sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 1, 46 – 56

സന്ദേശം

കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര രാജ്യത്ത് ജീവിക്കുവാൻ നമുക്ക് അവസരമൊരുക്കിയത്. സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം എന്തെന്ന് പഠിപ്പിച്ച അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാനാകണം നമ്മുടെ യത്നം മുഴുവൻ. മഹാകവി കുമാരനാശാന്റെ “മണിമാല” എന്ന കവിതാസമാഹാരത്തിലെ “ഒരു ഉദ്‌ബോധനം” എന്ന കവിതയിലെ ഒരു ശ്ലോകം കേട്ടിട്ടില്ലേ?

“സ്വാതന്ത്ര്യം തന്നെയമൃതം/ സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്ക്/ മൃതിയേക്കാൾ ഭയാനകം.” സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട് ഈ കവിതാശകലം. സ്വാതന്ത്ര്യത്തിന്റെ മൂല്യം അറിഞ്ഞതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യസമരസേനാനികൾ ജീവൻ കൊടുത്തും സ്വാതന്ത്ര്യം നേടാൻ ഇറങ്ങിപ്പുറപ്പെട്ടത്.

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാൽ, ഭാരതം ഇന്ന് യഥാർത്ഥത്തിൽ സ്വാതന്ത്രയാണോ എന്ന് നാമറിയാതെ തന്നെ നമ്മോട് ചോദിച്ചുപോകുകയാണ്. ശ്വാസം മുട്ടിക്കുന്ന അനിശ്ചിതത്വങ്ങളും രാഷ്ട്രീയ ആശങ്കകളും പെരുകുമ്പോൾ, ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറഞ്ഞിട്ടും പെട്രോളിന്റെയും മറ്റും വില കുതിച്ചുയരുമ്പോൾ, ഭരണാധികാരികൾ ജനങ്ങളുടെ ദുഃഖത്തിനും ദുരിതങ്ങൾക്കുമെതിരെ കണ്ണടയ്ക്കുമ്പോൾ, അന്തസ്സോടെയും, ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, കള്ളക്കടത്തിനും,ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും ഭരണാധികാരികൾ കൂട്ട് നിൽക്കുമ്പോൾ, ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ളവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തുമ്പോൾ, പാർലമെന്റിലും മറ്റും ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ, കുടുംബം പുലർത്താൻ വേണ്ടി മീൻ വില്പനയ്ക്കിറങ്ങുന്ന അൽഫോൻസായെപ്പോലുള്ളവർ വേട്ടയാടപ്പെടുമ്പോൾ ഈ നാട്  നമുക്ക് അന്യമായിപ്പോകുന്നോ എന്ന് നാം ഭയപ്പെടുന്നുണ്ടെങ്കിൽ എവിടെയാണ് സ്വാതന്ത്ര്യം? വലിയൊരു വൈരുധ്യം നമ്മുടെ നാട് നേരിടുന്നുണ്ട്. എല്ലാത്തരം വിഭാഗീയതയ്ക്കും മുകളിൽ ഭരണഘടനയെയും, നീതിയെയും, ജനങ്ങളുടെ ആവശ്യങ്ങളെയും   പ്രതിഷ്ഠിച്ചില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം ഒരിക്കൽക്കൂടി നമുക്ക് നഷ്ടമാകും. വർഗീയ, വിഭാഗീയ രാഷ്ട്രീയം കളിക്കുന്ന നേതാക്കന്മാരോടുള്ള അന്ധമായ ഭക്തിരാഷ്ട്രീയ ഭക്തി അപകടകരമാണെന്നുകൂടി നാമോർക്കണം. അതുകൊണ്ടു ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ഭാരതത്തിനുവേണ്ടി, ഭരണാധികാരികൾക്കുവേണ്ടി, രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി എല്ലാ ജനങ്ങൾക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ എല്ലാവർക്കും നേരുന്നു.

ഭാരതം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആധ്യാത്മിക സ്വാതന്ത്ര്യത്തിന്റെ ഉത്തമമാതൃകയായി തിരുസ്സഭ പരിശുദ്ധ കന്യകാമറിയത്തെ ഉയർത്തിക്കാട്ടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃകയാണ് പരിശുദ്ധ ‘അമ്മ. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് അകന്നു ജീവിച്ചുകൊണ്ട്, പാരതന്ത്ര്യത്തിന്റെ ചങ്ങലകളിൽ കുടുങ്ങാതെ ദൈവ മക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിച്ചവളാണ് പരിശുദ്ധ മറിയം. ജീവിതത്തിന്റെ സന്തോഷങ്ങളിലും, ദുഃഖങ്ങളിലും “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ  ആനന്ദിക്കുന്നു” (ലൂക്ക 1, 46 – 47) എന്ന് പാടിക്കൊണ്ട് ജീവിതം സ്വാതന്ത്ര്യത്തിന്റെ ആഘോഷമാക്കിയവളാണ് പരിശുദ്ധ ‘അമ്മ. അതുകൊണ്ടാണ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ 1950 ൽ, അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയം, ഈ ലോകത്തിലെ ജീവിതം അവസാനിച്ചപ്പോൾ, ശരീരത്തോടും, ആത്മാവോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസസത്യം പ്രഖ്യാപിച്ചുകൊണ്ടും നിർവചിച്ചുകൊണ്ടും അമ്മയെ സ്വർഗാരോപിതയായ മറിയം എന്ന് വിളിച്ചത്.

എന്താണ് സ്വാതന്ത്ര്യം? തോന്നുന്ന പോലെ, എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല സ്വാതന്ത്ര്യമെന്ന് പറയുന്നത്. ആത്മാഭിമാനത്തോടെ ചങ്കൂറ്റത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള ഒരു ക്രിയാത്മക മനോഭാവമാണ് സ്വാതന്ത്ര്യമെന്നത്. എന്നുവച്ചാൽ, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ആരുടേയും നിർബന്ധങ്ങളില്ലാതെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാൻ സാധിക്കുക; എന്നിട്ട്, എടുക്കുന്ന തീരുമാനത്തിനനുസരിച്ച് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ജീവിക്കുക.

അങ്ങനെ നോക്കുമ്പോൾ സ്വാതന്ത്ര്യത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, Antecedent Freedom. ഇത് ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് അവൾ/അവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. അതായത്, ആരുടേയും നിർബന്ധങ്ങളില്ലാതെ, ഭീഷണികളില്ലാതെ, പ്രത്യേക വാഗ്ദാനങ്ങളൊന്നുമില്ലാതെ, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയാണെങ്കിൽ അതിനെയാണ് തീരുമാനം എടുക്കുന്നതിന് മുൻപുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത്.  

രണ്ടാമത്തേത്, Consequent Freedom. ഒരു തീരുമാനം എടുത്തതിനുശേഷം അതിന്റെ പരിണിതഫലങ്ങളായി ജീവിതത്തിലേക്ക് കടന്നുവരുന്ന എല്ലാറ്റിനെയും, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ സ്വീകരിക്കുന്നതിനെയാണ് Consequent Freedom എന്ന് പറയുന്നത്. ഇതിനെ തീരുമാനം എടുത്തതിനുശേഷമുള്ള സ്വാതന്ത്ര്യം എന്ന് പറയും. ഈ രണ്ട് സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നവരാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവർ.

പരിശുദ്ധ അമ്മയെ നോക്കൂ…ഈശോയുടെ അമ്മയാകുവാൻ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അമ്മയുടെ മുൻപിൽ വന്നു നിന്നപ്പോൾ ആരുടേയും നിർബന്ധങ്ങളില്ലാതെ, സംശയങ്ങളില്ലാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പരിശുദ്ധ ‘അമ്മ തീരുമാനമെടുക്കുകയാണ്. അമ്മയുടെ സ്വതന്ത്ര മനസ്സിനെയാണ് അത് കാണിക്കുന്നത്. യൗസേപ്പിതാവിന്റെ ഭാര്യയാകുവാൻ, ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുവാൻ, കാനായിലെ കല്യാണവേളയിൽ ഇല്ലായ്മയുടെ വേളയിൽ ആ കുടുംബത്തിനെ സഹായിക്കുവാൻ – ഈ അവസരങ്ങളിലെല്ലാം ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനുള്ള മനസ്സോടെ സ്വതന്ത്രമായി മറിയം തീരുമാനങ്ങളെടുക്കുകയാണ്. എന്നിട്ട്, എടുത്ത് തീരുമാനങ്ങളുടെ പരിണിതഫലങ്ങളെയും പാർശ്വഫലങ്ങളെയും അവൾ പിറുപിറുപ്പുകൂടാതെ, പരാതികളില്ലാതെ, പരിഭവമൊന്നുമില്ലാതെ നിര മനസ്സോടെ സ്വീകരിക്കുകയാണ്. എല്ലാം പൂവിരിച്ച വഴികളയിരുന്നു എന്നാണോ?  അല്ല. ബുദ്ധിമുട്ടുകളില്ലായിരുന്നു എന്നാണോ? അല്ല. സങ്കടങ്ങളും സംഘർഷങ്ങളും ഇല്ലായിരുന്നു എന്നാണോ? അല്ല. അമ്മയുടെ ഈശോയുടെ അമ്മയാകുവാൻ, യൗസേപ്പിതാവിന്റെ ഭർത്താവുകയാണ് അമ്മയെടുത്ത തീരുമാനങ്ങൾ അവളെ എവിടെയാണ് കൊണ്ട് വന്നെത്തിച്ചത്? കാൽവരിയിൽ! തന്റെ തീരുമാനങ്ങളുടെ ഫലമാണെന്ന് മനസ്സിലാക്കി ‘അമ്മ എല്ലാം സ്വീകരിക്കുകയായിരുന്നു. സ്വതന്ത്ര മനസ്സോടെ ദൈവത്തിന്റെ മുൻപിൽ എടുക്കുന്ന തീരുമാനങ്ങളെ അവൾ ബഹുമാനിച്ചിരുന്നു. അതുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു”വെന്ന് അവൾക്കു പാടുവാൻ കഴിഞ്ഞത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. എന്തെല്ലാം തീരുമാനങ്ങളാണ് ഓരോ നിമിഷവും നാം എടുക്കുന്നത്! സാധാരണ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങൾ എന്ത് തന്നെയായാലും അതിന്റെ പരിണിതഫലങ്ങളായി ജീവിതത്തിൽ വരുന്നവയെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത്? വൈദികനാകുവാൻ, സന്യസ്തയാകുവാൻ,സന്യാസിയാകുവാൻ, കുടുംബജീവിതത്തിൽ ഭാര്യയും ഭർത്താവുമാകുവാൻ, ഓരോ ജോലി സ്വീകരിക്കുവാൻ, എന്താണ്, എവിടെയാണ് പഠിക്കേണ്ടതെന്നു തീരുമാനിക്കുവാൻ …അങ്ങനെ പ്രധാനപ്പെട്ട എന്തെല്ലാം തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എങ്ങനെയാണ് നാം ഈ തീരുമാനങ്ങൾ എടുത്തത്? എങ്ങനെയാണ് നാം ഇവയുടെ പരിണിത പാർശ്വ ഫലങ്ങളെ സ്വീകരിക്കുന്നത്? ഇതിനുള്ള ഉത്തരമായിരിക്കും നാം സ്വാതന്ത്ര്യത്തോടെയാണോ ജീവിക്കുന്നത് എന്നറിയാനുള്ള വഴി!

പരിശുദ്ധ അമ്മയെപ്പോലെ ആധ്യാത്മിക സ്വാതന്ത്ര്യം അനു ഭവിക്കുന്നവർക്കേ, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സ്വാതന്ത്ര്യം അനുഭവിക്കുവാനും, മറ്റുള്ളവർക്ക് അത് നൽകാനും കഴിയൂ. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ ആഘോഷിക്കുമ്പോൾ ആധ്യാത്മിക സ്വാതന്ത്ര്യത്തിലേക്കാണ്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന് നമുക്ക് ഓർക്കാം. ആ സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

സ്നേഹമുള്ളവരേ, ആധ്യാത്മിക, രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന നല്ല വ്യക്തികളാലാകുമ്പോഴേ, യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരുവാൻ നമുക്ക് സാധിക്കുകയുള്ളു. ഇന്ന് പക്ഷെ, നമ്മുടെ മത രാഷ്ട്രീയ അധികാരികൾ പോലും ഇത്തരത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. അതിനാൽ തന്നെ മറ്റുള്ളവർക്ക് അത് നൽകുവാനും അവർക്കു  കഴിയുന്നില്ല. നാം പലവിധ അടിമത്വത്തിലാണ്. മഹാമാരികൾ നൽകുന്ന ബന്ധനങ്ങളേക്കാൾ പതിന്മടങ്ങു് വലുതാണ് ആധ്യാത്മിക, രാഷ്ട്രീയ ബന്ധനങ്ങൾ. നമ്മുടെ, ഒരു രാജ്യത്തിന്റെ ആത്മാവ് തന്നെ ബന്ധനത്തിലാണെങ്കിൽ സ്വാതന്ത്ര്യം എത്ര അകലെയാണ്?!! മഹാനായ ഡോ. ബി.ആർ.അംബേദ്‌കർ പറഞ്ഞപോലെ, ” നമുക്ക് ചുറ്റും ഇപ്പോഴും ഇരുട്ട്  മാത്രം.സങ്കടത്തിന്റെ ഒരു പെരുംകടൽ. നമ്മുടെ സൂര്യോദയം നാം തന്നെ സൃഷ്ടിക്കണം. നമ്മുടെ പാത നാം തന്നെ നിർമിക്കണം. വിജയത്തിലേക്കുള്ള നമ്മുടെ സഞ്ചാരം ആ പാതയിലൂടെ തന്നെ ആയിരിക്കും. സ്വാതന്ത്ര്യം നിറഞ്ഞ ഒരു ലോകം നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.”

74th Independence Day: Here Are The Key Events From India's Freedom Struggle

അതെ, പരിശുദ്ധ അമ്മയെപ്പോലെ ആധ്യാത്മിക സ്വാതന്ത്ര്യം അനുഭവിക്കുന്ന, അതുവഴി രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നവരായി മാറുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. അതിർത്തികളില്ലാത്ത സ്വാതന്ത്ര്യത്തിൽ നമുക്ക് വിശ്വസിക്കാം.

എല്ലാവർക്കും  ഒരിക്കൽക്കൂടി, മാതാവിന്റെ സ്വർഗാരോപണത്തിരുനാളിന്റെയും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങൾ!

aug 15/ammayodothu/അമ്മയോടൊത്ത് #day 14

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

നാളെ ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം കൂടുതൽ കൂടുതൽ ബന്ധനങ്ങൾ അനുഭവിക്കുകയാണ്. സ്വാതന്ത്ര്യം അകലെയാകുകയാണ്. സ്വാതന്ത്ര്യത്തിന്റെ മനോഹരമായ പ്രതീകമാണ് പരിശുദ്ധ കന്യകാമറിയം. ഭാരതത്തെ, ഭാരതമക്കളെ നമുക്ക് അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാം. പരിശുദ്ധ അമ്മേ, സ്വാതന്ത്ര്യത്തോടെ, നന്മനിറഞ്ഞവരായി ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

##############################

aug 15/ammayodothu/അമ്മയോടൊത്ത് #Day 13

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ  കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട്  അവഹേളിതനായി  കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ  ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ.

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

####################################

aug 15/ammayodothu/അമ്മയോടൊത്ത് #day 12

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

കാൽവരിയാണ് രംഗം. ലോക രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ കൊടുത്തുതീർക്കുകയാണ് ഈശോ. വേദനയ്ക്കിടയിലും അവിടുന്ന് താഴേയ്ക്ക് നോക്കി. എന്നിട്ട് യോഹന്നാനോട് പറഞ്ഞു: “ഇതാ നിന്റെ ‘അമ്മ.” അന്ന് മുതൽ കന്യകാമറിയം ലോകത്തിന്റെ അമ്മയായി. മകളേ, മകനേ, നിന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ, രോഗങ്ങളുടെ, നിരാശയുടെ നിമിഷങ്ങളിൽ അമ്മയിലേക്ക് ഓടിച്ചെല്ലുക. എന്നിട്ട് പറയുക: മാതാവേ, ഈശോയുടെ അമ്മേ, ഇപ്പോൾ ഈ സമയത്ത് എന്റെ അമ്മയായിരിക്കണമേ! ‘അമ്മ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

#########################

aug 15/ammayodothu/അമ്മയോടൊത്ത് #day 11

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

പരിശുദ്ധ കന്യകാമറിയം ഉത്തമമായ സ്ത്രീത്വത്തിന്റെ   മഹത്തായ പ്രതീകമാണ്. ഈശോയുടെ അമ്മയായപ്പോഴും, പേരെഴുതിക്കാനായി പോയപ്പോൾ സത്രത്തിൽപ്പോലും സ്ഥലം ലഭിക്കാതെ വന്നപ്പോഴും ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ പരാതികളില്ലാതെ സ്വീകരിക്കാൻ അവൾക്ക് സാധിച്ചു. ഈശോ പറഞ്ഞതുപോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയതുകൊണ്ടാണ് അവൾ ഈശോയുടെ അമ്മയായത്. അതുകൊണ്ടു തന്നെയാണ് അവൾ ഉത്തമയായ സ്ത്രീ ആയതും. സ്ത്രീകളിൽ ശ്രേഷ്ഠയായ മറിയം സ്ത്രീകൾക്കും ലോകത്തിനും അഭിമാനമാണ്. 

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

########################

aug 15/ammayodothu/അമ്മയോടൊത്ത് #day 10

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

സ്ഥലം, കാലം എന്നീ രണ്ടക്ഷരങ്ങളിൽ മനുഷ്യ കർമങ്ങൾ നിർവചിക്കപ്പെടുകയും, നിർവഹിക്കപ്പെടുകയും ചെയ്യുമ്പോഴും  ചിലപ്പോഴെങ്കിലും മനുഷ്യകർമ്മങ്ങൾ പരാജയപ്പെടുന്നു; കുറവുകൾ നിരാശപ്പെടുത്തുന്നു. എന്നാൽ, കുറവുകളുടെ, ല്ലായ്മകളുടെ ജീവിതസാഹചര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം നമ്മോട് പറയും:”അവൻ, ഈശോ, നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ”.  നമ്മുടെ ജീവിതത്തിന് ദിശാബോധം നൽകുവാൻ, പ്രതീക്ഷ നൽകുവാൻ പരിശുദ്ധ ‘അമ്മ നമ്മെ സഹായിക്കട്ടെ.    

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

###################################

aug 15/ammayodothu/അമ്മയോടൊത്ത് #day 9

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

ദൈവ കൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോൾ, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയപ്പോൾ മറിയം  പരിശുദ്ധാത്മാവിനാൽ നിറഞ്ഞു; ലോകത്തിന് ലോകരക്ഷകനെ, ക്രിസ്തുവിനെ നൽകി. അടഞ്ഞുകിടക്കുന്ന മനസ്സിന്റെ വാതിലുകൾ ചിലതു തുറക്കാനും, തുറന്നുകിടക്കുന്ന ഹൃദയത്തിന്റെ വാതിലുകളെ  കൂടുതൽ വിശാലമാക്കാനും സാധിച്ചാൽ നമുക്കും ക്രിസ്തുവിനെ ലോകത്തിന് നൽകാൻ കഴിയും. മറ്റെന്തുകൊടുത്താലും സ്നേഹിതരേ ലോകം സുന്ദരമാകില്ല!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

####################################

aug 15/ammayodothu/അമ്മയോടൊത്ത് #day 8

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

ദൈവത്തെ ധിക്കരിക്കുന്ന, അഹങ്കാരത്തിന്റെ കുതിരപ്പുറത്ത് എപ്പോഴും യാത്രചെയ്യുന്ന, ആഡംബരങ്ങളിൽ രമിക്കുന്ന ആധുനികലോകത്തിനോട് ദൈവത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കന്യകാമാതാവ് ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുന്നു; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടുന്നു; എളിയവരെ ദൈവം ഉയർത്തുന്നു; വിശക്കുന്നവരെ സംതൃപ്തരാക്കുന്നു; സമ്പന്നരെ വെറുംകൈയോടെ ദൈവം  പറഞ്ഞയയ്ക്കുന്നു.’

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

################################

aug 15/ammayodothu/അമ്മയോടൊത്ത് #Day 7

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

വെറുമൊരു ഗ്രാമീണ സ്ത്രീ ആയിരുന്ന മറിയത്തിന് എങ്ങനെയാണ് ഇത്രയും മനോഹരമായി ദൈവത്തെ നിർവചിക്കുവാൻ കഴിഞ്ഞത്?! മറിയം പറഞ്ഞത് കേട്ടില്ലേ? തലമുറകൾതോറും കരുണ വർഷിക്കുന്നവനാണ്  ദൈവം! നമ്മുടെ കുടുംബങ്ങളിൽ, തലമുറകളിൽ കരുണവർഷിക്കുന്ന ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മറിയത്തെപ്പോലെ പാടുക: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

***************************************

sunday sermon lk 16, 19-31

കൈത്താക്കാലം അഞ്ചാം  ഞായർ

ലൂക്ക  16, 19-31

സന്ദേശം

PARABLE OF THE RICH MAN AND LAZARUS

ജപ്പാനിൽ നിന്നുയരുന്ന ടോക്കിയോ ട്വന്റി ട്വന്റി (Tokkiyo 2020) ഒളിമ്പിക്സിന്റെ ആവേശവും ആരവങ്ങളും നാം ഓരോരുത്തരുടെയും അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കുവേണ്ടി ടോക്കിയോ ട്വന്റി ട്വന്റി യിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും, ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡലുകൾ വാങ്ങിയ കളിക്കാരെയും അഭിനന്ദിക്കുകയാണ്, We are proud of you എന്ന് വിളിച്ചു പറയുകയാണ് നാമെല്ലാവരും. എന്നാൽ നമ്മെ ഞെട്ടിപ്പിക്കുന്ന വാർത്തകളും ഇതോടൊപ്പം നാം കേൾക്കുന്നുണ്ട്. ആഗസ്റ്റ് ആറാം തീയതിയിൽ ദീപിക ദിനപത്രത്തിലെ ഒരു വാർത്ത ഇങ്ങനെയാണ്: ലജ്ജിച്ച് തലതാഴ്ത്തൂ… ഒളിമ്പിക്സിലെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യൻ വനിതാ സംഘത്തെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ ടീമംഗം വന്ദന കഠാരിയയുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവന്നത് രാജ്യത്തെ ലജ്ജിപ്പിക്കുന്ന ജാതീയ അധിക്ഷേപം. …ഹരിദ്വാറിലെ റോഷൻബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയർന്ന ജാതിയിൽപ്പെട്ട യുവാക്കളാണ് വന്ദനയുടെ കുടുംബാംഗങ്ങളെ ജാതി പറഞ്ഞു അധിക്ഷേപിച്ചത്.” താഴ്ന്ന ജാതിയിൽപ്പെട്ടവരെ ടീമിൽ ചേർക്കുമെങ്കിലും, അവരിലൂടെ കിട്ടുന്ന വിജയം ആഘോഷിക്കുമെങ്കിലും അവരെ തങ്ങളിൽ നിന്ന് അകറ്റി നിർത്തുവാനാണ് ഉയർന്ന ജാതിയിൽപെട്ടവർ ആഗ്രഹിക്കുന്നത് എന്നുള്ളതിന്റെ പച്ചയായ ഉദാഹരണമാണിത്.

Vandana Katariya blamed for caste as India lose Olympic semifinal

ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേ ഓർമയിൽ വന്നത് ഈ സംഭവമാണ്. മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ dictionary യിൽ ഇല്ലാത്ത ഒരു വാക്കാണിത്. എന്നാൽ, നമ്മുടെ മനോഭാവങ്ങളിലും, പ്രവർത്തികളിലും എപ്പോഴും കടന്നുവരുന്ന വാക്കാണിത്. ഒരാളെ കാണുമ്പോൾ നാം good morning പറഞ്ഞെന്ന് വരാം, അവൾക്ക്/അവന് എന്തെങ്കിലും സഹായം കൊടുത്തെന്നും വരാം. എങ്ങനെയെങ്കിലും അവൾ/ അവൻ ജീവിച്ചുപോയ്‌ക്കോട്ടെ എന്നും ചിന്തിച്ചെന്നും വരാം. പക്ഷേ, നമ്മുടെ ജീവിതത്തിൽ നിന്ന്, നമ്മുടെ സൗഹൃദത്തിൽ നിന്ന്, നമ്മുടെ സമൂഹത്തിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഇതാണ് അപരവത്ക്കരണം. പാശ്ചാത്യർ ഭാരതത്തിൽ വന്നപ്പോൾ അവർക്കുണ്ടായിരുന്ന മനോഭാവം ഈ അപരവത്ക്കരണമായിരുന്നു. നമ്മെ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. അത്രയും പരിഗണന നമുക്കു നൽകി. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ഡാക്കാ മസ്ലിൻ പോലുള്ള മേൽത്തരം ചിത്രങ്ങൾ ഇവിടെ നിന്ന് കടത്തുവാൻ നമ്മെ ഉപയോഗിച്ചു. എന്നാൽ നമ്മെ അവരുടെ സൗഹൃദങ്ങളിൽ നിന്ന് ചാപ്പകുത്തി അകറ്റി നിർത്താനാണ് അവർ ശ്രമിച്ചത്. ഹൈന്ദവ സമൂഹത്തിലുള്ള വർണ്ണ ജാതി സമ്പ്രദായം അപരവത്കരണത്തിന്റെ ഉത്തമോദാഹരണമാണ്. നമ്മുടെ കുടുംബബന്ധങ്ങളിൽ, വ്യക്തി സമൂഹ ബന്ധങ്ങളിലെല്ലാം അപരവത്ക്കരണത്തിന്റെ ചായക്കൂട്ടുകൾ കാണാം. നമ്മുടെയൊക്കെ വീടിന്റെ അന്തരീക്ഷങ്ങളിൽ മറ്റുള്ളവരെ അവഗണിക്കുന്നതും, താഴ്ത്തിപ്പറഞ്ഞ് സംസാരിക്കുന്നതും, പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ നിർത്തുന്നതും ഒക്കെ അപരവത്ക്കരണത്തിന്റെ രീതികളാണ്. മതം പറഞ്ഞും, ജാതിപറഞ്ഞും വ്യാകൃതികളെയും സമൂഹങ്ങളെയും ആക്ഷേപിക്കുന്ന ഇന്നത്തെ പ്രവണത അപരവത്കരണത്തിന്റെ കെണികളാണ്.

ഈ അപരവത്കരണത്തിന്റെ പരിണിതഫലമെന്താണ്? അപരവത്ക്കരണം വഴി ഒരു വ്യക്തി മറ്റൊരാൾക്ക് ആവശ്യമായത് കൊടുക്കുന്നുണ്ടാകാം. പക്ഷെ അയാളെ ഒരു വ്യക്തിയായി സ്വീകരിക്കുന്നുണ്ടാകില്ല. ഹൃദയത്തിൽ അയാൾക്ക് സ്ഥാനമുണ്ടാകില്ല. അയാളെ, ഏതെങ്കിലും കുടുംബങ്ങളെ, ഭാര്യയെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ചാപ്പകുത്തി മനസ്സിൽ നിന്ന് മാറ്റിനിർത്തും.  അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന്റെ പരിണിതഫലം ഭയങ്കരമായിരിക്കും.  അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം ധനവാന്റെയും ലാസറിന്റെയും അല്ലേ?

അതെ, ധനവാന്റെ ദുരന്തത്തിന്റെ കാരണം അപരവത്ക്കരണമായിരുന്നു. ഈ ഭൂമിയിലെ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുൻപിൽ, സഹോദരങ്ങളുടെ മുൻപിൽ അപരവത്ക്കരണമെന്ന വലിയൊരു ഗർത്തം അയാൾ നിർമിച്ചിരുന്നു. ധനവാനെ നോക്കൂ… ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും…സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ച് …ലാസറിനെ പടിവാതിൽക്കൽ കിടക്കാൻ അനുവദിച്ചു…മേശയിൽ നിന്ന് വീണിരുന്നവ ഭക്ഷിക്കാൻ അനുവദിച്ചിരുന്നു…എന്നാൽ തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം അവനെ അകറ്റി നിർത്തി…അപരവത്കരണം!!!

മറ്റൊരു ചെറിയ അല്ല വലിയ ഘടകം ഇവിടെയുണ്ട്. കഥപറച്ചിലുകാരൻ, ഈശോ, ഈ ദരിദ്രന് ഒരു പേര് കൊടുത്തു-ലാസർ. ലാസർ എന്ന വാക്കിന് “ദൈവം സഹായിച്ചു” എന്നാണർത്ഥം. പേര് അംഗീകാരമാണ്; ബഹുമാനിക്കലാണ്. പേരുചൊല്ലി വിളിക്കുക എന്നത് സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ അടയാളമാണ്. പേരുകൊടുത്തു എന്നുവച്ചാൽ ഒരുവനെ തന്റെ ജീവിതത്തോട് ചേർത്തുനിർത്തി എന്നർത്ഥം.  ധനവാൻ (ലോകം മുഴുവനും) കഥയിലെ ലാസറിനെ അപരനായി, the other ആയി കണ്ടപ്പോൾ ദൈവം അവനെ തന്നോട് ചേർത്ത് നിർത്തുന്നു.  ദരിദ്രന്റെ മരണശേഷമുള്ള ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ് ലാസർ എന്ന പേര്. നോക്കൂ, ദരിദ്രനെ ദൈവദൂതന്മാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അബ്രാഹത്തിന്റെ മടിയിലേക്ക്. (22) ദരിദ്രനെ ധനവാൻ കാണുന്നത് എവിടെയാണ്? ‘അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു,’ (23) ഈ കഥയെ ലാവണ്യമുള്ളതാക്കുന്നത് ഈ പേരാണ്. ഈശോയുടെ മറ്റ് ഉപമകളിൽ കഥാപാത്രങ്ങൾക്ക് പേരില്ലെന്നോർക്കുക! മാത്രമല്ല, അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക എന്നും ഓർക്കുക!!.

സ്നേഹമുള്ളവരേ, ധനവാന്റെയും ലാസറിന്റെയും ഉപമ ചെറുപ്പം മുതലേ കേട്ട്, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്‌ത്‌ ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. അപരവത്കരണത്തിന്റെ വക്താക്കളാകാതെ, മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു, നമ്മുടെ സഹോദരീസഹോദരങ്ങളെ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിച്ചുകൊണ്ട്  ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ, ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, കോവിഡ് മൂലം ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ, ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ് ഈശോ ഈ ഉപമയിലൂടെ.

What to Do When Your Brother or Sister is Suicidal: How to Support a  Sibling in Crisis – Bridges to Recovery

ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അര്‍ഹ തപ്പെട്ടതാണെന്ന ഒരു അവബോധം അവർക്കില്ലാതെപോയി. പാവപ്പെട്ടവരെ, വേദനിക്കുന്നവരെ, സമൂഹത്തിൽ താഴേക്കിടയിലുള്ളവരെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തി. അങ്ങനെയൊരു ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. അപരവത്കരണത്തിന്റെ വക്താക്കളായിരുന്നു അവർ! അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്എന്നും നാം അറിയണം. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

സ്നേഹമുള്ളവരേ, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം നമുക്കുണ്ടാകണം. എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത നമുക്കുണ്ടാകണം.  എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും നമുക്കുണ്ടാകണം. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്, മനുഷ്യസ്നേഹത്തെക്കുറിച്ച്. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” ഈ കവിതയിലെ ‘അയാൾ’, അപരവത്കരണത്തിന്റെ വക്താവാണ്.

അയൽക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവ വൈകൃതം നമ്മെ ബാധിച്ചിരിക്കുകയാണോ? സിനിമാപ്പേരിലെ വിവാദങ്ങൾ കാണുമ്പോൾ, അന്യമതസ്ഥരുടെ വികാരങ്ങൾപോലും മനസ്സിലാക്കാത്ത വിധം അപരവത്കരണത്തിലാണോ നാം ജീവിക്കുന്നത് എന്ന് ചോദിച്ചു പോകുന്നു. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അഭിപ്രായ സംഘർഷങ്ങൾ കാണുമ്പോൾ, കേൾക്കുമ്പോൾ, അഭിപ്രായ വ്യത്യാസങ്ങൾ വളർന്ന് അപരവത്കരണത്തിനു പശ്ചാത്തലമൊരുങ്ങുകയാണോ എന്ന് ഞാൻ പേടിക്കുന്നു!! ഒരു രാഷ്ട്രം, ഒരു ജനത, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് ഒരു നേതാവ് തുടങ്ങിയ പരികല്പനകൾ അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങുന്നുണ്ട്. അപരവത്കരണത്തിന്റെ ദുരന്തത്തിലേക്കുള്ള യാത്രയിലാണോ നാം? സ്പോർട്സിൽ പോലും ജാതി കാണുന്ന, വംശീയത കാണുന്ന അസഹ്ഷ്ണുക്കളായി മാറുന്ന തലമുറക്ക് ധനവാന്റെയും ലാസറിന്റെയും ഉപമ വെല്ലുവിളിയാകട്ടെ.

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം അപരവത്കരണം കൂടുകൂട്ടിയിട്ടുണ്ടെങ്കിൽ അത് നമ്മെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും.

A Funny Real story about Brother and Sister 💛 💚 | Brother quotes, Brother  sister quotes funny, Big brother quotes

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ആമ്മേൻ!

Communicate with love!!