sunday sermon lk 6, 27-36

ശ്ളീഹാക്കാലം നാലാം ഞായർ

ലൂക്ക 6, 27-36

സന്ദേശം

Jesus Christ - Love your enemies (from The Passion of Christ) - YouTube

എന്താണ് ക്രൈസ്തവ ജീവിതം എന്ന ചോദ്യത്തിന് വളരെ ലളിതമായ ഒരുത്തരമുണ്ട്: “ഞാൻ എന്റെ ദൈവത്തോടൊപ്പമുള്ള, എന്റെ ക്രിസ്തുവിനോടൊപ്പമുള്ള ജീവിതം.”   ദൈവം നമ്മോടൊപ്പമുള്ള ജീവിതം എന്നതിനേക്കാൾ നാം ദൈവത്തോടൊപ്പമുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം. അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ പലരീതിയിൽ നമുക്ക് ഉത്തരം പറയുവാൻ സാധിക്കും. ഒന്ന്, വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് നമ്മുടെ ദൈവം. (സങ്കീ 33, 4) രണ്ട്, ദൈവത്തിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ഫലരഹിതമായി തിരിച്ചു വരില്ല. അത് ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റും.’ (ഏശയ്യാ 55, 11) മൂന്ന്, നമ്മുടെ ദൈവം നമ്മുടെ കൂടെ വരും. അവിടുന്ന് നമ്മെ നിരാശപ്പെടുത്തുകയോ, പരിത്യജിക്കുകയോ ഇല്ല. (നിയമ 31, 6) ഈശോയുടെ വാഗ്ദാനം ഇതാണ്: “ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്താ, 28, 20) അതുകൊണ്ട് ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. പക്ഷേ, തിരിച്ചൊന്ന് ചോദിച്ചാൽ? നാം ദൈവത്തിന്റെ ഒപ്പമുണ്ടോ? ഉത്തരം പറയുവാൻ നാം അല്പം മടിക്കും. ശ്ളീഹാക്കാലത്തിന്റെ ഈ ഞായറാഴ്ച്ച ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനായിട്ടാണ് നാം ശ്രമിക്കുന്നത്.

വ്യാഖ്യാനം

ക്രൈസ്തവർ തങ്ങളുടെ ജീവിതംകൊണ്ടാണ് തങ്ങൾ ക്രിസ്തുവിനോടൊപ്പമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത്. പുറമെ കാണിക്കുന്ന ജാഡകൾ ലോകത്തിന്റെ മുൻപിൽ വിജയിക്കുമെങ്കിലും, ദൈവത്തിന്റെ മുൻപിൽ അവ വിലപ്പോകില്ലല്ലോ. ക്രൈസ്തവർ നിർമിക്കുന്ന ജീവിതങ്ങളുടെ, നയിക്കുന്ന ജീവിതങ്ങളുടെ സ്വഭാവമെന്തായിരിക്കണമെന്നാണ്, അതിന്റെ structure എങ്ങനെയായിരിക്കണമെന്നാണ്, അതിന്റെ മോന്തായം എങ്ങനെയാണ് പണിയേണ്ടതെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നത്. ദൈവം നമ്മോടൊപ്പമുണ്ടായാൽ പോരല്ലോ, നാമും ദൈവത്തോടൊപ്പമുണ്ടാകണ്ടേ? തീർച്ചയായും വേണം.

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എബ്രാഹം ലിങ്കന്റെ കാലം ആഭ്യന്തര യുദ്ധങ്ങളാൽ കലുഷിതമായിരുന്നു. അമേരിക്കയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലായിരുന്നു യുദ്ധം. United states of America യും, Confederate states of America യും തമ്മിൽ അടിമത്ത പ്രശ്‌നത്തെച്ചൊല്ലിയുള്ള യുദ്ധം പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. ആ ആഭ്യന്തര യുദ്ധം എബ്രഹാം ലിങ്കണെ വളരെയേറെ തളർത്തിക്കളഞ്ഞിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉപദേശകരും, മത നേതാക്കന്മാരും അദ്ദേഹത്തിന് കൊടുത്ത ഉപദേശമിങ്ങനെയായിരുന്നു: ‘മിസ്റ്റർ പ്രസിഡന്റ്, അങ്ങ് ഒട്ടും ഭയപ്പെടേണ്ട. നാം വിജയിക്കും. കാരണം ദൈവം നമ്മോടൊപ്പമുണ്ട്.” അതിനു മറുപടിയായി

Abraham Lincoln - America's Bloodiest Clash, the Sectional Conflict of the Civil  War (1861-1865)

എബ്രഹാം ലിങ്കൺ പറഞ്ഞത് ഇങ്ങനെയാണ്:” ദൈവം നമ്മോടൊപ്പമുണ്ടെന്നത് ശരിയാണ്. എന്നാൽ, നാം ദൈവത്തോടൊപ്പമുണ്ടോ എന്നതാണ് പ്രശ്നം.” കോവിഡ് 19 പോലുള്ള മഹാമാരികൾ ലോകം മുഴുവനും ഭീതിവിതയ്ക്കുമ്പോൾ നാം ചോദിക്കുന്നത് ദൈവം നമ്മോടൊപ്പമുണ്ടോ എന്നായിരിക്കും. എന്നാൽ, പ്രിയപ്പെട്ടവരേ, മഹാമാരി നമ്മുടെ ജീവിതങ്ങളെ തകർത്തെറിയുമ്പോൾ ചോദിക്കേണ്ടത്, നാം ദൈവത്തോടൊപ്പമുണ്ടോ എന്നല്ലേ? നാം ദൈവത്തോടൊപ്പമില്ലാത്തതായിരിക്കില്ലേ നമ്മുടെ ജീവിതത്തിലെ കഷ്ടങ്ങൾക്ക് കാരണം? ഇതാ, ഒരു check list. ഇന്നത്തെ സുവിശേഷം ഒരു check ലിസ്റ്റാണ്. ഇന്നത്തെ സുവിശേഷത്തിൽ പറയുന്നവ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ നാം ക്രിസ്തുവിനോടൊപ്പമാണ്.

ക്രൈസ്തവജീവിതം നാം കണ്ടെത്തുന്ന ഒന്നല്ലല്ലോ. അത് നാം നിർമിക്കുന്ന ഒരു ജീവിതമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടെത്തിയ ഒരു മതജീവിതമുണ്ട്. അത് യഹൂദ മത പശ്ചാത്തലത്തിൽ പ്രധാനമായും ഫരിസേയരുടെയും, നിയമജ്ഞരുടെയും, പുരോഹിതരുടേയുമൊക്കെ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അത് വേദനിക്കുന്നവനെ സഹായിക്കുവാൻ ചെറുവിരൽപോലും അനക്കാത്ത മതജീവിതമായിരുന്നു. അത് ദീർഘനേരം പ്രാർത്ഥിക്കുന്നു എന്ന് നടിക്കുന്ന ഒരു മതജീവിതമായിരുന്നു. അത് നെറ്റിപ്പട്ടങ്ങൾക്ക് വീതിയും, വസ്ത്രത്തിന്റെ തൊങ്ങലുകൾക്ക് നീളവും കൂട്ടുന്ന ഒന്നായിരുന്നു. അത് വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സാദൃശ്യമായിരുന്നു. അത് ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞ ജീവിതമായിരുന്നു. (മത്താ 23, 1-36) എന്നാൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കാലാണ് തന്റെ ജീവിത ദൗത്യമെന്നു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ, ദൈവികമൂല്യങ്ങളെ പണിവസ്തുക്കളാക്കി സ്വന്തം ജീവിതം നിർമിക്കുകയാണ്. ആ നിർമ്മിതിക്ക് ഈശോ ഉപയോഗിച്ച കല്ലും, മണ്ണും, സിമന്റും, പെയിന്റുകളും എന്തായിരുന്നു എന്ന് ഈശോ നമുക്കിന്ന് പറഞ്ഞു തരികയാണ്. കണ്ടെത്തുന്ന ക്രൈസ്തവജീവിതത്തിൽ (Finding Christian life) നിന്ന്, സുവിശേഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ക്രൈസ്തവജീവിത (Constructing Christian life) ത്തിലേക്കുള്ള ദൂരമാണ് നമുക്കും ക്രിസ്തുവിനും ഇടയിലുള്ളത് എന്ന് മനസ്സിലാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

സുവിശേഷ ഭാഗ്യങ്ങളാണ് ഈശോയുടെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. സ്നേഹമാണ് ആ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്ന, മനോഹരമാക്കുന്ന പ്രധാന ഘടകം. ഈശോയുടെ വ്യക്തിജീവിതത്തിന്റെ ജീവനകല (art of living) എന്ന് പറയുന്നത്, ആറാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യമാണ്: “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ,” ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതന്മാർ ഈ വചനത്തെ the Golden Rule of Love (സ്നേഹത്തിന്റെ സുവർണനിയമം) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈശോ ഉപയോഗിക്കുന്ന പെയിന്റുകളുടെ ബ്രാൻഡ് നെയിം “കരുണ” എന്നാണ്. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”. നാം നിർമിക്കുന്ന ക്രൈസ്തവജീവിത നിർമ്മിതിക്ക് അടിസ്ഥാനമാകേണ്ടത് ഈശോ ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ കാര്യങ്ങളാണ്. കണ്ടെത്തുന്ന ജീവിതം വൈരുധ്യാത്മകമാണെങ്കിലും, ക്രിസ്തു തന്റെ ജീവിത നിർമ്മിതിക്ക് ഉപയോഗിച്ച raw materials ഇവയെല്ലാമാണ്.

നാം കണ്ടെത്തുന്ന ജീവിതങ്ങൾ ഈ സുവർണ നിയമനുസരിച്ചുള്ളവ ആയിരിക്കണമെന്നില്ല; ക്രിസ്തു പറയുന്ന തത്വങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരിക്കണമെന്നില്ല. നമ്മുടെ കേരളത്തിൽ തന്നെ നോക്കൂ… കേരളത്തിന്റെ സാമൂഹ്യശരീരത്തിൽ വർഗീയതയുടെ, രാഷ്ട്രീയവത്ക്കരിക്കപ്പെട്ട മതത്തിന്റെ മാരക പുഴുക്കുത്തുകളേൽക്കാൻ തുടങ്ങിയിട്ട് അധികനാളുകളായില്ല. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയുടെ കാറ്റ് ഇവിടെ വീശുന്നത് അതിവേഗമാണ്. ദൈവത്തിന്റെ പേരുപറഞ്ഞു മതവൈരത്തിന്റെ ചേരുവകകൾ ചേർക്കുന്നവർ ദൈവത്തോടൊപ്പമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന പഴയ ശീലുകൾ രാഷ്ട്രീയ പാർട്ടികൾ പാടിത്തിമിർക്കുമ്പോൾ വെല്ലുവിളികൾ കനക്കുകകയാണ്. ക്രിസ്തു അവതരിപ്പിച്ച ആത്മീയ വിപ്ലവം കോർപൊറേറ്റിസത്തിനു വഴിമാറുന്നതുകൊണ്ടു ക്രിസ്തുവിന്റെ വചനങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവ ജീവിത നിർമ്മിതിക്ക് ഇവിടെ ഇടമില്ലാതായിരിക്കുന്നു. അപ്പോൾ പിന്നെ നാം ദൈവത്തോടൊപ്പമാണോ എന്ന് പ്രത്യേകിച്ച് check ചെയ്യേണ്ടതില്ല.

എന്നാലും, ക്രിസ്തു നൽകുന്ന ഈ ലിസ്റ്റ് ഒന്ന് check ചെയ്യുന്നത്, നമ്മുടെ ജീവിതവുമായി ഒത്തു നോക്കുന്നത് നല്ലതാണ്. സ്നേഹത്തിന്റെയും, പരിഗണയുടെയും, സഹോദരസ്നേഹത്തിന്റെയും, ശത്രുവിനെ സ്നേഹിക്കുക, ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുക എന്നീ ക്രൈസ്തവ ശുശ്രൂഷയുടെയും അന്തരീക്ഷവും, സംസ്കാരവും കുടിയിറങ്ങുന്ന ക്രൈസ്തവ കുടുംബ, സന്യാസ, പൗരോഹിത്യ സാഹചര്യങ്ങളുമായി ഈ check list ഒത്തുപോകുന്നില്ല എന്നത് സങ്കടകരമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിൽ നാം കാണുന്ന പരോക്ഷമായ ക്രിസ്തു സ്വഭാവങ്ങൾ പ്രത്യക്ഷമായ ക്രൈസ്തവ ജീവിതങ്ങൾക്ക് അന്യമാകുന്നു എന്നത് ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്!നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ശത്രുവിനെ ശത്രുവായി തിരിച്ചറിയുമ്പോഴും, അവനെ/ അവളെ സ്നേഹിക്കുവാൻ കഴിയുക, ഈ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി താൻ മരിക്കുമെന്നറിഞ്ഞിട്ടും കുഞ്ഞിന് ജന്മം നൽകുവാൻ തയ്യാറാകുക, ഭാവിയിൽ മക്കൾ സംരക്ഷിക്കുമോ എന്ന് ഉറപ്പില്ലാതിരിക്കുമ്പോഴും കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ജീവിക്കുക, ലോകം മുഴുവനും കളിയാക്കി ചിരിക്കുമ്പോഴും ക്രിസ്തുവിന്റെ സന്യാസിയായി, സന്യാസിനിയായി, പുരോഹിതനായി ജീവിക്കുക – ഇവയെല്ലാം സ്നേഹമുള്ളവരേ, ക്രൈസ്തവസാക്ഷ്യത്തിന്റെ നേർചിത്രങ്ങളാണ്! ക്രിസ്തുവിനോടൊപ്പമാണ് നാം ജീവിക്കുന്നത് എന്നതിന്റെ ജീവനുള്ള അടയാളങ്ങളാണ്!

മഹാകവി രബീന്ദ്ര നാഥ് ടാഗോറിന്റെ ഒരു ജീവിത ചിത്രീകരണം ഇങ്ങനെയാണ്:” ഒരിക്കൽ മഴു ചെന്ന് വൃക്ഷ ത്തോട് ചോദിച്ചു:”നിന്റെ ശാഖകളിലൊന്ന് എനിക്കായി നീട്ടിത്തരാമോ? വൃക്ഷത്തിന് കാര്യം മനസ്സിലായി. തന്റെ ശാഖ കൊണ്ട് മഴുവിന് കൈയിട്ടു ശക്തനാകണം. പിന്നെ എന്നെത്തന്നെ വെട്ടിയെടുക്കണം. വൃക്ഷം ഇത് മനസ്സിലാക്കിയെങ്കിലും തന്റെ ശിഖരം മഴുവിനായി നീട്ടിക്കൊടുത്തു.”

Remembering Rabindranath Tagore and His Wise Words

സ്നേഹമുള്ളവരേ, സമൂഹവും, പാരമ്പര്യവും, കല്പിച്ചു തന്ന കണ്ടെത്തിയ ക്രൈസ്തവ ജീവിതം അല്ല, ക്രിസ്‌തുവിന്റെ ജീവിതം പഠിച്ചു, ധ്യാനിച്ച്, അതിന്റെ ചൈതന്യം മനസ്സിലാക്കി നാം നിർമിച്ചെടുക്കുന്ന ക്രൈസ്തവജീവിതത്തിലേക്കാണ് ക്രിസ്തു നമ്മെ വിളിക്കുന്നത്. ഇന്നുവരെ നാം കണ്ടെത്തിയവയുടെ ഭാരവുംപേറി ക്ഷീണിതരായി, കാലാകാലങ്ങളിൽ നമ്മിൽ അടിഞ്ഞുകൂടിയ തിന്മകളുടെ, കുറവുകളുടെ വൈകല്യങ്ങളുമായി ജീവിക്കേണ്ടവരല്ല നാമെന്നു ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുമ്പോൾ, കോവിഡാനന്തര ക്രൈസ്തവജീവിതം പുതിയ നിർമിതിയായിരിക്കണം എന്ന് പ്രതിജ്ഞ എടുക്കാവാൻ നമുക്കാകണം.

ആധുനികതയുടെ, വാണിജ്യവത്കരണത്തിന്റെ, ആർഭാടത്തിന്റെ, സ്ഥാപനനടത്തിപ്പിന്റെ, ആഘോഷങ്ങളുടെ പുഴുക്കുത്തുകളേറ്റു വികൃതമായ ക്രൈസ്തവജീവിതമുഖം നാം വലിച്ചെറിയണം. ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സഭയായി, സഭാമക്കളായി നമുക്ക് ഉയിർത്തെഴുന്നേൽക്കുവാൻ കഴിയണം. നമ്മുടെ ഇപ്പോഴുള്ള ധാരണകളും സുവിശേഷാത്മകമല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തു ഇന്ന് നമ്മെ വിളിക്കുകയാണ്. ഓർക്കണം, ക്രിസ്തുവിനുവേണ്ടി, ആദിവാസികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മലയാളിയായ ദയാബായി എന്ന സഹോദരിയെ, ആദിവാസി വസ്ത്രം ധരിച്ചെന്ന പേരിൽ പബ്ലിക് ബസ്സിൽ കയറ്റാതിരുന്നവരാണ് നമ്മൾ. എറണാകുളത്തും മുളന്തുരുത്തിയിലും വച്ച് വസ്ത്രത്തിന്റെ പേരിൽ ബസ്സിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചവരാണ് നാം. പാലായിലെ പൂവരണിയിൽ ജനിച്ചു, മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയിൽ ജീവിച്ചു, ഇന്റർനാഷണൽ വേദികളിൽ, ലോകം മുഴുവനുമുള്ള വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്കുവേണ്ടി ക്രിസ്തുശബ്ദമാണ് ദയാബായി. നമ്മുടെ ക്രൈസ്തവ മൂല്യങ്ങളെവിടെ? ഇന്ന് ക്രിസ്തു വച്ച് നീട്ടുന്ന check list മായി ഇതിനെന്തു ബന്ധം?

നമ്മുടെ ക്രൈസ്തവസമൂഹങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ പലരെയും നാം അകറ്റി നിർത്തുന്നില്ലേ? ‘പുതുക്രിസ്ത്യാനിയും അവശ ക്രിസ്ത്യാനിയും മാർഗ്ഗവാസിയും’ ആയി വേർതിരിച്ചുള്ള ക്രിസ്തുമതത്തിനുള്ളിലെ ജാതിയെ തിരിച്ചറിഞ്ഞു, ദളിതരെ സംഘടിപ്പിച്ചു ക്രൈസ്തവ നവോത്ഥാനത്തിന്റെ ചരിത്രശബ്ദമായി മാറിയ പൊയ്കയിൽ യോഹന്നാന് എന്ത് സ്ഥാനമാണ് ഭാരത ക്രിസ്തുമതത്തിലുള്ളത്? നമ്മുടെ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നമ്മുടെ പെരുമാറ്റരീതികൾ ക്രിസ്തു വ്യക്തിത്വത്തിലെ ബ്രാൻഡഡ് കളറായ “കരുണ“യെ പ്രതിഫലിപ്പിക്കുന്നതാണോയെന്നു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. കോവിഡ് മാറുവാൻ പ്രാർത്ഥിക്കുന്നത് നല്ലതാണ്. ആരാധനയും ഓൺലൈൻ ധ്യാനങ്ങളും നല്ലതു തന്നെ. എന്നാൽ നമ്മൾ ദൈവത്തോടൊപ്പമല്ലായെങ്കിൽ, എന്നുവച്ചാൽ, ഈ check ലിസ്റ്റുമായി നമ്മുടെ ജീവിതങ്ങൾ ഒത്തു പോകുന്നില്ലായെങ്കിൽ…? ക്രിസ്തു ചൈതന്യം വറ്റിയ ഹൃദയങ്ങളുടെ ജീവിത നിർമിതി കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നു പോകില്ലേ?

ഈശോ നമ്മോടു പറയുന്നു: “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ഇപ്പോഴത്തെ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾക്ക് മാറ്റം ആവശ്യമായിരിക്കുന്നു. സുവിശേഷ മൂല്യങ്ങളിലേക്കു മടങ്ങി, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രൈസ്തവ, കുടുംബ, സന്യാസ പൗരോഹിത്യ വ്യക്തിത്വങ്ങൾ പുനർ നിർമിക്കേണ്ടിയിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.

ശത്രുവിന്റെ മനസ്സറിഞ്ഞും, അധിക്ഷേപിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചും, തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ നന്മചെയ്തും സുവിശേഷമൂല്യങ്ങൾക്കു ജീവൻ കൊടുത്തവനാണ് ക്രിസ്തു. ക്രൈസ്തവ ജീവിത നിർമിതി സ്വപ്നം കണ്ടവനാണ് ക്രിസ്തു. അയൽക്കാരന്റെ ദുഃഖവും, വേദനയും, അവന്റെ പട്ടിണിയും, ദാരിദ്ര്യവും, അഭിസംബോധനചെയ്തുകൊണ്ടാണ് ക്രിസ്തു ജീവിതം ആരംഭിച്ചത്.

സമാപനം

അടുപ്പിൽ വിറകെരിയുമ്പോൾ തീയുണ്ടാകുന്നപോലെ, നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സന്യാസ പൗരോഹിത്യ ജീവിതത്തിൽ, ക്രൈസ്തവികതയുടെ വിവിധ തലങ്ങളിൽ ധാർമികത, ക്രിസ്തു മൂല്യങ്ങൾ കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. അതിനായി, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നിലപാടുതറയിൽ കയറി നിൽക്കുവാൻ സഭാധികാരികൾ മുതലുള്ള ക്രൈസ്തവർക്ക് കഴിയണം.

Christianity - Dogma, Definition & Beliefs - HISTORY

നമുക്ക് ചുറ്റും അസ്വസ്ഥതയും, അനീതിയും, അക്രമവും, മഹാമാരിയും നടമാടുമ്പോൾ എങ്ങനെ നമുക്ക് നമ്മുടെ സൗധങ്ങളിൽ കിടന്നു ഉറങ്ങാൻ കഴിയും? ഒരു ക്രിസ്തുവിനു, യഥാർത്ഥ ക്രിസ്തു ശിഷ്യന് അതിനു കഴിയില്ല. ക്രിസ്തുമൂല്യങ്ങളിൽ അടിയുറച്ച ക്രൈസ്തവജീവിതമായി സമൂഹത്തിൽ ഉപ്പായി, ദീപങ്ങളായി നമുക്ക് മാറാം. ക്രിസ്തു എന്ന സംസ്കാരം നമ്മുടെ ജീവിതങ്ങളിൽ, ജീവിത നിർമിതിയിൽ തെളിയട്ടെ. ആമേൻ!

One thought on “sunday sermon lk 6, 27-36”

Leave a comment