ദനഹാക്കാലം നാലാം ഞായർ
യോഹ 2, 1-12
സന്ദേശം

അമേരിക്കയിൽ നവയുഗപ്പിറവി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡനും, നാല്പത്തിയൊമ്പതാമത്തെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും കഴിഞ്ഞ 20 നു സ്ഥാനമേറ്റതു നാമെല്ലാവരും ടിവിയിൽ കണ്ടതാണ്. ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്. ജോ ബൈഡൻ 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. കമല ഹാരിസാകട്ടെ യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ ജഡ്ജി തർഗുഡ് മാർഷലിന്റെ ബൈബിളിലും, കുടുംബസുഹൃത്ത് റെജീന ഷെൽട്ടണിന്റെ ബൈബിളിലും കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. എനിക്കിതു വലിയ സുവിശേഷ പ്രഘോഷണമായിട്ടാണ് തോന്നിയത്. അമേരിക്കയുടെ, അമേരിക്കൻ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവമാണെന്ന്, തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും, രാഷ്ട്രീയ പദ്ധതികളുടെയും, രാഷ്ട്രനിർമാണത്തിന്റെയും അടിസ്ഥാനം ദൈവമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവർ, ഈ പ്രവർത്തിയിലൂടെ. ദൈവമഹത്വത്തിന്റെ വലിയ അടയാളമായി മാറി, ജോ ബൈഡന്റെയും, കമലയുടെയും ഈ പ്രവർത്തി.
ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ഈ പ്രവർത്തി എങ്ങനെ, എന്തുകൊണ്ട് ദൈവമഹത്വം പ്രകടമാക്കുന്ന അത്ഭുതമായി മാറി എന്നാണ് നാമിന്ന് വിചിന്തനം ചെയ്യുക. ഈശോയുടെ ഈ പ്രവർത്തി ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറിയതുപോലെ, ഈ ഭൂമിയിൽ മനുഷ്യന്റെ, ക്രൈസ്തവന്റെ പ്രവർത്തികളെല്ലാം ക്രിസ്തുവിലുള്ള ദൈവമഹത്വം പ്രകടമാക്കുന്നവ ആകണം എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്.
വ്യാഖ്യാനം
മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ് വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.
കാനായിലെ കല്യാണ വീട് ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളുടെ ആരംഭം കുറിക്കുന്ന ഇടമായി മാറുകയാണ്. ഈശോ തന്റെ മഹത്വം വെളിപ്പെടുത്താൻ പ്രവർത്തിച്ച ആദ്യ അടയാളത്തിനു സാക്ഷ്യം വഹിച്ചവർ വളരെയാണ്. യേശുവിനെ വിവാഹവിരുന്നിനു ക്ഷണിച്ച മണവാളന്റെ കുടുംബം, അവരുടെ വീഞ്ഞ് തീർന്നുപോയതറിഞ്ഞു അവരെ സഹായിക്കാൻ സന്നദ്ധത കാണിച്ച പരിശുദ്ധ ‘അമ്മ, അമ്മയുടെ നിർദ്ദേശ പ്രകാരം യേശുവിന്റെ വാക്കുകൾ അനിസരിച്ചു പ്രവർത്തിച്ച പരിചാരകർ, വീഞ്ഞ് മേൽത്തരമാണെന്ന് രുചിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ കലവറക്കാരൻ, യേശു പ്രവർത്തിച്ച ആദ്യ അടയാളം കണ്ടു അവനിൽ വിശ്വസിച്ച ശിഷ്യന്മാർ

തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം അതിഥികളും ഈ പ്രവർത്തിക്കു സാക്ഷികളാണ്. എന്നാൽ, ഇവരെക്കുറിച്ചൊന്നും ഇന്ന് നാം വിചിന്തനം ചെയ്യുന്നില്ല. ഇവരെക്കുറിച്ചൊക്കെ നാം ധാരാളം വിചിന്തനം ചെയ്തിട്ടുള്ളതാണ്. അവയെല്ലാം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ഈശോ വെള്ളം വീഞ്ഞാക്കുന്നു എന്ന മാത്രം നമുക്കിന്നു വിശകലനം ചെയ്യാം.
ഈശോയുടെ ആ പ്രവർത്തി, വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവർത്തി – അതൊരു അത്ഭുതമായിരുന്നു. ദൈവപുത്രനായ ഈശോയുടെ പ്രവർത്തികൾ അത്ഭുതങ്ങളാകാതെ മറ്റെന്താകാനാണ്! അത് ക്രിസ്തുവിലുള്ള ദൈവ മഹത്വം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. ഈശോയുടെ പ്രവർത്തികൾ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകാതെ മറ്റെന്താകാനാണ്! ഈശോയുടെ ഈ പ്രവർത്തി മനുഷ്യനിൽ രൂപാന്തരം ഉണ്ടാകണം എന്ന് പറയുന്ന സന്ദേശമായിരുന്നു. ഈശോയുടെ പ്രവർത്തികൾ, അവിടുത്തെ വചനങ്ങൾ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നവയാകാതെ മറ്റെന്താകാനാണ്! ഈശോയുടെ വെള്ളം വീഞ്ഞാക്കുന്നു എന്ന പ്രവർത്തി ഒരു സൂചികയാണ് – ഓരോ മനുഷ്യനും അവന്റെ ജീവിത പ്രവർത്തികളെ ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാക്കി മാറ്റണം എന്നതിന്റെ സൂചിക!
ഇന്നത്തെ സുവിശേഷത്തിലെ ഈ ആദ്യ അടയാളം മാത്രമല്ല, ഈശോയുടെ ഓരോ പ്രവർത്തിയും, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളവയും അല്ലാത്തവയും, പരസ്യ ജീവിതകാലത്തു ഈശോ ചെയ്തവ മാത്രമല്ല ഇന്നും ഈശോ ചെയ്യുന്നതും ഇനിയും ചെയ്യാനിരിക്കുന്നവയുമായ എല്ലാ പ്രവർത്തികളും ദൈവ മഹത്വത്തിന്റെ അടയാളങ്ങളാണ്. സംശയമുണ്ടെങ്കിൽ, സുവിശേഷങ്ങളിലൂടെ കടന്നുപോകൂ… നിങ്ങൾ വിസ്മയിച്ചുപോകും … മനുഷ്യജീവിതങ്ങളിൽ അവിടുന്ന് ചെയ്ത പ്രവർത്തികളെ ഒന്ന് വിശകലനം ചെയ്തു നോക്കൂ…നിങ്ങൾ കണ്ണുകൾ തുറന്ന് , വാ പൊളിച്ചങ്ങനെ നിന്നുപോകും…എന്തിനു നിങ്ങളുടെ തന്നെ, ജീവിതത്തിലേക്ക്,

കുടുംബജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ… ജീവിതത്തിൽ വീഞ്ഞു തീർന്നുപോയ എത്രയെത്ര സന്ദർഭങ്ങൾ! ആവശ്യത്തിന് പണമില്ലാതെ, ചെയ്യുന്ന ബിസിനസ്സെല്ലാം തകരുന്ന അവസരങ്ങൾ, സമൂഹത്തിന്റെ മുൻപിൽ നാണംകെടുന്ന സമയങ്ങൾ, പഠിക്കാൻ കഴിയാതെ, ജോലിയില്ലാതെ അലഞ്ഞ നിമിഷങ്ങൾ, പാപത്തിൽ നടന്ന വഴികൾ …ഇവിടെയെല്ലാം ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചതോർക്കുമ്പോൾ നിങ്ങൾ അത്ഭുതംകൊണ്ടു സംസാരിക്കാൻ പറ്റാത്തവരാകും…കാരണം, വിശുദ്ധ കുർബാനയിൽ നാം പ്രാർത്ഥിക്കുന്നതുപോലെ, “നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹങ്ങളാണ്” ക്രിസ്തു നമുക്ക് നൽകിയിരിക്കുന്നത്, ദൈവം നമ്മിൽ വർഷിച്ചിരിക്കുന്നത്! ക്രിസ്തു അത്ഭുതത്തിൽ കുറഞ്ഞതൊന്നും പ്രവർത്തിക്കുന്നില്ല എന്നോർക്കുക!
എങ്ങനെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് ഈശോ അത്ഭുതങ്ങൾ മാത്രം പ്രവർത്തിക്കുന്നു? ദൈവപുത്രനായ ക്രിസ്തു ദൈവവുമായി ഒന്നായിരുന്നതുകൊണ്ട്. തന്നെ മുഴുവനും ദൈവത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്നതുകൊണ്ട്. ദൈവമേ, നിന്റെ ഇഷ്ടം മാത്രം ചെയ്തുകൊണ്ട് ജീവിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു ജീവിച്ചതുകൊണ്ട്! പിതാവായ ദൈവം ഈശോയെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ടാണ് ഈശോ ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തിയത്. (യോഹ 17, 4) ഓരോ ക്രൈസ്തവനും ക്രിസ്തുവിൽ ജീവിച്ചുകൊണ്ട്, ക്രിസ്തു അവളെ, അവനെ ഏൽപ്പിച്ച ജോലികൾ ചെയ്യുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം ഓർക്കുക: “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല.”
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഈ ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവാനാണ്. ഈശോ ദൈവത്തിലും, ദൈവത്തോടുമൊപ്പം ആയിരുന്നത്കൊണ്ട് അവിടുത്തെ പ്രവർത്തികൾ ദൈവമഹത്വത്തിനുള്ളവയായതുപോലെ, “കർത്താവാണ് എന്റെ അവകാശവും പാനപാത്രവുമെന്നു” (സങ്കീ 16, 5) വിശ്വാസത്തോടെ, ആ വിശ്വാസം ഏറ്റുപറഞ്ഞു ജീവിച്ചാൽ നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്നവയെല്ലാം അത്ഭുതങ്ങളായിത്തീരും. അവ ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകും. ‘നാം ധാരാളം ഫലം പുറപ്പെടുവിക്കുകയും, അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യരാകുകയും ചെയ്യുമ്പോഴാണ് പിതാവ് മഹത്വപ്പെടുന്നത്.’ (യോഹ 15, 8)
ഇതാണ് ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ ജീവിതം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഈ ലോകമാകുന്ന കാനായിൽ ക്രിസ്തുവിന്റെ മഹത്വം നമ്മുടെ ജീവിത്തിലൂടെ, ജീവിത പ്രവർത്തികളിലൂടെ വെളിപ്പെടണം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ – അത് കുടുംബത്തിലാണെങ്കിലും, വൈദിക -സന്യാസ അ ന്തസ്സിലൂടെയാണെങ്കിലും, ജോലിസ്ഥലത്താണെങ്കിലും, സ്കൂളിലോ കോളേജിലോ ആണെങ്കിലും – കാര്യക്ഷമതയുള്ള, ദൈവമഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാകണ മെന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം? പരിശുദ്ധ പിതാവ് വരുന്നത് നല്ലതാണ്. അതിലൂടെ ദൈവമഹത്വം പ്രകടമാക്കുകയും ചെയ്യും. പക്ഷേ, അതിനല്ല പരമപ്രാധാന്യം നൽകേണ്ടത്. എന്റെ ജീവിതത്തിലെ പ്രവർത്തികൾ ദൈവമഹത്വത്തിനു ഇടയാകുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നാടിന്റെ പ്രധാനമന്ത്രിയെ കാണുന്നതും നല്ലതാണ്. പക്ഷേ, അതല്ല പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ടത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിൽ ആഴപ്പെടുക എന്നതാണ്, ആഴപ്പെടുവാൻ വേണ്ടി ദൈവജനത്തെ ഒരുക്കുക എന്നതാണ്.
നമ്മുടെ ക്രൈസ്തവ ജീവിതത്തിലൂടെ ലോകത്തുണ്ടായ, രാജ്യത്തുണ്ടായ വലിയ അനുഗ്രഹങ്ങൾ കണ്ട്, ആ പൊൻമുട്ടകളിൽ ആകർഷിതരായി, സ്വയം മറന്ന് നാമെന്തു ചെയ്തു? താറാവിനെയങ്ങു കൊന്നു! ദൈവത്തിലുള്ള വിശ്വാസം അങ്ങ് മാറ്റി വച്ചു.

ലോകകാര്യങ്ങളാണ്, സമ്പത്താണ്, അധികാരമാണ്, രാഷ്ട്രീയ പാർട്ടികളാണ് നമ്മുടെതന്നെ കഴിവുകളാണ് നന്മകളാകുന്ന, മിഷനറിപ്രവർത്തനങ്ങളാകുന്ന പൊൻമുട്ടകളിടുവാൻ നമ്മെ പ്രാപ്തരാക്കുന്നതെന്നു വെറുതെയങ്ങു നാം വിശ്വസിച്ചു. അപ്പോൾ നമ്മുടെ പ്രവർത്തികൾ, നമ്മുടെ ജീവിതം എങ്ങനെയുള്ളതായി? അത്ഭുതങ്ങളല്ലാതെയായി. അടയാളങ്ങളാകാതെ പോയി; സന്ദേശങ്ങളാകാതെ പോയി. ഇതല്ലേ ഇന്ന് നമുക്ക് വന്നു ഭവിച്ചിരിക്കുന്ന ദുരന്തം? ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ട്, രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾക്ക് തൊട്ടുകൂടായ്മയില്ല എന്ന് പറഞ്ഞതുകൊണ്ട് വല്ല ഗുണമുണ്ടോ? ഇല്ല. ദൈവത്തിൽ അടിയുറച്ച ക്രൈസ്തവ ജീവിതങ്ങളെ രൂപപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്. അതിനായി സഭയുടെ എല്ലാ സംവിധാനങ്ങളെയും ഒരുക്കുകയാണ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്! അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങു മാത്രമല്ല സകല മനുഷ്യരുടെയും എല്ലാ പ്രവർത്തികളും ദൈവമഹത്വം വെളിപ്പെടുത്തുന്നവയാകണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന!
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കാരണം ക്രിസ്തുവാണ്. നമ്മുടെ ജീവിത പ്രവർത്തികളുടെ പ്രചോദനം ക്രിസ്തുവാണ്. നമ്മുടെ പ്രവർത്തികളിലൂടെ വെളിപ്പെടുന്നതും ക്രിസ്തുവാണ്. കാനായിലെ കല്യാണ വിരുന്നിൽ ഈശോ പ്രവർത്തിച്ച അത്ഭുതം നമ്മിലെ ഉറങ്ങിക്കിടക്കുന്ന ക്രൈസ്തവജീവിതത്തെ ഉണർത്തുവാൻ ഇടയാക്കട്ടെ. അപ്പോൾ നാം പറയുന്ന പ്രവർത്തിക്കുന്ന കാര്യങ്ങൾ അത്ഭുതങ്ങളിലേക്ക് വഴിതുറക്കും. നമ്മുടെ പ്രവർത്തികൾ മൂലം നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ദൈവാനുഗ്രഹം വക്കോളം നിറയും. നമ്മുടെ പ്രവർത്തികളെ രുചിച്ചുനോക്കുന്നവർ അത്ഭുതപ്പെടും. കാനായിലെ കല്യാണ വിരുന്നിൽ അത്ഭുതംകണ്ടു ശിഷ്യന്മാർ ഈശോയിൽ വിശ്വസിച്ചതുപോലെ, അപ്പോൾ ലോകം ക്രസിതുവിൽ വിശ്വസിക്കും.
ഈ ഭൂമിയിൽ ക്രിസ്തു മഹത്വപ്പെടുവാൻ കുറുക്കുവഴികളില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ കാര്യക്ഷമമാക്കാൻ, ഫലം പൃപ്പെടുവിക്കുന്നവയാക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് ഉണ്ടാകട്ടെ. ആമേൻ!
Reblogged this on Nelson MCBS.
LikeLike