മത്താ 12, 1 – 13
സന്ദേശം

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായറാഴ്ചയാണിന്ന്. നാം വായിച്ചുകേട്ട വിശുദ്ധ മത്തായിയുടെ സുവിശേഷം ഇന്ന് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ സന്ദേശമാണ്. ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഈശോ നമ്മോട് പറയുന്നു: ലോകത്തിന്റെ രീതികൾക്കനുസരിച്ചു പോകാതെ കരുണ എന്ന പുണ്യംകൊണ്ടു നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങളെ നിറയ്ക്കുക.
വ്യാഖ്യാനം
ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, മനുഷ്യൻ ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്ഷ്യം.
യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ. മനുഷ്യന്റെ വിശപ്പിനേക്കാൾ വലുത് അവർക്കു നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ്. സാബത്തിൽ നിഷിദ്ധമായ കാര്യങ്ങൾ, അത് ദൈവകല്പനയ്ക്കു എതിരായാൽ പോലും, ചെയ്യുന്നതിൽ അവർ അപാകത കാണുന്നില്ല. മാത്രമല്ല, വളരെ നിസ്സാരങ്ങളായ, മാനുഷികമായ കാര്യങ്ങൾക്കു മതത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും, ദൈവനിയമത്തിന്റെയും നിറം കൊടുത്തു, അതിനെ വർഗീയമാക്കി, മനുഷ്യന് എതിരെ ഉപയോഗിക്കുന്ന വളരെ ക്രൂരമായ മനോഭാവങ്ങൾ പുലർത്തുന്നതിൽ അവർ യാതൊരു കുറ്റവും കാണുന്നുമില്ല. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ഠാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്. മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്.
ആടിനുവേണ്ടി, പശുവിനുവേണ്ടി എത്ര മനുഷ്യരെ കൊന്നാലും അത് തിന്മയാകുന്നില്ല. ഒരു പടികൂടി കടന്നു മതത്തിനുവേണ്ടി, മതനിയമങ്ങൾക്കുവേണ്ടി സ്വന്തം വീട്ടിലുള്ളവരെയോ, അയൽക്കാരെയോ കൊന്നാലും സ്വർഗം ലഭിക്കുമെന്ന് പഠിപ്പിച്ചാൽ, സ്വർഗത്തിൽ മനുഷ്യന് സങ്കല്പിക്കുവാൻ കഴിയാത്തത്ര സുഖങ്ങളാണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് പഠിപ്പിച്ചാൽ ജിഹാദികളാകാനും, ചാവേറുകളാകാനും ആളുകളെക്കിട്ടുമ്പോൾ എന്ത് പറയാനാണ്!!!

ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വളരെ വിലപ്പെട്ട കമന്റു ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ: ആടിനേക്കാൾ, പശുവിനേക്കാൾ, നിയമാനുഷ്ഠാനങ്ങളെക്കാൾ എത്രയോ വിലപ്പെട്ടവനാണ് മനുഷ്യൻ!!
ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്ഷ്യം. ക്രിസ്തുവിന്റെ മനുഷ്യ ദർശനത്തിന്റെ ആഴവും, വ്യാപ്തിയും, പ്രാധാന്യവും ക്രൈസ്തവരായ നാം പോലും ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു യാഥാർഥ്യമാണ്. ഭാരതസഭ സുവിശേഷങ്ങളിൽ ഇതൾവിരിയുന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ശരിയായ രീതിയിൽ ഭാരതമക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന ആൾക്കൂട്ട കൊലപാതകങ്ങളോ, ലൈംഗികാതിക്രമങ്ങളോ ഇത്രയും വ്യാപകമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല. എന്റെ പിഴ എന്നും പറഞ്ഞു സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ മനുഷ്യദർശനം സ്വന്തമാക്കുവാനും, അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാനും നാം തയ്യാറാകണം. തെറ്റായ മനുഷ്യദർശനങ്ങളെക്കുറിച്ചു, നിരീശ്വര പ്രസ്ഥാനങ്ങളുടെ, വർഗീയ സംഘടനകളുടെ മനുഷ്യദർശങ്ങളെക്കുറിച്ചു ബോധവാന്മാരാകുവാനും, ക്രിസ്തുവിന്റെ ശരിയായ, കരുണനിറഞ്ഞ മനുഷ്യ ദർശനത്തെ അവതരിപ്പിക്കുവാനും നമുക്കാകണം. തെറ്റായ ദൈവദർശനമാണ്, തെറ്റായ മനുഷ്യ ദർശനമാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ ഒന്നുറപ്പാണ്, നിങ്ങൾ മനുഷ്യ സമൂഹത്തിനു അപകടകാരിയാണ്!!!

ഈയടുത്തു ലോകത്തിൽ നടന്ന സംഭവങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്. കഴിഞ്ഞ ഒക്ടോബർ 16 നു ഫ്രാൻസിൽ സാമുവേൽ പാറ്റി എന്ന അധ്യാപകനെ ഒരു ഇസ്ലാമിക് തീവ്രവാദി കഴുത്തറുത്തു കൊലചെയ്തതിന്റെ ഞെട്ടലിൽ നിന്ന് ലോകം വിമുക്തമായിട്ടില്ല. ഈ അധ്യാപകന്റെ ദാരുണ മരണത്തിന്റെ ഞെട്ടൽ മാറും മുൻപേ ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദി നടത്തിയ അക്രമണത്തിൽ അൾത്താര ശുശ്രൂഷിയടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലും കൊച്ചുകേരളത്തിലും കുരിശിനെ അവഹേളിച്ചും, ക്രൈസ്തവരെ പീഡിപ്പിച്ചും ധാരാളം അതിക്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം മനുഷ്യന്റെ തെറ്റായ ദർശനങ്ങളുടെ അനന്തരഫലങ്ങളാണെന്നത് നമ്മെ ഞെട്ടിക്കുന്നു! നമ്മുടെ ദർശനങ്ങൾക്ക്, കാഴ്ച്ചപ്പാടുകൾക്കു ഒരു മാറ്റം ആവശ്യമാണ്. ക്രിസ്തു ഈ ഭൂമിയിൽ വന്നതും ദൈവവചനം പ്രഘോഷിച്ചതും, മരിച്ചു ഉത്ഥാനം ചെയ്തതുമെല്ലാം ഈയൊരു മനുഷ്യ ദർശനം നമുക്ക് നൽകുവാനാണ്. അവിടുത്തെ ദൈവരാജ്യത്തിലെ ഓരോ വ്യക്തിയും ജാഗ്രതയോടെ പുലർത്തേണ്ട മനുഷ്യ ദർശനം, കാരുണ്യത്തിൽ ചാലിച്ച മനുഷ്യദർശനം ഈ കാലഘട്ടത്തിന്റെ ആവശ്യവും കൂടിയാണ്.
തെറ്റായ ദർശനങ്ങൾ നമ്മെ അപകടങ്ങളിലേക്കു നയിക്കും.എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല.
നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യാഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.
ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.
നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.
നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്.
“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.
അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?
ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”
ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. “വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹ, സാംസ്കാര നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”
മനുഷ്യ നിർമിതമായ നിയമങ്ങളുടെ കാർക്കശ്യത്തിനപ്പുറം കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ കുളിർമ നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. കുടുംബത്തിലെ വാർദ്ധക്യത്തിലെത്തിയിരിക്കുന്ന മാതാപിതാക്കളോട് മരുന്നുകളുടെ നിയന്ത്രണങ്ങൾക്കും, ഭക്ഷണക്രമത്തിന്റെ കാർക്കശ്യങ്ങൾക്കുമപ്പുറം ഇടയ്ക്കൊക്കെ കാരുണ്യത്തിന്റെ കരസ്പർശം നൽകാൻ നമുക്കാകണം. സ്വയം നിർമ്മിതങ്ങളായ മനോഭാവങ്ങൾക്കും, രീതികൾക്കുമനുസരിച്ചു നമ്മുടെ കൂടെയുള്ളവർ ജീവിക്കണമെന്ന പിടിവാശികൾക്കുമപ്പുറം മനുഷ്യത്വത്തിന്റെ നന്മ കാണിക്കുവാൻ നമുക്കാകണം. കുടുംബത്തിലുള്ളവരോടും, അയൽവക്കക്കാരോടും, എന്തിനു കണ്ടുമുട്ടുന്ന എല്ലാവരോടും കാരുണ്യം നിറഞ്ഞ പുഞ്ചിരിയോടെ പെരുമാറാൻ കഴിഞ്ഞാൽ ഈ ലോകം എന്ത് മനോഹരമാകുമായിരുന്നു!!! ഓർക്കുക, ഈശോ നമ്മിൽ ഇന്ന് ആഗ്രഹിക്കുന്നത് കരുണയാണ്, കരുണ മാത്രമാണ്.
സമാപനം
സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു paradigm shift, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു,

ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ? നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ.
Reblogged this on Nelson MCBS.
LikeLike
🙏🙏 Very relevant for the times, a call to re-examine our real motives, powerful illustrations! God expect us to show mercy on our fellow human and in our every day actions than blindly following something, just b’cos it’s the tradition.
Thank you Fr. Saju for the beautiful sermon 👌
LikeLike
As you have mentioned, it is high time to re-examine our call!! Thanks for the comment!
LikeLike