മംഗളവാർത്താക്കാലം -ഞായർ 1
ലൂക്കാ 1, 5 – 25
സന്ദേശം

2020 ലെ ക്രിസ്തുമസിനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവനും. ഈ വർഷത്തെ ക്രിസ്തുമസിന്റെ പ്രത്യേകത മറ്റൊന്നുമല്ല കോവിഡു തന്നെയാണ്. ഒരു വർഷത്തോളമായി കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പമാണ് നാം ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ സൗഖ്യം നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ, പ്രാർത്ഥനകളുടെ മുഖ്യ പ്രമേയമായിരിക്കും. ഒപ്പം, ഇത്തവണത്തെ ക്രിസ്തുമസ് നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായിരിക്കണം. കാരണം, ക്രൈസ്തവവിശ്വാസം വലിയ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം 2020 ലെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. കൊറോണ പകർച്ച വ്യാധികൾക്കിടയിലും മതേതരത്വ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ആക്രമണങ്ങളും നമ്മുടെ നാട്ടിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളും നമ്മുടെ വിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പയുടെ അർജന്റീന പോലെയുള്ള രാജ്യങ്ങളും ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ശ്രമിക്കുന്നുവെന്ന ധാർമികപ്രശ്നവും ഈ കാലഘട്ടത്തിന്റെ വലിയ മുറിവാണ്. ജീവൻ അപകടത്തിലായിരിക്കുന്ന പാക്കിസ്ഥാനിലെ മരിയ ഷഹബാസും, റിമാൻഡ് ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയും നമ്മെ സങ്കടപ്പെടുത്തുന്നു. ഇങ്ങന, വിശ്വാസപരമായും ധാർമികമായും ധാരാളം വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്തു ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, നമ്മുടെ ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുത്തുവാൻ ഒരു ക്രിസ്തുമസ് കാലംകൂടി അണഞ്ഞിരിക്കുകയാണ്.
വ്യാഖ്യാനം
മംഗളവാർത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം സഖറിയായ്ക്കു കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുന്നതും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിലെ വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്തു, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നതിന് സംശയമില്ല.
കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണ സമയത്തു സംഭവിച്ചതെല്ലാം രക്ഷാകരപദ്ധതിയിലെ ദൈവത്തിന്റെ ഇടപെടലുകളാണ്. എന്നാൽ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ മനസ്സിലാക്കാനോ, ദൈവിക വെളിപാടുകൾക്കു മുൻപിൽ സ്വയം സമർപ്പിതനാകുവാനോ സഖറിയായ്ക്കു ആയില്ല. അദ്ദേഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസം അത്രയ്ക്ക് ശക്തമല്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ! അബ്രഹാമിന്റെ ജീവിതത്തിൽ ദൈവിക ഇടപെടലുകളുണ്ടായപ്പോൾ അദ്ദേഹം കാണിച്ച വിശ്വാസ തീക്ഷ്ണത നാം സഖറിയായിൽ നിർഭാഗ്യവശാൽ കാണുന്നില്ല. ഫലമോ, ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അപഹാസ്യനാകുകയാണ്.
ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!
മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും.

മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. ഈ തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക, അഹങ്കാരം മൂലം അതിനെ അവഗണിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും.
സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല?

എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം എന്റെ ദൈവം എനിക്ക്, എന്റെ കുടുംബത്തിന് നൽകുമെന്ന ബോധ്യമല്ലേ നമ്മുടെ വിശ്വാസത്തിനു ആധാരം? എരിയുന്ന തീയിലും കുളിർമഴ പെയ്യിക്കുവാൻ ശക്തനായവനിലാണ് എന്റെ വിശ്വാസമെന്ന ധൈര്യമല്ലേ എരിതീയിലേക്കു പുഞ്ചിരിയോടെ നടന്നുപോകാൻ ദാനിയേലിനെയും കൂട്ടരെയും പ്രേരിപ്പിച്ചത്!
ഒരു ചെറിയ കഥ കേട്ടിട്ടില്ലേ? ഒരു ഗ്രാമത്തിൽ നാളുകളായി മഴ കിട്ടുന്നുണ്ടായിരുന്നില്ല. ഓരോരുത്തരും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നെങ്കിലും ഒരുനാൾ ഗ്രാമം മുഴുവനും ഒരുമിച്ചു മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു. അവരെല്ലാവരും ഒരുമിച്ചുകൂടി. വൃദ്ധരും, ചെറുപ്പക്കാരും കുട്ടികളും…എല്ലാം. എല്ലാവരും പ്രാർത്ഥനാസാമഗ്രികളുമായി

വന്നപ്പോൾ, പന്ത്രണ്ടു വയസ്സുള്ള ഒരു ബാലൻ മാത്രം ഒരു കുടയുമായി വന്നു. ആളുകൾ അവനോടു ചോദിച്ചു:”നീയെന്താ കുടയുമായെത്തിയത്?” അവൻ പറഞ്ഞു: “ഇന്ന് എന്റെ ദൈവത്തിനോട് എല്ലാവരും ചേർന്ന് പ്രാർത്ഥിക്കുമ്പോൾ മഴ പെയ്യാതിരിക്കില്ലല്ലോ!”
അതാണ് വിശ്വാസം. നമ്മുടെ ജീവിതം മൂകമാകുമ്പോൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകുന്നില്ലെങ്കിൽ, നാം അസ്വസ്ഥരാകുന്നുണ്ടെങ്കിൽ, തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അറിയുക, നമ്മുടെ ദൈവത്തിലുള്ള വിശ്വാസം ശക്തമല്ല എന്ന്. അസാധ്യതകളെ പോലും സാധ്യതകളാക്കാൻ കഴിവുള്ളവനാണ് ദൈവമെന്നു വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പ്രകാശം തെളിയും!
സഖറിയായുടെ ഭാര്യയായ എലിസബത്തിന്റെ മനോഭാവവും നമ്മോടു ചിലത് പറയുന്നുണ്ട്. മക്കളില്ലാത്ത, വധ്യയായ സ്ത്രീകളെ ബൈബിളിന്റെ പലതാളുകളിലും നാം കണ്ടുമുട്ടുന്നുണ്ട്, പഴയനിയമത്തിൽ പ്രത്യേകിച്ചും. ഇസഹാക്കിന്റെ, യാക്കോബിന്റെ, സാംസണിന്റെ, സാമുവേലിന്റെ അമ്മമാരെല്ലാം മക്കൾക്കുവേണ്ടി കാത്തിരുന്ന്, ഒരു തരത്തിൽ പറഞ്ഞാൽ മടുത്തവരായിരുന്നു, എലിസബത്തിനെപ്പോലെ. എന്നാൽ ഇവരിലെല്ലാം ദൈവത്തിന്റെ കൃപ അത്ഭുതം പ്രവർത്തിച്ചു. എന്നുവച്ചാൽ, ഈ ഭൂമിയിൽ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു നാം മനസ്സിലാക്കുവാൻ വേണ്ടിയാണിത്. നമുക്കറിയാവുന്നതുപോലെ, എലിസബത്ത് എന്ന വാക്കിനു അർഥം ദൈവത്തിന്റെ വാഗ്ദാനം എന്നാണ്. എലിസബത്ത് യഹൂദവംശത്തിൽ പെട്ട ഒരു സാധാരണ സ്ത്രീയായിരുന്നു. ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ വാഗ്ദാനം അവളിൽ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ, അവൾ ഏറ്റുപറയുകയാണ്: ‘ദേ, ബന്ധുക്കളെ, അയൽ വക്കക്കാരേ, സുഹൃത്തുക്കളെ ഇതാ ദൈവം, ശക്തനായവൻ എന്റെ അപമാനം നീക്കിക്കളഞ്ഞിരിക്കുന്നു.’
ഇതാണ് നിഷ്കളങ്കമായ, സ്നേഹം നിറഞ്ഞ വിശ്വാസം. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിൽ ദൈവത്തിന്റെ പ്രവർത്തനം, ദൈവത്തിന്റെ പദ്ധതി കണ്ടെത്താൻ നമുക്കാകണം.
ജീവിതത്തിൽ എന്ത് സംഭവിച്ചാലും – നല്ലതായാലും, ബുദ്ധിമുട്ടേറിയതായാലും – അതിൽ ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ കണ്ടെത്താൻ നമുക്കാകണം. പിന്നീട് കുഞ്ഞിന്റെ പേരിടൽ വേളയിലും എലിസബത്ത് എല്ലാവരെയും വിസ്മയിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ അരുളപ്പാടനുസരിച്ചുള്ള പേര്, യോഹന്നാൻ എന്ന പേരിടാൻ അവൾ മുന്നിൽ നിൽക്കുകയാണ്.
നമ്മുടെ ക്രൈസ്തവജീവിതത്തിൽ നാം സ്വീകരിക്കേണ്ട വലിയ മനോഭാവം എലിസബത്തിലുണ്ട്. ഒരു ശിശുവിന്റേതുപോലെ, നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ വിശ്വാസം എലിസബത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് ദൈവത്തിന്റെ കൃപയെ തിരിച്ചറിയാൻ അവൾക്കായത്. അതുകൊണ്ടു തന്നെയാണ് പരിശുദ്ധ ‘അമ്മ വന്നപ്പോൾ എന്റെ കർത്താവിന്റെ അമ്മയാണ് നീ എന്ന് മാതാവിനോട് പറഞ്ഞത്. (ലൂക്ക 1, 43) ഒരു കൊച്ചു കുഞ്ഞിനെ നാം ആകാശത്തേക്ക് എറിയുമ്പോൾ, ആ കുഞ്ഞു ആഹ്ലാദത്തോടെ ചിരിച്ചു ശബ്ദമുണ്ടാക്കും. കുഞ്ഞിന് ഒട്ടും പേടിയില്ല.

എന്താ കാരണം, കുഞ്ഞിനറിയാം, താഴോട്ടുപോരുമ്പോൾ തന്നെ താങ്ങാൻ ബലിഷ്ഠമായ കരങ്ങളുണ്ടെന്ന്!
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ കാണാനും അത് മറ്റുള്ളവരോട് പ്രഘോഷിക്കുവാനും നമുക്കാകണം. നമ്മിലെ ഇല്ലായ്മയെ നികത്താൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. മരുഭൂമിപോലുള്ള നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ നീർച്ചാലൊഴുക്കി സമ്പൽ സമൃദ്ധമാക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. അതുകൊണ്ടല്ലേ, എല്ലാ രാത്രിയിലും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ്, നാളെ ഉണരുമോയെന്നറിയില്ലെങ്കിലും നാം അലാറം set ചെയ്യുന്നത്! ജെറമിയാ പ്രവാചകൻ പറയുന്നപോലെ, ദൈവത്തിനു നമ്മെക്കുറിച്ചു നല്ലൊരു പദ്ധതിയുണ്ട്. അത് നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ള പദ്ധതിയാണ്. (ജറ 29, 11) അതുകൊണ്ടു, യഥാകാലം പൂർത്തിയാകുന്ന ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുക!

നമ്മുടെ ജീവിതത്തിലേക്കും ദൈവം മാലാഖാമാരെ അയയ്ക്കും. അപ്പോൾ, ദൈവത്തിന്റെ അരുളപ്പാടു മനസ്സിലാക്കുവാനുള്ള, അതിനോട് സഹകരിക്കുവാനുള്ള വലിയ കൃപയ്ക്കുവേണ്ടി ഈ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ക്രിസ്തുമസിനുള്ള ഒരുക്കക്കാലം ദൈവത്തോടൊത്തു ചിലവഴിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

Reblogged this on Nelson MCBS.
LikeLike