SUNDAY SERMON PALM SUNDAY 2025

ഓശാന ഞായർ -2025

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്. 

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, പെസഹാത്തിരുനാളിന് ജനം മുഴുവൻ ജറുസലേമിൽ തിങ്ങിക്കൂടിയപ്പോൾ, സ്വർഗത്തിൽ നിന്നെന്നപോലെ, വലിയൊരു അത്ഭുതം പോലെ, അന്നുവരെയുണ്ടായിരുന്ന, ലോകത്തിന്റെ അവസാനവരെയുള്ള ജനത്തിന്റെ ഓശാനവിളികൾക്ക്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ എന്ന ജനത്തിന്റെ ഹൃദയം തകർന്നുള്ള കരച്ചിലുകൾക്ക്, മിശിഹായേ വരണമേ എന്ന കണ്ണീരൊഴുക്കിയുള്ള പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം, ഉത്തരമെന്നോണം, ദാവീദിന്റെ പുത്രനായ ഈശോ, ജീവിത ദൗത്യം പൂർത്തീകരിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം പൂർത്തീയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തീയാക്കുവാൻ ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ് കാർപറ്റിനുപകരം തങ്ങളുടെ വസ്ത്രങ്ങൾ, കൊടികൾക്കുപകരം മരച്ചില്ലകൾ, മുദ്രാവാക്യങ്ങൾക്കുപകരം ഈശോ ചെയ്ത അത്ഭുതങ്ങൾ …. തങ്ങൾ എന്താണ് വിളിച്ചുപറയുന്നതെന്നുപോലും അറിയാതെ, ഈശോയെ നീ ദാവീദിന്റെ പുത്രനാണെന്ന ഏറ്റുപറച്ചിലുകൾ, ഒരു രാജാവിനോടെന്നപോലെ, ഹോസാന, ഞങ്ങളെ രക്ഷിക്കണമേയെന്ന വിളികൾ! “ദാവീദിന്റെ പുത്രന് ഹോസാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” (മത്താ 21, 9) സുവിശേഷകന്മാർ ഒരേ സ്വരത്തിൽ പറയുന്നത്, ജനം മുഴുവൻ ആനന്ദത്തിലാറാടി, നഗരം മുഴുവൻ ഇളകിവശായി എന്നാണ്. (മത്താ 20, 10) അന്ന് റോഡ് ഷോകൾക്ക് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു പരിസ്ഥിതി സൗഹൃദ റോഡ് ഷോ അവാർഡ് ഈശോയുടെ ജറുസലേം പ്രവേശത്തിന് ലഭിക്കുമായിരുന്നു!

സ്നേഹമുള്ളവരേ, എന്താണ് നാമിന്ന് ആചരിക്കുന്നത്? ബോധ്യമുണ്ടാകണം നമുക്ക്! ഉയർത്തിപ്പിടിച്ച കുരുത്തോലകളും, ആലപിക്കുന്ന ഓശാനഗീതങ്ങളുമായി നാമിന്ന് ആചരിക്കുന്ന ഓശാനഞായർ ഇന്നത്തെ റോഡ് ഷോകൾപോലെ വെറുമൊരു രാഷ്ട്രീയ നാടകമായിരുന്നില്ല. ജറുസലേം പ്രവേശംഈശോയുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരാശയമായിരുന്നില്ല അത്. അത് രക്ഷാകരചരിത്രത്തിന്റെ ഭാഗമായി ജറുസലേമിൽ അരങ്ങേറേണ്ട രക്ഷാകര സംഭവങ്ങളുടെ കൊടിയേറ്റമായിരുന്നു. അത്, “സീയോൻ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നുഎന്ന സഖറിയ പ്രവാചകന്റെ പ്രവചനത്തിന്റെ (സഖ 9, 9) പൂർത്തീകരണമായിരുന്നു. അത് പിതാവായ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഈശോ എടുത്ത തീരുമാനത്തിന്റെ വലിയ പ്രകടനമായിരുന്നു. ആഘോഷത്തിനുവേണ്ടിയോ, ആചരണത്തിനുവേണ്ടിയോ, സമൂഹത്തിൽ മാനിക്കപ്പെടുവാൻവേണ്ടിയോ, വെറുമൊരു ജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ വേണ്ടിയോ, സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി മറന്നുകളയാൻവേണ്ടിയോ നാമൊക്കെ  നടത്തുന്ന  വെറുതെ ഒരു  പ്രതിജ്ഞപോലെയല്ല, ദൈവമേ നിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാനിതാ വന്നിരിക്കുന്നുഎന്ന് പിതാവായ ദൈവത്തിന് കൊടുത്ത വാക്കിന്റെ പൂർത്തീകരണമായിരുന്നു ഈശോയുടെ ജറുസലേം  പ്രവേശം!

അതുകൊണ്ട് കഴുതപ്പുറത്തേറി വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതിന്റെ ഭ്രാന്തമായ ഒരാവേശംകൊണ്ടായിരുന്നില്ല ഇസ്രായേൽ ജനം അവിടെ അരങ്ങുതകർത്തത്. തിരുനാളാഘോഷത്തിന്റെ ഭാഗമായ ഒരു ആഹ്ലാദപ്രകടനവും അല്ലായിരുന്നു അത്. പിന്നെയോ, ഒലിവിലച്ചില്ലകൾക്കും, ഓശാനഗീതങ്ങൾക്കും, നൃത്തചുവടുകൾക്കും അപ്പുറം, ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം മാത്രം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടും, ഉറച്ച കാൽവയ്പുകളോടും കൂടി വന്ന ശക്തമായ ഒരു മനസ്സിനോടൊത്തുള്ള, വ്യക്തിയോടൊത്തുള്ള ദൈവത്തിന്റെ, മനുഷ്യന്റെ, പ്രകൃതിയുടെ ആഘോഷമായിരുന്നു അത്! ദൈവാനുഭവത്താൽ നിറഞ്ഞ്, ദൈവത്തിന്റെ വാക്കുകൾ പ്രഘോഷിക്കുവാൻ, ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുവാൻ ഒരു വ്യക്തി തയ്യാറായി വരുമ്പോൾ – ആ വ്യക്തി ആരുമായിക്കൊള്ളട്ടെ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഭാര്യയോ ഭർത്താവോ, വൈദികനോ സന്യാസിയോ, മെത്രാനോ ആയിക്കൊള്ളട്ടെ – ആ വ്യക്തിയെ ആരവങ്ങളോടെയല്ലാതെ, ആഘോഷങ്ങളോടെയല്ലാതെ, ആനന്ദനൃത്തങ്ങളോടെയല്ലാതെ പിന്നെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?  

ബുദ്ധമത പാരമ്പര്യത്തിൽ ബുദ്ധനായിത്തീർന്ന ഗൗതമനെ പ്രപഞ്ചം സ്വീകരിക്കുന്ന ഒരു വിവരണമുണ്ട്. പ്രബുദ്ധത നിറഞ്ഞു ബുദ്ധനായിത്തീർന്നശേഷം അദ്ദേഹം താൻ ഉൾക്കൊണ്ട ധർമ്മം പഠിപ്പിക്കാൻ, താൻ അനുഭവിച്ചറിഞ്ഞ ചൈതന്യം ജീവിക്കാൻ, ചൈതന്യത്തിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കാൻ യാത്ര തിരിക്കുകയാണ്. അങ്ങനെ കടന്നു വരുന്ന ബുദ്ധനെ പ്രപഞ്ചം, അസ്ത്വിത്വം മുഴുവൻ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിക്കുന്നത്. ആകാശങ്ങളിൽ പല ദിക്കുകളിൽനിന്ന് പക്ഷികൾ വന്ന് ചുറ്റും പറന്നുനടന്ന് ആഹ്ളാദം പങ്കുവയ്ക്കുകയാണ്. ഉണങ്ങിനിന്ന മരങ്ങളെല്ലാം പൂവണിയുകയാണ്. വരണ്ടുകിടന്ന അരുവികളിൽ ജലം നിറഞ്ഞു അവ കളകളാരവത്തോടെ ഒഴുകുകയാണ്. വീശിയടിച്ച കാറ്റിൽ മരങ്ങളെല്ലാം നൃത്തം ചെയ്തപ്പോൾ ബുദ്ധൻ കടന്നുപോയ വഴികളിലെല്ലാം പുഷ്പവൃഷ്ടിയുണ്ടാകുകയാണ്. വെറും ഗൗതമൻ ബുദ്ധനായി വരുമ്പോൾ, ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രപഞ്ചം സ്വീകരിക്കേണ്ടത്?

എന്തുകൊണ്ടാണ് വിശുദ്ധരുടെ തിരുനാളുകൾ നാം മഹാമഹം ആഘോഷിക്കുന്നത്? വിശുദ്ധരുടെ ജീവിതങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമായിരുന്നു. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തിരുസ്സഭയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചുകൊണ്ട്, സ്വന്തം താത്പര്യങ്ങളും, സൗകര്യങ്ങളും, ഇഷ്ടങ്ങളും ത്യജിച്ചുകൊണ്ട് തിരുസ്സഭയിലൂടെ, സീറോമലബാർ സഭയിലൂടെ, മറ്റ് വ്യക്തിഗതസഭകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിച്ചപ്പോഴാണ് അവരുടെ ജീവിതങ്ങൾ വിശുദ്ധമായത്. നോക്കൂ വിശുദ്ധ പാദ്രെ പിയോയെ?  വിശുദ്ധിയുടെ വഴികളിലൂടെ ഈ ഭൂമിയിലൂടെ നടന്നുപോയപ്പോൾ, തിരുസഭയിൽ നിന്ന് കിട്ടിയ ശിക്ഷണ നടപടികൾ പോലും ദൈവത്തിന്റെ ഇഷ്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കടന്നുപോയ അവരെ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് ഓർമിക്കേണ്ടത്?

എന്തുകൊണ്ടാണ് വിവാഹം നമ്മൾ ആഘോഷമാക്കുന്നത്? രണ്ടു ചെറുപ്പക്കാർ, അവളും, അവനും, അവരുടെ യൗവ്വനത്തിന്റെ കാലഘട്ടത്തിൽ, ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തിരുസ്സഭയെ സാക്ഷിയാക്കി,നീ നൽകിയ ജീവിതപങ്കാളിയോടൊത്ത്  ദൈവമേ നിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ആ വിവാഹം, ആ ദാമ്പത്യം ആഘോഷിക്കുവാൻ മാത്രമുള്ളതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാണ് ഓരോ വിവാഹവും, ദാമ്പത്യജീവിതവും, കുടുംബജീവിതവും! പിന്നീടങ്ങോട്ട് ദൈവത്തിന്റെ മുൻപിലും മനുഷ്യരുടെ മുൻപിലും എടുത്ത് പ്രതിജ്ഞ നിറവേറ്റുവാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് അവരുടെ ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമാക്കി മാറ്റുന്നത്!   

എന്തുകൊണ്ടാണ് തിരുപ്പട്ടവും സന്യാസം സ്വീകരിക്കലും നാം ഉത്സവമാക്കുന്നത്? ദൈവമേ നീ നൽകിയ ജീവിതം മുഴുവനും നിന്റെ ഇഷ്ടം മാത്രം പൂർത്തീകരിക്കുവാൻ ഞാൻ തയ്യാറാണ് എന്നും പറഞ്ഞുകൊണ്ട്, അഭിവന്ദ്യ മെത്രാന്റെ മുൻപിൽ, സഭാ ശ്രേഷ്ഠന്റെ, സഭാ ശ്രേഷ്ഠയുടെ മുൻപിൽ, തിരുസഭയുടെ മുൻപിൽ, മുട്ടുകുത്തി നിന്നുകൊണ്ടോ, കമിഴ്ന്നുവീണ് കിടന്നുകൊണ്ടോ ഏറ്റുപറയുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ജീവിക്കുവാൻ തയ്യറായി നിൽക്കുന്ന ആ ചെറുപ്പക്കാരെ എങ്ങനെയാണ് പ്രിയപ്പെട്ടവരേ നാം സ്വീകരിക്കേണ്ടത്? എങ്ങനെയാണ് ആ മഹാ സംഭവം ആഘോഷിക്കേണ്ടത്? തിരുപ്പട്ടത്തിലൂടെ, സന്യാസജീവിതത്തിലൂടെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ കടന്നുവരുന്ന ചെറുപ്പക്കാരെ ആഘോഷത്തോടെയല്ലേ സ്വീകരിക്കേണ്ടത്?  സന്തോഷത്തോടെയല്ലേ ജീവിതാന്തസ്സിന്റെ വഴികളിലേക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ പറഞ്ഞുവിടേണ്ടത്? ദൈവത്തിന്റെ ഇഷ്ടം ഓരോ നിമിഷവും തങ്ങളിലൂടെ, തങ്ങളുടെ ജീവിതത്തിലൂടെ പൂർത്തിയാക്കുവാൻ അവർ ശ്രമിക്കുന്നതുകൊണ്ടല്ലേ ലോകം മുഴുവനും അവരെ ബഹുമാനിക്കുന്നത്!! ക്രിസ്തുവിനുവേണ്ടി, തിരുസ്സഭയ്ക്കുവേണ്ടി, ദൈവജനത്തിനുവേണ്ടി സ്വന്തം അഭിപ്രായങ്ങൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ട്, ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കുന്ന മഹത് വ്യക്തിത്വങ്ങളെ ആഘോഷത്തോടും, ആരവങ്ങളോടുംകൂടി നാം സ്വീകരിക്കുമ്പോൾ അവരുടെ എളിമയിൽ, അവരുടെ സമർപ്പണത്തിൽ നാം ക്രിസ്തുവിനെ കാണുകയാണ്!!

ഓരോ ജീവിതാന്തസ്സിലേക്കുള്ള പ്രവേശവും ഓശാനഞായറിന്റെ ചൈതന്യവും ആഹ്ലാദവും നിറച്ചുകൊണ്ടാണ് ഭൂമിയിൽ പിറന്നുവീഴുന്നത്.

സ്നേഹമുള്ളവരേ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജനും, പുറത്തേയ്ക്ക് വിടുന്ന കാർബൺ ഡയോക്സൈഡും, ഇവ രണ്ടുംകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഹൃദയത്തോടെ ദൈവം കനിഞ്ഞു നൽകിയ ജീവിതവുമായി ഭൂമിയിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുക എന്നതിൽ കവിഞ്ഞ്, മനുഷ്യന്, ക്രൈസ്തവന് എന്താണ് ഭൂമിയിൽ ചെയ്യുവാനുള്ളത്? അങ്ങനെ കടന്നുവരുന്ന ക്രൈസ്തവനെ കണ്ടെത്തുവാൻ, തിരിച്ചറിയുവാൻ ജെറുസലേമിലേക്കു രാജകീയ പ്രവേശം നടത്തുന്ന ക്രിസ്തുവിനെ നോക്കിയാൽ മതി. കാരണം, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുന്ന ഒരു വ്യക്തിയിൽ അവശ്യം തെളിഞ്ഞു നിൽക്കുന്ന എല്ലാ ഗുണങ്ങളും കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിൽ കണ്ടെത്തുവാൻ നമുക്ക് കഴിയും.

ഒന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ തീരുമാനിക്കുന്ന ഒരുവൻ എളിമപ്പെടുന്നു. ഈശോ വിനയാന്വിതനായി കഴുതപ്പുറത്താണ് തന്റെ രാജകീയ പ്രവേശം നടത്തുന്നത്. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്’ (മത്താ 11, 29) എന്ന് മൊഴിഞ്ഞ ഈശോ ജീവിതത്തിന്റെ വഴികളിൽ തന്റെ വാക്കുകൾക്ക് ജീവൻ കൊടുക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ മത നേതാക്കളെപ്പോലെ ശീതീകരിച്ച വാഹനങ്ങളിലിരുന്ന് ജനത്തിനുനേരെ കൈവീശുന്ന, ശീതീകരിച്ച മുറികളിലിരുന്ന് പട്ടിണിപ്പാവങ്ങൾക്കുവേണ്ടി പ്രകടനപത്രികകളും, ലേഖനങ്ങളും, പ്രസ്താവനകളും പടച്ചുവിടുന്ന ഒരു നേതാവായിട്ടല്ല ഈശോ കഴുതപ്പുറത്തു എഴുന്നള്ളിയത്. ആ വൈരുധ്യങ്ങളുടെ രാജകുമാരനിൽ എളിമയുള്ള, ആത്മാർത്ഥതയുള്ള ഒരു ഹൃദയം കാണുവാൻ ജനങ്ങൾക്ക് സാധിച്ചു. 

ദൈവത്തിന്റെ ഇഷ്ടം ജീവിതവൃതമായി സ്വീകരിച്ചുകൊണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ വളർന്ന മഹാത്മാഗാന്ധിജിയെ ആനന്ദത്തോടെ ഭാരതം ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ എളിമകൊണ്ടായിരുന്നു. മഹാത്മാവിനെ ദരിദ്രനായി കാണുവാൻ അന്നത്തെ പല സവർണ നേതാക്കൾക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, ദരിദ്രന്റെ തേർഡ് ക്ലാസിലൂടെ ഗാന്ധി നടത്തിയ ഓരോ ട്രെയിൻ യാത്രയും ഭാരതത്തിലെ സാധാരണ ജനത്തിന്റെ ഹൃദയത്തിലേക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രകളായിരുന്നു. ട്രെയിൻ നിറുത്തിയ സ്റ്റേഷനുകളിൽ അദ്ദേഹത്തിനുകിട്ടിയ സ്വീകരണങ്ങൾ ഈശ്വരഹിതം പൂർത്തിയാക്കുവാൻ നിശ്ചയദാർഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യന് കിട്ടിയ ആദരവായിരുന്നു; അദ്ദേഹത്തിന്റെ എളിമയ്ക്ക് കിട്ടിയ സ്വീകാര്യതയായിരുന്നു!

രണ്ടാമതായി, ദൈവത്തിന്റെ ഇഷ്ടം ജീവിതമാക്കാൻ ഒരാൾ തീരുമാനിക്കുമ്പോൾ ദൈവത്തോടുള്ള, ദൈവിക കാര്യങ്ങളോടുള്ള തീക്ഷ്ണതയാൽ അയാൾ നിറയുന്നു. കഴുതപ്പുറത്തേറിവന്ന ഈശോ, ജനങ്ങളുടെ ഓശാനവിളികളും, ആഹ്ലാദവും കണ്ട് അഹങ്കരിക്കാതെ, ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. അവിടുന്ന് പിതാവിന്റെ ഭവനം ശുദ്ധീകരിക്കുകയാണ്. (മത്താ 21, 12-14) ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ ആഗ്രഹിക്കുന്നവർ അങ്ങനെയാണ്. നാട്ടിലും, വീട്ടിലും കള്ളുകുടിയും, ചില്ലറ തരികിടകളുമായി കുടുംബം നോക്കാതെ നടന്ന ഒരാൾ, ഒരുനാൾ ധ്യാനത്തിനുപോയി ദൈവാനുഭവം നിറഞ്ഞു പുതിയമനുഷ്യനായി തിരിച്ചുവരുമ്പോൾ അവളിൽ / അവനിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പരിശുദ്ധ അമ്മയെപ്പോലെ, ധ്യാനത്തിന്റെ ഏതെങ്കിലും ഒരു നിമിഷം ഇതാ കർത്താവിന്റെ ദാസി/ ദാസൻ എന്നും പറഞ്ഞു ജീവിതം മുഴുവൻ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ, പിന്നെ ദൈവത്തോടുള്ള തീക്ഷ്ണതയാൽ നിറയുകയാണ്. വീട്ടിലെത്തിയാൽ എല്ലാം clean ചെയ്യുകയാണ്. പൊടിപിടിച്ചു കിടന്ന കർത്താവിന്റെ രൂപം, മാറാലപിടിച്ചുകിടന്ന ക്രൂശിതരൂപം, വീട്ടിലെ മൊത്തം കാര്യങ്ങൾ എല്ലാം ശുദ്ധീകരിച്ചു അവൾ / അവൻ ദൈവത്തിന്റേതാക്കുകയാണ്. അവളുടെ / അവന്റെ പ്രവർത്തികളും, വാക്കുകളും, നടക്കുന്ന വഴികളും എല്ലാം ദൈവത്തോടുള്ള തീക്ഷ്ണതയുടെ പ്രകടനങ്ങളാകുകയാണ്.

മൂന്നാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാനുള്ള ഒരാളുടെ തീരുമാനം അയാളെ സന്തോഷംകൊണ്ട് നിറയ്ക്കുന്നു; ഒപ്പം മറ്റുള്ളവരെയും. പിതാവിന്റെ ഹിതം നിറവേറ്റുവാനായി ജറുസലേമിലേക്ക് കടന്നുവന്ന ഈശോ ഉള്ളുനിറയെ ആനന്ദത്തോടും, സംതൃപ്തിയോടും കൂടിയാണ് ഇസ്രായേൽ ജനത്തിനുമുന്പിൽ നിന്നത്. ആ സന്തോഷം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, പിന്നെ ആൾക്കൂട്ടത്തിലേക്ക് പടരുന്നതായിട്ടാണ് നാം കാണുന്നത്. കുടുംബത്തിന് തലവേദനയായിരുന്ന ഭർത്താവ്, നാണക്കേട് മാത്രമായിരുന്ന അപ്പൻ ധ്യാനം കൂടി നന്മയിലേക്ക് കടന്നുവന്നപ്പോൾ അയാളും കുടുംബം മുഴുവനും ആനന്ദത്താൽ ആർപ്പുവിളിക്കുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? ഓശാന ഞായറാഴ്ച്ചയുടെ സന്തോഷം, ആഹ്ലാദം നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ നിറയാൻ നാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാകണം.

നാലാമതായി, ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുന്ന വ്യക്തി അവൾ /അവൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു അനുഗ്രഹമായിരിക്കും. വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല, വ്യക്തിയുടെ വേദനയും, പീഡാസഹനവും എന്തിന് മരണംപോലും ഒരു അനുഗ്രഹമായിരിക്കും. ഈശോയുടെ സാന്നിധ്യം അവിടെ ജനത്തിന് അനുഗ്രഹമായി മാറുകയാണ്. സുവിശേഷം പറയുന്നതിങ്ങനെയാണ്: ” അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.” (മത്താ 21, 15) പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ തയ്യാറായി വരുന്നവന്റെ സാന്നിധ്യം മാത്രമല്ല, വാക്കുകൾ മാത്രമല്ല, അവളുടെ / അവന്റെ വേദനകൾ പോലും, പീഡാസഹനങ്ങൾ പോലും, എന്തിന് മരണംപോലും അനുഗ്രഹമായിത്തീരും. അതാണ് ഈശോയുടെ ജീവിതം.

സ്നേഹമുള്ളവരേ, ഓശാനഞായർ വെറുമൊരു റോഡ് ഷോ അല്ല. അത് നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും സംഭവിക്കേണ്ട ദൈവിക പദ്ധതിയാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റ ലാണ്; ജീവിതം മുഴുവൻ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കിമാറ്റലാണത്. തിരുസ്സഭയിൽ, സീറോമലബാർ സഭയിൽ, നമ്മുടെ കുടുംബങ്ങളിൽ, നാം ക്രൈസ്തവരുടെ ഇടയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്, എതിർസാക്ഷ്യങ്ങൾക്ക് കാരണം നാമൊക്കെ ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശ്രമിക്കാതെ, നമ്മുടെ അഹന്തയുടെ കുതിരപ്പുറത്തുകയറി യാത്രചെയ്യുന്നു എന്നതാണ്. കുരുത്തോലകളുടെ നൈർമല്യത്തോടെ, നമുക്ക് ഉറക്കെ വിളിക്കാം, ഓശാന, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, നിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാൻ ഞങ്ങളെ ശക്തരാക്കണമേ!

വലിയ ആഴ്ചയിലെ സംഭവങ്ങൾ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കട്ടെ. നമ്മിൽ സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷം, രക്ഷ നിറയട്ടെ. ആമേൻ!

SUNDAY SERMON JN 10, 11-18

നോമ്പുകാലം ആറാം ഞായർ

യോഹ 10, 11-18

ഒരിക്കലും മങ്ങിപ്പോകാത്ത മനോഹരമായ ഒരു ക്രിസ്തീയ സങ്കൽപ്പത്തിന്റെ സുവിശേഷ ആവിഷ്കാരമാണ് ഇന്നത്തെ സുവിശേഷം. സങ്കൽപം എന്തെന്നല്ലേ? ക്രിസ്തു നല്ല ഇടയൻ! അന്യ മതസ്ഥർക്കുപോലും ഇഷ്ടപ്പെട്ട ഒരു രൂപകമാണ് ക്രിസ്തു നല്ലിടയൻ എന്നത്. കലാകാരന്മാർക്ക്, പ്രത്യേകിച്ച്, ചിത്രകാരന്മാർക്ക് ഇഷ്ടപ്പെട്ടതും, സാധരണ മനുഷ്യർ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതും ഈയൊരു ചിത്രമാണ്. ക്രിസ്തു നല്ലിടയൻ എന്ന സുന്ദര ചിത്രം മനസ്സിൽ വച്ചുകൊണ്ട് നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനത്തിലേക്ക് കടക്കാം.

പ്രധാനമായും മൂന്ന് രൂപകങ്ങളാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിക്കുന്നത്. ഒന്ന്, ഇടയൻ. ഈശോ പറയുന്നു: ” ഞാൻ നല്ല ഇടയനാണ്.” (യോഹ 10, 11) രണ്ട്, ആടുകൾ. “നിങ്ങൾ ആടുകളാണ്” എന്ന് ഈശോ പറയുന്നില്ലെങ്കിലും ആടുകൾ എന്ന് പറയുമ്പോൾ മനുഷ്യരെയാണ്, നമ്മെയാണ് ഈശോ മനസ്സിൽ കാണുന്നത്. മൂന്ന്, വാതിൽ. ഈശോ പറയുന്നു: “ഞാനാണ് ആടുകളുടെ വാതിൽ.” (യോഹ 10, 7)  

ഇടയനും ആട്ടിൻകൂട്ടവും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യഘടകമല്ലെങ്കിലും, ഇടയനെക്കുറിച്ചും, ആടുകളെക്കുറിച്ചും നമുക്ക് അറിയാവുന്നതുകൊണ്ട്, ‘ഈശോ നല്ല ഇടയനാണ്എന്ന രൂപകം മനസ്സിലാക്കാൻ നമുക്കു എളുപ്പമാണ്. എവിടെനിന്നാണ് ഈ ആശയം ഈശോയ്ക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു വാദം ഇതാണ്: Jesus lived in India എന്ന പുസ്തകത്തിൽ ഹോൾഗെർ കെർസ്റ്റൻ (Holger Kersten), ബുദ്ധമത പാരമ്പര്യത്തിൽ നിന്നാകാം ഈശോയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചിട്ടുണ്ടാകുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് നിലവിലുണ്ടായിരുന്ന ബുദ്ധ മത പാരമ്പര്യത്തിൽ ബോധിസത്വനെ (Bodhisattva) നല്ലയിടയനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമകൾ കണ്ടെടുത്തിട്ടുള്ളത് ഈ അഭിപ്രായത്തിന് തെളിവായി നൽകുന്നുമുണ്ട്. എന്നാൽ, മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളെ കൂട്ടിയിണക്കി സാരോപദേശങ്ങൾ പറയുന്ന രീതി സ്വീകരിച്ച ഈശോ, ഇടയനും ആട്ടിൻകൂട്ടവുമെന്ന ചിത്രവും ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന് എടുത്തതായിരിക്കണമെന്നാണ് ക്രൈസ്തവ പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ഈ അഭിപ്രായമാണ് ഏറ്റവും സ്വീകാര്യമെന്നാണ് എനിക്കും തോന്നുന്നത്.

ഇടയനും ആട്ടികൂട്ടവും മധ്യപൂർവേഷ്യയിലെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ജനത്തിന് ഏറ്റവും പരിചിതമായ ജീവനുള്ള ഒരു ചിത്രം എടുത്തുകൊണ്ട് ഈശോ ഇവിടെ തന്നെ വെളിപ്പെടുത്തുകയാണ്. ഒപ്പം, ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന നല്ല ഇടയനായ ലോകരക്ഷകൻ താനാണെന്ന് സൂചിപ്പിക്കുകയാണ്.

ഇടയന്റെ സ്വഭാവം വളരെ വ്യക്തമായി അറിയുന്നവരാണ് ഇസ്രായേൽക്കാർ. അവർക്ക് ഇടയൻ എന്നത് ജീവിതത്തിന്റെ ഭാഗമാണ്. പഴയനിയമത്തിൽ സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ അദ്ധ്യായം 7, വാക്യങ്ങൾ 34-36 ഇടയന്റെ സ്വഭാവം എന്താണെന്ന് വിവരിക്കുന്നുണ്ട്. ഫിലിസ്ത്യരുടെ നേതാവായ ഗോലിയാത്ത് ഇസ്രായേൽക്കാരെ വെല്ലുവിളിക്കുന്ന കാലം. ഗോലിയാത്തിനെക്കൊന്ന് ഫിലിസ്ത്യരെ തോൽപ്പിക്കാൻ കഴിയാതെ വലയുകയാണ് ഇസ്രായേൽ സൈന്യം. അപ്പോഴാണ് സാവൂളിന്റെ പട്ടാളത്തിൽ ജോലിചെയ്യുന്ന സഹോദരങ്ങളെ കാണുവാൻ ബാലനായ ദാവീദ് വരുന്നത്. ഇസ്രായേല്യരെ വെല്ലുവിളിക്കുന്ന ഭീമാകാരനായ ഗോലിയാത്തിനെ കണ്ടപ്പോൾ ദാവീദിന് ആദ്യം ചിരിയാണ് വന്നത്. പിന്നെ, ഗോലിയാത്തിന്റെ വെല്ലുവിളി കേട്ടപ്പോൾ ദാവീദിനത്   സഹിക്കാവുന്നതിലും അപ്പുറമായിരുന്നു!. ഉടനെത്തന്നെ ഗോലിയാത്തിനെ കൊല്ലാൻ ദാവീദ് ധൃതി കാണിക്കുകയാണ്. ഇതുകണ്ട് സാവൂൾ രാജാവ് അവനോടു ചോദിക്കുന്നത്, „നീ വെറും ബാലനല്ലേഎന്നാണ്. അപ്പോൾ ദാവീദ് പറയുകയാണ്: ” പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ദാസൻ. സിംഹമോ, കരടിയോ വന്നു ആട്ടിന്പറ്റത്തിൽ നിന്ന് ഒരാട്ടിൻകുട്ടിയെ തട്ടിയെടുത്താൽ, ഞാൻ അതിനെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അത് (സിംഹമോ, കരടിയോ) എന്നെ എതിർത്താൽ ഞാൻ അതിന്റെ ജടയ്ക്കു പിടിച്ചു അടിച്ചു കൊല്ലും.’ സാവൂൾ വിസ്മയത്തോടെ ഇതെല്ലം കേട്ടുനിൽക്കുകയാണ്. “ഞാൻ കുട്ടിയെ underestimate ചെയ്തോഎന്ന് രാജാവ് ഉള്ളിൽ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദ് അല്പം ശബ്ദം താഴ്ത്തി പറഞ്ഞു: “അങ്ങയുടെ ദാസൻ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്.” അവന്റെ മുഖഭാവം കണ്ട രാജാവിന് അതൊരു വെറുംതള്ളല്ലാഎന്ന് മനസ്സിലായി.  

യഥാർത്ഥ ഇടയന്റെ ചിത്രമാണ്, സ്വഭാവമാണ് ദാവീദ് വരച്ചുകാട്ടിയത്. ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരാടിനെ തട്ടിയെടുത്താൽപ്പോലും ശത്രുവിനെ പിന്തുടർന്ന് ആ ആട്ടിൻകുട്ടിയെ രക്ഷിക്കുന്ന ഇടയന്റെ ചിത്രം ദാവീദ് വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ ഇടയന്റെ ദർശനം ഇതാണ്: ‘സ്വന്തം ജീവൻ സമർപ്പിച്ചും ആടുകളെ രക്ഷിക്കുക.’ ആരും സഞ്ചരിച്ചിട്ടില്ലാത്ത അജ്ഞാതമായ പാതകളിലൂടെ സഞ്ചരിച്ച് ആടുകളെ രക്ഷിക്കുവാൻ ഇടയന് കഴിയണം. ഇടയൻ ആടുകളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യണം. ഇതെല്ലാം അറിയാമായിരുന്ന ദാവീദ് രാജാവ് ആത്മാവിൽ നിറഞ്ഞു പാടിയത് ഇങ്ങനെയല്ലേ? “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും

കുറവുണ്ടാകുകയില്ല…അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23, 1-4)

എസക്കിയേൽ പ്രവാചകന്റെ പുസ്തകം 34, 15-16 വാക്യങ്ങൾ പറയുന്നു: “ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴിതെറ്റിയതിനെ ഞാൻ തിരിയെക്കൊണ്ടുവരും. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും…നീതിപൂർവം ഞാനവയെ പോറ്റും.”

ഇസ്രായേൽ ജനത്തിന് പരിചിതമായ ഈ രൂപകം ഈശോയിലേക്കു ആരോപിക്കുമ്പോൾ എത്ര മനോഹരമായാണ് ഇടയസങ്കല്പം പൂത്തുലയുന്നത്! ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന നമ്മോടു് അനുകമ്പ കാണിക്കുന്ന ഒരു നല്ല ഇടയൻ, കർത്താവായ ഈശോ നമുക്കുണ്ടെന്നത് എത്ര ആശ്വാസമാണ് നമുക്ക് നൽകുന്നത്! ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഭൂമിയിലേക്ക് വന്ന ക്രിസ്തു വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവൻ നമുക്ക് നല്കുകയല്ലേ? ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന ഇടയനെയല്ലേ പ്രിയപ്പെട്ടവരേ, കാൽവരിയിൽ നാം കാണുന്നത്? നൂറാടുകളുണ്ടായിരിക്കെ അതിലൊന്ന് നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റൊൻപതിനേയും ആലയിൽ വിട്ടിട്ട് നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകുന്ന ക്രിസ്തുവിനെയല്ലേ, കുമ്പസാരവേദികളിൽ ഇന്നും നാം കണ്ടുമുട്ടുന്നത്? അതെ, ക്രിസ്തു നല്ല ഇടയനാണ്.

രണ്ടാമത്തെ രൂപകം ആടുകളാണ്. ആടുകളുടെ പ്രത്യേകതയെന്തെന്നു നിങ്ങൾക്കറിയില്ലേ? ആടിനെ ഒരിക്കലും തനിച്ചു നാം കാണാറില്ല. തനിച്ചാകുമ്പോൾ വഴിതെറ്റിയതായി അതിനു തോന്നും. എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാതെ അത് കറങ്ങിനടക്കും. മൃഗങ്ങളിൽ ഏറ്റവും ബലഹീനർ ആണവർ. 20 വാരയിൽ കൂടുതൽ കണ്ണ് കാണില്ല. അതുകൊണ്ട് നയിക്കാൻ ആളുവേണം. ആൾക്കൂട്ടത്തിൽ അവയ്ക്കു സുരക്ഷിതത്വം അനുഭവപ്പെടും. ആട്ടിൻപറ്റത്തെ നോക്കൂ…ഒട്ടും ഇടം കൊടുക്കാതെ മുട്ടിയുരുമ്മിയാണ് അവ പോകുന്നത്. ഒറ്റയ്ക്കായാൽ അത് അവയ്ക്ക് മരണമാണ്.

മനുഷ്യരായ നാം ഈ ആടുകളെപ്പോലെയാണ്. മനുഷ്യൻ തനിച്ചു തീർത്തും നിസ്സഹായനാണ്. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും വച്ച് ഏറ്റവും ദുർബലനും നിസ്സഹായനുമായ ജീവി മനുഷ്യനാണ്. മനുഷ്യന്റെ ശരീരം ഒരു മൃഗത്തിന്റെ ശരീരത്തോളം ശക്തമല്ല. മനുഷ്യന്റെ എല്ലാ അവയവങ്ങളും മൃഗങ്ങളുടേതിനേക്കാൾ ബലഹീനമാണ്. ഒരു പക്ഷിയെപ്പോലെ മനുഷ്യന് പറക്കാൻ കഴിയില്ല. ഒരു കുതിരയ്‌ക്കൊപ്പമോ, ചെന്നായ, മാൻ, പുള്ളിപ്പുലി ഇവയ്‌ക്കൊപ്പമോ മനുഷ്യന് ഓടാൻ കഴിയില്ല. ഒരു ചീങ്കണ്ണിയെപ്പോലെ നീന്താൻ, കുരങ്ങിനെപ്പോലെ മരം കയറാൻ കഴിയില്ല. കഴുകനെപ്പോലെ കണ്ണുകളോ, കാട്ടുപൂച്ചയ്ക്കുള്ള പല്ലുകളോ മനുഷ്യനില്ല. ചെറിയൊരു പ്രാണി കടിച്ചാൽ മനുഷ്യൻ മരിക്കും. അത്രേയുള്ളു. അതുകൊണ്ടു തന്നെ മനുഷ്യന്റെ അടിസ്ഥാന വികാരം ഭയമാണ്. മനുഷ്യന് ആയുധങ്ങൾ വേണം, സുരക്ഷിതത്വം ഉറപ്പിക്കാൻ. ആദ്യം ശിലായുധങ്ങൾ, ലോഹായുധങ്ങൾ, അകലെനിന്ന് മൃഗങ്ങളെ നേരിടാൻ അമ്പും വില്ലും, പിന്നെ തോക്കുകൾ, ആണവായുധങ്ങൾ … ഇപ്പോൾ ആയുധങ്ങൾ കയ്യിൽ കരുതേണ്ട. ബട്ടണമർത്തിയാൽ മതി, മിസൈൽ കുതിച്ചുയരും. പക്ഷെ ബട്ടൺ ആരുടെ കയ്യിലാണ്? മോസ്കോയിലോ, വൈറ്റ് ഹൌസ്സിലോ, ഡെൽഹിയിലോ? ആരാണ് എപ്പോഴാണ് അമർത്തുന്നത്? അപ്പോഴും ഭയം മാത്രം ബാക്കി! ആരാണ് മനുഷ്യൻ? വെറും ആടുകൾ! ഓരോ ചുവടിലും ഭയം കൊണ്ട്നടക്കുന്ന ആടുകൾ! മനുഷ്യന്റേത് ഒരു ആടുജീവിതം!?

പ്രിയപ്പെട്ടവരേ, ആടുകൾക്ക് ഇടയനെ, നല്ല ഇടയനെ ആവശ്യമുണ്ട്. നല്ല ഇടയനില്ലെങ്കിൽ ആടുകൾ ചിതറിക്കപ്പെടും. കലക്കവെള്ളം കുടിക്കും. യോനായുടെ പുസ്തകത്തിൽ കർത്താവ് പറയുന്നതുപോലെ, ഇടതേത്, വലതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർ (യോനാ 4, 11) -ഇത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചല്ലാട്ടോ!

വെറും ബലഹീനനായ മനുഷ്യർക്കും ഇടയനെ ആവശ്യമാണ്. അത് ലൗകിക ഇടയന്മാർ പോരാ. കാരണം അവർ സ്വാർത്ഥമതികളാണ്, അഹങ്കാരികളാണ്, ആക്രാന്തം കാട്ടുന്നവരാണ്.  എസക്കിയേൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 34 ൽ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇസ്രായേലിന്റെ ഇടയന്മാരേ നിങ്ങൾക്ക് ദുരിതം! …നിങ്ങൾ ആടുകളെ പോറ്റുന്നില്ല. …മുറിവേറ്റതിനെ വച്ചുകെട്ടുന്നില്ല. ഇടയനില്ലാത്തതിനാൽ…കാട്ടിലെ മൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു.’ ഈയിടെ റീലീസായ എമ്പുരാൻ സിനിമ പറയുന്നത്, ഭൂമിയിലെ നേതാക്കന്മാരെല്ലാം, രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക നേതാക്കന്മാരെല്ലാം, ആടുകളെക്കൊന്ന് അവയുടെ രക്തംകുടിച്ച് തടിച്ചു വീർക്കുന്നവർ ആണെന്നാണ്. ആ സിനിമ കാണിക്കുന്ന ഓരോ സീനും ഭൂമിയിലെ നേതാക്കന്മാർ നല്ല ഇടയന്മാരല്ല എന്നാണ് പറയുന്നത്.

മനുഷ്യർക്ക് വേണ്ടത്, നമുക്ക് വേണ്ടത് ആടുകളെ അറിയുന്നവനും, ആടുകളെ പേരുചൊല്ലി വിളിക്കുന്നവനും, അവയെ സമൃദ്ധമായ മേച്ചിൽ സ്ഥലങ്ങളിലേക്ക് നയിക്കുന്നവനുമായ ഇടയനെയാണ്. വിശുദ്ധ കുർബാനയാകുന്ന പച്ചപ്പുൽപ്പുറങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന ഇടയന്മാരെയാണ് നമുക്ക് വേണ്ടത്. ഈ ലോകത്തിലെ ഇടയന്മാർ പക്ഷെ, ആടുകളെ കൊല്ലുന്നവരും, അവയെ ഭക്ഷിച്ചു കൊഴുക്കുന്നവരുമാണ്. നാടിനെയും നാട്ടാരെയും നന്നാക്കുവാൻ മുന്നോട്ടു വരുന്ന നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കന്മാരെ നോക്കുക! ആടുകൾ, സാധാരണ മനുഷ്യർ, ഈ നാട് ഒട്ടും തന്നെ വളരുന്നില്ല. വികസനം, വികസനം എന്ന പ്ലാവിലക്കൊമ്പുകൾ കാട്ടി ആടുകളെ ഇവർ കൊതിപ്പിക്കുകയാണ്. എന്നിട്ട്, വളരുന്നതാരാ? നമ്മുടെ ഇടയന്മാർ! വികസിക്കുന്നതാരാ? നമ്മുടെ നേതാക്കന്മാർ! രാജ്യത്തെ കടക്കെണിയിലാക്കുകയും, കടം വാങ്ങിയതിൽ നിന്ന് അടിച്ചു മാറ്റുകയും, അതിൽ നിന്ന് ഒരിറ്റു പുല്ല് ഒരു കിറ്റിലാക്കി ആടുകൾക്ക് തരികയും അങ്ങനെ ആടുകളെ പറ്റിക്കുകയും ചെയ്യുന്ന നേതാക്കന്മാരാണ് നമുക്കുള്ളത്. ആടുകളെ തെരുവിൽ അലയാനും, കാട്ടുമൃഗങ്ങൾക്കു ഇരയാകാനും കൊടുത്തിട്ടു, സ്വന്തം കൂടാരങ്ങൾ മോടിപിടിപ്പിക്കാനും, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനും നടക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്! ആടുകളെ സൗകര്യപൂർവം കൊല്ലുന്ന, കൊന്നു തിന്നുന്ന ചെന്നായ്ക്കളോടു ചങ്ങാത്തം കൂടുന്ന, അതിനെ ന്യായീകരിക്കുവാൻ ദൈവവചനം വിലയ്‌ക്കെടുക്കുന്ന ഇടയന്മാരാണ് നമുക്കുള്ളത്!

ഇന്നത്തെ സുവിശേഷത്തിലെ മൂന്നാമത്തെ രൂപകമായ ഈശോയെന്ന വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുവാൻ   നാം ഈ നോമ്പ് കാലത്ത് ശ്രമിക്കണം. ഈശോ ഒരേ സമയം ഇടയനും വാതിലുമാണ്. ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ അവിടെ മെറ്റൽ ഡിക്റ്റേറ്റർ ഉണ്ടാകും. കാരണം, സ്നേഹവും സമർപ്പണവും ഉള്ളവർക്ക് മാത്രമേ ഈ വാതിലിലൂടെ പ്രവേശനമുള്ളൂ – ഇടയനെ അറിയുന്ന, ഇടയന്റെ സ്വരം കേൾക്കുന്ന, ഇടയനോടൊത്തു നടക്കുന്നവർക്കു മാത്രം!

സ്നേഹമുള്ളവരേ, നാം ഒരേ സമയം ഇടയന്മാരും ആടുകളുമാണ്. ഓരോ കുടുംബനാഥവും, കുടുംബനാഥയും ആട്ടിടയരാണ്. മക്കളാണ് ആടുകൾ. ഓരോ അധ്യാപകനും, അധ്യാപികയും ആട്ടിടയരാണ്. കുട്ടികളാണ് അവിടെ ആടുകൾ. നമ്മുടെ ഉത്തരവാദത്വത്തിന്, സൂക്ഷത്തിന് ഏല്പിക്കപ്പെട്ടവരുടെ ഇടയരാണ് നാമോരോരുത്തരും. ഈ ലോകത്തിലെ നേതാക്കളെല്ലാം ആട്ടിടയരാണ്. ഓരോ വൈദികനും, സന്യസ്തരും ഒരേ സമയം ആടുകളും ഇടയന്മാരുമാണ് –  ഇടയനായ ക്രിസ്തുവിന്റെ സ്വരം കേൾക്കുന്ന ആടുകളും, തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആടുകളെ ജീവന്റെ ഉറവിടമായ ക്രിസ്തുവിലേക്ക് നയിക്കുന്ന ഇടയന്മാരും! നല്ല ആട്ടിടയരെ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം. നല്ല ആട്ടിടയരാകുവാൻ ഈശോയുടെ മാതൃക നാം പിൻചെല്ലണം. മനുഷ്യരായ ഇടയരൊക്കെ സ്വാർത്ഥമതികളും, അഹങ്കാരികളുമാണ്. ആടുകൾക്ക് വേണ്ടി ജീവൻ ബലികഴിക്കുന്ന, ആടുകളെ പച്ചപ്പുൽപ്പുറങ്ങളിലേക്ക്, നല്ല ജലാശയങ്ങളിലേക്ക് നയിക്കുന്ന ഇടയന്മാരാകാൻ നാം ശ്രമിക്കണം. 

അതുകൊണ്ട് നമുക്ക് വേണ്ടത് ലൗകിക ഇടയന്മാരെയല്ല. എന്നെ അറിയുന്ന, എന്റെ പേരുചൊല്ലി വിളിക്കുന്ന, എന്റെ കൂടെ നടക്കുന്ന, എനിക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന എന്റെ ദൈവത്തെ, എന്റെ ഈശോയെ ഇടയനായി സ്വീകരിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹമുള്ളവരേ, എപ്പോഴും നമ്മുടെ കണ്മുന്പിലുള്ള, എപ്പോഴും നമ്മുടെ വലതുഭാഗത്തുള്ള നല്ലിടയനാണ് ഈശോ.  (സങ്കീ 16, 8) അനാഥർക്ക് സഹായം നൽകുന്ന, അവരുടെ ഹൃദയത്തിനു ധൈര്യം കൊടുക്കുന്ന നല്ലിടയനാണ് ഈശോ.  ഹൃദയം നുറുങ്ങുന്നവർക്കു സമീസ്ഥനാകുന്ന, മനമുരുകുന്നവരെ രക്ഷിക്കുന്ന (സങ്കീ 34, 18) നല്ലിടയനാണ് ഈശോ. നമ്മുടെ ശരീരത്തിൽ സ്വസ്ഥതയില്ലാതെ വരുമ്പോൾ, അസ്ഥികളിൽ ആരോഗ്യമില്ലാതെ വരുമ്പോൾ, നമ്മുടെ വൃണങ്ങൾ അഴുകി മാറുമ്പോൾ, പാപം നിമിത്തം വിലപിച്ചു കഴിയുമ്പോൾ, നമ്മെ തോളിലേറ്റുന്ന, നമ്മുടെ മുറിവുകൾ വച്ചുകെട്ടുന്ന, വരുവിൻ നമുക്ക് രമ്യതപ്പെടാമെന്നു പറയുന്ന നല്ലിടയനാണ് ഈശോ.

വീണുകിടക്കുന്നവനിട്ടു ഒരു ചവിട്ടുകൂടി കൊടുക്കുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ഇടയന്മാരുള്ള ഈ ലോകത്തിൽ, വീണവനെ എഴുന്നേൽപ്പിക്കുന്ന, ഒറ്റപ്പെട്ടവനെ ചേർത്തുപിടിക്കുന്ന നല്ലിടയനായ ഈശോയുടെ സ്വരം കേട്ട് അവിടുത്തെ പിന്തുടരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ശക്തിപ്പെടുത്തട്ടെ. നാം ആടുകളായതുകൊണ്ട് ഇടയനായ ഈശോയെ പിഞ്ചൊല്ലുവാനും, നാം ഇടയന്മാരായതുകൊണ്ട് നമ്മുടെ, കുടുംബത്തിൽ, ഇടവകയിൽ,

ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുവാനുമുള്ള അനുഗ്രഹത്തിനായി ഈ വിശുദ്ധ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

SUNDAY SERMON

നോമ്പുകാലം അഞ്ചാം ഞായർ

യോഹ 7, 37- 39 +8, 12-20

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ച്, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: ദൈവം വസിക്കുന്ന ആലയങ്ങളാണ് നാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം.

ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ 2. പെന്തക്കുസ്ത 3. കൂടാരത്തിരുനാൾ. ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തീയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.

ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ    വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട് കൂടാരങ്ങൾ ഉണ്ടാക്കും. ഉത്സവത്തിന്റെ ആദ്യദിനം മുതൽ അവസാനദിവസം വരെ നിയമ ഗ്രന്ഥം വായിക്കും. അവസാന ദിനത്തിൽ ജലം കൊണ്ടുള്ള ആചാരങ്ങളാണ്. പുരോഹിതൻ സീലോഹ കുളത്തിൽ നിന്ന് സ്വർണം കൊണ്ടുള്ള കുടത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് ബലിപീഠത്തിനടുത്തുള്ള വെള്ളികൊണ്ടുള്ള പാത്രത്തിൽ ഒഴിക്കും. അപ്പോൾ ഗായകസംഘവും ജനങ്ങളും ഗാനങ്ങൾ ആലപിക്കും. ചില യഹൂദ പാരമ്പര്യങ്ങളിൽ പറയുന്നത് ഈ ജലം ദൈവാത്മാവിന്റെ പ്രതീകമെന്നാണ്. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാകണം യോഹാന്നാൻ സുവിശേഷകൻ പറയുന്നത്, “അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ

സ്വീകരിക്കുവാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്” എന്ന്. ജീവജലം ഈശോയ്ക്ക് ആത്മാവാണ്, നിത്യജീവൻ പ്രദാനം ചെയ്യുന്ന ആത്മാവ്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഈശോ സമരായക്കാരി സ്ത്രീയോടും ഇക്കാര്യം പറയുന്നുണ്ട്: “…ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും”. (4, 14) സഖറിയായുടെ പ്രവചനത്തിൽ ജറുസലേമിൽ നിന്നുള്ള ജീവജലത്തെക്കുറിച്ച് പറയുന്നുണ്ട്. ” അന്ന് (മിശിഹായുടെ നാളിൽ) ജീവജലം ജറുസലേമിൽ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും, പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും.  അത് വേനൽക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.” (സഖറിയാ 14, 8) അതായത്, ക്രിസ്തുവിൽ നിറഞ്ഞു നിൽക്കുന്ന ജീവജലം, പരിശുദ്ധാത്മാവ്, സ്ഥലകാല പരിമിതികൾ ഇല്ലാത്ത നിരന്തര പ്രവാഹമായിരിക്കും.

ജലം ആത്മാവിന്റെ പ്രതീകമാണ്, പരിശുദ്ധാത്മാവിന്റെ. എല്ലാ മതങ്ങളും ജലത്തിന് പ്രതീകാത്മകത നൽകുന്നുണ്ട്. ജലം എല്ലാമതങ്ങൾക്കും വിശുദ്ധിയുടെ പ്രതീകമാണ്; പുനർജന്മത്തിന്റെ, നവീകരണത്തിന്റെ പ്രതീകമാണ്. യഹൂദ പാരമ്പര്യത്തിൽ, അവിടെ നിന്ന് ക്രൈസ്തവ പാരമ്പര്യത്തിലും ജലം ആത്മാവിന്റെ പ്രതീകമാണ്. ക്രിസ്തു ആത്മാവിനാൽ നിറഞ്ഞവനാണ്, ആത്മാവ് തന്നെയാണ്. അവിടുന്ന്, ജലത്തിന്റെ, ആത്മാവിന്റെ ഉറവയാണ്. ഉറവയിൽ നിന്ന് കുടിക്കുന്നവർ ആരായാലും അവരിലും ആത്മാവിന്റെ നിറവുണ്ടാകും, ഒഴുക്കുണ്ടാകും. തന്നിലുള്ള ഈ ആത്മാവിനെ നൽകുവാനാണ്‌ ഈശോ ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ വന്ന സ്നാപക യോഹന്നാൻ എന്താണ് പറഞ്ഞത്? “ഞാൻ ജലം കൊണ്ട് സ്നാനം നൽകുന്നു (യോഹ 1, 26) … അവനാണ് (ക്രിസ്തുവാണ്) പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ.” (യോഹ 1, 33) തന്നെ ശ്രവിച്ചവരോട് “ദൈവം അളന്നല്ല പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്” (യോഹ 3, 34) എന്ന് പറഞ്ഞ ഈശോ, ആത്മ്മാവിനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരുന്ന ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുകയാണ്. വചനം പറയുന്നു: “അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ… അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.” (അപ്പ 2, 3-4)

ലോകം മുഴുവനും ആത്മാവിനെ നൽകുവാൻ വന്ന ഈശോ, താൻ ആത്മാവിന്റെ നിറവാണെന്നറിഞ്ഞുകൊണ്ട്, പിറ്റേദിവസം ജനത്തിനോട് പറയുകയാണ് ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ 8, 12) എന്ന്. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈശോ ലോകത്തിന്റെ പ്രകാശമായത്? അവിടുന്ന് ജീവജലത്തിന്റെ ഉറവയായതുകൊണ്ട്.  അവിടുന്ന് ദൈവാത്മാവിന്റെ നിറകുടമായതുകൊണ്ട്. അപ്പോൾ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് എന്തായിരിക്കും? മക്കളേ, ദൈവാത്മാവിനാൽ നിങ്ങൾ നിറയുമ്പോൾ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങളായിരിക്കും. ദൈവാത്മാവിന്റെ നിറവ് നിങ്ങളിൽ ഇല്ലെങ്കിൽ ഈ ലോകത്തിൽ നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശങ്ങൾ ആയിരിക്കുകയില്ല. വെളിച്ചമുള്ളിടത്തു മാത്രം നടക്കാനല്ല ഈശോ നമ്മോട് പറയ്യുന്നത്. അവിടുന്ന് നമ്മോടു പറയുന്നത് ആയിരിക്കുന്ന, നടക്കുന്ന ഇടങ്ങളിലെല്ലാം പ്രകാശം പരത്തുവാനാണ്, പ്രകാശങ്ങൾ ആകാനാണ്. അതിന് ഏറ്റവും ആവശ്യകമായ ഘടകം, ആവശ്യകമായ കാര്യം പരിശുദ്ധാത്മാവിനാൽ നിറയുക എന്നതാണ് 

പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവിന്റെ പ്രകാശങ്ങളാകുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടാണ് ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ജീവിക്കുന്നത്. ക്രിസ്തുമതവും, മറ്റുമതങ്ങളും മനുഷ്യനിൽ ദൈവത്തിന്റെ പ്രകാശം നിറഞ്ഞവരാകാൻ മനുഷ്യരെ പഠിപ്പിക്കുന്ന, സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കാനുള്ളതാണ്. ഇരുളിന് കീഴടക്കാൻ കഴിയാത്ത ദൈവത്തിന്റെ വെളിച്ചങ്ങൾക്ക് മാത്രമേ, ലോകത്തിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തെ മാറ്റുവാൻ സാധിക്കുകയുള്ളു. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ സത്യത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രകാശങ്ങളാകുമ്പോഴാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ അർത്ഥപൂർണമാകുന്നത്. എന്റെ കുടുംബം ഇരുട്ടിലാണോ എന്നത് എന്നിൽ ദൈവികപ്രകാശം എന്തുമാത്രമുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച്, മറ്റു കൂദാശകൾ കൂടെക്കൂടെ സ്വീകരിച്ച് ക്രിസ്തുമതത്തിലായിരിക്കുമ്പോൾ ക്രിസ്തുവിന്റെ പ്രകാശങ്ങളാകുന്നില്ലെങ്കിൽ, മതംകൊണ്ട്, മതജീവിതംകൊണ്ട്    എന്ത് പ്രയോജനം?

എന്താണ് ക്രിസ്തുമതത്തിന്റെ ഭംഗി? എന്താണ് ക്രിസ്തുമതത്തെ മനോഹരിയാക്കുന്നത്? ക്രിസ്തുവിന്റെ പ്രകാശങ്ങളായി തിളങ്ങിനിൽക്കുന്ന ക്രൈസ്തവർ തന്നെയാണ് ക്രിസ്തുമതത്തിന്റെ ഭംഗി, സൗന്ദര്യം! ക്രിസ്തുമതത്തിലെ കുറവുകളേയും, തെറ്റായ രീതികളെയും മാത്രം കണ്ടുപിടിച്ച് അത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഈ പ്രകാശത്തെ തല്ലിക്കെടുത്തുക എന്നതാണ്. ഈ സൗന്ദര്യത്തെ നിഷ്പ്രഭമാക്കുക എന്നതാണ്  ലൗ ജിഹാദിന് സ്റ്റേജൊരുക്കുന്നവരുടെ ഹിഡ്ഡൻ അജണ്ട. ക്രൈസ്തവരുടെ പുണ്യപ്പെട്ട അമ്പതുനോമ്പിന്റെ ആദ്യനാളുകളിൽ പോലും ക്രൈസ്തവരെ ലക്‌ഷ്യം വച്ച് നടത്തുന്ന പല കാര്യങ്ങളിലും നമ്മിലെ പ്രകാശത്തെ തല്ലിക്കെടുത്തുക എന്നത് തന്നെയാണ് ലക്‌ഷ്യം. ക്രിസ്തുവിന്റെ ശത്രുക്കൾക്കത് വലിയ നേട്ടമാകാം.  പക്ഷേ, ക്രൈസ്തവർക്കത് മരണമാണ്; ക്രൈസ്തവർക്കെതിരെയുള്ള ചെളിവാരിയെറിയലാണ്; ക്രൈസ്തവർക്കെതിരെയുള്ള മനുഷ്യത്വഹീനമായ നീചപ്രവൃർത്തികളാണ്. .  ക്രൈസ്തവർക്കെതിരെയുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്നവരേ, അത് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്  ആരായാലും, അതിന്റെ പുറകിലുള്ള നിങ്ങളുടെ ഉദ്ദേശം എന്തായാലും ഒരിക്കലും, ഒരിക്കലും നിങ്ങൾ ജയിക്കുവാൻ പോകുന്നില്ല. കാരണം, നിത്യപ്രകാശമായ ക്രിസ്തുവിന്റെ പ്രകാശമാണ് ക്രൈസ്തവരിലൂടെ ഈ ഭൂമിയിൽ നിറയുന്നത്.  നന്മയുടെ പ്രകാശത്തെ തല്ലിക്കെടുത്തിയാൽ നിങ്ങളുൾപ്പെടെ എല്ലാവരും ഇരുട്ടിലാകുമെന്ന് എന്തേ നിങ്ങൾ ഓർക്കുന്നില്ല????

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ, ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുപറ്റുന്ന പുരോഹിതർ പരത്തുന്നപ്രകാശത്തെ ഇല്ലാതാക്കുവാൻ, ക്രിസ്തുവിനെ അടുത്തനുകരിച്ചുകൊണ്ട്,   സന്യാസ ജീവിതത്തിലൂടെ ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളാകുവാൻ ജീവിതം സമർപ്പിക്കുന്ന കന്യാസ്ത്രീകളുടെ നന്മയെ നിസ്സാരവത്കരിക്കുവാൻ ശ്രമിക്കുന്ന മനുഷ്യരോട് നിങ്ങളുടെ നിഗൂഢ പ്രവർത്തനങ്ങൾക്ക്  ക്രൈസ്തവർ തെളിക്കുന്ന നന്മയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ പ്രകാശങ്ങളെ നശിപ്പിക്കുവാൻ സാധിക്കുകയില്ലയെന്ന് ധൈര്യത്തോടെ വിളിച്ചുപറയുവാൻ നമുക്ക് സാധിക്കണം.

2022 ൽ പട്ടാളഭരണത്തിന്റെ ക്രൂരത അരങ്ങേറിയ സൂര്യതേജസ്സിയായി നിന്ന സിസ്റ്റർ ആൻ റോസ് നു തവാങ്ങിനെ (ആൻ Ann Rose Nu Tawang) നിങ്ങളാരും ഓർക്കുന്നുണ്ടാകില്ല. ക്രിസ്തുമതത്തിനെതിരെ നിറതോക്കുകളുമായി നടക്കുന്ന തീവ്രവാദികളും ഓർക്കുന്നുണ്ടാകില്ല. അതാണ് പ്രകാശത്തിന്റെ ദൗർഭാഗ്യം! പ്രകാശം ലോകത്തിലേക്ക് വന്നിട്ടും ആരും പ്രകാശത്തെ സ്വീകരിച്ചില്ല?? 

ഞാൻ പറയുന്നത്, ആളുകളെ മർദ്ദിക്കുകയും, വെടിവച്ചു കൊല്ലുകയും ചെയ്യുന്ന പട്ടാളത്തിനുമുന്പിൽ, തെരുവിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് എന്ന കന്യാസ്ത്രീ നടത്തിയ ഹൃദയ വിലാപത്തെ കുറിച്ചാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ മ്യാൻമറിലെ ജനത 2022 ആഴ്ചകളോളം പട്ടാളഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലായിരുന്നു. ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു പാട്ടാളം. സ്ത്രീകളെയും, കുഞ്ഞുങ്ങളെയുമടക്കം അവർ എല്ലാവരെയും മൃഗീയമായി കൊല്ലുകയായിരുന്നു. അപ്പോഴാണ്, “നിങ്ങൾക്കുവേണമെങ്കിൽ എന്റെ ജീവനെടുക്കാം, അവരെ വെറുതെ വിട്ടേക്കൂഅവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ …” എന്നും പറഞ്ഞു മ്യാൻമറിലെ മേയ്റ്റ് കെയ് നഗരത്തെരുവിൽ മുട്ടുകുത്തിനിന്നുകൊണ്ടു ആൻ റോസ് എന്ന കത്തോലിക്കാ കന്യാസ്ത്രീ പട്ടാളത്തോടു അപേക്ഷിച്ചത്. അധികാരത്തിന്റെ, മസിൽപവറിന്റെ അന്ധകാരത്തിലായിരുന്ന മ്യാൻമാർ പട്ടാളം മാത്രമല്ല, ലോകം മുഴുവനും രംഗം കണ്ടു തരിച്ചിരുന്നു പോയിസ്നേഹമുള്ളവരേ, അത്രമേൽ, ആർദ്രമായിരുന്നു യാചന! അത്രമേൽ വേദനാജനകമായിരുന്നു അത്! അത് ലോകമനഃസ്സാക്ഷിയെ വളരെയേറെ മുറിവേൽപ്പിച്ചു. കാരണം, അത്രമേൽ പ്രകാശപൂർണമായിരുന്നു രംഗം! നിമിഷം സിസ്റ്റർ ആൻ റോസ് ക്രിസ്തുവിന്റെ പ്രകാശമായിരുന്നു

അവിടെ തെരുവിലേക്കോടിച്ചെന്നത് വെറുമൊരു സ്ത്രീ ആയിരുന്നില്ല, നഗരത്തെരുവിൽ മുട്ടുകുത്തി നിന്നതു വെറുമൊരു കന്യാസ്ത്രീ ആയിരുന്നില്ല! ലോകം നടുങ്ങുമാറ്‌, ഒരു നിമിഷനേരത്തേക്കെങ്കിലും മ്യാൻമാർ പട്ടാളത്തെ അസ്വസ്ഥമാക്കിക്കൊണ്ടു പട്ടാളത്തോട് കെഞ്ചിയത് ദൈവത്തിന്റെ ആത്മാവാൽ നിറഞ്ഞ, ക്രിസ്തുവിന്റെ പ്രകാശമായ, ക്രിസ്തുവിന്റെ സമർപ്പിത സിസ്റ്റർ ആൻ റോസ് നു ത്വാങ് ആയിരുന്നു!

ലോകത്തിന്റെ ആഘോഷങ്ങളിൽ ഭ്രമിച്ചു നിൽക്കാതെ, സ്വാഭാവിക ജീവിതത്തിന്റെ ഉത്സവ കാഴ്ച്ചകളിൽ കണ്മിഴിച്ചു നിൽക്കാതെ, ശബ്ദ കോലാഹലങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെടുത്താതെ, ആത്മീയമായി ജീവിച്ചാൽ അന്ധകാരം നിറഞ്ഞ ഇടങ്ങളിലേക്ക് ആത്മാവ് നമ്മെ നയിക്കുംക്രിസ്തുവിന്റെ പ്രകാശങ്ങളാകാൻ!

പ്രിയപ്പെട്ടവരെ, നാം ജീവിക്കുന്ന ഈ ഭൂമിയിൽ അന്ധകാരം ധാരാളമുണ്ട്. വൈരുധ്യങ്ങൾ ഏറെയുണ്ട്. സ്നേഹിക്കുന്നവരും കൊല്ലുന്നവരുമുണ്ട്. നേരും നെറികേടുമുണ്ട്. ദൈവവും ചെകുത്താനുമുണ്ട്! ഇരുളും വെളിച്ചവുമുണ്ട്! എന്നാൽ, ഈശോ നമ്മോടു പറയുന്നത്, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പ്രകാശമായ അവിടുത്തെ നാം അനുഗമിച്ചാൽ നമ്മിൽ ദൈവിക പ്രകാശമുണ്ടാകും എന്നാണ്.  എന്നിട്ട് ഒന്ന് മനോഹരമായി പുഞ്ചിരിച്ചിട്ട് ഈശോ നമ്മോടു പറയും:” നീ ലോകത്തിന്റെ പ്രകാശമാണ്’. അതുകഴിഞ്ഞ് നമ്മുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഈശോ വീണ്ടും പറയും: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു.”  അതായത്, നാം ക്രിസ്തുവാകുന്ന പ്രകാശങ്ങളാകുന്നുവെന്ന്. ഇതാണ് നമ്മുടെ ദൗത്യം. അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശങ്ങളാകുവാൻ! ഇന്നത്തെ വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ.

എങ്ങും അന്ധകാരമാണ് എന്നും പറഞ്ഞു നിരാശപ്പെട്ടിരിക്കാതെ, പ്രകാശങ്ങളായി, ലോകത്തെമുഴുവൻ നിറനിലാവിൽ എപ്പോഴും നിർത്തുവാൻ നമുക്ക് ശ്രമിക്കാം. ആമേൻ!  

SUNDAY SERMON MT 21, 33-44

നോമ്പുകാലം നാലാം ഞായർ

മത്താ 21, 33-44

ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം, എന്റെ ജീവിതം ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രമാണ് (സങ്കീ 16, 5) എന്ന ഏറ്റുപറച്ചിലായിരിക്കണം ക്രൈസ്തവജീവിതം എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ വ്യാഖ്യാനത്തിലേക്ക് കടക്കാം.

തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ.

ഈ മണ്ടത്തരത്തിന്റെ Argument ഇങ്ങനെയാണ്: ” ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.” (21, 38) നാട്ടിലുള്ള എല്ലാ പ്രസ്ഥാനങ്ങളും, സ്ഥലങ്ങളും, കടകളും ഒക്കെ ഒരാളുടേതാണെങ്കിൽ, അവയിലെല്ലാം പങ്കുപറ്റുവാൻ ഒരേയൊരു മാർഗം, എളുപ്പമുള്ള മാർഗം ആ ഒരു വ്യക്തിയുടെ സൗഹൃദം നേടിയെടുക്കുക, അദ്ദേഹത്തെ സ്വന്തമാക്കുക എന്നതാണ്. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ നാം പഠിക്കുന്നപോലെ, രാജാവ് ദൈവമായിരുന്ന കാലത്ത്, രാജഭരണം നിലനിന്ന കാലത്ത് രാജ്യമെല്ലാം രാജാവിന്റേതായിരുന്നു. രാജാവിന്റെ ഭരണത്തിന്റെ അവശ്യഘടകങ്ങൾ ഒന്ന്, രാജാവ് അവകാശിയായി നിൽക്കുന്ന രാജ്യത്തിന് അതിർത്തികളുണ്ടായിരുന്നു (Boundary); രണ്ട്, രാജ്യത്ത് പൗരന്മാരുണ്ടായിരുന്നു (Citizen); മൂന്ന്, രാജ്യത്തിന് ഒരു ഭരണഘടനയുണ്ടായിരുന്നു (Constitution); നാല്, രാജാവിന് രാജ്യത്തിന്റെമേൽ, പ്രജകളുടെമേൽ പരമാധികാരം (Soverignity) ഉണ്ടായിരുന്നു.  രാജാവിന്റേതായിട്ടുള്ളതെല്ലാം സ്വന്തമെന്നപോലെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രജകൾ എന്തുചെയ്യണം? അവർ രാജാവിനെ അവകാശിയായി സ്വീകരിക്കണം; രാജാവിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അവർ രാജ്യത്തിന് പുറത്താണ്; അല്ലെങ്കിൽ കൽത്തുറുങ്കിലാണ്.

ക്രിസ്‌തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്‌കാരമായ ഈ കഥയിൽ, സർവ്വപ്രപഞ്ചത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമായി സ്വീകരിക്കാതെ അന്നത്തെ ജനങ്ങൾ അവിടുത്തെ തിരസ്കരിക്കുക മാത്രമല്ല, അവകാശിയെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ്. ക്രിസ്തുവാണ് അവകാശിയെന്നറിഞ്ഞിട്ടും, അവകാശിയെ കൊന്ന് അവകാശം സ്വന്തമാക്കുക എന്ന ആനമണ്ടത്തരത്തിന്മേൽ അടയിരിക്കുന്ന മണ്ടന്മാരായി യഹൂദർ മാറുകയാണ്. ഇന്നും, തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയായി യഹൂദർ ഈ ഭൂമിയിൽ കഴിയുന്നു!! ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആനമണ്ടത്തരത്തിൽ ജീവിതം തകർന്നുപോകാതിരിക്കാനായി, ധൂളിയായിപ്പോകാതിരിക്കാനായി ഒരു ഓർമപ്പെടുത്തലായിട്ടാണ് ഈ ഉപമ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുന്നത്.

പ്രിയപ്പെട്ടവരേ, ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ദൈവം സമ്മാനമായി നൽകിയ ഈ ജീവിതം, കർഷകൻ മുന്തിരിത്തോട്ടം കാത്തുസൂക്ഷിക്കുന്നതുപോലെ, ദൈവത്തിന്റെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ, അവിടുത്തെ കാരുണ്യത്തിന്റെ നിലത്ത്, ജീവനും ശക്തിയും നൽകി, വളവും ജലവും നൽകി   കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കു കയാണ് ദൈവം. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ അവിടുന്ന് വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാമെല്ലാവരും അവിടുത്തെ അവകാശിയായി സ്വീകരിക്കുവാനും, അവിടുത്തെ അവകാശത്തിൽ പങ്കുപറ്റിക്കൊണ്ട് ദൈവമക്കളായി ജീവിക്കുവാനും വേണ്ടിയാണ്. അത്തരത്തിലുള്ള വിളവ്, ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.  

ക്രിസ്തുവാണ് ഈ സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയെന്ന സത്യം, വിശുദ്ധ പൗലോശ്ലീഹായാണ് ഏറ്റവും മനോഹരമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം നമ്മൾ കാണുക.

ഇന്നത്തെ തുർക്കിയിലെ ഡെൻസിലി എന്ന പട്ടണത്തിന് 16 കിലോമീറ്ററോളം കിഴക്കായിട്ടാണ് കൊളോസോസ് സ്ഥിതിചെയ്യുന്നത്. തുർക്കിയിൽ നിന്നുള്ള വിജാതീയർ കൊളോസോസിലെ ക്രൈസ്തവരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന കാലം. അബദ്ധ സിദ്ധാന്തങ്ങളിലൂടെ നിഷ്കളങ്കരായ ക്രൈസ്തവരെ അവരുടെ ക്രിസ്തുവിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കുവാൻ വലിയ ശ്രമങ്ങൾ നടന്നിരുന്നു. ധാരാളം ക്രൈസ്തവർ വിജാതീയരുടെ കെണിയിൽ പെടുകയും ചെയ്തു. വിശുദ്ധ പൗലോശ്ലീഹായുടെ സഹപ്രവർത്തകനായിരുന്ന എപ്പഫ്രാസ് കൊളോസോസിൽ ആരംഭിച്ച ക്രൈസ്തവസമൂഹത്തിൽ അബദ്ധസിദ്ധാന്തങ്ങൾ വിശ്വാസികളെ വഴിതെറ്റിക്കുന്നെണ്ടെന്ന് അറിഞ്ഞ വിശുദ്ധ പൗലോസ് പ്രപഞ്ചം മുഴുവന്റെയും അവകാശി ക്രിസ്തുവാണെന്ന് കൊളോസോസുകാരെ പഠിപ്പിക്കുവാൻ ലേഖനങ്ങൾ എഴുതി. അദ്ദേഹം എഴുതിയ ലേഖനത്തിലെ ഒന്നാം അധ്യായത്തിൽ തന്നെ ക്രിസ്തു സൃഷ്ടിയുടെ മകുടമാണെന്ന് കൊളോസോസുകാരെ പഠിപ്പിച്ചു. നമുക്ക്

„പാപമോചനവും രക്ഷയും ലഭിച്ചിരിക്കുന്ന ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.” (കൊളോ 1, 15-17) ക്രിസ്തുവാണ് അവകാശിയെന്നും, ഈ അവകാശിയെ സ്വന്തമാക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടേതും ആകുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ പൗലോസിന് ക്രിസ്തു ദൈവവും, സർവ്വസ്വവുമായിരുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഈ വിശ്വാസം ഏറ്റുപറയണം. എന്താണ് ഏറ്റുപറയേണ്ടത്? ഈശോയേ, ഈ ലോകത്തിന്റെ അവകാശി നീയാണ്, എന്റെ ജീവിതത്തിന്റെ അവകാശി നീയാണ്. നീയാണെന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഭാഗധേയം നിന്റെ, നിന്റെ മാത്രം കൈകളിലാണ്.’  ആർക്കാണ് പിതാവിന്റെ അവകാശത്തിന് അർഹത? മക്കൾക്കാണ്. അപ്പോൾ, അവകാശത്തിൽ പങ്കുപറ്റുവാൻ എന്ത് ചെയ്യണം? നാം ദൈവത്തിന്റെ മക്കളാകണം. ആരാണ് ദൈവത്തിന്റെ മക്കൾ? റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നാം വായിച്ചുകേട്ടതുപോലെ, „ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെ മക്കൾ. (റോമാ 8, 14) പൗലോശ്ലീഹാ പറയുന്നു: “നാം മക്കളെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും.” (റോമാ 8, 17) ദൈവത്തിന്റെ മക്കളായി ജീവിച്ചുകൊണ്ട്, ക്രിസ്‌തുവിനെ അവകാശിയായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുമ്പോഴാണ് ദൈവത്തിന്റെ അവകാശത്തിൽ നാം പങ്കുകാരാകുന്നത്.

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്ന്, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാൻ അവകാശിയെ കൊന്നുകളയുന്നു. അവകാശിയെക്കുറിച്ചുള്ള ഓർമപോലും അവകാശങ്ങൾ സ്വന്തമാക്കാൻ തടസ്സമാകുമെന്ന് കണ്ട് അവകാശിയെ, തങ്ങളുടെ ജീവിതത്തിന്റെ, മനഃസ്സാക്ഷിയുടെ പുറത്തേക്ക് എറിഞ്ഞുകളയുന്നു.  “മറ്റാർക്കും വസിക്കാൻ ഇടംകിട്ടാത്തവിധം വീടോടു വീട് ചേർത്ത്, വയലോട് വയൽ ചേർത്ത് അതിന്റെ മധ്യത്തിൽ തനിച്ചു വസിക്കുവാൻ’ (ഏശയ്യാ 5,8) അവകാശി തടസ്സമാകുന്നുവെന്നുകണ്ട് നീ അവകാശിയെ കൊല്ലുന്നു. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാനും, വീഞ്ഞ് കുടിച്ചു മദിക്കാനും അവകാശി പ്രതിബന്ധമാകുമെന്ന് മനസ്സിലാക്കി നീ അവകാശിയെ വകവരുത്തുന്നു. 

കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ – നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊല്ലുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരെയും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല. നാം വലിക്കുന്ന ശ്വാസവും, ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ.

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട്, ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഇന്നത്തെ രണ്ടാം വായന, ജോഷ്വാ 7, 10-15 ലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്ന്, ദൈവ കല്പന മറന്ന്, ദൈവത്തെ മറന്ന്, എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, ക്രിസ്തുവാകുന്ന അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും! ക്രിസ്തുവാകുന്ന അവകാശിയെ സ്വന്തമാക്കാൻ സഭയെ ഇനിയും സജ്ജമാക്കാൻ നാം തയ്യാറായില്ലെങ്കിൽ ജീവിതം മാത്രമല്ല, സഭയും, സഭയുടെ പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളുമെല്ലാം തകർന്നുപോകും. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളി, ധൂളിയായിപ്പോകും!   

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ അവകാശം മാത്രം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു? എന്തുകൊണ്ട് നിങ്ങൾ പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? 

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക. ഈ നോമ്പുകാലം അതിനുവേണ്ടിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. ആമേൻ!

SUNDAY SERMON MT 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

മത്തായി 20, 17-28

ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ (Karl Marx 1818-1883) “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണെ”ന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, ത്യാഗത്തിന്റെ, സഹനത്തിന്റെ മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. ഇന്നിതാ മാർക്സിസം കാലഹരണപ്പെട്ടിരിക്കുന്നു; ഈയിടെ കൊല്ലത്ത് നടന്ന പാർട്ടി സമ്മേളനത്തോടെ കമ്മ്യൂണിസം അപ്രസക്തമായിരിക്കുന്നു. എങ്കിലും, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന്, നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, ക്രൈസ്തവജീവിതത്തെ ക്രിസ്തുചൈതന്യത്തിന്റെ നിറവാക്കി മാറ്റുന്നത് സഹനമാണെന്ന ചിന്തയിലേക്കാണ് നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ കൊണ്ടുപോകുന്നത്.

അവസാനത്തെ മുന്നിൽകണ്ടുകൊണ്ട് എല്ലാം ചെയ്യുക എന്ന ഒരു ചിന്തയിലാണ് ഈശോ ജീവിച്ചത്. ഒരാളുടെ ജീവിതാന്ത്യത്തിന്റെ രൂപം ജീവിതത്തിന്റെ മുഴുവൻ ഉരകല്ലായി കണക്കാക്കപ്പെടുക എന്ന ചിന്തയിലൂടെയാണ്, ഒരാളുടെ ജീവിതത്തിന്റെ അന്ത്യം അയാളുടെ ജീവിതത്തിന്റെ എല്ലാ രംഗത്തും നിഴലിക്കുക എന്ന ഭാവത്തിലാണ് ഈശോ മുന്നോട്ട് പോയത്. ഈശോയുടെ ജീവിതത്തിന്റെ ഓരോ ഭാഗവും ഈ അടിസ്ഥാനത്തിലാണ് പരിശോധിക്കപ്പെടേണ്ടത്. എന്തായിരുന്നു ഈശോയുടെ ജീവിതാന്ത്യം? ജീവിതലക്ഷ്യം? ദൈവാരാജ്യമായിരുന്നു, ദൈവാരാജ്യസംസ്ഥാപനമായിരുന്നു ഈശോയുടെ ലക്‌ഷ്യം. ഈ അവസാനത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഈശോ ജീവിച്ചത്. ദൈവാരാജ്യസംസ്ഥാപനത്തിന് വേണ്ടിയുള്ള യാത്രയിൽ അവശ്യം സംഭവിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈശോ എപ്പോഴും ബോധവാനായിരുന്നു. അതെന്തൊക്കെയാണ് എന്ന് എപ്പോഴും അവിടുന്ന് തന്നോട് തന്നെയും, ചിലപ്പോഴൊക്കെ ശിഷ്യന്മാരോടും പറഞ്ഞുകൊണ്ടിരുന്നു. അവയാണ് പീഡാനുഭവ പ്രവചനങ്ങൾ.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ പീഡാനുഭവ പ്രവചനങ്ങൾ. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്‌, മരണശഷമുള്ള ഉത്ഥാനമുണ്ട്. ഉത്ഥാനത്തിലേക്കുള്ള വഴിയായി ക്രിസ്തു അവതരിപ്പിക്കുന്നതോ സഹനത്തെയാണ്.

സഹനത്തിന്റെ നിരന്തരമായ പിറവിയാണ് ക്രിസ്തുവിന്റെ ജീവിതം. ദൈവത്തിന്റെ മഹാത്യാഗമാണ് പുൽക്കൂട്ടിൽ നാം കാണുന്നത്. ദൈവത്തിന്റെ ത്യാഗം, സഹനം മുളപൊട്ടി പ്രപഞ്ചത്തിലേക്ക് വളർന്നതാണ് കാൽവരിയിലെ ഈശോയുടെ മരണം. “ഇതെന്റെ ശരീരമാകുന്നു”, ഇതെന്റെ രക്തമാകുന്നു” എന്ന വാഴ്ത്തലുകൾക്ക് മജ്ജയും മാംസവും ലഭിക്കുന്നത് കുരിശിലെ സഹനത്തിലാണ്. ആ സഹനത്തിന്, മരണത്തിന് ജീവൻ ലഭിക്കുന്നതോ ഉത്ഥാനത്തിലും.  

എങ്ങനെയാണ് സഹനം രൂപപ്പെടുന്നത്? അപരന്റെ വേദനകളെ സ്വന്തം ഹൃദയത്തിലേക്ക് വലിച്ചെടുക്കുമ്പോഴാണ് സഹനം ഉടലെടുക്കുന്നത്. അപരന്റെ ജീവിതക്ളേശം ലഘൂകരിക്കുന്നതിനുള്ള എന്റെ മനസ്സിന്റെ തീരുമാനത്തിൽ സഹനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു. ഒരാൾക്ക് ദുഃഖമുണ്ടാകുമ്പോൾ സാമൂഹികമായി മനുഷ്യർക്കെല്ലാം നോവണം.  പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത, പരിഭവങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിലേക്ക് നിങ്ങളെ നയിക്കുക! അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം, പരാതി? ശിശുവിനെ പ്രസവിച്ചശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൾ ഓർക്കുന്നതേയില്ല.

സഹനമാണ് ജീവിതത്തിന്റെ സ്വഭാവം. തീർത്തും സ്വാഭാവികമായ സഹനമാണ് നമ്മെ ദൈവികമാക്കുന്നതും.  എന്തുകൊണ്ട് സഹനം എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. കാൽവരിയിലേക്ക് ഒന്ന് നോക്കൂ… “ക്രിസ്തുവിൽ വിടർന്നു നിൽക്കുന്ന സഹനത്തിന്റെ അടരുകൾ, അതിനെ ഒരു തീർത്ഥമാക്കുകയാണ്. സഹനത്തിലൂടെ കടന്നു പോകുമ്പോൾ നിലാവ് പോലെ ആത്മാവ് ക്രിസ്തുവിൽ നിറയുകയാണ്. ദൈവത്തിന്റെ കൃപാവരത്തിലുള്ള ഒരു സ്നാനമാണ് ക്രിസ്തുവിന് സഹനം. കാരണം, അത് അപരന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാകുന്നു.” (ദൈവത്തിന്റെ ഭാഷ – വിശുദ്ധ കുർബാന, 3, 55, പേജ് 69) പ്രവാചകൻ സഹനദാസനെ ആരചിക്കുന്നത്

സഹനത്തിന്റെ സൂക്ഷ്മതയിലാണ്. ‘നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്; നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. അവൻ മുറിവേൽപ്പിക്കപ്പെട്ടു; ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി.’  ക്രിസ്തുവിന്റെ ജീവിതത്തോട് നമ്മുടെ ജീവിതങ്ങളെ ചേർത്ത് നിർത്തുമ്പോഴാണ് നമ്മുടെ സഹനങ്ങൾക്ക് മൂല്യമുണ്ടാകുന്നത്.

ഈ ഭൂമിയിലെ സഹനങ്ങളെ ഒന്നടുത്ത് വന്ന് നിരീക്ഷിക്കൂ… അവയ്‌ക്കെല്ലാം ക്രിസ്തുവിന്റെ മുഖമാണെന്ന് കാണുവാൻ സാധിക്കും. കാരണം ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തിന്റെ അർഥം മനസ്സിലായത്; ക്രിസ്തുവിനാണ്, ക്രിസ്തുവിന് മാത്രമാണ് സഹനത്തെ രക്ഷാകരമാക്കുവാൻ കഴിഞ്ഞത്!!!

എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരിയുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, ഓരോ ചുവടിലും സഹനം പനയ്ക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്! അല്ലെങ്കിൽ, ഒരു വർഗീയ ലഹളയുണ്ടാകുന്നതിന്റെ പുറകിലുള്ള രാഷ്ട്രീയം പലപ്പോഴും അധികാരമാകുന്നതെങ്ങനെ? ആയിരങ്ങൾ വെള്ളപ്പൊക്ക ദുരന്തത്തിൽ വീഴുമ്പോഴും അതിനെ എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ചിന്തിക്കുന്നതിന്റെ പുറകിലുള്ള ചിന്തയെന്താണ്?

നമ്മുടെ ജീവിതത്തിൽ അവശ്യം വന്നെത്തുന്ന സഹനങ്ങളെ എങ്ങനെ രക്ഷാകരമാക്കണം എന്നാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. സഹനങ്ങളെ പിതാവായ ദൈവത്തിന്റെ കൃപകളായി കണ്ട് അവയെ രക്ഷാകരമാക്കുവാൻ നമുക്കാകണം. ശരിയാണ്, വളരെയേറെ നാം സഹിക്കേണ്ടിവരും, കുരിശെടുക്കേണ്ടിവരും, ആരോപണങ്ങളുടെ കയ്യുകൾ നമ്മുടെ വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റും; നാം നഗ്നരാകും. സർവ്വരാലും വെറുക്കപ്പെടും. അപ്പോഴും ഉത്ഥാനത്തിന്റെ പ്രതീക്ഷയിൽ ജീവിക്കുവാൻ ഇന്ന് ഈശോ നമ്മെ ആഹ്വാനം ചെയ്യുകയാണ്!

മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌.

സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?

എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? നമ്മുടെ കാതുകൾ ഈ വചനം കേൾക്കുമ്പോൾ വേദനിക്കുന്നുണ്ടോ? നമുക്ക് മനഃസ്സാക്ഷിക്കുത്ത് ഉണ്ടാകുന്നുണ്ടോ? ഈ വചനങ്ങൾ നിങ്ങളുടെ കാതുകളെ ശല്യപ്പെടുത്തിയേക്കാം. ദുർബലഹൃദയങ്ങളെ പരിക്കേൽപ്പിച്ചേക്കാം. ആകയാൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇറങ്ങിപ്പോകാം. അല്ലെങ്കിൽ ജീവിതത്തെ, ജീവിത സഹനങ്ങളെ രക്ഷാകരമാക്കാം, ക്രിസ്തുവിനെപ്പോലെ!

സഹനത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുക. സഹനമാണ് രക്ഷ പ്രദാനം ചെയ്യുന്നതെന്നത് മറക്കാതിരിക്കുക. സഹനമാണ് ലോകചരിത്രത്തെ നിർണയിക്കുന്നത് – അത് വിജയത്തിന്റെ ചരിത്രമായാലും, തോൽവിയുടെ ചരിത്രമായാലും. രണ്ടിന്റെ പുറകിലും സഹനമുണ്ട്!!! ആത്മീയതയെന്നാൽ ജീവിതത്തോട് തന്നെ ഏറ്റുമുട്ടിക്കൊണ്ടിരിക്കലാണ്. സഹനത്തിന്റെ പാതയിലൂടെയാണ് ആത്മീയതയുടെ ആനന്ദത്തിലേക്ക് ഒരു വ്യക്തി പ്രവേശിക്കുക. നാം ജീവിക്കുന്ന ഗ്രഹം ഈ ഭൂമിയാണ്; നമുക്ക് ലഭ്യമായിട്ടുള്ള ഒരേയൊരു സമയം ഇപ്പോഴാണ്; നമുക്ക് ലഭിച്ചിട്ടുള്ള ഒരേയൊരു ജീവിതം ഇതാണ്. ഇതിനെ എന്താക്കിത്തീർക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. നമുക്കിതിനെ മനോഹരമായ ഒരു ഗാനമാക്കി മാറ്റാൻ കഴിയും; നമുക്കിതിനെ മഹത്തായൊരു സ്നേഹാനുഭാവമാക്കി മാറ്റാൻ കഴിയും; ദിവ്യമായൊരു പ്രസാദമാക്കി മാറ്റാൻ കഴിയും. എന്നാൽ, സഹനത്തിന്റെ പാതയിലൂടെയേ നമുക്കത് നേടിയെടുക്കാൻ കഴിയൂ.

സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ, സഹനത്തിന്റെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. രക്ഷാകരമായതുകൊണ്ടും, മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ് ക്രിസ്തു സഹനത്തിലൂടെ കടന്നുപോയത്.. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട്

പുതിയ ലോകത്തെ നെയ്യുന്നവരാകാം കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌. ആമേൻ!

SUNDAY SERMON MT 7, 21-27

നോമ്പുകാലം രണ്ടാം ഞായർ

മത്താ 7, 21-27

മനുഷ്യന്റെ സരള ഹൃദയത്തെ വേദനിപ്പിക്കുന്ന സംഭവങ്ങളും, മനുഷ്യന്റെ ശ്രേഷ്ഠതയ്ക്ക് പരിക്ക് പറ്റുന്ന കാഴ്ചകളുമാണ് നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനെച്ചൊല്ലിയുള്ള നിയമസഭാ ചർച്ചകൾപോലും വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്നത് തികച്ചും വേദനാജനകമാണ്. ഇന്ത്യയിൽ മദ്യം വിറ്റ് കിട്ടുന്ന കാശുകൊണ്ട് ഭരണം നടത്തുന്ന ഒരു സംസ്ഥാനത്ത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസവും, ചികിത്സയും, എന്തിന് മതംപോലും വെറും ബിസിനസായി മാറിയിരിക്കുന്ന ഒരു സംസ്ഥാനത്ത് … ഇങ്ങനെ ഒരു തലമുറ വഴിതെറ്റി നശിച്ച് പോകുന്നതിൽ, ഇതുപോലുള്ള അക്രമസംഭവങ്ങളും ദുരന്തങ്ങളും നടക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എല്ലാവരുടെയും മനസ്സിലുയരുന്ന ചോദ്യം ഇതാണ്: എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഉത്തരം നൽകുന്നത് ഇന്നത്തെ സുവിശേഷഭാഗമാണ് – മനുഷ്യന്റെ അഹന്ത! ദൈവത്തെപോലും വെല്ലുവിളിക്കുന്ന മനുഷ്യന്റെ അഹന്ത! പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുംചെയ്യാം എന്ന മനുഷ്യന്റെ അഹന്ത! എന്തുചെയ്താലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കുമെന്ന ചെറുപ്പക്കാരുടെ അഹന്ത! എങ്ങനെയായാലും സുപ്രീം കോടതിയെപ്പോലും വിലക്കെടുക്കാമെന്ന ഭരണകർത്താക്കളുടെ അഹന്ത! രാഷ്ട്രീയ, മത ലാഭങ്ങൾക്കുവേണ്ടി എന്തുചയ്താലും ആരും ചോദിക്കാനില്ലെന്ന അഹന്ത!! സംവിധാനങ്ങളെയും, അധികാരികളെയും ധിക്കരിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന അഹന്ത! ഇങ്ങനെ അഹന്തയോടെ ജീവിക്കുന്ന ഒരു തലമുറയ്ക്ക് സംഭവിക്കുന്ന ദുരന്തങ്ങളാണ് ഇന്ന് കേരളജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നും, ലഹരിയും, കൊലയുമെല്ലാം വെറും അടയാളങ്ങൾ മാത്രം!

ഈ അഹന്തകൾക്ക് മേൽ ഇടിത്തീപോലെ ദൈവത്തിന്റെ വചനം വിഭൂതി ദിനത്തിൽ നാം കേട്ടു:”മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും”. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞ്, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.

ഈശോ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.

ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.

ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, വിശുദ്ധ കുർബാനയുടെ അർപ്പണത്തെച്ചൊല്ലി തമ്മിൽത്തല്ലുന്ന ക്രൈസ്തവരുള്ള, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത, പരസ്പരം ബഹുമാനിക്കാത്ത, സ്വഭാവത്തിലും, പെരുമാറ്റത്തിലും നേരും നെറിയുമില്ലാത്ത  ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.

ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്നപട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”. നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.

ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!    

ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗദ്സേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ(ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു. 

സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. ഈയിടെ നടന്ന റഷ്യൻ-യുക്രയിൻ യുദ്ധം തീർക്കാനുള്ള ട്രംപ് – സീലൻസ്കി ചർച്ച പോലും അഹന്തയുടെ ആഘോഷമായിപ്പോയി.  പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാക്കുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.  

നിങ്ങൾ ക്ലെയിം (Claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ Claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് മനുഷ്യനെ രക്ഷിച്ചത്“. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നുഎനിക്ക് അയാളെ രക്ഷിക്കണംരക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്.

സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹുറൈമില എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേറയുടെ മകൻ ഷിമേയി ദാവീദിന്റെമേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു:”നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂകർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ ‌ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!

സ്നേഹമുള്ളവരേ, ലക്ഷ്യമില്ലാത്ത ഒരു പ്രയാണമായിരിക്കും അഹന്തയുടെ യാത്ര! അഹന്ത ഗുരുത്വാകർഷണം പോലെയാണ്. അതെപ്പോഴും നമ്മെ താഴേയ്ക്ക് വലിച്ചുകൊണ്ടിരിക്കും. എന്നാൽ, അഹന്തയെ ഉപേക്ഷിക്കുമ്പോൾ തുറക്കപ്പെടുന്നത് പുതിയതും ക്രിയാത്മകവുമായ സാധ്യതകളുടെ, പ്രവർത്തനങ്ങളുടെ വാതിലുകളായിരിക്കും. ഓർക്കുക എപ്പോഴും – നമ്മുടെ അഹന്തയുടെ, ധാർഷ്ട്യത്തിന്റെ വിശപ്പുമാറ്റുവാനുള്ള ശ്രമത്തിൽ തകർന്ന് പോകുന്നത് നമുക്കേറ്റവും പ്രിയപ്പെട്ടവ, വിലപ്പെട്ടവ തന്നെയായിരിക്കും. നമ്മുടെ വ്യക്തിജീവിതത്തിന്റെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ തകർച്ചയുടെ അടിസ്ഥാന കാരണം അഹന്തയാണ്!!

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, വചന പ്രഘോഷണത്തിലൂടെ ദൈവകൃപ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം. എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ.

നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!

SUNDAY SERMON MT 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

മത്തായി 4, 1-11

2025 ലെ അൻപത് നോമ്പിലേക്ക് പ്രത്യാശയോടെ നാം പ്രവേശിക്കുകയാണ്. വീണ്ടും ജനിക്കുവാനുള്ള ക്ഷണമാണ് ഈ വലിയ നോമ്പ്. വീടും പറമ്പുമെല്ലാം വൃത്തിയാക്കുക, വിഴുപ്പു വസ്ത്രങ്ങളെല്ലാം എടുത്ത് ഒന്ന് അലക്കി ശുചിയാക്കുക, പ്യൂപ്പയിൽനിന്ന് പൂമ്പാറ്റയായി പിറക്കുക, വിശുദ്ധ പൗലോസിന്റെ ഭാഷയിൽ, പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയമനുഷ്യനെ ധരിക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ കടന്നുപോകാനുള്ള ക്ഷണം. ഇതത്ര ലളിതമാണെന്ന സങ്കല്പത്തിലൊന്നുമല്ല ഓരോ വർഷവും നാം വലിയ നോമ്പാചരിക്കുന്നത്. ഉറയൂരുന്ന പാമ്പുകളെപോലെ, പുറത്തെ Covering ഊരിക്കളയുന്ന പ്രാണികളെപ്പോലെ അത് കഠിനവും ശ്രമകരവുമായിരിക്കും. Ecdysis- എക്ഡിസിസ് എന്ന ഈ പ്രക്രിയയിൽ പാമ്പുകൾക്ക് അവയുടെ കണ്ണുകൾ നഷ്ടപ്പെടുന്ന അപകടംപോലും സംഭവിക്കാം. ഈശോയുടെ പീഡാനുഭവവും, കുരിശുമരണവും, ഉത്ഥാനവും ധ്യാനിക്കുന്ന വലിയ നോമ്പ് പക്ഷേ ഇത്രയും ത്യാഗം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു രൂപാന്തരീകരണത്തിന് സമയമായി എന്നുതന്നെയാണ് അൻപത് നോമ്പ് നമ്മെ ഓർമിപ്പിക്കുന്നത്.

ഇത്തവണത്തെ നോമ്പ് ഏറ്റവും നന്നായി ആചരിക്കണമെന്ന തീരുമാനവുമായിട്ടായിരിക്കണം നിങ്ങളെല്ലാവരും ഇന്ന് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കായി എത്തിയിരിക്കുന്നത്. എന്താണ് നോമ്പ് എന്ന വാക്കിന്റെ അർത്ഥം? നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. സ്നേഹം ത്യാഗമാണെന്നും, നൊന്ത് സ്നേഹിക്കുവാനുള്ള ക്ഷണമാണ് നോമ്പ് എന്നുമാണ് നോമ്പെന്ന വാക്ക് നമ്മോട് പറയുനത്.

ഈ നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. ഇന്നത്തെ സന്ദേശം ഇതാണ്: ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40, ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സംഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, ദൈവവുമായി ഒന്നായിരിക്കുന്ന കാലഘട്ടം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും

ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ‘. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്. ദൈവത്തിന്റെ എല്ലാമായിത്തീരുന്ന, ദൈവത്തിന്റെ ഇഷ്ടം മാത്രം തേടുന്ന ദൈവത്തിന്റെ മകളും മകനുമായിട്ടായിരിക്കണം നാം വലിയനോമ്പിലേക്ക്, വലിയ നോമ്പിന്റെ മരുഭൂമി അനുഭവത്തിലേക്ക് കടക്കേണ്ടത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്രപരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ! Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പരന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും.

നൊന്തുസ്നേഹിക്കാൻ ഞാൻ ശ്രമിക്കും എന്നതാകട്ടെ ഈ നോമ്പുകാലത്തിന്റെ പ്രതിജ്ഞ. വിഷമിക്കുന്ന സഹോദരങ്ങളെ കാണുമ്പോൾ സാരമില്ല എന്ന് പറഞ്ഞ് അവരെ സ്നേഹിക്കാം. ഒറ്റപ്പെട്ടുനിൽക്കുന്ന നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിച്ച് നീ എന്റേതാണ് എന്ന് പറയാം. ജീവിതത്തിൽ തോൽവികളിലൂടെ കടന്നുപോകുന്നവരോട് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് അവരെ ധൈര്യപ്പെടുത്താം. ആരും സ്നേഹിക്കാൻ ഇല്ലാത്തവരോട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയാം. ആരെയെങ്കിലും നാം വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവരോട് മാപ്പ് എന്ന് മന്ത്രിക്കാം. അങ്ങനെ നോമ്പുകാലം നമ്മിലെ നന്മയെ പുറത്തുകൊണ്ടുവരാൻ നമുക്ക് സാധിക്കട്ടെ.

ലോകത്തിലെ ഏറ്റവും ഉണങ്ങിയ പ്രദേശമാണ് South American രാജ്യമായ ചിലി (Chilie) അവിടെ അറ്റക്കാമ (Atacama) എന്നൊരു മരുഭൂമിയുണ്ട്. അവിടെ പക്ഷികളില്ല. മൃഗങ്ങളില്ല. അത്രയും ഉണങ്ങിയ പ്രദേശമാണ്. എന്നാൽ, ഏഴ് വർഷങ്ങൾ കൂടുമ്പോൾ അവിടെ മഴയെത്തും. അപ്പോൾആ പ്രദേശം മുഴുവനും പൂവുകൾകൊണ്ട് നിറയും. മഴയെത്തുമ്പോൾ, അത്രയും നാൾ പൊള്ളുന്ന ചൂടിൽ മയങ്ങിക്കിടന്ന വിത്തുകൾ ആരോ തൊട്ടുവിളിച്ചതുപോലെ ഉണർന്ന് ആ പ്രദേശത്തെ പൂപ്പാടമാക്കും. (മഹാരാഷ്ട്രയിലെ ഖാസ് പറ്റാർ (Khas Pattar) എന്ന പ്രദേശത്ത് എല്ലാ വർഷവും ഇതുപോലത്തെ പ്രതിഭാസമുണ്ട്. Google ചെയ്താൽ കാണാം)

സ്നേഹമുള്ളവരേ, നാമെല്ലാവരിലും നന്മകളുടെ വിത്തുകൾ ഉണ്ട്. ഈ നോമ്പുകാലത്ത് പരിശുദ്ധാത്മാവിന്റെ വരങ്ങളും കൃപകളും മഴയായി നമ്മിൽ നിറയട്ടെ. അപ്പോൾ ഈശോ നമ്മെ തൊട്ടുവിളിക്കും. നാം ഉണർന്ന് നമ്മിലെ നന്മകൊണ്ട് നാമായിരിക്കുന്ന സാഹചര്യങ്ങളെ മനോഹരമാക്കണം.

ദൈവത്തിന്റെ മകളായി, മകനായി, നോമ്പിന്റെ ചൈതന്യത്തോടെ, നൊന്ത് സ്നേഹിച്ച് നമുക്ക് ഈ നോമ്പുകാലം ഫലപ്രദമാക്കാം. അതിനുള്ള അനുഗ്രഹം ഈ വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമ്മേൻ!

SUNDAY SERMON MK 1, 7-11

ദനഹാക്കാലം എട്ടാം ഞായർ

മർക്കോ 1, 7-11

ദനഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. ദനഹാക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നത് ഈ ഭൂമിയിൽ ക്രിസ്തുവിന്റെ ദനഹാ, വെളിപ്പെടുത്തൽ ആകുക എന്ന ദൗത്യത്തിലേക്കാണ്. ക്രിസ്തുവിനെ ജീവിതത്തിലൂടെ വെളിപ്പെടുത്തുക എന്ന സന്ദേശവുമായി കടന്നുപോയ ഏഴാഴ്ചകൾക്കു ശേഷം, ദനഹാക്കാലം എട്ടാം ഞായറാഴ്ച്ച, ആ ദൗത്യത്തിലേക്ക് കാലെടുത്ത് വയ്ക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷം അതാണ് നമ്മോട് പറയുന്നത്. ഈ ഭൂമിയിൽ ജീവിതം എങ്ങനെ നിറവോടെ ജീവിക്കണം എന്ന്, ദൈവമഹത്വത്തിനായി എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച ഈശോ, അതിനായി തയ്യാറെടുപ്പ് നടത്തിയതെങ്ങനെയെന്നാണ് ഇന്നത്തെ സുവിശേഷം നമ്മെ വിവരിക്കുന്നത്.

നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1)

ഈശോ തന്റെ സുവിശേഷം പ്രസംഗിക്കാനും, പഠിപ്പിക്കാനും, ആ സുവിശേഷം ജീവിക്കാനും തന്നെത്തന്നെ initiate ചെയ്യുന്ന സുവിശേഷഭാഗം റോമിലെ ക്രൈസ്തവർക്കായി, സുവിശേഷത്തിന്റെ തുടക്കത്തിൽ തന്നെ വിശുദ്ധ മാർക്കോസ് അവതരിപ്പിക്കുകയാണ്. Initiation Ceremony റോമക്കാർക്ക് അന്യമല്ല. അവർ, മല്ലയുദ്ധക്കാർ തുടങ്ങി, തത്വചിന്തകർ, റോമൻ അക്കാദമികളിലെ പ്രൊഫസർമാർ, രാജാക്കന്മാർ, രാജകുമാരന്മാർ തുടങ്ങിയവരുടെ ആഘോഷമായ തുടക്കങ്ങൾ, സ്ഥാനാരോഹണങ്ങൾ കണ്ട് വളർന്നവരാണ്. അന്നത്തെ ദിവസം അവരുടെ ഗ്രാമങ്ങൾക്ക്, നഗരങ്ങൾക്ക്, രാജ്യത്തിന് തന്നെ വലിയ ഉത്സവമായിരിക്കും.  Initiate ചെയ്യപ്പെടുന്ന വ്യക്തിയെ അവരുടെ നേതാവായി, ഗുരുവായി, രാജാവായി അവർ ഹൃദയത്തിൽ സ്വീകരിക്കും. പിന്നെ, അവർ പറയുന്നത് കേൾക്കാനും, അവരോട് ഉപദേശങ്ങൾ തേടാനും, രാജാക്കന്മാരാണെങ്കിൽ അവർക്കുവേണ്ടി മരിക്കുവാനും അവർ തയ്യാറാകും. അതുകൊണ്ടുതന്നെ, Initiation Ceremony റോമക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഇങ്ങനെയൊരു സാംസ്ക്കാരിക, സാമൂഹ്യ പശ്ചാത്തലത്തിലാണ് വിശുദ്ധ മാർക്കോസ് ദൈവപുത്രനായ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം, Initiation അവതരിപ്പിക്കുന്നത്.

ഈ ഭൂമിയിലെ തന്റെ ദൗത്യം എന്തെന്ന് മനസ്സിലാക്കിയ ഈശോ, ആ ദൗത്യം അതിന്റെ പൂർണതയിൽ ജീവിക്കുവാൻ വേണ്ടി, തന്നെത്തന്നെ Initiate ചെയ്യുകയാണ്. ദൈവപുത്രനായതുകൊണ്ട്, പരിശുദ്ധാത്മാവിനാൽ ലോകത്തെയും, മനുഷ്യഹൃദയങ്ങളെയും സ്നാനം നൽകുവാൻ വന്ന ദൈവപുത്രനായതുകൊണ്ട്, അതിന് യോജിച്ചവിധത്തിൽ ഒരു Initiation Ceremony യാണ് വിശുദ്ധ മാർക്കോസ് ഇവിടെ ഒരുക്കിയിരിക്കുന്നത്!

തുടക്കം തന്നെ എത്ര മനോഹരമാണ്: അന്നൊരിക്കൽ“. ചരിത്രത്തിൽ സംഭവിച്ച ഒരു മഹാസംഭവത്തെ പൊടിതട്ടിയെടുക്കുകയാണ് വിശുദ്ധ മാർക്കോസ്. അന്നൊരിക്കൽ. വിശുദ്ധ ലൂക്കാ സുവിശേഷകനെ കടമെടുത്തു പറഞ്ഞാൽ: തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം, പൊന്തിയോസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും, ഹേറോദേസ് ഗലീലിയയുടെയും, അവന്റെ സഹോദരൻ പീലിപ്പോസ്…അനനിയാസും, കയ്യഫാസും പ്രധാനപുരോഹിതന്മാരും ആയിരിക്കേ. അന്നൊരിക്കൽ. ദൈവം തന്റെ പുത്രനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചുകൊണ്ട് പുത്രനായി, ലോകത്തിന്റെ രക്ഷകനായി ചിരിത്രത്തിലേക്ക് ഇറങ്ങിവന്ന .. അന്നൊരിക്കൽ!! വിശുദ്ധ മാർക്കോസ് ഈ ചെറിയ വാക്കിലൂടെ ഓർമിച്ചെടുക്കുകയാണ് ആ ചരിത്ര സംഭവത്തെ സ്നേഹമുള്ളവരേ!

സ്ഥാനാരോഹണത്തിനായി രാജാക്കന്മാർ വരുന്നപോലെയുള്ള ഒരു വിവരണമാണ് ഈശോയുടെ മാമ്മോദീസാ സ്വീകരിക്കുവാനുള്ള വരവിനും വിശുദ്ധ മാർക്കോസ് നൽകിയിരിക്കുന്നത്. ആനയും അമ്പാരിയുമൊന്നും വിവരണത്തിലില്ലെങ്കിലും ഈശോയുടെ വരവ് അദ്ദേഹം വിവരിക്കുന്നുണ്ട്. ഈശോ ഗലീലിയയിലെ നസറത്തിലേക്ക്, താൻ വളർന്നുവന്ന ഗ്രാമത്തിലേക്ക് എത്തുകയാണ് ആദ്യം. അവിടെനിന്ന് ജോർദാനിലേക്ക്. ജോർദാനിലെത്തിയശേഷം, സ്നാപകയോഹന്നാൻ സ്നാനം നല്കിക്കൊണ്ടിരിരുന്ന ജോർദാൻ നദിയിലേക്ക് …! അവിടെയെത്തിയശേഷം, മാമ്മോദീസ സ്വീകരിക്കാൻ നിന്ന ജനങ്ങളോടൊപ്പം സ്നാപന്റെ അടുത്തേക്ക്! ഈശോയുടെ ഊഴം വന്നപ്പോൾ സ്നാപകന്റെ അലർച്ച: ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്! സ്നാനം കഴിഞ്ഞപ്പോഴാകട്ടെ സ്വർഗ്ഗത്തിന്റെ ഇടപെടൽ! ജനം ഒന്നടങ്കം ഈശോയെ നോക്കി! ഇതാ ദൈവപത്രൻ! ഇതാ മിശിഹാ! ഇത് പ്രവാചകൻ! ഈശോ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായി, തന്റെ ജീവിത ദൗത്യം മനസ്സിലാക്കിയവനായി അവിടെ നിന്ന് ജനങ്ങളുടെ ഇടയിലേക്ക്! ബാക്കി ചരിത്രമാണ് പ്രിയപ്പെട്ടവരേ!

ദനഹാക്കാലത്തിന്റെ ഈ അവസാനത്തെ ഞായറാഴ്ച്ച, ജീവിതം ഒരു ദനഹയാക്കി മാറ്റുവാൻ ആഗ്രഹമുണ്ടെങ്കിൽ, അതിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് നൽകുവാൻ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ, മറ്റൊരുവാക്കിൽ, ഒരു യഥാർത്ഥ ക്രൈസ്തവനായി, ക്രൈസ്തവയായി ജീവിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ, മക്കളേ, നമ്മുടെ ജീവിതത്തെ, ജീവിത ദൗത്യത്തെ മനസ്സിലാക്കുവാൻ നാം ശ്രമിക്കണം. ക്രൈസ്തവർ അതിനായി, ഹോസ്പിറ്റലുകളിലൂടെ അലഞ്ഞുതിരിയണമെന്നില്ല; ജയിലുകൾ സന്ദർശിക്കണമെന്നുമില്ല; സിമിത്തേരികളെ ധ്യാനിക്കണമെന്നുമില്ല. ക്രൈസ്‌തവർ ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിതത്തിന്റെ ജോർദാനുകളിൽ മുങ്ങിനിവരുകയാണ്!!  ദൈവത്തിന്റെ, സ്വർഗ്ഗത്തിന്റെ പുത്രനും, പുത്രിയുമായി മാറുകയാണ്!!

അതിനായി ഒന്നാമതായി നാം ചെയ്യേണ്ടത്: പരിശുദ്ധാത്മാവിൽ ജ്ഞാനസ്നാനപ്പെടുക.

ക്രിസ്തുവിനെപ്പോലെ ജീവിത ദൗത്യത്തിലേക്ക് ദൈവാത്മാവിന്റെ നിറവോടെ കടന്നുചെല്ലുവാൻ കഴിയുന്ന ക്രിസ്തീയത നേടിയെടുക്കുകയാണ് ഇന്നിന്റെ ആവശ്യം. അപ്പോഴാണ് ദൈവജനത്തിന്റെ മുൻപിൽ ധൈര്യപൂർവം നിന്നുകൊണ്ട്, ആകാശം മുഴുന്ന സ്വരത്തിൽ “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” പ്രഘോഷിക്കുവാൻ നമുക്കാകുകയുള്ളു. അപ്പോൾ മാത്രമേ, ദരിദ്രർക്ക് സുവിശേഷം പ്രഘോഷിക്കുവാൻ നാം പാ കമാകുകയുള്ളു. അപ്പോൾ മാത്രമേ, അടിച്ചമർത്തപ്പെട്ടവന്റെ അടിമത്തത്തിന്റെ വേദന നമ്മുടേതാക്കാൻ കഴിയൂ. അപ്പോൾ മാത്രമേ ജീവിതത്തിൽ തപ്പിത്തടയുന്നവന്റെ കൈ പിടിച്ച് അവനെ പ്രകാശത്തിലേക്ക്  നയിക്കുവാൻ നമുക്കാകൂ. അല്ലാത്തതെല്ലാം വെറും പൊള്ളയാണ്. 

ഈ കാലഘട്ടത്തിന്റെ ദുരന്തം എന്നത് തീവ്രവാദപ്രവർത്തനങ്ങളല്ല. അവയുണ്ടാക്കുന്ന ബോംബാക്രമണങ്ങളല്ല. അവയിൽ ചിതറിത്തെറിക്കുന്ന മനുഷ്യ ജീവനുകളല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തം എന്നത് പരിശുദ്ധാത്മാവിൽ നിറയാതെ മനുഷ്യൻ ജീവിതാന്തസ്സുകളിലേക്ക് പ്രവേശിക്കുന്നതാണ്. അത്, കുടുംബജീവിതമായാലും, സന്യാസ പൗരോഹിത്യ ജീവിതമായാലും ശരിതന്നെ. ഇന്ന്, കുടുംബജീവിതക്കാർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല.  ഇന്ന് സന്യസ്തർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല.  ഇന്ന് പുരോഹിതർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല.  എന്തുകൊണ്ട്? പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിതത്തിന്റെ ജോർദാനുകളിൽ മുങ്ങി നിവരുവാൻ ഇവർക്കാകുന്നില്ല. ദൈവം പ്രസാദിച്ച പുത്രനും, പുത്രിയുമാണെന്ന ബോധ്യമില്ല. 

രണ്ടാമതായി ദൈവവര പ്രസാദത്തിന്റെ ഭംഗി നിറഞ്ഞവരാകുക. കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട് എന്ന ബോധ്യത്തിൽ ജീവിക്കുന്നവന്, ജീവിക്കുന്നവൾക്ക്, ഈ ദർശനം ഉള്ളിൽകൊണ്ട് നടക്കുന്ന നിമിഷങ്ങളിൽ അവരിൽ നിറയുന്ന ഒരു പ്രകാശമുണ്ട്. നിങ്ങളുടെ മുഖം പ്രകാശിക്കുന്നു, നിങ്ങളുടെ കണ്ണുകൾ പ്രകാശിക്കുന്നു, നിങ്ങളുടെ ശരീരം പ്രകാശിക്കുന്നു. ഉള്ളിൽ ഇത്തരമൊരു ദർശനത്തിന്റെ വെളിച്ചം കൊണ്ട് നടക്കുന്നില്ലെങ്കിൽ ക്രൈസ്തവൻ എങ്ങനെയാണ് പ്രകാശിക്കുക. നിങ്ങൾ പ്രകാശമാകുന്നു എന്ന് ഈശോ പറഞ്ഞത് വെറുതെ ഒരു പ്രസംഗ ശൈലിയായിട്ടല്ല. ഏതെങ്കിലുമൊരു പ്രകാശം ആകാനുമല്ല. നിങ്ങൾ പോകുന്നിടത്തെല്ലാം പ്രകാശം പരത്തുവാനാണ് ഈശോ പറഞ്ഞത്. അല്ലെങ്കിൽ വിശുദ്ധ മദർ തെരേസയ്ക്ക് എവിടെയാണ് സൗന്ദര്യം? ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ നിങ്ങൾ എത്രമാർക്ക് കൊടുക്കും? എന്നാൽ ദൈവവര പ്രസാദംകൊണ്ട് നിറഞ്ഞ, പരിശുദ്ധാത്മാവാൽ നിറയപ്പെട്ട വിശുദ്ധ മദർ തെരേസയുടെ സൗന്ദര്യം ലോകത്തിന്റെ മാനദണ്ഡങ്ങൾക്കും എത്രയോ അകലെയാണ്!!! ദൈവവര പ്രസാദത്തിന്റെ ഭംഗിയില്ലാത്ത ക്രൈസ്തവർക്ക് എങ്ങനെയാണ് ഈ ലോകത്തെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ കഴിയുക?! ഇന്ന് ലോകം, ലോകത്തിന്റെ മക്കൾ ക്രിസ്തുവിൽ നിന്ന് അകന്നുപോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം ദൈവരപ്രസാദ മില്ലാത്ത ക്രൈസ്തവരാണ്.

സ്നേഹമുള്ളവരേ, എങ്ങനെയാണ് ജീവിതം നിറവുള്ളതാക്കണമെന്ന്, ജീവിതദൗത്യം ആരംഭിക്കേണ്ടതെന്ന് ക്രിസ്തുവിൽ നിന്ന് പഠിക്കുവാൻ നമുക്കാകട്ടെ. ക്രിസ്തുവിനെ ഇന്ന് ക്രൈസ്തവർ ശരിയായി കാണുന്നുണ്ടോ എന്ന് സംശയമാണ്. ഒരു പൂവ് അതെത്ര  സൗന്ദര്യമുള്ളതായാലും ഒത്തിരി ദൂരത്താകുമ്പോൾ അത് നമ്മുടെ കാഴ്ചയുടെ പരിധിക്ക് പുറത്താകുന്നു. ഇനി അത് നമ്മുടെ കണ്ണോട് ചേർത്തുവയ്ക്കുമ്പോഴോ, വർണങ്ങൾ ചിതറുന്നു; കാഴ്ച്ച വീണ്ടും അവ്യക്തമാകുന്നു. ക്രിസ്തു ഒന്നുകിൽ നമ്മുടെ ദർശന പരിധിക്ക് പുറത്താണ്. അല്ലെങ്കിൽ വർണങ്ങൾ ചിതറിപ്പോകുന്നത്ര അടുത്താണ്. ക്രിസ്തുവിനെ കാണേണ്ട ദൂരത്തല്ല നമ്മൾ കാണുന്നത്. അതുകൊണ്ട് ഈശോ തന്റെ ദൗത്യത്തിന് തയ്യാറെടുത്തപോലെ, തയ്യാറെടുക്കുവാൻ നമുക്കാകുന്നില്ല.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്നാനപ്പെട്ട്, ദൈവവര പ്രസാദത്തിന്റെ ഭംഗിയുള്ളവരായി നമുക്ക് നമ്മുടെ ക്രൈസ്തവജീവിതം വീണ്ടും പണിയാം.

ഈശോയേ, നിന്നെ ശരിയായി കാണുവാൻ ഞങ്ങളുടെ മിഴികളെ തുറക്കുക എന്ന് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേയെന്ന് ഇന്നത്തെ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON MT 8, 5-13

ദനഹാക്കാലം ഏഴാം ഞായർ

മത്താ 8, 5 – 13

നിങ്ങൾക്കറിയാമോ എന്നെനിക്കറിയില്ല. ബഹുസ്വരതയിൽ അഭിമാനിക്കുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ ഊറ്റംകൊള്ളുന്ന, നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ ഇക്കഴിഞ്ഞ ആഴ്ച്ച, 2025 ഫെബ്രുവരി 4-ന് രാജസ്ഥാൻ സർക്കാർ, “രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ, 2025” (Rajasthan’s Anti-Conversion Bill, 2025) നിയമ സഭയിൽ അവതരിപ്പിച്ചു. പാസായാൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പാസാക്കിയ മറ്റ് 11 സംസ്ഥാനങ്ങളിൽ രാജസ്ഥാനും ചേരും – ഉത്തർപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കർണാടക, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്. ഭീഷണി, വഞ്ചന, ബലപ്രയോഗം, വിവാഹം എന്നിവയിലൂടെയുള്ള മതപരിവർത്തനം കുറ്റകരമാക്കാൻ ബിൽ ശ്രമിക്കുന്നു. ബില്ലിന് കീഴിലുള്ള വിവിധ കുറ്റകൃത്യങ്ങൾ ജാമ്യം ലഭിക്കാത്തതും കുറ്റകരവുമാണ്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രൈസ്തവർക്കെതിരെ ഈ നിയമം ദുരുപയോഗിക്കപ്പെട്ടേക്കാം. 

നിങ്ങൾ അറിഞ്ഞോ എന്നെനിക്കറിയില്ല. അറിഞ്ഞെങ്കിലും, നിങ്ങൾ മറന്നുപോയോയെന്നും എനിക്കറിയില്ല. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗറിൽ മതപരിവർത്തന ശ്രമങ്ങൾ നടത്തിയെന്ന് കുറ്റം ചുമത്തി ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ എന്നീ ദമ്പതികൾക്ക് ജനുവരി 24 ന് പ്രത്യേക കോടതി അഞ്ച് വർഷം തടവ് ശിക്ഷയും, 25, 000 രൂപ പിഴയും ചുമത്തുകയുണ്ടായി.

അച്ചൻ രാഷ്ട്രീയം പറയുകയല്ല; വർഗീയത പ്രചരിപ്പിക്കുകയുമല്ല. ഇന്നത്തെ സുവിശേഷഭാഗം വായിച്ച് പ്രസംഗക്കുറിപ്പെഴുതുവാൻ തുടങ്ങിയപ്പോൾ ഓർമയിലേയ്ക്കോടി വന്നത് ഈ സംഭവങ്ങളാണ്. ക്രിസ്തുവിൽ ഉറച്ച് വിശ്വസിക്കുവാനും, ആ വിശ്വാസം ധൈര്യപൂർവം ഏറ്റുപറയുവാനും ഇന്ത്യൻ ഭരണഘടന നമുക്ക് അവകാശം തന്നിട്ടും, ആ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, കൂടുതൽ കരുത്തോടെ, വിശ്വാസത്തോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ക്രൈസ്തവർ തയ്യാറാകേണ്ടതല്ലേയെന്ന് ഞാൻ ചിന്തിച്ചുപോയി! ആ ചങ്കൂറ്റം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ, അത് വീണ്ടെടുക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ പ്രചോദിപ്പിക്കും.

രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. ഒന്ന്, ഈശോയ്ക്ക് പോലും അത്ഭുതം തോന്നുംവിധം, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ വിജാതീയനായ ശതാധിപന്റെ വിശ്വാസവും, ഏറ്റുപറച്ചിലും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കേരളത്തിലും, നാം ജീവിക്കുന്ന സാഹചര്യങ്ങളിലും, നാം ക്രൈസ്തവർ അനീതിപരമായി Target ചെയ്യപ്പടുമ്പോൾ ഈ ശതാധിപനെപ്പോലെ, ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ നമുക്കാകണം. മറ്റൊരുവാക്കിൽ, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം, നമ്മുടെ ജീവിതത്തിന്റെ മൂല്യമായി മാറണം.

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലിയും അതുതന്നെയാണ്. ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോയ്ക്കറിയാമായിരുന്നു. ഈക്കാര്യം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.

ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ (Yahweh-yi-reh) എന്നാണ്. കർത്താവ് നൽകും എന്നാണ് ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്.  ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ (മത്താ 5, 45) അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’  (യോഹ 3, 34) ‘ഒരിക്കലും കുറുകിപ്പോകാത്തതാണ് അവിടുത്തെ കരങ്ങൾ. (ഏശയ്യാ 59, 1) അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’ (ജെറമിയ 29, 11)

ഈശോ, ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം, അവിടുത്തേക്ക്‌ ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു – ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.

ഇത്തരത്തിലുള്ള ഒരു വിശ്വാസത്തിലേക്ക് ഉയരുമ്പോഴാണ് നമ്മുടെ വിശ്വാസം ജീവിതത്തിന്റെ മൂല്യമായിത്തീരുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തെ ജീവിതമാക്കി, ജീവിതത്തിന്റെ മൂല്യമാക്കിത്തീർക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ക്രിസ്തുവിലുള്ള വിശ്വാസമെന്നത് വെറും ആചാരങ്ങളോ, അനുഷ്ടാനങ്ങളോ, വെറുതെയുള്ള അലങ്കാരങ്ങളോ ആകരുത്. അത് നമ്മുടെ ജീവിതമാകണം; ജീവിതമൂല്യമാകണം. ഇന്ന്, ക്രിസ്തു, ക്രിസ്തുമതം ആക്രമിക്കപ്പെടുമ്പോൾ, ക്രൈസ്തവമുക്ത ഭാരതമെന്നൊക്കെ തീവ്രവാദികൾ വിളിച്ചുപറയുമ്പോൾ, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ പ്രതിനിധികളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുമ്പോൾ, ആചാരങ്ങൾക്കും, പാരമ്പര്യങ്ങൾക്കും പിന്നാലെ പോകുമ്പോൾ, ക്രൈസ്തവർതന്നെ ക്രിസ്തുവിന്റെ മുഖം വികൃതമാക്കുമ്പോൾ, ചോദ്യമിതാണ്: ക്രിസ്തുവിലുള്ള എന്റെ വിശ്വാസം വെറും ആചാരമോ, അതോ മൂല്യമോ? വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറയുന്നത് ശ്രദ്ധിക്കുക: ‘ജീവിതത്തിന്റെ സാഹചര്യങ്ങളോട് –  അത് സന്തോഷമേറിയതോ, കയ്‌പ്പേറിയതോ ആകാം – വിശ്വാസം പൊരുത്തപ്പെടുമ്പോഴാണ് വിശ്വാസം മൂല്യമുള്ളതായിത്തീരുന്നത്.’

ക്രിസ്തുവിലുള്ള വിശ്വാസം മൂല്യമുള്ളതാകുമ്പോൾ, നാം ഒന്നാം സ്ഥാനം നൽകുന്നത് ക്രിസ്തുവിനായിരിക്കും. ലോകത്തിലുള്ള ശക്തികൾക്കായിരിക്കുകയില്ല. ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകി ജീവിക്കുമ്പോൾ നമ്മെ തകർക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. പക്ഷേ, ഒന്നാം സ്ഥാനം നല്കാൻ തയ്യാറാകണം. ഈശോ പറഞ്ഞൊരു കുഞ്ഞിക്കഥ   ഓർമയില്ലേ? നിധിമറഞ്ഞിരിക്കുന്ന വയലുവാങ്ങാൻ തനിക്കുള്ളതെല്ലാം വിറ്റ മനുഷ്യന്റെ കഥ! ക്രിസ്തു നിന്റെ നിധിയാകണം. സകലതും വിറ്റ്, ആ പൈസകൊണ്ട് വിലയേറിയ രത്നം സ്വന്തമാക്കിയ മനുഷ്യന്റെ കഥയും ഈശോ പറഞ്ഞു. ക്രിസ്തു നിന്റെ വിലയേറിയ രത്നമാകണം. ശതാധിപന്റെ വിശ്വാസത്തിന്റെ BASIS അതായിരുന്നു!!!

രണ്ട്, ഈശോ സൗഖ്യം നൽകുന്ന ദൈവം.

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരമാണ് ഇന്നത്തെ സുവിശേഷഭാഗം.  സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. സൗഖ്യം ഏറ്റവും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുനന്ത്. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് നടക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. യുദ്ധമായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അതിൽനിന്ന് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. മദ്യമായി, ലഹരിയായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.  

ശതാധിപൻ വിജാതീയനായിരുന്നെങ്കിലും, അയാളുടെ വിശ്വാസം ദൃഢമായിരുന്നു. അയാൾക്ക് വിശ്വാസം വെറുമൊരു ആചാരം മാത്രമായിരുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസം അയാളുടെ ജീവിതത്തിൽ നിന്ന് ഖനനം ചെയ്തെടുത്തതാണ്.  ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. ശതാധിപൻ പറയുന്നത് പടയാളികൾക്ക് വേദവാക്യമാണ്. അങ്ങനെയെങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശതാധിപൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമല്ലല്ലോ. ഈ പ്രപഞ്ചം മുഴുവനും അങ്ങയുടെ സൃഷ്ടികളാണല്ലോ. ഈ പ്രപഞ്ചത്തെ മുഴുവൻ കാണുന്നവനായ നീ എന്റെ ഭൃത്യനെയും കാണുന്നുണ്ടല്ലോ. അവന്റെ അവസ്ഥ അറിയുന്നുണ്ടല്ലോ. നാഥാ, നീ ഒരു വാക്ക് അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.

പ്രിയപ്പെട്ടവരേ, ഒന്നുറക്കെ ഏറ്റുപറഞ്ഞേ. “കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, ഞാൻ സുഖപ്പെടും.” (മത്താ 8, 8) ഈ ദൈവ വചനം ജനം ഒന്നാകെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ട്. വിശുദ്ധ കുർബാനയിൽ. ഏത് വിശുദ്ധ കുർബാനയിൽ? ലത്തീൻ റീത്തിലെ വിശുദ്ധ കുർബാനയിൽ. വിശുദ്ധ കുർബാന സ്വീകരണത്തിന് മുൻപ് വൈദികൻ, ഈശോയുടെ തിരുശരീരമായി  മാറിയ തിരുവോസ്തി ഉയർത്തിക്കാണിച്ചുകൊണ്ട് , ‘ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ക്രിസ്തുവിന്റെ അത്താഴത്തിലേക്ക് വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ’ (സ്വതന്ത്ര പരിഭാഷ) എന്നുപറയും. അപ്പോൾ, തിരുവോസ്തിയിലെ ഇന്നും ജീവിക്കുന്ന ഈശോയെകണ്ടുകൊണ്ട്, ആ ഈശോയിൽ വിശ്വസിച്ചുകൊണ്ട്, ദൈവജനം പറയുകയാണ്:  “കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, ഞാൻ സുഖപ്പെടും.” ദൈവമക്കളുടെ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന മഹനീയ മുഹൂർത്തം!!!

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആഘോഷമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഇന്ന് വിശ്വാസ പ്രമാണം ചൊല്ലുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാകട്ടെ അത്. വിശുദ്ധ കുർബാന തിരുസ്സഭയോടൊത്തുള്ള നമ്മുടെ വിശ്വാസത്തിന്റെ ആഘോഷമായതുകൊണ്ട് സഭയോടൊത്ത്, എല്ലാ ക്രൈസ്തവരോടൊത്ത് നാം ഏറ്റുപറയുമ്പോൾ തീർച്ചയായും ഈശോ പറയും, ഞാൻ നിന്റെ വീട്ടിലേക്ക് വരാം. നിന്നെ, നിന്റെ ഭവനത്തെ സുഖപ്പെടുത്താം. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’ നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി, എന്റെ സാമ്പത്തികപ്രശ്നങ്ങൾ മാറും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ കുടുംബത്തിൽ സമാധാനമുണ്ടാകും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ മകളുടെ അസുഖം, എന്റെ അമ്മയുടെ ക്യാൻസർ മാറും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ മകന്റെ ചീത്തകൂട്ടുകെട്ട് മാറും. എന്റെ അപ്പച്ചന്റെ മദ്യപാനം മാറും. ..

നമ്മുടെയൊക്കെ പ്രശ്നം, നമ്മുടെ വിശ്വാസം എങ്ങനെയുള്ളതാണ് എന്നതാണ്. കുഞ്ഞുണ്ണി മാഷ് പറയുന്ന പോലെ: “ഈശോയിലാണെൻ വിശ്വാസം; കീശയിലാണെൻ ആശ്വാസം!”

ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.

സ്നേഹമുള്ളവരേ, നമ്മൾ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുമ്പോൾ, തളരാതെ, നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുവാൻ നമുക്കാകണം. അപ്പോൾ വിജാതീയർപോലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന അത്ഭുതം നടക്കും. ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’  എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ

അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം. എന്ന വിശ്വാസത്തിൽ നീ ശക്തിപ്പെടും. ആമ്മേൻ!

SUNDAY SERMON JN 3, 22-31

ദനഹാക്കാലം ആറാം  ഞായർ

യോഹ 3, 22-31

ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു സന്ദേശത്തിലേക്കാണ്. ഇന്ന് വീണ്ടും വിശുദ്ധ സ്നാപകയോഹന്നാൻ ഈശോയെ വെളിപ്പെടുത്തുകയാണ്. ആ വെളിപ്പെടുത്തലിന്റെ പ്രത്യേകതയാണ് ഇന്നത്തെ സുവിശേഷഭാഗത്തെ മനോഹരമാക്കുന്നത്. സ്നാപക യോഹന്നാൻ യേശുവിനു നൽകുന്ന അവസാനത്തെ സാക്ഷ്യമാണ്, വെളിപ്പെടുത്തലാണ് ഇത്. അതാകട്ടെ, സ്വന്തം വ്യക്തിത്വവും, ജീവിതവും, വാക്കുകളും, നിലപാടുകളും എല്ലാം മാറ്റിവച്ചുകൊണ്ടാണ്. എങ്ങനെയാണ് നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു ഇന്ന് സ്നാപകൻ നമുക്കു പറഞ്ഞു തരും.

യൂദയാ ദേശത്തു ക്രിസ്തുവും, സാലിമിനടുത്തുള്ള എനോനിൽ സ്നാപക യോഹന്നാനും മാമ്മോദീസ നൽകുന്നു എന്ന വിവരം നൽകിക്കൊണ്ടാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. രണ്ടുപേരും നൽകിയിരുന്ന സ്നാനം ഒരുപോലെയുള്ളതായിരുന്നോ, വ്യത്യസ്തമായിരുന്നെങ്കിൽ അത് എങ്ങനെയുള്ളതായിരുന്നു എന്നൊക്കൊയുള്ള സംശയങ്ങൾ നമ്മിലുണ്ടാകുക സ്വാഭാവികമാണ്.

സ്നാപകയോഹന്നാൻ യഹൂദമതത്തിലെ താപസജീവിതം നയിച്ചിരുന്ന ഖുമറാൻ (Qumran) സമൂഹത്തിൽപെട്ട എസ്സീനുകൾ (Essenes) എന്നറിയപ്പെട്ട സന്യാസികളിൽ ഒരാളായിരുന്നു. (ക്രിസ്തുവിന് മുൻപ്ര, ണ്ടാം നൂറ്റാണ്ടുമുതൽ ഒന്നാം നൂറ്റാണ്ടുവരെ യൂദയായിൽ ജീവിച്ചിരുന്ന യഹൂദമതത്തിലെ സന്യാസികളായിരുന്നു എസ്സീനുകൾ (Mystic Jewish Sect)) ഖുമറാൻ ഒരു സ്ഥലമാണ്. Milddle East നും ഇസ്രയേലിനും (Israel) ഇടയ്ക്കുള്ള വെസ്റ്റ് ബാങ്കിലെ (West Bank) ചരിത്രപ്രസിദ്ധവും പുരാവസ്തുക്കൾ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ് ഖുമറാൻ. ചാവുകടലിന്റെ (Dead Sea) ഈ പ്രദേശത്തുനിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) നിന്നാണ് എസ്സീനുകളെക്കുറിച്ചു നമുക്ക് അറിവ് കിട്ടുന്നത്. 

‘ക്രിസ്തുവിനായി വഴിയൊരുക്കുവാൻ മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായി’ വന്ന സ്നാപക യോഹന്നാൻ എസ്സീനുകൾക്കിടയിൽ ഉണ്ടായിരുന്ന ജലസ്നാനമെന്ന ആചാരം കടമെടുക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ മുങ്ങിയുള്ള സ്നാനം മിശിഹായെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുള്ള ആചാരമായി അദ്ദേഹം ചെയ്തുപോന്നു. (പുതിയ മതങ്ങൾ രൂപപ്പെട്ടുവരുമ്പോൾ, അന്ന് നിലവിലുണ്ടായിരുന്ന മതങ്ങളിലെ ഏതെങ്കിലും ആചാരമൊക്കെ പുതിയ മതങ്ങൾ കടമെടുക്കുകയും, തങ്ങളുടെ വിശ്വാസത്തിനനുസൃതമായി വ്യാഖ്യാനിക്കുകയും, ഉപയോഗിക്കുകയും ചെയ്യുക സാധാരമാണ്. ക്രിസ്റ്റീയ മതവും അതിന്റെ പ്രാരംഭകാലങ്ങളിൽ ഇങ്ങനെ ധാരാളം ഘടകങ്ങൾ മറ്റ് മതങ്ങളിൽ നിന്ന്, പാരമ്പര്യങ്ങളിൽ നിന്ന് കടമെടുത്തിട്ടുണ്ട്.) എന്തുകൊണ്ട് ജലസ്നാനം? ലോകത്തിന്റെ സന്തോഷങ്ങളെയെല്ലാം മാറ്റിവച്ച് താപസജീവിതം നയിക്കുന്നതിന്റെ അടയാളമായിട്ടായിരുന്നു എസ്സീനുകൾ ജലസ്നാനം ചെയ്തിരുന്നത്. ജലത്തിൽ നിന്ന് ശുദ്ധരായി ഉയിർത്തെഴുന്നേറ്റു, സമൂഹത്തിലെ അനീതികളോടും, തിന്മകളോടും പടപൊരുതുന്ന താപസന്മാരായിട്ടാണ് എസ്സീനുകൾ യഹൂദമതത്തിൽ ജീവിച്ചിരുന്നത്.  ലോകത്തിലെ പല പുരാതന സംസ്കാരങ്ങളിലും ഒഴുകുന്നജലത്തിൽ മുങ്ങി നിവരുക എന്നത് പാപങ്ങളിൽ നിന്ന് ശുദ്ധമാക്കപ്പെട്ട് പുതിയ ജന്മത്തിലേക്കു പ്രവേശിക്കുന്നതിന്റെ പ്രതീകമായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ജലസ്നാനം പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ആചാരമായിരുന്നു. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു, ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവച്ചു മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർക്കേ മിശിഹായുടെ രക്ഷയിൽ പങ്കുപറ്റുവാൻ സാധിക്കുകയുള്ളു എന്ന് പ്രസംഗിച്ച സ്നാപകൻ, ആ മാനസാന്തരത്തിന്റെ പ്രതീകമായിട്ടാണ് ജലസ്നാനത്തെ കണ്ടിരുന്നത്.

ജലത്താലും ആത്മാവിനാലും മാമ്മോദീസ നൽകുവാൻ വന്നവനാണ് ഈശോയെങ്കിലും, സ്നാപകൻ നൽകിയ ജലസ്നാനം തന്നെയായിരിക്കണം ഈശോയും നൽകിയിരുന്നത്. കാരണം, ആത്മാവിനെ സ്വീകരിക്കുവാൻ, ജനത്തെ ഒരുക്കുവാനാണ് ഈശോ വന്നത്. ആ ഒരുക്കത്തിന്റെ തുടക്കമായിരുന്നിരിക്കണം ഈ ആചാരങ്ങൾ. സ്വർഗത്തിൽ നിന്ന് ആത്മാവ് ഇറങ്ങി വന്ന് വസിക്കുന്ന ക്രിസ്തു പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുവാനാണ്‌ വന്നിരിക്കുന്നത് എന്ന് സ്നാപകയോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 1, 33) ഇക്കാരണങ്ങളാൽ, ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെയും സ്നാപകന്റെയും ജലസ്നാനങ്ങൾ ഒരേ സ്വഭാവമുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തു ശിഷ്യരോടൊത്തു യൂദയാ ദേശത്തു ചെയ്തിരുന്ന ജലസ്നാനവും,

സ്നാപകൻ ചെയ്തിരുന്ന ജലസ്നാനവും ഒരേപോലെയായിരുന്നതുകൊണ്ടാകണം സ്നാപകന്റെ ശിഷ്യരും യഹൂദനും തമ്മിൽ ഇതേ ചൊല്ലി തർക്കമുണ്ടായത്. വിവാദങ്ങളും തർക്കങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയെല്ലാം സത്യം പുറത്തുകൊണ്ടുവരാൻ ഉതകുമെന്നതാണ് യാഥാർഥ്യം. നിലവിലുള്ള പ്രശ്നങ്ങളെ വിലയിരുത്തുവാനും, അവയെക്കുറിച്ച് കൂടുതലായി പഠിക്കുവാനും, അങ്ങനെ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കുവാനും അവ ഉപകരിക്കും. വിവാദങ്ങൾ ധാരാളം നഷ്ടങ്ങൾ ഉണ്ടാകുമെങ്കിലും, നെല്ലും പതിരും തിരിച്ചറിയുവാനുള്ള അവസരങ്ങളായി അവ മാറും എന്നതാണ് അതിന്റെ പോസിറ്റീവ് വശം.  

സ്നാപകയോഹന്നാൻ ഈ അവസരം, ക്രിസ്തുവിന്റെ ശിഷ്യരും, അദ്ദേഹത്തിന്റെ ശിഷ്യരും തമ്മിലുള്ള ഈ തർക്കത്തെ വളരെ സമർത്ഥമായി ഉപയോഗിക്കുകയാണ്. അദ്ദേഹം വളരെ മനോഹരമായി ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ്.  ‘ക്രിസ്തുവിനു മുൻപേ അയയ്ക്കപ്പെട്ടവനായ’ സ്നാപകയോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ട് ഈശോയെ വെളിപ്പെടുത്തിയ സ്നാപക യോഹന്നാൻ, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും താൻ യോഗ്യനല്ലെന്നു’ ഏറ്റുപറഞ്ഞ സ്നാപകയോഹന്നാൻ, തന്റെ തന്നെ കുറവുകൾക്കുംമേൽ, തന്റെ മാനുഷിക പരിമിതികൾക്കുംമേൽ ചവുട്ടി നിന്നുകൊണ്ട്, തന്റെ നിലപാടുകളും, ആഗ്രഹങ്ങളും, അഭിപ്രായങ്ങളും മാറ്റിവച്ചുകൊണ്ട്, ഉന്നതത്തിൽ നിന്നുള്ള ക്രിസ്തുവിനെ കാണിച്ചുകൊടുക്കുകയാണ്, പ്രതിഷ്ഠിക്കുകയാണ്.

കാരണം, സ്നാപകന് സംശയം ഉണ്ടായിരുന്നു, അദ്ദേഹം വല്ലാതെ പേടിച്ചിരുന്നു, ഒരുവേള തന്റെ താപസജീവിതംകണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി തെറ്റിദ്ധരിക്കുമോയെന്ന്! ഒരുപക്ഷേ, നീതിക്കുവേണ്ടിയുള്ള തന്റെ ദാഹം കണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി കാണുമോയെന്ന്! ചിലപ്പോൾ, തന്റെ മനോഹരമായ പ്രസംഗം കേട്ട്, തന്നെ ക്രിസ്തുവായി, മിശിഹായായി വാഴ്ത്തിപ്പാടുമോയെന്ന്!

അതുകൊണ്ട്, ഒരുപക്ഷേ ലോകത്തിന്റെ ദൃഷ്ടിയിൽ വളരെ ശക്തമായ തന്റെ വ്യക്തിത്വം മറച്ചുപിടിച്ചുകൊണ്ട്, മാറ്റിവച്ചുകൊണ്ട്, തന്റെ കുറവുകളെ ഏറ്റുപറഞ്ഞുകൊണ്ട്, മണവാളനായ ക്രിസ്തുവിന്റെ അടുത്ത് നിന്ന് അവന്റെ സ്വരം ശ്രവിക്കുന്ന, ആ സ്വരത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ തയ്യാറുള്ള, അതിൽ സന്തോഷിക്കുന്ന സ്നേഹിതൻ മാത്രമാണ് താൻ എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയാണ്. ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം അലറുകയാണ്:  ഞാനല്ല അവനാണ് ക്രിസ്തു’! അവനാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ! അവനാണ് ദൈവരാജ്യത്തിലേക്കുള്ള വാതിൽ! അവനാണ്, അവൻ മാത്രമാണ് ലോകത്തിന്റെ രക്ഷകൻ! അവനാണ് പരിശുദ്ധാത്മാവിനെ നൽകുവാൻ വന്നവൻ. അവനാണ് ആത്മാവായി ഉത്ഥാനം ചെയ്ത് എന്നും ജീവിക്കുന്നവൻ. അവനാണ് ആത്മാവായി വിശുദ്ധ കുർബാനയാകുന്നവൻ!!! അവനാണ് അവനാണ് ക്രിസ്തു!!!

സ്നേഹമുള്ളവരേ, എങ്ങനെയാണ് ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു സ്നാപകൻ നമ്മെ പഠിപ്പിക്കുകയാണ്. ഈ ഭൂമിയിൽ താൻ ചെയ്തു തീർക്കേണ്ട ദൗത്യമെന്താണെന്നു അറിഞ്ഞ സ്നാപകൻ, തനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്ന നേട്ടങ്ങളും, അംഗീകാരങ്ങളും വേണ്ടെന്നു വച്ച്, തന്റെ ദൗത്യത്തോട് 100% ആത്മാർത്ഥത പുലർത്തുകയാണ്. ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ സ്നാപകന്റെ ജീവിതത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. എന്റെ കുറവിലാണ് ഈ ഭൂമിയിൽ ക്രിസ്തു നിറവായി മാറുന്നതെന്ന് ഓരോ ക്രൈസ്തവനും അറിയണം. ഞാൻ അപ്രത്യക്ഷനാകുമ്പോഴാണ് ക്രിസ്തു ഈ ഭൂമിയിൽ എന്നിലൂടെ പ്രത്യക്ഷനാകുന്നതെന്ന് നാം മനസ്സിലാക്കണം. എന്റെ absence ൽ ആണ് ക്രിസ്തു present ആകുന്നത്. ഇന്നത്തെ സുവിശേഷം നമ്മെ പഠിക്കുന്ന വലിയ പാഠം ഇതാണ്. നമ്മൾ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളിലും, കോപ്രായങ്ങളിലും,  അമിതവേഷങ്ങളിലും,ആഘോഷങ്ങളിലും ക്രിസ്തു വെളിപ്പെടുന്നുണ്ടോയെന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു!!

ഒന്ന് ചിന്തിച്ചു നോക്കൂ … ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന, വലിയ കോടികൾ മുടക്കി നാം പണിയുന്ന നമ്മുടെ ദേവാലയങ്ങളാണോ, നമ്മുടെ എളിയ സത്പ്രവർത്തികളാണോ ഈ ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്? ആധുനിക ലോകം ക്രിസ്തു കരുണയുള്ളവനാണ് എന്ന് കണ്ടത് ആരിലൂടെയാണ്? നമ്മുടെ സ്കൂളുകളിലൂടെയാണോ? ഉയർന്നു നിൽക്കുന്ന കോളേജുകളിലൂടെയാണോ? അതോ, നീലക്കരയുള്ള വെള്ളസാരിയുടുത്ത ഒരു പാവം കന്യാസ്ത്രീയിലൂടെയോ? വിശുദ്ധ മദർ തെരേസയാകുന്ന പേനകൊണ്ടല്ലേ ലോകമാകുന്ന ചുമരിൽ ക്രിസ്തു കരുണയാകുന്നു എന്ന് വെളിപ്പെട്ടത്? അപ്പോൾ എവിടെയാണ് നാം invest ചെയ്യേണ്ടത്? സ്ഥാപനങ്ങളിലോ, അതോ??

വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസ്കാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം 7 മുതൽ 10 വരെയുള്ള വാക്യങ്ങൾ ഓർക്കുക. ” എന്നാൽ, പരമമായ ഈ ശക്തി ദൈവത്തിന്റേതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.”

2007 ൽ ലോകത്തിലെ ഏറ്റവും നല്ല footballer ആയ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിയൻ കളിക്കാരൻ കാക്കയെ (Ricardo Kaka) ഓർക്കുന്നില്ലേ? Midfielder ആയ കളിച്ചിരുന്ന കാക്ക ജേഴ്‌സിയിൽ I belong to Jesus എന്നെഴുതുക മാത്രമല്ല, ഓരോ വിജയത്തിനും ശേഷം പറഞ്ഞിരുന്നത് ഈ വിജയം നൽകിയത് JESUS ആണെന്നാണ്. നേട്ടത്തിന്റെ നെറുകയിലും ക്രിസ്തുവിനെ വെളിപ്പെടുത്തുകയായിരുന്നു Ricardo Kaka.

ഫിലിപ്പി 4, 13 എന്ന് കണ്ണുകൾക്കിടയിൽ ആലേഖനം ചെയ്തുകൊണ്ട് മുൻ അമേരിക്കൻ football താരവും professional baseball താരവുമായ ടിം റ്റിബോ (Tim Tebow) കളിക്കളത്തിലിറങ്ങിയപ്പോൾ 9 കോടിയോളം പേരാണ് ഈ ദൈവ വചനം ഗൂഗിളിൽ search ചെയ്തത്. എന്താണ് ആ വചനം? “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും.” താനെന്ന കളിക്കാരനെക്കാൾ ടിം റ്റിബോക്ക് പ്രധാനപ്പെട്ടത് ക്രിസ്തു തന്നിലൂടെ പ്രസംഗിക്കപെടുക എന്നതായിരുന്നു.

നാം ഈ ഭൂമിയിൽ, പ്രിയപ്പെട്ടവരേ, വെളിപ്പെടുത്തേണ്ടത് നമ്മുടെ വ്യക്തി പ്രഭാവമല്ല, നമ്മുടെ ലോകപ്രഭുത്വങ്ങളെയുമല്ല. ഈശോ നസ്രായനായ വെറും മനുഷ്യനായ ആളാണെന്നോ, ഒരു പ്രവാചകനാണെന്നോ, വിപ്ലവകാരിയാണെന്നോ ഒന്നുമല്ല നാം വെളിപ്പെടുത്തേണ്ടത്. ഈശോ ദൈവമാണെന്ന്, ക്രിസ്തുവാണെന്നു, ലോകരക്ഷകനാണെന്ന് വെളിപ്പെടുത്തുന്ന സ്നാപകന്മാരായി മാറുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം എഴുതേണ്ടത് online ആയിട്ടല്ല പച്ചയായ നമ്മുടെ ജീവിതംകൊണ്ടാണ്.

സ്നേഹമുള്ളവരേ, ചിലപ്പോൾ നമ്മുടെ കഴിവുകൾ നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ പ്രശസ്തി നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ സമ്പത്തു, നമ്മുടെ സൗന്ദര്യം, നാം വലുതെന്നു കരുതുന്ന പലതും നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവർ കാണാതിരിക്കാനുള്ള വിലങ്ങുതടികളാകും. കാരണം, നാം ബുദ്ധിയുള്ളവരാണെങ്കിൽ, സമ്പന്നരാണെങ്കിൽ ആളുകൾ നമ്മുടെ സാമർഥ്യമായിരിക്കും കാണുക. നമ്മുടെ സമ്പത്തായിരിക്കും കാണുക. എന്നാൽ, നമ്മൾ   എളിയവരാകുമ്പോൾ, സ്നേഹവും നന്മയും ഉള്ളവരാകുമ്പോൾ, ക്രിസ്തു, അവിടുത്തെ ശക്തി നമ്മിലൂടെ പ്രകാശിതമാകും. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ ഈ ഭൂമിയിലെ നമ്മുടെ ദൗത്യം നമുക്ക് തിരിച്ചറിയാം. ക്രിസ്തുവിനെ നമ്മിലൂടെ ഈ ലോകത്തിനു വെളിപ്പെടുത്തുക എന്ന ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ നമ്മുടെ ജീവിതങ്ങളെ നമുക്ക് ഒരുക്കാം. സ്നാപകനെപ്പോലെ നമ്മുടെ ദൗത്യം നമുക്കും ധീരതയോടെ നിറവേറ്റാം. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ അതിവിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, കൊച്ചുകുട്ടികൾപോലും വാർത്താമാധ്യമങ്ങളിൽ നടക്കുന്നവ കാണുന്ന ഇക്കാലത്ത്, നമ്മുടെ വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ നാം ഇടപെടുന്ന സംഭവങ്ങളിലൂടെ,

ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നതായിരിക്കട്ടെ, എന്നത് മാത്രമായിരിക്കട്ടെ നമ്മുടെ പരമമായ ലക്‌ഷ്യം!! ആമ്മേൻ!

Communicate with love!!