ശ്ളീഹാക്കാലം അഞ്ചാം ഞായർ
നിയമവാർത്തനം 1, 33-46
ഏശയ്യാ 1, 21-31
1 കോറി 14, 1-12
ലൂക്ക 12, 16 – 34
സന്ദേശം

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പനികൾ തന്നെയാണ് നമ്മുടെ ഏറ്റവും അടുത്ത ആകുലത. അതോടൊപ്പം തന്നെ സ്കൂളിൽ, കോളേജിൽ പോകുന്ന നമ്മുടെ മക്കൾ ലഹരിക്കടിമപ്പെടുമോ, മറ്റേതെങ്കിലും തിന്മയുടെ വഴിയിലൂടെ പോകുമോയെന്നത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ വിലവർധന! ആരുമറിയാതെ, ആരും പ്രതികരിക്കാതെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ദേഹത്തെവിടെയെങ്കിലും വേദനയോ, ഒരു ചെറിയ തടിപ്പോ വന്നാൽ അത് ക്യാൻസറിന്റെയോ, മറ്റുവല്ല അസുഖത്തിന്റെയോ തുടക്കമാണോയെന്നുളത് നമ്മുടെ ഉത്കണ്ഠതന്നെയാണ്. ലവ് ജിഹാദുപോലുള്ള വർഗീയ പ്രശ്നങ്ങൾ വേറെയും. അങ്ങനെയൊന്നില്ലെന്ന് പറയുമ്പോൾ തന്നെ അതിന്റെ വേദന അനുഭവിക്കുന്നവർ വാവിട്ട് കരയുകയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്… ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. ഈശോ പറയുന്നു: “നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട” എന്ന്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം.
വ്യാഖ്യാനം
ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.
ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”. “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!
ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? “ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം, രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുകയാണെങ്കിൽ, അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)
സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.
പഴയ നിയമത്തിൽ രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ച്, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ച് യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അദ്ദേഹത്തെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?
ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!
ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!
ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’
ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.
നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.
രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.
മൂന്ന്, ദൈവത്തിന്റെ പരിപാലനയുടെ ലക്‌ഷ്യം അറിയുന്നവരാകണം നമ്മൾ. ജെറമിയ പ്രവാചകന്റെ പുസ്തകത്തിലെ ദൈവപരിപാലനയുടെ മഹാവാക്യം ഓർമയില്ലേ? “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതിയാണത് – നി ങ്ങൾക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നൽകുന്ന പദ്ധതി.” (ജെറമിയ 29, 11)ജീവിതത്തിന്റെ ദുഃഖങ്ങളിൽ, ദുരന്തങ്ങളിൽ എവിടെയാണ് ദൈവപരിപാലന എന്ന് ചോദിക്കുന്നവരാണ് നമ്മിലധികവും. എന്നാൽ സത്യമിതാണ് പ്രിയപ്പെട്ടവരേ, ദുരന്തങ്ങൾപോലും, പലരെയും വിമലീകരിക്കുന്നുണ്ട്; നന്മയുടെ വഴിയിലൂടെ ചുവടുവയ്ക്കുവാൻ സഹായിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ദൈവം ഇത്രമാത്രം ക്രൂരനോ എന്ന് നാം ചോദിക്കുമ്പോഴും, ദുരിതങ്ങളിൽപ്പോലും, ആരൊക്കെയോ, എവിടെയൊക്കെയോ വിശുദ്ധരാകുന്നുണ്ട്; തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്നുണ്ട്; ദൈവത്തിന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. ജൂഡ് ആന്റണി ജോസഫ് സംവിധാനംചെയ്ത “2018: എവെരി വൺ ഈസ് എ ഹീറോ” എന്ന 2023 ലെ മലയാള സിനിമ കണ്ടപ്പോൾ, സിനിമയുടെ കഥ, തിരക്കഥ, സംവിധാനക്കാർ ഈയൊരു ആശയവും അതോട് ചേർത്തുവച്ചല്ലോയെന്ന് ഓർത്തുപോയി.

മഴയും, അതോടൊപ്പമുള്ള ദുരിതവും, ഡാമുകൾ തുറന്നുവിട്ടതുവഴിയുണ്ടായ വെള്ളപ്പൊക്കവുമെല്ലാം തകർത്താടുമ്പോഴും, അതിനിടയിലൂടെ ഈയൊരു സന്ദേശവും വികാസം പ്രാപിക്കുന്നുണ്ട്. പല കഥകൾക്കും, ഉപകഥകൾക്കും ഇടയിലുള്ള ഒരു കഥ ഇതാണ്:
പെരിയാറിന്റെ തീരത്തുള്ള ഒരു ഫാക്ടറിയ്ക്കെതിരെ സമരം ചെയ്യുന്നവർ അവഗണിക്കപ്പെട്ടതിന്റെ വേദനയിൽ, ഫാക്ടറി തകർക്കുവാൻ ബോംബുകൾ ഓർഡർ ചെയ്യുകയാണ്. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള സേതുപതി എന്ന ട്രക്ക് ഡ്രൈവറാണ് ഭക്ഷണസാധനങ്ങളും സ്പോടകവസ്തുക്കളും കൊണ്ടുവരുന്നത്. മുതലാളി അവനോടെല്ലാം പറയുകയും കൂടുതൽ പൈസ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ സേതുപതി ഒരു പരുക്കൻ മനുഷ്യനാണ്. പ്രായമായ അമ്മയോടും, അയാളുടെ മകളോടുമൊക്കെ വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്. കേരളത്തിൽ നിന്നുള്ള നൂറ (Noora) എന്നൊരു ടിവി റിപ്പോർട്ടറുടെ കാറിന്റെ Mirror അയാൾ തകർത്തുകളയുന്നുണ്ട്. മലയാളികളോട് പുച്ഛമാണുതാനും. ട്രക്കുമായി കേരളത്തിലേക്ക് പോകുന്ന അയാൾ മഴയിൽപെട്ടുപോയ, ഗൾഫിൽ നിന്ന് വരുന്ന രമേശൻ എന്നയാൾക്ക് ലിഫ്റ്റ് കൊടുക്കുന്നുണ്ട്. ഇതിനിടെ കേരളത്തിൽ വെള്ളപ്പൊക്കമായി. മഴ തോരാതെ പെയ്യുന്നു. കേരളം ഇത്രയും ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, താൻ കൊണ്ടുചെല്ലുന്ന ബോംബ് കാത്തിരിക്കുന്നവരിലേക്ക്, അടുക്കുന്തോറും, അയാൾ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കാണുന്നു; ടിവിയിലെ വാർത്തകൾ കാണുന്നു, വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ കാണുന്നു. തോരാമഴയത്ത് ഈ കാഴ്ചകൾ അയാളിലെ തിന്മയുടെ മനുഷ്യനെ വിമലീകരിക്കുകയാണ്. അയാൾ ട്രക്കിൽനിന്ന് സ്പോടകവസ്തുക്കളെടുത്ത് വെള്ളത്തിലിടുകയാണ്. ഭക്ഷണവസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പിൽ കൊടുക്കുകയാണ്. ട്രക്കിൽ നിന്നിറങ്ങിപ്പോകുമ്പോൾ രമേശൻ നൽകിയ സമ്മാനം തന്റെ മകൾക്ക് വേണ്ടിയാണെന്നറിയുമ്പോൾ ഒരു നന്മയുടെ പ്രകാശം അയാളുടെ മുഖത്ത് നിറയുകയാണ്. പിന്നീട് ട്രക്കുമായി തന്റെ വീട്ടിലേക്ക് പോകുന്ന അയാളുടെ ഒരു സെമി ക്ളോസപ്പ് കാണിക്കുന്നുണ്ട് സംവിധായകൻ: പുഞ്ചിരിക്കുന്ന മുഖമുള്ള സേതുപതി! ദുരിതങ്ങൾ അയാളെ വിമലീകരിക്കുകയാണ്. അതാണ് ദൈവത്തിന്റെ പരിപാലന.
ഒരു കുടുംബത്തിലെ ഭർത്താവിനൊരു അപകടമുണ്ടായി. അയാൾ വീട്ടിൽ വിശ്രമത്തിലാണ്. തനിക്ക് വന്ന ബിദ്ധിമുട്ടിനെയോർത്ത് വിഷമിച്ചിരിക്കുമ്പോൾ, അത്രയും നാൾ ഒട്ടും സ്നേഹം കാണിക്കാതിരുന്ന ഭാര്യ അയാളുടെ അടുത്ത് വന്നിരുന്ന് അയാളെ സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി. അയാളുടെ വേദന അവളുടെ ഹൃദയത്തെ വിമലീകരിക്കുകയാണ്. വേറൊരു കുടുംബത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യയുടെ ജീവിതം ദുരിതപൂർണ്ണമായി. എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ യെന്നോർത്തിരുന്നപ്പോഴാണ് ഭർത്താവ് മദ്യപാനം ഉപേക്ഷിച്ച് നന്മയിലേക്ക് വന്നത്. അപ്പച്ചന്റെ ബിസിനസ്സ് തകർന്നപ്പോഴാണ്, അല്പം ഉഴപ്പനായ മൂത്തമകന്റെ കണ്ണ് തുറന്നത്. അവൻ അപ്പച്ചനോടൊത്ത് കുടുംബം നോക്കാൻ തുടങ്ങി! ജീവിതസംഭവങ്ങളിലെ ദൈവത്തിന്റെ പരിപാലന കാണുവാൻ ചിലപ്പോഴൊക്കെ നാം പരാജയപ്പെടുന്നില്ലേ?
സ്നേഹമുള്ളവരേ, ദൈവത്തിന്റെ പരിപാലന ഇത്രയും വാരിക്കോരി തന്നിട്ടും മനുഷ്യന്റെ സഹജമായ ഭാവം അതൃപ്തിയുടേതാണ്. എല്ലാവരുടെയും ശരീരഭാഷപോലും അതായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ക്രിസ്തുവെന്ന മഹാസുവിശേഷത്തിൽ നിന്ന് വായിച്ചെടുക്കേണ്ട പ്രധാന സന്ദേശം തൃപ്തിയുടേതാണ്. ഒന്നോർത്താൽ എത്രമാത്രം പരാതികൾക്കിടമുള്ള, ആകുലതകൾ നിറഞ്ഞ രാവിലേക്കാണ് ക്രിസ്തു പിറന്നുവീണത്! ക്രിസ്തുവാകട്ടെ എല്ലാറ്റിനോടും എല്ലാവരോടും തൃപ്തിയിലായിരുന്നു. ജീവിതത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽപ്പോലും ഈശോ അഗാധമായ സ്വസ്ഥത അനുഭവിച്ചു. ഒന്നും എങ്ങുമെത്താതെ, എത്തിക്കുവാൻ സാധിക്കാതെ മുപ്പത്തിമൂന്നാം വയസ്സിൽ കടന്നുപോകേണ്ടിവന്നപ്പോൾ ഉച്ചരിച്ചത് ഭൂമിയിലേക്കും വച്ച് ഏറ്റവും തൃപ്തമായ ജീവിതത്തിന്റെ ഭരതവാക്യമായിരുന്നു – എല്ലാം പൂർത്തിയായി. ദൈവപരിപാലനയുടെ മൂർത്തഭാവം!
ദൈവപരിപാലന എന്ന ആത്മീയവിശേഷണത്തിന് സംതൃപ്തി എന്ന അർത്ഥമുണ്ട്. ആഡംബരം നിറഞ്ഞ ലോകത്തിലേക്കുള്ള മനുഷ്യന്റെ ആക്രാന്തം കാണുമ്പോൾ, മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കുവാൻ എത്രയോ കുറച്ചു കാര്യങ്ങൾ മതി എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സ്വർണനിറമുള്ള നെന്മണികൾ നിറഞ്ഞു നിൽക്കുന്ന പാടത്തുനിന്ന് ആവശ്യത്തിനുള്ളതുമാത്രം കഴിച്ചിട്ട് പറന്നുപോകുന്ന ആകാശപറവകളെ കാണുമ്പോൾ എനിക്ക് അസൂയതോന്നുന്നു! ലോകവസ്തുക്കളോട് മാത്രമല്ല, നമ്മുടെ Emotions നോടും മതി എന്ന് പറയുവാൻ നമുക്കാകണം. ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട്, ഈ കരുതൽ മതി, ഈ സ്നേഹം മതി, ഈ ശ്രദ്ധ മതിയെന്നൊക്കെ പറയുവാൻ സാധിക്കുന്നിടത്താണ് ഒരാൾ ദൈവപരിപാലനയുടെ നന്മ അനുഭവിക്കുന്നത്.
ദൈവപരിപാലന ഒരു ജീവിത സമീപനമാണ്. ഒരു വൃക്ഷത്തിലേക്ക് പറന്നുവന്ന് പഴങ്ങൾ തിന്നുന്ന കിളികൾ എത്ര സംതൃപ്തിയോടെയാണ് അവ തിന്നുന്നത്! പഴങ്ങൾ തിന്നശേഷം ഒരു കിളിയും ഇന്നുവരെ മരത്തിനോട് പരാതി പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, നാം മനുഷ്യരെങ്ങനെയാണ് ഇത്രയും അസംതൃപ്തരായി മാറിയത്?! ആത്മീയതയുടെ ആഘോഷമായി മാറേണ്ട ദാമ്പത്യബന്ധത്തിനുശേഷം പോലും മനുഷ്യൻ അസംതൃപ്തിയുടെ ഭാഷയാണ് സംസാരിക്കുന്നത്. നമ്മുടെയൊക്കെ പ്രാർത്ഥനകൾ പോലും ആവശ്യങ്ങളുടെ വലിയൊരു ലിസ്റ്റാണ്; പരാതികളുടെ ലുത്തിനിയായാണ്.
കേരളത്തിലെ ഐതീഹ്യത്തിലെ വളരെ സുന്ദര വ്യക്തിത്വമായ നാറാണത്തുഭ്രാന്തൻ ദൈവപരിപാലനയുടെ സംതൃപ്തിയുടെ ഐക്കണാണ്.

ഭദ്രകാളി നാറാണത്തുഭ്രാന്തന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക.” നാറാണത്തുഭ്രാന്തൻ അസ്വസ്ഥനായി. ഞാനെന്താണ് ചോദിക്കുക? അദ്ദേഹത്തിന് ഒന്നും ചോദിക്കുവാനുണ്ടായിരുന്നില്ല. അപ്പോൾ ദേവി വളരെ എളിമയോടെ പറഞ്ഞു: ഞാൻ വന്നതല്ലേ. എന്തെകിലും ചോദിക്കൂ.” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു: “എന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുക.” ദേവി അങ്ങനെ ചെയ്തിട്ട് മറഞ്ഞുപോയി. ദൈവപരിപാലനയിൽ ആശ്രയിച്ച് തൃപ്തിയോടെ ജീവിക്കുന്നവർക്ക് എന്ത് വരമാണ് ചോദിക്കാനുള്ളത്?
സമാപനം
സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, തളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

എന്റെ ഭാഗധേയം, ജീവിതം എന്റെ ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്ന കലയുടെ പേരാണ് ദൈവപരിപാലന! (സങ്കീ 16, 5) ആമേൻ!




























