sunday sermon lk 13, 22-30

ശ്ളീഹാക്കാലം ഏഴാം ഞായർ

ലൂക്ക 13, 22 – 35  

സന്ദേശം

2021 ലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ, ഓർമ്മപ്പെരുന്നാൾ ആഘോഷിക്കാൻ അനുഗ്രഹം നൽകിയ നല്ല ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട്, ശ്ളീഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ   ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.

ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ട് അധിക കാലം ആയില്ല. ഇതിന്റെ അർഥം കിട്ടിയതിനു ശേഷം, ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”

എന്താണ് വാതിൽ എന്നതുകൊണ്ട് ഈശോ വിവക്ഷിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് എങ്ങനെ എന്ന് നിങ്ങൾ ചോദിച്ചാൽ എന്റെ വ്യക്തിപരമായ ഒരു അനുഭവം പങ്കുവെയ്‌ക്കേണ്ടിവരും. പൗരോഹിത്യ ജീവിതത്തിലെ വേദന നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം.  വലിയ പ്രതിസന്ധിയായിരുന്നു. നിശബ്ദതയിലൂടെ, ധ്യാനത്തിലൂടെ ഒക്കെ കടന്നുപോയി. ഒരു വഴിയും തെളിഞ്ഞു വരുന്നില്ല. പലരോടും സംസാരിച്ചു. വ്യക്തിപരമായും, ഒരുമിച്ചിരുന്നും കാര്യങ്ങൾ ചർച്ച ചെയ്തു. എന്നിട്ടും എങ്ങും എത്തിച്ചേരുന്നില്ല. ഒന്നിലും ശ്രദ്ധപതിക്കാൻ കഴിയാതെ കുറേക്കാലം അലഞ്ഞു നടന്നു. അങ്ങനെയിരിക്കെ ഒരുനാൾ ഗുരുതുല്യനായ ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി. പലപ്പോഴായി കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉടലെടുത്തു. അതിന്റെ ബലത്തിൽ ഞാൻ അദ്ദേഹവുമായി എന്റെ ജീവിതം ചർച്ചചെയ്തു. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു: ഫാദർ, നാളെ നമുക്ക് ഒന്നിരുന്നാലോ? ഞാൻ സമ്മതിച്ചു. പിറ്റേദിവസം രാവിലെ ഞാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്നു. മൂന്ന് കാര്യങ്ങൾ ഞാൻ അച്ചനായി തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് തീരുമാനങ്ങൾ. ഒന്ന്, രണ്ട്, മൂന്ന് …അദ്ദേഹം എനിക്കായി തയ്യാറാക്കിയ Choices, തിരഞ്ഞെടുപ്പുകൾ, തീരുമാനങ്ങൾ അവതരിപ്പിച്ചു. എന്നിട്ട് പറഞ്ഞു: “ഫാദർ, ഓരോ Choice ഉം ഓരോ വാതിലാണ്. ഈ ഓരോ വാതിലും കടന്നു ചൊല്ലുമ്പോൾ കണ്ടുമുട്ടുന്നത് വ്യത്യസ്തങ്ങളായ സാഹചര്യങ്ങളായിരിക്കും.

Quotes on Disciple - Shrimad Rajchandra Mission Dharampur

ഒന്നാമത്തെ വാതിൽ കടക്കുവാനാണ് തീരുമാനിക്കുന്നതെങ്കിൽ ചെന്നെത്തുന്നത് വളരെ ആരവം നിറഞ്ഞ, ബഹളം നിറഞ്ഞ സാഹചര്യത്തിലേക്കായിരിക്കും. പക്ഷെ, അവിടെ നിങ്ങളുടെ മൂല്യങ്ങളെല്ലാം തകർക്കപ്പെടും. ധാരാളം സുഖങ്ങൾ കണ്ടെത്താം. നിങ്ങളുടെ ഏതു ലക്ഷ്യവും നേടാം. അതിനായി എന്ത് മാർഗവും സ്വീകരിക്കാം. 1978 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഡെങ് സിയാവോ പിങ് പറഞ്ഞപോലെ, “പൂച്ച കറുത്തതായാലും, വെളുത്തതായാലും കുഴപ്പമില്ല. എലിയെ പിടിച്ചാൽ മതി”. ഇതായിരിക്കും ഇവിടുത്തെ നീതി. സ്വർണക്കടത്തിന്റെ വഴി സ്വീകരിക്കാം. എതിരാളികളെ കൊന്നു തള്ളുന്നതിൽ രാഷ്ട്രീയ നീതി കണ്ടെത്താം. പണത്തിന്റെ അഹന്തയിൽ കാലിനടിയിൽ ചതഞ്ഞരയുന്നവരെ കാണേണ്ടതില്ല.  എന്റെ സംസാരം, പെരുമാറ്റം ആരെ വേദനിപ്പിച്ചാലും കുഴപ്പമില്ല. എനിക്ക് സുഖിക്കണം, വളരണം, വലുതാകണം. പക്ഷെ അന്ത്യം ദാരുണമായിരിക്കും.

രണ്ടാമത്തെ വാതിൽ കടന്നു ചെല്ലുന്നത് അന്ധകാരത്തിലേക്കായിരിക്കും. ആരോടും, അനുരഞ്ജനപെടാതെ നിങ്ങളുടെ മാളങ്ങളിൽ ജീവിക്കാം. എല്ലാവരോടും പകയോടെ ജീവിച്ചു നിങ്ങളെ തന്നെ ഇരുട്ടിലേക്ക് തള്ളാം. ഈ രണ്ട് വാതിലുകൾ കടക്കുവാൻ എളുപ്പമാണെങ്കിലും എപ്പോഴും ക്യൂ ആയിരിക്കും. ആളുകളുടെ തിരക്കായിരിക്കും. ഈ വാതിലുകൾ എപ്പോഴും തുറന്നു കിടക്കും.

മൂന്നാമത്തേത് കടന്നു ചെല്ലുന്നത് സമാധാനത്തിലേക്കായിരിക്കും. പക്ഷെ വാതിൽ വളരെ ചെറുതാണ്. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാവുന്ന വാതിൽ. ഈ വാതിൽ എപ്പോഴും തുറക്കുകയില്ല. തുറക്കപ്പെടുന്നു സമയത്തു് ചെന്നാൽ വാതിലിലൂടെ കടക്കാം. അടയ്ക്കപ്പെട്ടാൽ പിന്നെ തുറന്നു കിട്ടുക എപ്പോഴെന്നു പറയാനാകില്ല. എന്നാൽ ഇവിടെ തിരക്ക് കുറവായിരിക്കും. എല്ലാവരോടും അനുരഞ്ജനപ്പെട്ട്, ക്ഷമിച്ചു, മറക്കാനും പൊറുക്കാനും തയ്യാറായി ചെല്ലുമ്പോൾ, ആ വാതിലിലൂടെ കടക്കാനുള്ള ശാരീരിക രൂപം നിങ്ങൾക്ക് കിട്ടും. അഹന്തയുടെ, സ്വാർത്ഥതയുടെ, വെറുപ്പിന്റെ പൊണ്ണത്തടിയുമായി ചെന്നാൽ, ego യുടെ മസിലും പെരുപ്പിച്ചു ചെന്നാൽ കടന്നുപോകാനാകില്ല.

ഗുരു പറഞ്ഞു: “ഫാദർ, your choice is the door.  your decision is the door.” ഒന്ന് നിർത്തിയിട്ട് അദ്ദേഹം പറഞ്ഞു: ” ഇവിടെ ഏത് door തുറക്കണമെന്ന് തീരുമാനിക്കേണ്ടത് …. ഫാദർ ആണ്..” 

വീട്ടിൽ ചെന്ന് മൂന്ന് വാതിലുകളെയുംക്കുറിച്ചു ധ്യാനിച്ചപ്പോൾ, ചുരുക്കിപ്പറയാം, മൂന്നാമത്തെ വാതിലിനു മുൻപിൽ നിന്നപ്പോൾ ലൂക്കയുടെ സുവിശേഷം അദ്ധ്യായം 12 ലെ ഈശോയുടെ വചനം എന്റെ കാതുകളിൽ പതിഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക.” വീണ്ടും വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 10 വാക്യം 7 എന്റെ കാതുകളിലെത്തി: ” ഞാനാകുന്നു ആടുകളുടെ വാതിൽ.” മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസത്തിനുശേഷം പിശാച് 3 വാതിലുകൾ കാണിച്ചപ്പോൾ നാലാമതൊന്ന് തുറന്ന്, ഇടുങ്ങിയ വാതിൽ തുറന്ന്, അതിലൂടെ കടന്നുപോയ കടന്നുപോയ ക്രിസ്തുവിന്റെ രൂപം എന്റെ മുൻപിലെത്തി. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല. തൊണ്ടയിൽ ശബ്ദം കുടുങ്ങി. മേശമേൽ കമിഴ്ന്നു കിടന്ന് കുറേനേരം ഞാൻ കരഞ്ഞു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ, തിരഞ്ഞെടുപ്പുകളുടെ ആകത്തുകയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എത്രയോ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ മുൻപിൽ എത്തുന്നത്. ഓരോ Choice ഉം ഓരോ വാതിലാണ്. ഓരോ Decision ഉം ഓരോ വാതിൽ ആണ്. ശരിയായ തീരുമാനമെടുക്കുവാൻ നമുക്കാകണം. ശരിയായ വാതിൽ കണ്ടെത്താനാകണം. ശരിയായ വാതിൽ ക്രിസ്തുവാണ്. ഒന്നും രണ്ടും വാതിലുകൾ നാശത്തിലേക്കുള്ളതാണ്. ക്രിസ്തുവാകുന്ന വാതിൽ രക്ഷയിലേക്കുള്ളതാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് മാനവ കുലത്തെ, നമ്മെ രക്ഷിക്കുന്നതിനായിട്ടാണ് എന്ന് ദൈവവചനം സംശയലേശ്യമെന്യേ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭത്തിൽ തന്നെ പ്രഖ്യാപിക്കുന്നു: ” ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു”. (ലൂക്ക 2, 10) ഈശോ നൽകുന്നതും ഈ രക്ഷയാണ്. സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിച്ച ഈശോ എന്താണ് പറയുന്നത്? ” ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു”. (ലൂക്ക 19, 9) വിശുദ്ധ യോഹന്നാൻ പറയുന്നത്, ” ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്”. (1 തിമോ 1, 15) പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ, അഹന്തയുടെ കുതിരപ്പുറത്തു ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ, ക്രിസ്തുവിനെ ഇല്ലായ്മചെയ്യാൻ പുറപ്പെട്ട സാവൂൾ പൗലോസായപ്പോൾ, ക്രിസ്തുവിന്റെ അപ്പസ്തോലനായപ്പോൾ വിളിച്ചുപറയുന്നതും ഇത് തന്നെ. ” യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും, തികച്ചും സ്വീകാര്യവുമാണ്.”

അങ്ങനെ രക്ഷ നൽകാൻ വന്ന ക്രിസ്തുവിനോട് ഒരാൾ ചോദിക്കുകയാണ്, “രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ”? അയാൾക്ക് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു രക്ഷ നൽകാൻ വന്നവനാണെന്നത്. എന്നാൽ ആരെല്ലാം രക്ഷ പ്രാപിക്കും? അതിനുള്ള വാതിലേത്? അതെങ്ങനെയിരിക്കും? എല്ലാവരും രക്ഷ പ്രാപിക്കുമോ? എന്നൊക്കെയാണ് അയാൾക്ക് അറിയേണ്ടത്. അതുകൊണ്ടു തന്നെ രക്ഷയെക്കുറിച്ചു ഈശോ പറയുന്നില്ല. രക്ഷ പ്രാപിക്കേണ്ട വാതിലിന്റെ സ്വഭാവത്തെക്കുറിച്ചും, അതിലൂടെ പോയാലേ രക്ഷപ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നും, അതിലൂടെ പോകുന്നവർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചുമാണ് ഈശോ പറയുന്നത്. മാത്രമല്ല, ഈ വാതിലിലൂടെ പോയാൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ, സംരക്ഷണത്തോടെ രക്ഷയിലേക്കു എത്തിച്ചേരാനും സാധിക്കുമെന്ന് ഈശോ പറയുന്നു. 

അതുകൊണ്ട്, ഈശോ പറയുന്നു, നന്മയിലേക്ക്, രക്ഷയിലേക്ക്, വിജയത്തിലേക്ക് ഉള്ള വാതിലുകൾ എന്നും ഇടുങ്ങിയതായിരിക്കും. പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ…മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/ പാനാർഹമായി സരിതാംബു തീരാൻ / ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം / ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” ഇടുങ്ങിയ വാതിലുകളാണ്   എന്നും നമ്മെ മഹത്വത്തിലേക്കു നയിക്കുക. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഓരോ നിമിഷവും തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ വാതിലുകളിലൂടെയാണ് കടന്നുപോകുന്നത്.

നമ്മുടെ തിരഞ്ഞെടുപ്പിന്റെ, തീരുമാനത്തിന്റെ സമയത്തെ കൃപ നിറഞ്ഞതാക്കുവാൻ തീർച്ചയായും ദൈവം നമ്മോടൊപ്പമുണ്ടാകും. ഇടുങ്ങിയ വാതിലുകളെ, വലിപ്പമുള്ളതാക്കുവാനല്ല, അതിലൂടെ കടക്കുവാനുള്ള തീരുമാനത്തിന്റെ സമയത്തെ പ്രാസാദവരത്താൽ നിറയ്ക്കുവാൻ ദൈവം നമ്മോടൊപ്പമുണ്ടാകും. അവിടന്ന് തന്റെ മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്ക്കും. ഈശോയുടെ ജനന സമയം ഈശോയ്ക്കും, യൗസേപ്പിതാവിനും, മാതാവിനും ഇടുങ്ങിയ വാതിലുകളായിരുന്നു. എന്താണവിടെ സംഭവിച്ചത്? ദൈവം തന്റെ മാലാഖമാരെ അയച്ചു. സത്രത്തിൽപോലും സ്ഥലം ലഭിക്കാതെ തെരുവിൽ അലഞ്ഞു നടന്ന യൗസേപ്പിതാവിനും, മാതാവിനും, വൈയ്ക്കോലിന്റെ വേദനയിൽ, ഭൂമി സൃഷ്ടിച്ചവന് ഭൂമിയിൽ ഇടം ലഭിക്കാതിരുന്നതിന്റെ വേദനയിൽ കിടന്ന ഈശോയ്ക്കും സംരക്ഷണമായി മാലാഖമാർ എത്തിയില്ലേ? മരുഭൂമിയിൽ 40 ദിവസത്തെ ഉപവാസം കഴിഞ്ഞു പരീക്ഷണത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിന്റെ സംരക്ഷണമായി മാലാഖമാർ വന്നില്ലേ? വചനം പറയുന്നു: “ദൈവ ദൂതന്മാർ അടുത്ത് വന്നു അവനെ ശുശ്രൂഷിച്ചു”. ഗെത്സമേൻ തോട്ടത്തിൽ രക്തം വിയർക്കേ വേദനിച്ച, അസ്വസ്ഥതയുടെ, ഒറ്റപ്പെടലിന്റെ ഇടുങ്ങിയ വഴികളിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ വഴികളിൽ മാലാഖ വന്നില്ലേ?

വരും, സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ വാതിലുകൾക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിന്റെ, കൃപയുടെ, അനുഗ്രഹത്തിന്റെ മാലാഖമാർ വരും. എന്ത് ചെയ്യണം? നമ്മെത്തന്നെ ഒരുക്കണം. ജാഗ്രതയോടെ, നന്മയിൽ, അഹങ്കാരം വെടിഞ്ഞു അവിടുത്തെ സംരക്ഷണയിൽ കഴിയാൻ നാം യോഗ്യതയോടെ വ്യാപാരിക്കണം.

ഒരിക്കൽ വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകൻ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കുന്ന സംഭവം വളരെ നാടകീയമായി അവതരിപ്പിക്കുകയായിരുന്നു. അബ്രാഹവും കുട്ടിയും മോറിയാമലയിലേക്കു വരുന്നതും, വിറകടുക്കി വച്ച് കുട്ടിയെ അതിന്മേൽ കെട്ടുന്നതും കത്തിയെടുക്കുന്നതും ഒക്കെ അവിടെ നടക്കുന്നതുപോലെ തന്നെ അദ്ദേഹം പറയുകയാണ്. അദ്ദേഹം പറഞ്ഞു: അബ്രാഹം താൻ ഉയർത്തിയ കത്തി കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് താഴ്ത്തിയപ്പോൾ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ വന്നു പറഞ്ഞു: “അരുത്”.  

പെട്ടെന്ന് ക്ളാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി വാവിട്ടു കരഞ്ഞു. അപ്പോൾ അദ്ധ്യാപകൻ ചോദിച്ചു: “കരയാനെന്തിരിക്കുന്നു? മാലാഖ വന്നില്ലേ? കുഞ്ഞിനെ രക്ഷിച്ചില്ലേ?” കരച്ചിലിനിടയിൽ ആ പെൺകുട്ടി പറഞ്ഞു: “മാലാഖ വരാൻ അല്പം വൈകിയിരുന്നെങ്കിലോ?” ആ അദ്ധ്യാപകൻ ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു: ” മാലാഖമാർ ഒരിക്കലും വൈകാറില്ല. കാരണം, ദൈവമാണ് അവരെ അയയ്‌ക്കുന്നത്‌. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നത്. A timely intervention of God – അതാണ് മാലാഖമാർ.

സമാപനം

If I open the door | Sandra Milliken

ഇടുങ്ങിയ വാതിലിലൂടെ കടക്കുവാൻ നമുക്കാകട്ടെ. പലതരത്തിലുള്ള വാതിലുകൾ, തീരുമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്പിലങ്ങനെ നിൽക്കും. ഏതാണ് രക്ഷയിലേക്കുള്ള വാതിൽ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ തകർച്ചയുടെ, മഹാമാരിയുടെ, ദാമ്പത്യ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളിൽ കൃപയുടെ നിറവുണ്ടാകുവാൻ ഈശോ ഇപ്പോൾ നമ്മെ അനുഗ്രഹിക്കുകയാണ്. ദുരന്തങ്ങളിലേക്ക്, അന്ധകാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ കടക്കുവാൻ ദൈവമേ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ആമേൻ!

3 thoughts on “sunday sermon lk 13, 22-30”

Leave a comment