ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ
മത്താ 13, 24-30
സന്ദേശം

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്. പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? ലൗ ജിഹാദ് മുതൽ നാർക്കോട്ടിക് ജിഹാദുകൾ എന്തുകൊണ്ട് ഈ കേരളത്തിലും തഴച്ചു വളരുന്നു? “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലി എവിടെനിന്നാണ് ഇത്രയും ഒച്ചപ്പാടുകൾ ഉയരുന്നത്? വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!
നല്ല വിത്തുകൾ മാത്രം വിതച്ച ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ, കരുണയുടെ, നീതിയുടെ രാജ്യം വളർത്തുവാൻ ശ്രമിക്കുമ്പോൾ, അവിടെ കളകളും പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, നല്ല വിത്തുകളുടെ വളവും ജലവും സ്വീകരിച്ചുകൊണ്ട് അവ തഴച്ചു വളരുന്നു.
ഈ ലോകത്തിന്റെ സ്വഭാവത്തെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ ലോകത്തിന് രണ്ട് സ്വഭാവങ്ങളുണ്ട്. ദ്വന്ദാത്മകമാണ് ഈ ലോകം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും…അങ്ങനെ എവിടെ നോക്കിയാലും രണ്ടു സ്വഭാവങ്ങൾ കാണും. എന്നാൽ, യാഥാർഥ്യം, ശരിയായത് ഒന്ന് മാത്രമേയുള്ളു. ഇരുളല്ലാ, വെളിച്ചമാണ് യാഥാർഥ്യം. തിന്മയല്ല, നന്മയാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഈശോ പറയുന്നത് രണ്ടും ഒരുമിച്ച് വളരട്ടെയെന്ന്. കാരണം, നല്ലതിനെ സംരക്ഷിക്കുവാൻ വേണ്ടി തിന്മയെ, കളകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ നല്ല ചെടികളും, നന്മയും ചിലപ്പോൾ ഇല്ലാതായേക്കാം. കളകളെ ഇല്ലാതാക്കുവാൻവേണ്ടി, നമ്മുടെ സമയവും, energy യും ചിലവാക്കുമ്പോൾ,നന്മയ്ക്കുവേണ്ടി, നല്ല ചെടികൾക്കുവേണ്ടി സമയവും energy യും കൊടുക്കുവാൻ നാം മറന്നെന്ന് വരാം. അല്ലെങ്കിൽ, ആവശ്യമുള്ളിടത്തോളം പരിരക്ഷണം കൊടുക്കുവാൻ പറ്റിയില്ലെന്നും വരാം. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ പറയുന്നത്.കൊയ്ത്തുകാലം വരുമ്പോൾ മാത്രമേ, ശരിയായത് തിരിച്ചറിയുവാനും ശേഖരിക്കുവാനും കഴിയൂ.
എന്താണ് കൊയ്ത്തുകാലം? ഈശോ ഈ ഉപമ വ്യാഖ്യാനിക്കുമ്പോൾ പറയുന്നത് കൊയ്ത്തുകാലം യുഗാന്തമാണെന്നാണ്. (മത്താ 13, 39) കൊയ്ത്തുകാർ ദൈവദൂതരും. കളകൾ, തിന്മ ചെയ്തവർ തീയിലെറിയപ്പെടും. നീതിമാന്മാർ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ പറയുന്നത്. (മത്താ 13, 39) നമ്മുടെ കത്തോലിക്കാ വിശ്വാസത്തിൽ ഇത്രയും മനസ്സിലാക്കാനും യുഗാന്തോൻമുഖരായി ജീവിക്കുവാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.
എന്നാൽ അല്പം കൂടി പ്രായോഗികമായി ഈ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ പ്രതീകാത്മക വ്യാഖ്യാനം (Symbolic Interpretation) നമ്മെ സഹായിക്കും. പ്രതീകാത്മകമായ (Symbolic) ഒരു വ്യാഖ്യാനം ഇങ്ങനെയാണ്: കൊയ്ത്തുകാലം ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനത്തിന്റെ സമയമാണ്. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നിങ്ങനെ നിൽക്കും. ദൈവത്തിന്റെ നന്മയും, ദുഷ്ടന്റെ തിന്മയും നമ്മുടെ മുന്പിലുണ്ടാകും. ഓരോ തീരുമാനത്തിന്റെയും സമയം വളരെ തീവ്രതയേറിയതാണ്. കാറ്റിലകപ്പെട്ട കരിയിലപോലെ അത് നമ്മുടെ ജീവിതങ്ങളെ കശക്കിയെറിയും. രക്തപങ്കിലമായ ഒരു യുദ്ധത്തിനെക്കാൾ രൂക്ഷതയേറിയതാകും ചിലപ്പോൾ നമ്മുടെ അവസ്ഥ!
പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിൽ ‘അമ്മ ഇതുപോലൊരു കൊയ്ത്തുകാലത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈശോയുടെ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അവളുടെ മുൻപിൽ വന്നു നിന്ന സമയം. അവൾ വളരെ അസ്വസ്ഥയായി എന്നാണ് വചനം പറയുന്നത്. നന്മയുടെയും തിന്മയുടെയും ഒരു സംഘർഷം, വടംവലി അവളുടെ മനസ്സിൽ നടന്നു. ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നിന്ന സമയം. (ലൂക്ക 1, 26-38) ഈശോയുടെ ജീവിതത്തിലും ഒരു കൊയ്ത്തുകാലം വരുന്നുണ്ട്, തീരുമാനമെടുക്കുവാനുള്ള സമയം. ഒറ്റിക്കൊടുക്കുന്നവൻ തിന്മയുടെ ശക്തികളുമായി ചേർന്ന് ഈശോയെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈശോ ഗത്സമേൻ തോട്ടത്തിലാണ്. എ”അവൻ തീവ്രവേദനയിൽ മുഴുകി …അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” എന്നാണ് ഈശോയുടെ മാനസികാവസ്ഥയെപറ്റി വചനം പറയുന്നത്. ഗോതമ്പുചെടികളും, കളകളും ജീവിതത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഏത് കൊയ്തെടുക്കണമെന്ന് തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ഇവിടെ ആര് ജയിക്കും?
ആര് ജയിക്കും, ഏത് തിരഞ്ഞെടുക്കണം എന്നറിയാൻ നമുക്ക് നിയമാവർത്തന പുസ്തകം വരെയൊന്ന് പോകണം.
നിയമാവർത്തനപുസ്തകം അദ്ധ്യായം 30 ൽ മോശ തന്റെ മരണത്തിന് മുൻപ് ഇസ്രായേൽ ജനത്തോട് പറയുന്നത് നോക്കൂ. “ഇതാ ഇന്ന് ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. …നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. …എന്നാൽ ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും…ചെയ്‌താൽ നീ തീർച്ചയായും നശിക്കും. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു…” (15 – 19) ഈ രണ്ടു യാഥാർഥ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? ആര് ജയിക്കും?
പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ (George Bernard Shaw) ഒരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്: ഒരിക്കൽ വൃദ്ധനായ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, ഉള്ളിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ബെർണാഡ് ഷായോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: “സാർ, എന്റെ ഉള്ളിൽ രണ്ട് പട്ടികൾ ഉണ്ട്. ഒരു പട്ടി വളരെ തിന്മ നിറഞ്ഞതാണ്. മറ്റേതാകട്ടെ വളരെ നല്ലതും. രണ്ടുപേരും എന്റെ ഉള്ളിൽ കിടന്ന് കടിപിടി കൂടുകയാണ്.” അദ്ദേഹം ശ്വാസമെടുക്കാൻ അല്പമൊന്ന് നിർത്തിയപ്പോൾ ബെർണാഡ് ഷാ ചോദിച്ചു: ” “ആരാണ് എപ്പോഴും ജയിക്കുന്നത്?” തെല്ലൊന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു: “ഏതിനാണോ ഞാൻ കൂടുതൽ തീറ്റ കൊടുക്കുന്നത് അത്.”
സ്നേഹമുള്ളവരേ, കൊയ്ത്തുകാലം നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളുടെ സമയമാണ്. തീരുമാനമെടുക്കുന്ന സമയം കൊയ്ത്തുകാലമാണ്. നാം കൊയ്യാൻ പോകുകയാണ്. ഏതു കൊയ്യണം? നന്മയോ, തിന്മയോ? സ്നേഹമോ വെറുപ്പോ? കുടുംബത്തിന്റെ വളർച്ചയോ, തളർച്ചയോ? സമാധാനമോ യുദ്ധമോ? ജീവനോ മരണമോ? ഏത് ഞാൻ തിരഞ്ഞെടുക്കും? ഏതിനോടാണോ എനിക്ക് ഏറെ ഇഷ്ടം അതിനെ, ഏതിനെയാണോ ഞാൻ നാന്നായി തീറ്റിപ്പോറ്റുന്നത് അതിനെ ഞാൻ തിരഞ്ഞെടുക്കും. ഇരുളാണ് എന്നിലുള്ളതെങ്കിൽ, വെറുപ്പാണ് എന്നിലുള്ളതെങ്കിൽ, അഹങ്കാരത്തിന്റെ, അസൂയയുടെ, നാശത്തിന്റെ സർപ്പങ്ങളോടൊപ്പമാണ് എന്റെ ജീവിതമെങ്കിൽ ജയിക്കുന്നത് തിന്മയായിരിക്കും. ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ജീവിതത്തിന്റെ നാഥൻ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മനുഷ്യപുത്രനാണ് ഈശോയാണ് നിന്റെ ജീവിതത്തിന്റെ നാഥൻ എങ്കിൽ, നീ ജീവിക്കും. ഈശോയല്ല, കളകളുടെ, തിന്മയുടെ, ദുഷ്ടതയുടെ കേശുമാരാണ്, സാത്താനാണ് നിന്റെ ജീവിതത്തിന്റെ നാഥനെങ്കിൽ നീ നശിക്കും.
വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, നാം ‘ദൈവത്തിന്റെ വയലാണ്’ (1 കോറി 3, 9) ദൈവം വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വയലുകൾ. അവിടുന്ന് നല്ല വിത്തുകൾ നമ്മിൽ വിതയ്ക്കുന്നു. എന്നാൽ നാം അറിയുന്നു, നമ്മിൽ കളകളും വളരുന്നുണ്ടെന്ന്. ദൈവം തന്റെ കൃപാവരം, energy നമുക്ക് എപ്പോഴും നൽകുന്നു. ഓർക്കുക, നമ്മിലെ കളകൾ ഇതേ വളവും ജലവും വലിച്ചെടുത്താണ് വളരുന്നത്. കാരണം, energy ഒന്നേയുള്ളു. ആ energy കൊണ്ട് ആരെ തീറ്റിപ്പോറ്റണമെന്നുള്ളത് നിന്റെ, നമ്മുടെ തീരുമാനമാണ്. ജീവിതം മുഴുവനും തീരുമാനങ്ങളുടെ കൂട്ടമാണ്. ഓരോ നിമിഷവും നാം തീരുമാനങ്ങളെടുക്കുകയാണ്. വളരെ ഗൗരവമേറിയതാണ് ഓരോ തീരുമാനത്തിന്റെ നിമിഷവും, ഓരോ കൊയ്ത്തുകാലവും. ഓരോ വ്യക്തിയും അവളുടെ/അവന്റെ തീരുമാനമാണ്. വെളിച്ചമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെളിച്ചം, സ്നേഹമാണെങ്കിൽ സ്നേഹം. വെറുപ്പാണെങ്കിൽ വെറുപ്പ്, തിന്മയാണെങ്കിൽ തിന്മ!
ജീവിതം ഒരു ചെസ്സ് കളിപോലെയാണ്. നമ്മുടെ ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്. അത് ജീവിതത്തിലെ സാധാരണ കാര്യങ്ങളായാലും ഗൗരവമേറിയകാര്യങ്ങളായാലും ഒരുപോലെയാണ്. എന്നാൽ, തീരുമാനം, തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും, തീരുമാനത്തിന്റെയും സമയം, പ്രിയപ്പെട്ടവരേ, യുഗാന്തം പോലെ പ്രധാനപ്പെട്ടതാണ്. ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്.
വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലെ, സമൂഹത്തിലും, ലോകം മുഴുവനും ഇന്ന് കളകൾ, തിന്മകൾ വർധിച്ചുവരികയാണ്. ചിലപ്പോൾ തോന്നും, കളകളല്ലേ തഴച്ചു വളരുന്നത് എന്ന്! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളാണ് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പായുന്നത്! ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്, കളകൾ തീയിലേറിയപ്പെടും എന്ന് തന്നെയാണ്.
ഈ കാലഘട്ടത്തിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്: 1. നാം ദൈവത്തിന്റെ വയലാണ്. 2. ദൈവം നമ്മിൽ നല്ല വിത്തുകൾ വിതയ്ക്കുന്നു. 3. വിത്തുകൾ വളർന്ന് ചെടിയായി ഫലം പുറപ്പെടുവിക്കുവാൻ അവിടുന്ന് നമുക്ക് energy, കൃപ നൽകുന്നു. 4. നമ്മിലുള്ള തിന്മയും ഇതേ energy യാണ് വലിച്ചെടുക്കുന്നത്. 5. ജീവിതത്തിലെ തീരുമാനങ്ങളാണ് നമ്മെ ജീവനിലേക്കും മരണത്തിലേയ്ക്കും നയിക്കുന്നത്.

ഈ അവബോധത്തോടെ ദൈവം നൽകുന്ന energy സ്വീകരിച്ചുകൊണ്ട് നമുക്ക് ജീവൻ തിരഞ്ഞെടുക്കുവാൻ ശ്രമിക്കാം. വെളിച്ചത്തിൽ ജീവിക്കുവാൻ പഠിക്കാം. ആമേൻ!
Reblogged this on Nelson MCBS.
LikeLike