SUNDAY SERMON MT 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

പുറപ്പാട് 34, 27-35

ഏശയ്യാ 58, 1-10

എഫേസോസ് 4, 17-24

മത്തായി 4, 1-11

2023-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം ക്ഷമിച്ചുകൊണ്ടു ദൈവത്തിന്റെ മുഖമുള്ളവരായി ജീവിക്കുവാനും, നമുക്കുള്ളത് മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ട് നൊന്ത് സ്നേഹിക്കാനുള്ള ഉറച്ച തീരുമാനങ്ങൾ നാം ഈ ബലിയിൽ സമർപ്പിക്കുന്നുണ്ട്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സന്ദേശം, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40, ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സംഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, ദൈവവുമായി ഒന്നായിരിക്കുന്ന കാലഘട്ടം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ‘. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്രപരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

2015 പുറത്തിറങ്ങിയ പ്രദീപൻ മുല്ലനേഴിയുടെ ഒരു മലയാളം സിനിമയുണ്ട്. “നമുക്കൊരേ ആകാശംഎന്നാണ് സിനിമയുടെ പേര്. സിനിമ തുടങ്ങുന്നത് അധികം സംസാരിക്കാത്ത, ചിരിക്കാത്ത, മുഖത്ത് എന്തോ ഭയം പ്രദർശിപ്പിക്കുന്ന ഉള്ളിൽ ആരോടും പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുട്ടിയെ (കണ്ണൻ) അവതരിപ്പിച്ചുകൊണ്ടാണ്. അവന്റെ പിതാവ് അവനെ ലാൽജി എന്ന മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്, ചികിത്സിക്കുവാൻ. ലാൽജി കുട്ടിയോട് വളരെ സ്നേഹപൂർവ്വം പെരുമാറി അവന്റെ ഉള്ളിലുള്ളത് പുറത്തെടുക്കുവാൻ സഹായിക്കുകയാണ്. പിന്നെ ഫ്ലാഷ്ബാക്ക് ആയി കഥ പറയുകയാണ്.

കൂട്ടുകാരിൽ നിന്ന് റോഡിൽ വയ്ക്കുന്ന അള്ളിനെക്കുറിച്ചു അറിഞ്ഞ കണ്ണൻ, കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അള്ളു റോഡിൽ വയ്ക്കുകയാണ്. ഉടനെ തന്നെ ഒരു കാർ വന്നു. അള്ളിന്റെ മുകളിലൂടെ ടയർ കയറി. അല്പദൂരം മാറി കാർ നിന്നു. കാറിൽ നിന്ന് ഒരു പ്രായമായ അങ്കിൾ ഇറങ്ങി വന്നു പൊട്ടിയ ടയർ നോക്കി ആകുലപ്പെട്ടു. കുട്ടിയും അവിടെ വരുന്നുണ്ട്. കാറിനുള്ളിലെ ആന്റിയെക്കണ്ടു അവനു വിഷമവും വരുന്നുണ്ട്. ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോകുകയാണ് എന്ന് തന്റെ യാത്രയുടെ ഉദ്ദേശ്യം അയാൾ കുട്ടിയോട് പറയുന്നുണ്ട്. പുറകെ വന്ന ഒരു ലോറിക്കാരന്റെ സഹായത്തോടെ ടയർ മാറ്റിയിട്ടു അങ്കിൾ യാത്ര തുടർന്നു. കണ്ണൻ പിന്നാലെ സൈക്കിളിൽ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ട്ടർ അങ്കിളിനോട് പറയുന്നത് കണ്ണൻ കേട്ടു. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ! ഒരു രണ്ട് മണിക്കൂറായിക്കാണും…” വെള്ളത്തുണിയിൽ പൊതിഞ്ഞ ആന്റിയുടെ മൃതദേഹം കണ്ടു കണ്ണൻ കരഞ്ഞു. അവൻ അവിടെ നിന്ന് വീട്ടിലേക്കു ഓടി. പിന്നെ അവൻ ആരോടും മിണ്ടാതെയായി, സങ്കടത്തോടെ എപ്പോഴും ഒറ്റയ്ക്കിരിക്കും.

സംഭവം കേട്ടു കഴിഞ്ഞു മനഃശാസ്ത്രജ്ഞൻ കുട്ടിയ്ക്ക് കൊടുത്ത മരുന്ന്, അങ്കിളിനോട് പോയി ക്ഷമ പറയുകയെന്നതായിരുന്നു. അങ്ങനെ കുട്ടിയും അവന്റെ അച്ഛനും കൂടി അങ്കിളിന്റെ അടുത്തെത്തി ക്ഷമ പറഞ്ഞു. അവരോർത്തു അങ്കിൾ ദേഷ്യപ്പെടുമെന്ന്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അങ്കിൾ പറഞ്ഞു: “മോൻ വിഷമിക്കേണ്ട. ഞാൻ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ തന്നെ അവൾ മരിച്ചിരുന്നു. അതുകൊണ്ടു മോൻ ഒട്ടും വിഷമിക്കണ്ട. നീ പഠിച്ചു മിടുക്കനാകണം. മറക്കാനും, പൊറുക്കാനും, സാധിക്കുമ്പോഴല്ലേ, നാം മനുഷ്യരാവുക.” അപ്പോൾ മുതൽ കണ്ണൻ വീണ്ടും ചിരിച്ചു തുടങ്ങി. അവന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെയെത്തി.

നൊന്തു സ്നേഹിക്കുകയെന്ന സ്നാനത്തിലൂടെ നമ്മെത്തന്നെ കടത്തിവിട്ട്, ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന അനുഭവം ഉണ്ടായാലേ, മറ്റുള്ളവരിലേക്കും ആ അനുഭവം പകർന്നുകൊടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും, ദൈവത്തിന്റെ എല്ലാമാണ് ഞാൻ എന്ന അനുഭവത്തിലേക്ക് പ്രവേശിക്കുവാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പറന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് വിശപ്പ്. വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ വിശപ്പ്, രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും. നമ്മുടെ ഭാരങ്ങൾ കുറയ്ക്കാനും, മറ്റുള്ളവരുടെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കാനും, അവരുടെ ജീവിതത്തിൽ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുവാനും ശ്രമിക്കുമ്പോൾ നാം നൊന്തുസ്നേഹിക്കുകയായിരിക്കും.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാൻ ഉള്ള അവസരം. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിൽ കുരിശു വര തിരുനാളിന്, വിഭൂതി തിരുനാളിന്, മുൻപുള്ള ഞായറാഴ്ച്ച പേത്തുർത്ത ഞായർ എന്നാണു അറിയപ്പെടുന്നത്. തിരിഞ്ഞുനോക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. അനുതാപത്തിനും, അനുരഞ്ജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം എന്ന് ഓർമിപ്പിക്കുകയാണ് പേത്തുർത്തയുടെ ഉദ്ദേശ്യം. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, നൊന്തു സ്നേഹിക്കാൻ പറ്റാതിരുന്നതുവഴി വന്നുപോയ വീഴ്ചകൾക്ക് പരിഹാരം ചെയ്‌ത്‌, ബന്ധങ്ങളിലെ വിള്ളലുകൾ നേരെയാക്കി ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുക എന്ന വലിയ ഓർമപ്പെടുത്തലാണ് പേത്തുർത്ത.

നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം. ആമേൻ!

SUNDAY SERMON JN 3, 22-31

ദനഹാക്കാലം ആറാം ഞായർ

നിയമവാർത്തനം 24, 14-22

ഏശയ്യാ 63, 7-16

ഹെബ്രാ 8, 1-6

യോഹന്നാൻ 3, 22-31

അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു സാധാരണ സംഭവമായി എടുത്താൽ മതിയാകും. പണ്ടുകാലങ്ങളിൽ ഏതെങ്കിലും ഗുരുവിന്റെ ശിഷ്യരാണെന്ന് പറഞ്ഞ് അഭിമാനിക്കുവാനും, ഗുരുവിന്റെ മഹത്വം വിളിച്ചു പറഞ്ഞ് വെല്ലുവിളിക്കാനുമൊക്കെ ആളുകളുണ്ടായിരുന്നു. ഈയിടെ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പ് കാലഘട്ടത്തിൽ എത്രയോ തർക്കങ്ങളാണ് മെസ്സിയുടെയും, റൊണാൾഡോയുടെയും, നെയ്മറിന്റെയും ഒക്കെ ഫാൻസുകൾ തമ്മിൽ നടന്നത്! ചിലതൊക്കെ വാക്കേറ്റത്തിലും, തല്ലിലുമൊക്കെയാണ് അവസാനിച്ചത്. ഈ സംഭവങ്ങളിൽ മെസ്സിക്കോ, റൊണാൾഡോയ്‌ക്കൊന്നും യാതൊരു പങ്കുമില്ല. അവർ ഈ വിവാദങ്ങളൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല.

വിവാദങ്ങൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതിയിലും, വ്യത്യസ്ത വിഷയങ്ങളിലുമൊക്കെ ഉണ്ടാകും, ഇന്നത്തെ നമ്മുടെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വിവാദംപോലെ! എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ്, നാം ഏത് ലോഹംകൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എന്ന് തീരുമാനിക്കുന്നത്; നാം ക്രിസ്തു ശിഷ്യരാണോ, അതോ വെറും ലോകത്തിന്റെ വക്താക്കളാണോ എന്ന് തെളിയിക്കുന്നത്.

മാമ്മോദീസായെക്കുറിച്ചുള്ള വിവാദങ്ങളെക്കാൾ ഇന്നത്തെ സുവിശേഷം ഉയർത്തിപ്പിടിക്കുന്നത് വിശുദ്ധ സ്നാപക യോഹന്നാന്റെ വ്യക്തിത്വത്തെയാണ്. ക്രിസ്തുവിനെ ലോകത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കാനും, ക്രിസ്തുവിന് സാക്ഷ്യം നൽകുവാനും വന്ന സ്നാപക യോഹന്നാന്റെ തിളങ്ങുന്ന വ്യക്തിത്വം നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്ക് കരുത്തുപകരുമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്.

സുതാര്യമായി, ആർജവത്തോടെ ജീവിക്കുകയെന്നതാണ് ഒരു ഗുരുവിന്റെ, ക്രിസ്തു ശിഷ്യന്റെ ഏറ്റവും വിശിഷ്ട ഗുണമായി സുവിശേഷം അവതരിപ്പിക്കുന്നത്. താൻ ആരാണെന്നും, തന്റെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും, ഏത് ദൗത്യത്തിനായാണ് താൻ ഈ ഭൂമിയിൽ വന്നിരിക്കുന്നതെന്നും, ആരുടെ ശബ്ദമാകാനാണ് തന്റെ നിയോഗമെന്നും കൃത്യമായ അറിവുള്ളവനായിരുന്നു വിശുദ്ധ സ്നാപകയോഹന്നാൻ. അർഹിക്കാത്ത ആദരവും, ബഹുമാനവും നേടിയെടുക്കാൻ താത്പര്യമില്ലതിരിക്കുക, അർഹിക്കുന്ന ആദരവും, ബഹുമാനവും മറ്റുള്ളവർക്ക് കൊടുക്കുക എന്നിവയാണ് ഒരു യഥാർത്ഥ ഗുരുവിന്റെ, ക്രിസ്തുശിഷ്യന്റെ വ്യക്തിത്വത്തിന്റെ മാഹാത്മ്യം.  

ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുകയും, തങ്ങളുടേതല്ലാത്ത തൂവലുകൾ തലയിൽ തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ജീവിതം, ഒരു സംശയവും വേണ്ട, ചീട്ടുകൊട്ടാരം തകരുന്നതുപോലെ തകർന്നുപോകും. എന്നാൽ, താൻ ആരാണെന്ന് അറിയുകയും, ഉള്ളതിൽ മാത്രം മേന്മ ഭാവിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കും. അവർ പ്രകാശഗോപുരംപോലെ എന്നും ഉയർന്ന് പ്രകാശിച്ചു നിൽക്കും.

നല്ലവനെന്ന് എല്ലാവരും വിചാരിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ ഒരു ഗുരുവിനെ കാണാനെത്തി. ആ ചെറുപ്പക്കാരന്റെ സുഹൃത്ത് ദേശാടനത്തിന് പോകുമ്പോൾ അയാളുടെ വീട് നോക്കുവാനായി ഈ ചെറുപ്പക്കാരനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാര്യം അയാൾ ഗുരുവിനോട് പറഞ്ഞു. “അതിലെന്താ കുഴപ്പം. നല്ലതല്ലേ. സമയമുണ്ടെങ്കിൽ ആ സുഹൃത്തിനെ സഹായിക്ക്’. ഗുരു പറഞ്ഞു നിർത്തിയപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: സുഹൃത്തിന് സുന്ദരിയായ ഒരു സഹോദരിയുണ്ട്. വീട് ഏൽപ്പിച്ചു പോകുമ്പോൾ സഹോദരിയുടെ സുരക്ഷ എന്റെ കയ്യിൽ ഭദ്രമാണെന്നാണ് അയാൾ കരുതിയിരിക്കുന്നത്. എല്ലാവരും കരുതുംപോലെ എന്റെ മനസ്സ് അത്ര ശുദ്ധമല്ല.” ആ ചെറുപ്പക്കാരൻ മനസ്സ് തുറന്നു. ” ആ പെൺകുട്ടിയോട് എനിക്കൊരു ആകർഷണം തോന്നിയിട്ടുണ്ട്. ചെറുപ്പക്കാരൻ പറഞ്ഞു നിർത്തിയപ്പോൾ ഗുരു ചോദിച്ചു: “എങ്കിൽ നിനക്കത് സുഹൃത്തിനോട് തുറന്നു പറഞ്ഞു കൂടെ?” “അപ്പോൾ സുഹൃത്തിന് എന്നെക്കുറിച്ചുള്ള അഭിപ്രായം മോശമാകില്ലേ?” ചെറുപ്പക്കാരൻ ഉള്ളിലുള്ളത് പറഞ്ഞു.

അയാളുടെ ആകുലത മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഗുരു അയാളോട് വളരെ ശാന്തമായി പറഞ്ഞു: “ സഹോദരാ, വിശുദ്ധനെന്ന് തോന്നിപ്പിച്ച് വീണുപോകുന്നതിനേക്കാൾ ശ്രേഷ്ഠം ബലഹീനത തുറന്നു പറഞ്ഞ് ആർജവത്തോടെ മുന്നോട്ട് പോകുന്നതാണ്. സ്വന്തം ജീവിതത്തോട് ആത്മാർത്ഥത പുലർത്തുകയാണ് ശരിയായ വിശുദ്ധി.

വിശുദ്ധ സ്നാപകയോഹന്നാൻ ശക്തനായ പ്രവാചകനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. വലിയൊരു ജനത അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ ധാരാളം ഫാൻസ് അസ്സോസിയേഷൻസ് ഉണ്ടായിരുന്നേനെ. നീയാണോ മിശിഹായെന്ന് ചോദിക്കുവാൻ മാത്രം അദ്ദേഹത്തിന്റെ മാഹാത്മ്യം അതിശക്തമായിരുന്നു. ആ ചോദ്യത്തിന് മുൻപിൽ ഒന്നും മിണ്ടാതിരുന്നെങ്കിൽ ജനം അദ്ദേഹത്തെ മിശിഹായായിത്തന്നെ കരുതുമായിരുന്നു. പക്ഷേ, അദ്ദേഹം അകംപുറം നേരുള്ളവനായിരുന്നു. ഒട്ടും വൈകാതെ തന്നെ അദ്ദേഹം പറയുന്നുണ്ട്, „ഞാൻ മിശിഹായല്ല.” പിന്നെപ്പറഞ്ഞു, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല.”  ഇന്നത്തെ സുവിശേഷഭാഗത്ത് സ്നാപകൻ ഒന്നുകൂടി കടത്തി പറയുകയാണ്, “ഞാൻ ക്രിസ്തുവല്ല, അവനുമുന്പേ അയയ്ക്കപ്പെട്ടവനാണ്. അവനാണ് വളരേണ്ടത്, ഞാനല്ല. യാതൊരു സംശയത്തിന് ഇടയില്ലാത്ത ഏറ്റുപറച്ചിൽ. തനിക്കർഹതയില്ലാത്തതിനെ വേണ്ടെന്നു വയ്ക്കുവാനുള്ള സത്യസന്ധതയുടെ, താനെന്തായിരിക്കുന്നുവോ അതിലുള്ള അഭിമാനത്തിന്റെ സന്ദര്യമാണ് സ്നാപകനിൽ.

നാട്യങ്ങളില്ലാത്ത ജീവിതമാണ് എന്നും ഗുരുക്കന്മാരുടേത്. അല്ലെങ്കിൽ ങ്ങനെയുള്ള ജീവിതമാണ് ഗുരുക്കന്മാർക്ക് ഉണ്ടായിരിക്കേണ്ടത്. കളങ്കമില്ലാത്ത, ഒളിക്കാനൊന്നുമില്ലാത്ത ജീവിതമാണ് കൂടുതൽ സൗന്ദര്യം, കൂടുതൽ സത്യം സൃഷ്ടിക്കുന്നത്. അതുകൊണ്ട് സ്നാപകന്റെ വാക്കുകൾ മനസ്സുകൊണ്ടല്ല ഹൃദയംകൊണ്ട് കേൾക്കുക. അവ ഹൃദയത്തിൽ നിന്നാണ് വരുന്നത്. ഹൃദയത്തിൽ സ്വീകരിച്ചാൽ മാത്രമേ അവ മനസ്സിലാക്കാനാവൂ.

ഒരു സ്നാപകന് മാത്രമേ, സ്നാപകനെപ്പോലുള്ള ശുദ്ധമായ, തിളങ്ങുന്ന വ്യക്തിത്വങ്ങൾക്ക് മാത്രമേ ക്രിസ്‌തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുവാൻ, ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തു തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തുന്ന ഈ ദനഹാക്കാലത്ത് എന്തുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്. സഹോദരീ, സഹോദരാ, നിന്നിലൂടെ, നിന്റെ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നിനക്ക് കടമയുണ്ട്. അതാണ് ഈ ഭൂമിയിലെ നിന്റെ ദൗത്യം, ക്രിസ്തു നിനക്ക് നൽകിയിരിക്കുന്ന ദൗത്യം. ആ ദൗത്യം എങ്ങനെയാണ് നിറവേറ്റേണ്ടത്? സ്നാപകയോഹന്നാനെപ്പോലെ ആർജവത്തോടെ ജീവിച്ചുകൊണ്ട്.

ഒട്ടും സംശയം വേണ്ട. വെറുതെ ഊതിവീർപ്പിച്ച ക്രൈസ്തവ ജീവിതങ്ങളാണ്, ക്രൈസ്തവ വ്യക്തിത്വങ്ങളാണ് നമുക്ക് ചുറ്റും. ഒന്ന്, വെറുതെ അമർത്തിയാൽ മതി, ഒരു ചെറിയ സൂചികൊണ്ടൊന്ന് തോണ്ടിയാൽ മതി അവ പൊട്ടിച്ചിതറും. ദൈവത്തിന്റെ മുൻപിൽ, ദൈവജനത്തിന്റെ മുൻപിൽ പ്രതിജ്ഞകളെടുത്ത്, മാമ്മോദീസാതുടങ്ങിയുള്ള കൂദാശകൾ സ്വീകരിച്ച്, ഈശോയുടെ, പുരോഹിതരായി, സന്യസ്തരായി, കുടുംബനാഥനും, കുടുംബനാഥയുമായി, ക്രിസ്തുവിന്റെ യുവാക്കളും, യുവതികളുമായി, ഈശോയുടെ ബാലികാബാലന്മാരായി ജീവിച്ചുകൊള്ളാമെന്ന് ഈശോയ്ക്ക് ഉറപ്പ് കൊടുത്ത് തുടങ്ങുന്ന ക്രൈസ്തവജീവിതങ്ങൾക്കിന്ന് സുതാര്യതയില്ല, ആർജ്ജവമില്ല, വിശുദ്ധിയില്ല, ആത്മാർത്ഥതയില്ല, വിശുദ്ധിയില്ല. നമ്മുടെയൊക്കെ ക്രൈസ്തവകുടുംബങ്ങൾക്ക്, ക്രൈസ്തവ സ്ഥാപനങ്ങൾക്ക്, ക്രൈസ്തവസന്യസ്ത ആശ്രമങ്ങൾക്ക്, ക്രൈസ്തവ ദൈവാലയങ്ങൾക്ക് … പുറമെ കാണുന്ന ചന്തമേയുള്ളോയെന്ന് നാം ചിന്തിച്ചുനോക്കേണ്ടതാണ്. പുറമേ കാണുമ്പോൾ മനോഹാരിതയുള്ള, പഴുത്ത് മുറിച്ചുകഴിയുമ്പോൾ ഉള്ളിൽ നിറയെ പുഴുക്കളുള്ള നീലം മാങ്ങകളെപ്പോലെയാണോ നമ്മുടെയൊക്കെ ജീവിതങ്ങൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്ന് ചിന്തിക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ നിർബന്ധിപ്പിക്കുന്നുണ്ട്. വെറുതെ അഭിനയിച്ചു തീർക്കുന്ന ക്രൈസ്തവജീവിതങ്ങൾ. ജീവിക്കുവാൻ മറന്നുപോകുന്ന, യാതൊരു കലർപ്പുമില്ലാത്ത, ഒറിജിനലായ ക്രൈസ്തവരായി ജീവിക്കുവാൻ മടിക്കുന്ന നമ്മുടെ മുൻപിൽ ശരിക്കും, സ്നാപകയോഹന്നാൻ വെല്ലുവിളിതന്നെയാണ്. ക്രിസ്തുവിനെ ഏറ്റുപറയേണ്ട, ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ട, ക്രിസ്തുവിനെ ജീവിതംകൊണ്ട് വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിലെല്ലാം ശരാശരി ക്രൈസ്തവനിന്ന് പരാജയമാണ്. നിരീശ്വര പ്രസ്ഥാനങ്ങളിലെ യുവാക്കളെപ്പോലും തോൽപ്പിക്കുംവിധം തെരുവിൽ ഉറഞ്ഞുതുള്ളുകയാണവർ. എന്ത് ഉശിരാണ് ക്രിസ്തുവിനെതിരെ, ക്രിസ്തുവിന്റെ സഭയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കാൻ!!! ആ ഉശിര് പക്ഷേ, കുരിശുമരണത്തോളം അനുസരണമുള്ളവനായ, ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായിത്തീർന്ന, മനുഷ്യന്റെ രക്ഷകനായിത്തീർന്ന ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ കാണിക്കുന്നില്ലല്ലോയെന്നോർക്കുമ്പോൾ ലജ്ജതോന്നുകയാണ്!

സ്നേഹമുള്ളവരേ, ദനഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സന്ദേശം നമ്മുടെ ഇന്നത്തെ ക്രൈസ്തവജീവിതങ്ങളോട് മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഒരു ഉടച്ചുവാർക്കലിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളാകാതെ, ഫാൻസിഡ്രസ്സ്‌ നടത്തുന്ന കുട്ടികളാകാതെ, മേക്കപ്പിട്ട കോമാളിവേഷങ്ങളാകാതെ

സത്യസന്ധരായ, ഒറിജിനലായ ക്രിസ്തു ശിഷ്യരാകാൻ, ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സ്നാപകന്മാരാകാൻ ഈ ഞായറാഴ്ചത്തെ, വിശുദ്ധ കുർബാനയും, സുവിശേഷ സന്ദേശവും നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ

നിയമവാർത്തനം 18, 13-18

ഏശയ്യാ 48, 12-20

ഹെബ്രാ 6, 9-15

യോഹന്നാൻ, 3, 14-21

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട മനോഹരമായ വചനത്തിന്റെ ചുവടുപിടിച്ച് നമുക്ക് ഇന്നത്തെ വചന വിചിന്തനത്തിലേക്ക് പ്രവേശിക്കാം. “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ ദൈവവചനത്തോട് കിടപിടിക്കുന്ന ഒരു ദൈവവചനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതി കാച്ചിക്കുറുക്കിയെടുത്ത വചനമാണിത്. ഈ വചനത്തിന് അതിഗംഭീരമായ ആന്തരിക സ്ഥിരതയുണ്ട്. ആദ്യം ഈ വചനം ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് പറയുന്നു. പിന്നീട് മനുഷ്യൻ നേടിയെടുക്കേണ്ട നിത്യജീവനെക്കുറിച്ച്. പിന്നെ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്.

ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് എന്തിന് സംസാരിക്കണം എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇവ തങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നില്ലെന്നും, ദൈവമില്ലാതെ തങ്ങൾക്ക് വളരെ നന്നായി ജീവിക്കുവാൻ സാധിക്കും എന്ന് പറയുന്നവരുണ്ടാകാം. ഇവ പൊള്ളയായ വാക്കുകളായും, വെറും കളികളോ കടംകഥകളോ ആയും കാണുന്നവരുണ്ടാകാം .പൊള്ളയായും, കടംകഥകളായും ഇവയെ കരുതുമ്പോഴാണ് മനുഷ്യന്റെ മനസ്സ് എല്ലാത്തരം ചവറുകളുംകൊണ്ട് നിറയുന്നത്. ജീവിതം വെറും പൊള്ളയാകുന്നത്. അപ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്നും, നിശ്ചയിക്കപ്പെട്ട ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് എത്തുന്നതുവരെയുള്ള ജീവിതം നിരാശാജനകവും, വ്യർത്ഥവുമാകുന്നത്. അപ്പോഴാണ് മനുഷ്യർ പ്രകാശത്തെ അന്ധകാരമായും നന്മയെ തിന്മയായും കാണുന്നത്. ‘പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുന്നത്.’

എന്നാൽ, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതം മനോഹരവും പ്രസാദം നിറഞ്ഞതുമാകുന്നത് ഈ മൂന്ന് കാര്യങ്ങൾക്കൊണ്ടാണ്. ഒന്നാമത്തേത് ദൈവം സ്നേഹിച്ചു എന്നതാണ്. സ്നേഹമാണ് പരമോന്നതമൂല്യം. അതുകൊണ്ടാണ് ദൈവം സ്നേഹമാകുന്നു എന്ന് ഈശോയ്ക്ക് പറയുവാൻ കഴിഞ്ഞത്. ദൈവം സ്നേഹമാകുന്നു എന്നത് ഒരു വിശകലനാത്മകമായ  വാചകമാണ് (Analytical sentence). A is A എന്നു പറയുന്നപോലെ. ദൈവം സ്നേഹമാകുന്നു; സ്നേഹം ദൈവമാകുന്നു. ദൈവം നമുക്ക് ജീവൻ തരുന്നത് ഭക്ഷണത്തിലൂടെയല്ല. സ്നേഹത്തിലൂടെയാണ്. സ്നേഹം നമുക്ക് ജീവൻ തരിക മാത്രമല്ല, സൗന്ദര്യമുള്ള, സത്യമുള്ള, മൂല്യമുള്ള മറ്റനേകം കാര്യങ്ങളും നൽകുന്നുണ്ട്. ലൗകിക സമൃദ്ധിയിലല്ല ജീവിതം സമ്പന്നമാകുന്നത് എന്ന് ഈശോ പറയുന്നത് ഇതിന്റെ വെളിച്ചത്തിലാണ്. സ്നേഹത്തിൽ മാത്രമേ, ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമേ ജീവിതം സമ്പന്നമാകുകയുള്ളു.

ദൈവം എന്തിനെയാണ് സ്നേഹിച്ചത്? ലോകത്തെ. ലോകം എന്നുള്ളത് ഇവിടെ ഒരു പൊതുനാമമാണ്. ദൈവം താൻ സൃഷ്ടിച്ച ലോകത്തെ സ്നേഹിച്ചു എന്നല്ല പറയുന്നത്. ഒരു വിശേഷണവും ഇവിടെ ഇല്ല. ഈ ലോകത്തെയെന്നും പറയുന്നില്ല. This എന്ന Demonstrative pronoun ഉപയോഗിക്കുന്നില്ല. ലോകത്തെ എന്നാണ് പറയുന്നത്. ഇവിടെ ലോകമെന്നത് എന്തുമാകാം. പ്രപഞ്ചം മുഴുവനും ലോകമാണ്. ഞാൻ എന്ന് പറയുന്ന വ്യക്തി ലോകമാണ്. മാനസിക വിശകലനത്തിന്റെ (Psychoanalysis) പിതാവായ ഫ്രോയിഡ് (Sigmund Freud) പറയുന്നത് ഓരോ മനുഷ്യനും ഒരു ലോകമാണ് എന്നാണ്. ഓരോ കുടുംബവും ലോകമാണ്. ഓരോ ഇടവകയും, രൂപതയും ലോകമാണ്. സീറോമലബാർ സഭ ലോകമാണ്. തിരുസ്സഭയും ലോകമാണ്. എന്റെ ലോകം എന്ന ഒരു സങ്കല്പം തന്നെയുണ്ട്. മാതാപിതാക്കൾക്ക് കുടുംബമാണ് അവരുടെ ലോകം. മക്കൾക്ക് മാതാപിതാക്കളാണ് അവരുടെ ലോകം. പ്രേമിക്കുന്ന ഒരു വ്യക്തി കൂട്ടുകാരനോട്, കൂട്ടുകാരിയോട് പറയുന്നത് You are my world എന്നല്ലേ? കവിയും എഴുത്തുകാരനും അധ്യാപകനുമായ അവിജിത് ദാസ് (Avijeet Das) പറയുന്നത് “My students are my world. And my heart is where they stay permanently.” ഇതുപോലെ ദൈവത്തിനും ലോകമുണ്ട്. ദൈവം സ്നേഹിക്കുന്ന, ദൈവത്തിന്റെ ഹൃദയം എപ്പോഴും വസിക്കുന്ന ലോകം. അത് മകളേ, മകനേ നീയാകുന്ന ലോകമാണ്.

ലോകം ഒരു പൊതുനാമമാണ്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ അതിന് വ്യാപകമായ അർത്ഥമുണ്ട്; അർത്ഥതലങ്ങളുണ്ട്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ ഞാനാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. അത്രയ്ക്കും വ്യക്തിപരമാണ് ഈ പ്രസ്താവന.

എങ്ങനെയാണ് സ്നേഹിച്ചത്? തന്റെ പുത്രനെ നൽകുവാൻ തക്കവിധം. എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? തന്റെ പുത്രനെ നൽകുവാൻ എന്നത് മനുഷ്യന്റെ ദൈവത്തെക്കുറിച്ചുള്ള, ദൈവസ്നേഹത്തെക്കുറിച്ചുള്ള അവതരണമാണ്. പുത്രനോ, പുത്രിയോ എന്നത് മാതാപിതാക്കളുടെ ഭാഗമാണ്, മാതാപിതാക്കൾ തന്നെയാണ്. അതുകൊണ്ടാണ്, തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന രൂപകം മനുഷ്യൻ ഉപയോഗിക്കുന്നത്. ദൈവംതന്നെ ഭൂമിയിലെത്തി എന്നുപറയുവാൻ ആഗ്രഹിച്ച മനുഷ്യന്റെ അവതരണമാണിത്. ഖലീൽ ജിബ്രാൻ (Khalil Gibran) തന്റെ „പ്രവാചകൻ“ (The Prophet)  എന്ന പുസ്തകത്തിൽ വളരെ വ്യക്തമായി ഈ കാര്യം മനസ്സിലാക്കിത്തരുന്നുണ്ട്. “സ്നേഹം തന്നെത്തന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്നിൽ നിന്നുമല്ലാതെ മറ്റൊന്നിൽ നിന്നുമാണ് അത് എടുക്കുന്നത്…” സ്നേഹം തന്നെത്തന്നെ മാത്രമേ നൽകൂ. അതിൽ കൂടുതൽ നല്കാനാകില്ല. അതിലും മഹത്തായത് ചിന്തിക്കാൻ കഴിയില്ല. അതിലും മൂല്യമുള്ളത് സ്നേഹത്തിന് നല്കാനില്ല. സ്നേഹം തന്നെതന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന് പറഞ്ഞാൽ ദൈവം തന്നെത്തന്നെ ഭൂമിക്ക് നൽകി എന്നാണ് അർഥം. ദൈവത്തിന്റെ, ദൈവസ്നേഹത്തിന്റെ സമൂർത്ത രൂപമാണ് പുത്രൻ.

എന്തിനാണ് ദൈവം ലോകത്തെ തന്റെ പുത്രനെ നൽകുവാൻ തക്കവിധം അത്രമാത്രം സ്നേഹിച്ചത്? മനുഷ്യന് നിത്യജീവനുണ്ടാകുവാൻ. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യന് നിത്യജീവൻ ഉണ്ടാകുവാൻ, മനുഷ്യർ രക്ഷിക്കപ്പെടുവാൻ. കുടുംബമാകുന്ന ലോകം, ഇടവകയാകുന്ന ലോകം, തിരുസ്സഭയാകുന്ന ലോകം രക്ഷിക്കപ്പെടുവാൻ. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് നാമാകുന്ന ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, പ്രത്യുത, അവൻ വഴി നാമാകുന്ന ലോകം രക്ഷപ്രാപിക്കാനാണ്. (യോഹ 3,17 ) വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം പത്താം വാക്യം പറയുന്നു: ‘ കൊല്ലാനും നശിപ്പിക്കുവാനുമാണ് കള്ളൻ വരുന്നത്. എന്നാൽ ഞാൻ വന്നിരിക്കുന്നത് മനുഷ്യർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനുമാണ്.’ (യോഹ 10, 10) കാരണം നിത്യജീവന്റെ വാക്കുകൾ ദൈവത്തിന്റെ, ക്രിസ്തുവിന്റെ പക്കൽ മാത്രമേയുള്ളു. (യോഹ 6, 68) തന്റെ പരസ്യജീവിതകാലത്ത് ഈശോ നടത്തിയ ഏറ്റവും ദീർഘമായ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രഭാഷണത്തിലും അവിടുന്ന് പറയുന്നത് ഇപ്രകാരമാണ്. : “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ.” (യോഹ 6, 27) നമ്മുടെ ഈ ഭൂമിയിലെ ജീവിതം വരപ്രസാദ പൂർണമാക്കുന്നത് ക്രിസ്തുവിന്റെ ജീവനിലുള്ള പങ്കാളിത്തമാണ്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നാമാകുന്ന ലോകത്തെ, നമ്മുടെ കുടുംബമാകുന്ന ലോകത്തെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹം മറക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കണം. നാം ജീവിക്കുന്ന ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവം സ്നേഹിക്കുന്ന ധാരാളം ലോകങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ തകർക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നമ്മുടെ കുടുംബങ്ങളാകുന്ന ലോകത്തെ ശിഥിലമാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന സീറോമലബാർ സഭയാകുന്ന ലോകത്തെ ഇല്ലാതാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന തിരുസ്സഭയാകുന്ന ലോകത്തെ നശിപ്പിക്കുവാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ, ശത്രുവിന് ഒരുത്തിരി സ്ഥലം പോലും നാമാകുന്ന ലോകത്ത് കൊടുക്കാതിരിക്കണം. ഒരു ചെറിയ ഇടം നാമാകുന്ന ലോകത്ത് ശത്രുവിന് കൊടുത്താൽ അത് മതി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകം തകർക്കുവാൻ. മരുഭൂമിയിൽ ഒരു യാത്രക്കാരൻ തൽമാത്രം വയ്ക്കുവാൻ ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥ ഓർക്കുന്നില്ലേ? തല വയ്ക്കുവാൻ ഒരു നുള്ള് സ്ഥലം കൊടുത്തിട്ട് അവസാനം യാത്രക്കാരനെ ഒട്ടകം പുറത്താക്കി.

ഇന്നത്തെ ആനുകാലിക സംഭവങ്ങൾ നമ്മോട് പറയുന്നത്, നമ്മൾ ക്രൈസ്തവർ  തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന ലോകങ്ങളിൽ, നമ്മുടെ ജീവിതങ്ങളിൽ, കുടുംബങ്ങളിൽ ശത്രുവിന് ഇടം കൊടുക്കുന്നുണ്ട് എന്നാണ്. അങ്ങനെ ശത്രുവിന് ഇടം കൊടുത്താൽ പുൽക്കൂടുപോലെ, വിശുദ്ധ ബൈബിൾപോലെ നാം വിശുദ്ധമായി കരുതുന്ന പലതും പതുക്കെ പതുക്കെ നശിപ്പിക്കപ്പെടും!  തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളിൽ ജീവിക്കുവാൻ പറ്റാത്തവിധം നമ്മുടെ ജീവിതം അസഹ്യമാകും, അസാധ്യമാകും!!?

ഒരാൾ തന്റെ വീട് പത്തുലക്ഷം രൂപയ്ക്ക് വിൽക്കുവാൻ തീരുമാനിച്ചു. വീടില്ലാത്ത ഒരു പാവം മനുഷ്യന് ഈ വീട് വളരെ ഇഷ്ടമായി. എന്നാൽ ആ പാവപ്പെട്ടവന് തന്റെ കയ്യിൽ മൂന്ന് ലക്ഷമേ ഉണ്ടയിരുന്നുള്ളു. അയാൾ വന്ന് തന്റെ പ്രശ്നം വീട്ടുടമസ്ഥനോട് പറഞ്ഞു. വീട്ടുടമസ്ഥൻ തന്റെ വീട് പാവപ്പെട്ടവന് നൽകുവാൻ സമ്മതിച്ചു. ഒരൊറ്റ കണ്ടീഷൻ മാത്രം ആ ഉടമസ്ഥൻ മുന്നോട്ടുവച്ചു. ഈ വീടിന്റെ ചുവരിൽ ഒരു ആണി എന്റേതായി കാണും. ആ ആണിയുടെ ഉടമസ്ഥൻ ഞാനായിരിക്കും. ആ ആണിയൊഴികെ എല്ലാം നിന്റേതായിരിക്കും. അവർ രണ്ടുപേരും ആ കാര്യത്തിൽ സമ്മതിച്ചു. പുതിയവീട്ടിൽ ആ മനുഷ്യൻ താമസവും ആരംഭിച്ചു. സന്തോഷകരമായ ദിനങ്ങൾ കഴിഞ്ഞുപോയി. ചില നാളുകൾക്കുശേഷം ആദ്യത്തെ ഉടമസ്ഥന് ഒരാഗ്രഹം, തന്റെ പഴയ വീട് തിരികെ വേണം. എന്നാൽ അത് കൊടുക്കുവാൻ പുതിയ ഉടമസ്ഥന് താത്പര്യമില്ലായിരുന്നു. പഴയ ഉടമസ്ഥൻ പോയി ഒരു ചത്ത മൃഗത്തെ തനിക്ക് അവകാശപ്പെട്ട ആണിയിൽ കൊണ്ട് തൂക്കി. ആ ശവം അവിടെകിടന്ന് ജീർണിക്കുവാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെ പിടിച്ചു നിൽക്കുവാൻ അവർ എല്ലാവരും ശ്രമിച്ചു. പക്ഷെ അവർക്ക്, ഒന്നും പറയുവാൻ പറ്റാത്ത അവസ്ഥയായി. ഉടമ്പടി പ്രകാരം ആ ആണി അയാളുടേതാണ്. ദുർഗന്ധം വമിക്കുന്ന ഓരോരോ കാര്യങ്ങൾ ആ ആണിയിൽ തൂക്കി അവിടെ ജീവിക്കുവാൻ പറ്റാത്ത അവസ്ഥ അയാൾ ഒരുക്കി. ഒരൊറ്റ ആണി! ആ ആണിയുടെ ഉടമസ്ഥാവകാശം കയ്യിൽവച്ചുകൊണ്ട് അയാൾ ആ വീടിന്റെ സമാധാനം കെടുത്തി.

സ്നേഹമുള്ളവരേ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളെ തകർക്കുവാൻ ശത്രുവിന് ഒരു ചെറിയ ഇടം മതി. വളരെ നിസ്സാരങ്ങളെന്ന് ചെലപ്പോൾ തോന്നാവുന്ന ആ ചെറിയ ഇടങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ അത് മതി, നമ്മുടെ ലോകങ്ങൾ തകർക്കുവാൻ. നമ്മുടെ സ്വാഭാവിക പ്രവണതകൾ, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, പുകവലി, അഹങ്കാരം, തുടങ്ങിയ കുറവുകളാകാം, ആരെങ്കിലും പറഞ്ഞ ഒരു വക്കാകാം, ഒരു ചെറിയ നിരാശയാകാം, ആരുടെയെങ്കിലും രോഗമാകാം അങ്ങനെയുള്ള ആണികൾ മതി നമ്മുടെ ജീവിതത്തെ, നമ്മുടെ ലോകങ്ങളെ ദുർഗന്ധപൂരിതമാക്കുവാൻ! നാമാകുന്ന ലോകത്തിന്റെ, നമ്മുടെ കുടുംബമാകുന്ന ലോകത്തിന്റെ സകല സൗന്ദര്യവും, സുഗന്ധവും തകർക്കുവാൻ ഇവ മതിയാകും. നമ്മുടെ അൽപ്പം ശത്രുവിന് നൽകിയാൽ അതിലൂടെ അവൻ നമ്മുടെ മുഴുവനെയും എടുക്കും.

ഇന്നത്തെ ദൈവവചനം നമ്മോട് പറയുന്നത് തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്നാണ്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്നത് നാമാകുന്ന ലോകത്തെയാണ്. നമുക്ക് നിത്യജീവൻ നൽകുവാൻ വേണ്ടിയാണ് അവിടുന്ന് നാമാകുന്ന ലോകത്തെ സ്നേഹിക്കുന്നത്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ ദൈവകൃപയുള്ളതാക്കി നിലനിർത്തുവാൻ നമുക്ക് സാധിക്കട്ടെ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഞാനാകുന്ന ലോകത്തെ, എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ച ദൈവം – ഇതായിരിക്കട്ടെ ഈ ആഴ്ചയിലെ നമ്മുടെ ധ്യാനം. ഈ ധ്യാനവഴികൾ ദൈവാനുഗ്രഹത്തിന്റെ അരുവികളായിരിക്കും. തീർച്ച! ആമേൻ!

SUNDAY SERMON JN 2, 1-11

ദനഹാക്കാലം നാലാം ഞായർ

സംഖ്യ 11, 23-35

ഏശയ്യാ 46, 5-13

ഹെബ്രാ 7, 23-28

യോഹന്നാൻ 2, 1-11

പ്രധാന ആശയം

ക്രിസ്തുമതത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്ന, ആന്തരികതയെ വ്യക്തമാക്കുന്ന സുന്ദരമായ ഒരു അത്ഭുതമാണ് കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചത്. ക്രിസ്തുമതത്തിലെ ആന്തരികയെന്നത് നിരന്തരം വളരുന്ന, രൂപാന്തരം പ്രാപിക്കുന്ന, മനോഹരമായി ഇതൾവിടരുന്ന ദൈവികതയാണ്, വെള്ളം വീഞ്ഞാകുന്ന അത്ഭുതമാണ്. ക്രൈസ്തവജീവിതം എന്നത്, വെള്ളം വീഞ്ഞാകുന്ന, മാനുഷികത ദൈവികതയാകുന്ന, മാനുഷിക ബലഹീനത, ദൈവകൃപയാൽ ദൈവിക ശക്തിയാകുന്ന വലിയൊരു അത്ഭുതമാണ്.

പശ്ചാത്തലം

വാസ്തവത്തിൽ, മനുഷ്യൻ, ഇന്നുവരെ വെളിപ്പെടുത്തപ്പെട്ട വേദഗ്രന്ഥങ്ങളെ, അവയുടെ ആത്മാവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. വേദഗ്രന്ഥങ്ങളുടെ അന്തസത്ത എന്തെന്ന് അന്വേഷിക്കുവാൻ മനുഷ്യൻ അധികം മെനക്കെട്ടിട്ടില്ല. അങ്ങനെത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട കാനായിലെ അത്ഭുതത്തെ ക്രൈസ്തവർപോലും വ്യക്തമായി മനസ്സിലാക്കിയിട്ടില്ല. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി വേദങ്ങളെ, സുവിശേഷങ്ങളെ, അവയിൽ വിവരിക്കുന്ന അത്ഭുതങ്ങളെ വ്യാഖ്യാനിക്കാമെങ്കിലും, അവയുടെയൊക്കെ സത്ത, Essence ആന്തരികതയാണ്, ആധ്യാത്മികതയാണ്. ഒറ്റ സ്വരത്തിൽ അവയെല്ലാം വിളിച്ചുപറയുന്നത് രൂപാന്തത്തെക്കുറിച്ചാണ്. മനുഷ്യൻ ഈ ഭൂമിയിൽ അവളുടെ/അവന്റെ സ്വാഭാവിക പ്രവണതകൾക്കനുസരിച്ച്, മാനുഷിക ചോദനകൾക്കനുസരിച്ച് ജീവിച്ച് മരിക്കേണ്ട ഒന്നല്ല. അങ്ങനെ ജീവിച്ചാൽ മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം വെറും വയലിലെ പുല്ലിന് സദൃശ്യമാകും. ദൈവാത്മാവിനാൽ നിറഞ്ഞ മനുഷ്യൻ തന്നിലെ ദൈവികതയെ ഊതിക്കത്തിച്ച് ആ ദൈവിക പ്രകാശത്താൽ നിറയേണ്ടവളും, നിറയേണ്ടവനുമാണ്. മറ്റെരുവാക്കിൽ, വെറും വെള്ളമായ മനുഷ്യൻ വീഞ്ഞായി തീരേണ്ട മഹാത്ഭുതത്തിലൂടെ കടന്നുപോകേണ്ടവനാണ്. അങ്ങനെ ദൈവികതയുടെ സുവർണ താക്കോൽ കണ്ടെത്തി ജീവിതത്തിൽ ദൈവിക വസന്തം വിടർത്തേണ്ട, അതിനോടൊപ്പം നൃത്തം ചെയ്യേണ്ടവനാണ് മനുഷ്യൻ.

ഇന്നത്തെ സുവിശേഷ ഭാഗം കേവലം വെറുമൊരു മാനുഷിക സാഹചര്യത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണവീടിന്റെ മനോഹരമായ ഇടത്തിലാണ് ഈ അത്ഭുതം സംഭവിക്കുന്നത്. ഗലീലിയ എന്ന വലിയ പ്രദേശത്തുള്ള കാന എന്ന ഗ്രാമത്തിലെ  ഒരു കല്യാണവീട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ ആദ്യത്തെ അത്ഭുതത്തിനുള്ള, അതിലൂടെ തന്റെ ദൈവിക പ്രാഭവം വെളിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം. ഈ ഭൂമിയിൽ താൻ മനുഷ്യനായി അവതരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമായി ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സീൻ. എന്താണ് ഈശോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ? എന്തിനാണ് ദൈവം മനുഷ്യനായി പിറന്നത്? എന്തിനാണ് സ്വർഗം ഈ ഭൂമിയിൽ വന്ന് മണ്ണിനെ പുണർന്നത്? ഉത്തരം ഒന്നേയുള്ളു. മനുഷ്യനെ ദൈവികതയാൽ നിറയ്ക്കുവാൻ. മണ്ണിനെ വിണ്ണോളമുയർത്തുവാൻ! മൃഗീയതയിൽ രമിക്കുന്ന മനുഷ്യനെ, ദൈവകൃപയാൽ നിറച്ച് ദൈവമകളാക്കുവാൻ, ദൈവമകനാക്കുവാൻ! വെറും വെള്ളമായ മനുഷ്യനെ വീഞ്ഞാക്കുവാൻ! ഇവിടെ വെള്ളമുണ്ട്, വീഞ്ഞുണ്ട്. പരിശുദ്ധ അമ്മയുണ്ട്, ഭാവിയിൽ ശ്ലൈഹിക പിന്തുടർച്ചയ്ക്കായുള്ള ശിഷ്യരുണ്ട്. വീഞ്ഞ് തീർന്നുപോകുന്ന അവസ്ഥ കല്യാണവീടുകളിൽ വെറും സാധാരണമാണ്. ഇങ്ങനെയുള്ള അവശ്യഘട്ടത്തിൽ സഹായിക്കാനെത്തുന്നവൻ തീർച്ചയായും ഒരു ദൈവ പുരുഷൻ തന്നെയാകും.  ക്രിസ്തുവിന് ഇടപെടുവാൻ തീർത്തും അനുയോജ്യമായ സാഹചര്യം. ജനം, ലോകം എത്രമാത്രം തന്റെ മനസ്സ് വായിക്കുമെന്ന് ഈശോയ്ക്കറിയില്ലെങ്കിലും, അവിടുന്ന് ഇടപെടുകയാണ്.

വ്യഖ്യാനം 1

കല്യാണവീട്ടിലെ ഇല്ലായ്മയുടെ വേളയിൽ ഈശോയുടെ ഇടപെടലിലൂടെ അവരുടെ നാണക്കേട് മാറുകയും അവർ വിസ്മയഭരിതരാകുകയും ചെയ്യുന്നുണ്ട്. നല്ലതുതന്നെ. എന്നാൽ ഈശോയുടെ മനസ്സിൽ നിറഞ്ഞു നിന്നത് രണ്ട് ഘടകങ്ങളാണ്. വെള്ളവും വീഞ്ഞും.

യഹൂദപാരമ്പര്യത്തിന്റെ സംസ്കാരംപേറുന്ന ആറ് ശൂന്യമായ കൽഭരണികൾ അവിടെ ഉണ്ടായിരുന്നു.  അവ ഉപയോഗിച്ചിരുന്നതാകട്ടെ ശുദ്ധീകരണകർമ്മങ്ങൾക്കുവേണ്ടിയായിരുന്നു. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ”. ഈശോ വെള്ളം എന്ന ഘടകത്തെ അവിടെ കൊണ്ടുവരികയാണ്. ഈശോയ്ക്ക് വേണമെങ്കിൽ ഒറ്റവാക്കിൽ കല്യാണവീട്ടുകാരുടെ ആവശ്യം സാധിതമാക്കാമായിരുന്നു. വീഞ്ഞ് നിറയട്ടെ എന്ന് ഒരു രജനീകാന്ത് സ്റ്റൈലിൽ കയ്യൊന്ന് വായുവിൽ കറക്കി പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത്ഭുതം ഒന്നുകൂടി സ്റ്റൈലാകുമായിരുന്നു. പക്ഷെ ഈശോ പറയുന്നത് വെള്ളം നിറയ്ക്കുവിൻ എന്നാണ്. വെള്ളം ഇവിടെ ഒരു പ്രതീകമാണ്, ശൂന്യമായ യഹൂദ പാരമ്പര്യത്തിന്റെ പ്രതീകം. നശ്വരമായ സകലത്തിന്റെയും പ്രതീകം. മൂന്ന് ദിവസത്തിൽ കൂടുതൽ വെള്ളം കേടുകൂടാതിരിക്കുകയില്ല. ഇന്ന് കുപ്പികളിൽ കിട്ടുന്ന വെള്ളത്തെക്കുറിച്ചല്ലാ കേട്ടോ ഞാൻ പറയുന്നത്. മൂന്ന് ദിവസമാകുമ്പോഴേക്കും ദുർഗന്ധം വന്നുതുടങ്ങും. വെള്ളം മനുഷ്യന്റെ പ്രതീകമാണ്. മനുഷ്യന്റെ ബലഹീനതകളുടെ, മനുഷ്യനിലെ എല്ലാ തിന്മകളുടെ, യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ, ആർത്തിയുടെ, നശീകരണപ്രവണതകളുടെ, പ്രായംചെല്ലുംന്തോറും ഇല്ലാതാകുന്ന നന്മകളുടെ പ്രതീകമാണ്. ഇന്നുണ്ടായി അല്പം കഴിഞ്ഞ് കൊഴിഞ്ഞുപോകുന്ന പൂവിന് സമമാണ് മനുഷ്യൻ. ആ മനുഷ്യന്റെ പ്രതീകമാണ് വെള്ളം.

ദിവസങ്ങൾ കഴിയുന്തോറും ചീഞ്ഞുതുടങ്ങുന്ന വെള്ളംപോലെ മനുഷ്യനിലെ നിഷ്കളങ്കത ഇല്ലാതാകുകയാണ്. മനുഷ്യന് പ്രായം കൂടുന്നുണ്ട്. അവൾ/ അവൻ വളരുകയാണ്. എന്നാൽ അവൾ/അവൻ കൂടുതൽ നിഷ്കളങ്കരാകുന്നില്ല. അവൾക്ക്/അവനു കൂടുതൽ ഉൾക്കാഴ്ച്ച കിട്ടുന്നില്ല, കൂടുതൽ ദൈവികരാകുന്നില്ല. അവർ ദുർഗന്ധം നിറഞ്ഞ, ചീഞ്ഞളിഞ്ഞ വ്യക്തിത്വങ്ങളാകുകയാണ്. വെറും വെള്ളം!!ഇതാണ് ഈശോയെ അലട്ടുന്ന പ്രശ്നം. ദൈവം നൽകുന്ന നിഷ്കളങ്കത, ദൈവികത, മനുഷ്യൻ നഷ്ടപ്പെടുത്തുന്നു. അവൾ/അവൻ പിന്നീട് അതിലേക്ക് രൂപാന്തരപ്പെടുന്നില്ല. 

വിവരണം

കുഞ്ഞു മരിയയ്ക്ക് 3 വയസ്സുള്ളപ്പോഴാണ് ഒരു അനുജൻ പിറക്കുന്നത്.  നക്ഷത്രക്കണ്ണുള്ള ആ കുഞ്ഞിനെ തൊടാനും ലാളിക്കാനും മരിയയ്ക്ക് വലിയ ഇഷ്ടമാണ്. അവളുടെ ഒരു ആഗ്രഹം മാതാപിതാക്കളെ തെല്ല് അസ്വസ്ഥതപ്പെടുത്തി.  കുഞ്ഞിനെ അവളുടെ മടിയിൽ കിടത്തി മാതാപിതാക്കൾ മുറിയിൽ നിന്ന് മാറി നിൽക്കണം എന്നാണ് അവൾ പറയുന്നത്. എന്തിനായിരിക്കും? എന്തോ രഹസ്യം പറയാൻ ആണത്രേ. കുഞ്ഞുങ്ങൾ ഇളയവരെ ഉപദ്രവിക്കാറുണ്ട് എന്ന് കേൾക്കാറുണ്ടല്ലോ. ഒരു ദിവസം അവളുടെ ആഗ്രഹപ്രകാരം കുഞ്ഞിനെ മടിയിൽ കിടത്തി, പപ്പയും മമ്മിയും മുറിയിൽ നിന്ന് പുറത്തിറങ്ങി. അവർ തനിച്ചായപ്പോൾ മരിയ കുഞ്ഞിനെ ചുംബിച്ചു. എന്നിട്ട് കാതിൽ ഒരു രഹസ്യം എന്നതുപോലെ ചോദിച്ചു” “പറയൂ, ദൈവം എങ്ങനെയാണ് ഇരിക്കുന്നത്? സ്വർഗ്ഗം എങ്ങനെയാണ്? ഞാൻ എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു.” (ആഴം, ഡോ. ഫാ. ഷിന്റോ മംഗലത്ത് വി.സി., പേജ് 42)

അങ്ങനെയായിരുന്നു മനുഷ്യവംശത്തിന്റെ ബാല്യം.  ഈ മണ്ണിൽ പിറന്നുവീണ് വളർന്നു തുടങ്ങുമ്പോൾ സ്വർഗ്ഗവും ദൈവവും ഒക്കെ വിസ്മരിക്കപ്പെട്ടു പോകുന്നു. മനുഷ്യനെ ആ നിഷ്കളങ്കതയിലേക്ക്, ദൈവികതയിലേക്ക് വീണ്ടെടുക്കാനാണ് ഈശോ വന്നത്. “ഭരണികളിൽ വെള്ളം നിറയ്ക്കുവിൻ.“ ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.

വ്യാഖ്യാനം 2

വെള്ളം പകർന്ന് കാലവറക്കാരന്റെ അടുത്ത് എത്തിയപ്പോഴേയ്ക്കും അത് വീഞ്ഞായി മാറിയിരുന്നു. രൂപാന്തരപ്പെട്ടിരുന്നു. വീഞ്ഞ് ദൈവികതയുടെ പ്രതീകമാണ്. ക്രിസ്തുവിന്റെ പ്രതീകമാണ്. അനശ്വരമായ സകലത്തിന്റെയും പ്രതീകം. വീഞ്ഞ് നിങ്ങൾ സൂക്ഷിച്ചു വയ്ക്കൂ …ദിവസം ചെല്ലുംന്തോറും അതിന്റെ രുചി കൂടിവരും. വീര്യം കൂടിവരും. അത് ഒരിക്കലും നശിച്ചുപോകുകയില്ല. അത് Spirit ആണ്. Spirit ന് നാശം ഇല്ലല്ലോ. ഈശോയുടെ തത്വം ഇതാണ്. മനുഷ്യനിലെ നഷ്ടപ്പെട്ട് പോയ നിഷ്കളങ്കത, ദൈവികത, അനശ്വരത വീണ്ടെടുക്കുക. അതിലേക്ക് മനുഷ്യൻ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. വെള്ളം വീഞ്ഞായി രൂപപ്പെട്ടതുപോലെ. ഈശോയുടെ സുവിശേഷം രൂപാന്തരത്തിന്റെ, Transformation ന്റെ സുവിശേഷമാണ്.

മനുഷ്യജീവിത സാഹചര്യങ്ങളിൽ രൂപാന്തരത്തിന്റെ അത്ഭുതം മനുഷ്യനിൽ നടക്കണം. രൂപാന്തരത്തിലൂടെ പ്യൂപ്പയിൽ നിന്ന് ദൈവികതയിലേക്ക് ഉണരുന്ന ശലഭമായി തീരുന്ന അത്ഭുതം നടക്കേണ്ടിയിരിക്കുന്നു. മൃഗീയതിൽ അഭിരമിക്കുന്ന, ലോകത്തിന്റെ ആഡംബരങ്ങളിൽ മുഴുകുന്ന മനസ്സുകൾക്ക് ഈ രൂപാന്തരത്തിന്റെ കഥയോട് വലിയ താത്പര്യം ഉണ്ടാകില്ല. എന്നാൽ രൂപാന്തരത്തിലേക്ക് മനുഷ്യനെ നയിക്കുവാനാണ് ക്രിസ്തു ഈ ഭൂമിയിൽ വന്നത്. അതുകൊണ്ടാണ് തന്റെ ആദ്യത്തെ അത്ഭുതം തന്നെ മഹത്വപൂർണമാക്കുവാൻ അവിടുന്ന് ആഗ്രഹിച്ചത്.  

സന്ദേശം

ശുദ്ധീകരണകർമത്തിന് ഉപയോഗിച്ചിരുന്ന കൽഭരണികളെ ഈശോ രൂപാന്തരത്തിന്റെ പാത്രങ്ങളാക്കി മാറ്റുകയാണ്. ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം ശുദ്ധീകരിക്കപ്പെടുവാനുള്ളതാണ്. രൂപാന്തരത്തിലേക്ക് കടന്നെത്തി നിൽക്കുവാനുള്ളതാണ്. മനുഷ്യന്റെ സാധാരണ ആവശ്യങ്ങളിൽ, ശൂന്യതകളിൽ നിറവായി വരുന്നവനാണ് ക്രിസ്തു. മനുഷ്യന്റെ ഇല്ലായ്മയെ, ഉള്ളായ്മയാക്കി മാറ്റുന്നവനാണ് ദൈവം. ഉറപ്പുതന്നെ. എന്നാൽ ആ നിറവ് രൂപാന്തരത്തിന്റെ, വീഞ്ഞിന്റെ, ദൈവികതയുടെ നിറവായി മാറണം. ഈശോ നമ്മെ ക്ഷണിക്കുന്നത് ഈ രൂപാന്തരത്തിലേക്ക് നാം എത്തിച്ചേരുവാനാണ്.

കാരണം, ക്രിസ്തു ലക്‌ഷ്യം വയ്ക്കുന്നത് ഉന്നതമായവയെയാണ്. ശരിയാണ്, മനുഷ്യന്റെ മാനുഷിക ആവശ്യങ്ങള പ്രധാനപ്പെട്ടതുതന്നെ. പക്ഷേ, ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് അതുക്കും മേലെ സ്വർഗ്ഗത്തിലേക്കാണ്.  

നാമോരോരുത്തരും, ക്രിസ്തുവിന്റെ സഭയിൽ, കത്തോലിക്കാ തിരുസഭയിൽ മാമ്മോദീസയിലൂടെ അംഗങ്ങളായി തീർന്നിരിക്കുന്നത് നമ്മുടെ മാനുഷികതയിൽ ദൈവികത നിറയ്ക്കുന്ന, നമ്മുടെ മാനുഷികതയെ ദൈവികമാക്കുന്ന അത്ഭുതത്തിന് സാക്ഷികളാകുവാനാണ്. വെള്ളം വീഞ്ഞായി മാറുന്ന അത്ഭുതം നമ്മിൽ സംഭവിക്കുവാനാണ്.

ഇന്നും ക്രിസ്തു നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വന്ന്, നമ്മോടൊത്തായിരുന്നുകൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തുകയാണ്, രൂപാന്തരത്തിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണെങ്കിലും അവിടുത്തെ കൗദാശിക സാന്നിധ്യം നിലനിൽക്കുന്നതും അത്ഭുതം പ്രവർത്തിക്കുന്നതും തിരുസ്സഭയിലാണ്.

പഞ്ചഭൂതബന്ധിയായ അനുഭവത്തിനും അപ്പുറം നിലകൊള്ളുന്ന വെളിപ്പെടുത്തപ്പെട്ട ദൈവികതയുടെ (revealed divinity) കൗദാശിക സാന്നിധ്യമായ (Sacramental presence) വിശുദ്ധ കുർബാന രൂപാന്തരത്തിന്റെ പൂർണതയാണ്. അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം. പ്രത്യക്ഷത്തിന്റെ (Facticity) അസ്തിത്വവഴികളിൽ രൂപാന്തരത്തിന്റെ (Transcendence) അത്ഭുതമാണ് വിശുദ്ധ കുർബാന സൃഷ്ടിക്കുന്നത്.“ (ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന, ഫാ. സാജു പൈനാടത്ത് എംസിബിഎസ്, പേജ് 71)

സമാപനം

വെള്ളം വീഞ്ഞാകുന്ന രൂപാന്തരത്തിന്റെ അത്ഭുതം ഇന്ന് തിരുസഭയിൽ, തിരുസഭാമക്കളിൽ നടക്കുന്നില്ല എന്ന വലിയ ദുരന്ത മുഖത്താണ് നാം ജീവിക്കുന്നത്. മാമ്മോദീസയിലൂടെ തിരുസ്സഭയുടെ മക്കളായി ഉയർത്തപ്പെടുന്നുണ്ടെങ്കിലും, ആ അവസ്ഥയിലേക്ക് തങ്ങളെ ഉയർത്തിയെടുക്കുവാൻ, രൂപാന്തരപ്പെടുത്തിയെടുക്കുവാൻ നമുക്കാകുന്നില്ല.  വെള്ളമായിത്തന്നെ നിലനിൽക്കുന്നതുകൊണ്ട് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പരിമളം പരത്തുന്നില്ല, എന്ന് മാത്രമല്ല, ദുർഗന്ധം പടർത്തുകയാണ്. ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് ഇന്നത്തെ സുവിശേഷ സന്ദേശം വായിക്കുമ്പോൾ മനസ്സിലാകും എത്രമാത്രം ദുർഗന്ധമാണ് നാം പരത്തുന്നതെന്ന്!  ക്രൈസ്തവരെ കാണുമ്പോൾ ഇന്ന് മറ്റുള്ളവർ മൂക്കുപൊത്തുകയാണ്. ക്രിസ്തു ചൈതന്യമില്ലാത്ത, തിരുസ്സഭയെയും, സഭാസംവിധാനത്തെയും, ശ്ലൈഹീക പിന്തുടർച്ചയെയും അവഗണിക്കുന്ന കൃത്രിമ ക്രൈസ്തവരായ നമ്മെ കാണുമ്പോൾ, നമ്മുടെ അടുത്ത് വരുമ്പോൾ നാം ചീഞ്ഞുനാറുകയാണ് പ്രിയപ്പെട്ടവരേ.

വെറും വെള്ളമായി എത്രനാൾ ഇങ്ങനെ ചീഞ്ഞളിഞ്ഞ ജീവിതങ്ങളുമായി നാം ജീവിക്കും??? രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു നാം. വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്ക്!! ആമേൻ!

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ

സംഖ്യ 10, 29-36

ഏശയ്യാ 45, 11-17

ഹെബ്രാ 3, 1-6

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.  

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി;ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2)   ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻ ബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും, പ്ലേറ്റോയുടെയും ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട് LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം. വചനം ദൈവമാണ്;വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും ഇപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ  പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.  

വിവരണം

1. ഈയിടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടക്കുന്ന പ്രശ്നങ്ങളുടെ ചില വീഡിയോകൾ കാണുവാൻ ഇടയായി. അതിൽ ഇരുഭാഗവും ഉപയോഗിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ദുഃഖം തോന്നി. ഒരു വ്യക്തി അതിനെക്കുറിച്ച് പറഞ്ഞത്, ഭരണിപ്പാട്ട് ഇതിലും എത്രയോ ഭേദം എന്നാണ്. എങ്ങനെ ദൈവത്തിന്റെ കൃപയുടെ ഒഴുക്കുണ്ടാകും?! നാം ഉരുവിടുന്ന വാക്കുകൾകൊണ്ടുതന്നെ നാം വിധിക്കപ്പെടുമെന്നുള്ളത് ദൈവത്തിന്റെ വചനമാണ്. ദൈവത്തിന്റെകൃപയും സത്യവും നിറഞ്ഞ വാക്കുകൾ അഭിഷിക്തരിൽ നിന്ന് മാത്രമല്ല എല്ലാ ക്രൈസ്തവരിൽ നിന്നും ഉണ്ടാകണം.

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ജീവിതങ്ങളെനോക്കിയും, മറ്റുള്ളവർക്ക് പറയുവാൻ കഴിയണം:

“വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ആമേൻ! 

SUNDAY SERMON LK 4, 16-22a

ദനഹാക്കാലം ഒന്നാം ഞായർ

പുറപ്പാട് 3, 1-12

ഏശയ്യാ 44, 28-45,4

2 തിമോ 3, 10-15 

ലൂക്കാ 4, 16-22a

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2023 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2023 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വശപ്പിനടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിവഹിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തൊരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.

ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം എന്താണ് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിലാണ് ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നത്.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും,   ചെയ്കളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്ത സാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mothere Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (venerated Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

കഴിഞ്ഞ ഡിസംബർ 31 ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ മരണം ദൈവത്തിന്റെ വെളിപാടായി മാറിയത് ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. “കർത്താവേ, നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന അവസാന വാക്കുകൾ എത്രയോ മനോഹരമാണ്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!

SUNDAY SERMON LK 2, 21-24

പിറവിക്കാലം രണ്ടാം ഞായർ

പുറപ്പാട് 2, 1-10

ഏശയ്യാ 49, 1-6

2 തിമോ 2, 16-26

ലൂക്കാ 2, 21-24

2023 ന്റെ പുതുവർഷപ്പുലരിയിൽ, കഴിഞ്ഞ വർഷത്തിന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, ഇന്ന് പിറന്നുവീണ ഈ പുതുവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്.

ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, വിവാദങ്ങൾക്കുമുപരി, ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെയും, വിശുദ്ധ യൗസേപ്പിതാവിനെയും കൂടുതൽ മനസ്സിലാക്കിയപ്പോൾ, അവരുടെ മതജീവിതത്തിനോടുള്ള പ്രതിബദ്ധത അറിഞ്ഞപ്പോൾ, മതാചാരങ്ങൾ വളരെ കൃത്യമായി അനുഷ്ഠിക്കുന്നത് കണ്ടപ്പോൾ ഞാനും എന്റെ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാൻ ഓർത്തുപോയി. അത്രമാത്രം.

യഹൂദ പാരമ്പര്യമനുസരിച്ച്, യഹൂദമതത്തിന്റെ സംവിധാനത്തെ പിഞ്ചെന്ന് ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കിയവരാണ്, അങ്ങനെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയവരാണ് ഈശോയുടെ മാതാപിതാക്കൾ. ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തുനിന്ന് തന്നെ ഇത് സുതരാം വ്യക്തമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് “ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ” അവർ ശിശുവിന് ഈശോ എന്ന പേര് നൽകി. വീട്ടുകാരുടെ സൗകര്യമനുസരിച്ച്, കേറ്ററിംഗ്കാരനെ കിട്ടുന്നതിനനുസരിച്ച്, പള്ളിയുടെ ഹാളിന്റെ ലഭ്യതയനുസരിച്ച്, ഫോട്ടോഗ്രാഫറുടെ അഭിപ്രായമനുസരിച്ച് മാമ്മോദീസായുടെയോ, മറ്റ് കൂദാശസ്വീകരണങ്ങളുടെയോ date മുന്നോട്ടോ, പിന്നോട്ടോ മാറ്റുവാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു തമാശയായി തോന്നാം. ഇത്ര കൃത്യമായി പാലിക്കേണ്ടതുണ്ടോ ഇവയൊക്കെ, മതാചാരമനുസരിച്ച്, മതം പറയുന്ന രീതിയിൽ നടത്തിയില്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ തന്നെ, നമ്മളോടൊക്കെ ചോദിച്ചിട്ടാണോ ഇവർ ഇങ്ങനെയൊക്കെ തീരുമാനിച്ചത്, ഇവർ തീരുമാനിക്കുന്നതിനനുസരിച്ചൊക്കെ തുള്ളാൻ നടക്കേണ്ട ആവശ്യമുണ്ടോ  എന്നൊക്കൊ തോന്നാം. വീണ്ടും, “മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ” ഈശോയെ കർത്താവിന് സമർപ്പിക്കുവാൻ അവർ ജെറുസലേമിലേക്ക് കൊണ്ടുപോയി. ഓർക്കണം, ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്ത്, Uber, Ola തുടങ്ങിയ modern possibilities ഇല്ലാതിരുന്ന സമയത്താണ് അവർ കൃത്യമായി നടന്നോ, കഴുതപ്പുറത്തോ ജെറുസലേമിലേക്ക് പോയത്. ഇനിയും, “കർത്താവിന്റെ നിയമത്തിൽ പറഞ്ഞതനുസരിച്ച് ഒരു ജോഡി ചങ്ങാലികളെയോ, രണ്ട് പ്രാവിൻ കുഞ്ഞുങ്ങളെയോ” സമർപ്പിക്കണം.

ഇത് വീട്ടിൽ നിന്ന് കൊണ്ടു വന്നാൽ പോരാ. അവിടെ കച്ചവടം നടത്തുന്നവരിൽ നിന്നു തന്നെ വാങ്ങണം. ഇതിനൊക്കെ പണം ആവശ്യമാണ്. മതത്തിന്റെ ചട്ടക്കെട്ടുകളോട് ചേർന്ന് കച്ചവടശൈലികൾ അന്നും ഉണ്ടായിരുന്നു.

ഞാൻ പറഞ്ഞുവരുന്നത്, ഈശോയുടെ മാതാപിതാക്കൾ അവർ അംഗങ്ങളായുള്ള മതത്തിന്റെ നിയമങ്ങൾക്കനുസരിച്ച്, പാരമ്പര്യങ്ങൾക്കനുസരിച്ച്, സംവിധാനങ്ങൾക്കനുസരിച്ച് അവയിലെല്ലാം ദൈവത്തിന്റെ ഇഷ്ടംകണ്ടുകൊണ്ട് ജീവിച്ചവരായിരുന്നു എന്നാണ്. ദൈവനിയമങ്ങളെയും, മതനിയമങ്ങളെയും വിഭജിക്കുന്ന ഭൗതിക സംസ്കാരത്തിൽ നിന്ന് വേറിട്ട്, ഇവ രണ്ടും രണ്ടല്ലെന്നും പൂവും മണവും പോലെ രണ്ടിനെയും പരസ്പരം സ്വീകരിച്ചും, സംയോജിപ്പിച്ചുമാണ് കൊണ്ടുപോകേണ്ടതെന്നും ഈശോയുടെ മാതാപിതാക്കൾ പഠിച്ചിരുന്നു. അവർക്ക് വേണമെങ്കിൽ തർക്കിക്കാമായിരുന്നു…ആരോട് ചോദിച്ചിട്ടാണ് ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയത്? എത്ര പേരുടെ ഭൂരിപക്ഷമുണ്ടായിരുന്നു ഈ നിയമങ്ങൾ പാസ്സാക്കിയപ്പോൾ?  ഞങ്ങളോട് ചോദിക്കാത്ത, ഞങ്ങളറിയുകപോലുമില്ലാത്ത, ഞങ്ങൾക്ക് താത്പര്യമില്ലാത്ത ഈ നിയമങ്ങൾ ഞങ്ങൾ അനുവർത്തിക്കുകയില്ലയെന്ന് ഒരു ടാർപ്പായയും വലിച്ചുകെട്ടി, മൈക്കും കൈയ്യിൽ പിടിച്ച് അവർക്ക് ആക്രോശിക്കാമായിരുന്നു. എന്നാൽ, മാത്ത് നിയമങ്ങളെ ദൈവിക നിയമങ്ങളായി കണ്ട്, അവയിൽ ദൈവത്തിന്റെ ഹിതം ദർശിക്കുവാൻ ‘അമ്മ പഠിപ്പിച്ച വേദപാഠം അവർക്ക് അധികമായിരുന്നു!!   

സ്നേഹമുള്ളവരേ, ക്രൈസ്തവമതജീവിതത്തിന്റെ പക്വത എന്ന് പറയുന്നത്, തിരുസ്സഭയെന്നത് ക്രിസ്തുവിന്റെ, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പിന്തുടർച്ചയാണെന്നന്നും, ക്രിസ്തുവിന്റെ പഠനങ്ങളെന്നത് തിരുസഭയുടെ പഠനങ്ങളാണെന്നും മനസ്സിലാക്കലാണ്. അതായത്, ക്രിസ്തുവിനെ പിന്തുടരുന്നു എന്ന് പറയുകയും, തിരുസഭയുടെ പഠനങ്ങൾക്കും, തീരുമാനങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനെ കബളിപ്പിക്കലാണ്. നമ്മോട് തന്നെ, നമ്മുടെ ക്രൈസ്തവജീവിതത്തോട് തന്നെ നാം കാണിക്കുന്ന ആത്മാർത്ഥതയില്ലായ്മയാണ്.

ക്രിസ്തുവിലൂടെ പൂർത്തിയായ ദൈവത്തിന്റെ രക്ഷാകര പദ്ധതി ഇന്നും തുടർന്നുകൊണ്ട് പോകുന്നത് തിരുസ്സഭയിലൂടെയാണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. തിരുസഭയിൽ കൂദാശകളിലൂടെയും, കൂദാശാനുകരണങ്ങളിലൂടെയും ഇന്നും ഈശോ തന്റെ രക്ഷ നമുക്ക് നൽകുന്നു എന്ന് നാം വിവിശ്വസിക്കുന്നു. ‘സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന’ (രണ്ടാം വത്തിക്കാൻ കൗൺസിൽ) നല്കപ്പെട്ടിരിക്കുന്നത് തിരുസ്സഭയ്ക്കാണ്; തിരുസ്സഭയിലാണ് അത് പരികർമ്മം ചെയ്യപ്പെടുന്നത്. ഓരോ വിശുദ്ധ കുർബാനയർപ്പണവും തിരുസ്സഭയോടൊപ്പമാണ് നാം പരികർമ്മം ചെയ്യുന്നത്.

ഇന്നത്തെ സുവിശേഷം തിരുസ്സഭയോടൊത്തുള്ള നമ്മുടെ ക്രൈസ്തവ ജീവിതത്തെപ്പറ്റി വിചിന്തനം ചെയ്യുവാനാണ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ വിചിന്തനത്തിന് കൂട്ടായി സഭ ചൂണ്ടിക്കാണിക്കുന്നത് പരിശുദ്ധ അമ്മയെയും, വിശുദ്ധ യൗസേപ്പിതാവിനെയുമാണ്. മതത്തോടും, മതാചാരങ്ങളോടും, മതത്തിന്റെ സംവിധാനത്തോടും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവും യോജിച്ചു നിന്നതുപോലെ – എന്നാണ് സഭ ഇന്ന് നമ്മോട് പറയുന്നത്.

ക്രിസ്തു സ്ഥാപിച്ച സഭയുടെ, (ക്രിസ്തു സഭ സ്ഥാപിച്ചുവോ? ഇന്നുള്ള രീതിയിലുള്ള ഒരു സഭാസംവിധാനത്തെ ക്രിസ്തു വിഭാവനം ചെയ്തിരുന്നോ? ഇന്ന് കാണുന്ന സഭാസംവിധാനങ്ങളും, അധികാരശ്രേണികളും, ഹയരാർക്കിക്കൽ ഭരണസംവിധാനവും ക്രിസ്തു ആഗ്രഹിച്ചിരുന്നോ? ഉചിതമായൊരു ഉത്തരം, മതിയായ ഉത്തരം ലഭിക്കാത്ത, ആവശ്യമായിടത്തോളം തെളിവുകൾ നിരത്താൻ സാധിക്കാത്ത ചോദ്യങ്ങളാണിവ. അതുകൊണ്ട്, വിശ്വാസത്തിന്റെ വെളിച്ചത്തിൽ ക്രിസ്തു സ്ഥാപിച്ച സഭ എന്ന് പറയുവാൻ തന്നെയാണ് എന്റെ ആഗ്രഹം) ക്രിസ്തു സ്ഥാപിച്ച സഭയുടെ ശ്ലൈഹിക പിന്തുടർച്ചയാണ് കത്തോലിക്കാ തിരുസ്സഭ. ഇന്ന് കത്തോലിക്കാ തിരുസ്സഭയിലൂടെയാണ് ക്രിസ്തു തന്റെ രക്ഷാകര പദ്ധതി കൗദാശികമായി തുടരുന്നത്. കത്തോലിക്കാ തിരുസ്സഭയുടെ പാരമ്പര്യത്തെയും, ഭരണസംവിധാനത്തെയും, ദൈവികമായി, ദൈവത്തിന്റെ ഇഷ്ടത്തിന്റെ വെളിപ്പെടുത്തലുകളായിക്കണ്ട് സ്വീകരിക്കുവാൻ ഓരോ ക്രൈസ്തവനും ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ അമ്മയെപ്പോലെ, വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നാം അംഗങ്ങളായിരുന്ന തിരുസ്സഭയെസഭയുടെ ഭരണസംവിധാനങ്ങളേയും പിന്തുടരുവാൻ നാം തയ്യാറാകേണ്ടതുണ്ട്.

നാമെല്ലാവരും കത്തോലിക്കരാണെങ്കിൽ, ആഗോള കത്തോലിക്കാസഭയുടെ രീതികൾ പിന്തുടരുകയല്ലേ വേണ്ടത്? ഈ കാലഘട്ടത്തിൽ പല കോണുകളിൽനിന്നും ഉയരുന്ന ഒരു ചോദ്യമാണിത്. അല്ല എന്നാണ് ഇതിനുള്ള ഉത്തരം. കാരണം, കത്തോലിക്കാ സഭയെന്നത് വ്യക്തിഗതസഭകളുടെ കൂട്ടായ്മയാണ്. 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. ലത്തീൻ സഭയും, 23 പൗരസ്ത്യ കത്തോലിക്കാ സഭകളും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഇതിലെ 23 വ്യക്തിഗത പൗരസ്ത്യ സഭകളിൽ ഒന്നാണ് സീറോ മലബാർ സഭ. സീറോമലബാർ സഭാംഗങ്ങൾ

സ്വയാധികാരമുള്ള വ്യക്തിഗതസഭയായ സീറോമലബാർ സഭയുടെ ചൈതന്യവും, സ്വഭാവവും, ആരാധനാരീതികളും ഉൾക്കൊണ്ടുകൊണ്ട്, അവയെ സ്വന്തമാക്കിക്കൊണ്ട് കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കുന്നവരാണ്, നിൽക്കേണ്ടവരാണ്. വ്യക്തിഗതസഭകളുടെ സ്വഭാവവും, വ്യത്യസ്തതയും ഉൾക്കൊണ്ടുകൊണ്ട് ബഹുത്വത്തിലെ ഏകത്വം അനുഭവിച്ചുകൊണ്ടാണ് കത്തോലിക്കാ സഭ മുന്നോട്ട് പോകുന്നത്.

നമുക്കറിയാവുന്നതുപോലെ, മൂന്ന് കാര്യങ്ങളിലാണ് ഈ 24 വ്യക്തിഗതസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാസഭയിൽ ഐക്യമുള്ളത്. ഒന്ന്, വിശ്വാസം – ദൈവം ഏകനാണെന്നും, ദൈവത്തിൽ പരിശുദ്ധ ത്രിത്വം ഉൾക്കൊള്ളുന്നുവെന്നും ഉള്ള വിശ്വാസം. രണ്ട്,  കൂദാശകൾ – ഏഴ് കൂദാശകളിലൂടെയാണ് ക്രിസ്തുവിന്റെ അദൃശ്യമായ കൃപകളും, വരങ്ങളും നമുക്ക് ലഭിക്കുന്നത്. മൂന്ന്, ഭരണക്രമം – ഹയരാർക്കിക്കൽ ഭരണസംവിധാനം. മറ്റ് കാര്യങ്ങളിലെല്ലാം, ആരാധനാക്രമം, ആചാരരീതികൾ, സംസ്കാരം, ജീവിതരീതികൾ, വിശ്വാസജീവിതത്തിന്റെ പ്രഘോഷണങ്ങൾ, ഇവയെല്ലാം ഓരോ വ്യക്‌തിഗതി സഭയിലും വ്യത്യസ്തമാണ്. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടേ സീറോ മലബാർ ക്രൈസ്തവർക്ക് തങ്ങളുടെ മാതൃസഭയെ മനസ്സിലാക്കിക്കൊണ്ട്, കത്തോലിക്കാ സഭയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ സാധിക്കൂ. ഈ ബഹുത്വത്തിലെ ഏകത്വം മനസ്സിലാക്കിയില്ലെങ്കിൽ, സീറോമലബാർ സഭയുടെ വ്യക്തിത്വവും സ്വഭാവവും നാം അറിയുന്നില്ലെങ്കിൽ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിഗതസഭയ്ക്കും അവരവരുടേതായ ആരാധനാക്രമം രീതികളും, സംസ്കാരവും, ആചാരരീതികളും ഉണ്ട്. ഈ വ്യത്യസ്തത ഒരു യാഥാർഥ്യമാണ്.  ഒരു നാടൻചൊല്ല് പറയുന്നപോലെ, “നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം.” സീറോമലബാർ സഭയുടെ മകളാണെങ്കിൽ, മകനാണെങ്കിൽ ആ സഭയുടെ ചൈതന്യത്തിനനുസരിച്ചുള്ള ജീവിതം, ആരാധനാക്രമജീവിതം ആവശ്യമാണ്. പരിശുദ്ധ അമ്മയും, വിശുദ്ധ യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നതും അത് തന്നെയാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ പരിശുദ്ധ അമ്മയുടെ, വിശുദ്ധ യൗസേപ്പിതാവിന്റെ സ്വന്തം മതാചാരങ്ങളോടുള്ള പ്രതിബദ്ധത, ആനുകാലിക സംഭവങ്ങളോട് ചേർത്തുവച്ച് ചിന്തിക്കുവാനും, ദൈവികനിയമങ്ങളും, തിരുസഭയുടെ നിയമങ്ങളും ഒന്നാണെന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോകുവാനും നമ്മെ സഹായിക്കണം.. എങ്കിലേ നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ദൈവകൃപ നിറഞ്ഞതാകൂ. തങ്ങളുടെ സ്വരം കേൾപ്പിക്കുവാനും, സ്വന്തം താത്പര്യങ്ങൾ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നവർ അശാന്തതയിൽ ബഹളം വച്ചുകൊണ്ടിരിക്കും. സഭയോടും, സഭാസംവിധാനത്തോടും ചേർന്ന് നിൽക്കുന്നത്, ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളോടും ചേർന്ന് നിൽക്കുന്നതിന് തുല്യമാണെന്ന് മനസ്സിലാക്കുവാനും നമുക്കാകട്ടെ. സഭാചരിത്രത്തിലെ വിടവുകളിലാണ്, കുറവുകളിലാണ്, സഭയുടെ ശത്രുക്കളും, അവരുടെ ആയുധങ്ങളും, ആയോധനങ്ങളും ഇരകാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ സ്വരം,

തിരുസ്സഭയിലൂടെ ശ്രവിച്ചുകൊണ്ട് ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ നമുക്കാകട്ടെ. അതിനായി പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും ജീവിത മാതൃകയെ കൂട്ടുപിടിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!   

SUNDAY SERMON CHRISTMAS 2022

ക്രിസ്തുസ് 2022

കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും  ആഘോഷിക്കുകയാണ്. 

ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ വച്ചിരിക്കുന്ന ക്രിസ്തുമസ് സമ്മാനങ്ങൾ, യൂ ട്യൂബിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ അരങ്ങു തകർക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ, ക്രിബ്ബുകളിൽ  യേശുവിന്റെ ജനനത്തിന്റെ ഗംഭീരമായ അവതരണം – രാത്രിയിൽ ആട്ടിൻകൂട്ടത്തെ നിരീക്ഷിക്കുന്ന ഇടയന്മാർ , മൂന്ന് രാജാക്കന്മാർ പുൽത്തൊട്ടിയിൽ കുട്ടിയുടെ അടുത്തേക്ക് വഴി കണ്ടെത്തുന്നു, മാലാഖമാർ ആകാശത്തിൽ മേഘങ്ങളിലിരുന്ന് പാടുന്നു, മേരി കുട്ടിയെ പരിപാലിക്കുന്നു, ജോസഫ് കുട്ടിയെ പുഞ്ചിരിയോടെ നോക്കുന്നു – നമുക്ക് ക്രിസ്തുമസായി! നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, ലോകമെമ്പാടും ക്രിസ്തുമസ് ആയി! എല്ലാവർക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിക്കുന്നു!  

എന്താണ് ക്രിസ്തുമസ്? ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2022 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ

ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹംദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ദൈവസ്നേഹത്തിന്റെ നറുംപാൽ കാച്ചിക്കുറുക്കിയ രൂപമാണ് ക്രിസ്തുമസ്! ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ് ക്രിസ്തുമസ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്. 

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക. ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക.  

പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഗർഭം ധരിക്കണമെങ്കിൽ, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം നൽകണമെങ്കിൽ, ഈ ഭൂമിയിൽ ഇന്നും ക്രിസ്തുമസ് സംഭവിക്കണമെങ്കിൽ, ഒരു സ്ത്രീ കടന്നുപോകുന്ന ഗർഭകാലാനുഭവങ്ങളെ നാം മനസ്സിലാക്കണം. അതിലൂടെ ക്രിസ്തുവിനെ ഗർഭം ധരിക്കുന്ന കല നാം മനസ്സിലാക്കണം.  ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിനിടയിൽ ഒരു സ്ത്രീ കടന്നുപോകുന്ന എല്ലാ അനുഭവങ്ങൾക്കും സദൃശ്യമായതെന്തോ ക്രിസ്തുവിനെ ഗർഭം ധരിക്കലിലും ഉണ്ട്.

എങ്ങനെയാണ് ഒരു സ്ത്രീ തന്റെ ഉള്ളിലെ പുതിയ ജീവന്റെ, നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? അവൾ ശർദ്ദിക്കുന്നു, അവൾക്ക് ഓക്കാനം വരുന്നു. Nausea, നോസിയ!  മനംമറിച്ചിൽ! ഇന്നലെവരെ ഇഷ്ടമുള്ള പലതും ഇന്നവളെ മടുപ്പിക്കുന്നു. അവയുടെ മണം കിട്ടിയാൽ മതി, അവൾ ശർദ്ദിക്കും.  ചിലത് കാണുമ്പോൾ, ചിലത് കഴിക്കുമ്പോൾ, ചിലതിന്റെ മണം കിട്ടുമ്പോൾ അവ അവളെ മനംമറിപ്പിക്കുന്നു. ഒപ്പം, ഇന്നലെവരെ ഒട്ടും താത്പര്യമില്ലാതിരുന്നവയോട് പുതിയ കൗതുകവും, സ്നേഹവും! അതുകൊണ്ടാണ് ഗർഭണിയായ ഒരു സ്ത്രീക്ക് പുളിയോട്, മാങ്ങയോട്, മസാലദേശയോട് … അങ്ങനെയങ്ങനെ പ്രത്യേക ഇഷ്ടം തോന്നുന്നത്. മലയാളത്തിൽ ഇതിനെ വാക്യൂൺ എന്നാണ് പറയുന്നത്.

ക്രിസ്തു നിങ്ങളിൽ രൂപപ്പെടുമ്പോഴും, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു തകിടംമറിയലിന് വിധേയമാകും. മദ്യപിച്ചിരുന്ന, കൂട്ടുകാരോടൊപ്പം ലഹരി ഉപയോഗിച്ചിരുന്ന, പല തല്ലുകൊള്ളിത്തരത്തിനും പോയിരുന്ന നിങ്ങളെ പെട്ടെന്ന് ഒരു മടുപ്പ് പിടികൂടുന്നു; ഒരുതരം മനംമറിച്ചിൽ തന്നെ ഉണ്ടാക്കുന്നു. അന്നുവരെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് പോകാതിരുന്ന നിങ്ങൾക്ക് വിശുദ്ധ കുർബാന ഏറ്റവും ഇഷ്ടമുള്ളതാകുന്നു. കുടുംബപ്രാർത്ഥന ഏറ്റവും നന്മയുള്ളതാകുന്നു. നിങ്ങൾ കണ്ടിട്ടില്ലേ? കൂട്ടുകാരോടൊത്ത് കള്ളും കുടിച്ച് നടന്നിരുന്ന ആൾ, രാവിലെ എഴുന്നേറ്റ് നേരെ മദ്യഷാപ്പിലേക്ക് പോയിരുന്ന ആൾ, അതാ ഒരു പ്രഭാതത്തിൽ അതിരാവിലെ എഴുന്നേറ്റ് ദേ പള്ളിയിലേക്ക് പോകുന്നു. എന്താ സംഭവിച്ചത്? അദ്ദേഹം ഒരു ധ്യാനത്തിന് പോയപ്പോൾ അദ്ദേഹത്തിൽ ക്രിസ്തു രൂപപ്പെട്ടു. അദ്ദേഹം ഇപ്പോൾ ക്രിസ്തുവിനെ ഗർഭം ധരിച്ചിരിക്കുകയാണ്. പുതിയ ഇഷ്ടങ്ങൾ, താത്പര്യങ്ങൾ അദ്ദേഹത്തിലുണ്ടാകുന്നു. അന്നുവരെയുണ്ടായിരുന്നവയോട് ഒരു മനംമറിച്ചിൽ! 

അസ്സീസിയിലെ ഫ്രാൻസിസ് ഇതിന് നല്ല ഉദാഹരണമാണ്. ഫ്രാൻസിസിന്റെ ആദ്യകാലജീവിതത്തിൽ അദ്ദേഹത്തതിന്റെ ഇഷ്ടങ്ങൾക്ക് ലോകത്തിന്റെ നിറമായിരുന്നു; ഭൗതികതയുടെ രുചിയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവത്തിന്. എന്നാൽ ക്രിസ്തു അദ്ദേഹത്തിൽ ഒരുനാൾ രൂപപ്പെട്ടു കഴിഞ്ഞപ്പോഴോ? അദ്ദേഹമതിനെ വിവരിച്ചത് ഇങ്ങനെയാണ്: “അന്നുവരെ കയ്പുള്ളവ ആ നിമിഷംമുതൽ എനിക്ക് മധുരമുള്ളതായി; മധുരമുണ്ടായിരുന്നവയോ കയ്പുള്ളതും.”

രണ്ടാമതായി, ഗർഭണിയായ ഒരു സ്ത്രീ ഒരു തിരിച്ചറിവിലൂടെ കടന്നുപോകുന്നുണ്ട്. തനിക്ക് ശരിയായ പല കാര്യങ്ങളും കുഞ്ഞിന് ഉചിതമല്ലെന്ന, ചിലപ്പോൾ, കുഞ്ഞിന് അപകടകരമാണെന്ന തിരിച്ചറിവ്. അവൾ എന്തെങ്കിലും കഴിച്ചാൽ, അത് കുഞ്ഞിന് അപകടകരമാണെങ്കിൽ ശരീരം തന്നെ അതിനെ ശർദ്ദിച്ചുകളയും. തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിന് ഹാനികരമാകുന്നതൊന്നും അവൾ ചെയ്യില്ല. ധാരാളം കാര്യങ്ങൾ അവൾ വേണ്ടെന്നുവയ്ക്കും. എന്തിന്? കുഞ്ഞിനുവേണ്ടി, കുഞ്ഞിനുവേണ്ടി മാത്രം! അതുകൊണ്ടാണ് ഗർഭണിയായ സ്ത്രീയോട് മുതിർന്നവർ ചില അരുതുകൾ കല്പിക്കുന്നത്; സാമൂഹികമായ മാമൂലുകൾ അവളെ ഓർമിപ്പിക്കുന്നത്.

ഓരോ ക്രൈസ്തവനും, ക്രിസ്തുവിനെ ഗർഭം ധരിക്കുന്ന, ക്രിസ്തു ഉള്ളിൽ വളരുന്ന, ക്രിസ്തു ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഓരോ ക്രൈസ്തവനും ഈ തിരിച്ചറിവുണ്ടാകണം. സാമൂഹികമായ ഒത്തിരി ശരികൾ അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ ബലപ്പെടുത്തുന്നവ ആകണമെന്നില്ല എന്ന തിരിച്ചറിവ്. അതുകൊണ്ടായിരിക്കാം പൗലോശ്ലീഹാ പറഞ്ഞത് “എല്ലാം നിയമാനുസൃതമാണ്. എന്നാൽ, എല്ലാം രക്ഷയ്ക്ക് വേണ്ടിയാകണമെന്നില്ല.” ഒരു വൈദികന് കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കാം. നിയമാനുസൃതമായി യാതൊരു തെറ്റുമില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഉള്ളിലുള്ള ക്രിസ്തുവിന് അത് അപകടകരമാകാം. സാമൂഹികമായ പല ശരികളും ഒരു ക്രൈസ്തവന് അവളുടെ, അവന്റെ ഉള്ളിലെ ദൈവാനുഭവത്തിന്, ക്രിസ്തുവിന് ഉചിതമല്ലെന്ന തിരിച്ചറിവ് ഏറ്റവും പ്രധാനപ്പെട്ടതാണ്. ക്രൈസ്തവരുടെ സംസാരം, ചിന്ത, പ്രവൃത്തി എല്ലാം അവളുടെ, അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നത് ആകരുത്.

മൂന്നാമതായി, കുഞ്ഞിനുവേണ്ടി അമ്മ തന്റെ വൈകാരികലോകംപോലും ക്രമപ്പെടുത്തുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ഒരേ മനസ്സാണ്. അമ്മയുടെ സന്തോഷങ്ങൾ കുഞ്ഞിന്റെ സന്തോഷങ്ങളാണ്; അമ്മയുടെ ദുഃഖങ്ങൾ കുഞ്ഞിന്റെ ദുഃഖങ്ങളാണ്. ‘അമ്മ ചിന്തിക്കുന്നതും, വായിക്കുന്നതും, കേൾക്കുന്നതും, സംസാരിക്കുന്നതും, ചെയ്യുന്നതും എല്ലാം കുഞ്ഞിന്റേതുകൂടിയാണ്. മുതിർന്നവർ ഗർഭണിയായ സ്ത്രീയോട് പറയുന്ന കേട്ടിട്ടില്ലേ, നീ ബൈബിൾ വായിക്കണം, നല്ല പുസ്തകങ്ങൾ വായിക്കണം, നല്ല പാട്ടുകൾ കേൾക്കണം. ഉള്ളിലുള്ള കുഞ്ഞിനെ പേടിപ്പെടുത്തുന്ന, ഞെട്ടലുണ്ടാക്കുന്ന സാഹചര്യങ്ങളെപ്പോലും ഒരു സ്ത്രീ ഒഴിവാക്കുവാൻ ശ്രമിക്കും. അവൾക്ക് വലുത് അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞാണ്. ക്രൈസ്തവരുടെ സംസാരം, ചിന്ത, പ്രവൃത്തി എല്ലാം അവളുടെ, അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നത് ആകരുത്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ, പരിശുദ്ധ അമ്മയുടെ അഭിവാദനസ്വരത്തിൽ എലിസബത്തിന്റെ ഉള്ളിലെ ശിശു കുതിച്ചു ചാടിയത് ഓർക്കുന്നില്ലേ? പുറമെ നിന്നുള്ള കാര്യങ്ങൾപോലും ഉള്ളിലെ ശിശുവിനെ സ്വാധീനിക്കുന്നുണ്ട്. ക്യൂക്കണിംഗ് (Queckening) എന്ന കുതിപ്പാണ് ഗർഭകാലത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമെന്നാണ് സ്ത്രീകൾ പറയുന്നത്. ഉള്ളിലെ കുഞ്ഞിനെ സന്തോഷിപ്പിക്കുന്ന രീതിയിൽ ചിന്തിക്കുമ്പോൾ, സംസാരിക്കുമ്പോൾ ശിശു പ്രതികരിക്കും. അസ്വസ്ഥതകളുള്ള ഗർഭകാലത്തെ ദൈവം ഒരുക്കിയിരിക്കുന്ന സന്തോഷമാണത്.

ലോകത്തിനെന്നും ക്രിസ്തുമസ് ആകുവാൻ നാം ക്രിസ്തുവിനെ ഗർഭം ധരിക്കുമ്പോൾ, ഉള്ളിലെ ക്രിസ്തുവിനുവേണ്ടി നമ്മുടെ വൈകാരിക ലോകത്തെ നാം ക്രമീകരിക്കേണ്ടതുണ്ട്. ഉള്ളിലെ ദൈവത്തിന് ബലം വയ്ക്കാനുതകുന്ന ഒരു മാനസിക പരിസരം ഓരോ ക്രൈസ്തവനും രൂപപ്പെടുത്തണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്‌തുവിന്റെ മനോഭാവം ജീവിതത്തിൽ പുലർത്തുവാൻ, ആത്മാവിന്റെ വ്യാപാരങ്ങളിൽ നിലനിൽക്കുവാൻ, അമിതമായി ആകുലപ്പെടാതെ ക്രിസ്തുവിൽ വിശ്വസിക്കുവാൻ ക്രൈസ്തവന് സാധിക്കുമ്പോഴാണ് അവളിൽ, അവനിൽ ക്രിസ്തുവിന് യോജിച്ച വൈകാരികലോകം സൃഷ്ടിക്കപ്പെടുക. ക്രിസ്തുമസ് എന്നാൽ അഭിഷിക്തന്റെ യാഗം എന്നാണ് അർത്ഥം. ക്രിസ്തു എന്നാൽ പൂർണമായി അർപ്പിക്കപ്പെട്ടവൻ, പൂർണമായി കീഴ്പ്പെട്ടവൻ എന്നൊക്കെ ഈ ക്രിസ്തുമസ് നാളിൽ അർത്ഥമുണ്ട്. ഓരോ ക്രൈസ്തവനും, അവളുടെ, അവന്റെ ജീവിതാന്തസ്സിന് യോജിച്ച വിധത്തിൽ ഉള്ളിൽ വളരുന്ന ക്രിസ്തുവിന് യോജിച്ച വിധത്തിൽ ചിന്തിക്കുവാനും, സംസാരിക്കുവാനും, പ്രവർത്തിക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. ഓരോ ക്രൈസ്തവനും തിരുവോസ്തി നെഞ്ചോട് ചേർത്ത് നടക്കുന്നവനായിരിക്കണം. ഏത് സമയത്തും ക്രിസ്തുവിനെ നൽകുവാൻ തയ്യാറായിക്കൊണ്ട് ജീവിക്കണം.

ഒടുവിൽ ഈറ്റുനോവെന്ന സഹനസംസ്കാരത്തിലൂടെ മാത്രമേ ക്രിസ്തുവിന് ഈ ഭൂമിയിൽ ജന്മം കൊടുക്കുവാൻ നമുക്ക് സാധിക്കൂ. ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതും, ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് ജന്മം നല്കുന്നതും അത്ര എളുപ്പമുള്ള ഒന്നായി കാണരുത്. ഒരു സ്ത്രീയുടെ ഗർഭകാലത്തിലെ അസ്വസ്ഥതകളും, വേദനകളും, അവരനുഭവിക്കുന്ന ഈറ്റുനോവും, പ്രസവസമയത്തെ വേദനയും പ്രധാനമായും ശാരീരികമാണെങ്കിൽ, ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതും, ക്രിസ്തുവിന് ജന്മം കൊടുക്കുന്നതും പ്രധാനമായും ആത്മീയമായ സഹനങ്ങളാണ്. കാരണം, ക്രിസ്തു നമ്മിൽ രൂപപ്പെടുന്നത് “രക്തത്തിൽ നിന്നോ, ശാരീരികാഭിലാഷത്തിൽ നിന്നോ, പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽ നിന്നാണ്.” (യോഹ 1, 13) എല്ലാ സഹനവും ഒരുവന് ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതിനോ, ക്രിസ്തുവിനെ ഈ ഭൂമിയ്ക്ക് കൊടുക്കുന്നതിനോ ഇടയാക്കില്ല. പരിഭവമില്ലാതെ, പരാതികളില്ലാതെ ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും പറഞ്ഞുംകൊണ്ട് ജീവിതത്തെ സ്വീകരിക്കുമ്പോഴാണ് ഒരുവളിൽ, ഒരുവനിൽ ക്രിസ്തു രൂപപ്പെടുന്നത്. അതുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കണമെങ്കിൽ ഒരു വ്യക്തി സ്ത്രീ ആയിരിക്കണമെന്നില്ല. പുരുഷന്മാരും ഗർഭം ധരിക്കണമെന്ന അസാധാരണ സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്.

സമാപനം

സ്നേഹമുള്ളവരേ, 2022 ലെ ക്രിസ്തുമസിന്റെ സന്ദേശം ഇതാണ്: ക്രിസ്തുവിനെ ഗർഭം ധരിക്കുക; ക്രിസ്തുവിനെ ഈ ലോകത്തിന് നൽകുക. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുമസാക്കിത്തീർക്കുവാൻ, കുടുംബത്തിൽ എന്നും ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയുവാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.

തയ്യാറാകാം നമുക്ക് ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ; ഈറ്റുനോവനുഭവിക്കാം നമുക്ക് ക്രിസ്തുവിനെ ഈ ലോകത്തിന് നൽകുവാൻ. ആമേൻ! 

SUNDAY SERMON MT 1, 18-24

മംഗളവാർത്താക്കാലം -ഞായർ 4

ഉത്പത്തി 24, 50-67

1 സാമുവേൽ 1, 1-18

എഫേ 5, 5-21

മത്താ 1, 18-24

സന്ദേശം

ലോകം മുഴുവനും ഖത്തറിലെ ഫുട്ബോൾ ലോകകപ്പിന്റെ കളിലഹരിയിലാണെങ്കിലും 2022 ലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാമെല്ലാവരും.  ഇന്ന്, ഡിസംബർ 18 ന് അവസാനിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആഘോഷത്തിന് ഒരു Commercial touch ഉണ്ടെങ്കിൽ, ക്രൈസ്തവരായ നമ്മുടെ ആഘോഷങ്ങൾക്കെല്ലാം ഒരു ആധ്യാത്മിക touch ഉണ്ട്.  അതുകൊണ്ടുതന്നെ, അതിനുള്ള നമ്മുടെ ഒരുക്കങ്ങൾ ഒരു ധ്യാനം പോലെയാണ്. മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതായിരിക്കും.  സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുകയാണ്. മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്.  മൂന്നാം ഞായറാഴ്ച   ദൈവഹിതമനുസരിച്ച്   കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.

ഒരു കാര്യം നാം ഓർക്കേണ്ടത് ഇതാണ്: അന്നും ഇന്നും ദൈവത്തിന്റെ രക്ഷാകര പദ്ധതി സംഭവിക്കുന്നതും നടപ്പിലാകുന്നതും സാധാരണ മനുഷ്യരുടെ – ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും, തങ്ങളുടെ ചിന്താഗതിയും, ആഗ്രഹങ്ങളും എന്ത് തന്നെയായാലും – ദൈവത്തിന്റെ ഹിതം നടക്കണം എന്നുള്ള തീരുമാനത്തിലൂടെയാണ്, ആ തീരുമാനം നടപ്പിലാക്കുവാനുള്ള അവരുടെ പ്രയത്നത്തിലൂടെയാണ്. ക്രിസ്തുമസിന്റെ യഥാർത്ഥ ചൈതന്യമെന്ന് പറയുന്നത് ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുകയെന്ന ചൈതന്യമാണ്. കാരണം, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച എല്ലാവരും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിക്കുവാൻ ക്ഷണിക്കപ്പെട്ട എല്ലാവരും, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കുവാൻ തയ്യാറായതുകൊണ്ടുമാത്രമാണ് ഈ ഭൂമിയിൽ ക്രിസ്തുമസ് സംഭവിച്ചത്. അപ്പോൾ നിങ്ങൾ ചോദിക്കും, അവർ ദൈവഹിതം നിറവേറട്ടെ എന്ന് പറയുവാൻ തയ്യാറായിരുന്നില്ലെങ്കിലോ? എന്റെ ഉത്തരം ഇതാണ്: ദൈവം അങ്ങനെയൊരു സാഹചര്യത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നേനെ.

വ്യാഖ്യാനം

ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്, അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ്. നോക്കുക! ഒരു സാധാരണ മനുഷ്യൻ! ചരിത്രം ആ മനുഷ്യന് വലിയ വലിയ പേരുകളോ, ഡിഗ്രികളോ ഒന്നും ചാർത്തിക്കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നില്ല. ശാരീരീരിക സൗന്ദര്യത്തെക്കുറിച്ചോ, ജോലിയിലെ നൈപുണ്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. ആ ഗ്രാമത്തിലെ, ജോലിയോട് ആത്മാർത്ഥതയുള്ള, ചെറുപ്പക്കാരനായ ഒരു മരാശാരിയായിരുന്നിരിക്കണം അദ്ദേഹം. ആകെ അദ്ദേഹത്തെപ്പറ്റി പറയുന്നത് ദൈവത്തോട്, ജീവിതത്തോട്, കണ്ടുമുട്ടുന്നവരോട് നീതി പുലർത്തിയിരുന്ന ഒരു മനുഷ്യൻ! അത്രമാത്രം.

നമുക്കറിയാവുന്നതുപോലെ സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ നമ്മിൽ പക്ഷേ വിസ്മയം   ജനിപ്പിക്കുന്നുണ്ട്! പ്രത്യേകിച്ച്, രാഷ്ട്രീയ മത നേതാക്കൾ ധാർഷ്ട്യത്തിന്റെ, മറ്റുള്ളവരെ പരിഗണിക്കാത്തതിന്റെ, മറ്റുള്ളവരെ സമൂഹത്തിന്റെ മുൻപിൽ നഗ്നരാക്കുന്നതിന്റെ ചായങ്ങൾ വാരിക്കോരി അണിയുന്ന ഇക്കാലത്ത്! ദൈവവിശ്വാസികൾ പോലും, ദൈവത്തിന്റെയും, തിരുസ്സഭയുടെയും മുൻപിൽ പ്രത്യേകമാംവിധം അനുസരണത്തിന്റെ പ്രതിജ്ഞകളെടുക്കുന്ന വൈദികരും, സന്യസ്തരുമുൾപ്പെടെ, ദൈവത്തിന്റെ ഇഷ്ടം നോക്കാതെ സ്വന്തം ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ച് മാത്രം കോലങ്ങൾ കെട്ടുന്ന ഇക്കാലത്ത്!  

അതേ, പ്രിയപ്പെട്ടവരേ, എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. 

അതുകൊണ്ടല്ലേ ഉറങ്ങുന്ന ഔസേപ്പിനെ നാം ബഹുമാനിക്കുന്നത്! നിദ്രയിൽ (നിദ്രയിൽപ്പോലും!) ദൈവ ദർശനം ലഭിച്ചിട്ട്, ആ ദൈവദർശനത്തിനനുസരിച്ചു പ്രവർത്തിച്ച. താണ് അദ്ദേഹത്തിന്റെ മഹത്വം. വെറുതെ ഉറക്കം തൂങ്ങിയായ ഒരു വ്യക്തിയല്ല അദ്ദേഹം. ദൈവഹിതം മനസ്സിലാക്കിയിട്ടും, അതിനെ തട്ടിത്തെറുപ്പിച്ച് നീങ്ങുന്ന ഒരു യുവാവുമല്ല അദ്ദേഹം. നാമിന്ന് ആശയം മനസ്സിലാക്കാതെ ഉപയോഗിക്കുന്ന സിനഡാലിറ്റിയോ (Synadality),

വലിയ വായിൽ പറയുന്ന ഡയലോഗോ (Dialogue), സമവായമോ (Concomitancy) തന്റെ കാര്യത്തിൽ ഇല്ലായിരുന്നെങ്കിലും, അതിനുവേണ്ടി കൊടിപിടിക്കാതെ, പന്തലുകെട്ടി സമരംചെയ്യാതെ, ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ എന്നും പറഞ്ഞ് ജീവിതത്തിന്റെ മുൻപിൽ നെഞ്ചും വിരിച്ചു നിന്ന ധീരനായിരുന്നു അദ്ദേഹം. ഭൂമിയിൽ ക്രിസ്തുവിന് ജന്മം നൽകുവാൻ ദൈവത്തോടോത്ത് സഹകരിച്ചവനാണ് ജോസഫ്!

ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്. 

ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labarynth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.

എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.

സ്നേഹമുള്ളവരേ, സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക! 

ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്. 

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പക്ഷേ, ജോസഫിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവ ഹിതത്തിനോടുള്ള വിധേയത്വം, സ്വന്തം ജീവിതത്തെയും, ജീവിത താത്പര്യങ്ങളെയും, സത്‌പേരിനെപ്പോലും മറ്റുള്ളവരുടെ ജീവിത മഹത്വത്തിനായി മാറ്റിവയ്ക്കുവാൻ ജോസഫ് കാണിക്കുന്ന വ്യക്തിത്വ മാഹാത്മ്യം, അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ദൈവ പരിപാലനയുടെ വെളിച്ചത്തിൽ കാണുവാനുള്ള വിശ്വാസതീക്ഷ്ണത – ഇവയെല്ലാം ഇന്നത്തെ മാത്രമല്ല, എന്നത്തേയും തലമുറ ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊത്തിപ്പെറുക്കിയെടുക്കേണ്ട മൂല്യങ്ങളാണ്. അല്ലെങ്കിൽ നമുക്ക് നമ്മിലെ ക്രിസ്തുവിനെ വളർത്തിയെടുക്കുവാൻ, നമ്മുടെ സഭയെ സംരക്ഷിക്കുവാൻ, നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ പാതയിൽ വളർത്തുവാൻ ചിലപ്പോൾ സാധിച്ചില്ലെന്നുവരും!

സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്! മറ്റുള്ളവരുടെ ജീവിതത്തെ തൊട്ടറിയാതെ അവരെ വിധിക്കുന്ന, മനസ്സിന്റെ കുടുസ്സുമുറിയിലിട്ട് അവരെ വിധിക്കുന്ന നമ്മുടെ സ്വഭാവത്തിന് മുൻപിൽ, സ്വഭാവ വൈകൃതത്തിന് മുൻപിൽ വിശുദ്ധ യൗസേപ്പിതാവ് ഒരു ചോദ്യചിഹ്നമാണ്!

പാലസ്തീൻ കവിയായ മുരീദ് ബാർഗുതിയുടെ “വ്യാഖ്യാനങ്ങൾ” (Interpretations) എന്ന കവിത ഇങ്ങനെയാണ്: ഒരു കവി കോഫീഷോപ്പിലിരിക്കുന്നു, എഴുതിക്കൊണ്ട്.(അവിടെയുണ്ടായിരുന്ന) പ്രായംചെന്ന സ്ത്രീ വിചാരിക്കുന്നു, അയാൾ തന്റെ അമ്മയ്ക്ക് കത്തെഴുതുകയാണെന്ന്. ചെറുപ്പക്കാരി ചിന്തിക്കുന്നു, അയാൾ തന്റെ കാമുകിക്ക് കത്തെഴുതുകയാണെന്ന്. കുട്ടി കരുതുന്നത് അയാൾ (ചിത്രം) വരയ്ക്കുകയാണെന്ന്. കച്ചവടക്കാരൻ ചിന്തിക്കുന്നത് അയാൾ (കച്ചവട) ഉടമ്പടിയെപ്പറ്റി രൂപരേഖയുണ്ടാക്കുകയാണെന്ന്. വിനോദസഞ്ചാരി വിചാരിക്കുന്നത് അയാൾ പോസ്റ്റ്കാർഡ് എഴുത്തുകയാണെന്ന്. ജോലിക്കാരൻ വിചാരിക്കുന്നത് അയാൾ (തന്റെ) കടങ്ങൾ കുത്തിക്കുറിക്കുകയാണെന്ന്. രഹസ്യപ്പോലീസ് (ആകട്ടെ) പതുക്കെ അയാളുടെ നേരെ നടന്നടുക്കുന്നു.’ (സ്വതന്ത്ര പരിഭാഷ) ബാർഗുതിയുടെ Midnight and Other Poems എന്ന പുസ്തകത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങൾക്കനുസരിച്ചാണ്, അവരവരുടെ കണ്ണുകൾകൊണ്ട് മാത്രമാണ് ചുറ്റുപാടുകളെ വീക്ഷിക്കുന്നതും, വ്യക്തികളെ വിലയിരുത്തുന്നതും.

ശരിയാണ്, നമുക്ക് നമ്മുടെ ചിന്തകളാണ്, അഭിപ്രായങ്ങളാണ് സത്യം; അത് മാത്രമാണ് പ്രധാനപ്പെട്ടത്. ഹന്നാ എന്ന സ്ത്രീ ദൈവാലയത്തിന്റെ തണുപ്പിലിരുന്ന് താൻ കടന്നുപോകുന്ന സങ്കടങ്ങളെയോർത്ത് കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ, പുരോഹിതനായ ഏലി വിചാരിച്ചത് അവൾ മദ്യലഹരിയിലാണെന്നാണ്. (1 സാമുവേൽ 1, 13) അവളാകട്ടെ, ഫാ. ഷിന്റോ മംഗലത്ത് വി.സി. തന്റെ “ആഴം” എന്ന പുസ്തകത്തിൽ പറയുന്നപോലെ “ദൈവത്തിന്റെ വിരൽത്തുമ്പിൽ പിടിച്ച് കരയുകയായിരുന്നു” (പേജ് 28), അവളുടെ “ഹൃദയവിചാരങ്ങൾ കർത്താവിന്റെ മുൻപിൽ പകരുകയായിരുന്നു.” (1 സാമുവേൽ 1, 15) അതെ, നമുക്ക് നമ്മുടെ മനസ്സിന്റെ വിചാരങ്ങളാണ് പ്രധാനപ്പെട്ടത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക്‌ അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല – ഇല്ല, ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ലേ നാം ചിന്തിക്കുക?    

ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും, മറ്റുള്ളവരുടെ ഭാഗത്തു നിന്നുകൂടി അവരുടെ ജീവിതത്തെ മനസ്സിലാക്കലും, ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്!   അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!

English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ, ജീവിതാനുഭവങ്ങളുടെ ചൂട് അറിയുവാൻ നമുക്ക് കഴിയും –

ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അവൾ അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!

സമാപനം

സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.

നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, ഭാരതത്തിലെ കർഷകരെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി, പരിക്കേറ്റവയ്ക്കും, ചിതറിപ്പോയവർക്കും സൗന്ദര്യമുണ്ടെന്ന് മനസ്സിലാക്കി, ദൈവമേ നിന്റെ ഇഷ്ടം പോലെ എന്റെ ജീവിതത്തിൽ നടക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്  

ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

SUNDAY SERMON LK 1, 57-80

മംഗളവാർത്താക്കാലം-ഞായർ 3

ഉത്പത്തി 18, 1-10

ന്യായ 13, 2-7

എഫേസൂസ്‌ 3, 1-13

ലൂക്കാ 1, 57 – 80

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.    

വ്യാഖ്യാനം 

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്.  എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്‌, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.    

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ  സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.

ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല.  ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും.   

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

Communicate with love!!