ക്രിസ്തുമസ് 2019

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് പുൽക്കൂടൊരുക്കി, ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു, വിശുദ്ധ കുർബാന അർപ്പിച്ചു, വീടുകളിൽ ക്രിസ്മസ് വിഭവങ്ങളൊരുക്കി, നാമിന്നു ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു!
ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. 2000 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവവചനം മാംസമായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിലെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയൻ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.
ലോകം മുഴുവനും നക്ഷത്രവിളക്കുകൾ തൂക്കി ഈ ക്രിസ്തുമസ് വലിയപെരുന്നാളായി ആഘോഷിക്കുമ്പോഴും ലോകരക്ഷകനായി പിറന്ന ദൈവത്തിനു കാലിൽതൊഴുത്തിൽ ഇടം കണ്ടെത്തേണ്ടി വന്നല്ലോ എന്ന ജാള്യത വിങ്ങുന്ന ഒരു വേദനയായി നമ്മുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിച്ചതുകൊണ്ടാണ് ദൈവത്തിനു ഈ ഭൂമിയിൽ ഇടം ലഭിക്കാതെ പോയത്. അഹങ്കാരിയായ മനുഷ്യൻ വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അര്ഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ സത്രത്തിനല്ലെങ്കിലും ദൈവത്തിനു സ്ഥലം ലഭിക്കുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊള്ളുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും ദൈവം നമ്മിൽ ജനിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്മസ് സംഭവിക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനായി ക്രിസ്തുവിനു ജനിക്കുവാൻ നാം നമ്മുടെ ജീവിതത്തിൽ ഇടം നൽകണം. ജീവിതസാഹ്യചര്യങ്ങളിൽ ക്രിസ്തുവിനു പിറവി കൊടുക്കണം.
അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു. സ്നേഹം മാത്രമായ, കാരുണ്യം മാത്രമായ ദൈവത്തിന്റെ ക്ഷമ. ക്രിസ്തുമസ് ദൈവം ഈ ലോകത്തോട് ക്ഷമിച്ചു എന്നതിന്റെ അടയാളമായിരുന്നു, ക്ഷമിക്കുന്നു എന്നതിന്റെ അടയാളമാണ്. മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ മനുഷ്യനോട് ക്ഷമിച്ചു അവനെ, അവളെ രക്ഷിക്കുവാൻ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്.
ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. ക്ഷമയുടെ പാതയിലേക്ക് പ്രവേശിക്കുക. സദാ ക്ഷമിച്ചുകൊണ്ടിരിക്കുക. ഉല്പത്തി പുസ്തകത്തിൽ ഏസാവും യാക്കോബും തമ്മിലുള്ള സഹോദരബന്ധത്തിന്റെ കഥ പറയുന്നുണ്ട്. രണ്ടുപേരും പരസ്പരം വഴക്കിട്ടും മത്സരിച്ചും കഴിഞ്ഞവർ. അവസാനം അനുജൻ ചേട്ടനെ വഞ്ചിച്ചു. ചേട്ടൻ തന്നെ കൊല്ലുമോയെന്ന പേടിയിൽ നാടുവിട്ടു. പിന്നെ കുറേനാളുകൾ കഴിഞ്ഞു ചേട്ടനോട് രമ്യപ്പെടുവാൻ അയാൾ വരുന്നുണ്ട്. യാബോക്ക് എന്ന പുഴയ്ക്കരികെ എത്തിയപ്പോൾ അയാൾ ഭാര്യമാരെയും മക്കളെയും മറ്റെല്ലാവരെയും അക്കരെകടത്തി ഒറ്റയ്ക്ക് ഇക്കരെ ഒരു രാത്ര് കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ഏസാവ് നാനൂറു പേരെയും കൂട്ടി വരുന്നു. അയാളുടെ മുട്ട് കൂട്ടിയിടിച്ചു. എങ്കിലും ഏസാവിനെ കണ്ടപ്പോൾ ഏഴുപ്രാവശ്യം നിലംമുട്ടെ വണങ്ങി അയാൾ. ഏസാവ് അടുത്തുവന്നപ്പോൾ അയാളുടെ ബലിഷ്ഠമായ കാര്യങ്ങൾ യാക്കോബിന്റെ കഴുത്തിലേക്ക് വച്ചു. അയാൾ വീണ്ടും ഞെട്ടി. തന്നെ ചേട്ടൻ കൊല്ലുമെന്ന് തന്നെ അയാൾ വിചാരിച്ചു. കാണുകളടച്ചു നിന്ന അയാൾ ആ കാര്യങ്ങൾക്കു ഭാരം കുറയുന്നതും അത് പഞ്ഞിപോലെ മൃദുലമാകുന്നതും അറിഞ്ഞു. വചനം പറയുന്നു: അവർ ഇരുവരും കരഞ്ഞു. അല്പം കഴിഞ്ഞു ഏശാവിന്റെ മുഖത്തേക്ക് നോക്കി യാക്കോബ് പറഞ്ഞു: ചേട്ടാ, അങ്ങിൽ ഞാനിപ്പോൾ ദൈവത്തിന്റെ മുഖം കാണുന്നു. യാക്കോബിന് ക്രിസ്തുമസായി.
നമ്മുടെ ജീവിതത്തിൽ ക്രിസ്തുമസ് അനുഭവിക്കാനും ഈ ലോകത്തിൽ മറ്റുള്ളവർക്ക് ക്രിസ്തുമസ് അനുഭവവേദ്യമാക്കാനും ക്ഷമയുടെ കൃപയിലേക്കു കടന്നുവരുവാൻ നമുക്ക് കഴിയണം. ക്രൈസ്തവൻ ക്ഷമയുടെ ആൾരൂപമായി മാറേണ്ടവനാണ്. ക്രൈസ്തവൻ ഓരോ നിമിഷവും ഈ ഭൂമിയിൽ ക്രിസ്തുമസ് കൊണ്ടുവരേണ്ടവനാണ്. ദൈവത്തിന്റെ മുഖം ഈ ഭൂമിയിൽ പ്രത്യക്ഷമാക്കേണ്ടവനാണ്. മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുമ്പോൾ, മക്കളുടെ മുൻപിൽ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ഭർത്താവ്, ഭാര്യയോട്, ഭാര്യ ഭർത്താവിനോട് ക്ഷമിക്കുമ്പോൾ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ക്രിസ്തുമസ്, ദൈവത്തിന്റെ മുഖം, സാന്നിധ്യം വീണ്ടും വീണ്ടും ഈ ഭൂമിയിൽ അവതരിപ്പിക്കുകയാണ്.
സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ ദൈവത്തിന്റെ മുഖം ആകുവാൻ നമുക്കാകട്ടെ. ക്രൈസ്തവന്റെ പിണക്കങ്ങൾ ഒരിക്കലും സൂര്യാസ്തമയത്തിനപ്പുറം പോകാൻ പാടില്ല. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവത്തിന്റെ ക്ഷമ ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് ക്ഷമിക്കുന്നവരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.
അതുകൊണ്ടു ഈ ക്രിസ്തുമസ് ക്ഷമയുടെ ഉത്സവമാകട്ടെ. പരസ്പരം ക്ഷമിച്ചുകൊണ്ടു, ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ ക്ഷമിക്കുന്ന സ്നേഹമായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Reblogged this on Love Alone – Nelson MCBS.
LikeLike