sunday sermon – holy trinity

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

റോമ 5, 1-5

സന്ദേശം

Why Don't the New Testament Authors Explain the Trinity?

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് തിരുസ്സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമാണ് പരിശുദ്ധ ത്രിത്വം. ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യവും പരിശുദ്ധ ത്രിത്വം തന്നെയാണ്.

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്.

ആഫ്രിക്കയിലെ കർത്തേജിൽ നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. സഭാപിതാക്കന്മാരിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അന്ത്യോക്യായിലെ തെയോഫിലോസ് ആണ് ത്രിത്വം (Trinity) എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്. ദൈവം (പിതാവ്), ദൈവത്തിന്റെ വചനം (Word, Logos), ദൈവത്തിന്റെ ജ്ഞാനം (Wisdom, Sophia) എന്നിങ്ങനെയാണ് അദ്ദേഹം ത്രിത്വത്തെ വിശദീകരിച്ചത്. പിന്നീട് വിശുദ്ധ ജസ്റ്റിൻ, അലക്‌സാണ്ടറിയായിലെ വിശുദ്ധ ക്ലമന്റ് തുടങ്ങിയവരും, നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ തുടങ്ങിയ കൗൺ സിലുകളും പരിശുദ്ധ ത്രിത്വത്തിന്റെ വ്യക്തിത്വവും, സ്വഭാവവും വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്.

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

Fr. Matthew Charlesworth, S.J. | Homily: Feast of the Most Holy Trinity

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്.  പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു.. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് വിശുദ്ധ ആഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാ ത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

Trinity the source and reason for BECs

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വ നുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ,  മ്യാൻമാറിലെപ്പോലെ, ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, പാക്കിസ്ഥാനിലെപ്പോലെ മുസ്‌ലിം ആകാൻ സമ്മതിക്കാത്തതിന്റെപേരിൽ ക്രൈസ്തവർ മാനഭംഗത്തിന് ഇരയാകുന്നുണ്ടെങ്കിൽ, വർഗീയതയുടെ പേരിൽ മനുഷ്യർ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം, പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്. 

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തെ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിലെ വിശ്വാസപ്രമാണം പരിശുദ്ധ ത്രിത്വത്തിന്റെ ജീവൻ തുടിച്ചു നിൽക്കുന്ന വിവരണമാണ്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർ വാദ പ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെ നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകാലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്.

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർ സാക്ഷ്യങ്ങളായി മാറണം. ഈ കോവിഡ് മഹാമാരിയുടെ കാലത്തു നാം കാണിക്കുന്ന കൂട്ടായ്മയുടെ ഉറവിടം പരിശുദ്ധ ത്രിത്വത്തിന്റേതാണ് എന്ന് മനസ്സിലാക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

What is the Trinity? It is one God in three persons: Father, Son, Holy  Spirit

നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, കോവിഡ് മഹാമാരിമൂലം ക്ലേശിക്കുന്ന ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

3 thoughts on “sunday sermon – holy trinity”

Leave a comment