SUNDAY SERMON Lk 1, 57 – 80

ലൂക്ക 1, 57 – 80

സന്ദേശം 

Image result for images of lk 1, 57-80

മംഗളവാർത്താക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ വിചിന്തനത്തിനായി കൊണ്ടുവരുന്നത് വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനമാണ്. ഇന്നത്തെ സന്ദേശം, ‘ദൈവം ജീവിതത്തിൽ നൽകുന്ന നന്മകളെ ഓർക്കുകയും മറ്റുള്ളവരെ ഓർമിപ്പിക്കുകയും ചെയ്യുന്നവരായിരിക്കണം, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉള്ളവരായിരിക്കണം മാതാപിതാക്കൾ’ എന്നുള്ളതാണ്.

വ്യാഖ്യാനം

മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ എലിസബെത്ത് ഗർഭകാലം ചിലവഴിച്ചു പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

മൂന്നു കാര്യങ്ങളാണ് നാമിന്നു ഈ സിവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും സഖറിയാസ് പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബേത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവ ആകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ സ്വരമാണ് കേൾക്കുന്നത്.

ദൈവേഷ്ടം ചെയ്യുമ്പോൾ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.

നമ്മുടെ കുടുംബങ്ങളിൽ, വ്യക്തിജീവിതങ്ങളിൽ ദൈവകൃപയുടെ വസന്തോത്സവങ്ങൾ ഉണ്ടാകുവാൻ സ്നേഹമുള്ളവരേ, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക.

രണ്ട്‌, ക്രൈസ്തവജീവിതത്തിൽ    ദൈവം നൽകുന്ന നന്മകളെ ഓർക്കുവാനും, മറ്റുള്ളവരെ ഓർമിപ്പിക്കുവാനും നമുക്ക്, പ്രത്യേകിച്ച്, മാതാപിതാക്കൾക്ക്, പുരോഹിതർക്ക്, നേതാക്കന്മാർക്ക് കഴിയണം. സഖറിയാസ് ഇന്ന് നമ്മോടു പറയുന്നത് അതാണ്. ദൈവകൃപയുടെ വസന്തം പൂത്തപ്പോൾ സഖറിയാസ് ദൈവം തനിക്കു മാത്രമല്ല മനുഷ്യകുലം മുഴുവനും നൽകിയ നന്മകളെ ഓർക്കുകയാണ്, മറ്റുള്ളവരെ ഓർമിപ്പിക്കുകയാണ്. ഒരു മാതാവിനോ, പിതാവിനോ, ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ദൈവം കുടുംബത്തിന് നൽകിയ വലിയ വലിയ അനുഗ്രഹങ്ങളെ ഏറ്റുപറയുകയും, മക്കളെ ഓർമിപ്പിക്കുകയുമാണ്. കുടുംബത്തിൽ എന്തെങ്കിലും നന്മ ഉണ്ടായാൽ അത് ആഘോഷിക്കണം. അത് മറ്റുള്ളവരോട് പറയണം. ദൈവത്തെ സ്തുതിക്കണം. വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കപ്പെടുകയും ചെയ്തപ്പോൾ ദൈവം നൽകിയ ഗതകാല വിജയങ്ങളെക്കുറിച്ചും, ദുഖത്തിന്റെ വേളകളിലും മേഘസ്തംഭമായി നിലനിന്നതും ജീവിതത്തിന്റെ പാനപാത്രം നിറയെ സമൃദ്ധി നൽകിയതും വിളിച്ചിപറയുവാനാണ് നാം വിവാഹവും മറ്റും ആഘോഷിക്കുന്നത്. പക്ഷെ ഇന്നത് ഇവന്റ് മാനേജ്മെന്ററുകാരുടെ കയ്യിലെ കോമാളിത്തരമായിത്തീർന്നിരിക്കുന്നു. സ്നേഹമുള്ളവരേ, ഓർക്കുക, സഖറിയായെപ്പോലെ ഓർക്കുവാനും ഓർമിപ്പിക്കുവാനും നമുക്ക് കഴിയട്ടെ.

മൂന്ന്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും. നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

One thought on “SUNDAY SERMON Lk 1, 57 – 80”

Leave a reply to Love Alone Cancel reply