SUNDAY SERMON MT 4, 12-17

ഏലിയാ-സ്ലീവാമൂശേക്കാലം

സ്ലീവാ ഒന്നാം ഞായർ

മത്താ 4, 12-17   

സന്ദേശം

Matthew 4,12-17, 23-25 - Digital Catholic Missionaries (DCM)

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ നടന്നുകൊണ്ടിക്കെയാണ് ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ച നാം ആചരിക്കുന്നത്.  ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെ ന്ന് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.  ഈ ദൈവവചനഭാഗത്തിനും സന്ദേശത്തിനും വലിയ പ്രാധാന്യമുണ്ട്.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തു വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 9, 1 ൽ പറയുന്നത് കഫർണാം ഈശോയുടെ സ്വന്തം പട്ടണമെന്നാണ്. ഇവിടെ വച്ചാണ് ഈശോ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നത്. (ലൂക്ക 7, 1 – 10) മേൽക്കൂര പൊളിച്ചു താഴോട്ടു, ഈശോയുടെ മുന്പിലേക്കിറക്കിയ തളർവാതരോഗിയെ സുഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. 40 ഓളം അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു മുക്കുവ ഗ്രാമമാണ് കഫർണാം.

ഈശോയുടെ പരസ്യജീവിത കാലത്തെ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന കഫെർനാമിലേക്കു ഈശോ ആദ്യമായി കടന്നു വന്നപ്പോൾ വിശുദ്ധ മത്തായി ഈ അവസരത്തെ ദൈവികമാക്കുകയാണ്. അദ്ദേഹം ഈശോയെ തിരഞ്ഞെടുക്കപ്പെട്ട യഹൂദരുടെ മാത്രമല്ല, സകല ജനത്തിന്റെയും രക്ഷകനായി അവതരിപ്പിക്കുകയാണ്. മാത്രമല്ല, പ്രവചനങ്ങളുടെ പൂർത്തീകരണമായി ദർശിക്കുകയാണ്. വീണ്ടും ഒരുപടികൂടി കടന്നു, അന്ധകാരത്തിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി കാണിച്ചുകൊടുക്കുകയാണ്. തീർന്നില്ല, മരണത്തിന്റെ മേഖലയിൽ കഴിയുന്നവർക്ക്, ജീവിതകാലത്തു അതിന്റെ നിഴലിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി, ആശ്വാസമായി, ജീവനായി ഈശോയെ ഉയർത്തി നിർത്തുകയാണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ മാത്രമല്ല, വിജാതീയരുടെയും പ്രതീക്ഷയായി, പ്രകാശമായി ഈശോയെ അവതരിപ്പിക്കുകയാണ്. മറ്റൊരുവാക്കിൽ, ലോകം മുഴുവന്റെയും, ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും ദൈവമായി ഈശോയെ ഉയർത്തി പ്രതിഷ്ഠിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ. ഈയൊരു ചെറിയ സുവിശേഷ ഭാഗത്തു ഈശോ സൂര്യതേജസ്സായി തിളങ്ങുകയാണ്!

എന്തിനാണെന്നു സൂര്യതേജസായ, ലോകരക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  അതുകൊണ്ടാണ് ദൈവരാജ്യത്തെ അവതരിപ്പിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ. എന്താണ് മനുഷ്യൻ ആദ്യമായും അവസാനമായും തന്റെ ജീവിതത്തിൽ അന്വേഷിക്കേണ്ടത്? ഈശോ പറയും, മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവാരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9)

എന്താണ് ദൈവരാജ്യം? ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവരാജ്യമായി എന്നാണ് ഈശോ പറയുന്നത്. ഈശോ പറയുന്നു: “ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളിൽ വന്നിരിക്കുന്നു.” (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. വിശുദ്ധ പൗലോശ്ലീഹാ റോമാക്കാരോട് പറയുന്നത് “ദൈവാരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല, പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.” (റോമാ 14, 17)  ദൈവരാജ്യത്തിന്റെ, സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടാണ് സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈശോയുടെ സന്ദേശത്തെ മനോഹരമായി വെളിവാക്കുന്നുണ്ട്. അതുകൊണ്ടു എന്റെ ഉറച്ച വിശ്വാസമിതാണ്: ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ഈശോയുടെ ലക്‌ഷ്യം ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അപ്പോൾ മുതൽ യേശു പ്രസംഗിക്കുവാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” (മത്താ 4, 17) മർക്കോസിന്റെ സുവിശേഷത്തിൽ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെ: “സമയത്തെ പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 15) ലൂക്കയുടെ സുവിശേഷത്തിൽ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെ: “കർത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” (ലൂക്ക 4, 19)

ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവരാജ്യത്തിലായിരുന്നു എന്നാണ്. പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, കുറേക്കാലം… പിന്നെ അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം… അവസാനമെന്നോണം ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്….

മനുഷ്യ ചരിത്രത്തിനെന്നും നിഷ്കളങ്കരുടെ രക്തത്തിന്റെ മണമാണുള്ളത്. തോൽക്കുന്നവന്റെയും ജയിക്കുന്നന്റെയും ചരിത്രം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റേതുമാണ്. മഹാഭാരത യുദ്ധത്തിൽ മരണശയ്യയിൽ കിടക്കുന്ന ദുര്യോധനൻ മറുപക്ഷത്തോട് പറയുന്നത് ഇങ്ങനെയാണ്: “… ചതികൊണ്ട് നേടിയ നിങ്ങളുടെ വിജയകിരീടങ്ങൾക്കു എന്ത് വിലയാണുള്ളത്? വഞ്ചനയിൽ ജീവിച്ചു, വഞ്ചനകൊണ്ട് ജയിച്ചു, ജയത്തെത്തന്നെ നിങ്ങൾ പരാജയമാക്കി.” പിന്നീട് അയാൾ യുധിഷ്ഠരനോട് പറഞ്ഞു: “യുധിഷ്ഠരാ, വിധവകളുടെ ഒരു മഹാരാജ്യം നിന്നെ കാത്തിരിക്കുന്നു.” നോക്കൂ… എന്തൊരു വാക്യമാണ്! വിധവകളുടെ മഹാരാജ്യം! എല്ലാ യുദ്ധവും ബാക്കിയാക്കുന്നത് അതാണ്. യുദ്ധം എപ്പോഴും, ശത്രുത എപ്പോഴും, സ്വത്തിനുവേണ്ടിയോ, സ്ഥലത്തിനുവേണ്ടിയോ, എന്തിനൊക്കെ വേണ്ടിയായാലും തർക്കങ്ങൾ എപ്പോഴും നഷ്ടങ്ങളിലെ അവസാനിക്കൂ! അല്ലെങ്കിൽ ബൈബിൾ മറിച്ചു നോക്കിക്കോളൂ, ലോകചരിത്രത്തിലെ ഏടുകൾ മറിച്ചു നോക്കിക്കോളൂ.. ദൈവ രാജ്യത്തിൽ നിന്നകലുന്നതെല്ലാം നാശത്തിലേ അവസാനിക്കുകയുള്ളു,

എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ, കേരളത്തിന്റെ വർത്തമാന ചരിത്രം ഒന്ന് വീക്ഷിച്ചാൽ എല്ലാം മനസ്സിലാകും. ‘അവതാരങ്ങൾ’ ജനങ്ങളുടെ ഭരണകൂടങ്ങളെ വിഴുങ്ങിയിരിക്കുന്ന അവസ്ഥ……ജനാധിപത്യം ഫാസിസത്തിന്റെ കുപ്പായം ത്യ ധരിച്ചുകൊണ്ടിരിക്കുന്ന കാലം…അധികാരമുറപ്പിക്കുവാൻ വേണ്ടി മാത്രം തെരുവുയുദ്ധങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു…സർവ്വ നാശത്തിന്റെ രാസായുധങ്ങൾ അണിയറയിൽ ഒരുങ്ങിയിരിക്കുമ്പോഴും രാജ്യങ്ങൾ യുദ്ധത്തിനായി കോപ്പു കൂട്ടുന്നു…

അതോടൊപ്പം തന്നെ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുവാൻ പലതരത്തിലുള്ള ജിഹാദുകൾ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പെൺകുട്ടികളുടെ, യുവാക്കളുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ, അവരുടെ പക്വമായ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ യുവതീയുവാക്കൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവരും ക്രിസ്തുവിന് ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരുമാണ്. എന്നാൽ, ജിഹാദികൾ കൊളുത്തുന്ന അഗ്നിയുടെ ആകർഷണ വലയത്തിൽപെട്ടു പോകുന്നവർ ഉണ്ടെന്ന് ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു. നാർക്കോട്ടിക് ജിഹാദ് പുതിയതല്ല. പക്ഷേ, ഈ കേരളത്തിൽ, ക്രൈസ്തവർക്കെതിരെ ഒരായുധമായി ജിഹാദികൾ ഉപയോഗിക്കുവാൻ തുടങ്ങിയെന്നുള്ളതാണ്, ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ തകർക്കുവാൻ തുടങ്ങിയെന്നതാണ് പുതിയ കാര്യം.

സ്നേഹമുള്ളവരേ, ദൈവരാജ്യത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ മനുഷ്യകുലത്തെ ദൈവരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും, എന്നും.

DON MOEN (Praise & Worship Leader) - SEEK FIRST THE KINGDOM OF GOD! This is  a wonderful reminder. | Facebook

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ ദൈവം നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനസ്ഥലങ്ങളും!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്. സ്നേഹമുള്ളവരേ, നമ്മുടെ മുൻപിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരുകാലത്ത് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞു നിന്ന രാജ്യങ്ങളായിരുന്നു ഈജിപ്ത്, ലബനൻ, സിറിയ തുടങ്ങിയവ. ഇന്നവ മുസ്‌ലിം രാജ്യങ്ങളാണ്.  ഒരുകാലത്ത് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞു നിന്ന രാജ്യമായിരുന്നു അർമേനിയ. ഇന്നത് മുസ്‌ലിം രാജ്യമാണ്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ തലയുയര്‍ത്തി നിന്ന ക്രൈസ്തവ അഭിമാന സ്തംഭമായിരുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് അതൊരു മുസ്ലീം പള്ളിയാണ്.

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും കോവിഡ് കാലം കഴിഞ്ഞും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും ചെയ്യും.

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും,

ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

One thought on “SUNDAY SERMON MT 4, 12-17”

Leave a reply to Silent Love Cancel reply