ആഴ്ച്ച രണ്ട് – അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകൾ

തപസ്സിന്റെയും പ്രാർത്ഥനയുടെയും മനോഹരലോകത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ മനസ്സില്ല ഹൃദയമേയുള്ളു. ഇവിടെ യുക്തിയില്ല, സ്നേഹമേയുള്ളു. സ്നേഹത്തിനു സ്ഥായിയായി ഇരിക്കുവാൻ സാധ്യമല്ലല്ലോ സ്നേഹത്തിനു ബന്ധങ്ങളുണ്ടാകണം. ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കു സ്നേഹം കടന്നുപോയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ദൂരക്കാഴ്ച്ചകളെ മറയ്ക്കുന്ന പ്രലോഭനങ്ങൾ തകർക്കുന്നത് നല്ല ബന്ധങ്ങളുടെ വേരുകളെയാണ് – ദൈവവുമായുള്ള, സഹോദരങ്ങളുമായുള്ള, പ്രപഞ്ചവുമായുള്ള ബന്ധങ്ങളുടെ വേരുകളെ.
അനുരഞ്ജനമാകട്ടെ, ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ്. വ്യവസ്ഥകളില്ലാത്ത, അതിരുകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹമാണ് അനുരഞ്ജനം. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധങ്ങളുടെ സുഗമമായ ഒഴുക്കിനു അനുരഞ്ജനം ആവശ്യമാണ്. ഒഴുക്കിന്റെ ശക്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം, ചിലയിടങ്ങളിൽ ഒഴുക്ക് നിശ്ചലമാകാം, മറ്റിടങ്ങളിൽ ഒഴുക്കിനു ധാരാളം തടസ്സങ്ങളുണ്ടാകാം. ചിലപ്പോൾ ദിശമാറി ഒഴുകിയെന്നും വരാം. എന്നാൽ, ബന്ധങ്ങളിൽ സ്നേഹം നിറച്ചു ഒരുമയിൽ ജീവിക്കുകയാണ് പ്രധാനം. ബന്ധങ്ങൾ ശിഥിലമാകുന്നത് സാധാരണമാണ്, സ്വാഭാവികമാണ്. എന്നാൽ, ബന്ധങ്ങളെ വീണ്ടും ഇണക്കി ചേർക്കുകയെന്നത് അസാധാരണമാണ്, ദൈവികമാണ്.

ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും മനുഷ്യൻ ബന്ധങ്ങളുടെ തണലിലാണ്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ദൈവവുമായി ബോധപൂർവമായ ബന്ധത്തിലാണ്. ‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ’ വരച്ചു നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ മുതൽ നാം ദൈവവുമായി പ്രണയത്തിലാണ്; അനുരഞ്ജനത്തിലാണ്. കുടുംബത്തിലുള്ളവരോട് ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നും പറഞ്ഞു ദിവസം തുടങ്ങുമ്പോൾ മുതൽ അനുരഞ്ജനത്തിന്റെ സ്നേഹച്ചരടിൽ നാമെല്ലാം ഒന്നാകുകയാണ്. കുടുംബത്തിലെ ജോലികളിൽ, സ്‌കൂളിൽ, ജോലിസ്ഥലത്ത്, വൃക്ഷത്തണലിൽ ഒരുമിച്ചിരുന്നു, പുഴയിൽ നീന്തി, കൂട്ടുകാരുമൊത്തു കളിച്ചു, പരസ്പരം സഹായിച്ചു, സഹകരിച്ചു മുന്നോട്ടു പോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വീണയിൽ നാം അനുരഞ്ജനത്തിന്റെ ഈണങ്ങൾ മീട്ടുകയാണ്. അനുരഞ്ജനമാണ് ജീവിതത്തിന്റെ, ജീവിതബന്ധങ്ങളുടെ സൗന്ദര്യം!
അനുരഞ്ജനം ബന്ധങ്ങളെ ദൈവികമാക്കുകയാണ്. ബന്ധത്തിലെ സ്നേഹാമൃതം രുചിക്കാതെ, അതിനെ തട്ടിത്തെറിപ്പിച്ചു പിതാവിന്റെ നെഞ്ചിൽ ചവുട്ടി ഇറങ്ങിപ്പോയ ഒരു മകനെ ഓർക്കുന്നില്ലേ? അനുരഞ്ജനത്തിന്റെ ആലിംഗനവുമായി പുത്രനെ കാത്തിരിക്കുന്ന പിതാവിന്റെ മുൻപിൽ ഒരുനാൾ പുത്രൻ വന്നു നിൽക്കുകയാണ്. അകന്നു പോയതിന്റെ വേദന അയാളുടെ മുഖത്തുണ്ട്. ഹൃദയവിഭജനത്തിന്റെ നാളുകളിൽ ഏറ്റ പൊള്ളലുകൾ കണ്ണീരായി ഒഴുകുന്നുമുണ്ട്. എന്നാൽ, പുത്രന്റെ പശ്ചാത്താപം നിറഞ്ഞ വാക്കുകൾക്ക് മുകളിൽ പിതാവിന്റെ അനുരഞ്ജനത്തിന്റെ ആലിംഗനം!
പിതാവിന്റെയും പുത്രൻറെയും ബന്ധം വിമലീകരിക്കപ്പെടുകയാണ്. ദൈവികമാകുകയാണ്. ചോദ്യങ്ങൾ … വിശദീകരണങ്ങൾ… കാലുകഴുകൽ … വിളിച്ചുപറയൽ whatsApp – ൽ അതിന്റെ ചിത്രീകരണങ്ങൾ… ഒന്നുമില്ല. ദൈവത്തിന്റെ പ്രസാദവരം അവിടെ ഒഴുകുകയാണ് … വ്യവസ്ഥകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹം! അനുരഞ്ജനം!
അനുരഞ്ജനം നമ്മുടെ അഹംഭാവത്തിന്റെ ആഘോഷമാകരുത്. അത് പ്രലോഭനങ്ങളിൽപെട്ടുപോയ നിന്റെ സഹോദരനെ നേടിയെടുക്കുന്ന ദൈവിക പ്രവർത്തിയാണ്; ദൈവകാരുണ്യത്തിന്റെ തലോടലിൽ അവളെ/അവനെ സാന്ത്വനത്തിന്റെ തൈലത്താൽ അഭിഷേകം ചെയ്യലാണ്; സ്നേഹബഹുമാനങ്ങളോടെ കൂടെനിർത്തലാണ്. ‘നീ അങ്ങനെ ചെയ്തവനല്ലേ, നീ തിന്മയുടെ പാതയിൽ നടന്നവളല്ലേ…’ എന്ന് അവളെ/അവനെ വിധിക്കാൻ നീ ആരാണ്? “പാപമില്ലാത്തവർ കല്ലെറിയട്ടെ”എന്ന് ആരോ നമ്മെ ഓർമിപ്പിക്കുന്നു. “വിധിക്കരുത്” എന്നത് അതിർവരമ്പുകൾ നിശ്ചയിക്കുന്ന മനസ്സിന്റെ ഭാവത്തിനെതിരെ, ബന്ധങ്ങളെ ശിഥിലമാക്കുന്ന ചിന്തയ്‌ക്കെതിരെ ഉണർന്നു പ്രവർത്തിക്കാൻ വേണ്ടിയാകണം ഈശോ പറഞ്ഞത്.
ദൈവത്തോട്, മനുഷ്യരോട്, പ്രപഞ്ചത്തോട് അനുരഞ്ജനപ്പെട്ടു നിൽക്കുമ്പോഴാണ് ജീവിതം പ്രസാദാത്മകമാകുന്നത്. അനുരഞ്ജനത്തിന്റെ ബലിവേദിയിൽ മാത്രമേ, ജീവിതം ധന്യമാകുകയുള്ളു. നമ്മുടെ ജീവിതത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നുനിൽക്കുന്ന ക്രിസ്തുവിന്റെ മൊഴി ഇങ്ങനെയാണ്: “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെ വച്ച് ഓർത്താൽ കാഴ്ച്ചവസ്തു അവിടെ ബലിപീഠത്തിന് മുൻപിൽ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്നു കാഴ്ച്ച യർപ്പിക്കുക.” (മത്താ 5,23-24) ക്രൈസ്തവന് ജീവിതം മുഴുവനും ബലിയർപ്പണമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ജീവിതസാഹചര്യങ്ങളിൽ ‘ഇതെന്റെ ശരീരമാകുന്നു’ ഇതെന്റെ രക്തമാകുന്നു’വെന്നും പറഞ്ഞു ബലിയാകുകയാണ് ക്രൈസ്തവജീവിത ത്തിന്റെ സ്വഭാവം. ജീവിതമാകുന്ന ബലിപീഠത്തിൽ ഓരോനിമിഷവും നീ ബലിയാകുമ്പോൾ നിന്റെ ആദ്യ പ്രയത്നം നിന്റെ സഹോദരനുമായി രമ്യതപ്പെടുകയാണ്. ഇവിടെ ‘സഹോദരനെ’ന്നത് സ്ത്രീ ലിംഗമാകാം, പുല്ലിംഗമാകാം, നപുംസകലിംഗവുമാകാം. എല്ലാം സഹോദരൻമാരാണ്, കാരണം സർവ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നാണ്. മനുഷ്യർ, മരങ്ങൾ, മലകൾ, പുഷ്പങ്ങൾ, പാറകൾ, കല്ലും മണ്ണും, മൃഗങ്ങൾ, പക്ഷികൾ, ഉറുമ്പുകൾ എല്ലാം എല്ലാം സഹോദരന്മാരാണ്. ഇതറിഞ്ഞവനായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി. അദ്ദേഹത്തിനെല്ലാം പിതാവിന്റെ മക്കളായിരുന്നു.
ജീവിതത്തിന്റെ ബലിവേദിയിൽ എല്ലാം ബലിയുടെ വിശുദ്ധിയിൽ ചെയ്യുമ്പോൾ അനുരഞ്ജനം ഒരു അവശ്യഘടകമാകുന്നു. ദൈവവുമായി, സഹോദരങ്ങളുമായി, പ്രപഞ്ചവുമായി രമ്യതപ്പെടാതെ എങ്ങനെ നിനക്ക് ജീവിക്കുവാൻ സാധിക്കും? സഹോദരനെ നിനക്ക് കാണാം. ദൈവത്തെ കാണാനാകില്ല. കാണപ്പെടുന്നവയോടു അനുരഞ്ജനപ്പെടാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് കാണപ്പെടാത്ത ദൈവവുമായി നിനക്ക് രമ്യതയിൽ ആകാൻ സാധിക്കും?
അനുരഞ്ജനത്തിന്റെ വ്യാപ്തി വെളിപ്പെടുകയാണിവിടെ. ജീവിതത്തിന്റെ എല്ലാ തലത്തിലും അനുരഞ്ജനം കടന്നുവരികയാണ്. സാവധാനത്തിൽ നിങ്ങളുടെ വ്യക്തി ജീവിതം ഒന്ന് നിരീക്ഷിക്കുക. ഒരു ചന്തപ്പറമ്പ് തന്നെ നാം തലയിൽ ചുമന്നുകൊണ്ട് നടക്കുന്നുണ്ട്. എന്തെല്ലാം അനാവശ്യമായ വസ്തുക്കൾ…ചപ്പുചവറുകൾ…നമ്മൾ ഒന്നല്ല, ഉള്ളിൽ ഒരു ജനക്കൂട്ടമാണ്. പല തരത്തിലുള്ള വ്യക്തികൾ! ആസക്തി നിറഞ്ഞ ഞാൻ, പരാതി പറയുന്ന, അസൂയയും, അഹങ്കാരവുള്ള ഞാൻ, അവിശ്വസ്തത പുലർത്തുന്ന ഞാൻ…ഉള്ളിൽ ഒന്നും, പുറമെ മറ്റൊന്നുമായി കപടനടനം നടത്തുന്ന ഞാൻ… അങ്ങനെ ഒരു ജനക്കൂട്ടമാണ് നാമോരോരുത്തരും. വിഭജിക്കപ്പെട്ട വ്യക്തിത്വങ്ങൾ! നമ്മോടു തന്നെ അനുരഞ്ജനം ആവശ്യമാണ്.

സ്വയം അനുരഞജിതനാകാത്തവൻ ഉള്ളിൽ ചിന്നഭിന്നമാണ്. അവന്റെ/അവളുടെ വളരെ രഹസ്യാത്മകമായ വ്യക്തിപരമായ പാപങ്ങൾപോലും ബന്ധങ്ങളെ ഉലയ്ക്കും. ഒരു പാപവും തികച്ചും വ്യക്തിപരമല്ല. അത് നമ്മുടെ ബന്ധങ്ങളിലെ കണ്ണികളെ വലിഞ്ഞുമുറുക്കുന്നുണ്ട്. കാരണം, ഓരോ പാപാവസ്ഥയും വ്യക്തിയെ, വ്യക്തികളെ തകർക്കുന്നുണ്ട്. ആ തകർച്ചയുടെ ഷോക്കുമായി വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയോട്, ഭാർത്താവിനോട്, മാതാപിതാക്കളോട്, മക്കളോട്, സമൂഹത്തിലുള്ളവരോട് എങ്ങനെ രമ്യമായി, സമാധാനത്തോടെ പെരുമാറും? ഉള്ളിൽ തകർച്ചയുണ്ടെങ്കിൽ, ഉള്ള് അസ്വസ്ഥമാണെങ്കിൽ എങ്ങനെ സമാധാനം കൊടുക്കാൻ കഴിയും? ഉള്ളിലുള്ളതല്ലേ കൊടുക്കാൻ കഴിയൂ?
ഹൃദയം വിഭജിതമായാൽ പിന്നെ അനുരഞ്ജനത്തിലേക്കു എത്തുന്നതുവരെ ഭ്രാന്തമായഒരു അവസ്ഥയിലൂടെയായിരിക്കും മനുഷ്യൻ കടന്നുപോകുക. കാണുന്നതിനോടെല്ലാം ദേഷ്യം! വാതിൽ വലിച്ചടയ്ക്കുന്നു…കസേരയെടുത്തു എറിയുന്നു….റിമോട്ട് കൺട്രോൾ കഷണങ്ങളാകുന്നു… വായിൽ നിന്ന് വരുന്നതോ പുഴുത്ത ‘സുകൃത’ങ്ങൾ! പിന്നെ തന്ത്രപ്രധാനമായ ഇടവേളകൾ! പരസ്പരം മിണ്ടാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക…..എന്തെല്ലാം. നാടകങ്ങൾ! ദൈവം സമ്മാനമായി തന്ന ജീവിതം, ജീവിതനിമിഷങ്ങൾ എല്ലാം നഷ്ടപ്പെടുത്തുമ്പോൾ നാം എന്ത് നേടുന്നു?
നഷ്ടങ്ങളുടെ സ്‌ക്രീനിൽ തോണ്ടി നിസ്സാരമായവയ്ക്കുവേണ്ടി പണയം വയ്ക്കുവാനുള്ളതല്ല ക്രിസ്തു നമുക്ക് നൽകിയ ജീവിതമെന്നു മനസ്സിലാക്കുക. ജീവിതം ഇരുളിലേക്ക് കടക്കുന്നതിനു മുൻപ് നാം അനുരഞ്ജനത്തിലേക്ക് കടന്നുവരണം. എല്ലാവരോടും, എല്ലാറ്റിനോടും അനുരഞജിതരാകുവാൻ നമുക്കാകണം. നിങ്ങളുടെ പ്രവൃത്തിമൂലം വേദനിച്ച വാതിലിനോടും, കസേരയോടും മാപ്പുചോദിച്ചു രമ്യതയിലാകണം. ആ വാതിൽ നിങ്ങളോടു എന്ത് ചെയ്തു? ക്ഷമ ചോദിക്കണം നിങ്ങൾ. stupid ആയി തോന്നുന്നുണ്ടോ? ഉണ്ടല്ലേ? വാതിലിനോട് ദേഷ്യപ്പെട്ടപ്പോൾ നിങ്ങക്കതു തോന്നിയില്ലേ? ദേഷ്യപ്പെടാൻ നിങ്ങൾക്കാവുമെങ്കിൽ, സ്നേഹിക്കാനും നിങ്ങൾക്കാകണം.
ഭൂമിയിലെ അനുരഞ്ജനത്തിന്റെ ഏറ്റവും മനോഹരരൂപമായ ദാമ്പത്യ ബന്ധങ്ങൾ പോലും ഇന്ന് ശിഥിലമാണ്! ബന്ധങ്ങളുടെ നിർമ്മലത പാലിക്കാത്ത വെറും നാട്യങ്ങളായി, അഭിനയമായി തീരുന്നോ നമ്മുടെ ജീവിതങ്ങൾ?! ജീവിതത്തിന്റെ ബലിവേദിയിൽ അനുരഞ്ജനത്തിന്റെ മെഴുകുതിരികളായി എരിഞ്ഞെരിഞ്ഞു മറ്റുള്ളവർക്കുവെളിച്ചമാകാൻ കാൽവരിയുടെ വഴി നമ്മെ പഠിപ്പിക്കും. എല്ലാ ബന്ധങ്ങളോടും അനുരഞ്ജനത്തിന്റെ ഭാഷ സംസാരിക്കുവാൻ നാം പഠിക്കണം.
എല്ലാ ബന്ധങ്ങളും ദൈവം യോജിപ്പിച്ചവയാണ്. അതാണ് ബന്ധങ്ങളുടെ മനോഹാരിത. എന്നാൽ ബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു അഹങ്കാരത്തിന്റെ മസിലും പെരുപ്പിച്ചു നടക്കുകയാണ് മനുഷ്യൻ. ഭൂമിയിലെ മൃഗങ്ങളിൽ വച്ച് ഏറ്റവും ബലഹീനനാണ് താനെന്നു അവൻ/അവൾ ഓർക്കുന്നേയില്ല. മരണം സുനിശ്ചിതമാണെന്നു അറിഞ്ഞിട്ടും പിടിവാശിയുടെയും പിണക്കത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്താണ് നമ്മുടെ യാത്ര. ഒരുനാൾ വരും; അന്ന് മരണത്തിന്റെ തണുപ്പുമായി താൻ വീടിന്റെ മുറ്റത്ത് കിടക്കുമെന്നറിഞ്ഞിട്ടും, സ്ഥലത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, സ്വർണത്തിനുവേണ്ടി മനുഷ്യന് ആക്രാന്തമാണ്. ബന്ധങ്ങളെ വെട്ടിമുറിക്കുവാൻ നമുക്ക് ഒരു മടിയുമില്ല.
അനുരഞ്ജനമാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെടുന്നത്. അനുരഞ്ജനം diplomacy അല്ല, അനുരഞ്ജനം duplicacy-യും അല്ല. അത് സെഹിയോനിലെ പാദം കഴുകലാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും കൂടെ നിൽക്കാത്തവരുടെയും പാദങ്ങൾ കഴുകി ചുംബിക്കുന്ന അനുരഞ്ജനം. അത് സെഹിയോനിലെ കുർബാനയാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും കൈകളിലേക്ക് തന്നെത്തന്നെ പകുത്തു നൽകുന്ന അനുരഞ്ജനം. അത് കാൽവരിയിലെ “ഇവരോട് ക്ഷമിക്കണമേ” എന്ന കരച്ചിലാണ്; കാൽവരിയിൽ മൂന്നാണികളിൽ കിടന്നു പിടയുമ്പോൾ വിശ്വസാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കുന്ന അനുരഞ്ജനം. അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകളായി നമ്മിൽ ഒഴുകട്ടെ.
ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്: “വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പി
ളിപോലെ വെളുക്കും”. ജീവിതം വിഭജിക്കപ്പെടലും അനുരഞ്ജനവുമാണ്; രണ്ടും ഒരുമിച്ച്. ഒരു നിമിഷത്തേക്ക് പോലും ഹൃദയം വിഭജിക്കപ്പെടാതിരിക്കട്ടെ. ഓരോ നിമിഷവും ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം അനുരഞ്ജനത്തിന്റെ മഴയായ് നമ്മിൽ പെയ്തിറങ്ങട്ടെ.