SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ

നിയമാവർത്തനം 15, 7-15

തോബിത് 12, 6-15

2 കോറി 8, 9-15

മത്തായി 6, 1-8; 16-18

നമ്മുടെ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തിലൂടെ അമ്പതു നോമ്പിന്റെ പുണ്യദിനങ്ങളെ വിശുദ്ധമാക്കുവാൻ ശ്രമിക്കുന്ന നമ്മെ ഈ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ട മൂന്ന് മനോഭാവങ്ങളെക്കുറിച്ച്, മൂന്ന് നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്. കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.

ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? മൂന്നാം ലോകമഹായുദ്ധത്തിന്റെ കൊടിയേറ്റമെന്നോണം ഇപ്പോൾ നടക്കുന്ന യുക്രയിൻ-റഷ്യ യുദ്ധം എന്തിന് വേണ്ടിയാണ്? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? ഈ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ ഒരാൾ മാതൃസഹോദരനെയും, അനുജനെയും വെടിവച്ച് കൊന്നത് എന്തിനാണ്? ഒന്നരവയസ്സുള്ള ഒരു കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്നത് എന്തിനുവേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.

ഇങ്ങനെയുള്ള മനുഷ്യനെ ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം പ്രാർത്ഥന, ഉപവാസം.

വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ഈ ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണം…ധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.

മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് ന്നെ കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും  ബഹളവും!

പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്.ഇതിന്റെ  പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു.  കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും   സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.

നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.

മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.

ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!!   സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്. നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത് , വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥന യിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.

ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു, ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു.

കണ്ടുമുട്ടുന്നവർക്ക് കൊടുക്കുക, ചോദിക്കാതെ മനസ്സിലാക്കിക്കൊടുക്കുക. അർഹതപ്പെട്ടവർക്ക് മാത്രമല്ല, ആവശ്യമുള്ളവർക്ക് എല്ലാവർക്കും കൊടുക്കുക. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആനന്ദത്തിൽ ഭക്ഷണം മറക്കുക. അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!

SUNDAY SERMON LK 19, 1-10

നോമ്പുകാലം രണ്ടാം ഞായർ

ഉത്പത്തി 13, 1-13

പ്രഭാ 31, 1-11

1 തിമോ 6, 3-10

ലൂക്കാ 19, 1-10

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്ന സക്കേവൂസ്, തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ എടുത്ത ഒരു തീരുമാനത്തേയും അതിന്റെ പരിണതഫലങ്ങളെയും ആണ്. നമുക്കറിയാവുന്നതുപോലെ, ജീവിതത്തിന്റെ ഓരോ നിമിഷവും നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെയും, നമുക്ക് ചുറ്റും ജീവി ക്കുന്നവരുടെയും, എന്തിന്, ചിലപ്പോൾ ഈ ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നത്. എന്തുകൊണ്ടാണ് ലോകം മുഴുവനും ഇപ്പോൾ യുദ്ധത്തിന്റെ, ഭീതിയുടെ നിഴലിലായിരിക്കുന്നത്?  2022 ഫെബ്രുവരി 24 പ്രഭാതത്തിൽ ഇപ്പോഴത്തെ റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ (Vladimir Putin) അഹന്തയുടെ, ധാർഷ്ട്യത്തിന്റെ സിംഹാസനത്തിൽ ഇരുന്ന് എടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അനന്തരഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്ന യുദ്ധഭീതി; ആയുധബലമില്ലാത്ത, വലിയ പിന്തുണയില്ലാത്ത യുക്രൈൻ എന്ന രാജ്യം അനുഭവിക്കുന്ന യുദ്ധവും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവ സുരക്ഷയ്ക്കുവേണ്ടിയുള്ള പലായനവും.

ദൈവമില്ലാത്ത,ദൈവവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് നിരീശ്വര വാദത്തിന്റെ തകർന്നുപോയ ഗോപുരമുകളിലിരുന്ന് എടുക്കുന്ന ഒരു തീരുമാനത്തിന് ലോകത്തെ രക്ഷിക്കുവാൻ, നന്മയിലേക്ക് നയിക്കുവാൻ സാധിക്കുകയില്ലയെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് വ്ളാദിമിർ പുട്ടിന്റെ യുദ്ധത്തിനോടുള്ള ഈ ആക്രാന്തം! എന്നാൽ, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരാൾ എടുക്കുന്ന ഒരു തീരുമാനത്തിന് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹത്തോട് ചേർന്ന് ജീവിക്കുന്നവരെയും രക്ഷിക്കുവാൻ സാധിക്കുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിലെ സക്കേവൂസിന്റെ ജീവിതം.

മനുഷ്യജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ  കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ? …. ഇങ്ങനെ ഓരോ നിമിഷവും നാം തീരുമാനങ്ങളെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. സക്കേവൂസിന്റെ ജീവിതം ഉചിതമായ, നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്.

നമ്മുടെ ജീവിതങ്ങളുമായി സക്കേവൂസിന്റെ ജീവിതത്തിന് എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്ന് അറിയുന്നത് വളരെ നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അയാൾ ഒരു ചു ങ്കക്കാരനായിരുന്നു. എന്ന് പറഞ്ഞാൽ റോമാചക്രവർത്തിക്കുവേണ്ടി പണിയെടുക്കുന്ന ആൾ. യഹൂദരുടെ വിരോധി. മാത്രമല്ല, ചക്രവർത്തി 5% നികുതിയാണ് ചുമത്തുന്നതെങ്കിൽ, സക്കേവൂസ് ആളുകളിൽനിന്ന് 10% പിരിക്കും. ഇങ്ങനെ തട്ടിപ്പറിക്കുന്നതുകൊണ്ട് അയാൾ ധനികനാണ്. റോമാചക്രവർത്തിയുടെ ആളായതുകൊണ്ട് നല്ല സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, അയാൾ ജീവിതത്തിൽ സംതൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ താൻ ഒന്നുമില്ലാത്തവനാണെന്ന് അയാൾക്ക്‌ തോന്നും. തന്റെ പ്രവർത്തികളിൽ എവിടെയോ ഒക്കെ തെറ്റുകളില്ലേയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തിയിരുന്നു. താൻ തട്ടിപ്പറിക്കുന്നതുകൊണ്ട് അനേകരുടെ കണ്ണീരും   ശാപവും തന്റെ ജീവിതത്തിന്മേൽ ഇല്ലേയെന്ന് അയാൾ പലവട്ടം തന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. സാധാരണമനുഷ്യർക്ക് തന്നെ ഇഷ്ടമല്ലെന്നും, തന്നോട് വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അയാൾ ചിന്തിച്ചു. ഈ ചിന്തകൾ ചിലപ്പോഴൊക്കെ അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കി. സമ്പത്ത് ഉണ്ടായിട്ട് മാത്രം എന്ത് കാര്യം എന്ന് അയാളുടെ മനഃസാക്ഷി അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു.

നമുക്ക് എന്ത് ഉണ്ട് എന്നതിനേക്കാൾ, നാം ആരാണ് എന്നതാണ് പ്രധാനപ്പെട്ടത്; നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്; നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ സ്വത്തിനോ, നാം നേടിയെടുക്കുന്ന ഡിഗ്രികൾക്കോ, തട്ടിയെടുക്കുന്ന ഭൂമിക്കോ, രാജ്യത്തിനോ, ഒരു വിലയുമില്ലാത്ത രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം പ്രിയപ്പെട്ടവരേ. അവിടെ ചെല്ലുമ്പോൾ ക്രൈസ്തവരായ നമ്മോട് ഒരു ചോദ്യമേ ചോദിക്കൂ. “ഈ ചെറിയവർക്ക് നീ എന്താണ് ചെയ്തത്?” ഇന്നത്തെ ലേഖനത്തിൽ പൗലോശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നതും ശ്രദ്ധിക്കുക: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.” നമ്മുടെ സുകൃതം നിറഞ്ഞ ജീവിതമല്ലാതെ മറ്റൊന്നും സ്വർഗത്തിന് വേണ്ട.

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ ചിന്തകൾ നമ്മെ അലട്ടും. അപ്പോഴാണ് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുന്നത്. സക്കേവൂസും അങ്ങനെയൊരവസ്ഥയിലായി. അയാൾ തന്നോട് തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും: ” എനിക്ക് ഈശോയെ കാണണം.” ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈശോ അയാളുടെ വീട്ടിൽ വിരുന്നെത്തുന്നതും, ജീവിതത്തിന്റെ ഏതോ ഒരു ഭാഗ്യപ്പെട്ട നിമിഷത്തിൽ എന്ന് ഞാൻ പറയും, അയാൾ ഒരു തീരുമാനത്തിലെത്തുന്നതും.      

അതുകൊണ്ടല്ലേ, ആളുകൾ കൂടിയിരുന്നിട്ടും, അതിൽ തന്റെ ശത്രുക്കൾ ധാരാളം ഉണ്ടെന്നറിഞ്ഞിട്ടും, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും സക്കേവൂസിന് തന്റെ തീരുമാനം ഉറക്കെ വിളിച്ചുപറയാൻ സാധിച്ചത്. ജനത്തിന്റെ പിറുപിറുപ്പുകളൊഴിച്ചാൽ അവിടം ശാന്തമായിരുന്നു. അയാൾ ഒരു നിമിഷം ദീർഘമായി ഒന്ന് ശ്വാസോച്ഛാസം ചെയ്തുകാണണം. ആ നിമിഷം ദൈവകൃപ അയാളിൽ നിറഞ്ഞിട്ടുണ്ടാകും.  എന്നിട്ട് അയാൾ ചാടിയെഴുന്നേറ്റിട്ടുണ്ടാകും. മറ്റൊന്നും ചിന്തിക്കാതെ അയാൾ ഉറക്കെ തന്റെ തീരുമാനം പറഞ്ഞു: കർത്താവേ, ഞാനിതാ നല്ല മനുഷ്യനാകാൻ തീരുമാനിച്ചു. ദൈവത്തിന്റെ മകനാകാൻ തീരുമാനിച്ചു. ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു.  ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.

സ്നേഹമുള്ളവരേ, ഈ തീരുമാനത്തിന്റെ വിശുദ്ധി എന്താണെന്നറിയാൻ, ക്രിസ്തുവിന്റെ പ്രതികരണം കേൾക്കണം. ഈ തീരുമാനത്തിന്റെ range, ഈ തീരുമാനത്തിന്റെ reach അറിയണമെങ്കിൽ ഈശോ എന്താണ് പറയുന്നതെന്ന് അറിയണം. ഈശോ പറയുന്നു: “ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു. സക്കേവൂസ്, ദൈവത്തിൽ വിശ്വസിച്ചപ്പോൾ, തന്നിലുള്ള ദൈവത്തെ അന്വേഷിച്ച്, കണ്ടെത്തിയപ്പോൾ, ആ ദൈവത്തിന്റെ സാന്നിധ്യത്തിലായപ്പോൾ, അയാൾ എടുത്ത തീരുമാനം അയാളുടെയും, അയാളുടെ കുടുംബത്തിന്റെയും രക്ഷയായിത്തീർന്നു. മാത്രമല്ല. ഈശോ വീണ്ടും പറഞ്ഞു: ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. സക്കേവൂസിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറുകയാണ്. ഇതുവരെ അയാളുടെ Identity എന്തായിരുന്നു? പേര്: സക്കേവൂസ്, സ്ഥലം ജെറീക്കോ, ജോലി tax collector, income tax അടയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചപ്പോൾ അയാളുടെ identity തന്നെ മാറുകയാണ്. അയാൾ അബ്രാഹത്തിന്റെ പുത്രനാവുകയാണ്.

ഇങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം ക്രൈസ്തവർ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, പ്രാർത്ഥനയുടെ നിമിഷങ്ങളിൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞാകണം നമ്മുടെ തീരുമാനങ്ങൾ. നാട്ടിലെ കള്ളുഷാപ്പിലിരുന്നോ, ക്ളബുകളിലിരുന്നോ, ദേഷ്യം നിറഞ്ഞ, വെറുപ്പുനിറഞ്ഞ മനസ്സോടെയോ, തെരുവിൽ ധർണ നടത്തിയോ ഒന്നും ആകരുത് നാം തീരുമാനങ്ങൾ എടുക്കേണ്ടത്. നമ്മുടെ തീരുമാനങ്ങളുടെമേൽ സ്വർഗ്ഗത്തിന്റെ, ക്രിസ്തുവിന്റെ കൈയൊപ്പുണ്ടായിരിക്കണം.

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യ ജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിൽ ഇന്നത്തെ ഒന്നാം വായനയിലെ അബ്രാഹത്തിന്റെ ജീവിതത്തിലെന്നപോലെ ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

പ്രതിസന്ധികളുടെ മൂടൽ മഞ്ഞ് നമ്മുടെ വീക്ഷണത്തെ ഭാഗികമായിട്ടെങ്കിലും മറയ്ക്കാൻ ശക്തമെങ്കിലും, ശാന്തതയോടെ ദീർഘമായി ശ്വാസോച്ഛാസം നടത്തുവാൻ നാം എടുക്കുന്ന സമയം ദൈവകൃപയുടെ അനുഗ്രഹീത നിമിഷമായിട്ട് മാറും. ആ നിമിഷം നമ്മിൽ നടക്കുന്നത് അത്ഭുതമാണോ, യാഥാർഥ്യമാണോയെന്ന് വേർതിരിച്ചറിയാൻ വയ്യാത്തവിധം നാം ദൈവത്തിന്റെ കരങ്ങളിലായിരിക്കും. ഉടനെ എടുക്കുന്ന തീരുമാനം നമുക്ക് മാത്രമല്ല നമ്മോടൊത്തുള്ളവർക്കും രക്ഷയായിഭവിക്കും. 

2009 ജനുവരി 15 ന് ന്യൂയോർക്കിലെ ലാ ഗാർഡിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന യു എസ് എയർവേസ് ഫ്ലൈറ്റ് 1549. പതിവുപോലെ യാത്രക്കാരെയെല്ലാം സുരക്ഷിതരാക്കിയശേഷം ലക്ഷ്യസ്ഥാനത്തേക്ക് റൺവേയിലൂടെ വിമാനം കുതിച്ചു. പറന്നുയർന്ന് ഏകദേശം ഒരു മിനിറ്റിനുശേഷം വ്യോമയാന വ്യവസായത്തിലെ ശത്രുക്കളായ കാനറി ഗീസുകൾ എന്ന പക്ഷിക്കൂട്ടത്തിൽ ഇടിച്ചു. പക്ഷികളുടെ പ്രഹരത്തിൽ രണ്ട് എൻജിനുകളും തകരാറിലായി, ശക്തി നഷ്ടപ്പെട്ട് നിശബ്ദമായി. ഉടനെ കൺട്രോൾ റൂമിൽ നിന്ന് ക്യാപ്റ്റൻ സുല്ലൻ ബെർഗറിനോട് (Chesley Burnett Sullenberger) അടിയന്തര ലാൻഡിംഗ് നടത്തുവാൻ ആവശ്യപ്പെട്ടു. എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റിനോട്

അടുത്തുള്ള എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറഞ്ഞെങ്കിലും, പരിചയസമ്പന്നനായ ഈ പൈലറ്റ് വിമാനം അവിടംവരെ എത്തുകയില്ല എന്ന് മറുപടി പറഞ്ഞു. എന്നിട്ട് സുല്ലൻബെർഗെർ ഒന്ന് ദീർഘമായി ശ്വസിച്ചശേഷം, വളരെ ശാന്തമായി അവരെ അറിയിച്ചു: ” വാട്ടർ ലാൻഡിംഗ് നടത്തുവാൻ പോകുന്നു. ഞങ്ങൾ ഹഡ്‌സണിൽ ആയിരിക്കും.” വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ലാൻഡിംഗ് നേരിടാൻ ഒരുക്കി.

തൊണ്ണൂറ് സെക്കൻഡുകൾക്ക് ശേഷം, സല്ലൻബെർഗർ, ഫ്ലൈറ്റ് 1549 ജോർജ്ജ് വാഷിംഗ്ടൺ പാലത്തിന് മുകളിലൂടെ ഹഡ്‌സൺ നദിയുടെ തണുത്ത പ്രതലത്തിലേക്ക് തെറിപ്പിച്ചു. അവിടെ അത് മാൻഹട്ടനും ന്യൂജേഴ്‌സിക്കും ഇടയിൽ മധ്യഭാഗത്ത് ലാൻഡ് ചെയ്തു. ഫ്ലൈറ്റ് അറ്റൻഡന്റുകൾ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകി, യാത്രക്കാർ എമർജൻസി എക്സിറ്റുകളിലൂടെ, ബോബിംഗ് ജെറ്റിന്റെ വെള്ളം നിറഞ്ഞ ചിറകുകളിലേക്കും കയറ്റിയപ്പോൾ, യാത്രാ ബോട്ടുകളുടെയും, രക്ഷായാനങ്ങളുടെയും ഒരു നിര സംഭവസ്ഥലത്തേക്ക് കുതിച്ചു. എല്ലാവരെയും രക്ഷപ്പെടുത്താനായി. അതിജീവിച്ചവരിൽ ഒരാൾക്ക് രണ്ട് കാലുകൾക്ക് ഒടിവുണ്ടായി, മറ്റുള്ളവർക്ക് ചെറിയ പരിക്കുകൾക്കോ ​​ഹൈപ്പോതെർമിയക്കോ ചികിത്സ നൽകി. പക്ഷേ മരണങ്ങളൊന്നും സംഭവിച്ചില്ല. പൂർണ്ണമായ ഒഴിപ്പിക്കൽ ഉറപ്പാക്കാൻ വിമാനത്തിന്റെ ഇടനാഴിയിലൂടെ രണ്ടുതവണ മുകളിലേക്കും താഴേക്കും നടന്ന ശേഷം, മുങ്ങുന്ന വിമാനം അവസാനമായി ഉപേക്ഷിച്ചത് സുല്ലൻബർഗറായിരുന്നു.

അന്ന്, ആ പ്രതിസന്ധിഘട്ടത്തിൽ ക്യാപ്റ്റൻ ചെൽസി സല്ലൻബെർഗർ എടുത്ത തീരുമാനത്തിന് 150 മനുഷ്യജീവനുകളുടെ വിലയുണ്ടായിരുന്നു.  വലിയ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം എടുത്ത തീരുമാനം അദ്ദേഹത്തിന്റെ നൈപുണ്യത്തിന്റെയും, ശാന്തതയുടെയും, പ്രകടനമായിമാറി. ഉചിതമായ സമയത്ത്, പാകതയോടെ എടുക്കുന്ന തീരുമാനങ്ങൾക്ക് ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടായിരിക്കും!

ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാകട്ടെ നിങ്ങളുടെ ജീവിതം. ആ തീരുമാനത്തെക്കുറിച്ച് എപ്പോഴും ആലോചിക്കുക; അതിനെക്കുറിച്ച് സ്വപ്നം കാണുക. നിങ്ങളുടെ തലച്ചോറും, പേശികളും, നാഡികളും, നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആ തീരുമാനം കൊണ്ട് നിറയട്ടെ. ആ തീരുമാനമാണ് ജീവിതവിജയത്തിലേക്കുള്ള പാത. അങ്ങനെയാണ് മഹാന്മാർ ജനിക്കുന്നത്. അങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾ ദൈവത്തിന്റെ രക്ഷകൊണ്ട് നിറയുന്നത്.

സ്നേഹമുള്ളവരേ, നാമെടുക്കുന്ന, നമ്മുടെ യുവജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങൾ നമ്മെ ബിവറേജസിന്റെ മുൻപിൽ എത്തിക്കും. മറ്റുചിലപ്പോൾ stuff (ലഹരി) കിട്ടുന്ന ഇടങ്ങളിലേക്ക്. ചില തീരുമാനങ്ങൾ നമ്മുടെയും കുടുംബത്തിന്റെയും തകർച്ചയായിത്തീരും. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can break everything. അല്ലെങ്കിൽ the very decision of yours can make everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്. ഓർത്തുനോക്കിക്കോളൂ …. എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ജീവിതനവീകരണത്തിലേക്കുള്ള, ക്രിസ്തുവിന്റെ രക്ഷയിലേക്കുള്ള തീരുമാനങ്ങൾ എടുക്കുവാൻ സക്കേവൂസ് നമ്മെ പഠിപ്പിക്കട്ടെ. ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നമ്മെ സൃഷ്ടിച്ച, നമ്മിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് തിരിയുവാൻ നമുക്ക് സാധിക്കട്ടെ. ക്രിസ്തുവിന് മാത്രമേ എന്റെ ജീവിതം നന്മയിലേക്ക് നയിക്കുവാൻ സാധിക്കൂ എന്ന് വിശ്വസിക്കുക. ആ ക്രിസ്തുവിന്റെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബത്തിലും വിശുദ്ധ കുർബാനയിലും അനുഭവിക്കുക. എന്നിട്ട് ഓരോ നിമിഷവും തീരുമാനങ്ങളെടുക്കുക. ആ തീരുമാനങ്ങൾ നമ്മെ രക്ഷയിലേക്ക്, ജീവിത വിജയത്തിലേക്ക് നയിക്കും. ഈ നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളെ,

നാമെടുത്തിരിക്കുന്ന തീരുമാനങ്ങളെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം. ജീവിതനവീകരണത്തിനായി വിശുദ്ധ കുമ്പസാരത്തിനായി അണയാം. അപ്പോൾ ഈശോ നമ്മോട് പറയും, ഇന്ന് നീയും നിന്റെ ഭവനവും രക്ഷപ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ഈ വചനം കേൾക്കാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON LK 4, 1-13

നോമ്പുകാലം ഒന്നാം ഞായർ

പുറപ്പാട് 24, 12-18

പ്രഭാ 2, 1-11

ഹെബ്രാ 2, 10-18

ലൂക്കാ 4, 1-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, മാനസാന്തരത്തിലേക്ക് കടന്നുവരാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ, പൊതുവേ ജീവിതനവീകരണത്തിന്റെ ആഹ്വാനവുമായി വീണ്ടും ഒരു നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ തന്നെ റഷ്യ-യുക്രൈൻ യുദ്ധം നമ്മെ ആകുലപ്പെടുത്തുന്നുണ്ട്. വായിച്ചറിഞ്ഞതും, ചരിത്രത്തിൽ നിന്നും കേട്ടറിഞ്ഞതുമായ യുദ്ധമെന്ന മഹാദുരന്തം യുക്രൈനിൽ മിസ്സൈലുകളായി പറന്നിറങ്ങിയതിന്റെ ഞെട്ടലിൽ, കൈകൾ കൂട്ടിപ്പിടിച്ച്, റഷ്യ തുടങ്ങിവച്ച യുദ്ധം ഒരു മൂന്നാം ലോകമഹായുദ്ധമാകല്ലേയെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ, യുദ്ധത്തിന്റെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, രാഷ്ട്രീയ കൊലപാതകങ്ങളുടെ, പിടിവാശികളുടെ, പ്രലോഭനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് നാളെ നെറ്റിയിൽ കുരിശുവരച്ച് നാം അൻപത് നോമ്പിലേക്ക് കടക്കുന്നത്.  

ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന വലിയ നോമ്പിന് അഥവാ അൻപത് നോമ്പിന് പുറമെ, പൗരസ്ത്യ പാരമ്പര്യങ്ങളിൽ വിവിധങ്ങളായ നോമ്പുകൾ പ്രാബല്യത്തിലുണ്ട്. ഈശോയുടെ പിറവിതിരുനാളിന് ഒരുക്കമായി ഇരുപത്തിയഞ്ച് നോമ്പ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് മുൻപ് പതിനഞ്ച് നോമ്പ്, മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായ എട്ടുനോമ്പ്, യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അനുതപിച്ച നിനിവേ നിവാസികളുടെ മനസാന്തരത്തെ അനുസ്മരിക്കുന്ന മൂന്ന് നോമ്പ് എന്നിങ്ങനെ പലതരത്തിലുള്ള നോമ്പാചരണങ്ങൾ നമ്മുടെ സഭയിലുണ്ട്.   

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും ലക്‌ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി നോമ്പാചരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. “നോവ്+അൻപ്” എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് നോമ്പ്. തമിഴ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കാണിത്. നോവിന് നൊയ് എന്നും പറയും. അതിൽ നിന്നാണ് നൊയമ്പ് വരുന്നത്. നൊയ് എന്നാൽ വേദന, അൻപ് എന്നാൽ സ്നേഹം. നൊന്തു സ്നേഹിക്കുക എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർഥം. സഹോദരങ്ങളെ, സ്നേഹിതരെ നൊന്തു സ്നേഹിക്കുന്നതാണ് നോമ്പ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണമാണ്, ത്യാഗമാണ്. അവരുടെ നന്മയ്ക്കുവേണ്ടി, അവരുടെ വളർച്ചയ്ക്കുവേണ്ടി ഭക്ഷണപാനീയങ്ങളും, മറ്റുജീവിതസുഖങ്ങളും പരിത്യജിച്ചുകൊണ്ട്, വർജിച്ചുകൊണ്ട് (abstinence) നോമ്പാചരിക്കുക എന്നത് ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. സ്നേഹം എന്നും ഇപ്പോഴും വേദനാക്ഷമമാണ്. നൊന്തു സ്‌നേഹിക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നോമ്പായിരിക്കും നമുക്ക്. അത് മറ്റുള്ളവരുടെയും, നമ്മുടെയും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരുന്ന ചാലുകളായി മാറും.  

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ ചോദിക്കുന്നത്: “ഇതാണോ നിങ്ങളുടെ ഉപവാസം? ദുഷ്ടതയില്ലാത്ത, മറ്റുള്ളവരെ മർദ്ദിക്കാത്ത, മറ്റുള്ളവരിൽ ദൈവത്തെക്കണ്ട് അവരെ സ്നേഹിക്കുന്ന മനസ്സുമായി ഈ ഭൂമിയിൽ ജീവിക്കുന്നതല്ലേ ശരിയായ ഉപവാസം? ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട്, അവരുമായി ആഹാരം പങ്കുവയ്ക്കുന്നതും, വീടില്ലാത്തവന് വീടാകുന്നതും, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നതുമല്ലേ ഉപവാസം? എന്താണ് ഇവ ഉപവാസമാകാൻ കാരണം? അപ്പോൾ നിന്റെ ജീവിതം ആനന്ദംകൊണ്ട് നിറയും, നിന്റെ ജീവിതത്തിൽ വെളിച്ചം പ്രഭാതംപോലെ വിരിയും. നീ സൗഖ്യമുള്ളവനാകും. അപ്പോൾ നീ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയില്ല.

ഭക്ഷണം ആനന്ദമാണ്. മറ്റൊരു വശംകൂടി ഇതിനുണ്ട്. ആനന്ദം ഭക്ഷണമാണ്. വെള്ളത്തിന് മഞ്ഞുകട്ടയാകാൻ കഴിയുമെങ്കിൽ, മഞ്ഞുകട്ടയ്ക്ക് വെള്ളവുമാകാം. ദൈവത്തോട് അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഉപവാസം.

നൊന്ത് സ്നേഹിക്കുന്ന നോമ്പും, ദൈവത്തിന്റെ അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ജീവിതം വിശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കും. അതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്. ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്ന് മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു … ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. ഇങ്ങനെയാണ് വചനം ആമുഖമായി പറഞ്ഞുവയ്ക്കുന്നത്. ആത്മാവിൽ നിറഞ്ഞവനായി, ആത്മാവിൽ ആനന്ദിച്ച ഈശോ ഭക്ഷണം മറന്നു. എന്നാൽ, പ്രലോഭനങ്ങൾ അവിടുത്തെ വിട്ടുപോയില്ല. ദൈവത്തോടൊത്ത് ആയിരിക്കുമ്പോഴും, ദൈവിക ആനന്ദത്തിൽ ആയിരിക്കുമ്പോഴും പ്രലോഭനങ്ങൾ ഇല്ലാതാകുന്നില്ല. കാരണം, മനുഷ്യൻ പ്രലോഭനങ്ങൾക്ക് അതീതനല്ല. പച്ചയായ മനുഷ്യന്റെ സ്വാഭാവിക പ്രവണതകൾ എന്നും അവളെ / അവനെ പ്രലോഭനത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞവളായി/ നിറഞ്ഞവനായി നിങ്ങൾ ജീവിക്കുമ്പോഴും നിങ്ങളുടെ സ്വാഭാവിക പ്രവണതകളെ ഒഴിവാക്കാൻ നിങ്ങൾക്കാകില്ല.

എന്താണ് പ്രലോഭനം? ബഹുമാനപ്പെട്ട ബോബി ജോസ് കട്ടികാട് അച്ഛൻ തന്റെ “നിലത്തെഴുത്ത്” എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:” ഒരുവന്റെ അവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട് ഓരോ മനസ്സിലും രൂപപ്പെടാവുന്ന ആഭിമുഖ്യവും ഉദ്ദീപനവുമാണ്” പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു പുരോഹിതന്റെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു സന്യാസിയുടേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തതുകൊണ്ടാണ് ഓരോന്നും തിന്മയാകുന്നത്. ദൂരക്കാഴ്ച്ചകളെ, ദൂരെയുള്ള ശരിയെ, യാഥാർഥ്യത്തെ മറയ്ക്കുന്നതാണ് പ്രലോഭനം.

മനുഷ്യന്റെ അടിസ്ഥാന പ്രവണതകളോട് (Basic Instincts) ബന്ധപ്പെട്ട വിശപ്പ് ഒരു വലിയ പ്രലോഭനമാണ്. ഈശോ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ വിശപ്പ് എന്ന് പറയേണ്ടിവരും. വിശപ്പിന് പല ഭാവങ്ങളുണ്ട്. ഭക്ഷണത്തോട് ചേർന്നത് മാത്രമല്ല വിശപ്പ്. സമ്പത്തിനോട്, ശാരീരിക സുഖങ്ങളോട്, മദ്യപാനത്തോട്, ലഹരികളോട്, ചീത്തകൂട്ടുകെട്ടുകളോട് – തുടങ്ങിയവയോടൊക്കെ നമുക്ക് അതിയായ വിശപ്പുണ്ട്. പ്രലോഭനമാണത്. രണ്ടാമത്തേത്, അധികാരവും മഹത്വവും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ഭാര്യയുടെ മുൻപിൽ, ഭർത്താവിന്റെ മുൻപിൽ അധികാരം സ്ഥാപിക്കാനുള്ള അഭിനിവേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുവാനുള്ള പ്രവണത, ഇവയ്ക്കായി ദൈവത്തെപ്പോലും ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് – എല്ലാം മനുഷ്യന്റെ ഒരുതരം വിശപ്പാണ്. മൂന്നാമത്തേത്, പേരിനും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. അതിനായി നല്ല മൂല്യങ്ങളെ വലിച്ചെറിയുവാൻ ഒരു മടിയുമില്ല. ഇതും  ഒരുതരം വിശപ്പാണ്. ഇതെല്ലം പലർക്കും പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ഇത്തരം വിശപ്പുകൾ ഒരത്താഴംകൊണ്ട് ശമിക്കാവുന്നതുമല്ല.

സ്നേഹമുള്ളവരേ, ഇക്കൊല്ലത്തെ അൻപത് നോമ്പ് വ്യക്തിജീവിതത്തെയും, ജീവിതസാഹചര്യങ്ങളെയും, കുടുംബത്തെയും കുടുംബസാഹചര്യത്തെയും, ഇടവകയേയും, ഇടവക സാഹചര്യങ്ങളെയും നവീകരിക്കുവാനുള്ളതാകട്ടെ. നമ്മുടെ ജീവിതാവസ്ഥകളിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ നോമ്പാചരിച്ചും, ഉപവാസമിരുന്നും അതിജീവിക്കുവാനാകണം നമ്മുടെ ശ്രമം. ഇതിനായി മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്, പ്രലോഭനങ്ങളുടെ ആകർഷണത്തിൽ പെട്ട് ജീവിതം തകർക്കരുത്. (പഴയനിയമത്തിലെ ദാവീദിന്റെ ജീവിതം ഓർക്കുക.)

രണ്ട്, ജീവിതാവസ്ഥകളോട് ചേർന്ന് വരുന്ന ഒരു പ്രലോഭനത്തെയും നിസ്സാരമായി, ചെറുതായി കാണരുത്.

മൂന്ന്, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളോട് നിസംഗത (Indifference) പുലർത്തരുത്.

സുഡാനിലെ കഠിനമായ ഒരു വരൾച്ചാക്കാലം. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചുവീഴുന്ന അതിവേദനാജനകമായ കാലം. കെവിൻ കാർട്ടർ എന്നുപേരുള്ള ഒരു ഫോട്ടോ ജേർണലിസ്റ്റ് സുഡാന്റെ തെരുവിലൂടെ യാത്രചെയ്തപ്പോൾ കണ്ട ഒരു ദൃശ്യം അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകൾക്ക് വലിയ വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒട്ടു താമസിയാതെ അത് ഒപ്പിയെടുത്തു. ചിത്രമിതായിരുന്നു: തെരുവിൽ വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടി. തൊട്ടടുത്ത് തന്നെ ഒരു കഴുകൻ! ആ കുട്ടി മരിച്ചിട്ടുവേണം അതിനെ കൊത്തി തിന്നുവാൻ – എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി കഴുകൻ. കെവിൻ കാർട്ടർ 1993 ലാണ് സുഡാന്റെ തെരുവിൽ നിന്ന് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന് അദ്ദേഹം പേരിട്ടു: The Vulture and the Little Girl. എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്ത്തി. അന്താരാഷ്ട്ര ബഹുമതികൾ തന്നെ തേടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തെറ്റിയില്ല.   ചിത്രത്തിന് ആ വർഷത്തെ പുലിറ്റ്സർ പ്രൈസ് ലഭിക്കുകയുണ്ടായി. എന്നാൽ, നിർഭാഗ്യവശാൽ, കെവിൻ കാർട്ടർ അയാളുടെ 33 മത്തെ വയസ്സിൽ ആത്മഹത്യചെയ്തു. എന്തുകൊണ്ട് കെവിൻ കാർട്ടർ ആത്മഹത്യചെയ്തു? അതായിരുന്നു അന്ന് ലോകം മുഴുവൻ ചോദിച്ചതും. അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു: ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?” കാർട്ടർ മറുപടി പറഞ്ഞത്, എനിക്കറിയില്ല. ഞാനന്ന് തിരക്കിലായിരുന്നു. ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നു. പിന്നെ അന്വേഷിച്ചില്ല എന്നാണ്. അത് കേട്ടതും വിളിച്ചയാൾ കെവിനോട് ഒന്നുകൂടി ചോദിച്ചു: “എത്ര കഴുകന്മാർ ഉണ്ടായിരുന്നു അവിടെ?” കെവിൻ മറുപടി പറഞ്ഞു: “ഒന്ന്” മറ്റെയാൾ ഉടനെ പറഞ്ഞു: ” അല്ല, രണ്ട്.  ഒന്നിന്റെ കയ്യിൽ ഒരു ക്യാമറയും കൂടിയുണ്ടായിരുന്നു”, കെവിൻ ഞെട്ടിപ്പോയി. ഈ ഒരൊറ്റ ഉത്തരമാണ് കെവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അനന്തരം അയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യചെയ്യുകയായിരുന്നു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയുക, ജീവിതം നഷ്ടപ്പെടാതിരിക്കാൻ അവയിൽ നിന്ന് പിന്മാറുക! ജീവിതത്തിന്റെ വിശപ്പുകളുടെ പിന്നാലെ ഓടുന്ന തിരക്കിൽ നമ്മിലും, സഹോദരങ്ങളിലും, ഈ പ്രപഞ്ചത്തിലുമുള്ള ദൈവത്തെ കണ്ടുമുട്ടാൻ മടിക്കരുത്. ജീവിത സാഹചര്യങ്ങളിൽ, പൗരോഹിത്യ, സന്യാസ കുടുംബ ജീവിതാവസ്ഥകളുടെ പരിസരങ്ങളിൽ വന്നുവീഴുന്ന പ്രലോഭനങ്ങളുടെ വേളകളിൽ വെറും മൃഗങ്ങളാകാതെ മനുഷ്യരാകാൻ നമുക്ക് കഴിയണം. വിശപ്പുകളുടെ പിന്നാലെ പോയി നമ്മുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും തകർക്കുന്നവരാകാതെ, നൊന്തുസ്നേഹിച്ചും, ഉപവസിച്ചും ജീവിതത്തെ നന്മയുള്ളതാക്കാൻ നമുക്ക് സാധിക്കട്ടെ. അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളെ ദൈവ കൃപയാൽ നിറച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ, കുടുംബങ്ങളെ ശക്തമാക്കാം.

നാളെ നെറ്റിയിൽ കുരിശ് വരച്ച് നോമ്പിലേക്ക് പ്രവേശിക്കുവാൻ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ!

SUNDAY SERMON MT 9, 35-10, 4

ദനഹാക്കാലം എട്ടാം ഞായർ

ഉത്പത്തി 49, 22-26

ജെറമിയ 23, 1-4

1 പത്രോസ് 5, 1-11

മത്തായി 9, 35- 10, 4

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ദനഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയിൽ നാം പ്രവേശിച്ചിരിക്കുകയാണ്. ഇടയനില്ലാതെ അലയുന്ന ആടുകളെയും, അലഞ്ഞു നടക്കുന്ന ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായ ഈശോയെയും അവതരിപ്പിച്ചുകൊണ്ട്, ഈശോ നല്ലിടയനാണെന്ന് വെളിപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. നസ്രത്തുകാരനായ ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തുന്ന മഹാരഹസ്യം ധ്യാനിക്കുകയായിരുന്നു നാം ഈ ദനഹാക്കാലത്ത്. ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പീലിപ്പോസിലൂടെയും, നഥാനിയേലിലൂടെയും ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തപ്പെട്ടു. രണ്ടാം ഞായറാഴ്ച്ച യഹൂദരുടെ, ക്രിസ്തു ആരെന്ന ചോദ്യത്തിലൂടെ, സ്വർഗത്തിൽ നിന്നുവന്ന ദൈവപുത്രനാണ് ഈശോ എന്ന വെളിപാടാണ് സുവിശേഷത്തിലൂടെ നാം കണ്ടത്. മൂന്നാം ഞായറാഴ്ച്ച അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനാണെന്ന് പ്രഘോഷിക്കുന്നതാണ് നാം ധ്യാനിച്ചത്. നാലാം ഞായറാഴ്ച്ച ശമരിയക്കാരി സ്ത്രീയിലൂടെ, അഞ്ചാം ഞായറാഴ്ച്ച നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂർത്തീകരണമായി, ആറാം ഞായറാഴ്ച്ച തളർവാത രോഗിയുടെ പാപങ്ങൾ മോചിച്ചുകൊണ്ട്, ഏഴാം ഞായറാഴ്ച്ച ജീവന്റെ അപ്പമായി, ഇതാ എട്ടാം ഞായറാഴ്ച്ച ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായി ഈശോയുടെ ദൈവത്വം വെളിപ്പെടുത്തപ്പെടുകയാണ്. എത്ര മനോഹരമായിട്ടാണ് ദനഹാക്കാലത്തെ ധ്യാന ചിന്തകൾ സഭ അവതരിപ്പിച്ചിരിക്കുന്നത്!

വ്യാഖ്യാനം

മനുഷ്യജീവിതം പണ്ടത്തേതിനേക്കാളും വളരെ പുരോഗമിച്ചെങ്കിലും, പഴയകാലത്തേക്കാൾ സുഖസൗകര്യങ്ങൾ വർധിച്ചെങ്കിലും, pleasure, happiness, cheerfulness, delight, joviality തുടങ്ങിയ വാക്കുകൾക്കൊന്നും പഞ്ഞമില്ലെങ്കിലും, മനുഷ്യൻ ഇടയനില്ലാത്ത ആടുകളെപ്പോലെ ഇന്നും അലയുകയാണ്. ഈശോയുടെ കാലത്തെ ജനങ്ങളെ നോക്കുക: അവരിൽ രോഗികളുണ്ടായിരുന്നു; അവരെ വ്യാധികൾ അലട്ടിയിരുന്നു; അവർ പരിഭ്രാന്തരായിരുന്നു, നിസ്സഹായരായിരുന്നു; അശുദ്ധാത്മാക്കൾ ബാധിച്ചവരായിരുന്നു; അവർ നല്ല ഇടയന്മാർ ഇല്ലാത്തവരായിരുന്നു.

ഇന്നത്തെ കാലത്തെ ആടുകളെ നോക്കുക! Globalization എന്ന വലിയ വാക്ക് ഉപയോഗിച്ചുകൊണ്ട്, ലോകം മുഴുവനും ഒറ്റ ഗ്രാമമായി എന്ന് വീമ്പടിക്കുന്നുണ്ടെങ്കിലും, ബഹിരാകാശത്തേക്ക് പിക്നിക്കിന് പോകാൻ ഞങ്ങൾ ഒരുങ്ങുന്നു എന്ന് ഹുങ്ക് പറയുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് continent to continent മിസൈലുകൾ ഉണ്ടെന്നും, ആണവായുധങ്ങളും, വേണ്ടി വന്നാൽ രാസായുധങ്ങളും, ജൈവായുധങ്ങളും ഉണ്ടെന്നും വായ്ത്താരി വിടുന്നുണ്ടെങ്കിലും, ലോകത്തിലെ ശരാശരി മനുഷ്യൻ ഇന്നും അലയുകയാണ്. ലോകത്തിലെ ശരാശരി മനുഷ്യൻ രോഗത്താൽ, വ്യാധികളാൽ ക്ലേശിക്കുകയാണ്. ഭയമാണ് ആധുനിക മനുഷ്യന്റെ മുഖമുദ്ര. കുടുംബത്തിൽ, സമൂഹത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അശുദ്ധാത്മാക്കൾ ബാധിച്ചവരെപ്പോലെ അലറുകയാണ്. യുക്രയിൻ എന്ന രാജ്യത്തിനുമേൽ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അന്ധരായി തപ്പിത്തടയുകയാണ്. ഇന്നും ജനക്കൂട്ടങ്ങൾ ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുകയാണ്.

ഇന്നത്തെ നമ്മുടെ കുടുംബങ്ങൾ ഇടയന്മാരില്ലാതെ, സഹായിക്കുവാൻ ആരുമില്ലാതെ, ആശ്വസിപ്പിക്കുവാൻ ആരുമില്ലാതെ അലയുകയാണ്. കോവിഡെന്ന മഹാമാരിയാൽ കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങളുണ്ട്! സർക്കാരും, സഭയും, മറ്റ് സന്നദ്ധ സംഘടനകൾ ധാരാളമുണ്ടെങ്കിലും എത്രയോ കുടുംബങ്ങളാണ് അടച്ചുറപ്പുള്ള ഒരു വീടില്ലാതെ ഇന്നും സങ്കടപ്പെടുന്നത്! കോടികൾ മുടക്കി പണിയുന്ന നമ്മുടെ വീടുകൾക്കും, ദേവാലയങ്ങൾക്കും, സന്യാസാശ്രമങ്ങൾക്കും, സ്ഥാപനങ്ങൾക്കും ചുറ്റും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എത്രയോ കുടുംബങ്ങളുണ്ട്!  ഇക്കഴിഞ്ഞ ദിവസമല്ലേ, മാതാപിതാക്കളില്ലാതെ, പത്താം ക്ലാസ്സിൽ പഠിക്കുന്ന അനാഥയായ ഒരു പെൺകുട്ടിയുടെ ജീവിതം നാം Newspaper ൽ കണ്ടത്. അവളുടെ ചെറിയ വീടും സ്ഥലവും ബാങ്കുകാരും കൊണ്ടുപോയി. ഇങ്ങനെ എത്രയോ കുടുംബങ്ങൾ അലയുന്നു!!

ഇന്ന് നമ്മുടെ വൃദ്ധരായ മാതാപിതാക്കൾ അലയുകയാണ്. സ്നേഹം ലഭിക്കാതെ, മക്കളുടെ സാമിപ്യം കിട്ടാതെ, അവരുടെ ശുശ്രൂഷ ലഭിക്കാതെ അലയുകയാണ്.

വൃദ്ധനായ ഒരു മനുഷ്യൻ തന്റെ mobile repair ചെയ്യാനായി ഒരു mobile shop ൽ എത്തി. എന്നിട്ട് technician ന്റെ കയ്യിലേക്ക് തന്റെ mobile കൊടുത്തു. അയാൾ മൊബൈൽ check ചെയ്തു നോക്കി. പ്രത്യേകിച്ച് കുഴപ്പമൊന്നും അയാൾ ആ മൊബൈലിൽ കണ്ടില്ല. Technician പറഞ്ഞു: “ഇതിന് കുഴപ്പമൊന്നും ഇല്ലല്ലോ അങ്കിൾ.” അപ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം മൊബൈൽ തിരികെ വാങ്ങിയിട്ട് ആ ടെക്‌നിഷ്യനോട്‌ ചോദിച്ചു: “എന്നിട്ടും എന്ത്യേ എന്റെ മക്കളാരും എന്നെ വിളിക്കാത്തേ?” ശാരീരികമായിട്ടല്ലെങ്കിലും, മാനസികമായി നമ്മുടെ വൃദ്ധരായവർ അലഞ്ഞു നടക്കുകയാണ്.

നമ്മുടെ യുവജനങ്ങളും ഇന്ന് അലയുകയാണ്. തെളിഞ്ഞ ജലാശയത്തിലേക്ക് നയിക്കുവാൻ ഇടയന്മാരില്ലാത്തതുകൊണ്ട് അവർ കലക്കവെള്ളം കുടിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിൽ വന്ന കോടതി വിധികൾ നിങ്ങൾ ശ്രദ്ധിച്ചോ? വധശിക്ഷ ലഭിച്ചവരും, ജീവപര്യന്തം കിട്ടിയവരുമൊക്കെ യുവജനങ്ങളാണ്. രാഷ്ട്രീയ കൊലപാതകങ്ങളും, തീവ്രവാദപ്രവർത്തനങ്ങളും, മദ്യവും, ലഹരിവസ്തുക്കളും, അന്ധമായ മതാചാരങ്ങളുമെല്ലാം നമ്മുടെ യുവജനങ്ങളെ പെരുവഴിയിലാക്കിയിരിക്കുകയാണ്. നമ്മുടെ മക്കൾ ലൗവ് ജിഹാദിലും, ലഹരിവസ്തുക്കളുടെ പിടിയിലും കിടന്ന് വലയുന്നത് ഇടയന്മാരില്ലാഞ്ഞിട്ടല്ലേ?

ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകളും, കുഞ്ഞുങ്ങളുമെല്ലാം അലയുകയാണ്. തീവ്രവാദവും, വർഗീയതയും, വികലമായ ദേശീയതയും പറഞ്ഞ് രാഷ്ട്രീയക്കാരും മനുഷ്യരെ, ആടുകളെ അന്ധരാക്കുകയാണ്. ആടുകൾ പൊതുവെ വളരേ ബലഹീനരായവരാണ്. വെറും ഇരുപത് വാര അകലെ മാത്രമേ അവർക്ക് കാണുവാൻ സാധിക്കുകയുള്ളു. ആടുകൾ ഭയത്തിൽ ജീവിക്കുന്നവരാണ്. ആടുകൾ എപ്പോഴും തൊട്ടുരുമ്മി നടക്കുന്നത് കണ്ടിട്ടില്ലേ? ഒറ്റയ്ക്ക് നടക്കാൻ അവർക്ക് ഭയമാണ്. അതുകൊണ്ട് തന്നെ അവർക്ക് ഇടയനെ വേണം. നല്ല ഇടയന്മാരില്ലെങ്കിൽ അവർ വഴിതെറ്റി അലയും. ഇന്ന് എല്ലാ രംഗത്തും നാം കാണുന്നത് ഈ വഴിതെറ്റി അലയലാണ്.

പ്രിയപ്പെട്ടവരേ, അന്ന് ഇടയനില്ലാത്ത ജനക്കൂട്ടത്തെ കണ്ട് കരുണ തോന്നുവാൻ, അവരെ രോ ഗങ്ങളിൽ നിന്ന്, വ്യാധികളിൽ നിന്ന് രക്ഷിക്കുവാൻ അവരുടെ ഇടയിൽ ഒരു ക്രിസ്തു ഉണ്ടായിരുന്നു. മാത്രമല്ല, ഇതേ കഴിവുകളുള്ള, നല്ലിടയനായ ക്രിസ്തുവിന്റെ ഹൃദയമുണ്ടായിരുന്ന ശിഷ്യന്മാരുണ്ടായിരുന്നു. താൻ ചെയ്തുകൊണ്ടിരുന്ന അതേ ദൗത്യം ചെയ്യുവാനാണ് ഈശോ ശിഷ്യരെ തിരഞ്ഞെടുത്തത്. പക്ഷേ, ഇസ്രായേൽ ജനം നല്ലിടയനെ, ക്രിസ്തുവിനെ, ഗുരുവിന്റെ സ്വഭാവമുള്ള ശുഷ്യരെ മനസ്സിലാക്കിയില്ല. അതിനുമപ്പുറം ഇസ്രായേൽ ജനം, ലോകം അവരെ കൊന്നു കളഞ്ഞു.

ഇക്കാര്യം പറയുന്ന എനിക്കും എന്നെ കേൾക്കുന്ന നിങ്ങൾക്കും ധാർമിക രോഷം ഉയരുന്നുണ്ടെന്നും, ഇസ്രായേൽ ജനത്തോട് ദേഷ്യം തോന്നുന്നുണ്ടെന്നും എനിക്കറിയാം. എന്നാൽ, സ്നേഹിതരേ, ഇന്നും സാഹചര്യം ഒട്ടും തന്നെ വ്യത്യസ്തമല്ല. ഇന്നും ജനക്കൂട്ടം അലയുകയാണ്. ഇന്നും അവരോട് അനുകമ്പ കാണിക്കുന്ന ക്രിസ്തു ഇവിടെയുണ്ട്. ക്രിസ്തുവിന്റെ അത്ഭുത പ്രവൃത്തികളും നടക്കുന്നുണ്ട്. പ്രപഞ്ചം മുഴുവനിലും ഉണ്ട്. ക്രിസ്തു ധാരാളംപേരെ തന്റെ അതേ ദൗത്യം തുടരുവാൻ അയയ്ക്കുന്നുമുണ്ട്. എന്നിട്ടും, എന്നിട്ടും, ജനക്കൂട്ടം അലയുകയാണ്. അവർ തിന്മയുടെ വഴിയേ ചരിക്കുകയാണ്. അവർ കലക്കവെള്ളം കുടിക്കുകയാണ്. Junk Food കഴിച്ച് അവർക്ക് അജീർണം വന്നിരിക്കുകയാണ്.

ഇവിടെ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു. ഒന്ന്, ഇത്രയുമൊക്കെയായിട്ടും ക്രിസ്തുവിലേക്ക് ആരും വരുന്നില്ല. തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ അവർ ക്രിസ്തുവിനെ കൊല്ലുകയാണ്, കൊന്ന് കൊലവിളിക്കുകയാണ്. രണ്ട്, ക്രിസ്തു തന്റെ അതേ ദൗത്യം നൽകി അയച്ചവർ ആ ദൗത്യം നിർവഹിക്കുന്നില്ല.

രണ്ടിന്റെയും net result ഒന്ന് തന്നെയാണ്: ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്നു. ആടുകളാകട്ടെ തങ്ങളുടെ അലച്ചിൽ അവസാനിപ്പിക്കുവാനൊട്ട് ആഗ്രഹിക്കുന്നുമില്ല. അത്രമാത്രം തിന്മയുടെ അന്ധതയിലാണവർ. അവരോട് അനുകമ്പ കാണിക്കുന്ന ക്രിസ്തുവിനെ ഇല്ലാതാക്കുവാനാണ് അവരുടെ ശ്രമം. വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവിക്കുന്ന കാരുണ്യവാനായ ക്രിസ്തുവിനെ ഇല്ലാതാക്കുവാൻ, അവർ വിശുദ്ധ കുർബാനയെ തെരുവിൽ വലിച്ചിഴയ്ക്കുന്നു. അതിന്റെ നന്മയെ ഇല്ലാതാക്കുന്നു. കരുണ കാണിക്കുന്ന നന്മയുടെ വൃക്ഷങ്ങളെയെല്ലാം വേരോടെ പിഴുതുകളയുവാനാണ് മനുഷ്യരിന്ന് ശ്രമിക്കുന്നത്. അനുകമ്പ കാണിച്ചുകൊണ്ട് കത്തിജ്വലിച്ചു നിൽക്കുന്ന ദീപങ്ങളെ തല്ലിക്കൊടുത്തുവാനാണ് ആളുകൾക്കിന്ന്  ഹരം! നല്ല ആത്മീയതയുള്ള ക്രൈസ്തവ കുടുംബങ്ങളെ നരകതുല്യമാക്കാനാണ് ശത്രുക്കൾ രാത്രിയെ പകലാക്കി അധ്വാനിക്കുന്നത്. ക്രിസ്തുവിനെ വികലമാക്കാൻ കിട്ടുന്ന ഒരവസരവും അവർ പാഴാക്കുന്നില്ല. ഫലമോ, ജനക്കൂട്ടം അലയുകയാണ്.

പലവിധ ജീവിതാന്തസ്സുകൾ നൽകി ക്രിസ്തു നിയോഗിച്ച ഇടയന്മാരാകട്ടെ, ഇന്നത്തെ രണ്ടാം വായനയിൽ ജെറമിയാ പ്രവാചകൻ പറയുന്നതുപോലെ ആടുകളെ ചിതറിച്ചുകളയുകയാണ്. അവയെ യഥാവിധം പരിപാലിക്കുന്നില്ല. എസക്കിയേൽ പ്രവാചകന്റെ പുസ്തകം മുപ്പത്തിനാലാം അധ്യായത്തിലും ആടുകളെ സംരക്ഷിക്കാത്ത, ദുർബലമായതിന് ശക്തി കൊടുക്കാത്ത, ആടുകളെ ഒരുമിച്ച് നിർത്താത്ത ഇസ്രയേലിന്റെ ഇടയന്മാരെക്കുറിച്ച് പ്രവാചകൻ പറയുന്നുണ്ട്. വിശുദ്ധ പത്രോസ് ശ്ലീഹ ഇന്നത്തെ ലേഖനത്തിൽ, ദൈവത്തെപ്രതി സന്മനസ്സോടെ, സന്മാതൃക നൽകിക്കൊണ്ട്, ദൈവത്തിന്റെ ശക്തമായ കാര്യത്തിന് കീഴിൽ താഴ്മയോടെ നിന്നുകൊണ്ട് ഇടയന്മാർ ആടുകളെ പരിപാലിക്കണമെന്ന് പറയുന്നുണ്ട്. പത്രോസ് ശ്ലീഹാ പറയുന്നപോലെ, പ്രിയപ്പെട്ടവരേ, പിശാച് അലറുന്ന സിംഹത്തെപ്പോലെ, നമ്മെ, ക്രൈസ്തവരെ വിഴുങ്ങുവാൻ ഓടിനടക്കുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, സഭയോടൊത്ത് നമ്മെ ക്രിസ്തു ഏൽപ്പിക്കുന്ന ദൗത്യം നാം നിർവഹിക്കണം.

സമാപനം

സ്നേഹമുള്ളവരേ, കാരുണ്യം മാത്രമായ, അനുകമ്പ നിറഞ്ഞ ഒരു ദൈവമാണ്, ക്രിസ്തുവാണ് നമുക്കുള്ളത്. നാം ഒരേസമയം ആടുകളും ഇടയന്മാരുമാണെന്ന് മനസ്സിലാക്കിക്കൊണ്ട്, നമ്മോട് അനുകമ്പ കാണിക്കുന്ന നല്ല ദൈവത്തിനോട്, നമ്മോട് അനുകമ്പ കാണിക്കുന്ന വ്യക്തികളോട് നമുക്ക് നന്ദിയുള്ളവരാകാം. ഒപ്പം, മറ്റുള്ളവരോട് അനുകമ്പ കാണിക്കുന്ന നല്ല ഇടയൻമാരായി നമുക്ക് ജീവിക്കാം. സഭയോട് ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട്, ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് അനുകമ്പ നിറഞ്ഞ ഹൃദയമുള്ള ക്രൈസ്തവരായി നമുക്ക് ജീവിക്കാം. അലഞ്ഞു നടക്കുന്ന സഹോദരർക്കുവേണ്ടി പ്രാർത്ഥിക്കാം. ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, അനുകമ്പയോടെ ഈശോയെ ഞങ്ങളെ നോക്കേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് ഏറ്റുപറയാം

: കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാകുകയില്ല…മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23) ആമേൻ!

SUNDAY SERMON JN 6, 47-59

ദനഹാക്കാലം ഏഴാം ഞായർ

പുറപ്പാട് 16, 13-21

1 രാജാക്കന്മാർ 19, 1-8

1 കോറിന്തോസ് 10, 14-21

യോഹന്നാൻ 6, 47-59

സന്ദേശം

1845 ഒക്ടോബർ ആറാം തീയതി രാത്രി, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിപ്പിക്കുന്ന, സർവകലാശാലയിലെ സെന്റ് മേരീസ് പള്ളിവികാരിയായിരുന്ന ആംഗ്ലിക്കൻ സഭയിൽപ്പെട്ട ഫാദർ ജോൺ ഹെൻറി ന്യൂമാൻ ഇറ്റലിക്കാരൻ പാഷനിസ്റ്റ് സഭാ വൈദികനായ ഡൊമിനിക് ബാർബെറിയെ കാത്തിരിക്കുകയായിരുന്നു. കാത്തിരിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു. അധ്യാപനം ഉപേക്ഷിച്ച്, ആംഗ്ലിക്കൻ സഭയിൽ നിന്ന് പുറത്തുപോന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിലായിരുന്നു ഫാദർ ന്യൂമാൻ. ഒട്ടും വൈകാതെ തന്നെ ഫാദർ ബാർബെറി എത്തിച്ചേർന്നു. പിറ്റേന്ന് ഫാദർ  ബാർബെറി പ്രാരംഭകാര്യങ്ങളെല്ലാം ചെയ്തു. ഒക്ടോബർ 9 ന് ഫാദർ ന്യൂമാൻ മാമ്മോദീസ സ്വീകരിച്ചു. കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു. ഫാദർ ഡൊമിനിക്കിന്റെ അടുത്ത് കുമ്പസാരിച്ചു. വിശുദ്ധ കുർബാന സ്വീകരിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ ഒരു സുഹൃത്ത് ന്യൂമാനോട് പറഞ്ഞു: “എന്ത് വിവരക്കേടാണ് നിങ്ങളീ കാണിക്കുന്നത്? എന്തിനാണ് ജോലി രാജിവച്ചത്? ഇത്രയും പ്രശസ്തനായ നിങ്ങൾക്ക് മാസം ലഭിക്കുന്ന 4000 പൗണ്ട് നഷ്ടപ്പെടുകയില്ലേ? അപ്പോൾ വളരെ ശാന്തനായി ഫാദർ ന്യൂമാൻ പറഞ്ഞു: “സ്നേഹിതാ, ക്ഷമിക്കണം. കത്തോലിക്കാ സഭയിൽ ഞാനൊരു മഹാത്ഭുതം കണ്ടു, ദിവ്യകാരുണ്യമെന്ന മഹാത്ഭുതം. വിശുദ്ധ കുർബാനയോട് താരതമ്യം ചെയ്യുമ്പോൾ 4000 പൗണ്ട് എന്താണ് സുഹൃത്തേ?” കത്തോലിക്കാസഭയിലെ ദിവ്യകാരുണ്യമെന്ന വലിയ നിധി കണ്ടെത്തിയപ്പോൾ അത് സ്വന്തമാക്കാൻ ആംഗ്ലിക്കൻ സഭ വിട്ട് പുറത്തുവന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വലിയ പണ്ഡിതനാണ്, ഇപ്പോൾ വിശുദ്ധനാണ് കർദിനാൾ ന്യൂമാൻ.

ഇന്ന്, ദനഹാക്കാലം ഏഴാം ഞായറാഴ്ച്ചത്തെ, ഈശോ ജീവന്റെ അപ്പമാകുന്നു എന്ന സുവിശേഷഭാഗം വായിച്ചു ധ്യാനിച്ചപ്പോൾ മനസ്സിലേക്ക് ഓടിവന്ന സംഭവമാണ് ഞാനിപ്പോൾ വിവരിച്ചത്. കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാനയെന്ന ഈ മഹാത്ഭുതത്തെക്കുറിച്ചാകട്ടെ ഇന്നത്തെ നമ്മുടെ വിചിന്തനം.

വ്യാഖ്യാനം

AD 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ വിശുദ്ധ കുർബാന സ്ഥാപനത്തെക്കുറിച്ചുള്ള വിവരണം ഇല്ലെങ്കിലും,  ജീവന്റെ അപ്പത്തെക്കുറിച്ച്, വിശുദ്ധ കുർബാനയെക്കുറിച്ച് വളരെ വിശദമായും, ദൈവശാസ്ത്രപരമായും വിശുദ്ധ യോഹന്നാൻ പ്രതിപാദിച്ചിട്ടുണ്ട്‌. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മുഴുവനും, (ഈശോ വെള്ളത്തിന് മീതെ നടക്കുന്ന അത്ഭുതം മാറ്റിനിർത്തിയാൽ) ക്രിസ്തു ജീവന്റെ അപ്പമാണ് എന്നതിന്റെ വിവരണമാണ്.  AD 95 ൽ എഴുതപ്പെട്ടു എന്ന് പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെയും, അവരുടെ ക്രിസ്തു സാക്ഷ്യത്തിന്റെയും, വിശ്വാസത്തിന്റെയും, വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അറിവിന്റെയും, ആചരണത്തിന്റെയും പിൻബലം ഈ സുവിശേഷ ഭാഗത്തിന് ഉണ്ട് എന്നാണ്.  മാത്രമല്ല, വിശുദ്ധ യോഹന്നാനാണ് ഈ സുവിശേഷത്തിന്റെ കർത്താവ്. താൻ നേരിട്ട് കണ്ടതും,കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് എന്ന് സുവിശേഷത്തിന്റെ അവസാനം അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.  

ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ പ്രസ്താവം വളരെ ശക്തമാണ്. ഇത് വെറുമൊരു political statement അല്ല. കയ്യടികിട്ടാനുള്ള വാചകക്കസർത്തുമല്ല. ദൈവത്തിന്റെ വെളിപാടാണിത്, ദൈവത്തിന്റെ ജീവനുള്ള വചനമാണിത്. ഈശോ പറയുന്നു: “സത്യം സത്യമായി നിങ്ങളോട് പറയുന്നു, ഞാൻ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്.  ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല … ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.” (48-50) എത്ര ശക്തമായ പ്രസ്താവനയാണിത്. അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഈശോ രക്ഷാകര പദ്ധതിയുടെ,

June 20 – Q4 – Lesson 3 – Manna from Heaven – WOODSTREAM

തന്റെ രക്ഷാകര ദൗത്യത്തിന്റെ ചുരുളഴിക്കുകയാണ്. ഇന്നും നമ്മുടെ പെന്തക്കോസ്ത് സഭാസഹോദരങ്ങൾക്ക് മനസ്സിലാക്കാനോ, സ്വീകരിക്കുവാനോ സാധിക്കാത്ത ദൈവത്തിന്റെ വെളിപാടാണിതെങ്കിലും, സത്യമിതല്ലേ? ക്രിസ്തു ജീവന്റെ അപ്പമാണ്. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. (54).

ഇസ്രായേൽ ജനത്തിനിടയിൽ ഉണ്ടായിരുന്ന വലിയൊരു വിശ്വാസത്തിന്റെ ബലത്തിലായിരിക്കണം ഈശോ ഇക്കാര്യങ്ങൾ പറയുന്നത്. മിശിഹാ വരുമെന്നത് ഇസ്രായേൽ ജനത്തിന്റെ വലിയൊരു പ്രതീക്ഷയായിരുന്നു. മിശിഹാ വരുമ്പോൾ എങ്ങനെയാണു മിശിഹായെ തിരിച്ചറിയുക? അവർക്ക് അതിനൊരു അടയാളം ഉണ്ടായിരുന്നു. എന്തായിരുന്നു ആ അടയാളം? അവരുടെ പിതാക്കന്മാർ മരുഭൂമിയിലായിരുന്ന കാലത്ത് സ്വർഗത്തിൽ നിന്ന് മന്നാവർഷം ഉണ്ടായതുപോലെ, മിശിഹാ വരുമ്പോൾ, മിശിഹായുടെ നാളുകളിൽ മന്നാ വർഷമുണ്ടാകുമെന്ന് ഇസ്രായേൽ ജനം ഉറച്ചു വിശ്വസിച്ചിരുന്നു. യഹൂദരുടെ വ്യാഖ്യാന ഗ്രന്ഥമായ മിദ്രാഷിലാണ് (Midrash /ˈmɪdrɑːʃ/; Hebrew:‎ midrashim) ഇക്കാര്യം വിവരിക്കുന്നത്. സ്വർഗത്തിൽ നിന്ന് മന്ന കൊണ്ടുവരുന്നവനായിരിക്കും മിശിഹാ എന്ന വലിയ പ്രതീക്ഷ ഇസ്രായേൽ പുലർത്തിപ്പോന്നു. അതുകൊണ്ടാണ് പുറപ്പാടിന്റെ പുസ്തകത്തിലെ മന്നയെ ഓർമിപ്പിച്ചുകൊണ്ട് ഈശോ ജനത്തിനോട് പറഞ്ഞത്, ഇസ്രായേൽ മക്കളേ, നിങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിൽ നിന്ന് വന്ന മന്നാ ഭക്ഷിച്ചില്ലേ? നോക്കൂ, ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ മന്നയാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിച്ചെങ്കിലും മരിച്ചു. എന്നാൽ – ഞാൻ സ്വർഗത്തിൽ നിന്നിറങ്ങി വന്ന അപ്പമാണ്. പിതാക്കന്മാർ മന്ന ഭക്ഷിച്ചതുപോലെയല്ല. എന്നെ ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും. (58)

പുറപ്പാടിന്റെ പുസ്തകം പതിനാറാം അധ്യായത്തിലെ മന്നവർഷത്തെക്കുറിച്ച് വായിച്ചിട്ട് പുതിയനിയമത്തിലേക്ക് ഒരു ചാട്ടം ചാടുവാൻ നിങ്ങൾ ആഗ്രഹിച്ചാൽ, വന്നെത്തിനിൽക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വിവരണത്തിലായിരിക്കും. ഇന്നത്തെ രണ്ടാം വായനയിൽ കർത്താവിന്റെ ദൂതൻ ഏലിയായോട് പറയുന്നില്ലേ. “എഴുന്നേറ്റ് ഭക്ഷിക്കുക” എന്ന്. അവിടെനിന്നും പുതിയനിയമത്തിലേക്കൊരു ചാട്ടം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിങ്ങൾ വന്നെത്തിനിൽക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വിവരണത്തിലായിരിക്കും. അതുപോലെ തന്നെ, ഉത്പത്തിപുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തിൽ ‘ഈ പഴം ഭക്ഷിക്കുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും എന്ന് സർപ്പം പറഞ്ഞതുകേട്ട് അവൾ പഴം പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു’ (6-7) എന്ന ബൈബിൾ ഭാഗത്തുനിന്ന് പുതിയനിയമത്തിലേക്ക് ഒരു ചാട്ടം ചാടുവാൻ നിങ്ങൾ ആഗ്രഹിച്ചാൽ വന്നെത്തിനിൽക്കുന്നത് വിശുദ്ധ ലൂക്കയുടെ സുവിശേഷം അദ്ധ്യായം 24, വാക്യം 31 ൽ ആയിരിക്കും. “അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണ് തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു.” പുതിയ നിയമത്തിലെ മന്നയാണ് ക്രിസ്തുജീവന്റെ അപ്പം.  രക്ഷാകര പദ്ധതിയുടെ കേന്ദ്രവും,ലക്ഷ്യവും, പൂർത്തീകരണവുമാണ് ജീവന്റെ  അപ്പമായ ക്രിസ്തു.

പഴയനിയമത്തിലെ മന്ന,  പുതിയനിയമത്തിലെ വിശുദ്ധ കുർബാനയുടെ, ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്. പഴയനിയമത്തിലെ ദൈവജനത്തിന് കാനാൻദേശത്തേയ്ക്കുള്ള യാത്രയിൽ ദൈവം നൽകിയ സ്വർഗീയ ഭോജനമായിരുന്നു മന്ന. അത് മനുഷ്യപ്രയത്നത്താൽ നിർമിതമായിരുന്നില്ല. (പുറ 16, 12; ജ്ഞാനം 16, 20) മന്ന ‘ദൈവദൂതന്മാരുടെ അപ്പം’, ‘മാലാഖമാരുടെ ഭോജനം’ എന്ന് വിശേഷിക്കപ്പെട്ടിരുന്നു. (സങ്കീ 78, 25) ദൈവം സ്വന്തം മക്കളോട് കാണിച്ച സ്നേഹവാത്സല്യത്തിന്റെ പ്രകടനമായിരുന്നു മന്ന. (ജ്ഞാനം 16, 20) ജനത്തിന്റെ ആത്മീയ ഭക്ഷണവുംകൂടിയായിരുന്നു മന്ന. (1 കോറി 10, 3)

പുതിയനിയമത്തിലെ ജീവന്റെ അപ്പമായ ക്രിസ്തു, മരുഭൂമിയിൽ വർഷിക്കപ്പെട്ട മന്നയെ അതിശയിപ്പിക്കുന്ന ജീവമന്നയാണ്. ദൈവം മോശവഴി നൽകിയതാണ് മന്നയെങ്കിൽ, ദിവ്യകാരുണ്യം സ്വർഗത്തിൽ നിന്നുവന്ന ദൈവപുത്രനായ ക്രിസ്തുവാണ്. അത് സ്വാഭാവിക അപ്പമല്ല, നിത്യജീവന്റെ അനശ്വരമായ അപ്പമാണ്. അത് ലോകത്തിന് മുഴുവൻ ജീവൻ നൽകുന്നതാണ്. അപ്പം, കേവലം ഒരു പദാർത്ഥമല്ല. ദൈവപുത്രനായ ക്രിസ്തു തന്നെയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പപ്പാ പറയുന്നു: ” നമ്മുടെ അൾത്താരകളിൽ മുറിക്കപ്പെടുന്ന അപ്പം ലോകപാതയിലെ വഴിയാത്രക്കാരായ നമുക്ക് നല്കപ്പെട്ടിരിക്കുന്ന മാലാഖമാരുടെ അപ്പമാണ്.” (സഭയും വിശുദ്ധ കുർബാനയും 48) 

സ്നേഹമുള്ളവരേ, ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും ആഹാരം വേണം. നമ്മുടെ ആത്മാവിനും പോഷണം ആവശ്യമാണ്. ആത്മാവിന്റെ ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം സൃഷ്‌ടവസ്തുക്കളിൽ ഇല്ല. അതുകൊണ്ട്, ദൈവം തന്നെ നമ്മുടെ ആത്മാവിന് ഭക്ഷണമായി. അതാണ് ദിവ്യകാരുണ്യം, വിശുദ്ധ കുർബാന. നമ്മുടെ അൾത്താരകളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന ക്രിസ്തു കാൽവരിയിൽ അർപ്പിച്ചതും അന്ത്യ അത്താഴത്തിൽ കൗദാശികമായി സ്ഥാപിച്ചതുമായ അതേ ബലി തന്നെയാണ്. ഈ ബലിയിലൂടെയാണ് ഇന്നും ജീവന്റെ അപ്പമായ ക്രിസ്തുവിനെ നാം സ്വീകരിക്കുന്നത്. ഈ വിശുദ്ധ കുർബാനയില്ലാതെ ക്രൈസ്തവന് ഈ ഭൂമിയിലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക  സാധ്യമല്ല.

റോമാസാമ്രാജ്യത്തിൽ ക്രൈസ്തവർക്കെതിരെ, മതമർദ്ദനം നടന്നിരുന്ന കാലം. അന്ന് ഒരുമിച്ചുകൂടുവാനോ, ബലിയർപിപ്പിക്കുവാനോ അനുവാദമില്ലായിരുന്നു. ക്രിസ്തീയ മതശുശ്രൂഷകൾ പാടേ നിരോധിച്ചിരുന്നു. ആഫ്രിക്കയിലെ അലൂറ്റ എന്ന നഗരത്തിൽ രാജകല്പന ലംഘിച്ചു 34 പുരുഷന്മാരും, 17 സ്ത്രീകളും വിശുദ്ധ ബലിയർപ്പിക്കുവാൻ ഒരുമിച്ചുകൂടി. ന്യായാധിപൻ അവരെ അറസ്റ്റുചെയ്തു. കുർബാന പുസ്തകങ്ങളും തിരുവസ്തുക്കളും അഗ്നിയിലേക്കെറിഞ്ഞു. എന്നാൽ ഉടൻ തന്നെ മഴപെയ്യുകയും തീ കെടുകയും ചെയ്തു. ന്യായാധിപൻ അവരെയെല്ലാം ചക്രവർത്തിയുടെ അടുക്കലേക്ക് കൊണ്ടുപോയി. അവിടെ ഒരു പീഡനയന്ത്രത്തിൽ കിടത്തി കൊടിലുകൾകൊണ്ട് ശരീരങ്ങൾ കീറിമുറിക്കാൻ ചക്രവർത്തി കൽപ്പിച്ചു. എന്നാൽ, ക്രൈസ്തവർ വിശുദ്ധ ബലിയർപ്പിച്ചതിന്റെ പേരിൽ മറിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കോപാക്രാന്തനായ ചക്രവർത്തി ക്രിസ്ത്യാനികളെയെല്ലാം തടവറയിൽ പട്ടിണിക്കിട്ട് പീഡിപ്പിക്കാൻ കൽപ്പിച്ചു. തുടർന്ന് എമറിക്കസ് എന്ന ക്രിസ്ത്യാനിയെ ചോദ്യം ചെയ്യുവാൻ കൊണ്ടുവന്നു. അദ്ദേഹമാണ് തന്റെ ഭവനം വിശുദ്ധ കുർബാന അർപ്പിക്കാനായി വിട്ടുകൊടുത്തത്. അദ്ദേഹം ചക്രവർത്തിയോട് പറഞ്ഞു: ” ക്രിസ്ത്യാനികളായ ഞങ്ങൾക്ക് വിശുദ്ധ കുർബാന ഒഴിച്ചുകൂടാനാവാത്തതാണ്.” അദ്ദേഹത്തെ കഠോര പീഡകൾക്ക് ഏല്പിച്ചുകൊടുത്തു. പിന്നെ ഫെലിക്സ് എന്ന വ്യക്തിയെ ചോദ്യം ചെയ്തു. “നിങ്ങൾ എന്റെ കൽപ്പന ലംഘിച്ചു ബലിയിൽ പങ്കെടുത്തോ? ” ചക്രവർത്തി ചോദിച്ചു. അദ്ദേഹം പറഞ്ഞു: അങ്ങയുടെ ചോദ്യം തികച്ചും അപ്രസക്തമാണ്. ഞങ്ങൾ ക്രിസ്തു വിശ്വാസികളാണ്. വിശുദ്ധ കുര്ബാനയില്ലാതെ ക്രിസ്ത്യാനിക്ക് ജീവിക്കാനാകില്ല.” ഫെലിക്സ് മരണംവരെ പീഡിപ്പിക്കപ്പെട്ടു. മറ്റു തടവുകാരെയെല്ലാം പട്ടിണിക്കിട്ട് വധിച്ചു. അവരെല്ലാവരും  വിശുദ്ധ കുർബാനയെ പ്രതി രക്ത സാക്ഷികളായിത്തീർന്നു.

പ്രിയപ്പെട്ടവരേ, സത്യമിതാണ്: വിശുദ്ധ കുർബാനയില്ലാതെ ക്രിസ്ത്യാനിക്ക് ജീവിക്കാനാകില്ല. ക്രൈസ്തവന് സ്വജീവനേക്കാൾ ശേഷ്ഠമാണ് വിശുദ്ധ ബലിയർപ്പണവും, ജീവന്റെ അപ്പമായ ദിവ്യകാരുണ്യവും. വിശുദ്ധ തോമസ് അക്വീനാസ് പറയുന്നത്, തിരുസ്സഭയിലെ എല്ലാ പ്രവർത്തികളിലുംവെച്ചു ഏറ്റവും ഉന്നതവും വൈശിഷ്ട്യവുമാണ് വിശുദ്ധ കുർബാന എന്നാണ്. വിശുദ്ധ ജോൺ മരിയ വിയാനിയുടെ അഭിപ്രായത്തിൽ, ലോകത്തിലുള്ള എല്ലാ നന്മ പ്രവർത്തികൾ ഒരുമിച്ചെടുത്താലും ഒരു വിശുദ്ധ കുർബാനയുടെ വില അതിനുണ്ടാവുകയില്ല എന്നാണ്. കാരണം, നന്മപ്രവർത്തികൾ മനുഷ്യന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാനയാകട്ടെ ദൈവത്തിന്റെ പ്രവർത്തിയും. “വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വഴിയല്ലാതെ ലോകത്തിന് സമാധാനം കണ്ടെത്താൻ മറ്റു മാർഗങ്ങളില്ല.” ഇത് ഞാൻ പറയുന്നതല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകളാണ്.

സ്നേഹമുള്ളവരേ, വിശുദ്ധ കുർബാനയെക്കുറിച്ചു അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: 1. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാനയ്ക്ക് “അപ്പത്തിന്റെ സ്വാദ് ഉണ്ടെങ്കിലും അത് അപ്പമല്ല, പ്രത്യത ക്രിസ്തുവിന്റെ ശരീരമാണ്. വീഞ്ഞായി നാം കാണുന്നത് വീഞ്ഞല്ല, ക്രിസ്തുവിന്റെ രക്തമാണ്.” ജറുസലേമിലെ വിശുദ്ധ സിറിളിന്റെ വാക്കുകളാണിവ. 2. വിശുദ്ധ കുർബാന ക്രിസ്തു എന്ന വ്യക്തിയുടെ സാന്നിധ്യമായി മാറുന്നു. നാം സ്വീകരിക്കുന്നത് ജീവനില്ലാത്ത രണ്ട് പദാർഥങ്ങളല്ല. ജീവിക്കുന്ന ക്രിസ്തു എന്ന വ്യക്തിയെയാണ്. ജീവന്റെ അപ്പമായ ക്രിസ്തു സ്വയം ദാനമായി നമ്മിൽ വന്ന് വസിക്കുകയാണ്. 3. ഈശോ വിശുദ്ധ കുർബാന ഭരമേല്പിച്ചത് തിരുസ്സസഭയ്ക്കാണ്, ഏതെങ്കിലും വ്യക്തികൾക്കല്ല. അതുകൊണ്ടു സഭയോട് ചേർന്ന് മാത്രമേ നമുക്ക് ബലിയർപ്പിക്കുവാൻ സാധിക്കൂ. സഭയെ ധിക്കരിച്ചു വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുകയില്ല. വൈദികൻ ബലിയർപ്പിക്കുമ്പോൾ കർത്താവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായി തിരുസ്സഭയാണ് ബലിയർപ്പിക്കുന്നത്. അപ്പോൾ മാത്രമേ, രക്ഷാകര പ്രവൃത്തിയുടെ ഈ കേന്ദ്ര സംഭവം യഥാർത്ഥത്തിൽ സന്നിഹിതമാകുകയും, നമ്മുടെ രക്ഷാകരകർമ്മം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യുന്നുള്ളു. (സഭയും വിശുദ്ധ കുർബാനയും 11 ) 4. വിശുദ്ധ കുർബാനയിൽ നാം വെറും കാഴ്ചക്കാരല്ല. നാം തന്നെ അവിടുത്തോടൊപ്പം ബലിയർപ്പകരും, ബലിവസ്തുവും, ബലിയുമായിത്തീരുകയുമാണ് ചെയ്യുന്നത്. 5. “ഒരാൾ തന്റെ സർവ്വ സമ്പത്തും ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനേക്കാളും, ലോകം മുഴുവൻ തീർത്ഥാടനം നടത്തുന്നതിനേക്കാളും കൂടുതൽ പ്രയോജനകരം വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്നതാണ്.” (വിശുദ്ധ ബർണാഡ്)

സമാപനം

ജീവന്റെ അപ്പമായ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കുവാൻ ഇന്നത്തെ വിചിന്തനം നമ്മെ സഹായിക്കട്ടെ. വിശുദ്ധ കുർബാനയുടെ സംസ്കാരം നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലെ ആഴ്ന്നിറങ്ങട്ടെ. ഓരോ ദിവസവും എത്രയെത്ര ബലിവേദികളിൽ എത്രയെത്ര വിശുദ്ധ കുർബാനകളാണ് അർപ്പിക്കപ്പെടുന്നത്!! എന്നിട്ട് എന്തേ, ക്രൈസ്തവരും,  നമ്മുടെ സഭയും, ക്രിസ്തുവും ഇന്നും ലോകത്തിൽ അവഹേളിക്കപ്പെടുന്നു?? അശുദ്ധിയുടെ ലക്ഷണങ്ങൾ വിശുദ്ധ സ്ഥലത്ത് നിലയുറപ്പിക്കാൻ ഇടയാകുന്നുണ്ടോ? നമ്മുടെ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ആധികാരികത നിർണയിക്കുന്ന മാനദണ്ഡം ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി സഭയോടൊത്ത് വിശുദ്ധ കുർബാന അർപ്പിക്കുക എന്നതാണ്

Bread of Life

. വിശുദ്ധ കുർബാന നമ്മെ രൂപപ്പെടുത്തുന്നത് നാമോരോരുത്തരും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ വിശുദ്ധ കുർബാന ആയിക്കൊണ്ടാകണം. ആമേൻ!

SUNDAY SERMON MK 2, 1-12

ദനഹാക്കാലം ആറാം ഞായർ

ലേവ്യ 4, 13-21

ദാനിയേൽ 9, 1-9

കൊളോ 1, 12-19

മാർക്കോ 2, 1-12

സന്ദേശം

ക്രിസ്തുവിനെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്. നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറഞ്ഞു. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി.  ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്.മനുഷ്യാ, നിന്റെ ഉള്ളിലെ ആത്മാവിനെ, ദൈവാത്മാവിനെ മറന്ന് നീ ജീവിക്കരുത്.”

വ്യാഖ്യാനം

ഈശോയുടെ അത്ഭുത രോഗശാന്തികൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് വിശുദ്ധ മർക്കോസിന്റെ സുവിശേഷം. ആദ്യത്തെ പത്ത് അധ്യായങ്ങൾ ഓരോന്നിലും ഒന്നുകിൽ ഒരു രോഗശാന്തി അല്ലെങ്കിൽ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റു മൂന്ന് സുവിശേഷങ്ങളേക്കാൾ അത്ഭുതങ്ങൾക്കും, രോഗശാന്തിക്കും വിശുദ്ധ മാർക്കോസ് പ്രത്യേകം ശ്രദ്ധ നൽകുന്നു. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ 678 വചനങ്ങളിൽ, 198 ഉം അത്ഭുതസംഭവങ്ങളുടെ നാൾ വഴികളാണ്. അവയിൽത്തന്നെ വലിയൊരു ഭാഗം രോഗശാന്തി വിവരണങ്ങളാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ  ഈ രോഗശാന്തികൾ പ്രധാനമായും നടക്കുന്നത് ഗലീലിയിൽ വച്ചാണ്.  

അന്ന് ഗലീലിയിൽ ധാരാളം മാന്ത്രികരുണ്ടായിരുന്നു.. അവർ യഹൂദരോ, ഗ്രീക്കുകാരോ റോമക്കാരോ ആയിരുന്നു. അവർ കള്ളത്തരങ്ങളിലൂടെയോ, കൺകെട്ടുവിദ്യകളിലൂടെയോ, മറ്റ് ചെപ്പടിവിദ്യകളിലൂടെയോ ആണ് അത്ഭുതങ്ങൾ, മാജിക്കുകൾ നടത്തിയിരുന്നത്.  എന്നാൽ ഈശോയുടെ രോഗശാന്തികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ശാരീരികമായ സൗഖ്യം മാത്രമായിരുന്നില്ല. ആളുകളിൽ നിന്ന് കയ്യടി ലഭിക്കുവാനുള്ള കള്ളത്തരങ്ങളുമായിരുന്നില്ല. ഈശോയുടെ രോഗശാന്തികൾ മനുഷ്യന്റെ സമഗ്രമായ വിമോചനത്തെ ലക്‌ഷ്യംവച്ചുള്ളതായിരുന്നു; മനുഷ്യന്റെ ആന്തരിക മാറ്റത്തെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. വെറും ശാരീരികമെന്നതിനേക്കാൾ, മനസികമെന്നതിനേക്കാൾ ഈശോ ശ്രദ്ധിച്ചിരുന്നത് മനുഷ്യന്റെ ആത്മീയ വിമോചനമായിരുന്നു, ആത്മാവിന്റെ രക്ഷയായിരുന്നു.

ഇന്നത്തെ സുവിശേഷഭാഗത്ത് സുതരാം വ്യക്തമാണ് ഈശോയുടെ ഈ പ്രവർത്തന ശൈലി. ആധുനിക സാമൂഹ്യ മനഃശാസ്ത്രം പറയുന്നപോലെ വെറും Psychosomatic രോഗശാന്തികളായിരുന്നില്ല ഈശോയുടേത്. അവിടുത്തെ രോഗശാന്തിയുടെ പ്രത്യേകതകൾ നോക്കുക: 1. ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അവിടുന്ന് രോഗശാന്തി നൽകുന്നത്. 2. രോഗശാന്തിക്ക് സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല. 3. രോഗശാന്തി ലഭിച്ചവരെ സമൂഹത്തിന് പരിശോധിക്കാമായിരുന്നു. 4. ഈശോ മനുഷ്യന്റെ ആത്മാവിന്റെ സൗഖ്യമാണ് ആദ്യമായി ആഗ്രഹിക്കുന്നത്. 5. രോഗിയുടെയോ, രോഗിയുടെ അടുത്തുനിൽക്കുന്നവരുടെയോ വിശ്വാസം ഈശോ പരിഗണിച്ചിരുന്നു. തളർവാതരോഗിയെ സുഖപ്പെടുത്തുമ്പോൾ ഈശോ പിന്തുടരുന്ന pattern ഇത് തന്നെയാണ്. ആദ്യം രോഗിയുടെ പാപങ്ങൾ മോചിക്കുന്നു, പിന്നെ രോഗിയെ സുഖപ്പെടുത്തുന്നു.

ഗലീലി കടൽത്തീരത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഫർണാം എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്ന സംഭവം നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ വീട് കേന്ദ്രീകരിച്ചാണ് ഈശോ തന്റെ സുവിശേഷ ദൗത്യം കഫെർണാമിൽ നടത്തിയിരുന്നത്. അതുകൊണ്ട് സുവിശേഷഭാഗത്ത് പറയുന്ന വീട് വിശുദ്ധ പത്രോസിന്റേതായിരിക്കണം. ആ വീട് അത്ര വലുതൊന്നുമായിരുന്നില്ല. അതിന്റേത് താഴ്ന്ന മച്ചുമായിരുന്നു. ഈശോയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകതകൊണ്ടും, ഈശോ ആ പ്രദേശത്ത് സാമാന്യം പ്രശസ്തനായതുകൊണ്ടും ആയിരിക്കണം, മുറ്റം   നിറയെയും, വീടിന്റെ അകം നിറയെയും ആളുകൾ അവിടെ കൂടിയത്. അല്പം സാഹസപ്പെട്ടിട്ടാണെങ്കിലും ഒരു തളർവാത രോഗി അവിടെ ഈശോയുടെ മുൻപിൽ എത്തുകയാണ്.

ഈശോയുടെ കാലത്ത് പലസ്തീനയിൽ സാധാരണമായ ഒരു രോഗമായിരുന്നു തളർവാതം. എന്തുകൊണ്ട് തളർവാതം? ചിലപ്പോൾ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടാകാം; കാലാവസ്ഥയുടെ സ്വഭാവംകൊണ്ടാകാം; പരിസരം വൃത്തിയില്ലാത്തതായതുകൊണ്ടാകാം; അനാരോഗ്യകരമായ ഭക്ഷണരീതികൾകൊണ്ടാകാം. എന്തായാലും, ആ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു മഹാരോഗമായി തളർവാതം രൂപപ്പെട്ടിരുന്നു.   ഈ അസുഖത്തിന്റെ ആരംഭത്തിൽ കാലുകൾക്കാണ് തളർച്ച അനുഭവപ്പെടുക. പിന്നെ കൈത്തണ്ടകളിലേക്ക് വ്യാപിക്കുകയും, പതുക്കെ കഴുത്തിന് ചുറ്റും വരെ എത്തുകയും ചെയ്യും. മൂന്ന് ആഴ്ചയോടെ രോഗി പൂർണമായും തളർന്നുപോകും. ഒരു ന്യൂറോളജിക്കൽ അസുഖമാണിത്.

എന്നാൽ, ഈശോയുടെ കാഴ്ചപ്പാടിൽ ഈ രോഗത്തിന്റെ കാരണം ന്യൂറോളജിക്കൽ പഠനങ്ങൾക്കും അപ്പുറമായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ജീവിതാവസ്ഥകളെ കാണാൻ ക്രിസ്തുവിന് കഴിയുമായിരുന്നു. അന്നത്തെ മനുഷ്യന്റെ ആത്മീയ ജീവിതത്തിലെ, മതജീവിതത്തിലെ പുഴുക്കുത്തുകളെ, ദൈവത്തെ, ദൈവത്തിലുള്ള വിശ്വാസത്തെ സ്വന്തം സുഖത്തിനും, വളർച്ചയ്ക്കും, അധികാരത്തിനും പണത്തിനും പാരമ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തെ, സ്വാർത്ഥതയെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു. ഈശോ തളർവാതരോഗിയെ നോക്കിയപ്പോൾ കണ്ടത്, ദൈവവുമായി അനുരജ്ഞനപ്പെടാതെ നിൽക്കുന്ന, ദൈവത്തിന്റെ പ്രസാദവരങ്ങളുമായി സഹകരിക്കാതെ നിൽക്കുന്ന, ആവശ്യമായ പോഷണങ്ങൾ നൽകാതെ തളർന്നു നിൽക്കുന്ന അവന്റെ ആത്മാവിനെയായിരുന്നു.  പാപത്തിന്റെ വഴികളിലൂടെ നടന്ന് തളർന്നുപോയ അവന്റെ കാലുകളേക്കാൾ, തിന്മയുടെ ലഹരിയിൽ തളർന്നുപോയ ശരീരത്തേക്കാൾ ഈശോ കണ്ടത്, തിന്മയുടെ ബന്ധനത്തിൽ കിടക്കുന്ന അവന്റെ ആത്മാവിനെയാണ്. സ്വർഗ്ഗപിതാവിന്റെ പുത്രനായ ക്രിസ്തു, ദൈവാത്മാവ് നിറഞ്ഞ ദൈവപുത്രൻ, സർവ്വാധികാരത്തോടെ, അതിലുമുപരി കരുണയോടെ, സ്നേഹത്തോടെ പറയുന്നു: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”  

Does God Really Forgive All Our Sins?

ഈശോ ആ രോഗിയെ ആത്മീയമായി സ്വതന്ത്രനാക്കുകയാണ്. തുടർന്ന് ഈശോയുടെ പ്രവർത്തിയെ ദൈവദൂഷണമായിക്കണ്ട് ജനക്കൂട്ടം ബഹളം വയ്ക്കുകയും അതിന്റെ അവസാനം ആ തളർവാതരോഗി ശാരീരികമായും സുഖപ്പെടുകയാണ്.

സ്നേഹമുള്ളവരേ, വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ വീണ്ടും വിസ്തരിച്ച് നിങ്ങളുടെ സമയം  നഷ്ടപ്പെടുത്തുവാനല്ല ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും, എന്റെയും ദൈവമായ, ഈ ലോകത്തിന്റെ ഏക രക്ഷകനായ, രണ്ടാം വായനയിൽ ദാ നിയേൽ പ്രവാചകൻ പറയുന്ന കരുണയും പാപമോചനവും നിറഞ്ഞു നിൽക്കുന്ന, (ദാനിയേൽ 9, 9) ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ നമുക്ക് രക്ഷയും പാപമോചനവും നൽകുന്ന കർത്താവായ ക്രിസ്തുവിന്റെ പ്രവർത്തനശൈലി, കാഴ്ചപ്പാട് നിങ്ങളെ ഓർമപ്പെടുത്തുവാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും എന്റെയും കണ്ണുകളിലൂടെ നോക്കിക്കൊണ്ട് നിങ്ങളുടെയും എന്റെയും ഹൃദയത്തെ കാണുന്നവനാണ്, ആത്മാവിനെ കാണുന്നവനാണ്, നിങ്ങളുടെയും എന്റെയും ജീവിതാവസ്ഥ മനസ്സിലാക്കുന്നവനാണ് ഈശോ എന്ന് ഒരിക്കൽക്കൂടി പറയുവാനാണ്, ആ ഈശോയാണ് നിങ്ങളുടെയും എന്റെയും ആത്മാവിനെ, ജീവിതത്തെ എല്ലാവിധ തിന്മകളിൽ  നിന്നും  പാപത്തിൽ നിന്നും രക്ഷിക്കുന്നവനെന്ന്  പ്രഘോഷിക്കുവാനാണ് ഞാൻ ശ്രമിച്ചത്.

മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല.നിരീശ്വരവാദികളും, യുക്തിവാദികളും, ഭൗതികവാദികളും മനുഷ്യൻ ശരീരം മാത്രമെന്നും, ശരീരവും മനസ്സുമെന്നുമൊക്കെ സൗകര്യപൂർവം വാദിച്ചുകൊണ്ടിരിക്കും. എന്നാൽ, ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്നും ഇവർക്കെല്ലാം ഉപരിയായിരിക്കും. കാരണം, ക്രിസ്തുവിന് മനുഷ്യൻ മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല. മനുഷ്യൻ ക്രിസ്തുവിന് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ, മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ഉള്ളവനാണ്. മനുഷ്യാ നിന്നിൽ ദൈവത്തിന്റെ ആത്മാവുണ്ടെന്നും, നീ ദൈവത്തിന്റെ ആലയമാണെന്നും, നിന്നിലുള്ള ആത്മാവിന്റെ ജീവിതമാണ് നീ നയിക്കേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുവാനും, പഠിപ്പിക്കുവാനുമാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് ഈശോ ഒരിക്കൽ പറഞ്ഞത്: “ഹേ മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ നിനക്ക് എന്ത് പ്രയോജനം? ആത്മാവിന് പകരമായി നീ എന്ത് കൊടുക്കും?”

എന്നാൽ, ഇന്ന് ക്രൈസ്തവർ ഈ ആത്മാവിനെ മറന്ന് ജീവിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് കൊറോണ വൈറസുമൊന്നുമല്ല പ്രിയപ്പെട്ടവരേ. വർഗീയതയുമല്ല. ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തീവ്രവാദവും അല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ഞാൻ ഒന്നുക്കൂടി പറയട്ടെ: ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ശരീരത്തിനുവേണ്ടി മാത്രം ഒരു വ്യക്തി ജീവിക്കുമ്പോൾ അത് പാപത്തിലുള്ള ജീവിതമാണ്. മനസ്സിനുവേണ്ടി മാത്രം പലതരത്തിലുള്ള ലഹരിയ്ക്കുവേണ്ടി മാത്രം ഉള്ള ജീവിതമാണ് നീ നയിക്കുന്നതെങ്കിൽ അത് തിന്മയിലുള്ള ജീവിതമാണ്. അത് നിന്നെ തളർവാതത്തിലേക്ക് നയിക്കും. നിന്റെ ജീവിതത്തെ, നിന്റെ കുടുംബത്തെ, നിന്റെ ഇടവകയെ, നിന്റെ രൂപതയെ, നിന്റെ സഭയെ തകർത്തുകളയുന്ന തളർവാതത്തിലേക്ക് നയിക്കും. കേരളത്തിലെ കോട്ടയം നഗരത്തിൽ, കാറിന്റെ താക്കോൽ കൈമാറ്റത്തിലൂടെ ജീവിത പങ്കാളിയെ കൈമാറുന്ന ഒറിജിനൽ നാടകങ്ങൾ നടക്കുമ്പോൾ, അതിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികാരികൾ പറയുമ്പോൾ ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ അത് പ്രിയപ്പെട്ടവരേ?  മുസ്ലീങ്ങളുടെ ദൈവമായ അല്ലാഹുവിന് അർപ്പിച്ച ഭക്ഷണം, ഹലാൽ ഭക്ഷണം തികഞ്ഞ അറിവോടെ ഭക്ഷിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ പ്രിയപ്പെട്ടവരേ? തിരുസഭയുടെ പഠനങ്ങളെ മറന്ന്, കൗദാശികജീവിതം ഇല്ലാതെ വെറും തോന്നലുകൾക്കനുസരിച്ച് മാത്രം ജീവിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ? ലോകത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യക്തിജീവിതത്തെയും, കുടുംബ ജീവിതത്തെയും രൂപപ്പെടുത്തുന്നത് ഉള്ളിലുള്ള ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുകയില്ലേ? മദ്യത്തിന്റെയും, ലഹരിവസ്തുക്കളുടെയും പിന്നാലെ പായുമ്പോൾ, അവയിൽ മുഴുകുമ്പോൾ നമ്മിലുള്ള ദൈവത്തിന്റെ ആത്മാവിനെ നാം കൊല്ലുകയല്ലേ പ്രിയപ്പെട്ടവരേ?

സമാപനം

ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. സ്നേഹമുള്ളവരേ, നമ്മെ, നമ്മുടെ കുടുംബത്തെ തളർവാതമെന്ന രോഗം അലട്ടുന്നുണ്ടെങ്കിൽ ക്രിസ്തുവിന്റെ സന്നിധിയിൽ അണയുക. നമ്മുടെ ഹൃദയങ്ങൾ, ജീവിതങ്ങൾ കാണുന്ന ക്രിസ്തു നമ്മുടെ ആത്മാവിനെ വീണ്ടെടുക്കും. നാം തയ്യാറാണെങ്കിൽ ഇന്ന്, ഇപ്പോൾ, ഈ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്വരം നാം ശ്രവിക്കും

Forgiveness | marckinna

:“മകളേ, മകനേ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.അതിനായി അതിയായി ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

SUNDAY SERMON MT 5, 17-26

ദനഹാക്കാലം അഞ്ചാം ഞായർ

പുറപ്പാട് 20, 1 -17

എസെക്കിയേൽ 11, 14-21

കൊളോസോസ് 3, 5-14

മത്തായി 5, 17-26

സന്ദേശം

Anger Leads to Suffering (Matthew 5:21-26) — East Shore Baptist Church

വീണ്ടും കോവിഡിന്റെ ഭീതിയിലായിരിക്കുകയാണ് ലോകം. യുക്രെയ്‌നിൽനിന്ന് യുദ്ധത്തിന്റെ വാർത്തകളും വരുന്നുണ്ട്. സഭൈക്യവാര പ്രാർത്ഥന കഴിഞ്ഞെങ്കിലും അനൈക്യത്തിന്റെ അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായതുകൊണ്ടാണോ എന്നെനിക്കറിയില്ല, ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ക്രൈസ്തവരായ നാം പുലർത്തേണ്ട സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ സന്ദേശമാണ് നമ്മോട് പറയുന്നത്. ക്രിസ്തു ഈ ലോകത്തിൽ വന്നത് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ, രമ്യതയുടെ സുവർണ നിയമം ആലേഖനം ചെയ്യാനാണ്. വെറും പുസ്തകത്താളുകളിൽ നിന്ന് പഠിക്കുന്ന നിയമമല്ല, ഹൃദയത്തിൽ നിന്നുയരുന്ന സ്നേഹത്തിന്റെ രമ്യതയുടെ നിയമമാണ് നമ്മെ യഥാർത്ഥ ക്രൈസ്തവരാക്കുന്നത് എന്നാണ് ഇന്നത്തെ സുവിശേഷം പ്രഘോഷിക്കുന്നത്.

വ്യാഖ്യാനം

വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തിയാക്കുവാനാണ്’ താൻ വന്നിരിക്കുന്നത് എന്ന്. 

ക്രൈസ്തവ സഹോദരരേ, മനസിലാക്കുക, ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തീകരിക്കുവാനാണ്. അവിടുന്നാണ് നിയമത്തിന്റെയും, പ്രവാചകന്മാരുടെയും പൂർത്തീകരണം, Fulfillment, ഗ്രീക്ക് ഭാഷയിൽ Pleroma! എന്താണ് ഇവിടെ നിയമംകൊണ്ട് വിവക്ഷിക്കുന്നത്? പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളാണ് നിയമങ്ങൾ – ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമവാർത്തനം. എന്താണ് പ്രവാചകന്മാർ? പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചക ഗ്രന്ഥങ്ങൾ. (Major and Minor Prophetical Books)

ഈ വിശുദ്ധ പുസ്തകങ്ങളിലെ ദൈവിക നിയമങ്ങളെയും, പ്രവചനങ്ങളെയും നശിപ്പിക്കുവാനല്ല, അവയെ മാറ്റിമറിക്കാനല്ല, അവ ഉപയോഗശൂന്യങ്ങളാണ് എന്ന് പ്രഖ്യാപിക്കനല്ല ക്രിസ്തു വന്നത്. ആ നിയമങ്ങൾ അനുസരിക്കുന്നവർ സ്വർഗ്ഗരാജ്യത്തിലെ വലിയവരാണ് എന്ന് പറയുവാനാണ്, ഒന്നാം വായനയിൽ കേട്ടപോലെ, കല്പനകൾ പാലിക്കുന്നവരോട് ആയിരം തലമുറകൾ വരെ ദൈവം കരുണകാണിക്കും എന്ന് പറയുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അവയ്‌ക്കെല്ലാമുപരി, ആ നിയമങ്ങളെയും പ്രവാചകരെയും പൂർത്തീകരിക്കുവാനാണ് താൻ വന്നിരിക്കുന്നത് എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്.  ഇതിനായി, പൂർത്തീകരണമെന്നോണം, സ്നേഹത്തിന്റെ, ഐക്യത്തിന്റെ, ഒരുമയുടെ, രമ്യതയുടെ പുതിയ നിയമം ഈശോ കൂട്ടിച്ചേർക്കുകയാണ്. ഈ നിയമമാകട്ടെ, പുസ്തകത്താളുകളിൽ എഴുതാനല്ല, കട്ടിളപ്പടിയിന്മേലും മേൽപ്പടിയിന്മേലും എഴുതാനല്ല, നെറ്റിയിലും കൈത്തണ്ടയിലും മാത്രം എഴുതാനല്ല, ക്രൈസ്തവ സ്ഥാപനങ്ങളുടെ ചുമരിന്മേലും, കെട്ടിത്തൂക്കുന്ന ഫ്ളക്സുകളിന്മേലും മാത്രം എഴുതാനല്ല ഈശോ ആഗ്രഹിച്ചത്. രണ്ടാം വായനയിൽ നിന്ന്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചുകേട്ടതുപോലെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ എഴുതുവാനാണ് ഈശോ ആഗ്രഹിച്ചത്. എന്താണ് എസക്കിയേൽ പ്രവാചകൻ പറയുന്നത്? അവർക്ക് ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി, ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു് ജീവിക്കുകയും, എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അപ്പോൾ അവർ എന്റെ ജനവും, ഞാൻ അവരുടെ ദൈവവുമായിരിക്കും.” (11, 19-20) സ്നേഹത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമത്തിന് മാത്രമേ, മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും മനുഷ്യനും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ..

 പ്രിയപ്പെട്ടവരേ, മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ താളമായിരിക്കണം സ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെ ഈ പുതിയ നിയമം; മനുഷ്യന്റെ പ്രവർത്തനങ്ങളുടെ മാനദണ്ഡമായിരിക്കണം ഈ നിയമം; മനുഷ്യൻ ലോകത്തിലെ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ അടിസ്ഥാനമായിരിക്കണം ഈ പുതിയ നിയമം; പഴയ നിയമ പ്രവാചക വചനങ്ങളുടെ പൂർത്തീകരണമായിരിക്കണം ഈ പുതിയ നിയമം എന്നാണ് ഈശോ പറയുവാൻ ആഗ്രഹിച്ചത്.

The Law of Unity | Peace Insights

നിയമത്തിന്റെ പൂർത്തീകരണമായി ഈശോ നൽകുന്ന സ്നേഹത്തിന്റെ, അനുരഞ്ജനത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമം ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചു നിൽക്കുന്നതാണ്. ദൈവത്തിന്റെ ഇഷ്ടത്തോട് ചേർന്ന് നിൽക്കാത്ത ഒരു ഹൃദയമാണ് നിന്റേതെങ്കിൽ സഹോദരീ, സഹോദരാ, എങ്ങനെയാണ് ദൈവവുമായി അനുരഞ്ജനത്തിൽ കഴിയുവാൻ നിനക്ക് സാധിക്കുക? നിന്റെ വ്യക്തി ജീവിതത്തിൽ, കുടുംബജീവിതത്തിൽ, ഇടവക, സമൂഹ ജീവിതത്തിൽ തൊട്ടതിനും പിടിച്ചതിനും, ദേഷ്യപ്പെടുന്നവളാണെങ്കിൽ ദേഷ്യപ്പെടുന്നവനാണെങ്കിൽ, രോഷാകുലയാകുന്നവളെങ്കിൽ, രോഷാകുലനാകുന്നവനാണെങ്കിൽ, നിനക്കെങ്ങനെ ദൈവവുമായി, സഹോദരരുമായി രമ്യതയിൽ ജീവിക്കുവാൻ സാധിക്കും? നീ നിന്റെ അഹന്ത നിറഞ്ഞ മനസ്സിന്റെ പ്രകടനമായി കള്ളാ കള്ളായെന്നും, ചതിയായെന്നും, വിഡ്ഢിയെന്നും, പിശാചെന്നുമൊക്കെ നിന്റെ സഹോദരരെ തൊള്ളകീറുമാറു ഉറക്കെ വിളിച്ചുകൂവുമ്പോൾ നിന്റെ ജീവിതത്തിൽ ദൈവവുമായി, സഹോദരരുമായി എങ്ങനെ രമ്യതയിൽ കഴിയുവാൻ നിനക്ക് പറ്റും? നിന്റെ മാതാപിതാക്കൾക്കെതിരായി, സഹോദരർക്കെതിരായി, നിന്റെ അധികാരികൾക്കെതിരെയായി, സഹോദരവൈദികനെതിരായി, സന്യാസ സഹോദരിക്കെതിരായി കേസിന് പോകാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരുമായി രമ്യതപ്പെടാതെ മുന്നോട്ട് പോയാൽ നിന്റെ ജീവിതത്തിൽ എങ്ങനെയാണ് ദൈവവുമായി, സഹോദരരുമായി നിനക്ക് രമ്യതയിൽ ജീവിക്കുവാൻ സാധിക്കുക? തീർന്നില്ല.

നിന്റെ ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ദേവാലയത്തിൽ ചെന്ന് നിൽക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് നീ ഓർത്താൽ, സഹോദരാ,  സഹോദരീ, നിന്റെ നിയോഗങ്ങളും, നിന്റെ പ്രാർത്ഥനകളും, നിന്റെ കണ്ണീരും, നിന്റെ നെടുവീർപ്പുകളും അവിടെ വച്ചിട്ട്, പോയി നീ രമ്യപ്പെടുക. പിന്നെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കുക. ശരിയാണ്, അങ്ങനെയാകുമ്പോൾ, രാവിലെ 7 മണിക്ക് തന്നെ ബലിയർപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. പള്ളിയിൽ വന്ന് മുട്ടുകുത്തി, കുരിശുവരച്ചു കഴിഞ്ഞ് തലയുയർത്തുമ്പോൾ, “ഞാൻ എല്ലാവരുമായി രമ്യതയിലാണോ കർത്താവേ” എന്ന് സ്വയം ചോദിക്കുമ്പോൾ തന്നെ പതിയെ നാം അവിടെനിന്ന് എഴുന്നേൽക്കും. കാരണം, അൾത്താരയിലെ ഭിന്നത, അനൈക്യം നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, നമ്മുടെ സഭയെ കത്തിച്ചു ചാമ്പലാക്കിക്കളയുന്ന അഗ്നിയാണ്.  അൾത്താരയിലെ ഭിന്നത, കുടുംബത്തിലെ ഭിന്നത, എല്ലാ ഭിന്നതകളും, അനൈക്യങ്ങളും നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, നമ്മുടെ സഭയെ നാം സ്വരുക്കൂട്ടിവച്ചിരിക്കുന്നവയെയെല്ലാം തട്ടിതരിപ്പണമാക്കുന്ന സുനാമിയാണ്. പലരുമായും, പലതുമായും നാം രമ്യതയിലല്ല പ്രിയപ്പെട്ടവരേ. ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, മാതാപിതാക്കളോട്, അയൽവക്കക്കാരോട്, ബഹുമാനപ്പെട്ട വികാരിയച്ചനോട് …. മാത്രമല്ല, ദേഷ്യം വന്നപ്പോൾ ആഞ്ഞു കൊട്ടിയടച്ച വാതിലിനോട്, എടുത്തെറിഞ്ഞ പാത്രത്തിനോട്,  വലിച്ചെറിഞ്ഞ പേനയോട് ….. പ്രിയപ്പെട്ടവരേ, രമ്യതപ്പെടേണ്ടിയിരിക്കുന്നു.

ഒരിക്കൽ ഒരു ബുദ്ധിസ്റ്റ് ഗുരു, റിൻസായ് (Rinzai) ഒരു മുറിയിൽ തന്റെ ശിഷ്യർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു. അപ്പോൾ ഒരു മനുഷ്യൻ വാതിൽ ശക്തമായി തള്ളി തുറന്നുകൊണ്ട്, വീണ്ടും അത് കൊട്ടിയടച്ചുകൊണ്ടു, തന്റെ ഷൂസ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്  മുറിയ്ക്കുള്ളിൽ പ്രവേശിച്ചു. ഇരിക്കുവാൻ നേരം അടുത്തുണ്ടായിരുന്ന സഹോദരനെ തള്ളിമാറ്റിക്കൊണ്ട് ഇരിപ്പുറപ്പിച്ചു. അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു.

ഇതെല്ലം ശ്രദ്ധിച്ച ഗുരു അദ്ദേഹത്തോട് പറഞ്ഞു: സഹോദരാ, അവിടെയിരിക്കല്ലേ. ആദ്യം തന്നെ അടുത്തിരിക്കുന്ന സഹോദരനോട് ക്ഷമചോദിക്കൂപിന്നെ വാതിലിനോട് , പിന്നെ ഷൂസിനോട്

ഇതുകേട്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിയായി. അയാൾ പറഞ്ഞു: എന്താണ് നിങ്ങളീ പറയുന്നത്. വാതിലിനോട് ക്ഷമ ചോദിക്കുകയോ? ഷൂസ് എന്റേതാണ്. പിന്നെ, പയ്യനോട്..വയ്യ.

ഗുരു വളരെ ശാന്തനായി പറഞ്ഞു: “ആ വാതിൽ നിങ്ങളോട് എന്ത് ചെയ്തു? ഷൂസ്, ഈ സഹോദരൻ…ഇവർ താങ്കളോട് എന്താണ് ചെയ്തത്? ഇവരോട് ദേഷ്യപ്പെടാമെങ്കിൽ ക്ഷമയും ചോദിക്കാം. അനുരഞ്ജനപ്പെടാതെ, എങ്ങനെ താങ്കൾ എന്റെ വചനം കേൾക്കും, എങ്ങനെ പ്രാർത്ഥനകൾ നടത്തും? എങ്ങനെ ധ്യാനിക്കും?  ആദ്യം ക്ഷമ ചോദിക്കൂ..രമ്യതയിലാകൂ.. എന്നിട്ട് വന്നിരിക്കൂ.”

Rinzai school - Wikipedia

ഗുരു പറഞ്ഞതിന്റെ logic അയാൾക്ക് പിടികിട്ടി. “നിങ്ങൾക്ക് അവയോട് ദേഷ്യപ്പെടാമെങ്കിൽ ക്ഷമയും ചോദിക്കാം.” അയാൾ എഴുന്നേറ്റ് വാതിലിനോടും, സഹോദരനോടും, അദ്ദേഹത്തിന്റെ ഷൂസിനോടും ക്ഷമ ചോദിച്ചു. ആദ്ദേഹം ഗുരുവിന്റെ കാൽക്കൽ വീണപ്പ്പോൾ, ഗുരു പറഞ്ഞു, “രമ്യതയാണ്, അനുരഞ്ജനമാണ് ദൈവം, ദൈവാനുഭവം.”

സമാപനം

സ്നേഹമുള്ളവരേ, നിയമങ്ങളുടെ, പ്രവചനങ്ങളുടെ പൂർത്തീകരണമാണ് ക്രിസ്തു. അവിടുന്ന് ഇവയെ പൂർത്തീകരിച്ചത് സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ, അനുരഞ്ജനത്തിന്റെ പുതിയ നിയമം അവയോട് കൂട്ടിച്ചേർത്തുകൊണ്ടാണ്. ലേഖനത്തിൽ വായിച്ചു കേട്ടതുപോലെ, പഴയ മനുഷ്യനെ നമുക്ക് ദൂരെയെറിയാം. അഹന്ത വെടിഞ്ഞ്, കരുണ, ദയ,വിനയം എന്നിവ ധരിക്കുവിൻ. സഹോദരങ്ങളുമായി

Brotherhood Royalty Free Vector Image - VectorStock

നമുക്ക് രമ്യതപ്പെടാം. എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ, നമ്മുടെ ഭവനങ്ങളെ ഭരിക്കട്ടെ. ആമേൻ! 

SUNDAY SERMON JN 4, 1-26

ദനഹാക്കാലം നാലാം ഞായർ

ഉത്പത്തി 29, 1 -14

2 രാജാ 17, 24-28

ഹെബ്രാ 6, 1-12

യോഹ 4, 1, 26

സീറോ മലബാർ സഭയുടെ മുപ്പതാമത്‌ സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ ചർച്ചാവിഷയങ്ങളും സിനഡ് എടുത്ത തീരുമാനങ്ങളൂം, സിനഡിന്റെ നിർദ്ദേശങ്ങളും വായിച്ചു കേട്ടതോടൊപ്പം, ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശം വളരെ ചുരുക്കമായി നമുക്കൊന്ന്  വിചിന്തനം ചെയ്യാം.

ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ തന്നെ, താൻ “മിശിഹാ” ആണെന്ന് വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ. ഈശോ, “മിശിഹാ” യാണെന്നും, ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണെന്നും, ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണമെന്നുമാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. 

സമരിയായിൽ, യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന്  അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണറ്റിൻ കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള  കൂടിക്കാഴ്ച്ച നടക്കുന്നത്. ചരിത്രപരമായി   പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും  വെള്ളം കുടിക്കുവാൻ വേണ്ടി സ്ഥാപിച്ചതാണ് ഈ കിണർ.

മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ  കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ കിണറാണ്. ഈ കിണറിലേക്ക്, കിണറ്റിൻ കരയിലേക്ക് ധാരാളം ആളുകൾ വരും.  വെള്ളം കുടിക്കും. പക്ഷേ, വീണ്ടും ദാഹിക്കും.

എന്നാൽ, ജീവജലത്തിന്റെ ഉറവ ക്രിസ്തുവാണ്. ക്രിസ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ  പറഞ്ഞാൽ, സംതൃപ്തി ലഭിക്കും, സന്തോഷം ലഭിക്കും. ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ, സന്തോഷം ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്; ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.

മാത്രമല്ല, ജീവജലത്തിന്റെ, ദൈവദാനത്തിന്റെ ഉറവയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും, ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ നിന്ന്

Streams of living water | Revdhj's Weblog

   ജീവജലം നുകരുന്നവരും, കണ്ടുമുട്ടുന്നവർക്ക് ജീവജലം നല്കുന്നവരാകും, ജീവജലത്തിന്റെ അരുവികളാകും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായം 37 മുതലുള്ള വചനം പറയുന്നു: “തിരുനാളിന്റെ അവസാനത്തെ മഹദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി പറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൾ /അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.””

സ്നേഹമുള്ളവരേ, ദൈവദാനത്തിന്റെ, ജീവജലത്തിന്റെ അരുവികളാകുവാൻ ഇന്ന് ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്. ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്, രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവർത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും. 

ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു, “സർ, ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും   സന്തോഷം, സംതൃപ്തി   നൽകിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?”  ഫെമി പറഞ്ഞു:  “ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ, സംതൃപ്തിയുടെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ, സംതൃപ്തിയുടെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.”

Femi Otedola Biography, Femi Otedola Net Worth And Forte Oil

 സമ്പത്തും സുഖ സൗകര്യങ്ങളും  സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം.  പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.  തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി.  എന്നാൽ, വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്ന്  ഞാൻ മനസ്സിലാക്കി. പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി.  നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്.  ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു.  പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം, സംതൃപ്തി  കിട്ടിയില്ല.

വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം.  ഏകദേശം 200 കുട്ടികൾ മാത്രം.  സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി.  പക്ഷേ, ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു.  ഞാൻ റെഡിയായി അവന്റെ കൂടെ പോയി.  അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി.  ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു.  അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.

 അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു, അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു.  എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി.  ഒരു സംതൃപ്തി എന്നിലൂടെ കടന്നുപോയി. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു.  ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.

 ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?

 ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു.  ഈ കുട്ടി പറഞ്ഞു:  “എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട്, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും.” ഞാൻ ജീവിതസംതൃപ്തി അനുഭവിച്ച നിമിഷമായിരുന്നു അത്.

പ്രിയപ്പെട്ടവരേ

Living Water (Jesus and the Samaritan Woman)

, ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് നിങ്ങളുടെ പ്രവർത്തികൾ ചെയ്യുക. അപ്പോൾ, നിങ്ങൾക്ക് വീണ്ടും  ദാഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ  മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MK 3, 7-19

ദനഹാക്കാലം മൂന്നാം ഞായർ

നിയമ 31, 1-8

ഏശയ്യാ 41, 8-16

ഫിലി 3, 4-16

മർക്കോ 3, 7-19

സന്ദേശം

A Multitude by the Sea Mark 3:7-12 7 Jesus withdrew with his disciples to  the sea

കോവിഡ് 19 ന്റെ മൂന്നാം തരംഗം ഡെൽറ്റായായും, ഒമൈക്രോൺ ആയും, ലോകം മുഴുവനും പടരുകയാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തിക്കുകയും, സാമൂഹ്യജീവിതത്തിൽ നിയന്ത്രണങ്ങൾ വരികയും ചെയ്യുമ്പോൾ മനസ്സ് നിറയെ ആശങ്കയും ഭയവുമാണ്. എങ്കിലും, “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കുവാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” എന്ന് പറഞ്ഞ മക്കബേയൂസിനെപ്പോലെ, (2 മക്കബായർ 8, 18) നമ്മുടെ രക്ഷകനായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടാണ്, ക്രിസ്തുവിൽ  ആശ്രയിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത്, ഈ ദേവാലയത്തിൽ ഇപ്പോൾ ആയിരിക്കുന്നത്, ബലിയർപ്പിക്കുന്നത്. ഈ പ്രത്യാശയോടെ, ഇന്ന് വായിച്ചുകേട്ട സുവിശേഷം നമുക്ക് വിചിന്തനം ചെയ്യാം.

ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, പ്രത്യേകിച്ച് മഹാമാരി പോലുള്ള ദുരിത കാലങ്ങളിൽ ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ highly effective instruments ആകുവാനാണ്.

വ്യാഖ്യാനം

നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1) ഇന്നത്തെ സുവിശേഷഭാഗത്താകട്ടെ ദൈവപുത്രനായ യേശുക്രിസ്തു തന്റെ സുവിശേഷം തുടർന്നും, ലോകത്തിന്റെ അതിർത്തികൾ വരെ, ലോകാവസാനത്തോളം പ്രഘോഷിക്കപ്പെടുവാൻ ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയാണ്.

ഈ പ്രവർത്തിക്ക് വളരെ മനോഹരമായ ഒരു ആമുഖം വിശുദ്ധ മർക്കോസ് എഴുതിച്ചേർക്കുന്നുണ്ട്. ക്രിസ്തുവിനെ ഒരു Super Hero ആയി മർക്കോസ് അവതരിപ്പിക്കുകയാണ്. പരസ്യ ജീവിതത്തിന്റെ ആരംഭം മുതലേ അത്ഭുതങ്ങൾ ചെയ്തും, രോഗികളെ സുഖപ്പെടുത്തിയും, വേദനിക്കുന്നവരെ ആശ്വസിപ്പിച്ചും ജനത്തിനിടയിലായിരുന്ന ക്രിസ്തുവിന് ജനമനസ്സിൽ വലിയ സ്ഥാനമുണ്ടായിരുന്നു. എപ്പോഴും വലിയൊരു ജനക്കൂട്ടം ഈശോയെ അനുഗമിക്കുകയാണ്. എവിടെനിന്നൊക്കെ? ഗലീലിയയിൽ നിന്ന്, യൂദാ, ജെറുസലേം എന്നിവിടങ്ങളിൽ നിന്ന്, ജോർദ്ദാന്റെ മറുകര നിന്ന്, ടയിർ, സീദോൻ പരിസരങ്ങളിൽ നിന്ന്. എന്നുവച്ചാൽ, ഇസ്രയേലിന്റെ എല്ലാ ഭാഗത്തും നിന്ന് ഈശോയുടെ പ്രവർത്തികളെക്കുറിച്ചു കേട്ട് ജനം അവിടുത്തെ കാണാൻ വന്നെത്തുന്നു.  ഒരു ചുവട് മുന്നോട്ട് വയ്ക്കുവാൻ കഴിയാത്തവിധം ആൾത്തിരക്കാണ്. ക്രിസ്തു വചനം പ്രഘോഷിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, അശുദ്ധാത്മാക്കളെ പുറത്താക്കുന്നു. പുറത്താകുന്ന അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനെന്ന് പ്രഘോഷിക്കുന്നു. അശുദ്ധാത്മാക്കൾ ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നത് കണ്ട് ജനം മുഴുവൻ കണ്ണുമിഴിച്ച് നിൽക്കുകയാണ്. അവരെല്ലാവരും മനസ്സിൽ ഉറപ്പിച്ചു: അതെ ഇവൻ തന്നെ മിശിഹാ!!

ഇത്രയുമായപ്പോഴേക്കും, ഈശോ മലമുകളിലേക്ക് കയറുകയാണ്. മലമുകൾ എല്ലാ മത പാരമ്പര്യത്തിലും ചേതോഹരമായ ഒരു പ്രതീകമാണ്. ദൈവത്തിന്റെ, ദൈവ സാന്നിധ്യത്തിന്റെ, ദൈവമഹത്വത്തിന്റെ ശ്രേഷ്ഠമായ പ്രതീകം. യേശുക്രിസ്തു ദൈവപുത്രനായിക്കൊണ്ട്, ആ ദൈവമഹത്വത്തിൽ നിന്നുകൊണ്ട് തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. എന്തിനുവേണ്ടി? To be his instruments! ക്രിസ്തു തന്റെ ദൈവരാജ്യപ്രഘോഷണത്തിന്റെ, ദൈവരാജ്യ സംസ്ഥാപനത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വ്യക്തികളെ, highly effective instruments കളെ അന്വേഷിക്കുകയാണ്. അവർ എന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിനോടുകൂടി ആയിരിക്കണം. ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കണം. ക്രിസ്തുവിന്റെ, പിശാചുക്കളെ ബഹിഷ്കരിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യണം… – ക്രിസ്തുവിന്റെ വിളികേട്ട് അവിടുത്തെ സമീപത്തേക്ക് ചെന്നവരെ ക്രിസ്തു നിയോഗിക്കുകയാണ്, തന്റെ highly effective instruments ആയി ക്രിസ്തു അവരെ സ്വീകരിക്കുകയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശിഷ്യത്വത്തിൽ ജീവിക്കുക എന്നതാണ് ക്രൈസ്തവജീവിതത്തിന്റെ കാതൽ. നാമോരോരുത്തരും ക്രിസ്തുവിന് ഇഷ്ടമുള്ളവരാണ്. നമ്മൾ അവിടുത്തേക്ക് വിലപ്പെട്ടവരും, ബഹുമാന്യരും, പ്രിയങ്കരരുമാണ്. (ഏശയ്യാ 43, 4) നാം പാവപ്പെട്ടവരോ, സമ്പന്നരോ ആരായിരുന്നാലും ക്രിസ്തുവിന് നമ്മെപ്പറ്റി കരുതലുണ്ട്. (സങ്കീ 40, 17) ക്രിസ്തുവിന് നമ്മെക്കുറിച്ച് വിചാരമുണ്ടെന്ന് മാത്രമല്ല, അവിടുന്ന് ഇപ്പോഴും നമ്മെ അനുഗ്രഹിക്കുന്നുണ്ട്. (സങ്കീ 115, 12) ക്രിസ്തുവിന്റെ മുൻപാകെ സ്നേഹത്തിൽ പരിശുദ്ധരും, നിഷ്കളങ്കരുമായിരിക്കുവാൻ ലോകസ്ഥാപനത്തിന് മുൻപ് തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാം. (എഫേ 1, 4) ഇത് നാമോരോരുത്തരും ക്രിസ്തുവിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. (എഫേ 1, 12) ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ highly effective Instruments ആകുവാനായിട്ടാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്, നാം ക്രൈസ്തവരായിരിക്കുന്നത്. 

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പുത്രിയാണ്, പുത്രനാണ്. ഓരോ നിമിഷവും അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്, അവിടുത്തെ നല്ല ഉപകരണങ്ങളാകുവാൻ. നമ്മുടെ വ്യക്തി ജീവിതത്തിലൂടെ, കുടുംബജീവിതത്തിലൂടെ, സന്യാസ പൗരോഹിത്യ ജീവിതങ്ങളിലൂടെ ക്രിസ്തുവിന്റെ കയ്യിലെ ഉപകരണങ്ങളാകുവാൻ അവിടുന്ന് നമ്മെ വിളിക്കുകയാണ്. ജീവിതാന്തസ്സിന്റെ പ്രത്യേകത അനുസരിച്ച് നാമാകുന്ന ഉപകരണങ്ങൾക്കും വ്യത്യാസമുണ്ടാകും എന്നുമാത്രം.  വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വിളിയുടെ കഥകളാണ് നമ്മോട് പറയുന്നത്. ദൈവത്തിന്റെ കയ്യിലെ effective ഉപകാരണങ്ങളാകുവാൻ വേണ്ടി മനുഷ്യനെ വിളിക്കുന്ന കഥകളാണ് ബൈബിളിൽ നാം കാണുന്നത്. ഇന്നും ഈശോ വിളിക്കുന്നുണ്ട്. അബ്രഹാമിനെപ്പോലെ ഭൂമിയിൽ അനുഗ്രഹമാകുവാൻ, an Instrument of the blessing of God ആകുവാൻ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്. ആബേലിനെപ്പോലെ, മെൽക്കിസദേക്കിനെപ്പോലെ ദൈവത്തിന് വിശുദ്ധിയോടെ, വിശ്വാസത്തോടെ, അനുസരണത്തോടെ ബലിയർപ്പിക്കുവാൻ ദൈവത്തിന് effective, holy Instruments ആവശ്യമുണ്ട്. മോസസ്സിനെപ്പോലെ, ജോഷ്വായെപ്പോലെ നാം കണ്ടുമുട്ടുന്ന എല്ലാവരെയും സമൃദ്ധിയിലേക്ക്, സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് നയിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. സോളമൻ രാജാവിനെപ്പോലെ മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ, മനുഷ്യ ഹൃദയങ്ങളിൽ ദേവാലയം പണിയുവാൻ സ്നേഹമുള്ള സഹോദരീ, സഹോദരാ, ക്രിസ്തുവിന് നിന്നെ ആവശ്യമുണ്ട്. ഏലിയാ പ്രവാചകനെപ്പോലെ ദൈവത്തിന്റെ സംസ്കാരം പടുത്തുയർത്തുവാൻ ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്.  പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഈ ലോകത്തിന് പ്രദാനം ചെയ്യുവാൻ ഈശോ നിന്നെ വിളിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരെപ്പോലെ ലോകം മുഴുവനും ദൈവരാജ്യത്തിനായി ജീവൻ സമർപ്പിച്ചും പ്രവർത്തിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. ക്രൈസ്തവന്റെ ജീവിതം ദൈവത്തിന്റെ വിളിയുടെ ജീവിതമാണ്; ദൈവത്തിന്റെ ദൗത്യം പൂർത്തിയാക്കുന്നതിന്റെ ജീവിതമാണ്; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നതിന്റെ, ജീവിക്കുന്നതിന്റെ ജീവിതമാണ്. ക്രിസ്തുവിന്റെ കയ്യിലെ effective instrument ആകുന്നതിന്റെ ജീവിതമാണ്.

വിശുദ്ധരുടെ ജീവിതത്തിന്റെ മനോഹാരിത അവർ ക്രിസ്തുവിന്റെ വിളി സ്വീകരിച്ച്, ക്രിസ്തുവിന്റെ കയ്യിലെ effective Instruments ആയിരുന്നു എന്നതാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ ഓർക്കുന്നില്ലേ? അദ്ദേഹം പറഞ്ഞിരുന്നത്, ‘ഞാൻ ദൈവത്തിന്റെ കഴുതയാണ്; ഞാനാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ എത്ര വേണേലും സഞ്ചരിച്ചോട്ടെ എന്നാണ്. ഫ്രാൻസിസ് അസ്സീസിയാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ സഞ്ചരിച്ചില്ലേ പ്രിയപ്പെട്ടവരേ? ആ യാത്ര കണ്ടപ്പോൾ ലോകം പറഞ്ഞു, ദേ പോകുന്നു രണ്ടാമത്തെ ക്രിസ്തു എന്ന്. വിശുദ്ധ മദർ തെരേസാ എന്താണ് പറഞ്ഞത്? “ഞാൻ ദൈവത്തിന്റെ കയ്യിലെ ഒരു തൂലികയാകുന്നു. ഞാനാകുന്ന തൂലിക ഉപയോഗിച്ച് ഈശോ എഴുതിക്കോട്ടെ. കഴുത്തറപ്പൻ മത്സരവും, ലൗകിക തൃഷ്ണയുമായി നടക്കുന്ന ആധുനിക ലോകത്തിന്റെ ചുമരിൽ മദർ തെരേസയാകുന്ന തൂലിക ഉപയോഗിച്ച് ദൈവം കരുണയാകുന്നു എന്ന് ക്രിസ്തു എഴുതിയില്ലേ പ്രിയപ്പെട്ടവരേ?

873 Music Flute Nature Horizontal Stock Photos, Pictures & Royalty-Free  Images - iStock

ഭാരതത്തിന്റെ മഹാകവി രബീന്ദ്രനാഥ് ടാഗോർ പറഞ്ഞത്, ‘ഞാൻ ദൈവത്തിന്റെ കയ്യിലെ പുല്ലാങ്കുഴൽ ആണ്. ഞാനാകുന്ന പുല്ലാങ്കുഴലിലൂടെ ഈശ്വരൻ എപ്പോഴും പാടിക്കോട്ടെ’ എന്നാണ്. ടാഗോറാകുന്ന ഓടക്കുഴലുപയോഗിച്ച് സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ എത്രയോ ഗാനങ്ങളാണ് ഈശ്വരൻ പാടിയത്!

ഈ ലോകത്തിലെ നമ്മുടെ ജീവിതം ധന്യമാക്കുവാൻ, മനോഹരമാക്കുവാൻ ഈശോ നമ്മെ എപ്പോഴും വിളിക്കുന്നുണ്ട്. നാം തയ്യാറാണെങ്കിൽ നമുക്ക് Excuses ഒന്നുമില്ലെങ്കിൽ തീർച്ചയായും അവിടുത്തെ ശിഷ്യരാകുവാൻ നമുക്ക് സാധിക്കും. ശിഷ്യരെ ഈശോ തിരഞ്ഞെടുത്തപ്പോൾ തോമാശ്ലീഹാ വിചാരിച്ചിരുന്നോ, താൻ ഭാരതത്തിൽ വന്ന് സുവിശേഷം പ്രസംഗിക്കുമെന്ന്, ക്രിസ്തുവിനായി മരിക്കുമെന്ന്? ഇല്ല. പക്ഷേ, ക്രിസ്തു നമ്മെ തന്റെ അടുത്തേക്ക് വിളിക്കുന്നു, നിയോഗിക്കുന്നു. എന്തിന്? എവിടെ? എപ്പോൾ? നമുക്കറിയില്ല. നല്ലൊരു കുടുംബനാഥയായി, കുടുംബനാഥനായി സന്യാസിയായി, പുരോഹിതനായി, ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിക്കുമ്പോൾ ആദ്യമായും അവസാനമായും ഓർക്കേണ്ടത്, ക്രിസ്തു എന്നെ വിളിക്കുന്നു. അവിടുന്ന് എന്നെ തിരഞ്ഞെടുക്കുന്നു. അവിടുത്തെ കയ്യിലെ effective instruments ആണ് ഞാൻ എന്നാണ്.

ഒരിക്കൽ ഒരു മനുഷ്യൻ തന്റെ ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോൾ, വഴിയരുകിൽ രണ്ട് ചിറകുകളുമില്ലാത്ത ഒരു കാക്കയെ കണ്ടു. അദ്ദേഹത്തിന് അതിനോട് വല്ലാത്ത അനുകമ്പ തോന്നി. “പാവം കാക്ക. ഇതെങ്ങനെ ജീവിക്കും? ഇതിന് എങ്ങനെ ആഹാരം കിട്ടും?” ഇങ്ങനെ ചിന്തിച്ചിരിക്കെ ആദ്ദേഹം കണ്ടു, അകലെ നിന്ന് ഒരു പരുന്തു വരുന്നതും, അതിന്റെ കൊക്കിലിരുന്ന മാംസക്കഷ്ണംകൊണ്ട് ആ കാക്കയെ തീറ്റുന്നതും. ഇതുകണ്ട് അദ്ദേഹം മനസ്സിൽ പറഞ്ഞു: “ഓ ഇങ്ങനെയാണ് ദൈവം തീറ്റിപ്പോറ്റുന്നത്. അവിടുന്ന് ആരെയെങ്കിലും അയയ്ക്കും, വിശക്കുന്നവരെ തീറ്റിപ്പോറ്റാനും, വിഷമിക്കുന്നവരെ സഹായിക്കുവാനും.”

സ്നേഹമുള്ളവരേ, നമ്മുടെ നല്ല വാക്കുകളിലൂടെ മാത്രം ആശ്വാസത്തിനായി കൊതിച്ച്  ധാരാളം വ്യക്തികൾ നമ്മുടെ അടുത്തും അകലെയുമായി ജീവിക്കുന്നുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകാരണമാകുവാൻ നീ തയ്യാറുണ്ടോ? നമ്മിലൂടെ നല്ല ജീവിതത്തിലേക്ക് വരുവാൻ, നമ്മിലൂടെ ക്രിസ്തുവിന്റെ കാരുണ്യം നേടുവാൻ ധാരാളം ആളുകൾ നമ്മുടെ അടുത്തും അകലെയുമായും ജീവിക്കുന്നുണ്ട്.അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? നിന്നിലൂടെ രക്ഷയ്ക്കപ്പെടുവാൻ ഒരു ജനത കാത്തു നിൽപ്പുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകാരണമാകുവാൻ നീ തയ്യാറുണ്ടോ?  

ക്രിസ്തുവിന്റെ ഒരു ഉപകരണമാകാൻ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ മാതൃക പിന്തുടരാൻ നാം തയ്യാറായിരിക്കണം. സുവിശേഷം വായിക്കുക മാത്രമല്ല, അതനുസരിച്ച് ജീവിക്കുകയും വേണം. നമ്മുടെ മുഴുവൻ മനസ്സും ഹൃദയവും അവന്റെ വചനത്തിലേക്ക് നയിക്കണം. ക്രിസ്തുവിന്റെ ഉപകരണമാകുന്നതിന് നാം ക്രിസ്തുവിന്റെ ഹൃദയം സ്വന്തമാക്കണം. ഉദാരമനസ്കനായിരിക്കുക എന്നതിനർത്ഥം പണം നൽകണമെന്നല്ല, മറിച്ച് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഇതുവരെയുള്ള നമ്മുടെ യാത്രയിൽ നിന്ന് നാം അനുഭവിച്ചതും പഠിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുക എന്നതാണ്.  തന്റെ മക്കളുടെ യാചനകൾ കേൾക്കാനും അവരെ സഹായിക്കാനും ദൈവം തന്നെ ഒരിക്കലും മടിക്കാത്തതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നാം മടിക്കരുത്. ലളിതമായി പറഞ്ഞാൽ, ദയയും സഹായവും ദൈവത്തിന്റെ ഒരു ഉപകരണത്തിന്റെ പ്രധാന സവിശേഷതകളാണ്. അതിനാൽ, യഥാർത്ഥത്തിൽ ദൈവത്തിന്റെ ഉപകരണമായിത്തീരുന്നതിന്, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധതയുള്ള ഒരു ഹൃദയം നാം വികസിപ്പിക്കേണ്ടതുണ്ട്.

സമാപനം

ഒരു Emotional blackmailing ആണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതൊരു psaychological move ഉം അല്ല. സത്യമിതാണ്. ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്. വെറും ഒരു Instrument ആയിട്ടല്ല. Highly effective Instrument ആയിട്ടുതന്നെ. അതിനായിട്ടാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്, തിരഞ്ഞെടുക്കുന്നത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മുടേതല്ലാതെ ഒരു ഹൃദയം ക്രിസ്തുവിനില്ല. നന്മ ചെയ്യുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കരങ്ങളില്ല. ഈ ലോകം മുഴുവൻ സഞ്ചരിക്കാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാലുകളില്ല. മറ്റുള്ളവരെ കരുണയോടെ നോക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കണ്ണുകളില്ല. മറ്റുള്ളവരെ കേൾക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാതുകളില്ല. ആശ്വാസവാക്കുകൾ പറയുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് നാവില്ല.  ഇത് ഒരു Emotional blackmailing അല്ല.

Inspirational Bible Verses–God Make Me an Instrument | Darrell Creswell - A  Study of Christian Grace

ഈ ഞായറാഴ്ചത്തെ, വരും ദിവസങ്ങളിലെ നമ്മുടെ ചിന്ത ഇതായിരിക്കട്ടെ: “ഈശോയുടെ കയ്യിലെ എങ്ങനെയുള്ള ഉപകരണമാണ് ഞാൻ?” ആമേൻ!

SUNDAY SERMON JN 8, 21-30

ദനഹാക്കാലം രണ്ടാം ഞായർ

പുറ 3, 9-16

പ്രഭാ 18, 1-14

വെളി 1, 4-8

യോഹ 8, 21-30

സന്ദേശം

(സീറോ മലബാർ സഭയുടെ പുതിയ ആരാധനാക്രമ കലണ്ടർ അനുസരിച്ചുള്ള സുവിശേഷ ഭാഗമാണ് വിചിന്തനത്തിനായി എടുത്തിരിക്കുന്നത്.)

കഴിഞ്ഞ ജനുവരി ആറാം തിയതി വ്യാഴാഴ്ച്ച ഈശോയുടെ ദനഹാത്തിരുനാൾ തിരുസ്സഭ ആഘോഷിച്ചു. കേരളത്തിൽ പലയിടങ്ങളിൽ പലവിധ പേരുകളിൽ, പിണ്ടികുത്തിത്തിരു നാളായും രാക്കുളിതിരുനാളായുമൊക്കെ വലിയ പ്രാധാന്യത്തോടെ തന്നെ ക്രിസ്തുവിന്റെ ദനഹാ, ആവിഷ്കാരം നാം ആചരിക്കുകയുണ്ടായി. എന്നാൽ ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രപഞ്ചം മുഴുവനിലും, മനുഷ്യനിലും നിറഞ്ഞു നിന്നിട്ടും, ക്രിസ്തു യഥാർത്ഥത്തിൽ ആരാണ് എന്ന് ക്രൈസ്തവർ പോലും ശരിയായി മനസ്സിലാക്കിയിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കേറെ മുൻപ് നസ്രത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്ന ചെറുപ്പക്കാരൻ ആരാണ് എന്ന ചോദ്യം, കേവലം ഒരു തച്ചന്റെ മകൻ മാത്രമായിരുന്നോ, അതോ ദൈവപുത്രനായിരുന്നോ എന്ന ചോദ്യം ഇന്നും പലകേന്ദ്രങ്ങളിൽ നിന്ന് പല രീതിയിൽ ഉയരുന്നുണ്ട്. അതിന് ഉത്തരം നൽകാൻ പലരും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ആരാധനാക്രമത്തിലെ ദനഹാക്കാലം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്.  

എന്തുകൊണ്ടാണ് ക്രിസ്തു ആരാണ് എന്ന ചോദ്യം ഇന്നും ഉയരുന്നത്? തന്നെക്കുറിച്ചോ, ദൈവത്തെക്കുറിച്ചോ ഒരു ഗ്രന്ഥവും എഴുതാത്ത ക്രിസ്തുവിനെ, ഒരു രാജ്യവും വെട്ടിപ്പിടിക്കാത്ത, ചക്രവർത്തിപദം അലങ്കരിക്കാത്ത, സ്ഥാപനങ്ങളൊന്നും പടുത്തുയർത്താത്ത ക്രിസ്തുവിനെ അവഹേളിക്കുവാനും, ഇല്ലായ്മചെയ്യുവാനും എന്തുകൊണ്ടാണ് ഇന്നും മനുഷ്യൻ ശ്രമിക്കുന്നത്? യൂട്യൂബ് മുതലായ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ ദുഷിച്ചു സംസാരിക്കുന്ന, അവിടുത്തെ ദൈവത്വം നിഷേധിക്കുന്ന അനേകം പ്രസംഗങ്ങളും ഷോർട്ട് ഫിലിമുകളും upload ചെയ്യപ്പെടുന്നുണ്ട്. നാമെല്ലാവരും അവ വായിക്കുന്നവരുമാണ്. ക്രിസ്തുമസ് കാലത്ത് ഒരു മുസ്‌ലിം പണ്ഡിതൻ ശ്രമിച്ചത് ക്രിസ്തുവിന്റെ ദൈവിക ജന്മത്തെ അവഹേളിക്കുവാനായിരുന്നു. വളരെ മ്ലേച്ഛമായ ഭാഷയിലാണ് ഈശോയുടെ ജനനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്, ഈശോ ആരാണെന്ന് പറഞ്ഞു വച്ചത്. ക്രിസ്തുവിന്റെ പേരിൽ നടക്കുന്ന മിഷനറി പ്രവർത്തനങ്ങളെയും, ആതുര സേവനങ്ങളെയും ആളുകൾ ഭയക്കുന്നത് എന്തിനാണ്? കഴിഞ്ഞ വെള്ളിയാഴ്ച്ചയിലെ ദീപിക ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ “മദർ തെരേസായുടെ ഓർമകളെ ഭയപ്പെടുന്ന ആർ എസ് എസ്” എന്നായിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ചുപോലും മദർ തെരേസ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾക്ക്, ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ, വെറും ഞായറാഴ്ച്ച ക്രിസ്ത്യാനികൾ ആകാതെ ക്രിസ്തു എനിക്ക് ആരാണ് എന്ന് ഉറക്കെ പറയുവാൻ ക്രൈസ്തവർക്ക് കഴിയണം.  ഉറക്കത്തിൽ നിന്നുണർന്ന് ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രഘോഷിക്കുവാൻ ക്രൈസ്തവരെല്ലാവരും തയ്യാറാകാനുള്ള സമയം ആഗതമായിരിക്കുന്നു.

ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ ഉയർത്തുന്ന ചോദ്യം ഇതാണ്: ക്രിസ്തു ആരാണ്? ഈ ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച ക്രിസ്തു നമുക്ക് ആരെന്നറിയാനും, കാലത്തിന്റെ ചലനങ്ങൾ മനസ്സിലാക്കിക്കൊണ്ട് നാം അറിയുന്ന ക്രിസ്തുവിനെ പ്രഘോഷിക്കുവാനും തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ക്രിസ്തുവിൽ ദൈവത്തിന്റെ മഹത്വം കാണുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം. ഈ സുവിശേഷ ഭാഗത്തിന്റെ ഹൃദയമാകട്ടെ ഒരു ചോദ്യമാണ്: “ക്രിസ്തു ആരാണ്?” മുപ്പത് മുപ്പത്തിരണ്ട് വയസ്സുള്ള ഒരു ചെറുപ്പക്കാരൻ, അതും ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകൻ ഈശോ, വലിയ വായയിൽ highly philosophical ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്ന യഹൂദരാണ് ഈശോയോടു ചോദിച്ചത് “നീ ആരാണ്?”. ഈ   ചോദ്യത്തിന്റെ പ്രതിഫലനങ്ങളാണ് ഇന്നും നാം കേൾക്കുന്നത്. ഈശോയുടെ ജന്മത്തെക്കുറിച്ച് ആക്ഷേപിച്ചു സംസാരിച്ച മുസ്‌ലിം പണ്ഡിതനും അന്വേഷിക്കുന്നത് ഇത് തന്നെ, ക്രിസ്തു ആരാണ്. ക്രൈസ്തവമിഷനറിപ്രവർത്തനങ്ങളെ അവഹേളിക്കുന്നവരും, ക്രൈസ്തവരെ  ആക്രമിക്കുന്നവരും  അന്വേഷിക്കുന്നതും ഇത് തന്നെ, ക്രിസ്തു ആരാണ്? യഹൂദരുടെ “നീ ആരാണ്” എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിലൂടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്. ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് പറയുന്ന അക്കാര്യങ്ങൾ ഇവയാണ്: ഒന്ന്, ഈശോ ഈ ലോകത്തിൽ നിന്നുള്ളവനല്ല. അവിടുന്ന് ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ ഒരു ഗോത്രത്തിന്റെ ദൈവമല്ല. ഈശോ മനുഷ്യ ഭാവനയുടെ പൂർത്തീകരണവുമല്ല. അവിടുന്ന് ദൈവത്തിൽ നിന്നുള്ളവനാണ്, ദൈവമാണ്. രണ്ട്, ഈശോ കുരിശുമരണത്തിലൂടെ ലോകത്തെ രക്ഷിക്കുന്നവനാണ്. നീ ആരാണ് എന്നതിന്റെ ഏറ്റവും ശക്തമായ ഉത്തരമാണ് ഈശോയുടെ കുരിശുമരണം. ഈശോയുടെ ദൈവമഹത്വം വെളിപ്പെട്ടത് അവിടുത്തെ കുരിശുമരണത്തിലൂടെയാണ്. മൂന്ന്, ഈശോ പിതാവായ ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നവനാണ്.

സുവിശേഷങ്ങൾ നാലും, പുതിയനിയമം മുഴുവനും ഈശോയുടെ ദൈവത്വത്തെ സാക്ഷ്യപ്പെടുത്തുവാനാണ് എഴുതപ്പെട്ടിട്ടുള്ളത്. വിശുദ്ധ മർക്കോസ് തന്റെ സുവിശേഷത്തിന് ശീർഷകമായി നൽകിയിരിക്കുന്നത് തന്നെ “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം” എന്നാണ്. (മർക്കോ 1, 1) വിശുദ്ധ ലൂക്കാ ഈശോയുടെ ജനനത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും …. ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്ക 1, 35) തന്റെ സുവിശേഷ രചനയുടെ ലക്‌ഷ്യം യോഹന്നാൻ ഇപ്രകാരം വെളിവാക്കുന്നു: ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും …” (യോഹ 20, 31) യേശുവിനെ ദൈവപുത്രനായ വിശ്വസിച്ച് ഏറ്റുപറയുന്ന അനേകം സാക്ഷ്യങ്ങൾ സുവിശേഷങ്ങളിലുണ്ട്. യേശുവിനെ കണ്ട നഥാനിയേൽ വിളിച്ചു പറയുന്നു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്; ഇസ്രയേലിന്റെ രാജാവാണ്.” “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു” എന്ന് കേസരിയ ഫിലിപ്പിയിൽ വച്ച് പത്രോസ് പ്രഖ്യാപിക്കുന്നു. (മത്താ 16, 17) കടലിന് മീതെ നടന്ന് ഈശോ ശിഷ്യരുടെ അടുക്കലെത്തിയപ്പോൾ “നീ സത്യമായും ദൈവപുത്രനാണെന്നും” പറഞ്ഞ് അവർ ഈശോയെ ആരാധിക്കുന്നു. (മത്താ 14, 33) ഈശോയുടെ മരണം നേരിൽ കണ്ട ശതാധിപൻ പറയുന്നത് “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നാണ്. (മർക്കോ 15, 39) ഉത്ഥാനം ചെയ്ത ഈശോയെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറയുന്നു. (യോഹ 20, 28) ഇതിനെല്ലാം പുറമെ, സുവിശേഷങ്ങൾ ഈശോയുടെ സുപ്രധാനങ്ങളായ മൂന്ന് ദൈവിക വെളിപ്പെടുത്തലുകളെ (Theophanic events) – ഈശോയുടെ ജ്ഞാനസ്നാനം, രൂപാന്തരീകരണം, ഉത്ഥാനം – എന്നിവയെ അവതരിപ്പിച്ചുകൊണ്ട് ഈശോയുടെ ദൈവത്വത്തെ വിളംബരം ചെയ്യുന്നുണ്ട്.  

ലോകം ക്രിസ്തുവിനെ ജാരസന്തതിയെന്നുമൊക്കെ വിളിച്ച് അവിടുത്തെ ദൈവത്വത്തെ ആക്ഷേപിക്കുമ്പോൾ ജീവിതംകൊണ്ട് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുവാൻ നമുക്ക് കടമയുണ്ട്.  ഈ കാലഘട്ടത്തിൽ ക്രൈസ്തവർ ചെയ്തു തീർക്കേണ്ട ദൗത്യമാണിത്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ വന്ന് ക്രിസ്തുവിനെ അധിക്ഷേപിക്കുമ്പോൾ, അവർ പറഞ്ഞോട്ടെ, അവർ എത്ര പറഞ്ഞാലും ക്രിസ്തുവിന്റെ ദൈവത്വത്തിന് ഒന്നും സംഭവിക്കില്ല എന്ന് പറയുന്ന ക്രൈസ്തവരേ കേൾക്കുക, ഈ ഭൂമിയിലേക്ക് ക്രിസ്തു നിങ്ങളെ അയച്ചിരിക്കുന്നത് അവിടുത്തെ അധരംകൊണ്ടു ഏറ്റുപറയുവാനും അവിടുന്ന് ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിച്ച് അവിടുത്തെ മഹ ത്വപ്പെടുത്തുവാനുമാണ്. ക്രിസ്തുവിനെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചുമൊക്കെ തെറ്റായ പഠനങ്ങൾ പ്രചരിക്കുമ്പോൾ അതൊന്നും എനിക്ക് പ്രശ്നമല്ല എന്ന് ചി ന്തിക്കുന്ന ക്രൈസ്തവരേ കേൾക്കുക, മാമ്മോദീസാമുങ്ങി, കൂദാശകൾ സ്വീകരിച്ച് മാത്രം ജീവിക്കുവാനല്ല ക്രിസ്തു നിങ്ങളെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ജീവിതംകൊണ്ട് ക്രിസ്തു ആരെന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് നിങ്ങൾ അയയ്ക്കപ്പെട്ടിട്ടുള്ളത്. ‘ദൈവത്തെ ആത്മാവിൽ ആരാധിച്ചുകൊണ്ട്, യേശുക്രിസ്തുവിൽ അഭിമാനം കൊണ്ടുകൊണ്ട്, ജഡത്തിൽ ശരണംവയ്ക്കാതിരുന്നുകൊണ്ട്’ (ഫിലി 3, 3) ക്രിസ്‌തുവിനെ മഹത്വപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിന്റെ മനോഹാരിത ലോകത്തിന് നൽകുവാനാണ്‌ നാം ക്രൈസ്തവരായിരിക്കുന്നത്.

ഈയിടെ Whats App ൽ ചില വീഡിയോകൾ കണ്ടപ്പോൾ എത്രയോ തെറ്റായ പഠനങ്ങളാണ് ഈശോയെക്കുറിച്ചു പ്രചരിപ്പിക്കുന്നത് എന്ന് ഓർത്തുപോയി. ഒരു മുസ്‌ലിം കൗമാരക്കാരൻ നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഒരു വീഡിയോയിൽ പറയുന്നത് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് നമ്മുടെ ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന 7 ആക്രമണങ്ങളെക്കുറിച്ചാണ്. അവൻ സംസാരിക്കുന്നത് മുസ്ലീമുകൾക്ക് വേണ്ടിയല്ല, ക്രൈസ്തവർക്കുവേണ്ടിയാണ്. എന്നിട്ട് അവൻ പറയുന്നത് ക്രൈസ്തവരും മുസ്ലീമുകളും അബ്രഹാമിന്റെ തായ് വഴിയിൽ ഒരേ മതത്തിൽപെട്ടവർ ആണെന്നാണ്. തെറ്റായ പഠനമാണിത്. യഹൂദരും ക്രൈസ്തവരുമാണ് വിശ്വാസത്തിൽ അബ്രഹാമിനെ പിതാവായി സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം 600 വർഷങ്ങൾ കഴിഞ്ഞാണ് ഇസ്ലാം മതം ഉണ്ടാകുന്നത്. ഖുറാനിൽ പറയുന്ന അബ്രഹാമും, വിശുദ്ധ ബൈബിളിലെ അബ്രഹാമും രണ്ടു വ്യക്തികളാണ്. ഒരാളല്ല. ഖുറാനിൽ ഉള്ള അബ്രഹാമിന്റെ പിതാവിന്റെ പേര് അസ്സർ എന്നാണ്. പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെ പിതാവിന്റെ പേര് തേരഹ് എന്നാണ്. അതുപോലെ മുസ്ളീം കൗമാരക്കാരൻ പറയുന്നത് ജീസസിനെക്കുറിച്ച് ഖുറാനിൽ 27 പ്രാവശ്യം പറയുന്നു എന്നാണ്. എന്നാൽ ഏത് ജീസസ് ആണ് ഖുറാനിൽ ഉള്ളത്? ഖുറാനിൽ ഉള്ളത് ഇമ്രാമിന്റെ മകളായ മറിയത്തിന്റെ പുത്രൻ ഇസ ആണ്. എന്നാൽ, പുതിയ നിയമത്തിലെ മറിയത്തിന്റെ മാതാപിതാക്കളുടെ പേര് യോവാക്കീം അന്നാ എന്നാണ്. പഴയനിയമമായോ, പുതിയനിയമമായോ ഖുര്ആന് ഒരു ബന്ധവുമില്ല. ഖുറാനിൽ പറയുന്ന ഈസാ ഒരു പ്രവാചകൻ മാത്രമാണ്. അദ്ദേഹം കുരിശിൽ മരിച്ചിട്ടില്ല. ഉത്ഥാനം ചെയ്തിട്ടുമില്ല. എന്നാൽ ക്രൈസ്തവന്റെ ഈശോ ദൈവമാണ്. അവിടുന്ന് കുരിശിൽ മരിച്ച് മൂന്നാം നാൾ ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്ന ദൈവമാണ്. സ്നേഹമുള്ള ക്രൈസ്തവരേ, ക്രിസ്തുവിനെക്കുറിച്ച് ശരിയായ ബോധ്യമുള്ള ക്രൈസ്തവരായി ജീവിക്കുവാൻ നമുക്കാകണം.

അതുപോലെ തന്നെ, ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ക്രിസ്തുവിനെക്കുറിച്ച്, അവിടുത്തെ ദൈവത്വത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൈന്ദവ ആധികാരിക ഗ്രന്ഥമായ ഋഗ്വേദത്തിൽ ആരാണ് ദൈവം എന്ന് പറയുന്നുണ്ട്. “താത പുത്രാ ആത്മ സംയുക്തം ദൈവം!” പിതാവ്, പുത്രൻ ആത്മാവ് – ഇവ മൂന്നും അടങ്ങിയതാണ് ദൈവം. പിതാവ് പുത്രനെ മാനവ രക്ഷയ്ക്കായി ലോകത്തിലേക്ക് അയയ്ക്കുന്നു. ഋഗ്വേദം പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാമത്തെ മന്ത്രത്തിൽ ഈ പുത്രൻ മനുഷ്യ വംശത്തിന്റെ പാപമോചനത്തിനുവേണ്ടി സ്വയം ബലിയായി തീരുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഭൂമിയിൽ താഴ്ത്തിയ മരത്തൂണിൽ ചേർത്ത്, കരചരണങ്ങൾ ഇരുമ്പാണികൊണ്ട് ബന്ധിച്ച്, രക്തം വാർന്ന് മരിച്ചു, മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റ് സ്വർഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതിയെക്കുറിച്ച്, മനുഷ്യന്റെ രക്ഷകനെക്കുറിച്ച്

Scripture for Today: John 8:21-30 ~ I am

വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്.  ദൈവപുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങൾ ഋഗ്വേദത്തിൽ പറയുന്നുണ്ട്. ഒന്ന്, ദൈവപുത്രനായ പ്രജാപതി രൂപത്തിൽ മനുഷ്യനും പ്രകൃതത്തിൽ ദൈവവുമായിരിക്കും. രണ്ട്, ദൈവപുത്രനായ പ്രജാപതി മനുഷ്യ കുലത്തിന്റെ പാപങ്ങൾ സ്വയം എടുത്തു ബലിയായിത്തീർന്ന് മരിക്കും. യാഗശേഷം ഉയിർക്കും. യജുർ വേദത്തിന്റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥബ്രാഹ്‌മണത്തിൽ ഈ യാഗത്തെക്കുറിച്ചു 7 കാര്യങ്ങൾ പറയുന്നുണ്ട്. 1. യാഗപുരുഷന്റെ തലയിൽ യാഗസമയത്തു മുള്ളുള്ള കാട്ടുവള്ളികൾ കൊണ്ടുള്ള കിരീടം ധരിപ്പിക്കണം. 2. കരാചരണങ്ങളിൽ ഇരുമ്പാണി അടിച്ചു യൂപത്തിൽ (മരത്തൂണ്) ബന്ധിക്കണം. 3. ബലിപുരുഷന്റെ അസ്ഥികൾ തകർന്നുപോകാൻ പാടില്ല. 4. മരണത്തിന് മുൻപ് ബലിപുരുഷന് സോമരസം കൊടുക്കണം. 5. ബലിപുരുഷന്റെ കച്ച പൂജാരികൾ പങ്കിട്ടെടുക്കണം. 6. ബലിപുരുഷന്റെ മാംസം ഭക്ഷക്കപ്പെടണം. 7. ബലിപുരുഷന്റെ രക്തം പാനം ചെയ്യപ്പെടണം. ഈ 7 യാഗവിധികളും ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നു.

സമാപനം

സ്നേഹമുള്ളവരേ, ജീവിതത്തിൽ ക്രിസ്തുവിന്റെ ദൈവത്വം ഏറ്റുപറഞ്ഞ് അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ഇതില്പരം മറ്റെന്ത് Motivation ആണ് നമുക്ക് വേണ്ടത്? നമ്മുടെ ജീവിതങ്ങളെ, ക്രൈസ്തവജീവിതങ്ങളെ ഒരു തകിടം മറിക്കലിന് വിധേയമാക്കുവാൻ സമയമായിരിക്കുന്നു. ക്രൈസ്തവരുടെ, ക്രൈസ്തവ കുടുംബജീവിതക്കാരുടെ ജീവിതം, ക്രൈസ്തവ പുരോഹിതരുടെ, സന്യസ്തരുടെ ജീവിതം ഒരു Theophanic event, ദൈവിക വെളിപാട് ആകേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ കൂടുതൽ അറിയുവാനും, അറിഞ്ഞ ക്രിസ്തുവിനെ അനുഭവിക്കുവാനും, അനുഭവിച്ച ക്രിസ്തുവിനെ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും നമുക്കാകണം. ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. മറ്റൊരുവനിലും രക്ഷയില്ല. ആകാശത്തിൻ കീഴിൽ ഭൂമിക്കുമുകളിൽ രക്ഷപ്പെടുവാനായി, ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. അഗ്നി എന്ന വാക്കിന് നമ്മെ പൊള്ളലേൽപിക്കാനാകില്ല. ജലം എന്ന പദത്തിന് നമ്മെ നനയ്ക്കാനുമാകില്ല. എന്നാൽ ക്രിസ്തു എന്ന വാക്കിന് നമ്മെ രക്ഷിക്കാനാകും. നമ്മുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കാനാകും. കരയുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താനാകും. കാരണം,  അവിടുന്ന് ഉന്നതതിൽ നിന്ന് വന്ന നമ്മുടെ ദൈവമാണ്. വിശുദ്ധ പൗലോശ്ലീഹായുടെ വിശ്വാസം നമുക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. അദ്ദേഹം പറയുന്നു: “എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും.” (ഫിലി 4, 19)

Daily Meditations with Fr. Alfonse: Jn 8:21-30 Looking For Jesus

ക്രിസ്തുവിനെ രക്ഷകനായി, ദൈവമായി സ്വീകരിച്ച് ജീവിതത്തെ നമുക്ക് ദൈവാനുഗ്രഹം നിറഞ്ഞതാക്കാം. വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി നേടിക്കൊണ്ട് നമുക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാം. ആമേൻ!

Communicate with love!!