SUNDAY SERMON Jn 14, 15-16

യോഹ 14, 15-16, 25-26; 15, 26-

സന്ദേശം – പന്തക്കുസ്തത്തിരുനാൾ

മനുഷ്യ ജീവിതം കോവിഡ് മൂലം തകർന്നിരിക്കുന്ന, ദേവാലയങ്ങളെല്ലാം അടച്ചിട്ടു പൊതുവായ പ്രാർത്ഥനകൾ അസാധ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, നാം പന്തക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. ആദ്യത്തെ പന്തക്കുസ്താ അനുഭവവും ഏതാണ്ട് ഇങ്ങനെ ഒരവസ്ഥയിൽ തന്നെയായിരുന്നു. അന്ന് കാരണം മഹാമാരി ആയിരുന്നില്ല എന്ന് മാത്രം. യഹൂദരെ ഭയന്ന് കതകടച്ചു പ്രാർത്ഥിച്ചിരുന്നവരുടെമേൽ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. അവരെല്ലാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. ഒരു പരിശുദ്ധാത്മയുഗം പിറന്നതായി ശിഷ്യർക്കും ജനങ്ങൾക്കും അനുഭവപ്പെട്ടു. ഇന്നും മഹാമാരിയെക്കുറിച്ചുള്ള ഭയം നിമിത്തം തകർന്ന മനസ്സോടെ ഇരിക്കുന്ന ലോകത്തിന്റെമേൽ ആത്മാവിന്റെ നിറവുണ്ടാകണം. ഈ ഞായറാഴ്ച്ച അതിനായുള്ള പ്രാർത്ഥനയാണ് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഉയരേണ്ടത്. അതുകൊണ്ടുതന്നെ, ഈ പന്തക്കുസ്താതിരുനാളിന്റെ പ്രാർത്ഥന ഇതാണ്: ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവ്, ജാഗ്രതയോടെ നമ്മെ സംരക്ഷിക്കുന്ന പരിശുദ്ധാത്മാവ് ലോകത്തെനവീകരിക്കട്ടെ, നമ്മെ സംരക്ഷിക്കട്ടെ.

വ്യാഖ്യാനം

പരിശുദ്ധാത്മാവ് നവീകരിക്കുന്ന ശക്തിയാണ്. കോവിഡാനന്തര പുതിയ പ്രപഞ്ചത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചും, പുതിയ സാമ്പത്തിക, സാമൂഹ്യ കുടുംബജീവിത രീതികളെക്കുറിച്ചും, കോവിഡാനന്തര പുതിയ സഭയെക്കുറിച്ചും ധാരാളം വെബ്ബിനാറുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ആരാണ് നമ്മെ ഈ നവീകരണത്തിലേക്കു, വിപ്ലവാത്മകമായ മാറ്റത്തിലേക്കു, പുതിയ ലോക, സഭാ വീക്ഷണത്തിലേക്കു നയിക്കുക? സഭാ നേതൃത്വം പോലും ഉത്തരം പറയുവാൻ ബുദ്ധിമുട്ടുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ, ഈ വിശുദ്ധ ദേവാലയത്തിൽ നിന്നുകൊണ്ട്, ധൈര്യപൂർവം ഞാൻ പറയട്ടെ, ലോകത്തെ, മനുഷ്യനെ, ഭരണക്രമങ്ങളെ ഒരു നവീകരണത്തിലേക്കു, പുതിയ രൂപങ്ങളിലേക്കു നയിക്കുവാൻ ഒരാൾക്കേ സാധിക്കൂ – ത്രിത്വത്തിലെ പരിശുദ്ധാത്മാവിനു മാത്രം! അതെ, ലോകമിന്ന് ചിതറിക്കപ്പെട്ടിരിക്കയാണ്. ഒന്നിനും ഒരു തീർച്ചയും ഇല്ലാത്ത കാലം. മഹാമാരി അത്രയ്ക്കും ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. എങ്ങനെ ഈ വ്യാധിയിൽ നിന്ന് കരകയറും? മുന്നോട്ടു എങ്ങനെ ജീവിക്കും? ഉത്തരം ഒന്ന് മാത്രം – സഹായകനുവേണ്ടി, പരിശുദ്ധാത്മാവിനുവേണ്ടി ആഗ്രഹിക്കുക, പ്രാർത്ഥിക്കുക. ചെറുപ്പം മുതൽ നാം ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന ഓർക്കുന്നില്ലേ? ‘ദൈവമേ, അങ്ങയുടെ അരൂപിയെ അയയ്ക്കുക. അപ്പോൾ സകലതും സൃഷ്ടിക്കപ്പെടും. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യും.’ കൈകൾ കൂട്ടിപ്പിടിച്ചു പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക.  

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

The Firing Process for Making Ceramics

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകെട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്.

The two faces of a human being😊😢 every person has two different ...

ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇതിനായി ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. ക്രിസ്തുവിന്റെ ആഗമനോദ്ദേശം ആത്മാവിനെ നമുക്ക് നൽകി നമ്മെ രക്ഷയിലേക്കു നയിക്കുക, വീണ്ടും, വീണ്ടും ഈ ഭൂമിയെ നവീകരിക്കുക എന്നതായിരുന്നു.

ഉത്പത്തി പുസ്തകത്തിൽ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചെന്നും ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചെന്നും പറയുന്നത് അസംബന്ധമാണെന്നും സൃഷ്ടി എന്നത് ഒരു തുടർച്ചയാണെന്നും പറയുന്നവരുണ്ട്. ശരിയാണ്. ദൈവം ഈ പ്രപഞ്ചത്തെ ആറു ദിവസംകൊണ്ടു സൃഷ്ടിച്ചു, ഏഴാം ദിനം അവിടുന്ന് വിശ്രമിച്ചു. അതിൽ വീണ്ടും സൃഷ്ടിക്കപ്പെടാനുള്ള   creative energy നിറച്ച് സൃഷ്ടികർമത്തിന്റെ സമ്പൂർണത അവതരിപ്പിച്ചു. എന്നാൽ, അതിനെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ട് ഈ പ്രപഞ്ചത്തെ നവീകരിക്കുന്നത് പരിശുദ്ധാത്മാവാണ്.

പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം എന്നും അതിനെ പുതിയതാക്കി നിർത്തുവാനാണ് ആഗ്രഹിച്ചത്. വിശുദ്ധ ബൈബിളിന്റെ ആദ്യ പുസ്തകത്തിൽ പ്രപഞ്ച സൃഷ്ടിയുടെ വിവരണമാണെങ്കിൽ, ബൈബിളിന്റെ അവസാന പുസ്തകത്തിന്റെ, വെളിപാട് പുസ്തകത്തിന്റെ അദ്ധ്യായം 21 ൽ പുതിയ ആകാശത്തെയും, പുതിയ ഭൂമിയെയും കുറിച്ചാണ് വചനം പറയുന്നത്. എന്നും നവീകരിക്കുന്ന ശക്തിയാണ് ആത്മാവ്.

ഇസ്രായേൽ ജനം തകർന്നടിഞ്ഞു. ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, ആതമാവാണ് എല്ലാത്തിനെയും പുതിയതാക്കുന്നതു, ആത്മാവാണ് നവീകരിക്കുന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  

Holy Intoxication - What It Means to be Drunk in the Spirit

സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

മോശ മരുഭൂമിയിലായിരുന്നപ്പോൾ അസാധാരണമായ ഒരു പ്രതിഭാസം കണ്ടു. ഒരു മുൾപ്പടർപ്പ്…. അതിനുചുറ്റും തീജ്വാലകൾ! എന്നിട്ടും ആ മുൾപ്പടർപ്പ് പച്ചയായിരുന്നു…മുൾപ്പടർപ്പു നിറയെ സുഗന്ധമുള്ള പൂക്കൾ!! മോശ അടുത്തുചെന്നപ്പോൾ ഒരു ശബ്ദം പറഞ്ഞു: “നീ അടുത്ത് വരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാണ്. നിന്നെത്തന്നെ പുറത്തു ഉപേക്ഷിക്കുക. അപ്പോൾ മാത്രമേ നിനക്ക് പ്രവേശിക്കാൻ കഴിയൂ.” ഇതിന്റെ ചരിത്ര വസ്തുതയിൽ എനിക്ക് താത്പര്യമില്ല. പക്ഷെ ഒരു സത്യം ഇവിടെയുണ്ട്. ദൈവത്തിന്റെ അഗ്നി ഒരിക്കലും നശിപ്പിക്കുന്ന അഗ്നിയല്ല. അത് കത്തിക്കും പക്ഷെ പുതിയതാക്കാൻ വേണ്ടിയാണത്. അത് തണുത്തതാണ്. അത് പരിപോഷിപ്പിക്കും. ദൈവത്തിന്റെ അഗ്നി, നമ്മെ, നാം ആയിരിക്കുന്ന ഇടങ്ങളെ വിശുദ്ധമാക്കും, നവീകരിക്കും.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവാണ് നമ്മെ മുന്നോട്ടു നയിക്കുന്ന, ക്രിസ്തുവിനു സാക്ഷ്യം നൽകാൻ സഹായിക്കുന്ന ശക്തി. നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, ഇടവകയ്ക്ക്, ലോകത്തിനു മാറ്റം ആവശ്യമാണ്. നവീകരണം ആവശ്യമാണ്. മഹാമാരികൾ നമ്മെ വിഴുങ്ങുമ്പോൾ രക്ഷപ്പെടുവാൻ ഏകമാർഗം ശക്തരാകുകയാണ്, പുതിയ വ്യക്തികളാകുകയാണ്, പാമ്പു പടം പൊഴിച്ച് സ്വയം പുതിയതാകുന്ന പോലെ, കഴുകൻ കൊക്കും, നഖവും, പപ്പും കളഞ്ഞു യുവത്വം നേടുന്ന പോലെ. ഈയിടെ കണ്ട ഒരു വാട്സ് ആപ്പ് വീഡിയോ ഇങ്ങനെയാണ്: ഭർത്താവ് പറഞ്ഞത് ഭാര്യ കേൾക്കാതെ വന്നപ്പോൾ അയാൾ മൊബൈൽ എടുത്തു പാമ്പുപിടുത്തക്കാരനെ വിളിക്കുകയാണ്. അയാൾക്ക് ഒരു മൂർഖനെ വേണം പോലും. ഇത് കേട്ട ഭാര്യ ഒട്ടു കൂസാതെ ഉടനെ തന്നെ കൂടത്തായിലെ ജോളിയെ വിളിക്കുകയാണ്, സയനൈഡ് ബാലൻസ് ഉണ്ടോ എന്നറിയാൻ. ഇതൊരു തമാശയായിരിക്കാം. പക്ഷെ ജീവിത സാഹചര്യങ്ങളുടെ ഒരു നേർക്കാഴ്ച്ചയാണിത്. സ്നേഹമുള്ളവരേ, ജീവിത പ്രശ്നങ്ങളിൽ ഒരു ക്രൈസ്തവൻ വിളിക്കേണ്ടത് പരിശുദ്ധാത്മാവിനുവേണ്ടിയാണ്. ആത്മാവാണ് നമ്മെ നന്മയിലേക്ക് നയിക്കുക.  

[ആത്മാവിനു ഹെബ്രായ ഭാഷയിൽ റൂഹാ എന്നാണു പറയുന്നത്. റൂഹാ എന്ന വാക്കിനു ശ്വാസം, കാറ്റ് എന്നാണർത്ഥം. വിശുദ്ധ യോഹന്നാൻ 3: 8 ൽ പറയുന്നു. ‘ആത്മാവ് കാറ്റിനെപ്പോലെയാണ്. എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നുവെന്ന് അറിയില്ല.’ അപ്പസ്തോല പ്രവർത്തനങ്ങളിലും പരിശുദ്ധാത്മാവിന്റെ വരവിനെ പറ്റി പറയുന്നത് ‘കൊടുങ്കാറ്റടിക്കുന്ന പോലത്തെ ശബ്ദത്തോടെയാണ് പരിശുദ്ധാത്മാവ് വന്നത്.

ഈ ആത്മാവിന്റെ സാന്നിധ്യം നമ്മിലുണ്ടോയെന്നറിയാൻ 5 അടയാളങ്ങളുണ്ട്.

1. ആത്മവിശ്വാസം.  പരിശുദ്ധാത്മാവ് നമ്മിൽ വാസമുറപ്പിച്ചു കഴിഞ്ഞാൽ, ആത്മാവ് നമ്മെ പഠിപ്പിക്കുന്ന സത്യമിതാണ്: you belong to God! മകളെ മകനെ, നീ ദൈവത്തിന്റെ സ്വന്തമാണ്. ‘നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ആത്മാവ് സാക്ഷ്യം നൽകും’. (റോമ 8, 16)

2. ദൈവിക സ്വഭാവം. ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ രൂപപ്പെടുന്നു എന്നുള്ളതാണ് ആത്മാവ് നമ്മിലുണ്ട് എന്നതിന്റെ അടയാളം. നമ്മുടെ വ്യക്തിജീവിതത്തിൽ, കുടുംബത്തിൽ, ഇടവകയിൽ നാം ക്രിസ്തുവിന്റെ സ്വഭാവത്തോടുകൂടിയ ഒരു വ്യക്തിയാകും. (ഗാല 5, 22 – 23)

3. സുവിശേഷം പ്രഘോഷിക്കാനുള്ള ആഗ്രഹം. ദൈവത്തിന്റെ ആത്മാവ് വരുമ്പോൾ നാം ക്രിസ്തുവിനു സാക്ഷികളാകും.

4. ദൈവത്തിന്റെ ഭാഷ സംസാരിക്കും. ആത്മാവ് നമ്മിൽ ദൈവസ്നേഹം നിറച്ചുകഴിയുമ്പോൾ നാം സ്നേഹത്തിന്റെ, ദൈവത്തിന്റെ ഭാഷയിൽ സംസാരിക്കും. നമ്മുടെ ഇടയിൽ തെറ്റിധാരണകൾ, പരദൂഷണങ്ങൾ, അസൂയയുടെ, വെറുപ്പിന്റെ സംഭാഷണങ്ങൾ ഒന്നും ഉണ്ടാകുകയില്ല.

5. വിശുദ്ധിയിൽ നടക്കും. ആത്മാവ് നമ്മിൽ ഉണ്ടോ എന്നറിയുവാൻ നമ്മുടെ വ്യാപാരങ്ങൾ വീക്ഷിച്ചാൽ മാത്രം മതി. ഹൃദയത്തിന്റെ വിശുദ്ധി, ശാരീരിക വിശുദ്ധി, മനസ്സിന്റെ വിശുദ്ധി …..ചിന്തിച്ചു നോക്കാവുന്നതാണ്.]

സമാപനം

സ്നേഹമുള്ളവരേ, ഈ ഭൂമുഖത്തെ, നമ്മെയോരോരുത്തരെയും നവീകരിക്കുവാൻ, പുതിയതാക്കുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. ഈ ആത്മാവിനെ നൽകുവാനാണ്‌, സമൃദ്ധമായി നൽകുവാനാണ്‌ ഈശോ വന്നത്.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, കോവിഡ് എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നു ഓടിച്ചുകളഞ്ഞു ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

Faith and Family for June 9: Feast of Pentecost

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ചു ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

2 thoughts on “SUNDAY SERMON Jn 14, 15-16”

Leave a reply to Nelson MCBS Cancel reply