SUNDAY SERMON MT 8, 23-34

മത്താ 8, 23 – 34

സന്ദേശം

Sailing Through the Storms(Matthew 8:23-27) – A Christian Magazine for  Young People

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഫോൺ സംഭാഷണമധ്യേ അവിചാരിതമായി ഇന്നത്തെ ദൈവവചനഭാഗം ഒരു സഹോദരനുമായി   പങ്കുവയ്ക്കുവാൻ ഇടയായി. കോവിഡ് കാരണം ജോലിനഷ്ടപ്പെട്ടതുവഴി കുടുംബം പോറ്റാൻ വിഷമിക്കുന്ന ഒരു കുടുംബനാഥനായിരുന്നു എന്നെ വിളിച്ചത്. ഞാനറിയുന്ന കുടുംബമാണ്.  കോവിഡ് അദ്ദേഹത്തിന്റെ കുടുംബത്തെ ഉലച്ചുകളഞ്ഞ കഥയാണ് അദ്ദേഹം പങ്കുവച്ചത്. മാത്രമല്ല, വിശുദ്ധബലി അർപ്പിക്കുവാനും, കുടുംബപ്രാർത്ഥനചൊല്ലുവാനും പറ്റാത്ത വിധം അദ്ദേഹത്തിന്റെ ഹൃദയം അസ്വസ്ഥമായിത്തീർന്നിരിക്കുകയാണ്. മൂത്തമകന് അഡ്മിഷൻ കാര്യം ശരിയാകാത്തതുകൊണ്ടു അവനും ദേഷ്യത്തിലാണ്. “അച്ചാ ഞാനിതു പറയുമ്പോഴും എന്റെ ദേഹം വിറക്കുകയാണ്” എന്ന് കേട്ടപ്പോൾ എന്റെ കണ്ണുകളും നനഞ്ഞു.   ഇളകിമറിഞ്ഞ കടലിൽ, ഉലഞ്ഞാടുന്ന വള്ളത്തിൽ ഇരുന്ന് “കർത്താവെ രക്ഷിക്കണമേ” യെന്നു വിളിച്ചുകരഞ്ഞ ശിഷ്യരെപ്പോലെ ക്രിസ്തുവിനെ വിളിക്കുവാൻ അദ്ദേഹത്തോട് പറയുവാനാണ് എനിക്ക് അപ്പോൾ തോന്നിയത്. “തീർച്ചയായും, ക്രിസ്തു സഹോദരന്റെ ഇളകിമറിയുന്ന ജീവിതത്തെ ശാന്തമാക്കും” എന്നും ഞാൻ പറഞ്ഞു. ഇന്നത്തെ വിശുദ്ധ കുർബാനയിൽ എന്റെ പ്രത്യേക പ്രാർത്ഥനയും ആ സഹോദരനുവേണ്ടിയാണ്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.

വ്യാഖ്യാനം

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാച് ബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു വിചിന്തനത്തിനു വിഷയമാക്കുന്നത്. കാരണമുണ്ട്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൊടുങ്കാറ്റിൽ നമ്മുടെ ജീവിതവും ആടിയുലയുകയാണ്. ലോകമാകുന്ന കടലും, നമ്മുടെ ജീവിതമാകുന്ന, നമ്മുടെ കുടുംബമാകുന്ന കടലും ഇന്ന് അസ്വസ്ഥമാണ്!

വചനഭാഗത്തെ ആദ്യ വാചകം സൂചിപ്പിക്കുന്നത് ഈശോയോടൊപ്പം ശിഷ്യന്മാർ തോണിയിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ്. നേരെ മറിച്ചല്ല. ശിഷ്യന്മാരോടൊപ്പം ഈശോ സഞ്ചരിക്കുകയായിരുന്നില്ല. രണ്ടായാലും effect ഒന്നാണെങ്കിലും കുറച്ചുകൂടുതൽ ധൈര്യം ഈശോയോടൊപ്പം ഞാൻ കൂടുമ്പോൾ ആണല്ലോ. എങ്കിലും ഉഗ്രമായ കൊടുങ്കാറ്റിൽ തോണിമുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നപ്പോൾ ശിഷ്യന്മാർ ഭയപ്പെടുകയാണ്. ഓർക്കണം, കടലിലെ എല്ലാ അഭ്യാസങ്ങളും അറിയാവുന്ന, കടലിന്റെ ഭാവമാറ്റങ്ങൾ ഗ്രഹിക്കുവാനും അവയ്‌ക്കെതിരെ മുൻകരുതലുകൾ എടുക്കുവാനും കഴിയുന്ന ഒഴുക്കിനെതിരെ നീന്താൻ കെല്പുള്ള ശിഷ്യന്മാരെയാണ് ഈ കാറ്റും കോളും ഭയപ്പെടുത്തുന്നത്!!

കടലെന്നുപറയുന്നുണ്ടെങ്കിലും ഇതൊരു തടാകമാണ്.     ഗലീലി തടാകം ലോകത്തിലെ തന്നെ ഏറ്റവും താഴ്ച്ച കുറഞ്ഞ ശുദ്ധ ജലതടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 686 അടി താഴ്ചയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ശിഷ്യന്മാർക്കു വളരെ പരിചിതമായ ഈ തടാകത്തിലെ ഓരോ ചലനവും അറിയാവുന്നവരായിരുന്നെങ്കിലും പെട്ടെന്ന് വന്ന കൊടുങ്കാറ്റ് അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കാം. ഈശോയോടൊപ്പമാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് ഒരു നിമിഷം മറന്നിരിക്കാം. ഈശോ കൂടെയുണ്ടെന്നും അവിടുന്ന് സകലത്തിന്റെയും നാഥനാണെന്നും, അവിടുന്ന് രക്ഷകനാണെന്നും ഓർക്കാൻ കഴിയാത്തവിധം അവരുടെ മനസ്സ് blank ആയിപ്പോയിരിക്കാം. അതുകൊണ്ടായിരിക്കണം നാശത്തിന്റെ, മരണത്തിന്റെ ഗന്ധം അവർക്കു കിട്ടിയത്. പിന്നെ വെറും മാനുഷികമായ വെപ്രാളമാണ് നാമിവിടെ കാണുന്നത്.

എന്നിട്ടോ, കാറ്റിനെ ചിറകുകളാക്കുന്നവൻ, കടലിനെ പാതയാക്കുന്നവൻ ശിഷ്യരുടെ അല്പവിശ്വാസത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടു, കാറ്റിനെയും കടലിനെയും ശാസിക്കുകയാണ്. വചനം പറയുന്നു, “അവിടെ ശാന്തതയുണ്ടായി!!  അവിടെ, പ്രകൃതിയിൽ, ശിഷ്യരുടെ മനസ്സിൽ ശാന്തത നിറഞ്ഞു!!

Broken Heart Syndrome | Right as Rain by UW Medicine

മനുഷ്യ മനസ്സെപ്പോഴും കൊടുങ്കാറ്റിനാൽ കലങ്ങിമറയുന്ന കടലുപോലെയാണ്. അതുകൊണ്ടാണ് ബൈബിളിൽ കടൽ തിന്മയുടെ, മരണത്തിന്റെ, സങ്കീർണങ്ങളായ പ്രശ്നങ്ങളുടെ, ദൈവാനുഗ്രഹത്തെ തടസ്സപ്പെടുത്തുന്നതിന്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 57, 20 ൽ പറയുന്നത്: ” ദുഷ്ടരായ മനുഷ്യർ പ്രക്ഷുബ്ധമായ കടൽ പോലെയാണ്. അതിനു ശാന്തമാകാനാകില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചു കയറ്റുന്നു” എന്നാണ്.

സാഹിത്യരചനകളിൽ കടലിനെ അവതരിപ്പിക്കുന്നത് മനുഷ്യ വികാരങ്ങളുടെ തിരയടിക്കുന്ന ഇടമായിട്ടാണ്. ചിലപ്പോൾ കടലിനെ കണ്ടാൽ മരണത്തിനു വിധിക്കപ്പെട്ടവന്റെ നിസംഗത ആയിരിക്കും. മറ്റു ചിലപ്പോൾ ശാന്തതയും. അലറിമറിയുന്ന കടലിനെ ദേഷ്യംകൊണ്ട് കലങ്ങുന്ന മനുഷ്യ മനസ്സായിട്ടാണ് കാണുന്നത്. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന കടലിനെ നിരാശ നിറഞ്ഞ മനുഷ്യമനസ്സായും അവതരിപ്പിക്കാറുണ്ട്. മനുഷ്യവികാരങ്ങൾ ജലരൂപം പ്രാപിച്ചതാണ് കടൽ. ചിലപ്പോൾ സ്നേഹിക്കും, ചിലപ്പോൾ കരയും, മറ്റുചിലപ്പോൾ വെറുക്കും, അടങ്ങാത്ത ആക്രാന്തവും കടൽ കാണിക്കും. നീലിമ നിറഞ്ഞ സൗന്ദര്യത്തോടെ കടൽ മാടിവിളിക്കുമ്പോൾ ഉള്ളിലുയരുന്ന ആർത്തികൊണ്ടു മനുഷ്യൻ പ്രലോഭിതനാകും. അവസാനം ഒന്നും നേടാതെ മടങ്ങേണ്ടിവരും.

ഏണസ്റ്റ് ഹെമിങ്‌വേ (Ernest Hemingway) യുടെ “കിഴവനും കടലും” (The Old man and Sea) എന്ന പ്രസിദ്ധമായ നോവൽ ഓർക്കുന്നില്ലേ? സാന്റിയാഗോ എന്ന കിഴവൻ വലിയ മത്സ്യത്തെ പിടിക്കാൻ കടലിലേക്ക് പോകുകയാണ്. 84 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ലഭിക്കുന്നില്ല. അടുത്തദിവസവും കടൽ അയാളെ മാടിവിളിക്കുകയാണ്. ആഴക്കടലിൽ ചെല്ലുന്ന അയാളുടെ വലിയ ചൂണ്ടയിൽ മർലിൻ എന്ന വലിയ മത്സ്യം കുടുങ്ങുകയാണ്. കുറെ കഴിഞ്ഞപ്പോൾ ആ മത്സ്യത്തിന്റെ രക്തം കണ്ടു സ്രാവുകൾ നീന്തിയെത്തുന്നു. മത്സ്യം അയാളുടെ ജീവൻ പോലും അപകടപ്പെടുത്തുമെന്നു കണ്ടിട്ടും അയാളതിനെ ഉപേക്ഷിക്കുന്നില്ല.

കുറച്ചു സ്രാവുകളെ അയാൾക്ക് കൊല്ലുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും, സ്രാവുകൾ അവസാനം അയാളെ വിട്ടു മർലിൻ എന്ന വലിയ മത്സ്യത്തെ തിന്നുകയാണ്. സ്രാവുകളോട്

Character Sketch Of Santiago.Old man and sea

മല്ലിട്ടു മർലിനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന അയാൾ മൂന്നാം ദിവസം കരയ്‌ക്കെത്തുമ്പോൾ നിരാശയോടെ മനസിലാക്കുന്നു, തന്റെ ചൂണ്ടയിൽ മർലിന്റെ അസ്ഥികൂടം മാത്രമേയുള്ളുവെന്ന്!!!!

സ്നേഹമുള്ളവരേ, ഓരോ മനുഷ്യനും ഒരു കടലാണ്. നാമോരോരുത്തരും കടലാണ്. എപ്പോഴും ഉഗ്രമായ കൊടുങ്കാറ്റുകളടിക്കുന്ന, പ്രക്ഷുബ്ധമായ കടൽ!! കലങ്ങി മറിയുന്ന വികാരങ്ങൾ, ദേഷ്യത്തിന്റെ, വെറുപ്പിന്റെ, അസൂയയുടെ, ആർത്തിയുടെ, ആഞ്ഞടിക്കുന്ന തിരമാലകളുമായി ഒഴുകുന്നവർ!!! നേടിയെടുക്കാനും വിജയം കൊയ്യുവാനും ഉള്ള വെമ്പലിൽ മലരുകളും ചുഴികളും എല്ലാം നാം മറക്കും!

എന്നാൽ, ജീവിതം മുങ്ങിപ്പോകത്തക്കവിധം തിരമാലകൾ ഉയർന്നടിക്കുന്നതു കണ്ടു നാം പലപ്പോഴും അലറിവിളിക്കാറുണ്ട്, ശിഷ്യരെപ്പോലെ: “കർത്താവേ രക്ഷിക്കണേ!” ഉറച്ചു വിശ്വസിക്കുക, ജീവിതത്തിന്റെ അണിയത്തു വിശ്രമിക്കുന്ന എന്റെ ദൈവം എന്റെ ജീവിതമാകുന്ന കടലിനെയും അതിലെ കാറ്റിനെയും ശാന്തമാക്കും.

കഴിഞ്ഞ ദിവസം ഫോൺ വിളിച്ച സഹോദരന്റെ ജീവിതത്തിലേക്ക് കോവിഡ് ആകുന്ന വലിയ കൊടുങ്കാറ്റടിച്ചിരിക്കുകയാണ്. ഇപ്പോഴും തിരയൊടുങ്ങിയിട്ടില്ല. ജീവിതം കിടന്നു ആടിയുലയുകയാണ്. ഇന്നദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നേഹമുള്ളവരേ, ഒരു കാര്യം എനിക്ക് തീർച്ചയാണ്, ആ ഒരു കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്ന്   വിശുദ്ധ കുർബാനയിലെ ഈശോയെ അദ്ദേഹം വിളിച്ചുണർത്തും. ഈശോ അദ്ദേഹത്തിന്റെ ജീവിതമാകുന്ന കടലിനെ ശാന്തമാക്കും; കുടുംബത്തെ ആശ്വസിപ്പിക്കും. 

നമ്മുടെ ജീവിതത്തിൽ തകർച്ചകളുണ്ടാകുമ്പോൾ, പാപാവസ്ഥയിലാകുമ്പോൾ, പരാജയങ്ങൾ കൂടെക്കൂടെ ഏറ്റുവാങ്ങുമ്പോൾ ഈ സഹോദരെപ്പോലെ പിൻവലിയരുത്. നാം ദേവാലയത്തിലേക്ക്, ഈശോയിലേക്ക് കടന്നുവരണം. ഇപ്പോൾ വന്നാൽ പ്രാർത്ഥിക്കുവാൻ പറ്റുകയില്ലല്ലോ എന്ന് ഓർക്കേണ്ടതില്ല. ഇതാണ് ഏറ്റവും പറ്റിയ സമയം. ഈശോയിലുള്ള വിശ്വാസത്തിലേക്ക് ഉണരണം. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നിരിക്കാം. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരിക്കുന്ന അവസ്ഥയിലായിരിക്കാം നിങ്ങളുടെ ദാമ്പത്യം. അല്ലെങ്കിൽ മക്കളെ ഓർത്തുള്ള വേദനയായിരിക്കാം. സാമ്പത്തിക തകർച്ചയിലായിരിക്കാം നിങ്ങൾ. വിവാഹം നടക്കാത്തതിന്റെ, ജോലി ലഭിക്കാത്തതിന്റെ, പഠനം നടക്കാത്തതിന്റെ തിരമാലകളാൽ ഉലയുന്ന തോണിയായിരിക്കാം നിങ്ങൾ. നിങ്ങൾ ദേവാലയത്തിൽ വരണം. ശിഷ്യന്മാരെപോലെ, വിറളിപിടിച്ച, വെപ്രാളം നിറഞ്ഞ അവസ്ഥയിൽ നിങ്ങളെ കാണുന്ന നിങ്ങളുടെ, നമ്മുടെ ഈശോ നിങ്ങൾക്ക് ആശ്വാസം നൽകും. അന്നത്തെ ബഹു. അച്ഛന്റെ വചനസന്ദേശത്തിലൂടെയാകാം, അർപ്പിച്ച വിശുദ്ധ ബലിയിലൂടെയാകാം ഈശോ നിങ്ങളുടെ ജീവിതത്തിൽ വരും. കാരണം, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീസ്ഥനാണ്.” (സങ്കീ 34, 18)

സമാപനം

സ്നേഹമുള്ളവരേ, മറ്റുള്ളവരുടെ ജീവിതങ്ങളെ ഈശോ ആശ്വസിപ്പിക്കുന്നത്   ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷെ വിശ്വാസം നിങ്ങളിൽ വളർന്നിട്ടില്ല. നിങ്ങൾ തന്നെ ഈശോയുടെ സാന്നിധ്യം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വിശ്വാസം ഉയർന്നിട്ടില്ല. നിങ്ങൾപോലും അറിയാതെ നിങ്ങളുടെ കുടുംബജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, വിശ്വാസത്തിലേക്ക് ഉണരുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.   പിന്നെയും ചോദ്യങ്ങൾ?? പിന്നെയും സംശയങ്ങൾ!! പിന്നെയും അവിശ്വാസം!! എന്നാൽ, നിങ്ങൾ കാത്തിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ വിശ്വാസം വളർന്നു കൊണ്ടേയിരിക്കുമ്പോൾ, ആ വിശ്വാസം നിങ്ങളിൽ പാകമാകുമ്പോൾ ക്രിസ്തു നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും.

JESUS healing TOUCH | Facebook

ഉഗ്രമായ കൊടുങ്കാറ്റിനാൽ ആടിയുലയുന്ന നിങ്ങളുടെ ജീവിതത്തിൽ ശാന്തത നിറയും. സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.  ആമേൻ!!

SUNDAY SERMON LK 8, 41-56

ലൂക്ക 8, 41b – 56

സന്ദേശം

And Death Pursues me All the Way — Vespers Sermon on Luke 8:41-56

നമ്മുടെ ഭാരതത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രത്യേകിച്ച് ക്രൈസ്തവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച്ച എൻ ഐ എ ജാർഖണ്ഡ് സംസ്ഥാനത്തുനിന്നു ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തതിനെതിരെ നാമെല്ലാവരും പ്രതിഷേധിക്കുകയും, അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. നിരക്ഷരരും, ദരിദ്രരുമായവർക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹത്തെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ജയിലിൽ അടച്ചിരിക്കുകയാണ്. അദ്ദേഹത്തിനവിടെ, ഭക്ഷണം കിട്ടുന്നുണ്ടോ, സമയത്തിന് മരുന്ന് ലഭിക്കുന്നുണ്ടോ, ഉറങ്ങാനുള്ള സൗകര്യങ്ങളുണ്ടോ, ചോദ്യം ചെയ്യുമ്പോൾ പോലീസ് ഉപദ്രവിക്കുന്നുണ്ടോ …ഒന്നും നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, ഇന്നത്തെ സുവിശേഷ ഭാഗം ഇതുപോലുള്ള സാഹചര്യങ്ങളെ നാം ക്രൈസ്തവർ എങ്ങനെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കാണണം എന്ന് പറഞ്ഞു തരുന്നുണ്ട്. സുവിശേഷ ഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിനു, ക്രിസ്തുവിനെ, അവയെ മാറ്റിമറിക്കുവാൻ, അതിനെ മനോഹരമാക്കുവാൻ സാധിക്കും എന്നാണ്. സന്ദേശം ഇതാണ്: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും.  

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ്. ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. ‘ഈശോയെ എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.’

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്കു സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ!

The miracles of Jesus: Jairus and a woman of faith – Front Royal Church of  Christ

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ‘ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി.’ സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്. അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ എന്റെ കൂടെയുണ്ട്. ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ് സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്കു ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

മഹാകവി ടാഗോറിന്റെ “ഗീതാഞ്ജലി“യിൽ അദ്ദേഹം പറയുന്നുണ്ട്:  “എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

സമാപനം

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ് റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധ മാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും.

Jesus Changed My Life (Easter 2020) - Harbour City

ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും.  

SUNDAY SERMON MT 20,1-16

മത്താ 20, 1 – 16

സന്ദേശം

August 22, 2012 (Matthew 20:1-16) "The last will be first, and the first  will be last" - osa-seminarians reflection

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മോശെ ഒന്നാം ഞായറാഴ്ചയിലെ, നാമിപ്പോൾ വായിച്ചുകേട്ട സുവിശേഷ ഭാഗത്തിലെ പതിനൊന്നാം മണിക്കൂറിലെത്തിയ വേലക്കാരനെക്കുറിച്ചു ചിന്തിക്കുന്നതിനു മുൻപ്, കഴിഞ്ഞ ആഴ്ചയിൽ നടന്ന രണ്ടു പ്രധാന സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുകയാണ്. ഒന്ന്, ഫ്രാൻസിസ് മാർപ്പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമാണ് – എല്ലാവരും സഹോദരർ (FratelliTutti). കഴിഞ്ഞ ഒക്ടോബർ മൂന്നാം തിയതി വത്തിക്കാനിൽ നിന്ന് നൂറ്റിയെൺപതിലേറെ കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന അസീസി പട്ടണത്തിലുള്ള വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ച ശേഷമാണ് മാർപാപ്പ പുതിയ ചാക്രിക ലേഖനത്തിൽ ഒപ്പുവച്ചത്. ഒക്ടോബർ 4 നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ത്രികാല ജപ പ്രാർത്ഥനയ്ക്ക് ശേഷമാണ് ചാക്രികലേഖനം ആഗോള സമൂഹത്തിനു പരിചയപ്പെടുത്തിയത്. പുതിയ ചാക്രിക ലേഖനത്തിന്റെ വിഷയം മാനവകുലത്തിന് നഷ്ടപ്പെട്ടുപോയ സാർവത്രിക സാഹോദര്യവും സൗഹൃദവും എങ്ങനെ പുനഃസ്ഥാപിക്കാം എന്നതാണ്.  ലോകമാകുന്ന മുന്തിരിത്തോപ്പിൽ പതിനൊന്നാം മണിക്കൂറിൽ എത്തപ്പെട്ട വരെ ചേർത്ത് നിർത്തിയ ഫ്രാൻസിസ് അസീസിയെപ്പോലെ സമൂഹത്തിലെ എല്ലാവരെയും ജാതി- മത-വർഗ-ദേശ വേർതിരിവുകൾക്കുമപ്പുറം സഹോദരങ്ങളായി കാണണമെന്നും, സ്നേഹത്തിലും സൗഹൃദത്തിലും സകലരും ജീവിക്കണമെന്നുമുള്ള മാർപാപ്പയുടെ സ്വപ്നമാണ് ഈ പ്രമാണ രേഖയുടെ ഉൾക്കാമ്പ്!  

Fratelli Tutti: A First Look at the new encyclical by Pope Francis | Smart  Catholics

രണ്ടാമത്തെ കാര്യം, ജാർഖണ്ടിൽ, സമൂഹത്തിൽ പതിനൊന്നാം മണിക്കൂറിലെന്നോണം ജീവിക്കുന്ന ദലിതർക്കുവേണ്ടി, പാർശ്വവത്ക്കരിക്കപ്പെടുന്നവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ജെസ്യൂട്ട്‌ വൈദികനായ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റാണ്.  ഒരു വാറന്റുപോലുമില്ലാതെ

Vinod K. Jose's tweet - "Latest news from the project that's destroying  India: Modi government's agency arrested an 84-year old Jesuit priest, who  worked for five decades with some of the poorest

    താമസസ്ഥലത്തെത്തി അച്ചനെ രാജദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്ത സംഭവം ലോകത്തെ, ഇന്ത്യയിലെ ക്രൈസ്തവരെ, ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്!!      

ഈ രണ്ടു വലിയ സംഭവങ്ങളും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ ജീവിതത്തെ, ലോകത്തെ നോക്കിക്കാണുക!

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അഭയാർഥിപ്രവാഹം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ അഭിമുഖീകരിക്കുവാൻ ശരിയായ കാഴ്ചപ്പാട് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങളെയും, ഇസങ്ങളെയും ഉൾക്കൊള്ളുന്നതാണ്, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.

എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധിമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെ തീരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?

സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക!  നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ്‌ തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്.  വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കിയിരുന്നു എന്ന് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, ഫ്രാൻസിസ് പാപ്പയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ

Talent book house - Daivathinte Charanmar - You Could Be One Available in  store. #josephannumkuttyjoseph #newbook #latestarrivals  #daivathintecharanmaar | Facebook

കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!  

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…  99 is equl to 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ

Clip art jesus breaking bread

അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്. സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!

SUNDAY SERMON MT 15, 21-28

മത്താ 15, 21 – 28

സന്ദേശം

Carl Christian Constantin Hansen | Christ and the Canaanite woman (Matthew  15:21-28). | MutualArt

ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! ഉത്തർപ്രദേശിലെ ഹത്രാസിലെ പെൺകുട്ടിയുടെ ദാരുണ അന്ത്യം ആരെയാണ് കരയിക്കാതിരുന്നത്? ഏതു മനുഷ്യ മനസ്സാക്ഷിയെയാണ് ഞെട്ടിക്കാതിരുന്നത്? നീതിന്യായ കോടതികൾ സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത വിധികൾ പ്രസ്താവിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന പ്രതിസന്ധികളിലൂടെയും നാം കടന്നു പോകുന്നുണ്ട്! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ നമ്മെ സഹായിക്കുന്ന ഉന്നതമായ മനോഭാവമാണ് ദൈവവിശ്വാസം. കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷഭാഗവും വിശ്വാസത്തെക്കുറിച്ചായിരുന്നു. ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്നാണ് കഴിഞ്ഞ ഞായറാഴ്ച ഈശോ നമ്മോടു പറഞ്ഞത്. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം 

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, സാക്ഷ്യപ്പെടുത്തലിന്റെയോ, ഏറ്റുപറച്ചിലിന്റെയോ അല്ല. “ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ” എന്നാണ്‌.  

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ, ജീവിത സാക്ഷ്യത്തിന്റെ അഭാവം നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, മഹാമാരികളിൽ നിന്ന്, കഷ്ടതകളിൽ നിന്ന്, പിശാചുബാധകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും.

നിസംഗത നിറഞ്ഞ ഒരു വിശ്വാസമല്ല ക്രൈസ്തവർക്ക് വേണ്ടത്. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തുവിനെ പ്രസംഗിക്കുവാൻ, ക്രിസ്തുവിനു സാക്ഷ്യം നൽകുവാൻ നമുക്കാകണം. അപ്പോഴേ, ദൈവത്തിന്റെ കൃപയാൽ, നമ്മുടെ ജീവിതങ്ങൾ, നമ്മുടെ കുടുംബങ്ങൾ നിറയുകയുള്ളു.

ഈയിടെ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് R. Bhaanumathi തന്റെ വിടവാങ്ങൽ ചടങ്ങു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ ഉപയോഗിച്ചു എന്നത് വളരെ മാതൃകാപരവും, പ്രചോദനാത്മകവുമാണ്. “ഞാനൊരു ഹിന്ദുവാണ്. എന്നാലും ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്നാണു തിങ്ങി നിറഞ്ഞു നിന്ന സദസ്സിനോട് അവർ പറഞ്ഞത്. ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിൽ എന്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട് എന്നാണു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ജസ്റ്റീസ് പറഞ്ഞത്. തമിഴ് നാട്ടിലെ കുഗ്രാമത്തിൽ ജനിച്ച, രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടി, കുടുംബത്തിലെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങൾ…. രണ്ടു പെണ്മക്കളെ വളർത്തുവാൻ ‘അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ …. ഇങ്ങനെയുള്ള ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം തനിക്കു ശക്തിയായിരുന്നുവെന്നു ജസ്റ്റീസ് സാക്ഷ്യപ്പെടുത്തുമ്പോൾ ദൈവവിശ്വാസത്തിന്റെ കനലുകൾ ആളിക്കത്തുന്നുണ്ടായിരുന്നു ആ വാക്കുകളിൽ. 

ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ക്രിസ്തു മൗനിയാണെന്നു നമുക്ക് തോന്നിയിട്ടില്ലേ? എന്തേ, ഈശോ എനിക്ക് ഉത്തരം നൽകാത്തത് എന്ന് ചിന്തിച്ചിട്ടില്ലേ? ജീവിതത്തിലെ നിസംഗത നിറഞ്ഞ ദൈവ വിശ്വാസം ക്രിസ്തുവിനെ മൗനിയാക്കുമെന്നു ഓർക്കുക.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. വ്യക്തമായി ഇങ്ങനെയൊരു രംഗം നാം കാണുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ഒരുമിച്ചുള്ള അപേക്ഷ നമ്മോടു പറയുന്നത് അവൾ അവരെ സമീപിച്ചു കാണണം എന്ന് തന്നെയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി. ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥം പറയുകയാണ്.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ“.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം. ഉത്തരവാദിത്വ പൂർണമായ ഒരു വിശ്വാസത്തിലേക്ക് വളരുവാൻ നമുക്കാകണം. ഭർത്താവിന്, ഭാര്യക്ക്, മക്കൾക്ക്‌, മാതാപിതാക്കൾക്ക് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് മനസ്സിലാക്കി, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാൻ നാം ശ്രമിക്കണം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോ എന്ന് ജീവിത സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു!! ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിട്ടപ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിട്ടപ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ, മറ്റ് പെൺകുട്ടികൾ ഹീനമായ മതപരിവർത്തനത്തിനു വിധേയരാ കുന്നത്, നമ്മുടെ മക്കൾ അന്യമതസ്ഥരിൽ പെട്ട വരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വ പൂർണമായ ദൈവ വിശ്വാസത്തിൽ നാം ക്രൈസ്തവർ വളരാത്തതുകൊണ്ടല്ലേ?

ഈശോ അവതരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക എന്നതാണ്.  Crisis, പ്രതിസന്ധി എന്ന വാക്കു ആദ്യം ഉപയോഗിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ (Hippocrates) ആണ്.     രോഗത്തിൽ നിന്ന് മുക്തി നേടുവാൻ രോഗിയെ ചികിത്സിക്കുന്ന പ്രക്രിയയിൽ ആവശ്യം കടന്നു വരുന്ന ഒരു ഘട്ടത്തെയാണ് ഹിപ്പോക്രാറ്റെസ് Crisis, എന്ന് വിളിക്കുന്നത്. ഈ point ൽ ഒന്നുകിൽ രോഗി സൗഖ്യത്തിലേക്കു കടന്നു വരികയും മരണത്തെ അതിജീവിക്കുകയും ചെയ്യും. അല്ലെങ്കിൽ രോഗി മരിക്കും.

Icon man overcoming the crisis - jumps over the word crisis / 3d Stock  Photo - Alamy

ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാർ ഈ പദം ഉപയോഗിക്കുന്നത് ഹൃദയധമനികളുമായി ബന്ധപ്പെടുത്തിയാണ്. രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് നിലക്കുക എന്നർത്ഥത്തിലാണ് അവർ Crisis,  എന്ന വാക്കു ഉപയോഗിക്കുന്നത്.  ഒരു Crisis,   ൽ രണ്ടു സാധ്യതകളാണ്. ഒന്ന്, Plight ഒളിച്ചോട്ടം. രണ്ട്, Fight യുദ്ധം ചെയ്യുക, അഭിമുഖീകരിക്കുക. രണ്ടായാലും, ഏതു ലോഹം കൊണ്ടാണ് ഒരാൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് crisis തെളിയിക്കും.

ഇന്നത്തെ സുവിശേഷ ഭാഗത്തു ആ സ്ത്രീ ഒരു Crisis,  ൽ അകപ്പെടുകയാണ്. ഈശോയുടെ മറുപടിയാണ് അവളെ Crisis, ൽ ആക്കുന്നത്.  “മക്കളുടെ അപ്പമെടുത്തു നായ്ക്കൾക്കു എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.” ഇതൊരു ബ്രെയിൻ ഷെമിംഗ് (Brain Shaming) ആണെന്ന് ആക്ഷേപിക്കാം. ബ്രെയിൻ ഷെമിംഗ് എന്ന് പറഞ്ഞാൽ, ഒരാൾക്ക് തന്നെ ക്കുറിച്ചു തന്നെ കുറവുള്ള, ചീത്തയായ വ്യക്തിയായി ചിന്തിക്കുവാൻ ഇടവരുത്തുക. പക്ഷെ ഈശോ ഇവിടെ ഒരു Crisis സൃഷ്ടിക്കുകയാണ്. എന്നിട്ടു കാത്തു നിൽക്കുകയാണ്, Crisis നെ ആ സ്ത്രീ അഭിമുഖീകരിക്കുന്നത് കാണാൻ. അവൾക്കു വേണമെങ്കിൽ ക്രിസ്തുവിനെ ചീത്തവിളിച്ചു മകളെയും കൊണ്ട് അവിടെനിന്നു പോകാം. തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു കേസുകൊടുക്കാം. തകർന്നു, തളർന്നു അവിടെ വീണു കിടക്കാം.

പക്ഷെ, അവൾ, താൻ ഏതു ലോഹം കൊണ്ട് പണിയപ്പെട്ടവളാണെന്നു തെളിയിക്കുകയാണ്. ഈശോ പറയുന്നു, “സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ്.” സ്നേഹമുള്ളവരേ, ആ നിമിഷം, അവളും അവളുടെ മകളും തകർത്തു പെയ്യുന്ന ദൈവവര പ്രസാദത്തിന്റെ പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ്. സൗഖ്യപ്പെടലിന്റെ ഏഴുവർണങ്ങൾ അവിടെ വിരിയുകയാണ്. കാനാൻ കാരി തന്റെ മുൻപിൽ ഉയർന്ന Crisis നെ നന്മ കടഞ്ഞെടുക്കാനുള്ള നേരമായിട്ടെടുക്കുകയാണ്, Crisis നെ ദൈവവരപ്രസാദത്താൽ നിറയാനുള്ള സമയമാക്കി മാറ്റുകയാണ്.

നിങ്ങളറിഞ്ഞോ, ഇന്നത്തെ ലോകത്തിൽ ബർമുഡയും, ബനിയനും, കൂളിംഗ് ഗ്ളാസ്സും ധരിച്ചു ആധുനിക യുവജനങ്ങളുടെ ഏറ്റവും വലിയ Crisis ആയ ഇന്റർനെറ്റിനെ (Internet) ദൈവ വര പ്രസാദത്താൽ നിറച്ച ഒരു ചെറുപ്പക്കാരൻ, കാർലോ അക്വിറ്റീസ് ഈ ഒക്ടോബർ പത്തിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുകയാണ്. ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ് അദ്ദേഹം. ഇന്നത്തെ യുവജനങ്ങൾക്ക്‌ ജീവിത പ്രതിസന്ധികളെ ദൈവ വരപ്രസാദത്താൽ നിറയ്ക്കുവാൻ വാഴ്ത്തപ്പെട്ട കാർലോ പ്രചോദനമാകട്ടെ. 

സമാപനം

സ്നേഹമുള്ളവരേ, ദൈവ വിശ്വാസം, ജീവിത പ്രതിസന്ധികളെ ദൈവ കൃപയാൽ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറയ്ക്കാൻ നമ്മെ സഹായിക്കുമെന്ന് പ്രതിസന്ധികൾക്കു പഞ്ഞമില്ലാത്ത ഈ കാലത്തു നമുക്ക് പഠിക്കാം. കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തരവാദിത്വപൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Livestream of the Rosary – Holy Family Church

അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, പിശാച് ബാധിതമായ സാഹചര്യങ്ങളിൽ നിന്ന്, അവസ്ഥകളിൽ നിന്ന് അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും. അവിടുന്നൊരിക്കലും മൗനിയാകില്ല. ആമേൻ!

SUNDAY SERMON MT 17, 14-21

മത്താ 17, 14 – 21

സന്ദേശം

Healing the Epileptic Boy: Matthew 17 Vs 14- 21 | Matthew 17, Healing, Boys

ഇനിയും കണ്ടുപിടിക്കാത്ത മരുന്നിനുവേണ്ടി കോവിഡ് രോഗികളും ലോകവും കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്; നമ്മുടെ വീടുകളിലും, അയൽവക്കങ്ങളിലും കോവിഡ് എത്തിക്കഴിഞ്ഞു. കോവിഡ് മൂലമുള്ള മരണങ്ങളും കൂടിവരികയാണ്.   കോവിഡ് 19 ൽ നിന്ന് എന്ന് സൗഖ്യം ലഭിക്കുമെന്ന് ചിന്തിച്ചു ആകുലപ്പെടുന്ന ലോകത്തിനു മുൻപിൽ നിന്നുകൊണ്ട്, ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയിൽ നിന്ന് രക്ഷനേടുവാൻ, ലോകത്തെ സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം.   സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ, ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ, ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് വിശ്വാസത്തെക്കുറിച്ചാണ്. ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.

വ്യാഖ്യാനം

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് ഈശോ, പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്. ദേവാലയങ്ങളുടെ വലിപ്പമോ, സംസ്കാരത്തിന്റെ പവിത്രതയോ, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ. ക്രിസ്തുവിലുള്ള വിശ്വാസമാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ. താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, അവനെ സുഖപ്പെടുത്തുന്നതും.

തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു.

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി.

Kyrzayda Rodriguez Archives | FactCrescendo | The leading fact-checking  website in India

ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beautician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ രണ്ടാം ചരമവാർഷികമായിരുന്നു.      

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്.

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്.

God will make a way#red sea#christian life#christian quote#Bible  Quotes#bible verse#impossibility#christian blog#gos… | Christian bible  quotes, Sea quotes, Red sea

എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾ ക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! നാല്പതു ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ പുഴയിൽ മുക്കിക്കൊല്ലുന്നതു അപസ്മാര മനസ്സിന്റെ വൈകൃതമല്ലാതെ മറ്റെന്താണ്? ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

സമാപനം

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

ᐈ Healing stock pictures, Royalty Free healing images photos | download on  Depositphotos®

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON MT 4, 12-17

മത്താ 4, 12 – 17

സന്ദേശം

Pictures of Jesus with Children by Simon Dewey | Altus Fine Art | Pictures  of christ, Jesus pictures, Light of the world

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നതും, വചനം പ്രഘോഷിച്ചതും, കുരിശുചുമന്നതും, കാൽവരി കയറിയതും, കുരിശിൽ മരിച്ചതും ദൈവരാജ്യത്തിനു വേണ്ടിയായിരുന്നു, ദൈവരാജ്യത്തെ പ്രതിയായിരുന്നു, ദൈവരാജ്യം ഈ ഭൂമിയിൽ, നമ്മുടെ ഇടയിൽ പിറവിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തും വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 9, 1 ൽ പറയുന്നത് കഫർണാം ഈശോയുടെ “സ്വന്തം പട്ടണ”മെന്നാണ്. ഇവിടെ വച്ചാണ് ഈശോ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നത്. (ലൂക്ക 7, 1 – 10) മേൽക്കൂര പൊളിച്ചു താഴോട്ടു, ഈശോയുടെ മുന്പിലേക്കിറക്കിയ തളർവാതരോഗിയെ സുഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. 40 ഓളം അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു മുക്കുവ ഗ്രാമമാണ് കഫർണാം.

ഈശോയുടെ പരസ്യജീവിത കാലത്തെ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന കഫെർനാമിലേക്കു ഈശോ ആദ്യമായി കടന്നു വന്നപ്പോൾ വിശുദ്ധ മത്തായി ഈ അവസരത്തെ ദൈവികമാക്കുകയാണ്, വലിയ ആഘോഷമാക്കുകയാണ്! അദ്ദേഹം ഈശോയെ തിരഞ്ഞെടുക്കപ്പെട്ട യഹൂദരുടെ മാത്രമല്ല, സകല ജനത്തിന്റെയും രക്ഷകനായി അവതരിപ്പിക്കുകയാണ്. മാത്രമല്ല, പ്രവചനങ്ങളുടെ പൂർത്തീകരണമായി ദർശിക്കുകയാണ്. വീണ്ടും ഒരുപടികൂടി കടന്നു, അന്ധകാരത്തിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി കാണിച്ചുകൊടുക്കുകയാണ്. തീർന്നില്ല, മരണത്തിന്റെ മേഖലയിൽ കഴിയുന്നവർക്ക്, ജീവിതകാലത്തു അതിന്റെ നിഴലിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി, ആശ്വാസമായി, ജീവനായി ഈശോയെ ഉയർത്തി നിർത്തുകയാണ്. മറ്റൊരുവാക്കിൽ, ലോകം മുഴുവന്റെയും, ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും, തിരഞ്ഞെടുക്കപ്പെട്ടവരുടെയും, വിജാതീയരുടെയും ദൈവമായി ഈശോയെ ഉയർത്തി പ്രതിഷ്ഠിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ. ഈയൊരു ചെറിയ സുവിശേഷ ഭാഗത്തു ഈശോ സൂര്യതേജസ്സായി തിളങ്ങുകയാണ്! ഓരോ ക്രൈസ്തവനും ധ്യാനിക്കേണ്ട, ധ്യാനിച്ച് ഉള്ളം ക്രിസ്തുവിനാൽ നിറക്കേണ്ട , ദൈവരാജ്യം, സ്വർഗ്ഗരാജ്യം ഹൃദയത്തിലും ജീവിതത്തിലും അനുഭവിക്കേണ്ട ഒരു സുവിശേഷഭാഗമാണിത്!

എന്തിനാണ് സൂര്യതേജസായ, ലോകരക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  അതുകൊണ്ടാണ് ദൈവരാജ്യത്തെ അവതരിപ്പിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ. എന്താണ് മനുഷ്യൻ ആദ്യമായും അവസാനമായും തന്റെ ജീവിതത്തിൽ അന്വേഷിക്കേണ്ടത്? ഈശോ പറയും, മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9)

എന്താണ് ഈശോയ്ക്ക് ദൈവരാജ്യം? ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവരാജ്യമായി എന്നാണ് ഈശോ പറയുന്നത്. (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. ദൈവരാജ്യത്തിന്റെ, സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടാണ് സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈശോയുടെ ദൗത്യത്തെ മനോഹരമായി വെളിവാക്കുന്നുണ്ട്. അതുകൊണ്ടു എന്റെ ഉറച്ച വിശ്വാസമിതാണ്: ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്. ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്.

ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവാരാജ്യത്തിലായിരുന്നു എന്നാണ്. പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, കുറേക്കാലം… പിന്നെ അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം… അവസാനമെന്നോണം ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്….

Lockdown in India has impacted 40 million internal migrants: World Bank -  The Federal

മനുഷ്യ ചരിത്രത്തിനെന്നും നിഷ്കളങ്കരുടെ രക്തത്തിന്റെ മണമാണുള്ളത്. തോൽക്കുന്നവന്റെയും ജയിക്കുന്നന്റെയും ചരിത്രം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റേതുമാണ്. മഹാഭാരത യുദ്ധത്തിൽ മരണശയ്യയിൽ കിടക്കുന്ന ദുര്യോധനൻ മറുപക്ഷത്തോട് പറയുന്നത് ഇങ്ങനെയാണ്: “… ചതികൊണ്ട് നേടിയ നിങ്ങളുടെ വിജയകിരീടങ്ങൾക്കു എന്ത് വിലയാണുള്ളത്? വഞ്ചനയിൽ ജീവിച്ചു, വഞ്ചനകൊണ്ട് ജയിച്ചു, ജയത്തെത്തന്നെ നിങ്ങൾ പരാജയമാക്കി.” പിന്നീട് അയാൾ യുധിഷ്ഠരനോട് പറഞ്ഞു: “യുധിഷ്ഠരാ, വിധവകളുടെ ഒരു മഹാരാജ്യം നിന്നെ കാത്തിരിക്കുന്നു.” നോക്കൂ… എന്തൊരു വാക്യമാണ്! വിധവകളുടെ മഹാരാജ്യം! എല്ലാ യുദ്ധവും ബാക്കിയാക്കുന്നത് അതാണ്. യുദ്ധം എപ്പോഴും, ശത്രുത എപ്പോഴും, സ്വത്തിനുവേണ്ടിയോ, സ്ഥലത്തിനുവേണ്ടിയോ, എന്തിനൊക്കെ വേണ്ടിയായാലും തർക്കങ്ങൾ എപ്പോഴും നഷ്ടങ്ങളിലെ അവസാനിക്കൂ! അല്ലെങ്കിൽ ബൈബിൾ മറിച്ചു നോക്കിക്കോളൂ, ലോകചരിത്രത്തിലെ ഏടുകൾ മറിച്ചു നോക്കിക്കോളൂ.. ദൈവ രാജ്യത്തിൽ നിന്നകലുന്നതെല്ലാം നാശത്തിലേ അവസാനിക്കുകയുള്ളു,

എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ, കേരളത്തിന്റെ വർത്തമാന ചരിത്രം ഒന്ന് വീക്ഷിച്ചാൽ എല്ലാം മനസ്സിലാകും. അവതാരങ്ങൾ ജനങ്ങളുടെ ഭരണകൂടങ്ങളെ വിഴുങ്ങിയിരിക്കുന്ന അവസ്ഥ……ജനാധിപത്യം ഫാസിസത്തിന്റെ കുപ്പായം ത്യജിച്ചുകൊണ്ടിരിക്കുന്ന കാലം…അധികാരമുറപ്പിക്കുവാൻ വേണ്ടി മാത്രം തെരുവുയുദ്ധങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു…

War Scenario: Why #India Can't Defeat #China - Sahel Standard

സർവ്വ നാശത്തിന്റെ രാസായുധങ്ങൾ അണിയറയിൽ ഒരുങ്ങിയിരിക്കുമ്പോഴും രാജ്യങ്ങൾയുദ്ധത്തിനായി കോപ്പു കൂട്ടുന്നു…

സ്നേഹമുള്ളവരേ, ഈ മനുഷ്യകുലത്തെ ദൈവാരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും, എന്നും.

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ ദൈവം നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ, ദേവാലയങ്ങളാകേണ്ട മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളും!!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. നന്മയുടെ വിളക്കുകളെ തല്ലിക്കെടുത്താനാണ് ആളുകൾക്കിഷ്ടം! ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്.

കാരൂർ നീലകണ്ഠപിള്ളയുടെ “ഉതുപ്പാന്റെ കിണർ” എന്ന കഥയുടെ പശ്ചാത്തലമിതാണ്. ‘ആ ചെറുഗ്രാമത്തിൽ തന്നിലെ ദയവിന്റെയും അനുകമ്പയുടെയും പ്രേരണകൾ ആവിഷ്കരിക്കാൻ ഉതുപ്പാൻ കിണർനിർമ്മിക്കുകയാണ്. സ്ഥലം വിലക്കുവാങ്ങി, ബുദ്ധിമുട്ടി, കിണർ കുഴിച്ചു. അയാളുടെ ജീവിതത്തിന്റെ മൂർ ത്ത രൂപമാണ് ആ കിണർ. ദൈവരാജ്യ മൂല്യങ്ങളുടെ പ്രായോഗിക രൂപം. ഒരു കുരിശടയാളം കിണറിന്റെ തൂണിൽ. കുരിശിന്റെ ഇരുവശവുമായി “ഇങ്ങോട്ട് വരുവിൻ ഇവിടെ ആശ്വസിക്കാം’ എന്ന് എഴുതിവച്ചിരിക്കുന്നു. ആർക്കും, ജാതി മത ഭേദ്യമെന്യേ നന്മ യുടെ പ്രതീകമായ ആ കിണർ ഉപയോഗിക്കാം. ആ ചെറുഗ്രാമത്തിൽ ദൈവരാജ്യം വന്നെന്നു വിചാരിച്ചിരുന്ന നാളിൽ നഗരസഭ ഗ്രാമവത്കരണത്തിന്റെ പേരും പറഞ്ഞ കിണർ മൂടാൻ ഒരുങ്ങുന്നു. കിണർ മൂടുമെന്നുറപ്പായ ദിവസത്തിന്റെ തലേ രാത്രിയിൽ ഒരു വഴിയും കാണാതെ ഉതുപ്പാൻ കിണറ്റിൽ ജീവിതം അവസാനിപ്പിക്കുന്നു.

Open Wells and Urban Resilience – The Nature of Cities

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും, കോവിഡ് കാലം കഴിഞ്ഞും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’ ദൈവാരാജ്യമെന്നത് അഹങ്കാരത്തിന്റെ മനോഭാവമല്ല. “ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല. അത് നീതിയും സമാധാനവും പരിശുദ്ധാ ത്മാവിലുള്ള സന്തോഷവുമാണ്.” (റോമ 14, 17)

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും ചെയ്യും.

സമാപനം

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു.

Surviving the Covid-19 outbreak: there's hope for humanity

തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

SUNDAY SERMON MT13, 1-9

മത്താ 13, 1-9   

സന്ദേശം

Pin on A little bit of East

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം റഫാൽ വിമാനങ്ങൾ വായുസേനയ്ക്കു കൈമാറിയ ചടങ്ങിൽ വിശുദ്ധ ബൈബിളിൽ നിന്ന് സങ്കീർത്തനം 46 വായിച്ചുകേട്ടപ്പോൾ ഓരോ ക്രൈസ്തവനും അഭിമാനിച്ചിട്ടുണ്ടാകണം! ഗവണ്മെന്റിന്റെ ഔദ്യോഗിക വേദിയിൽ ദൈവ വചനം ഘോഷിക്കുവാൻ സാധിച്ചല്ലോ എന്നോർത്ത് സന്തോഷിച്ചു കാണണം! പക്ഷെ, ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാണോ നാം എന്ന് ചിന്തിച്ചവർ നമ്മിൽ എത്ര പേരുണ്ട്? ഇന്നത്തെ സുവിശേഷം ഇത്തരമൊരു വിചിന്തനത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സന്ദേശമിതായിരിക്കട്ടെ: മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. (സങ്കീ 119, 105)

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എന്തിനായിരിക്കണം ഈശോ മനോഹരമായ ഈ ഉപമ പറഞ്ഞത്? ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ അവരെ പ്രോഗ്രാം ചെയ്യുകയായിരുന്നു.

തന്റെ മുന്പിലിരിക്കുന്ന ജനത്തെ ദൈവരാജ്യത്തിന്റെ ജീവിതത്തിലേക്ക് എങ്ങനെ program ചെയ്യാം എന്ന ചിന്തയിൽ നിന്നായിരിക്കണം ഈശോ വിതക്കാരന്റെ ഉപമ തിരഞ്ഞെടുത്തത്. കാരണം, വളരെ അടുക്കും ചിട്ടയോടും കൂടിയ ഒരു ഉപമയാണിത്. മനുഷ്യ മനസ്സിനെ നാന്നായി മനസ്സിലാക്കുന്ന ഒരു മനസ്സാസ്ത്രജ്ഞന്റെ കഴിവ് ഈ ഉപമയിൽ പ്രതിഫലിച്ചിട്ടുണ്ട്. വളരെ ശാസ്ത്രീയമായ സമീപനങ്ങളൊന്നും ഈശോ തന്റെ പരസ്യ ജീവിതകാലത്തു നടത്തിയതായി കാണുന്നില്ലെങ്കിലും, ഈ ഉപമയിൽ, മനസ്സിനെ ശുദ്ധീകരിച്ചു ഹൃദയത്തെ ശക്തമാക്കുന്നു ഒരു രീതിയാണ് ഈശോ അവലംബിച്ചിരിക്കുന്നത്. ഇതറിയുവാൻ അല്പം ക്ഷമയോടെ ഈ വചനഭാഗം മനസ്സിലാക്കുവാൻ നാം ശ്രമിക്കണം.

വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്തു. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്. ഒരു കുരങ്ങനെപ്പോലെ ചാടിക്കളിക്കുന്ന, ശാന്തമായിരിക്കാൻ കഴിയാത്ത മനസ്സാണ് മനുഷ്യന്റേതെന്നും, അതിന്റെ അവസ്ഥകളെ മനസ്സിലാക്കിയാൽ മനസ്സിനെ ശാന്തമാക്കാൻ കഴിയുമെന്നും, അങ്ങനെ മനസ്സിനെ ശാന്തമാക്കിയാൽ ഹൃദയത്തെ നിർമ്മലമാക്കാമെന്നും ഈശോ യ്ക്കറിയാമായിരുന്നു!

നമ്മുടെ അനുദിന ജീവിതത്തിൽ എങ്ങനെയാണ് നാം പ്രോഗ്രാം ചെയ്യപ്പെടുന്നത്? ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?  ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്?

Image of Indian Boy Child Riding Bicycle in Rural India-DW683292-Picxy

ഇതിനു നാല് ഘട്ടങ്ങൾ (stages) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ് (Unconscious). അതിനാൽ തന്നെ, അശക്തനുമാണ് (Incompetence). ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ! അവൾ, അവൻ അജ്ഞതയിലാകാം, അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു പ്രാപ്തിയില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ (Pedal) കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവശ്യമില്ല. (Unconscious) ഒരു extra effort ന്റെ ആവശ്യമില്ല .സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.ഒരു extra effort ന്റെ ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും. മനസ്സിന്റെ അവസ്ഥകളെക്കുറിച്ചു ബോധവതിയാകുവാൻ, ബോധവാനാകുവാൻ ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

ഈ കഴിഞ്ഞ ആഴ്ചയിൽ ദൈവ വചനം ജീവിതത്തിന്റെ ഭാഗമാക്കിയ, വചനത്തിനു ജീവിതംകൊണ്ട് സാക്ഷ്യം നൽകിയ, ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരമായി മാറിയ ഒരു സന്യാസിനിയെ ഞാൻ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിൽ കണ്ടു! ദൈവത്തിന്റെ വചനം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിച്ചു നിൽക്കുന്നത് ഞാൻ കണ്ടു! ക്രിസ്തു സാക്ഷ്യം വസന്തമായി, ഏഴ് നിറങ്ങളുള്ള മഴവില്ലായി വിരിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു! അതാരാണെന്നല്ലേ? ബഹുമാനപ്പെട്ട സിസ്റ്റർ ദിവ്യ.

എവിടെയെന്നല്ലേ? നമ്മുടെ കേരളത്തിൽ. നെടുങ്കുന്നം സെന്റ് തെരേസാസ് സ്കൂളിൽ. പ്രധാനാധ്യാപികയായ സിസ്റ്റർ ഓണസന്ദേശം നൽകിയതിൽ മതനിന്ദ ആരോപിച്ചു, നമ്മുടെ മതേതര ജനാധിപത്യ ഇന്ത്യയിൽ, പ്രബുദ്ധമെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മാപ്പു പറയുവാൻ ആവശ്യപ്പെട്ടപ്പോൾ ക്രിസ്തു സാക്ഷ്യത്തിന്റെ ശക്തമായ ആൾരൂപമായി സിസ്റ്റർ മാറി. ദൈവത്തിന്റെ വചനം ക്രിസ്തുവായി അവതാരമെടുത്ത നിമിഷമായി അത് മാറി!

സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയുള്ള ഷെയ്ക്കാനാ ടെലിവിഷന്റെ മിസ്പാ ധ്യാനപ്രസംഗങ്ങൾ നിങ്ങളിൽ പലരും കേട്ടുകാണും. ഓരോ ക്രൈസ്തവനും സഭയുടെ, നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ, ഇടവകകളുടെ, രൂപതകളുടെ കാവൽ ഗോപുരങ്ങളായി മാറണം. അതിനു ഒരോയൊരു മാർഗ്ഗമേയുള്ളു: ദൈവ വചനത്തിനു അനുസൃതം ജീവിതത്തെ വളർത്തിയെടുക്കുക. തിരുസഭയ്ക്കോ, സഭയുടെ പ്രസ്ഥാനങ്ങൾക്കോ, പുറമെ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ, സഭയെ, ക്രിസ്തു വിശ്വാസത്തെ ഇല്ലാതാക്കുവാൻ ശ്രമങ്ങളുണ്ടാകുമ്പോൾ നാം ചെയ്യേണ്ടത് ക്രിസ്തുവിന്റെ വചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുകയാണ്. പുറമെ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിൽ നിന്ന് സഭയെ ശക്തിപ്പെടുത്തുവാനാണ് നാം ശ്രമിക്കേണ്ടത്.

ഓരോ കുടുംബവും തങ്ങളുടെ ക്രൈസ്തവ ജീവിതശൈലിയെക്കുറിച്ചു പുനർവിചിന്തനം ചെയ്യണം. നമ്മുടെ കുടുംബത്തിന്റെ രീതികൾ reschedule ചെയ്യേണ്ടതുണ്ടെങ്കിൽ അതിനു തയ്യാറാകണം. ഓരോ കുടുംബത്തിൽ നിന്ന്, പ്രത്യേകിച്ച് സന്ധ്യകളിൽ പ്രാർത്ഥനകൾ ഉയരട്ടെ. അതിൽ ഒരു കോമ്പ്രോമൈസിനും ഇടം കൊടുക്കരുത്. ഓർത്തുനോക്കൂ…പണ്ടൊക്കെ ഗവൺമെന്റുകൾ Election, Examinations തുടങ്ങിയവ ഞായറാഴ്ച്ച വച്ചിരുന്നില്ല. കാരണം, അത് ക്രൈസ്തവരുടെ വിശുദ്ധ ദിനമാണെന്നു അവർക്കു അറിയാമായിരുന്നു; അവരതിനെ ബഹുമാനിച്ചിരുന്നു. ഇന്ന് ക്രൈസ്തവർ തന്നെ ഞായർ വിശുദ്ധ ദിനമായി കാണുന്നില്ല. ഞായറാഴ്ചയും പിടിപ്പതു പണിയാണ്. നമ്മുടെ ഇടവകയിലോ, സന്യാസ ഭവനങ്ങളിലോ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഞായറാഴ്ചയും പണിയാണ്. എന്ത് സാക്ഷ്യമാണ് നാം കൊടുക്കുന്നത്. എന്നിട്ടു NEET പോലുള്ള പരീക്ഷകൾ ഞായറാഴ്ച്ച വരുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടോ? നാം ചിന്തിക്കണം!

ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്.

Lamp To My Feet - Psalm 119:105 | Scripture Art Print

ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

FEAST DAY SERMON

സെപ്തംബർ 8

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ

100+ Free Mother Mary & Virgin Mary Images - Pixabay

കോവിഡ് 19 എന്ന മഹാമാരിയുടെ ഭീകരത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ധാരാളം മനുഷ്യർ നിരാശയുടെ വക്കിലെത്തി ഇനിയെന്ത് എന്നറിയാതെ വിഷമിക്കുന്നുണ്ട്. (പത്തു ദിവസമായി ക്വാറന്റൈനിൽ ഇരുന്നപ്പോഴാണ് ഒറ്റയ്ക്കിരിക്കുന്നതിന്റെ അസ്വസ്ഥത എനിക്ക് മനസ്സിലായത്.)  ദേവാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കുവാനും, പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാധ്യസ്ഥ്യം പ്രാർത്ഥിക്കുവാനും സാധിക്കാതെ നമ്മുടെയൊക്കെ ആധ്യാത്മിക ജീവിതം കേവലം വെർച്യുൽ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആചരിക്കുകയാണ്. നമ്മുടെ ജീവിതം കൂടുതൽ പ്രതീക്ഷ നിറഞ്ഞതും, സമാധാനപ്രദവുമാകാൻ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.

നമ്മുടെ കത്തോലിക്കാ സഭയിൽ ആകെ മൂന്നു ജനന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. ഒന്ന് ഈശോയുടെ, രണ്ടു, പരിശുദ്ധ കന്യകാമറിയത്തിന്റെ, മൂന്നു വിശുദ്ധ സ്നാപക യോഹന്നാന്റേത്.  ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പരിശുദ്ധ കന്യകാമറിയത്തിനുള്ള സ്ഥാനവും പ്രാധാന്യവുമാണ് അമ്മയുടെ ജനന തിരുനാളാഘോഷത്തിലൂടെ സഭ വ്യക്തമാക്കുന്നത്.

സുവിശേഷങ്ങളിൽ ഇതൾ വിരിയുന്ന പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ സവിശേഷതകളായിരിക്കണം നിങ്ങളും ഞാനും അടക്കമുള്ള ലോകത്തിലെ ക്രൈസ്തവർക്ക് പരിശുദ്ധ അമ്മയോട് ഇഷ്ടം തോന്നാൻ കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ സവിശേഷതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു സവിശേഷതകളിൽ ഒന്ന്, പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ജീവിതമാണ് നയിച്ചത് എന്നാണ്.

MARY of NAZARETH Film Trailer - YouTube

മറ്റൊരുവാക്കിൽ പരിശുദ്ധ അമ്മയുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. മംഗളവാർത്ത അറിയിച്ചതിനു ശേഷം അമ്മയുടെ തീരുമാനം അറിയാൻ സ്വർഗം കാത്തു നിന്നപ്പോൾ, “ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം പോലെ എന്നിൽ സംഭവിക്കട്ടെ” എന്ന് മാതാവ് ഉത്തരം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിത ദൈവേഷ്ടത്തിന്റെ ആഘോഷമാകുകയായിരുന്നു. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കാൻ ആഗ്രഹിച്ച മറിയത്തെ പിന്നീട് നാം കാണുന്നത് കുരിശിൻ ചുവട്ടിലാണ്. പക്ഷെ ഇന്ന് ‘അമ്മ ലോകത്തിന്റെ തന്നെ അമ്മയായി മാറിയിരിക്കുകയാണ്.

സ്നേഹമുള്ളവരേ, ഓരോ ക്രൈസ്തവന്റെയും ജീവിതം അമ്മ ജീവിച്ചപോലെ, ദൈവേഷ്ടത്തിന്റെ ആഘോഷമായിരിക്കണം. ക്രിസ്തുവിനെ ലോകത്തിനു നൽകിക്കൊണ്ട് ഈശോയുടെ അമ്മമാരാകാൻ ആഗ്രഹമുണ്ടെങ്കിൽ, ഈശോയുടെ സഹോദരനും സഹോദരിയുമാകാൻ ആഗ്രഹമുണ്ടെങ്കിൽ ഈശോ പറയുന്നത് ഇങ്ങനെയാണ്: ” “ഇതാ എന്റെ അമ്മയും എന്റെ സഹോദരങ്ങളും. ദൈവത്തിന്റെ ഹിതം നിർ വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും”. (മർക്കോ 3, 35) J.I Packer “Knwoing and Doing the will of God” എന്ന പുസ്തകത്തിൽ പറയുന്നത് ‘ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ പ്രസാദവരത്താൽ നിറഞ്ഞവരും ജീവിത സന്തോഷത്താൽ ആനന്ദിക്കുന്നവരുമാകാൻ നാം ചെയ്യേണ്ടതു ദൈവഹിതം അറിയുകയും അതിനനുസരിച്ചു ജീവിക്കുകയുമാണ്’എന്നാണ്.

നമ്മുടെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണെങ്കിൽ നാമൊക്കെ ജീവിതത്തിൽ വിജയം നേടുന്നവരാകും. നമുക്കറിയാവുന്നതുപോലെ, ജീവിതം ബുദ്ധിമുട്ടേറിയതാണ്. അതിന്റെ സ്വഭാവം അങ്ങനെയാണ്. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ തീർച്ചയായും നാം ചെന്നെത്തുക തെറ്റിദ്ധാരണയുടെ കുരിശിൻ ചുവട്ടിലാകാം. അപമാനത്തിന്റെ കുരിശിൻ ചുവട്ടിലാകാം. ഒറ്റപ്പെടലിന്റെ, ചവുട്ടി താഴ്ത്തലുകളുടെ കുരിശിൻ ചുവടുകളിലാകാം. എന്നാൽ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ നാം തയ്യാറായാൽ നമ്മുടെ മുൻപിലും സ്വർഗം തുറക്കപ്പെടും. ജീവിതം എളുപ്പമുള്ളതാക്കാൻ, മനോഹരമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്: ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക.

നമ്മൾ ആരായിരുന്നാലും, എന്തുമാത്രം സമ്പന്നരായിരുന്നാലും, എത്രമാത്രം ശക്തരായിരുന്നാലും, എത്രത്തോളം പ്രശസ്തരായിരുന്നാലും, എത്രമാത്രം സൗന്ദര്യമുണ്ടായിരുന്നാലും, വിദ്യാസമ്പന്നർ, വാഴ്ത്തപ്പെട്ടവർ ആയിരുന്നാലും ദൈവേഷ്ടത്തിന്റെ ആഘോഷമല്ല നമ്മുടെ ജീവിതമെങ്കിൽ നമ്മൾ തകർക്കപ്പെടും, ഇന്നല്ലെങ്കിൽ, നാളെ.

രണ്ടാമത്തെ സവിശേഷത, പരിശുദ്ധ അമ്മ നമ്മോടൊത്തുണ്ട്. നമ്മോടൊത്തായിരുന്നുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യയാകുവാൻ, ശിഷ്യനാകുവാൻ പരിശുദ്ധ ‘അമ്മ നമുക്ക് പ്രോത്സാഹനം നൽകും. ഈശോയുടെ ജീവിതവഴികളിൽ അങ്ങനെയായിരുന്നു പരിശുദ്ധ ‘അമ്മ. കാനായിലെ കല്യാണ വിരുന്നിൽ മനുഷ്യരുടെ കുറവുകളിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ പരിശുദ്ധ അമ്മ ഈശോയോടൊത്തു ഉണ്ടായിരുന്നു. എലിസബത്തിന്റെ ഉദരത്തിലെ ശിശു ദൈവികാനന്ദത്താൽ നിറയാനും എലിസബത്തു പരിശുദ്ധാത്മാവിനാൽ പ്രചോദിതയാകാനും പരിശുദ്ധ അമ്മയുടെ സാന്നിധ്യം കാരണമായി. ഈശോയുടെ ഉത്ഥാനത്തിനുശേഷം അമ്മയോടൊപ്പമാണ് ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞത്. പരിശുദ്ധ ‘അമ്മ നമ്മോടൊപ്പമുണ്ടെന്ന ചിന്ത ക്രിസ്തുശിഷ്യത്വത്തിന്റെ വഴികളിൽ നമുക്കൊരു ശക്തിയാണ്.

2004 ൽ റിലീസ് ചെയ്ത Mel Gibson ന്റെ Passion of Christ എന്ന സിനിമയിൽ വളരെ മനോഹരമായ ഒരു രംഗമുണ്ട്.

ഈശോ കുരിശുമായി കാൽവരി യാത്രയിലാണ്……അവശനായി രക്തമൊലിക്കുന്ന മുഖത്തോടെ കുരിശുമായി ആടിയുലഞ്ഞു നടക്കുകയാണ്….ഇടയ്ക്കെപ്പോഴോ കാലിടറി വഴിയിൽ വീണു…ദേഹത്തേക്ക് സ്ലോ മോഷനിൽ ഭാരമേറിയ കുരിശും…..ഈശോയുടെ ‘അമ്മ ആ ദാരുണ രംഗം കണ്ടു…അവൾ ഈശോയുടെ അടുത്തേക്ക് ഓടാൻ ശ്രമിക്കുമ്പോൾ, സംവിധായകൻ ഒരു Flash back നമ്മുടെ മുന്നിലിട്ട് തരികയാണ്…കുട്ടിയായിരുന്ന ഈശോ ഓടിക്കളിക്കുകയാണ്……പെട്ടെന്നാണ് ഒരു കല്ലിൽ തട്ടി ബാലനായ ഈശോ വീഴുന്നത്… മാതാവ് ഈശോയുടെ അടുത്തേക്ക് ഓടിയെത്തുന്നു…മുറിവ് തുടച്ചു വൃത്തിയാക്കുന്നു…ഈശോയുടെ കവിളത്തു ഉമ്മവയ്ക്കുന്നു.. പേടിച്ചു പോയ ഉണ്ണിയെ മാറോട് ചേർത്ത് പിടിച്ചുകൊണ്ടു അവൾ പറഞ്ഞു: “I am here”..…Flash back തീർന്നു…

ക്യാമറ വീണ്ടും കുരിശിന്റെ വഴിയിലേക്ക്…കുരിശിനടിയിൽ വീണുകിടക്കുന്ന ഈശോയുടെ അടുത്തേക്ക് slow motion ൽ മാതാവ് ഓടിയെത്തിയിട്ട് ഈശോയുടെ മുഖം കൈകളിൽ കോരിയെടുത്തിട്ട് ഈശോയുടെ ചെവിയിൽ പറയുന്നു… “Son, I am here” …. ക്യാമറ ഈശോയുടെ മുഖത്തിന്റെ close up കാണിക്കുമ്പോൾ നാം അറിയുകയാണ്, അമ്മയുടെ “Son I am here” എന്നുള്ള പറച്ചിൽ യാത്ര തുടരാൻ ഈശോയെ ധൈര്യപ്പെടുത്തിയെന്ന്…. അവിടുന്ന് കുരിശെടുത്തു നടക്കുവാൻ ശ്രമിക്കുകയാണ്…  

സ്നേഹമുള്ളവരേ, അമ്മ നമ്മോടൊത്തു ഉണ്ടെന്ന ചിന്ത നമ്മെയും ശക്തിപ്പെടുത്തും. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ബലിയാകുവാൻ, വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാൻ, ജീവിതത്തിലെ കുരിശുകൾ വഹിക്കാൻ, ഇല്ലായ്മകളിൽ പ്രതീക്ഷ പുലർത്താൻ, പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മ നമ്മുടെ കാതിൽ വന്നു പറയും: “Daughter, Son, I am here”.

പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്കു, ക്രൈസ്തവ കുടുംബ ജീവിതങ്ങൾക്ക്, നവീകരണത്തിന്റെ ദിനമാകട്ടെ.

Blessed Virgin Mary 8x10 - Good Shepherd Art

നാം എവിടെയായിരുന്നാലും, എന്തായിരുന്നാലും ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സ്നേഹത്തെ, സമാധാനത്തെ ലോകത്തിനു നൽകാൻ അമ്മയുടെ ഈ മാതൃക നമുക്ക് പ്രചോദനമേകട്ടെ. നമ്മുടെ ജീവിതങ്ങൾ ദൈവേഷ്ടത്തിന്റെ ആഘോഷമാകട്ടെ. പരിശുദ്ധ അമ്മയുടെ സാമിപ്യം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്തട്ടെ.

എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

SUNDAY SERMON LK 18, 1-8

ലൂക്ക 18, 1 – 8

സന്ദേശം

Praying with Faithful Perseverance, 32nd Saturday (I), November 14, 2015

കൈത്താക്കാലം ഏഴാം ഞായറാഴ്ചയാണിന്ന്. ശ്ലീഹന്മാരുടെ സുവിശേഷ പ്രവർത്തനങ്ങൾകൊണ്ട് അടിസ്ഥാനമിട്ട സഭയുടെ വളർച്ച നിലനിൽക്കുന്നതിനും തുടർന്നുള്ള കാലങ്ങളിൽ സഭയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സഭയിലും സഭാമക്കളിലും കൂടുതൽ ഉണ്ടാകുവാനും കൈത്താക്കാലത്തെ വിശുദ്ധബലിയും, പ്രാർത്ഥനകളും നമ്മെ ഒത്തിരി സഹായിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം ഭഗ്നാശരാകാതെ, നിരന്തരം പ്രാർത്ഥിക്കണം എന്ന സന്ദേശവുമായി നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്.

വ്യാഖ്യാനം

പ്രാർത്ഥനയുടെ സവിശേഷതകളെ നമ്മെ പഠിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത് എന്നതിന് ഒരു തർക്കവുമില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷം തന്നെ പ്രാർത്ഥനയുടെ സുവിശേഷം എന്നാണു അറിയപ്പെടുന്നത്. ലൂക്കയുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതൽ പ്രാർത്ഥനയുടെ വിവിധ രൂപങ്ങളും സവിശേഷതകളും നമുക്ക് കാണാവുന്നതാണ്. ഒന്നാം അധ്യായത്തിലെ സഖറിയായുടെ പ്രാർത്ഥനയിൽ ധൂപാർച്ചനയാണ് പ്രധാനമായും നാം കാണുന്നത്. അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ദൈവം ഉത്തരം കൊടുക്കുന്നുണ്ട്. ആ അധ്യായത്തിൽ തന്നെ മാതാവിന്റെ പ്രാർത്ഥനയും ഉണ്ട്. അത് ഒരു സ്തോത്രഗീതമായിട്ടാണ് മാതാവ് അവതരിപ്പിച്ചത്. രണ്ടാം അധ്യായത്തിലെ ശിമെയോന്റെയും അന്നായുടെയും പ്രാർത്ഥന, മൂന്നാം അധ്യായത്തിൽ ജ്ഞാനസ്നാന സമയത്തെ പ്രാർത്ഥന, നാലാം അധ്യായത്തിലെ ഉപവസിച്ചുള്ള പ്രാർത്ഥന…ഇങ്ങനെ ലൂക്കായുടെ സുവിശേഷം മുഴുവൻ പ്രാർത്ഥയുടെ രൂപങ്ങളും പ്രത്യേകതകളുമാണ്. വീട്ടിൽ ചെന്ന് ലൂക്കായുടെ സുവിശേഷം ഈ ചിന്തവച്ച് ഒന്ന് വായിച്ചു നോക്കിയാൽ നിങ്ങൾ വിസ്മയിച്ചു പോകും, തീർച്ച!

ഈശോ പലപ്പോഴായി പ്രാർത്ഥനയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10 ൽ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു ഈശോ പ്രാർത്ഥിക്കുന്നുണ്ട്. (21 -24) പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനയുടെ ഉന്നതരൂപം തന്നെയാണ്. അദ്ധ്യായം 11 ൽ ഈശോ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാർത്ഥനയുടെ ഘടന എങ്ങനെയായിരിക്കണം എന്ന് ഈശോ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. (1 – 4) ഇതേ അധ്യായത്തിൽ തന്നെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ഈശോ പറയുന്നുണ്ട്. (5 – 13) അദ്ധ്യായം 22 ൽ ഈശോയുടെ ഗത്സെമെൻ പ്രാർത്ഥനയുണ്ട്.

Jesus Prays For His Disciples | Brent Kuhlman's Blog

രക്തം വിയർക്കേ പ്രാർത്ഥിക്കുന്ന ഈശോ, പ്രാർത്ഥനയുടെ മറ്റൊരു രൂപം അവതരിപ്പിക്കുകയാണ്. അദ്ധ്യായം 23 ൽ, കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന് മുൻപ് വളരെ മനോഹരമായ ഒരു പ്രാർത്ഥന ഈശോ നമുക്കായി നൽകുന്നു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (46)

ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ മൂന്ന് സവിശേഷതകളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന്, ഭഗ്നാശരാകാതെ, നിരാശരാകാതെ പ്രാർത്ഥിക്കണം. രണ്ട്, എപ്പോഴും പ്രാർത്ഥിക്കണം. മൂന്ന്, പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും.

നമ്മുടെ ജീവിതത്തിൽ, നിരാശരാകാതെ, എന്റെ ദൈവം എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നൽകും എന്ന ഉറച്ച വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം. ജീവിതമെന്നു പറയുന്നത് നമ്മുടെ ചിന്തയുടെ, നമ്മുടെ വിശ്വാസങ്ങളുടെ, നമ്മുടെ സ്വഭാവത്തിന്റെ, നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് എന്ന് ആധുനിക മാനേജ്‌മെന്റ് ട്രൈനേഴ്‌സ് പറയും. എന്നാൽ ഈശോ പറയുന്നത്, ജീവിതമെന്നത് നമ്മുടെ പ്രാർത്ഥനയുടെ പ്രതിഫലനമാണെന്നാണ്. കാരണം പ്രാർത്ഥന എന്നത് ദൈവവും മനുഷ്യനും ഒന്നായിത്തീരുന്ന അവസ്ഥയാണ്. പ്രാർത്ഥനയെന്നത് ദൈവത്തോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നിരത്തലല്ല. പ്രാർത്ഥന എന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ എന്നെത്തന്നെ സമർപ്പിക്കുന്ന സമയമാണ്. പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവം നൽകിയ ജീവിതത്തിനു നന്ദി പറയുന്ന നിമിഷമാണ്. ഈ പ്രാർത്ഥന സന്തോഷത്തോടെ, നന്ദിയോടെ, കൃതജ്ഞതയോടെ ചെയ്യേണ്ട ഒരു കർമമാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാർത്ഥനയായ വിശുദ്ധ കുർബാനയിലെ ഓരോ പ്രാർത്ഥനയും ശ്രദ്ധിച്ചിട്ടില്ലേ? “ഞങ്ങൾ അങ്ങേക്ക് സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുന്നു എന്ന് എത്രയോ വട്ടമാണ് നാം ചെല്ലുന്നത്!

ഒരിക്കൽ ഒരു മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിച്ചു: “ദൈവമേ, എന്റെ ജീവിതം ആസ്വദിക്കാനുള്ളതെല്ലാം എനിക്ക് തരിക.” ദൈവം അയാളോട് പറഞ്ഞു: “മകനെ, ഞാൻ നിനക്ക് ജീവിതം തന്നെ നല്കിയിട്ടുണ്ടല്ലോ. അത് എല്ലാം ആസ്വദിക്കുവാൻ വേണ്ടിയാണ്.” സ്നേഹമുള്ളവരേ, എല്ലാം നല്കുന്നവനാണ് നമ്മുടെ ദൈവം. ‘വിളിക്കും മുൻപേ ഉത്തരം അരുളുന്നവനാണ് നമ്മുടെ ദൈവം; പ്രാർത്ഥിച്ചു തീരും മുൻപേ അത് കേൾക്കുന്നവനാണ് നാമ്മുടെ ദൈവം’. (ഏശയ്യാ 65, 24) അതുകൊണ്ടു നിരാശരാകാതെ നാം പ്രാർത്ഥിക്കണം, ദൈവത്തോടൊത്തു ആയിരിക്കണം.

രണ്ട്, നാം ഇപ്പോഴും പ്രാർത്ഥിക്കണം.

Prayer, Are you using it as a Weapon in Life's Battles? – Fearless Living

കാരണം, നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലിന്റെ ഒരാഘോഷമാകണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിലോ, നാം ദൈവവുമായി എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി കിടക്കുന്ന നിമിഷം വരെ നാം പ്രാർത്ഥനയിൽ ആയിരിക്കണം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാവൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആ ഭക്ഷണം നൽകിയ നല്ല ദൈവത്തിനു നന്ദി പറയുന്നവർ എത്ര പേരുണ്ട്? വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമേ സുഹൃത്തേ, നീ നിന്റെ ദൈവവുമായി പ്രാർത്ഥനയിലാകണം. Be in tune with your God always! Be in prayer with your God always!

മൂന്ന്, നമ്മുടെ പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും. ഈ സുവിശേഷഭാഗം ആ വിധവയ്ക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചു പറയാനല്ല ഈശോ ആഗ്രഹിച്ചത്. പിന്നെയോ, രാവും പകലും തന്നെ വിളിച്ചു കരയുന്നവർക്കു, താനുമായി പ്രാർത്ഥനയിൽ ആകുന്നവർക്കു നീതിപൂർവം ഉത്തരം നല്കുന്നവനാണ് ദൈവം എന്ന് പഠിപ്പിക്കുവാനാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യനെ മാനിക്കാത്ത ഒരു ന്യായാധിപന് ആ വിധവയ്ക്ക് നീതിനടത്തി കൊടുക്കുവാൻ മനസ്സുണ്ടായിരുന്നെങ്കിൽ, ഹേ മനുഷ്യാ, നിന്നെ സ്നേഹിക്കുന്ന, പേരുചൊല്ലി വിളിക്കുന്ന, സമുദ്രത്തിലൂടെ കടന്നുപോകുമ്പോഴും, നദികളിലൂടെ സഞ്ചരിക്കുമ്പോഴും നിന്നെ കാക്കുന്ന, അഗ്നിയിലൂടെ നടന്നാലും പൊള്ളലേൽക്കാതെ സംരക്ഷിക്കുന്ന, തന്റെ കൈകളിൽ നിന്നെ താങ്ങുന്ന നിന്റെ ദൈവം നിനക്ക് അർഹതപ്പെട്ടത്‌ നല്കാതിരിക്കുമോ? (Pause)

ശരിയാണ്, ദൈവം നമുക്ക് നീതിയേ നടത്തി തരൂ. എന്ന് പറഞ്ഞാൽ, നമുക്ക് അർഹതപ്പെട്ടതേ നൽകൂ. ഒരുവന് അർഹതപ്പെട്ടത്‌ നല്കുന്നതാണല്ലോ നീതി! അതുകൊണ്ടു നമുക്ക് അർഹതപ്പെട്ടത്‌ മാത്രമേ നല്കപ്പെടുകയുള്ളൂ.

ക്രിസ്തുവുമായി പ്രാര്ഥനയിലായിരിക്കുമ്പോഴും, ഓർക്കുക, നിനക്ക് അർഹതപ്പെട്ടത്‌ എന്തെന്ന് നന്നായി അറിയുന്ന നിന്റെ ദൈവം അർഹതപ്പെട്ടതേ നിനക്ക് നൽകൂ; അതും ഉചിതമായ സമയത്തേ നൽകൂ. അതുകൊണ്ടാണ് ആധ്യാത്മിക പിതാക്കന്മാർ പറയുന്നത്, the Grace of God has its own pace! ദൈവത്തിന്റെ ചുവടുവെപ്പുകൾക്കു അതിന്റേതായ താളമുണ്ട്, സമയമുണ്ട്. അപ്പോൾ പിന്നെ, പ്രാർഥിച്ചത് കിട്ടുന്നുണ്ടോ, എന്നതല്ല പ്രധാനപ്പെട്ടകാര്യം. നാളെ എന്ത് ചെയ്യുമെന്നോർത്തു ആകുലപ്പെടുകയല്ല വേണ്ടത്. പ്രധാനപ്പെട്ട കാര്യം am I in tune with God, am I in prayer with my God എന്നതാണ്. ഞാൻ എന്റെ ഈശോയുമായി പ്രാർത്ഥനയിൽ ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.

സമാപനം

സ്നേഹമുള്ളവരേ, ഈശോ ഇന്ന് നമ്മോട് ചോദിക്കുന്ന സുന്ദരമായ ചോദ്യം ഇതാണ്: സഹോദരി, സഹോദരാ, നീ ഞാനുമായി സന്തോഷത്തോടെ, എപ്പോഴും പ്രാർത്ഥനയിൽ ആണോ?  ആണെങ്കിൽ തീർച്ചയായും, നമുക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥന നമ്മുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കും.

PRAYING CONSTANTLY WITH CONFIDENCE

ഒരു ചെറിയ fish tank ൽ ഒരു സ്രാവിനെ ഇട്ടാൽ അത് 8 ഇഞ്ചോളം വളരും. എന്നാൽ അത് സമുദ്രത്തിലാണെങ്കിലോ, 8 അടിയോളം, അല്ലെങ്കിൽ അതിൽ കൂടുതൽ വളരും. സ്രാവിന്‌ അതിന്റെ പരിസ്ഥിതി മാറ്റാൻ പറ്റില്ല. എന്നാൽ നമുക്ക് സാധിക്കും. പ്രാർത്ഥന നമ്മുടെ ജീവിതവഴി ഒരുക്കും. അതിലേ നടക്കേണ്ടവർ നമ്മളാണ്. ആമ്മേൻ!

SUNDAY SERMON LK 18, 35-19,10

ലൂക്ക 18, 35 – 19, 10

സന്ദേശം

Reading Luke 18:35–43 Ecologically: Part Eight - Elaine Wainwright: Reading  Scripture with Ecological Eyes

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈകാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ഈ ആദ്യ ഞായറാഴ്ചയുടെ സുവിശേഷ സന്ദേശം ഇതാണ്: ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറഞ്ഞു അവിടുത്തെ പ്രകാശത്തിൽ ജീവിച്ചു, നമ്മുടെ കുടുംബങ്ങളെ അവിടുത്തെ രക്ഷയാൽ നിറച്ചു ക്രിസ്തുവിനു സാക്ഷികളാകുക.

വ്യാഖ്യാനം

രണ്ടു സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്. ഒന്ന്, ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്നു. രണ്ട്, ഈശോ ജറീക്കോയിൽ പ്രവേശിച്ചശേഷം സക്കേവൂസിനെ കാണുന്നതും അയാളുടെ വീട്ടിൽ ചെല്ലുന്നതും, സക്കേവൂസിന്റെ മാനസാന്തരവും. രണ്ടു സംഭവങ്ങളിലെ പൊതുവായ ഘടകങ്ങളെ പൊറുക്കിയെടുത്തു വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും.

ഒന്നാമതായി, രണ്ടുപേരും – അന്ധനും, സക്കേവൂസും – ഈശോയെ കാണാൻ ആഗ്രഹിച്ചിരുന്നവരാണ്. മാത്രമല്ല, രണ്ടുപേരും ഈശോയെ തങ്ങളുടെ കർത്താവായി മനസ്സിൽ സ്വീകരിച്ചവരാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർ മിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ഡിക്ഷണറി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധനും, സക്കേവൂസും ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.

രണ്ടാമതായി, ക്രിസ്‌തുവിനെ കാണാൻ ശ്രമിച്ച അന്ധന്റെയും സക്കേവൂസിന്റെ പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും ക്രിസ്തുവിലേക്കു അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. സക്കേവൂസിന്റെ കാര്യത്തിൽ പറയുന്നത് ജനക്കൂട്ടം കാരണം, ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് ക്രിസ്തുവിനെ കാണുവാൻ അയാൾക്ക് കഴിയുമായിരുന്നില്ല എന്നാണ്. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അവർക്കു ക്രിസ്തുവിലേക്കു എത്താതിരിക്കുവാനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്‌പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി അവിടെ വ്യാഖ്യാനിക്കപ്പെടും.

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല. എന്റെ ജീവിതം മറ്റുള്ളവർക്ക് ക്രിസ്തുവിനെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ക്രിസ്തുവിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. എന്നിൽ തന്നെയുള്ള multiple personality!

Multiple Personality Disorder Treatment | Amen Clinics

ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative identity disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. “മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative identity disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ക്രിസ്തുവിനെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് ഈശോയെ കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം.

മൂന്നാമതായി, അന്ധനും സക്കേവൂസിനും ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacles ഉം ഉണ്ടായിരുന്നു. അന്ധന് തീർച്ചയായും അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ക്രിസ്തുവിനെ കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നുട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്.

ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മ

Helen Keller International Sees Needs & Seizes the Day

കഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സാന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സുഭാഷിതങ്ങളുടെ പുസ്തകം 20, 20 ൽ പറയുന്നു: ” അപ്പനെയോ, അമ്മയെയോ പ്രാകുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും“. സുഭാഷിതങ്ങളുടെ പുസ്തകം 30, 17 പറയുന്നു: “പിതാവിനെ പരിഹസിക്കുകയും, അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ തിന്നുകയും ചെയ്യും.” അന്ധതയാണ് ഫലം!!

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ക്രിസ്തുവിനെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ക്രിസ്തുവിനെ കാണാൻ നമുക്കാകണം.

സക്കേവൂസിന്റെ internal obstacle അദ്ദേഹത്തിന്റെ പൊക്കക്കുറവായിരുന്നു.

Zacchaeus the Tax Collector: Luke 19:1-10 Free Visuals | Zacchaeus, Bible  stories, Bible stories for kids

നിങ്ങൾക്ക് എന്ത് തോന്നുന്നു? അദ്ദേഹം ശാരീരികമായി പൊക്കക്കുറവുള്ള വ്യക്തിയായിരുന്നോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ മാനസിക പിരിമുറുക്കങ്ങൾ, ചുങ്കക്കാരനെന്നുള്ള ചിന്ത, ദരിദ്രരോട് അനീതി കാണിച്ചു നേടിയതാണ് തന്റെ സ്വത്തു എന്ന വിചാരം, മറ്റുള്ളവരെ പറ്റിക്കുന്നവനാണെന്ന ചിന്ത, അയാളെ എപ്പോഴും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജനക്കൂട്ടത്തോടൊത്തു നീങ്ങാൻ, തോളോട് തോൾ ചേർന്ന് നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

നാമും പൊക്കക്കുറവ് അനുഭവിക്കുന്നവരാകാം. ചിലപ്പോഴെങ്കിലും നാമൊക്കെ, വീട്ടിൽ, സുഹൃത്തുക്കളുടെ മുൻപിൽ ചെറുതായിപ്പോയി എന്ന് തോന്നുന്ന നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ? അമിതാബച്ചനെപ്പോലെ പൊക്കമുള്ളവരാണെങ്കിലും നമ്മിലെ കുറ്റബോധം നമ്മെ ചിലപ്പോൾ സർക്കസിലെ കുള്ളന്മാരെപ്പോലെയാക്കും. പൊക്കമുള്ളവളാകാൻ, പൊക്കമുള്ളവനാകാൻ ഒരു ഏറ്റുപറച്ചിലെന്റെ ദൂരം മാത്രമേയുള്ളു എന്നാണ് സക്കേവൂസ് നമ്മോടു പറയുന്നത്. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: “കർത്താവേ, ഇതാ എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.” അയാൾ പൊക്കമുള്ളവനായി അവിടെയുണ്ടായിരുന്ന എല്ലാവരെയുംകാൾ! അല്പം അഹങ്കാരത്തോടെ പറയട്ടെ, ആ നിമിഷം അയാൾ ഈശോയുടെ തോളൊപ്പം ഉയർന്നു നിന്നു.

സമാപനം   

സ്നേഹമുള്ളവരേ, നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, ഇന്ന് നിന്റെ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നു എന്ന ക്രിസ്തുവിന്റെ സ്വരം വിശുദ്ധ കുർബാനയിൽ കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഓർക്കുക!

Fresh Green Grass With Dew Drop Closeup. Nature Background Stock Photo,  Picture And Royalty Free Image. Image 36059666.

ഒരു മഞ്ഞുതുള്ളിയിലെ സൗന്ദര്യം ആസ്വദിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ, സമുദ്രം നിങ്ങൾക്കുള്ളതല്ല, നിങ്ങൾ സമുദ്രത്തിനും ഉള്ളതല്ല. ഒരു വയൽപ്പൂവിന്റെ മനോഹാരിത നുകരാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ, പൂന്തോട്ടം നിങ്ങൾക്കുള്ളതല്ല, നിങ്ങൾ പൂന്തോട്ടത്തിനും ഉള്ളതല്ല. ഒരു തെരുവ് വിളക്കിന്റെ പ്രകാശം നിങ്ങളെ മത്തു പിടിപ്പിക്കുന്നില്ലെങ്കിൽ, ആകാശം നിങ്ങൾക്കുള്ളതല്ല, നിങ്ങൾ ആകാശത്തിനും ഉള്ളതല്ല. അടുത്ത് നിൽക്കുന്ന സഹോദരിയെ, സഹോദരനെ, ദൈവമകളായി, ദൈവമകനായി കാണുവാൻ സാധിക്കുന്നില്ലെങ്കിൽ ക്രിസ്തു നിങ്ങൾക്കുള്ളതല്ല, നിങ്ങൾ ക്രിസ്തുവിനും ഉള്ളതല്ല.  ആമ്മേൻ!

Communicate with love!!