ക്രിസ്തുവിനെ ഈ ലോകത്തിന് നൽകുവാൻ. എല്ലാവർക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു. ആമേൻ! 

SUNDAY SERMON MT 1, 18-24

മംഗളവാർത്താക്കാലം -ഞായർ 4

മത്താ 1, 18-24

സന്ദേശം

ലോകം മുഴുവനും 2023 ലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.  ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.

ഒരു കാര്യം നാം ഓർക്കേണ്ടത് ഇതാണ്: അന്നും ഇന്നും ദൈവത്തിന്റെ രക്ഷാകര പദ്ധതി സംഭവിക്കുന്നതും നടപ്പിലാകുന്നതും സാധാരണ മനുഷ്യരുടെ – ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, തങ്ങളുടെ ചിന്താഗതിയും, ആഗ്രഹങ്ങളും എന്ത് തന്നെയായാലും – ദൈവത്തിന്റെ ഹിതം നടക്കണം എന്നുള്ള തീരുമാനത്തിലൂടെയാണ്, ആ തീരുമാനം നടപ്പിലാക്കുവാനുള്ള അവരുടെ പ്രയത്നത്തിലൂടെയാണ്. ക്രിസ്തുമസിന്റെ യഥാർത്ഥ ചൈതന്യമെന്ന് പറയുന്നത് ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുകയെന്ന ചൈതന്യമാണ്. കാരണം, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച എല്ലാവരും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിക്കുവാൻ ക്ഷണിക്കപ്പെട്ട എല്ലാവരും, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കുവാൻ തയ്യാറായതുകൊണ്ടുമാത്രമാണ് ഈ ഭൂമിയിൽ ക്രിസ്തുമസ് സംഭവിച്ചത്. അപ്പോൾ നിങ്ങൾ ചോദിക്കും, അവർ ദൈവഹിതം നിറവേറട്ടെ എന്ന് പറയുവാൻ തയ്യാറായിരുന്നില്ലെങ്കിലോ? എന്റെ ഉത്തരം ഇതാണ്: ദൈവം അങ്ങനെയൊരു സാഹചര്യത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നേനെ.

വ്യാഖ്യാനം

ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്, അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ്. നോക്കുക! ഒരു സാധാരണ മനുഷ്യൻ! ചരിത്രം ആ മനുഷ്യന് വലിയ വലിയ പേരുകളോ, ഡിഗ്രികളോ ഒന്നും ചാർത്തിക്കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നില്ല. ശാരീരീരിക സൗന്ദര്യത്തെക്കുറിച്ചോ, ജോലിയിലെ നൈപുണ്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. ജോസഫ് മോശയെപ്പോലെ ധീരനായിരുന്നില്ല; സാംസനെപ്പോലെ കരുത്തനായിരുന്നില്ല. സോളമനെപ്പോലെ വിജ്ഞാനിയാണെന്നും സുവിശേഷങ്ങൾ പറയുന്നില്ല. ഏലിയായെപ്പോലെ മഹാനായ പുരോഹിതനാണെന്നും നാമെങ്ങും വായിക്കുന്നില്ല. എന്തിന്, സ്ത്രീകളിൽ നിന്ന് പിറന്നവരിൽ ഉത്തമനെന്ന് വാഴ്ത്തപ്പെട്ട സ്നാപക യോഹന്നാനോളം ഔന്നത്യമൊന്നും ജോസഫിന് ആരും ചാർത്തിക്കൊടുക്കുന്നില്ല.  ആകെ അദ്ദേഹത്തെപ്പറ്റി പറയുന്നത് ദൈവത്തോട്, ജീവിതത്തോട്, കണ്ടുമുട്ടുന്നവരോട് നീതി പുലർത്തിയിരുന്ന ഒരു മനുഷ്യൻ! അത്രമാത്രം.

നമുക്കറിയാവുന്നതുപോലെ സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ നമ്മിൽ പക്ഷേ വിസ്മയം   ജനിപ്പിക്കുന്നുണ്ട്! പ്രത്യേകിച്ച്, രാഷ്ട്രീയ മത നേതാക്കൾ ധാർഷ്ട്യത്തിന്റെ, മറ്റുള്ളവരെ പരിഗണിക്കാത്തതിന്റെ, മറ്റുള്ളവരെ സമൂഹത്തിന്റെ മുൻപിൽ നഗ്നരാക്കുന്നതിന്റെ ചായങ്ങൾ വാരിക്കോരി അണിയുന്ന ഇക്കാലത്ത്! തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പാർലമെന്റിൽ നിന്നും കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യുന്ന ഇക്കാലത്ത്; രക്ഷാപ്രവർത്തനമെന്ന പേരിൽ പ്രതിഷേധിക്കുന്നവരെ പൊതിരെ തല്ലിതളർത്തുന്ന ഇക്കാലത്ത്! ദൈവവിശ്വാസികൾ പോലും, ദൈവത്തിന്റെയും, തിരുസ്സഭയുടെയും മുൻപിൽ പ്രത്യേകമാംവിധം അനുസരണത്തിന്റെ പ്രതിജ്ഞകളെടുക്കുന്ന വൈദികരും, സന്യസ്തരുമുൾപ്പെടെ, ദൈവത്തിന്റെ ഇഷ്ടം നോക്കാതെ സ്വന്തം ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ച് മാത്രം കോലങ്ങൾ കെട്ടുന്ന ഇക്കാലത്ത്! ആധുനിക ലോകത്തിന് ജോസഫ് ഒരു വിസ്മയം തന്നെയാണ്.  

അതേ, പ്രിയപ്പെട്ടവരേ, എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. 

അതുകൊണ്ടല്ലേ ഉറങ്ങുന്ന ഔസേപ്പിനെ നാം ബഹുമാനിക്കുന്നത്! നിദ്രയിൽ (നിദ്രയിൽപ്പോലും!) ദൈവ ദർശനം ലഭിച്ചിട്ട്,

ആ ദൈവദർശനത്തിനനുസരിച്ചു പ്രവർത്തിച്ച. താണ് അദ്ദേഹത്തിന്റെ മഹത്വം. വെറുതെ ഉറക്കം തൂങ്ങിയായ ഒരു വ്യക്തിയല്ല അദ്ദേഹം. ദൈവഹിതം മനസ്സിലാക്കിയിട്ടും, അതിനെ തട്ടിത്തെറുപ്പിച്ച് നീങ്ങുന്ന ഒരു യുവാവുമല്ല അദ്ദേഹം. നാമിന്ന് ആശയം മനസ്സിലാക്കാതെ ഉപയോഗിക്കുന്ന സിനഡാലിറ്റിയോ (Synadality), വലിയ വായിൽ പറയുന്ന ഡയലോഗോ (Dialogue), സമവായമോ (Concomitancy) തന്റെ കാര്യത്തിൽ ഇല്ലായിരുന്നെങ്കിലും, അതിനുവേണ്ടി കൊടിപിടിക്കാതെ, പന്തലുകെട്ടി സമരംചെയ്യാതെ, ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ എന്നും പറഞ്ഞ് ജീവിതത്തിന്റെ മുൻപിൽ നെഞ്ചും വിരിച്ചു നിന്ന ധീരനായിരുന്നു അദ്ദേഹം. ഭൂമിയിൽ ക്രിസ്തുവിന് ജന്മം നൽകുവാൻ ദൈവത്തോടോത്ത് സഹകരിച്ചവനാണ് ജോസഫ്!

ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്. 

ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labarynth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയം വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.

എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.

സ്നേഹമുള്ളവരേ, സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക! 

ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്. 

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പക്ഷേ, ജോസഫിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവ ഹിതത്തിനോടുള്ള വിധേയത്വം, സ്വന്തം ജീവിതത്തെയും, ജീവിത താത്പര്യങ്ങളെയും, സത്‌പേരിനെപ്പോലും മറ്റുള്ളവരുടെ ജീവിത മഹത്വത്തിനായി മാറ്റിവയ്ക്കുവാൻ ജോസഫ് കാണിക്കുന്ന വ്യക്തിത്വ മാഹാത്മ്യം, അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ദൈവ പരിപാലനയുടെ വെളിച്ചത്തിൽ കാണുവാനുള്ള വിശ്വാസതീക്ഷ്ണത – ഇവയെല്ലാം ഇന്നത്തെ മാത്രമല്ല, എന്നത്തേയും തലമുറ ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊത്തിപ്പെറുക്കിയെടുക്കേണ്ട മൂല്യങ്ങളാണ്. അല്ലെങ്കിൽ നമുക്ക് നമ്മിലെ ക്രിസ്തുവിനെ വളത്തിയെടുക്കുവാൻ, നമ്മുടെ സഭയെ സംരക്ഷിക്കുവാൻ, നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ പാതയിൽ വളർത്തുവാൻ ചിലപ്പോൾ സാധിച്ചില്ലെന്നുവരും!

സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്! മറ്റുള്ളവരുടെ ജീവിതത്തെ തൊട്ടറിയാതെ അവരെ വിധിക്കുന്ന, മനസ്സിന്റെ കുടുസ്സുമുറിയിലിട്ട് അവരെ വിധിക്കുന്ന നമ്മുടെ സ്വഭാവത്തിന് മുൻപിൽ, സ്വഭാവ വൈകൃതത്തിന് മുൻപിൽ വിശുദ്ധ യൗസേപ്പിതാവ് ഒരു ചോദ്യചിഹ്നമാണ്!

പാലസ്തീൻ കവിയായ മുരീദ് ബാർഗുതിയുടെ “വ്യാഖ്യാനങ്ങൾ” (Interpretations) എന്ന കവിത ഇങ്ങനെയാണ്: ഒരു കവി കോഫീഷോപ്പിലിരിക്കുന്നു, എഴുതിക്കൊണ്ട്.(അവിടെയുണ്ടായിരുന്ന) പ്രായംചെന്ന സ്ത്രീ വിചാരിക്കുന്നു, അയാൾ തന്റെ അമ്മയ്ക്ക് കത്തെഴുതുകയാണെന്ന്. ചെറുപ്പക്കാരി ചിന്തിക്കുന്നു, അയാൾ തന്റെ കാമുകിക്ക് കത്തെഴുതുകയാണെന്ന്. കുട്ടി കരുതുന്നത് അയാൾ (ചിത്രം) വരയ്ക്കുകയാണെന്ന്. കച്ചവടക്കാരൻ ചിന്തിക്കുന്നത് അയാൾ (കച്ചവട) ഉടമ്പടിയെപ്പറ്റി രൂപരേഖയുണ്ടാക്കുകയാണെന്ന്. വിനോദസഞ്ചാരി വിചാരിക്കുന്നത് അയാൾ പോസ്റ്റ്കാർഡ് എഴുത്തുകയാണെന്ന്. ജോലിക്കാരൻ വിചാരിക്കുന്നത് അയാൾ (തന്റെ) കടങ്ങൾ കുത്തിക്കുറിക്കുകയാണെന്ന്. രഹസ്യപ്പോലീസ് (ആകട്ടെ) പതുക്കെ അയാളുടെ നേരെ നടന്നടുക്കുന്നു.’ (സ്വതന്ത്ര പരിഭാഷ) ബാർഗുതിയുടെ Midnight and Other Poems എന്ന പുസ്തകത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങൾക്കനുസരിച്ചാണ്, അവരവരുടെ കണ്ണുകൾകൊണ്ട് മാത്രമാണ് ചുറ്റുപാടുകളെ വീക്ഷിക്കുന്നതും, വ്യക്തികളെ വിലയിരുത്തുന്നതും.

ശരിയാണ്, നമുക്ക് നമ്മുടെ ചിന്തകളാണ്, അഭിപ്രായങ്ങളാണ് സത്യം; അത് മാത്രമാണ് പ്രധാനപ്പെട്ടത്. ഹന്നാ എന്ന സ്ത്രീ ദൈവാലയത്തിന്റെ തണുപ്പിലിരുന്ന് തൻ കടന്നുപോകുന്ന സങ്കടങ്ങളെയോർത്ത് കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ, പുരോഹിതനായ ഏലി വിചാരിച്ചത് അവൾ മദ്യലഹരിയിലാണെന്നാണ്. (1 സാമുവേൽ 1, 13) അവളാകട്ടെ, ഫാ. ഷിന്റോ മംഗലത്ത് വി.സി. തന്റെ “ആഴം” എന്ന പുസ്തകത്തിൽ പറയുന്നപോലെ “ദൈവത്തിന്റെ വിരൽത്തുമ്പിൽ പിടിച്ച് കരയുകയായിരുന്നു” (പേജ് 28); അവളുടെ “ഹൃദയവിചാരങ്ങൾ കർത്താവിന്റെ മുൻപിൽ പകരുകയായിരുന്നു.” (1 സാമുവേൽ 1, 15) അതെ, നമുക്ക് നമ്മുടെ മനസ്സിന്റെ വിചാരങ്ങളാണ് പ്രധാനപ്പെട്ടത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക്‌ അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല – ഇല്ല, ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ല നാം ചിന്തിക്കുക?    

ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും, മറ്റുള്ളവരുടെ ഭാഗത്തു നിന്നുകൂടി അവരുടെ ജീവിതത്തെ മനസ്സിലാക്കലും, ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്!   അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!

English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് –

Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ, ജീവിതാനുഭവങ്ങളുടെ ചൂട് അറിയുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അവൾ അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!

സമാപനം

സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.

നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി, പരിക്കേറ്റവയ്ക്കും, ചിതറിപ്പോയവർക്കും സൗന്ദര്യമുണ്ടെന്ന് മനസ്സിലാക്കി, ദൈവമേ നിന്റെ ഇഷ്ടം പോലെ

എന്റെ ജീവിതത്തിൽ നടക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

SUNDAY SERMON LK 1, 57-80

മംഗളവാർത്താക്കാലം-ഞായർ 3

ലൂക്കാ 1, 57 – 80

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.   

വ്യാഖ്യാനം 

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്.  എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്‌, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.   

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ  സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.

ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല.  ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും.  

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ

കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം -ഞായർ 2

ലൂക്കാ 1, 26 – 38

സന്ദേശം

മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച ദൈവാലയത്തിലേക്ക് നാം നടന്നടുക്കുന്നത് കഴിഞ്ഞ ഏഴാം തിയതി വ്യാഴാഴ്ച്ച കേട്ട വർത്തകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കും. കഴിഞ്ഞ വ്യാഴാഴ്ച്ച നാലുമണികഴിഞ്ഞ നേരം വന്ന ആദ്യവാർത്ത 12 വർഷക്കാലം സീറോമലബാർ സഭയെ നയിച്ച അമരക്കാരൻ മാർ ജോർജ് ആലഞ്ചേരി പടിയിറങ്ങി എന്നതായിരുന്നു. ഒപ്പം വന്ന വാർത്ത സീറോമലബാർ സഭയുടെ താത്കാലിക അഡ്മിനിസ്ട്രേറ്ററായി കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിയമിതനായി എന്നതായിരുന്നു. സീറോമലബാർ സഭയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് രാജിവച്ചു എന്നതായി അടുത്ത വാർത്ത. മാർ ബോസ്‌കോ പുത്തൂർ പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ – പിന്നത്തെ വാർത്ത. ഏറ്റവും ഒടുവിലത്തെ വാർത്ത മാർപ്പാപ്പയുടേതായിട്ടായിരുന്നു. ഏകീകൃത കുർബാന 2023 പിറവിത്തിരുനാളിൽ എല്ലാവരും അർപ്പിക്കണം.

ഇതെല്ലാം നിങ്ങൾ അറിഞ്ഞ വാർത്തകളാണെങ്കിലും, ഇവയോട് തിരുസഭയോട് ഒപ്പം നിൽക്കുന്ന ക്രൈസ്തവർ എങ്ങനെ പ്രതികരിക്കണമെന്നത്, ഏത് മനോഭാവം പുലർത്തണമെന്നത് ഒരു ന്യൂസിലും നാം കണ്ടില്ല. അത് പറഞ്ഞുതരുന്നത് ഇന്നത്തെ സുവിശേഷത്തിലെ പരിശുദ്ധ അമ്മയാണ്. ‘അമ്മ നമ്മോട് പറയുന്നു: ജീവിതത്തിലേക്ക് കടന്നുവരുന്ന വാർത്തകളുടെ മുൻപിൽ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” എന്ന മനോഭാവത്തോടെ നാം നിൽക്കണം.

വ്യാഖ്യാനം

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു വേണ്ടി ശുഭമായ ഭാവിയും പ്രത്യാശയും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്നും (ജറെമിയ 29, 11) ആ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് എപ്പോഴും നീ ജീവിക്കണമെന്നും, മറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിമും അന്നയും അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ കാലഘട്ടത്തിൽ നമുക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്ന ഈ സമർപ്പണ മനോഭാവത്തിന്റെ, ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനയാത്ര.   

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം!

ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

സ്നേഹമുള്ളവരേ, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത സ്വാർത്ഥത ഒട്ടുമേയില്ലാത്ത സമർപ്പണ മനോഭാവത്തോടെ   ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ അമ്മ നമ്മുടെയൊക്കെ – ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് പറയുകയും, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയാണ് ഞങ്ങളുടെ കടമയെന്ന് പ്രഖ്യാപിക്കുകയും, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയാണ്‌ ഞങ്ങളുടെ ജീവിത ലക്ഷ്യം എന്ന് പറയുകയും ചെയ്യുന്ന – നമ്മുടെയൊക്കെ ക്രൈസ്തവ ജീവിതങ്ങൾക്ക് ഇന്ന് വലിയ വെല്ലുവിളിയാണ്. വിവിധ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നതിന് മുൻപ് ദൈവത്തിന്റെയും, ദൈവത്തിന്റെ സഭയുടെയും മുൻപിൽ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യം ചെയ്‌തതിന്‌ശേഷം ആ പ്രതിജ്ഞകൾക്കൊക്കെ വില കൽപ്പിക്കാതെ നമ്മുടെ തോന്നലുകൾക്കും, ലോകത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കും രീതികൾക്കുമനുസരിച്ചും, നമ്മുടെ പിടിവാശികൾക്കുമനുസരിച്ചും ജീവിക്കുന്ന നമുക്ക് ഇന്നത്തെ സുവിശേഷഭാഗത്തിലെ പരിശുദ്ധ കന്യകാമറിയം വലിയ വെല്ലുവിളിയാണ്.

പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിൽ നാമും പകച്ചു നിന്നിട്ടുണ്ടാകണം. നമ്മിൽ കുറച്ചു പേരോട് സ്വർഗ്ഗത്തിന്റെ ചോദ്യം ഇതായിരുന്നു: ‘മകളേ, മകനേ നിന്റെ ജീവിതത്തിലൂടെ എന്നെ ലോകത്തിന് പ്രദാനം ചെയ്യാമോ? ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ വിവാഹ കുടുംബ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ?  വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു തീരുമാനമെടുത്തില്ലേ? എന്തായിരുന്നു ആ തീരുമാനം? “ദൈവമേ, നീ എനിക്ക് തരുന്ന ജീവിത പങ്കാളിയോടുകൂടി ജീവിക്കാൻ, ഈ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു കൊടുക്കുവാൻ ഞാൻ തയ്യാറാണ്.” മനസ്സിൽ എടുത്ത ഈ തീരുമാനത്തെ വിവാഹമെന്ന കൂദാശയുടെ നേരത്ത് വിശുദ്ധ ബൈബിളിൽ തൊട്ട് നിങ്ങൾ ഏറ്റുപറഞ്ഞു. അപ്പോൾ വൈദികൻ എന്ത് പറഞ്ഞു? സ്നേഹമുള്ള നവദമ്പതികളേ, സന്തോഷത്തിലും ദുഃഖത്തിലും …ഒരുമിച്ചു ജീവിക്കണം. പരസ്പരം ബഹുമാനിക്കണം. കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി വിട്ടുവീഴ്ച്ച ചെയ്യണം. മുതിർന്നവരിലൂടെ, വൈദികരിലൂടെ ദൈവഹിതം അറിയുമ്പോൾ അത് ദൈവേഷ്ടമായി സ്വീകരിക്കണം. ഇങ്ങനെ വിവാഹിതരായ ശേഷം, നിങ്ങളുടെ സമർപ്പണ ജീവിതം പരിശുദ്ധ അമ്മയുടേത് പോലെ ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നായിരുന്നോ? എത്രയോ വട്ടമാണ് എടുത്ത് പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്?  – ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! 

നമ്മുടെ ക്രൈസ്തവ സഭയിലുള്ള മറ്റൊരു ജീവിതാന്തസ്സാണ് സന്യസ്ത ജീവിതം. ഇവിടെയും ചോദ്യം ഒന്നുതന്നെ: ‘മകളേ, മകനേ നിന്റെ ജീവിതത്തിലൂടെ എന്നെ ലോകത്തിന് പ്രദാനം ചെയ്യാമോ? ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ സന്യസ്ത ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? ഞങ്ങൾ സന്യാസിനികൾ, സന്യാസികൾ ദീർഘനാളത്തെ പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷം തീരുമാനമെടുത്തു, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് ജീവിതത്തിന്റെ ഓരോ നിമിഷവും പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ആ ക്രിസ്തുവിനെ ലോകത്തിനു നൽകാനും ഞങ്ങൾ തയ്യാറാണ്. എന്നിട്ട് അനുസരണം, ദാരിദ്ര്യം ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാളുകൾ കഴിഞ്ഞപ്പോൾ, ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറി. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ?

ഇനിയുമൊരു ജീവിതാന്തസ്സുള്ളത് പൗരോഹിത്യമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ നേരിട്ട് പങ്കുപറ്റുവാൻ ക്രിസ്തുവിന്റെ തിരുസഭയിൽ പുരോഹിതരാകുന്നവർ സ്വീകരിക്കുന്നത് എത്രയോ സമുന്നതമായ ദൗത്യമാണ്!! എന്താകുവാനാണ് നീണ്ട വർഷങ്ങൾ ഒരുങ്ങുന്നത്? ക്രിസ്തുവിന്റെ പുരോഹിതരാകുവാൻ. ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ആരാണ് ദൗത്യം തരുന്നത്? ക്രിസ്തുവാണ് ദൗത്യം തരുന്നത്. ആരിലൂടെ? തിരുസ്സഭയിലൂടെ. അപ്പോൾ തിരുസ്സഭയിലൂടെ വെളിപ്പെടുന്നത് ആരുടെ ദൗത്യമാണ്? ക്രിസ്തുവിന്റെ. ഇവിടെയും പ്രതിജ്ഞയുണ്ട്. തിരുപ്പട്ടത്തിന് തുടക്കമായിട്ട് അഭിവന്ദ്യ മെത്രാന്റെ മുൻപിൽ മുട്ടുകുത്തി തന്നെത്തന്നെ സമർപ്പിക്കുകയാണ്. കത്തോലിക്കാ സഭയിൽ, സീറോമലബാർ സഭയിൽ, ഈ രൂപതയിൽ മെത്രാനിൽ ദൈവത്തിന്റെ ഇഷ്ടം കണ്ട്‌ അത് അനുവർത്തിക്കാൻ ഞാൻ തയ്യാറാണ്!!  തിരുസഭയിൽ, അധികാരികളിലൂടെ വെളിപ്പെടുന്ന ദൗത്യം നിറവേറ്റുന്നവരാണ് പുരോഹിതർ. സ്വന്തം ഇഷ്ടം, സ്വന്തം താത്പര്യം ചെയ്യുവാനല്ല ദൈവം പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷെ തീരുമാനമെടുത്ത ശേഷം, എടുത്ത   പ്രതിജ്ഞയെ മറന്ന് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം, സുവിശേഷ ഭാഗത്തിലെ പരിശുദ്ധ ‘അമ്മ ഇന്നത്തെ പുരോഹിതർക്കും, മത നേതാക്കന്മാർക്കും വെല്ലുവിളിയാണ്!!   

ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കുവാൻ ചങ്കൂറ്റമുണ്ടെങ്കിൽ – അതെ, ചങ്കൂറ്റമുള്ളവർക്കേ അതിന് കഴിയൂ –   നമ്മിലൂടെ സീറോ മലബാർ സഭയിലൂടെ, തിരുസ്സഭയിലൂടെ ലോകത്തിൽ ക്രിസ്തുമസ് സംജാതമാക്കുവാൻ നമുക്ക് കഴിയും. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും വേഷംകെട്ടലാകാതിരിക്കട്ടെ. ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! മുന്തിരിച്ചെടിയോട് ചേർന്ന് നിന്നെങ്കിലേ ഫലം പുറപ്പെടുവിക്കാനാകൂ. സഭയോടൊത്ത് ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ.

ഈയിടെ പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയ അസാധാരണമായ വീഡിയോ  സന്ദേശത്തിൽ മാർപാപ്പ പറഞ്ഞത് വളരെ ചിന്തനീയമാണ്.

“… ഞാൻ നിങ്ങളോടൊപ്പമുണ്ട്, വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു … യഥാർത്ഥത്തിൽ സഭ കൂട്ടായ്മയാണ്.  കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല. ഒരു വിഘടിത വിഭാഗമാവും. സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം.  സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത്. സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇടയിൽ അക്രമം നടന്നിട്ടുണ്ട്. ഇപ്പോഴുമുണ്ട്, പ്രത്യേകിച്ച്, നിങ്ങളുടെ സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയിൽ തുടരാനും കുർബാനയർപ്പിക്കാനും ആഗ്രഹിക്കുന്നവർക്കെതിരെ സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി. കുർബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകർക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുർബാനയുണ്ടാകുന്നത് എങ്ങനെയാണ്?”

നാമാരും ഇന്ന് ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നില്ല. കണ്ടെത്തിയാലും അതിന്റെ മുൻപിൽ സമർപ്പിതരാകുന്നില്ല. നാമാരും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്തുവിനെ പ്രസവിക്കുന്നുമില്ല. അഥവാ ആരെങ്കിലും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നുണ്ടെങ്കിൽ, സഭയിലൂടെ, കുടുംബത്തിലൂടെ, വെളിപ്പെടുന്ന ദൈവേഷ്ടത്തിന് എതിര് നിൽക്കുന്നതുകൊണ്ട്, അതിനെതിരെ മുഷ്ടിചുരുട്ടി അലറുന്നതുകൊണ്ട് അവ അലസിപ്പോകുന്നു പ്രിയപ്പെട്ടവരേ!!!!!!

ഓരോ തീരുമാനത്തിന്റെ സമയത്തും സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട് എന്ന് സ്‌നേഹമുള്ളവരെ മനസ്സിലാക്കുക. കാരണം, ഓരോ തീരുമാനവും ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.  നമ്മുടെ ഓരോ തീരുമാനവും ക്രിസ്‌തുവിന്‌ ഈ ഭൂമിയിൽ ജന്മം കൊടുക്കുന്നതാകണമെന്നു സ്വർഗം ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരവും നല്ലതുമായ തീരുമാനത്തിൽ ജീവിക്കുകയെന്നാണ് പരിശുദ്ധ ‘അമ്മ ഇന്ന് നമ്മോടു പറയുന്ന സന്ദേശം.

സമാപനം

സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന, സഭയെടുക്കുന്ന, തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. പടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുവാൻ ആരാണ് നമ്മെ സഹായിക്കുക? ആരാണ് നമ്മെ ശക്തിപ്പെടുത്തുക? മറ്റാരുമല്ല, വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ ശക്തിപ്പെടുത്തും.

ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും.

ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!

SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം ഒന്നാം ഞായർ

ഉത്പത്തി 17, 15-22

ഏശയ്യ 43, 1-7, 10-11

എഫേ 5, 21-6, 4

ലൂക്കാ 1, 5-25

സന്ദേശം 

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലമായ മംഗള വാർത്താക്കാലത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർണത അവിടുത്തെ മനുഷ്യാവതാരത്തിലാണ്. രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ’ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

ദൈവത്തിന്റെ ഇടപെടലുകളോടുള്ള ഇവരുടെ പ്രതികരണം, ജീവിതത്തിൽ ദൈവിക ഇടപെടലുകളുടെ മുൻപിൽ എങ്ങനെയാണ് നിൽക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കും. ദൈവിക ഇടപെടലുകൾക്ക് മുൻപിൽ സഖറിയായും, എലിസബത്തും എങ്ങനെയാണ് വർത്തിച്ചത്?

ഇവരുടെ പ്രത്യേകത ഒരു ട്രാക്കിലൂടെ, ഒരേയൊരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു ഇവർ എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ, ആ ഒറ്റ ട്രാക്കിലാണ്‌ അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, തങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല. 

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. എന്നാൽ തന്റെ പേരിന്റെ അർഥം അദ്ദേഹം ഓർക്കുന്നില്ല. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല? വചനം പറയുന്നു: “അവർ ദൈവത്തിന്റെ മുൻപിൽ നീതി നിഷ്ഠരും, കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.” പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.

“ദൂതൻ അവനോട് പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.” എത്രകാലമായുള്ള പ്രാർത്ഥനയാണ് സഖറിയയുടെ? വിവാഹത്തിന് മുൻപ് തുടങ്ങിയ പ്രാർത്ഥനയാണ്. ദൈവമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകണേ. മക്കളെ നൽകി അനുഗ്രഹിക്കണേ. വിവാഹം കഴിഞ്ഞും ഇന്നുവരെ ദൈവമേ മക്കളെ തരണേ എന്നായിരുന്നു പ്രാർത്ഥന. എന്നെങ്കിലും ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. കാലമെത്ര കഴിഞ്ഞു … മനുഷ്യൻ എത്ര ആഗ്രഹിച്ചാലും ദൈവത്തിന്റെ സമയം വരണമല്ലോ. എന്നാൽ, ആ സമയം വന്നപ്പോൾ സഖറിയായ്ക്കത് വിശ്വസിക്കാനായില്ല. ഇതാ സഖറിയാസ് മൂകനാകുന്നു. എന്തൊരു വൈരുധ്യമാണിത് പ്രിയപ്പെട്ടവരേ!!! ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അദ്ദേഹം അപഹാസ്യനാകുകയാണ്.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നായിരുന്നെങ്കിലും, എലിസബത്ത്   എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നൊക്കെയായിരുന്നെങ്കിലും, തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ അവർ നിൽക്കുകയില്ലായിരുന്നു. ഏതാണാ ട്രാക്ക്?  പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്. അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്‌. ജീവിതം stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!

മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും. മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക, അഹങ്കാരം മൂലം അതിനെ അവഗണിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും.

എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നാം ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ക് ഏതാണെന്നു പരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും. മറ്റുചിലരുടേതു “വീട്ടിൽ എപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ. ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല. വീട്ടുകാരും നാട്ടുകാരും ശരിയല്ല… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.

ഒരു മാസികയിൽ വന്ന ചിത്രീകരണം ഓർത്തുപോകുകയാണ്: ഒരു റയിൽവേ ട്രാക്ക്. അതിലൂടെ ഒരു പശുവും അതിന്റെ കിടാവും നടക്കുകയാണ്. നീണ്ടു നിവർന്ന് കിടക്കുന്ന ട്രാക്ക്… ആരും ശല്യപ്പെടുത്താനില്ല…അവരങ്ങനെ അലസമായി നടക്കുകയാണ്. അപ്പോഴാണ് പുറകിൽ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ടത്. പശുവും കിടാവും ട്രാക്കിലൂടെ ഓടാൻ തുടങ്ങി. ഒരേ ദിശയിലേക്ക് വലത്തോട്ടും, ഇടത്തോട്ടും തിരിയാതെ…അവർ ഓടുകയാണ്…കുറെ കഴിഞ്ഞപ്പോൾ അനിവാര്യമായതു സംഭവിച്ചു. പശുവിനെയും കിടാവിനെയും തട്ടിത്തെറുപ്പിച്ചു ട്രെയിൻ കടന്നുപോയി. ഈ ചിത്രീകരണത്തിന്റെ അടിക്കുറിപ്പ് ഇതാണ്: ഒന്ന് ചുവടു മാറ്റി ചവിട്ടിയിരുന്നെങ്കിൽ സ്വയം രക്ഷിക്കാമായിരുന്നു, അടുത്ത തലമുറയെയും!

സമാപനം

സ്നേഹമുള്ളവരെ, 2023 ലെ ക്രിസ്തുമസിനായി ഒരുങ്ങുന്ന നമുക്കൊരു ചുവടുമാറ്റം ആവശ്യമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ തിരിച്ചറിയുവാനും അവയുടെ മുൻപിൽ ഉറച്ച വിശ്വാസത്തോടെ നിൽക്കുവാനുമുള്ള ദൈവകൃപ നമുക്കുണ്ടാകണം. ജീവിതത്തെ മൂകമാക്കുന്ന ചിന്തകളിൽനിന്ന് മാറി, ദൈവം എന്നെ ഓർക്കുമെന്നും,

അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും അവിടുത്തെ സമ്മാനം എനിക്ക് നൽകുമെന്നും ഉറച്ചു വിശ്വസിച്ചുകൊണ്ട് ചുവടൊന്ന് മാറ്റി ചവുട്ടി നോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. ആമേൻ!

SUNDAY SERMON FEAST OF THE CHRIST THE KING 2023

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2023

ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങളിൽ,  യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടത്തിൽ, അടിമത്തം, ചൂഷണം, കോണ്സെന്ട്രേഷൻ ക്യാമ്പുകൾ, ഹോളോകാസ്റ്റ് തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലത്തിൽ  ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമനാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കിയത്. അന്നുമുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്. 

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞത് ഓർത്തെടുക്കുകയാണ്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!   

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം വാക്യം 49 ൽ നഥാനിയേൽ ഈശോയെ രാജാവായി ഏറ്റുപറയുന്നുണ്ട്. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യ ചരിത്രം തന്നെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടെ വിജയപരാജയങ്ങളുടെ ചരിത്രമാണല്ലോ. ആദ്യകാലം മുതലേ കൊന്നും കൊലവിളിച്ചും രാജാക്കന്മാർ നടത്തിയ തേരോട്ടങ്ങളുടെ  കഥകളിൽ ചതഞ്ഞരഞ്ഞ മനുഷ്യർ അനവധിയാണ്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി?? സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ!

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടെത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

 സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ജനങ്ങൾക്കൊപ്പമായിരിക്കാൻ, ലക്ഷങ്ങൾമുടക്കി (അതോ കോടികളോ?) ശീതീകരിച്ച, ആധുനിക സൗകര്യങ്ങളുള്ള, ബസ്സിൽ യാതചെയ്തല്ല ഇന്നും ഈശോ മനുഷ്യരോടൊപ്പം വസിക്കുന്നത്. ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദയമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!  

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ.

എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON FEAST OF CHRIST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2023

ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങളിൽ,  യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ കാലഘട്ടത്തിൽ, അടിമത്തം, ചൂഷണം, കോണ്സെന്ട്രേഷൻ ക്യാമ്പുകൾ, ഹോളോകാസ്റ്റ് (Holocaust) തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലത്തിൽ  ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമനാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കിയത്. അന്നുമുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്. 

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞത് ഓർത്തെടുക്കുകയാണ്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!   

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം വാക്യം 49 ൽ നഥാനിയേൽ ഈശോയെ രാജാവായി ഏറ്റുപറയുന്നുണ്ട്. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യ ചരിത്രം തന്നെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടെ വിജയപരാജയങ്ങളുടെ ചരിത്രമാണല്ലോ. ആദ്യകാലം മുതലേ കൊന്നും കൊലവിളിച്ചും രാജാക്കന്മാർ നടത്തിയ തേരോട്ടങ്ങളുടെ  കഥകളിൽ ചതഞ്ഞരഞ്ഞ മനുഷ്യർ അനവധിയാണ്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി?? സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ!

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടെത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

 സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ജനങ്ങൾക്കൊപ്പമായിരിക്കാൻ, ലക്ഷങ്ങൾമുടക്കി (അതോ കോടികളോ?) ശീതീകരിച്ച, ആധുനിക സൗകര്യങ്ങളുള്ള, ബസ്സിൽ യാതചെയ്തല്ല ഇന്നും ഈശോ മനുഷ്യരോടൊപ്പം വസിക്കുന്നത്. ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദയമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!  

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ.

എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON MT 12, 1-13

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ

മത്താ 12, 1-13 

സന്ദേശം

മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട്, മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെയാണ് ഇന്നത്തെ സുവിശേഷ ഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. പള്ളിക്കൂദാശാക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗത്ത്, ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഈശോ നമ്മോട് പറയുന്നു:  ലോകത്തിന്റെ മരവിച്ച നിയമങ്ങളിൽ നിങ്ങളുടെ മനസ്സുകൾ കുടുങ്ങിക്കിടക്കാതെ കരുണ എന്ന ദൈവിക പുണ്യംകൊണ്ടു നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങളെ നിറയ്ക്കുക.

വ്യാഖ്യാനം

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, മനുഷ്യൻ ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

മനുഷ്യനെ മറന്ന്, മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ പരിഗണിക്കാതെ, നിയമത്തിന്റെ കാർക്കശ്യത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്ന രാഷ്ട്രങ്ങളോടും, രാഷ്ട്രീയ പാർട്ടികളോടും, വ്യക്തികളോടും, ഏകാധിപത്യ, ഫാസിസ്റ്റ് ഭാവങ്ങൾ കളഞ്ഞ് കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ പാത സ്വീകരിക്കുവാനാണ് ക്രിസ്തു ആഹ്വാനം ചെയ്യുന്നത്. ഇത് അന്നത്തെ ഫരിസേയ-നിയമജ്ഞ കൂട്ടുകെട്ടിനോട് മാത്രമായിട്ടല്ല ക്രിസ്തു പറയുന്നത്. ഇന്നും ക്രിസ്തുവിന്റെ ഈ ആഹ്വാനത്തിന് പ്രസക്തിയുണ്ട്.  ഒരു സാധാരണക്കാരൻ സർക്കാർ ഓഫീസുകളിലോ, സ്വകാര്യ സ്ഥാപനങ്ങളിലോ, എന്തിന് ക്രൈസ്തവ സ്ഥാപനങ്ങളിലോ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ലോകത്തെങ്ങുമില്ലാത്ത  നിയമങ്ങൾ അധികാരികൾ അവരുടെ മുൻപിൽ നിരത്തും! നിയമത്തിന്റെ കാഠിന്യം പുറത്തുകാണിച്ചുകൊണ്ട് തങ്ങളുടെ സ്വാർത്ഥത മൂടിവയ്ക്കുന്ന അന്നത്തെ യഹൂദമനോഭാവം ഇന്നും നാമൊക്കെ പല രീതിയിൽ പിന്തുടരുന്നുണ്ട്.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ. മനുഷ്യന്റെ വിശപ്പിനേക്കാൾ വലുത് അവർക്കു നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ്. സാബത്തിൽ നിഷിദ്ധമായ കാര്യങ്ങൾ, അത് ദൈവകല്പനയ്ക്കു എതിരായാൽ പോലും, ചെയ്യുന്നതിൽ അവർ അപാകത കാണുന്നില്ല. മാത്രമല്ല, വളരെ നിസ്സാരങ്ങളായ, മാനുഷികമായ കാര്യങ്ങൾക്കു മതത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും, ദൈവനിയമത്തിന്റെയും നിറം കൊടുത്തു, അതിനെ വർഗീയമാക്കി, മനുഷ്യന് എതിരെ ഉപയോഗിക്കുന്ന വളരെ ക്രൂരമായ മനോഭാവങ്ങൾ പുലർത്തുന്നതിൽ അവർ യാതൊരു കുറ്റവും കാണുന്നുമില്ല. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ഠാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്.  മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌. ഇന്നും അങ്ങനെയൊക്കെത്തന്നെ!!

ആടിനുവേണ്ടി, പശുവിനുവേണ്ടി എത്ര മനുഷ്യരെ കൊന്നാലും അത് തിന്മയാകുന്നില്ല. ഒരു പടികൂടി കടന്നു മതത്തിനുവേണ്ടി, മതനിയമങ്ങൾക്കുവേണ്ടി സ്വന്തം വീട്ടിലുള്ളവരെയോ, അയൽക്കാരെയോ കൊന്നാലും സ്വർഗം ലഭിക്കുമെന്ന് പഠിപ്പിച്ചാൽ, സ്വർഗത്തിൽ മനുഷ്യന് സങ്കല്പിക്കുവാൻ കഴിയാത്തത്ര സുഖങ്ങളാണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് പഠിപ്പിച്ചാൽ ജിഹാദികളാകാനും, ചാവേറുകളാകാനും ആളുകളെക്കിട്ടുമ്പോൾ മറ്റെന്ത്  പറയാനാണ്!!! ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വളരെ വിലപ്പെട്ട മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ: ആടിനേക്കാൾ, പശുവിനേക്കാൾ, നിയമാനുഷ്ഠാനങ്ങളെക്കാൾ എത്രയോ വിലപ്പെട്ടവനാണ് മനുഷ്യൻ എന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ!!

സ്നേഹമുള്ളവരേ, ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. ക്രിസ്തുവിന്റെ മനുഷ്യ ദർശനത്തിന്റെ ആഴവും, വ്യാപ്തിയും, പ്രാധാന്യവും ക്രൈസ്തവരായ നാം പോലും ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു യാഥാർഥ്യമാണ്. ഭാരതസഭ സുവിശേഷങ്ങളിൽ ഇതൾവിരിയുന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ശരിയായ രീതിയിൽ ഭാരതമക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന ആൾക്കൂട്ട കൊലപാതകങ്ങളോ, ലൈംഗികാതിക്രമങ്ങളോ ഇത്രയും വ്യാപകമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല. എന്റെ പിഴ എന്നും പറഞ്ഞു സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ മനുഷ്യദർശനം സ്വന്തമാക്കുവാനും, അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാനും നാം തയ്യാറാകണം. തെറ്റായ മനുഷ്യദർശനങ്ങളെക്കുറിച്ചു, നിരീശ്വര പ്രസ്ഥാനങ്ങളുടെ, വർഗീയ സംഘടനകളുടെ മനുഷ്യദർശങ്ങളെക്കുറിച്ചു ബോധവാന്മാരാകുവാനും, ക്രിസ്തുവിന്റെ ശരിയായ, കരുണനിറഞ്ഞ മനുഷ്യ ദർശനത്തെ അവതരിപ്പിക്കുവാനും നമുക്കാകണം. തെറ്റായ ദൈവദർശനമാണ്, തെറ്റായ മനുഷ്യ ദർശനമാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ ഒന്നുറപ്പാണ്, നിങ്ങൾ മനുഷ്യ സമൂഹത്തിനു അപകടകാരിയാണ്!!! ഈയടുത്തു ലോകത്തിൽ നടന്ന, നടക്കുന്ന സംഭവങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്.

എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല.

നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.

ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.

നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.

നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്.

“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.

അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?

ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”

ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. “വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹ, സാംസ്‌കാര നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”

സമാപനം

സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു paradigm shift, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ? നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും,

ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. ആമേൻ!!

Communicate with love!!