Sworgeeya Dhanyam – Lesson 02 – By Fr Mathews Payyappilly MCBS

Sworgeeya Dhanyam I Lesson 01I By Fr Mathews Payyappilly MCBS

SUNDAY SERMON Lk 6, 27-36

 ലൂക്ക 6, 27-36

സന്ദേശം

Image result for images of love your enemy

നമ്മുടെ ക്രൈസ്തവ ജീവിതസാക്ഷ്യം ഇത്രത്തോളം പ്രതിസന്ധിയിലായിട്ടുള്ള ഒരു സമയം ഉണ്ടായിട്ടില്ല. ആനുകാലിക സംഭവങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും മാധ്യമ വിചാരണകളും ഒട്ടൊന്നുമല്ല നമ്മുടെ ക്രൈസ്തവ ജീവിതചൈതന്യത്തെ ഉലയ്ക്കുന്നത്! ഈ ദിവസങ്ങളില്‍ നാം കണ്ടതും, കേട്ടതും വായിച്ചതുമെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ചു നില്‍ക്കുമ്പോഴും ഈശോ ആഗ്രഹിച്ച ക്രൈസ്തവ ജീവിതമാണോ നാം നയിക്കുന്നത്, എന്താണ് യഥാര്‍ഥ ക്രൈസ്തവ ജീവിതം തുടങ്ങിയ ചോദ്യങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്. മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കും, അസ്വസ്ഥതകള്‍ക്കും ഉത്തരമായിട്ടാണ് ഇന്നത്തെ ദൈവവചനം നമ്മെ സമീപിക്കുന്നത്. ആധുനിക ലോകത്തിന്റെ നന്മകള്‍ ആവോളം സ്വീകരിച്ചാലും, ന്യുജെന്‍ ആശയങ്ങളും മനോഭാവങ്ങളും എത്രമാത്രം ഉള്‍ക്കൊണ്ടാലും, ലോകം എന്തുമാത്രം വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമായാലും ആരായിരിക്കണം ക്രൈസ്തവന്‍, എന്തായിരിക്കണം ക്രൈസ്തവന്‍, എങ്ങനെയായിരിക്കണം ക്രൈസ്തവന്‍ എന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈശോ ഇന്നത്തെ തിരുവചനത്തിലൂടെ.

വ്യാഖ്യാനം

ദൈവത്തിന്റെ പ്രവാചകനും, വക്താവുമായി വന്ന മോശ നിയമങ്ങള്‍ നല്‍കിയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. എന്നാല്‍ ഈശോ സ്നേഹവുമായിട്ടാണ് ഈ ലോകത്തിലേക്ക് വന്നത്. നിയമം എന്നത് ശക്തിയോടെ നടപ്പാക്കുന്ന സ്നേഹമാണ്. സ്നേഹമാകട്ടെ സ്വയമേ കടന്നുവരുന്ന നിയമമാണ്. നിയമം പുറമേ നിന്ന് അടിച്ചേല്പിക്കുന്നതാണ്. സ്നേഹം അകമേ നിന്ന് വരുന്നതാണ്. മോശ കല്പനകള്‍ നല്‍കുമ്പോള്‍, ഈശോ മോശയുടെ കല്പനകള്‍ക്ക് പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുകയാണ്.

നിയമങ്ങള്‍ നല്‍കുന്ന ദൈവമായിട്ടല്ലാ, നിയമങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഈശോയുടെ കാലഘട്ടത്തെ ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. ഈശോ ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നപ്പോള്‍, അവിടുന്ന് കണ്ടത് വികൃതമായ അവരുടെ മുഖങ്ങളെയാണ്. നിയമത്തിന്റെ കാര്‍ക്കശ്യം കൊണ്ട് വികൃതമായ, നിയമത്തിന്റെ ചൈതന്യം മനസ്സിലാക്കാതെ അതിനെ മനുഷ്യനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചതുവഴി ക്രൂരമായ മുഖങ്ങളെയാണ്. എന്നിട്ട് അവര്‍ എന്ത് ചെയ്തെന്നോ, തങ്ങളുടെ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത, വിധവകളെ വിഴുങ്ങുന്ന, പാവപ്പെട്ടവന്റെ സര്‍വതും തട്ടിയെടുത്തു നെയ്‌മുറ്റിയ അവരുടെ മുഖങ്ങളെ മറയ്ക്കുവാന്‍ അവര്‍ മോശയുടെ നിയമത്തിന്റെ, നിയമം നല്‍കിയ ദൈവത്തിന്റെ, നിയമം സംരക്ഷിക്കാന്‍ വേണ്ടിയുള്ള  പുതിയ പുതിയ വ്യാഖ്യാനങ്ങളുടെ മുഖം മൂടികള്‍ ധരിച്ചു. നിങ്ങള്‍ക്ക് ക്രൂരമായ, വികൃതമായ മുഖം ഉണ്ടെങ്കില്‍ മുഖം മൂടി ധരിക്കാം. പക്ഷെ, നിങ്ങളുടെ മുഖം അപ്പോഴും വികൃതമായിത്തന്നെയിരിക്കും. മുഖം മൂടിയാണ് നിങ്ങളുടെ മുഖമെന്നു ഒരു നിമിഷത്തേയ്ക്ക് വേണ്ടിപ്പോലും  ഓര്‍ക്കരുത്.

അവര്‍ക്ക് പലവിധ മുഖം മൂടികള്‍ ഉണ്ടായിരുന്നെങ്കിലും ഈശോ അവരുടെ യഥാര്‍ത്ഥ വികൃതമായ, ക്രൂരമായ, പ്രസാദമില്ലാത്ത മുഖങ്ങളെ കണ്ടു. അവിടുന്ന് അവരുടെ മുഖം മൂടികള്‍ മാറ്റണമെന്ന് മാത്രമല്ലാ പറഞ്ഞത്, അവിടുന്ന് പറഞ്ഞു: സ്നേഹമുള്ള ഇസ്രായെല്‍ക്കാരെ, നിങ്ങള്‍, നിങ്ങളുടെ മുഖം മനോഹരമാക്കണം. മുഖം മനോഹരമാകണമെങ്കില്‍ നിങ്ങളുടെ ഹൃദയം സ്നേഹംകൊണ്ട് നിറയണം. ഹൃദയത്തില്‍നിന്ന് വരുന്ന സ്നേഹം കൊണ്ട് നിങ്ങളുടെ മുഖങ്ങള്‍ തിളങ്ങണം. ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന പുതിയ കാഴ്ചപ്പാട് ഇതാണ്: സ്നേഹം. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുമ്പോള്‍ മാത്രമേ, ഈ പ്രപഞ്ചത്തെ സ്നേഹിക്കുമ്പോള്‍ മാത്രമേ, നിങ്ങളുടെ സ്നേഹമെന്ന ശക്തി, നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടുള്ള ഒരേയൊരു ശക്തി നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ മാത്രമേ, ദൈവത്തെ സ്നേഹിക്കുന്നവരാകുന്നുള്ളൂ. കാരണം, ഈശോ, ദൈവം സ്നേഹമാണ്. ഈശോ ഈ ലോകത്തെ സ്നേഹിച്ചു. ഈ ഭൂമിയുടെ ഗന്ധം അവന്‍ ഇഷ്ടപ്പെട്ടു. അവന്‍ മരങ്ങളെ സ്നേഹിച്ചു. കിളികളെ സ്നേഹിച്ചു. അവന്‍ സര്‍വചരാച്ചരങ്ങളെയും സ്നേഹിച്ചു, കാരണം അങ്ങനെയേ, ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കൂ. ഒരു painting നെ സ്നേഹിക്കാന്‍ കഴിയാതെ എങ്ങനെ painter റിനെ സ്നേഹിക്കും? ഒരു കവിതയെ സ്നേഹിക്കാതെ, എങ്ങനെ കവിയെ സ്നേഹിക്കുവാന്‍ കഴിയും?

അതുകൊണ്ട്, നിന്റെ സഹോദരനെ നീ വെറുത്താല്‍, ശത്രുവിനെ നീ ദ്വേഷിച്ചാല്‍, അവളെ, അവനെ കൊന്നാല്‍, അവരെ പീഡിപ്പിച്ചാല്‍, അവരെ നിന്റെ കുടുംബത്തില്‍ നിന്ന്, സമൂഹത്തില്‍നിന്ന് പുറത്താക്കിയാല്‍, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? അവള്‍, അവന്‍ നിന്റെ ശത്രുവാണെന്നു പറഞ്ഞ്, നിന്റെ മേലങ്കി എടുത്തവരാണെന്ന് പറഞ്ഞ്, കടംമേടിച്ചത് തിരിച്ചു തരാത്തവരാണെന്ന് പറഞ്ഞ് അവരെ ഇല്ലാതാക്കിയാല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? സ്കൂളില്‍ വികൃതി കാണിക്കുന്ന കുട്ടിയെ സ്നേഹത്തോടെ, ദൈവത്തിന്റെ സ്നേഹത്തോടെ സമീപിക്കാതെ, അവനെ, അവളെ ഡിസ്മിസ്സ്‌ ചെയ്‌താല്‍ എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും? എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കും? ആ കുട്ടിയെ എങ്ങനെ സ്നേഹിക്കും എന്നതല്ലാ പ്രശ്നം, എങ്ങനെ നീ നിന്റെ ദൈവത്തെ സ്നേഹിക്കും എന്നതാണ്, എങ്ങനെ നീ ശത്രുവിന്റെമേലുംകൂടി മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന ക്രിസ്തുവിന്റെ കരുണ സ്വന്തമാക്കുന്നവളാകും, സ്വന്തമാക്കുന്നവനാകും എന്നതാണ്?  കാര്യം നിസ്സാരവുമല്ല, പ്രശ്നം ഗുരുതരവുമാണ്.

ഈശോ ഇസ്രായെല്‍ക്കാര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇതായിരുന്നു, സ്നേ ഹമുള്ളവരെ. ഇന്ന് നമ്മുടെ മുന്‍പിലും ഈശോ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇത് തന്നെ. ഈശോ നമ്മെ നോക്കുമ്പോള്‍ കാണുന്നത് മുഖം മൂടികളാണ്; പല വര്‍ണത്തിലുള്ള, രൂപത്തിലുള്ള, വലിപ്പത്തിലുള്ള മുഖം മൂടികള്‍. നോക്കൂ…..കാണാന്‍ എത്ര മനോഹരമാണ്! പക്ഷെ, നമ്മുടെ യഥാര്‍ത്ഥ മുഖങ്ങളോ?

ഈശോ നമ്മുടെ സ്വഭാവമായി, ചൈതന്യമായി, ക്രൈസ്തവന്റെ മുഖമുദ്രയായി, ഒരേയൊരു ശക്തിയായി നല്‍കിയിരിക്കുന്നത് സ്നേഹമാണ്, സ്നേഹം മാത്രമാണ്. ഈ സ്വഭാവം, ചൈതന്യം, ശക്തി നഷ്ടപ്പെടുത്താന്‍ പാടില്ല. ഒരംശംപോലും നഷ്ടപ്പെടുത്താന്‍ പാടില്ല. ഇത് സംരക്ഷിക്കണം. ശത്രുവിനെ ദ്വേഷിക്കാനല്ലാ, ശപിക്കുന്നവരെ തിരിച്ചു ശപിക്കാനല്ല, ഈ energy, സ്നേഹം ഉപയോഗിക്കേണ്ടത്. മറിച്ച്, ശത്രുവിനെപ്പോലും സ്നേഹിക്കാന്‍, ദ്രോഹിക്കുന്നവര്‍ക്കുവേണ്ടിക്കൂടി  പ്രാര്‍ഥിക്കാന്‍, തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കടംകൊടുക്കാന്‍ ഈ energy, സ്നേഹം നാം ഉപയോഗിക്കണം. ലോകം പറയും നിങ്ങള്‍ മണ്ടന്മാരാണെന്ന്. Business management കാര്‍ പറയും ശുദ്ധ മണ്ടത്തരമെന്നു. പക്ഷെ ഈശോ പറയും, ഇതാണ് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന്.

ഇത് വെറും ധാര്‍മിക നിയമങ്ങളായി കരുതരുതേ! ധാര്‍മിക നിയമങ്ങളല്ല, നമ്മുടെ ഉള്ളില്‍ സംഭവിക്കേണ്ട മാറ്റമാണ്, ഉള്ളില്‍ നിറയേണ്ട ചൈതന്യത്തിന്റെ, ശക്തിയുടെ കാര്യമാണ് ഈശോ പറയുന്നത്. ക്രൈസ്തവ ജീവിതമെന്ന് പറയുന്നത് ഈ ശക്തിയുടെ നിറവായിരിക്കണം; അതിന്റെ കവിഞ്ഞൊഴുകലായിരിക്കണം. വെള്ളം ചൂടാക്കൂ. 100 ഡിഗ്രി യാകുമ്പോള്‍ അത് നീരാവിയാകും. 99 ഡിഗ്രി – ചൂടാണ്, പക്ഷെ വെള്ളം തന്നെ. 99.9 – അപ്പോഴും വെള്ളം തന്നെ. എന്നാല്‍ 100 ഡിഗ്രി- it evaporates! it jumbs!!  നീരാവിയായി !!

ഇന്ന് ക്രൈസ്തവരുടെ ജീവിതങ്ങള്‍ ജലമായി നില്‍ക്കുകയാണ്, കെട്ടിക്കെടുക്കുകയാണ്. അതിനു മാറ്റം സംഭവിക്കുന്നില്ല. പക്ഷെ നാറ്റം ഉണ്ടുതാനും! ഏശയ്യാ പ്രവാചന്‍ പറയുന്നപോലെ, നിങ്ങളുടെ ശിരസ്സ്‌ മുഴുവന്‍ വൃണമാണ്. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ, മുകള്‍ മുതല്‍ താഴെത്തട്ടുവരെ, ക്ഷതമെല്‍ക്കാത്ത ഒരിടവുമില്ല. ചതവുകളും, രക്തമൊലി ക്കുന്ന മുറിവുകളും മാത്രം! നാം ദേഷ്യപ്പെട്ടുകൊണ്ട്, ചീത്ത പ്രവര്‍ത്തികളിലൂടെ, കേസും, കേസിനുമേല്‍ കേസുമായി, അയല്‍വക്കക്കാരുമായി കലഹിച്ചും, പിതൃസ്വത്തിനായി കടിപിടി കൂട്ടിയും, പള്ളികളുടെ പേരില്‍ തര്‍ക്കിച്ചും, സസ്പണ്ട് ചെയ്തും, ഡിസ്മിസ് ചെയ്തും ചെയ്യിച്ചും, മദ്യപിച്ചും, ആഘോഷിച്ചും, ദൈവം നമുക്ക് നല്‍കിയ ശക്തിയെ ദുരുപയോഗിക്കുകയാണ്. നിസ്സാരമായ വിജയങ്ങള്‍ക്കുവേണ്ടി നാം ക്രിസ്തുവിനെ മറക്കുകയാണ്, പണ്ടത്തെ യഹൂദരേപ്പോലെ!!! പിന്നെങ്ങിനെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്? കരുണയുടെ പ്രതിരൂപങ്ങളാകുന്നത്?

സമാപനം

സ്നേഹമുള്ളവരെ, ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ കാണാന്‍ സാധിക്കണമെങ്കില്‍ അത് നീലയോ, പച്ചയോ ആയിരിക്കണമെന്നില്ല. പക്ഷെ അതിനു ഒരു നിറമുണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കണമെങ്കില്‍ അതിനു ഒരു pitch ഉണ്ടായിരിക്കണം. ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനെ സ്പര്‍ശിക്കാന്‍ കഴിയണമെങ്കില്‍ അത് പരുപരുത്തതോ, കാഠിന്യമുള്ളതോ, മാര്‍ദവമുള്ളതോ ആയിരിക്കണം. അതുപോലെ, ഈ ലോകത്തില്‍ ഒരു ക്രൈസ്തവനെ കാണാനും, കേള്‍ക്കാനും സ്പര്‍ശിക്കാനുമൊക്കെ സാധിക്കണമെങ്കില്‍ അവളില്‍, അവനില്‍ സ്നേഹമുണ്ടായിരിക്കണം, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന സ്നേഹം, മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറാനുള്ള ഹൃദയം. അതിനായി, ഈ വിശുദ്ധ ബലി നമ്മെ സഹായിക്കട്ടെ.

SUNDAY SERMON Lk 10,25-37

ലൂക്കാ 10, 25 – 37

സന്ദേശം

Image result for images of Jesus the good samaritan

ശ്ലീഹാക്കാലത്തിലെ മൂന്നാം ഞായറാഴ്ച നല്ല സമരിയാക്കാരന്റെ കഥയുമായി ദൈവവചനം നമ്മെ സമീപിക്കുമ്പോള്‍, ഉയരുന്ന ചോദ്യം ഇതാണ്: എന്താണ് നല്ല സമരിയാക്കാരന്റെ കഥയിലൂടെ ഈശോ എന്നോട്, നമ്മളോട് ഇന്ന് പറയുവാന്‍ ആഗ്രഹിക്കുന്നത്? തത്വ ശാസ്ത്രജ്ഞന്മാരില്‍ മുന്‍പനായ സോക്രട്ടീസിന്റെ രീതി സ്വീകരിച്ചുകൊണ്ട്, നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച നിയമജ്ഞനെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുകയാണ് ഈശോ. ഉത്തരം മനോഹരമാണ്: സ്നേഹിക്കുക: ഒന്ന്, ദൈവത്തെ പൂര്‍ണ മനസ്സോടെ, പൂര്‍ണ ഹൃദയത്തോടെ പൂര്‍ണ ആത്മാവോടെ, പൂര്‍ണ ശക്തിയോടെ. രണ്ട്, അയല്‍ക്കാരനെ നിന്നെപ്പോലെ. ആരാണ് അയല്‍ക്കാരനെന്നുള്ള ചോദ്യത്തിനും അവനെക്കൊണ്ട്‌ തന്നെ ഉത്തരം പറയിപ്പിച്ച ഈശോയുടെ ഉദ്ദേശ്യം പക്ഷെ, ആരാണ് അയല്‍ക്കാരനെന്നു പറയുകയായിരുന്നില്ല, പിന്നെയോ, ഈശോ നമ്മെ ക്ഷണിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ധ്യാനത്തിലേയ്ക്കാണ്. കരുണയുള്ള ഹൃദയമുള്ളവനായി നീ ജീവിക്കുമ്പോള്‍, നീ കണ്ടുമുട്ടുന്ന നിന്റെ സഹോദരങ്ങളുമായി നീയെങ്ങനെ ബന്ധപ്പെടുന്നു എന്നതാണ് ഈശോ ഉയര്‍ത്തുന്ന ചോദ്യം. How do you relate with your sisters and brothers? സന്ദേശമിതാണ്: മനുഷ്യ ബന്ധങ്ങളെ സ്വന്തമെന്ന പോലെ കണ്ടു പരിപാലിക്കുക, പരിപോഷിപ്പിക്കുക.

വ്യാഖ്യാനം

നമ്മുടെ ബന്ധങ്ങള്‍ നാം കരുതുന്നപോലെ ആകസ്മികമൊന്നുമല്ല. നമ്മുടെ കുടുംബബന്ധങ്ങള്‍ – ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം, മാതാപിതാക്കളും മക്കളും തമ്മില്‍, സുഹൃ ത്തുക്കള്‍ തമ്മില്‍, നാം അനുദിനം കണ്ടുമുട്ടുന്ന ഓരോരുത്തരും തമ്മിലുള്ള ബന്ധങ്ങള്‍ എല്ലാം വെറും ആകസ്മികമല്ല. “ദൈവം യോജിപ്പിച്ചത്” എന്നൊരു വിശേഷണം ബന്ധങ്ങള്‍ക്ക് നല്‍കുന്നത് ക്രിസ്തുവാണ്‌. അത് വിവാഹബന്ധത്തിനു മാത്രമല്ല, എല്ലാ ബന്ധങ്ങള്‍ക്കും ഇണങ്ങും. ഒരു ബന്ധത്തിന്റെ കണ്ണിയായിത്തീരുക എന്നത് ദൈവത്തിന്റെ കണക്കും കരുതലുമാണ് കാണിക്കുന്നത്. അതുകൊണ്ട് എല്ലാ ബന്ധങ്ങളെയും നാം വിലമതിക്കണം. കാരണം, ദൈവത്തിന്റെ കണക്കുകൂട്ടലും കരുതലുമാണ് ഓരോ ബന്ധവും.

ജീവിതത്തിന്റെ വഴികളില്‍ നമ്മുടെ അടുത്ത് വരുന്നവരും നാം കണ്ടുമുട്ടുന്നവരും പല തര  ക്കാരായിരിക്കാം. അക്രമികളുടെ കയ്യില്‍പെടുന്നവരാകാം. വിവസ്ത്രനാകാം. തെറ്റിധാരണയുടെ പേരില്‍, കുറവുകളുടെ പേരില്‍, നഗ്നരാക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. സാമ്പത്തിക ഞെരുക്കങ്ങള്‍ മൂലം, ജോലിയില്ലായ്മകൊണ്ട്, ലോണ്‍തിരിച്ചടയ്ക്കാന്‍ പറ്റാത്തതുകൊണ്ട്, ഈയിടെ ആത്മഹത്യ ചെയ്ത വ്യവസായിയെപ്പോലെ എന്ത് ചെയ്തിട്ടും മുന്നോട്ട് പോകാന്‍ പറ്റാത്തതുകൊണ്ട്, ന്യായമായും അന്യായമായും പ്രഹരിക്കപ്പെടുന്നവരുണ്ടാകാം. ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ how do you relate with them? സുവിശേഷം മൂന്ന് വ്യക്തികളുടെ മനോഭാവം കാണിക്കുന്നു: പുരോഹിതന്‍, കണ്ടു കടന്നുപോയി. ലെവായന്‍, കണ്ടെങ്കിലും കടന്നുപോയി. സമരായന്‍, കണ്ടു മനസ്സലിഞ്ഞു. ഇതില്‍ ഏതു കണ്ണോടു കൂടി യാണ് സ്നേഹിതരെ നമ്മള്‍ ജീവിക്കുന്നത്? വീട്ടില്‍ അസുഖമായി കിടക്കുന്ന മാതാപിതാക്കളുമായി ഏതു ബന്ധം? അയല്‍പക്കത്തെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത സഹോദരനോട് ഏതു ഭാവം?…

ആ സമരായന്‍ relate ചെയ്യുന്നത് നോക്കൂ! കണ്ടു, മനസ്സലിഞ്ഞു, അടുത്തുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. എന്താണ് എണ്ണയും വീഞ്ഞും? അയാളുടെ first aid box ല്‍ ഉള്ളവയാണ്.  ഓര്‍ക്കണം യാത്ര പകുതിയേ ആയിട്ടുള്ളൂ, യാത്രാ മദ്ധ്യേയാണയാള്‍. ഇനിയുള്ള യാത്രയിലും എന്തെങ്കിലും സംഭവിക്കാം. ചെയ്യുന്നത് മണ്ടത്തരമാണെന്ന് ലോകം പറയും. എങ്കിലും തന്റെ സുരക്ഷിതത്തിനുള്ളവപോലും അയാള്‍ പങ്കുവയ്ക്കുകയാണ്.

എന്നിട്ട് തന്റെ കഴുതയുടെ പുറത്ത് കയറ്റി. എന്താണ് കഴുതയുടെ പുറം? ഒരു സഞ്ചാരിയുടെ, യാത്രക്കാരന്റെ അവകാശമാണ് അയാളുടെ കഴുതയുടെ പുറം. ശരിയായ ബന്ധം എന്നുപറഞ്ഞാല്‍ ഇതാണ്: എന്റെ അവകാശവും കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ചുമ്മാ പൈസ കൊടുക്കുന്നതില്‍ മാത്രം, ഒന്ന് ചിരിച്ചു കാണിക്കുന്നതില്‍ മാത്രം ബന്ധങ്ങള്‍, ബന്ധങ്ങള്‍ ആകുകയില്ല. എന്റെ അവകാശത്തിലും കൂടി….! കൈയെ ത്താവുന്ന ദൂരത്തില്‍ കാല്‍വരി നില്‍ക്കുമ്പോള്‍ ഈശോ പറഞ്ഞില്ലേ? ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ലാ, സ്നേഹിതന്മാരെന്നാ വിളിച്ചത്. അവിടുത്തെ അവകാശത്തില്‍ ഈശോ അവരെ പങ്കുകാരാക്കുകയാണ്.

ആ നല്ല ശമാരായന്‍ തന്റെ കഴുതയുടെ പുറത്ത് കയറ്റി അയാളെ ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു. സ്നേഹിതരെ, നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. വേറൊരു ജീവിയും ഇത്രയും ബലഹീനമല്ല. നമുക്ക് പക്ഷിയെപ്പോലെ പറക്കാന്‍ കഴിയില്ല. ചീങ്കണ്ണിയെപ്പോലെ നീന്താന്‍, കുരങ്ങിനെപ്പോലെ മരം കയറാന്‍ നമുക്ക് കഴിയില്ല. കഴുകനെപ്പോലെയുള്ള കണ്ണ്, കാട്ട് പൂച്ചയെപ്പോലെയുള്ള പല്ല് നമുക്കില്ല. ഒരു ചെറിയ പ്രാണിക്ക് പോലും നമ്മെ കൊല്ലാം. മനുഷ്യന്‍ ഏറ്റവും ബലഹീനമായ വര്‍ഗമാണ്. ഇത്രയും ബലഹീനമായ നമുക്കുവേണ്ടി ദൈവത്തിന്റെ കരുതലാണ് ബന്ധങ്ങള്‍. നമുക്കൊക്കെ ഏതെങ്കിലും ചുമലുകളെ താങ്ങി നിന്നേ പറ്റൂ. ഒപ്പം, ചുമലുകളാകാനും നമുക്ക് കഴിയണം.

അയാള്‍ ആ മനുഷ്യനെ പരിചരിച്ചു. സത്രം എന്തിനാണ്? യാത്രക്കാരന് വിശ്രമിക്കാന്‍. അത് അവന്റെ ആവശ്യവും അവകാശവുമാണ്. അവനുമായുള്ള ബന്ധത്തില്‍ അയാള്‍ അതും മാറ്റിവയ്ക്കുകയാണ്. അയാള്‍ അവനെ പരിചരിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും സാമ്യം? അയാളും ഞാനും തമ്മില്‍? അയാള്‍ ബന്ധങ്ങളെ പരിപാലിക്കുകയാണ്, പരിപോഷിപ്പിക്കുകയാണ്. ഞാനോ?

ശമരിയാക്കാരന്‍ രണ്ടു ദാനാറ സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ട് അവന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ഇന്ന് നമ്മുടെ കേരളത്തില്‍ കൊച്ചു കുഞ്ഞുങ്ങളുടെ പോലും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ നമുക്കാകുന്നില്ല.

വെറുതെ അയല്‍ക്കാരനാരാണെന്ന് പറയാനല്ലാ ഈശോ ഈ ഉപമ പറഞ്ഞത്. മനുഷ്യ ബന്ധങ്ങളുടെ പരിപാലന എങ്ങനെയെന്നു നമ്മെ പഠിപ്പിക്കാനാണ്. അത് മനുഷ്യരോട് മാത്രമല്ലാ, പ്രകൃതിയുമായുള്ള ബന്ധത്തിലും അങ്ങനെതന്നെ.

ഓര്‍ക്കുക, തിരുത്തുന്നതിനെക്കാള്‍, സ്വീകരിക്കാനാണ്‌ ഒരാള്‍ ബന്ധങ്ങളില്‍ അഭ്യസിക്കേണ്ടത്. കളയും വിളയും വേര്‍തിരിക്കാനല്ലാ, രണ്ടും കൂടുന്ന ഭൂമി സ്വീകരിക്കുകയാണ് വേണ്ടത്. ശമരിയാക്കാരന്‍ ഒരിക്കലും ആ മനുഷ്യനെ കുറ്റപ്പെടുത്തുന്നില്ല. അയാളെ സ്വീകരിക്കുകയാണ്, ജറീക്കൊയിലെയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത അയാളുടെ മണ്ടത്തരത്തോടുകൂടി! ബ്നധങ്ങളുടെ ശ്രേഷ്ടതയാണ് ഈശോ നമ്മെ കാണിച്ചുതരുന്നത്. ഈ ശ്രേഷ്ടതയിലേക്ക് വളരാന്‍ സാധിച്ചാല്‍ നാമാരെയും നഷ്ടപ്പെടുത്തുകയില്ല!

സ്നേഹമുള്ളവരെ, വീണ്ടും വായിച്ചുനോക്കൂ…. ഈ ഉപമ പൂര്‍ണമല്ല. ആരാണ് പൂര്‍ണമാക്കേണ്ടത്‌? വായനക്കാരും, കേള്‍വിക്കാരും. എപ്പോഴാണ് ഈ ഉപമ പൂര്‍ണമാകുക? ശമരിയാക്കാരന്‍ തിരിച്ചുവരണം…….ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്ങനെ? എന്നിലൂടെ, നിങ്ങളിലൂടെ ഈ ശമരിയാക്കാരന്‍ തിരിച്ചുവരണം. എങ്കിലേ, ഈ കഥ പൂര്‍ണമാകൂ.

സമാപനം

ഇനിയുള്ള നമ്മുടെ ജീവിതം സ്നേഹിതരേ, ഈ കഥ പൂര്‍ണമാക്കാന്‍ ആകട്ടെ. നമ്മുടെ കുടുംബ, സാഹോദര്യ സുഹൃത് അയല്‍വക്ക ബന്ധങ്ങള്‍ ദൈവത്തിന്റെ നമ്മോടുള്ള കരുതലും സ്നേഹവുമാണ്. ശമരിയാക്കാരനെപ്പോലെ ബന്ധങ്ങളെ പരിപാലിക്കാന്‍, പരിപോഷിപ്പിക്കാന്‍ ഈ ഉപമ നമുക്ക് പ്രചോദനമാകട്ടെ. അപ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ദൈവത്തിന്റെ കൃപകള്‍കൊണ്ട് നിറയും. ഈ ഭൂമി പറുദീസായാകും.

Swargeeya Dhanyam – “Revelations on Holy Eucharist” visits you soon!!

SERMON CORPUS CHRISTI

യോഹ 6, 51-59

 സന്ദേശം

Related image

അവസാന അത്താഴവേളയില്‍ അപ്പമെടുത്ത് “ഇതെന്റെ ശരീരമാകുന്നു”വെന്ന് (ലൂക്ക 22, 19) ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മയുടെ,  മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗത്തിന്റെ, രക്ഷാകരചരിത്രത്തിന്റെ തോടും, പുഴയും, കൈവഴികളും ഒരു ബിന്ദുവില്‍ സംഗമിച്ച നിമിഷത്തിന്റെ സമോന്നതമായ ആഘോഷമാണ് നാമിന്നാചരിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍. ഈ തിരുനാളിന്റെ സന്ദേശം: മനുഷ്യ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയെപ്പോലെ മുറിയ്ക്കപ്പെടാനും ചിന്തപ്പെടാനും തയ്യാറാകുക.

വ്യാഖ്യാനം

ദൈവസ്നേഹത്തിന്റെ പാരമ്യതയാണ് വിശുദ്ധ കുര്‍ബാന. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും, വലിയ ആഘോഷവും വിശുദ്ധ കുര്‍ബാനയാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ ഹല്ലേലൂയാ ഗീതം ഏതാണ്? ഏറ്റവും വലിയ ആരാധന? ഏറ്റവും വലിയ സ്തുതിപ്പ്? ഉത്തരം ഒന്നേയുള്ളൂ – വിശുദ്ധ കുര്‍ബാന!

ഈശോയുടെ ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ വലിയ ആത്മാവിഷ്കരമായിട്ടാണ് സെഹിയോന്‍ മാളികയില്‍ വിശുദ്ധ കുര്‍ബാന പിറവി എടുക്കുന്നത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ  (യോഹ, 13, 1-11) അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്.

അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികമായിരുന്നു, ജീവിത ബന്ധിയായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു. ഈശോ പറയുന്നു: ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍  നല്‍കുന്ന അപ്പം എന്റെ ശരീരമാകുന്നു. (യോഹ:6,51) മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു.

ഈ അനുഭവമാണ് വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനെ ഇന്നും പ്രസക്തമാക്കുന്നത്‌. ഇതുകൊണ്ടാണ് ഇന്നും വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നത്. ഇന്ന് നാം ഓര്‍ക്കണം: ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടിമാത്രമായായിരുന്നു. പ്രഭാതവേളകളിലെ ദൈവിക മുഹൂര്‍ത്തങ്ങളിലൂടെ, നിശബ്ദതയില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിക്കൊണ്ടും തന്നിലുള്ള അപ്പാവതാരത്ത്തിന്റെ ആത്മീയസാധ്യതകളിലേക്ക് അവിടുന്ന് ഉയരുകയായിരുന്നു. ക്രൈസ്തവന്റെ ജീവിതം തന്നെയായ വിശുദ്ധ കുര്‍ബാനയെന്ന ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ക്രൈസ്തവര്‍ നെഞ്ചേറ്റുന്നത് ദൈവം അപ്പമായി ത്തീരുന്ന വിശുദ്ധ കുര്‍ബാനയുടെ സന്ദേശം വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നതുകൊണ്ടാണ്. ജീവിത സാഹചര്യങ്ങളില്‍ മുറിക്കപ്പെട്ടും ചിന്തപ്പെട്ടും വിശുദ്ധ കുര്‍ബാനയായിത്തീരാനാനുള്ള വെല്ലുവിളിയാണ്, ആഹ്വാനമാണ് ഈ ദിനത്തില്‍ മുഴങ്ങുന്നത്. വിശുദ്ധ കുര്‍ബാനയുടെ ഈ സന്ദേശമാണ് പ്രപഞ്ചം മുഴുവന്‍ നാം കാണുന്നത്. മഹാകവി ഉള്ളൂര്‍ തന്റെ സുഖം, സുഖം എന്നാ കവിതയില്‍ പാടുന്നത് അതാണ്‌: ഇറുപ്പവന്നും മലര്‍ ഗന്ധമേകും/വെട്ടുന്നവന്നും തരു ചൂടകറ്റും/ഹനിപ്പവന്നും കിളി പാട്ടുപാടും/പരോപകാര പ്രവണം പ്രപഞ്ചം. ഈ പ്രപഞ്ച ത്തിന്റെ ജീവന്‍, തുടിപ്പ്, പ്രവണം മറ്റുള്ളവര്‍ക്കായി ഇല്ലാതാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച father’s day ആഘോഷിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം വായിച്ചതൊക്കെ നമ്മുടെ അപ്പച്ചന്‍മാര്‍ വിശുദ്ധ കുര്‍ബാനകളായി ജീവിക്കുന്നതിനെ ക്കുറിച്ചാണ്. ചോര നീരാക്കി ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും മക്കള്‍ക്കുവേണ്ടി, കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നവനാണ് അപ്പച്ചന്‍, അച്ഛന്‍ തണല്‍മരമാണ്. അച്ഛന്റെ വിയര്‍പ്പിന്പോലും സ്നേഹത്തിന്റെ ഗന്ധമുണ്ട് എന്നിങ്ങനെ നാം പറയുമ്പോള്‍, ഓര്‍ക്കുക നമ്മുടെ അപ്പച്ചന്മാര്‍ വിശുദ്ധ കുര്‍ബാനയാണ്‌ എന്നാണു നാം പറയുന്നത്.  സഹനത്തിന്റെ, വേദനയുടെ യാഗപുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്നതുകൊണ്ടാണ് നമ്മുടെ അപ്പച്ചന്മാരുടെ, അമ്മച്ചിമാരുടെയൊക്കെ ജീവിതങ്ങള്‍ മനോഹരങ്ങളാകുന്നത്, ജീവിതങ്ങള്‍ വിശുദ്ധ കുര്‍ബാനയാകുന്നത്.

ദൈവത്തിന്റെ സഹനമാണ് വിശുദ്ധ കുര്‍ബാനയ്ക്ക് മനോഹാരിത നല്‍കുന്നതും അതിനെ രക്ഷാകരമാക്കുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണ് എന്ന് സാമാന്യവത്ക്കരിക്കുന്നതിന്റെ ആധ്യാത്മിക വ്യാഖ്യാനമാണ് ജീവിതം ബലിയര്‍പ്പണമാണ് എന്ന് പറയുന്നത്. ബലിയര്‍പ്പണത്തിന്റെ അവശ്യഘടകം  ത്യാഗം തന്നെയാണ്. യാഗത്തില്‍ ത്യാഗമില്ലാത്തതുകൊണ്ടല്ലേ,  മനുഷ്യജീവിത സാഹ്യചര്യങ്ങളില്‍ ക്രൈസ്തവര്‍ കുര്‍ബാനയാകാത്തത്? ഇത്രയും കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടും എന്തേ കുര്‍ബാനയുടെ ശരിയായ ചൈതന്യം ക്രൈസ്തവര്‍ മനസ്സിലാക്കുന്നില്ല എന്നത് സങ്കടകരം തന്നെ.

ഈയിടെയുണ്ടായ ഒരു വിവാദം മനസ്സിലെത്തുന്നു. അത് കുര്‍ബാനപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം സാധ്യമല്ലെന്നും, ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം അര്‍ത്ഥശൂന്യമാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പഴയനിയമത്തിലെ ഒരു സംഭവം ഇങ്ങനെയാണ്: ദൈവമായ കര്‍ത്താവിനെതിരെ ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ പാപപ്പരിഹാരമായി ദഹനബലി അര്‍പ്പിക്കുവാന്‍ ദൈവം ദാവീദിനോട് ആവശ്യപ്പെട്ടു. ജെബ്യൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ചെന്ന് മെതിക്കളവും കാളകളും വാങ്ങുവാന്‍ ദാവീദും ഭൃത്യരും ചെന്നു. അരവ്നാ ദാവീദിനോടു പറഞ്ഞു: “യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബാലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിനു ഇതാ കാളകള്‍, വിറകിനു ഇതാ മെതിവണ്ടികളും നുകങ്ങളും…” ദാവീദ് അരവ്നായോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഇത് ഞാന്‍ വാങ്ങൂ. എനിക്ക് ഒരു ചിലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ദാവീദ് അമ്പത് ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിതു ദാവീദ് കര്‍ത്താവിന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2സാമുവല്‍ 24, 18-25)

നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു വേദനയുമില്ലാത്ത ബലി എങ്ങനെയാണ് നാം അര്‍പ്പിക്കുക? കുര്‍ബാനപ്പണമെന്നത് ഈ ‘ചിലവി’ന്റെ ഒരു പ്രകടനമാണ്. അത് സഭയുടെ ശുശ്രൂഷകളോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിക്കുകയല്ലേ ചെയ്യുക? വൈദികന് അടിച്ചുപൊളിക്കാനുള്ളതാണെന്നും വീഞ്ഞുവാങ്ങി സുഖിയ്ക്കാനുള്ളതാണെന്നും പറഞ്ഞു അവഹേളിക്കാനുള്ളതാണോ അത്? അതിനെ നിരുത്സാഹപ്പെടുത്തുന്നതും ശരിയാണോ? ആധ്യാത്മിക കാര്യങ്ങളെ ഗൌരവത്തോടെ കാണാനും, വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ സാമാന്യവത്ക്കരിക്കാതിരിക്കാനും നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന കേവലം ഉപവി പ്രവര്‍ത്തികള്‍ക്കു പകരം വയ്ക്കുന്നത് എത്രയോ ബുദ്ധിശൂന്യമാണ്!

സമാപനം 

സ്നേഹമുള്ളവരെ,  ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്നും, ആ  വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും, അത് നമ്മുടെ രക്ഷയാണെന്നും  നാം    വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍, വിശുദ്ധ കുര്‍ബാനയുടെ ചിന്തയില്‍ ഈ ദിനം ധ്യാനാത്മകമാകണം. ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ ഈ ദിനത്തിന്റെ ഓരോ നിമിഷവും അനുഗ്രഹീതമാകും;  ക്രൈസ്തവജീവിതം വിശുദ്ധ കുര്‍ബാനയാകും.

എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍!

അന്വേഷണം

അന്വേഷണം

Image result for images of searching for God

ഇന്നലെവരെ 

കാണാന്‍കൊതിച്ച്

കാതങ്ങള്‍ നടന്നു!

നാളെ ,

കാണുമെന്നോര്‍ത്ത് 

തപസ്സാച്ചരിച്ചു ഞാന്‍. 

ഇന്ന്,

അറിയുന്നൂ ഞാന്‍ 

മറയാണവയെല്ലാം  

സത്യം നീ മാത്രം!

നിന്നോടോത്ത് ചേരണം.

ചേര്‍ന്ന് രമിച്ച്

സുഖിക്കണം. 

SUNDAY SERMON Luke 7, 31-50

ലൂക്ക 7, 31-50

സന്ദേശം

Image result for images of Jesus and the sinful woman

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്കൊണ്ട് അനുഗ്രഹീതമായ ഈ ഞായറാഴ്ചത്തെ ദൈവവചനം പാപിനിയായ സ്ത്രീയുടെ, ക്രിസ്തുവിനെ കണ്ടുമുട്ടലും തുടര്‍ന്നുണ്ടാകുന്ന അവളുടെ മാനസാന്തരവുമാണ് വിഷയമാക്കുന്നത്. ഇന്നത്തെ ദൈവവചനസന്ദേശം, ക്രൈസ്തവര്‍ ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം എന്നുള്ളതാണ്. മനുഷ്യനെ തന്റെ കാരുണ്യംകൊണ്ട് നിറയ്ക്കുന്ന, മനുഷ്യരെ അനുതാപത്തിലേക്ക്, നന്മയിലേക്ക് നയിക്കുന്ന, മനുഷ്യജീവിതത്തിനു പുതിയ അര്‍ത്ഥവും ദിശാബോധവും നല്‍കുന്ന ക്രിസ്തു സാന്നിധ്യ ങ്ങളായി നാമോരൊരുത്തരും മാറേണ്ടിയിരിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തുവിന്റെ നിറസാന്നിധ്യം തന്നെയാണ് ഈ ദൈവവചനഭാഗത്തിലെ പ്രധാന ആകര്‍ഷണം. ക്ഷണിക്കപ്പെട്ട ഈശോ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണിവിടെ. ആ സാന്നിധ്യ ത്തിലേക്ക് കടന്നുവരുന്ന എല്ലാവരും സന്തോഷത്തിലാണ്. ഈ സാന്നിധ്യത്തിനു രണ്ടു സ്വഭാവങ്ങള്‍ ഉണ്ട്.

ഒന്ന്, ക്രിസ്തുവിന്റെ സാന്നിധ്യം ത്രിത്വത്തിന്റെ സാന്നിധ്യമാണ്, Trinitarian presence ആണ്.  പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ ഈ ചിന്തയ്ക്ക് പ്രാധാന്യവുമുണ്ട്.  ക്രിസ്തുവിന്റെ സാന്നിധ്യം ഒറ്റപ്പെട്ട ഒന്നല്ല. അതില്‍ പിതാവായ ദൈവത്തിന്റെ സ്നേഹവും കരുണയുമുണ്ട്. പുത്രനായ ദൈവത്തിന്റെ എളിമയും സ്വയംശൂന്യമാക്കലും ഉണ്ട്. പരിശുദ്ധാത്മാവായ ദൈവത്തിന്റെ വിശുദ്ധീകരണവും ശക്തിപ്പെടുത്തലും ഉണ്ട്. ഈ ത്രിത്വസാന്നിധ്യത്തിന് ഒരേ സമയം ഒത്തൊരുമയുടെ സൗന്ദര്യവും ശക്തിയും, വ്യത്യസ്ഥങ്ങളായ വ്യക്തിത്വത്തിന്റെ മഹനീയതയും ഉണ്ട്.

ഒരു കുടുംബത്തില്‍ മാതാവും പിതാവും മൂന്നുമക്കളും ഉണ്ടെങ്കില്‍ അവര്‍ ഒരുമിച്ചു പള്ളിയില്‍ പോകുമ്പോള്‍, ഒരുമിച്ച്, ജോലി ചെയ്യുമ്പോള്‍, ഒരുമിച്ച് സിനിമയ്ക്ക് പോകുമ്പോള്‍, പ്രശ്നങ്ങളെ ഒരുമിച്ച് നേരിടുമ്പോള്‍, അതിന്റെ ഭംഗി പറഞ്ഞറിയിക്കാവുന്നതല്ല! എന്തൊരു ശക്തിയായിരിക്കും അവര്‍ക്കുണ്ടാകുക; വിജയവും ഉണ്ടാകും. അവരെ ഒറ്റയ്ക്ക് കാണുമ്പോള്‍പോലും ആ ഒരുമ നമുക്ക് feel ചെയ്യും. എന്നാല്‍, അവര്‍ തമ്മില്‍ എതിര്‍പ്പാണെങ്കില്‍, പരസ്പരം സംസാരിക്കുന്നില്ലെങ്കില്‍, ഒറ്റപ്പെട്ട തുരുത്തുപോലെയാണെങ്കില്‍ സൗന്ദര്യം പോയിട്ട്, ഒരു തുള്ളി നന്മ പോലും ഉണ്ടാകില്ല.

ഈശോയുടെ സാന്നിധ്യം അത്ഭുതം പ്രവര്‍ത്തിക്കുന്നത്, രക്ഷയാകുന്നത്, അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പുപോലും സഖ്യദായകമാകുന്നത്, ആ സാന്നിധ്യം ത്രിത്വസാന്നിധ്യം ആകുന്നതുകൊണ്ടാണ്, ത്രിത്വത്തിന്റെ ഒരുമയുള്ളതുകൊണ്ടാണ്. തീര്‍ച്ചയായും നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ ത്രിത്വസാന്നിധ്യങ്ങളാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ പിതാവിനും പുത്രനും വരയ്ക്കുന്ന നമ്മള്‍, ജോലിയ്ക്കോ, യാത്രയ്ക്കോ, സ്കൂളിലോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഭക്ഷണത്തിനു മുമ്പും ശേഷവും കുരിശു വരയ്ക്കുന്ന നമ്മള്‍, കളിയ്ക്കാനോ, പഠിയ്ക്കാനോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഉറങ്ങാന്‍ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, നമ്മുടെ ജീവിതം മുഴുവന്‍ ത്രിത്വ സാനിധ്യമാക്കുകയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ കുരിശു വരയില്‍ മാത്രം ഒതുങ്ങുന്ന ത്രിത്വസാന്നിധ്യങ്ങളാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യം Catalytic presence ആണ്, ഉത്തേജിപ്പിക്കുന്ന സാന്നിധ്യം ആണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യമാണ്. ഉത്തേജിപ്പിക്കുന്ന, മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യത്തില്‍, ഉത്തേജക വസ്തുവിന്റെ സാന്നിധ്യം മാത്രം മതി, മാറ്റങ്ങള്‍ തനിയെ നടക്കും. ഉദാഹരണത്തിന്. നമ്മള്‍ chemistry class –ല്‍പഠിക്കുന്നത് രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും എന്നല്ലേ? ശരിയാണോ? ഇവ മാത്രം മതിയോ? പോരാ. ഉത്തേജക വസ്തു വേണം. എന്താണത്? Electricity. Electricity- യുടെ സാന്നിധ്യത്തില്‍ രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും. Catalytic agent ആയ Electricity യുടെ role എന്താണ്? Catalytic agent  ആയ Electricity ക്ക് എന്ത് സംഭവിക്കുന്നുവെന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്നുവരെ പിടികിട്ടിയിട്ടില്ല. കാരണം, ജലമുണ്ടാകുന്നതിനുമുമ്പ് അതവിടെയുണ്ട്, അതിനുശേഷവും അവിടെയുണ്ട്.

ഈശോയുടെ സാന്നിധ്യം ഒരു  catalytic സാന്നിധ്യമാണ്. നിറഞ്ഞൊഴുകുന്ന നിലാവില്‍ ഒന്ന് ഇറങ്ങി നില്‍ക്കുക. നിങ്ങളുടെ ഹൃദയം ആനന്ദം കൊണ്ട് നിറയും. നിലാവ് ഒന്നും ചെയ്യുന്നില്ല. നിലാവ് ഒരു catalytic agent ആണ്. മുല്ല പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം. മുല്ലപൂമ്പൊടി catalytic agent ആണ്. ലൂക്കയുടെ സുവിശേഷം അദ്ധ്യായം 19 ല്‍ ഈശോ സക്കേവൂസിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. അല്പം കഴിഞ്ഞു സക്കെവൂസ് എഴുന്നേറ്റ് ഉറക്കെ തന്റെ മാനസാന്തരം അറിയിക്കുകയാണ്. ഈശോ ഒന്നും ചെയ്തില്ല. അവിടെത്തെ സാന്നിധ്യം it was so powerful, magnetic! കാല്‍വരിയില്‍ കുരിശില്‍ കിടക്കുന്ന ഈശോയുടെ സാന്നിധ്യവും ശക്തമായിരുന്നു. കള്ളന്‍ പറഞ്ഞു: കര്‍ത്താവേ, പറുദീസായിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. ഈശോ ഒന്നും ചെയ്തില്ലാ. ഇതെല്ലാം കണ്ടു നിന്ന സൈന്യാധിപന്‍ പറഞ്ഞു: ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു. ഈശോ ഒന്നും ചെയ്തില്ല. അവിടുത്തെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യം  catalytic agent ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

പാപിനിയായ സ്ത്രീ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വസാന്നിദ്ധ്യത്തി ലേക്ക് ഇറങ്ങി നില്‍ക്കുകയാണ്. ശിമയോനാകട്ടെ, മുല്ലപൂമ്പൊടിപോലെയുള്ള ക്രിസ്തുസാന്നിധ്യത്തില്‍ നിന്ന് അകന്നുനിന്നു. പാപിനിയായ സ്ത്രീ ക്രിസ്തുസാന്നിധ്യത്തില്‍ അവളുടെ ഹൃദയം കണ്ണീരായി സമര്‍പ്പിച്ചു. ശിമയോനാകട്ടെ, ഈശോയെ മനസ്സില്‍ അകമെ ഇകഴ്ത്തി സംസാരിച്ചു: “ഇവനൊരു പ്രവാചകനായിരുന്നെങ്കില്‍…”. പുറമെ പുകഴ്ത്തി സംസാരിച്ചു: “ഗുരോ, അരുളിചെയ്താലും.” മനുഷ്യന്റെ സ്വഭാവമാണിത്. അകമേ ഒന്ന്, പുറമേ മറ്റൊന്ന്. മറ്റുള്ളവരെ വിധിക്കുവാന്‍ മനുഷ്യന്‍ മുന്നിലാണ്: “ഇവള്‍ ഒരു പാപിനിയാണല്ലോ?” ഈശോ പാപിനിയോട് പറഞ്ഞു: “നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.” “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ‘എന്റെ സാന്നിധ്യത്ത്തിലേക്ക് ഇറങ്ങി വന്ന നീ, എന്റെ സാന്നിധ്യത്തില്‍ വിശ്വാസം അര്‍പ്പിച്ച നീ, രക്ഷിക്കപ്പെട്ടിരിക്കുന്നു.’ എന്നാല്‍, ശിമയോന്‍, he missed it!

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ മഹത്വം മനസ്സിലാക്കുന്നവര്‍ രക്ഷിക്കപ്പെടും. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈശോയുടെ സാന്നിധ്യത്തിന്റെ മഹത്വത്തിലേക്ക്, വിശുദ്ധ കുര്‍ബാനയില്‍ നിറഞ്ഞു നില്‍ക്കുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക്, കുടുംബ പ്രാര്‍ഥനാവേളയില്‍ കുടുംബത്തില്‍ നിറയുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, പ്രിയരെ, we will miss it. എത്രയോ വട്ടം നമുക്ക് ഈശോയുടെ രക്ഷ നഷ്ടപ്പെട്ടിരിക്കുന്നു! അങ്ങനെ ഇനിയും സംഭവിക്കാതിരിക്കുവാന്‍ ഇന്നത്തെ വചനം നമ്മെ സഹായ്ക്കട്ടെ.

സമാപനം

സ്നേഹമുള്ളവരെ, നമുക്ക് ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം. അതിനു രണ്ടു കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ഒന്ന്, ക്രിസ്തു സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ നാം തയ്യാറാകണം. രണ്ട്, നാം ക്രിസ്തു സാന്നിധ്യങ്ങളാകണം, ത്രിത്വ സാന്നിധ്യങ്ങളാകണം. ശിമയോനെപ്പോലെയാകാതെ, മറ്റുള്ളവരെ വിധിക്കാതെ, ആത്മാര്‍ഥതയോടെ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വ സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കാം. ഈശോയുടെ രക്ഷിക്കുന്ന, സ്നേഹിക്കുന്ന, സുഖപ്പെടുത്തുന്ന സാന്നിധ്യം ഈ വിശുദ്ധ ബലി വഴിയായി നമ്മില്‍ നിറയട്ടെ.

Snehagniyay eriyum thiruhrudayame : Music By Fr Mathews Payyappilly MCBS

സമര്‍പ്പണം

സമര്‍പ്പണം

Image result for images of earthen lamps

ഒരു മണ്‍ചെരാതിന്‍

ജീവനില്‍

സ്വത്വമൊടുക്കി

അര്‍ച്ചനയായ് നല്‍കവേ,

മനസ്സില്‍ ഇടിമുഴക്കം!

വീട്ടിലെത്തിയപ്പോഴോ,

ആയിരം ദീപങ്ങളുടെ

നിറക്കാഴ്ച!!

Communicate with love!!