യോഹ 14, 15 – 16, 25 – 26; 16, 5 – 11
സന്ദേശം

സീറോമലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ പുതിയൊരു കാലത്തിലേക്ക്, ശ്ലീഹാക്കാ ലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ശ്ലീഹാക്കാലത്തിലെ ആദ്യ ഞായറാഴ്ചയിലാണ് നാം പെന്തക്കുസ്താത്തിരുനാള്‍ ആചരിക്കുന്നത്, ആഘോഷിക്കുന്നത്. അമ്പതു ദിവസമായി പരിശുദ്ധാത്മാഭിഷേകത്തിനായി, പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ഥിക്കുന്ന നമുക്ക് ഈ പെന്തക്കുസ്താത്തിരുനാള്‍ നല്‍കുന്ന സന്ദേശമിതാണ്: ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍ ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്.
വ്യാഖ്യാനം
പെന്തക്കുസ്താത്തിരുനാളിന്റെ ദൃശ്യാവിഷ്കാരമെന്നു പറയുന്നത് തീ നാവുകളുടെ രൂപത്തിലുള്ള പരിശുദ്ധാത്മാവിന്റെ വര്‍ഷമാണ്, പരിശുദ്ധാത്മാവിന്റെ പെരുമഴപ്പെയ്ത്താണ്.
ബൈബിളില്‍ മൂന്നു മഴയെക്കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത്, ഉല്‍പ്പത്തി പുസ്തകത്തിലാണ്. ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവത്തിനു വേദനയുണ്ടാകുവാന്‍ മാത്രം മനുഷ്യന്റെ തിന്മ വര്‍ധിച്ചപ്പോള്‍, ആ ദുഷിപ്പിനെയെല്ലാം കഴുകിക്കളയുവാനായിരുന്നു ആദ്യത്തെ മഴ. രണ്ടാമത്തേത്, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ്. ഇസ്രായേലിന്റെ രാജാവായ ആഹാബും ഭാര്യ ജെസബെല്ലും തിന്മ ചെയ്തപ്പോള്‍ ഏലിയ പ്രവാചകന്‍ പറഞ്ഞു: ‘കര്‍ത്താവാണെ, വരും കൊല്ലങ്ങളില്‍ ഇവിടെ മഴയോ, മഞ്ഞോ പെയ്യുകയില്ല’. മൂന്നുവര്‍ഷം കടുത്ത വരള്‍ചയുണ്ടായി. മൂന്നുവര്‍ഷം കഴിഞ്ഞു. ബാല്‍ ദേവന്റെ പ്രവാചകര്‍ മഴയ്ക്കായി പ്രാര്‍ഥിച്ചു, പക്ഷെ, മഴപെയ്തില്ല. എന്നാല്‍ ഏലിയ പ്രവാചകന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ആകാശം കറുത്തിരുണ്ട്, കാറ്റുവീശി, വലിയ മഴപെയ്തു. മൂന്നാമത്തേത്, നാം ഇന്ന് വായിച്ചുകേട്ട അപ്പസ്തോലപ്രവര്‍ത്തനങ്ങളിലാണ്. ആദ്യത്തെ മഴയ്ക്ക് നോഹയുടെ വിശ്വാസത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നു. രണ്ടാമത്തെതിന്, ഏലിയായുടെ ഉറച്ച വിശ്വാ സത്തിന്റെ സൌന്ദര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ, പേടിച്ച, വിശ്വാസം ഇല്ലാത്ത പ്രതീക്ഷയില്ലാത്ത ശിഷ്യരുടെമേല്‍ തീനാവുകളുടെ, പരിശുദ്ധാത്മാവിന്റെ മഴ. അത് ശിഷ്യന്മാരെ സാക്ഷ്യം നല്‍കാന്‍ ശക്തിപ്പെടുത്താനായിരുന്നു, ക്രിസ്തു രക്ഷകനാണെന്നു പ്രഘോഷിക്കുവാന്‍ തയ്യറാക്കുവാനായിരുന്നു, ശിഷ്യരുടെ നിഴലില്‍പോലും രോഗശാന്തിയുടെ ശക്തിയുണ്ടാകും വിധം അവരെ വിശുദ്ധമാക്കുവാനായിരുന്നു, അതിലുമുപരി, ശിഷ്യന്മാരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താനായിരുന്നു. ഈ മഴയായിരുന്നു ആദ്യത്തെ പെന്തക്കുസ്ത.
തിരുസ്സഭ ഇന്ന് നമ്മെ ഇത്തരമൊരു പെന്തക്കുസ്തയിലേക്ക് ക്ഷണിക്കുകയാണ് – ആദ്യ പെന്തക്കുസ്തപോലെ നാമോരോരുത്തരിലേക്കും പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകുവാന്‍, അഗ്നി നാളമായ് പരിശുദ്ധാത്മാവ് നമ്മില്‍ നിറയാന്‍, വിശ്വാസത്തില്‍ സ്ഥിരപ്പെടുവാന്‍, ശക്തിയോടെ സാക്ഷ്യം നല്‍കാന്‍ തിരുസ്സഭ ഇന്ന് നമ്മെ ക്ഷണിക്കുകയാണ്.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് ഒരു സമൂഹത്തിലേക്കു മൊത്തമായിട്ടല്ലാ വരുന്നത്. ഓരോ വ്യക്തിയിലേക്കും പ്രത്യേകമാംവിധം ആത്മാവ് ആവസിക്കുകയാണ്. വചനം പറയുന്നു: “അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങലോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു”. സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുന്ന പണിപ്പുരയാണ്. പരിശുദ്ധാത്മാവിനായി ആരെല്ലാം ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നുണ്ടോ – അത് വചനം ശ്രവിക്കുമ്പോളാകാം, വായിക്കുമ്പോളാകാം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോളാകാം, വീട്ടില്‍ ജോലിചെയ്യുമ്പോളാകാം, മറ്റുള്ളവരെ സഹായിക്കുമ്പോളാകാം – ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുകയാണ്. അന്ന് നിയമജ്ഞഫരിസേയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, പട്ടാളക്കരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, വിജാതീയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല. ആദ്യ പെന്തക്കുസ്തയില്‍ ശിഷ്യരുടെമേല്‍ മാത്രം. അപ്പോള്‍, ആളല്ല പ്രധാനം, സ്ഥലമല്ല, പ്രധാനം, ഒരുക്കമുള്ള, ആഗ്രഹമുള്ള ഹൃദയമാണ് പ്രധാനം.
സ്നേഹമുള്ളവരെ, ഈ വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗം നമുക്കായി, നമ്മിലെ ഒരുക്കമുള്ളവര്‍ക്കായി, ആത്മാവിന്റെ തീനാളങ്ങളെ നിര്‍മിക്കുന്നുണ്ട്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും. കാരണം, ഈ പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. സ്നാപകയോഹന്നാന്‍ എന്താണ് പറഞ്ഞത്? ഞാന്‍ ജലംകൊണ്ട് സ്നാനം നല്‍കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ്കൊണ്ട് സ്നാനം നല്‍കുന്നവന്‍ വരുന്നുണ്ട്. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ലൂക്കാ 11, 13ല്‍ ഈശോ പറയുന്നു: തന്നോട് ചോദിക്കുന്നവര്‍ക്ക് പിതാവ് പരിശുദ്ധാത്മാവിനെ നല്‍കും. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നു: ഉന്നതത്തില്‍ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തില്‍ വസിക്കുവിന്‍. വീണ്ടും പറയുന്നു: പരിശുദ്ധാത്മാവ് വരുമ്പോള്‍ നിങ്ങളെ എല്ലാം പഠിപ്പിക്കും. പാപത്തെക്കുറിച്ചു, നീതിയെക്കുരിച്, ന്യായവിധിയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തും. ആത്മാവാണ് ജീവന്‍ നല്‍കുന്നത്. സ്നേഹമുള്ളവരെ, പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും.
സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആത്മാവിന്റെ ഫലങ്ങളില്ലാതെ ശുഷ്കമായിത്തീര്‍ന്നിരിക്കുകയാണ് നമ്മുടെ ക്രൈസ്തവസാക്ഷ്യം ഇന്ന്. ആത്മാവിനാല്‍ നയിക്കപ്പെടെണ്ട ആത്മീയ ശുശ്രൂഷകര്‍ ഇന്ന് ലോകാരൂപിയാല്‍ നയിയ്ക്കപ്പെടുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് എല്ലാക്കാര്യങ്ങളും വിവാദമാകുന്നത്? ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മെ നയിക്കുന്നവര്‍ക്കുപോലും സാധിക്കുന്നില്ല! നമ്മുടെ കടുംബങ്ങളെവിടെ, മക്കളെവിടെ, യുവജനങ്ങളെവിടെ? ആഘോഷങ്ങളോടും, ആഡംബരത്തോടും വല്ലാത്ത ഭ്രമമാണ് നമുക്ക്. അമ്മമാര്‍ പോലും മക്കളെ കൊല്ലുന്ന, എങ്ങനെയും പണമുണ്ടാക്കണം എന്ന് ചിന്തിക്കുന്ന, വിവാഹ, പൌരോഹിത്യ, സന്യാസ വാഗ്ദാനങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിക്കുന്ന, ഈ ആസുര കാലത്ത്, സ്നേഹമുള്ളവരെ, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. ആത്മാവേ, ഞങ്ങളില്‍ നിറയണമേ എന്ന് പ്രാര്‍ഥിക്കണം.
നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ ആയി മാറിയിരിക്കുകയാണ്, വെറും ബോണ്‍സായി ക്രൈസ്തവ ജീവിതങ്ങള്‍. ബോണ്‍സായി മരങ്ങളെ കണ്ടിട്ടില്ലേ? മരമാണോ, അതെ, ഇലകളുണ്ടോ, ഉണ്ട്, നിറമുണ്ടോ, ഉണ്ട്, രൂപത്തില്‍ മരം പോലെ തന്നെ. പക്ഷെ, ഫലമൊന്നും ഇല്ല. വെറും ഷോ പീസുകള്‍ മാത്രം. നാമൊക്കെ ബോണ്‍സായി ക്രൈസ്തവരായിപ്പോയി എന്ന് സങ്കടത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവരാണോ, അതെ, പള്ളിയില്‍ പോകുന്നുണ്ടോ, ഉണ്ട്, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടോ? ഉണ്ട്, കുടുംബപ്രാര്‍ത്ഥന നടത്തുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷെ ഫലമൊന്നും ഇല്ല. പല യൂണിഫോമിലുള്ള പല റീത്തിലുള്ള, വിഭാഗങ്ങളിലുള്ള ബോണ്‍സായി ക്രൈസ്തവര്‍, വെറും ഷോ പീസുകള്‍. ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍ ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് എന്ന് അറിയാമെങ്കിലും നമുക്ക് വഴിതെറ്റിപ്പോകുന്നു .
സമാപനം
സ്നേഹമുള്ളവരെ, ഈ പെന്തക്കുസ്താത്തിരുനാള്‍ പുതിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ആത്മാവിനായി നമുക്ക് ദാഹിക്കാം. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കാം. നാം സ്വീകരിച്ചിട്ടുള്ള പരിശുദ്ധാത്മാവിനെ നമുക്ക് നിര്‍ വീര്യമാക്കാതിരിക്കാം. പരിശുദ്ധാത്മാവിന്റെ നിറവിന്റെ ആഘോഷമായ ഈ കുര്‍ബാന നമുക്ക് ഒരു പെന്തക്കുസ്താനഭവമായി മാറട്ടെ.