SUNDAY SERMON LK 17, 11-19

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 17,11-19

കൈത്താക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. നിങ്ങൾക്കറിയാവുന്നതുപോലെ, കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്.

ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയാകട്ടെ ജെറുസലേമിലേക്കുള്ള യാത്രയിലും. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ സ്വരമുയർത്തി “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ” എന്നപേക്ഷിക്കുന്നതാണ് രംഗം.

ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ്, പ്രത്യേകിച്ചും ലൂക്കാ സുവിശേഷകന്. ദൈവം തന്റെ രക്ഷ മനുഷ്യകുലത്തിന് നൽകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജനത സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന ഒരു സൂചന ഈ സംഭവം നൽകുന്നുണ്ട്. മാത്രമല്ല, ദൈവത്തിന്റെ രക്ഷയോട് വിജാതീയർ സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്നും ഈ സംഭവം പറഞ്ഞുതരുന്നുണ്ട്. വീണ്ടും, ദൈവത്തിന്റെ രക്ഷയോട്  ഇന്ന് വചനം ശ്രവിക്കുന്ന നാം സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നും ഈ സംഭവം പ്രഘോഷിക്കുന്നുണ്ട്. ഇസ്രായേൽ ജനം ദൈവത്തിന്റെ രക്ഷ തിരസ്കരിച്ചപോലെ നാമും ചെയ്യാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. സമരിയാക്കാരൻ തിരികെ വന്ന് ദൈവത്തെ മഹത്വപ്പെടുത്തിയപോലെ നാമും ദൈവത്തിന്റെ രക്ഷക്ക്, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നൽകുന്ന പരിപാലനക്ക് നന്ദി പറയുന്നവരാകണം എന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷം.  

ഭൂമിശാസ്ത്രപരമായ ഒരു തെറ്റ് ഈ സുവിശേഷഭാഗത്തുണ്ട്. ‘സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ’ ഈശോ കടന്നു പോകുകയായിരുന്നു എന്നാണു വചനം പറയുന്നത്. എന്നാൽ സമരിയായും ഗലീലിയും അതിർത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളാണ്. അതായത് ജറുസലേമിലേക്കുള്ള യാത്രയിൽ ആദ്യം സമറിയാ, പിന്നീട് ഗലീലി. അവയ്ക്കിടയിൽ ഒരു ഗ്രാമമില്ല. അതുകൊണ്ടു ഈശോ പ്രവേശിച്ച ഗ്രാമം സമറിയാ ആയിരുന്നിരിക്കണം.

ആരൊക്കെയാണ് ഈ പത്തു കുഷ്ഠരോഗികൾ? കൃത്യമായി അവരാരൊക്കെയാണ് എന്ന് ഇവിടെ വ്യക്തമല്ല. എന്നാൽ, ഈശോയുടെ, ‘ഈ വിജാതീയനല്ലാതെ’ എന്ന പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ബാക്കി ഒൻപതുപേർ യഹൂദരായിരുന്നിരിക്കണം എന്നാണ്.

ഇവിടെ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങൾ താമസിച്ചിരുന്നത് സമരിയായിലാണ്. അപ്പോഴാണ് അസ്സീറിയാക്കാർ അവരെ ആക്രമിക്കുകയും ബന്ദികളായി അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ ധാരാളം വിജാതീയർ സമരിയായിൽ വന്നു താമസിച്ചു. പിന്നീട് ഇസ്രായേൽക്കാർ തിരിച്ചെത്തിയപ്പോൾ വിജാതീയരുമായി ഇടകലർന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിവാഹങ്ങൾ നടത്തുകയും സംസ്കാരങ്ങൾ പങ്കിടുകയും ചെയ്തു. അങ്ങനെയാണ് സമരിയായിൽ യഹൂദരും   വിജാതീയരും ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടായത്. അതുകൊണ്ടു തന്നെ ഈ പത്തു പേരിൽ ഒന്പതുപേർ യഹൂദരാകാം.

ഇതോടൊപ്പം തന്നെ, യഹൂദരോടും, വിജാതീയരോടുമുള്ള ഈശോയുടെ സമീപനവും നാം മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്രായേൽ ജനത്തോടു ഒരു വിമർശനാത്മകമായ സമീപനമായിരുന്നു ഈശോയുടേത്. കാരണം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്ന ഒരു ഹുങ്ക് അവർക്കുണ്ടായിരുന്നു. നിയമം അനുഷ്ഠിക്കൽ മതി രക്ഷപ്പെടും എന്ന ചിന്തയും അവർ പുലർത്തിയിരുന്നു. അതിനാൽ തന്നെ, കരുണയും സ്നേഹവും അവരിൽ നിന്ന് അകന്നു നിന്നു. എന്നാൽ വിജാതീയരോട് കരുണാപൂർണമായിരുന്നു ഈശോ ഇടപെട്ടത്. മാത്രമല്ല, അവരെ പുകഴ്ത്താനും അവസരം കിട്ടുമ്പോൾ ഈശോ മടിച്ചില്ല. നല്ല സമരായൻ, (ലൂക്ക 10, 25-), സമരായക്കാരി (യോഹ 4, 1-), ഇന്നത്തെ സുവിശേഷ ഭാഗത്തിലെ വിജാതീയൻ – എല്ലാവരെയും ഈശോ ഹീറോസ് ആയിട്ടാണ് അവതരിപ്പിക്കുന്നത്.

പത്തു കുഷ്ഠരോഗികളും അകലെ നിന്നവരായിരുന്നു. കുഷ്ഠ രോഗികളായതുകൊണ്ടു നിയമനുസരിച്ചു അവർ അകലെ നിൽക്കണമായിരുന്നു. സമൂഹത്തിൽ നിന്ന് അവരെ മാറ്റി നിർത്തിയിരുന്നു. പുരോഹിതന്മാർക്കായിരുന്നു അവരെ തിരികെ സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനും അവകാശമുണ്ടായിരുന്നത്.  

ഈശോയോടു അപേക്ഷിച്ചപ്പോൾ പുരോഹിതനെ കാണിച്ചുകൊടുക്കുവിൻ എന്ന് പറഞ്ഞപ്പോൾ, അതിൽ വിശ്വസിച്ച് അവർ പോയി എന്നത് ക്രിസ്തുവിലുള്ള അവരുടെ വിശ്വാസമാണ് കാണിക്കുന്നത്. അതിന് അവർക്കു പ്രതിഫലം കിട്ടി. “പോകും വഴി അവർ സുഖം പ്രാപിച്ചു.”

എന്നാൽ, അതിനോടുള്ള അവരുടെ മനോഭാവം ഈശോയെ ഞെട്ടിച്ചു കാണണം. ഒൻപതു യഹൂദർ വിചാരിച്ചു കാണും ഈ സൗഖ്യം തങ്ങളുടെ അവകാശമാണെന്ന്; ഈ സൗഖ്യം തങ്ങൾ നേടിയെടുത്തതാണെന്ന്; ഈ സൗഖ്യം തങ്ങളുടെ സ്വരമുയർത്തിയുള്ള വിളിയുടെ ഫലമാണെന്ന്. വിളിക്കും മുൻപേ ഉത്തരമരുളുന്ന, ചോദിക്കും മുൻപേ നമ്മെ കേൾക്കുന്ന (ഏശയ്യാ 65, 24) ഒരു ദൈവത്തെയാണ് അവർ ഈശോയിൽ കണ്ടത്.

എന്നാൽ, വിജാതീയൻ ഉടൻ തന്നെ മനസ്സിലാക്കി താൻ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. ഇതെനിക്ക് നല്കപ്പെട്ടതാണ്. ഇത് ദൈവത്തിന്റെ മഹാ അത്ഭുതമാണ്. അയാൾ തിരികെ വന്നു ഈശോയുടെ കാൽക്കൽ വീണു നന്ദി പറഞ്ഞു. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തി.

സ്നേഹമുള്ളവരേ, ഈ വിജാതീയന്റെ മനോഭാവത്തിലേക്ക്, ആധ്യാത്മികതയിലേക്ക് ഈശോ നമ്മെ ക്ഷണിക്കുകയാണ്. നല്കപ്പെട്ടിട്ടുള്ളവയോടെല്ലാം നന്ദിയുള്ളവരാകുക. അപ്പോൾ കൂടുതൽ നമുക്ക് ലഭിക്കും. ഇല്ലാത്തതിനെ ഓർത്തു നാം അസന്തുഷ്ടരാണെങ്കിൽ ഒരിക്കലും നമുക്ക് മതിയാകില്ല. ഇന്ന് നാം കേൾക്കുന്ന അഴിമതിക്കഥകളൊക്കെ നമ്മോടു പറയുന്നത് മനുഷ്യർ അസന്തുഷ്ഠരും അതൃപ്തരുമാണെന്നല്ലേ? അസന്തുഷ്ടരും അതൃപ്തരുമായവരൊക്കെ നന്ദിയില്ലാത്തവരാണ്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger) പറയുന്നത്, നന്ദി പറയുകയെന്നാൽ, അതിനെപ്പറ്റി ചിന്തിക്കുകയെന്നാണ്. നമുക്ക് നൽകുന്നവരെ, നമ്മെ സഹായിക്കുന്നവരെ, നമ്മോട് കരുണകാണിക്കുന്നവരെ നാം ഓർക്കണം. അവരിലൂടെ ലഭിച്ച എണ്ണമറ്റ നന്മകൾക്ക് നന്ദിയുള്ളവരാകണം. അവർ നമ്മുടെ ജീവിതത്തെ നനച്ചു വളർത്തുന്ന, വിടരാൻ സഹായിക്കുന്ന തോട്ടക്കാരാണ്.

ഒരിക്കൽ പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുന്നവഴി റോഡരികിലുള്ള സെന്റ് പാട്രിക് ചർച്ചിൽ കുറച്ചു സമയം ചിലവഴിക്കുവാൻ കയറി. ഞാൻ ചെല്ലുമ്പോൾ ഒരു സ്ത്രീയും അവരുടെ പതിനാലു വയസ്സ് തോന്നിക്കുന്ന മകനും മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വന്നത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ അവർ ഒരു ഗാനം പതിയെ പാടാൻ തുടങ്ങി. (എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ) അതൊരു മലയാള ഗാനമായിരുന്നു. അവർ പാടി: “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എനിക്ക് ആകാംക്ഷയായി. കുറെക്കഴിഞ്ഞു അവർ പള്ളിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞാനും പിന്നാലെ ചെന്നു. ഞാൻ ചെല്ലുന്നതുകണ്ട് ആ സ്ത്രീയും മകനും അവിടെ നിന്നു. നിറഞ്ഞ പുഞ്ചിരിയോടെ നിന്ന ആ സ്ത്രീയോട് പറ്റിപ്പിടിച്ചു നിന്ന മകനെ ഞാൻ ശ്രദ്ധിച്ചു. അവനും എന്നെ നോക്കി ചിരിച്ചു. അവൻ ഒരു ഭിന്നശേഷിക്കാരനായിരുന്നു! “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അഭിമാനം തോന്നി, ജീവിതം എങ്ങനെയായിരുന്നാലും ദൈവത്തിനു നന്ദി പറയുന്ന ആ സ്ത്രീയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെയോർത്ത്!

തൊണ്ണൂറുകളിൽ സിനിമാക്കൊട്ടകളിൽ (അന്ന് മാളുകളോ, Multiplex കളോ ഒന്നും ഇല്ലല്ലോ!) ഉയർന്നുകേട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 1992 ൽ പുറത്തിറങ്ങിയ അഹം എന്ന രാജീവ്‌നാഥ് സിനിമയിൽ നായകൻ സിദ്ധാർത്ഥൻ പാടുന്ന പാട്ടാണ്. വലിയൊരു ചോദ്യമാണ് ഈ ഗാനത്തിന്റെ ആദ്യവരി. ചോദ്യമിതാണ്: “നന്ദിയാരോട് ഞാdൻ ചൊല്ലേണ്ടു?” അന്ന് ധാരാളം അവാർഡുകൾ കിട്ടിയ സിനിമയാണ്. പക്ഷേ, ആധുനിക മനുഷ്യൻ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാതെ, അഹങ്കാരത്തിന്റെ കുതിരപ്പുറത്തിരിക്കുമ്പോൾ, നന്ദി ആരോടാണ് പറയേണ്ടതെന്നുപോലും അറിയാത്തവനായിത്തീരുന്നു. ആരാണ് നമുക്ക് ഈ ജീവിതം നൽകിയത്? ആരാണ് നമുക്ക് ഈ മനോഹരമായ പ്രപഞ്ചം നൽകിയത്? ആരുടെ കരുണ കൊണ്ടാണ് ഇപ്പോഴും നാം ജീവനോടെയിരിക്കുന്നത്? രാത്രിയിൽ ഉറങ്ങുവാൻ കിടക്കുന്ന നമ്മെ ഉണർത്തുന്നതാര്? ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുവാൻ സഹായിക്കുന്നതാര്? പിന്നോട്ട് വച്ച കാൽ മുന്നോട്ട് ആയുവാൻ സഹായിക്കുന്നതാര്?  ഒന്ന് പുഞ്ചിരിക്കുവാൻ, കരയുവാൻ സഹായിക്കുന്നതാര്? സ്നേഹം മാത്രമായ ദൈവം! അപ്പോൾ ആരോടാണ് നാം നന്ദിയുള്ളവരാകേണ്ടത്?

നന്ദിയുള്ളവൻ തന്റെ അറിവെല്ലാം മാറ്റിവച്ച്, അഹന്തയെല്ലാം വെടിഞ്ഞ്, ഒരു ശിശുവിനെപ്പോലെയാകും. അവൾ /അവൻ സ്വീകരിക്കുവാൻ തയ്യാറാണ്. എല്ലാം നല്കപ്പെട്ടതാണെന്നുള്ള വലിയ വെളിപാടിൽ അവൾ /അവൻ കൈകൾ കൂപ്പി നിൽക്കും. സ്വീകരിച്ച, സ്വീകരിക്കുന്ന വലിയ അനുഗ്രഹങ്ങൾക്ക് മുൻപിൽ അവളുടെ /അവന്റെ ഹൃദയം ത്രസിക്കും. അവന്റെ കണ്ണുകളിൽ നിറയെ വിസ്മയമാണ്. ദൈവത്തിന്റെ അത്ഭുതങ്ങൾ ഓരോ ചെറിയ കാര്യത്തിലും അവൻ കാണും. കടപ്പുറത്തെ ഒരു കക്ക, ആരെയും ആകർഷിക്കാത്ത ഒരു കാട്ടുപൂവ്, മുറ്റത്തുകിടക്കുന്ന ഒരു ചെറിയ കല്ല്, അവനെ അത്ഭുതപ്പെടുത്തും. Lewis Carroll ന്റെ “Alice in Wonderland ലെ ആലീസ്   മാത്രമല്ല അത്ഭുത ലോകത്തെത്തുക! നന്ദിയുള്ള ഓരോ വ്യക്തിയും അത്ഭുതലോകത്തിലാണ് ജീവിക്കുന്നത്.

സ്നേഹമുള്ളവരേ, നമുക്ക് ദൈവത്തോട്, ഈ പ്രപഞ്ചത്തോട്, നമ്മുടെ മാതാപിതാക്കളോട്, ആരിൽ നിന്നെല്ലാം നാം സ്വീകരിക്കുന്നുണ്ടോ അവരോടെല്ലാം നന്ദിയുള്ളവരാകാം.

നമ്മുടെ വിശുദ്ധ കുർബാന ദൈവത്തിനോടുള്ള നന്ദി പ്രകടനത്തിന്റെ ആഘോഷമാണെന്നു നമ്മിൽ എത്ര പേർക്കറിയാം? വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ നാം സ്തുതിയും കൃതജ്ഞതയും ദൈവത്തിനു സമർപ്പിക്കുകയല്ലേ. പ്രത്യേകമായി, ദൈവത്തിനു നന്ദി പറയുന്ന ഒരു ഭാഗം നമ്മുടെ ബലിയിലുണ്ട്. കൂദാശാ വചനം കഴിഞ്ഞുള്ള പ്രണാമജപം ആണത്. കൂദാശാവചനഭാഗം   ഈശോയുടെ കുരിശു മരണത്തിന്റെ ഏറ്റവും ഉന്നതമായ നിമിഷമാണ്. (The crowning point of his death) (സീറോമലബാർ സഭയുടെ ആരാധനാക്രമമനുസരിച്ച് കൂദാശാവചനഭാഗം ഈശോയുടെ കുരിശുമരണമെന്ന മഹാരഹസ്യം ഓർക്കുന്ന, ആചരിക്കുന്ന, ആഘോഷിക്കുന്ന നിമിഷമാണെന്ന് എത്ര ക്രൈസ്തവർക്കറിയാം!!!) അതിനുശേഷം വൈദികൻ ഏറ്റുപറയുകയാണ്. കർത്താവേ, …നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്താണ് ആ വലിയ അനുഗ്രഹം? ദൈവത്തിന്റെ രക്ഷ, വിശുദ്ധ കുർബാന. ചില വൈദികർ ഇവിടെ അനുഗ്രഹങ്ങൾ എന്ന് പറയാറുണ്ട്. അതിന്റെ ആവശ്യമില്ല. ആദ്യം തന്നെ എല്ലാമായ വലിയ അനുഗ്രഹത്തെ ഏറ്റുപറയുകയാണ്. അതിനുശഷമാണ് അനുഗ്രഹങ്ങൾ ഓരോന്നായി പറയുന്നത്. എട്ട് അനുഗ്രഹങ്ങളാണ് ഇവിടെ പ്രത്യേകമായി പറയുന്നത്. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന നാം ഇവിടെ എന്ത് ചെയ്യണം?  നന്ദി നിറഞ്ഞ ഹൃദയത്തോടെ നിൽക്കണം. പോരാ, ആ നന്ദി ഏറ്റുപറയണം. എങ്ങനെ? വൈദികൻ പ്രാർത്ഥിക്കുന്നതോടൊപ്പം പറയണം. … നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നന്ദി ഈശോയെ. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ -നന്ദി ഈശോയെ. നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും -നന്ദി ഈശോയെ. അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും -നന്ദി ഈശോയെ. മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു … നന്ദി ഈശോയേ! പാപികളായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു – നന്ദി ഈശോയെ. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകി -നന്ദി ഈശോയെ. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി- നന്ദി ഈശോയെ. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു -നന്ദി ഈശോയെ. അത് കഴിഞ്ഞു വൈദികൻ ഉറക്കെ “നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി …” എന്ന് ചൊല്ലുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ ത്രസിക്കണം. നമ്മുടെ കണ്ണുകൾ നിറയണം. നമുക്ക് രോമാഞ്ചമുണ്ടാകണം. ഈ സമയത്തെ ഭക്തന്റെ അനുഭവവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ!

പക്ഷെ, ധാരാളം വൈദികർ, മിക്കവാറും പള്ളികളിൽ ഈ പ്രണാമജപം ചൊല്ലുന്നില്ല. കഷ്ടം തന്നെ! ചൊല്ലാത്തതിൽ രൂപതയിലെ ബിഷപ്പിന് പ്രശ്നമില്ല. വൈദികർക്കും പ്രശ്നമില്ല. അല്മായർക്ക് ഒട്ടും പ്രശ്നമില്ല. മറ്റൊരു പ്രാർത്ഥനയ്ക്കും, ഒരു പാട്ടിനും ഇതുപോലൊരു ദൈവാനുഭവം നൽകുവാൻ കഴിയില്ല. ദൈവത്തോട് നന്ദി പറയുവാൻ നമുക്ക് സമയമില്ല. ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ വിജാതീയനെ പിടിച്ചു ഈശോ നമ്മുടെ മുൻപിൽ നിറുത്തുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ അഹന്തയെ മാറ്റി മൈസ്റ്റർ എക്കാർട്ട് (Meister Eckhart) എന്ന മിസ്റ്റിക് പറയുന്നതുപോലെ ‘നമ്മുടെ ജീവിതകാലം മുഴുവനും, ദൈവമേ നന്ദി എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലിയാൽ’ നമ്മുടെ ജീവിതം ധന്യമാകും.’ നമ്മുടെ ജീവിതം ദൈവത്തോടുള്ള, നമ്മുടെ മാതാപിതാക്കളോടുള്ള, ഈ പ്രപഞ്ചത്തോടുള്ള, ഒരു നന്ദി പ്രകടനമായി മാറട്ടെ. നന്ദി നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കും. തിരസ്കാരത്തെ സ്വീകാര്യതയാക്കും. അലങ്കോലത്തെ അലങ്കാരമാക്കും.

ഒരു സാധാരണ ഭക്ഷണത്തെ ആഘോഷമായ വിരുന്നാക്കി മാറ്റും. ഒരു വീടിനെ ഭവനമാക്കും. അപരിചിതനെ സുഹൃത്താക്കും.

ഈശോയേ, നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്ക് നൽകണമേ! ആമേൻ!

SUNDAY SERMON LK 16, 19-31

കൈത്താക്കാലം അഞ്ചാം ഞായർ

ലൂക്ക 16, 19-31

കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ നമ്മുടെ വിചിന്തനം ധനവനെയും ലാസറിനെയും ചുറ്റിപ്പറ്റിയാണ്. എന്തുകൊണ്ടാണ് ആ ദരിദ്രനെ ധനവാൻ ഒന്ന് നോക്കാതിരുന്നത്? ഭക്ഷണശേഷം അയാൾക്കെന്തിങ്കിലും കൂടുതലായി ആവശ്യമുണ്ടോ എന്ന് തിരക്കാതിരുന്നത്? അവന്റെ ദാരിദ്രാവസ്ഥയോർത്ത് എന്തുകൊണ്ടാണ് അയാൾ വേദനിക്കാതിരുന്നത്? വെറുമൊരു അപരിചിതനായി, അന്യനായി ആ ദരിദ്രനെ കരുതിയത് വലിയ തെറ്റായിപ്പോയി എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മിൽ ഭൂരിഭാഗവും.  

മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന്, ഇങ്ങനെയുള്ള മനോഭാവത്തിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ Dictionary യിൽ ഇല്ലാത്ത ഒരു വാക്കാണിത്. എന്നാൽ, നമ്മുടെ മനോഭാവങ്ങളിലും, പ്രവർത്തികളിലും എപ്പോഴും കടന്നുവരുന്ന വാക്കാണിത്. ഒരാളെ കാണുമ്പോൾ നാം Good Morning പറഞ്ഞെന്ന് വരാം, അവൾക്ക്/അവന് എന്തെങ്കിലും സഹായം കൊടുത്തെന്നും വരാം. എങ്ങനെയെങ്കിലും അവൾ/ അവൻ ജീവിച്ചുപോയ്‌ക്കോട്ടെ എന്നും ചിന്തിച്ചെന്നും വരാം. പക്ഷേ, നമ്മുടെ ജീവിതത്തിൽ നിന്ന്, നമ്മുടെ സൗഹൃദത്തിൽ നിന്ന്, നമ്മുടെ സമൂഹത്തിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഇതാണ് അപരവത്ക്കരണം. പാശ്ചാത്യർ ഭാരതത്തിൽ വന്നപ്പോൾ അവർക്കുണ്ടായിരുന്ന മനോഭാവം ഈ അപരവത്ക്കരണമായിരുന്നു. നമ്മെ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. അത്രയും പരിഗണന നമുക്കു നൽകി. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ഡാക്കാ മസ്ലിൻ പോലുള്ള മേൽത്തരം ചിത്രങ്ങൾ ഇവിടെ നിന്ന് കടത്തുവാൻ നമ്മെ ഉപയോഗിച്ചു. എന്നാൽ നമ്മെ അവരുടെ സൗഹൃദങ്ങളിൽ നിന്ന് ചാപ്പകുത്തി അകറ്റി നിർത്താനാണ് അവർ ശ്രമിച്ചത്. ഹൈന്ദവ സമൂഹത്തിലുള്ള വർണ്ണ ജാതി സമ്പ്രദായം അപരവത്കരണത്തിന്റെ ഉത്തമോദാഹരണമാണ്. നമ്മുടെ കുടുംബബന്ധങ്ങളിൽ, വ്യക്തി സമൂഹ ബന്ധങ്ങളിലെല്ലാം അപരവത്ക്കരണത്തിന്റെ ചായക്കൂട്ടുകൾ കാണാം.

ഈ അപരവത്കരണത്തിന്റെ പരിണിതഫലമെന്താണ്? അപരവത്ക്കരണം വഴി ഒരു വ്യക്തി മറ്റൊരാൾക്ക് ആവശ്യമായത് കൊടുക്കുന്നുണ്ടാകാം. പക്ഷെ അയാളെ ഒരു വ്യക്തിയായി സ്വീകരിക്കുന്നുണ്ടാകില്ല. ഹൃദയത്തിൽ അയാൾക്ക് സ്ഥാനമുണ്ടാകില്ല. അയാളെ, ഏതെങ്കിലും കുടുംബങ്ങളെ, ഭാര്യയെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ചാപ്പകുത്തി മനസ്സിൽ നിന്ന് മാറ്റിനിർത്തും.  അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന്റെ പരിണിതഫലം ഭയങ്കരമായിരിക്കും.  അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം ധനവാന്റെയും ലാസറിന്റെയും അല്ലേ?

അതെ, ധനവാന്റെ ദുരന്തത്തിന്റെ കാരണം അപരവത്ക്കരണമായിരുന്നു. ഈ ഭൂമിയിലെ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുൻപിൽ, സഹോദരങ്ങളുടെ മുൻപിൽ അപരവത്ക്കരണമെന്ന വലിയൊരു ഗർത്തം അയാൾ നിർമിച്ചിരുന്നു. ധനവാനെ നോക്കൂ… ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും…സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ച് …ലാസറിനെ പടിവാതിൽക്കൽ കിടക്കാൻ അനുവദിച്ചു…മേശയിൽ നിന്ന് വീണിരുന്നവ ഭക്ഷിക്കാൻ അനുവദിച്ചിരുന്നു…എന്നാൽ തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം അവനെ അകറ്റി നിർത്തി…അപരവത്കരണം!!!

മറ്റൊരു ചെറിയ അല്ല വലിയ ഘടകം ഇവിടെയുണ്ട്. കഥപറച്ചിലുകാരൻ, ഈശോ, ഈ ദരിദ്രന് ഒരു പേര് കൊടുത്തു-ലാസർ. ലാസർ എന്ന വാക്കിന് “ദൈവം സഹായിച്ചു” എന്നാണർത്ഥം. പേരുകൊടുത്തു എന്നുവച്ചാൽ ഒരുവനെ തന്റെ ജീവിതത്തോട് ചേർത്തുനിർത്തി എന്നർത്ഥം.  ധനവാൻ (ലോകം മുഴുവനും) കഥയിലെ ലാസറിനെ അപരനായി, the other ആയി കണ്ടപ്പോൾ ദൈവം അവനെ തന്നോട് ചേർത്ത് നിർത്തുന്നു.  ദരിദ്രന്റെ മരണശേഷമുള്ള ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ് ലാസർ എന്ന പേര്. നോക്കൂ, ദരിദ്രനെ ദൈവദൂതന്മാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അബ്രാഹത്തിന്റെ മടിയിലേക്ക്. (22) ദരിദ്രനെ ധനവാൻ കാണുന്നത് എവിടെയാണ്? ‘അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു,’ (23) ഈ കഥയെ ലാവണ്യമുള്ളതാക്കുന്നത് ഈ പേരാണ്. ഈശോയുടെ മറ്റ് ഉപമകളിൽ കഥാപാത്രങ്ങൾക്ക് പേരില്ലെന്നോർക്കുക! മാത്രമല്ല, അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക എന്നും ഓർക്കുക!!.

സ്നേഹമുള്ളവരേ, ധനവാന്റെയും ലാസറിന്റെയും ഉപമ ചെറുപ്പം മുതലേ കേട്ട്, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്‌ത്‌ ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. അപരവത്കരണത്തിന്റെ വക്താക്കളാകാതെ, മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു, നമ്മുടെ സഹോദരീസഹോദരങ്ങളെ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിച്ചുകൊണ്ട്  ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, യുക്രയിൻ-റഷ്യ യുദ്ധമൊന്നും നമ്മെ സ്പർശിക്കാതെ പോകുന്നു – അപരവത്കരണമെന്ന ദുരന്തത്തിന്റെ ഫലമാണിത്. ഭാരതത്തിൽ ക്രൈസ്തവർ, കന്യാസ്ത്രീകൾപോലും, ഭരണം കയ്യാളുന്നവരുടെ ഒത്താശയോടെ, ഹിന്ദുത്വ താത്പര്യക്കാരുടെ പ്രവൃത്തികൾ മൂലം ജയിലിലാകുന്നു, ആക്രമിക്കപ്പെടുന്നു. നമുക്കത് വേദനയുണ്ടാക്കുന്നില്ല – അപരവത്കരണമെന്ന ദുരന്തത്തിന്റെ ഫലമാണിത്.  ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ ഇന്നത്തെ കഥയ്ക്ക് പ്രസക്തി ഏറുകയാണ്!  സ്നേഹമുള്ളവരേ, ഇങ്ങനെയുള്ളൊരു സാഹചര്യത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ് ഈശോ ഈ ഉപമയിലൂടെ.

ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന  ഒരു അവബോധം അവർക്കില്ലാതെപോയി. പാവപ്പെട്ടവരെ, വേദനിക്കുന്നവരെ, സമൂഹത്തിൽ താഴേക്കിടയിലുള്ളവരെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തി. അങ്ങനെയൊരു ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. അപരവത്കരണത്തിന്റെ വക്താക്കളായിരുന്നു അവർ! അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ് എന്നും നാം അറിയണം. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

സ്നേഹമുള്ളവരേ, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം നമുക്കുണ്ടാകണം. എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത നമുക്കുണ്ടാകണം.  എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും നമുക്കുണ്ടാകണം. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്. അയാൾ ദേവാലയത്തിൽ നിന്ന് പ്രസംഗിച്ചു  സ്വര്‍ഗത്തെക്കുറിച്ച്. ഒരു കുടുംബ സന്ദർശനത്തിൽ അയാൾ പറഞ്ഞത്  മനുഷ്യസ്നേഹത്തെക്കുറിച്ചായിരുന്നു. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” ഈ കവിതയിലെ ‘അയാൾ’, അപരവത്കരണത്തിന്റെ വക്താവാണ്.

അയൽക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവ വൈകൃതം നമ്മെ ബാധിച്ചിരിക്കുകയാണോ? ഒരു രാഷ്ട്രം, ഒരു ജനത, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് ഒരു നേതാവ് തുടങ്ങിയ പരികല്പനകൾ അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങി അപരവത്കരണത്തിനു പശ്ചാത്തലമൊരുങ്ങുകയാണോ എന്ന് ഞാൻ പേടിക്കുന്നു!!. അപരവത്കരണത്തിന്റെ ദുരന്തത്തിലേക്കുള്ള യാത്രയിലാണോ നാം? നിഷ്കളങ്കരായ മനുഷ്യർ മരിച്ചു വീഴുമ്പോഴും, അവരുടെ കിടപ്പാടവും മറ്റും അഗ്നിക്കിരയാകുമ്പോഴും മൗനം നടിക്കുന്ന ഭരണാധികാരികൾ അപരവത്ക്കരണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഭരണാധികാരികൾ മൗനം പാലിക്കുന്നു എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. സാധാരണക്കാരായ പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാതെ അവരെ ദുരന്തത്തിന് വിട്ടുകൊടുക്കുമ്പോൾ, ധനവാന്റേതുപോലുള്ള നിസംഗത പാലിക്കുന്ന ഇവരും ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടിവരും. സ്വന്തം ഭാര്യമാരെ സുഹൃത്തുക്കളുടെ മുൻപിൽവച്ച് അപമാനിക്കുന്നതിൽ അഭിമാനിക്കുന്ന ഭർത്താക്കന്മാരും അപരവത്ക്കരണമാണ് നടത്തുന്നത്. എന്തിന് നഴ്സിങ്ങിനും, മറ്റ് ഡിഗ്രി അഡ്മിഷനുകൾക്കും ഉയർന്ന മാർക്കുള്ളവരെ മാത്രം പരിഗണിക്കുന്നവരും അപരവത്ക്കരണമാണ് നടത്തുന്നത്. അവരെല്ലാം കഥയിലെ ധനവാനെപ്പോലെ ദരിദ്രന്റെ ജീവിതം മനോഹരമാക്കുവാൻ ചെറുവിരൽ അനക്കാത്തവരാണ്!

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം അപരവത്കരണം കൂടുകൂട്ടിയിട്ടുണ്ടെങ്കിൽ അത് നമ്മെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും.

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും ഈശോ നമ്മോടും ചോദിക്കുന്നത് ഈ ചോദ്യമാണ്! സുഹൃത്തേ! ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു.

നിങ്ങൾ വിലയേറിയ കാറിൽ നടക്കുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ആമ്മേൻ!

SUNDAY SERMON MK 7, 1-13

കൈത്താക്കാലം നാലാം  ഞായർ

മര്‍ക്കോ 7, 1 – 13

കൈത്താക്കാലത്തിന്റെ നാലാം ഞായറാഴ്ച്ച പാരമ്പര്യത്തിന്റെയും നിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് ദൈവത്തെയും ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയായ സ്നേഹത്തെയും മറന്നു ജീവിക്കുന്ന നിയമജ്ഞരെയും ഫരിസേയരെയും തിരുത്തുന്ന ഈശോയെയാണ് സുവിശേഷം അവതരിപ്പിക്കുന്നത്. മാനുഷിക സാമൂഹിക പാരമ്പര്യങ്ങളല്ല, ദൈവത്തിന്റെ സ്നേഹത്തിന്റെ കല്പനയാണ് മനുഷ്യൻ ജീവിതത്തിൽ സ്വീകരിക്കേണ്ടതെന്നും, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഓർമിപ്പിച്ചുകൊണ്ട് ഈശോ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അന്നത്തെ ഫരിസേയ – നിയമജ്ഞരെപ്പോലെ നമ്മുടെ ശിരസ്സുകളും കുനിഞ്ഞുപോകുന്നില്ലേയെന്ന് എനിക്ക് ഒരു സംശയം! എന്തായാലും, സർവാധികാരിയും, എല്ലാറ്റിനെയും അടക്കിഭരിക്കുന്ന, കോപിക്കുകയും ഒപ്പം അനുഗ്രഹിക്കുകയും ചെയ്യുന്ന നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു ദൈവത്തെയല്ല ഈശോ നമുക്ക് കാണിച്ചു തരുന്നത്. പഴയനിയമത്തിലെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൈവമാണത്. സ്നേഹം നിറഞ്ഞ, കാരുണ്യം കാണിക്കുന്ന കൂടെ വസിക്കുന്ന ഒരു ദൈവത്തെയാണ് ഈശോ ലോകത്തിന്റെ മുൻപിൽ വരച്ചു കാട്ടിയത്. ഈ ദൈവത്തെ അറിയുവാനും, ദൈവത്തിന്റെ സ്നേഹം ജീവിതത്തിന്റെ സഹജഭാവമാക്കുവാനുമാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്.

ഫരിസേയരുടെയും നിയമജ്ഞരുടെയും ദൈവബോധത്തിന് കടകവിരുദ്ധമായ ദൈവബോധം അവതരിപ്പിച്ച ഈശോയെ എങ്ങനെയും കുടുക്കിലാക്കണമെന്ന് ആഗ്രഹിച്ച ഫരിസേയ-നിയമജ്ഞരാണ് ഈശോയുടെ ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതുകണ്ട് ഈശോയ്‌ക്കെതിരെ തിരിയുന്നത്.

ഫരിസേയ-നിയമജ്ഞരെ മുന്നോട്ടുനയിച്ച ശക്തി Driving Force അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതിസൂക്ഷ്മങ്ങളായ അനുഷ്ടാനങ്ങളുടെ ആകെത്തുകയായിരുന്നു യഹൂദര്‍ക്ക് മതം. 365 വിലക്കുകള്‍, 248 കല്പനകള്‍. അങ്ങനെ 613 നിയമങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങളെ പിന്തുടര്‍ന്നുള്ള ജീവിതവും, നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ടാനവും തങ്ങള്‍ക്ക് നിത്യരക്ഷ പ്രദാനം ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അനുഷ്ടാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്, നിയമങ്ങള്‍ പ്രസക്തമാകുന്നത് മനുഷ്യത്വപരമായ, ഹൃദയപരിശുദ്ധിയോടെയുള്ള, നിസ്വാര്‍ത്ഥമായ ജീവിതം വഴിയാണെന്നുള്ള കാര്യം അവര്‍ മറന്നുപോയി. അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു.

ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു.

രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു.

മൂന്ന്, ദൈവകല്പനയെ, സ്നേഹത്തിന്റെ പ്രമാണത്തെ  അവര്‍ അര്‍ത്ഥമില്ലാത്തതാക്കി.

നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി.

പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, മാതാപിതാക്കന്മാരെ അവഗണിച്ചു. പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു. ഇന്നും അസ്വസ്ഥരായ ജനതയായി ജീവിക്കുന്നു.

സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. നാമും നമ്മുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാനോ, വിശദീകരിക്കുവാനോവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അവ ദൈവവചനത്തിനു എതിരായിപ്പോകുന്നു. മാതാപിതാക്കളോടുള്ള കടമകള്‍ നിർവഹിക്കാതിരിക്കാൻ പാരമ്പര്യങ്ങളെ തേടിപ്പോകുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, ക്രിസ്തുവിന്റെ ത്യാഗത്തെ, മൗനത്തെ മറക്കുന്നു. ദൈവവചനത്തെ നമ്മുടെ സൗകര്യാനുസൃതം നാം ദുരുപയോഗിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവില്‍നിന്ന്, ക്രിസ്തു സ്നേഹത്തിൽ നിന്ന് വളരെ അകലെയാണ്.

രണ്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ക്രൈസ്തവരുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. നിയമങ്ങൾക്ക്, പാരമ്പര്യങ്ങൾക്ക്, അധികാരത്തിന് പകരം സ്നേഹത്തെ പകരം വച്ച ക്രിസ്തു ഇന്നും അകലെയാണ്. നിയമത്തിന്റെ, കാർക്കശ്യത്തിന്റെ, പാരമ്പര്യത്തിന്റെ അധികാരത്തിന്റെ പഴയനിയമം ഇന്നും സ്നേഹത്തിന്റെ പുതിയനിയമത്തിന് മുകളിൽ നിൽക്കുന്നു. ദൈവം സ്നേഹമാണെന്നത് ഒരു പരസ്യവാക്യത്തിനപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി ക്രൈസ്തവർ എന്തുമാത്രം ഉൾക്കൊണ്ടിട്ടുണ്ട് എന്നത് ഇപ്പോഴും സംശയമാണ്! അധികാരംകൊണ്ട് നിർണയിക്കപ്പെടുന്ന സ്നേഹം യഥാർത്ഥസ്നേഹമല്ലെന്നും, ഉപാധികളുള്ള സ്നേഹമാണെന്നും, സ്നേഹമില്ലാത്ത അധികാരം ഏകാധിപത്യം മാത്രമാണെന്നും സ്നേഹത്തിന്റെ മറവിൽ നിയമങ്ങളും പാരമ്പര്യങ്ങളും നടപ്പാക്കുന്നത് ഫാസിസമാണെന്നും എന്നാണ് നാം മനസ്സിലാക്കുക?!

ക്രൈസ്തവന്റെ, ക്രൈസ്തവ ജീവിതത്തിന്റെ പ്രേരകശക്തി, Driving Force, എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!! എന്താണ് Driving Force?     ഒരു     പ്രേരകശക്തി, Driving Force എന്നത് എന്തെങ്കിലും സംഭവിക്കുന്നതിനോ, മുന്നോട്ട് പോകുന്നതിനോ കാരണമാകുന്ന പ്രാഥമിക ഘടകമോ പ്രചോദനമോ ആണ്. ഒരു വ്യക്തിയെയോ, ഒരു ആശയത്തെയോ, ഒരു വ്യവസ്ഥയെയോ ഒരു പ്രത്യേക അവസ്ഥയിലേക്ക്, പോസിറ്റിവായ വളർച്ചയിലേക്ക് നയിക്കുന്ന പ്രേരണ, ഊർജ്ജം അല്ലെങ്കിൽ സ്വാധീനമാണ് അത്. അത് സിദ്ധാന്തങ്ങളാകാം, ചിന്തകളാകാം, സംഭവങ്ങളാകാം, വ്യക്തികളാകാം.

ഈ Driving Force ന് ചരിത്ര പരിണാമങ്ങൾ ഉണ്ട്. എളുപ്പമുള്ള കാര്യങ്ങൾ പറയാം. ക്രിസ്തുമതം (ക്രിസ്തു അല്ല ) ഒരു കാലത്ത് വലിയൊരു പ്രേരകശക്തി ആയിരുന്നു. പിന്നെ, കമ്മ്യൂണിസം ഒരു കാലത്ത് സാമൂഹ്യതലത്തിൽ ഒരു Driving Force ആയിരുന്നു. പണം മനുഷ്യജീവിതത്തിൽ ഒരു Driving Force ആണ്. ഇന്ത്യയിൽ സ്വരാജ്, സ്വാതന്ത്ര്യം ഒരു Driving Force ആയിരുന്നു. മാതാപിതാക്കൾ, ടീച്ചർമാർ, സുഹൃത്തുക്കൾ, ഗുരുഭൂതർ ഒക്കെ Driving Force കളാകാം. ഫാഷൻ ഒരു Driving Force ആകാം. മഹാന്മാർ Driving Force ആകാം. ലൈംഗികത, മദ്യം, മയക്കുമരുന്ന്…എല്ലാം Driving Force ആകാം. ഇവയിൽ പോസിറ്റീവ് വളർച്ചയിലേക്ക് നയിക്കുന്നതിനെയാണ് ക്രിയാത്മകമായ Driving Force ആയി നാം കണക്കാക്കുക!!

സ്നേഹമുള്ളവരെ, എന്തായിരിക്കണം നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. അപ്പോൾ മാത്രമേ, ക്രിസ്തുവിനെ, ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമായി പരിവർത്തിപ്പിക്കാനും, മതാനുഷ്ഠാനങ്ങളുടെ, പാരമ്പര്യങ്ങളുടെ, കർക്കശമായ നിയമങ്ങളുടെ, മതാനുഷ്ഠാനചിഹ്നങ്ങളുടെ വ്യവഹാരലോകത്തിൽ നിന്നും ക്രിസ്തുവിനെ വകഞ്ഞുമാറ്റി സ്നേഹത്തിന്റെ പുതിയ നിയമത്തിന്റെ വക്താവായി രൂപാന്തരപ്പെടുത്താനും നമുക്കാകൂ. പാരമ്പര്യത്തിന്റെയും, അണുവിടവ്യതിചലിക്കാത്ത ആചാരങ്ങളുടെയും, അധികാരത്തിന്റെയും അതിന്റെ ചിഹ്നങ്ങളുടെയും മേലാപ്പ് പൊളിച്ചുമാറ്റി, താഴേക്കിറങ്ങി  ക്രിസ്തു സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും വഴിയിലേക്ക് നാമോരോരുത്തരും, സഭയും തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.

എന്നാൽ, നാമാകട്ടെ, നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മാത്രം കൗശലപൂർവ്വം ദൈവകല്പനയെ, സ്നേഹത്തെ അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടു ക്കുന്നു. നമ്മുടെ സീറോ മലബാർ സഭ ഇപ്പോഴും നിറം മങ്ങി, ക്രിസ്തു ചൈതന്യം ഇല്ലാതെ കരിന്തിരി കത്തിക്കൊണ്ടിരിക്കുന്നത്   നിയമങ്ങളുടെയും, പാരമ്പര്യങ്ങളുടെയും പേരിൽ സ്നേഹത്തെ, ക്രിസ്തുവിനെ അവഗണിക്കുന്നതുകൊണ്ടല്ലേ? നമ്മിലെ സ്വാർത്ഥത നിർമിക്കുന്ന നിയമങ്ങളുടെ കാർക്കശ്യ സ്വഭാവമല്ലേ നമ്മുടെ കുടുംബങ്ങളെ തകർക്കുന്നത്. നമ്മുടെ പിടിവാശികളുടെയും, പിണക്കങ്ങളുടെയും, ഒക്കെ കാരണങ്ങൾ അണുവിട വ്യതിചലിക്കാതെ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങളല്ലേ? ഇങ്ങനെ ഫരിസേയ-നിയമജ്ഞരെപ്പോലെ നിയമങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അമിത പ്രാധാന്യംകൊടുത്താൽ, അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. എന്ത് ചെയ്താലും പാരമ്പര്യത്തെ  കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. 

ഒരാള്‍ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്‍ത്താന്‍ തുടങ്ങി. പാമ്പും അയാളും തമ്മില്‍ നല്ല അടുപ്പമായി. പാമ്പ് വളര്‍ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്‍ പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്‍ അയാള്‍ അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?” “മൂന്നാല് ദിവസ്സമായിഅയാള്‍ മറുപടി പറഞ്ഞു. ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?” “വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നുണ്ട്. “”എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?” “നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക. ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്‍ അയാളോട് പറഞ്ഞു: പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്‍ ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.

ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനമായിരിക്കണം, കാരുണ്യമായിരിക്കണം, സ്നേഹമായിരിക്കണം, നന്മയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ driving force. അല്ലാത്തതെല്ലാം – ജീവനില്ലാത്ത പാരമ്പര്യങ്ങൾ, പണം, അധികാരം, ആസക്തികൾ, മദ്യം, തുടങ്ങിയവയെല്ലാം – നമ്മെ, നമ്മുടെ കുടുംബത്തെ, സഭയെ   വിഴുങ്ങുവാൻ അളവെടുത്തുകൊണ്ടിരിക്കുന്ന, വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പുകളാണ്. ഒന്ന് ചിന്തിച്ചു നോക്കൂ: സഭയിലെ വഴക്കുകൾ, അത് എന്ത് പാരമ്പര്യത്തിന്റെ പേരിലായാലും നമ്മുടെ സഭയെ വിഴുങ്ങുന്ന പെരുമ്പാമ്പാണ്. ദാമ്പത്യ ബന്ധങ്ങളിൽ, സുഹൃത് ബന്ധങ്ങളിൽ സഹോദരീ സഹോദര ബന്ധങ്ങളിൽ …. എന്തുകൊണ്ട് പെരുമ്പാമ്പുകളെ നമുക്ക് ഉപേക്ഷിച്ചുകൂടാ? പാരമ്പര്യങ്ങളുടെ പെരുമ്പാമ്പുകളെ വളർത്തുന്ന നാം അറിയുന്നില്ല, അവ നമ്മെ വിഴുങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്ന്! അല്ലാ സഹോദരരെ, ആ പെരുമ്പാമ്പുകൾ നമ്മെ, സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്! ഈശോ നമ്മെ ഓർമപ്പെടുത്തുന്നു: ‘മക്കളെ, മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്ന നിങ്ങൾ ദൈവ വചനത്തെ നിരർത്ഥകമാക്കിക്കൊണ്ട് ദൈവ സ്നേഹത്തെ അവഗണിക്കുന്നു. 

ക്രിസ്തുവിനെ Driving Force ആയി സ്വീകരിക്കാത്തവർ ആരായാലും അവരെടുക്കുന്ന തീരുമാനങ്ങൾക്ക്, അവർ നടത്തുന്ന ചർച്ചകൾക്ക്, അവർ നടത്തുന്ന വിമർശനങ്ങൾക്ക്, അവർ കൊടുക്കുന്ന നിർദ്ദേശങ്ങൾക്ക് എങ്ങനെയാണ് ക്രിസ്തുവിന്റെ ചൈതന്യമുണ്ടാകുക? പാരമ്പര്യങ്ങളെ എതിർക്കുന്നു എന്ന് വീമ്പടിക്കുന്നവർ ഉയർത്തിപ്പിടിക്കുന്നതോ വേറെ പാരമ്പര്യങ്ങളെ???

അതായത് നാമാരും ഇതുവരെ ക്രിസ്തുവിനെ Driving Force ആയി സ്വീകരിച്ചിട്ടില്ല. നമ്മളിപ്പോഴും പഴയ നിയമജ്ഞരാണ്, പഴയ ഫരിസേയരാണ്

സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, ദൈവ സ്നേഹത്തെ അവഗണിച്ച്,  പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ, കുടുംബത്തെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും.  സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ദൈവവചനത്തെക്കാള്‍ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങള്‍, നിസ്സാരങ്ങളെന്ന് തോന്നുന്ന തെറ്റായ പ്രവണതകൾ നമ്മെ വിഴുങ്ങാന്‍ നമ്മുടെ അളവെടുത്തുകൊണ്ടിരിക്കുകയാണ്.

ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവളെ / അവനെ മുന്നോട്ട് നയിക്കുന്ന DRIVING FORCE.

SUNDAY SERMON LK 15, 11-32

കൈത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 15, 11-32

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് അതിലെ ഒരു മുഹൂർത്തം മാത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിന് കാരണമായ സന്ദർഭമാണ്.  ഈ കഥയെ വഴിതിരിച്ചു വിടുന്ന സന്ദർഭമാണത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അധ്യായം 15, വാക്യം 17: “അപ്പോൾ അവന് സുബോധമുണ്ടായി.”  ഈ കഥയുടെ പോക്കിനെ, അതിന്റെ ഗതിയെ തിരിച്ചു വിടുന്ന ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!

ധൂർത്തപുത്രന്റെ അവസ്ഥയെ ഇങ്ങനെ വായിച്ചെടുക്കാം. ചെറുപ്പം മുതലേ വീടിന്റെ ഭ്രമണപഥങ്ങളിലൂടെ കറങ്ങിയിരുന്ന, അതിൽ ആനന്ദവും, സന്തോഷവും അനുഭവിച്ചിരുന്ന ഒരുവന് ഒരുനാളിൽ വീടിനോട്, വീട്ടുകാരോട്, അതിന്റെ പരിസരങ്ങളോട് മടുപ്പ് തോന്നുന്നു. ജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു അവസ്ഥയാണത്. ഓർത്തുനോക്കൂ, നമ്മുടെ മക്കൾക്ക് അവരുടെ വീടിനോട് മടുപ്പുതോന്നിയാലുള്ള അവസ്ഥ! സ്കൂളിലേക്ക് പോയ, മകൾക്കോ, മകനോ, പല കാരണങ്ങൾ കൊണ്ടാകാം,  തിരിച്ചുവരാൻ തോന്നിയില്ലെങ്കിലോ? അയ്യോ! ചിന്തിക്കാൻ പോലും വയ്യ എന്നായിരിക്കും നിങ്ങൾ ഉള്ളിൽ പറയുന്നത്.  അങ്ങനെ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഏതായാലും, വീടിനോട് മടുപ്പുതോന്നിയ കഥയിലെ ഇളയപുത്രൻ വീടിന്റെ ഭ്രമണ പഥത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. ലോകത്തിന്റെ നിറങ്ങളിൽ ഭ്രമിച്ചിട്ടാകാം, സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയിട്ടാകാം, ചങ്ങാതിക്കൂട്ടത്തിന്റെ, ലഹരിയുടെ, മദ്യപാനത്തിന്റെ പ്രേരണകളാകാം – അവൻ ആഘോഷങ്ങളുടെ വഴികളിലൂടെ ആടിപ്പാടി നടക്കുകയാണ്. അപ്പോഴാണ് ഒരു ക്ഷാമകാലം വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും കാമ്പില്ലാത്ത പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും കിട്ടിയാൽ മതിയെന്നായി അയാൾക്ക്. പന്നികളെ മേയ്ക്കാൻ പോയ അവന് ആർത്തിയോടെ പന്നികൾ തവിടുതിന്നുന്നതുകണ്ടപ്പോൾ, അതുപോലും ആരും അവന് കൊടു ത്തില്ല. പിന്നെയാണ് സുന്ദരമായ ആ വാചകം: “അപ്പോൾ അയാൾക്ക് സുബോധമുണ്ടായി.”

എന്താണ് ഒരാളുടെ ജീവിതത്തിന്റെ സുബോധം? ഒരു വ്യക്തി, തട്ടിത്തെറിപ്പിച്ച് കടന്നുപോന്ന ജീവിതത്തിന് തികച്ചും വിപരീതമായ വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, താൻ കടന്നുപോകുന്ന അവസ്ഥയുടെ ദൈന്യതയിൽ നിന്നുകൊണ്ട് കഴിഞ്ഞകാല ജീവിത സൗഭാഗ്യങ്ങൾ ഓർത്തെടുക്കുന്നു. ഓർത്തെടുക്കുക മാത്രമല്ല, തിരികെപ്പോകാൻ തീരുമാനമെടുക്കുകയാണ്. ഇതാണ് സുബോധം.

ഇളയമകൻ തന്നെ പൊതിഞ്ഞു നിന്ന സ്നേഹാനുഭാവത്തെ ഓർത്തെടുക്കുകയാണ്; തന്റെ കുടുംബത്തിലെ ദൈവപരിപാലനയെ, പിതാവിന്റെ സ്നേഹത്തെ, ദാസർപോലും സമൃദ്ധമായി ഭക്ഷിക്കുന്ന മേശയെ ഓർത്തെടുക്കുകയാണ്. അതോടുകൂടി അയാളുടെ ലോകം തന്നെ പുതിയതാകുന്നു. അപ്പോൾ സംഭവിച്ചത് ഇതാണ്:

കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ. കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!”  അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരങ്ങൾക്ക് ദൈവിക ചൈതന്യം ലഭിക്കുന്നത് ഇളയ മകന്റെ സുബോധത്തിൽ നിന്നാണ്. ദൈവത്തിൽ നിന്നകലുന്ന ദൈവത്തോട് മറുതലിക്കുന്ന മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്നതിന്റെ നേർചിത്രമാണ് ധൂർത്തപുത്രന്റെ കഥ. ഒപ്പം സുബോധം നേടി ദൈവത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്റെയും കഥയാണ് ധൂർത്തപുത്രന്റെ കഥ.

ഈ കഥയ്ക്ക് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും, ദൈവത്തിൽ നിന്നകലുന്ന മനുഷ്യന്റെ കഥകൾക്ക് യാതൊരു പഞ്ഞമില്ലെങ്കിലും, ദൈവത്തിൽ നിന്ന് അകലുന്ന, അങ്ങനെ നാശത്തിലേക്ക് വീഴുന്ന ധൂർത്തപുത്രന്മാരുടെ എണ്ണം കൂടിവരികയാണ്. കുടുംബസ്വത്തിന്റെ കാര്യത്തിൽ പിണങ്ങി നിൽക്കുന്ന, മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ മാതാപിതാ ക്കളോട് സംസാരിക്കാതിരിക്കുന്ന, വലിയ വിലയുടെ മൊബൈലോ, ലാപ്ടോപ്പോ, വസ്ത്രങ്ങളോ, ബൈക്കോ  വാങ്ങിക്കൊടുക്കാത്തതുകൊണ്ട് മാതാപിതാക്കളോട് മറുതലിച്ചു നിൽക്കുന്ന മക്കൾ ധൂർത്ത പുത്രന്റെ വഴിയിലാണ്. കുടുംബം നോക്കാത്ത, മദ്യപാനിയായി നടക്കുന്ന കുടുംബനാഥന്മാർ, കുടുംബത്തിൽ ഏഷണിയുമായി നടക്കുന്ന അമ്മമാർ – ഇവരും ധൂർത്തപുത്രന്റെ വഴിയിലാണ്. തിരുസ്സഭയോടൊത്ത് നിൽക്കാത്ത ക്രൈസ്തവർ, ദൈവമില്ലായെന്ന് വിശ്വസിക്കുന്ന നിരീശ്വരന്മാർ, നിരീശ്വര പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നവർ – ഇവരും ധൂർത്ത പുത്രന്റെ വഴിയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പോകുമ്പോൾ നാമും ധൂർത്തപുത്രന്റെ വഴിയിലാണ്.  പാപത്തിന്റെ വഴിയാണ് ധൂർത്തപുത്രന്റെ വഴി!  

മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ആധുനിക മനുഷ്യൻ ചന്ദ്രയാൻ ദൗത്യത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴും ദൈവത്തിൽ നിന്ന് അകലുന്നതിന്റെ ചിത്രങ്ങളാണ് നാം കാണുന്നത്. ദൈവത്തെ ധിക്കരിക്കുന്നതിന്റെ കഥകളാണ് നാം കേൾക്കുന്നത്. ദൈവമായിത്തീരാനുള്ള അഹന്തയുടെ പടപ്പുറപ്പാടുകൾക്ക് ജീവിതം തന്നെ കൊടുക്കുവാൻ മനുഷ്യൻ ഇന്ന് തയ്യാറാണ്.   തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.

“അപ്പോൾ അവന് സുബോധമുണ്ടായി” എന്നത് വായിച്ചെടുക്കേണ്ടത് ഇങ്ങനെയാണ്: ‘അപ്പോൾ വീണുപോയ അവന് വീണ്ടും എഴുന്നേൽക്കുവാനുള്ള ദൈവത്തിന്റെ ക്ഷണം കിട്ടി.’ വീഴ്ചകൾ സാധാരണമാണ്; പാപം ചെയ്ത്, പാപാവസ്ഥയിൽ ജീവിക്കുകയെന്നത് മനുഷ്യന്റെ ബലഹീനതയുടെ വശമാണ്. എന്നാൽ, സുബോധമുണ്ടാകുക എന്നത് ദൈവകൃപയുടെ വസന്തമാണ്. സുബോധത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം നേരിട്ടായിരിക്കണമെന്നില്ല. മനുഷ്യരിലൂടെ, സംഭവങ്ങളായിലൂടെ, പ്രകൃതിയുടെ, അത്ഭുതങ്ങളായിലൂടെ പോലും, ദൈവം നമ്മെ നിരന്തരം സുബോധത്തിലേക്ക്, അനുതാപത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ഒന്ന് ചിന്തിച്ചാൽ ധൂർത്തപുത്രൻ ഭാഗ്യവാനാണ്. ഒന്നാമതായി, ദൈവം അവനെ വീണ്ടും ക്ഷണിച്ചു എന്നതാണ്. രണ്ടാമതായി, ആ ക്ഷണം മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാൻ അയാൾക്ക് സാധിച്ചു. ധൂർത്തപുത്രന്റെ കാര്യത്തിൽ ദൈവം അയാളെ ക്ഷണിച്ചത് പ്രകൃതിയിലെ ഒരു ചിത്രത്തിലൂടെയാണ്: പന്നികൾ ആക്രാന്തത്തോടെ, ശബ്ദമുണ്ടാക്കി തവിട് തിന്നുന്നു. അതുപോലും ലഭിക്കാത്ത ശപ്തനായ താൻ!!! അയാൾക്ക് സുബോധമുണ്ടായി.

പത്രോസിന്റെ കാര്യത്തിൽ അത് കോഴി കൂവലായിരുന്നു; ഒപ്പം ഈശോയുടെ നോട്ടവും. “… പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോഴി കൂവി. കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി.” അവന് സുബോധമുണ്ടായി. വിശുദ്ധ ലൂക്കാ അതിനുപകരം എഴുതിവച്ചിരിക്കുന്നത് മനോഹരമാണ്. “അവൻ പുറത്തുപോയി മനം നൊന്ത് കരഞ്ഞു.” (ലൂക്കാ 22, 60-62)

മുംബയിൽ ചെറുപ്പക്കാരനായ ഒരു മലയാളി ഒരിക്കൽ നിരാശനായി, ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടക്കുകയാണ്. അല്പദൂരം നടന്നുകഴിഞ്ഞപ്പോൾ അയാളുടെ മുന്നിൽ ആരോ വലിച്ചെറിഞ്ഞ ഒരു ന്യൂസ് പേപ്പർ കഷണം. അല്പം എണ്ണ പുരണ്ടിട്ടുണ്ടെങ്കിലും അയാളതെടുത്തു.  അയാൾ അത്ഭുതപ്പെട്ടുപോയി. അതൊരു മലയാള പത്രത്തിന്റെ കഷണമായിരുന്നു. ചുമ്മാ അതിലെഴുതിയിരുന്നതിലൂടെ അയാൾ കണ്ണോടിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞപ്പോൾ അയാളൊരു മരത്തിന്റെ ചുവട്ടിലിരുന്ന് അത് മുഴുവൻ വായിച്ചു. വായന കഴിഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്ക്, ജീവിതത്തിലേക്ക് നടന്നു. അയാൾക്ക് സുബോധമുണ്ടായി. മുംബയിൽ … ഒരു മലയാളി …. മലയാള പത്രത്തിന്റെ കഷണം… അത്ഭുതം തോന്നുന്നില്ലേ?  ദൈവത്തിന്റെ ക്ഷണമായിരുന്നു ആ പേപ്പർ കഷണം.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത്, 2015 ൽ ഇറങ്ങിയ ഒരു മലയാളം സിനിമയുണ്ട് ചന്ദ്രേട്ടൻ എവിടെയാ എന്ന പേരിൽ. മനുഷ്യനെ സുബോധത്തിലേക്ക് കൊണ്ടുവരാൻ ദൈവം പ്രകൃതിയിൽ പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന കാര്യം വളരെ മനോഹരമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട് ഈ സിനിമയുടെ Climax scene ൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശംവെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അപ്പോൾ അയാൾക്ക് സുബോധമുണ്ടായി. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. ചന്ദ്രേട്ടന്‍ എവിടെയാഭാര്യയാണ്. ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നാം സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം. ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്. പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം.

ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം. ആമേൻ!

SUNDAY SERMON LK 14, 7-14

കൈത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 14, 7 – 14

ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ലോകമെങ്ങും ദൈവ വചനമാകുന്ന വിത്ത് വിതച്ചതിലൂടെ ക്രിസ്തുവിന്റെ സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമകാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് നാം കൈത്താക്കാലം ആരംഭിക്കുന്നത്. പൂർവ പിതാവായ യാക്കോബിന്റെ 12 പുത്രൻമാരെ മനസ്സിൽ കണ്ടുകൊണ്ടാകണം ഈശോ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത്. യാക്കോബിന്റെ പന്ത്രണ്ട് മക്കൾ പിന്നീട് പന്ത്രണ്ട് ഗോത്രങ്ങളുടെ തലവന്മാരായതുപോലെ, പന്തക്കുസ്താ തിരുനാളിനുശേഷം ഈ പന്ത്രണ്ട് ശ്ലീഹന്മാരും “പുതിയ ഇസ്രയേലിന്റെ”, തിരുസഭയുടെ തലവന്മാരായി. ക്രിസ്തുവിന്റെ തിരുസഭയുടെ തലവന്മാരായി ക്രിസ്തു തിരഞ്ഞെടുത്ത ശ്ലീഹന്മാരുടെ തിരുനാൾ ഇന്ന് ആഘോഷിക്കുമ്പോൾ, ഇന്നും ശക്തമായി നിലനിൽക്കുന്ന അപ്പസ്തോലിക, ശ്ലൈഹിക പിന്തുടർച്ചയെ ഓർത്ത് അഭിമാനിക്കുകയും ക്രിസ്തുവിന് നന്ദിപറയുകയും ചെയ്യുകയാണ്. ഈ അപ്പസ്തോലിക, ശ്ലൈഹിക പാരമ്പര്യമാണ് ക്രിസ്തുവിന്റെ ശുശ്രൂഷാ പൗരോഹിത്യത്തിലും, അജപാലന ദൗത്യത്തിലും പങ്കുപറ്റുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ “സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് ഫലം ചൂടി നിൽക്കുന്ന” അപ്പസ്തോലിക ശ്ലൈഹിക പാരമ്പര്യമുള്ള തിരുസഭയിൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും, അവിടുത്തേക്ക് നന്ദിപ്രകാശിപ്പിക്കുകയുമാണ് കൈത്താക്കാലത്തിലൂടെ നാം ചെയ്യുന്നത്.  

ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും, ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ലോകസംസ്കാരത്തോടു ചേരാതെ, അന്നത്തെ യഹൂദ സംസ്കാരത്തോടു ചേരാതെ ഒരു പ്രതിസംസ്കാരം (Counter Culture) ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ ഇവിടെ പറയുന്നത്. ഈശോ പ്രഖ്യാപിച്ച പ്രതിസംസ്കാരത്തിന്റെ, ക്രിസ്തു സംസ്കാരത്തിന്റെ വക്താക്കളായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ പതിനൊന്ന് പേർക്കും കട്ടിലിൽ കിടന്ന് ശാന്തമായി മരിക്കുവാനുള്ള അവസരം കിട്ടിയില്ലെന്നതും നമ്മുടെ ഓർമയിൽ ഉണ്ടാകുന്നത് നല്ലതാണ്. കാരണം, ഈ പ്രതിസംസ്കാരത്തിന്റെ, ദൈവരാജ്യ സംസ്കാരത്തിന്റെ അവസാനം രാക്ഷസാക്ഷിത്വമായിരിക്കും. ഇനി നമുക്ക് സുവിശേഷത്തിലേക്ക് വരാം.

ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്. “നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.”

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ അന്ന് യഹൂദരെ, ഇന്ന് നമ്മെ, ഈശോ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ്

സംവേദനക്ഷമമാക്കുക എന്നാണ് sensitize എന്ന വാക്കിന്റെ അർഥം. എന്ന്   പറഞ്ഞാൽ കണ്ടുമുട്ടുന്നവരോട് മാനുഷികമായി പെരുമാറുക, അവരോട് സ്നേഹത്തോടെ ബഹുമാനത്തോടെ വർത്തിക്കുക, അവരുടെ വിഷമതകളെയും, ബുദ്ധിമുട്ടുകളെയും മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നൊക്കെയാണ് sensitize എന്ന വാക്കിന്റെ വിപുലമായ അർഥം. നമ്മുടെ ജനമൈത്രി പോലീസ് എന്നത് പോലീസ് സേനയെ sensitize ചെയ്തതിന്റെ ഫലമാണ്. ജനങ്ങളോട് അവരുടെ വിഷമങ്ങളോട് പോസിറ്റിവായി സംവദിക്കുവാൻ, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനുള്ള നല്ല മനസ്സിന് ഉടമകളാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്ന് വലിയ സ്വപ്നമായി പലരും കാണുന്ന സോഷ്യലിസത്തിനും മേലെയാണ് ഈശോയുടെ ദൈവരാജ്യമെന്ന ആശയം. (ഈശോയുടെ ദൈവരാജ്യ സങ്കൽപ്പത്തിൽ നിന്നാണ് സോഷ്യലിസം രൂപപ്പെടുന്നത് തന്നെ.) എല്ലാവരും ദൈവമക്കളാണെന്നും അതുകൊണ്ടുതന്നെ വർഗ വർണ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്ന, പരിഗണിക്കുന്ന ഒരു സമൂഹ സൃഷ്ടിയിലേക്കാണ് ഈശോ യഹൂദരെ sensitize ചെയ്യാൻ ശ്രമിക്കുന്നത്.  

എല്ലാ മനുഷ്യർക്കും സ്വതന്ത്രരായി ജീവിക്കുവാനും അന്തസ്സാർന്ന സ്വത്വ പ്രകാശനത്തിലൂടെ മനുഷ്യ മഹത്വത്തിൽ ജീവിക്കുവാനും അവകാശമുണ്ടെന്നാണ് ക്രിസ്തുവിന്റെ തത്വശാസ്ത്രം. തങ്ങളാഗ്രഹിക്കുന്ന മനുഷ്യ ജീവിതാവസ്ഥയിൽ ജീവിക്കാനാകാതെ സമൂഹത്തിലെ മാടമ്പിമാരാൽ തിരസ്കരിക്കപ്പെട്ട് സമൂഹത്തിന്റെ, ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഓടിപ്പോയവർക്കുവേണ്ടിയാണ് ഈശോ സംസാരിക്കുന്നത്. യഹൂദരല്ലാത്തതിന്റെ പേരിൽ ദൈവവും മതവും നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമാകുകയാണ് ഈശോ. പരിഹാസങ്ങളേറ്റ് മാറിനിൽക്കുന്നവരെ പരിഗണിക്കണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികമാത്രമല്ല, ഒരേ മേശയിൽ ഇരുത്തുകയും ചെയ്യണമെന്നുള്ള ബോധ്യത്തിലേക്ക് അവരെ സെൻസിറ്റയിസ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ.

ഈശോയുടെ കാലത്തെ സമൂഹത്തിൽ രണ്ടു തരത്തിലുള്ള വിള്ളൽ (Rift) ഈശോ ദർശിച്ചിരുന്നു. ഒന്നാമത്തേത് ആധ്യാത്മിക വിള്ളൽ (Spiritual Rift) ആണ്. ഈശോയുടെ കാലത്ത് യഹൂദ സമുദായത്തിന്റെ പ്രാമാണ്യത്തം നിലനിന്ന കാലമായിരുന്നു. മാത്രമല്ല, ആത്മീയതയുടെ കുത്തക തങ്ങളുടേതാണെന്ന്, തങ്ങളുടേത് മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചു വന്ന സമയവും കൂടിയായിരുന്നു അത്. എന്നാൽ, യഹൂദർക്ക് മാത്രം കുത്തകയായിരുന്ന ആത്മീയതയ്ക്ക് വിജാതീയരും അർഹരാണെന്ന വാദത്തിലൂടെ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന വലിയ ആത്‌മീയവിപ്ലവത്തിന് തുടക്കമിട്ടത് ഈശോയാണ്. ഈ ആത്മീയ വിപ്ലവത്തിന് ചെവികൊടുക്കാതെ, ഇസ്രായേൽ ജനം തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയും, ദൈവികമായവയെല്ലാം, എന്തിന് ദൈവത്തിന്റെ രക്ഷ പോലും മറ്റു സമൂഹങ്ങൾക്ക് അവർ നിഷേധിച്ചിരുന്നു.  ഇത്തരത്തിലുള്ളൊരു മനോഭാവം വലിയൊരു ആത്മീയ വിള്ളൽ സമൂഹത്തിൽ ഉണ്ടാക്കിയിരുന്നതായി ഈശോ കണ്ടു.  

രണ്ടാമത്തേത്, സാമൂഹ്യ വിള്ളൽ (Social Rift) ആണ്.  യഹൂദരുടെ, പ്രത്യേകിച്ച്, യഹൂദപ്രമാണിമാരുടെ സാമൂഹ്യ, സാമ്പത്തിക തലത്തിലുണ്ടായിരുന്ന ചൂഷണങ്ങളും, വലിയ രീതിയിലുള്ള അസമത്വങ്ങളും മറ്റും സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവിക ചംക്രമണത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഈശോ ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്നു. (മത്താ 23) ഈശോ സമൂഹത്തിൽ കണ്ട ഈ വിള്ളലുകൾ താൻ കൊണ്ടുവരുന്ന ആത്മീയ വിപ്ലവത്തിന്, ദൈവരാജ്യ വിപ്ലവത്തിന് തടസ്സമാകുമെന്ന് കണ്ടിട്ടാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ യഹൂദരെ, ജനങ്ങളെ സെൻസിറ്റയിസ് (Sensitize) ചെയ്യുന്നത്.

അന്നത്തെ സമൂഹത്തിന്റെ Metabolism എന്തെന്നും വളരെ വ്യക്തമായി ഈശോ മനസ്സിലാക്കിയിരുന്നു. വളരേ മോശമായ ഒരു ചയാപചയം (Metabolism) ആയിരുന്നു അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നത്. നമുക്കറിയാവുന്നതുപോലെ, ശരീരത്തില്‍ ആഹാര രസങ്ങള്‍ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന അവസ്ഥ ഒരു മെറ്റബോളിക് പ്രക്രിയയാണ്. Metabolism എന്നത്            ഒരു കോശത്തിലോ, ഒരു അവയവത്തിലോ നടക്കുന്ന സാധാരണമായ, സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ സ്വാഭാവിക ചയാപചയം (Natural Metabolism) എന്ന് വിളിക്കുന്നു. ശ്വാസോച്ഛാസം ഒരു സ്വാഭാവിക ചയാപചയ പ്രക്രിയയാണ്. ഇവിടെ വളരെ സ്വാഭാവികമായി ഓക്സിജനെ സ്വീകരിക്കുകയും, കാർബൺ ഡയോക്സൈഡിനെ പുറംതള്ളുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ ഉർജ്ജമാക്കി മാറ്റുന്നത് ഒരു metabolic പ്രവർത്തനമാണ്. ഇത്തരം അനവധി മെറ്റബോളിക് പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസമാകും. ശാരീരിക പ്രവർത്തനങ്ങൾ താളം തെറ്റും. ഇന്ന് സമൂഹത്തിൽ കാണുന്ന obiesity (അമിതവണ്ണം) യുടെ പ്രശ്നം metabolism ത്തിന്റെ തകരാറാണ്.  

ഞാൻ ഇപ്പോൾ പറഞ്ഞ ആന്തരിക മെറ്റബോളിക് പ്രവർത്തനങ്ങൾക്കപ്പുറം മനുഷ്യൻ സമൂഹത്തിലേക്ക് കടക്കുമ്പോൾ മനുഷ്യനും തൊട്ടടുത്ത മനുഷ്യനും തമ്മിലും ബന്ധങ്ങളിൽ പ്രവർത്തന പ്രതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെ ബന്ധങ്ങളിലെ ചയാപചയം (Relational Metabolism) എന്ന് വിളിക്കുന്നു. ഈശോയുടെ സമയത്ത് relational metabolism വളരെ മോശമായിരുന്നു. അതിൽ പാവപ്പെട്ടവർ, കുഷ്ഠരോഗികൾ, സ്ത്രീകൾ, വിധവകൾ, ഭിക്ഷാടകർ, വിജാതീയർ തുടങ്ങിയവരോടുള്ള പെരുമാറ്റം വളരെ വികൃതമായിരുന്നു. അവിടെ നടന്നുകൊണ്ടിരുന്നത് സ്വാഭാവികമായ, മനുഷ്യത്വപരമായ കൊടുക്കൽ വാങ്ങലുകൾ ആയിരുന്നില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ, സ്വന്തം സഹോദരിയെ, സഹോദരനെ മൃഗങ്ങളെക്കാൾ നികൃഷ്ടരായാണ് യഹൂദർ പരിഗണിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമൂഹജീവിതം താളം തെറ്റിയതായിരുന്നു. Relational metabolism വെറും സീറോ ആയിരുന്നു. ആത്മീയ ജീവിതം പൊള്ളയായിരുന്നു. ഈയൊരു അവസ്ഥയിൽ നിന്ന് മാറി ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്ക് ജനത്തെ സെൻസിറ്റയിസ് (Sensitize) ചെയ്യാനാണ് ഈശോ ഇവിടെ ശ്രമിക്കുന്നത്.

നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ Metabolism, അതിന്റെ സംവിധാനങ്ങൾ, രാഷ്ട്രീയ, മത, കോർപ്പറേറ്റ് സംവിധാനങ്ങൾ എല്ലാം മനുഷ്യനെയും മനുഷ്യനെയും വേറിട്ട് നിർത്താനാണ് ശ്രമിക്കുന്നത്. ഇത് മനുഷ്യരുടെ ജീവിതത്തിലും അവയ്ക്കിടയിലുമുള്ള ബന്ധങ്ങളെ പലതരത്തിൽ തകരാനിടയാക്കുന്നു. മനുഷ്യനെ, മനുഷ്യ ബന്ധങ്ങളെ, വിവാഹ, കുടുംബ ബന്ധങ്ങളെ, മനുഷ്യ മനുഷ്യ ബന്ധങ്ങളെയെല്ലാം കച്ചവടക്കണ്ണുകളോടെ കാണുന്നത് മനുഷ്യ മനുഷ്യ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ഇത് ലോകത്തിന്റെ സംസ്കാരമാണ്. ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! വിവാഹം തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നത് വിശേഷപ്പെട്ടവരെ മാത്രം!! ഏതെങ്കിലും പ്രമാണി പാവപ്പെട്ടവരെ പരിഗണിച്ചെന്നു വരും, അവരെ ക്ഷണിച്ചെന്ന് വരും, കിറ്റുകൾ നൽകി സന്തോഷിപ്പിച്ചെന്ന് വരും, സബ്‌സിഡി യായി പൈസ പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും വരും. എന്നാൽ, പുറകിലൂടെ അവരെ ചൂഷണം ചെയ്യും, കിറ്റുകൾ ഒരു വഴി, കള്ളക്കടത്തു വേറൊരു വഴി! സബ്‌സിഡി ഒരു വഴി, പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധിപ്പിച്ച്കൊണ്ട്, കൊടുത്ത സബ്‌സിഡി തിരിച്ചു വാങ്ങുന്നത് മറ്റൊരു വഴി!! ഇത്തരത്തിലുള്ള ആത്മീയ വിള്ളലുകളും സാമൂഹ്യവിള്ളലുകളും സൃഷ്ടിക്കുന്ന അവസ്ഥയെ കാലഘട്ടത്തിന്റെ പ്രതിസന്ധി (Epochal Crisis) ആയിട്ടാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ്, ഇത്രയും ശക്തമായ ഒരു ഉദ്‌ബോധനം ഈശോ അന്നത്തെ ജനതയ്ക്കും, ഇന്ന് നമുക്കും നൽകുന്നത്.

സ്നേഹമുള്ളവരേ, ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ഒരു പ്രതി സംസ്കാരത്തിലേക്ക് ഈശോ നമ്മെ സെൻസിറ്റയ്‌സ് (Sensitize) ചെയ്യുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ട് ഈശോ കരയുന്നുണ്ടോ? ചിന്തിച്ച് നോക്കണം നാം.

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സഭയുടെ metabolism, പ്രവർത്തന രീതി ഇന്ന് തകരാറിലായിരിക്കുന്നു. സഭയിന്ന് അമിതവണ്ണമുള്ള, ഊതിവീർപ്പിച്ച ബലൂണാണ്. ആത്മീയ വിള്ളലുകൾ അധികമായിരിക്കുന്നു. ഒന്നേയുള്ളു പ്രതിവിധി: ക്രിസ്തുവിന്റെ സെൻസിറ്റായിസേഷന് (Sensitization) വിധേയമാകുക.. ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ മുഖമുള്ളവരാകുക. ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും.

ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.  ആമേൻ!

SUNDAY SERMON LK 13, 22-35

ശ്ളീഹാക്കാലം ഏഴാം ഞായർ

ലൂക്ക 13, 22 – 35  

ശ്ലീഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഇന്നത്തെ സുവിശേഷം നമുക്ക് ഒരുക്കിയിരിക്കുന്ന വിരുന്നാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്ന ക്രിസ്തുവിന്റെ സന്ദേശം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ   ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.

ഇടുങ്ങിയ വഴികളെ ഇഷ്ടപ്പെടാത്തവരാണ് നമ്മിൽ അധികവും. അത് റോഡിന്റെ കാര്യത്തിലായാലും, മനഃസ്ഥിതിയുടെ കാര്യത്തിലായാലും അങ്ങനെത്തന്നെയാണ്. ഒരു ഇടവകയിൽ ബഹു. വികാരിയച്ചനും, കൊച്ചച്ചനും ഉണ്ടെങ്കിൽ, സാധാരണയായി ചെറുപ്പക്കാർ പറയുന്ന Comment എങ്ങനെയായിരിക്കും? “നമ്മുടെ കൊച്ചച്ചനോ? അടിപൊളിയാണ്. വളരെ ഓപ്പൺ ആണ്. ആള് Broad-minded ആണ്.” “അപ്പോ വികാരിയച്ചനോ?” “ഹേയ്, കുഴപ്പോന്നൂല്യ. ന്നാലും ആള് പഴഞ്ചനാ. very naroow-minded.”  

സാധാരണജീവിതത്തിൽ ഇടുങ്ങിയ റോഡുകളെയും, വാതിലുകളെയും, ഇടുങ്ങിയ രീതികളെയും, ഇടുങ്ങിയ മനഃസ്ഥിതിയുള്ളവരെയും ഇഷ്ടപ്പെടാത്ത നമ്മോട് ഈശോ പറയുന്നത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നാണ്.

അത്രസ്വീകാര്യമല്ലെങ്കിലും, ഈശോ പറയുമ്പോൾ അതിന്റെ Range ഒന്ന് വേറെയായിരിക്കുമെന്നതാണ് സുവിശേഷങ്ങളുടെ പ്രത്യേകത! ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത്? ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ പട്ടണമാണ്; ദൈവത്തിന്റെ രക്ഷയുടെ പ്രതീകമാണ്; ദൈവത്തിന്റെ രക്ഷയുടെ നീർച്ചാൽ പെട്ടിപ്പുറപ്പെടുന്നത് ജറുസലേമിൽ നിന്നാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ചുറ്റി സഞ്ചരിച്ച ഈശോ ജെറുസലേമിനെ ലക്ഷ്യമാക്കിയുള്ള തന്റെ യാത്രയുടെ തുടക്കത്തിലാണ് ഒരുവന്റെ ചോദ്യം? “കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ?” ചോദ്യത്തിനുള്ള ഉത്തരം പറയാതെ ഈശോ അവന് പറഞ്ഞുകൊടുക്കുന്നത് രക്ഷയിലേക്കുള്ള വഴിയാണ്; അതിന്റെ സ്വഭാവമാണ്; അതിന്റെ നീളവും വീതിയുമാണ്. മാത്രമല്ല, ഈ വഴിയിലൂടെ, വാതിലിലൂടെ കടന്നുവരുന്നവർക്ക് മാത്രമേ, രക്ഷയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു എന്നും ഈശോ അവന് പറഞ്ഞുകൊടുക്കുകയാണ്.  

ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഈശോ, എന്ന് തോന്നും ഈശോയുടെ ഈ Answer ഉം അതിന്റെ Explanation നും കേട്ടാൽ. അതങ്ങനെത്തന്നെയാണ്. കാരണം ലോകത്തിന് രക്ഷ നൽകുവാൻ വന്ന ഈശോയ്ക്ക്, ആ രക്ഷയിലേക്കുള്ള വഴിയെപ്പറ്റി ലോകത്തോട് പറയുവാൻ ഇതില്പരം നല്ലൊരു അവസരം എവിടെനിന്ന്  കിട്ടാനാണ്! രക്ഷയിലേക്കുള്ള വഴിയെന്താണ്, അതിന്റെ സ്വഭാവമെന്താണ്, അതിലൂടെ പ്രവേശിക്കുന്നതിന് മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ആരൊക്കെ അതിലൂടെ പ്രവേശിക്കും, ആരൊക്കെ അതിലൂടെ പ്രവേശിക്കുകയില്ല …എന്നിങ്ങനെ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ ഈശോ പറയുകയാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവകുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (3, 17) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ, ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.” (1 തിമോ 1, 15)

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ”? എന്ന് ചോദിക്കുമ്പോൾ അയാൾക്ക്‌ ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വാതിലേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വാതിലിന്റെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വാതിലിലൂടെ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

വാതിലുകൾ പലതരത്തിലുണ്ട്. ഒന്നാമതായി, വിശാലമായ വാതിലുകൾ!! വിശാലമായ വാതിൽ കടക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ ചെന്നെത്തുന്നത് വളരെ ആരവം നിറഞ്ഞ, ബഹളം നിറഞ്ഞ സാഹചര്യത്തിലേക്കായിരിക്കും. പക്ഷെ, അവിടെ നിങ്ങളുടെ മൂല്യങ്ങളെല്ലാം തകർക്കപ്പെടും. ധാരാളം സുഖങ്ങൾ കണ്ടെത്താം. നിങ്ങളുടെ ഏതു ലക്ഷ്യവും നേടാം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം. 1978 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഡെങ് സിയാവോ പിങ് പറഞ്ഞപോലെ, “പൂച്ച കറുത്തതായാലും, വെളുത്തതായാലും കുഴപ്പമില്ല. എലിയെ പിടിച്ചാൽ മതി”. ഇതായിരിക്കും ഇവിടുത്തെ നീതി. സ്വർണക്കടത്തിന്റെ വഴി സ്വീകരിക്കാം. എതിരാളികളെ കൊന്നു തള്ളുന്നതിൽ രാഷ്ട്രീയ നീതി കണ്ടെത്താം. പണത്തിന്റെ അഹന്തയിൽ കാലിനടിയിൽ ചതഞ്ഞരയുന്നവരെ കാണേണ്ടതില്ല.  സ്വന്തം പ്രസ്ഥാനം തകർന്നടിഞ്ഞ് വേരറ്റു പോയതിന്റെ കഥകൾ ടിവിയിലൊക്കെ നിറഞ്ഞു നിൽക്കുമ്പോഴും ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികൾ വിൽക്കാൻ വച്ചിരിക്കുകയാണെന്ന് വിളിച്ചുപറയാം. സ്വന്തം ജനങ്ങൾ മണിപ്പൂർ പോലുള്ള സ്ഥലങ്ങളിൽ പിടഞ്ഞുവീഴുമ്പോൾ, വംശഹത്യയിലൂടെ ഇല്ലാതാകുമ്പോൾ ഒന്നും മിണ്ടാതെ വിദേശ ടൂറിന് പോകാം. അതിനെയൊക്കെ ന്യായീകരിക്കാം. ഇവിടെ എന്റെ സംസാരം, പെരുമാറ്റം ആരെ വേദനിപ്പിച്ചാലും കുഴപ്പമില്ല. എനിക്ക് സുഖിക്കണം, വളരണം, വലുതാകണം. പക്ഷെ അന്ത്യം ദാരുണമായിരിക്കും.

രണ്ടാമത്തേത് തുറന്നു കിടക്കുന്ന വാതിലുകൾ. രണ്ടാമത്തെ വാതിൽ കടന്നു ചെല്ലുന്നത് അന്ധകാരത്തിലേക്കായിരിക്കും. ആരോടും, അനുരഞ്ജനപെടാതെ നിങ്ങളുടെ മാളങ്ങളിൽ ജീവിക്കാം. എല്ലാവരോടും പകയോടെ ജീവിച്ചു നിങ്ങളെ തന്നെ ഇരുട്ടിലേക്ക് തള്ളാം. അയൽവക്കക്കാരോട് പിണങ്ങിയിരിക്കുന്നതിൽ ഒരുതരത്തിലുള്ള മനസ്സുഖം അനുഭവിക്കാം. കുടുംബസ്വത്തിന്റെ പേരിൽ കലഹിക്കാം; വേണമെങ്കിൽ സ്വന്തം സഹോദരനെയോ, സഹോദരിയെയോ, മാതാപിതാക്കളെത്തന്നെ കോടതികയറ്റാം. ഇത്തരത്തിലുള്ള വാതിലുകൾ കടക്കുവാൻ എളുപ്പമാണെങ്കിലും എപ്പോഴും അവയുടെ മുൻപിൽ നീണ്ട ക്യൂ ആയിരിക്കും.. ആളുകളുടെ തിരക്കായിരിക്കും. ഈ വാതിലുകൾ എപ്പോഴും തുറന്നേ കിടക്കൂ.

മൂന്നാമത്തേത് കടന്നു ചെല്ലുന്നത് രക്ഷയിലേക്കായിരിക്കും. പക്ഷെ വാതിൽ വളരെ ചെറുതാണ്. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാവുന്ന വാതിൽ. ഈ വാതിൽ എപ്പോഴും തുറക്കുകയില്ല. തുറക്കപ്പെടുന്ന സമയത്തു് ചെന്നാൽ വാതിലിലൂടെ കടക്കാം. അടയ്ക്കപ്പെട്ടാൽ പിന്നെ തുറന്നു കിട്ടുക എപ്പോഴെന്നു പറയാനാകില്ല. എന്നാൽ ഇവിടെ തിരക്ക് കുറവായിരിക്കും. എല്ലാവരോടും അനുരഞ്ജനപ്പെട്ട്, ക്ഷമിച്ചു, മറക്കാനും പൊറുക്കാനും തയ്യാറായി ചെല്ലുമ്പോൾ, ആ വാതിലിലൂടെ കടക്കാനുള്ള ശാരീരിക രൂപം നിങ്ങൾക്ക് കിട്ടും. അഹന്തയുടെ, സ്വാർത്ഥതയുടെ, വെറുപ്പിന്റെ പൊണ്ണത്തടിയുമായി ചെന്നാൽ, ego യുടെ മസിലും പെരുപ്പിച്ചു ചെന്നാൽ കടന്നുപോകാനാകില്ല. ഈ ഭൂമിയിലെ നിന്റെ മഹത്വങ്ങൾ പറഞ്ഞ്, നീ അത് ചെയ്തു, ഇത് ചെയ്തു, ക്രിസ്തുവിന്റെ നാമത്തിൽ ആളുകൾക്ക് ഭക്ഷണം കൊടുത്തു, വീട് നിർമിച്ചു നൽകി എന്നൊക്കെയുള്ള സർട്ടിഫിക്കറ്റുകളുടെ അലങ്കാരങ്ങളുമായി ചെന്നാൽ, വാതിൽ ചെറുതാണേ, കടന്നുപോകാൻ പറ്റില്ല.

ഇതാണ് വാതിലുകളുടെ സ്വഭാവ സവിശേഷതകൾ. വാതിലിന്റെ നിറം പ്രശ്നമല്ല; എന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നും പ്രശ്നമല്ല; ആരാണ് നിർമിച്ചതെന്നതും പ്രശ്നമല്ല. പക്ഷേ, വാതിലിന്റെ വലിപ്പം….!! അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വാതിലുകൾ എന്നും ഇടുങ്ങിയതായിരിക്കും.

പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ആത്മാർത്ഥമായി പഠിക്കുന്ന ഒരു വിദ്യാർത്ഥി SSLC ക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിക്കുമ്പോൾ, അവൾ/ അവൻ ഓർക്കുക, ഉറക്കമിളച്ചിരുന്ന് പഠിച്ച രാവുകളെയും, ഉത്സാഹപൂർവ്വം പഠിച്ച മണിക്കൂറുകളെയും ആയിരിക്കില്ലേ? ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വാതിലുകളാണ്   എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഓരോ നിമിഷവും തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ വാതിലുകളിലൂടെയാണ് കടന്നുപോകുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ, തിരഞ്ഞെടുപ്പുകളുടെ ആകത്തുകയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എത്രയോ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മുൻപിൽ എത്തുന്നത്. ഓരോ Choice ഉം ഓരോ വാതിലാണ്. ഓരോ Decision ഉം ഓരോ വാതിൽ ആണ്. മണിപ്പൂരിലെ ക്രൈസ്തവർ തങ്ങൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്ത് സഹിക്കുവാൻ തീരുമാനിക്കുന്നതുകൊണ്ട് ഇന്നും അവർ ഇടുങ്ങിയവാതിലിലൂടെ കടന്നുപോകുകയാണ്. രോഗങ്ങളെയും, തകർച്ചകളെയും, ദൈവഹിതമായി സ്വീകരിക്കുന്നവരെല്ലാം, ജീവിതത്തിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. ശരിയായ തീരുമാനമെടുക്കുവാൻ നമുക്കാകണം. ശരിയായ വാതിൽ കണ്ടെത്താനാകണം. ശരിയായ വാതിൽ ക്രിസ്തുവാണ്. മറ്റ് വാതിലുകൾ നാശത്തിലേക്കുള്ളതാണ്. ക്രിസ്തുവാകുന്ന വാതിൽ രക്ഷയിലേക്കുള്ളതാണ്.

നമ്മുടെ തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ സമയത്തെ കൃപ നിറഞ്ഞതാക്കുവാൻ തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകും. ഇടുങ്ങിയ വാതിലുകളെ, വലിപ്പമുള്ളതാക്കുവാനല്ല, അതിലൂടെ കടക്കുവാനുള്ള തീരുമാനത്തിന്റെ സമയത്തെ പ്രാസാദവരത്താൽ നിറയ്ക്കുവാൻ ദൈവം നമ്മോടൊപ്പമുണ്ടാകും. അവിടന്ന് തന്റെ മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്ക്കും. ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വാതിലുകളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വാതിലുകൾക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? നമ്മെത്തന്നെ ഒരുക്കണം. ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”. 

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God – അതാണ് മാലാഖമാർ.

ഇടുങ്ങിയ വാതിലിലൂടെ കടക്കുവാൻ നമുക്കാകട്ടെ. പലതരത്തിലുള്ള വാതിലുകൾ, തീരുമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്പിലങ്ങനെ നിൽക്കും. ഏതാണ് രക്ഷയിലേക്കുള്ള വാതിൽ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ തകർച്ചയുടെ, മഹാമാരിയുടെ, ദാമ്പത്യ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളിൽ കൃപയുടെ നിറവുണ്ടാകുവാൻ ഈശോ ഇപ്പോൾ നമ്മെ അനുഗ്രഹിക്കുകയാണ്. ദുരന്തങ്ങളിലേക്ക്, അന്ധകാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ

കടക്കുവാൻ ദൈവമേ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. രക്ഷയുടെ വാതിലിലൂടെ കടക്കുവാൻ ഈശോയെ എന്നെ കൈപിടിച്ച് നടത്തണമേ. ആമേൻ!

SUNDAY SERMON LK 12, 57 -13,5

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 5

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും, അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും Warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

വായിച്ചുകേട്ട സുവിശേഷത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒന്നാമത്തെ സംഭവം ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയതാണ്. ഇന്ത്യയിലെ അടിയന്തരാവസ്ഥയും, ബാബ്‌റി മസ്ജിദ് തകർത്ത സംഭവവും, 2002 ലെ ഗുജറാത്ത് കലാപവുമൊക്കെ ഇന്നും ജനത്തിനിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഈശോയുടെ കാലത്തെ ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു Talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു. ശക്തമായ രാഷ്ട്രീയ അജൻഡ അതിന് പുറകിലുണ്ടായിരുന്നു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.

റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്.  ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’

പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.

നമ്മുടെ പാപം നിറഞ്ഞ അവസ്ഥയിൽ തകർന്നടിയുന്നത് നാം മാത്രമായിരിക്കില്ല. ചിലപ്പോൾ നമ്മുടെ കുടുംബം ഒന്നടങ്കം ആയിരിക്കും. കുടുംബനാഥന്റെ അമിതമായ, കിട്ടുന്നതെല്ലാം നശിപ്പിക്കുന്ന മദ്യപാനത്തിന് ഇരകളാകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും, നിഷ്കളങ്കരായ മക്കളും ആയിരിക്കും. ഗവൺമെന്റിന്റെ അഴിമതിയും, അനീതിയും, നേതാക്കളുടെ ആർത്തിയും, രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായുണ്ടാകുന്ന കലാപങ്ങളും തകർക്കുന്നത് ഒരു ജനതയെത്തന്നെയായിരിക്കും. നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.

ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. ഒരു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമപെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”

സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാസമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.

പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്.  പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു. ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.

വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.

അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

നമ്മുടെ ജീവിതാന്തസ്സുകളുടെ മുറ്റങ്ങളിൽ പാപത്തിന്റെ, അവിശ്വസ്തതയുടെ, ആഡംബരങ്ങളുടെ കരിയിലകൾ വീണ് വൃത്തികേടായിരിക്കുകയാണ്. ദൈവത്തിന്റെ സമാധാനം, സമൃദ്ധി നമ്മുടെ ക്രൈസ്തവജീവിതങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ദൈവത്തിന്റെ ഐശ്വര്യം നമ്മുടെ ജീവിതങ്ങളിൽ, വീടുകളിൽ കെട്ടുപോയിരിക്കുന്നു. ദൈവത്തിന്റെയും, ദൈവജനത്തിന്റെയും മുൻപിൽ നിന്നെടുത്ത പ്രതിജ്ഞകളിലെ കൃപ വറ്റിപ്പോയിരിക്കുന്നു. ക്രൈസ്തവ വിവാഹത്തിന്റെയും, പൗരോഹിത്യത്തിന്റെയും, സന്യാസത്തിന്റെയും ശോഭ മങ്ങിപ്പോയിരിക്കുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ജീവിതാന്തസ്സുകൾ സ്വീകരിച്ചിരിക്കുന്നവർ മാത്രമല്ല, അവരോട് ചേർന്നുനിൽക്കുന്നവർ മാത്രമല്ല ഈ ദേശം മുഴുവനും നാശത്തിലേക്ക് നിപതിക്കും. കാരണം, വാക്കുകൾക്ക് ദൈവികതയുടെ, വിശ്വസ്തതയുടെ, വിശുദ്ധിയുടെ കൃപ ലഭിക്കുന്നതാണ് പ്രതിജ്ഞകൾ. ആ പ്രതിജ്ഞകൾ ലംഘിക്കപ്പെട്ടാൽ….!!!!

ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസന്റെ ജീവിതം നമുക്കൊരു പാഠമായിരിക്കണം. നാസീർവ്രതക്കാരനായിരുന്ന സാംസൺ മുടിമുറിച്ചിരുന്നില്ല. നീണ്ട മുടിയിലായിരുന്നു ദൈവികശക്തിയുടെ രഹസ്യം. അതാരോടും പറയാൻ പാടില്ലെന്നായിരുന്നു ദൈവത്തിന്റെ അരുളപ്പാട്. അതാരോടും പറയില്ലെന്നായിരുന്നു ദൈവത്തോടുള്ള അയാളുടെ പ്രതിജ്ഞ. എന്നാൽ ഒരുനാൾ എല്ലാം തെറ്റി. അതോടുകൂടി അയാൾ നിസ്സഹായനായിത്തീർന്നു. പിന്നെ അയാൾ ഒരു സാധാരണക്കാരനായിത്തീർന്നു. “ദേ, ഫിലിസ്ത്യർ വരുന്നു” എന്ന് കേട്ടപ്പോൾ അയാൾ ചാടി എഴുന്നേറ്റു.” പക്ഷെ, അയാൾ ബലഹീനനായി.  അദ്ധ്യായം 16 വചനം 20 ഞെട്ടിപ്പിക്കുന്നതാണ്. “കർത്താവ് തന്നെ വിട്ടുപോയകാര്യം അയാൾ അറിഞ്ഞില്ല.”

ഇന്ന് കത്തോലിക്കാ സഭ, സീറോമലബാർ സഭ, ക്രൈസ്തവകുടുംബങ്ങൾ, ക്രൈസ്തവർ നിസ്സഹായരായി തീർന്നിട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ദൈവത്തോട് ചെയ്ത പ്രതിജ്ഞകൾ ലംഘിച്ചുകൊണ്ട്, പശ്ചാത്താപത്തിന്റെ അടയാളംപോലുമില്ലാതെ, ധിക്കാരത്തോടെ ജീവിക്കുന്നു എന്നതാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും, ഇത്രമാത്രം തകർച്ചകളുണ്ടായിട്ടും, കർത്താവ് തങ്ങളെ വിട്ടുപോയ കാര്യംപോലും അവർ അറിയുന്നില്ല. ഈശോ പറയുന്നു: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും.” വിശുദ്ധ പൗലോശ്ലീഹാ  എത്ര കൃത്യമായിട്ടാണ് ഇക്കാര്യം പറഞ്ഞുവച്ചിരിക്കുന്നത്: “ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ (അവിശ്വസ്തരായ) അവരുടെ മനസ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.” (2 കോറിന്തോസ്‌ 4 : 4)

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.

സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം. നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ,

അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!

SUNDAY SERMON LK 12, 16-34

ശ്ളീഹാക്കാലം അഞ്ചാം ഞായർ

ലൂക്ക 12, 16 – 34

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! രോഗികളെ ചികിത്സിക്കുന്ന ആശുപത്രികെട്ടിടങ്ങൾപോലും ഇടിഞ്ഞുവീഴുമ്പോൾ ആകുലതകൾ ഏറുകയാണ്. അതോടൊപ്പം തന്നെ സ്കൂളിൽ, കോളേജിൽ പോകുന്ന നമ്മുടെ മക്കൾ ലഹരിക്കടിമപ്പെടുമോ, മറ്റേതെങ്കിലും തിന്മയുടെ വഴിയിലൂടെ പോകുമോയെന്നത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ വിലവർധന! ട്രെയിൻ ചാർജ് വർധിപ്പിച്ചത് ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു! ആരുമറിയാതെ, ആരും പ്രതികരിക്കാതെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ദേഹത്തെവിടെയെങ്കിലും വേദനയോ, ഒരു ചെറിയ തടിപ്പോ വന്നാൽ അത് ക്യാൻസറിന്റെയോ, മറ്റുവല്ല അസുഖത്തിന്റെയോ തുടക്കമാണോയെന്നുളത് നമ്മുടെ ഉത്കണ്ഠതന്നെയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്… ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. ഈശോ പറയുന്നു: “നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട” എന്ന്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം. 

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.

ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”.  “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!

ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം, രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം.  ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുകയാണെങ്കിൽ, അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)

സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.

പഴയ നിയമത്തിൽ രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ച്, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ച്  യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അദ്ദേഹത്തെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്:

ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? ആ അപ്പന്റെ ചങ്കുലയ്ക്കുന്ന ചോദ്യമായിരുന്നു അത്! അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.

മൂന്ന്, ദൈവത്തിന്റെ പരിപാലനയുടെ ലക്‌ഷ്യം അറിയുന്നവരാകണം നമ്മൾ. ജെറമിയ പ്രവാചകന്റെ പുസ്തകത്തിലെ ദൈവപരിപാലനയുടെ മഹാവാക്യം ഓർമയില്ലേ? “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതിയാണത് – നിങ്ങൾക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നൽകുന്ന പദ്ധതി.” (ജെറമിയ 29, 11) ജീവിതത്തിന്റെ ദുഃഖങ്ങളിൽ, ദുരന്തങ്ങളിൽ എവിടെയാണ് ദൈവപരിപാലന എന്ന് ചോദിക്കുന്നവരാണ് നമ്മിലധികവും.  എന്നാൽ സത്യമിതാണ് പ്രിയപ്പെട്ടവരേ, ദുരന്തങ്ങൾപോലും, പലരെയും വിമലീകരിക്കുന്നുണ്ട്; നന്മയുടെ വഴിയിലൂടെ ചുവടുവയ്ക്കുവാൻ സഹായിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ദൈവം ഇത്രമാത്രം ക്രൂരനോ എന്ന് നാം ചോദിക്കുമ്പോഴും, ദുരിതങ്ങളിൽപ്പോലും, ആരൊക്കെയോ, എവിടെയൊക്കെയോ വിശുദ്ധരാകുന്നുണ്ട്; തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്നുണ്ട്; ദൈവത്തിന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. ജൂഡ് ആന്റണി ജോസഫ് സംവിധാനംചെയ്ത “2018: എവെരി വൺ ഈസ് എ ഹീറോ” എന്ന 2023 ലെ മലയാള സിനിമ കണ്ടപ്പോൾ, സിനിമയുടെ കഥ, തിരക്കഥ, സംവിധാനക്കാർ ഈയൊരു ആശയവും അതോട് ചേർത്തുവച്ചല്ലോയെന്ന് ഓർത്തുപോയി. മഴയും, അതോടൊപ്പമുള്ള ദുരിതവും, ഡാമുകൾ തുറന്നുവിട്ടതുവഴിയുണ്ടായ വെള്ളപ്പൊക്കവുമെല്ലാം തകർത്താടുമ്പോഴും, അതിനിടയിലൂടെ ഈയൊരു സന്ദേശവും വികാസം പ്രാപിക്കുന്നുണ്ട്. പല കഥകൾക്കും, ഉപകഥകൾക്കും ഇടയിലുള്ള ഒരു കഥ ഇതാണ്:

പെരിയാറിന്റെ തീരത്തുള്ള ഒരു ഫാക്ടറിയ്ക്കെതിരെ സമരം ചെയ്യുന്നവർ അവഗണിക്കപ്പെട്ടതിന്റെ വേദനയിൽ, ഫാക്ടറി തകർക്കുവാൻ ബോംബുകൾ ഓർഡർ ചെയ്യുകയാണ്. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള സേതുപതി എന്ന ട്രക്ക് ഡ്രൈവറാണ് ഭക്ഷണസാധനങ്ങളും സ്പോടകവസ്തുക്കളും കൊണ്ടുവരുന്നത്. മുതലാളി അവനോടെല്ലാം പറയുകയും കൂടുതൽ പൈസ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ സേതുപതി ഒരു പരുക്കൻ മനുഷ്യനാണ്. പ്രായമായ അമ്മയോടും, അയാളുടെ മകളോടുമൊക്കെ വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്.   കേരളത്തിൽ നിന്നുള്ള നൂറ (Noora) എന്നൊരു ടിവി റിപ്പോർട്ടറുടെ കാറിന്റെ Mirror അയാൾ തകർത്തുകളയുന്നുണ്ട്.  മലയാളികളോട് പുച്ഛമാണുതാനും. ട്രക്കുമായി കേരളത്തിലേക്ക് പോകുന്ന അയാൾ മഴയിൽപെട്ടുപോയ, ഗൾഫിൽ നിന്ന് വരുന്ന രമേശൻ എന്നയാൾക്ക് ലിഫ്റ്റ് കൊടുക്കുന്നുണ്ട്. ഇതിനിടെ കേരളത്തിൽ വെള്ളപ്പൊക്കമായി. മഴ തോരാതെ പെയ്യുന്നു. കേരളം ഇത്രയും ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, താൻ കൊണ്ടുചെല്ലുന്ന ബോംബ് കാത്തിരിക്കുന്നവരിലേക്ക്, അടുക്കുന്തോറും, അയാൾ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ കാണുന്നു; ടിവിയിലെ വാർത്തകൾ കാണുന്നു, വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ കാണുന്നു. തോരാമഴയാതെ ഈ കാഴ്ചകൾ അയാളിലെ തിന്മയുടെ മനുഷ്യനെ വിമലീകരിക്കുകയാണ്. അയാൾ ട്രക്കിൽനിന്ന് സ്പോടകവസ്തുക്കളെടുത്ത് വെള്ളത്തിലിടുകയാണ്. ഭക്ഷണവസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പിൽ കൊടുക്കുകയാണ്. ട്രക്കിൽ നിന്നിറങ്ങിപ്പോകുമ്പോൾ രമേശൻ നൽകിയ സമ്മാനം തന്റെ മകൾക്ക് വേണ്ടിയാണെന്നറിയുമ്പോൾ ഒരു നന്മയുടെ പ്രകാശം അയാളുടെ മുഖത്ത് നിറയുകയാണ്. പിന്നീട് ട്രക്കുമായി തന്റെ വീട്ടിലേക്ക് പോകുന്ന അയാളുടെ ഒരു സെമി ക്ളോസപ്പ് കാണിക്കുന്നുണ്ട് സംവിധായകൻ: പുഞ്ചിരിക്കുന്ന മുഖമുള്ള സേതുപതി!  ദുരിതങ്ങൾ അയാളെ വിമലീകരിക്കുകയാണ്. അതാണ് ദൈവത്തിന്റെ പരിപാലന.

ഒരു കുടുംബത്തിലെ ഭർത്താവിനൊരു അപകടമുണ്ടായി. അയാൾ വീട്ടിൽ വിശ്രമത്തിലാണ്. തനിക്ക് വന്ന ബിദ്ധിമുട്ടിനെയോർത്ത് വിഷമിച്ചിരിക്കുമ്പോൾ, അത്രയും നാൾ ഒട്ടും സ്നേഹം കാണിക്കാതിരുന്ന ഭാര്യ അയാളുടെ അടുത്ത് വന്നിരുന്ന് അയാളോട് സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി. അയാളുടെ വേദന അവളുടെ ഹൃദയത്തെ വിമലീകരിക്കുകയാണ്.

വേറൊരു കുടുംബത്തിൽ, ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യയുടെ ജീവിതം ദുരിതപൂർണ്ണമായി. എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെയെന്നോർത്തിരുന്നപ്പോഴാണ് ഭർത്താവ് മദ്യപാനം ഉപേക്ഷിച്ച് നന്മയിലേക്ക് വന്നത്.

അപ്പച്ചന്റെ ബിസിനസ്സ് തകർന്നപ്പോഴാണ്, അല്പം ഉഴപ്പനായ മൂത്തമകന്റെ കണ്ണ് തുറന്നത്. അവൻ അപ്പച്ചനോടൊത്ത് കുടുംബം നോക്കാൻ തുടങ്ങി! ജീവിതസംഭവങ്ങളിലെ ദൈവത്തിന്റെ പരിപാലന കാണുവാൻ ചിലപ്പോഴൊക്കെ നാം പരാജയപ്പെടുന്നില്ലേ?

ക്രൈസ്തവരുടെ അടിസ്ഥാന ഭാവം ( Basic Christian Attitude) തൃപ്തിയുടേതായിരിക്കണം.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പരിപാലന ഇത്രയും വാരിക്കോരി തന്നിട്ടും മനുഷ്യന്റെ സഹജമായ ഭാവം അതൃപ്തിയുടേതാണ്. എല്ലാവരുടെയും ശരീരഭാഷപോലും അതായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ക്രിസ്തുവെന്ന മഹാസുവിശേഷത്തിൽ നിന്ന് വായിച്ചെടുക്കേണ്ട പ്രധാന സന്ദേശം തൃപ്തിയുടേതാണ്. ഒന്നോർത്താൽ എത്രമാത്രം പരാതികൾക്കിടമുള്ള, ആകുലതകൾ നിറഞ്ഞ രാവിലേക്കാണ് ക്രിസ്തു പിറന്നുവീണത്! ക്രിസ്തുവാകട്ടെ എല്ലാറ്റിനോടും എല്ലാവരോടും തൃപ്തിയിലായിരുന്നു. ജീവിതത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽപ്പോലും ഈശോ അഗാധമായ സ്വസ്ഥത അനുഭവിച്ചു. ഒന്നും എങ്ങുമെത്താതെ, എത്തിക്കുവാൻ സാധിക്കാതെ മുപ്പത്തിമൂന്നാം വയസ്സിൽ കടന്നുപോകേണ്ടിവന്നപ്പോൾ ഉച്ചരിച്ചത് ഭൂമിയിലേക്കും വച്ച് ഏറ്റവും തൃപ്തമായ ജീവിതത്തിന്റെ ഭരതവാക്യമായിരുന്നു – എല്ലാം പൂർത്തിയായി. ദൈവപരിപാലനയുടെ മൂർത്തഭാവം!

ദൈവപരിപാലന എന്ന ആത്മീയവിശേഷണത്തിന് സംതൃപ്തി എന്ന അർത്ഥമുണ്ട്. ആഡംബരം നിറഞ്ഞ ലോകത്തിലേക്കുള്ള മനുഷ്യന്റെ ആക്രാന്തം കാണുമ്പോൾ, മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കുവാൻ എത്രയോ കുറച്ചു കാര്യങ്ങൾ മതി എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സ്വർണനിറമുള്ള നെന്മണികൾ നിറഞ്ഞു നിൽക്കുന്ന പാടത്തുനിന്ന് ആവശ്യത്തിനുള്ളതുമാത്രം കഴിച്ചിട്ട് പറന്നുപോകുന്ന ആകാശപറവകളെ കാണുമ്പോൾ എനിക്ക് അസൂയതോന്നുന്നു!

ലോകവസ്തുക്കളോട് മാത്രമല്ല, നമ്മുടെ Emotions നോടും മതി എന്ന് പറയുവാൻ നമുക്കാകണം. ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട്, ഈ കരുതൽ മതി, ഈ സ്നേഹം മതി, ഈ ശ്രദ്ധ മതിയെന്നൊക്കെ പറയുവാൻ സാധിക്കുന്നിടത്താണ് ഒരാൾ ദൈവപരിപാലനയുടെ നന്മ അനുഭവിക്കുന്നത്.

ക്രൈസ്തവരുടെ ആത്മീയ സമീപനം  (Chrstian Spiritual Approach) ദൈവപരിപാലനയുടേതായിരിക്കണം.

ദൈവപരിപാലന ഒരു ജീവിത സമീപനമാണ്. ഒരു വൃക്ഷത്തിലേക്ക് പറന്നുവന്ന് പഴങ്ങൾ തിന്നുന്ന കിളികൾ എത്ര സംതൃപ്തിയോടെയാണ് അവ തിന്നുന്നത്! പഴങ്ങൾ തിന്നശേഷം ഒരു കിളിയും ഇന്നുവരെ മരത്തിനോട് പരാതി പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, നാം മനുഷ്യരെങ്ങനെയാണ് ഇത്രയും അസംതൃപ്തരായി മാറിയത്?! ക്രിസ്തുവിന്റെ പൗരോഹിത്യത്തെ പങ്കുചേരുന്ന പുരോഹിതർ നിത്യവും തിരുവോസ്തി കൈകളിലെടുത്ത്, വിശുദ്ധ കുർബാനയർപ്പിച്ച്, ജീവിച്ചിട്ടും, എന്തുകൊണ്ടാണ് അസംതൃപ്തരാകുന്നത്? ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ വൃതങ്ങളിലൂടെ പങ്കുപറ്റുന്ന സന്യസ്തരും എന്തുകൊണ്ടാണ് അസംതൃപ്തരായി സന്യാസജീവിതം വികൃതമാക്കുന്നത്? ശരീരത്തിന്റെ മാത്രമല്ല, ആത്മീയതയുടെയും ആഘോഷമായി മാറേണ്ട ദാമ്പത്യബന്ധത്തിനുശേഷം പോലും എന്തുകൊണ്ടാണ് മനുഷ്യൻ അസംതൃപ്തിയുടെ ഭാഷ സംസാരിക്കുന്നത്? നമ്മുടെയൊക്കെ പ്രാർത്ഥനകൾ പോലും ആവശ്യങ്ങളുടെ വലിയൊരു ലിസ്റ്റാണ്; പരാതികളുടെ ലുത്തിനിയായാണ്.

കേരളത്തിലെ ഐതീഹ്യത്തിലെ വളരെ സുന്ദര വ്യക്തിത്വമായ നാറാണത്തുഭ്രാന്തൻ ദൈവപരിപാലനയുടെ സംതൃപ്തിയുടെ ഐക്കണാണ്. ഭദ്രകാളി നാറാണത്തുഭ്രാന്തന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക.” നാറാണത്തുഭ്രാന്തൻ അസ്വസ്ഥനായി. ഞാനെന്താണ് ചോദിക്കുക? അദ്ദേഹത്തിന് ഒന്നും ചോദിക്കുവാനുണ്ടായിരുന്നില്ല. അപ്പോൾ ദേവി വളരെ എളിമയോടെ പറഞ്ഞു: ഞാൻ വന്നതല്ലേ. എന്തെകിലും ചോദിക്കൂ.” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു: “എന്റെ  വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുക.” ദേവി അങ്ങനെ ചെയ്തിട്ട് മറഞ്ഞുപോയി. ദൈവപരിപാലനയിൽ ആശ്രയിച്ച് തൃപ്തിയോടെ ജീവിക്കുന്നവർക്ക് എന്ത് വരമാണ് ചോദിക്കാനുള്ളത്?

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, തളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമ മഹത്വത്തിനാകട്ടെ.

എന്റെ ഭാഗധേയം, ജീവിതം എന്റെ ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്ന കലയുടെ പേരാണ് ദൈവപരിപാലന! (സങ്കീ 16, 5) ആമേൻ!

SUNDAY SERMON JULY 3 DUKRANA 2025

ജൂലൈ 3, 2025

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത ധീരത സ്വന്തമാക്കുവാൻ, ആ ധീരതയോടെ ക്രിസ്തുവിനായി ജീവിക്കുവാൻ ദുക്റാന തിരുനാൾ നമ്മെ ക്ഷണിക്കുകയാണ്; വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസ ദീപം കരിന്തിരി കത്താതെ, ഉജ്ജ്വലമായി ആളിക്കത്തിച്ചുകൊണ്ട് വരും തലമുറയ്ക്ക് കൈമാറുവാൻ ഭാരത സഭാമക്കളേ മുന്നോട്ടുവരുവിൻ എന്ന് ഇന്നത്തെ തിരുനാൾ നമ്മോട് ആഹ്വാനംചെയ്യുകയാണ്. ഈ ക്ഷണത്തിന്റെ, ആഹ്വാനത്തിന്റെ പ്രാധാന്യവും, പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് ദുക്റാന തിരുനാളിന്റെ സന്ദേശം നമുക്ക് ശ്രവിക്കാം.

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ , കേരള കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭ  ഇന്ത്യൻ ജീവിതത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്ന്, ഇന്ത്യൻ മനസ്സിന് എക്കാലത്തേക്കും തണലായി നിൽക്കുന്ന ഒരു മഹാസാന്നിധ്യമാണ്. ആ മഹാ സാന്നിധ്യം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം, പ്രത്യേകിച്ചും, കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ! വർഗീയ ഫാസിസ്റ്റ് ശക്തികൾ വളരെ സമർത്ഥമായി കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ!! കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നീതിന്യായ കോടതികൾ ഈ സത്യം സമ്മതിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങളെ „നിർഭാഗ്യകര“മെന്നാണ് ഭാരതത്തിന്റെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഭാവിയിൽ ഒരു ദുക്റാന തിരുനാളാഘോഷിക്കുവാൻ ക്രൈസ്തവരുണ്ടാകുമോ, പള്ളികളുണ്ടാകുമോയെന്ന ഭയം ഭാരത -കേരളക്രൈസ്തവരിൽ വളർന്നുവരുന്നുണ്ട്.

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. ദിദീമോസ്‌ എന്ന വാക്കിന് ഇരട്ട എന്നർത്ഥമുള്ളതുകൊണ്ട്, വിശുദ്ധ തോമാശ്ലീഹാ ഒരു Split Personality ക്കാരനായിരുന്നോ എന്ന് സംശയിക്കുന്നവരും ഉണ്ട് പണ്ഡിതഗണത്തിൽ. എന്നാൽ, ഒരു പാതികൊണ്ട് സംശയിക്കുകയും മറുപാതിക്കൊണ്ട് സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ല തോമസ്! സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument in the hands of God! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ?

തോമാശ്ലീഹാ ഈശോയുടെ ശിഷ്യനായ രംഗം വളരെ മനോഹരമായി വിവരിക്കുന്നുണ്ട് മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യ സ്നേഹഗീത” എന്ന പുസ്തകത്തിൽ.

ഈശോയോടൊപ്പം ചേരണമെന്നാഗ്രഹിച്ചു് നിറഞ്ഞ മനസ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെ ക്കുറിച്ചുള്ള ചിന്ത ഉളവാക്കി. ശുഷ്യനാകുവാൻ താൻ അയോഗ്യനാണെന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ. നിന്റെ സമീപം നിൽക്കുവാൻ പോലും ഞാൻ അയോഗ്യൻഎന്ന് പറഞ്ഞു തോമസ് യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ പോകുന്നതിനുമുമ്പ്, “ഞാൻ വീണ്ടും വരുമ്പോൾ നീ എന്നെ വന്നു കാണണംഎന്നും, ” ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കുംഎന്നും ഈശോ അവനോട് പറഞ്ഞു. അയാൾ തിരികെ വരുമെന്ന് ഈശോയ്ക്കറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം, അയാൾ വരികയും ചെയ്തു. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ട് പറഞ്ഞു: “നീ വരുന്നതുവരെ കാത്തിരിക്കുവാൻ വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ ചെയ്തവനാണ്. എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്നിറയെ സ്നേഹമുണ്ട്.” അതായിരുന്നു ഈശോയ്ക്ക് വേണ്ടതും. തോമയുടെ തലയിൽ കൈകൾ വച്ച് അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ദീദിമൂസ് നീ ഇന്നുമുതൽ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നുമുതൽ നീ എന്റെ ശിഷ്യനാണ്.” അന്നുമുതൽ തോമ ഈശോയുടെ ശിഷ്യനായി.”

സ്നേഹമുള്ളവരേ, ഹൃദയം നിറയേ സ്നേഹം ഉണ്ടെങ്കിലേ ഈശോയുടെ ശിഷ്യനാകുവാൻ കഴിയൂ. നമ്മുടെ അയോഗ്യതയല്ല, ബലഹീനതയല്ല ശിഷ്യത്വത്തെ ദൈവാനുഗ്രഹപ്രദമാക്കുന്നത്. നമ്മുടെ സ്നേഹവും, ത്യാഗവും, ആഗ്രഹവും ഒത്തുചേരുമ്പോൾ മാനുഷികമായ ബലഹീനതകൾ ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ചാലുകളായി മാറും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്ക് നാം ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയും. തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കാൻ നമുക്ക് കഴിയണം. “ഗുരുവില്ലാത്ത ജീവിതത്തേക്കാൾ, നല്ലത് ഗുരുവിനോടൊത്തുള്ള, ഗുരുവിനുവേണ്ടിയുള്ള മരണമാണ് എന്ന് ബോധ്യമുണ്ടായിരുന്നവനാണ് തോമാശ്ലീഹാ. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങൾക്ക് ഇല്ലാതെ പോയിരിക്കുന്നതും അത് തന്നെയാണ്.

മറ്റൊന്ന്, തോമാശ്ലീഹായുടെ ഈശോയെക്കുറിച്ചുള്ള അറിവാണ്. അന്നുവരെ, മനുഷ്യർ ഗുരുക്കന്മാരെ കണ്ടിരുന്നത് സത്യത്തിലേക്കുള്ള, ജ്ഞാനത്തിലേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവമനുഷ്യരായിട്ടാണ്. ഭാരതത്തിലും അങ്ങനെത്തന്നെയായിരുന്നു ഗുരുക്കന്മാരെ കണ്ടിരുന്നത്. ഗുരു വഴികാണിക്കുന്നവനാണ്; വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് എന്ന ശക്തമായ പാരമ്പര്യം ഇപ്പോഴും നമുക്ക് ഉണ്ട്. സംസ്കൃതത്തിൽ പറയുന്നത്, ഗു ശബ്ദം അന്ധകാരം. രു ശബ്ദം തത് നിരോധകം എന്നാണ്.  എന്നുവച്ചാൽ, അന്ധകാരത്തെ മാറ്റി വെളിച്ചം നൽകുന്നവൻ ആരോ, അവനാണ് ഗുരു. തോമസും അങ്ങനെത്തന്നെയാണ് വിചാരിച്ചിരുന്നത്. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്, “വഴി ഞങ്ങൾ എങ്ങനെ അറിയും. ഞങ്ങൾക്ക് വഴി കാണിച്ചു താ.” അപ്പോഴാണ് അയാൾ അറിയുന്നത് ക്രിസ്തു വഴി കാണിച്ചു തരുന്നവൻ മാത്രമല്ല. അവിടുന്ന് വഴി തന്നെയാണ്. സത്യം പറയുന്നവൻ മാത്രമല്ല, സത്യം തന്നെയാണ്. ജീവൻ നൽകുന്നവൻ മാത്രമല്ല, ജീവൻ തന്നെയാണ്.  അപ്പം നൽകുന്നവൻ മാത്രമല്ല, അപ്പം തന്നെയാണ്. സൗഖ്യം നൽകുന്നവൻ മാത്രമല്ല, സൗഖ്യം തന്നെയാണ്. പ്രകാശം കാണിക്കുന്നവൻ മാത്രമല്ല, പ്രകാശം തന്നെയാണ്.

അന്നുവരെ ഉണ്ടായിരുന്ന ഗുരു സങ്കല്പങ്ങളെല്ലാം ക്രിസ്തുവിൽ മാറി മറിയുകയാണ്. ക്രിസ്തു അന്നുവരെയുണ്ടായിരുന്ന ഗുരു സങ്കല്പങ്ങളുടെയെല്ലാം പൂർത്തീകരണമാകുകയാണ്. തോമസിൽ രൂപാന്തരം സംഭവിക്കുകയാണ്. അപ്പോൾ മുതൽ അയാൾ കാണുന്ന വഴികളെല്ലാം ക്രിസ്തുവായി മാറി. അയാൾ കേൾക്കുന്ന, കാണുന്ന സത്യമെല്ലാം ക്രിസ്തുവായി മാറി. അയാൾ കാണുന്ന ജീവനെല്ലാം, ജീവനുള്ളതെല്ലാം എന്തായി മാറി അയാൾക്ക്? ക്രിസ്തുവായി മാറി. അതാ, ജറുസലേമിലെ വഴിയും, ഇങ്ങു ഭാരതത്തിലെ വഴിയും അയാൾക്ക് സമം. എല്ലാം ക്രിസ്തുവാണ്. ജെറുസലേമിലുള്ളതും, ജെറുസലേമിലുള്ളവരും, ഭാരതത്തിലുള്ളതും, ഭാരതത്തിലുള്ളവരും അയാൾക്ക്‌ സമം. എല്ലാം ക്രിസ്തുവാണ്. അങ്ങനെയാണ് അയാളിൽ ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെട്ടത്. അങ്ങനെയാണ് നമ്മിൽ ഒരു ക്രൈസ്തവ, ക്രൈസ്തവൻ, ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെടേണ്ടത്, പിറവിയെടുക്കേണ്ടത്. സ്നേഹമുള്ളവരേ, നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസ വ്യക്തിത്വം എത്രയോ ധന്യമാണ്! എത്രയോ മഹനീയമാണ്!

ഭാരതത്തിൽ ഇന്ന് ക്രൈസ്തവർ ധാരാളം പീഡനം അനുഭവിക്കുന്നുണ്ട്. ശരിയായിരിക്കാം, നമുക്കത് അനുഭവപ്പെടുന്നില്ല. ഇവിടെ നാം സുരക്ഷിതരായിരിക്കാം. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തു് വായിച്ചാൽ മനസ്സിലാകും, ഈ സുരക്ഷിതത്വത്തിന് ആയുസ്സ് കുറവാണ്. തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം ജീവിക്കുവാനും, ഏറ്റുപറയുവാനും സാധിക്കാത്തത്ര ബുദ്ധിമുട്ടുകൾ നേരിടുന്ന കാലം വിദൂരമല്ല. തോമാശ്ലീഹായെപ്പോലെ നാം ധൈര്യമുള്ളവരാകണം. ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ താത്പര്യമുള്ളവരാകണം. ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിഡ്ഢികളാകാതെ പരസ്പരം സഹായിച്ചും, സഹകരിച്ചും ക്രൈസ്തവജീവിതങ്ങളെ നിർമ്മലമാക്കിയും നാം മുന്നേറേണ്ടിയിരിക്കുന്നു. സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി നിലകൊള്ളാതെ, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

എന്റെ ആശ്രമത്തിന്റെ മുറ്റത്തുനിന്ന് കിഴക്കോട്ട് നോക്കിയാൽ തട്ടുപാറപ്പള്ളി കാണാം. അവിടെ തോമാശ്ലീഹാ ധ്യാനിച്ചിരുന്ന ഒരു ഗുഹയുണ്ട്. അടുത്തായതുകൊണ്ടും, തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം നിറഞ്ഞും നിൽക്കുന്ന ഇടമായതുകൊണ്ടും ഇടയ്ക്കൊക്കെ ഞാനവിടെ പോകാറുണ്ട്. (ഇവിടുന്ന് മലയാറ്റൂർക്ക് ഒരു 12 കിലോമീറ്റർ കാണും) തോമാശ്ലീഹാ കേരളത്തിൽ വന്നോ ഇല്ലയോ എന്ന സംശയമൊന്നും ഇവിടെ വരുമ്പോൾ എന്നെ അലട്ടാറില്ല. വാദമുഖങ്ങൾ നിരത്തി അത് തെളിയിക്കണമെന്നും എനിക്ക് തോന്നാറില്ല. പക്ഷേ, ലോകരക്ഷകനായ ക്രിസ്തുവിനെ പൂർവികർക്ക് പകർന്നുകൊടുക്കാനും, ആ വിശ്വാസം ഇന്നുവരെ ശക്തമായി നിലനിർത്താനും തോമാശ്ലീഹാ ഉപകരണമായതിൽ ഞാൻ സന്തോഷിക്കുന്നു. ആരെങ്കിലും പകർന്നു തരാതെ നമുക്കിത് ലഭിക്കില്ലല്ലോ. ആ മഹാ വ്യക്തിത്വം തോമാശ്ലീഹായാണ് എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം!

സ്നേഹമുള്ളവരേ, ഈ ജൂലൈ മൂന്ന് നമുക്കൊരു പ്രത്യേക ദിവസമാകട്ടെ. നമ്മുടെ ക്രൈസ്തവ ജീവിതം സമഗ്രമായ ഒരു ചിന്താമാറ്റത്തിന് വിധേയമാകട്ടെ. അതിന് തോമാശ്ലീഹായുടെ വ്യക്തിത്വം നമുക്ക് പ്രചോദനം നല്കട്ടെ. വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസദീപം ഇന്നും ജ്വലിച്ചു നിൽക്കുന്നപോലെ, കൂടുതൽ ശോഭയോടെ പ്രോജ്വലിച്ചു നിൽക്കുവാൻ നാം തോമാശ്ലീഹായിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാര്യങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന സ്കൂൾ ആണ് വിശുദ്ധ തോമാശ്ലീഹാ. തോമാശ്ലീഹാ ചൊല്ലിത്തരുന്ന പാഠങ്ങൾ ഇവയാണ്: പാഠം ഒന്ന്, ഹൃദയം നിറയെ ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടായിരിക്കണം. പാഠം രണ്ട്, ക്രിസ്തു ആരെന്ന് വ്യക്തമായി അറിയണം. പാഠം മൂന്ന്, ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയണം. പാഠം നാല്, പ്രേഷിത ധൈര്യത്തോടെ ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകണം.

ഈ നാല് പാഠങ്ങളിലും Full A+ ഉണ്ടെങ്കിൽ നമ്മുടെ ക്രൈസ്തവ ജീവിതം മനോഹരമാകും. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവാനുഗ്രഹം നിറഞ്ഞതാകും. നമ്മുടെ കുടുംബവും, കുടുംബത്തിലുള്ളവരും ക്രിസ്തുവാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ ജീവനിലൂടെ നടക്കും. വിശുദ്ധ തോമാശ്ലീഹായെപ്പോലെ നാം നമുക്ക്, നമ്മുടെ കുടുംബത്തിന്, ഈ ലോകത്തിന് ഒരു അനുഗ്രഹമാകും. ഓർക്കുക, ഭാരതസഭയും,

ക്രൈസ്തവരും അവരുടെ പ്രേഷിത ധീരത വീണ്ടെടുക്കുന്നില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ ഭാരത ക്രൈസ്തവർക്ക്, കേരള ക്രൈസ്തവർക്ക് പിടിച്ചു നില്ക്കാൻ ഒന്നുമില്ലാതെയായിത്തീരും. ആമേൻ!

SUNDAY SERMON LK 6, 27-36

ശ്ളീഹാക്കാലം നാലാം ഞായർ

ലൂക്ക 6, 27-36

“അരുന്ധതി റോയിയുടെ The God of small Things – ചെറുതുകളുടെ ദൈവം – എന്ന നോവലിൽ മനോഹരമായൊരു വാചകമുണ്ട്, ” Like a seashell always has a sea sense, the Ayemenam home still had a river-sense.” “ഒരു കടൽകക്കയ്ക്ക് ഇപ്പോഴും ഒരു കടൽബോധമുള്ളതുപോലെ…” ഈ ഉപമാഭാവനയെ ഒന്നുകൂടി വികസിപ്പിച്ചു പറഞ്ഞാൽ, ഒരു കടൽകക്കയ്ക്ക് ഇപ്പോഴും ഒരു കടൽബോധമുള്ളതുപോലെ, ആകാശത്ത് പറക്കുന്ന ഒരു പക്ഷിക്ക് എപ്പോഴും ഒരു ആകാശബോധമുള്ളതുപോലെ, ഒരു ക്രൈസ്തവന് എപ്പോഴും ഒരു ക്രിസ്തുബോധം ഉണ്ടായിരിക്കണം. ഒരു ക്രിസ്ത്യാനിയുടെ ക്രിസ്തുബോധത്തിന്റെ Expression, Reflection എങ്ങനെയായിരിക്കും എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പറഞ്ഞുതരുന്നത്. ജീവിതത്തിലും, ജീവിതസാഹചര്യങ്ങളിലും ക്രിസ്തുബോധമുള്ള ക്രൈസ്തവരാകുവാനാണ് ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച തിരുസ്സഭ നമ്മെ ക്ഷണിക്കുന്നത്.

ദൈവത്തിന്റെ പ്രവാചകനും, വക്താവുമായി വന്ന മോശ നിയമങ്ങള്‍ നല്‍കിയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. എന്നാല്‍ ഈശോ സ്നേഹവുമായിട്ടാണ് ഈ ലോകത്തിലേക്ക് വന്നത്. നിയമം എന്നത് ശക്തിയോടെ നടപ്പാക്കുന്ന സ്നേഹമാണ്. സ്നേഹമാകട്ടെ സ്വയമേ കടന്നുവരുന്ന നിയമമാണ്. നിയമം പുറമേ നിന്ന് അടിച്ചേല്പിക്കുന്നതാണ്. സ്നേഹം അകമേ നിന്ന് വരുന്നതാണ്. മോശ കല്പനകള്‍ നല്‍കുമ്പോള്‍, ഈശോ മോശയുടെ കല്പനകള്‍ക്ക് പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുകയാണ്. 

നിയമങ്ങള്‍ നല്‍കുന്ന ദൈവമായിട്ടല്ലാ, നിയമങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഈശോയുടെ കാലഘട്ടത്തെ ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. ഈശോ ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നപ്പോള്‍, അവിടുന്ന് കണ്ടത് വികൃതമായ അവരുടെ മുഖങ്ങളെയാണ്. നിയമത്തിന്റെ കാര്‍ക്കശ്യം കൊണ്ട് വികൃതമായ, നിയമത്തിന്റെ ചൈതന്യം മനസ്സിലാക്കാതെ അതിനെ മനുഷ്യനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചതുവഴി ക്രൂരമായ മുഖങ്ങളെയാണ്. എന്നിട്ട് അവര്‍ എന്ത് ചെയ്തെന്നോ, തങ്ങളുടെ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത, വിധവകളെ വിഴുങ്ങുന്ന, പാവപ്പെട്ടവന്റെ സര്‍വതും തട്ടിയെടുത്തു നെയ്‌മുറ്റിയ അവരുടെ മുഖങ്ങളെ മറയ്ക്കുവാന്‍ അവര്‍ മോശയുടെ നിയമത്തിന്റെ, നിയമം നല്‍കിയ ദൈവത്തിന്റെ, നിയമം സംരക്ഷിക്കാന്‍ വേണ്ടിയുള്ള  പുതിയ പുതിയ വ്യാഖ്യാനങ്ങളുടെ മുഖം മൂടികള്‍ ധരിച്ചു. നിങ്ങള്‍ക്ക് ക്രൂരമായ, വികൃതമായ മുഖം ഉണ്ടെങ്കില്‍ മുഖം മൂടി ധരിക്കാം. പക്ഷെ, നിങ്ങളുടെ മുഖം അപ്പോഴും വികൃതമായിത്തന്നെയിരിക്കും. മുഖം മൂടിയാണ് നിങ്ങളുടെ മുഖമെന്നു ഒരു നിമിഷത്തേയ്ക്ക് വേണ്ടിപ്പോലും  ഓര്‍ക്കരുത്.

ഇസ്രായേൽ ജനത്തിന് പലവിധ മുഖം മൂടികള്‍ ഉണ്ടായിരുന്നെങ്കിലും ഈശോ അവരുടെ യഥാര്‍ത്ഥ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത മുഖങ്ങളെ കണ്ടു. അവിടുന്ന് അവരുടെ മുഖം മൂടികള്‍ മാറ്റണമെന്ന് മാത്രമല്ലാ പറഞ്ഞത്, അവിടുന്ന് പറഞ്ഞു: സ്നേഹമുള്ള ഇസ്രായെല്‍ക്കാരെ, നിങ്ങള്‍, നിങ്ങളുടെ മുഖം മനോഹരമാക്കണം. മുഖം മനോഹരമാകണമെങ്കില്‍ നിങ്ങളുടെ ഹൃദയം സ്നേഹംകൊണ്ട് നിറയണം. ഹൃദയത്തില്‍നിന്ന് വരുന്ന സ്നേഹം കൊണ്ട് നിങ്ങളുടെ മുഖങ്ങള്‍ തിളങ്ങണം. ക്രിസ്തുബോധമുള്ള, സ്നേഹബോധമുള്ള മനുഷ്യരാകണം നിങ്ങൾ. ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ കാഴ്ചപ്പാട് ഇതാണ്: സ്നേഹം. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുമ്പോള്‍ മാത്രമേ, ഈ പ്രപഞ്ചത്തെ സ്നേഹിക്കുമ്പോള്‍ മാത്രമേ, നിങ്ങളുടെ സ്നേഹമെന്ന ശക്തി, നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടുള്ള ഒരേയൊരു ശക്തി നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമേ, ദൈവത്തെ സ്നേഹിക്കുന്നവരാകുന്നുള്ളൂ. കാരണം, ഈശോ, ദൈവം സ്നേഹമാണ്. ഈശോ ഈ ലോകത്തെ സ്നേഹിച്ചു. ഈ ഭൂമിയുടെ ഗന്ധം അവന്‍ ഇഷ്ടപ്പെട്ടു. അവന്‍ മരങ്ങളെ സ്നേഹിച്ചു. കിളികളെ സ്നേഹിച്ചു. അവന്‍ സര്‍വചരാച്ചരങ്ങളെയും സ്നേഹിച്ചു, കാരണം അങ്ങനെയേ, ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കൂ. ഒരു painting നെ സ്നേഹിക്കാന്‍ കഴിയാതെ എങ്ങനെ painter റിനെ സ്നേഹിക്കും? ഒരു കവിതയെ സ്നേഹിക്കാതെ, എങ്ങനെ കവിയെ സ്നേഹിക്കുവാന്‍ കഴിയും?

അതുകൊണ്ട്, നിന്റെ സഹോദരനെ നീ വെറുത്താല്‍, ശത്രുവിനെ നീ ദ്വേഷിച്ചാല്‍, അവളെ, അവനെ കൊന്നാല്‍, അവരെ പീഡിപ്പിച്ചാല്‍, അവരെ നിന്റെ കുടുംബത്തില്‍ നിന്ന്, സമൂഹത്തില്‍നിന്ന് പുറത്താക്കിയാല്‍, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? അവള്‍, അവന്‍ നിന്റെ ശത്രുവാണെന്നു പറഞ്ഞ്, നിന്റെ മേലങ്കി എടുത്തവരാണെന്ന് പറഞ്ഞ്, കടംമേടിച്ചത് തിരിച്ചു തരാത്തവരാണെന്ന് പറഞ്ഞ് അവരെ ഇല്ലാതാക്കിയാല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? സ്കൂളില്‍ വികൃതി കാണിക്കുന്ന കുട്ടിയെ സ്നേഹത്തോടെ, ദൈവത്തിന്റെ സ്നേഹത്തോടെ സമീപിക്കാതെ, അവനെ, അവളെ ഡിസ്മിസ്സ്‌ ചെയ്‌താല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? ആ കുട്ടിയെ എങ്ങനെ സ്നേഹിക്കും എന്നതല്ലാ പ്രശ്നം, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും എന്നതാണ്, എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും എന്നതാണ്?  കാര്യം നിസ്സാരവുമല്ല, പ്രശ്നം ഗുരുതരവുമാണ്. നമ്മുടെ കോളേജുകളിൽ, സ്കൂളുകളിൽ ഉയർന്ന ശതമാനമുള്ള, പഠിക്കുന്ന കുട്ടികൾക്ക് മാത്രം അഡ്മിഷൻ കൊടുത്താൽ എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും!! പഠിക്കാൻ കഴിവ് കുറഞ്ഞ കുട്ടികളെക്കൂടി ഉൾപ്പെടുത്തി പഠിപ്പിക്കുന്നതല്ലേ യഥാർത്ഥ വിദ്യാഭ്യാസം!!     

ഈശോ ഇസ്രായെല്‍ക്കാര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇതായിരുന്നു, സ്നേ ഹമുള്ളവരെ. ഇന്ന് നമ്മുടെ മുന്‍പിലും ഈശോ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇത് തന്നെ. ഈശോ നമ്മെ നോക്കുമ്പോള്‍ കാണുന്നത് മുഖം മൂടികളാണ്; പല വര്‍ണത്തിലുള്ള, രൂപത്തിലുള്ള, വലിപ്പത്തിലുള്ള മുഖം മൂടികള്‍. നോക്കൂ…..കാണാന്‍ എത്ര മനോഹരമാണ്! പക്ഷെ, നമ്മുടെ യഥാര്‍ത്ഥ മുഖങ്ങളോ? ക്രിസ്തുബോധമില്ലാത്ത ക്രൈസ്തവരായി നാം ഇന്ന് മാറിയിരിക്കുകയാണ്.

ഈശോ നമ്മുടെ സ്വഭാവമായി, ചൈതന്യമായി, ക്രൈസ്തവന്റെ മുഖമുദ്രയായി, ഒരേയൊരു ശക്തിയായി നല്‍കിയിരിക്കുന്നത് സ്നേഹമാണ്, സ്നേഹം മാത്രമാണ്. ഈ സ്വഭാവം, ചൈതന്യം, ശക്തി നഷ്ടപ്പെടുത്താന്‍ പാടില്ല. ഒരംശംപോലും നഷ്ടപ്പെടുത്താന്‍ പാടില്ല. ഇത് സംരക്ഷിക്കണം. ശത്രുവിനെ ദ്വേഷിക്കാനല്ലാ, ശപിക്കുന്നവരെ തിരിച്ചു ശപിക്കാനല്ല, ഈ energy, സ്നേഹം ഉപയോഗിക്കേണ്ടത്. മറിച്ച്, ശത്രുവിനെപ്പോലും സ്നേഹിക്കാന്‍, ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കടംകൊടുക്കാന്‍ ഈ energy, സ്നേഹം നാം ഉപയോഗിക്കണം. ലോകം പറയും നിങ്ങള്‍ മണ്ടന്മാരാണെന്ന്. Business management കാര്‍ പറയും ശുദ്ധ മണ്ടത്തരമെന്നു. പക്ഷെ ഈശോ പറയും, ഇതാണ് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന്.

ക്രൈസ്തവരുടെ സുവിശേഷാത്മകമായ കടമ എന്നത് സംഘർഷ സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയല്ല, ആ സാഹചര്യങ്ങളെ നന്മയുള്ളതാക്കിത്തീർക്കുകയാണ്. സംഘർഷം നിറഞ്ഞ സാഹചര്യങ്ങളെ ഒഴിവാക്കുക ബുദ്ധിമുട്ടായിരിക്കും. കുടുംബബന്ധങ്ങളിൽ എപ്പോഴും സംഘർഷ സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ, അവയെ എങ്ങനെ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് ഈശോ പറഞ്ഞു തരുന്നത്. ഇതൊരു Christian Therapy ആയിട്ടാണ് ഈശോ കാണുന്നത്. ജീവിതത്തിലെ സംഘർഷ സാഹചര്യങ്ങളെ കൃപനിറഞ്ഞതാക്കുവാനുള്ള, സമാധാനവും, സന്തോഷവും നിറഞ്ഞതാക്കാനുള്ള തെറാപ്പി.

ഇത് വെറും ധാര്‍മിക നിയമങ്ങളായി കരുതരുതേ! ധാര്‍മിക നിയമങ്ങളല്ല, നമ്മുടെ ഉള്ളില്‍ സംഭവിക്കേണ്ട മാറ്റമാണ്, ഉള്ളില്‍ നിറയേണ്ട ചൈതന്യത്തിന്റെ, ശക്തിയുടെ കാര്യമാണ് ഈശോ പറയുന്നത്. ക്രൈസ്തവ ജീവിതമെന്ന് പറയുന്നത് ഈ ശക്തിയുടെ നിറവായിരിക്കണം; അതിന്റെ കവിഞ്ഞൊഴുകലായിരിക്കണം. വെള്ളം ചൂടാക്കൂ. 100 ഡിഗ്രി യാകുമ്പോള്‍ അത് നീരാവിയാകും. 99 ഡിഗ്രി – ചൂടാണ്, പക്ഷെ വെള്ളം തന്നെ. 99.9 – അപ്പോഴും വെള്ളം തന്നെ. എന്നാല്‍ 100 ഡിഗ്രി- it evaporates! നീരാവിയായി!

ക്രിസ്തുബോധമില്ലാത്ത ക്രൈസ്തവരാണ് ഈ കാലഘട്ടത്തിന്റെ ശാപം! ഇന്ന് ക്രൈസ്തവരുടെ ജീവിതങ്ങള്‍ ജലമായി നില്‍ക്കുകയാണ്, കെട്ടിക്കെടുക്കുകയാണ്. അതിനു മാറ്റം സംഭവിക്കുന്നില്ല. പക്ഷെ നാറ്റം ഉണ്ടുതാനും! ഏശയ്യാ പ്രവാചന്‍ പറയുന്നപോലെ, നിങ്ങളുടെ ശിരസ്സ്‌ മുഴുവന്‍ വൃണമാണ്. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ, മുകള്‍ മുതല്‍ താഴെത്തട്ടുവരെ, ക്ഷതമെല്‍ക്കാത്ത ഒരിടവുമില്ല. ചതവുകളും, രക്തമൊലി ക്കുന്ന മുറിവുകളും മാത്രം! നാം ദേഷ്യപ്പെട്ടുകൊണ്ട്, ചീത്ത പ്രവര്‍ത്തികളിലൂടെ, കേസും, കേസിനുമേല്‍ കേസുമായി, അയല്‍വക്കക്കാരുമായി കലഹിച്ചും, പിതൃസ്വത്തിനായി കടിപിടി കൂട്ടിയും, പള്ളികളുടെ പേരില്‍ തര്‍ക്കിച്ചും, സസ്പണ്ട് ചെയ്തും, ഡിസ്മിസ് ചെയ്തും ചെയ്യിച്ചും, മദ്യപിച്ചും, ആഘോഷിച്ചും, ദൈവം നമുക്ക് നല്‍കിയ ശക്തിയെ ദുരുപയോഗിക്കുകയാണ്. നിസ്സാരമായ വിജയങ്ങള്‍ക്കുവേണ്ടി നാം ക്രിസ്തുവിനെ മറക്കുകയാണ്, പണ്ടത്തെ യഹൂദരേപ്പോലെ!!! പിന്നെങ്ങിനെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്? കരുണയുടെ പ്രതിരൂപങ്ങളാകുന്നത്?

സ്നേഹമുള്ളവരെ, ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ കാണാന്‍ സാധിക്കണമെങ്കില്‍ അത് നീലയോ, പച്ചയോ ആയിരിക്കണമെന്നില്ല. പക്ഷെ അതിനു ഒരു നിറമുണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കണമെങ്കില്‍ അതിനു ഒരു pitch ഉണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ സ്പര്‍ശിക്കാന്‍ കഴിയണമെങ്കില്‍ അത് പരുപരുത്തതോ, കാഠിന്യമുള്ളതോ, മാര്‍ദവമുള്ളതോ ആയിരിക്കണം. അതുപോലെ, ഈ ലോകത്തില്‍ ഒരു ക്രൈസ്തവനെ കാണാനും, കേള്‍ക്കാനും സ്പര്‍ശിക്കാനുമൊക്കെ സാധിക്കണമെങ്കില്‍ അവളില്‍, അവനില്‍ സ്നേഹമുണ്ടായിരിക്കണം, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന സ്നേഹം,

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറാനുള്ള ഹൃദയം. ഒരു ക്രിസ്തുബോധം നമ്മിൽ വളർന്ന് വരേണ്ടിയിരിക്കുന്നു. അതിനായി, ഈ വിശുദ്ധ ബലി നമ്മെ സഹായിക്കട്ടെ. ആമ്മേൻ!

Communicate with love!!