SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ

യോഹ 3, 15-21

ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: “ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു.”

ലോകത്തിന് അന്നുവരെ പരിചിതമായവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദൈവസങ്കല്പമാണ് വിശുദ്ധ യോഹന്നാൻ തനിക്ക് ലഭിച്ച വെളിപാടിലൂടെ ലോകത്തെ പരിചയപ്പെടുത്തിയത്.  ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ ഈ ദൈവത്തിലേക്ക് ആകർഷിതരായി ക്രിസ്തുമാർഗത്തിലേക്കെത്തി. ക്രിസ്തുവിൽ അടിയുറച്ച് വിശ്വസിച്ച ക്രൈസ്തവർ, തിരുസഭയിൽ അംഗങ്ങളായി. തിരുസ്സഭയോട് ചേർന്ന് നിന്നുകൊണ്ട്, തങ്ങൾ അനുഭവിച്ച സ്നേഹത്തെ, തങ്ങളിലൂടെ ആത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തെ തങ്ങളുടെ ജീവിതത്തിലൂടെയും, ജീവൻ കൊടുത്തും ലോകത്തിന്റെ വിവിധ വേദികളിൽ അവതരിപ്പിച്ചു. ദൈവസ്നേഹത്തിന്റെ തികഞ്ഞ പര്യായമായി അവർ മാറി.  

അപൂർവതകളുള്ള ആ സ്നേഹത്തെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. എന്നിട്ട്, ഇന്നത്തെ സുവിശേഷം, ദൈവം, നമ്മോടു പറയുന്നത്, “മകളേ, മകനേ നിന്നിലൂടെ എന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം, ക്രിസ്തുവിന്റെ സ്നേഹം വെളിവാക്കപ്പെടുന്നവിധം ജീവിക്കുക എന്നതാണ് ഇന്നത്തെ സുവിശേഷ സന്ദേശം

ഇന്നത്തെ സുവിശേഷത്തിലെ പതിനാറാം വാക്യം ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യമാണ്. ക്രിസ്തുമതത്തിന്റെ സകല ദൈവശാസ്ത്രവും, ക്രിസ്തുമതത്തിന്റെ കാമ്പും കാതലും ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. ‘ക്രിസ്തുവായി ഈ ഭൂമിയിൽ അവതരിക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. തന്നിൽ വിശ്വസിക്കുന്നരാരും നശിച്ചുപോകാതെ രക്ഷപ്രാപിക്കേണ്ടതിനു അവിടുന്ന് നമുക്ക് വേണ്ടി മരിച്ചു; ഉത്ഥാനം ചെയ്തു; ഇന്നും ജീവിക്കുന്നു.  സുവിശേഷങ്ങളുടെ Summary ആണ് ഈ ദൈവ വചനം. തുടർന്നുവരുന്ന വചനങ്ങളോ ദൈവസ്നേഹത്തിന്റെ സ്വഭാവത്തെ വെളിവാക്കുന്നതും.

ബൈബിൾ മുഴുവൻ, ഉത്പത്തി മുതൽ വെളിപാടുവരെ, വരച്ചുകാണിക്കുന്നതു ദൈവം സ്നേഹമാകുന്നു എന്നാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായാണ് ഈ സത്യം വളരെ വ്യക്തമായി നമ്മോടു പറയുന്നത്. “…സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാകുന്നു.” (1യോഹ 4, 7-8) ഈ സ്നേഹത്തിന്റെ സവിശേഷത എന്താണ്? നാം ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മെയും സ്നേഹിക്കുന്നു എന്നതല്ല ഈ സ്നേഹത്തിന്റെ പ്രത്യേകത. ദൈവം നമ്മെ സ്നേഹിക്കുകയും, നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതാണ് ഈ സ്നേഹത്തിന്റെ പ്രത്യേകത.  (1യോഹ 4, 10) എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമുക്ക് വെളിവായത്? “തന്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നമ്മുടെ ഇടയിൽ വെളിവാക്കപ്പെട്ടത്.  (1യോഹ 4, 9)

‘ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ട്, മരണവരെ, കുരിശുമരണംവരെ അനുസരണമുള്ളവനായിക്കൊണ്ട്’ (ഫിലിപ്പി 2, 6-8) ഈശോ ദൈവത്തിന്റെ സ്നേഹം ലോകത്തിനു കാണിച്ചുകൊടുത്തു. അതിരുകളില്ലാത്ത, അളവുകളില്ലാത്ത ദൈവത്തിന്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിവായപ്പോൾ മനുഷ്യന് സ്വപ്നപോലും കാണാൻ കഴിയാത്തത്ര മഹത്വമുള്ളതായിത്തീർന്നു ദൈവത്തിന്റെ സ്നേഹം! എന്തെന്ത് രൂപങ്ങളാണ്, എന്തെന്ത് ഭാവങ്ങളാണ് ദൈവത്തിന്റെ സ്നേഹത്തിനു ഉള്ളത്? പ്രപഞ്ചത്തെ സൃഷ്ടിച്ച, തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ഉദാരതയാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് രക്ഷിച്ച സ്വാതന്ത്ര്യമാണ്  ദൈവത്തിന്റെ സ്നേഹം; ഇസ്രായേൽ ജനത്തോടൊപ്പം മരുഭൂമിയിലും, വനത്തിലും, അവർ പോയിടത്തെല്ലാം അവരോടൊപ്പം കൂടാരമടിച്ച ത്യാഗമാണ് ദൈവത്തിന്റെ സ്നേഹം; ദൈവജനത്തിന് രക്ഷകനെ വാഗ്ദാനംചെയ്ത, സമയത്തിന്റെ പൂർണതയിൽ കാലിത്തൊഴുത്തിൽ മനുഷ്യനായി പിറന്ന എളിമയാണ് ദൈവത്തിന്റെ സ്നേഹം; പീഡകൾ സഹിച്ചു കാൽവരിയിൽ ലോകരക്ഷയ്ക്കായി മരിച്ച സഹനമാണ് ദൈവത്തിന്റെ സ്നേഹം; വിശുദ്ധ കുർബാനയായി, ഇന്നും മനുഷ്യനോടൊത്ത് വസിക്കുന്ന വലിയ കാരുണ്യമാണ് ദൈവത്തിന്റെ സ്നേഹം; എന്നും എപ്പോഴും എന്നെ നയിക്കുന്ന, എന്നെ കാക്കുന്ന എന്റെ ക്രിസ്തുവാണ് ദൈവത്തിന്റെ സ്നേഹം! 

എങ്ങനെയാണ് ദൈവസ്നേഹത്തിൽ നിലനിൽക്കുവാൻ, ആ സ്നേഹം അനുഭവിക്കുവാൻ നമുക്ക് സാധിക്കുക? മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ഇതിനുള്ള ഉത്തരം നമുക്ക് തരുന്നുണ്ട്. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ചു അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപ്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” (യോഹ 15, 9-10)

ദൈവത്തിന്റെ ഈ സ്നേഹം രക്ഷിക്കുന്ന സ്നേഹമാണ്, ശിക്ഷിക്കുന്ന സ്നേഹമല്ല. സ്നേഹമുള്ളവരേ, എപ്പോഴും ഓർമയിൽ സൂക്ഷിക്കുക: “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ 3, 17) നമ്മുടെ ദൈവം ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്. എന്നാൽ, പ്രകാശമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ പ്രകാശത്തെ സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കേണ്ടിവരും; നന്മയായ ദൈവം നിങ്ങളുടെ അടുത്തേക്ക് വന്നിട്ടും ആ നന്മയെ ജീവിതത്തിൽ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് തിന്മയിൽ ജീവിക്കേണ്ടിവരും; സൗഖ്യമായ ദൈവം ലോകത്തിലേക്ക് വന്നിട്ടും, ആ സൗഖ്യത്തെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നില്ലെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് രോഗത്തിൽ ജീവിക്കേണ്ടിവരും. എന്താണ് വചനം പറയുന്നത്? “ഇതാ ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ” (നിയമ 30, 15) “…നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ചു, അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും.” (നിയമ 30, 19-20)

സ്നേഹമുള്ളവരേ, ദൈവസ്നേഹത്തിൽ വസിച്ച്, ആ സ്നേഹത്തിന്റെ Spark ഉള്ള നല്ല ക്രൈസ്തവരായി ജീവിക്കുവാൻ ശ്രമിക്കുക! സ്നേഹമായിരിക്കട്ടെ നമ്മിലെ അഗ്നിജ്വാല; നമ്മുടെ ജീവിതത്തിന്റെ ഭാഷ.; നമ്മുടെ ജീവിതത്തിന്റെ സ്വാദ്!! വിശുദ്ധ പൗലോശ്ലീഹാ പറയുന്ന ഗുണങ്ങളുള്ള സ്നേഹമായിരിക്കണം, ദൈവസ്നേഹത്തിന്റെ Spark ആയിരിക്കണം നമ്മിൽ നിറയേണ്ടത്. എന്തും വിലകൊടുത്തു വാങ്ങുന്നത് മനുഷ്യൻ ശീലമാക്കിയതുകൊണ്ടു, സ്നേഹവും വിലകൊടുത്തു വാങ്ങാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ഭാര്യയെ നിങ്ങൾക്ക് വിലകൊടുത്തു വാങ്ങാൻ പറ്റിയേക്കാം. എന്നാൽ അവളിലെ സ്നേഹം? അത് വിലകൊടുത്തു വാങ്ങാൻ കഴിയില്ല. നിങ്ങൾക്ക് സുഹൃത്തുക്കളെ വിലകൊടുത്ത് വാങ്ങാൻ കഴിയുമായിരിക്കും. എന്നാൽ, നിങ്ങൾക്കിടയിലെ സ്നേഹം?? സ്നേഹത്തിലേക്ക് വില കടന്നുവരുന്ന നിമിഷം സ്നേഹം മരിക്കുന്നു. സ്നേഹം ചന്തയിൽ ലഭ്യമല്ല എന്നോർക്കുക!  

സ്നേഹം പരമോന്നതമായ മൂല്യമാണ്. അതുകൊണ്ടാണ് സ്നേഹം ദൈവമാകുന്നു എന്ന് നാം പറയുന്നത്.

സ്നേഹമുണ്ടെങ്കിൽ എല്ലാം സ്വന്തമാക്കാൻ നമുക്ക് കഴിയും. ഒരു കഥ കേട്ടിട്ടില്ലേ?

ഒരിക്കൽ ഒരു യുവതി അവളുടെ വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങുകയായിരുന്നു. തന്റെ വീടിന്റെ മുൻപിൽ മൂന്ന് വൃദ്ധരായ മനുഷ്യർ നിൽക്കുന്നത് അവൾ കണ്ടു. അവൾക്കു അവർ അപരിചിതരായിരുന്നു. എന്നാൽ അവർ വളരെ ക്ഷീണിതരാണെന്ന് അവൾക്കു തോന്നി. അവൾ അവരോടു പറഞ്ഞു: “എനിക്ക് നിങ്ങളെ പരിചയമില്ല. എന്നാൽ, നിങ്ങൾ മൂന്നുപേർക്കും നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. അകത്തേക്ക് വരൂ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഭക്ഷിക്കുവാൻ തരാം.” “നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടോ?” അവർ ചോദിച്ചു. അവൾ ഇല്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു:”ഭർത്താവ് വീട്ടിൽ ഇല്ലെങ്കിൽ ഞങ്ങൾക്ക് അകത്തുവരുവാൻ ബുദ്ധിമുട്ടുണ്ട്.” കുറേക്കഴിഞ്ഞ്, ഭർത്താവ് തിരികെയെത്തിയപ്പോൾ നടന്നതെല്ലാം അവൾ അയാളോട് പറഞ്ഞു. “പോയി, അവരെ വിളിച്ചുകൊണ്ടു വരൂ. ഇപ്പോൾ ഞാൻ വീട്ടിലുണ്ടല്ലോ” അവൾ പുറത്തേക്കു പോയി അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. “ക്ഷമിക്കണം, ഞങ്ങൾ ഒരുമിച്ചു ഒരു വീട്ടിലേക്കു പോകാറില്ല. ഞങ്ങളിൽ ഒരാളെ നിങ്ങൾക്ക് ക്ഷണിക്കാം” എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് ആ യുവതി അത്ഭുതപ്പെട്ടു. “എന്താണ് പുതിയ പ്രശ്നം? ഇപ്പോൾ എന്റെ ഭർത്താവു വീട്ടിലുണ്ട്. വരൂ, എന്തെങ്കിലും ഭക്ഷിക്കൂ.” അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “എന്റെ പേര് ധനം എന്നാണ്.’ അടുത്ത് നിന്ന ആളെ ചൂണ്ടിയിട്ടു അയാൾ പറഞ്ഞു: “ഇദ്ദേഹം വിജയം.” അതിനപ്പുറം നിന്നയാളെ കാണിച്ചിട്ട് പറഞ്ഞ:”ഇയാൾ സ്നേഹം.” “നിങ്ങൾ അകത്തേക്ക് പോയി ഭർത്താവിനോട് ചോദിക്കൂ, ഞങ്ങളിൽ ആര് അകത്തു വരാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്.” അവൾ അകത്തുപോയി ഭർത്താവിനോട് എല്ലാം പറഞ്ഞു. വിസ്മയത്തോടെ ഭർത്താവ് പറഞ്ഞു: “അങ്ങനെയെങ്കിൽ നമുക്ക് ധനത്തെ വിളിക്കാം. നമ്മുടെ വീട് ധനംകൊണ്ടു നിറയുമല്ലോ.” യുവതിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ പറഞ്ഞു: നമുക്ക് വിജയത്തെ വിളിക്കാം”. ഇതെല്ലം കേട്ടിരുന്ന അവരുടെ കൊച്ചുമകൾ പറഞ്ഞു: “നമുക്ക് സ്നേഹത്തെ അകത്തേക്ക് വിളിക്കാം, നമ്മുടെ വീട് അപ്പോൾ സ്നേഹംകൊണ്ട് നിറയും.” അവർക്കു അത് സമ്മതമായിരുന്നു. യുവതി പറത്തുപോയി ആ വൃദ്ധരോടു പറഞ്ഞു: “ഞങ്ങൾ സ്നേഹത്തെ അകത്തേക്ക് വിളിക്കാൻ തീരുമാനിച്ചു. ആരാണ് നിങ്ങളിൽ സ്നേഹം. ദയവായി അകത്തേക്ക് വരൂ.”  അപ്പോൾ സ്നേഹം അകത്തേക്ക് പ്രവേശിക്കുവാൻ നടന്നു നീങ്ങി. പുറകെ മറ്റു രണ്ടുപേരും അദ്ദേഹത്തെ അനുഗമിച്ചു. യുവതിക്ക് അത്ഭുതമായി. അവൾ ചോദിച്ചു: “ഞാൻ സ്നേഹത്തെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.” അതിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ ധനത്തെയോ, വിജയത്തെയോ ക്ഷണിച്ചിരുന്നെങ്കിൽ മറ്റു രണ്ടുപേർ പുറത്തു നിന്നേനെ. പക്ഷെ നിങ്ങൾ സ്നേഹത്തെ ക്ഷണിച്ചു. സ്നേഹം എങ്ങോട്ടു പോകുന്നുവോ, ഞങ്ങൾ രണ്ടുപേരും സ്നേഹത്തെ പിന്തുടരും.

സ്നേഹമുള്ളവരേ, എവിടെ സ്‌നേഹമുണ്ടോ, അവിടെ ധനവും, വിജയവും സമാധാനവും എല്ലാമുണ്ട്. കാരണം, സ്നേഹം ദൈവമാണ്. സ്നേഹം വെറും കാമമല്ല. കാമം നിങ്ങളെ സംതൃപ്തമാക്കില്ല. സ്നേഹമാണ് സംതൃപ്തി നൽകുന്നത്. സ്നേഹം അധികാര യാത്രയല്ല. അത് വിനീതവും നിഷ്കളങ്കവുമായ ഒരനുഭവമാണ്. ഖലീൽ ജിബ്രാൻ പറയുന്നു: “സ്നേഹം നിങ്ങളെ കിരീടമണിയിക്കുന്നപോലെതന്നെ നിങ്ങളെ കുരിശിൽ തറയ്ക്കുകയും ചെയ്യും.” പ്രിയപ്പെട്ടവരേ, നിങ്ങളിലെ നന്മയെ സ്നേഹം കിരീടമണിയിക്കും. നിങ്ങളിലെ കപടതയെ അത് കുരിശിൽ തറയ്ക്കും. സ്നേഹം ലഭിക്കണമെങ്കിൽ നിങ്ങൾ എല്ലാം എല്ലാം അപകടപ്പെടുത്തണം. എല്ലാ മുറുകെപ്പിടിത്തങ്ങളും, വാശിയും, ഭാവി സുരക്ഷിതത്വങ്ങളും ബലികൊടുക്കണം. അപ്പോൾ സ്നേഹം നമ്മെ, നമ്മുടെ കുടുംബങ്ങളെ കിരീടമണിയിക്കും. അപ്പോൾ ദൈവമാകും നമ്മുടെ ജീവിതം നിറയെ. കടുംബം നിറയെ. സ്നേഹം ദൈവമാകുന്നു.

ദൈവത്തിന്റെ സ്നേഹം നമ്മുടെ ജീവിതത്തെ ദീപങ്ങളുടെ ഉത്സവമാക്കി മാറ്റട്ടെ. ദൈവത്തിന്റെ സ്നേഹം ക്രിസ്തുവായി, വിശുദ്ധ കുർബാനയായി നമ്മിൽ നിറയട്ടെ.

ദൈവസ്നേഹത്തിന്റെ ആഘോഷമായ വിശുദ്ധ കുർബാനയിൽ വിശുദ്ധിയോടെ പങ്കെടുത്ത്, നമ്മുടെ സ്നേഹത്തെ, സ്നേഹബന്ധങ്ങളെ പവിത്രമാക്കാം.  ആമേൻ!  

SUNDAY SERMON JN 2, 1-11

നഹാക്കാലം നാലാം ഞായർ

യോഹ 2, 1-12

അമേരിക്കയുടെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും, 2025 ജനുവരി 20 അമേരിക്കയുടെ മോചനദിനമാണെന്നും പറഞ്ഞ്, അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായി Ronald Trump പ്രതിജ്ഞയെടുത്തത് നാമെല്ലാവരും ടീവിയിൽ കണ്ടതാണ്.   ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്.  1861 ൽ സത്യപ്രതിജ്ഞയ്ക്കായി എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിളും , തനിക്ക് ‘അമ്മ നൽകിയ ബൈബിളും ചേർത്ത് പിടിച്ചുകൊണ്ടാണ് Donald  Trump സത്യപ്രതിജ്ഞ മനോഹരമാക്കിയത്.  എനിക്കിത് ദൈവത്തിന്റെ വലിയ വെളിപാടായിട്ടാണ് തോന്നിയത്. അമേരിക്കയുടെ, അമേരിക്കൻ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവമാണെന്ന്, തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും, രാഷ്ട്രീയ പദ്ധതികളുടെയും, രാഷ്ട്രനിർമാണത്തിന്റെയും അടിസ്ഥാനം ദൈവമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് Donald Trump നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിൽ നാമൊരിക്കലും ദൈവത്തെ മറക്കാൻ പാടില്ല എന്ന് പറഞ്ഞതും ദൈവമഹത്വത്തിന്റെ വലിയ വെളിപാടായിട്ടാണ് ലോകം കണ്ടത്. ദനഹാക്കാലത്തിലൂടെ കടന്നുപോകുന്ന നമുക്ക്, ലോകം മുഴുവനും കണ്ട ഈ ദൈവിക വെളിപാടിന്റെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇന്നത്തെ സുവിശേഷ വിചിന്തനത്തിലേക്ക് പ്രവേശിക്കാം.

ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ഈ പ്രവൃത്തി എങ്ങനെ, എന്തുകൊണ്ട് ദൈവമഹത്വം പ്രകടമാക്കുന്ന അത്ഭുതമായി മാറി എന്നാണ് നാമിന്ന് വിചിന്തനം ചെയ്യുക. ഈശോയുടെ ഈ പ്രവൃത്തി ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറിയതുപോലെ, ഈ ഭൂമിയിൽ മനുഷ്യന്റെ, ക്രൈസ്തവന്റെ പ്രവർത്തികളെല്ലാം ക്രിസ്തുവിലുള്ള ദൈവമഹത്വം പ്രകടമാക്കുന്നവ ആകണം എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്.

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ, ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

മറ്റൊന്ന്, കാനായിലെ കല്യാണ വീട് ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളുടെ ആരംഭം കുറിക്കുന്ന ഇടമായി മാറുകയാണ്. നാം ക്രൈസ്തവർ, നമ്മുടെ ജീവിതവും, നാം ആയിരിക്കുന്ന സ്ഥലങ്ങളും – നമ്മുടെ കുടുംബം, നാം ജോലിചെയ്യുന്ന സ്ഥലങ്ങൾ, നാം പഠിക്കുന്ന സ്ഥലങ്ങൾ, നമ്മുടെ ഇടവക, എന്ന് തന്നെയല്ല, നാം എവിടെയായാലും, എന്തായായാലും, എങ്ങനെയായാലും, ആ സ്ഥലങ്ങളെല്ലാം ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന, ദൈവമഹത്വം വെളിപ്പെടുന്ന ഇടങ്ങളായി മാറ്റണം. കല്യാണം പോലെ, വലിയ ആഘോഷങ്ങൾക്കായി നാം കാത്തിരിക്കണമെന്നില്ല. നാം ആയിരിക്കുന്ന സ്ഥലങ്ങൾ വലിയ ആഘോഷത്തിന്റെ ഇടങ്ങളായി മാറണം; ദൈവമഹത്വം വെളിപ്പെടുന്ന ഇടങ്ങളായി മാറണം. വെടിക്കെട്ടുകൾ കൊണ്ടല്ല, ശിങ്കാരിമേളങ്ങൾകൊണ്ടല്ല, വലിയ ബാൻഡ്സെറ്റുകൾകൊണ്ടല്ല, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങൾകൊണ്ടല്ല ക്രൈസ്തവർ ആഘോഷങ്ങൾ നടത്തേണ്ടത്. ആ ആഘോഷവേളകൾ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ഇടങ്ങളാക്കിക്കൊണ്ടായിരിക്കണം നാം ആഘോഷങ്ങൾ നടത്തേണ്ടത്!!!! ഇന്നത്തെ നമ്മുടെ ആഘോഷങ്ങൾ എങ്ങനെ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും! ദൈവമഹത്വം വെളിപ്പെടുത്താത്ത ഒരു തിരുനാളും, തിരുനാളാകുകയില്ല എന്നത് സംശയമില്ലാത്ത കാര്യമാണ്!

ഈശോ തന്റെ മഹത്വം വെളിപ്പെടുത്താൻ പ്രവർത്തിച്ച ആദ്യ അടയാളത്തിനു സാക്ഷ്യം വഹിച്ചവർ വളരെയാണ്. യേശുവിനെ വിവാഹവിരുന്നിനു ക്ഷണിച്ച മണവാളന്റെ കുടുംബം, അവരുടെ വീഞ്ഞ് തീർന്നുപോയതറിഞ്ഞു അവരെ സഹായിക്കാൻ സന്നദ്ധത കാണിച്ച പരിശുദ്ധ ‘അമ്മ, അമ്മയുടെ നിർദ്ദേശ പ്രകാരം യേശുവിന്റെ വാക്കുകൾ അനിസരിച്ചു പ്രവർത്തിച്ച പരിചാരകർ, വീഞ്ഞ് മേൽത്തരമാണെന്ന് രുചിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ കലവറക്കാരൻ, യേശു പ്രവർത്തിച്ച ആദ്യ അടയാളം കണ്ടു അവനിൽ വിശ്വസിച്ച ശിഷ്യന്മാർ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം അതിഥികളും ഈ പ്രവൃത്തിക്കു സാക്ഷികളാണ്. എന്നാൽ, ഇവരെക്കുറിച്ചൊന്നും ഇന്ന് നാം വിചിന്തനം ചെയ്യുന്നില്ല. ഇവരെക്കുറിച്ചൊക്കെ നാം ധാരാളം വിചിന്തനം ചെയ്തിട്ടുള്ളതാണ്. അവയെല്ലാം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ഈശോ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവൃത്തി മാത്രം നമുക്കിന്നു വിശകലനം ചെയ്യാം.     

ഈശോയുടെ ആ പ്രവൃത്തി, വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവൃത്തി – അതൊരു അത്ഭുതമായിരുന്നു. ദൈവപുത്രനായ ഈശോയുടെ പ്രവൃത്തികൾ അത്ഭുതങ്ങളാകാതെ മറ്റെന്താകാനാണ്! അത് ക്രിസ്തുവിലുള്ള ദൈവ മഹത്വം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. ഈശോയുടെ പ്രവൃത്തികൾ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകാതെ മറ്റെന്താകാനാണ്!  ഈശോയുടെ ഈ പ്രവൃത്തി മനുഷ്യനിൽ രൂപാന്തരം ഉണ്ടാകണം എന്ന് പറയുന്ന സന്ദേശമായിരുന്നു. ഈശോയുടെ പ്രവൃത്തികൾ, അവിടുത്തെ വചനങ്ങൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നവയാകാതെ മറ്റെന്താകാനാണ്! ഈശോയുടെ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവൃത്തി ഒരു സൂചികയാണ് – ഓരോ മനുഷ്യനും അവന്റെ ജീവിത പ്രവൃത്തികളെ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാക്കി മാറ്റണം എന്നതിന്റെ സൂചിക!

ഇന്നത്തെ സുവിശേഷത്തിലെ ഈ ആദ്യ അടയാളം മാത്രമല്ല, ഈശോയുടെ ഓരോ പ്രവൃത്തിയും, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളവയും അല്ലാത്തവയും, പരസ്യ ജീവിതകാലത്തു ഈശോ ചെയ്തവ മാത്രമല്ല ഇന്നും ഈശോ ചെയ്യുന്നതും ഇനിയും ചെയ്യാനിരിക്കുന്നവയുമായ എല്ലാ പ്രവൃത്തികളും ദൈവ മഹത്വത്തിന്റെ അടയാളങ്ങളാണ്. സംശയമുണ്ടെങ്കിൽ, സുവിശേഷങ്ങളിലൂടെ കടന്നുപോകൂ… നിങ്ങൾ വിസ്മയിച്ചുപോകും … മനുഷ്യജീവിതങ്ങളിൽ അവിടുന്ന് ചെയ്ത പ്രവൃത്തികളെ ഒന്ന് വിശകലനം ചെയ്തു നോക്കൂ…നിങ്ങൾ   കണ്ണുകൾ തുറന്ന്, വാ പൊളിച്ചങ്ങനെ നിന്നുപോകും…എന്തിനു നിങ്ങളുടെ തന്നെ, ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… ജീവിതത്തിൽ വീഞ്ഞു തീർന്നുപോയ എത്രയെത്ര സന്ദർഭങ്ങൾ! ആവശ്യത്തിന് പണമില്ലാതെ, ചെയ്യുന്ന ബിസിനസ്സെല്ലാം തകരുന്ന അവസരങ്ങൾ, സമൂഹത്തിന്റെ മുൻപിൽ നാണംകെടുന്ന സമയങ്ങൾ, പഠിക്കാൻ കഴിയാതെ, ജോലിയില്ലാതെ അലഞ്ഞ നിമിഷങ്ങൾ, പാപത്തിൽ നടന്ന വഴികൾ …ഇവിടെയെല്ലാം ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചതോർക്കുമ്പോൾ നിങ്ങൾ അത്ഭുതംകൊണ്ടു സംസാരിക്കാൻ പറ്റാത്തവരാകും…കാരണം, വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ, “നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹങ്ങളാണ്” ക്രിസ്തു നമുക്ക് നൽകിയിരിക്കുന്നത്, ദൈവം നമ്മിൽ വർഷിച്ചിരിക്കുന്നത്! ക്രിസ്തു അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രവർത്തിക്കുന്നില്ല എന്നോർക്കുക!

എങ്ങനെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് ഈശോ അത്ഭുതങ്ങൾ മാത്രം പ്രവർത്തിക്കുന്നു? ദൈവപുത്രനായ ക്രിസ്തു ദൈവവുമായി ഒന്നായിരുന്നതുകൊണ്ട്.  തന്നെ മുഴുവനും ദൈവത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്നതുകൊണ്ട്. ദൈവമേ, നിന്റെ ഇഷ്ടം മാത്രം ചെയ്തുകൊണ്ട് ജീവിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു ജീവിച്ചതുകൊണ്ട്! പിതാവായ ദൈവം ഈശോയെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ടാണ് ഈശോ ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിയത്. (യോഹ 17, 4) ഓരോ ക്രൈസ്തവനും ക്രിസ്തുവിൽ ജീവിച്ചുകൊണ്ട്, ക്രിസ്തു അവളെ, അവനെ ഏൽപ്പിച്ച ജോലികൾ ചെയ്യുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം ഓർക്കുക: “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഈ ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവാനാണ്. ഈശോ ദൈവത്തിലും, ദൈവത്തോടുമൊപ്പം ആയിരുന്നത്കൊണ്ട് അവിടുത്തെ പ്രവൃത്തികൾ ദൈവമഹത്വത്തിനുള്ളവയായതുപോലെ, “കർത്താവാണ് എന്റെ അവകാശവും പാനപാത്രവുമെന്നു” (സങ്കീ 16, 5) വിശ്വാസത്തോടെ, ആ വിശ്വാസം ഏറ്റുപറഞ്ഞു ജീവിച്ചാൽ നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്നവയെല്ലാം അത്ഭുതങ്ങളായിത്തീരും. അവ ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകും. ‘നാം ധാരാളം ഫലം പുറപ്പെടുവിക്കുകയും, അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യരാകുകയും ചെയ്യുമ്പോഴാണ് പിതാവ് മഹത്വപ്പെടുന്നത്.’ (യോഹ 15, 8)

ഇതാണ് ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ ജീവിതം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഈ ലോകമാകുന്ന കാനായിൽ ക്രിസ്തുവിന്റെ മഹത്വം നമ്മുടെ ജീവിത്തിലൂടെ, ജീവിത പ്രവൃത്തികളിലൂടെ വെളിപ്പെടണം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ – അത് കുടുംബത്തിലാണെങ്കിലും, വൈദിക -സന്യാസ അന്തസ്സിലൂടെയാണെങ്കിലും, ജോലിസ്ഥലത്താണെങ്കിലും, സ്കൂളിലോ കോളേജിലോ ആണെങ്കിലും – കാര്യക്ഷമതയുള്ള, ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകണമെന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം? പരിശുദ്ധ പിതാവ് വരുന്നത് നല്ലതാണ്. അതിലൂടെ ദൈവമഹത്വം പ്രകടമാക്കുകയും ചെയ്യും. പക്ഷേ, അതിനല്ല പരമപ്രാധാന്യം നൽകേണ്ടത്. എന്റെ ജീവിതത്തിലെ പ്രവർത്തികൾ ദൈവമഹത്വത്തിനു ഇടയാകുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നാടിന്റെ പ്രധാനമന്ത്രിയെ കാണുന്നതും നല്ലതാണ്. പക്ഷേ, അതല്ല പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ടത്‌ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിൽ ആഴപ്പെടുക എന്നതാണ്, ആഴപ്പെടുവാൻ വേണ്ടി ദൈവജനത്തെ ഒരുക്കുക എന്നതാണ്.

ക്രൈസ്തവരായ നമ്മിലൂടെ ഈ ലോകത്തെ ദൈവം എത്രമാത്രം മനോഹരമാക്കിയെന്ന് ലോകചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. നമ്മുടെ പ്രേഷിത പ്രവർത്തനങ്ങളിലൂടെ എന്തെന്ത് അത്ഭുതങ്ങളാണ് ക്രിസ്തു ചെയ്തത്!! വെള്ളംപോലെ നശ്വരമായ തിനെ വീഞ്ഞുപോലെ അനശ്വരമാക്കി മാറ്റി ക്രിസ്തു നമ്മിലൂടെ! മിഷനറിപ്രവർത്തനങ്ങളിലൂടെ നമ്മുടെ വിദ്യാലങ്ങളിലൂടെ, ആശുപത്രികളിലൂടെ, വെള്ളത്തെ വീഞ്ഞാക്കുന്ന അത്ഭുതങ്ങൾ എത്രയെത്ര നടന്നു!! പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോൾ നമ്മളോർത്തു, ഇതെല്ലാം നമ്മുടെ കഴിവുകൊണ്ടാണെന്ന്! എന്നിട്ട്, നമ്മളെന്ത് ചെയ്തു? ക്രിസ്തുവിനെ അങ്ങ് കൊന്നുകളഞ്ഞു. പൊൻമുട്ടയിട്ട താറാവിനെ കർഷകൻ കൊന്നുകളഞ്ഞതുപോലെ!

നമ്മുടെ ക്രൈസ്തവ ജീവിതത്തിലൂടെ ലോകത്തുണ്ടായ, രാജ്യത്തുണ്ടായ വലിയ അനുഗ്രഹങ്ങൾ കണ്ട്, ആ പൊൻമുട്ടകളിൽ ആകർഷിതരായി, സ്വയം മറന്ന് നാമെന്തു ചെയ്തു? താറാവിനെയങ്ങു കൊന്നു! ദൈവത്തിലുള്ള വിശ്വാസം അങ്ങ് മാറ്റി വച്ചു. വിശുദ്ധ കുർബാന നമ്മുടെ കയ്യിലെ കളിപ്പന്തായി മാറി. വിശുദ്ധ കൂദാശകൾക്ക് നമ്മുടെ വ്യാഖ്യാനങ്ങൾ നൽകി! ലോകകാര്യങ്ങളാണ്, സമ്പത്താണ്, അധികാരമാണ്, രാഷ്ട്രീയ പാർട്ടികളാണ് നമ്മുടെതന്നെ കഴിവുകളാണ് നന്മകളാകുന്ന, മിഷനറിപ്രവർത്തനങ്ങളാകുന്ന പൊൻമുട്ടകളിടുവാൻ നമ്മെ പ്രാപ്തരാക്കുന്നതെന്നു വെറുതെയങ്ങു നാം വിശ്വസിച്ചു. അപ്പോൾ നമ്മുടെ പ്രവർത്തികൾ, നമ്മുടെ ജീവിതം എങ്ങനെയുള്ളതായി? അത്ഭുതങ്ങളല്ലാതെയായി. അടയാളങ്ങളാകാതെ പോയി; സന്ദേശങ്ങളാകാതെ പോയി. ഇതല്ലേ ഇന്ന് നമുക്ക് വന്നു ഭവിച്ചിരിക്കുന്ന ദുരന്തം? ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട്, രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾക്ക് തൊട്ടുകൂടായ്മയില്ല എന്ന് പറഞ്ഞതുകൊണ്ട് വല്ല ഗുണമുണ്ടോ? ഇല്ല. ദൈവത്തിൽ അടിയുറച്ച ക്രൈസ്തവ ജീവിതങ്ങളെ രൂപപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്. അതിനായി സഭയുടെ എല്ലാ സംവിധാനങ്ങളെയും ഒരുക്കുകയാണ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്! അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങു മാത്രമല്ല സകല മനുഷ്യരുടെയും എല്ലാ പ്രവർത്തികളും ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കാരണം ക്രിസ്തുവാണ്. നമ്മുടെ ജീവിത പ്രവൃത്തികളുടെ പ്രചോദനം ക്രിസ്തുവാണ്. നമ്മുടെ പ്രവർത്തികളിലൂടെ വെളിപ്പെടുന്നതും ക്രിസ്തുവാണ്. കാനായിലെ കല്യാണ വിരുന്നിൽ ഈശോ പ്രവർത്തിച്ച അത്ഭുതം നമ്മിലെ ഉറങ്ങിക്കിടക്കുന്ന ക്രൈസ്തവജീവിതത്തെ ഉണർത്തുവാൻ ഇടയാക്കട്ടെ. അപ്പോൾ നാം പറയുന്ന പ്രവർത്തിക്കുന്ന കാര്യങ്ങൾ അത്ഭുതങ്ങളിലേക്ക് വഴിതുറക്കും. നമ്മുടെ പ്രവർത്തികൾ മൂലം നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ദൈവാനുഗ്രഹം വക്കോളം നിറയും. നമ്മുടെ പ്രവർത്തികളെ രുചിച്ചുനോക്കുന്നവർ അത്ഭുതപ്പെടും. കാനായിലെ കല്യാണ വിരുന്നിൽ അത്ഭുതംകണ്ടു ശിഷ്യന്മാർ ഈശോയിൽ വിശ്വസിച്ചതുപോലെ, അപ്പോൾ ലോകം ക്രിസ്തുവിൽ വിശ്വസിക്കും. ഈ ഭൂമിയിൽ ക്രിസ്തു മഹത്വപ്പെടുവാൻ കുറുക്കുവഴികളില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്,

നമ്മുടെ ക്രൈസ്തവജീവിതങ്ങളെ കാര്യക്ഷമമാക്കാൻ, ഫലം പൃപ്പെടുവിക്കുന്നവയാക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് ഉണ്ടാകട്ടെ. ആമേൻ!

SUNDAY SERMON JN 1, 29-34

ദനഹാക്കാലം മൂന്നാം ഞായർ

യോഹ 1, 29 – 34

സന്ദേശം

ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ലോകരക്ഷകനാണ് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്ന് പ്രഘോഷിക്കുവാൻ, ജനത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ നിയുക്തനായത് സ്നാപകനാണ്. ക്രൈസ്തവന് രണ്ട് നിയോഗങ്ങളാണ് ഈ ഭൂമിയിൽ ചെയ്തുതീർക്കുവാനുള്ളത്. 1. ലോകത്തിൽ വെളിപ്പെടുന്ന ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുക, സ്നാപകയോഹന്നാനെപ്പോലെ! ക്രിസ്തു പലരീതിയിൽ, വ്യക്തികളിലൂടെയും, സംഭവങ്ങളിലൂടെയും, പ്രകൃതിയിലൂടെയും വെളിപ്പെടുമ്പോൾ, ആ വെളിപാട് വിളിച്ചുപറയുവാൻ ക്രൈസ്തവവർക്കാകണം. ദേ ലോകരേ, ഇതാ ക്രിസ്തു, അവളിലൂടെ, അവനിലൂടെ, ഈ സംഭവത്തിലൂടെ,  വെളിപ്പടുത്തപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചു പറയേണ്ടവരാണ് ക്രൈസ്തവർ. സ്നാപകനെപ്പോലെ അത്രമാത്രം ജീവിതവിശുദ്ധിയും, വിശ്വാസവും, സത്യം അറിയുവാനും, അത് വിളിച്ചുപറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ടായെങ്കിൽ മാത്രമേ ഈ ലോകത്തു നടക്കുന്ന ദൈവിക വെളിപാടുകളെ മനസ്സിലാക്കുവാൻ ക്രൈസ്തവർക്കാകൂ.

2. തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, വെളിപ്പെടുത്തിക്കൊടുക്കുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. കുടുംബജീവിതക്കാർ, പുരോഹിതർ, സന്യാസിനീസന്യാസികൾ, അവരുടെ ജീവിതാന്തസ്സുകളിലൂടെ, സാധാരണ ജീവിതസാഹചര്യങ്ങളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തി കൊടുക്കേണ്ടവരാണ്.  ഇന്ന് നമ്മുടെ പ്രവൃത്തികൾ ലോകം 24 മണിക്കൂറും ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. Privacy എന്ന വാക്കിന് അർത്ഥവ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ചിപ്പുകൾ വച്ച് പിടിപ്പിച്ച് മനുഷ്യരെ Monitor ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ലോകത്തിന്റെ കണ്ണുകളിലുണ്ട്. അപ്പോൾ, നമ്മുടെ പ്രവൃത്തികൾ കാണുന്ന ലോകത്തിന് മുൻപിൽ നാം വെളിപ്പെടുത്തന്നത് ക്രിസ്തുവിനെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! നമ്മുടെ ചെയ്തികൾ വഴി ക്രിസ്തു വെളിപ്പെടുത്തപ്പെടുകയാണോ? അതോ, ക്രിസ്തു അവഹേളിക്കപ്പെടുകയാണോ? ക്രിസ്തുവിന്റെ വെളിപാട്, ദനഹാ ആകേണ്ട ക്രൈസ്തവർ ഗൗരവത്തോടെ ചോദിക്കേണ്ട ചോദ്യം!

‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്.  അദ്ദേഹം, രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്‌. 

ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽപെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്. മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നതും. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.

ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്‌ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്‌ലാം മതം ഏതു മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ചയായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്: ഇസ്‌ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്‌ലാം മതത്തിനു യഹൂദമതവുമായോ, ക്രിസ്തുമതവുമായോ, അതിന്റെ പ്രതീകങ്ങളുമായോ, യാതൊരു ബന്ധവുമില്ല.

‘കുഞ്ഞാട്’ എന്ന രൂപകം യഹൂദമത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്, ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച്ച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ” (യോഹ 3, 16)  ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. (ഫിലിപ്പി 2, 1 -6) ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ്, അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ, വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്; ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. (1 തിമോ 1, 15) ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.

കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല. എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”

കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”

ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക്‌ തൃപ്തിയായില്ല. ” പതിനഞ്ചു ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.

ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട്‌ അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.

ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്. നമ്മുടെ കുടുംബമാകുന്ന അൾത്താരകളിൽ, ക്രിസ്തുവിന്റെ  വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ബലിപീഠങ്ങളിൽ നിഷ്കളങ്കരായ ഏതെങ്കിലും മനുഷ്യർ ദൈവാനുഗ്രഹത്തിനായി കിടന്നുരുളുന്നുണ്ടാകുമോ, ആവോ? അവരുടെ ജീവിതങ്ങൾ സ്വർണ നിറമാകുന്നുണ്ടോ, അതോ, പൊടിപിടിക്കുന്നുണ്ടോ, ആവോ?

ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാം ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!

ക്രിസ്തു, ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.

സമാപനം  

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ

ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ്, വചനത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.   

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2)   ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും (Socrates), പ്ലേറ്റോയുടെയും (Plato) ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട്, LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ, ദൈവം മനുഷ്യനായി തന്നെത്തന്നെ വെളിപ്പെടുത്തിയതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചുകൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. വചനമായ യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം.. വചനം ദൈവമാണ്; വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. വചനം നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും എപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.    

വിവരണം

1. ഒരു ക്രൈസ്തവ കുടുംബം. കുടുംബപ്രാർത്ഥനയൊക്കെ ഉണ്ടെങ്കിലും, രാത്രികളിൽ ഭാര്യയും, ഭർത്താവും തമ്മിലുള്ള വഴക്കിന് ഒരു പഞ്ഞവുമില്ല. അവർ തമ്മിൽ വഴക്കിടും എന്ന് മാത്രമല്ല, അവർ പരസ്പരം പറയുന്നത് പുഴുത്ത തെറിയാണ്. മുറ്റത്ത് നിന്നാണ് ഈ വികൃതികൾ നടക്കുന്നത്. അവസാനം ചേട്ടൻ ഉച്ചത്തിൽ ഒരു കലക്കുകലക്കും. “അകത്തേക്ക് കേറിപ്പോടീ  പിശാചേ” എന്ന്. അപ്പോൾ തന്നെ ചേടത്തി അകത്തേക്ക് കയറും. എന്നാൽ, യഥാർത്ഥത്തിൽ അകത്തേക്ക് കയറിയത് അദ്ദേഹത്തിന്റെ ഭാര്യയാണോ? അദ്ദേഹം ആഗ്രഹിച്ചതുപോലെ, പറഞ്ഞതുപോലെ പിശാചാണ് അകത്തേക്ക് കയറിയത്. നമ്മുടെ വാക്കുകളെ നാം സൂക്ഷിച്ച് ഉപയോഗിക്കണം. കാരണം, വചനം ശക്തിയുള്ളതാണ്. 

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മാനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്. നമ്മുടെ അധരങ്ങളിൽ ദൈവവചനം, ക്രിസ്തു നിറഞ്ഞു നിൽക്കുകയാണെങ്കിൽ, നമ്മുടെ ജീവിതവും, കുടുംബവും എല്ലാം ക്രിസ്തുവിന്റെ കൃപയാൽ നിറയും.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം.

നമ്മുടെ ജീവിതങ്ങളെ നോക്കി, മറ്റുള്ളവർക്ക് പറയുവാൻ കഴിയണം, വചനം മാംസമായ, ക്രിസ്തുവായ ജീവിതങ്ങളെന്ന്. ആമേൻ! 

SUNDAY SERMON LK 4, 16-22

ദനഹാക്കാലം ഒന്നാം ഞായർ

ലൂക്ക 4, 16-22

Cheers to 2025!

സ്നേഹപൂർവ്വം നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!

2025 നിങ്ങളെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുകയും, നിങ്ങളുടെ ദിവസങ്ങളെ സന്തോഷവും വിജയവുംകൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ.

ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു!

2025 ന്റെ ആദ്യഞായറാഴ്ചയാണിന്ന്. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. ജനുവരി ആറാം തീയതിയാണ് കത്തോലിക്കാ സഭയിൽ ദനഹാതിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ, ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നതിന് വ്യത്യസ്ത ഭാവങ്ങളുണ്ട്. ഉദാഹരണത്തിന്, ലത്തീൻ സഭയിൽ പൂജ്യരാജാക്കന്മാർ ഈശോയെ സന്ദർശിക്കുന്നു എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നത് – മൂന്ന് രാജാക്കന്മാർ ലോകത്തെ മുഴുവനും പ്രതിനിധീകരിക്കുകയും,അവർ വന്ന് രാജാധിരാജനായ ക്രിസ്തുവിനെ ആരാധിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കത്തോലിക്കാ സഭയിലെ മറ്റൊരു വ്യക്തിഗത സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസായെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ, ദനഹാ ആഘോഷിക്കുന്നത്. ഇത് അനൈക്യത്തിന്റെ ലക്ഷണമല്ല. ഇത്, പാശ്ചാത്യ, പൗരസ്ത്യ വീക്ഷണത്തിലുള്ള (perspective), ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ടാണ്.

സീറോ മലബാർ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്രമനുസരിച്ച് (Liturgical Theology), മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്.  പൗരസ്ത്യ ആധ്യാത്മികത (Eastern Spirituality) എപ്പോഴും ദൈവിക കാര്യങ്ങളിൽ വലിയൊരു രഹസ്യാത്മകത (Mystical) കാത്തുസൂക്ഷിക്കുന്നുണ്ട്. ഈശോയുടെ മാമ്മോദീസയിൽ അതുണ്ട്. സ്വർഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വരുന്നു, സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഇതെല്ലം സാധാരണ കാര്യങ്ങളല്ല. സ്വർഗത്തിന്റേതാണ് അവ; ദൈവത്തിന്റേതാണ് അവ. അതിൽ രഹസ്യാത്മകത ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് പൗരസ്ത്യ സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസ ദനഹതിരുനാളായി സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഒരു സംശയം! പിന്നെ, എന്തുകൊണ്ടാണ് ഈ ഞായറാഴ്ച്ച, ദനഹാ ഒന്നാം ഞായറിൽ മറ്റൊരു സുവിശേഷ ഭാഗം? ഉത്തരമിതാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും, പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.  

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴപ്പിണ്ടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.  

നാളെ, ജനുവരി ആറിന് നാം ആചരിക്കുന്ന ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിൽ, വീണ്ടും, ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നു.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

“നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്തസാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mother Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (St. Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

എം. മോഹനന്റെ 2011 മേയ് മാസത്തിൽ പുറത്തിറങ്ങിയ “മാണിക്യക്കല്ല്” എന്ന മനോഹരമായ ഒരു ചിത്രമുണ്ട്. നിങ്ങൾ കണ്ടു കാണും ആ Film.  SSLC യ്ക്ക് എല്ലാ കുട്ടികളും തോൽക്കുന്ന, ഒരച്ചടക്കവുമില്ലാത്ത, ടീച്ചർമാർ തങ്ങളുടേതായ ജോലി നോക്കുന്ന ഒരു സ്കൂൾ. ഈ സ്കൂളിലേക്ക് വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരനായ ഒരു മാഷ് വരുന്നു. ആ സ്കൂളിനെ നല്ല വിജയമുള്ള, അച്ചടക്കമുള്ള ഒരു സ്കൂളാക്കി മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ധരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും, പത്താം ക്ലാസിലെ ഒരു കുട്ടി തന്നെ കളിയാക്കി ഒരു കാർട്ടൂൺ ചിത്രം വരച്ചപ്പോൾ, അദ്ദേഹം അവന്റെ കഴിവ് മനസ്സിലാക്കി അവന് പെയിന്റിംഗ് സാധനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബഷീറെന്ന ആ കുട്ടിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയ്ക്ക് ഒന്നാം കിട്ടിയപ്പോൾ അനുമോദിക്കാനായി ഗ്രാമത്തിലെ ത്രീ സ്റ്റാർ ക്ളബ്ബുകാർ ഒരു പ്രോഗ്രാം ഒരുക്കി. അതിൽ സമ്മാനം സ്വീകരിച്ചശേഷം ബഷീർ ഒരു നന്ദി പറയുന്നുണ്ട്. “ഞങ്ങൾക്ക് എല്ലാം വിനയചന്ദ്രൻ മാഷാ. പഠിക്കണമെന്നും, ജയിക്കണമെന്നും തോന്നിപ്പിച്ചത് മാഷാ. അരക്കൊല്ല പരീക്ഷയ്ക്ക് ഞങ്ങൾക്ക് നല്ല മാർക്കുണ്ട്. അത് കണ്ടപ്പോ ഉമ്മയും, ഉപ്പയും പറഞ്ഞു, മാഷെ ഇവിടെ കൊണ്ടെത്തിച്ചത് പടച്ചോനാന്ന്. പക്ഷേ, ഞങ്ങൾക്ക് …മാഷ്….മാഷ്..തന്നെയാ പടച്ചോൻ…! അത് പറഞ്ഞതും അവൻ വിതുമ്പിപ്പോയി.

പ്രിയപ്പെട്ടവരേ, ഒരു സിനിമാക്കഥപോലെ എത്രയോ വട്ടം ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പലപ്രാവശ്യം നാം പറഞ്ഞിട്ടില്ലേ. അമ്മേ, അമ്മയാണെന്റെ ദൈവമെന്ന്. അപ്പച്ചാ, അപ്പച്ചനാണെന്റെ ദൈവമെന്ന്. ദൈവങ്ങൾ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്രമാത്രം ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിധി പറഞ്ഞ പെരിയ ഇരട്ടക്കൊലക്കേസ് പോലെ! എങ്കിലും, നാം ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും തകർന്ന് നിന്ന ആ നിമിഷത്തിൽ എന്റെ അടുത്ത് വന്നിരുന്ന് “ഞങ്ങൾ കൂടെയുണ്ട്” എന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞ ആ സ്ത്രീ എനിക്കാരാണ്? ക്രിസ്തു അല്ലാതെ മറ്റാരുമല്ല. സാമ്ബത്തികമായി ഞാൻ തകർന്ന് വേളയിൽ, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ, ഫോൺ വിളിച്ച് എന്റെ GPay നമ്പർ ചോദിച്ച് എനിക്ക് പൈസ ഇട്ടു തന്ന ആ വ്യക്തി ക്രിസ്തു അല്ലാതെ മറ്റാരാണെനിക്ക്!!! വർഷങ്ങളായി, ആസ്ബസ്റ്റോസ് (Asbestos) ഷീറ്റിന്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ, ഒരു നല്ല വീട് വേണമെന്നാഗ്രഹിച്ചപ്പോൾ “വീട് പണി തുടങ്ങൂ..ഞാൻ സഹായിക്കാം” എന്ന് പറഞ്ഞ ആ മനുഷ്യൻ എനിക്ക് ക്രിസ്തുവല്ലേ? അങ്ങനെ സ്നേഹമുള്ളവരേ, എത്രപ്രാവശ്യം ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്? നാം എത്രയോ വട്ടം മറ്റുള്ളവർക്ക് ക്രിസ്തു ആയിട്ടുണ്ട്? അതെ, ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന്, ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക!  അതാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

അതിനുള്ള പ്രചോദനമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തു! എത്രമനോഹരമാണ് ആ Scene!! എത്ര സുന്ദരമാണ് ആ വാക്കുകൾ! കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവരാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദരിദ്രർക്ക് സുവിശേഷമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ബന്ധിതർക്ക് മോചനമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യമാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദൈവവചനം നമ്മിൽ പൂർത്തിയാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. “ഇന്ന് ദൈവവചനം എന്നിൽ പൂർത്തിയാകട്ടെ” എന്ന് നമുക്ക് ആശിക്കാം. നാം ദനഹാ ആകുമ്പോൾ, നമ്മിലൂടെ ക്രിസ്തു വെളിപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് സുവിശേഷം,ഈ സുവിശേഷ ഭാഗം വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നത്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!

SUNDAY SERMON MT 2, 13-14; 19-23

പിറവിക്കാലം ഒന്നാം ഞായർ

മത്താ 2, 13-14; 19-23

2024 ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും ശേഷം, പിറവിക്കാലം ഒന്നാം ഞായറാഴ്ച്ച, മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വന്നിരിക്കുന്ന നമ്മുടെ മുൻപിൽ, ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് സുവിശേഷം. നമുക്ക് പരിചിതമാണ് ഈ കുടുംബം. ക്രിസ്തുമസ് നാളിൽ ഈ കുടുംബത്തെ നാം ഹൃദയത്തിൽ ഏറ്റെടുത്തതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ, തങ്ങളുടെ പ്ലാനുകളും, പദ്ധതികളും, വാദങ്ങളും, വാദഗതികളും മാറ്റിവച്ച്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച വിശുദ്ധ യൗസേപ്പിതാവും, പരിശുദ്ധ കന്യകാമറിയവും, മനുഷ്യമക്കളോടുള്ള സ്നേഹം നിമിത്തം ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത, ദൈവപുത്രനായ ഈശോയുമാണ് ഈ കുടുംബത്തിലെ അംഗങ്ങൾ.

ഇവരുടെ പ്രത്യേകത, ഇന്നത്തെ സുവിശേഷഭാഗത്ത് വളരെ വ്യക്തമാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്ന ഒരു കുടുംബം. ഈ കുടുംബത്തെ ക്രൈസ്തവർ വിളിക്കുന്നത് തിരുക്കുടുംബമെന്നാണ്. ഉണ്ണിയേശുവിന്റെ സാന്നിധ്യംകൊണ്ട് മാത്രമല്ല, നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്നതുകൊണ്ട് കൂടിയാണ് നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്.

ലോകമെങ്ങുമുള്ള കുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃകയായിട്ടാണ് സുവിശേഷം തിരുക്കുടുംബത്തെ അവതരിപ്പിക്കുന്നത്. പലായനത്തിന്റെ കഷ്ടപ്പാടും, അരക്ഷിതാവസ്ഥയും, ഭാവിയെക്കുറിച്ചുള്ള ആകുലതകളും മറ്റും ജോസഫിനെയും, മറിയത്തെയും അലട്ടുമ്പോഴും, പരസ്പരം ചേർന്നുനിൽക്കാനും, ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കി തങ്ങളുടെ ജീവിതം നിലനിർത്താനും അവർ ശ്രമിക്കുന്നുണ്ടെന്നുള്ളതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഉള്ളടക്കം. ഇസ്രായേൽ ജനത്തിന്റെ പുറപ്പാട് തുടങ്ങിയ ഈജിപ്തിലേക്കും, അവിടെനിന്ന് ഗലീലിയയിലേക്കും ഓടുമ്പോഴും, ദൈവപരിപാലനയിലുള്ള വിശ്വാസം അവർ കൈവിടുന്നില്ല.  നിരാശപ്പെടാനുള്ളതല്ല, പരസ്പരം ഊന്നുവടികളായി നിൽക്കാനും, ആർദ്രതയോടെ പരസ്പരം ചേർന്നുനിൽക്കാനും, അതുവഴി ദൈവത്തിന്റെ പദ്ധതിയോട് ആത്മാർത്ഥതപുലർത്താനും ഉള്ളതാണ് കുടുംബജീവിതമെന്ന് തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നുണ്ട്. കലഹിക്കാനുള്ളതല്ല, സ്നേഹിക്കാനും, സ്നേഹം കൊടുക്കാനും, വളരാനും, വളർത്താനുമുള്ളതാണ് കുടുംബമെന്നും നിശബ്ദമായി മേരിയും, യൗസേപ്പും നമ്മോട് പറയുന്നുണ്ട്. അല്ലെങ്കിൽ തന്നെ ദേഷ്യമോ, പരിഭവമോ ഇല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ചല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. മാതാപിതാക്കളും, മക്കളും തമ്മിലുള്ള വഴക്കുകളും പിണക്കങ്ങളും ഇല്ലാത്ത ഒരാവസ്ഥയെക്കുറിച്ചുമല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. പരസ്പരം തല്ലുകൂടാത്ത, അടിപിടിയില്ലാത്ത, മാതാപിതാക്കളെ അനുസരിക്കുക മാത്രം ചെയ്യുന്ന മക്കളുള്ള ഒരു കുടുംബാന്തരീക്ഷത്തെക്കുറിച്ചല്ല തിരുക്കുടുംബം നമുക്ക് ക്ലസ്സെടുക്കുന്നത്. ഈ പറഞ്ഞവയെയെല്ലാം സ്നേഹംകൊണ്ട് നിർമ്മലമാക്കണമെന്നാണ് തിരുക്കുടുംബം നമ്മോട് പറയുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾക്കിടയിലും, ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കണമെന്നാണ് തിരുക്കുടുംബം നമ്മെ ഓർമപ്പെടുത്തുന്നത്.  

പരസ്പരം മനസ്സിലാക്കാതെ ജീവിതം ജീവിച്ചു തീർക്കുന്നവരും, സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി മറ്റുള്ളവരെ അകറ്റിനിർത്തുന്നവരും,  അടുത്തിരുന്നുകൊണ്ട് അകലം പാലിക്കുന്നവരും, ജീവിതം സുരക്ഷിതമല്ലെന്ന് കരുതി പേടിച്ചിരിക്കുന്നവരും പഠിക്കേണ്ട പലതും തിരുക്കുടുംബം കാണിച്ചുതരുന്നുണ്ട്. ഈജിപ്തിലേക്കുള്ള പലായനം തന്നെ ധ്യാനിക്കുക. മേരിയും യൗസേപ്പും ഒരുമിച്ചു നിന്നതുകൊണ്ടാണ് കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ അവർക്ക് കഴിയുന്നത്. സ്വാർത്ഥത ഒട്ടുമേയില്ലാതെ മുന്നോട്ട് പോയതുകൊണ്ടാണ് കുഞ്ഞിന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവിതം അവർ പണയംവച്ചത്. അല്ലെങ്കിൽ, ഈ കുഞ്ഞാണ് തങ്ങളുടെ ജീവന് അപകടം എന്ന് മനസ്സിലാക്കിയ നിമിഷം, ആ നിമിഷം അവർക്ക് വേണമെങ്കിൽ ആ കുഞ്ഞിനെ ഗലീലിതടാകത്തിലേക്ക് എറിഞ്ഞു കളയാമായിരുന്നു. കടന്നുപോകുന്ന മണലാരണ്യത്തിൽ കുഴിച്ചുമൂടാമായിരുന്നു. ആരും ചോദിയ്ക്കാൻ വരില്ലായിരുന്നു. തങ്ങളുടെ ജീവനും സുരക്ഷിതം. പക്ഷേ, പ്രിയപ്പെട്ടവരേ, അവരത് ചെയ്തില്ല. ശരിയാണ്. ആധുനിക ലോകം തീർച്ചയായും അവരെ മണ്ടന്മാർ, മരമണ്ടന്മാർ എന്ന് വിളിച്ചേക്കാം. എങ്കിലും, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ എന്തും കൊടുക്കാൻ അവർ തയ്യാറായിരുന്നു. മൂന്ന് മിനിറ്റിൽ ഒരു ഗർഭഛിദ്രം എന്ന കണക്കേ, ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, രാഷ്ട്രീയത്തിന്റെ പേരിലും, മതത്തിന്റെ പേരിലും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, ഏതുരൂപത്തിലും ജീവനെ സംരക്ഷിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് കേൾക്കുമ്പോൾ Comedy ആയിട്ട് തോന്നാം. ജീവന് തണലേകുന്ന തിരുക്കുടുംബം നമുക്ക് വെല്ലുവിളിയാണ്!!

ദമ്പതിമാർ അവരവരുടെ ആശയലോകത്തിലേക്ക് ചുരുങ്ങിപ്പോകുന്നതാണ് വർത്തമാനകാല ദുരന്തം. വീടിന്റെ അകത്തളങ്ങളിൽ നടക്കേണ്ടത് Ego Clashes അല്ല; ക്ഷമയുടെയും, വിട്ടുവീഴ്ചയുടെയും scnenes ആണ്, കാഴ്ചകളാണ്. ആവശ്യപ്പെടുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നല്ല സ്നേഹമെന്നും, വാത്സല്യം പെട്ടിയിൽ അടച്ചുവയ്ക്കേണ്ടതല്ലെന്നും, അത് പകർന്ന് നൽകേണ്ടതാണെന്നും, കുടുംബമെന്നത് non-judgemental ആണെന്നും, എന്നും ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ് തിരുക്കുടുംബം. ഈജിപ്തിൽ നിന്ന് ഉടനെ ഗലീലിയയിലേയ്ക്ക്; അവിടെച്ചെല്ലുമ്പോൾ, വീണ്ടും നസ്രത്തിലേക്ക്. ഈ ഓട്ടം അത്ര എളുപ്പമല്ല. ഓർക്കണം, ഇത് പേരെഴുതിക്കാനായി ബെത്ലഹേമിലേക്കുള്ള ഓട്ടത്തിൽ തുടങ്ങിയതാണ്. ഈ ഓട്ടത്തിനായി സാമ്പത്തികം വേണം. ജോസഫിന്റെ ഓട്ടക്കീശയിൽ എന്തുണ്ടാകാൻ!! പിന്നെ Contessa യോ, ഇന്നോവയോ, ഒന്നുമില്ല യാത്ര ചെയ്യാൻ. ഒരു കോവർകഴുത!  സങ്കീർത്തനങ്ങൾ പാടിക്കൊണ്ട് തന്നെയായിരിക്കണം അവർ ഈ ഓട്ടങ്ങളെല്ലാം നടത്തിയത്. കർത്താവാണ് എന്റെ ഇടയൻ എന്നുള്ള സങ്കീർത്തനം 23 അവരുടെ അധരങ്ങളിലുണ്ടായിരുന്നിരിക്കണം. ഓരോ സാഹചര്യത്തിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് മറിയം പാടിയിട്ടുണ്ടാകണം. അല്ലെങ്കിൽ ഈ ദുരിതങ്ങളെ അതിജീവിക്കുക അസാധ്യം!! മേരി ജോസഫിനെ കളിയാക്കുന്നില്ല; വിധിക്കുന്നില്ല. മേരിയെ ജോസഫ് പഴിക്കുന്നില്ല; ദേഷ്യപ്പെടുന്നില്ല. കുടുംബം non-judgemental ആകുമ്പോഴാണ് അവിടെ സ്വർഗ്ഗത്തിന്റെ ഈണം ഉണ്ടാകുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങൾ non-judgemental ആകട്ടെ. ആരെയും put down ചെയ്യാതിരിക്കുക. സ്നേഹം പ്രകടിപ്പിച്ചും, പരസ്പരം ശക്തിപ്പെടുത്തിയും മുന്നോട്ട് പോകാനാണ് തിരുക്കുടുംബം നമ്മോട് ആവശ്യപ്പെടുന്നത്.

ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിന്റെ, ഭക്ഷണം കഴിക്കുന്നതിന്റെ ചാരുതയും, ക്രിസ്മസ് പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ഭംഗിയും തിരുക്കുടുംബത്തിന്റെ താളമാണ്. തിരുക്കുടുംബത്തിലുണ്ടായിരുന്ന ഈ സ്വർഗീയ താളം ഇന്നത്തെ കുടുംബങ്ങൾക്ക് എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയുടെ ബാലൻസ്, താളം നഷ്ടപ്പെടുമ്പോൾ, ഓടിച്ചുകൊണ്ടുതന്നെയേ അതിന്റെ ബാലൻസ്, താളം വീണ്ടെടുക്കുവാൻ സാധിക്കൂ. അതുപോലെ, ഒരു കുടുംബത്തിന് നഷ്ടപ്പെടുന്ന താളം, കുടുംബത്തിന് തന്നെയേ വീണ്ടെടുക്കുവാൻ സാധിക്കൂ. കാരണങ്ങൾ പലതുണ്ടാകാം… ഞാൻ പറയാതെ തന്നെ ആ കാരണങ്ങൾ നിങ്ങൾക്ക് അറിയുകയും ചെയ്യാം. പക്ഷേ, എങ്ങനെ നമ്മുടെ കുടുംബങ്ങളുടെ സ്വർഗീയ താളം വീണ്ടെടുക്കാം? കുടുംബാഗങ്ങൾക്ക് മാത്രമേ അത് വീണ്ടെടുക്കാൻ കഴിയൂ.

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന പിതാവ് ഒരു ഡിസംബർ നാളിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്ക് ഒരു മെസ്സേജ് അയച്ചു. മക്കളെ, നിങ്ങൾക്കറിയാലോ ഞാൻ നമ്മുടെ വീട്ടിൽ തനിച്ചാണെന്ന്. പണ്ട് വളരെ സന്തോഷത്തോടെ നമ്മൾ ഇവിടെ ജീവിച്ചിരുന്നതാണ്. ഒരുമിച്ച് ജോലിചെയ്ത്, ഭക്ഷണം കഴിച്ച്, ചിരിച്ച്…വളരെ നല്ലതായിരുന്നു ആ ദിനങ്ങൾ. ഇപ്രാവശ്യം ക്രിസ്തുമസിന് നിങ്ങൾ വരികയാണെങ്കിൽ ഒത്തിരി നന്നായിരുന്നു. മൂത്തമകൻ ഉടനെ തന്നെ മറുപടി അയച്ചു. അപ്പച്ചാ, എനിക്ക് ഇവിടെ ജോലിത്തിരക്കാണ്. വരൻ പറ്റുമെന്ന് തോന്നുന്നില്ല. അല്പം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകന്റെ മെസ്സേജും വന്നു. വരാൻ താത്പര്യമുണ്ട് ..ന്നാലും തിരക്കാണ് – എന്നായിരുന്നു മെസ്സേജ്. ആ പിതാവിന് സങ്കടമായി. ഒരു നക്ഷത്രംപോലും ഇടാതെ, ആരോടും സംസാരിക്കാൻ താത്പര്യമില്ലാതെ അയാൾ ജീവിച്ചു. ക്രിസ്തുമസിന്റെ തലേന്ന്, സന്ധ്യയായപ്പോൾ അയാൾ ഒരു സൂപ്പ് ഉണ്ടാക്കാൻ അടുക്കളയിൽ കയറി. പെട്ടെന്നാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. പതുക്കെ നടന്നു ചെന്ന് വാതിൽ തുറന്നപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. തന്റെ രണ്ട് മക്കളും കുടുംബസമേതം വന്നിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന അദ്ദേഹത്തെ മക്കളും, മരുമക്കളും, കുഞ്ഞുമക്കളും എല്ലാവരും വന്ന് കെട്ടിപ്പിടിച്ചു. പിന്നെ – എല്ലാ മുറികളിലും വെളിച്ചമായി..കുട്ടികളുടെ അക്കളികളായി..ഒച്ചയും ബഹളവുമായി…മക്കൾ കൊട്നുവന്ന ഭക്ഷണം മേശമേൽ നിരന്നു…ആ വീട് സന്തോഷംകൊണ്ട് നിറഞ്ഞു. ഇതെല്ലം നോക്കി നിന്ന് അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി..സന്തോഷത്തിന്റെ!!

സ്നേഹമുള്ളവരേ, നിങ്ങളുടെ കുടുംബങ്ങളെ കൂടുതൽ സുഗന്ധപൂരിതവും, വർണശോഭയുമുള്ളതാക്കാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ? താത്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് പറ്റിയ പഠനക്കളരിയാണ് തിരുക്കുടുംബം. തിരുക്കുടുംബം പോലെ നംമടുത്തെ കുടുംബങ്ങൾ ആയിത്തീരണം എന്ന് പറയുമ്പോൾ, മേരിയിലും, ജോസെഫിലും നിറഞ്ഞു നിൽക്കുന്ന ദൈവിക മനോഭാവങ്ങൾ സ്വന്തമാക്കുക എന്നാണ് അർത്ഥമാക്കുന്നത്. എപ്പോഴും ഈശോയോടൊത്ത്, ഈശോയെ നഷ്ടപ്പെടുത്താതെ കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അർത്ഥമാക്കുന്നത്. ദൈവം നമുക്ക് വേണ്ടി ശോഭനമായ ഒരു പ്ലാൻ, പദ്ധതി ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുക. ദൈവത്തിന്റെ വചനത്തോട്, ഇഷ്ടത്തോട് ചേർന്ന് നിൽക്കുക. ദൈവപരിപാലനയിൽ ആശ്രയിക്കുക. എന്നിട്ട് ധൈര്യത്തോടെ മുന്നോട്ട് പോകുക. അപ്പോൾ നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകും.

നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ ബലിയർപ്പിക്കുന്ന മാതാപിതാക്കൾക്കായി പ്രാർത്ഥിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ വിടർന്നു നിൽക്കുന്ന പൂക്കളായ മക്കളെ ബലിയിൽ പ്രത്യേകം ഓർക്കാം. ദൈവഹിതത്തിനോട് ചേർന്ന് നിന്ന് ബലിപീഠത്തിലെ മെഴുകുതിരികൾപോലെ കുടുംബങ്ങളിൽ പ്രകാശം പരത്തുന്ന വ്യക്തികളാകാൻ നമുക്ക് പ്രാർത്ഥിക്കാം. കുടുംബത്തിന്റെ നന്മ നഷ്ടപ്പെടുത്തുന്ന ഒരു തലമുറയ്ക്ക് നല്ല കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും. ചിതറിയ്ക്കപ്പെടും.

ഞങ്ങളുടെ കുടുംബങ്ങളെ തിരുക്കുടുംബംപോലെ ആക്കണമേയെന്ന പ്രാർത്ഥനയോടെ നമുക്ക് ബലിയർപ്പിക്കാം. എല്ലാവർക്കും തിരുക്കുടുംബത്തിന്റെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു. ആമ്മേൻ!

SUNDAY SERMON CHRISTMAS 2024

ക്രിസ്തുമസ് 2024

ദൈവം മനുഷ്യനായതിന്റെ ആഘോഷം

ദൈവം മനുഷ്യനായി പിറന്ന ആദ്യ ക്രിസ്തുമസിന് 2024 വർഷങ്ങൾക്കുശേഷം, ലോക ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസ് അസീസി നിർമിച്ച ആദ്യ പുൽക്കൂടിന് 801 വർഷങ്ങൾക്ക് ശേഷം, പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച്, ലോകം മുഴുവനും അധീനതയിലാക്കിയ വ്യവസായവിപ്ലവത്തിന് 184 വർഷങ്ങൾക്ക് ശേഷം, തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം അർമേനിയായിലെ 15 ലക്ഷം ക്രൈസ്തവരെ ഉന്മൂലനം ചെയ്തിട്ട് 109 വർഷങ്ങൾക്ക് ശേഷം, മനുഷ്യൻ അന്നുവരെ പണിതുയർത്തിയതെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കും, രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ 60 ലക്ഷം വരുന്ന ജൂതരെ ഹിറ്റ്ലറിൻറെ നാസികൾ കൊലചെയ്തതിനും 79 വർഷങ്ങൾക്ക് ശേഷം,  മനുഷ്യ മനസ്സിനെ ഞെട്ടിച്ച ഗുജറാത്തിലെ കൂട്ടക്കൊലക്ക് 22 വർഷങ്ങൾക്ക് ശേഷം, കാടിറങ്ങി വരുന്ന വന്യജീവികൾ മനുഷ്യനെ കൊല്ലുന്നത് പതിവായിട്ടും, മനുഷ്യത്വപരമല്ലാത്ത പലതും കടന്നുകൂടിയിട്ടുള്ള Kerala Forest Amendment Bill 2024 ന്റെ കരട് പുറത്തിറങ്ങിയിട്ട് 64 ദിവസങ്ങൾക്ക് ശേഷം, നാലുപേരുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ സാമ്പൽ പ്രദേശത്ത് നടന്ന ലഹള കഴിഞ്ഞ് ഒരു മാസത്തിന് ശേഷം,  കേരളത്തിൽ, ഭാര്യയുടെ ചികിത്സയ്ക്കായി സിപിഎം ഭരിക്കുന്ന കട്ടപ്പന Rural Co-operative Society യിൽ നിക്ഷേപിച്ചിരുന്ന തന്റെ പണം ചോദിച്ചപ്പോൾ കിട്ടാതിരുന്നതിന്റെ പേരിൽ വിഷമിച്ച സാബു എന്നയാളുടെ ആത്മഹത്യയ്ക്ക് 4 ദിവസങ്ങൾക്കുശേഷം, നാം സർവ ലോകത്തിനും സന്തോഷവും സമാധാനവും നൽകുന്ന ക്രിസ്തുമസ്, ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുകയാണ്.

ഹല്ലേലൂയാ പാടുന്ന, സന്തോഷംകൊണ്ടാടുന്ന ഈ ക്രിസ്തുമസ് രാവിൽ ഇതുപോലുള്ള വിശേഷങ്ങൾ പറഞ്ഞാണോ ക്രിസ്തുമസ് സന്ദേശം തുടങ്ങേണ്ടത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ, ദൈവം മനുഷ്യനായി, മനുഷ്യനെ രക്ഷിക്കാൻ ഭൂമിയിൽ വന്ന ശേഷവും മനുഷ്യൻ തന്റെ മാഹാത്മ്യം മനസ്സിലാക്കാതെ, മനുഷ്യത്വം പ്രകടിപ്പിക്കാതെ   ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, മക്കളേ, ഞാൻ ചെയ്തതുപോലെ നിങ്ങളും മനുഷ്യരായി, മനുഷ്യത്വത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിച്ചാൽ, നിങ്ങളിലും ക്രിസ്തുമസ് ഉണ്ടാകും, നിങ്ങളിലും ക്രിസ്തു ജനിക്കും – എന്ന് പ്രഘോഷിക്കുന്ന ഈ ക്രിസ്തുമസ് നാളിൽ, മനുഷ്യത്വം നഷ്ടപ്പെടുന്ന സംഭവങ്ങൾ ചരിത്രത്തിലും, ഇന്നും നടക്കുന്നുണ്ടെന്ന് ഓർമപ്പെടുത്താൻവേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അതിജീവനത്തിനും വിശപ്പിനും വേണ്ടിയല്ലാതെ കൊലചെയ്യാത്ത മൃഗങ്ങളെക്കാൾ താഴ്ന്ന്, സ്വാർത്ഥ ലാഭത്തിനുവേണ്ടി മാത്രം മനുഷ്യരെ കൊല്ലുന്ന, കാടത്തം നിലനിൽക്കുന്ന ഇക്കാലത്ത്, മനുഷ്യനാകുവാനുള്ള മനുഷ്യത്വത്തിലേക്ക് വളരാനുള്ള വലിയ ആഹ്വാനവുമായിട്ടാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് നാം ആഘോഷിക്കുന്നത്. എന്താണ് ക്രിസ്തുമസ്?

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2024 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന

സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

എന്നാൽ, മനുഷ്യനെ സ്വർഗത്തോളം ഉയർത്താൻ, ദൈവം മനുഷ്യനായി പിറന്നെങ്കിലും, ഞാൻ ആദ്യമേ അവതരിപ്പിച്ചപോലെ മാനവചരിത്രം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാത്തതിന്റെ, ബഹുമാനിക്കാത്തതിന്റെ, മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിന്റെ ചരിത്രമാണ്. വംശത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ദൈവത്തിന്റെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ദുരഭിമാനത്തിന്റെ പേരിൽ, ദൈവം തന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ, ദൈവം തന്റെ ഏകജാതനെ തന്നെ നൽകി രക്ഷിച്ച മനുഷ്യൻ പരസ്പരം കൊന്ന് കൊലവിളിക്കുകയാണ്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതാകുകയാണ്. അഹങ്കാരിയായ മനുഷ്യൻ, വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അർഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ നമുക്കെന്നും ക്രിസ്തുമസ് ആകുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊല്ലുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും നമുക്ക് ക്രിസ്തുമസ് വന്നിട്ടില്ല.

ഒരു ചിത്രീകരണമാണ്: അന്നൊരു ദിവസം പൂർണചന്ദ്രന്റെ ശോഭയിൽ പ്രപഞ്ചം തിളങ്ങിനിന്നാ രാത്രിയിൽ അയാൾ ദൈവത്തോട് സംസാരിച്ചു. “ദൈവമേ, ഭൂമിയിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കാൻ ഞങ്ങൾ എന്തുചെയ്യണം?

ഒന്ന് പുഞ്ചിരിച്ചിട്ട് ദൈവം പറഞ്ഞു: “മനുഷ്യരാകുക, ഞാൻ ചെയ്തതുപോലെ.”

ദൈവത്തോടൊന്ന് ചോദിച്ചു നോക്കൂ…. ദൈവമേ, വീണ്ടും ക്രിസ്തുമസ് ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ ഉണ്ടാകുവാൻ, ക്രിസ്തു ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ വീണ്ടും ജനിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണം?  ഉത്തരം വളരെ simple ആണ്. ദൈവം പറയും: Become man – മനുഷ്യനാവുക! ഞാൻ ചെയ്തതുപോലെ!

ക്രിസ്തുമസ് 2024 നായി 3M Productions ഇറക്കിയ “പാരിൽ പിറന്നവനേ….” എന്നൊരു, Social Media യിൽ Trend ആയിരിക്കുന്ന അടിപൊളി ക്രിസ്തുമസ് ഗാനം നിങ്ങളും കേട്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. Rosina Peety രചിച്ച് Fr. Mathews Payyappilly MCBS സംഗീതം നൽകിയ ഈ ഗാനത്തിന്റെ ചരണത്തിൽ ഗാനം പാടുന്നത് ഇങ്ങനെയാണ്: “എന്തൊരു വാർത്തയിത് ദൈവം മനുഷ്യനായി! പാട്ട് കേട്ടപ്പോൾ ക്രിസ്തുമസിന്റെ സന്തോഷം എന്നിൽ നിറഞ്ഞു. കാരണം, ക്രിസ്തുമസിന്റെ വിസ്മയം ആ വരികളിൽ ഞാൻ തെളിഞ്ഞു കണ്ടു. 

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം … ദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ക്രിസ്തുമസ്, ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്. 

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മനുഷ്യനാവുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വം ഉള്ളവളാകുക, ഉള്ളവനാകുക; ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വത്തിന്റെ പാതയിലേക്ക് പ്രവേശിക്കുക. ദൈവം ചെയ്തതുപോലെ, സദാ മനുഷ്യനായിക്കൊണ്ടിരിക്കുക.

സ്നേഹമുള്ളവരേ, ദൈവം മനുഷ്യനായതിന്റെ വലിയ ആഘോഷമായി ക്രിസ്തുമസ് നമ്മൾ കൊണ്ടാടുമ്പോൾ, ഓർക്കണം, മനുഷ്യരായി ജീവിച്ചാലേ, ക്രിസ്തുമസ് നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ, സമൂഹത്തിൽ ലോകത്തിൽ സംഭവിക്കുകയുള്ളുവെന്ന്!! ലോകചരിത്രം മനുഷ്യത്വഹീനമായ ക്രൂരപ്രവർത്തികളുടെ ആലേഖനമാണ്. അർമേനിയൻ ക്രൈസ്തവരെ കൊന്ന് ഓട്ടോമൻ നടത്തിയ വംശഹത്യ, ഹിറ്റ്‌ലർ നടത്തിയ ജൂത വംശഹത്യ, കാലാകാലങ്ങളിൽ മനുഷ്യൻ മനുഷ്യനോട് ചെയ്തുകൂട്ടിയ ഹിംസകൾ, നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന മനുഷ്യത്വഹീനമായ പ്രവർത്തികൾ എന്നിവയ്ക്ക് മുൻപിൽ “നടുക്കം” എന്ന വാക്ക് നിസ്സഹായമായിപ്പോകുകയാണ്. ഈ കൊടുംഹത്യകൾ ചെയ്തതു് മനുഷ്യർ തന്നെയാണ്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, ദൈവത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മതത്തിന്റെ പേരിൽ ലോകത്തിൽ പലയിടങ്ങളിലും, നമ്മുടെ ഭാരതത്തിലും നടക്കുന്ന കൊലകൾ, രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു നമ്മുടെ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾ, ദിനംപ്രതി നടക്കുന്ന ഭ്രൂണഹത്യകൾ … എവിടെയാണ് പ്രിയപ്പെട്ടവരേ, മനുഷ്യത്വം? മനുഷ്യത്വം മരവിക്കുക എന്നല്ല, മനുഷ്യത്വം മരിച്ചു പോയിരിക്കുന്നു എന്നുവേണം പറയുവാൻ! ഇവയെല്ലാം ചെയ്തിട്ട് മനുഷ്യൻ എന്ന് മേനി നടിച്ചു നടന്നിട്ട് എന്ത് കാര്യം?

ഈ ഭൂമിയിൽ ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയണമെങ്കിൽ നാം നമ്മുടെ മനുഷ്യത്വം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു!!! എങ്ങനെ? നല്ല മനുഷ്യരായിക്കൊണ്ട്. എങ്ങനെയാണു നല്ല മനുഷ്യരാകുന്നത്? നമുക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, എനിക്ക് നല്കപ്പെട്ടിട്ടുള്ളവയെല്ലാം മറ്റുള്ളവർക്ക് കൊടുക്കാനുള്ളതാണെന്നും, പങ്കുവയ്ക്കാനുള്ളതാണെന്നും അറിയുകയും, അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.

ദൈവം ചെയ്തതുപോലെ, മനുഷ്യനായിത്തീരുക. ദൈവമായിരുന്നിട്ടും ദൈവമെന്ന സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി കുരിശുമരണത്തോളം അനുസരണമുള്ളവളാകുക /അനുസരണമുള്ളവനാകുക – ദൈവം ചെയ്തതുപോലെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും, നിന്നെ സ്നേഹിക്കുന്നവന്റെമേലും, നിന്നെ വെറുക്കുന്നവന്റെമേലും സൂര്യനെ ഉദിപ്പിക്കുക, മഴപെയ്യിക്കുക – ദൈവം ചെയ്തതുപോലെ. നിന്റെ ജീവിത സാഹചര്യങ്ങളിൽ ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നുവെന്നും പറഞ്ഞ് നിന്നെത്തന്നെ പകുത്തുകൊടുക്കുക – ദൈവം ചെയ്തതുപോലെ. കൊടുത്തുകൊണ്ട് സ്നേഹിക്കുക, കൊടുത്തുകൊണ്ട് നിന്നിലെ നന്മയെ വെളിപ്പെടുത്തുക, കൊടുത്തുകൊണ്ട് നിന്നിലെ മനുഷ്യത്വം പ്രകടമാക്കുക. അങ്ങനെയേ ക്രിസ്തുമസ് ആഘോഷിക്കുവാൻ നമുക്ക് കഴിയൂ. അങ്ങനെയേ, ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ, ക്രിസ്തുവിനെ നൽകുവാൻ സാധിക്കൂ. Christmas is giving!!

കൊടുക്കുമ്പോൾ നമ്മിൽ നിറയുന്ന നന്മയുടെ പേരാണ് ക്രിസ്തുമസ്; സന്തോഷത്തിന്റെ പേരാണ് ക്രിസ്തുമസ്; സമാധാനത്തിന്റെ പേരാണ് ക്രിസ്തുമസ്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയിൽ ബുദ്ധ ഭിക്ഷു ആനന്ദന് കൈക്കുമ്പിളിൽ വെള്ളമൊഴിച്ചു കൊടുക്കുന്ന മാതംഗിയെപ്പറ്റി കവി പാടുന്നത് ഇങ്ങനെയാണ്: പുണ്യശാലിനി, നീ പകർന്നീടുമീ/ തണ്ണീർ തന്നുടെ ഓരോരോ തുള്ളിയും/ അന്തമറ്റ സുകൃതഹാരങ്ങൾ നി-/ ന്നന്ത രാത്മാവിലാർപ്പിക്കുന്നുണ്ടാകാം./ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സുകൃതമാണ് മനുഷ്യത്വം, ആ സുകൃതം തന്നെയാണ് ക്രിസ്തു; ആ സുകൃതം തന്നെയാണ് ക്രിസ്തുമസ്

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ നല്ല മനുഷ്യനാകുവാൻ നമുക്കാകട്ടെ. നല്ല മനുഷ്യരാണ് നല്ല ക്രൈസ്തവരാകുക. നല്ല ക്രൈസ്തവരാണ് നല്ല സന്യസ്തരും, നല്ല പുരോഹിതരുമാകുക. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവം മനുഷ്യനായ രഹസ്യം   ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് നല്ല മനുഷ്യരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് മനുഷ്യത്വത്തിന്റെ, അതിലെ നന്മയുടെ ഉത്സവമാകട്ടെ. നല്ല മനുഷ്യരായിക്കൊണ്ട്

ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ മനുഷ്യനായി പിറന്ന ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും സ്നേഹപൂർവ്വം ക്രിസ്തുമസ് ആശംസകൾ!!!

SUNDAY SERMON MT 1, 18-25

മംഗളവാർത്താക്കാലം -ഞായർ 4

മത്താ 1, 18-25

മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുത്തുകൊണ്ട് ഇന്നത്തെ സുവിശേഷ വിചിന്തനം നമുക്ക് തുടങ്ങാം.  സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുന്ന  മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്.  മൂന്നാം ഞായറാഴ്ച   ദൈവഹിതമനുസരിച്ച്   കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടു മുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.

അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്. നോക്കുക! ഒരു സാധാരണ മനുഷ്യൻ! ചരിത്രം ആ മനുഷ്യന് വലിയ വലിയ പേരുകളോ, ഡിഗ്രികളോ ഒന്നും ചാർത്തിക്കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നില്ല. ശാരീരീരിക സൗന്ദര്യത്തെക്കുറിച്ചോ, ജോലിയിലെ നൈപുണ്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. ആ ഗ്രാമത്തിലെ ജോലിയോട് ആത്മാർത്ഥതയുള്ള, ചെറുപ്പക്കാരനായ ഒരു മരാശാരി. ആകെ അദ്ദേഹത്തെപ്പറ്റി പറയുന്നത് ദൈവത്തോട്, ജീവിതത്തോട്, കണ്ടുമുട്ടുന്നവരോട് നീതി പുലർത്തിയിരുന്ന ഒരു മനുഷ്യൻ! അത്രമാത്രം.

നമുക്കറിയാവുന്നതുപോലെ സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ നമ്മിൽ പക്ഷേ വിസ്മയം   ജനിപ്പിക്കുന്നുണ്ട്! പ്രത്യേകിച്ച്, രാഷ്ട്രീയ മത നേതാക്കൾ ധാർഷ്ട്യത്തിന്റെ, മറ്റുള്ളവരെ പരിഗണിക്കാത്തതിന്റെ ചായങ്ങൾ വാരിക്കോരി അണിയുന്ന ഇക്കാലത്ത്! ദൈവ വിശ്വാസികൾ പോലും ദൈവത്തിന്റെ ഇഷ്ടം നോക്കാതെ സ്വന്തം ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ച് മാത്രം കോലങ്ങൾ കെട്ടുന്ന ഇക്കാലത്ത്! മറ്റുള്ളവരുടെ കുറവുകൾ, അവരിലെ തെറ്റുകൾ, അവരെക്കുറിച്ചുള്ള മുൻവിധികൾ, ആരോപണങ്ങൾ…എല്ലാം തെരുവിൽ പിച്ചിചീന്തിയെറിഞ്ഞ്, അവരെ സമൂഹത്തിന്റെ മുൻപിൽ നഗ്‌നരാക്കി നിർത്തി രസിക്കുന്ന ആളുകളുള്ള ഇക്കാലത്ത്!

എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. 

യൂ ട്യൂബിൽ (YouTube) upload ചെയ്ത വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു ഗാനം ശ്രദ്ധയിൽപ്പെട്ടു. പ്രസിദ്ധമായ ഉറങ്ങുന്ന യൗസേപ്പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഗാനം. നല്ലൊരു ഗാനമൊരുക്കുവാൻ അതിന്റെ team ശ്രമിച്ചെങ്കിലും അതിൽ പാടിയിരിക്കുന്നത് “നിദ്രാധീനനാം ഔസേപ്പേ …” എന്നാണ്. നിദ്രാദീനനാം… എന്നും എഴുതി കണ്ടു. നിദ്രയ്ക്ക് അധീനനായിപ്പോയവനോ, നിദ്രാരോഗിയോ അല്ല വിശുദ്ധ യൗസേപ്പ്. ഉറങ്ങുന്ന ഔസേപ്പിനെ നാം ബഹുമാനിക്കുന്നത് നിദ്രയിൽ (നിദ്രയിൽപ്പോലും!) ദൈവ ദർശനം ലഭിച്ചവനും, ആ ദൈവദർശനത്തിനനുസരിച്ചു പ്രവർത്തിച്ചവനുമായതുകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വം. വെറുതെ ഉറക്കം തൂങ്ങിയായ ഒരു വ്യക്തിയല്ല അദ്ദേഹം. ദൈവഹിതം മനസ്സിലാക്കിയിട്ടും, അതിനെ തട്ടിത്തെറുപ്പിച്ച്  നീങ്ങുന്ന ഒരു യുവാവുമല്ല അദ്ദേഹം. ഭൂമിയിൽ ക്രിസ്തുവിന് ജന്മം നൽകുവാൻ ദൈവത്തോടോത്ത് സഹകരിച്ചവനാണ് ജോസഫ്!

ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്. 

ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labarynth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.

എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.

സ്നേഹമുള്ളവരേ, സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക! 

ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്. 

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പക്ഷേ, ജോസഫിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവ ഹിതത്തിനോടുള്ള വിധേയത്വം, സ്വന്തം ജീവിതത്തെയും, ജീവിത താത്പര്യങ്ങളെയും, സത്‌പേരിനെപ്പോലും മറ്റുള്ളവരുടെ ജീവിത മഹത്വത്തിനായി മാറ്റിവയ്ക്കുവാൻ ജോസഫ് കാണിക്കുന്ന വ്യക്തിത്വ മാഹാത്മ്യം, അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ദൈവ പരിപാലനയുടെ വെളിച്ചത്തിൽ കാണുവാനുള്ള വിശ്വാസതീക്ഷ്ണത – ഇവയെല്ലാം ഇന്നത്തെ മാത്രമല്ല, എന്നത്തേയും തലമുറ ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊത്തിപ്പെറുക്കിയെടുക്കേണ്ട മൂല്യങ്ങളാണ്. അല്ലെങ്കിൽ നമുക്ക് നമ്മിലെ ക്രിസ്തുവിനെ വളർത്തിയെടുക്കുവാൻ, നമ്മുടെ സഭയെ സംരക്ഷിക്കുവാൻ, നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ പാതയിൽ വളർത്തുവാൻ ചിലപ്പോൾ സാധിച്ചില്ലെന്നുവരും!

സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!

ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്.  ടീച്ചർ അവനോട്  കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്. വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്.  എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.

പാലസ്തീൻ കവിയായ മുരീദ് ബാർഗുതിയുടെ (Mourid Barghouti) “വ്യാഖ്യാനങ്ങൾ” (Interpretations) എന്ന കവിത ഇങ്ങനെയാണ്: ‘ഒരു കവി കോഫീഷോപ്പിലിരിക്കുന്നു, എഴുതിക്കൊണ്ട്.(അവിടെയുണ്ടായിരുന്ന) പ്രായംചെന്ന സ്ത്രീ വിചാരിക്കുന്നു, അയാൾ തന്റെ അമ്മയ്ക്ക് കത്തെഴുതുകയാണെന്ന്. ചെറുപ്പക്കാരി ചിന്തിക്കുന്നു, അയാൾ തന്റെ കാമുകിക്ക് കത്തെഴുതുകയാണെന്ന്. കുട്ടി കരുതുന്നത് അയാൾ (ചിത്രം) വരയ്ക്കുകയാണെന്ന്. കച്ചവടക്കാരൻ ചിന്തിക്കുന്നത് അയാൾ (കച്ചവട) ഉടമ്പടിയെപ്പറ്റി രൂപരേഖയുണ്ടാക്കുകയാണെന്ന്. വിനോദസഞ്ചാരി വിചാരിക്കുന്നത് അയാൾ പോസ്റ്റ്കാർഡ് എഴുത്തുകയാണെന്ന്. ജോലിക്കാരൻ വിചാരിക്കുന്നത് അയാൾ (തന്റെ) കടങ്ങൾ കുത്തിക്കുറിക്കുകയാണെന്ന്. രഹസ്യപ്പോലീസ് (ആകട്ടെ) പതുക്കെ അയാളുടെ നേരെ നടന്നടുക്കുന്നു.’ (സ്വതന്ത്ര പരിഭാഷ) ബാർഗുതിയുടെ Midnight and Other Poems എന്ന പുസ്തകത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങൾക്കനുസരിച്ചാണ്, അവരവരുടെ കണ്ണുകൾകൊണ്ട് മാത്രമാണ് ചുറ്റുപാടുകളെ വീക്ഷിക്കുന്നതും, വ്യക്തികളെ വിലയിരുത്തുന്നതും.

ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക്‌ അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല  – ഇല്ല,  ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ല നാം ചിന്തിക്കുക?  

ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്!   അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!

English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!

സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.

നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം.

നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

SUNDAY SERMON LK 1, 57-80

മംഗളവാർത്താക്കാലം-ഞായർ 3

ലൂക്കാ 1, 57 – 80

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.   

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്‌, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.   

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ  സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.

ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ലദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും. നിന്നോട് ചേർന്ന് നിൽക്കുന്നവരെപ്പറ്റി നിനക്ക് ദർശനങ്ങൾ ഉണ്ടാകും.   

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം – ഞായർ 2

ലൂക്കാ 1, 26 – 38

ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം” (God of small things) എന്ന നോവലാണ്. ആ നോവലിലെ, ‘പപ്പച്ചിയുടെ നിശാശലഭം ‘ എന്ന രണ്ടാം അധ്യായത്തിൽ നമുക്കൊക്കെ സുപരിചിതയായ ഭൂമിദേവിയെക്കുറിച്ച്, ഭൂമിപ്പെണ്ണിനെക്കുറിച്ച് അമ്മാവനായ ചാക്കോ ഇരട്ടക്കുട്ടികളായ റാഹേലിനും, എസ്തയ്ക്കും പരിചയപ്പെടുത്തുന്നുണ്ട്. സർവം സഹയായ, വിനീതയായ, ഭൂമിപ്പെണ്ണ്, Earth Woman.  ഈ ഭൂമിപ്പെണ്ണിന് മുന്നിൽ നാമെല്ലാവരും തന്നെ എത്ര ചെറുത്! മനുഷ്യനും, ജീവജാലങ്ങളും, ചരിത്രവും, ലോകമഹായുദ്ധങ്ങളും, അഹങ്കാരവും, സ്വാർത്ഥതയും, ശാസ്ത്രവും, സാഹിത്യവും, രാഷ്ട്രീയവും എല്ലാം ഈ ഭൂമിപ്പെണ്ണിന് മുന്നിൽ എത്രയായ ചെറുത് എന്ന് ചാക്കോയിൽ നിന്ന് കേട്ട് കുട്ടികളിൽ ഭൂമിപ്പെണ്ണിനോടുള്ള ആദരവും, സ്നേഹവും നിറയുന്നു. അരുന്ധതിറോയ് എഴുതുന്നു: “It was an awe-inspiring and humbling thought!”

ഇന്നത്തെ സുവിശേഷത്തിലെ, ദൈവവചനത്തോട് ആമ്മേൻ പറയുന്ന, ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ തന്നെത്തന്നെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെ കണ്ടപ്പോൾ, ഈ ഭൂമിപ്പെണ്ണിനെക്കാളും എത്രയോ ഉയരത്തിലാണ്, വലിപ്പത്തിലാണ് മറിയം നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി. ദൈവത്തിന്റെ കൃപയിൽ ജീവിച്ച, ദൈവകൃപനിറഞ്ഞവളായ പരിശുദ്ധ കന്യകാമറിയത്തിന് “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് പറയുവാൻ, ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുവാൻ, അങ്ങനെയൊരു ജീവിതവീക്ഷണത്തിലെത്തിച്ചേരുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നുകാണില്ല. മാതാപിതാക്കളോട് ബഹുമാനവും ആദരവും, അനുസരണവും പുലർത്തിക്കൊണ്ട് ജീവിതച്ചതിനാലാകണം, ദൈവത്തിന്റെ ഇഷ്ടത്തിനോട് YES പറയുവാൻ, ദൈവത്തിന്റെ ആഗ്രഹത്തെ അനുസരിക്കുവാൻ അവൾക്ക് എളുപ്പം തോന്നിയത്. മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവം ക്രൈസ്തവരുടെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.  

പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്ന് പരിശോധിക്കുവാനുള്ളതാണ് ഇന്നത്തെ സുവിശേഷം.

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! അപ്പോൾ, ആ നിമിഷത്തിൽ മറിയം സ്വർഗത്തോളം വലിപ്പമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയം ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളിലും വച്ച് ഉയരമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ പാദങ്ങൾ ഭൂമിയിൽ നിന്നുയർന്ന് സ്വർഗത്തെ തൊട്ടു. അപ്പോൾ, ആ നിമിഷത്തിൽ മറിയം ദൈവിക ചൈതന്യം നിറഞ്ഞവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ ശരീരത്തിലെ സർവ സെല്ലുകളും അവളറിയാതെ ദൈവത്തിന്റെ സങ്കീർത്തനം പാടി!!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി ഒരു സങ്കീർത്തനം പാടുന്നതുപോലെ പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

പ്രിയപ്പെട്ടവരേ, ഈ സമർപ്പണ മനോഭാവമാണ് മറിയത്തെ മഹത്വമുള്ളവളാക്കിയത്; മറിയത്തെ വലിപ്പമുള്ളവളാക്കിയത്. ഇത്തരത്തിലുള്ള സമർപ്പണമനോഭാവത്തിലേക്ക് വളരുവാനാണ്, ഇന്നത്തെ സുവിശേഷം നമ്മെ, ക്രൈസ്തവരെ ക്ഷണിക്കുന്നത്. ആ മനോഭാവത്തെ വിശുദ്ധ പൗലോസ് വരച്ചുകാട്ടുന്നത് ഇങ്ങനെയാണ്: ദൈവമായിരുന്നിട്ടും, ആ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി മരണത്തോളം, അതെ, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിനെപ്പോലെ ഓരോ ക്രൈസ്തവനും ആയിത്തീരണം. (ഫിലിപ്പി 2, 6-8) അപ്പോഴാണ് നമ്മിലൂടെ ദൈവം മഹത്വപ്പെടുന്നത്. ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയുടേതുപോലെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാകണം. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം. നേരെമറിച്ചായാൽ, ക്രിസ്തു അവഹേളിക്കപ്പെടും; ക്രിസ്തു ചെറുതായിപ്പോകും. ക്രൈസ്തവർ പരിശുദ്ധ അമ്മയെപ്പോലെ വലിയവരാകുമ്പോൾ, ദൈവവും മഹത്വപ്പെടും.

ഐറീനാ സെൻഡ്‌ലേറോവായെ (Irena Sendlerowa) ഓർക്കുന്നുണ്ടോ? രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ജർമൻ അധിനിവേശ പ്രദേശത്ത് നേഴ്‌സായും, സോഷ്യൽ വർക്കർ ആയും പ്രവർത്തിച്ചിരുന്ന അവർ ഹിറ്റ്ലറുടെ (Hitler) കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് 2500 കുഞ്ഞുങ്ങളെ ഒളിച്ചുകടത്തി രക്ഷിച്ചു. നാഡിയുടെ സീക്രട്ട് പോലീസ് (Gestapo) അവരെ അറസ്റ്റ് ചെയ്തപ്പോൾ കുഞ്ഞുങ്ങളെ ഒളിപ്പിച്ചിരുന്ന സ്ഥലം അവർ വെളിപ്പെടുത്തിയില്ല. ജീവൻ പണയം വച്ച് ദൈവത്തിന്റെ ജോലി ചെയ്ത ഐറീനാ, ഹിറ്റ്ലറിനെക്കാൾ എത്രയോ ഉയരത്തിലാണ്. ഐറീനാ സെൻഡ്‌ലേറോവായുടെ മുന്നിൽ ലോകം വളരെ ചെറുതാണ്.

ഫാദർ ബോബി ജോസ് കട്ടികാടിൻറെ “അവൾ” എന്ന പുസ്തകത്തിൽ ഒരു ചിത്രീകരണം ഉണ്ട്.

“കൊടിയ ദാമ്പത്യ അവിശ്വസ്ഥതകളിലൂടെ കടന്നുപോയ ഒരാൾ തന്റെ ഭാര്യയോട് എല്ലാം ഏറ്റുപറയാൻ തീരുമാനിക്കുന്നു. സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.

ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു. അതിന് ഈ കുമ്പസാരത്തിന്റെ പടിപ്പുര കടക്കേണ്ടിയിരിക്കുന്നു. അതവളെ ചില്ലുപാത്രംപോലെ ചിതറിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്.

എന്നാൽ, എപ്പോഴും എല്ലാ അർത്ഥത്തിലും അയാളേക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തുപിടിച്ചു. “ഞാൻ നിങ്ങൾക്ക് മാപ്പുനല്കിയില്ലെങ്കിൽ മറ്റാരാണ് അത് തരിക” എന്ന് അയാളുടെ കാതുകളിൽ അവൾ മന്ത്രിച്ചു.

അങ്ങനെ അയാളേക്കാൾ അവൾ വലിയവളായി.”

ഈ വരുന്ന ജനുവരിയിൽ 25 വർഷത്തിലേക്ക് കടക്കുന്ന ഒരു സംഭവംകൂടി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം. 21 വർഷത്തോളം ഒഡിഷയിലെ ഒരു ഗ്രാമത്തിൽ കുഷ്ഠരോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌നെയും (Grahamsteins) അദ്ദ്ദേഹത്തിന്റെ ഫിലിപ്പ് (10), തിമോത്തി (6) എന്ന രണ്ട് മക്കളെയും ബജ്രങ്ദൾ (Bajrangdal) പ്രവർത്തകർ ചുട്ടുകരിച്ചുകൊന്നു. എന്നാൽ, തന്റെ ഭർത്താവിന്റെയും, കുഞ്ഞുങ്ങളുടെയും, ചിതാഭസ്മം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തീവ്രഹിന്ദുത്വവാദികളായ ദാരാ സിംഗിനും (Dara singh) കൂട്ടർക്കും അവർ മാപ്പുകൊടുത്തപ്പോൾ തീവ്രഹിന്ദുത്വ വാദികളെക്കാളും, അവരുടെ രാഷ്ട്രീയ നേതാക്കളെക്കാളും എത്രയോ ഉയരത്തിലായി ഗ്രഹാംസ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയ്ൻസ്!!! (Gladis Steins)

ഈ ലോകത്തിൽ വച്ച് തന്നെ സ്വർഗത്തോളം വലുതാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെ ദൈവത്തിന്റെ പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ – പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം, ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുക. ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊള്ളുക.

സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ നിങ്ങളുടെ, നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ‘ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ നിങ്ങളുടെ, നമ്മുടെ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ തയ്യാറാണോ?  വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക്, സന്യസ്ത ജീവിതത്തിലൂടെ സന്യാസികളാകുന്ന നമുക്ക്, പൗരോഹിത്യ സ്വീകരണത്തിലൂടെ പുരോഹിതരാകുന്ന നമുക്ക് നമ്മുടെ തീരുമാനങ്ങൾ, പ്രതിജ്ഞകൾ ഒരിക്കൽക്കൂടി ഓർക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും, മറിയത്തെപ്പോലെ, ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് ഉറക്കെ പറയാം. അങ്ങനെ, സ്വർഗത്തോളം നമ്മെ, നമ്മുട ക്രൈസ്തവ വിശ്വാസത്തെ, ജീവിതത്തെ ഉയർത്തിനിർത്താം. 

പക്ഷേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, സ്വർഗത്തോളം, പോട്ടെ, നമ്മുടെ ഉയരത്തോളംപോലും ഉയരുന്നില്ലയെന്നത് എത്രയോ വൈരുധ്യമാണ്!!! എത്രയോ വട്ടമാണ് എടുത്ത പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? നാളുകൾ കഴിയുമ്പോൾ ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറുന്നു. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി.  ദൗത്യംസ്വീകരിച്ചിട്ട് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! ശരാശരി ക്രൈസ്തവനിന്ന് മറിയത്തെപ്പോലെ ഉയർന്നു നിൽക്കാതെ, മണ്ണിൽ കിടന്ന്, ചെളിയിൽ കിടന്ന് ഉരുളുകയാണ്! ചെളിപിടിച്ച ക്രൈസ്തവജീവിതങ്ങൾ!!

ജീവിതത്തിന്റെ ഓരോ  നിമിഷത്തിലും, സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട്. എന്തിനെന്നോ? നാം സ്വർഗത്തോളം വലുതാകുന്നുണ്ടോ എന്നറിയാൻ!   കാരണം, നമ്മുട ഓരോ നിമിഷവും, ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട്

ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നാം ഉയരമുള്ളവരാകും.അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!

Communicate with love!!