SUNDAY SERMON MT 4, 12-17

മത്താ 4, 12 – 17

സന്ദേശം

Pictures of Jesus with Children by Simon Dewey | Altus Fine Art | Pictures  of christ, Jesus pictures, Light of the world

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നതും, വചനം പ്രഘോഷിച്ചതും, കുരിശുചുമന്നതും, കാൽവരി കയറിയതും, കുരിശിൽ മരിച്ചതും ദൈവരാജ്യത്തിനു വേണ്ടിയായിരുന്നു, ദൈവരാജ്യത്തെ പ്രതിയായിരുന്നു, ദൈവരാജ്യം ഈ ഭൂമിയിൽ, നമ്മുടെ ഇടയിൽ പിറവിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തും വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 9, 1 ൽ പറയുന്നത് കഫർണാം ഈശോയുടെ “സ്വന്തം പട്ടണ”മെന്നാണ്. ഇവിടെ വച്ചാണ് ഈശോ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നത്. (ലൂക്ക 7, 1 – 10) മേൽക്കൂര പൊളിച്ചു താഴോട്ടു, ഈശോയുടെ മുന്പിലേക്കിറക്കിയ തളർവാതരോഗിയെ സുഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. 40 ഓളം അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു മുക്കുവ ഗ്രാമമാണ് കഫർണാം.

ഈശോയുടെ പരസ്യജീവിത കാലത്തെ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന കഫെർനാമിലേക്കു ഈശോ ആദ്യമായി കടന്നു വന്നപ്പോൾ വിശുദ്ധ മത്തായി ഈ അവസരത്തെ ദൈവികമാക്കുകയാണ്, വലിയ ആഘോഷമാക്കുകയാണ്! അദ്ദേഹം ഈശോയെ തിരഞ്ഞെടുക്കപ്പെട്ട യഹൂദരുടെ മാത്രമല്ല, സകല ജനത്തിന്റെയും രക്ഷകനായി അവതരിപ്പിക്കുകയാണ്. മാത്രമല്ല, പ്രവചനങ്ങളുടെ പൂർത്തീകരണമായി ദർശിക്കുകയാണ്. വീണ്ടും ഒരുപടികൂടി കടന്നു, അന്ധകാരത്തിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി കാണിച്ചുകൊടുക്കുകയാണ്. തീർന്നില്ല, മരണത്തിന്റെ മേഖലയിൽ കഴിയുന്നവർക്ക്, ജീവിതകാലത്തു അതിന്റെ നിഴലിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി, ആശ്വാസമായി, ജീവനായി ഈശോയെ ഉയർത്തി നിർത്തുകയാണ്. മറ്റൊരുവാക്കിൽ, ലോകം മുഴുവന്റെയും, ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും, തിരഞ്ഞെടുക്കപ്പെട്ടവരുടെയും, വിജാതീയരുടെയും ദൈവമായി ഈശോയെ ഉയർത്തി പ്രതിഷ്ഠിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ. ഈയൊരു ചെറിയ സുവിശേഷ ഭാഗത്തു ഈശോ സൂര്യതേജസ്സായി തിളങ്ങുകയാണ്! ഓരോ ക്രൈസ്തവനും ധ്യാനിക്കേണ്ട, ധ്യാനിച്ച് ഉള്ളം ക്രിസ്തുവിനാൽ നിറക്കേണ്ട , ദൈവരാജ്യം, സ്വർഗ്ഗരാജ്യം ഹൃദയത്തിലും ജീവിതത്തിലും അനുഭവിക്കേണ്ട ഒരു സുവിശേഷഭാഗമാണിത്!

എന്തിനാണ് സൂര്യതേജസായ, ലോകരക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  അതുകൊണ്ടാണ് ദൈവരാജ്യത്തെ അവതരിപ്പിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ. എന്താണ് മനുഷ്യൻ ആദ്യമായും അവസാനമായും തന്റെ ജീവിതത്തിൽ അന്വേഷിക്കേണ്ടത്? ഈശോ പറയും, മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9)

എന്താണ് ഈശോയ്ക്ക് ദൈവരാജ്യം? ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവരാജ്യമായി എന്നാണ് ഈശോ പറയുന്നത്. (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. ദൈവരാജ്യത്തിന്റെ, സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടാണ് സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈശോയുടെ ദൗത്യത്തെ മനോഹരമായി വെളിവാക്കുന്നുണ്ട്. അതുകൊണ്ടു എന്റെ ഉറച്ച വിശ്വാസമിതാണ്: ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്. ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്.

ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവാരാജ്യത്തിലായിരുന്നു എന്നാണ്. പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, കുറേക്കാലം… പിന്നെ അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം… അവസാനമെന്നോണം ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്….

Lockdown in India has impacted 40 million internal migrants: World Bank -  The Federal

മനുഷ്യ ചരിത്രത്തിനെന്നും നിഷ്കളങ്കരുടെ രക്തത്തിന്റെ മണമാണുള്ളത്. തോൽക്കുന്നവന്റെയും ജയിക്കുന്നന്റെയും ചരിത്രം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റേതുമാണ്. മഹാഭാരത യുദ്ധത്തിൽ മരണശയ്യയിൽ കിടക്കുന്ന ദുര്യോധനൻ മറുപക്ഷത്തോട് പറയുന്നത് ഇങ്ങനെയാണ്: “… ചതികൊണ്ട് നേടിയ നിങ്ങളുടെ വിജയകിരീടങ്ങൾക്കു എന്ത് വിലയാണുള്ളത്? വഞ്ചനയിൽ ജീവിച്ചു, വഞ്ചനകൊണ്ട് ജയിച്ചു, ജയത്തെത്തന്നെ നിങ്ങൾ പരാജയമാക്കി.” പിന്നീട് അയാൾ യുധിഷ്ഠരനോട് പറഞ്ഞു: “യുധിഷ്ഠരാ, വിധവകളുടെ ഒരു മഹാരാജ്യം നിന്നെ കാത്തിരിക്കുന്നു.” നോക്കൂ… എന്തൊരു വാക്യമാണ്! വിധവകളുടെ മഹാരാജ്യം! എല്ലാ യുദ്ധവും ബാക്കിയാക്കുന്നത് അതാണ്. യുദ്ധം എപ്പോഴും, ശത്രുത എപ്പോഴും, സ്വത്തിനുവേണ്ടിയോ, സ്ഥലത്തിനുവേണ്ടിയോ, എന്തിനൊക്കെ വേണ്ടിയായാലും തർക്കങ്ങൾ എപ്പോഴും നഷ്ടങ്ങളിലെ അവസാനിക്കൂ! അല്ലെങ്കിൽ ബൈബിൾ മറിച്ചു നോക്കിക്കോളൂ, ലോകചരിത്രത്തിലെ ഏടുകൾ മറിച്ചു നോക്കിക്കോളൂ.. ദൈവ രാജ്യത്തിൽ നിന്നകലുന്നതെല്ലാം നാശത്തിലേ അവസാനിക്കുകയുള്ളു,

എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ, കേരളത്തിന്റെ വർത്തമാന ചരിത്രം ഒന്ന് വീക്ഷിച്ചാൽ എല്ലാം മനസ്സിലാകും. അവതാരങ്ങൾ ജനങ്ങളുടെ ഭരണകൂടങ്ങളെ വിഴുങ്ങിയിരിക്കുന്ന അവസ്ഥ……ജനാധിപത്യം ഫാസിസത്തിന്റെ കുപ്പായം ത്യജിച്ചുകൊണ്ടിരിക്കുന്ന കാലം…അധികാരമുറപ്പിക്കുവാൻ വേണ്ടി മാത്രം തെരുവുയുദ്ധങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു…

War Scenario: Why #India Can't Defeat #China - Sahel Standard

സർവ്വ നാശത്തിന്റെ രാസായുധങ്ങൾ അണിയറയിൽ ഒരുങ്ങിയിരിക്കുമ്പോഴും രാജ്യങ്ങൾയുദ്ധത്തിനായി കോപ്പു കൂട്ടുന്നു…

സ്നേഹമുള്ളവരേ, ഈ മനുഷ്യകുലത്തെ ദൈവാരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും, എന്നും.

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ ദൈവം നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ, ദേവാലയങ്ങളാകേണ്ട മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളും!!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. നന്മയുടെ വിളക്കുകളെ തല്ലിക്കെടുത്താനാണ് ആളുകൾക്കിഷ്ടം! ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്.

കാരൂർ നീലകണ്ഠപിള്ളയുടെ “ഉതുപ്പാന്റെ കിണർ” എന്ന കഥയുടെ പശ്ചാത്തലമിതാണ്. ‘ആ ചെറുഗ്രാമത്തിൽ തന്നിലെ ദയവിന്റെയും അനുകമ്പയുടെയും പ്രേരണകൾ ആവിഷ്കരിക്കാൻ ഉതുപ്പാൻ കിണർനിർമ്മിക്കുകയാണ്. സ്ഥലം വിലക്കുവാങ്ങി, ബുദ്ധിമുട്ടി, കിണർ കുഴിച്ചു. അയാളുടെ ജീവിതത്തിന്റെ മൂർ ത്ത രൂപമാണ് ആ കിണർ. ദൈവരാജ്യ മൂല്യങ്ങളുടെ പ്രായോഗിക രൂപം. ഒരു കുരിശടയാളം കിണറിന്റെ തൂണിൽ. കുരിശിന്റെ ഇരുവശവുമായി “ഇങ്ങോട്ട് വരുവിൻ ഇവിടെ ആശ്വസിക്കാം’ എന്ന് എഴുതിവച്ചിരിക്കുന്നു. ആർക്കും, ജാതി മത ഭേദ്യമെന്യേ നന്മ യുടെ പ്രതീകമായ ആ കിണർ ഉപയോഗിക്കാം. ആ ചെറുഗ്രാമത്തിൽ ദൈവരാജ്യം വന്നെന്നു വിചാരിച്ചിരുന്ന നാളിൽ നഗരസഭ ഗ്രാമവത്കരണത്തിന്റെ പേരും പറഞ്ഞ കിണർ മൂടാൻ ഒരുങ്ങുന്നു. കിണർ മൂടുമെന്നുറപ്പായ ദിവസത്തിന്റെ തലേ രാത്രിയിൽ ഒരു വഴിയും കാണാതെ ഉതുപ്പാൻ കിണറ്റിൽ ജീവിതം അവസാനിപ്പിക്കുന്നു.

Open Wells and Urban Resilience – The Nature of Cities

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും, കോവിഡ് കാലം കഴിഞ്ഞും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’ ദൈവാരാജ്യമെന്നത് അഹങ്കാരത്തിന്റെ മനോഭാവമല്ല. “ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല. അത് നീതിയും സമാധാനവും പരിശുദ്ധാ ത്മാവിലുള്ള സന്തോഷവുമാണ്.” (റോമ 14, 17)

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും ചെയ്യും.

സമാപനം

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു.

Surviving the Covid-19 outbreak: there's hope for humanity

തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

3 thoughts on “SUNDAY SERMON MT 4, 12-17”

  1. Thanks for the beautiful sermon FR. Explaining in simple terms that kingdom of God is with in us, its nithing but fulfillment of God’s will on Earth 🙏

    Like

Leave a comment