sunday sermon mt 21, 23-44

നോമ്പുകാലം നാലാം ഞായർ

മത്താ 21, 23 – 44

ജോഷ്വ 6, 27 – 7, 15

റോമാ 8, 12 – 21

സന്ദേശം

Jesus drawing with oil pastels || Christmas drawing - YouTube

ക്രിസ്തുവിന്റെ സമാധാനത്തിന്റെ തീർത്ഥാടകനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തിയിരിക്കുന്നുവെന്ന വലിയ വാർത്ത മധ്യ പൂർവേഷ്യക്ക് മാത്രമല്ല, ലോകത്തിന് മുഴുവനും സന്തോഷം പകരുന്ന ഒന്നാണ്. യുദ്ധത്തിലും ഭീകരവാഴ്ചയിലും തളർന്ന് ദുർബലമായ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികളോട് ക്രിസ്തുവിനെ സ്വന്തമാക്കി പ്രതീക്ഷയോടെ മുന്നേറുവാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ ചരിത്ര പ്രസിദ്ധമായ സന്ദർശനം തുടങ്ങിയത്. ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച നാം ശ്രവിച്ച സുവിശേഷവും ക്രിസ്തുവിനെ അവകാശമായി സ്വീകരിച്ചുകൊണ്ട്, എല്ലാറ്റിന്റെയും അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാനാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ സന്ദേശത്തിലേക്കു കടക്കാം.

വ്യാഖ്യാനം

സുവിശേഷങ്ങളിൽ തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ. ആനുകാലികമായി ഈ ഉപമയെ ഒന്ന് വിശദീകരിച്ചാൽ ഇതിലെ അന്തസത്ത നമുക്ക് മനസ്സിലാകും; മനുഷ്യന്റെ ആനമണ്ടത്തരം പിടികിട്ടുകയും ചെയ്യും.

ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ഈ ജീവിതം ഈ ഭൂമിയിൽ ദൈവമാണ് നമുക്ക് നൽകിയത്. കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, അവിടുത്തെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ ജീവനും ശക്തിയും നൽകി കണ്ണിലെ കൃഷ്ണമണിപോലെ ദൈവം നമ്മെ കാത്തുസൂക്ഷിക്കുന്നു. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാം ഈ ഭൂമിയിൽ നൂറുമേനി, അറുപതുമേനി, മുപ്പതുമേനി ഫലം പുറപ്പെടുവിക്കാനാണ്. ആ ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.  

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ നാം വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ‘ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’ 

American Portrait Painter | Jesus pictures, Jesus christ images, Pictures  of jesus christ

വിശുദ്ധ പൗലോശ്ലീഹാ ഇക്കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്. “അവൻ (ക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും  അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട്  വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ,

Why Selfish Men Live Shorter Lives | 50ish.org

സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗനന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

ഇത് ഇലക്ഷൻ കാലമാണല്ലോ! ഓരോ മണ്ഡലവും സ്വന്തമാക്കാൻ, നേടിയെടുക്കാൻ സ്ഥാനാർത്ഥികൾ നെട്ടോട്ടമോടുന്ന സമയമാണിത്! സ്ഥാനാർത്ഥികൾ അസംബ്‌ളി മണ്ഡലം സ്വന്തമാക്കാൻ എന്തുചെയ്യണം? ധാർഷ്ട്യത്തോടെ ദേ, ഈ മണ്ഡലം ഞാനങ്ങ് എടുക്കുവാ എന്നുപറഞ്ഞാൽ അതവർക്ക് കിട്ടുമോ? ഇല്ല. സമ്പത്തുണ്ടെങ്കിൽ കിട്ടുമോ? ഇല്ല. കൈയ്യൂക്കുകൊണ്ട് നേടിയെടുക്കാൻ പറ്റുമോ? ഇല്ല. അവർ എന്ത് ചെയ്യണം? അവകാശിയെ, സ്വന്തമാക്കണം. ആരാണ് ഒരു മണ്ഡലത്തിന്റെ അവകാശി? ജനം! ജനത്തെ സ്വന്തമാക്കുന്ന സ്ഥാനാർത്ഥിക്കേ മണ്ഡലം നേടാൻ സാധിക്കൂ. ജനത്തെ കൊല്ലുന്ന, ജനത്തെ വഞ്ചിക്കുന്ന സ്ഥാനാർത്ഥിക്ക് മണ്ഡലം കിട്ടില്ല.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഒന്നാമത്തെ വായനയിലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും!  

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

സമാപനം

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്?  

Jesus Christ, Jesus Nazareth Drawing Hands Pencil, Jesus Christ,  monochrome, painting png | PNGEgg

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!

sunday sermon mt 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

മത്താ 20,17 – 28

സന്ദേശം

Mateo 20, 17-28: El que quiera ser grande, que se haga servidor de ustedes.  – Boosco.org

ക്രിസ്തുസുവിശേഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ ദർശനത്തിലേക്ക്, മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവർ പിന്തുടരേണ്ട ദർശനത്തിലേക്ക് വിരൽ ചൂണ്ടുന്ന സുവിശേഷവുമായാണ് അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച നമ്മുടെ മുൻപിൽ നിൽക്കുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, മനുഷ്യന്റെ സാമൂഹിക ജീവിത പരിണാമത്തിന്റെ ചലനക്രമങ്ങളിലേക്കും വ്യാപിച്ചുനിൽക്കേണ്ട ഒന്നാണ് ക്രിസ്തുസവിശേഷമെന്ന പുരോഗമനപരവും ഒപ്പം അദ്ധ്യാത്മികവുമായ ചിന്തയിലേക്കാണ് ഈ മൂന്നാം ഞായറാഴ്ച്ച നമ്മെ ക്ഷണിക്കുന്നത്.  

ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്ര”മാണെന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, മനുഷ്യ ശുശ്രൂഷയുടെ, മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. എന്നാൽ, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്. ഇതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ വിവരണം. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്‌, മരണശഷമുള്ള ഉത്ഥാനമുണ്ട്. എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരി യുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും  നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്!

ഇതാണ് മനുഷ്യജന്മത്തിലെ വിരോധാഭാസം! അതുകൊണ്ടാണ് നരശാസ്ത്രജ്ഞന്മാർ പറയുന്നത് ‘മനുഷ്യൻ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥമതികളു’മാണെന്ന്! മനുഷ്യന് എപ്പോഴും ഒരു counter മനഃസ്സാക്ഷിയുണ്ടെന്നു തോന്നുന്നു! പഞ്ച നക്ഷത്ര ഹോട്ടലിലിരുന്ന് മനുഷ്യൻ തെരുവിൽ അലയുന്നവരെപ്പറ്റി ചർച്ച ചെയ്യും. Ac പള്ളികളിലിരുന്ന് ചുട്ടുപൊള്ളുന്ന വെയിലിൽ പണിയുന്നവർക്കുവേണ്ടി പ്രാർത്ഥിക്കും. അപകടങ്ങൾ നടക്കുമ്പോഴും, ആൾക്കൂട്ടക്കൊലപാതകങ്ങൾ അരങ്ങേറുമ്പോഴും മനുഷ്യന്റെ ചിന്ത അത് ആസ്വദിക്കുവാനായിരിക്കും, അത് മൊബൈലിൽ ഒപ്പിയെടുത്തു ആഘോഷിക്കുവാനായിരിക്കും. അപ്പൻ മരിച്ചാലും കുടിക്കും, കുഞ്ഞു ജനിച്ചാലും കുടിക്കും. ഭർത്താവ് മരിച്ചിട്ടായാലും വേണ്ടില്ല എനിക്ക് പുതിയ സാരി വാങ്ങിക്കണം. എന്നിങ്ങനെയാണ് മനുഷ്യന്റെ സ്വാർത്ഥതയുടെ മോഹനിയാട്ടങ്ങൾ!  

The Real Power in Politics

ഇത്തരം counter മനഃസ്സാക്ഷി ക്രൈസ്തവോചിതമല്ലെന്നും, ക്രിസ്ത്യാനിയുടെ mind set വളരെ വ്യത്യസ്തമായിരിക്കണമെന്നും ഈശോ ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? അവർ counter മനഃസ്സാക്ഷിക്കാരാണ്. കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌.

സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?

എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? ഉറക്കെ വിളിച്ചുപറയാൻ തോന്നുന്നുണ്ടോ? കർത്താവേ, ഞങ്ങളുടെ ഇടയിലും അങ്ങനെയാണ്. തോന്നണം. കാരണം, നമ്മുടെ ഇടയിലും അങ്ങനെയാണ്.

മാമ്മോദീസായിലൂടെ ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ദൗത്യമേറ്റെടുക്കുമ്പോൾ, വിവാഹമെന്ന കൂദാശയിലൂടെ ദമ്പതികൾ കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ശുശ്രൂഷയുടെ അഭിഷേകം സ്വീകരിക്കുമ്പോൾ, വൈദികർ ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുമ്പോൾ, സന്യാസിനീ സന്യാസികൾ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നെ വൃതങ്ങളിലൂടെ ക്രിസ്തുവിന്റെ ശുശ്രൂഷ ഏറ്റെടുക്കുമ്പോൾ, ഈശോ പറയുന്നത് മക്കളേ, ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ എന്നാണ്.  

നമ്മുടെ ക്രൈസ്തവ ജീവിത മണ്ഡലങ്ങളിൽ ഒരു ഉടച്ചുവാർക്കൽ, തകിടം മറിക്കൽ, എന്നിട്ട് ഒരു പണിതുയർത്തൽ ആവശ്യമില്ലേ? സഭയുടെ പ്രേഷിതതലങ്ങളിൽ ശുശ്രൂഷയുടെ ലാളിത്യത്തിനുപകരം കോട്ടും ടൈയ്യും കെട്ടുന്ന, performance മാത്രം നോക്കുന്ന, profit മാത്രം ലക്‌ഷ്യം വയ്ക്കുന്ന ആധുനിക മാനേജുമെന്റ്, വാണിജ്യ ശൈലികൾ അമിതമായി കടന്നുവരുന്നില്ലേ? അസഹിഷ്ണതയുടെ “കടക്കൂ പുറത്ത്’ ആക്രോശങ്ങൾ ക്രിസ്തുവിന്റെ സഭയ്ക്കുള്ളിൽ നിന്നും കേൾക്കുന്നില്ലേ? അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, കൊറോണ പോലുള്ള വൈറസുകൾ ജീവിതം തകർക്കുമെന്നറിഞ്ഞിട്ടും നാം പള്ളികൾക്കുവേണ്ടി ആക്രോശിക്കുകയാണ്; സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു, ക്രിസ്തു ദർശനത്തിലേക്ക് തിരിയാൻ നാം മടികാണിക്കുന്നു.

സമാപനം

സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. തികച്ചും കാരുണ്യംകൊണ്ടു മാത്രമാണ്

SACRIFICE: JESUS CHRIST MADE ATONEMENT FOR SIN | KEVIN NUNEZ

ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ്. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകാം കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌. ആമേൻ!

sunday sermon mt 7, 21-28

നോമ്പുകാലം രണ്ടാം ഞായർ

മത്താ 7, 21 – 28

സന്ദേശം

Image result for mt 7, 21-28

ആരാധനക്രമ വത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, വിശുദ്ധ ദിവസങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.  “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” എന്നും പറഞ്ഞുകൊണ്ട്, അനുതാപത്തിന്റെ പ്രതീകമായ ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാണ് പുണ്യം പൂക്കുന്ന വലിയനോമ്പ്‌ നാം ആരംഭിച്ചത്. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ഈശോ ഈ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.

ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.

കോവിഡ് 19 എന്ന മഹാമാരി കാരണം ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.

ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്ന പട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”. നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.

Image result for jesus and the will of God

ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗതസേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, “പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു.  

സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.  

നിങ്ങൾ ക്ലെയിം (claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്”. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

Image result for God does everything through me

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹൂറിമിൽ എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകൻ ഷിമേയി ദാവീദിന്റെ മേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു: “നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, (കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ) അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂ…കർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.

Image result for Everything in life is the will of God

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ ‌ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും  ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം.

Image result for jesus and the will of God

എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ. നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!

sunday sermon mt 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

മത്താ 4,1 – 11

സന്ദേശം

Image result for mt 4, 1-11

2021-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം ക്ഷമിച്ചുകൊണ്ടു ദൈവത്തിന്റെ മുഖമുള്ളവരായി ജീവിക്കുവാനും, നമുക്കുള്ളത് മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ട് നൊന്ത് സ്നേഹിക്കാനുള്ള ഉറച്ച തീരുമാനങ്ങൾ നാം ഈ ബലിയിൽ സമർപ്പിക്കുന്നുണ്ട്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സന്ദേശം, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40 ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ’. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

2015 ൽ പുറത്തിറങ്ങിയ പ്രദീപൻ മുല്ലനേഴിയുടെ ഒരു മലയാളം സിനിമയുണ്ട്. “നമുക്കൊരേ ആകാശം” എന്നാണ് സിനിമയുടെ പേര്. സിനിമ തുടങ്ങുന്നത് അധികം സംസാരിക്കാത്ത, ചിരിക്കാത്ത, മുഖത്ത് എന്തോ ഭയം പ്രദർശിപ്പിക്കുന്ന ഉള്ളിൽ ആരോടും പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുട്ടിയെ (കണ്ണൻ) അവതരിപ്പിച്ചുകൊണ്ടാണ്. അവന്റെ പിതാവ് അവനെ ലാൽജി എന്ന മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്, ചികിത്സിക്കുവാൻ. ലാൽജി കുട്ടിയോട് വളരെ സ്നേഹപൂർവ്വം പെരുമാറി അവന്റെ ഉള്ളിലുള്ളത് പുറത്തെടുക്കുവാൻ സഹായിക്കുകയാണ്. പിന്നെ ഫ്ലാഷ്ബാക്ക് ആയി കഥ പറയുകയാണ്.

കൂട്ടുകാരിൽ നിന്ന് റോഡിൽ വയ്ക്കുന്ന അള്ളിനെക്കുറിച്ചു അറിഞ്ഞ കണ്ണൻ, കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അള്ളു റോഡിൽ വയ്ക്കുകയാണ്. ഉടനെ തന്നെ ഒരു കാർ വന്നു. അള്ളിന്റെ മുകളിലൂടെ ടയർ കയറി. അല്പദൂരം മാറി കാർ നിന്നു. കാറിൽ നിന്ന് ഒരു പ്രായമായ അങ്കിൾ ഇറങ്ങി വന്നു പൊട്ടിയ ടയർ നോക്കി ആകുലപ്പെട്ടു. കുട്ടിയും അവിടെ വരുന്നുണ്ട്. കാറിനുള്ളിലെ ആന്റിയെക്കണ്ടു അവനു വിഷമവും വരുന്നുണ്ട്. ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോകുകയാണ് എന്ന് തന്റെ യാത്രയുടെ ഉദ്ദേശ്യം അയാൾ കുട്ടിയോട് പറയുന്നുണ്ട്. പുറകെ വന്ന ഒരു ലോറിക്കാരന്റെ സഹായത്തോടെ ടയർ മാറ്റിയിട്ടു അങ്കിൾ യാത്ര തുടർന്നു. കണ്ണൻ പിന്നാലെ സൈക്കിളിൽ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ട്ടർ അങ്കിളിനോട് പറയുന്നത് കണ്ണൻ കേട്ടു. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ! ഒരു രണ്ട് മണിക്കൂറായിക്കാണും…” വെള്ളത്തുണിയിൽ പൊതിഞ്ഞ ആന്റിയുടെ മൃതദേഹം കണ്ടു കണ്ണൻ കരഞ്ഞു. അവൻ അവിടെ നിന്ന് വീട്ടിലേക്കു ഓടി. പിന്നെ അവൻ ആരോടും മിണ്ടാതെയായി, സങ്കടത്തോടെ എപ്പോഴും ഒറ്റയ്ക്കിരിക്കും.

സംഭവം കേട്ടു കഴിഞ്ഞു മനഃശാസ്ത്രജ്ഞൻ കുട്ടിയ്ക്ക് കൊടുത്ത മരുന്ന്, ആ അങ്കിളിനോട് പോയി ക്ഷമ പറയുകയെന്നതായിരുന്നു. അങ്ങനെ കുട്ടിയും അവന്റെ അച്ഛനും കൂടി അങ്കിളിന്റെ അടുത്തെത്തി ക്ഷമ പറഞ്ഞു. അവരോർത്തു അങ്കിൾ ദേഷ്യപ്പെടുമെന്ന്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അങ്കിൾ പറഞ്ഞു: “മോൻ വിഷമിക്കേണ്ട. ഞാൻ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ തന്നെ അവൾ മരിച്ചിരുന്നു. അതുകൊണ്ടു മോൻ ഒട്ടും വിഷമിക്കണ്ട. നീ പഠിച്ചു മിടുക്കനാകണം. മറക്കാനും, പൊറുക്കാനും, സാധിക്കുമ്പോഴല്ലേ, നാം മനുഷ്യരാവുക.” അപ്പോൾ മുതൽ കണ്ണൻ വീണ്ടും ചിരിച്ചു തുടങ്ങി. അവന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെയെത്തി.

നൊന്തു സ്നേഹിക്കുകയെന്ന സ്നാനത്തിലൂടെ നമ്മെത്തന്നെ കടത്തിവി ട്ട്, ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന അനുഭവം ഉണ്ടായാലേ, മറ്റുള്ളവരിലേക്കും ആ അനുഭവം പകർന്നുകൊടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും, ദൈവത്തിന്റെ എല്ലാമാണ് ഞാൻ എന്ന അനുഭവത്തിലേക്ക് പ്രവേശിക്കുവാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പറന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് വിശപ്പ്. വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ വിശപ്പ്, രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും. നമ്മുടെ ഭാരങ്ങൾ കുറയ്ക്കാനും, മറ്റുള്ളവരുടെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കാനും, അവരുടെ ജീവിതത്തിൽ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുവാനും ശ്രമിക്കുമ്പോൾ നാം നൊന്തുസ്നേഹിക്കുകയായിരിക്കും.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ

Image result for new man in Holy Spirit

ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാൻ ഉള്ള അവസരം. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിൽ കുരിശു വര തിരുനാളിന്, വിഭൂതി തിരുനാളിന്, മുൻപുള്ള ഞായറാഴ്ച്ച പേത്തുർത്ത ഞായർ എന്നാണു അറിയപ്പെടുന്നത്. തിരിഞ്ഞുനോക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. അനുതാപത്തിനും, അനുരഞ്ജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം എന്ന് ഓർമിപ്പിക്കുകയാണ് പേത്തുർത്തയുടെ ഉദ്ദേശ്യം. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, നൊന്തു സ്നേഹിക്കാൻ പറ്റാതിരുന്നതുവഴി വന്നുപോയ വീഴ്ചകൾക്ക് പരിഹാരം ചെയ്‌ത്‌, ബന്ധങ്ങളിലെ വിള്ളലുകൾ നേരെയാക്കി ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുക എന്ന വലിയ ഓർമപ്പെടുത്തലാണ് പേത്തുർത്ത. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം. ആമേൻ!

sunday sermon jn 3, 22-31

ദനഹാക്കാലം ആറാം  ഞായർ

യോഹ 3, 22-31

സന്ദേശം

Image result for john the baptist

ദനഹാക്കാലത്തിലെ അവസാനത്തെ ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു സന്ദേശത്തിലേക്കാണ്. ഇന്ന് വീണ്ടും വിശുദ്ധ സ്നാപകയോഹന്നാൻ ഈശോയെ വെളിപ്പെടുത്തുകയാണ്. ആ വെളിപ്പെടുത്തലിന്റെ പ്രത്യേകതയാണ് ഇന്നത്തെ സുവിശേഷഭാഗത്തെ മനോഹരമാക്കുന്നത്. സ്നാപക യോഹന്നാൻ യേശുവിനു നൽകുന്ന അവസാനത്തെ സാക്ഷ്യമാണ്, വെളിപ്പെടുത്തലാണ് ഇത്. അതാകട്ടെ, സ്വന്തം വ്യക്തിത്വവും, ജീവിതവും, വാക്കുകളും, നിലപാടുകളും എല്ലാം മാറ്റിവച്ചുകൊണ്ടാണ്. എങ്ങനെയാണ് നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു ഇന്ന് സ്നാപകൻ നമുക്കു പറഞ്ഞു തരും.

വ്യാഖ്യാനം

യൂദയാ ദേശത്തു ക്രിസ്തുവും, സാലിമിനടുത്തുള്ള എനോനിൽ സ്നാപക യോഹന്നാനും മാമ്മോദീസ നൽകുന്നു എന്ന വിവരം നൽകിക്കൊണ്ടാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. രണ്ടുപേരും നൽകിയിരുന്ന സ്നാനം ഒരുപോലെയുള്ളതായിരുന്നോ, വ്യത്യസ്തമായിരുന്നെങ്കിൽ അത് എങ്ങനെയുള്ളതായിരുന്നു എന്നൊക്കൊയുള്ള സംശയങ്ങൾ നമ്മിലുണ്ടാകുക സ്വാഭാവികമാണ്.

സ്നാപകയോഹന്നാൻ യഹൂദമതത്തിലെ താപസജീവിതം നയിച്ചിരുന്ന ഖുമറാൻ സമൂഹത്തിൽപെട്ട എസ്സീനുകൾ എന്നറിയപ്പെട്ട സന്യാസികളിൽ ഒരാളായിരുന്നു. ഖുമറാൻ ഒരു സ്ഥലമാണ്. Middle East നും ഇസ്രയേലിനും (Israel) ഇടയ്ക്കുള്ള വെസ്റ്റ് ബാങ്കിലെ (West Bank) ചരിത്രപ്രസിദ്ധവും പുരാവസ്തുക്കൾ

Image result for dead sea scrolls

ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ് ഖുമറാൻ. ചാവുകടലിന്റെ ഈ പ്രദേശത്തുനിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) നിന്നാണ് എസ്സീനുകളെക്കുറിച്ചു നമുക്ക് അറിവ് കിട്ടുന്നത്. 

ക്രിസ്തുവിനായി വഴിയൊരുക്കുവാൻ മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായി’ വന്ന സ്നാപക യോഹന്നാൻ എസ്സീനുകൾക്കിടയിൽ ഉണ്ടായിരുന്ന ജലസ്നാനമെന്ന ആചാരം കടമെടുക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ മുങ്ങിയുള്ള സ്നാനം മിശിഹായെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുള്ള ആചാരമായി അദ്ദേഹം ചെയ്തുപോന്നു. എന്തുകൊണ്ട് ജലസ്നാനം? ലോകത്തിന്റെ സന്തോഷങ്ങളെയെല്ലാം മാറ്റിവച്ച് താപസജീവിതം നയിക്കുന്നതിന്റെ അടയാളമായിട്ടായിരുന്നു എസ്സീനുകൾ ജലസ്നാനം ചെയ്തിരുന്നത്. ജലത്തിൽ നിന്ന് ശുദ്ധരായി ഉയിർത്തെഴുന്നേറ്റു, സമൂഹത്തിലെ അനീതികളോടും, തിന്മകളോടും പടപൊരുതുന്ന താപസന്മാരായിട്ടാണ് എസ്സീനുകൾ യഹൂദമതത്തിൽ ജീവിച്ചിരുന്നത്.  ലോകത്തിലെ പല പുരാതന സംസ്കാരങ്ങളിലും ഒഴുകുന്നജലത്തിൽ മുങ്ങി നിവരുക എന്നത് പാപങ്ങളിൽ നിന്ന് ശുദ്ധമാക്കപ്പെട്ട് പുതിയ ജന്മത്തിലേക്കു പ്രവേശിക്കുന്നതിന്റെ പ്രതീകമായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ ജലസ്നാനം പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ആചാരമായിരുന്നു. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു, ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവച്ചു മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർക്കേ മിശിഹായുടെ രക്ഷയിൽ പങ്കുപറ്റുവാൻ സാധിക്കുകയുള്ളു എന്ന് പ്രസംഗിച്ച സ്നാപകൻ, ആ മാനസാന്തരത്തിന്റെ പ്രതീകമായിട്ടാണ് ജലസ്നാനത്തെ കണ്ടിരുന്നത്.

ജലത്താലും ആത്മാവിനാലും മാമ്മോദീസ നൽകുവാൻ വന്നവനാണ് ഈശോയെങ്കിലും, സ്നാപകൻ നൽകിയ ജലസ്നാനം തന്നെയായിരിക്കണം ഈശോയും നൽകിയിരുന്നത്. കാരണം, ആത്മാവിനെ സ്വീകരിക്കുവാൻ, ജനത്തെ ഒരുക്കുവാനാണ് ഈശോ വന്നത്. ആ ഒരുക്കത്തിന്റെ തുടക്കമായിരുന്നിരിക്കണം ഈ ആചാരങ്ങൾ. സ്വർഗത്തിൽ നിന്ന് ആത്മാവ് ഇറങ്ങി വന്ന് വസിക്കുന്ന ക്രിസ്തു പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുവാനാണ്‌ വന്നിരിക്കുന്നത് എന്ന് സ്നാപകയോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 1, 33) ഇക്കാരണങ്ങളാൽ, ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെയും സ്നാപകന്റെയും ജലസ്നാനങ്ങൾ ഒരേ സ്വഭാവമുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തു ശിഷ്യരോടൊത്തു യൂദയാ ദേശത്തു ചെയ്തിരുന്ന ജലസ്നാനവും, സ്നാപകൻ ചെയ്തിരുന്ന ജലസ്നാനവും ഒരേപോലെയായിരുന്നതുകൊണ്ടാകണം സ്നാപകന്റെ ശിഷ്യരും യഹൂദനും തമ്മിൽ ഇതേ ചൊല്ലി തർക്കമുണ്ടായത്. സ്നാപകയോഹന്നാൻ ഈ അവസരം വളരെ സമർത്ഥമായി ഉപയോഗിക്കുകയാണ്. അദ്ദേഹം വളരെ മനോഹരമായി ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ്.  ‘ക്രിസ്തുവിനു മുൻപേ അയയ്ക്കപ്പെട്ടവനായ’ സ്നാപകയോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ട് ഈശോയെ വെളിപ്പെടുത്തിയ സ്നാപക യോഹന്നാൻ, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും താൻ യോഗ്യനല്ലെന്നു’ ഏറ്റുപറഞ്ഞ സ്നാപകയോഹന്നാൻ, തന്റെ തന്നെ കുറവുകൾക്കുംമേൽ, തന്റെ മാനുഷിക പരിമിതികൾക്കുംമേൽ ഉന്നതത്തിൽ നിന്നുള്ള ക്രിസ്തുവിനെ കാണിച്ചുകൊടുക്കുകയാണ്, പ്രതിഷ്ഠിക്കുകയാണ്.

കാരണം, സ്നാപകന് സംശയം ഉണ്ടായിരുന്നു, അദ്ദേഹം വല്ലാതെ പേടിച്ചിരുന്നു, ഒരുവേള തന്റെ താപസജീവിതംകണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി തെറ്റിദ്ധരിക്കുമോയെന്ന്! ഒരുപക്ഷേ, നീതിക്കുവേണ്ടിയുള്ള തന്റെ ദാഹം കണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി കാണുമോയെന്ന്! ചിലപ്പോൾ, തന്റെ മനോഹരമായ പ്രസംഗം കേട്ട്, തന്നെ ക്രിസ്തുവായി, മിശിഹായായി വാഴ്ത്തിപ്പാടുമോയെന്ന്!

അതുകൊണ്ടു, ഒരുപക്ഷേ ലോകത്തിന്റെ ദൃഷ്ടിയിൽ വളരെ ശക്തമായ തന്റെ വ്യക്തിത്വം മറച്ചുപിടിച്ചുകൊണ്ടു, മാറ്റിവച്ചുകൊണ്ടു, തന്റെ കുറവുകളെ ഏറ്റുപറഞ്ഞുകൊണ്ടു, മണവാളനായ ക്രിസ്തുവിന്റെ അടുത്ത് നിന്ന് അവന്റെ സ്വരം ശ്രവിക്കുന്ന, അതിൽ സന്തോഷിക്കുന്ന സ്നേഹിതൻ മാത്രമാണ് താൻ എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയാണ്:

Image result for witnessing of JOhn the baptist

‘ഞാനല്ല അവനാണ് ക്രിസ്തു’! അവനാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ! അവനാണ് ദൈവാരാജ്യത്തിലേക്കുള്ള വാതിൽ! അവനാണ്, അവൻ മാത്രമാണ് ലോകത്തിന്റെ രക്ഷകൻ!

സ്നേഹമുള്ളവരേ, എങ്ങനെയാണ് ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു സ്നാപകൻ നമ്മെ പഠിപ്പിക്കുകയാണ്. ഈ ഭൂമിയിൽ താൻ ചെയ്തു തീർക്കേണ്ട ദൗത്യമെന്താണെന്നു അറിഞ്ഞ സ്നാപകൻ, തനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്ന നേട്ടങ്ങളും, അംഗീകാരങ്ങളും വേണ്ടെന്നു വച്ച്, തന്റെ ദൗത്യത്തോട് 100% ആത്മാർത്ഥത പുലർത്തുകയാണ്. ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ സ്നാപകന്റെ ജീവിതത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. എന്റെ കുറവിലാണ് ഈ ഭൂമിയിൽ ക്രിസ്തു നിറവായി മാറുന്നതെന്ന് ഓരോ ക്രൈസ്തവനും അറിയണം. ഞാൻ അപ്രത്യക്ഷനാകുമ്പോഴാണ് ക്രിസ്തു ഈ ഭൂമിയിൽ എന്നിലൂടെ പ്രത്യക്ഷനാകുന്നതെന്ന് നാം മനസ്സിലാക്കണം. എന്റെ absence ൽ ആണ് ക്രിസ്തു present ആകുന്നത്. ഇന്നത്തെ സുവിശേഷം നമ്മെ പഠിക്കുന്ന വലിയ പാഠം ഇതാണ്.

ഒന്ന് ചിന്തിച്ചു നോക്കൂ … ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന, വലിയ കോടികൾ മുടക്കി നാം പണിയുന്ന നമ്മുടെ ദേവാലയങ്ങളാണോ, നമ്മുടെ എളിയ സത്പ്രവർത്തികളാണോ ഈ ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്?

Image result for mother teresa

ആധുനിക ലോകം ക്രിസ്തു കരുണയുള്ളവനാണ് എന്ന് കണ്ടത് ആരിലൂടെയാണ്? നമ്മുടെ സ്കൂളുകളിലൂടെയാണോ? ഉയർന്നു നിൽക്കുന്ന കോളേജുകളിലൂടെയാണോ? അതോ, നീ ക്കരയുള്ള വെള്ളസാരിയുടുത്ത ഒരു പാവം കന്യാസ്ത്രീയിലൂടെയോ? വിശുദ്ധ മദർ തെരേസയാകുന്ന പേനകൊണ്ടല്ലേ ലോകമാകുന്ന ചുമരിൽ ക്രിസ്തു കരുണയാകുന്നു എന്ന് വെളിപ്പെട്ടത്? അപ്പോൾ എവിടെയാണ് നാം invest ചെയ്യേണ്ടത്? സ്ഥാപനങ്ങളിലോ, അതോ??

വൈദിക ജീവിത വഴികളിൽ വേദന നിറഞ്ഞ ഒരു അനുഭവത്തിലൂടെ കടന്നുപോയപ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണെന്നു കാണാൻ ഒട്ടേറെ ബുദ്ധിമുട്ടിയ നാളുകളോർക്കുന്നു. സങ്കീർത്തനം 61 ന്റെ ആദ്യപാഠങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന നാളുകൾ! “ദൈവമേ എന്റെ നിലവിളി കേൾക്കണമേ. എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ. ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ അതിർത്തിയിൽ നിന്നും അങ്ങയെ വിളിക്കുന്നു. എനിക്ക് അപ്രാപ്യമായ പാറയിൽ എന്നെ കയറ്റി നിർത്തണമേ!” ഒരു ദിവസം ചാപ്പലിൽ പ്രാർത്ഥനയ്ക്കായി ഇരുന്നപ്പോൾ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന കരച്ചിൽ കുറെ ചോദ്യങ്ങളായി പുറത്തുചാടി. “ദൈവമേ, എന്തുകൊണ്ട് വീണ്ടു വീണ്ടും എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു? എന്തുകൊണ്ട് നല്ല രീതിയിൽ മുന്നോട്ടു പോകാൻ എനിക്ക് പറ്റുന്നില്ല? കൂടുതൽ ഭാരം കയറ്റിവയ്ക്കുന്നതല്ലാതെ, എന്തുകൊണ്ടാണ് ആരും എന്നെ സഹായിക്കാത്തത്? അസ്വസ്ഥത നിറഞ്ഞ ഈ സാഹചര്യത്തിലൂടെ എത്രനാൾ ഞാൻ മുന്നോട്ട് പോകണം? എനിക്കൊരു വഴി കാണിച്ചു തരില്ലേ?”

അൽപനേരം ഞാൻ കണ്ണടച്ചിരുന്നു. ആ നിശബ്ദതയിൽ ഒരു സ്വരം വളരെ വ്യക്തമായി ഞാൻ കേട്ടു: “മകനേ, നീ തകർക്കപ്പെട്ടവനും ബലഹീനനും ആകുമ്പോൾ എന്റെ പിതാവ് നിനക്ക് കാണിച്ചു തരും അവിടുന്ന് എത്ര ശക്തിമാനാണെന്ന്,”

കണ്ണ് തുറന്നപ്പോൾ എനിക്കല്പം ആശ്വാസം തോന്നി. ദുരന്തങ്ങൾ ഉണ്ടാകട്ടെ, ഞാൻ ബലഹീനനാകട്ടെ. അപ്പോൾ എന്റെ ദൈവത്തിന്റെ ശക്തി എനിക്കും ഈ ലോകത്തിനും വെളിപ്പെടും. എന്റെ അറിവിന്റെ ഉയരങ്ങളിലല്ല, എന്റെ കഴിവിന്റെ ഉന്നതിയിലുമല്ല, എന്റെ ബലഹീനതയിലാണ്, ഞാൻ കുറയുമ്പോഴാണ് ക്രിസ്തു എന്നിലൂടെ ലോകത്തിനു വെളിവാകുന്നത്. തിരമാലകൾ പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വരുമ്പോഴെല്ലാം ഈയൊരനുഭവം ഇന്നും എന്നെ തളരാതെ കാത്തുസൂക്ഷിക്കുന്നു.

വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസ്കാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം 7 മുതൽ 10 വരെയുള്ള വാക്യങ്ങൾ ഓർക്കുക. ” എന്നാൽ, പരമമായ ഈ ശക്തി ദൈവത്തിന്റേതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.”

Image result for Ricardo kaka I belong to Jesus

2007 ൽ ലോകത്തിലെ ഏറ്റവും നല്ല footballer ആയ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിയൻ കളിക്കാരൻ കാക്കയെ (Ricardo Kaka) ഓർക്കുന്നില്ലേ? Midfielder ആയ കളിച്ചിരുന്ന കാക്ക ജേഴ്‌സിയിൽ I belong to Jesus എന്നെഴുതുക മാത്രമല്ല, ഓരോ വിജയത്തിനും ശേഷം പറഞ്ഞിരുന്നത് ഈ വിജയം നൽകിയത് Jesus ആണെന്നാണ്. നേട്ടത്തിന്റെ നെറുകയിലും ക്രിസ്തുവിനെ വെളിപ്പെടുത്തുകയായിരുന്നു Ricardo Kaka. ഫിലിപ്പി 4, 13 എന്ന് കണ്ണുകൾക്കിടയിൽ ആലേഖനം ചെയ്തുകൊണ്ട് മുൻ അമേരിക്കൻ football താരവും professional baseball താരവുമായ ടിം റ്റിബോ (Tim Tebow) കളിക്കളത്തിലിറങ്ങിയപ്പോൾ 9 കോടിയോളം പേരാണ് ഈ ദൈവ വചനം ഗൂഗിളിൽ search ചെയ്തത്. എന്താണ് ആ വചനം? “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും.”

Image result for tim tebow phil 4 13

താനെന്ന കളിക്കാരനെക്കാൾ ടിം റ്റിബോക്ക് പ്രധാനപ്പെട്ടത് ക്രിസ്തു തന്നിലൂടെ പ്രസംഗിക്കപെടുക എന്നതായിരുന്നു.

നാം ഈ ഭൂമിയിൽ, പ്രിയപ്പെട്ടവരേ, വെളിപ്പെടുത്തേണ്ടത് നമ്മുടെ വ്യക്തി പ്രഭാവമല്ല, നമ്മുടെ ലോകപ്രഭുത്വങ്ങളെയുമല്ല. ഈശോ നസ്രായനായ വെറും മനുഷ്യനായ ആളാണെന്നോ, ഒരു പ്രവാചകനാണെന്നോ, വിപ്ലവകാരിയാണെന്നോ ഒന്നുമല്ല നാം വെളിപ്പെടുത്തേണ്ടത്. ഈശോ ദൈവമാണെന്ന്, ക്രിസ്തുവാണെന്നു, ലോകരക്ഷകനാണെന്ന് വെളിപ്പെടുത്തുന്ന സ്നാപകന്മാരായി മാറുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം എഴുതേണ്ടത് online ആയിട്ടല്ല പച്ചയായ നമ്മുടെ ജീവിതംകൊണ്ടാണ്.

സമാപനം

സ്നേഹമുള്ളവരേ, ചിലപ്പോൾ നമ്മുടെ കഴിവുകൾ നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ പ്രശസ്തി നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ സമ്പത്തു, നമ്മുടെ സൗന്ദര്യം, നാം വലുതെന്നു കരുതുന്ന പലതും നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവർ കാണാതിരിക്കാനുള്ള വിലങ്ങുതടികളാകും. കാരണം, നാം ബുദ്ധിയുള്ളവരാണെങ്കിൽ, സമ്പന്നരാണെങ്കിൽ ആളുകൾ നമ്മുടെസാമർത്യമായിരിക്കും കാണുക. നമ്മുടെ സമ്പത്തായിരിക്കും കാണുക.

എന്നാൽ, നമ്മൾ   എളിയവരാകുമ്പോൾ, സ്നേഹവും നന്മയും ഉള്ളവരാകുമ്പോൾ, ക്രിസ്തു, അവിടുത്തെ ശക്തി നമ്മിലൂടെ പ്രകാശിതമാകും. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ ഈ ഭൂമിയിലെ നമ്മുടെ ദൗത്യം നമുക്ക് തിരിച്ചറിയാം.

Image result for My responsibity to preach Jesus images

ക്രിസ്തുവിനെ നമ്മിലൂടെ ഈ ലോകത്തിനു വെളിപ്പെടുത്തുക എന്ന ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ നമ്മുടെ ജീവിതങ്ങളെ നമുക്ക് ഒരുക്കാം. സ്നാപകനെപ്പോലെ നമ്മുടെ ദൗത്യം നമുക്കും ധീരതയോടെ നിറവേറ്റാം. ആമേൻ!  

sunday sermon jn 3, 15-21

ദനഹാക്കാലം അഞ്ചാം ഞായർ

യോഹ 3, 15-21

സന്ദേശം

The Ultimate Sermon On John 3:16 | Sharefaith Magazine

ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു. ക്രിസ്തുവിലൂടെ വെളിപ്പെട്ട ഈ മഹാരഹസ്യം ഇന്നത്തെ സുവിശേഷത്തിലാണ് ഉള്ളത്. ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ദൈവ സ്നേഹത്തിന്റെ പാരമ്യമായി, ക്രിസ്തുവായി ദൈവം ഈ ഭൂമിയിൽ അവതരിച്ചുകൊണ്ടു അവിടുന്ന് തന്റെ സ്നേഹം പ്രകടമാക്കി. ക്രിസ്തുവാകട്ടെ തന്റെ ജീവിതത്തിലൂടെ ദൈവത്തിന്റെ സ്നേഹം എന്താണെന്ന് ലോകത്തിനു മനസ്സിലാക്കി കൊടുത്തു. ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്, “മകളേ, മകനേ നിന്നിലൂടെ എന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം, ക്രിസ്തുവിന്റെ സ്നേഹം വെളിവാക്കപ്പെടുന്നവിധം ജീവിക്കുക എന്നതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിലെ പതിനാറാം വാക്യം ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യമാണ്. ക്രിസ്തുമതത്തിന്റെ സകല ദൈവശാസ്ത്രവും, ക്രിസ്തുമതത്തിന്റെ കാമ്പും കാതലും ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. ‘ക്രിസ്തുവായി ഈ ഭൂമിയിൽ അവതരിക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. തന്നിൽ വിശ്വസിക്കുന്നവരാരും നശിച്ചുപോകാതെ രക്ഷപ്രാപിക്കേണ്ടതിനു അവിടുന്ന് നമുക്ക് വേണ്ടി മരിച്ചു. ഉത്ഥാനം ചെയ്തു ഇന്നും ജീവിക്കുന്നു.  സുവിശേഷങ്ങളുടെ summary ആണ് ഈ ദൈവവചനം. തുടർന്നുവരുന്ന വചനങ്ങളോ ദൈവസ്നേഹത്തിന്റെ സ്വഭാവത്തെ വെളിവാക്കുന്നതും.

ബൈബിൾ മുഴുവൻ, ഉത്പത്തി മുതൽ വെളിപാടുവരെ, വരച്ചുകാണിക്കുന്നതു ദൈവം സ്നേഹമാകുന്നു എന്നാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായാണ് ഈ സത്യം വളരെ വ്യക്തമായി നമ്മോടു പറയുന്നത്. “…സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാകുന്നു.” (1യോഹ 4, 7-8) ഈ സ്നേഹത്തിന്റെ സവിശേഷത എന്താണ്? നാം ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മെയും സ്നേഹിക്കുന്നു എന്നതല്ല ഈ സ്നേഹത്തിന്റെ പ്രത്യേകത. ദൈവം നമ്മെ സ്നേഹിക്കുകയും, നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതാണ് ഈ സ്നേഹത്തിന്റെ പ്രത്യേകത. ( (1യോഹ 4, 10) എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിവായത്? “തന്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ്  ദൈവത്തിന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിവാക്കപ്പെട്ടത്.  (1യോഹ 4, 9)

‘ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ട്, മരണവരെ, കുരിശുമരണംവരെ അനുസരണമുള്ളവനായിക്കൊണ്ട്’ (ഫിലിപ്പി 2, 6-8) ഈശോ ദൈവത്തിന്റെ സ്നേഹം ലോകത്തിനു കാണിച്ചുകൊടുത്തു. അതിരുകളില്ലാത്ത, അളവുകളില്ലാത്ത ദൈവത്തിന്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിവായപ്പോൾ മനുഷ്യന് സ്വപ്നപോലും കാണാൻ കഴിയാത്തത്ര മഹത്വമുള്ളതായിത്തീർന്നു ദൈവത്തിന്റെ സ്നേഹം! എന്തെന്ത് രൂപങ്ങളാണ്, എന്തെന്ത് ഭാവങ്ങളാണ് ദൈവത്തിന്റെ സ്നേഹത്തിനു ഉള്ളത്?

Jesus Loves You Pictures, Photos, and Images for Facebook, Tumblr,  Pinterest, and Twitter

പ്രപഞ്ചത്തെ സൃഷ്ടിച്ച, തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച സ്നേഹമാണ് ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് രക്ഷിച്ച സ്വാതന്ത്ര്യമാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തോടൊപ്പം മരുഭൂമിയിലും, വനത്തിലും, അവർ പോയിടത്തെല്ലാം അവരോടൊപ്പം കൂടാരമടിച്ച ത്യാഗമാണ് ദൈവത്തിന്റെ സ്നേഹം; ദൈവജനത്തിന് രക്ഷകനെ വാഗ്ദാനംചെയ്ത, സമയത്തിന്റെ പൂർണതയിൽ കാലിത്തൊഴുത്തിൽ മനുഷ്യനായി പിറന്ന എളിമയാണ് ദൈവത്തിന്റെ സ്നേഹം; പീഡകൾ സഹിച്ചു കാൽവരിയിൽ ലോകരക്ഷയ്ക്കായി മരിച്ച സഹനമാണ് ദൈവത്തിന്റെ സ്നേഹം; വിശുദ്ധ കുർബാനയായി, ഇന്നും മനുഷ്യനോടൊത്ത് വസിക്കുന്ന വലിയ കാരുണ്യമാണ് ദൈവത്തിന്റെ സ്നേഹം; എന്നും എപ്പോഴും എന്നെ നയിക്കുന്ന, എന്നെ കാക്കുന്ന എന്റെ ക്രിസ്തുവാണ് ദൈവത്തിന്റെ സ്നേഹം! 

എങ്ങനെയാണ് ദൈവസ്നേഹത്തിൽ നിലനിൽക്കുവാൻ, ആ സ്നേഹം അനുഭവിക്കുവാൻ നമുക്ക് സാധിക്കുക? മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ഇതിനുള്ള ഉത്തരം നമുക്ക് തരുന്നുണ്ട്. “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ചു അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” (യോഹ 15, 9-10)

ദൈവത്തിന്റെ ഈ സ്നേഹം രക്ഷിക്കുന്ന സ്നേഹമാണ്, ശിക്ഷിക്കുന്ന സ്നേഹമല്ല. സ്നേഹമുള്ളവരേ, എപ്പോഴും ഓർമയിൽ സൂക്ഷിക്കുക: “ദൈവം തന്റെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ 3, 17) നമ്മുടെ ദൈവം ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്. എന്നാൽ, പ്രകാശമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ പ്രകാശത്തെ സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കേണ്ടിവരും; നന്മയായ ദൈവം നിങ്ങളുടെ അടുത്തേക്ക് വന്നിട്ടും ആ നന്മയെ ജീവിതത്തിൽ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് തിന്മയിൽ ജീവിക്കേണ്ടിവരും; സൗഖ്യമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ സൗഖ്യത്തെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നില്ലെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് രോഗത്തിൽ ജീവിക്കേണ്ടിവരും. എന്താണ് വചനം പറയുന്നത്? “ഇതാ ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. “ (നിയമ 30, 15) “…നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ചു, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും.” (നിയമ 30, 19-20)

Pin on Prayer Mentor

സ്നേഹമുള്ളവരേ, ദൈവസ്നേഹത്തിൽ വസിച്ചു, ആ സ്നേഹത്തിന്റെ spark ഉള്ള നല്ല ക്രൈസ്തവരായി ജീവിക്കുവാൻ ശ്രമിക്കുക! സ്നേഹമായിരിക്കട്ടെ നമ്മിലെ അഗ്നിജ്വാല. നമ്മുടെ ജീവിതത്തിന്റെ സ്വാദ് വിശുദ്ധ പൗലോശ്ലീഹാ പറയുന്ന ഗുണങ്ങളുള്ള സ്നേഹമായിരിക്കണം, ദൈവസ്നേഹത്തിന്റെ spark  ആയിരിക്കണം. എന്തും വിലകൊടുത്തു വാങ്ങുന്നത് മനുഷ്യൻ ശീലമാക്കിയതുകൊണ്ടു, സ്നേഹവും വിലകൊടുത്തു വാങ്ങാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ഭാര്യയെ നിങ്ങള്ക്ക് വിലകൊടുത്തു വാങ്ങാൻ പറ്റിയേക്കാം. എന്നാൽ അവളിലെ സ്നേഹം? അത് വിലകൊടുത്തു വാങ്ങാൻ കഴിയില്ല. സ്നേഹത്തിലേക്ക് വില കടന്നുവരുന്ന നിമിഷം സ്നേഹം മരിക്കുന്നു. സ്നേഹം ചന്തയിൽ ലഭ്യമല്ല എന്നോർക്കുക!

സ്നേഹം പരമോന്നതമായ മൂല്യമാണ്. അതുകൊണ്ടാണ് സ്നേഹം ദൈവമാകുന്നു എന്ന് നാം പറയുന്നത്. സ്നേഹമുണ്ടെങ്കിൽ എല്ലാം സ്വന്തമാക്കാൻ നമുക്ക് കഴിയും. ഒരു കഥ കേട്ടിട്ടില്ലേ?

ഒരിക്കൽ ഒരു യുവതി അവളുടെ വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങുകയായിരുന്നു. തന്റെ വീടിന്റെ മുൻപിൽ മൂന്ന് വൃദ്ധരായ മനുഷ്യർ നിൽക്കുന്നത് അവൾ കണ്ടു. അവൾക്കു അവർ അപരിചിതരായിരുന്നു. എന്നാൽ അവർ വളരെ ക്ഷീണിതരാണെന്ന് അവൾക്കു തോന്നി. അവൾ അവരോടു പറഞ്ഞു: “എനിക്ക് നിങ്ങളെ പരിചയമില്ല. എന്നാൽ, നിങ്ങൾ മൂന്നുപേർക്കും നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. അകത്തേക്ക് വരൂ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഭക്ഷിക്കുവാൻ തരാം.” “നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടോ?” അവർ ചോദിച്ചു. അവൾ ഇല്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു:”ഭർത്താവ് വീട്ടിൽ ഇല്ലെങ്കിൽ ഞങ്ങൾക്ക് അകത്തുവരുവാൻ ബുദ്ധിമുട്ടുണ്ട്.” ഭർത്താവ് തിരികെയെത്തിയപ്പോൾ നടന്നതെല്ലാം അവൾ അയാളോട് പറഞ്ഞു. “പോയി, അവരെ വിളിച്ചുകൊണ്ടു വരൂ. ഇപ്പോൾ ഞാൻ വീട്ടിലുണ്ടല്ലോ” അവൾ പുറത്തേക്കു പോയി അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ഞങ്ങൾ ഒരുമിച്ചു ഒരു വീട്ടിലേക്കു പോകാറില്ല. ഞങ്ങളിൽ ഒരാളെ നിങ്ങൾക്ക് ക്ഷണിക്കാം” എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് ആ യുവതി അത്ഭുതപ്പെട്ടു. “എന്താണ് പുതിയ പ്രശ്നം? ഇപ്പോൾ എന്റെ ഭർത്താവു വീട്ടിലുണ്ട്. വരൂ, എന്തെങ്കിലും ഭക്ഷിക്കൂ.” അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “എന്റെ പേര് ധനം എന്നാണ്.’ അടുത്ത് നിന്ന ആളെ ചൂണ്ടിയിട്ടു അയാൾ പറഞ്ഞു: “ഇദ്ദേഹം വിജയം.” അതിനപ്പുറം നിന്നയാളെ കാണിച്ചിട്ട് പറഞ്ഞ:”ഇയാൾ സ്നേഹം.” “നിങ്ങൾ അകത്തേക്ക് പോയി ഭർത്താവിനോട് ചോദിക്കൂ, ഞങ്ങളിൽ ആര് അകത്തു വരാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്.” അവൾ അകത്തുപോയി ഭർത്താവിനോട് എല്ലാം പറഞ്ഞു. വിസ്മയത്തോടെ ഭർത്താവ് പറഞ്ഞു: “അങ്ങനെയെങ്കിൽ നമുക്ക് ധനത്തെ വിളിക്കാം. നമ്മുടെ വീട് ധനംകൊണ്ടു നിറയുമല്ലോ.” യുവതിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു: നമുക്ക് വിജയത്തെ വിളിക്കാം”. ഇതെല്ലം കേട്ടിരുന്ന അവരുടെ കൊച്ചുമകൾ പറഞ്ഞു: “നമുക്ക് സ്നേഹത്തെ അകത്തേക്ക് വിളിക്കാം, നമ്മുടെ വീട് അപ്പോൾ സ്നേഹംകൊണ്ട് നിറയും. അവർക്കു അത് സമ്മതമായിരുന്നു. യുവതി പറത്തുപോയി ആ വൃദ്ധരോടു പറഞ്ഞു: “ഞങ്ങൾ സ്നേഹത്തെ അകത്തേക്ക് വിളിക്കാൻ തീരുമാനിച്ചു. ആരാണ് നിങ്ങളിൽ സ്നേഹം. ദയവായി അകത്തേക്ക് വരൂ.”  അപ്പോൾ സ്നേഹം അകത്തേക്ക് പ്രവേശിക്കുവാൻ നടന്നു നീങ്ങി. പുറകെ മറ്റു രണ്ടുപേരും അദ്ദേഹത്തെ അനുഗമിച്ചു. യുവതിക്ക് അത്ഭുതമായി. അവൾ ചോദിച്ചു: “ഞാൻ സ്നേഹത്തെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.” അതിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ ധനത്തെയോ, വിജയത്തെയോ ക്ഷണിച്ചിരുന്നെങ്കിൽ മറ്റു രണ്ടുപേർ പുറത്തു നിന്നേനെ. പക്ഷെ സ്നേഹനിങ്ങൾ സ്നേഹത്തെ ക്ഷണിച്ചു. സ്നേഹം എങ്ങോട്ടു പോകുന്നുവോ, ഞങ്ങൾ രണ്ടുപേരും സ്നേഹത്തെ പിന്തുടരും.”

സമാപനം

സ്നേഹമുള്ളവരേ, എവിടെ സ്‌നേഹമുണ്ടോ, അവിടെ ധനവും, വിജയവും സമാധാനവും എല്ലാമുണ്ട്. കാരണം, സ്നേഹം ദൈവമാണ്. സ്നേഹം വെറും കാമമല്ല. കാമം നിങ്ങളെ സംതൃപ്തമാക്കില്ല. സ്നേഹമാണ് സംതൃപ്തി നൽകുന്നത്. സ്നേഹം അധികാര യാത്രയല്ല. അത് വിനീതവും നിഷ്കളങ്കവുമായ ഒരനുഭവമാണ്. ഖലീൽ ജിബ്രാൻ പറയുന്നു: “സ്നേഹം നിങ്ങളെ കിരീടമണിയിക്കുന്നപോലെ, തന്നെ നിങ്ങളെ കുരിശിൽ തറയ്ക്കുകയും ചെയ്യും.” (പ്രവാചകൻ) നിങ്ങളിലെ നന്മയെ സ്നേഹം കിരീടമണിയിക്കും. നിങ്ങളിലെ കപടതയെ അത് കുരിശിൽ  തറയ്ക്കും. സ്നേഹം ലഭിക്കണമെങ്കിൽ നിങ്ങൾ എല്ലാം എല്ലാം അപകടപ്പെടുത്തണം. എല്ലാ മുറുകെപ്പിടിത്തങ്ങളും, വാശിയും, ഭാവി സുരക്ഷിതത്വങ്ങളും ബലികൊടുക്കണം. അപ്പോൾ സ്നേഹം നമ്മെ, നമ്മുടെ കുടുംബങ്ങളെ കിരീടമണിയിക്കും. അപ്പോൾ ദൈവമാകും നമ്മുടെ ജീവിതം നിറയെ. കടുംബം നിറയെ. സ്നേഹം ദൈവമാകുന്നു.

God is Love: The Interrelationship of the Trinity | Experiencing His Victory

ദൈവത്തിന്റെ സ്നേഹം നമ്മുടെ ജീവിതത്തെ ദീപങ്ങളുടെ ഉത്സവമാക്കി മാറ്റട്ടെ. ദൈവത്തിന്റെ സ്നേഹം ക്രിസ്തുവായി, വിശുദ്ധ കുർബാനയായി നമ്മിൽ നിറയട്ടെ. ആമേൻ!   

sunday sermon jn 1, 1-12

ദനഹാക്കാലം നാലാം ഞായർ

യോഹ 2, 1-12

സന്ദേശം

Wedding Feast at Cana - Sign of Transformation - Crossroads Initiative

അമേരിക്കയിൽ നവയുഗപ്പിറവി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡനും, നാല്പത്തിയൊമ്പതാമത്തെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും കഴിഞ്ഞ 20 നു സ്ഥാനമേറ്റതു നാമെല്ലാവരും ടിവിയിൽ കണ്ടതാണ്. ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്.  ജോ ബൈഡൻ 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. കമല ഹാരിസാകട്ടെ യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ ജഡ്ജി തർഗുഡ് മാർഷലിന്റെ ബൈബിളിലും, കുടുംബസുഹൃത്ത് റെജീന ഷെൽട്ടണിന്റെ ബൈബിളിലും കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. എനിക്കിതു വലിയ സുവിശേഷ പ്രഘോഷണമായിട്ടാണ് തോന്നിയത്. അമേരിക്കയുടെ, അമേരിക്കൻ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവമാണെന്ന്, തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും, രാഷ്ട്രീയ പദ്ധതികളുടെയും, രാഷ്ട്രനിർമാണത്തിന്റെയും അടിസ്ഥാനം ദൈവമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവർ, ഈ പ്രവർത്തിയിലൂടെ. ദൈവമഹത്വത്തിന്റെ വലിയ അടയാളമായി മാറി, ജോ ബൈഡന്റെയും, കമലയുടെയും ഈ പ്രവർത്തി. 

ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ഈ പ്രവർത്തി എങ്ങനെ, എന്തുകൊണ്ട് ദൈവമഹത്വം പ്രകടമാക്കുന്ന അത്ഭുതമായി മാറി എന്നാണ് നാമിന്ന് വിചിന്തനം ചെയ്യുക. ഈശോയുടെ ഈ പ്രവർത്തി ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറിയതുപോലെ, ഈ ഭൂമിയിൽ മനുഷ്യന്റെ, ക്രൈസ്തവന്റെ പ്രവർത്തികളെല്ലാം ക്രിസ്തുവിലുള്ള ദൈവമഹത്വം പ്രകടമാക്കുന്നവ ആകണം എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്.

വ്യാഖ്യാനം

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

കാനായിലെ കല്യാണ വീട് ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളുടെ ആരംഭം കുറിക്കുന്ന ഇടമായി മാറുകയാണ്. ഈശോ തന്റെ മഹത്വം വെളിപ്പെടുത്താൻ പ്രവർത്തിച്ച ആദ്യ അടയാളത്തിനു സാക്ഷ്യം വഹിച്ചവർ വളരെയാണ്. യേശുവിനെ വിവാഹവിരുന്നിനു ക്ഷണിച്ച മണവാളന്റെ കുടുംബം, അവരുടെ വീഞ്ഞ് തീർന്നുപോയതറിഞ്ഞു അവരെ സഹായിക്കാൻ സന്നദ്ധത കാണിച്ച പരിശുദ്ധ ‘അമ്മ, അമ്മയുടെ നിർദ്ദേശ പ്രകാരം യേശുവിന്റെ വാക്കുകൾ അനിസരിച്ചു പ്രവർത്തിച്ച പരിചാരകർ, വീഞ്ഞ് മേൽത്തരമാണെന്ന് രുചിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ കലവറക്കാരൻ, യേശു പ്രവർത്തിച്ച ആദ്യ അടയാളം കണ്ടു അവനിൽ വിശ്വസിച്ച ശിഷ്യന്മാർ

Wedding Feast of Cana

തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം അതിഥികളും ഈ പ്രവർത്തിക്കു സാക്ഷികളാണ്. എന്നാൽ, ഇവരെക്കുറിച്ചൊന്നും ഇന്ന് നാം വിചിന്തനം ചെയ്യുന്നില്ല. ഇവരെക്കുറിച്ചൊക്കെ നാം ധാരാളം വിചിന്തനം ചെയ്തിട്ടുള്ളതാണ്. അവയെല്ലാം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ഈശോ വെള്ളം വീഞ്ഞാക്കുന്നു എന്ന മാത്രം നമുക്കിന്നു വിശകലനം ചെയ്യാം.

ഈശോയുടെ ആ പ്രവർത്തി, വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവർത്തി – അതൊരു അത്ഭുതമായിരുന്നു. ദൈവപുത്രനായ ഈശോയുടെ പ്രവർത്തികൾ അത്ഭുതങ്ങളാകാതെ മറ്റെന്താകാനാണ്! അത് ക്രിസ്തുവിലുള്ള ദൈവ മഹത്വം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. ഈശോയുടെ പ്രവർത്തികൾ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകാതെ മറ്റെന്താകാനാണ്!  ഈശോയുടെ ഈ പ്രവർത്തി മനുഷ്യനിൽ രൂപാന്തരം ഉണ്ടാകണം എന്ന് പറയുന്ന സന്ദേശമായിരുന്നു. ഈശോയുടെ പ്രവർത്തികൾ, അവിടുത്തെ വചനങ്ങൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നവയാകാതെ മറ്റെന്താകാനാണ്! ഈശോയുടെ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവർത്തി ഒരു സൂചികയാണ് – ഓരോ മനുഷ്യനും അവന്റെ ജീവിത പ്രവർത്തികളെ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാക്കി മാറ്റണം എന്നതിന്റെ സൂചിക!

ഇന്നത്തെ സുവിശേഷത്തിലെ ഈ ആദ്യ അടയാളം മാത്രമല്ല, ഈശോയുടെ ഓരോ പ്രവർത്തിയും, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളവയും അല്ലാത്തവയും, പരസ്യ ജീവിതകാലത്തു ഈശോ ചെയ്തവ മാത്രമല്ല ഇന്നും ഈശോ ചെയ്യുന്നതും ഇനിയും ചെയ്യാനിരിക്കുന്നവയുമായ എല്ലാ പ്രവർത്തികളും ദൈവ മഹത്വത്തിന്റെ അടയാളങ്ങളാണ്. സംശയമുണ്ടെങ്കിൽ, സുവിശേഷങ്ങളിലൂടെ കടന്നുപോകൂ… നിങ്ങൾ വിസ്മയിച്ചുപോകും … മനുഷ്യജീവിതങ്ങളിൽ അവിടുന്ന് ചെയ്ത പ്രവർത്തികളെ ഒന്ന് വിശകലനം ചെയ്തു നോക്കൂ…നിങ്ങൾ   കണ്ണുകൾ തുറന്ന് , വാ പൊളിച്ചങ്ങനെ നിന്നുപോകും…എന്തിനു നിങ്ങളുടെ തന്നെ, ജീവിതത്തിലേക്ക്,

Can you imagine… “Blessed with every blessing!” | Coffee With The Lord

കുടുംബജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… ജീവിതത്തിൽ വീഞ്ഞു തീർന്നുപോയ എത്രയെത്ര സന്ദർഭങ്ങൾ! ആവശ്യത്തിന് പണമില്ലാതെ, ചെയ്യുന്ന ബിസിനസ്സെല്ലാം തകരുന്ന അവസരങ്ങൾ, സമൂഹത്തിന്റെ മുൻപിൽ നാണംകെടുന്ന സമയങ്ങൾ, പഠിക്കാൻ കഴിയാതെ, ജോലിയില്ലാതെ അലഞ്ഞ നിമിഷങ്ങൾ, പാപത്തിൽ നടന്ന വഴികൾ …ഇവിടെയെല്ലാം ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചതോർക്കുമ്പോൾ നിങ്ങൾ  അത്ഭുതംകൊണ്ടു സംസാരിക്കാൻ പറ്റാത്തവരാകും…കാരണം, വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ, “നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹങ്ങളാണ്” ക്രിസ്തു നമുക്ക് നൽകിയിരിക്കുന്നത്, ദൈവം നമ്മിൽ വർഷിച്ചിരിക്കുന്നത്! ക്രിസ്തു അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രവർത്തിക്കുന്നില്ല എന്നോർക്കുക!

എങ്ങനെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് ഈശോ അത്ഭുതങ്ങൾ മാത്രം പ്രവർത്തിക്കുന്നു? ദൈവപുത്രനായ ക്രിസ്തു ദൈവവുമായി ഒന്നായിരുന്നതുകൊണ്ട്.  തന്നെ മുഴുവനും ദൈവത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്നതുകൊണ്ട്. ദൈവമേ, നിന്റെ ഇഷ്ടം മാത്രം ചെയ്തുകൊണ്ട് ജീവിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു ജീവിച്ചതുകൊണ്ട്! പിതാവായ ദൈവം ഈശോയെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ടാണ് ഈശോ ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിയത്. (യോഹ 17, 4) ഓരോ ക്രൈസ്തവനും ക്രിസ്തുവിൽ ജീവിച്ചുകൊണ്ട്, ക്രിസ്തു അവളെ, അവനെ ഏൽപ്പിച്ച ജോലികൾ ചെയ്യുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം ഓർക്കുക: “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഈ ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവാനാണ്. ഈശോ ദൈവത്തിലും, ദൈവത്തോടുമൊപ്പം ആയിരുന്നത്കൊണ്ട് അവിടുത്തെ പ്രവർത്തികൾ ദൈവമഹത്വത്തിനുള്ളവയായതുപോലെ, “കർത്താവാണ് എന്റെ അവകാശവും പാനപാത്രവുമെന്നു” (സങ്കീ 16, 5) വിശ്വാസത്തോടെ, ആ വിശ്വാസം ഏറ്റുപറഞ്ഞു ജീവിച്ചാൽ നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്നവയെല്ലാം അത്ഭുതങ്ങളായിത്തീരും. അവ ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകും. ‘നാം ധാരാളം ഫലം പുറപ്പെടുവിക്കുകയും, അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യരാകുകയും ചെയ്യുമ്പോഴാണ് പിതാവ് മഹത്വപ്പെടുന്നത്.’ (യോഹ 15, 8)

ഇതാണ് ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ ജീവിതം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഈ ലോകമാകുന്ന കാനായിൽ ക്രിസ്തുവിന്റെ മഹത്വം നമ്മുടെ ജീവിത്തിലൂടെ, ജീവിത പ്രവർത്തികളിലൂടെ വെളിപ്പെടണം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ – അത് കുടുംബത്തിലാണെങ്കിലും, വൈദിക -സന്യാസ അ ന്തസ്സിലൂടെയാണെങ്കിലും, ജോലിസ്ഥലത്താണെങ്കിലും, സ്കൂളിലോ കോളേജിലോ ആണെങ്കിലും – കാര്യക്ഷമതയുള്ള, ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകണ മെന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം? പരിശുദ്ധ പിതാവ് വരുന്നത് നല്ലതാണ്. അതിലൂടെ ദൈവമഹത്വം പ്രകടമാക്കുകയും ചെയ്യും. പക്ഷേ, അതിനല്ല പരമപ്രാധാന്യം നൽകേണ്ടത്. എന്റെ ജീവിതത്തിലെ പ്രവർത്തികൾ ദൈവമഹത്വത്തിനു ഇടയാകുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നാടിന്റെ പ്രധാനമന്ത്രിയെ കാണുന്നതും നല്ലതാണ്. പക്ഷേ, അതല്ല പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ടത്‌ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിൽ ആഴപ്പെടുക എന്നതാണ്, ആഴപ്പെടുവാൻ വേണ്ടി ദൈവജനത്തെ ഒരുക്കുക എന്നതാണ്.

നമ്മുടെ ക്രൈസ്തവ ജീവിതത്തിലൂടെ ലോകത്തുണ്ടായ, രാജ്യത്തുണ്ടായ വലിയ അനുഗ്രഹങ്ങൾ കണ്ട്, ആ പൊൻമുട്ടകളിൽ ആകർഷിതരായി, സ്വയം മറന്ന് നാമെന്തു ചെയ്തു? താറാവിനെയങ്ങു കൊന്നു! ദൈവത്തിലുള്ള വിശ്വാസം അങ്ങ് മാറ്റി വച്ചു.

Moral Stories For Children: The Goose that Laid Golden Egg: Short story for  kids

ലോകകാര്യങ്ങളാണ്, സമ്പത്താണ്, അധികാരമാണ്, രാഷ്ട്രീയ പാർട്ടികളാണ് നമ്മുടെതന്നെ കഴിവുകളാണ് നന്മകളാകുന്ന, മിഷനറിപ്രവർത്തനങ്ങളാകുന്ന പൊൻമുട്ടകളിടുവാൻ നമ്മെ പ്രാപ്തരാക്കുന്നതെന്നു വെറുതെയങ്ങു നാം വിശ്വസിച്ചു. അപ്പോൾ നമ്മുടെ പ്രവർത്തികൾ, നമ്മുടെ ജീവിതം എങ്ങനെയുള്ളതായി? അത്ഭുതങ്ങളല്ലാതെയായി. അടയാളങ്ങളാകാതെ പോയി; സന്ദേശങ്ങളാകാതെ പോയി. ഇതല്ലേ ഇന്ന് നമുക്ക് വന്നു ഭവിച്ചിരിക്കുന്ന ദുരന്തം? ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട്, രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾക്ക് തൊട്ടുകൂടായ്മയില്ല എന്ന് പറഞ്ഞതുകൊണ്ട് വല്ല ഗുണമുണ്ടോ? ഇല്ല. ദൈവത്തിൽ അടിയുറച്ച ക്രൈസ്തവ ജീവിതങ്ങളെ രൂപപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്. അതിനായി സഭയുടെ എല്ലാ സംവിധാനങ്ങളെയും ഒരുക്കുകയാണ്  ശക്തിപ്പെടുത്തുകയാണ് വേണ്ടത്! അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങു മാത്രമല്ല സകല മനുഷ്യരുടെയും എല്ലാ പ്രവർത്തികളും ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന!

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കാരണം ക്രിസ്തുവാണ്. നമ്മുടെ ജീവിത പ്രവർത്തികളുടെ പ്രചോദനം ക്രിസ്തുവാണ്. നമ്മുടെ പ്രവർത്തികളിലൂടെ വെളിപ്പെടുന്നതും ക്രിസ്തുവാണ്. കാനായിലെ കല്യാണ വിരുന്നിൽ ഈശോ പ്രവർത്തിച്ച അത്ഭുതം നമ്മിലെ ഉറങ്ങിക്കിടക്കുന്ന ക്രൈസ്തവജീവിതത്തെ ഉണർത്തുവാൻ ഇടയാക്കട്ടെ. അപ്പോൾ നാം പറയുന്ന പ്രവർത്തിക്കുന്ന കാര്യങ്ങൾ അത്ഭുതങ്ങളിലേക്ക് വഴിതുറക്കും. നമ്മുടെ പ്രവർത്തികൾ മൂലം നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ദൈവാനുഗ്രഹം വക്കോളം നിറയും. നമ്മുടെ പ്രവർത്തികളെ രുചിച്ചുനോക്കുന്നവർ അത്ഭുതപ്പെടും. കാനായിലെ കല്യാണ വിരുന്നിൽ അത്ഭുതംകണ്ടു ശിഷ്യന്മാർ ഈശോയിൽ വിശ്വസിച്ചതുപോലെ, അപ്പോൾ ലോകം ക്രസിതുവിൽ വിശ്വസിക്കും.

If you don't believe in miracles | Amy Rees Anderson's Blog

ഈ ഭൂമിയിൽ ക്രിസ്തു മഹത്വപ്പെടുവാൻ കുറുക്കുവഴികളില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ കാര്യക്ഷമമാക്കാൻ, ഫലം പൃപ്പെടുവിക്കുന്നവയാക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് ഉണ്ടാകട്ടെ. ആമേൻ!

feast of st. sebastian

വിശുദ്ധ സെബസ്ത്യാനോസ്

Art in Tuscany | Martyrdom of Saint Sebastian

രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല, അത് നിന്റെ പടിക്കലുണ്ട് എന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവരോടൊപ്പം നാമും ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായിത്തീർന്ന വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ നാം ആഘോഷിക്കുന്നത്. ആഫ്രിക്കൻ-യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്തായി മാറുന്നുണ്ടെങ്കിലും ക്രൈസ്തവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്.   ക്രിസ്ത്യൻ ദേവാലയങ്ങൾ അടച്ചുപൂട്ടിയില്ലെങ്കിൽ അക്രമത്തിന്റെ മാർഗമെന്ന് മധ്യപ്രദേശിലെ വി.എച്.പി നേതാവ് ഭീഷണി മുഴക്കിയിട്ടു അധിക ദിവസങ്ങളായിട്ടില്ല. രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല എന്ന ചിന്തയിൽ നിന്നുകൊണ്ടാകണം നാം ഇക്കൊല്ലം വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കേണ്ടത്. എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.

ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ കത്തോലിക്ക മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ ജനിച്ച, ഭാരതസഭയില്‍ ഏറ്റവും കൂടുതല്‍ വണങ്ങപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, വിശുദ്ധ സെബസ്ത്യാനോസ് ജീവിതംകൊണ്ടും ജീവന്‍കൊടുത്തും ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ രക്തസാക്ഷിയാണ്. അറിയുന്തോറും, മനസ്സിലാക്കുന്തോറും ആഴംകൂടുന്ന ജലാശയമാണ് വിശുദ്ധ സെബസ്ത്യാനോസ്. കാലവും മനുഷ്യരും മറക്കാത്ത അത്ഭുത തേജസ്സാണ് വിശുദ്ധ സെബസ്ത്യാനോസ്. കാറ്റില്‍കെടാത്ത സൂര്യശിഖപോലെ സഹനത്തിന്റെ വേളയിലും ക്രിസ്തുവിനു സാക്ഷ്യം നല്‍കി ജീവിതം സഫലമാക്കിയ വിശുദ്ധ സെബസ്ത്യാനോസ് നമുക്കെന്നും പ്രചോദനകരമാണ്. ആ ജീവിതം എന്നും നമുക്ക് പ്രോത്സാഹനമാണ്.

റോമാസാമ്രാജ്യം. ഡയക്ളീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം. യുദ്ധനിപുണനായ സെബാസ്റ്റ്യനെ ചക്രവര്‍ത്തി തന്റെ സേനാനായകനാക്കി. സാമ്രാജ്യത്തിലുള്ളവരെല്ലാം റോമന്‍ ദേവന്മാരെ ആരാധിക്കണമെന്നു ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചു. അതിനു തയ്യാറാകാതിരുന്ന ക്രൈസ്തവരെയെല്ലാം അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. ജയിലിലായ ക്രൈസ്തവരെ ചക്രവര്‍ത്തിയറിയാതെ സെബസ്ത്യാനോസ് സന്ദര്‍ശിച്ച് ക്രിസ്തുവിലുള്ള  വിശ്വാസത്തില്‍ ശക്തരാക്കി. പക്ഷേ, ഇത് അധികനാള്‍ നീണ്ടുനിന്നില്ല. ചക്രവര്‍ത്തിയുടെ കഴുകകണ്ണുകള്‍   തന്റെ സൈന്യത്തില്‍ ഒരുവന്‍ തന്നെ ക്രൈസ്തവനെന്നു കണ്ടുപിടിച്ചു. പിന്നെ താമസിച്ചില്ല. രാജകല്പനയായി. സെബസ്ത്യാനോസിനെ  അറസ്റ്റുചെയ്തു. അമ്പ് എയ്ത് കൊല്ലാന്‍ ആജ്ഞാപിച്ചു. പടയാളികൾ അമ്പെയ്ത്തു ആരംഭിച്ചു. അമ്പ് എയ്തിട്ടും മരിക്കാതിരുന്ന സെബസ്ത്യാനോസിനെ ചക്രവര്‍ത്തിയുടെ പടയാളികള്‍ ഗദയ്ക്കടിച്ചുകൊന്നു.

സ്നേഹമുള്ളവരെ, ക്രിസ്തുവിനു സാക്ഷ്യംവഹിയ്ക്കാന്‍ തയ്യറാകുന്ന എല്ലാവര്‍ക്കും മാതൃകയാണ് വിശുദ്ധ സെബസ്ത്യാനോസ്. സ്വന്തം കുരിശു വഹിച്ചുകൊണ്ടാണ് വിശുദ്ധ സെബസ്ത്യാനോസ് ക്രിസ്തുവിനെ അനുഗമിച്ചത്. “ഗോതമ്പുമണി നിലത്തുവീണു അഴിഞ്ഞ് ഫലം പുറപ്പെടുവിക്കുന്നത് പോലെ” വിശുദ്ധ സെബസ്ത്യാനോസ് സ്വന്തം ജീവിതം നേദിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കി. നമ്മുടെ ക്രൈസ്തവ ജീവിതം ഈ ഭൂമിയില്‍ ധന്യമാകുവാന്‍ വിശുദ്ധനെപ്പോലെ നമുക്കും ജീവിക്കനാകണം.

നാം കേരളത്തിൽ അമ്പ്‌ തിരുനാൾ, മകര തിരുനാൾ, പിണ്ടി തിരുനാൾ തുടങ്ങിയ പേരുകളില്‍ വിശുദ്ധന്റെ  തിരുനാൾ ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: വിശുദ്ധനെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍; കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മുസ്ളിം മതങ്ങളുടെ സൗഹൃദസംഗമത്തിൻറെ തിരുനാളായി ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: കൊന്നും കൊലവിളിച്ചുമല്ല, സ്നേഹിച്ചും, പങ്കുവച്ചും, വിശുദ്ധനെപ്പോലെ വിശ്വാസം ഏറ്റു പറഞ്ഞും ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍. വിശുദ്ധന്റെ നാമധാരിയായി ജീവിക്കുമ്പോള്‍ ഓര്‍ക്കുക: സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം  രക്ഷയാണെന്നും മനസ്സിലാക്കി ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍.

ക്രൂശിതനെ അനുഗമിക്കുമ്പോള്‍ സഹനത്തിന്റെ മൂല്യം നാം അറിയണം.  ഭൂമിക്ക് തണുപ്പേകുന്ന കാര്‍മേഘങ്ങള്‍ തണുപ്പാര്‍ജിക്കുന്നത് കടുത്ത താപം ഏറ്റുവാങ്ങിയ ശേഷമാണ്. മഴനീര്‍ തുള്ളികള്‍ കനത്ത ആഘാതം സഹിച്ചാണ് ഭൂമിയിലേക്ക് പതിക്കുന്നത്. അപ്പോഴേ ദാഹജലമായി പരിണമിക്കുകയുള്ളു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികള്‍ വിശ്വാസത്തോടെ, കരുത്തോടെ വിശുദ്ധനെപ്പോലെ അഭിമുഖീകരിക്കണം.

സ്നേഹമുള്ളവരെ, വിശുദ്ധ സെബസ്ത്യാനോസിനെപ്പോലെ ജീവിത സാഹചര്യങ്ങളില്‍ ത്യാഗം സഹിച്ചുകൊണ്ടുതന്നെ പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാന്‍ നമുക്കാകട്ടെ. ലൗകിക തൃഷ്ണകളുടെ, അധികാരത്തിന്റെ, സമ്പത്തിന്റെ പിന്നാലെയല്ല, ക്രിസ്തുവിന്റെ പിന്നാലെ നമ്മുക്ക് പോകാം. വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ശക്തമാക്കാം. അതിനു വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ പ്രചോദനം. വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ മാതൃക.

Nigerian Christians fear a bloody holiday at hands of terrorists
Nigerian Christians – they are always in the shadow of martyrdom!!!

എല്ലാവർക്കും പ്രത്യേകിച്ച്, വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധാരികൾക്കും തിരുനാൾ മംഗളങ്ങൾ!!

ആമേൻ!

year of st. joseph

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം

ഡിസംബർ 8, 2020 – ഡിസംബർ 8, 2021

ജോസഫ്-ദൈവത്തിന്റെ നിഴൽ

മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ… (മത്താ 1, 18)

Pin on Pray

ചില ജന്മങ്ങളുണ്ട്, കർമ്മങ്ങളുടെ കൊടുംയാതന അനുഭവിച്ചുതീർക്കുമ്പോഴും അവ ദൈവേഷ്ടങ്ങളാണെന്ന, സ്വർണത്തെ ശുദ്ധീകരിക്കുന്ന അഗ്നിനാളങ്ങളാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോകുന്നവർ! അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണെനിക്ക് ജോസഫ് – ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ആശാരിപ്പണിക്കാരനായ ചെറുപ്പക്കാരൻ!

കാട്ടുചെടികളിൽ പൂവുകൾ വിരിയുന്നപോലെ നൈസർഗികമായൊരു പുഞ്ചിരിയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഈ ചെറുപ്പക്കാരൻ എനിക്ക് അത്ഭുതമായിരുന്നു! കുഞ്ഞുന്നാളിലേ മാതാപിതാക്കളിൽനിന്നു ലഭിച്ച ദൈവവിശ്വാസത്തെ സ്വാംശീകരിച്ച ഒരു ഭാവാത്മകത, അയാളെ മറ്റു ചെറുപ്പക്കാരിൽനിന്ന് വ്യത്യസ്തനാക്കുന്നു. യഹൂദസംസ്കാരത്തനിമയും, സാമൂഹ്യനീതിബോധവും വ്യക്തിത്വത്തിലേക്കു അന്തർവ്യാപനംചെയ്ത്, സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വർത്തിക്കുന്ന അയാളുടെ മൂല്യബോധത്തെ അവഗണിക്കാൻ കഴിയില്ല തന്നെ. 

ഓരോ പ്രാവശ്യവും കണ്ടുമുട്ടുന്തോറും, സംസാരിക്കുന്തോറും ഞങ്ങളുടെ സൗഹൃദത്തിനു ആഴംകൂടുന്നത് ഞാൻ അറിഞ്ഞിരുന്നു. കാരണം, അത്രമേൽ അഗാധവും, തീവ്രവുമായ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും പൂക്കൾ വിരിയുന്ന ഒരു ഉദ്യാനമായിരുന്നു അയാൾ.

അന്നും പതിവുപോലെ, വൈകുന്നേരം, രണ്ടുപേരുടെയും ജോലികഴിഞ്ഞു ഞങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ കയറി ഇരുന്നു. രണ്ടു ദിവസം കാണാതിരുന്നതിന്റെ ആകാംക്ഷയും, സ്നേഹവും ഞങ്ങളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നു.

ആ ചെറിയ പട്ടണത്തിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലമായിരുന്നു അത്. അവിടെനിന്നു നോക്കിയാൽ ചെറുകാറ്റിൽ ഓളംവെട്ടുന്ന ഗലീലി തടാകം കാണാമായിരുന്നു. തടാകത്തിലെ കുഞ്ഞോളങ്ങൾ അസ്തമയസൂര്യരശ്മികളിൽ തട്ടി വിടരുന്ന സ്വർണ രാജികൾ ഹൃദയാവർജ്ജകമായിരുന്നു.

ജോസഫിന് അന്ന് പറയാനുണ്ടായിരുന്നതത്രയും അവന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചായിരുന്നു.

“ഒരു സാധാരണ പെൺകുട്ടിയാണെങ്കിലും അവളുടെ പ്രസാദം നിറഞ്ഞ മുഖം ആകർഷണീയമാണ്. നീലാകാശംപോലെ പ്രസന്നമാർന്ന വ്യക്തിത്വം…തളിര് പോലെ! ഗോതമ്പിന്റെ നിറകതിരുപോലെ! ഒന്ന് സംസാരിക്കാൻ തോന്നിയെങ്കിലും …” ജോസഫ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

മറിയത്തെക്കുറിച്ചു പറഞ്ഞപ്പോഴൊക്കെ പൂവിന്റെ ചിരിയും, മഞ്ഞിന്റെ നിർമലതയും, നിലാവിന്റെ സുഗന്ധവുമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ കണ്ടു. ആ സ്നേഹമയൂരത്തിന്റെ വിരിമാറിൽ ചേർന്ന് പുണർന്നു അവളോടൊപ്പം പുതിയൊരു ജീവിതമുണർത്താനുള്ള ആവേശം അയാളുടെ കണ്ണുകളിൽ പുതിയൊരു ഗാനമുയർത്തി.

അപ്പോൾ ജോസഫ് പറഞ്ഞത് അത്ഭുതത്തോടെ ഞാൻ കേട്ടു.

“ലഹരിപിടിപ്പിക്കുന്ന പ്രേമത്തിൽ അലിയാനല്ല, മറിച്ചു സ്നേഹത്തെ മനോജ്ഞമായ മുത്താക്കി മറിയത്തിന്റെ ഹൃദയത്തിൽ സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

പെട്ടെന്ന് ജോസഫിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ഒരു പ്രവാചകന്റെ മുഖമായിരുന്നു അയാൾക്ക്‌.

“ഞാൻ ഒരിക്കലും സ്നേഹം ആവശ്യപ്പെടുകയില്ല. അത് അടിമത്വമാണ്. സ്നേഹം നൽകുകയെന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ ഉള്ളിൽ നിറയുന്ന സ്നേഹത്തിന്റെ ആവിഷ്കാരം മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാകണം. എന്റെ വിവാഹ നിശ്ചയദിവസം ഞാനെടുത്ത തീരുമാനവും ഇതുതന്നെയാണ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണത്തിന്റേതാണ്, യുക്തിയുടേതല്ല.”

ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പിറന്നുവീണതു ഞങ്ങൾ അറിഞ്ഞതേയില്ല.

മനുഷ്യ ബന്ധങ്ങളിൽവച്ച് ഏറ്റവും അടുപ്പമേറിയതും, ഏറ്റവും തൃപ്തികരവും, എന്നും നിലനിൽക്കുന്നതും, വളർച്ചക്ക് ഉതകുന്നതുമായ വിവാഹബന്ധത്തിലേക്കു പ്രവേശിക്കുവാൻ ജോസഫ് ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി.

ഭാര്യാഭർതൃ ബന്ധത്തെ പരസ്പരം കോർത്തിണക്കുന്ന ശക്തമായ വൈകാരിക ആശ്രയത്വമെന്ന ചരടിനെ എത്ര വിശുദ്ധമായാണ് ഇയാൾ കാണുന്നത്?

മറിയത്തെ വിവാഹം കഴിക്കുവാൻ, നിർമലമായ സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാൻ സ്വർഗത്തിൽ നിന്നുവന്ന ചിറകുകളില്ലാത്ത മാലാഖയാണോ ഇയാളെന്നുപോലും ഞാൻ സംശയിച്ചു.

ജോസഫിനോട് എനിക്ക് ബഹുമാനം തോന്നി.

പട്ടണത്തിന്റെ നടുക്കുള്ള കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ സംസാരം കേട്ടു ചിന്തയിൽ നിന്നുണർന്ന ജോസഫ് എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. സ്വപ്നങ്ങളുടെ രാജകുമാരന്റേതുപോലുള്ള ഒരു പുഞ്ചിരി!

അയാൾ പറഞ്ഞു: “വിവാഹത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. നമ്മുടെ ആചാരപ്രകാരം തലേന്ന് ചില്ലു ഗ്ലാസ്സുകൾ പൊട്ടിച്ചു കളയുന്ന ആചാരം ചെയ്യണം.”

അതെന്തിന് എന്ന അർത്ഥത്തിൽ ഞാൻ അയാളെ നോക്കിയപ്പോൾ, അയാൾ തുടർന്നു: ജീവിതത്തിൽ എന്തും ഉടഞ്ഞുപോയേക്കുമെന്നു ധ്വനിപ്പിക്കുന്ന ആ ആചാരം എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും സ്നേഹം. ഏറ്റവും ചെറിയ അശ്രദ്ധയിൽപോലും ഉടഞ്ഞുപോകാവുന്നതാണ് സ്നേഹം. പാരസ്പര്യത്തിന്റെ തലോടലിൽ പുഷ്പിക്കുന്ന സ്നേഹം വാടുവാൻ ഒരു നിമിഷം മതി. മെഴുതിരിനാളങ്ങൾപോലെയാണ് മനുഷ്യബന്ധങ്ങൾ.  ചെറിയ നിശ്വാസത്തിൽപോലും ഉലയാം, കെട്ടുപോകാം.”

അല്പനേരത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം ആരോടെന്നില്ലാതെ അയാൾ കൂട്ടിച്ചേർത്തു:

“ഞങ്ങളുടെ സ്നേഹത്തിനിടയിൽ കാറ്റും മഴയും ഉണ്ടാകുവാൻ ഇത്തിരിയിടംപോലും ഞാൻ വിട്ടുകൊടുക്കുകയില്ല.”

ഞാനെല്ലാം കേട്ടിരുന്നതേയുള്ളു.

അതെ, സ്നേഹം അതിനിഗൂഢമായൊരു പ്രതിഭാസമാണ്. സ്നേഹം ദൈവമാണ്. സ്നേഹത്തിലാണ്, ദൈവത്തിലാണ് സ്ത്രീയും പുരുഷനും ഒന്നാകുന്നത്. അപ്പോൾപിന്നെ ഒട്ടും അശ്രദ്ധ പാടില്ല.

നിന്റെ വിവാഹനിശ്ചയത്തിൽ ജോസഫേ, എനിക്ക് സന്തോഷമാണ്.

ഞാനപ്പോൾ മറിയത്തെ ഓർത്തു.

ജോസഫിനെപ്പോലൊരാളെ ഭർത്താവായി കിട്ടുന്ന മറിയം, നീ ഭാഗ്യവതിയാണ്.!

വളരെ സമർത്ഥനായ ആശാരിപ്പണിക്കാരനായി മാത്രമേ ജോസഫിനെ ഞാൻ മനസ്സിലാക്കിയിട്ടുള്ളു. ജോലിയിൽ മിടുക്കനാണ്, വിശ്വസ്തനാണ് എന്നൊക്കെയാണ് ഗ്രാമത്തിലുള്ളവർ ഇയാളെപ്പറ്റി പറയുന്നത്.

പരുപരുത്ത മരക്കഷണങ്ങളെ മാത്രമല്ല, തന്റെ ചിന്തയെയും മനസ്സിനെയും ഇയാൾ ചിന്തേരിട്ട് മിനുക്കുന്നുണ്ടായിരുന്നു.

ജോസഫേ, നിന്റെ സ്നേഹിതനാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടപോലെ ജോസഫ് അയാളുടെ വലതുകൈ എന്റെ തോളത്തിട്ടുകൊണ്ടു പറഞ്ഞു: ” വാ, പോകാം.  അമ്മ കാത്തിരിക്കുന്നുണ്ടാകും.”

ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റുനിന്നു.

ജോസഫിനെ നോക്കിയപ്പോൾ പക്വതയുള്ളൊരു ചെറുപ്പക്കാരൻ എന്ന് മനസിൽ തോന്നി. 

അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു: “ഹേ, ചെറുപ്പക്കാരാ, വെറും ജഡികമായ അഭിലാഷത്താലല്ല നീ മറിയത്തെ സ്വീകരിക്കുന്നത്. സ്നേഹിക്കുക. മറിയത്തിനു പകരം വയ്ക്കാനാകാത്ത വ്യക്തിയായി മാറുക. നിങ്ങളുടെ വിവാഹജീവിതം മംഗളമാകട്ടെ.”

Flower Stem of St. Joseph's Lily | ClipArt ETC

നിഷ്കളങ്കമായൊരു ചിരിയോടെ അയാളെന്നെ ആലിംഗനം ചെയ്തു. എന്നിട്ട് എന്റെ കാതിൽ മെല്ലെ പറഞ്ഞു: “മറിയം എനിക്ക് ദൈവം തന്ന എന്റെ ജീവിത പങ്കാളിയാണ്.”

ഒരു ചെറു പക്ഷിക്കൂട്ടം ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി.

അപ്പോൾ ആകാശത്തിൽ കാർമേഘം ഉരുണ്ടുകയറുന്നുണ്ടായിരുന്നു! 

(തുടരും)

SUNDAY SERMON JN 1, 29-34

ദനഹാക്കാലം മൂന്നാം ഞായർ

യോഹ 1, 29 – 34

സന്ദേശം

Jesus, the Lamb of God

ലോകം മുഴുവനും സ്നേഹം നിറഞ്ഞ, പുണ്യംനിറഞ്ഞ ത്യാഗത്തിന്റെ ഒരു ക്യാൻവാസായി മാറിയിരിക്കുകയാണോ എന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭാരതസഭയുടെ മിക്കവാറും ദേവാലയങ്ങളിൽ ഇടവക മധ്യസ്ഥയുടെ /മധ്യസ്ഥന്റെ തിരുനാളുകൾ അല്ലെങ്കിൽ ഇതിനോട് ചേർന്ന് മറ്റു വിശുദ്ധരെയും ഉൾപ്പെടുത്തി സംയുക്തതിരുനാളുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ, തങ്ങളുടെ ജീവിതംകൊണ്ട് അവർ ചെയ്ത ത്യാഗത്തെയാണ്, സഹനത്തെയാണ് നാം ഓർക്കുന്നതും, അവരെ ബഹുമാനിക്കുന്നതും. ദക്ഷിണേന്ത്യയിലാണെങ്കിൽ ഹൈന്ദവ സഹോദരർ ത്യാഗത്തിന്റെ വഴികളിലൂടെ ഈശ്വര ദർശനത്തിനായി ശബരിമലയിലേക്ക് നീങ്ങുന്ന കാലമാണ്. ഡെൽഹിയിൽ അതിജീവനത്തിനായി ഭാരതത്തിലെ കർഷകർ ത്യാഗം ചെയ്തു സമരം ചെയ്യുകയാണ്. ഇവയേക്കാൾ ഉയർന്നു നിൽക്കുന്ന ത്യാഗം നാം കാണുന്നത് ലോകത്തിലെ ക്രൈസ്തവരിലാണ്. Open Doors International എന്ന സംഘടനയുടെ റിപ്പോർട്ടനുസരിച്ചു 2020 ൽ അമ്പതു രാജ്യങ്ങളിലായി 30 കോടിയിലേറെ ക്രൈസ്തവർ വിവിധ തരത്തിലുള്ള പീഡനങ്ങൾക്കും വിവേചനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായി. 2020 ൽ 4761 ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെട്ടു. നൈജീരിയയിൽ മാത്രം ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ബോക്കോഹറാം 3530 പേരെയാണ് കഴിഞ്ഞ വർഷം കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 15 നു 750 ക്രൈസ്തവരെയാണ് എത്യോപ്യൻ പട്ടാളം കൂട്ടക്കൊലചെയ്തത്. ഈയിടെ പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ടു ക്രിസ്ത്യൻ സഹോദരികളെ മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ പേരിൽ പീഡിപ്പിച്ചു കൊലപ്പെടുത്തി.  

The Horrific Killing of Christians in Nigeria | The Heritage Foundation

ത്യാഗത്തിന്റെ രക്ത ചിത്രങ്ങൾകൊണ്ട്, ത്യാഗത്തിന്റെ സുന്ദര പുഷ്പങ്ങൾകൊണ്ട് ലോകം നിറയുമ്പോൾ ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്.  അദ്ദേഹം രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്‌.

ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽ പെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്.

Where in the Scriptures does it say that God told Cain and Abel to bring a  blood sacrifice? – The GoodSeed Blog

മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നത്. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.

ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്‌ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്‌ലാം മതം ഏതു മതത്തിന്റെ ഭാഗമായി വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ച യായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്. ഇസ്‌ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്‌ലാം മതത്തിനു ക്രിസ്തുമതവുമായി അതിന്റെ പ്രതീകങ്ങളുമായി യാതൊരു ബന്ധവുമില്ല.

‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ് അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ

God Did Not Order Abraham To Kill His Son | The Vegan Muslim Initiative

വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ വിശുദ്ധ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്, ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.

കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല.എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”

കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”

ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക്‌ തൃപ്തിയായില്ല. ” പതിനഞ്ചു  ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.

What Is True Charity As Per Hinduism? – Story Of Golden Mongoose From  Mahabharata? | Hindu Blog

ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട്‌ അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.

ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്.

ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്.

Indian Diet Plan For Mothers After Cesarean Delivery (confinement care  after c section) - Dietburrp

ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാ ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!

ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.

സമാപനം  

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

Yes..Go For It!: Parents Sacrifice for Children: Boy and Apple Tree

ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.

Communicate with love!!