sunday sermon mk 7, 1-13

കൈത്താക്കാലം നാലാം  ഞായർ

മര്‍ക്കോ 7, 1 – 13

സന്ദേശം

Mark 7,1-13 | Digital Catholic Missionaries (DCM)

കൈത്താക്കാലത്തിന്റെ നാലാം ഞായറാഴ്ച്ച പാരമ്പര്യത്തിന്റെയും നിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് ദൈവത്തെയും ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയായ സ്നേഹത്തെയും മറന്നു ജീവിക്കുന്ന നിയമജ്ഞരെയും ഫരിസേയരെയും തിരുത്തുന്ന ഈശോയെയാണ് സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മാനുഷിക സാമൂഹിക പാരമ്പര്യങ്ങളല്ല, ദൈവത്തിന്റെ സ്നേഹത്തിന്റെ കല്പനയാണ് മനുഷ്യൻ ജീവിതത്തിൽ സ്വീകരിക്കേണ്ടതെന്നും, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഓർമിപ്പിച്ചുകൊണ്ട് ഈശോ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അന്നത്തെ ഫരിസേയ- നിയമജ്ഞരെപ്പോലെ നമ്മുടെ ശിരസ്സുകളും കുനിഞ്ഞുപോകുന്നില്ലേയെന്ന് എനിക്ക് ഒരു സംശയം! എന്തായാലും, സർവാധികാരിയും , എല്ലാറ്റിനെയും അടക്കിഭരിക്കുന്ന, കോപിക്കുകയും ഒപ്പം അനുഗ്രഹിക്കുകയും ചെയ്യുന്ന നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു ദൈവത്തെയല്ല ഈശോ നമുക്ക് കാണിച്ചു തരുന്നത്. പഴയനിയമത്തിലെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൈവമാണത്. സ്നേഹം നിറഞ്ഞ, കാരുണ്യം കാണിക്കുന്ന കൂടെ വസിക്കുന്ന ഒരു ദൈവത്തെയാണ് ഈശോ ലോകത്തിന്റെ മുൻപിൽ വരച്ചു കാട്ടിയത്. ഈ ദൈവത്തെ അറിയുവാനും, ദൈവത്തിന്റെ സ്നേഹം ജീവിതത്തിന്റെ സഹജഭാവമാക്കുവാനുമാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്.

വ്യാഖ്യാനം

ഫരിസേയരുടെയും നിയമജ്ഞരുടെയും ദൈവബോധത്തിന് കടകവിരുദ്ധമായ ദൈവബോധം അവതരിപ്പിച്ച ഈശോയെ എങ്ങനെയും കുടുക്കിലാക്കണമെന്ന് ആഗ്രഹിച്ച ഫരിസേയ-നിയമജ്ഞരാണ് ഈശോയുടെ ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതുകണ്ട് ഈശോയ്‌ക്കെതിരെ തിരിയുന്നത്.

ഫരിസേയ-നിയമജ്ഞരെ മുന്നോട്ടുനയിച്ച ശക്തി അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതിസൂക്ഷ്മങ്ങളായ അനുഷ്ടാനങ്ങളുടെ ആകെത്തുകയായിരുന്നു യഹൂദര്‍ക്ക് മതം. 365 വിലക്കുകള്‍, 248 കല്പനകള്‍. അങ്ങനെ 613 നിയമങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങളെ പിന്തുടര്‍ന്നുള്ള ജീവിതവും, നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ടാനവും തങ്ങള്‍ക്ക് നിത്യരക്ഷ പ്രദാനം ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അനുഷ്ടാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്, നിയമങ്ങള്‍ പ്രസക്തമാകുന്നത് മനുഷ്യത്വപരമായ, ഹൃദയപരിശുദ്ധിയോടെയുള്ള, നിസ്വാര്‍ത്ഥമായ ജീവിതം വഴിയാണെന്നുള്ള കാര്യം അവര്‍ മറന്നുപോയി.

അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു. ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു. രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു. മൂന്ന്, ദൈവകല്പനയെ, സ്നേഹത്തിന്റെ പ്രമാണത്തെ  അവര്‍ അര്‍ത്ഥമില്ലാത്തതാക്കി. നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി. പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, മാതാപിതാക്കന്മാരെ അവഗണിച്ചു. പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു. ഇന്നും അസ്വസ്ഥരായ ജനതയായി ജീവിക്കുന്നു.

സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. നാമും നമ്മുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാനോ, വിശദീകരിക്കുവാനോവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അവ ദൈവവചനത്തിനു എതിരായിപ്പോകുന്നു. മാതാപിതാക്കളോടുള്ള കടമകള്‍ നിർവഹിക്കാതിരിക്കാൻ പാരമ്പര്യങ്ങളെ തേടിപ്പോകുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, ക്രിസ്തുവിന്റെ ത്യാഗത്തെ, മൗനത്തെ മറക്കുന്നു. ദൈവവചനത്തെ നമ്മുടെ സൗകര്യാനുസൃതം നാം ദുരുപയോഗിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവില്‍നിന്ന്, ക്രിസ്തു സ്നേഹത്തിൽ നിന്ന് വളരെ അകലെയാണ്.

രണ്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ക്രൈസ്തവരുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. നിയമങ്ങൾക്ക്, പാരമ്പര്യങ്ങൾക്ക്, അധികാരത്തിന് പകരം സ്നേഹത്തെ പകരം വച്ച ക്രിസ്തു ഇന്നും അകലെയാണ്. നിയമത്തിന്റെ, കാർക്കശ്യത്തിന്റെ, പാരമ്പര്യത്തിന്റെ അധികാരത്തിന്റെ പഴയനിയമം ഇന്നും സ്നേഹത്തിന്റെ പുതിയനിയമത്തിന് മുകളിൽ നിൽക്കുന്നു. ദൈവം സ്നേഹമാണെന്നത് ഒരു പരസ്യവാക്യത്തിനപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി ക്രൈസ്തവർ എന്തുമാത്രം ഉൾക്കൊണ്ടിട്ടുണ്ട് എന്നത് ഇപ്പോഴും സംശയമാണ്! അധികാരംകൊണ്ട് നിർണയിക്കപ്പെടുന്ന സ്നേഹം യാഥാർത്ഥസ്നേഹമല്ലെന്നും, ഉപാധികളുള്ള സ്നേഹമാണെന്നും, സ്നേഹമില്ലാത്ത അധികാരം ഏകാധിപത്യം മാത്രമാണെന്നും സ്നേഹത്തിന്റെ മറവിൽ നിയമങ്ങളും പാരമ്പര്യങ്ങളും നടപ്പാക്കുന്നത് ഫാസിസമാണെന്നും എന്നാണ് നാം മനസ്സിലാക്കുക?! 

The Love of Christ

സ്നേഹമുള്ളവരെ, എന്താണ് നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. അപ്പോൾ മാത്രമേ, ക്രിസ്തുവിനെ, ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമായി പരിവർത്തിപ്പിക്കാനും, മതാനുഷ്ഠാനങ്ങളുടെ, പാരമ്പര്യങ്ങളുടെ, കർക്കശമായ നിയമങ്ങളുടെ, മതാനുഷ്ഠാനചിഹ്നങ്ങളുടെ വ്യവഹാരലോകത്തിൽ നിന്നും ക്രിസ്തുവിനെ വകഞ്ഞുമാറ്റി സ്നേഹത്തിന്റെ പുതിയ നിയമത്തിന്റെ വക്താവായി രൂപാന്തരപ്പെടുത്താനും നമുക്കാകൂ. പാരമ്പര്യത്തിന്റെയും, അണുവിടവ്യതിചലിക്കാത്ത ആചാരങ്ങളുടെയും, അധികാരത്തിന്റെയും അതിന്റെ ചിഹ്നങ്ങളുടെയും മേലാപ്പ് പൊളിച്ചുമാറ്റി, താഴേക്കിറങ്ങി  ക്രിസ്തു സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും വഴിയിലേക്ക് നാമോരോരുത്തരും, സഭയും തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.

എന്നാൽ, നാമാകട്ടെ, നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മാത്രം കൗശലപൂർവ്വം ദൈവകല്പനയെ, സ്നേഹത്തെ അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടു ക്കുന്നു. നമ്മുടെ സീറോ മലബാർ സഭയിൽ ഒരിക്കൽക്കൂടി പൊങ്ങിവന്നുകൊണ്ടിരിക്കുന്ന ആരാധനാക്രമപ്രശ്നം നിയമങ്ങളുടെയും, പാരമ്പര്യങ്ങളുടെയും പേരിൽ സ്നേഹത്തെ, ക്രിസ്തുവിനെ അവഗണിക്കുന്നതുകൊണ്ടല്ലേ? നമ്മിലെ സ്വാർത്ഥത നിർമിക്കുന്ന നിയമങ്ങളുടെ കാർക്കശ്യ സ്വഭാവമല്ലേ നമ്മുടെ കുടുംബങ്ങളെ തകർക്കുന്നത്. നമ്മുടെ പിടിവാശികളുടെയും, പിണക്കങ്ങളുടെയും, ഒക്കെ കാരണങ്ങൾ അണുവിട വ്യതിചലിക്കാതെ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങളല്ലേ? ഇങ്ങനെ ഫരിസേയ-നിയമജ്ഞരെപ്പോലെ നിയമങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അമിത പ്രാധാന്യംകൊടുത്താൽ, അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. എന്ത് ചെയ്താലും പാരമ്പര്യത്തെ  കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. 

ഒരാള്‍ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്‍ത്താന്‍ തുടങ്ങി. പാമ്പും അയാളും തമ്മില്‍ നല്ല അടുപ്പമായി. പാമ്പ് വളര്‍ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്‍ പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്‍ അയാള്‍ അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. “എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?” “മൂന്നാല് ദിവസ്സമായി” അയാള്‍ മറുപടി പറഞ്ഞു. “ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?” “വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നുണ്ട്. “”എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?” “നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക.” ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്‍ അയാളോട് പറഞ്ഞു: “ഈ പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്‍ ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.”

ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനമായിരിക്കണം, കാരുണ്യമായിരിക്കണം, സ്നേഹമായിരിക്കണം, നന്മയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ driving force. അല്ലാത്തതെല്ലാം – ജീവനില്ലാത്ത പാരമ്പര്യങ്ങൾ, പണം, അധികാരം, ആസക്തികൾ, മദ്യം, തുടങ്ങിയവയെല്ലാം – നമ്മെ, നമ്മുടെ കുടുംബത്തെ, സഭയെ   വിഴുങ്ങുവാൻ അളവെടുത്തുകൊണ്ടിരിക്കുന്ന, വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പുകളാണ്. ഒന്ന് ചിന്തിച്ചു നോക്കൂ: ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയെ പറ്റിയുള്ള വഴക്കുകൾ, അത് എന്ത് പാരമ്പര്യത്തിന്റെ പേരിലായാലും നമ്മുടെ സഭയെ വിഴുങ്ങുന്ന പെരുമ്പാമ്പാണ്. ദാമ്പത്യ ബന്ധങ്ങളിൽ, സുഹൃത് ബന്ധങ്ങളിൽ സഹോദരീ സഹോദര ബന്ധങ്ങളിൽ, എന്തുകൊണ്ട് ഇത്തരം പെരുമ്പാമ്പുകളെ നമുക്ക് ഉപേക്ഷിച്ചുകൂടാ? വിശുദ്ധ കുർബാനയുടെ കാര്യത്തിൽ എങ്കിലും എന്തുകൊണ്ട് നമുക്ക് ഈ പെരുമ്പാമ്പുകളെ ഉപേക്ഷിച്ചുകൂടാ!?  പാരമ്പര്യങ്ങളുടെ പെരുമ്പാമ്പുകളെ വളർത്തുന്ന നാം അറിയുന്നില്ല, അവ നമ്മെ വിഴുങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്ന്! അല്ലാ സഹോദരരെ, ആ പെരുമ്പാമ്പുകൾ നമ്മെ, സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്! ഈശോ നമ്മെ ഓർമപ്പെടുത്തുന്നു: ‘മക്കളെ, മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്ന നിങ്ങൾ ദൈവ വചനത്തെ നിരർത്ഥകമാക്കിക്കൊണ്ട് ദൈവ സ്നേഹത്തെ അവഗണിക്കുന്നു. 

സമാപനം

സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, ദൈവ സ്നേഹത്തെ അവഗണിച്ച്,  പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ, കുടുംബത്തെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും.  സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ദൈവവചനത്തെക്കാള്‍ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങള്‍, നിസ്സാരങ്ങളെന്ന് തോന്നുന്ന തെറ്റായ പ്രവണതകൾ നമ്മെ വിഴുങ്ങാന്‍ നമ്മുടെ അളവെടുത്തുകൊണ്ടിരിക്കുകയാണ്.

Pin on Awesome Sayings II

ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവളെ / അവനെ മുന്നോട്ട് നയിക്കുന്ന driving force.

sunday sermon Jn 9, 1-12

കൈത്താക്കാലം മൂന്നാം  ഞായർ

യോഹ 9, 1 – 12

സന്ദേശം

Jesus Heals a Blind and Mute Man - Good News Unlimited

വില്യം ഷേക്സ്പിയറിന്റെ “As You Like It” എന്ന നാടകത്തിൽ വളരെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. “All the world’s a stage.” വർത്തമാനകാലത്തിലാണ് നമ്മുടെ ജീവിതമെന്നും, അതിന്റെ ഓരോ നിമിഷത്തിലും സുഖദുഃഖങ്ങളും അതിനൊപ്പമുള്ള വെല്ലുവിളികളും ഉണ്ടെന്നും ഈ ജീവിതം അഭിനയിച്ചു തീർക്കേണ്ട stage ആണ് ലോകമെന്നും ഷേക്സ്പിയർ പറയുമ്പോൾ അതിന് അല്പം negative touch ഉണ്ട്. എന്നാൽ, ഇന്നത്തെ സുവിശേഷത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ചിന്തിച്ചുനോക്കിയാൽ ഇതിന് പുതിയ പ്രകാശം ലഭിക്കും. “All the world’s a stage” എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ നമ്മുടെ ജീവിതം ഈ ലോകത്തിൽ വെറുതെ അഭിനയിച്ചു തീർക്കേണ്ട ഒന്നല്ല, പിന്നെയോ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും, സന്തോഷങ്ങളിലും ദുഃഖങ്ങളിലും വെല്ലുവിളികളിലും, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നാം ജീവിക്കേണ്ട ഒന്നാണ്. അന്ധന്റെ ജീവിതത്തിനുമുന്പിൽ നിന്നുകൊണ്ട് ഈശോ നമ്മെ പഠിപ്പിക്കുന്നത് അതാണ്: “നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം, നിങ്ങളുടെ ജീവിതത്തിലൂടെ ദൈവം മഹത്വപ്പെടാൻ വേണ്ടിയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

വ്യാഖ്യാനം

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന ഒരു thread ഉണ്ട് .  അത് ഈശോ വെളിച്ചമാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്ന് മറിച്ചു നോക്കിയാൽ, ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. (5) ആരാണ് ഈ വെളിച്ചം? ക്രിസ്തു-ക്രിസ്തുവാണ് ആ വെളിച്ചം. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വരുന്നുണ്ട്.  രാത്രിയില്‍? ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ അടുത്ത്. (2) ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. (19) ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. (12) ആരാണീ ഞാന്‍? ക്രിസ്തു. എന്താണ് ക്രിസ്തു? വെളിച്ചം. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” (5) പതിനൊന്നാം അധ്യായത്തിൽ ലാസർ മരണത്തിന്റെ അന്ധകാരത്തിൽ നിന്ന് ജീവന്റെ പ്രകാശത്തിലേക്ക് വരുന്നു. പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. (35-36) പ്രകാശം ക്രിസ്തുവാണ്‌. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. (46) ആരായി? വെളിച്ചമായി. പതിമൂന്നാം അധ്യായത്തിൽ യൂദാസ് വെളിച്ചമായ ക്രിസ്തുവിൽ നിന്ന് ഇരുട്ടിലേക്ക് പോകുന്നു. വചനം പറയുന്നു. “അപ്പോൾ രാത്രിയായിരുന്നു.” (30) 18 ൽ പത്രോസ് ഇരുളിൽ നിന്നുകൊണ്ട് പ്രകാശത്തെ (പ്രകാശമായ ക്രിസ്തുവിനെ) തള്ളിപ്പറയുന്നു. (18) ഇരുപതാം അധ്യായത്തില്‍ ഇരുട്ടയിരിക്കുമ്പോള്‍ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട എങ്ങോട്ട്? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.

75 Light of the World ideas | light of the world, jesus pictures, jesus art

അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, ലോകത്തിന്റെ മുഴുവൻ അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം.  വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്.  ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം. 

സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ബഹിരാകാശത്തേക്ക് ഈസിയായിട്ട് പിക്‌നിക്കിന് പോയിത്തുടങ്ങിയിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ‘ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്, ദൈവത്തിന്റെ മഹത്വം പ്രകടമാകുന്നതിനുവേണ്ടിയാണ്.’

എന്നെ   കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടാകും. അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ? നമ്മുടെ ജീവിതത്തിൽ തകർച്ചകൾ കടന്നുവരുന്നത് പൂർവ പിതാക്കളുടെ പാപത്തിന്റെ സ്വാധീനം മൂലമാണെന്ന് പറയുന്നതോ?

ഈ ചിന്തയ്ക്ക് ഒരു പരിണാമ ചരിത്രമുണ്ട്. മനുഷ്യൻ ബുദ്ധിപരമായി വളർന്നു വരുന്നതോടുകൂടി അവന്റെ ചിന്തകൾക്കും, വിശ്വാസങ്ങൾക്കുമെല്ലാം മാറ്റം വരുന്നുണ്ട്. ഇക്കാര്യത്തിലും ഒരു പരിണാമം നമുക്ക് കാണാവുന്നതാണ്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ  ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവതന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്ക പ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്‌! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.    

അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: ‘മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്. ‘ പിന്നീട് ശ്ലീഹന്മാരുടെ കാലത്തും ക്രിസ്തുവിന്റെ മനോഭാവമാണ് അവരും വച്ച് പുലർത്തിയത്. വിശുദ്ധ യാക്കോബിന്റെ ലേഖനം (AD 62 ന് മുൻപ് രചിക്കപ്പെട്ടതാണ് ഈ ലേഖനം) ഒന്നാം അദ്ധ്യായം 14, 15 വചനങ്ങൾ ഇങ്ങനെയാണ്: “അവിടുന്ന് (ദൈവം) ആരെയും പരീക്ഷിക്കുന്നില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ചയെത്തുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു.”

ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ, നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.

അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാത കങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തെങ്ങിൻ പൂക്കുല ചിതറു  ന്നപോലെ കൊലനടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവർ,  – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്? 

നമ്മുടേത് അന്ധന്മാരുടെ ലോകമാണോ?  നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”

ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർ ശനത്തിനായി  നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം. 

സമാപനം

നമ്മിലെ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേ നിങ്ങൾ അന്ധരാണ്. പ്രകാശത്തിലേക്ക് വരിക! ക്രിസ്തുവാണ് വെളിച്ചം. ക്രിസ്തുവിലേക്ക് മാനസാന്തരപ്പെടുക. ക്രിസ്തുവാകുന്ന വെളിച്ചത്തിൽ ജീവിക്കുക!

നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും.  നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും.  നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.

Mumbai Catholic Charismatic Renewal (CCR) | JESUS LIGHT OF THE WORLD

ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്. ആമ്മേൻ!

sunday sermon lk 15, 11-32

കൈത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 15, 11-32

സന്ദേശം

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും  ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് ഈശോ അവതരിപ്പിക്കുന്ന ഒരു രേഖാചിത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിൽ പിതാവും പുത്രനും തമ്മിലുള്ള കണ്ടുമുട്ടലാണ്. വികാര നിർഭരമായ ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!

കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!”  അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് ഈ കണ്ടുമുട്ടൽ രംഗം. ആധുനിക മനുഷ്യൻ ബഹിരാകാശത്തേക്ക് പിക്‌നിക്കിന് പോകാൻ ഒരുങ്ങുന്ന ഈ ശാസ്ത്ര ലോകത്തിൽ മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും, ദൈവത്തിൽ നിന്ന് മാപ്പ് സ്വീകരിക്കുന്നതിന്റെയും മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുന്നത്? മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും.

ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥയാണ് ഇന്നത്തെയും മാനവ ചരിത്രം. ഇന്ന് ലോകത്തിനു ഏറ്റവും ആവശ്യമായിരിക്കുന്നത് മാപ്പപേക്ഷിക്കുന്നതിന്റെയും, ദൈവം മാപ്പുനല്കുന്നതിന്റെയും ധ്യന്യത നിറഞ്ഞ, ദൈവികമായ മുഹൂർത്തങ്ങളാണ്. ഈ മുഹൂർത്തങ്ങൾ, വ്യക്തിജീവിതത്തിൽ, കുടുംബത്തിൽ, ഇടവകയിൽ, ഈ ലോകത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

മാപ്പ് ദൈവിക വരപ്രസാദമാണ്. മാപ്പപേക്ഷിക്കലും, മാപ്പ് നൽകലും, മാപ്പ് ലഭിക്കലും എല്ലാം ദൈവത്തിന്റെ കൃപയാണ്. ദൈവത്തോടും മനുഷ്യരോടും,പ്രകൃതിയോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ ഉണ്ടാകുന്ന പരിക്കുകളിൽ നമുക്ക് വളരെ വിലപ്പെട്ടവ കവർച്ചചെയ്യപ്പെടുന്നുണ്ട്. നമുക്ക് നഷ്ടങ്ങൾ ധാരാളമാണ്. അത് നമ്മുടെ ജീവിതത്തെ കുടുംബത്തെ അന്ധകാരത്തിലാഴ്ത്തും. പിന്നെ ജീവിതത്തിൽ നിറങ്ങളില്ല. ഇല്ലെന്നല്ല. ഒരു നിറം മാത്രം. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും- എല്ലാറ്റിനും ഒരു ചാര നിറം!
ത്രയൂം പെട്ടെന്ന് തിരിഞ്ഞു നടക്കുക, മാപ്പപേക്ഷിക്കുക. അല്ലെങ്കിൽ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിൽ നിന്ന് മൂല്യമുള്ളവ കവർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

ഓർക്കുക: ജീവിതത്തോട് നാം പുലർത്തുന്ന സുഗന്ധമുള്ള ഒരു സമീപനത്തിന്റെ പേരാണ് മാപ്പ് !

ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുന്ന, ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും മാപ്പ് ലഭിക്കുന്ന അവസരങ്ങൾ, ദൈവിക മുഹൂർത്തങ്ങൾ ഇന്നത്തെ ലോകം അനുഭവിക്കേണ്ടിയിരിക്കുന്നു. ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുവാൻ നാം ദൈവത്തിലേക്ക്, സഹോദരങ്ങളിലേക്ക് തിരിച്ചു നടക്കേണ്ടിയിരിക്കുന്നു, ദൈവത്തിലേക്ക്, സഹോദരങ്ങളിലേക്ക് തിരിച്ചു നടക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

ലോകമെങ്ങുമുള്ള ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക്, കഴിഞ്ഞ ദിവസം ഡൽഹിയിൽ തകർക്കപ്പെട്ട ദേവാലയം ഉൾപ്പെടെ, ലോകത്തു തകർക്കപ്പെടുന്ന ദേവാലയങ്ങൾക്ക്, മനുഷ്യർ നടത്തുന്ന ചെറുതും വലുതുമായ ദൈവദൂഷണങ്ങൾക്കു ലോകം മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു.

ലോകമെങ്ങും അമ്മമാരുടെ ഉദരത്തിൽ വച്ച് തന്നെ കൊല്ലപ്പെടുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുണ്ടല്ലോ. അവരോടു ലോകം ചെയ്യുന്ന കൊടും ക്രൂരതയ്ക്ക് മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. അനുദിനം കുടുംബങ്ങളിൽ, പൊതു നിരത്തുകളിൽ മറ്റ് സ്ഥലങ്ങളിൽ  കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ ലോകം മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു!

ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം നടത്തുന്ന ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും മാപ്പുചോദിക്കേണ്ടതല്ലേ? സഹോദരീ, സഹോദരാ, നിനക്ക് അരർ ഹതയുള്ളതിനേക്കാൾ കൂടുതൽ എന്തെങ്കിലും നീ സൂക്ഷിച്ചു വച്ചിട്ടുണ്ടെങ്കിൽ നീ മടങ്ങി വരേണ്ടിയിരിക്കുന്നു, മാപ്പുചോദിക്കേണ്ടിയിരിക്കുന്നു. നാം ഭക്ഷണം കഴിക്കുമ്പോൾ ഒരാൾപോലും വിശക്കാതിരിക്കാനുള്ള ശ്രദ്ധ നമുക്കുണ്ടാകണം. ഈ കോവിഡ് കാലത്തും ആഘോഷങ്ങൾ നടത്തി, നടുമുറ്റങ്ങൾ മേന്മയേറിയ പുല്ലും കല്ലും പതിപ്പിച്ചു മോടിയാക്കുമ്പോൾ, കോടികളുടെ വീടുകളും, അംബര ചുംബികളായ ദേവാലയങ്ങളും കെട്ടിടങ്ങളും പാർലമെൻറ് സമുച്ചയങ്ങളും പണിയുമ്പോൾ ഓർക്കുക നാം തിരിച്ചുവരേണ്ടിയിരിക്കുന്നു, മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു.

How Do I Love God With All My Heart?

ഒരു മഹാമാരി നമ്മുടെ ജീവിതത്തെ തകർത്തുകൊണ്ട് മുന്നോട്ട് പോകുമ്പോൾ അതിനു പരിഹാരം social distance ൽ, സോപ്പിട്ട് കൈകഴുകലിൽ, വാക്സിനുകളിൽ, ഇളവുകളിലും, കിറ്റുകളിലും മാത്രം ആശ്രയിക്കുകയാണെങ്കിൽ സ്നേഹമുള്ളവരേ നമ്മൾ വിഡ്ഢികളാണ്. ഇന്ന് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നാം പ്രതീക്ഷിക്കുന്നതിലുമപ്പുറം, നമുക്ക് നേരിടാൻ കഴിയുന്നതിലുമപ്പുറം ദുരിതങ്ങൾ കടന്നുവരുന്നുണ്ടെങ്കിൽ അതിനുകാരണം ഒന്നുമാത്രം – ലോകം, മനുഷ്യർ തങ്ങളുടെ സ്രഷ്ടാവായ ദൈവത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. ഇതിനു പരിഹാരം ഒന്നുമാത്രം-ദൈവത്തിനോട് മാപ്പപേക്ഷിക്കുക. ധൂർത്തപുത്രനെപ്പോലെ, ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് കരഞ്ഞുകൊണ്ട് പറയുക: “ദൈവമേ, പിതാവേ, മാപ്പ്!” കാരുണ്യവാനായ, സ്നേഹപിതാവായ ദൈവത്തിൽ നിന്നും ലഭിക്കുന്ന മാപ്പുകൊണ്ട്, അതിൽനിന്ന് പ്രവഹിക്കുന്ന പ്രസാദവരംകൊണ്ടു, മനുഷ്യന്റെ ജീവിതം, ഈ മാനവസമൂഹം, ലോകം മുഴുവനും നിറയണം. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിൽ നിന്നൊഴുകുന്ന പ്രസാദവരത്തിൽ ഓരോ വ്യക്തിയും കുടുംബങ്ങളും, ഈ ലോകം മുഴുവനും കുളിച്ചു കയറണം. മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പ് നൽകലിന്റെയും ദൈവിക മുഹൂർത്തങ്ങൾ കൊണ്ട് ഓരോ ദിവസത്തിന്റെയും 24 മണിക്കൂറും നിറയണം. അപ്പോൾ നമ്മുടെ കുടുംബങ്ങളിൽ വസന്തം വിരിയും. നാം ദൈവത്തിന്റെ സമാധാനത്തിന്റെ പുതുവസ്തങ്ങൾ ധരിക്കും. അവിടുത്തെ സന്തോഷത്തിന്റെ ആഭരണങ്ങൾ ധരിക്കും. അവിടുത്തെ പ്രത്യാശയുടെ ആഘോഷങ്ങൾ നടത്തും.

മഹാനായ നെൽസൺ മണ്ടേലയുടെ ജീവിതത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്:

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായശേഷം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറന്റിൽ യാദൃശ്ചികമായി  ഭക്ഷണം  കഴിക്കാൻ    നെൽസൺ മണ്ടേല കയറി. ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം  അത്  വരുന്നതുവരെ കാത്തിരിക്കുന്ന സമയത്ത്....

മണ്ടേലയുടെ സീറ്റിനു കുറച്ചകലെയുള്ള ഒരു സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു.  അയാളെ തന്റെ മേശയിലേക്ക് വിളിക്കാൻ മണ്ടേല സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.   ഭക്ഷണം വന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി,.. ഒപ്പം വന്നിരുന്ന ആ മനുഷ്യനും..

പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ അയാളുടെ കൈകൾ വിറച്ചുതുടങ്ങി. പെട്ടെന്ന് ഭക്ഷണം കഴിച്ച ശേഷം  അയാൾ തല കുനിച്ച് റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് നടന്നു….

ഇയാൾ പോയതിനുശേഷം മണ്ടേലയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മണ്ടേലയോട് പറഞ്ഞു,..” ആ വ്യക്തിക്ക് എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു… കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…അതോടൊപ്പം   ശരീരവും…

മണ്ടേല പറഞ്ഞു, “ഇല്ല, അങ്ങനെയല്ല..  എന്നെ ജയിലിലടച്ച ജയിലിലെ ജയിലറായിരുന്നു അദ്ദേഹം. എന്നെ പീഡിപ്പിക്കുകയും, വേദനിക്കുമ്പോൾ ഞാൻ വെള്ളം ചോദിക്കുമ്പോളുമെല്ലാം എൻ്റെ ദേഹത്തു അയാൾ മൂത്രം ഒഴിക്കുമായിരുന്നു,എന്നെ അയാളുടെ മൂത്രം ബലമായി കുടിപ്പിക്കാറുമുണ്ട്…..   അത് എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്….

മണ്ടേല തുടർന്നു: “ഞാൻ ഇപ്പോൾ രാഷ്ട്രപതിയായി,.  ഏതെങ്കിലും തരത്തിൽ ഞാൻ പ്രതികാരം ചെയ്യുമെന്നദ്ദേഹം ഭയപ്പെടുന്നു!!.  പക്ഷെ എന്റെ ജീവിതം അങ്ങനെയല്ല പ്രതികാരം നമ്മെ നാശത്തിലേക്ക് നയിക്കുമെന്നാണ് ഞാൻ കരുതുന്നത്!!! അതേസമയം, ക്ഷമയുടെയും, കരുണയുടെയും,സഹിഷ്ണുതയുടെയും മനോഭാവം നമുക്ക് സമാധാനവും വിജയങ്ങളും നൽകും. ഞാൻ അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നു. അതിലൂടെ ദൈവത്തിന്റെ പ്രസാദവരം അയാളിൽ നിറയട്ടെ.!!!!

മാപ്പപേക്ഷിക്കലും,മാപ്പ് നൽകലും, മാപ്പ് ലഭിക്കലും ദൈവത്തിന്റെ പ്രസാദവരത്തിന്റെ പ്രവർത്തിയാണ്. ദൈവപിതാവിന്റെ മുൻപിൽ നിന്നുകൊണ്ട് ദൈവമേ എന്നോട് കരുണതോന്നണമേ എന്ന് പറഞ്ഞു പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്ന കണ്ടുമുട്ടൽ നമ്മുടെ ജീവിതത്തിലും സംഭവിക്കും. സ്നേഹമുള്ളവരേ, ഓരോ  കുർബാനയിലും ഈ കണ്ടുമുട്ടലിന് വേദിയൊരുക്കപ്പെടുന്നുണ്ട്. നാം ദൈവത്തിൽ നിന്ന് അകന്നു പോകുമ്പോൾ, പാപാവസ്ഥയിൽ കഴിയുമ്പോൾ ഓർക്കുക, വിശുദ്ധ കുർബാനയിൽ ഈശോ നമുക്കായി കാത്തിരിക്കുന്നുണ്ട് എന്ന്. നമ്മുടെ വിശുദ്ധ കുർബാനയിലെ അനുരഞ്ജന ശുശ്രൂഷയുടെ സമയം ഈ കണ്ടുമുട്ടലിന്റെ വേദിയാണ്, നിമിഷങ്ങളാണ്.

വിശുദ്ധ കുർബാന പാപമോചനത്തിന്റെ, രക്ഷയുടെ കൂദാശയാണ്. വിശുദ്ധ കുമ്പസാരത്തിലൂടെ ബലിയർപ്പിക്കുവാൻ യോഗ്യതനേടുന്ന ഭക്തനെ ഉത്ഥിതനായ ദൈവത്തെ ദർശിക്കുവാൻ, ആ ഉത്ഥിതനായ ദൈവത്തെ സ്വീകരിക്കുവാൻ ഏറ്റവും അടുത്ത ഒരുക്കത്തിലേക്കാണ്  അനുരഞ്ജന ശുശ്രൂഷ നയിക്കുന്നത്. ദൈവവുമായി അനുരഞ്ജനപ്പെടുന്ന, എല്ലാം ക്ഷമിക്കുന്ന അവിടുത്തെ പ്രസാദവരത്തിൽ നിറയുന്ന വ്യക്തിക്ക് മാത്രമേ,അവിടുത്തെ ദർശിക്കുവാനും അവിടുത്തെ കാരുണ്യം അനുഭവിക്കുവാനും സാധിക്കൂ.

വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് ശേഷമാണ് അനുരഞ്ജന ശുശ്രൂഷ വരുന്നത്. കൃത്യമായി പറഞ്ഞാൽ, റൂഹക്ഷണ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയുടെ ഉയർത്തലിനും (Elevation) ഇടയിലാണ് അനുരഞ്ജന ശുശ്രൂഷ തുടങ്ങുന്നത്. ‘ദൈവമേ എന്നോട് കരുണ തോന്നേണമേ…” എന്ന പ്രാർത്ഥനയോടെയാണ് ഇത് ആരംഭിക്കുന്നത്. ഈ പ്രാർത്ഥനയ്ക്കുശേഷം ഉടനെത്തന്നെ വിശുദ്ധ കുർബാനയുടെ ഉയർത്തലും അതിനെത്തുടർന്നുള്ള ഗീതവുമാണ്. അതിനുശേഷം വൈദികന്റെ “നമ്മുടെ കർത്താവീശോമിശിഹായുടെ …” എന്ന പ്രാർത്ഥനയോടെ വീണ്ടും അനുരഞ്ജന ശുശ്രൂഷ തുടരുകയാണ്. അതുകൊണ്ടു തന്നെ അനുരഞ്ജന ശുശ്രൂഷയ്ക്ക് രണ്ടു ഭാഗമുണ്ടെന്നു പറയാം.

ഒന്ന്, വിശുദ്ധ കുർബാനയുടെ ഉയർത്തലിനുള്ള ഏറ്റവും അടുത്ത ഒരുക്കം. ഉത്ഥിതനായ ഈശോയെ, ഇന്നും ജീവിക്കുന്ന ദൈവത്തെ അപ്പത്തിന്റെ രൂപത്തിൽ നമ്മുടെ നേത്രങ്ങൾകൊണ്ട് ദർശിക്കുവാൻ പോകുകയാണ്. ആ ദർശനം സാധിതമാകണമെങ്കിൽ ഭക്തൻ നിർമ്മലനായിരിക്കണം. ഹൃദയശുദ്ധിയുള്ളവർ ആണ്, അവർ മാത്രമാണ് ദൈവത്തെ കാണുന്നത്. ധൂർത്ത പുത്രനെപ്പോലെ അയോഗ്യത ഏറ്റുപറഞ്ഞു ദൈവസന്നിധിയിൽ കണ്ണീരോടെ, പാപങ്ങൾ ഏറ്റുപറഞ്ഞു നിൽക്കണം.

അപ്പോൾ വൈദികൻ കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുപിടിച്ച് – അനുരഞ്ജന ചൈതന്യത്തോടെ ബലിപീഠം ചുംബിക്കുന്നു. വികാര നിർഭരമായ നിമിഷങ്ങളാണ് ഇവ. എന്നിട്ട് വൈദികൻ തിരുവോസ്തിയെടുത്തു ഉയർത്തി പറയുന്നു:   കാണുവിൻ ഇതാണ് അപ്പം. ഇതാണ് ഉത്ഥിതനായ ഈശോ. ആത്മാവായ ദൈവം. നിത്യജീവൻ നൽകുന്ന ദൈവം. ഈ ദൃശ്യം കാണുന്ന ദൈവജനം മുഴുവൻ ഹൃദയത്തിൽ പറയണം: “എന്റെ കർത്താവേ, എന്റെ ദൈവമേ!” ഇത് കാണാൻ കഴിയണമെങ്കിൽ, ഇത് അനുഭവിക്കാൻ കഴിയണമെങ്കിൽ   അനുരഞ്ജനത്തിലാകണം.

രണ്ട്, സഹോദരങ്ങളുമായുള്ള അനുരഞ്ജനം. ദൈവവുമായുള്ള അനുരഞ്ജനത്തിൽ സഹോദരങ്ങളുമായുള്ള അനുരഞ്ജനവും അടങ്ങിയിട്ടുണ്ടെങ്കിലും, പ്രത്യേകമായി നമുക്ക് അവസരം നൽകുകയാണ്. കാരണം, ഉത്ഥിതനായ ഈശോയെ ഭക്തന്റെ ഉള്ളിലേക്ക്, ഹൃദയത്തിലേക്ക് സ്വീകരിക്കുവാനുള്ള അടുത്ത ഒരുക്കമാണ് നാം ഇപ്പോൾ നടത്തുന്നത്.  ഇവിടെ ശുശ്രൂഷിയുടെ ആഹ്വാനങ്ങൾക്ക് “കർത്താവേ, അങ്ങയുടെ ദാസരുടെ …” എന്ന പ്രാർത്ഥനചൊല്ലുമ്പോൾ നമ്മുടെ ജീവിത സാഹചര്യങ്ങളെ, അവിടെ നാം കണ്ടുമുട്ടുന്നവരെ, കുടുംബത്തിലുള്ളവരെ…എല്ലാം ഓർക്കണം. അവരോടുള്ള ബന്ധം എങ്ങനെ എന്ന് ചിന്തിക്കണം. അവരോട് മാപ്പപേക്ഷിക്കണം. തെറ്റുകൾ ഏറ്റുപറയുന്നവന് ഐശ്വര്യം ഉണ്ടാകും. അവൾ/ അവൻ ദൈവവര പ്രസാദത്താൽ നിറയും. ദൈവ വര പ്രസാദത്താൽ നിറയുന്ന ഭക്തനേ ദൈവത്തെ സ്വീകരിക്കുവാൻ അർഹതയുള്ളൂ.

സ്നേഹമുള്ളവരേ, ലോകത്തിനിന്ന് ഏറ്റവും ആവശ്യമായിട്ടുള്ളത് ദൈവവുമായുള്ള അനുരഞ്ജനമാണ്. അതിനു നാം ദൈവത്തിലേക്ക് മടങ്ങിവരേണ്ടിയിരിക്കുന്നു. ധൂർത്തപുത്രനെപ്പോലെ നമ്മുടെ അയോഗ്യത ഏറ്റുപറയേണ്ടിയിരിക്കുന്നു.

Christ's Embrace- Jesus hugging man or woman light or dark hair, Memorial  Grief Bereavement Gift Printable Funeral Baptism Program Cover | Jesus  pictures, Jesus, Jesus art

മാപ്പു അപേക്ഷിക്കുന്നതും, മാപ്പ് ലഭിക്കുന്നതും ദൈവത്തിന്റെ പ്രസാദവരത്തിന്റെ പ്രവർത്തിയാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകമാണത്. ഈ വിശുദ്ധ കുർബാനയിൽ ദൈവത്തിന്റെ മാപ്പിന്, പ്രസാദവരത്തിന് അർഹരാകാൻ നമുക്ക് പ്രാർത്ഥിക്കാം. അവിടുത്തെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയാൻ പ്രാർത്ഥിക്കാം. ലോകം മുഴുവൻ അനുതാപത്തിലേക്ക്, ക്രിസ്തുവിലേക്ക് കടന്നുവരുവാൻ, അവിടുത്തെ പ്രസാദവരത്താൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. ഇന്നത്തെ വിശുദ്ധ കുർബാനയിലെ അനുരഞ്ജന ശുശ്രൂഷ നല്ല ചൈതന്യത്തോടെ നടത്തുവാൻ നമുക്കാകട്ടെ. ആമ്മേൻ!

sunday sermon lk 14, 7-14

കൈത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 14, 7 – 14

സന്ദേശം

ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിനെ, ക്രിസ്തുവാകുന്ന കലപ്പകൊണ്ട് മനുഷ്യരുടെ ഹൃദയവയലുകൾ ഉഴുതുമറിച്ച് ദൈവവചനമാകുന്ന വിത്തുവിതച്ചതിനെ, ഓർമ്മപ്പെടുപ്പെടുത്തിയ ശ്ളീഹാക്കാലത്തിനുശേഷം, അവരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി, ദൈവ വചനമാകുന്ന വിത്ത് വിതച്ചതിന്റെ ഫലമായി  സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമ കാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ട് നാമിന്ന് കൈത്താക്കാലം ആരംഭിക്കുകയാണ്. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

വ്യാഖ്യാനം

കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വ വത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്. നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.” ലോകസംസ്കാരത്തോടു ചേരാതെ, അന്നത്തെ യഹൂദ സംസ്കാരത്തോടു ചേരാതെ ഒരു പ്രതിസംസ്കാരം ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ ഇവിടെ പറയുന്നത്.

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ അന്ന് യഹൂദരെ, ഇന്ന് നമ്മെ ഈശോ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ്.  

jesus with the street children - Google Search | Last supper, Street kids,  Jesus

സംവേദനക്ഷമമാക്കുക എന്നാണ് sensitize എന്ന വാക്കിന്റെ അർഥം. എന്ന്   പറഞ്ഞാൽ കണ്ടുമുട്ടുന്നവരോട് മാനുഷികമായി പെരുമാറുക, അവരോട് സ്നേഹത്തോടെ ബഹുമാനത്തോടെ വർത്തിക്കുക, അവരുടെ വിഷമതകളെയും, ബുദ്ധിമുട്ടുകളെയും മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നൊക്കെയാണ് sensitize എന്ന വാക്കിന്റെ വിപുലമായ അർഥം. നമ്മുടെ ജനമൈത്രി പോലീസ് എന്നത് പോലീസ് സേനയെ sensitize ചെയ്തതിന്റെ ഫലമാണ്. ജനങ്ങളോട് അവരുടെ വിഷമങ്ങളോട് പോസിറ്റിവായി സംവദിക്കുവാൻ, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനുള്ള നല്ല മനസ്സിന് ഉടമകളാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്ന് വലിയ സ്വപ്നമായി പലരും കാണുന്ന സോഷ്യലിസത്തിനും മേലെയാണ് ഈശോയുടെ ദൈവരാജ്യമെന്ന ആശയം. (ഈശോയുടെ ദൈവരാജ്യ സങ്കൽപ്പത്തിൽ നിന്നാണ് സോഷ്യലിസം തന്നെ രൂപപ്പെടുന്നത്.) എല്ലാവരും ദൈവമക്കളാണെന്നും അതുകൊണ്ടുതന്നെ വർഗ വർണ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്ന, പരിഗണിക്കുന്ന ഒരു സമൂഹ സൃഷ്ടിയിലേക്കാണ് ഈശോ യഹൂദരെ sensitize ചെയ്യാൻ ശ്രമിക്കുന്നത്.

എല്ലാ മനുഷ്യർക്കും സ്വതന്ത്രരായി ജീവിക്കുവാനും അന്തസ്സാർന്ന സ്വത്വ പ്രകാശനത്തിലൂടെ മനുഷ്യ മഹത്വത്തിൽ ജീവിക്കുവാനും അവകാശമുണ്ടെന്നാണ് ക്രിസ്തുവിന്റെ തത്വശാസ്ത്രം. തങ്ങളാഗ്രഹിക്കുന്ന മനുഷ്യ ജീവിതാവസ്ഥയിൽ ജീവിക്കാനാകാതെ സമൂഹത്തിലെ മാടമ്പിമാരാൽ തിരസ്കരിക്കപ്പെട്ട് സമൂഹത്തിന്റെ, ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഓടിപ്പോയവർക്കുവേണ്ടിയാണ് ഈശോ സംസാരിക്കുന്നത്. യഹൂദരല്ലാത്തതിന്റെ പേരിൽ ദൈവവും മതവും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമാകുകയാണ് ഈശോ. പരിഹാസങ്ങളേറ്റ് മാറിനിൽക്കുന്നവരെ പരിഗണിക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികമാത്രമല്ല, ഒരേ മേശയിൽ ഇരുത്തുകയും ചെയ്യണമെന്നുള്ള ബോധ്യത്തിലേക്ക് അവരെ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ.

ഈശോയുടെ കാലത്തെ സമൂഹത്തിൽ രണ്ടു തരത്തിലുള്ള വിള്ളൽ (Rift) ഈശോ ദർശിച്ചിരുന്നു. ഒന്നാമത്തേത് ആധ്യാത്മിക വിള്ളൽ (Spiritual Rift) ആണ്. ഈശോയുടെ കാലത്ത് യഹൂദ സമുദായത്തിന്റെ പ്രാമാണ്യത്തം നിലനിന്ന കാലമായിരുന്നു. മാത്രമല്ല, ആത്മീയതയുടെ കുത്തക തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചു വന്ന സമയവും കൂടിയായിരുന്നു അത്. എന്നാൽ, യഹൂദർക്ക് മാത്രം കുത്തകയായിരുന്ന ആത്മീയതയ്ക്ക് വിജാതീയരും അർഹരാണെന്ന വാദത്തിലൂടെ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന വലിയ ആത്‌മീയവിപ്ലവത്തിന് തുടക്കമിട്ടത് ഈശോയാണ്. ഈ ആത്മീയ വിപ്ലവത്തിന് ചെവികൊടുക്കാതെ, ഇസ്രായേൽ ജനം തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയും, ദൈവികമായവയെല്ലാം, എന്തിന് ദൈവത്തിന്റെ രക്ഷ പോലും മറ്റു സമൂഹങ്ങൾക്ക് അവർ നിഷേധിച്ചിരുന്നു.  ഇത്തരത്തിലുള്ളൊരു മനോഭാവം വലിയൊരു ആത്മീയ വിള്ളൽ സമൂഹത്തിൽ ഉണ്ടാക്കിയിരുന്നതായി ഈശോ കണ്ടു.   രണ്ടാമത്തേത്, സാമൂഹ്യ വിള്ളൽ (Social Rift) ആണ്.  യഹൂദരുടെ, പ്രത്യേകിച്ച്, യഹൂദപ്രമാണിമാരുടെ സാമൂഹ്യ, സാമ്പത്തിക തലത്തിലുണ്ടായിരുന്ന ചൂഷണങ്ങളും, വലിയ രീതിയിലുള്ള അസമത്വങ്ങളും മറ്റും സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവിക ചംക്രമണത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഈശോ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. (മത്താ 23) ഈശോ സമൂഹത്തിൽ കണ്ട ഈ വിള്ളലുകൾ താൻ കൊണ്ടുവരുന്ന ആത്മീയ വിപ്ലവത്തിന്, ദൈവരാജ്യ വിപ്ലവത്തിന് തടസ്സമാകുമെന്ന് കണ്ടിട്ടാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ യഹൂദരെ, ജനങ്ങളെ സെൻസിറ്റയിസ് (Sensitize) ചെയ്യുന്നത്.

അന്നത്തെ സമൂഹത്തിന്റെ Metabolism എന്തെന്നും വളരെ വ്യക്തമായി ഈശോ മനസ്സിലാക്കിയിരുന്നു. വളരേ മോശമായ ഒരു ചയാപചയം (Metabolism) ആയിരുന്നു അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നത്. നമുക്കറിയാവുന്നതുപോലെ Metabolism എന്നത് ഒരു കോശത്തിലോ, ഒരു അവയവത്തിന്റെ നടക്കുന്ന സാധാരണമായ, സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ സ്വാഭാവിക ചയാപചയം (Natural Metabolism) എന്ന് വിളിക്കുന്നു. ശ്വാസോച്ഛാസം ഒരു സ്വാഭാവിക ചയാപചയ പ്രക്രിയയാണ്. ഇവിടെ വളരെ സ്വാഭാവികമായി ഓക്സിജനെ സ്വീകരിക്കുകയും, കാർബൺ ഡയോക്സൈഡിനെ പുറംതള്ളുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ഉർജ്ജമാക്കി മാറ്റുന്നത് ഒരു metabolic പ്രവർത്തനമാണ്. ഇത്തരം അനവധി മെറ്റബോളിക് പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസമാകും. ശാരീരിക പ്രവർത്തനങ്ങൾ താളം തെറ്റും. ഇന്ന് സമൂഹത്തിൽ കാണുന്ന obesity (അമിതവണ്ണം) യുടെ പ്രശ്നം metabolism ത്തിന്റെ തകരാറാണ്.

ഞാൻ ഇപ്പോൾ പറഞ്ഞ ആന്തരിക മെറ്റബോളിക് പ്രവർത്തനങ്ങൾക്കപ്പുറം മനുഷ്യൻ സമൂഹത്തിലേക്ക് കടക്കുമ്പോൾ മനുഷ്യനും തൊട്ടടുത്ത മനുഷ്യനും തമ്മിലും ബന്ധങ്ങളിൽ പ്രവർത്തന പ്രതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ബന്ധങ്ങളിലെ ചയാപചയം (Relational Metabolism) എന്ന് വിളിക്കുന്നു. ഈശോയുടെ സമയത്ത് relational metabolism വളരെ മോശമായിരുന്നു. അതിൽ പാവപ്പെട്ടവർ, കുഷ്ഠരോഗികൾ, സ്ത്രീകൾ, വിധവകൾ, ഭിക്ഷാടകർ, വിജാതീയർ തുടങ്ങിയവരോടുള്ള പെരുമാറ്റം വളരെ വികൃതമായിരുന്നു. അവിടെ നടന്നുകൊണ്ടിരുന്നത് സ്വാഭാവികമായ, മനുഷ്യത്വപരമായ കൊടുക്കൽ വാങ്ങലുകൾ ആയിരുന്നില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, സ്വന്തം സഹോദരിയെ, സഹോദരനെ മൃഗങ്ങളെക്കാൾ നികൃഷ്ടരായാണ് യഹൂദർ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമൂഹജീവിതം താളം തെറ്റിയതായിരുന്നു. Relational metabolism വെറും സീറോ ആയിരുന്നു. ആത്മീയ ജീവിതം പൊള്ളയായിരുന്നു. ഈയൊരു അവസ്ഥയിൽ നിന്ന് മാറി ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്ക് ജനത്തെ സെൻസിറ്റയിസ് (Sensitize) ചെയ്യാനാണ് ഈശോ ഇവിടെ ശ്രമിക്കുന്നത്.

നമ്മുടെ ഇന്നത്തെ സംവിധാനങ്ങൾ, രാഷ്ട്രീയ, മത, കോർപ്പറേറ്റ് സംവിധാനങ്ങൾ എല്ലാം മനുഷ്യനെയും മനുഷ്യനെയും വേറിട്ട് നിർത്താനാണ് ശ്രമിക്കുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിലും അവയ്ക്കിടയിലുമുള്ള ബന്ധങ്ങളെ പലതരത്തിൽ തകരാനിടയാക്കുന്നു. മനുഷ്യനെ, മനുഷ്യ ബന്ധങ്ങളെ, വിവാഹ, കുടുംബ ബന്ധങ്ങളെ, മനുഷ്യ മനുഷ്യ ബന്ധങ്ങളെയെല്ലാം കച്ചവടക്കണ്ണുകളോടെ കാണുന്നത് മനുഷ്യ മനുഷ്യ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ഇത് ലോകത്തിന്റെ സംസ്കാരമാണ്. ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! വിവാഹം തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നത് വിശേഷപ്പെട്ടവരെ മാത്രം!! ഏതെങ്കിലും പ്രമാണി പാവപ്പെട്ടവരെ പരിഗണിച്ചെന്നു വരും, അവരെ ക്ഷണിച്ചെന്ന് വരും, കിറ്റുകൾ നൽകി സന്തോഷിപ്പിച്ചെന്ന് വരും, സബ്‌സിഡി യായി പൈസ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും വരും. എന്നാൽ, പുറകിലൂടെ അവരെ ചൂഷണം ചെയ്യും, കിറ്റുകൾ ഒരു വഴി, കള്ളക്കടത്തു വേറൊരു വഴി! സബ്‌സിഡി ഒരു വഴി, പെട്രോൾ ഡീസൽ വിലവർധിപ്പിച്ച്കൊണ്ട്, കൊടുത്ത സബ്‌സിഡി തിരിച്ചു വാങ്ങുന്നത് മറ്റൊരു വഴി!! ഇത്തരത്തിലുള്ള ആത്മീയ വിള്ളലുകളും സാമൂഹ്യവിള്ളലുകളും സൃഷ്ടിക്കുന്ന അവസ്ഥയെ കാലഘട്ടത്തിന്റെ പ്രതിസന്ധി (Epochal Crisis) ആയിട്ടാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ്, ഇത്രയും ശക്തമായ ഒരു ഉദ്‌ബോധനം ഈശോ അന്നത്തെ ജനതയ്ക്കും, ഇന്ന് നമുക്കും നൽകുന്നത്.

സ്നേഹമുള്ളവരേ, ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ഒരു പ്രതി സംസ്കാരത്തിലേക്ക് ഈശോ നമ്മെ സെൻസിറ്റയ്‌സ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ട് ഈശോ കരയുന്നുണ്ടോ? ചിന്തിച്ച് നോക്കണം നാം.

Stan Swamy: India outrage over death of jailed activist - BBC News

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ അവതരിപ്പിക്കുന്ന പ്രതിസംസ്കാരം ജീവിതത്തിലൂടെ  പ്രഘോഷിച്ച ഒരു മഹത് വ്യക്തിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡിയിൽ മരിച്ച, പാവപ്പെട്ടവരുടെ പക്ഷം ചേർന്ന ഫാദർ സ്റ്റാൻ സ്വാമി. സർക്കാരുകൾ ഒട്ടുമേ ശ്രദ്ധിക്കാത്ത, കോർപ്പറേറ്റുകൾ ചോരയൂറ്റിക്കുടിക്കുന്ന ജാർക്കണ്ഡിലെ ആദിവാസികളുടെ, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ, വൃദ്ധരുടെ, യുവാക്കളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്തുവിന്റെ പുരോഹിതനായി ഈശോ അവതരിപ്പിച്ച പ്രതിസംസ്കാരത്തിന്റെ വക്താവാകുകയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി അവിടെ. ജാർക്കണ്ഡിലെ വേദനിക്കുന്നവർക്ക് നീതിതേടിയുള്ള അദ്ദേഹത്തിന്റെ യാത്രയിലെ ചിത്രങ്ങൾ നിങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടുകാണും. ഭരണകൂട ഭീകരതയുടെ, അതിന്റെ സംവിധാനങ്ങളുടെ മനുഷ്യത്വമില്ലായ്മയുടെ ഇരയായി മരിച്ച ഫാദർ സ്റ്റാൻസ്വാമി

Fr. Stan Swamy, S.J., Arrested Under False Charges in India | Ignatian  Solidarity Network

ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ തെളിമയാർന്ന മുഖമാണ്. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷയിലും    കുർബാനയിലും  യൂട്യൂബിലൂടെ പങ്കെടുത്തപ്പോൾ അദ്ദേഹം എന്നോട് ചോദിക്കുന്ന പോലെ എനിക്ക് തോന്നി: ‘ഫാദർ, ഞാൻ ഒരു മാവോയിസ്റ്റല്ലെന്ന് ഈ ലോകത്തോട് വിളിച്ചു പറയാമോ?” ഈ ലോകത്തോട്, ഇന്ത്യൻ ഭരണകൂടത്തോട് ഉറക്കെ ഞാൻ പറയട്ടെ: ഫാദർ സ്റ്റാൻ സ്വാമി ഒരു മാവോയിസ്റ്റല്ല. അദ്ദേഹം ക്രിസ്തുവിന്റെ ഉത്തമ പുരോഹിതനാണ്. അവിടുത്തെ പ്രതിസംസ്കാരത്തിന്റെ തേജസ്സുറ്റ മുഖമാണ്.”

സമാപനം

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സഭയുടെ metabolism ഇന്ന് തകരാറിലായിരിക്കുന്നു. സഭയിന്ന് അമിതവണ്ണമുള്ള, ഊതിവീർപ്പിച്ച ബലൂണാണ്. ആത്മീയ വിള്ളലുകൾ അധികമായിരിക്കുന്നു. ഒന്നേയുള്ളു പ്രതിവിധി: ക്രിസ്തുവിന്റെ സെൻസിറ്റായിസേഷന് (Sensitization) വിധേയമാകുക.. ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ മുഖമുള്ളവരാകുക. ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു

The X in Xmas literally means Christ. Here's the history behind it. - Vox

നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.  

sunday sermon lk 13, 22-30

ശ്ളീഹാക്കാലം ഏഴാം ഞായർ

ലൂക്ക 13, 22 – 35  

സന്ദേശം

2021 ലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ, ഓർമ്മപ്പെരുന്നാൾ ആഘോഷിക്കാൻ അനുഗ്രഹം നൽകിയ നല്ല ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട്, ശ്ളീഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ   ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.

ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ട് അധിക കാലം ആയില്ല. ഇതിന്റെ അർഥം കിട്ടിയതിനു ശേഷം, ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”

എന്താണ് വാതിൽ എന്നതുകൊണ്ട് ഈശോ വിവക്ഷിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് എങ്ങനെ എന്ന് നിങ്ങൾ ചോദിച്ചാൽ എന്റെ വ്യക്തിപരമായ ഒരു അനുഭവം പങ്കുവെയ്‌ക്കേണ്ടിവരും. പൗരോഹിത്യ ജീവിതത്തിലെ വേദന നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം.  വലിയ പ്രതിസന്ധിയായിരുന്നു. നിശബ്ദതയിലൂടെ, ധ്യാനത്തിലൂടെ ഒക്കെ കടന്നുപോയി. ഒരു വഴിയും തെളിഞ്ഞു വരുന്നില്ല. പലരോടും സംസാരിച്ചു. വ്യക്തിപരമായും, ഒരുമിച്ചിരുന്നും കാര്യങ്ങൾ ചർച്ച ചെയ്തു. എന്നിട്ടും എങ്ങും എത്തിച്ചേരുന്നില്ല. ഒന്നിലും ശ്രദ്ധപതിക്കാൻ കഴിയാതെ കുറേക്കാലം അലഞ്ഞു നടന്നു. അങ്ങനെയിരിക്കെ ഒരുനാൾ ഗുരുതുല്യനായ ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി. പലപ്പോഴായി കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉടലെടുത്തു. അതിന്റെ ബലത്തിൽ ഞാൻ അദ്ദേഹവുമായി എന്റെ ജീവിതം ചർച്ചചെയ്തു. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു: ഫാദർ, നാളെ നമുക്ക് ഒന്നിരുന്നാലോ? ഞാൻ സമ്മതിച്ചു. പിറ്റേദിവസം രാവിലെ ഞാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്നു. മൂന്ന് കാര്യങ്ങൾ ഞാൻ അച്ചനായി തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് തീരുമാനങ്ങൾ. ഒന്ന്, രണ്ട്, മൂന്ന് …അദ്ദേഹം എനിക്കായി തയ്യാറാക്കിയ Choices, തിരഞ്ഞെടുപ്പുകൾ, തീരുമാനങ്ങൾ അവതരിപ്പിച്ചു. എന്നിട്ട് പറഞ്ഞു: “ഫാദർ, ഓരോ Choice ഉം ഓരോ വാതിലാണ്. ഈ ഓരോ വാതിലും കടന്നു ചൊല്ലുമ്പോൾ കണ്ടുമുട്ടുന്നത് വ്യത്യസ്തങ്ങളായ സാഹചര്യങ്ങളായിരിക്കും.

Quotes on Disciple - Shrimad Rajchandra Mission Dharampur

ഒന്നാമത്തെ വാതിൽ കടക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ ചെന്നെത്തുന്നത് വളരെ ആരവം നിറഞ്ഞ, ബഹളം നിറഞ്ഞ സാഹചര്യത്തിലേക്കായിരിക്കും. പക്ഷെ, അവിടെ നിങ്ങളുടെ മൂല്യങ്ങളെല്ലാം തകർക്കപ്പെടും. ധാരാളം സുഖങ്ങൾ കണ്ടെത്താം. നിങ്ങളുടെ ഏതു ലക്ഷ്യവും നേടാം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം. 1978 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഡെങ് സിയാവോ പിങ് പറഞ്ഞപോലെ, “പൂച്ച കറുത്തതായാലും, വെളുത്തതായാലും കുഴപ്പമില്ല. എലിയെ പിടിച്ചാൽ മതി”. ഇതായിരിക്കും ഇവിടുത്തെ നീതി. സ്വർണക്കടത്തിന്റെ വഴി സ്വീകരിക്കാം. എതിരാളികളെ കൊന്നു തള്ളുന്നതിൽ രാഷ്ട്രീയ നീതി കണ്ടെത്താം. പണത്തിന്റെ അഹന്തയിൽ കാലിനടിയിൽ ചതഞ്ഞരയുന്നവരെ കാണേണ്ടതില്ല.  എന്റെ സംസാരം, പെരുമാറ്റം ആരെ വേദനിപ്പിച്ചാലും കുഴപ്പമില്ല. എനിക്ക് സുഖിക്കണം, വളരണം, വലുതാകണം. പക്ഷെ അന്ത്യം ദാരുണമായിരിക്കും.

രണ്ടാമത്തെ വാതിൽ കടന്നു ചെല്ലുന്നത് അന്ധകാരത്തിലേക്കായിരിക്കും. ആരോടും, അനുരഞ്ജനപെടാതെ നിങ്ങളുടെ മാളങ്ങളിൽ ജീവിക്കാം. എല്ലാവരോടും പകയോടെ ജീവിച്ചു നിങ്ങളെ തന്നെ ഇരുട്ടിലേക്ക് തള്ളാം. ഈ രണ്ട് വാതിലുകൾ കടക്കുവാൻ എളുപ്പമാണെങ്കിലും എപ്പോഴും ക്യൂ ആയിരിക്കും. ആളുകളുടെ തിരക്കായിരിക്കും. ഈ വാതിലുകൾ എപ്പോഴും തുറന്നു കിടക്കും.

മൂന്നാമത്തേത് കടന്നു ചെല്ലുന്നത് സമാധാനത്തിലേക്കായിരിക്കും. പക്ഷെ വാതിൽ വളരെ ചെറുതാണ്. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാവുന്ന വാതിൽ. ഈ വാതിൽ എപ്പോഴും തുറക്കുകയില്ല. തുറക്കപ്പെടുന്നു സമയത്തു് ചെന്നാൽ വാതിലിലൂടെ കടക്കാം. അടയ്ക്കപ്പെട്ടാൽ പിന്നെ തുറന്നു കിട്ടുക എപ്പോഴെന്നു പറയാനാകില്ല. എന്നാൽ ഇവിടെ തിരക്ക് കുറവായിരിക്കും. എല്ലാവരോടും അനുരഞ്ജനപ്പെട്ട്, ക്ഷമിച്ചു, മറക്കാനും പൊറുക്കാനും തയ്യാറായി ചെല്ലുമ്പോൾ, ആ വാതിലിലൂടെ കടക്കാനുള്ള ശാരീരിക രൂപം നിങ്ങൾക്ക് കിട്ടും. അഹന്തയുടെ, സ്വാർത്ഥതയുടെ, വെറുപ്പിന്റെ പൊണ്ണത്തടിയുമായി ചെന്നാൽ, ego യുടെ മസിലും പെരുപ്പിച്ചു ചെന്നാൽ കടന്നുപോകാനാകില്ല.

ഗുരു പറഞ്ഞു: “ഫാദർ, your choice is the door.  your decision is the door.” ഒന്ന് നിർത്തിയിട്ട് അദ്ദേഹം പറഞ്ഞു: ” ഇവിടെ ഏത് door തുറക്കണമെന്ന് തീരുമാനിക്കേണ്ടത് …. ഫാദർ ആണ്..” 

വീട്ടിൽ ചെന്ന് മൂന്ന് വാതിലുകളെയുംക്കുറിച്ചു ധ്യാനിച്ചപ്പോൾ, ചുരുക്കിപ്പറയാം, മൂന്നാമത്തെ വാതിലിനു മുൻപിൽ നിന്നപ്പോൾ ലൂക്കയുടെ സുവിശേഷം അദ്ധ്യായം 12 ലെ ഈശോയുടെ വചനം എന്റെ കാതുകളിൽ പതിഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക.” വീണ്ടും വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 7 എന്റെ കാതുകളിലെത്തി: ” ഞാനാകുന്നു ആടുകളുടെ വാതിൽ.” മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസത്തിനുശേഷം പിശാച് 3 വാതിലുകൾ കാണിച്ചപ്പോൾ നാലാമതൊന്ന് തുറന്ന്, ഇടുങ്ങിയ വാതിൽ തുറന്ന്, അതിലൂടെ കടന്നുപോയ കടന്നുപോയ ക്രിസ്തുവിന്റെ രൂപം എന്റെ മുൻപിലെത്തി. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല. തൊണ്ടയിൽ ശബ്ദം കുടുങ്ങി. മേശമേൽ കമിഴ്ന്നു കിടന്ന് കുറേനേരം ഞാൻ കരഞ്ഞു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ, തിരഞ്ഞെടുപ്പുകളുടെ ആകത്തുകയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എത്രയോ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മുൻപിൽ എത്തുന്നത്. ഓരോ Choice ഉം ഓരോ വാതിലാണ്. ഓരോ Decision ഉം ഓരോ വാതിൽ ആണ്. ശരിയായ തീരുമാനമെടുക്കുവാൻ നമുക്കാകണം. ശരിയായ വാതിൽ കണ്ടെത്താനാകണം. ശരിയായ വാതിൽ ക്രിസ്തുവാണ്. ഒന്നും രണ്ടും വാതിലുകൾ നാശത്തിലേക്കുള്ളതാണ്. ക്രിസ്തുവാകുന്ന വാതിൽ രക്ഷയിലേക്കുള്ളതാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവ കുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (1 തിമോ 1, 15) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ, ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.”

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് ഒരാൾ ചോദിക്കുകയാണ്, “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ”? അയാൾക്ക് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വാതിലേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വാതിലിന്റെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വാതിലിലൂടെ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വാതിലുകൾ എന്നും ഇടുങ്ങിയതായിരിക്കും. പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വാതിലുകളാണ്   എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഓരോ നിമിഷവും തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ വാതിലുകളിലൂടെയാണ് കടന്നുപോകുന്നത്.

നമ്മുടെ തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ സമയത്തെ കൃപ നിറഞ്ഞതാക്കുവാൻ തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകും. ഇടുങ്ങിയ വാതിലുകളെ, വലിപ്പമുള്ളതാക്കുവാനല്ല, അതിലൂടെ കടക്കുവാനുള്ള തീരുമാനത്തിന്റെ സമയത്തെ പ്രാസാദവരത്താൽ നിറയ്ക്കുവാൻ ദൈവം നമ്മോടൊപ്പമുണ്ടാകും. അവിടന്ന് തന്റെ മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്ക്കും. ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വാതിലുകളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വാതിലുകൾക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? നമ്മെത്തന്നെ ഒരുക്കണം. ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”.  

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God – അതാണ് മാലാഖമാർ.

സമാപനം

If I open the door | Sandra Milliken

ഇടുങ്ങിയ വാതിലിലൂടെ കടക്കുവാൻ നമുക്കാകട്ടെ. പലതരത്തിലുള്ള വാതിലുകൾ, തീരുമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്പിലങ്ങനെ നിൽക്കും. ഏതാണ് രക്ഷയിലേക്കുള്ള വാതിൽ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ തകർച്ചയുടെ, മഹാമാരിയുടെ, ദാമ്പത്യ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളിൽ കൃപയുടെ നിറവുണ്ടാകുവാൻ ഈശോ ഇപ്പോൾ നമ്മെ അനുഗ്രഹിക്കുകയാണ്. ദുരന്തങ്ങളിലേക്ക്, അന്ധകാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ കടക്കുവാൻ ദൈവമേ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ആമേൻ!

sunday sermon lk 12, 57-13, 5

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 17

സന്ദേശം

Unless You Repent You will Perish | NeverThirsty

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

ഇന്ന് വിസ്മയ തുടങ്ങിയവരുടെ മരണങ്ങൾ ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.

റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്.  ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’ പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.

നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.

ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. ഒരു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമ പെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”

The Rise and Fall of the Great Powers in the 21st Century | History News  Network

സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാ സമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.

പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ  ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്.  പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു.

Death of Pandavas in the Mahabharat – How Pandavas Died? | Hindu Blog

ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.

വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.

അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി‘ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.

സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം.

Sylvia turned away from the Lord. | Repentance, True repentance, Names of  jesus

നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ, അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!

vishudhkurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ

രണ്ട്

വിശുദ്ധ തോമസ് മൂർ

ജൂൺ 22

ആധുനിക മനുഷ്യൻ ഒരു സ്വപ്നത്തിലെന്നപോലെ ലോകത്തിന്റെ, ശാസ്ത്രത്തിന്റെ രത്നങ്ങൾ വാരിക്കൂട്ടുന്ന തിരക്കിലാണ്. കോവിഡ് 19 മഹാമാരി അവളുടെ/അവന്റെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചെങ്കിലും, ഇപ്പോഴും ജീവിതവഴികളിൽ നിഴലുകൾ കോറിയിട്ട് അവൾ/അവൻ അവയെ ഉമ്മവച്ച് കളിക്കുകയാണ്!   “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിന് പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അദ്ധ്വാനിക്കുന്നു?” (ഏശയ്യാ 55, 2) തുടങ്ങിയ ദൈവിക ശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. നാം നിഴലുകൾക്ക് പിന്നാലെയാണ്. വെറും വ്യർത്ഥമായ ഓട്ടം! ഭക്ഷണവും ജലവും തേടി വഴിതെറ്റി അലയുന്ന മനുഷ്യർ …  കുടുംബങ്ങൾ … സമൂഹങ്ങൾ…! തെളിനീരുറവയെ അവഗണിച്ച് കലക്കവെള്ളം കുടിക്കുന്ന ജന്മങ്ങൾ!

പ്രപഞ്ചത്തെയും മനുഷ്യനെയും സുന്ദരമാക്കുന്ന, സ്‌നേഹംകൊണ്ടും, വാത്സല്യംകൊണ്ടും പൂമ്പാറ്റയാക്കുന്ന ദൈവത്തിന്റെ കരകൗശലമാണ് ജീവന്റെ ഉറവയായ വിശുദ്ധ കുർബാന. ജീവൻ നൽകുന്ന, ജീവനുള്ള അപ്പമാണ് വിശുദ്ധ കുർബാന. (യോഹ 6, 50) എല്ലാം നൽകുന്ന, സമൃദ്ധിയായി നൽകുന്ന വിശുദ്ധ കുർബാനയെന്ന മാമരം ഉണ്ടായിട്ടും അതിന്റെ തണലിൽ വിശ്രമിക്കാതെ, അതിന്റെ ചില്ലകളിൽ ചേക്കേറാതെ, അതിൽ നിന്നും ഭക്ഷിക്കാതെ അകാലത്തിൽ മരണമടയുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുകയാണ്! 

നമുക്കെല്ലാവർക്കും അറിയാവുന്ന സത്യമാണിത്: ‘വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ ജീവിതാന്തസ്സുകളുടെ വഴികളിൽ ദൈവം കാത്തുവച്ചിരിക്കുന്ന പാഥേയമാണത്.’ നമുക്കിത് അറിയാഞ്ഞിട്ടല്ല. നാമിത് സൗകര്യപൂർവം മറക്കുകയാണ്. ഉറവ വറ്റാത്ത വിശുദ്ധ കുർബാനയുടെ വിശാലമാനങ്ങളായി വിടരുന്ന ക്രൈസ്തവ ജീവിതാന്തസ്സുകളെ ഊർജ്വസ്വലതയോടെ നിലനിർത്തുന്നതും, ദൈവകൃപയിൽ വളർത്തുന്നതും വിശുദ്ധകുർബാന തന്നെയാണെന്ന തിരിച്ചറിവിലേക്ക് ക്രൈസ്തവർ മടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുടുംബ, സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സുകളിലേക്കുള്ള പ്രവേശം വളരെ ആർഭാടത്തോടെതന്നെ നാം നടത്തുമ്പോൾ, വിശുദ്ധ കുർബാനയാണ് ഈ ജീവിതാന്തസ്സുകൾക്ക് വിളക്കുകാണിച്ചുകൊണ്ട് മുൻപിൽ നടക്കുന്നതെന്ന കാര്യം നാം മറക്കരുത്. ജീവിതസാഹചര്യങ്ങളിൽ സമർപ്പണത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ വഴികളിലൂടെ മുന്നേറുവാൻ ക്രൈസ്തവരെ ശക്തിപ്പെടുത്തുന്നത് വിശുദ്ധ കുർബാനയാണ്. വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും, ആപത്ഘട്ടങ്ങളിലും, പ്രതീക്ഷയറ്റ സന്ദർഭങ്ങളിലും, ഹൃദയം ജ്വലിപ്പിക്കുന്നതും, കണ്ണുകൾക്ക് കാഴ്ച്ച നല്കുന്നതും, ദിശാസൂചികയായും, പ്രേരകശക്തിയായും വർത്തിക്കുന്നതും വിശുദ്ധ കുർബാനയാണ്.

ക്രൈസ്തവജീവിതാന്തസ്സുകളെ പരിപാലിക്കുന്നതും, പരിപുഷ്ടമാക്കുന്നതും വിശുദ്ധ കുർബാനയാണ് എന്ന വിശ്വാസം ജീവിത മൂല്യമായി സ്വീകരിച്ച വിശുദ്ധനാണ് വിശുദ്ധ തോമസ് മൂർ (1477-1535) ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച്, നിയമോപദേഷ്ടാവായി ജോലിചെയ്ത്, കുടുംബജീവിതത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം നൽകിയ തോമസ് മൂറിന് നിത്യവുള്ള വിശുദ്ധ കുർബാനയായിരുന്നു ശക്തി.  ഹെൻട്രി എട്ടാമൻ ചാൻസലർ സ്ഥാനം നൽകി രാജ്യസേവനത്തിന് നിയോഗിച്ചപ്പോഴും വിശുദ്ധ കുർബാനയോടുള്ള സ്നേഹം അദ്ദേഹം മുറുകെപ്പിടിച്ചു. അൾത്താര ശുശ്രൂഷിയായി, അനു ദിനം ദിവ്യകാരുണ്യം സ്വീകരിച്ച് ജീവിച്ച അദ്ദേഹത്തോട് ഒരു രാജ്യതന്ത്രഞ്ജന് യോജിക്കാത്ത കാര്യമാണ് താങ്കൾ ചെയ്യുന്നത് എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ   ക്രൈസ്തവജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചായിരുന്നു അദ്ദേഹം വിവരിച്ചത്. നല്ലൊരു ക്രൈസ്തവനായി, കുടുംബനാഥനായി, നിയമോപദേഷ്ടാവായി, രാജ്യ തന്ത്രജ്ഞനായി ജീവിക്കുവാൻ തനിക്കു ശക്തിയും പ്രചോദനവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശരിയല്ലേ? കുടുംബത്തിൽ രോഗിയായ ഒരാൾക്കുവേണ്ടി ഉറക്കമിളച്ചിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് വിശുദ്ധ കുർബാനയിലെ സ്നേഹമല്ലേ? അമ്മയുടെ പ്രസവവേദന വിശുദ്ധ കുർബാനയിലെ ത്യാഗമല്ലേ? സന്യാസ-പൗരോഹിത്യജീവിതത്തിലെ വെല്ലുവിളികൾക്കുള്ളിലെ സഹനം വിശുദ്ധ കുർബാനയിലെ കാരുണ്യമല്ലേ? നമ്മുടെ പ്രതീക്ഷയാണ്, സമൃദ്ധിയാണ്, സമാധാനമാണ് വിശുദ്ധ കുർബാന.

തന്റെ കർത്തവ്യ നിർവഹണത്തിനായി പ്രകാശവും വിവേകവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണെന്ന് തോമസ് മൂർ ഉറച്ച് വിശ്വസിച്ചിരുന്നു. വിശ്വാസത്തിനുവേണ്ടി മരണം വരിക്കാൻ തയ്യാറായ അദ്ദേഹം ജീവിതത്തെ വിശുദ്ധ കുർബാനയുടെ ആഘോഷമാക്കുകയായിരുന്നു.

ക്രൈസ്തവ ജീവിതാന്തസ്സുകൾ നമ്മുടെ ജീവിതങ്ങളെ വിശുദ്ധ കുർബാനയുടെ ജീവിതമാക്കി മാറ്റുവാനുള്ള വിളിയാണ്. വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോൾ നമ്മുടെ ജീവിതാന്തസ്സുകളുടെ അർത്ഥമെന്താണെന്ന് നമുക്ക് സംശയം ഉണ്ടാകുകയില്ല. വിശുദ്ധ കുർബാന നമ്മുടെ ജീവിതാന്തസ്സുകൾക്ക്, ജീവിത സാഹചര്യങ്ങൾക്ക് ദർശനമായും ആദർശമായും നിലനിൽക്കുന്നു.

sunday sermon lk 12, 16-34

ശ്ളീഹാക്കാലം അഞ്ചാം  ഞായർ

ലൂക്ക 12, 16 – 34

സന്ദേശം

God's Providence - Jesus Reigns Ministries Los Angeles

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! മഹാമാരിയായ കോവിഡ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആകുലത. അതോടൊപ്പം തന്നെയുള്ള ആകുലതയാണ് ജീവിതത്തെക്കുറിച്ചുള്ളത്. സർക്കാരുകൾ ലോക്ക് ഡൗൺ പ്രാഖ്യാപിച്ചും, നിർബന്ധങ്ങളും, ഇളവുകളും, കിറ്റുകളും നൽകുന്നുണ്ടെങ്കിലും വരുമാനമില്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യും എന്നുള്ളത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ പെട്രോൾ വിലവർധന! ആരും പ്രതികരിക്കാത്തതുകാണുമ്പോൾ ആകുലത കൂടുകയാണ്. അതോടൊപ്പം തന്നെ ലവ് ജിഹാദുപോലുള്ള വർഗീയ പ്രശ്നങ്ങൾ വേറെയും. അങ്ങനെയൊന്നില്ലെന്ന് ക്രാസിത്വ അധികാരികൾ തന്നെ പറയുമ്പോൾ അതിന്റെ വേദന  അനുഭവിക്കുന്നവർ വാവിട്ട് കരയുകയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്. ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.

ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”.  “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!

ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? ” ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഈ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ  സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം,  രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം.  ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുക യാണെങ്കിൽ,അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)

സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.

പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥ ത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായ ത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ചു, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ചു യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അവനെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ട യച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.

മൂന്ന്, നമ്മിലൂടെയാണ് ഈ പ്രപഞ്ചത്തെ മുഴുവനും ഇന്ന് ദൈവം പരിപാലിക്കുന്നത്. മനുഷ്യ ജീവിതത്തെ സമ്പത്തും, സുഖങ്ങളും, അനിയന്ത്രിതങ്ങളായ ആഗ്രഹങ്ങളും ധാരാളം മലിനപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം അവളെ, അവനെ വളരെയേറെ സ്വാർഥരാക്കിയിട്ടുണ്ട്. ദൈവപരിപാലന അനുഭവിച്ചുകൊണ്ട് ഈ ഭൂമിയിലൂടെ മുന്നോട്ട് പോകുമ്പോൾ ആ ദൈവപരിപാലനയെ കണ്ടുമുട്ടുന്നവർക്ക് പകർന്നു നൽകിക്കൊണ്ട് മുന്നോട്ട് പോകുവാൻ നമുക്കാകണം. നേടിയെടുക്കാനും, സ്വന്തമാക്കാനും, തട്ടിപ്പറിച്ചെടുക്കാനും, കൊല്ലാനും, കൊല്ലിക്കുവാനും ലോകം ശ്രമിക്കുമ്പോൾ, ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് പരിപാലിക്കുവാനാണ്. അല്ലെങ്കിൽ എങ്ങനെയാണ് പ്രിയപ്പെട്ടവരേ, ഈ പ്രപഞ്ചം, മനുഷ്യർ നിലനിൽക്കുക? വംശീയവെറി പൂണ്ടവരും, വർഗീയ വാദികളും, ദൈവമില്ലാത്തവരും, ദൈവത്തെ തള്ളിപ്പറയുന്നവരും, ബഹിരാകാശത്തുപോലും സംഹാരത്തിന്റെ കൈകൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്നവരും, മഹാമാരിയ്ക്കെതിരെയുള്ള വാക്സിനെപോലും പണസമ്പാദനത്തിനുള്ള മാർഗമാക്കുന്നവരുമായി ധാരാളം മനുഷ്യർ ഓടിനടക്കുമ്പോൾ, വീണു കിടക്കുന്നവനെ, വേദനിക്കുന്നവനെ, സംരക്ഷിക്കുവാൻ പരിപാലിക്കുവാൻ ഇവിടെ ആരുമില്ല! ദൈവത്തിന്റെ മുഖങ്ങളാകുവാൻ, കൈകളാകുവാൻ, കാലുകളാകുവാൻ, ദൈവത്തിന്റെ ഹൃദയമുള്ളവരാകുവാൻ ഇവിടെ ആരുമില്ല!  മലയാളത്തിലെ കവി സച്ചിദാനന്ദൻ പാടുന്നപോലെ, “ചെറിയൊരീ പ്രാണനും കയ്യിൽവച്ച് കനലിൽ ചവുട്ടി” നാം മർത്യർ ഓടുന്ന ഈ ഓട്ടത്തിൽ എല്ലാവരെയും കൈകോർത്തു പിടിക്കുവാൻ നമുക്കാകണം. കാരണം, പ്രകൃതിയുടെ ചെറിയൊരു ഭാഗം മാത്രമായ മനുഷ്യനെ ദൈവം ഇത്രമാത്രം ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ, കരുതുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്കും അങ്ങനെ ചെയ്തുകൂടാ? 

സമാപനം

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

Creation, mission and Christ's witnesses · IFES

നമുക്ക് പ്രാർത്ഥിയ്ക്കാം, ഈശോയെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും നിന്നിൽ ആശ്രയിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ! ആമ്മേൻ!

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ

ഒന്ന്

വിശുദ്ധ അന്തോണീസ്

ജൂൺ 13

വിശുദ്ധ കുർബാന ദൈവികതയുടെ സമ്പൂർണതയാണ്; അത് സർവ വ്യാപിയായ ഒരാർദ്രസാന്നിധ്യമാണ്. ഈ പ്രപഞ്ചമാകെ, സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും, മണ്ണും, മനുഷ്യനും, മരങ്ങളും പുഷ്പങ്ങളും, ഭൂമിയിലെ ചെറുതും വലുതുമായതെല്ലാം ഈ സാന്നിധ്യത്തിന്റെ ബിംബങ്ങളാണ്. വിശുദ്ധ കുർബാനയിലെ ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ അനസ്യൂതമായ പ്രവാഹമാണ് പ്രപഞ്ചം മുഴുവനും. ഇവിടെ നാം കണ്ടുമുട്ടുന്ന പ്രത്യക്ഷരൂപങ്ങളെല്ലാം വിശുദ്ധ കുർബാനയെ വെളിപ്പെടുത്തുകയാണ്. വിശുദ്ധ കുർബാനയെ പ്രപഞ്ചം വളരെ വ്യക്തമായി അറിയുന്നുണ്ട്. അരുണോദയത്തോടൊപ്പം ഉണരുന്ന പ്രകൃതി, ആകാശത്ത് വിരിയുന്ന നിറച്ചാർത്തുകളോടൊപ്പം, കിഴക്കൻകാറ്റിന്റെ നനുനനുപ്പിനൊപ്പം, ആ കാറ്റിലാടുന്ന ഇലകളോടൊപ്പം, പക്ഷികളുടെ പാട്ടിനൊപ്പം, വിശുദ്ധ കുർബാനയെ സ്തുതിക്കുന്നത് പ്രഭാതങ്ങളിലെ ദൈവിക വിസ്മയമാണ്! പ്രപഞ്ചത്തിലുള്ളവയുടെ ബോധത്തിന്റെ ഭാവനാസഞ്ചാരങ്ങളെ മനസ്സിലാക്കുവാൻ സാധാരണ മനുഷ്യന് കഴിയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയിൽ ദൈവികതയെ അനുഭവിക്കുവാൻ പ്രപഞ്ചത്തിലുള്ളവയ്ക്കാകുന്നുണ്ട്. മനുഷ്യനാകട്ടെ പ്രതീക നിബിഡവും അർത്ഥസാന്ദ്രവുമായ ഹൃദയ ഭാഷയിൽ വിശുദ്ധ കുർബാനയെ മനസ്സിലാക്കുന്നുണ്ട്; അതിന്റെ മൂർത്ത ബിംബങ്ങളെ പ്രകൃതിയിൽ ദർശിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പുലരിയിൽ ഉദിച്ചു നിൽക്കുന്ന സൂര്യനിൽ തിരുവോസ്തിയിലെ ക്രിസ്തുവിനെ കാണാൻ ജെസ്യൂട്ട്‌ വൈദികനായ പിയറെ തെയ്യാർദെ ഷെർദാന് (Teilhard de Chardin 1881-1955) കഴിഞ്ഞത്. ഭാരതത്തിലെ പരിസ്ഥിതിസ്നേഹിയും (Indian environmentalist) ചിപ്കോ പ്രസ്ഥാനത്തിന്റെ (Chipko Movement) ന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ ഒരു പുഷ്പത്തെ തലോടുമ്പോഴും, ഒരു വൃക്ഷത്തെ ആലിംഗനം ചെയ്യുമ്പോഴും അനുഭവിക്കുന്നത് ഇതേ ദൈവികതയെയാണ്.

വിശുദ്ധ അന്തോണീസ് പ്രപഞ്ചം അറിയുന്ന, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശുദ്ധ കുർബാനയുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ കുർബാനയുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ അപൂർവമായ ചാരുതയോടെ വിശുദ്ധന്റെ ജീവിതത്തിൽ ആവിഷ്കൃതമായിട്ടുണ്ട്. വിശുദ്ധന്റെ ജീവിതം അടുത്തറിയുന്ന ഓരോരുത്തരുടെയും ഉള്ളിലും വിശുദ്ധ കുർബാനയോടുള്ള സ്നേഹം പതുക്കെ പതുക്കെ പിറവികൊള്ളുന്നത് അത്ഭുതത്തോടെയേ കാണുവാൻ സാധിക്കൂ. വിശുദ്ധ കുർബാനയുടെ വികാസവും, വ്യാപനവുമായിരുന്നു (the extension and expansion of Holy Eucharist) വിശുദ്ധന്റെ ജീവിതം!

അദ്ദേഹത്തിന്റെ ജീവിതത്തിൽ വിശുദ്ധ കുർബാന വെറുമൊരു ആചാരമോ, അലങ്കാരമോ ആയിരുന്നില്ല. വിശുദ്ധ കുർബാന അദ്ദേഹത്തിന് ജീവിതം തന്നെയായിരുന്നു, ജീവിതമൂല്യമായിരുന്നു. പോർച്ചുഗലിൽ ലിസ്ബൺ എന്ന നഗരത്തിലെ ധനികകുടുംബത്തിന്റെ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച്, വൈദികനായി, സന്യാസിയായി, ഈശോയെ കരങ്ങളിലും, അധരങ്ങളിലും, ജീവിതത്തിലും വഹിച്ചുകൊണ്ട് ജീവിച്ച് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ശക്തി, പ്രചോദനം വിശുദ്ധ കുർബാനയായിരുന്നു.

അതുകൊണ്ടായിരിക്കണം, വിശുദ്ധ കുർബാനയിൽ ദൈവ സാന്നിധ്യമില്ലെന്ന് വാദിച്ചൊരു യഹൂദന്റെ വെല്ലുവിളി ധൈര്യപൂർവം അന്തോണീസ് ഏറ്റെടുത്തത്. വെല്ലുവിളി ഇങ്ങനെയാണ്: യഹൂദന് ഒരു കഴുതയുണ്ട്. അതിനെ മൂന്നുദിവസം അദ്ദേഹം പട്ടിണിക്കിടും. മൂന്നാം ദിവസം കഴുതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അതിന് കൊടുക്കും. ആ സമയം തന്നെ അന്തോണീസച്ചൻ തിരുവോസ്തിയുമായി കഴുതയുടെ മുൻപിൽ എത്തണം. കഴുത ഭക്ഷണം ഉപേക്ഷിച്ച് വിശുദ്ധ കുർബാനയെ വണങ്ങുകയാണെങ്കിൽ യഹൂദൻ വിശുദ്ധ കുർബാനയിലെ ദൈവസാന്നിധ്യം വിശ്വസിക്കും. വെല്ലുവിളി സ്വീകരിച്ച അന്തോണീസച്ചൻ മൂന്നാം ദിവസം വിശന്നു വലഞ്ഞിരിക്കുന്ന കഴുതയുടെ മുൻപിൽ തിരുവോസ്തിയുമായി നിന്നു. യഹൂദനാകട്ടെ ഭക്ഷണവുമായും. ആളുകളെല്ലാം ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു. അപ്പോൾ അതാ, വിശന്നിരുന്ന ആ കഴുത ഭക്ഷണം ഒന്ന് നോക്കുകപോലും ചെയ്യാതെ തലകുനിച്ച് വിശുദ്ധ കുർബാനയെ ആരാധിച്ചു! ഈ പ്രപഞ്ചം മുഴുവൻ വിശുദ്ധ കുർബാനയെ അറിയുന്നു എന്നത് എത്രയോ സത്യമാണ്!

വിശുദ്ധ അന്തോണീസിനെ വിശുദ്ധിയിൽ, ദൈവിക ഭ്രമണപഥത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന ഊർജസൂത്രവാക്യമായിരുന്നു വിശുദ്ധ കുർബാന. അദ്ദേഹം, താൻ ജീവിച്ചിരുന്ന കാലത്തെ വചന പ്രഘോഷകരിൽ മുന്പനായതും, അദ്ദേഹത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ അവഗാഹമായ പാണ്ഡിത്യം ഉണ്ടായതും, പാവങ്ങളോടും രോഗികളോടും ഹൃദയാർദ്രമായ സ്നേഹം ഉണ്ടായതും, വിശുദ്ധ കുർബാനയിലുള്ള വിശ്വാസത്തിന് ജീവിതത്തിൽ ദൃശ്യാവിഷ്‌കാരം നല്കിയതുകൊണ്ടാണ്.

ഓരോ ക്രൈസ്തവന്റെയും പ്രത്യക്ഷമായ ക്രൈസ്തവജീവിതത്തിന്റെ അളവുകോൽ വിശുദ്ധ കുർബാനയാണ്.

sunday sermon lk 6, 27-36

ശ്ളീഹാക്കാലം നാലാം ഞായർ

ലൂക്ക 6, 27-36

സന്ദേശം

Jesus Christ - Love your enemies (from The Passion of Christ) - YouTube

എന്താണ് ക്രൈസ്തവ ജീവിതം എന്ന ചോദ്യത്തിന് വളരെ ലളിതമായ ഒരുത്തരമുണ്ട്: “ഞാൻ എന്റെ ദൈവത്തോടൊപ്പമുള്ള, എന്റെ ക്രിസ്തുവിനോടൊപ്പമുള്ള ജീവിതം.”   ദൈവം നമ്മോടൊപ്പമുള്ള ജീവിതം എന്നതിനേക്കാൾ നാം ദൈവത്തോടൊപ്പമുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം. അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ പലരീതിയിൽ നമുക്ക് ഉത്തരം പറയുവാൻ സാധിക്കും. ഒന്ന്, വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് നമ്മുടെ ദൈവം. (സങ്കീ 33, 4) രണ്ട്, ദൈവത്തിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ഫലരഹിതമായി തിരിച്ചു വരില്ല. അത് ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റും.’ (ഏശയ്യാ 55, 11) മൂന്ന്, നമ്മുടെ ദൈവം നമ്മുടെ കൂടെ വരും. അവിടുന്ന് നമ്മെ നിരാശപ്പെടുത്തുകയോ, പരിത്യജിക്കുകയോ ഇല്ല. (നിയമ 31, 6) ഈശോയുടെ വാഗ്ദാനം ഇതാണ്: “ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്താ, 28, 20) അതുകൊണ്ട് ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. പക്ഷേ, തിരിച്ചൊന്ന് ചോദിച്ചാൽ? നാം ദൈവത്തിന്റെ ഒപ്പമുണ്ടോ? ഉത്തരം പറയുവാൻ നാം അല്പം മടിക്കും. ശ്ളീഹാക്കാലത്തിന്റെ ഈ ഞായറാഴ്ച്ച ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനായിട്ടാണ് നാം ശ്രമിക്കുന്നത്.

വ്യാഖ്യാനം

ക്രൈസ്തവർ തങ്ങളുടെ ജീവിതംകൊണ്ടാണ് തങ്ങൾ ക്രിസ്തുവിനോടൊപ്പമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത്. പുറമെ കാണിക്കുന്ന ജാഡകൾ ലോകത്തിന്റെ മുൻപിൽ വിജയിക്കുമെങ്കിലും, ദൈവത്തിന്റെ മുൻപിൽ അവ വിലപ്പോകില്ലല്ലോ. ക്രൈസ്തവർ നിർമിക്കുന്ന ജീവിതങ്ങളുടെ, നയിക്കുന്ന ജീവിതങ്ങളുടെ സ്വഭാവമെന്തായിരിക്കണമെന്നാണ്, അതിന്റെ structure എങ്ങനെയായിരിക്കണമെന്നാണ്, അതിന്റെ മോന്തായം എങ്ങനെയാണ് പണിയേണ്ടതെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നത്. ദൈവം നമ്മോടൊപ്പമുണ്ടായാൽ പോരല്ലോ, നാമും ദൈവത്തോടൊപ്പമുണ്ടാകണ്ടേ? തീർച്ചയായും വേണം.

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എബ്രാഹം ലിങ്കന്റെ കാലം ആഭ്യന്തര യുദ്ധങ്ങളാൽ കലുഷിതമായിരുന്നു. അമേരിക്കയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലായിരുന്നു യുദ്ധം. United states of America യും, Confederate states of America യും തമ്മിൽ അടിമത്ത പ്രശ്‌നത്തെച്ചൊല്ലിയുള്ള യുദ്ധം പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. ആ ആഭ്യന്തര യുദ്ധം എബ്രഹാം ലിങ്കണെ വളരെയേറെ തളർത്തിക്കളഞ്ഞിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉപദേശകരും, മത നേതാക്കന്മാരും അദ്ദേഹത്തിന് കൊടുത്ത ഉപദേശമിങ്ങനെയായിരുന്നു: ‘മിസ്റ്റർ പ്രസിഡന്റ്, അങ്ങ് ഒട്ടും ഭയപ്പെടേണ്ട. നാം വിജയിക്കും. കാരണം ദൈവം നമ്മോടൊപ്പമുണ്ട്.” അതിനു മറുപടിയായി

Abraham Lincoln - America's Bloodiest Clash, the Sectional Conflict of the Civil  War (1861-1865)

എബ്രഹാം ലിങ്കൺ പറഞ്ഞത് ഇങ്ങനെയാണ്:” ദൈവം നമ്മോടൊപ്പമുണ്ടെന്നത് ശരിയാണ്. എന്നാൽ, നാം ദൈവത്തോടൊപ്പമുണ്ടോ എന്നതാണ് പ്രശ്നം.” കോവിഡ് 19 പോലുള്ള മഹാമാരികൾ ലോകം മുഴുവനും ഭീതിവിതയ്ക്കുമ്പോൾ നാം ചോദിക്കുന്നത് ദൈവം നമ്മോടൊപ്പമുണ്ടോ എന്നായിരിക്കും. എന്നാൽ, പ്രിയപ്പെട്ടവരേ, മഹാമാരി നമ്മുടെ ജീവിതങ്ങളെ തകർത്തെറിയുമ്പോൾ ചോദിക്കേണ്ടത്, നാം ദൈവത്തോടൊപ്പമുണ്ടോ എന്നല്ലേ? നാം ദൈവത്തോടൊപ്പമില്ലാത്തതായിരിക്കില്ലേ നമ്മുടെ ജീവിതത്തിലെ കഷ്ടങ്ങൾക്ക് കാരണം? ഇതാ, ഒരു check list. ഇന്നത്തെ സുവിശേഷം ഒരു check ലിസ്റ്റാണ്. ഇന്നത്തെ സുവിശേഷത്തിൽ പറയുന്നവ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ നാം ക്രിസ്തുവിനോടൊപ്പമാണ്.

ക്രൈസ്തവജീവിതം നാം കണ്ടെത്തുന്ന ഒന്നല്ലല്ലോ. അത് നാം നിർമിക്കുന്ന ഒരു ജീവിതമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടെത്തിയ ഒരു മതജീവിതമുണ്ട്. അത് യഹൂദ മത പശ്ചാത്തലത്തിൽ പ്രധാനമായും ഫരിസേയരുടെയും, നിയമജ്ഞരുടെയും, പുരോഹിതരുടേയുമൊക്കെ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അത് വേദനിക്കുന്നവനെ സഹായിക്കുവാൻ ചെറുവിരൽപോലും അനക്കാത്ത മതജീവിതമായിരുന്നു. അത് ദീർഘനേരം പ്രാർത്ഥിക്കുന്നു എന്ന് നടിക്കുന്ന ഒരു മതജീവിതമായിരുന്നു. അത് നെറ്റിപ്പട്ടങ്ങൾക്ക് വീതിയും, വസ്ത്രത്തിന്റെ തൊങ്ങലുകൾക്ക് നീളവും കൂട്ടുന്ന ഒന്നായിരുന്നു. അത് വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സാദൃശ്യമായിരുന്നു. അത് ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞ ജീവിതമായിരുന്നു. (മത്താ 23, 1-36) എന്നാൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കാലാണ് തന്റെ ജീവിത ദൗത്യമെന്നു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ, ദൈവികമൂല്യങ്ങളെ പണിവസ്തുക്കളാക്കി സ്വന്തം ജീവിതം നിർമിക്കുകയാണ്. ആ നിർമ്മിതിക്ക് ഈശോ ഉപയോഗിച്ച കല്ലും, മണ്ണും, സിമന്റും, പെയിന്റുകളും എന്തായിരുന്നു എന്ന് ഈശോ നമുക്കിന്ന് പറഞ്ഞു തരികയാണ്. കണ്ടെത്തുന്ന ക്രൈസ്തവജീവിതത്തിൽ (Finding Christian life) നിന്ന്, സുവിശേഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ക്രൈസ്തവജീവിത (Constructing Christian life) ത്തിലേക്കുള്ള ദൂരമാണ് നമുക്കും ക്രിസ്തുവിനും ഇടയിലുള്ളത് എന്ന് മനസ്സിലാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

സുവിശേഷ ഭാഗ്യങ്ങളാണ് ഈശോയുടെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. സ്നേഹമാണ് ആ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്ന, മനോഹരമാക്കുന്ന പ്രധാന ഘടകം. ഈശോയുടെ വ്യക്തിജീവിതത്തിന്റെ ജീവനകല (art of living) എന്ന് പറയുന്നത്, ആറാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യമാണ്: “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ,” ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതന്മാർ ഈ വചനത്തെ the Golden Rule of Love (സ്നേഹത്തിന്റെ സുവർണനിയമം) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈശോ ഉപയോഗിക്കുന്ന പെയിന്റുകളുടെ ബ്രാൻഡ് നെയിം “കരുണ” എന്നാണ്. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”. നാം നിർമിക്കുന്ന ക്രൈസ്തവജീവിത നിർമ്മിതിക്ക് അടിസ്ഥാനമാകേണ്ടത് ഈശോ ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ കാര്യങ്ങളാണ്. കണ്ടെത്തുന്ന ജീവിതം വൈരുധ്യാത്മകമാണെങ്കിലും, ക്രിസ്തു തന്റെ ജീവിത നിർമ്മിതിക്ക് ഉപയോഗിച്ച raw materials ഇവയെല്ലാമാണ്.

നാം കണ്ടെത്തുന്ന ജീവിതങ്ങൾ ഈ സുവർണ നിയമനുസരിച്ചുള്ളവ ആയിരിക്കണമെന്നില്ല; ക്രിസ്തു പറയുന്ന തത്വങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരിക്കണമെന്നില്ല. നമ്മുടെ കേരളത്തിൽ തന്നെ നോക്കൂ… കേരളത്തിന്റെ സാമൂഹ്യശരീരത്തിൽ വർഗീയതയുടെ, രാഷ്ട്രീയവത്ക്കരിക്കപ്പെട്ട മതത്തിന്റെ മാരക പുഴുക്കുത്തുകളേൽക്കാൻ തുടങ്ങിയിട്ട് അധികനാളുകളായില്ല. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയുടെ കാറ്റ് ഇവിടെ വീശുന്നത് അതിവേഗമാണ്. ദൈവത്തിന്റെ പേരുപറഞ്ഞു മതവൈരത്തിന്റെ ചേരുവകകൾ ചേർക്കുന്നവർ ദൈവത്തോടൊപ്പമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന പഴയ ശീലുകൾ രാഷ്ട്രീയ പാർട്ടികൾ പാടിത്തിമിർക്കുമ്പോൾ വെല്ലുവിളികൾ കനക്കുകകയാണ്. ക്രിസ്തു അവതരിപ്പിച്ച ആത്മീയ വിപ്ലവം കോർപൊറേറ്റിസത്തിനു വഴിമാറുന്നതുകൊണ്ടു ക്രിസ്തുവിന്റെ വചനങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവ ജീവിത നിർമ്മിതിക്ക് ഇവിടെ ഇടമില്ലാതായിരിക്കുന്നു. അപ്പോൾ പിന്നെ നാം ദൈവത്തോടൊപ്പമാണോ എന്ന് പ്രത്യേകിച്ച് check ചെയ്യേണ്ടതില്ല.

എന്നാലും, ക്രിസ്തു നൽകുന്ന ഈ ലിസ്റ്റ് ഒന്ന് check ചെയ്യുന്നത്, നമ്മുടെ ജീവിതവുമായി ഒത്തു നോക്കുന്നത് നല്ലതാണ്. സ്നേഹത്തിന്റെയും, പരിഗണയുടെയും, സഹോദരസ്നേഹത്തിന്റെയും, ശത്രുവിനെ സ്നേഹിക്കുക, ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുക എന്നീ ക്രൈസ്തവ ശുശ്രൂഷയുടെയും അന്തരീക്ഷവും, സംസ്കാരവും കുടിയിറങ്ങുന്ന ക്രൈസ്തവ കുടുംബ, സന്യാസ, പൗരോഹിത്യ സാഹചര്യങ്ങളുമായി ഈ check list ഒത്തുപോകുന്നില്ല എന്നത് സങ്കടകരമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിൽ നാം കാണുന്ന പരോക്ഷമായ ക്രിസ്തു സ്വഭാവങ്ങൾ പ്രത്യക്ഷമായ ക്രൈസ്തവ ജീവിതങ്ങൾക്ക് അന്യമാകുന്നു എന്നത് ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്!നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ശത്രുവിനെ ശത്രുവായി തിരിച്ചറിയുമ്പോഴും, അവനെ/ അവളെ സ്നേഹിക്കുവാൻ കഴിയുക, ഈ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി താൻ മരിക്കുമെന്നറിഞ്ഞിട്ടും കുഞ്ഞിന് ജന്മം നൽകുവാൻ തയ്യാറാകുക, ഭാവിയിൽ മക്കൾ സംരക്ഷിക്കുമോ എന്ന് ഉറപ്പില്ലാതിരിക്കുമ്പോഴും കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ജീവിക്കുക, ലോകം മുഴുവനും കളിയാക്കി ചിരിക്കുമ്പോഴും ക്രിസ്തുവിന്റെ സന്യാസിയായി, സന്യാസിനിയായി, പുരോഹിതനായി ജീവിക്കുക – ഇവയെല്ലാം സ്നേഹമുള്ളവരേ, ക്രൈസ്തവസാക്ഷ്യത്തിന്റെ നേർചിത്രങ്ങളാണ്! ക്രിസ്തുവിനോടൊപ്പമാണ് നാം ജീവിക്കുന്നത് എന്നതിന്റെ ജീവനുള്ള അടയാളങ്ങളാണ്!

മഹാകവി രബീന്ദ്ര നാഥ് ടാഗോറിന്റെ ഒരു ജീവിത ചിത്രീകരണം ഇങ്ങനെയാണ്:” ഒരിക്കൽ മഴു ചെന്ന് വൃക്ഷ ത്തോട് ചോദിച്ചു:”നിന്റെ ശാഖകളിലൊന്ന് എനിക്കായി നീട്ടിത്തരാമോ? വൃക്ഷത്തിന് കാര്യം മനസ്സിലായി. തന്റെ ശാഖ കൊണ്ട് മഴുവിന് കൈയിട്ടു ശക്തനാകണം. പിന്നെ എന്നെത്തന്നെ വെട്ടിയെടുക്കണം. വൃക്ഷം ഇത് മനസ്സിലാക്കിയെങ്കിലും തന്റെ ശിഖരം മഴുവിനായി നീട്ടിക്കൊടുത്തു.”

Remembering Rabindranath Tagore and His Wise Words

സ്നേഹമുള്ളവരേ, സമൂഹവും, പാരമ്പര്യവും, കല്പിച്ചു തന്ന കണ്ടെത്തിയ ക്രൈസ്തവ ജീവിതം അല്ല, ക്രിസ്‌തുവിന്റെ ജീവിതം പഠിച്ചു, ധ്യാനിച്ച്, അതിന്റെ ചൈതന്യം മനസ്സിലാക്കി നാം നിർമിച്ചെടുക്കുന്ന ക്രൈസ്തവജീവിതത്തിലേക്കാണ് ക്രിസ്തു നമ്മെ വിളിക്കുന്നത്. ഇന്നുവരെ നാം കണ്ടെത്തിയവയുടെ ഭാരവുംപേറി ക്ഷീണിതരായി, കാലാകാലങ്ങളിൽ നമ്മിൽ അടിഞ്ഞുകൂടിയ തിന്മകളുടെ, കുറവുകളുടെ വൈകല്യങ്ങളുമായി ജീവിക്കേണ്ടവരല്ല നാമെന്നു ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുമ്പോൾ, കോവിഡാനന്തര ക്രൈസ്തവജീവിതം പുതിയ നിർമിതിയായിരിക്കണം എന്ന് പ്രതിജ്ഞ എടുക്കാവാൻ നമുക്കാകണം.

ആധുനികതയുടെ, വാണിജ്യവത്കരണത്തിന്റെ, ആർഭാടത്തിന്റെ, സ്ഥാപനനടത്തിപ്പിന്റെ, ആഘോഷങ്ങളുടെ പുഴുക്കുത്തുകളേറ്റു വികൃതമായ ക്രൈസ്തവജീവിതമുഖം നാം വലിച്ചെറിയണം. ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സഭയായി, സഭാമക്കളായി നമുക്ക് ഉയിർത്തെഴുന്നേൽക്കുവാൻ കഴിയണം. നമ്മുടെ ഇപ്പോഴുള്ള ധാരണകളും സുവിശേഷാത്മകമല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തു ഇന്ന് നമ്മെ വിളിക്കുകയാണ്. ഓർക്കണം, ക്രിസ്തുവിനുവേണ്ടി, ആദിവാസികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മലയാളിയായ ദയാബായി എന്ന സഹോദരിയെ, ആദിവാസി വസ്ത്രം ധരിച്ചെന്ന പേരിൽ പബ്ലിക് ബസ്സിൽ കയറ്റാതിരുന്നവരാണ് നമ്മൾ. എറണാകുളത്തും മുളന്തുരുത്തിയിലും വച്ച് വസ്ത്രത്തിന്റെ പേരിൽ ബസ്സിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചവരാണ് നാം. പാലായിലെ പൂവരണിയിൽ ജനിച്ചു, മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയിൽ ജീവിച്ചു, ഇന്റർനാഷണൽ വേദികളിൽ, ലോകം മുഴുവനുമുള്ള വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്കുവേണ്ടി ക്രിസ്തുശബ്ദമാണ് ദയാബായി. നമ്മുടെ ക്രൈസ്തവ മൂല്യങ്ങളെവിടെ? ഇന്ന് ക്രിസ്തു വച്ച് നീട്ടുന്ന check list മായി ഇതിനെന്തു ബന്ധം?

നമ്മുടെ ക്രൈസ്തവസമൂഹങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ പലരെയും നാം അകറ്റി നിർത്തുന്നില്ലേ? ‘പുതുക്രിസ്ത്യാനിയും അവശ ക്രിസ്ത്യാനിയും മാർഗ്ഗവാസിയും’ ആയി വേർതിരിച്ചുള്ള ക്രിസ്തുമതത്തിനുള്ളിലെ ജാതിയെ തിരിച്ചറിഞ്ഞു, ദളിതരെ സംഘടിപ്പിച്ചു ക്രൈസ്തവ നവോത്ഥാനത്തിന്റെ ചരിത്രശബ്ദമായി മാറിയ പൊയ്കയിൽ യോഹന്നാന് എന്ത് സ്ഥാനമാണ് ഭാരത ക്രിസ്തുമതത്തിലുള്ളത്? നമ്മുടെ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നമ്മുടെ പെരുമാറ്റരീതികൾ ക്രിസ്തു വ്യക്തിത്വത്തിലെ ബ്രാൻഡഡ് കളറായ “കരുണ“യെ പ്രതിഫലിപ്പിക്കുന്നതാണോയെന്നു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. കോവിഡ് മാറുവാൻ പ്രാർത്ഥിക്കുന്നത് നല്ലതാണ്. ആരാധനയും ഓൺലൈൻ ധ്യാനങ്ങളും നല്ലതു തന്നെ. എന്നാൽ നമ്മൾ ദൈവത്തോടൊപ്പമല്ലായെങ്കിൽ, എന്നുവച്ചാൽ, ഈ check ലിസ്റ്റുമായി നമ്മുടെ ജീവിതങ്ങൾ ഒത്തു പോകുന്നില്ലായെങ്കിൽ…? ക്രിസ്തു ചൈതന്യം വറ്റിയ ഹൃദയങ്ങളുടെ ജീവിത നിർമിതി കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നു പോകില്ലേ?

ഈശോ നമ്മോടു പറയുന്നു: “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ഇപ്പോഴത്തെ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾക്ക് മാറ്റം ആവശ്യമായിരിക്കുന്നു. സുവിശേഷ മൂല്യങ്ങളിലേക്കു മടങ്ങി, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രൈസ്തവ, കുടുംബ, സന്യാസ പൗരോഹിത്യ വ്യക്തിത്വങ്ങൾ പുനർ നിർമിക്കേണ്ടിയിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.

ശത്രുവിന്റെ മനസ്സറിഞ്ഞും, അധിക്ഷേപിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചും, തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ നന്മചെയ്തും സുവിശേഷമൂല്യങ്ങൾക്കു ജീവൻ കൊടുത്തവനാണ് ക്രിസ്തു. ക്രൈസ്തവ ജീവിത നിർമിതി സ്വപ്നം കണ്ടവനാണ് ക്രിസ്തു. അയൽക്കാരന്റെ ദുഃഖവും, വേദനയും, അവന്റെ പട്ടിണിയും, ദാരിദ്ര്യവും, അഭിസംബോധനചെയ്തുകൊണ്ടാണ് ക്രിസ്തു ജീവിതം ആരംഭിച്ചത്.

സമാപനം

അടുപ്പിൽ വിറകെരിയുമ്പോൾ തീയുണ്ടാകുന്നപോലെ, നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സന്യാസ പൗരോഹിത്യ ജീവിതത്തിൽ, ക്രൈസ്തവികതയുടെ വിവിധ തലങ്ങളിൽ ധാർമികത, ക്രിസ്തു മൂല്യങ്ങൾ കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. അതിനായി, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നിലപാടുതറയിൽ കയറി നിൽക്കുവാൻ സഭാധികാരികൾ മുതലുള്ള ക്രൈസ്തവർക്ക് കഴിയണം.

Christianity - Dogma, Definition & Beliefs - HISTORY

നമുക്ക് ചുറ്റും അസ്വസ്ഥതയും, അനീതിയും, അക്രമവും, മഹാമാരിയും നടമാടുമ്പോൾ എങ്ങനെ നമുക്ക് നമ്മുടെ സൗധങ്ങളിൽ കിടന്നു ഉറങ്ങാൻ കഴിയും? ഒരു ക്രിസ്തുവിനു, യഥാർത്ഥ ക്രിസ്തു ശിഷ്യന് അതിനു കഴിയില്ല. ക്രിസ്തുമൂല്യങ്ങളിൽ അടിയുറച്ച ക്രൈസ്തവജീവിതമായി സമൂഹത്തിൽ ഉപ്പായി, ദീപങ്ങളായി നമുക്ക് മാറാം. ക്രിസ്തു എന്ന സംസ്കാരം നമ്മുടെ ജീവിതങ്ങളിൽ, ജീവിത നിർമിതിയിൽ തെളിയട്ടെ. ആമേൻ!

Communicate with love!!