SUNDAY SERMON

ലൂക്ക 17, 11-19

സന്ദേശം

Reflection on Luke 17:11-19 | New Life Narrabri

കൈത്താക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ അവസാന ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്.

വ്യാഖ്യാനം

അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയുടെ ജെറുസലേമിലേക്കുള്ള യാത്രയിൽ, ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ സ്വരമുയർത്തി “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ” എന്നപേക്ഷിക്കുന്നതാണ് രംഗം.

ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ്, പ്രത്യേകിച്ചും ലൂക്കാ സുവിശേഷകന്. ദൈവം തന്റെ രക്ഷ മനുഷ്യകുലത്തിന് നൽകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജനത സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന ഒരു സൂചന ഈ സംഭവം നൽകുന്നുണ്ട്. മാത്രമല്ല, ദൈവത്തിന്റെ രക്ഷയോടു വിജാതീയർ സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്നും ഈ സംഭവം പറഞ്ഞുതരുന്നുണ്ട്. വീണ്ടും, ദൈവത്തിന്റെ രക്ഷയോടു ഇന്ന് വചനം ശ്രവിക്കുന്ന നാം സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നും ഈ സംഭവം പ്രഘോഷിക്കുന്നുണ്ട്. ഇസ്രായേൽ ജനം ദൈവത്തിന്റെ രക്ഷ തിരസ്കരിച്ചപോലെ നാമും ചെയ്യാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. സമരിയാക്കാരൻ തിരികെ വന്ന് ദൈവത്തെ മഹത്വപ്പെടുത്തിയപോലെ നാമും ദൈവത്തിന്റെ രക്ഷക്ക്, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നൽകുന്ന പരിപാലനക്കു നന്ദി പറയുന്നവരാകണം എന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷം.

ഭൂമിശാസ്ത്രപരമായ ഒരു തെറ്റ് ഈ സുവിശേഷഭാഗത്തുണ്ട്. ‘സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ’ ഈശോ കടന്നു പോകുകയായിരുന്നു എന്നാണു വചനം പറയുന്നത്. എന്നാൽ സമരിയായും ഗലീലിയും അതിർത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളാണ്. അതായത് ജറുസലേമിലേക്കുള്ള യാത്രയിൽ ആദ്യം ഗലീലി, പിന്നീട് സമറിയാ. അവയ്ക്കിടയിൽ ഒരു ഗ്രാമമില്ല. അതുകൊണ്ടു ഈശോ പ്രവേശിച്ച ഗ്രാമം സമറിയാ ആയിരുന്നിരിക്കണം.

ആരൊക്കെയാണ് ഈ പത്തു കുഷ്ഠരോഗികൾ? കൃത്യമായി അവരാരൊക്കെയാണ് എന്ന് ഇവിടെ വ്യക്തമല്ല. എന്നാൽ, ഈശോയുടെ, ‘ഈ വിജാതീയനല്ലാതെ’ എന്ന പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ബാക്കി ഒൻപതുപേർ യഹൂദരായിരുന്നിരിക്കണം എന്നാണ്.

ഇവിടെ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങൾ താമസിച്ചിരുന്നത് സമരിയായിലാണ്. അപ്പോഴാണ് അസ്സീറിയാക്കാർ അവരെ ആക്രമിക്കുകയും ബന്ദികളായി അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ ധാരാളം വിജാതീയർ സമരിയായിൽ വന്നു താമസിച്ചു. പിന്നീട് ഇസ്രായേൽക്കാർ തിരിച്ചെത്തിയപ്പോൾ വിജാതീയരുമായി ഇടകലർന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിവാഹങ്ങൾ നടത്തുകയും സംസ്കാരങ്ങൾ പങ്കിടുകയും ചെയ്തു. അങ്ങനെയാണ് സമരിയായിൽ യഹൂദരും   വിജാതീയരും ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടായത്. അതുകൊണ്ടു തന്നെ ഈ പത്തു പേരിൽ ഒന്പതുപേർ യഹൂദരാകാം.

ഇതോടൊപ്പം തന്നെ, യഹൂദരോടും, വിജാതീയരോടുമുള്ള ഈശോയുടെ സമീപനവും നാം മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്രായേൽ ജനത്തോടു ഒരു വിമർശനാത്മകമായ സമീപനമായിരുന്നു ഈശോയുടേത്. കാരണം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്ന ഒരു ഹുങ്ക് അവർക്കുണ്ടായിരുന്നു.

Was Jesus Compassionate Or Angry? (Mark 1:41) - Zealous Ministries

നിയമം അനുഷ്ഠിച്ചാൽ മതി രക്ഷപ്പെടും എന്ന ചിന്തയും അവർ പുലർത്തിയിരുന്നു. അതിനാൽ തന്നെ, കരുണയും സ്നേഹവും അവരിൽ നിന്ന് അകന്നു നിന്നു. എന്നാൽ വിജാതീയരോട് കരുണാപൂർണമായിരുന്നു ഈശോ ഇടപെട്ടത്. മാത്രമല്ല, അവരെ പുകഴ്ത്താനും അവസരം കിട്ടുമ്പോൾ ഈശോ മടിച്ചില്ല. നല്ല സമരായൻ, (ലൂക്ക 10, 25-), സമരായക്കാരി (യോഹ 4, 1-), ഇന്നത്തെ സുവിശേഷ ഭാഗത്തിലെ വിജാതീയൻ – എല്ലാവരെയും ഈശോ ഹീറോസ് (Heroes) ആയിട്ടാണ് അവതരിപ്പിക്കുന്നത്.

പത്തു കുഷ്ഠരോഗികളും അകലെ നിന്നവരായിരുന്നു. കുഷ്ഠ രോഗികളായതുകൊണ്ടു നിയമനുസരിച്ചു അവർ അകലെ നിൽക്കണമായിരുന്നു. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. പുരോഹിതന്മാർക്കായിരുന്നു അവരെ തിരികെ സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനും അവകാശമുണ്ടായിരുന്നത്.

ഈശോയോടു അപേക്ഷിച്ചപ്പോൾ പുരോഹിതനെ കാണിച്ചുകൊടുക്കുവിൻ എന്ന് പറഞ്ഞപ്പോൾ, അതിൽ വിശ്വസിച്ചു അവർ പോയി എന്നത് ക്രിസ്തുവിലുള്ള അവരുടെ വിശ്വാസമാണ് കാണിക്കുന്നത്. അതിനു അവർക്കു പ്രതിഫലം കിട്ടി. “പോകും വഴി അവർ സുഖം പ്രാപിച്ചു.”

എന്നാൽ അതിനോടുള്ള അവരുടെ മനോഭാവം ഈശോയെ ഞെട്ടിച്ചു കാണണം. ഒൻപതു യഹൂദർ വിചാരിച്ചു കാണും ഈ സൗഖ്യം തങ്ങളുടെ അവകാശമാണെന്ന്; ഈ സൗഖ്യം തങ്ങൾ നേടിയെടുത്തതാണെന്ന്; ഈ സൗഖ്യം തങ്ങളുടെ സ്വരമുയർത്തിയുള്ള വിളിയുടെ ഫലമാണെന്ന്.

എന്നാൽ, വിജാതീയൻ ഉടൻ തന്നെ മനസ്സിലാക്കി താൻ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. ഇതെനിക്ക് നല്കപ്പെട്ടതാണ്. ഇത് ദൈവത്തിന്റെ മഹാ അത്ഭുതമാണ്. അയാൾ തിരികെ വന്നു ഈശോയുടെ കാൽക്കൽ വീണു നന്ദി പറഞ്ഞു. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തി.

സ്നേഹമുള്ളവരേ, ഈ വിജാതീയന്റെ മനോഭാവത്തിലേക്കു, ആധ്യാത്മികതയിലേക്കു ഈശോ നമ്മെ ക്ഷണിക്കുകയാണ്. നല്കപ്പെട്ടിട്ടുള്ളവയോടെല്ലാം നന്ദിയുള്ളവരാകുക. അപ്പോൾ കൂടുതൽ നമുക്ക് ലഭിക്കും. ഇല്ലാത്തതിനെ ഓർത്തു നാം അസന്തുഷ്ടരാണെങ്കിൽ ഒരിക്കലും നമുക്ക് മതിയാകില്ല. ഇന്ന് നാം കേൾക്കുന്ന അഴിമതിക്കഥകളൊക്കെ നമ്മോടു പറയുന്നത് മനുഷ്യർ അസന്തുഷ്ടരും അതൃപ്തരുമാണെന്നല്ലേ? അസന്തുഷ്ടരും അതൃപ്തരുമായവരൊക്കെ നന്ദിയില്ലാത്തവരാണ്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger) പറയുന്നത്, നന്ദി പറയുകയെന്നാൽ, അതിനെപ്പറ്റി ചിന്തിക്കുകയെന്നാണ്. (Thanking is thinking) നമുക്ക് നൽകുന്നവരെ നാം ഓർക്കണം. അവരിലൂടെ ലഭിച്ച എണ്ണമറ്റ നന്മകൾക്ക് നന്ദിയുള്ളവരാകണം. അവർ നമ്മുടെ ജീവിതത്തെ നനച്ചു വളർത്തുന്ന, വിടരാൻ സഹായിക്കുന്ന തോട്ടക്കാരാണ്.

ഒരിക്കൽ പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുന്നവഴി റോഡരികിലുള്ള സെന്റ് പാട്രിക് ചർച്ചിൽ കുറച്ചു സമയം ചിലവഴിക്കുവാൻ കയറി. ഞാൻ ചെല്ലുമ്പോൾ ഒരു സ്ത്രീയും അവരുടെ പതിനാലു വയസ്സ് തോന്നിക്കുന്ന മകനും മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വന്നത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ അവർ ഒരു ഗാനം പതിയെ പാടാൻ തുടങ്ങി. (എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ) അതൊരു മലയാള ഗാനമായിരുന്നു. അവർ പാടി: “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.”

Beautiful woman with her son praying in the church: Royalty-free images,  photos and pictures

എനിക്ക് ആകാംക്ഷയായി. കുറെക്കഴിഞ്ഞു അവർ പള്ളിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞാനും പിന്നാലെ ചെന്നു. ഞാൻ ചെല്ലുന്നതുകണ്ടു നിറഞ്ഞ പുഞ്ചിരിയോടെ നിന്ന ആ സ്ത്രീയോട് പറ്റിപ്പിടിച്ചു നിന്ന ആ മകനെ ഞാൻ ശ്രദ്ധിച്ചു. അവനും എന്നെ നോക്കി ചിരിച്ചു. അവൻ ഒരു ഭിന്നശേഷിക്കാരനായിരുന്നു. “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അഭിമാനം തോന്നി, ജീവിതം എങ്ങനെയായിരുന്നാലും ദൈവത്തിനു നന്ദി പറയുന്ന ആ സ്ത്രീയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെയോർത്ത്.

നന്ദിയുള്ളവൻ തന്റെ അറിവെല്ലാം മാറ്റിവച്ചു, അഹന്തയെല്ലാം വെടിഞ്ഞു, ഒരു ശിശുവിനെപ്പോലെയാകും. അവൾ /അവൻ സ്വീകരിക്കുവാൻ തയ്യാറാണ്. എല്ലാം നല്കപ്പെട്ടതാണെന്നുള്ള വലിയ വെളിപാടിൽ അവൾ /അവൻ കൈകൾ കൂപ്പി നിൽക്കും. സ്വീകരിച്ച, സ്വീകരിക്കുന്ന വലിയ അനുഗ്രഹങ്ങൾക്ക് മുൻപിൽ അവളുടെ /അവന്റെ ഹൃദയം ത്രസിക്കും. അവന്റെ കണ്ണുകളിൽ നിറയെ വിസ്മയമാണ്. ദൈവത്തിന്റെ അത്ഭുതങ്ങൾ ഓരോ ചെറിയ കാര്യത്തിലും അവൻ കാണും. കടപ്പുറത്തെ ഒരു കാക്ക, ആരെയും ആകർഷിക്കാത്ത ഒരു കാട്ടുപൂവ്, മുറ്റത്തുകിടക്കുന്ന ഒരു ചെറിയ കല്ല്, അവനെ അത്ഭുതപ്പെടുത്തും. Lewis Carroll ന്റെ “Alice in Wonderland ലെ ആലീസ്   മാത്രമല്ല അത്ഭുത ലോകത്തെത്തുക! നന്ദിയുള്ള ഓരോ വ്യക്തിയും അത്ഭുതലോകത്തിലാണ് ജീവിക്കുന്നത്.

സ്നേഹമുള്ളവരേ, നമുക്ക് ദൈവത്തോട്, ഈ പ്രപഞ്ചത്തോട്, നമ്മുടെ മാതാപിതാക്കളോട്, ആരിൽ നിന്നെല്ലാം നാം സ്വീകരിക്കുന്നുണ്ടോ അവരോടെല്ലാം നന്ദിയുള്ളവരാകാം.

നമ്മുടെ വിശുദ്ധ കുർബാന ദൈവത്തിനോടുള്ള നന്ദി പ്രകടനത്തിന്റെ ആഘോഷമാണെന്നു നമ്മിൽ എത്ര പേർക്കറിയാം? വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ നാം സ്തുതിയും കൃതജ്ഞതയും ദൈവത്തിനു സമർപ്പിക്കുകയല്ലേ. പ്രത്യേകമായി, ദൈവത്തിനു നന്ദി പറയുന്ന ഒരു ഭാഗം നമ്മുടെ ബലിയിലുണ്ട്. കൂദാശാ വചനം കഴിഞ്ഞുള്ള പ്രണാമജപം ആണത്. കൂദാശാവചനഭാഗം   ഈശോയുടെ കുരിശു മരണത്തിന്റെ ഏറ്റവും ഉന്നതമായ നിമിഷമാണ്. (The crowning point of his death) അതിനുശേഷം വൈദികൻ ഏറ്റുപറയുകയാണ്. കർത്താവേ, …നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്താണ് ആ വലിയ അനുഗ്രഹം? ദൈവത്തിന്റെ രക്ഷ, വിശുദ്ധ കുർബാന. ചില വൈദികർ ഇവിടെ അനുഗ്രഹങ്ങൾ എന്ന് പറയാറുണ്ട്. അതിന്റെ ആവശ്യമില്ല. ആദ്യം തന്നെ എല്ലാമായ വലിയ അനുഗ്രഹത്തെ ഏറ്റുപറയുകയാണ്. അതിനുശഷമാണ് അനുഗ്രഹങ്ങൾ ഓരോന്നായി പറയുന്നത്. എട്ടു അനുഗ്രഹങ്ങളാണ് ഇവിടെ പ്രത്യേകമായി പറയുന്നത്. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന നാം ഇവിടെ എന്ത് ചെയ്യണം?  നന്ദി നിറഞ്ഞ ഹൃദയത്തോടെ നിൽക്കണം. പോരാ, ആ നന്ദി ഏറ്റുപറയണം. എങ്ങനെ? വൈദികൻ പ്രാർത്ഥിക്കുന്നതോടൊപ്പം പറയണം. … നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നന്ദി ഈശോയെ. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ –നന്ദി ഈശോയെ. നീ ഞങ്ങളുടെ മനുഷ്യ സ്വഭാവം സ്വീകരിക്കുകയും –നന്ദി ഈശോയെ. അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും –നന്ദി ഈശോയെ. മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു-നന്ദി ഈശോയെ. പാപികളായ ഞങ്ങളുടെ ക്ഷമിച്ചു വിശുദ്ധീകരിച്ചു – നന്ദി ഈശോയെ. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകി –നന്ദി ഈശോയെ. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി- നന്ദി ഈശോയെ. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു –നന്ദി ഈശോയെ. അത് കഴിഞ്ഞു വൈദികൻ ഉറക്കെ “നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ...” എന്ന് ചൊല്ലുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ ത്രസിക്കണം. നമ്മുടെ കണ്ണുകൾ നിറയണം. നമുക്ക് രോമാഞ്ചമുണ്ടാകണം. ഈ സമയത്തെ ഭക്തന്റെ അനുഭവവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ!

പക്ഷെ, ധാരാളം വൈദികർ, മിക്കവാറും പള്ളികളിൽ ഈ പ്രണാമജപം ചൊല്ലുന്നില്ല. കഷ്ടം തന്നെ! ചൊല്ലാത്തതിൽ രൂപതയിലെ ബിഷപ്പിനു പ്രശ്നമില്ല. വൈദികർക്കും പ്രശ്നമില്ല. അല്മായർക്കു ഒട്ടും പ്രശ്നമില്ല. മറ്റൊരു പ്രാർത്ഥനയ്ക്കും, ഒരു പാട്ടിനും ഇതുപോലൊരു ദൈവാനുഭവം നൽകുവാൻ കഴിയില്ല. ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ വിജാതീയനെ പിടിച്ചു ഈശോ നമ്മുടെ മുൻപിൽ നിറുത്തുന്നത്.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ അഹന്തയെ മാറ്റി, മൈസ്റ്റർ എക്കാർട്ട് (Meister Ekhart) എന്ന മിസ്റ്റിക് പറയുന്നതുപോലെ, ‘നമ്മുടെ ജീവിതകാലം മുഴുവനും ദൈവമേ നന്ദി എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലിയാൽ നമ്മുടെ ജീവിതം ധന്യമാകും.‘ നമ്മുടെ ജീവിതം ദൈവത്തോടുള്ള, നമ്മുടെ മാതാപിതാക്കളോടുള്ള, ഈ പ്രപഞ്ചത്തോടുള്ള, ഒരു നന്ദി പ്രകടന മായി മാറട്ടെ. നന്ദി നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കും. തിരസ്കാരത്തെ സ്വീകാര്യതയാക്കും. അലങ്കോലത്തെ അലങ്കാരമാക്കും. ഒരു സാധാരണ ഭക്ഷണത്തെ ആഘോഷമായ വിരുന്നാക്കി മാറ്റും. ഒരു വീടിനെ ഭാവനമാക്കും. അപരിചിതനെ സുഹൃത്താക്കും.

Thanking GOD! | motherhood | Momspresso

ഈശോയെ നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്ക് നൽകണമേ! ആമേൻ!

SUNDAY SERMON LK 16, 19-31

ലൂക്ക 16, 19-31

സന്ദേശം

37. Lazarus and the Rich Man - Father Bill's Blog

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും നമ്മുടെ രാജ്യത്തിന്റെ എഴുപത്തിനാലാമത്തെ സ്വാതന്ത്ര്യദിനവും ആഘോഷങ്ങളില്ലാതെ കടന്നുപോയി. ഇന്ന് ഈ ഞായറാഴ്ച്ച നാം കൈത്താ കാലത്തിന്റെ അഞ്ചാം ഞായറാഴ്ചയിലാണ്. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്തു ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ, ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, കോവിഡ് മൂലം ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ, ഇന്നത്തെ സുവിശേഷം ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇതാണ്: ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക.

വ്യാഖ്യാനം

ജീവിതം പങ്കുവെക്കാനുള്ളതാണ്. ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന ഒരു അവബോധം അവർക്കില്ലാതെപോയി. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്.

ദുരന്തങ്ങളുടെ മുന്‍പില്‍ നിന്ന് പോലും സെല്‍ഫി എടുക്കുന്ന സംസ്കാരം അന്ന്  ഇല്ലാതിരുന്നതുകൊണ്ടും, സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും ലോകം അത് അറിഞ്ഞില്ല. എന്നാല്‍, അവരുടെ ആധ്യാത്മികത ചുമ്മാ ഷോ മാത്രമായിരുന്നു. അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. ഈ കഥ ഇപ്പോൾ നമ്മോടു പറയേണ്ടതുണ്ടോ? നാം പറഞ്ഞേക്കാം, “കോവിഡിന് മുൻപായിരുന്നെങ്കിൽ ok ആയിരുന്നു. ഇപ്പോൾ ഞങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കി വരുന്നുണ്ട്.” അപ്പോൾ ഈശോ ചോദിക്കും,

Idukki landslide: Three more bodies recovered, death toll mounts to 52- The  New Indian Express

“കൊറോണയുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്ന് പലായനം ചെയ്തവരെ എങ്ങനെയാണ് നിങ്ങൾ പരിഗണിച്ചത്? ““മൂന്നാറിലെ രാജമലയിലെ ദുരന്തം എങ്ങനെയാണ് നിങ്ങൾ deal ചെയ്തത്? നമ്മുടെ ഉത്തരത്തിനു അല്പം സമയമെടുക്കും!!! ഒന്ന് ആത്മശോധനചെയ്യാനെങ്കിലും ഈ കഥ നമ്മെ സഹായിക്കും.

നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്എന്നും നാം അറിയണം. ജീവിതമെന്നത് എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവച്ചുള്ളതാണ് എന്നാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

ഈശോയുടെ ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കാന്‍, ദൈവം ധാരാളം സമ്പത്ത് നല്‍കി അനുഗ്രഹിച്ച, സുഖജീവിതം നല്‍കി അനുഗ്രഹിച്ച, സമൃദ്ധി നല്‍കി അനുഗ്രഹിച്ച ഈ ധനികനെ ഈശോ കൂട്ടുപിടിക്കുകയാണ്. അയാളുടെ പാളിച്ചകളിലൂടെയാണ് ഈശോയുടെ ദര്‍ശനത്തിലേക്ക് നാം എത്തുക. ഒന്നാമതായി, അയാളുടെ ദര്‍ശനം വെറും ലൌകികമായ ഒന്നായിരുന്നിരിക്കണം – തിന്നുക, കുടിക്കുക, രമിക്കുക, സന്തോഷിക്കുക, മരിക്കുക. മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് അയാള്‍ അജ്ഞനായിരുന്നു. അയാളുടെ ലോകം വളരെ ചെറുതായിരുന്നു. എന്റെ ഭക്ഷണം, എന്റെ വസ്ത്രം, എന്റെ കുടുംബം, എന്റെ കാര്യങ്ങള്‍ അതായിരുന്നു അയാളുടെ ലോകം. ഈ ദര്‍ശനം ഒരിക്കലും ഒരുവനെ ദൈവകൃപയിലേക്ക് നയിക്കുകയില്ല.

രണ്ട്, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം അയാള്‍ക്കില്ലായിരുന്നു. അപരനെ പരിഗണിക്കുകയെന്ന ക്രിസ്തുദര്‍ശനമല്ലാ, അപരനെ അവഗണിക്കുകയെന്ന ഫ്യൂഡല്‍ മനസ്ഥിതിയായിരുന്നു അയാളുടേത്. വിശുദ്ധ യാക്കോബ് ശ്ലീഹ ഈ പക്ഷപാതത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. (യാക്കോ 2, 1-4)

In Pictures: The long road home for India's migrant workers | Coronavirus  pandemic | Al Jazeera

മൂന്ന്, തന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളവയെ അയാൾ സൂക്ഷിച്ചു വച്ചു, അല്ലെങ്കിൽ നശിപ്പിച്ചുകളഞ്ഞു. വിശുദ്ധ യാക്കോബ് ശ്ലീഹ പറയുന്നു: “നിങ്ങളുടെ നിലങ്ങളില്‍നിന്ന് വിളവു ശേഖരിച്ച വേലക്കാര്‍ക്ക്, കൊടുക്കാതെ പിടിച്ചുവച്ച കൂലിയിതാ നിലവിളിക്കുന്നു.” (യാക്കോ 5, 4) ക്രിസ്തുവിന്റെ നിസ്വാര്‍ത്ഥമായ സ്നേഹം, നിഷ്കളങ്കമായ പങ്കുവയ്ക്കല്‍, ത്യാഗപൂര്‍ണമായ കൊടുക്കല്‍, മറ്റുള്ളവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കല്‍, ഇതൊന്നും അയാള്‍ക്കില്ലായിരുന്നു. നാല്, എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത ഇല്ലായിരുന്നു. അഞ്ച്, എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും അയാള്‍ക്കില്ലായിരുന്നു.

ഈശോയുടെ ആധ്യാത്മിക ദര്‍ശനം മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയാണ്. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്, മനുഷ്യസ്നേഹത്തെക്കുറിച്ച്. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.”

സ്നേഹമുള്ളവരേ, നമ്മളെല്ലാവരും ധനവാന്മാരാണ്. കാരണം ദൈവം നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിനാവശ്യമായവ നല്കുന്നവനാണ്. നാമെല്ലാവരും ദരിദ്രരുമാണ്. കാരണം, മറ്റുള്ളവരുടെ സഹായമില്ലാതെ നമുക്കാർക്കും ജീവിക്കുവാൻ സാധിക്കുകയില്ല. ആരെയും ശ്രദ്ധിക്കാതെ ശീതീകരിച്ച കാറിലൂടെ യാത്രചെയ്യുമ്പോൾ നാം ഒരുപക്ഷേ ഓർത്തേക്കാം നമുക്കാരുടെയും സഹായം, ഔദാര്യം വേണ്ടെന്നു. പക്ഷെ, നീ ഉപയോഗിക്കുന്ന  വാഹനത്തിനു, നീ സഞ്ചരിക്കുന്ന റോഡിനു, നിന്റെ വണ്ടിയിലെ ഇന്ധനത്തിന് അങ്ങനെയങ്ങനെ എത്ര പേരോടാണ് നീ കടപ്പെട്ടിരിക്കുന്നത്? ധനവാനാണോ നീ? അതോ ദരിദ്രനോ?

കോവിഡിന് മുൻപ് എന്ത് ആർഭാടമായിരുന്നു ലോകം മുഴുവൻ? നമ്മുടെയൊക്കെ ഇടവകപള്ളികൾ കോടികൾക്കു പുതുക്കി പണിതപ്പോൾ നാം ഇടവകയുടെ ചുറ്റുമൊന്നു കണ്ണോടിച്ചോ? ഉയർന്നു സംന്യാസാശ്രമങ്ങളോട് ചേർന്ന് വീണ്ടും കെട്ടിടങ്ങൾ പണിയുമ്പോൾ സന്യാസികളേ, നിങ്ങൾ നിങ്ങളുടെ പടിവാതിൽക്കൽ കുഞ്ഞിപ്പുരകളുമായി ആരെങ്കിലുമുണ്ടോയെന്നു അന്വേഷിച്ചോ? ഈയിടെ ഒരു സന്യാസാശ്രമത്തിനോട് ചേർന്ന് പുതിയൊരു കെട്ടിടം പണിതപ്പോൾ, ആ ആശ്രമത്തിന്റെ മതിലിനോട് ചേർന്നുള്ള ഒരു ഷീറ്റിട്ട ചെറിയ വീട്ടിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ രാത്രി എലി കടിച്ചു. അത്രയും അടച്ചുറപ്പില്ലാത്ത വീട് മതിലിനോട് ചേർന്ന് നിൽക്കുമ്പോൾ പുതിയ ആശ്രമ കെട്ടിടത്തിന്റെ പണി തകൃതിയായി നടക്കുകയാണ്! ഇത് “വാഴക്കുല”യുടെ കാലത്തെ സംഭവമല്ലാട്ടോ! ധനവാനും ലാസറും കഥ ഇന്നും…….!!

കോവിഡിന് മുൻപ്, ഒരു കല്യാണത്തിനൊക്കെ ഒരു പ്ലെയ്റ്റിന് രണ്ടായിരമൊക്കെയായിരുന്നു റെയ്റ്റ്‌. (റെയ്റ്റ്‌ കുറഞ്ഞുപോയോ എന്നറിയില്ല.) സാലഡുകൾ പലതരം, സ്റ്റാർട്ടറുകൾ, മെയിൻ ഡിഷ്, സബ് ഡിഷുകൾ …ഒരാൾക്ക് ഒരു നേരം ഇത്രയും കഴിക്കാൻ പറ്റുമോ? അവസാനം? എല്ലാം കുഴിച്ചുമൂടുന്നു. അങ്ങനെ എന്തുമാത്രം ഭക്ഷണം നാം കുഴിച്ചുമൂടി? എന്തുമാത്രം വസ്ത്രങ്ങൾ നാം വാങ്ങിച്ചുകൂട്ടി? വീടിനു ഉൾക്കൊള്ളാൻ പറ്റാത്തവിധം എന്തുമാത്രം ഉപകരണങ്ങൾ നാം കുത്തിനിറച്ചു? സ്റ്റാറ്റസ് സിംബലായി വേണ്ടതും വേണ്ടാത്തതുമായി എന്തെല്ലാം ഓൺലൈനായി നാം വരുത്തി? അപ്പോൾ നാം ഓർത്തോ? ഈ ലോകത്തിൽ, എന്റെ അയൽവക്കത്തു, എന്റെ പടിവാതിൽക്കൽ വിശന്നു കഴിയുന്നവരുണ്ടെന്നു? മൊബൈലും മറ്റു മാധ്യമങ്ങളുമുള്ള ഇക്കാലത്തു പടിവാതിക്കൽ എന്നത് വെറും ഒന്നോ രണ്ടോ മീറ്ററായി കാണണ്ട. ലോകത്തിൽ എവിടെ കഴിയുന്നവനും, അവൾ /അവൻ ആവശ്യക്കാരാണെങ്കിൽ എന്റെ പടിവാതിൽക്കലാണ്. എന്റെ വിരൽത്തുമ്പു അകലത്തിലാണ് അവരെല്ലാം ഇന്ന്. ധനവാനും ലാസറും കഥ ഇന്നും…….!!

2016 ഓഗസ്റ്റ് ലക്കത്തിൽ “മാതൃഭൂമി ആഴ്ചപ്പതിപ്പി”ൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി” എന്നൊരു കഥ വന്നിരുന്നു. പിന്നീട് “ബിരിയാണി” എന്ന പേരിൽ ഇറങ്ങിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരത്തിലും ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബീഹാറിയായ ഒരു ഗോപാൽ യാദവിന്റെ വൈകാരിക സംഘട്ടനങ്ങളാണ് ഈ കഥ. കഥയുടെ പശ്ചാത്തലം തളങ്കരയിലെ മുതലാളിയായ കലന്തൻ ഹാജിയുടെ വീടാണ്.  കഥയിൽ പറയുന്ന പോലെ പൊരയല്ല, കൊട്ടാരമാണ്. കലന്തൻ ഹാജിയുടെ മകന്റെ നിക്കാഹ് ബാംഗ്ലൂരിൽ വച്ച് നടന്നതിന്റെ റിസപ്‌ഷൻ ഹാജി ഒരുക്കുകയാണ്. താൽക്കാലിക പന്തൽ, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പൂക്കൾ, പഞ്ചാബിൽ നിന്ന് ഒരു ലോഡ് ബസ്മതി അരി, ഹൈദരാബാദിൽ നിന്നും, ദുബായിൽ നിന്നും എത്തിയ ബിരിയാണിവെപ്പുകാർ, ദം മുതൽ കുഴിമന്തി തുടങ്ങിയ ബിരിയാണികൾ…അങ്ങനെ വലിയ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. അസൈനാർച്ച യാണ് എല്ലാത്തിന്റെയും നോട്ടക്കാരൻ. സദ്യക്കുശേഷം വെയ്സ്റ്റ് ഇടുവാൻ കുഴിയെടുക്കാൻ ആളെത്തേടിയപ്പോൾ കൂട്ടുകാരൻ രാമചന്ദ്രൻ ഒപ്പിച്ചുകൊടുത്തതാണ് ഗോപാൽ യാദവിനെ.

Food Waste In Blue Rubbish Bin Stock Photo - Download Image Now - iStock

ഹാജിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ ഒന്നാം തരാം ബസ്മതി അരിയുടെ മാണം അടിച്ചപ്പോൾ ഗോപാലിന്റെ ചിന്തകൾ ബീഹാറിലേക്കു പോയി. അയാളുടെ ഗ്രാമമായ ലാൽ മാത്തിയായിലെ ഒരു കടയിൽ വച്ച് ഭാര്യ മാതംഗിയാണ് ഗോപാലിനെ ആദ്യമായി ബസ്മതി അരി കാണിച്ചുകൊടുത്തത്. പാവപ്പെട്ടവർക്ക് വാങ്ങാൻ പറ്റില്ലെന്നറിയാമെങ്കിലും അയാൾ അമ്പതു ഗ്രാം വാങ്ങി അവൾക്കു കൊടുത്തു. അന്നവൾക്കു ആറാം മാസമായിരുന്നു. അതിന്റെ വാസനയേറ്റു അവളുടെ കണ്ണുകളടഞ്ഞതു അയാൾ ഇന്നും ഓർക്കുന്നു.

അപ്പോഴേക്കും ഹാജിയുടെ മൂന്നാമത്തെ ഭാര്യയിലുണ്ടായ മകൻ സിനാൻ വന്നു കുഴിയെടുക്കുന്നതിനെക്കുറിച്ചു പറഞ്ഞു. ഗോപാൽ കുഴിയെടുക്കുവാൻ തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും പണി കഴിഞ്ഞു. രാതിയായപ്പോൾ സിനാൻ ജോലിക്കാരൊത്തു പച്ച വീപ്പനിറയെ എല്ലിൻ കഷ്ണങ്ങളോടുകൂടിയ ബിരിയാണി കൊണ്ടുവന്നു കുഴിയിലേക്ക് തള്ളി. വീണ്ടും വീപ്പകൾ വന്നു. അവസാനം ദം പോലും പൊട്ടിക്കാത്ത ഒരു ചെമ്പു കൂടി വന്നു. സിനാൻ പറഞ്ഞു: “ചവുട്ടി അമർത്തു ഭായി.” ഗോപാൽ ഒന്ന് മടിച്ചു. സിനാൻ വീണ്ടും പറഞ്ഞു: “മണി പതിനൊന്നായി, ചവിട്ടു ഭായി.” അയാൾ ചവിട്ടി. നെഞ്ചത്ത് തന്നെ ചവുട്ടി, കാൽ പാദങ്ങളിൽ നെയ്യും മസാലയുമായി നിന്ന ഗോപാലിനോട് സിനാൻ പറഞ്ഞു: “ഇനി മൂടിക്കൊ.” അയാളുടെ ഉള്ളൊന്നു തേങ്ങി. മണ്ണുകോരിയിടുന്നതിനിടെ സിനാൻ ചോദിച്ചു: “ഭായിക്കെത്ര മക്കളാണ്?” “ഒരു മോള്.” “എന്താ പേര്?”ബസ്മതി.” “അവളുടെ നിക്കാഹ് കഴിഞ്ഞോ?” “ഇല്ല.” “പഠിക്കയാണോ?” “അല്ല.” “പിന്നെ?” “മരിച്ചു.”  “മരിച്ചോ? എങ്ങനെ?” വിശന്നിട്ട്.” ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം ഈശോയുടെ ആധ്യാത്മിക ദര്‍ശനം നിറഞ്ഞു നില്‍ക്കാന്‍ ദൈവവചനം നമ്മെ ഒരുതരത്തില്‍ നിര്‍ബന്ധിക്കുകയാണ്.   

സമാപനം

സ്നേഹമുള്ളവരെ,

The Legacy Of A Saint: Mother Teresa – Diocesan

ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ആമ്മേൻ!

SUNDAY SERMON MK 7, 1-13

മര്‍ക്കോ 7, 1 – 13

സന്ദേശം

Why Did Jesus Say, “The Son of Man Is Lord Even of the Sabbath Day ...

തകർത്തു പെയ്യുന്ന മഴയിൽ ഒലിച്ചു പോകുന്ന ജീവിതങ്ങളുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് കേരളം! സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും, മൂന്നാറിലെ രാജമലയിലും വലിയ നാശനഷ്ടങ്ങളിൽ തകർന്നുപോയ, മണ്ണിൽ മറഞ്ഞുപോയ മനുഷ്യരെ തേടുന്നവരെ ടിവി യിൽ കാണുമ്പോൾ നമ്മുടെ മനസ്‌സുകളിൽ ഭയം നിറയുകയാണ്. കഴിഞ്ഞ കൊല്ലങ്ങളിലെപ്പോലെ വീണ്ടും പ്രളയം എത്തുമോ എന്ന് നാമോരോരുത്തരും ഒരു ഞെട്ടലോടെ നമ്മോടു തന്നെ ചോദിക്കുന്നുണ്ട്.  ഒപ്പം, 07.08.2020 വെള്ളിയാഴ്ച്ച വൈകുന്നേരം എട്ടുമണിയോടെ കേരളത്തിലെ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രെസ്സിന്റെ വിമാനം തകർന്ന വാർത്തയും നമ്മെ ഞെട്ടിച്ചിരിക്കുകയാണ്.

ഇങ്ങനെ, വേദനിക്കുന്ന മനസ്സുമായി വിശുദ്ധ ബലിയർപ്പിക്കുന്ന നമ്മോട് ഇന്നത്തെ  ദൈവവചനം ചോദിക്കുന്നു: ജീവിതത്തിലെ കഷ്ടനഷ്ടങ്ങൾക്കിടയിലും നിന്റെ ജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ ക്രൈസ്തവ ജീവിതത്തിന്റെ   driving force, നിന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി ഏതാണ്?’ പാരമ്പര്യങ്ങളോ, നിയമങ്ങളോ, അതോ ദൈവത്തിന്റെ വചനമോ? ഇതിനുള്ള ഉത്തരമായിരിക്കും പ്രകൃതി ദുരന്തങ്ങൾക്കിടയിലും, ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും  നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ സ്വഭാവം നിർണയിക്കുന്നത്.

വ്യാഖ്യാനം

ഓരോരുത്തരുടേയും ജീവിതത്തില്‍ അവരെ മുന്നോട്ടുനയിക്കുന്ന ഒരു driving force, ചാലക ശക്തി, ഉത്തേജക ശക്തിയുണ്ടായിരിക്കും. ധാരാളം പേര്‍ക്ക് അത് ചിലപ്പോള്‍ കുറ്റബോധമായിരിക്കാം. കഴിഞ്ഞ കാലത്തെ ജീവിതത്തെ ഓര്‍ത്ത്, അതിലെ തെറ്റുകളെ ഓര്‍ത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്‌. പഴയനിയമത്തിലെ കായേന്‍ പാപം ചെയ്തു. അവന്റെ കുറ്റബോധമാണ് അവനെ ദൈവത്തില്‍ നിന്ന് അകറ്റുന്നത്. പുതിയനിയമത്തിലെ യൂദാസിന്റെ കുറ്റബോധമാണ് അവനെ മരണത്തിലേക്ക് നയിക്കുന്നത്. മറ്റുചിലരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി വെറുപ്പും വിദ്വേഷമായിരിക്കും. വേറെചിലര്‍ക്ക് പേടിയായിരിക്കാം. ഇനിയും ചിലര്‍ക്ക് ലോകവസ്തുക്കളോടുള്ള ആസക്തി, അധികാരം, അംഗീകാരം തുടങ്ങിയവയായിരിക്കാം.

ഇക്കഴിഞ്ഞ ദിവസം ഒരു അമ്മ ഫോണിൽ വിളിച്ചു അവരുടെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നു പറഞ്ഞു. മകൾക്കു എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ആ ‘അമ്മ പറഞ്ഞു: അച്ചാ അവൾക്കു അനൊറെക്സിയ നെർവോസ (Anorexia nervosa) എന്ന അസുഖമാണ്” എന്ന്. ഇങ്ങനെയൊരു അസുഖത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലായിരിക്കും. ഞാൻ ആദ്യമായി കേട്ടതാണ്. ആദ്യമായി കേട്ടതുകൊണ്ടു അസുഖമെന്താണെന്നു അറിയാൻ ഞാൻ ഗൂഗിൾ ചെയ്തു. സ്ലിം ബ്യൂട്ടിയാകാൻ ഭക്ഷണം വേണ്ടെന്നു വച്ച് വച്ച് ഇപ്പോൾ ഭക്ഷണത്തോട് താത്പര്യമില്ല. ഒട്ടും ഭക്ഷണം കഴിക്കുന്നില്ല. ഇതാണ് അസുഖം. Very simple! മരണം വരെ സംഭവിക്കാം ഈ അസുഖം വന്നാൽ! ചിലരുടെ ജീവിതത്തിന്റെ driving force സൗന്ദര്യമാണ്. മറ്റൊരു വീട്ടമ്മ ഇന്നലെ വിളിച്ചു സങ്കടം പറഞ്ഞത് അച്ചാ, ചേട്ടൻ ഇന്നലെ വൈകുന്നേരം വീട്ടിലേക്കു കയറി വന്നത് മൂക്കറ്റം കുടിച്ചിട്ടാണ്” എന്നാണ്. ചിലരുടെ ജീവിതത്തിന്റെ driving force മദ്യം ആണ്. ന്യായീകരണമുണ്ട്: കോവിഡ് വരില്ലപോലും!!

എന്നാല്‍, എന്തായിരിക്കണം ഒരു ക്രൈസ്തവന്റെ ജീവിതത്തിന്റെ driving force, ചാലകശക്തി, പ്രചോദക ശക്തി? അത് ഒന്നാമതായും, രണ്ടാമതായും, മൂന്നാമതായും അവസാനമായും ദൈവത്തിന്റെ വചനമായിരിക്കണം. അത് പറയാൻ പൂർവികരുടെ പാരമ്പര്യം ലംഘിച്ച ശ്ലീഹന്മാരെ ഫരിസേയരും നിയമജ്ഞരും വിമർശിക്കുന്ന അവസരം ഈശോ ഉപയോഗിക്കുകയാണ്.

ഇത് തന്നെയാണ് ഒന്നാം വായനയില്‍, നിയമാവര്‍ത്തനപുസ്തകത്തില്‍ ഇസ്രായേൽ ജനത്തോട് ദൈവം പറയുന്നത്: ‘നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും, നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്മയുണ്ടാകാനും വേണ്ടി ഞാൻ കല്പിക്കുന്നതുപോലെ, എന്റെ വചനത്തിനനുസരിച്ച് ജീവിക്കണം.’ ഇനി ഈ ദൈവ വചനത്തിന്റെ തുടക്കത്തിൽ നമ്മുടെ പേര് വച്ചൊന്നു വായിച്ചു നോക്കൂ: ജോസഫ് അച്ചാ, ‘നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും, നിന്റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്മയുണ്ടാകാനും വേണ്ടി ഞാൻ കല്പിക്കുന്നതുപോലെ, എന്റെ വചനത്തിനനുസരിച്ച് ജീവിക്കണം.’   ദൈവത്തിന്റെ വചനമായിരിക്കണം ക്രൈസ്തവന്റെ, ദൈവമക്കളുടെ driving force

പക്ഷെ, ഇസ്രയേല്‍ ജനത്തെ മുന്നോട്ടുനയിച്ച ശക്തി, driving force, ഇതിനേക്കാളൊക്കെ ഉപരി അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതിസൂക്ഷ്മങ്ങളായ അനുഷ്ടാനങ്ങളുടെ ആകെത്തുകയായിരുന്നു യഹൂദര്‍ക്ക് മതം. 365 വിലക്കുകള്‍, 248 കല്പനകള്‍. അങ്ങനെ 613 നിയമങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങളെ പിന്തുടര്‍ന്നുള്ള ജീവിതവും, നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ടാനവും തങ്ങള്‍ക്ക് നിത്യരക്ഷ പ്രദാനം ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അനുഷ്ടാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്, നിയമങ്ങള്‍ പ്രസക്തമാകുന്നത് മനുഷ്യത്വപരമായ, ഹൃദയപരിശുദ്ധിയോടെയുള്ള, നിസ്വാര്‍ത്ഥമായ ജീവിതം വഴിയാണെന്നുള്ള കാര്യം അവര്‍ മറന്നുപോയി. അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു. ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു. രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു. മൂന്ന്, ദൈവവചനത്തെ അര്‍ത്ഥമില്ലാത്തതാക്കി. നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി. പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ driving force, പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, മാതാപിതാക്കന്മാരെ അവഗണിച്ചു. പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു.

സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. നാമും നമ്മുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാനോ, വിശദീകരിക്കുവാനോവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അവ ദൈവവചനത്തിനു എതിരായിപ്പോകുന്നു. മാതാപിതാക്കളോടുള്ള കടമകള്‍ നിർവഹിക്കാതിരിക്കാൻ പാരമ്പര്യങ്ങളെ തേടിപ്പോകുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, ക്രിസ്തുവിന്റെ ത്യാഗത്തെ, മൗനത്തെ മറക്കുന്നു. ദൈവവചനത്തെ നമ്മുടെ സൗകര്യാനുസൃതം നാം ദുരുപയോഗിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവില്‍നിന്ന്, ദൈവവചനത്തില്‍നിന്ന് വളരെ അകലെയാണ്. 

446 Monstrance Stock Photos, Pictures & Royalty-Free Images - iStock

സ്നേഹമുള്ളവരെ, എന്താണ് നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനങ്ങളായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. ഒപ്പം, പാരമ്പര്യങ്ങളും. എന്താണ് പാരമ്പര്യങ്ങള്‍? കാത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളുടെയും, വിശ്വാസപ്രമാണത്തിന്റെയും, കൂദാശകളുടെയും, പ്രാര്‍ഥനാരീതികളുടെയും ജീവിതശൈലികളുടെയും സമാഹാരമാണ് പാരമ്പര്യങ്ങള്‍. ഈ പാരമ്പര്യങ്ങള്‍ ജന്മമെടുക്കുന്നത് ഈശോയുടെ ജീവിതമാതൃക, ആദിമ സഭയുടെ ജീവിതം, ശ്ലീഹന്മാരുടെ പഠനങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ്. വിശുദ്ധ പൌലോസ്ലീഹ 2തിമോ 2, 2 ല്‍ പറയുന്നു: “അനേകം സാക്ഷികളുടെ മുന്‍പില്‍വച്ച് നീ എന്നില്‍ നിന്ന് കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്ക് പകര്‍ന്നുകൊടുക്കുക.” താന്‍ പകര്‍ന്നുകൊടുത്ത പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ശ്ലീഹ ക്രൈസ്തവരെ ഉദ്ബോധിപ്പിക്കുന്നുമുണ്ട്. “അതിനാല്‍ സഹോദരരെ, ഞങ്ങള്‍ വചനം മുഖേനയോ, കത്തുമുഖേനയോ, നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍”. (2 തെസ 2, 15)  കത്തോലിക്കാസഭയിലെ പാരമ്പര്യങ്ങള്‍ക്കെല്ലാം ദൈവവചനത്തിന്റെ അടിസ്ഥാനവുമുണ്ട് എന്നത് നാം ഓര്‍ക്കണം. അടിസ്ഥാനമുണ്ടായിരിക്കണംഅല്ലെങ്കിൽ അവ ശരിയായ പാരമ്പര്യങ്ങളല്ല.

നാമാകട്ടെ, നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മാത്രം കൗശലപൂർവ്വം ദൈവ കല്പന അവഗണിക്കുന്നു. എന്നാല്‍, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കരുത്. കൊടുത്താല്‍ അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. എന്ത് ചെയ്താലും പാരമ്പര്യത്തെ  കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും.

African python devours wildebeest: shocking snaps show the ...

ഒരാള്ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്ത്താന്തുടങ്ങി. പാമ്പും അയാളും തമ്മില്നല്ല അടുപ്പമായി. പാമ്പ് വളര്ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്അയാള്അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്ചോദിച്ചു. എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?” “മൂന്നാല് ദിവസ്സമായിഅയാള്മറുപടി പറഞ്ഞു. ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?” “വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നുണ്ട്. “”എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?” “നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക. ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്അയാളോട് പറഞ്ഞു: പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.

ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനമായിരിക്കണം, കാരുണ്യമായിരിക്കണം, സ്നേഹമായിരിക്കണം, നന്മയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ driving force. അല്ലാത്തതെല്ലാം – ജീവനില്ലാത്ത പാരമ്പര്യങ്ങൾ, പണം, അധികാരം, ആസക്തികൾ, മദ്യം, തുടങ്ങിയവയെല്ലാം – നമ്മെ നമ്മുടെ കുടുംബത്തെ വിഴുങ്ങുവാൻ അളവെടുത്തുകൊണ്ടിരിക്കുന്ന, വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പുകളാണ്. ഒന്ന് ചിന്തിച്ചു നോക്കൂ: ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയെ പറ്റിയുള്ള വഴക്കുകൾ, അത് എന്ത് പാരമ്പര്യത്തിന്റെ പേരിലായാലും നമ്മുടെ സഭയെ വിഴുങ്ങുന്ന പെരുമ്പാമ്പാണ്. വിശുദ്ധ കുർബാനയുടെ കാര്യത്തിൽ എങ്കിലും എന്തുകൊണ്ട് നമുക്ക് ഈ പെരുമ്പാമ്പുകളെ ഉപേക്ഷിച്ചുകൂടാ!?  ഈ പെരുമ്പാമ്പുകളെ വളർത്തുന്നതോടൊപ്പം, ഓൺലൈൻ കുർബാനകളും, ഓൺലൈൻ ധ്യാനങ്ങളും, ഓൺലൈൻ വേദപാഠവും, ഓൺലൈൻ ലോഗോസ്‌ ക്വിസും മറ്റും നടത്തിയിട്ടു എന്ത് പ്രയോജനം? പാരമ്പര്യങ്ങളുടെ പെരുമ്പാമ്പുകളെ വളർത്തുന്ന നാം അറിയുന്നില്ല, അവ നമ്മെ വിഴുങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്ന്! അല്ലാ സഹോദരരെ, ആ പെരുമ്പാമ്പുകൾ നമ്മെ, സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്! ഈശോ നമ്മെ ഓർമപ്പെടുത്തുന്നു: ‘മക്കളെ, മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്ന നിങ്ങൾ ദൈവ വചനത്തെ നിരർത്ഥകമാക്കുന്നു!’

സമാപനം

സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ, കുടുംബത്തെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും.  സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ദൈവവചനത്തെക്കാള്‍ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങള്‍, വചനത്തിന്റെ തെറ്റായവ്യാഖ്യാനങ്ങള്‍ നമ്മെ വിഴുങ്ങാന്‍ നമ്മുടെ അളവെടുത്തുകൊണ്ടിരിക്കുകയാണ്.

Love is the Driving Force for All That Happens in God's Kingdom ...

ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനങ്ങളായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. ആമേൻ!

SUNDAY SERMON JN 9, 1-12

ലൂക്ക 9, 1 – 12

സന്ദേശം

Reflection For Today - Christian Discipleship Formation Center

ശ്രീബുദ്ധനും സോക്രട്ടിസിനും ക്രിസ്തുവിനും ശേഷം ഒരു മഹാഗുരുവിന്റെ സാന്നിധ്യം ഇപ്പോൾ ലോകത്തുണ്ടായിരിക്കുന്നു. ആരാണീ മഹാഗുരു? അതാണ് കോവിഡ് 19. ഈ ഗുരു നമ്മുടെ അജ്ഞതയെയും, അഹങ്കാരത്തെയും അന്ധതയെയും തുറന്നു കാണിക്കുന്നു. സകലമനുഷ്യരുടേയും, സമൂഹത്തിന്റെയും, ഭരണകൂടത്തിന്റെയും നിസ്സഹായാവസ്ഥ കോവിഡ് 19 നമ്മെ ബോധ്യപ്പെടുത്തുന്നു. അധികാരം എല്ലാത്തിനും മുകളിലാണെന്നു ധരിച്ച മത രാഷ്ട്രീയ ഭരണാധികാരികൾ കോവിഡിന് മുൻപിൽ പകച്ചു നിൽക്കുന്നു. ആചാര്യന്മാരും, പുരോഹിതന്മാരും കോവിഡിനോട് തോറ്റിരിക്കുന്നു. ശാസ്ത്രവും നമ്മെ രക്ഷിക്കുവാൻ പ്രാപ്‌തമല്ല എന്ന് നാം മെല്ലെ തിരിച്ചറിയുന്നു.

ഇങ്ങനെയുള്ള നിസ്സഹായാവസ്ഥകൾക്കിടയിലും മനുഷ്യന്റെ ഉള്ളിൽ, നമ്മുടെയൊക്കെ ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്? എന്തുകൊണ്ട് ദൈവമേ, ലോകത്തിൽ, എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നു? നമ്മുടെ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് ഉത്തരം തേടുമ്പോൾ തലയിൽ കൈകൾ വച്ച്   നാം ചോദിക്കും, ആരുടെ പാപം മൂലമാണ് തമ്പുരാനേ ഞങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നത്? ഞങ്ങളുടെ പാപം മൂലമാണോ, അതോ ഞങ്ങളുടെ പൂർവികരുടെ പാപം മൂലമാണോ? ഇതിനൊക്കെ എന്ത് പ്രായശ്ചിത്തം ചെയ്താലാണോ തമ്പുരാനേ ഇവയിൽ നിന്നെല്ലാം ഒന്ന് കരകയറുവാൻ പറ്റുന്നത്? പ്രത്യേകിച്ചും ഈ കോവിഡ് കാലത്തു പലവട്ടം നാം ഇങ്ങനെയൊക്കെ ചിന്തിച്ചു പോയിട്ടുണ്ടാകും.

ഇതുപോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഇന്നത്തെ ദൈവവചനം നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

വ്യാഖ്യാനം

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന thread തന്നെ ഈശോ വെളിച്ചമാണ് എന്നതാണ്. ഒന്നാം അധ്യായത്തില്‍ പറയുന്നു: “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴടക്കുവാന്‍ ഇരുളിന് കഴിഞ്ഞില്ല. ആരാണ് ഈ വെളിച്ചം? ക്രിസ്തു. മൂന്നാം അധ്യായത്തില്‍, ഫരിസേയനായ നിക്കോദേമോസ് രാത്രിയില്‍ യേശുവിന്റെ അടുത്ത് വന്നു. രാത്രിയില്‍ ആരുടെ അടുത്ത്? ക്രിസ്തുവിന്റെ, പ്രകാശത്തിന്റെ. ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെ സ്നേഹിച്ചു. ആരാണ് പ്രകാശം? ക്രിസ്തു. എട്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രാകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല”. ആരാണീ ഞാന്‍? ക്രിസ്തു. ഒമ്പതാം അധ്യായത്തില്‍ വീണ്ടു ഈശോ പറയുന്നു: “ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.” പന്ത്രണ്ടാം അധ്യായത്തില്‍ ഈശോ പറയുന്നു: അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക.

Jesus Christ Wallpapers | Christian Songs Online - Listen To ...

വീണ്ടും, നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിനു പ്രകാശത്തില്‍ വിശ്വസിക്കുവിന്‍. പ്രകാശം ക്രിസ്തുവാണ്‌. വീണ്ടും ഈശോ: ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു. ആരായി? വെളിച്ചമായി. ഇരുപതാം അധ്യായത്തില്‍ ഇരുട്ടായിരിക്കുമ്പോൾ തന്നെ മഗ്ദലമറിയം ഓടി. എങ്ങോട്ട? പ്രകാശത്തിലേക്ക്, ക്രിസ്തുവിലേക്ക്. ഇരുപത്തൊന്നാം അധ്യായത്തില്‍ തീ കൂട്ടിയിരിക്കുന്നത് അവര്‍ കണ്ടു. വീണ്ടും, പ്രകാശം.

അന്ധന്റെ കണ്ണുകൾക്ക് കാഴ്ച നൽകുന്ന പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ശിഷ്യരുടെ മനസ്സിന്, അതുവഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്ന, അന്ധത മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുവാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോ ഫ്രയിമിലൂടെ വികസിച്ചുവരുന്ന ഒരു സിനിമ പോലെയാണ് ഇന്നത്തെ ഈ സംഭവം. ആദ്യം ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു റോഡിലേക്കാണ്. ഉടനെ തന്നെ കാണുന്നത് ഈശോയും ശിഷ്യരും നടന്നു വരുന്നതാണ്. നടന്നുവരുന്ന അവരിൽ നിന്ന് പതുക്കെ പതുക്കെ ക്യാമറ വഴിയരുകിൽ നിൽക്കുന്ന അന്ധനായ ഒരു മനുഷ്യനിലേക്ക് തിരിയുകയാണ്. ശിഷ്യർക്ക് അയാളെ അറിയാം. പലപ്പോഴും അവർ അയാളെ അവിടെ കണ്ടിട്ടുണ്ട്. അയാളെക്കുറിച്ചു അവർക്കു അറിയാം. ജനിച്ചപ്പോഴേ അന്ധനായ ആ മനുഷ്യനോട് പലപ്പോഴും അവർക്കു സഹതാപം തോന്നിയിട്ടുണ്ടാകണം.  വചനം കൃത്യമായി പറയുന്നു, ‘അവൻ ജന്മനാ അന്ധനായിരുന്നു’. അടുത്ത സീൻ ശിഷ്യന്മാർ ഒരുമിച്ചു ഈശോയുടെ അടുത്ത് ചെന്ന് ചോദിക്കുകയാണ്: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ?” ഈശോ ഞെട്ടിപ്പോയിക്കാണും. തീർച്ച! O’ my God! ഇവരെല്ലാവരും അന്ധരാണോ? ഇവരിൽ, ജന്മനാ അന്ധനായ മനുഷ്യനാണോ, അതോ ശിഷ്യരാണോ ശരിക്കും അന്ധർ? ഈശോ അന്ധനെനോക്കി, പിന്നെ ശിഷ്യരുടെ മുഖത്തേക്കും. ഇപ്പോൾ ക്യാമറ ഈശോയുടെ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളിൽ ഫോക്കസ് ചെയ്തിരിക്കുകയാണ്.  ആ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചു ഭാവനചെയ്യാം. 

സാവകാശം ശിഷ്യരുടെ അന്ധത ഈശോ മനസ്സിലാക്കുകയാണ്. അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ അന്ധത ഒളിഞ്ഞിരിപ്പുണ്ട്. അന്ധനായ മനുഷ്യന്റെ ശാരീരിക അന്ധതയേക്കാള്‍ ഈശോയെ അസഹ്യപ്പെടുത്തുന്നതു ശിഷ്യരുടെ ഈ മാനസിക, ആത്മീയ അന്ധതയാണ്. ശാരീരിക അന്ധത പാപത്തിന്റെ, അയാളുടെ പിതാക്കന്മാരുടെ പാപത്തിന്റെ, അയാളുടെ തന്നെ പാപത്തിന്റെ ഫലമാണെന്ന ചിന്ത മാനസിക, ആത്മീയ അന്ധതയല്ലാതെ മറ്റെന്താണ്? എന്റെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത്, ബിസ്സിനസ്സ് വിജയിക്കാത്തത്, കുഞ്ഞുങ്ങളുണ്ടാകാത്തത്, ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ വരുന്നത് പിതാക്കന്മാരുടെ പാപങ്ങള്‍ കാരണമോ, അതോ എന്റെ പാപങ്ങളോ? ഈ ചോദ്യത്തിന് മനുഷ്യനോളം തന്നെ പ്രായമുണ്ട്. ചന്ദ്രയാന്‍-2 വിക്ഷേപിച്ചിട്ടും മനുഷ്യന്‍ ഇന്നും അങ്ങനെ തന്നെ ചിന്തിക്കുന്നു. ക്രിസ്തു കരുണയായി ഇന്നും ജീവിച്ചിട്ടും മനുഷ്യന്‍ അങ്ങനെ തന്നെ ചിന്തിക്കുന്നു. എന്നാല്‍ ഈശോ പറയുന്നു: ‘ഇവന്റെയോ, ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്.’

God Is In Control: 14 Glorious, Comforting Realities

അപ്പോള്‍ പഴയനിയമത്തില്‍ പറയുന്നതോ? ധ്യാനഗുരുക്കന്മാര്‍ പറയുന്നതോ?

ഇതിനൊരു പരിണാമ ചരിത്രമുണ്ട്. പുറപ്പാടിന്റെ പുസ്തകം പറയുന്നു: “എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും”. (പുറ 20, 5) അതായിരുന്നു അന്നത്തെ ജനങ്ങളുടെ വിശ്വാസം. സംഖ്യയുടെ പുസ്തകത്തില്‍ പതിനാലാം അദ്ധ്യായം പതിനെട്ടാം വാക്യം: “കുറ്റക്കാരെ വെറുതെ വിടാതെ പിതാക്കന്മാരുടെ ആകൃത്യങ്ങള്‍ക്ക് മക്കളെ മൂന്നും നാലും തലമുറ വരെ  ശിക്ഷിക്കുന്നവന്നാണ് കര്‍ത്താവ്”. ഇവിടെയും അതെ ചിന്താഗതി തന്നെ. ഇനി നിയമാവര്‍ത്തന കാലഘട്ടം നോക്കൂ: “മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ, പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.” ഇവിടെ ചിന്താഗതി മാറി. മനുഷ്യന്‍ വളരുന്നതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള അവന്റെ/അവളുടെ ചിന്തയും മാറുന്നു. ഇനി കാലങ്ങളേറെ കഴിഞ്ഞ് എസക്കിയേല്‍ പ്രവാചകന്റെ കാലം വരുമ്പോള്‍ മനോഭാവം മാറുന്നു. “കര്‍ത്താവ് അരുളിച്ചെയ്തു: “പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നാൽ മക്കളുടെ പല്ല് പുളിക്കുന്നതെങ്ങനെ?” (എസ 18,2) “പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ, ശിക്ഷിക്കപ്പെടുന്നില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും, ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും” (എസ 18, 20) നോക്കൂ, ഒരു ചിന്തക്ക് പരിണാമം സംഭവിക്കുന്നത്‌! പഴയനിയമത്തിലെ പുസ്തകങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ടെന്നും മനസ്സിലാക്കുക. അതായത്, ഒരു പുസ്തകം കഴിഞ്ഞു അടുത്ത പുസ്തകത്തിൽ എത്തുന്നവരെയുള്ള സമയദൈർഘ്യം വളരെ കൂടുതലാണ്. പഞ്ചഗ്രന്ഥിയിൽ നിന്ന് പ്രാവാചക കാലഘട്ടത്തിൽ എത്തുമ്പോൾ ധാരാളം മാറ്റങ്ങൾ, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലല്ലോ.   

അതിനുശേഷം ഈശോ വരുന്നു. അവിടുന്ന് പറയുന്നു: മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍, അവന്റെ വേദന, സഹനം, മനുഷ്യൻ നേരിടുന്ന അനീതികൾ, തുടങ്ങിയവ അവന്റെ/അവളുടെ മാതാപിതാക്കളുടെ പാപം നിമിത്തം അല്ല. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യനില്‍ പ്രകടമാകുന്നതുവേണ്ടിയാണ്.  ഈശോ പറയുന്നത് ലോകത്തിലായിരിക്കുമ്പോൾ നാം ലോകത്തിന്റെ പ്രകാശമായി ജീവിക്കണമെന്നാണ്. ലോകത്തിലായിരിക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യണമെന്നാണ്. നാം ചെയ്യുന്നതിനനുസരിച്ചാണ് നമുക്ക് പ്രതിഫലം. ലോകത്തിൽ പ്രകാശമായി ജീവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശപൂർണമാകും. അന്ധകാരത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോഴോ നാം ഇരുട്ടിലായിരിക്കും, നമ്മുടെ കുടുംബവും ഇരുട്ടിലാകും. ഉള്ളിൽ വെളിച്ചമില്ലാതെ ജീവിച്ചാൽ നാം അന്ധരാകും.

അതെ പ്രിയപ്പെട്ടവരേ, ഉള്ളിൽ പ്രകാശമില്ലാതെ അന്ധരായി ജീവിക്കുന്നവരാണോ നാമെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സമകാലീന ചരിത്രം പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ലഭിക്കും. കോവിഡ് കാലത്തു നമ്മുടെ രാജ്യത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ചൈനാ ഗവണ്മെന്റ് – അവർ അന്ധരാണ്!

അമേരിക്കൻ മണ്ണിൽ ഇന്നും വംശീയ വിദ്വേഷം വച്ച് പുലർത്തുന്നുന്നവർ അന്ധരല്ലാതെ മറ്റെന്താണ്?

പ്രളയ ഫണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നവർ അന്ധരാണ്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നവർ അന്ധരാണ്!

സ്വർണക്കള്ളക്കടത്തിലൂടെ സമ്പന്നരാകാൻ ശ്രമിക്കുന്നവർ, വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നവർ, ആൾക്കൂട്ട കൊലപാത കങ്ങൾ നടത്തുന്നവർ, മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്നവർ – ഇവരൊക്കെ അന്ധരല്ലാതെ മറ്റെന്താണ്? 

Hagia Sophia: Turkish Govt Opens The Door Of Centuries-old Controversy

AD 537 ൽ നിർമിച്ച ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പള്ളി ഹാഗിയ സോഫിയ, 1453 ൽ സുൽത്താൻ മുഹമ്മദ് രണ്ടാമൻ മോസ്കാക്കി മാറ്റിയ ഹാഗിയ സോഫിയ, 1931ൽ കമൽ അട്ടടാർക്ക് ക്രിസ്ത്യൻ-മുസ്ലിം മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ, മുസ്ലീമുകളുടെ മോസ്കാക്കി മാറ്റിയ തുർക്ക് പ്രസിഡണ്ട് അന്ധനല്ലാതെ മറ്റെന്താണ്?

നമ്മുടേത് അന്ധന്മാരുടെ ലോകമാണോ?  നമ്മുടേത് അന്ധരുള്ള, അന്ധർ മാത്രമുള്ള കുടുംബമാണോ? അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം എത്ര ഭയാനകമാണ്! വർഗീതയാൽ അന്ധനായവൻ യുദ്ധക്കൊതിയാൽ അന്ധനായവനോട് എന്ത് പറയും? അസൂയയാൽ അന്ധരായവർ അഹങ്കാരത്താൽ അന്ധരായവരോട് എന്ത് പറയും? ഭാരതീയ ആധ്യാത്മികതയിൽ ‘തന്ത്ര ദർശന’ത്തിൽ ശരാഹൻ എന്ന ബുദ്ധ ആചാര്യൻ രചിച്ച ഗീതങ്ങൾ താന്ത്രിക ദർശനത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇതിൽ ഒരു ഗീതത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “വീട്ടുവിളക്കുകൾ കൊളുത്തപെട്ടിട്ടുണ്ട്. എങ്കിൽ പോലും കുരുടൻ ഇരുട്ടിൽ തന്നെ ജീവിച്ചുകൊണ്ടേയിരിക്കുന്നു…ഒരു സൂര്യനിവിടെ പ്രത്യക്ഷപ്പെടുമ്പോൾ, ഇരുട്ട്, അതെത്രതന്നെ ഗഹനമെങ്കിലും അപ്രത്യക്ഷമാകും.”

ഒരുവൻ അന്ധനാണെങ്കിൽ നല്ല വിളക്കുകൾ, പ്രകാശം നിറഞ്ഞ നല്ല വ്യക്തികൾ, വിശുദ്ധ ഗ്രന്ഥങ്ങൾ കൊളുത്തപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ ഇരുട്ടിലായിരിക്കും. വിളക്കുകളിവിടെ ഇല്ലാഞ്ഞിട്ടല്ല. എന്നാൽ, അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ സ്പർ ശനത്തിനായി അതിയായി നമുക്ക് ആഗ്രഹിക്കാം. കണ്ണുകൾ തുറന്നു തരണേ എന്ന് പ്രാർത്ഥിക്കാം. 

സമാപനം

ഈ അന്ധതക്കെല്ലാം പൂർവികരെ കുറ്റം പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നോക്കി ഈശോ പറയും ഹേ, മനുഷ്യരേ നിങ്ങൾ അന്ധരാണ്. പ്രകാശത്തിലേക്ക് വരിക!

നമ്മുടെ ജീവിതത്തിലെ കുറവുകളെ, ഇല്ലായ്മകളെ, ദുഃഖങ്ങളെ, പൂർവികരുടെ പാപമായിക്കാണാതെ, ജീവിതത്തെ അതായിരിക്കുന്ന പോലെ സ്വീകരിക്കുവാനും, ജീവിതം എങ്ങനെയായിരുന്നാലും അത് ദൈവത്തിന്റെ ഇഷ്ടമായിക്കാണാനും ശ്രമിച്ചാൽ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതവഴികളിൽ ക്രിസ്തു നടന്നെത്തും. നമ്മുടെ കുറവുകളെ അവൻ പരിഹരിക്കും. നമ്മുടെ അന്ധത കഴുകിക്കളഞ്ഞു അവിടുന്ന് നമുക്ക് കാഴ്ച്ച നൽകും. നമ്മുടെ കണ്ണീരിനെ അവിടുന്ന് തുടച്ചുമാറ്റും. നമ്മുടെ ബലഹീനതയെ അവൻ ശക്തിപ്പെടുത്തും.  നമ്മുടെ നെടുവീർപ്പുകൾ കേൾക്കുന്നവൻ, നമ്മുടെ മുറിവുകളെ തൈലം പുരട്ടി സുഖപ്പെടുത്തുന്നവൻ നമ്മുടെ ജീവിതം തന്റെ കൃപകൊണ്ട് നിറയ്ക്കും.  നമ്മുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകടമാകുന്ന ഒന്നാക്കി അവൻ തീർക്കും.

03 March 23, 2014, How To Give God Glory

ഓർക്കുക: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്. ആമ്മേൻ!

വിശുദ്ധ അൽഫോൻസ

Blessed Alphonsa - YouTube

ഇന്ന് ജൂലൈ 28.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ.

ഭാരതസഭയുടെ, കേരള സഭയുടെ സ്വന്തം വിശുദ്ധ!

വിശുദ്ധ അൽഫോൻസാമ്മ യിലൂടെ ദൈവത്തിന്റെ കൃപ

ഇന്ന് ഭൂമിയിലേക്ക് പെയ്തിറങ്ങുകയാണ്.

എന്തുകൊണ്ടാണ് സിസ്റ്റർ അൽഫോൻസ വിശുദ്ധയായത്?

വിശുദ്ധ ഗ്രിഗറി നാസിയാൻസൻ പറഞ്ഞതുപോലെ

ശ്വസനത്തിന്റെ ആവർത്തനക്ഷമതയേക്കാൾ കൂടിയ ആവർത്തനക്ഷമതയോടെ ദൈവത്തെ ഓർത്തതുകൊണ്ടാ’യിരിക്കണം

 അൽഫോൻസാമ്മ വിശുദ്ധയായത്.

അൽഫോൻസാ -അന്നക്കുട്ടി കാണാൻ സുന്ദരിയായിരുന്നു.

പക്ഷെ, ആ സൗന്ദര്യം അവളെ അഹങ്കാരിയാക്കുകയോ, അന്ധയാക്കുകയോ ചെയ്തില്ല.

കാരണം, സൗന്ദര്യത്തിന്റെ മൂർത്ത രൂപമാണ് ദൈവം എന്ന് അവൾ അറിഞ്ഞിരുന്നു.

ആ ദിവ്യ സൗന്ദര്യം എന്തെന്തു ഭാവങ്ങളിലാണ്

പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് വിസ്മയത്തോടെ

അവൾ മനസ്സിലാക്കി.

പിറന്നു വീഴുന്ന കുഞ്ഞിലും, വിടർന്നു നിൽക്കുന്ന പൂവിലും, പുൽനാമ്പിൽ തൂങ്ങിനില്ക്കുന്ന മഞ്ഞുതുള്ളിയിലും, വിരിഞ്ഞു നിൽക്കുന്ന മഴവില്ലിലും…കല്ലിലും…മണ്ണിലും…

എന്നിട്ടും, ദൈവം നൽകിയ സൗന്ദര്യം മനുഷ്യനെ അഹങ്കാരിയാക്കുന്നു!

ഫാഷൻ ഷോകളുടെ വർണപ്പൊലിമയിൽ,

പരസ്യങ്ങളുടെ മായാപ്രപഞ്ചത്തിൽ,

ഉപഭാഗസംസ്കാരത്തിന്റെ അത്യാർത്തിയിൽ

യുവമനസ്സുകൾക്കു താളം തെറ്റുകയാണിവിടെ.

ആൾക്കൂട്ട മനസ്സാണ് അവരെ നയിക്കുന്നത്.

സൗന്ദര്യവർദ്ധക വസ്തുക്കളല്ല,

ദൈവത്തിന്റെ കൃപയാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന

ഉള്ളറിവ് നേടിയ ഈ യുവതി -വിശുദ്ധ അൽഫോൻസാ – ആധുനിക യുവതലമുറയുടെ വഴികളിൽ

വിശുദ്ധ സ്നേഹത്തിന്റെ,

നന്മ നിറഞ്ഞ സൗഹൃദങ്ങളുടെ,

 പരസ്പര ബഹുമാനത്തിന്റെ

ലില്ലിപ്പൂക്കൾ വിതറട്ടെ.

അൽഫോൻസാ യിൽ നിന്ന്

വിശുദ്ധ അൽഫോൻസായിലേക്കുള്ള ദൂരം

സമർപ്പണത്തിന്റേതാണ്.

നാക്കുകൊണ്ടെന്നതിനേക്കാൾ ജീവിതംകൊണ്ട്

 ക്രിസ്തുവിനെ പ്രഘോഷിക്കാൻ കഴിഞ്ഞതുകൊണ്ടു

അൽഫോൻസാമ്മയ്‍ക്കു നിലത്തുവീണഴിയുന്ന

ഗോതമ്പു മണിയാകാൻ കഴിഞ്ഞു.

മെഴുകുതിരിപോലെ ഉരുകിയുരുകി മറ്റുള്ളവർക്ക് വെളിച്ചമേകുമ്പോൾ, ചന്ദനംപോലെ അരഞ്ഞരഞ്ഞു മറ്റുള്ളവർക്ക് സുഗന്ധമേകുമ്പോൾ,

ഉപ്പുപോലെ ലയിച്ചു, ലയിച്ചു, ജീവിതങ്ങൾക്ക് രുചിപകരുമ്പോൾ

നമ്മിലൂടെ ഈ പ്രപഞ്ചം കൂടുതൽ സുന്ദരമാകുന്നുവെന്നും

അതുവഴി ദൈവം മഹത്വപ്പെടുന്നുവെന്നും പറഞ്ഞു

ദേ, വിശുദ്ധ അൽഫോൻസാമ്മ പുഞ്ചിരിക്കുന്നു!

മഹാകവി വള്ളത്തോൾ തന്റെ “സുഖം സുഖം” എന്ന കവിതയിൽ പാടുന്നു:

ഇറുപ്പവന്നും മലർ ഗന്ധമേകും

വെട്ടുന്നവന്നും തരു ചൂടകറ്റും

ഹനിപ്പവന്നും കിളി പാട്ടുപാടും

പരോപകാര പ്രവണം പ്രപഞ്ചം.

ഈ പ്രപഞ്ചത്തിന്റെ പ്രവണം, തുടിപ്പ്, ജീവൻ,

സ്വയം ഇല്ലാതായി, മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കുകയാണ്.

ഈ പ്രപഞ്ചത്തിലെ ഫലം ചൂടി നിൽക്കുന്ന,

പൂക്കൾ നിറഞ്ഞു നിൽക്കുന്ന വൃക്ഷലതാദികൾ,

കുടുംബത്തിനുവേണ്ടി നിശബ്ദം

സ്വയം സമർപ്പിക്കുന്ന അമ്മമാർ, അപ്പച്ചന്മാർ,

രോഗികൾക്കായി രാപകലില്ലാതെ ഓടിനടക്കുന്ന ആതുര ശുശ്രൂകർ – മറ്റുള്ളവർക്കുവേണ്ടി ഇല്ലാതാകുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിവ!

Mortal remains of St. Alphonsa, St. Mary's Church, Bharananganam ...

ഭൂമിയെ സുന്ദരമാക്കാൻ,

ഈ ഭൂമിയിലെ ജീവിതം വിശുദ്ധമാക്കൻ

നന്മയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന്

വിശുദ്ധ അൽഫോൻസാമ്മ നമ്മെ ഓർമിപ്പിക്കുന്നു.

വെളിച്ചമുള്ളിടത്തോളം നടക്കുകയെന്നല്ലാ,

നടക്കുന്നിടത്തൊക്കെ വെളിച്ചം പരത്തുകയെന്നതാണ്

ക്രൈസ്‌തവ ജീവിതവിളി എന്ന്

ഈ ദിനം വീണ്ടും നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ അൽഫോൻസാമ്മ യുടെ ജീവിതം വായിച്ചു പഠിക്കേണ്ടത്

കാലഘട്ടത്തിന്റെ ആവശ്യമാണ്.

SUNDAY SERMON LK 15, 11-32

ലൂക്ക 15, 11 – 32

സന്ദേശം. ദൈവത്തിന്റെവിലഎന്ന്പറയുന്നത്ഒരുനല്ലഹൃദയമാണ്.

What is a prodigal son? What are some examples? - Quora

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയുമൊക്കെ വികാരഭരിതമായ ദൃശ്യാവിഷ്കാരമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം. ഇന്നത്തെ സുവിശേഷ ഭാഗം മകനെ നഷ്ടപ്പെടുന്ന, പിന്നീട് അവനെ തിരികെ കിട്ടുന്നതിൽ മതിമറന്നു സന്തോഷിക്കുകയും ചെയ്യുന്ന പിതാവിന്റെയും, പിതാവിൽ നിന്ന് ദൂരെ ഓടിപ്പോകുന്ന, കാലം കുറെ കഴിഞ്ഞു പിതാവിലേക്കു മടങ്ങിയെത്തുന്ന പുത്രന്റെയും കഥയാണ് എന്ന് സാധാരണയായി നമുക്ക് മനസ്സിലാക്കാം. എന്നാൽ, ഈ ഉപമയുടെ ആന്തരിക അർത്ഥത്തിലേക്കു കടക്കുമ്പോൾ വെളിപ്പെടുന്നത് മറ്റൊരു കഥയാണ് – സ്നേഹപിതാവായ ദൈവത്തെ നഷ്ടപ്പെടുത്തുന്ന മനുഷ്യന്റെ കഥ; പിന്നീട് ആ ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന്റെ കഥ. ഒപ്പം, പുത്രിയെ, പുത്രനെ നഷപ്പെടുന്നതിൽ വേദനിക്കുന്ന ദൈവത്തിന്റെയും, അവർ തിരികെയെത്തുമ്പോൾ, തന്നെ സ്വന്തമാക്കുമ്പോൾ അതിയായി സന്തോഷിക്കുന്ന പിതാവിന്റെ കഥ. മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോൾ സ്വർഗം കരയുന്നു. അവൾ, അവൻ തിരികെയെത്തുമ്പോഴോ സ്വർഗം ആഹ്ളാദിക്കുന്നു. അതുകൊണ്ടു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശമിതാണ്. ഹേ, മനുഷ്യാ, ദൈവത്തെ സ്വന്തമാക്കുമ്പോഴാണ് നിന്റെ ഭൂമിയിലെ ജീവിതം ധന്യമാകുന്നത്.

വ്യാഖ്യാനം

ഒരു ധൂർത്ത പുത്രന്റെ ഉപമയെന്നതിനേക്കാൾ മനുഷ്യ ജീവിതത്തിന്റെ അവസ്ഥ വരച്ചുകാട്ടുവാനാണ് ഈ കഥയിലൂടെ ഈശോ ആഗ്രഹിക്കുന്നത്. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ ജീവിതം മനുഷ്യൻ ക്ലേശകരമാക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്. ഞാൻ നിങ്ങളുടെ ദൈവവും, നിങ്ങൾ എന്റെ ജനവുമെന്ന അവസ്ഥയാണ് ദൈവം ആഗ്രഹിച്ചത്. ദൈവത്തെ സ്വന്തമാക്കുന്ന മനുഷ്യന് ലഭിക്കുന്നതു പറുദീസാ, ദൈവത്തോടൊപ്പം നടക്കുന്നവന് തേനും പാലും ഒഴുകുന്ന സ്വർഗ്ഗ തുല്യമായ അവസ്ഥ …അങ്ങനെ ദൈവം കൈ പിടിച്ചു നടത്തുമ്പോൾ, ദൈവത്തോടൊത്തു ജീവിക്കുമ്പോൾ മനുഷ്യനുണ്ടാകുന്ന നന്മ ദൈവം അവനെ, അവളെ പരിചയപ്പെടുത്തുന്നുണ്ട്.

എന്തുകൊണ്ടാണ് മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തുന്നത്? മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖലോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ഉപമയിലെ ഇളയപുത്രൻ തന്നെ ഉദാഹരണം. ലോകത്തോടൊത്തു, ആൾക്കൂട്ടത്തോടൊത്തു ആകുമ്പോൾ ആണ് അല്ലെങ്കിൽ ആൾക്കൂട്ടത്തിന്റെ മൃഗീയ മനസ്സുമായി ജീവിക്കുമ്പോൾ ആണ് മനുഷ്യന്റെ ഹൃദയം മലിനമാകുന്നത്.   

ആൾക്കൂട്ടത്തിലും ആൾക്കൂട്ടത്തോടൊപ്പവും ആയിരിക്കുമ്പോൾ മാത്രമാണ് ഒരാൾ കുറ്റം ചെയ്യുന്നത്. ഇന്ത്യയിലെ വർഗീയലഹളകളും, ആൾക്കൂട്ട കൊലപാതകങ്ങളും ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമാണ്. ആൾക്കൂട്ടത്തോടൊപ്പമാകുമ്പോൾ മനുഷ്യൻ സ്വന്തം വ്യക്തിത്വം പാടെ മറന്നുപോകുന്നു. യന്ത്രത്തിന്റെ ഭാഗം മാത്രമാകുന്നു. സ്വന്തമായി ഭ്രാന്തമായ രീതിയിൽ ജീവിക്കുമ്പോഴും ആൾക്കൂട്ടത്തിന്റെ അതേ തലത്തിലാണ് മനുഷ്യൻ. അതേ അന്ധതയിൽ ജീവിക്കുന്നു. കുറ്റകൃത്യം ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമാണ്.

എന്നാൽ

Free Bible pictures of the parable of the Prodigal Son (or Two ...

കാറ്റിൽ അലഞ്ഞു നടക്കുന്ന വേളയിൽ, പന്നികളോടൊത്തുള്ള ജീവിതാവസ്ഥയിൽ, ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്ന വേളയിൽ, അത്തരം ഏകാന്തതയിൽ ആയിരിക്കുമ്പോൾ, അപ്പോൾ മാത്രമേ, മനുഷ്യൻ ദൈവം ആരെന്നറിയൂ…നന്മ എന്തെന്നറിയൂ…സ്നേഹം എന്തെന്ന് വിവേചിച്ചറിയൂ…….  ആ സുബോധത്തിലേക്കു നാമോരോരുത്തരും വളരണം. ദൈവത്തെ സ്വന്തമാക്കിയിരിക്കുന്ന ഹൃദയമാണെങ്കിൽ ഒരിക്കലും അവന്റെ അവളുടെ ഹൃദയം മലിനമായിരിക്കുകയില്ല.

ദൈവത്തെ സ്വന്തമാക്കുന്ന വരിലേക്ക് വെളിപാടുകളുടെ ദൈവം കടന്നുവരും. ആ വെളിപാടുകൾക്കു ചെവികൊടുക്കുമ്പോൾ, ഹൃദയം തുറക്കുമ്പോൾ ദൈവം നമ്മെ തന്റെ കൃപയിൽ ആലിംഗനം ചെയ്യും. പഴയ നിയമ പ്രവാചകന്മാർ ദൈവത്തിന്റെ ഈ സ്നേഹം അറിഞ്ഞവരാണ്. ഒ.വി. വിജയൻറെ “ധർമപുരാണ” ത്തിൽ പരാശരൻ ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമായി തോളിൽ തൂക്കിയിട്ട ആയുധങ്ങളുമായി ജാഹ്നവി നദീ തീരത്തുള്ള ഒരു വടവൃക്ഷത്തിന്റെ ചുവട്ടിൽ ഏകനായി ഇരിക്കുമ്പോഴാണ് സുബോധമുണ്ടാകുന്നത്. തന്റെ കർത്തവ്യം ആയുധമെടുക്കലല്ല, നശിപ്പിക്കലല്ല, നിർമാണമാണ് എന്ന് അയാൾ തിരിച്ചറിയുകയാണ്.  അയാളിൽ ദൈവികത പൂവിടുകയാണ്.

സി. വി. ബാലകൃഷ്ണന്റെ “ദൈവം പിയാനോ വായിക്കുമ്പോള്‍” എന്ന ഒരു ചെറുകഥയുണ്ട്. അതില്‍ ഷെപ്പേഡച്ചന്‍, കഥാനായകനായ ജാക്കിനോട് പറയുന്നതിങ്ങനെയാണ്: ““മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ദൈവത്തിനു വലിയ പ്രതീക്ഷയായിരുന്നു. അവന്‍ പെരുകും, ഒരിക്കലും പരസ്പരം കലഹിക്കില്ല, ആയുധമെടുത്ത് രക്തം ചിന്തുകയില്ല … കൂട്ടുകാരന്റെ ഭവനത്തെ, ഭാര്യയെ മോഹിക്കില്ല …ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കും. … ഇപ്പോള്‍ ദൈവത്തിനു ഇച്ചാഭംഗമാണ്. രമ്യവും പ്രശാന്തവുമായ എദന്‍ തോട്ടത്തില്‍ നഗ്നതയറിയാതെ ശിശു ക്കളെപ്പോലെ നടന്ന ആദവും ഹവ്വയും നഗ്നതയില്‍ ലജ്ജിച്ച് പച്ചിലകളുടെ ഉടുപ്പണിഞ്ഞ് പുറത്തുകടന്നു കൈചേര്‍ത്ത്പിടിച്ചു ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ഷോപ്പിംഗ്‌ മാളിലൂടെ ബ്രാന്‍ഡഡ് ഉടുപ്പുകള്‍ തേടി നടക്കുന്നു. അതിനിടയില്‍ ഫുഡ്‌കോര്‍ട്ടില്‍ കയറിച്ചെന്നു വിശപ്പകറ്റുന്നു. പൂര്‍വാധികം ഉത്സാഹത്തോടെ വീണ്ടും ഷോപ്പിങ്ങിനു ഇറങ്ങുന്നു. ‘അതില്‍ സന്ന്യാസികളുമുണ്ട്, പുരോഹിതരുമുണ്ട്’. ഏദന്‍ എത്ര അകലെ.

സ്നേഹമുള്ളവരെ, ഈ സങ്കടമാണ് ഇന്നത്തെ സുവിശേഷം. മനുഷ്യന് ദൈവം വളരെ അകലെയാകുന്നു. ദൈവത്തെ സ്വന്തമാക്കാൻ അവനു/ അവൾക്കു കഴിയുന്നില്ല. ആ മനുഷ്യര്‍ രണ്ടുതരമുണ്ട്: ഒന്ന്, ഇളയപുത്രന്‍ ദൈവത്തെ നഷ്ടപ്പെടുത്തി ചെറിയ തോടുകളിലെ കലക്കവെള്ളം കുടിച്ച്, ലോകസുഖത്ത്തിന്റെ തവിടും തിന്ന്, പന്നികളുടെ തലത്തിലെത്തിയ പമ്പരവിഡ്ഢി! രണ്ട്, മൂത്തപുത്രന്‍ – ദൈവത്തെ നഷ്ടപ്പെടുത്തി നിയമത്തിന്റെ കാര്‍ക്കശ്യത്തിലും, പിതാവിന്റെ സ്നേഹത്തെ മനസ്സിലാക്കാതെ, കാരുണ്യത്തെ അറിയാതെ മറ്റുള്ളവരുടെ തെറ്റുകളില്‍ അവരെ വിധിച്ചും ദൈവത്തിൽ നിന്നകന്ന് ജീവിച്ച ബുദ്ധിശൂന്യന്‍! രണ്ടും, ദൈവബോധം ഇല്ലാത്ത, സുബോധം ഇല്ലാത്ത, ദൈവത്തെ സ്വന്തമാക്കാത്ത ആധുനിക മനുഷ്യന്റെ പ്രതിനിധികള്‍!

നാം ഇവരില്‍ ആരെപ്പോലെയാണ്? ഉത്തരം എന്തായാലും സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നമുക്ക് സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം.

ഒരു ദിവസം ആറു വയസ്സുള്ള ഒരു പയ്യൻ കയ്യിൽ 50 രൂപയുടെ നോട്ടുമായി ദൈവത്തെ വാങ്ങാൻ ഇറങ്ങി. ഒരു കടയിൽ ചെന്ന് ചോദിച്ചു: “ഇവിടെ ദൈവത്തെ വിൽക്കുമോ?” “നീയെന്താ ആളെ കളിയാക്കുകയാണോ?” എന്തോ ഊടായിപ്പാണെന്നു വിചാരിച്ചു ആ കടക്കാരൻ ആ പയ്യനെ കടയിൽ നിന്ന് ഇറക്കി വിട്ടു. പയ്യൻ അടുത്ത കടയിൽ ചെന്നു. അവിടെനിന്നും ഇറക്കി വിട്ടു. അങ്ങനെ ഓരോ കടയിലും ഇതേ ചോദ്യവുമായി അവൻ കയറി ഇറങ്ങി നടന്നു. സന്ധ്യയായി…അവൻ എഴുപതാമത്തെ കടയിലും കയറി ചെന്നു. “ചേട്ടാ, എന്നെ ഒന്ന് സഹായിക്കണം. ഇവിടെ ദൈവത്തെ വിൽക്കുമോ?” അറുപതു വയസ്സ് പ്രായം തോന്നുന്ന ആ മനുഷ്യൻ കുട്ടിയോട് ചോദിച്ചു: “എന്തിനാണ് നിനക്കിപ്പോൾ ദൈവത്തെ?” ഒരാളെങ്കിലും തന്റെ ചോദ്യം കേട്ടല്ലോ എന്ന അത്ഭുതത്തിൽ കുട്ടി നിറകണ്ണുകളോടെ പറഞ്ഞു: “മൂന്നു വർഷം മുൻപ് എന്റെ പപ്പയും മമ്മിയും മരിച്ചു പോയി. അതുകഴിഞ്ഞു എന്റെ അങ്കിളാണ് എന്നെ നോക്കുന്നത്. പക്ഷെ, അങ്കിൾ ഒരു ആക്സിഡന്റ് സംഭവിച്ചു ഇപ്പോൾ ആശുപത്രിയിലാണ്. ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ഡോക്ടർ പറഞ്ഞു, ദൈവത്തിനു മാത്രമേ നിന്റെ അങ്കിളിനെ രക്ഷിക്കുവാൻ കഴിയുകയുള്ളു എന്ന്.”  കുട്ടി വിചാരിച്ചു ദൈവമെന്തോ ഭയങ്കര അത്ഭുതകരമായ വസ്തുവാണെന്ന്. അതുകൊണ്ടു കുറച്ചു ദൈവത്തെ മേടിച്ചിട്ടു അങ്കിളിനു കഴിക്കുവാൻ കൊടുക്കണം. അങ്ങനെ എന്റെ അങ്കിളിനെ രക്ഷിക്കണം. “ഇവിടെ ദൈവത്തെ വിൽക്കുന്നുണ്ടോ?”കുട്ടിയുടെ നിഷ്കളങ്കത കണ്ടു അയാൾ കുട്ടിയോട് ചോദിച്ചു: ” നിന്റെ കയ്യിൽ എത്ര രൂപയുണ്ട്?” “അമ്പതു രൂപ ” അവൻ പറഞ്ഞു. “ദൈവത്തിനു കൃത്യം ആ വിലയേ വരൂ.” ഇത് പറഞ്ഞിട്ട് ഒരു ചെറിയ കുപ്പിയിൽ ഒരല്പം തേൻ കുട്ടിക്ക് നൽകിയിട്ടു അയാൾ പറഞ്ഞു: “ഇതാണ് ദൈവം. ഇത് നിന്റെ അങ്കിളിനു കൊടുക്കണം.” കുട്ടിയുടെ കണ്ണ് നിറഞ്ഞു. അവനു ഒരുപാട് സന്തോഷമായി. ആ ചെറിയ കുപ്പിയും കയ്യിൽ പിടിച്ചു അവൻ ആശുപത്രിയി ലേക്ക് ഓടി. അവിടെ എത്തി സന്തോഷത്തോടെ വിളിച്ചു കൂവി: “ഇതാ ഞാൻ ദൈവത്തെ കൊണ്ടുവന്നു. എന്റെ അങ്കിൾ രക്ഷപ്പെടും.” പിറ്റേദിവസം രാവിലെ ഒരു വലിയ മെഡിക്കൽ ടീം ആശുപത്രിയിലെത്തി. അവർ ആ മനുഷ്യന്റെ ചികിത്സ ഏറ്റെടുത്തു. മണിക്കൂറുകൾക്കു ശേഷം അയാൾ തിരിച്ചു ജീവിതത്തിലേക്ക് വന്നു. ദിവസങ്ങൾ കഴിഞ്ഞു. ആശുപത്രിയുടെ ബില്ല് വന്നു. അത് കണ്ടു അങ്കിൾ ഞെട്ടി. പക്ഷെ അപ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് അറിയിപ്പ് വന്നു. ഒരബദ്ധം പറ്റിയതാണ്. ബില്ല് മുഴുവൻ നേരത്തെ തീർത്തതാണ്. ആ മനുഷ്യന് അത്ഭുതമായി. അയാൾ ആ കുട്ടിയോട് ചോദിച്ചു: “എന്താണ് സംഭവിച്ചത്?” കുട്ടി നടന്നതെല്ലാം പറഞ്ഞു. ദൈവത്തെ കാണാൻ പോയ കഥയും തനിക്കു ദൈവത്തെ തന്നു വിട്ട ആമനുഷ്യന്റെ കാര്യവുമെല്ലാം. അങ്കിൾ കുഞ്ഞിനേയും കൂട്ടി ആ മനുഷ്യന്റെ കടയിലേക്ക് പോയി. ആ നാട്ടിലെ തന്നെ ഏറ്റവും സമ്പന്നൻ ആയിരുന്നു അയാൾ.  അങ്കിൾ ആ മനുഷ്യന് കണ്ണീരോടെ നന്ദി പറഞ്ഞു. ആ കടക്കാരൻ പറഞ്ഞു: എനിക്കല്ല നന്ദി പറയേണ്ടത്. ഞാൻ അല്ല നിങ്ങളെ രക്ഷിച്ചത്. നിങ്ങൾക്കുവേണ്ടി കയ്യിൽ അമ്പതു രൂപാ നോട്ടുമായി ഒരു ദിവസം മുഴുവൻ ദൈവത്തെ വാങ്ങാൻ കടകളിൽ കയറി ഇറങ്ങി നടന്ന ഈ കുഞ്ഞിനാണ് നന്ദി പറയേണ്ടത്. അവന്റെ നിഷ്കളങ്കതയും സ്നേഹവും നിറഞ്ഞ ഹൃദയമാണ് നിങ്ങളെ രക്ഷിച്ചത്. ദൈവത്തിന്റെ വില എന്ന് പറയുന്നത് ഒരു നല്ല ഹൃദയമാണ്.

സമാപനം

സ്നേഹമുള്ളവരേ, ഒരു നല്ല ഹൃദയത്തിനു മാത്രമേ ദൈവത്തെ സ്വന്തമാക്കാൻ കഴിയൂ. ദൈവത്തെ സ്വന്തമാക്കിയാലേ നമ്മുടെ ജീവിതം ധന്യമാകൂ…കുടുംബം സമാധാനപൂർണമാകൂ……. ലോകം സുഖം പ്രാപിക്കൂ…  ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്.

What Is a Good Heart? – international forgiveness institute

പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം. ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം.

SUNDAY SERMON LK 14, 1-14

ലൂക്കാ 14, 7 – 14

സന്ദേശം-ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ വക്താക്കളാകുക.

What Is the Parable of Honor About? | Jesus Film Project

സീറോമലബാര്‍സഭയുടെ ആരാധനാക്രമവത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടുശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. കൈത്താക്കാലം ഒരു ഓർമപ്പെടുത്തലിന്റെ കാലമാണ്. “സ്നേഹത്തിന് പകരം സ്നേഹം, ബലിക്ക് പകരം ബലി” എന്നും പറഞ്ഞ്, ശ്ലീഹന്മാര്‍ തുടങ്ങി, രക്തം ചിന്തിയും രക്തം ചിന്താതെയും ഇന്നുവരെയുള്ള ക്രൈസ്തവര്‍ നടത്തിയ പ്രേഷിതപ്രവര്‍ത്തനത്തിന്റെ, ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രിസ്തു വിഭാവനം ചെയ്ത പ്രതിസംസ്കാരം ജീവിച്ചതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വളര്‍ന്നുപന്തലിച്ച് ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലത്ത് നാം ഓര്‍ക്കുക. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ക്രിസ്തുവുമായി ക്രൈസ്തവർ പോകുമ്പോൾ ഓരോ ക്രൈസ്തവനിലും ഈശോ അവശ്യം പ്രതീക്ഷിക്കുന്ന മനോഹരമായ ചൈതന്യത്തെയാണ് ഇന്നത്തെ സുവിശേഷം പ്രതിനിധാനം ചെയ്യുന്നത്. ഈശോയുടെ ക്രൈസ്തവസാക്ഷ്യദർശനത്തിന്റെ ഏറ്റവും ശക്തമായ ഘടകമായിട്ടാണ് ഈശോ ഇതിനെ കാണുന്നത്. ഇത് ലോകത്തിന്റെ മനോഭാവങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായ, ലോകത്തിന്റെ വാണിജ്യ, മാത്സര്യ സംസ്കാരത്തിന് അന്യമായ ഒരു പ്രതിസംസ്കാരമാണ്. സഭയുടെ വളര്‍ച്ചയുടെ മാനദണ്ഡം ഈ പ്രതിസംസ്കാരം ആയതുകൊണ്ടും, അത് ഈ ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവരുടെ ജീവിതമായതുകൊണ്ടും ഇന്നത്തെ സുവിശേഷ സന്ദേശം “ ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകണം കൈസ്തവര്‍” എന്നാണ്.   

വ്യാഖ്യാനം

ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. സുവിശേഷങ്ങളിൽ പലഭാഗങ്ങളിലായി ഈശോയുടെ ഈ ശൈലി നമുക്ക് കാണാവുന്നതാണ്. ഇന്നത്തെ സുവിശേഷ ഭാഗവും ഒരു വിരുന്നിൽ ഈശോ സംബന്ധിക്കുന്നതിനെക്കുറിച്ചും, അവിടെ ഈശോ നടത്തുന്ന ചില നിരീക്ഷണങ്ങളെക്കുറിച്ചും ആണ്. ഈശോയുടെ യഥാർത്ഥ ഉദ്ദേശ്യം ചുമ്മാ വിരുന്നിൽ പങ്കെടുക്കുകയായിരുന്നോ? വീഞ്ഞ് കുടിച്ചു നടക്കുന്ന ഒരാളായി ഫരിസേയർ ഈശോയെ കണ്ടെങ്കിലും, ഭക്ഷണത്തിനിടയ്ക്കു തന്റെ സന്ദേശങ്ങൾ കൂടിയിരിക്കുന്നവർക്കു പകർന്നു കൊടുക്കുക എന്നതായിരുന്നു ഈശോയുടെ ഉദ്ദേശ്യം. കിട്ടുന്ന അവസരങ്ങൾ ഒട്ടും തന്നെ പാഴാക്കാതെ പിതാവിന്റെ മക്കളുടെ ചൈതന്യത്തിലേക്കു മനുഷ്യനെ ഉയർത്തുവാൻ ഈശോ ശ്രമിക്കുമായിരുന്നു. ഇവിടെയും അത് തന്നെയാണ് ഈശോ ചെയ്യുന്നത്.

മഹോദരരോഗിയെ സുഖപ്പെടുത്തിക്കൊണ്ട്, വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ തന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വ വത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്.

God's Invitation to a Meal | Life of Jesus

“നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.” ലോകസംസ്കാരത്തോടു ചേരാതെ, ഒരു പ്രതിസംസ്കാരം ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ പറയുന്നത്.

ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ നീ തയ്യാറാകുമ്പോൾ നീ ഭാഗ്യവാൻ എന്നാണ് നമ്മോടു പറയുന്നത്.

ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.

ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.

ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്. ഈ പ്രതിസംസ്കാരത്തിന്റെ സൗന്ദര്യം ഒന്നുമില്ലാത്തവരുടെയും, ആരുമില്ലാത്തവരുടെയും ഒപ്പം നിൽക്കുക എന്നതാണ്. അതായിരിക്കണം ഓരോ ക്രൈസ്തവന്റെയും, തിരുസ്സഭയുടെയും രുചിയും മണവും.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള  ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. ആഹാബ് രാജാവിന്റെ മുന്‍പില്‍ ചെന്ന് “കര്‍ത്താ വാണെ, വരും കൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ, മഴയോ പെയ്യുകയില്ലെന്നു എന്ത് ഉറപ്പിലാണ് അദ്ദേഹം പറഞ്ഞത്? ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പില്‍. ദൈവം മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. മരുഭൂമിയിലേക്ക് പോകുക, അവിടെ അരുവിയുണ്ടാകും, വെള്ളത്തിനു. മരുഭൂമിയില്‍ വെള്ളം!? ഭക്ഷണത്തിനോ? കാറ്ററിംഗ്കാരോട് arrange ചെയ്തിട്ടുണ്ട്. കാക്കകളാണ്, എന്തും തട്ടിപ്പറിക്കുന്ന കാക്കകള്‍! പിന്നെ food and accommodation – ഉള്ളതുകൊണ്ട് അപ്പമുണ്ടാക്കി കഴിച്ച ശേഷം മരിക്കാനൊരുങ്ങിയിരിക്കുന്ന വിധവയുടെ വീട്ടില്‍!!

Elijah being fed by the ravens. | Bible pictures, Biblical art ...

പിന്നെ തിരിച്ചു വന്ന് ബാലിന്റെ ആളുകളോട് വെല്ലുവിളി! യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.

രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!

ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ടു ഈശോ കരയുന്നുണ്ടോ?

മനുഷ്യനെന്നും ലോകത്തിന്റെ സംസ്കാരത്തോടാണ് പ്രിയം. അതിൽ അഹങ്കരിക്കുന്നവനാണ് മനുഷ്യൻ. എന്തും സ്വന്തമാക്കാമെന്നുള്ള ഒരു ധാർഷ്ട്യം നമുക്കുണ്ടായിരുന്നു. സമ്പത്തുണ്ടെങ്കിൽ എല്ലാമായി എന്ന ഹുങ്കാണ് നമ്മെ നയിച്ചിരുന്നത്. എന്നാൽ, കൊറോണാസുരൻ തകർത്തുകളഞ്ഞു എല്ലാം. അങ്ങനെ തകരാണുള്ളതെ ഉള്ളു നാം വെട്ടിപ്പിടിക്കുന്നതെല്ലാം. മനുഷ്യൻ ചന്ദ്രനിലേക്ക് കാലുകുത്തിയത് 1969 ൽ ആണെങ്കിൽ കൊറോണാവൈറസിനെ കണ്ടെത്തിയത് 1960 ൽ ആണ്. 60 വർഷങ്ങൾ മുന്നേ, നമ്മളിൽ പലരും ജനിക്കുന്നതിനും മുന്നേ മനുഷ്യൻ കണ്ടെത്തിയ കൊറോണായാണ് പലരൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി അവതരിച്ചത്. ഇക്കഴിഞ്ഞ നീണ്ട 60 വർഷങ്ങൾ നാം എന്ത് ചെയ്യുകയായിരുന്നു? മനുഷ്യൻ ഒന്നുമല്ല എന്ന് പറയാതെ പറയുകയാണ് കൊറോണ വൈറസ്! നമ്മെ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്കു നയിക്കുവാനാണ് ഈ മഹാമാരി കടന്നുവന്നിരിക്കുന്നത്.

പക്ഷെ, ഒരു കാര്യം എനിക്കറിയാം. ഈ കോവിഡ് കാലം നമ്മെ, കത്തോലിക്കാ സഭയെ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്കു നയിച്ചു എന്നത് സന്തോഷകരമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ചത്തെ ദീപിക പത്രത്തിൽ വന്ന ഒരു വാർത്ത നിങ്ങൾ ശ്രദ്ധിച്ചോ? തലക്കെട്ട് ഇങ്ങനെയാണ്: കോവിഡ് പ്രതിരോധം: കത്തോലിക്കാസഭ ചിലവഴിച്ചത് 56 ,16 കോടി രൂപ.

ജൂൺ 30 വരെ കേരളത്തിലെ 32 രൂപതകളും സന്യാസ സ്ഥാപനങ്ങളും കൂടി സമൂഹത്തിൽ ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, ജീവനോപാധികളില്ലാതെ കഷ്ടപ്പെട്ടവർക്കുവേണ്ടി ചിലവഴിച്ച തുകയാണിത്. വാർത്ത കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി. സ്ഥാപനങ്ങളെ കെട്ടിപ്പിടിച്ചു കിടന്ന, ആചാരങ്ങളിൽ മാത്രം മുഴുകി കഴിഞ്ഞ സഭ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ ചൈതന്യം ഉൾക്കൊണ്ടിരിക്കുന്നു. ഈ തുക മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയിൽ നൂറുകണക്കിന് സഭാസ്ഥാപനങ്ങൾ ക്വാറന്റീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രതിസംസ്കാരം കോവിഡാനന്തര സഭയുടെ മുഖമുദ്രയാകണം.

സമാപനം

സ്നേഹമുള്ളവരെ,

10 Quotes on World Hunger | The Borgen Project
ക്രൈസ്തവരുള്ള ലോകത്തു നിന്നാണ് ഈ ചിത്രം എന്നത് നമ്മെ വേദനിപ്പിക്കണം!

ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.     

Juru Juru, Action Song, Children are simply Rocking, Music : Fr Mathews Payyappilly MCBS, Lyrics:Fr. Saju Pynadath MCBS

SUNDAY SERMON LK 13, 22-35

ലൂക്ക 13, 22 – 35

സന്ദേശം- മാലാഖമാർ ഒരിക്കലും വൈകാറില്ല.

An Experience of a “narrow gate” – Verbum Bible

ശ്ളീഹാക്കാലത്തിലെ അവസാനത്തെ ഞായറാഴ്ച്ച! ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ടുപോകുമ്പോഴും നമ്മെ സ്നേഹിക്കുന്ന പരമകാരുണികനായ ദൈവത്തിന്റെ സംരക്ഷണം, ദൈവത്തിന്റെ രക്ഷ നമുക്കുണ്ടാകുമെന്നു ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുകയാണ്. ഈ ദിവസങ്ങളിലെ വർത്തമാന പത്രങ്ങളും, ടിവി ന്യൂസ് ചാനലുകളും മറ്റു സമ്പർക്ക മാധ്യമങ്ങളും ജീവിത സുഖത്തിനുവേണ്ടി, പണം സമ്പാദിക്കാനായി ഏതു വഴികളും സ്വീകരിക്കുന്ന മനുഷ്യന്റെ രീതികളെക്കുറിച്ചും, അത് കൊണ്ടു ചെ ന്നെത്തിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചുമാണെന്നത് ഇന്നത്തെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. കള്ളക്കടത്തിന്റെ, വഞ്ചനയുടെ, സർക്കാർസംവിധാനങ്ങളെ ദുരുപയോഗിക്കുന്നതിന്റെ വിശാലവഴികൾ വ്യക്തികൾക്ക് മാത്രമല്ല, നാടിനും ദുരിതങ്ങളേ സമ്മാനിക്കൂ എന്ന് ആനുകാലിക സംഭവങ്ങൾ വിളിച്ചോതുമ്പോൾ ഈശോയുടെ സന്ദേശത്തിനു ചെവികൊടുക്കുവാൻ നാം വൈകരുത്. ഇന്നത്തെ സുവിശേഷ സന്ദേശം ഇങ്ങനെയാണ്: നന്മയിലേക്ക് നയിക്കുന്ന, രക്ഷയിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴികളിൽ ദൈവത്തിന്റെ സംരക്ഷണം നമുക്ക് ഉറപ്പാണ്.

വ്യാഖ്യാനം

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവ കുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (1 തിമോ 1, 15) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ,

Jesus is the only savior in the world who if you gain Him will ...

ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.”

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് ഒരാൾ ചോദിക്കുകയാണ്, “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ“? അയാൾക്ക് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വഴിയേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വഴിയുടെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വഴിയേ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

ഈശോ പറയുന്നതിനെ നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം.

ഒന്ന്, രക്ഷയിലേക്കുള്ള വഴി ഇടുങ്ങിയതാണ്. അതായത്, നാശത്തിലേക്കുള്ള വഴി വിശാലമാണെന്ന്.

രണ്ട്, ഈ വഴിയിലൂടെ പോകുന്നവർ എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം.

മൂന്ന്, നിന്നിലൂടെ ദൈവം ചെയ്ത നന്മകൾ നീ ചെയ്തതാണെന്ന് വീമ്പു പറയരുത്. കാരണം, അത് അനീതിയാണ്. നീ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണം മാത്രം.

നാല്, പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നതുപോലെ ദൈവം നിങ്ങളെ സംരക്ഷിക്കും.

അഞ്ച്, നിങ്ങൾ അതിന് തയ്യാറുള്ളവരായിരിക്കണം.

സ്നേഹമുള്ളവരേ, സ്വർണക്കള്ളക്കടത്തിന്റെ വിശാലമായ വഴികൾ നാശത്തിലേക്കേ നമ്മെ നയിക്കൂ എന്ന് വാർത്താ മാധ്യമങ്ങൾ നമ്മുടെ മുൻപിൽ ചൊല്ലിയാടുമ്പോൾ ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഞാൻ നൽകേണ്ടത്? പരീക്ഷയിൽ കോപ്പിയടിക്കുക എന്ന വിശാലമായ വഴി ചെന്നെത്തിക്കുന്ന ദുരന്തത്തിനും നമ്മുടെ കേരളം സാക്ഷ്യം വഹിച്ചതല്ലേ? ഇങ്ങനെയുള്ള വിശാലമായ വഴികൾ കുട്ടികൾ തേടിയാൽ അവരെ, ശാസിക്കരുതെന്നും, ശിക്ഷിക്കരുതെന്നും, കുട്ടികളെ ശിക്ഷിക്കുന്ന, ശാസിക്കുന്ന അധ്യാപകർ ശിക്ഷാർഹരാണെന്നും പറയുന്ന സമൂഹത്തിലെ മാന്യന്മാരെയും നാം ഈയിടെ കണ്ടു. അധികാരം സ്വന്തമാക്കാൻ ഏതു വിശാലമായ വഴികളും സ്വീകരിക്കാമെന്നും, ആരെയും അതിനായി കുരുതിക്കഴിക്കാമെന്നും ചിന്തിച്ചു അതിനായി ഇറങ്ങിയവർ തങ്ങൾ കുഴിക്കുന്ന കുഴികളിൽ തന്നെ വീണതിനും, വീണുകൊണ്ടിരിക്കുന്നതിനും ചരിത്രം സാക്ഷിയാണ്. ഉത്പത്തി പുസ്തകത്തിൽ മനുഷ്യനെ മണ്ണിൽ നിന്ന് മെനഞ്ഞെടുത്ത ദൈവം അവനിലേക്കു തന്റെ ശ്വാസത്തെ നൽകി. ശ്വാസമെന്താണ്? സാന്നിധ്യമാണ് – the presence of God. അപ്പോൾ നമ്മുടെ ശരീരമെന്താണ്? ദൈവത്തിന്റെ ആലയം, ദൈവ സാന്നിധ്യത്തിന്റെ ഇടം. ഈ സത്യം മനസ്സിലാക്കാതെ ശരീരത്തിന്റെ, അതിന്റെ കാമനകളുടെ, സുഖങ്ങളുടെ പിന്നാലെ, ആ വിശാലമായ വഴിയിലൂടെ പായുന്നവർ, പ്രത്യേകിച്ചും നമ്മുടെ യുവജനങ്ങൾ ചെന്നെത്തുന്ന ദുരന്തങ്ങളുടെ കഥകൾ ലോകത്തിന്റെ ഏതെല്ലാം കോണുകളിൽ നിന്നാണ് നമ്മുടെ ചെവികളിൽ എത്തുന്നത്?

Temptations High Resolution Stock Photography and Images - Alamy

അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വഴികൾ എന്നും ഇടുങ്ങിയതായിരിക്കും. പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വഴികളെക്കുറിച്ചു. അവർക്കു പറയാനുള്ളത് ഇടുങ്ങിയ വഴികളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്നത് ഇടുങ്ങിയ വഴികളിലൂടെയായിരിക്കും. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വഴികളെക്കുറിച്ചു പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വഴികളാണ് എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക.

എന്താണ് ഈശോയുടെ വാഗ്ദാനം? ‘പിടക്കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിച്ചു നിർത്തുന്നതുപോലെയുള്ള സംരക്ഷണം’. സംശയമുണ്ടോ? സങ്കീർത്തനം 91, 11-12 എന്താണ് പറയുന്നത്? ” നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിന്മേൽ തട്ടാതിരിക്കുവാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും”. ഇത് ആർക്കാണ് അറിയാൻ പാടില്ലാത്തത്? നമ്മൾ ക്രൈസ്തവർക്ക്. ആർക്കാണ് അറിയാവുന്നത്? പിശാചിന്. ലൂക്കയുടെ സുവിശേഷം നാലാം അധ്യായത്തിൽ പിശാച് ഈശോയുടെ പറയുന്നത് ഓർക്കുന്നില്ലേ? അവനു സങ്കീർത്തനം 91 മനഃപാഠമാണ്. ഈശോയെ പരീക്ഷിക്കുന്ന വേളയിൽ അവൻ പറയുന്നത് ഈ സങ്കീർത്തന ഭാഗമാണ്.

നമ്മുടെ ഇടുങ്ങിയ ജീവിതവഴികളിൽ – കോവിഡിന്റെ, സാമ്പത്തിക ഞെരുക്കത്തിന്റെ, ജോലിയില്ലായ്മയുടെ, കാർഷിക നഷ്ടങ്ങളുടെ, നന്മ ചെയ്യാൻ ആഗ്രഹിച്ചിട്ടും ചെയ്തുപോകുന്ന തിന്മകളുടെ… – ഇടുങ്ങിയ ജീവിത വഴികളിൽ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടാകും.

ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വഴികളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിലും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ തിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”.

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God -അതാണ് മാലാഖമാർ.

സമാപനം

നമ്മുടെ ജീവിതത്തിലും, നമ്മെ രക്ഷിക്കുവാൻ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടാകും. ഓർക്കുക, മാലാഖമാർ ഒരിക്കലും വൈകാറില്ല. നമ്മെ നോക്കികൊണ്ട്‌ ദൈവത്തിന് പരിഭവിക്കുവാൻ അവസരം കൊടുക്കരുത്.

Under His Wings – Titus2Grandma

‘മകളെ, മകനെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകികീഴിൽ ചേർത്ത് നിർത്തുന്നതുപോലെ നിന്നെ എന്റെ സംരക്ഷണയിൽ ചേർത്ത് നിർത്താൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷെ, നീ സമ്മതിച്ചില്ല.’ ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, ഇടറിയ പാദങ്ങളുമായി നീങ്ങുമ്പോൾ ഓർക്കുക: മാലാഖമാർ ഒരിക്കലും വൈകാറില്ല.

SUNDAY SERMON LK 12, 57-13,17

ലൂക്ക 12, 57 – 13, 17

സന്ദേശം

Bible Verses on Redemption and Jesus' Sacrifice

ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്കു പ്രവേശിച്ചിരിക്കുകയാണ് നാം. “മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തന്റെ ദൗത്യം ആരംഭിച്ച ഈശോ, ഉത്ഥാനത്തിനുശേഷം തന്റെ ശ്ലീഹന്മാരിലൂടെ, പിന്നീട് സഭയിലൂടെ ആ ദൗത്യം തുടരുകയാണ്. ഇന്ന് തിരുസഭയിലൂടെ ഈശോ നമ്മോടും പറയുകയാണ്, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, മാനസാന്തരപ്പെടുന്നില്ലെങ്കിൽ ദൈവരാജ്യം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ നശിക്കും.’ ദൈവ രാജ്യത്തിന്റെ ചൈതന്യം ഉൾക്കൊള്ളുവാനും, നമ്മിലെ ദൈവികതയെ കണ്ടെത്തുവാനും, അതിനായി എപ്പോഴും ശ്രമിക്കുവാനും, മറ്റുള്ളവരെ അതിനായി സഹായിക്കുവാനുമുള്ള ചൈതന്യമാണ് ശ്ളീഹാക്കാലത്തിന്റേത് എന്ന് ഈ ദൈവ വചനഭാഗം നമ്മെ ഓർമിപ്പിക്കുന്നു. നിന്നിലെ ക്രിസ്തുവിനെ കണ്ടെത്തുന്നില്ലെങ്കിൽ, നിന്നോടൊപ്പം എപ്പോഴുമുള്ള ക്രിസ്തുവിനെ നീ കാണുന്നില്ലെങ്കിൽ, ആ സത്യം നീ അറിയുന്നില്ലെങ്കിൽ നിന്റെ ജീവിതം സഫലമാകില്ല എന്നതാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

സാധാരണയായി ഈ ദൈവവചനഭാഗം നോമ്പുകാലവായനയിൽപെട്ടതാണല്ലോ എന്നായിരിക്കും നമ്മുടെ ആദ്യ ചിന്ത. എന്നാൽ സത്യം അതല്ല. ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പുമാണ് ഈ ദൈവവചനഭാഗം. നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ നാം അധികം ശ്രദ്ധ കൊടുക്കാത്ത ഒരു ദർശനത്തിലേക്കാണ് ഈശോയുടെ ഇന്നത്തെ ക്ഷണം.  

ഈ സുവിശേഷ ഭാഗം മനസ്സിലാക്കുവാൻ ഒന്ന് രണ്ടു കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, ദൈവാത്മാവ്, ദൈവിക ചൈതന്യം നിറഞ്ഞു നിൽക്കുന്ന ദേവാലയമാണ് നാമോരോരുത്തരും. രണ്ട്‌, സമുദ്രം പോലെയാണ് നമ്മിലെ ആത്മാവ്, നമ്മിലെ ദൈവസത്ത. അതെക്കാലവും മലിനമാകാതെയിരിക്കും. ഈ രണ്ടുകാര്യങ്ങളും നാം ശരിക്കും മനസ്സിലാക്കണം.

ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനിൽ ദൈവത്തിന്റെ ആത്മാവ്, ദൈവാംശം, ദൈവികത ഒളിഞ്ഞിരിപ്പുണ്ട്. അതാണ് മനുഷ്യന്റെ കേന്ദ്രം. ആ ദൈവികതയെ കണ്ടെത്തുകയാണ്, അനുഭവിക്കുകയാണ്, ആ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ്, ആ ക്രിസ്തുവിനാൽ നിറയപ്പെടുകയാണ് നമ്മുടെ ജീവിത ലക്‌ഷ്യം.

സമുദ്രം പോലെയാണ് നമ്മിലെ ദൈവികത. നമ്മിലെ ദൈവികത നമ്മുടെ ശരീരത്തിൽ ഒതുങ്ങുന്നില്ല. നമ്മുടെ അസ്ഥികളല്ല അത്. നമ്മുടെ കൈകളോ, കാലുകളോ അല്ല. നമ്മുടെ ഹൃദയം പോലുമല്ല. അവയെക്കാളൊക്കെ വലുതാണ്, സമുദ്രം പോലെ വിശാലമാണ് നമ്മിലെ ദൈവികത. ശാസ്ത്ര ഗവേഷണ രംഗത്തു ഗുരു ശ്രേഷ്ഠനായ പ്രൊഫെസ്സർ കെ.  ബാബു ജോസഫ് തന്റെ പുസ്തകത്തിന് കൊടുത്ത പേര് ” ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ” എന്നാണ്. വളരെ ശരിയാണത്. ഈ പ്രപഞ്ചത്തിൽ, നമ്മിൽ നിറഞ്ഞു നിൽക്കുന്ന ദൈവകണത്തിന്റെ അനന്ത വിശാലതയെ പറ്റി ചിന്തിക്കുമ്പോൾ ഈ ശരീരം അതിനു പോരാതെവരും.

സമുദ്രം ഒരിക്കലും മലിനമാകാറില്ല. എത്രമാത്രം ചെളി അതിലേക്കു വന്നാലും സമുദ്രം എപ്പോഴും വിശുദ്ധമായി നിലകൊള്ളും.

Clean Oceans

ഇത് മനസ്സിലാക്കുവാൻ സമുദ്രത്തിന്റെ സ്വഭാവം നാം അറിയണം. സമുദ്രം ഒരിക്കലും മലിനമാകാറില്ല. ലോകത്തുള്ള നദികളെല്ലാം എല്ലാത്തരം ചപ്പുചവറുകളും, ചീഞ്ഞളിഞ്ഞ വസ്തുക്കളും ചെളിയും മറ്റും സമുദ്രത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന് വര്ഷങ്ങളായി അവ സമുദ്രത്തിൽ ഒഴുകി വീണുകൊണ്ടേയിരിക്കുന്നു. എന്നാൽ സമുദ്രം മലിനമാകാതെ നിൽക്കുന്നു. നാം ഓർത്തിരിക്കേണ്ട സത്യമാണിത്. നമ്മുടെ മനസ്സിൽ ഇവ കോറിയിടണം.

നമ്മിലെ ദൈവികതയാണ്, നമ്മുടെ ആത്മാവാണ് സമുദ്രം. നാം ചെറു നദികൾ, സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന ചെറു നദികൾ. നാമാകുന്ന ശരീരംകൊണ്ടു, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നാം നല്ലതും ചീത്തയുമായ പ്രവർത്തികൾ ചെയ്തിട്ടുണ്ട്; തെറ്റും ശരിയും ചെയ്തിട്ടുണ്ട്. ദാമ്പത്യ, പരോഹിത്യ, സന്യാസ കടമകൾ നിർവഹിക്കാതിരുന്നിട്ടുണ്ട്; കള്ളക്കണക്കുകൾ എഴുതിയിട്ടുണ്ട്. പരീക്ഷയിലും ജീവിതത്തിലും കോപ്പിയടിച്ചിട്ടുണ്ട്. നുണപറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ട്. ഇങ്ങനെ ധാരാളം ചെളിയും, ചപ്പും, ചവറും ഉള്ളിലാക്കിയാണ് നാം സമുദ്രം ലക്ഷ്യമാക്കി ഒഴുകുന്നത്. ശരിയല്ലേ?

എന്നാൽ പരമമായ സത്യം ഓർക്കുക: നിങ്ങൾ എന്ത് ചെയ്താലും നിങ്ങളിലെ സമുദ്രത്തെ, ദൈവികതയെ, ആത്മാവിനെ മലിനമാക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. നാം എന്തെല്ലാം ചെയ്താലും നമ്മിലെ ദൈവികത ശുദ്ധമായി നിലകൊള്ളും. അതിനെ മറയ്ക്കുവാൻ ചിലപ്പോൾ നമ്മുടെ ചെയ്തികൾ ഇടയാക്കിയേക്കാം. നമ്മിലെ ദൈവികതയെ മറക്കുവാൻ ചിലപ്പോൾ നമ്മുടെ തെറ്റുകൾ ഇടവരുത്തിയേക്കാം. പക്ഷെ ഒരിക്കലും നമ്മിലെ ദൈവികതയെ മലിനമാക്കുവാൻ അവയ്ക്കു കഴിയില്ല.

ഇനി നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തേക്ക് വരാം. ഈശോയോട് ആളുകൾ പറയുന്നത് മനുഷ്യന്റെ ചെയ്തികളെക്കുറിച്ചാണ്. അവർ സംസാരിക്കുന്നതു നദികളെക്കുറിച്ചാണ്; നദികൾ കൊണ്ടുവരുന്ന മാലന്യങ്ങളെക്കുറിച്ചാണ്. ഗലീലിയാക്കാരായ നദികൾ, പീലാത്തോസിനെപ്പോലുള്ള നദികൾ, ശീലോഹായിൽ ദുരന്തമനുഭവിച്ച നദികൾ… ഈശോ പറയുന്നു, മകളെ, മകനെ, നിന്നിലെ ദൈവികതയിലേക്ക് നീ തിരിയുന്നില്ലെങ്കിൽ, നിന്നിലെ ക്രിസ്തുവിനെ നീ കണ്ടെത്തുന്നില്ലെങ്കിൽ നീ മരിക്കും. കാരണം, ക്രിസ്തുവാണ് ജീവൻ, ആത്മാവാണ് ജീവൻ.

ഈശോ പറയുന്നത് ഇതാണ്: മനുഷ്യൻ ചെയ്യുന്ന ഏതെങ്കിലും കാര്യത്തിന്റെ പേരിൽ ആരെയും ഒരിക്കലും വിലയിരുത്തരുത്. ആരെങ്കിലും മോഷ്ടിച്ചു കാണും, ആരെങ്കിലും മാതാപിതാക്കളോട് ക്രൂരമായി പെരുമാറിക്കാണും, ആരെങ്കിലും കൊലചെയ്തു കാണും, ആരെങ്കിലും ആത്മഹത്യ ചെയ്തുകാണും – അതെല്ലാം നദികൾ പേറുന്ന ചപ്പുചവറുകളാണ്. എന്നാൽ മനുഷ്യനെയും അവന്റെ ജീവിതത്തെയും ഒരു കൊച്ചു പ്രവർത്തിയുടെ അടിസ്ഥാനത്തിൽ പാടെ തള്ളിക്കളയരുത്.

മനുഷ്യന്റെ ചിന്ത അങ്ങനെയാണ്: ആരെങ്കിലും എവിടെയെങ്കിലും ശരിയാണെങ്കിൽ ഇപ്പോഴും ശരിയാണെന്ന ചിന്ത. ആരെങ്കിലും തെറ്റാണെങ്കിൽ എപ്പോഴും തെറ്റാണെന്ന ചിന്ത. അതല്ല യാഥാർഥ്യം. പാപികൾ പോലും വിശുദ്ധരാകാം. വിശുദ്ധന്മാരാകട്ടെ ചില നേരങ്ങളിൽ അവധിയെടുക്കാറുമുണ്ട്. മനുഷ്യനെ അവന്റെ ഏതെങ്കിലും പ്രവർത്തിയുടെ പേരിൽ എക്കാലവും കുറ്റക്കാരനായി മുദ്രകുത്തരുത്. അവളെ/അവനെ മാറ്റി നിർത്താതെ, അവളുടെ/അവന്റെ ജീവിതത്തിലേക്ക് ഒരു ചെറുവെട്ടം കൊടുക്കുവാൻ നമുക്കാകണം. ആ വെട്ടം അവളിലെ/അവനിലെ ദൈവികത അറിയുവാൻ അവളെ/അവനെ സഹായിക്കണം. അപ്പോൾ അവൻ /അവൾ ജീവിക്കും.

മനോഹരമായ ഒരു കഥ പറയാം. ഒരു മനുഷ്യനുണ്ടായിരുന്നു, ഒരു കാട്ടാളൻ. തൊഴിൽ കൊള്ളയും കൊലയും. കാട്ടിലാണ് താമസിച്ചിരുന്നത്. അന്ന് വാല്മീകി എന്നായിരുന്നില്ല അയാളുടെ പേര്. വാല്യഭീൽ എന്നായിരുന്നു.

ഒരിക്കൽ നാരദമുനി അതിലൂടെ യാത്രചെയ്യുകയായിരുന്നു. ആളുകൾ പറഞ്ഞു: “ആ വഴി ആപത്താണ്. കാട്ടിലൂടെ ചെല്ലുമ്പോൾ വാല്യഭീൽ ഉണ്ട്. അയാൾ കൊല്ലാനും മടിക്കില്ല.” എങ്കിലും നാരദൻ അദ്ദേഹത്തിന്റെ സംഗീതോപകരണം വായിച്ചുകൊണ്ടു നടന്നു.

വാല്യഭീൽ കണ്ടു നാരദൻ നടന്നു വരുന്നത്. പിന്നെ സുന്ദരമായ ഗാനവും കേട്ടു. സുന്ദരനും ഗായകനുമായ ആ മനുഷ്യനെ കൊല്ലാൻ മനസ്സ് വന്നില്ല. എങ്കിലും ഇനി ഈ വഴി വന്നാൽ നിന്നെ വച്ചേക്കില്ല എന്ന താക്കീതും നൽകി നാരദനെ വിട്ടയക്കാൻ അയാൾ തീരുമാനിച്ചു. അപ്പോൾ നാരദൻ വാല്യഭീലിനോട് പറഞ്ഞു: “നീ ബലവാനാണ്. എന്തിനാണ് നീ കൊള്ളയും കൊലയും ചെയ്യുന്നത്? “എന്റെ കുടുംബത്തിനുവേണ്ടി”, അയാൾ ഉത്തരം പറഞ്ഞു. “എങ്കിൽ, നാരദൻ അയാളോട് ചോദിച്ചു, കണ്ണിൽച്ചോരയില്ലാത്ത നിന്റെ പ്രവർത്തിയുടെ ശിക്ഷ നിന്റെ ഭാര്യയും, മക്കളും, അച്ഛനും അമ്മയും പങ്കിടുമോ? ഭാര്യയോടും മക്കളോടും ചോദിക്കുക: ഞാൻ ചെയ്യുന്നതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്. എനിക്ക് കിട്ടുന്ന ശിക്ഷയുടെ പങ്കു നിങ്ങൾ സ്വീകരിക്കുമോ?” വാല്യാഭീൽ വീട്ടിൽ ചെന്ന് ഓരോരുത്തരോടും ചോദിച്ചു. അവരാരും ശിക്ഷയുടെ പങ്കു പറ്റാൻ തയ്യാറായിരുന്നില്ല.

കരഞ്ഞുകൊണ്ടാണ് അയാൾ മടങ്ങി വന്നത്. അയാൾ നാരദനോട് പറഞ്ഞു: “ഒരൊറ്റ ചോദ്യം കൊണ്ട് താങ്കൾ എന്നെ മാറ്റിത്തീർത്തിരിക്കുന്നു. എനിക്കിനി കുടുംബമില്ല. എന്റെ ശിക്ഷ പങ്കുവെയ്ക്കാൻ കഴിയില്ലെങ്കിൽ അവരെന്നെ സ്നേഹിക്കുന്നില്ല. ഞാനിതുവരെ ജീവിച്ചത് ഏതോ മായാലോകത്തായിരുന്നു”.  

അവൻ കത്തി വലിച്ചെറിഞ്ഞു.  കണ്ണടച്ച് ഉള്ളിലെ ദൈവത്തെ, ദൈവികതയെ അന്വേഷിക്കുവാൻ തുടങ്ങി. കഥയുടെ ചുരുക്കം ഇതാണ്. അയാൾ വാത്മീകിയായി.

അപ്പോൾ എന്താണ് പശ്ചാത്താപം? എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി’ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസി യുടെ “എന്റെ ദൈവമേ, എന്റെ സർവസ്വ വുമേ” എന്ന വിളി പശ്ചാത്താപത്തിന്റേതാണ്. “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിത ലക്‌ഷ്യം നമ്മിലെ ദൈവികതയെ കണ്ടെത്തുകയാണ്. സഹോദരങ്ങളുമായി പിണങ്ങുമ്പോഴും, അവരുമായി കേസ് വാദിക്കുമ്പോഴും ഓർക്കേണ്ടത് വിശുദ്ധമായ, ദിവ്യമായ നമ്മിലെ ദൈവികതയെയാണ്; മറ്റുള്ളവരിൽ നിറഞ്ഞു നിൽക്കുന്ന ദൈവികതയെയാണ്. നമ്മുടെ തെറ്റുകൾ, മറ്റുള്ളവരുടെ തെറ്റുകൾ – ചെളി നിറഞ്ഞ, വൃത്തികെട്ട ഈ നദികൾ ഒരിക്കലും നമ്മുടെ ദൈവികതയെ മലിനമാക്കുന്നില്ല. പക്ഷെ, നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ദൈവികതയെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം.

Respect Your Divinity – Are you ready to Change Your Life?

ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ, അവരിലെ ദൈവികതെയെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും.

Communicate with love!!