ലൂക്കാ 14, 7 – 14
സന്ദേശം

സീറോമലബാര്‍സഭയുടെ ആരാധനാക്രമവത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടുശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സ്നേഹത്തിന് പകരം സ്നേഹം, ബലിക്ക് പകരം ബലി എന്നും പറഞ്ഞ്, ശ്ലീഹന്മാര്‍ തുടങ്ങി, രക്തം ചിന്തിയും രക്തം ചിന്താതെയും ഇന്നുവരെയുള്ള ക്രൈസ്തവര്‍ നടത്തിയ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വളര്‍ന്നുപന്തലിച്ച് ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലത്ത് നാം ഓര്‍ക്കുക. സഭയുടെ വളര്‍ച്ചയുടെ മാനദണ്ഡം ഈ ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവരുടെ ജീവിത മായതുകൊണ്ട് ഇന്നത്തെ സുവിശേഷ സന്ദേശം “ ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകണം കൈസ്തവര്‍” എന്നാണ്.
വ്യാഖ്യാനം
ഈ കൈത്തക്കാലം ഒന്നാം ഞായറാഴ്ച ക്രൈസ്തവര്‍ ഈ ലോകത്തില്‍ ജീവിക്കേണ്ട ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഈശോ. എന്താണ് സംസ്കാരം? ക്രിസ്തു വിവക്ഷിക്കുന്നത് ലോകത്തിന്റെ സംസ്കാരമാണ്. എന്താണ് പ്രതിസംസ്കാരം? ക്രിസ്തുവിന്റെ സംസ്കാരമാണ്, ക്രൈസ്തവര്‍ സ്വന്തമാക്കേണ്ട സംസ്കാരമാണ് പ്രതിസംസ്കാരം. സ്വയം എളിമപ്പെടുന്ന സംസ്കാരം.
ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.
ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.
ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. ആഹാബ് രാജാവിന്റെ മുന്‍പില്‍ ചെന്ന് “കര്‍ത്താ വാണെ, വരും കൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ, മഴയോ പെയ്യുകയില്ലെന്നു എന്ത് ഉറപ്പിലാണ് അദ്ദേഹം പറഞ്ഞത്? ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പില്‍. ദൈവം മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. മരുഭൂമിയിലേക്ക് പോകുക, അവിടെ അരുവിയുണ്ടാകും, വെള്ളത്തിനു. മരുഭൂമിയില്‍ വെള്ളം!? ഭക്ഷണത്തിനോ? കാറ്ററിംഗ്കാരോട് arrange ചെയ്തിട്ടുണ്ട്. കാക്കകളാണ്, എന്തും തട്ടിപ്പറിക്കുന്ന കാക്കകള്‍! പിന്നെ food and accommodation – ഉള്ളതുകൊണ്ട് അപ്പമുണ്ടാക്കി കഴിച്ച ശേഷം മരിക്കാനൊരുങ്ങിയിരിക്കുന്ന വിധവയുടെ വീട്ടില്‍!! പിന്നെ തിരിച്ചു വന്ന് ബാലിന്റെ ആളുകളോട് വെല്ലുവിളി! യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.
രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!
ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ടു ഈശോ കരയുന്നുണ്ടോ?
സമാപനം
സ്നേഹമുള്ളവരെ, ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്.
Reblogged this on Nelson MCBS.
LikeLike
I need sermons
LikeLike
Dear Robin, hope that you get the sermons. If not pls send ur WhatsApp number.
LikeLike