SUNDAY SERMON JN 2, 13-22

യോഹ 2, 13 – 22

സന്ദേശം

Life in Jesus Church

ഇരുപത് ഇരുപത് (Twenty Twenty) എന്ന കാണാനും കേൾക്കാനും   മനോഹരമായ അക്കവുമായി വന്ന രണ്ടായിരത്തി ഇരുപത് എല്ലാ മനുഷ്യരെയും, ക്രൈസ്തവരെ പ്രത്യേകിച്ച് ദുംഖത്തിലാഴ്ത്തിക്കൊണ്ടാണ് മുന്നേറുന്നത്. കോവിഡ് 19 എന്ന മഹാമാരി എല്ലാവരെയും ദുരിതത്തിലാക്കിയെങ്കിൽ, മഹാമാരി കാരണം അടച്ചിട്ട ദേവാലയങ്ങൾ ക്രൈസ്തവ ഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ചു. കുടുംബങ്ങളെ ദേവാലയങ്ങളാക്കി നാം അതിനെ മറികടന്നെങ്കിലും, ഹാഗിയ സോഫിയ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രൈസ്തവ ദേവാലയം മോസ്കാക്കി മാറ്റിയത് വീണ്ടും ലോകക്രൈസ്തവരെ സങ്കടത്തിലാക്കി. ഫ്രാൻസിലെ നീസ് ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദി ഒരു അൾത്താര ശുശ്രൂഷി അടക്കം മൂന്നുപേരെ വധിച്ചത് ക്രൈസ്തവരെ ഞെട്ടിച്ചുകളഞ്ഞു. ഇങ്ങനെ ലോകം മുഴുവനും ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈശോ ക്രൈസ്തവരോട് ഇന്നത്തെ സുവിശേഷത്തിലൂടെ ദേവാലയങ്ങൾ പിതാവായ ദൈവത്തിന്റെ ഭവനമാണെന്നും, അതിനെ വെറും കച്ചവടസ്ഥലമാക്കാതെ വിശുദ്ധമായി സൂക്ഷിക്കണമെന്നും ഓർമിപ്പിക്കുന്നു.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിൽ സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. ഇതാണാ പ്രസ്താവന: “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. വളരെ പോസിറ്റിവായ ഒരു പ്രസ്താവനയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം, അവിടുത്തെ ദൈവിക സാന്നിധ്യത്തിന്റെ കൂടാരമാണ്. അതിനെ നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം’ എന്നാണ് ഈശോ പറയുന്നത്.’   

ഈ പ്രസ്താവനയിലെ ദേവാലയം എന്ന വാക്കിന് വലിയ അർത്ഥ വ്യാപ്തിയുണ്ട്. ഏതൊക്കെയാണ്, എന്തൊക്കെയാണ് ഒരു ദേവാലയം?  പിതാവായ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടങ്ങളെല്ലാം ദേവാലയങ്ങളാണ്. അത് ജറുസലേം ദേവാലയമാകാം, അത് നമ്മുടെ ഇടവക ദേവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം, അത് ഈ പ്രപഞ്ചം മുഴുവനുമാകാം. ദൈവം വസിക്കുന്ന ഇടമായ ദേവാലയത്തെ, അത് ഏതു രൂപത്തിലായാലും വിശുദ്ധമായി സൂക്ഷിക്കുകയാണ് ഓരോ ക്രൈസ്തവനും ചെയ്യേണ്ടത്.

നാല് സുവിശേഷങ്ങളും ഈശോയുടെ ദേവാലയ ശുദ്ധീകരണം വളരെ വിപ്ലവകരമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. സമാന്തര സുവിശേഷങ്ങൾ ഈ സംഭവം അവതരിപ്പിക്കുന്നത് ഈശോയുടെ പീഡാനുഭവ വിവരണങ്ങൾക്ക്‌ മുൻപായിട്ടാണ്. ഈശോയുടെ അറസ്റ്റിലേക്കും മരണത്തിലേക്കും പെട്ടെന്ന് കടക്കുവാൻ യഹൂദരെ പ്രേരിപ്പിച്ചത് ഈശോയുടെ ഈ പ്രവർത്തിയയാണെന്നാണ് സമാന്തര സുവിശേഷകർ കരുതുന്നത്. കാരണം, യഹൂദർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് ഈശോയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആദ്യ ഞെട്ടലിൽനിന്ന് ഉണർന്ന അവർ ഈശോയെ നശിപ്പിക്കുവാൻ പഴുതടച്ചു പണിയുകയായിരുന്നു. എന്നാൽ വിശുദ്ധ യോഹന്നാൻ ഇതേ സംഭവം ഈശോയുടെ പരസ്യ ജീവിതത്തിന്റെ തുടക്കത്തിലേ അവതരിപ്പിക്കുകയാണ്. യോഹന്നാന്റെ സുവിശേഷത്തിൽ ലാസറിനെ ഉയർപ്പിക്കുന്നതാണ് ഈശോയെ ഇല്ലാതാക്കുവാൻ പെട്ടെന്ന് യഹൂദരെ പ്രേരിപ്പിച്ചത്. Timing ന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും, ‘പിതാവിന്റെ ഭവനം കച്ചവടസ്ഥലമാക്കരുത്’ എന്ന സന്ദേശം എല്ലാ സുവിശേഷകരും ഊന്നിപ്പറയുന്നുണ്ട്.

Temple Mount comes alive (literally) in new exhibit in Jerusalem - South  Florida Sun Sentinel - South Florida Sun-Sentinel

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ശുദ്ധീകരിക്കുന്ന ജെറുസലേം ദേവാലയം നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയതാണ്. ഈ ജറുസലേം ദേവാലയം യഹൂദ സംസ്കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധ്യാന്യമുള്ളതാണ്.  ദൈവികതയുടെ ഉറവിടമാണ് ജറുസലേം ദേവാലയം യഹൂദർക്ക്. ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ് ജറുസലേം ദേവാലയം; ദൈവ ഉടമ്പടിയുടെ കേന്ദ്രമാണ് ജറുസലേം ദേവാലയം. യഹൂദരുടെ അഭിമാനവും, ജീവിതത്തിന്റെ ഭാഗവും, ദൈവ സാന്നിധ്യത്തിന്റെ കൂടാരവുമായ ജറുസലേം ദേവാലയം, ദൈവപിതാവിന്റെ ഈ ഭവനം കച്ചവടസ്ഥലമാകുന്നത് കണ്ടപ്പോൾ ഈശോ അതിനെ ശുദ്ധീകരിക്കുകയാണ്.

വിമോചന ദൈവശാസ്ത്രത്തെ പിഞ്ചെല്ലുന്നവർ ഈ സുവിശേഷ ഭാഗത്തെ ക്രിസ്തുവിനെ വിപ്ലവകാരിയായും, സാമൂഹ്യ പരിഷ്കർത്താവുമായൊക്കെ അവതരിപ്പിക്കാറുണ്ടെങ്കിലും, ഈശോയുടെ പരമമായ ഉദ്ദേശ്യം തികച്ചും ആധ്യാത്മികമാണ്. ആധ്യാത്മികതയിലൂന്നിയ സാമൂഹ്യമാറ്റം ആണ് ഈശോ ലക്‌ഷ്യം വയ്ക്കുന്നത്. അതുകൊണ്ടാണ് പിതാവിന്റെ ഭവനത്തിന്റെ ദുരവസ്ഥ ഈശോയെ വേദനിപ്പിച്ചത്.  ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു നിർമ്മിക്കപ്പെട്ട്, ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ട്, ദൈവം ഇവിടെ വസിക്കുന്നുവെന്നു വിശ്വസിച്ചു മനുഷ്യൻ മാറ്റിനിർത്തിയിരിക്കുന്ന ഈ ദേവാലയം പോലും കച്ചവടസ്ഥമാക്കിയെങ്കിൽ പ്രപഞ്ചം, മനുഷ്യൻ, കുടുംബം തുടങ്ങിയ ദൈവത്തിന്റെ ആലയങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്നാണ് ഈശോ ചിന്തിച്ചത്. എല്ലാ ദൈവത്തിന്റെ ആലയങ്ങളും വിശുദ്ധമായിരിക്കണം, കച്ചവടസ്ഥലമാക്കരുതെന്ന ശക്തമായ താക്കീതാണ് ഈശോ നമുക്ക് നൽകുന്നത്; ഇത്രയും ഉയർന്ന ആധ്യാത്മിക സന്ദേശമാണ് ഈശോ നമുക്ക് നൽകുന്നത്.

മൂന്നുതലങ്ങളിലായാണ് ഈശോ ഈ ശുദ്ധീകരണം നടത്തുന്നത്. ഒന്ന്, മൃഗങ്ങളെ, ആടുകളെ, കാളകളെ പുറത്താക്കിക്കൊണ്ട്. ദേവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയ വാസനകളെ, മൃഗീയ രീതികളെ അവിടുന്ന് പുറത്താക്കുകയാണ് രണ്ട്, ഈശോ നാണയങ്ങൾ ചിതറിച്ചു, അതും ക്രയവിക്രയങ്ങൾ നടത്തിയിരുന്ന മേശകൾ തട്ടിമറിച്ചുകൊണ്ട്.  ദേവാലയത്തിൽ, പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന കഴുത്തറപ്പൻ മത്സരത്തെയും, ലാഭക്കൊതിയെയും അവിടുന്ന് ചിതറിച്ചു കളയുകയാണ്. മൂന്ന്‌, പ്രാവുവില്പനക്കാരോട് പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു. പ്രാവുകൾ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. മൂല്യച്യുതിയെയും, മൂല്യങ്ങളുടെ വില്പനയെയും, സ്വാർത്ഥ ലാഭത്തിനുവേണ്ടി മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നതിനെയും ക്രിസ്തു എതിർക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ്.   

സ്നേഹമുള്ളവരേ, വിവിധ തരത്തിലുള്ള മൃഗീയതകളെ, മൃഗീയ വാസനകളെ, കഴുത്തറപ്പൻ മത്സരത്തെ, മൂല്യച്യുതിയെ, മൂല്യങ്ങളുടെ വില്പനയെ ഇല്ലാതാക്കാനുള്ള ക്രിസ്തുവിന്റെ വിപ്ലവം ഇന്ന് നമ്മുടെ ഇടവക ദേവാലയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, നമ്മുടെ വ്യക്തിജീവിതങ്ങളിൽ, നമ്മുടെ സന്ന്യാസ ഭവനങ്ങളിൽ, നമ്മുടെ സ്ഥാപനങ്ങളിൽ, നമ്മുടെ പ്രകൃതിയിൽ നടക്കേണ്ടിയിരിക്കുന്നു.

ഓരോ ദേവാലയവും ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ നിറവാണ്; ഓരോ ദേവാലയവും ക്രിസ്തുവാണ്, ദൈവികതയുടെ കൂടാരമാണ്. ദൈവമില്ലെങ്കിൽ, കോടികൾ മുടക്കി പണിതാലും ആ സൗധം ദേവാലയമാകില്ല. കല്ലുകൾക്കുമുകളിൽ കല്ലുകൾ ചേർത്ത്‌ പണിയുമ്പോഴല്ല ഒരു സൗധം ദേവാലയമാകുന്നതെന്നും, മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കുമ്പോഴാണ് ദേവാലയം പണിതുയർത്തപ്പെടുകയെന്നും നാമെന്നാണ് മനസ്സിലാക്കുക? അകത്തുനിൽക്കുമ്പോൾ ദൈവാനുഭവം നൽകാത്ത പള്ളികൾ, ദേവാലയങ്ങൾ നമുക്കെന്തിനാണ്? പാവപ്പെട്ടവർ മക്കളെ പഠിപ്പിക്കാനും, മഴനനയാത്ത വീടുപണിയാനും കഷ്ടപ്പെടുമ്പോൾ, കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ജീവിക്കാൻ നെട്ടോട്ടമോടുമ്പോൾ തണുത്തുറഞ്ഞ എസി പള്ളികളിൽ ഇരുന്നു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ? നമ്മുടെ ഇടവകയാകുന്ന, സന്ന്യാസ ഭവനങ്ങളാകുന്ന, സ്ഥാപനങ്ങളാകുന്ന, സംഘടനകളാകുന്ന ദേവാലയങ്ങളെ നാം ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അവ ദൈവസാന്നിധ്യം നിറഞ്ഞ, ദൈവകാരുണ്യം തുടിക്കുന്ന ദൈവിക ഇടങ്ങളായി മാറേണ്ടിയിരിക്കുന്നു, അവയെ നാം മാറ്റേണ്ടിയിരിക്കുന്നു!

നമ്മുടെ കുടുംബമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ കൂത്തരങ്ങായിരിക്കുന്നു നമ്മുടെ കുടുംബങ്ങൾ! മൃഗങ്ങളെപ്പോലെ പരസ്പരം ചീറ്റുന്ന, കടിച്ചുകീറുന്ന എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്? മറ്റുള്ളവർക്ക് പങ്കുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന നാണയങ്ങൾ – വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സമ്പത്ത് – എത്രയോ അധികമാണ്? സമാധാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ … എല്ലാം നമ്മൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. നമുക്ക് ലാഭം കിട്ടുന്ന ബന്ധങ്ങൾ മാത്രം, നമുക്ക് ഗുണം കിട്ടുന്ന സഹായങ്ങൾ മാത്രം …എല്ലാത്തിലും ഒരു ബിസിനസ്സ് കണ്ണുമായിട്ടു ജീവിക്കുമ്പോൾ കുടുംബമെന്ന ദേവാലയം കച്ചവടസ്ഥലമായിത്തീരുന്നു!  സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു, ദേവാലയങ്ങളാക്കേണ്ടിയിരിക്കുന്നു.

We are the Temple of God

നമ്മുടെ ശരീരം ദേവാലയമാണെന്നു ചെറുപ്പത്തിലേ നാം മനസ്സിലാക്കാത്തത് എന്താണ്? നമ്മുടെ കുടുംബത്തിൽ, വേദപാഠക്ലാസ്സുകളിൽ നമ്മുടെ ശരീരം ദൈവത്തിന്റെ മഹാത്ഭുതങ്ങൾ നടക്കുന്ന ഇടമാണെന്നു, ദേവാലയമാണെന്നു എന്താണ് മുതിർന്നവർ നമ്മോടു പറഞ്ഞുതരാതിരുന്നത്? നമ്മുടെ കൂട്ടുകാരിൽ നിന്നും, കൊച്ചുപുസ്തകങ്ങളിൽനിന്നും നമ്മൾ മനസ്സിലാക്കിയത് നമ്മുടെ ശരീരം ഇച്ഛിച്ചികളുടെ ഇടമാണെന്നല്ലേ? വെറും ശാരീരിക പ്രവണതകളെ തൃപ്തിപ്പെടുത്തുന്ന ഇടങ്ങളാണെന്നല്ലേ?  ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞു. അവനിലിലേക്കു നിശ്വസിച്ചു എന്നാണു വചനം പറയുന്നത്. എന്നുവച്ചാൽ ദൈവത്തിന്റെ സാന്നധ്യം, ആത്മാവ് മനുഷ്യനിൽ നിറഞ്ഞു എന്നർത്ഥം. അവൾ / അവൻ ദേവാലയമായിത്തീർന്നു, പിതാവിന്റെ ഭാവനമായിത്തീർന്നു എന്നർത്ഥം!! ശരീരമാകുന്ന ദേവാലയത്തിലെ വിശുദ്ധ പ്രതിഷ്ഠയാണ് ദൈവം. മനുഷ്യശരീരത്തെ ദേവാലയമായിക്കണ്ടു പരസ്പരം ബഹുമാനിക്കാൻ നാം പഠിക്കണം. അതില്ലാത്ത കാഴ്ചകളൊക്കെ മൃഗീയമാണ്. മൃഗീയ വാസനകളോടെ, ലാഭക്കൊതിയോടെ, യാതൊരു മൂല്യങ്ങളുമില്ലാതെ സ്വന്തം സുഖത്തിനുവേണ്ടി മാത്രം നോക്കുന്നതാണ് വ്യഭിചാരമെന്നു ഈശോ പഠിപ്പിക്കുന്നു. അത് മൊബൈലിൽ തോണ്ടുന്നതായാലും, ഇൻറർനെറ്റിൽ സെർഫ് ചെയ്യുന്നതായാലും മൃഗീയതതന്നെ. ശരീരമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കണം.

പള്ളിക്കൂദാശാക്കാലത്തിലെ സമാപനാശീർ വാദ പ്രാർത്ഥനയിലും അതിനുമുമ്പുള്ള കൃതജ്ഞതാ പ്രാർത്ഥനയിലും നാം പ്രാർത്ഥിക്കുന്നത് അതിനുവേണ്ടിയാണ്. “ഞങ്ങളുടെ ശരീരമാകുന്ന പരിശുദ്ധാത്മാവിന്റെ ആലയത്തെ വിശുദ്ധമായി സംരക്ഷിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ”. (രണ്ടാമത്തെ കൃതജ്ഞതാ പ്രാർത്ഥന) ” ദൈവത്തിന്റെ ആലയത്തോടുള്ള തീക്ഷ്ണതയിൽ ജ്വലിക്കുവാനും ആത്മാവിന്റെ ആലയങ്ങളായി വിശുദ്ധിയോടും നൈർമല്യത്തോടുംകൂടി ജീവിക്കുവാനും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ”. (സമാപനാശീർ വാദ പ്രാർത്ഥന)

ഈ പ്രപഞ്ചവും ദേവാലയമാണ്. എന്നാൽ മനുഷ്യന്റെ സ്വാർത്ഥത പ്രപഞ്ചത്തെയും കച്ചവടസ്ഥലമാക്കിയിരിക്കുന്നു!! മനുഷ്യന് വാസയോഗ്യമല്ലാത്ത വിധം ഈ ഭൂമിയെ ആക്കിത്തീർത്തത് ആരാണ്? എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാൻ തക്കവിധം എല്ലാ വിഭവങ്ങളും നൽകിയിട്ടും കുറച്ചുപേർ സമ്പന്നരും കുറേപേർ ദരിദ്രരും ആയതെങ്ങനെ? ദൈവത്തിന്റെ ആലയത്തിൽ അനീതി നടരാജ നൃത്തം നടത്തുന്നത് എന്തുകൊണ്ട്? എല്ലാം ശരിയാക്കിയിട്ടേ ഞങ്ങൾ പോകൂ എന്ന് വാശിപിടിക്കുന്ന ഭരണകൂടങ്ങൾക്ക് ഈ ദേവാലയങ്ങളോട് ഒരു പ്രതിബന്ധതയും ഇല്ലായെന്നത് ദുഃഖകരമാണ്!! ഈ ദേവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു പ്രിയപ്പെട്ടവരേ!

നാമാകുന്ന ദേവാലയങ്ങളുടെ ശരിയായ അവസ്ഥ എന്താണെന്ന് നാം അറിയണം. ഈശോ ഒരു പട്ടണത്തിലൂടെ കടന്നുപോകുകയായിരുന്നു. സ്വയം അടിച്ചും ചോരയൊഴുക്കിയും ഒരാൾ ശ്‌മശാനത്തിൽ നിന്നിരുന്നു. ഈശോ അയാളെ സമീപിച്ചു ചോദിച്ചു: “നിന്റെ പേരെന്താണ്?” അയാൾ പറഞ്ഞു: “എന്റെ പേര് ലെഗിയോൻ, അസംഖ്യം എന്നാണു. എനിക്ക് ഒരായിരം പേരുകളുണ്ട്. കാരണം ഞാൻ ഒരായിരം ആളുകളാണ്.”  

നമ്മിലും ഒരായിരം ആളുകളുണ്ട്. ഒരാൾ മറ്റൊരാളെ അടിക്കുന്നു; വേറൊരാൾ ചീത്തപറയുന്നു; മറ്റൊരാൾ മൃഗീയവാസനകളോടെ പെരുമാറുന്നു. ഒരാൾ നുണപറയുന്നു. ഒരാൾ ആസക്തിയോടെ മറ്റെയാളെ നോക്കുന്നു, വേറൊരാൾ ദാമ്പത്യവിശ്വസ്തത ലംഘിക്കുന്നു.  ഒരാൾ മറ്റൊരാളെ ചതിക്കുന്നു; വേറൊരാൾ പണം കട്ടെടുക്കുന്നു. വേറൊരാൾ കള്ളക്കണക്ക് എഴുതുന്നു. ഇനിയും വേറൊരാൾ സഹോദരനെ വഞ്ചിക്കുന്നു. ഇതാണ് നമ്മുടെ ദേവാലയങ്ങളുടെ അവസ്ഥ!

നമ്മുടെ ഉള്ളിൽ മൃഗീയത, മൃഗീയ വാസനകൾ, കഴുത്തറപ്പൻ മാത്സര്യം, സ്വാർത്ഥത, മൂല്യച്യുതി അങ്ങനെ ഒരായിരം ആളുകളുണ്ടാകുമ്പോൾ അത് നമ്മെ നശിപ്പിക്കുന്നു; നാം അശുദ്ധരാകുന്നു. നമ്മിലെ ക്രിസ്തു മരിക്കുന്നു; നാം ദേവാലയങ്ങളല്ലാതാകുന്നു.

ക്രിസ്റ്റെൻ ആഷ്‌ലിയുടെ (Kristen Ashley) മിഡ്‌നൈറ്റ് സോൾ (Midnight Soul) എന്ന പുസ്തകത്തിൽ മനോഹരമായൊരു അവതരണമുണ്ട്. അതിങ്ങനെയാണ്: ‘ദൈവം നമുക്ക് വിവിധങ്ങളായ മാർഗങ്ങൾ നൽകിയിട്ടുണ്ട് മുറിവുകളെ സുഖമാക്കാനും, നമ്മെത്തന്നെ ശുദ്ധമാക്കാനും. രക്തം മുറിവുകളെ ശുദ്ധമാക്കാറുണ്ട്; കണ്ണുനീരിനും ചില മുറിവുകളെ ശുദ്ധമാക്കാനുള്ള കഴിവുണ്ട്. ഫാനി, നിനക്കിഷ്ടമില്ലെങ്കിലും പറയട്ടെ, നിന്നെത്തന്നെ ശുദ്ധമാക്കുന്നതു ഒരിക്കലും നിർത്തരുത്. നിന്നെത്തന്നെ ശുദ്ധമാക്കുക എപ്പോഴും. എന്നിട്ട് മുന്നോട്ടു പോകുക”. ഇന്ന് ഈശോ നമ്മോടു പറയുന്നതും ഏതാണ്ട് ഇതുപോലെയാണ്. ‘മകളെ /മകനെ നിന്നെത്തന്നെ, നീയാകുന്ന ദേവാലയത്തെ ശുദ്ധമാക്കുക. എന്നിട്ട്, മുന്നോട്ടു പോകുക.’

സമാപനം  

സ്നേഹമുള്ളവരെ, ഓരോ ക്രൈസ്തവനും ജീവനുള്ള, ദൈവം വസിക്കുന്ന സഞ്ചരിക്കുന്ന ദേവാലയങ്ങളാണ്. നാം പിതാവിന്റെ ഭവനങ്ങളാണ്, നമ്മുടെ ശരീരം ദേവാലയമാണ്. മൂന്നാംനാൾ പുനർനിർമ്മിക്കുവാൻ, വിശുദ്ധീകരിക്കുവാൻ, ക്രിസ്തുവിനെപ്പോലെ വിശുദ്ധ കുർബാനയുടെ പെസഹാവ്യാഴങ്ങളിലൂടെ കടന്നുപോകണം. പിന്നെ, ദൈവത്തിന്റെ ഇഷ്ടം പൂർത്തിത്തീകരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലൂടെ. അതിനുശേഷം, പ്രതീക്ഷയുടെ ദുഃഖശനിയാഴ്ചയിലൂടെ. അപ്പോൾ ഓരോ നിമിഷവും, ഉത്ഥിതനായ ഈശോ വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തു വാഴുന്ന ദേവാലയങ്ങളാക്കി നമ്മെ സൂക്ഷിക്കുവാൻ നമുക്കാകും.

Temple of god unconditional happiness unshakable trust unbreakable love  family!❤ | English Quote

അല്ലെങ്കിൽ ശത്രുക്കൾ തകർക്കുന്നതിന് മുൻപേ നാം ഈ ദേവാലയങ്ങളെയെല്ലാം, കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം തകർത്തു തരിപ്പണമാക്കും. ആ ദുരന്തം സംഭവിക്കാതിരിക്കുവാൻ ഈ വിശുദ്ധബലിയിലൂടെ ഈശോ നമ്മെ സഹായിക്കട്ടെ. ആമേൻ!

One thought on “SUNDAY SERMON JN 2, 13-22”

Leave a reply to Love Alone Cancel reply