SUNDAY SERMON Jn 2, 1-12

യോഹ 2, 1 – 12

സന്ദേശം

Image result for images of wedding at cana

ക്രൈസ്തവന്റെ ദൈവം വെളിപാടുകളുടെ ദൈവമാണ്. ക്രിസ്തുവിൽ വെളിവാക്കപ്പെടുന്ന ദൈവികതയുടെ വിവിവരണങ്ങള്കൊണ്ടു സമ്പന്നമാണ് സുവിശേഷങ്ങൾ. ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞായി മാറിയതുപോലെ, നമ്മുടെ ജീവിതവും ഒരു മാറ്റത്തിന് വിധേയമാകണം – ദൈവത്തിലേക്കുള്ള ഒരു മാറ്റത്തിന്. ജീവിതത്തിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ എന്ത് ചെയ്യണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

വ്യാഖ്യാനം

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

ദൈവം എല്ലാം നല്ലതായിക്കണ്ട മൂന്നാം ദിനം ശുഭകാര്യങ്ങൾക്കായി ഈ കുടുംബം തിരഞ്ഞെടുത്തു എന്ന് മാത്രമല്ല എല്ലാവരെയും ആ മംഗള കർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യവും ഈശോയുടെയും ശിഷ്യരുടേയും സാന്നിധ്യവും സൂചിപ്പിക്കുന്നത് ആ കുടുംബം ആരെയും മാറ്റിനിർത്തിയിട്ടുണ്ടാവില്ല എന്ന് തന്നെയാണ്. എല്ലാം നല്ലതെന്നു ദൈവം കണ്ട ശുഭദിനത്തിൽ ഈയൊരു മംഗളകർമം നടക്കുമ്പോൾ, നമ്മോടു അടുത്തുനിൽക്കുന്നവരെയും, ചേർന്നുപോകാത്തവരെയും, പിണങ്ങി നിൽക്കുന്നവരെയുംകൂടി വിളിക്കുവാൻ ആ കുടുംബം ശ്രദ്ധിച്ചിരിക്കണം.

എല്ലാകാര്യങ്ങളിലും വളരെ മുൻകരുതലുകൾ എടുത്തിട്ടും അവരുടെ ആ മംഗളകർമ്മത്തിൽ, അതിന്റെ ആഘോഷത്തിലെ ഏറ്റവും പ്രധാന ഘടകമായ വീഞ്ഞിന്റെ കുറവിന്റെ രൂപത്തിൽ അശുഭലക്ഷണങ്ങൾ കടന്നുവരികയാണ്. എന്തും ഇപ്പോഴും സംഭവിക്കാവുന്ന ജീവിതത്തിൽ നന്മകളും ദുരന്തങ്ങളും സംഭവിക്കാം. പക്ഷെ ശക്ഷരായവർ കൂടെയുണ്ടെങ്കിൽ, ദൈവം തന്നെ നമ്മോടു ഒപ്പമുണ്ടങ്കിൽ നാം ആരെ ഭയപ്പെടണം? എന്തിനു നിരാശരാകണം?

ഇവിടെ പരിശുദ്ധ ‘അമ്മ അവരുടെ സഹായത്തിനെത്തുകയാണ്. ‘അമ്മ ഈശോയെ നോക്കിയപ്പോൾ കണ്ടത് കുറവുകളെ   നിറവുകളാക്കുന്നവനെയാണ്; ജീവിതപ്രശ്നങ്ങൾക്കു പരിഹാരമായവനെയാണ്; നമുക്കെതിരെ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്നവനെയാണ്”; ജീവൻ നൽകാൻ, അത് സമൃദ്ധിയായി നൽകാൻ വന്നവനെയാണ്.

ഈശോയുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചപ്പോൾ, അവിടെ നിറവുണ്ടാകുകയാണ്. അസാധ്യമായവ സംഭവിക്കുകയാണ്. വീഞ്ഞിന്റെ, ദൈവികതയുടെ, സമൃദ്ധിയുണ്ടാകുകയാണ്.

സ്നേഹമുള്ളവരേ, ഇതേ അനുഭവം നമ്മിലും സംഭവിക്കാം. നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ ഉണ്ടാകും. നമ്മുടെ ജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ, ക്രിസ്തുവിന്റെ ഇടപെടലുകൾ സംഭവിക്കും. അതിനു അഞ്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കണം.

  1. Invitation – നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ, മാറ്റങ്ങൾ സംഭവിക്കാൻ നീ പരിശുദ്ധ അമ്മയെയും ഈശോയെയും നിന്റെ ജീവിതത്തിലേക്ക്, ജീവിതത്തിന്റെ ആഘോഷങ്ങളിലേക്കു, ജീവിതത്തിന്റെ ഓരോ കാര്യത്തിലേക്കും നീ ക്ഷണിക്കണം.
  2. Intercession – ജീവിതത്തിന്റെ നിർണായക നിമിഷങ്ങളിൽ ഈശോയുടെ അടുത്തെത്തി അപേക്ഷിക്കണം.
  3. Instruction – ഈശോ വചനങ്ങളിലൂടെ, കൂദാശകളിലൂടെ, സഭയിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നാം സ്വീകരിക്കണം.
  4. Instruments – നമ്മിലും, നമ്മിലൂടെ മറ്റുള്ളവരിലും ഈശോയുടെ അത്ഭുതങ്ങൾ സംഭവിക്കാൻ നാം ഉപകരണങ്ങളാകണം. വള്ളം, കൽഭരണികൾ, ജോലിക്കാർ എന്നിവർ ഉപകരണങ്ങളായതുപോലെ നാമും ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകണം.
  5. Inspiration – ഈശോയിൽ വിശ്വസിക്കുവാൻ ശിഷ്യർക്ക് കാനായിലെ അത്ഭുതം പ്രചോദനമായതുപോലെ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ ദൈവത്തിന്റെ ഇടപെടലുകൾ നമുക്കും മറ്റുള്ളവർക്കും ഈശോയിൽ വിശ്വസിക്കുവാൻ പ്രചോദനമാകണം.

സമാപനം  

സ്നേഹമുള്ളവരേ, കാനായിലെ കല്യാണത്തിൽ നടന്ന അത്ഭുതം വെറുമൊരു സംഭവമായി കാണാതെ അതിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കുവാനും നമുക്കാകണം. എന്റെ ജീവിതത്തിലേക്ക് ഇപ്പോഴും ഈശോയെ ക്ഷണിക്കുമെന്നും, ജീവിതത്തിന്റെ എല്ലാകാര്യങ്ങളിലും ഈശോയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും നമുക്ക് പ്രതിജ്ഞഎടുക്കാം. പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്കു നമുക്ക് ചെല്ലാം. ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകാം. ഒപ്പം, നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാകത്തക്കവിധം നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാം. ഈശോ വെള്ളം വീഞ്ഞാക്കിയതുപോലെ, നമ്മുടെ മാനുഷിക അവസ്ഥകളെ അവിടുന്ന് ദൈവികമാകട്ടെ. ആമ്മേൻ!

One thought on “SUNDAY SERMON Jn 2, 1-12”

Leave a reply to Nelson MCBS Cancel reply