ഏലിയാ-സ്ലീവാ-മൂശേക്കാലം
മൂശേ മൂന്നാം ഞായർ
മത്താ 8, 23 – 34
സന്ദേശം

ചക്രവാതച്ചുഴിയുടെ ഭീകരതാണ്ഡവം മുന്നിൽ കണ്ട് സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും വലിയ ഭീതിയിലാണ് കേരളം. കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നമ്മെ വളരെയേറെ തളർത്തിക്കഴിഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുവരുന്ന മറ്റു വാർത്തകളും ലോകം മുഴുവനും കൊടുങ്കാറ്റിൽപ്പെട്ട് വലയുകയാണോ എന്ന ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്തുന്നു! നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങിയ വൈദികനെ അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇസ്ലാമിക തീവ്രവാദികളാണ് ഇതിന്റെ പിന്നിൽ എന്ന് ക്രൈസ്തവർ പറയുന്നു. ഏതാണ്ട് 18, 500 ക്രൈസ്തവരെയാണ് കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. നമ്മുടെ ഭാരതത്തിൽ 273 ദിവസങ്ങൾക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ക്രൈസ്തവ സമൂഹത്തിൽ മാത്രം സർവേ നടത്തുകയാണ് ഗവണ്മെന്റ്. തീവ്രവാദ ആക്രമണങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറുന്നുണ്ട്. കോവിഡ് മൂലം ലോകരാജ്യങ്ങൾ സാമ്പത്തിക, സാമൂഹ്യ ആരോഗ്യഭീഷണി നേരിടുകയാണ്.
ഇതെല്ലം മുന്നിൽ കണ്ടുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം വായിച്ചാൽ നമുക്ക് തോന്നുക, സുവിശേഷത്തിലെ കൊടുങ്കാറ്റിൽ ഉലയുന്ന തോണിയല്ലേ നമ്മുടെ ലോകം എന്നാണ്.
ഏലിയാ സ്ലീവാ മൂശേക്കാലത്തി ലെ മൂശേ മൂന്നാം ഞായറാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.
വ്യാഖ്യാനം
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാച് ബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു വിചിന്തനത്തിനു വിഷയമാക്കുന്നത്. കാരണമുണ്ട്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൊടുങ്കാറ്റിൽ നമ്മുടെ ജീവിതവും ആടിയുലയുകയാണ്. ലോകമാകുന്ന കടലും, നമ്മുടെ ജീവിതമാകുന്ന, നമ്മുടെ കുടുംബമാകുന്ന കടലും ഇന്ന് അസ്വസ്ഥമാണ്!
വചനഭാഗത്തെ ആദ്യ വാചകം സൂചിപ്പിക്കുന്നത് ഈശോയോടൊപ്പം ശിഷ്യന്മാർ തോണിയിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ്. നേരെ മറിച്ചല്ല. ശിഷ്യന്മാരോടൊപ്പം ഈശോ സഞ്ചരിക്കുകയായിരുന്നില്ല. രണ്ടായാലും effect ഒന്നാണെങ്കിലും കുറച്ചുകൂടുതൽ ധൈര്യം ഈശോയോടൊപ്പം ഞാൻ കൂടുമ്പോൾ ആണല്ലോ. എങ്കിലും ഉഗ്രമായ കൊടുങ്കാറ്റിൽ തോണിമുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നപ്പോൾ ശിഷ്യന്മാർ ഭയപ്പെടുകയാണ്. ഓർക്കണം, കടലിലെ എല്ലാ അഭ്യാസങ്ങളും അറിയാവുന്ന, കടലിന്റെ ഭാവമാറ്റങ്ങൾ ഗ്രഹിക്കുവാനും അവയ്‌ക്കെതിരെ മുൻകരുതലുകൾ എടുക്കുവാനും കഴിയുന്ന ഒഴുക്കിനെതിരെ നീന്താൻ കെല്പുള്ള ശിഷ്യന്മാരെയാണ് ഈ കാറ്റും കോളും ഭയപ്പെടുത്തുന്നത്!!
കടലെന്നുപറയുന്നുണ്ടെങ്കിലും ഇതൊരു തടാകമാണ്. ഗലീലി തടാകം ലോകത്തിലെ തന്നെ ഏറ്റവും താഴ്ച്ച കുറഞ്ഞ ശുദ്ധ ജലതടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 686 അടി താഴ്ചയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ശിഷ്യന്മാർക്കു വളരെ പരിചിതമായ ഈ തടാകത്തിലെ ഓരോ ചലനവും അറിയാവുന്നവരായിരുന്നെങ്കിലും പെട്ടെന്ന് വന്ന കൊടുങ്കാറ്റ് അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കാം. ഈശോയോടൊപ്പമാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് ഒരു നിമിഷം മറന്നിരിക്കാം. ഈശോ കൂടെയുണ്ടെന്നും അവിടുന്ന് സകലത്തിന്റെയും നാഥനാണെന്നും, അവിടുന്ന് രക്ഷകനാണെന്നും ഓർക്കാൻ കഴിയാത്തവിധം അവരുടെ മനസ്സ് blank ആയിപ്പോയിരിക്കാം. അതുകൊണ്ടായിരിക്കണം നാശത്തിന്റെ, മരണത്തിന്റെ ഗന്ധം അവർക്കു കിട്ടിയത്. പിന്നെ വെറും മാനുഷികമായ വെപ്രാളമാണ് നാമിവിടെ കാണുന്നത്.
എന്നിട്ടോ, കാറ്റിനെ ചിറകുകളാക്കുന്നവൻ, കടലിനെ പാതയാക്കുന്നവൻ ശിഷ്യരുടെ അല്പവിശ്വാസത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടു, കാറ്റിനെയും കടലിനെയും ശാസിക്കുകയാണ്. വചനം പറയുന്നു, “അവിടെ ശാന്തതയുണ്ടായി!! അവിടെ, പ്രകൃതിയിൽ, ശിഷ്യരുടെ മനസ്സിൽ ശാന്തത നിറഞ്ഞു.
മനുഷ്യ മനസ്സെപ്പോഴും കൊടുങ്കാറ്റിനാൽ കലങ്ങിമറയുന്ന കടലുപോലെയാണ്. അതുകൊണ്ടാണ് ബൈബിളിൽ കടൽ തിന്മയുടെ, മരണത്തിന്റെ, സങ്കീർണങ്ങളായ പ്രശ്നങ്ങളുടെ, ദൈവാനുഗ്രഹത്തെ തടസ്സപ്പെടുത്തുന്നതിന്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 57, 20 ൽ പറയുന്നത്: ” ദുഷ്ടരായ മനുഷ്യർ പ്രക്ഷുബ്ധമായ കടൽ പോലെയാണ്. അതിനു ശാന്തമാകാനാകില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചു കയറ്റുന്നു” എന്നാണ്.
സാഹിത്യരചനകളിൽ കടലിനെ അവതരിപ്പിക്കുന്നത് മനുഷ്യ വികാരങ്ങളുടെ തിരയടിക്കുന്ന ഇടമായിട്ടാണ്. ചിലപ്പോൾ കടലിനെ കണ്ടാൽ മരണത്തിനു വിധിക്കപ്പെട്ടവന്റെ നിസംഗത ആയിരിക്കും. മറ്റു ചിലപ്പോൾ ശാന്തതയും. അലറിമറിയുന്ന കടലിനെ ദേഷ്യംകൊണ്ട് കലങ്ങുന്ന മനുഷ്യ മനസ്സായിട്ടാണ് കാണുന്നത്. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന കടലിനെ നിരാശ നിറഞ്ഞ മനുഷ്യമനസ്സായും അവതരിപ്പിക്കാറുണ്ട്. മനുഷ്യവികാരങ്ങൾ ജലരൂപം പ്രാപിച്ചതാണ് കടൽ. ചിലപ്പോൾ സ്നേഹിക്കും, ചിലപ്പോൾ കരയും, മറ്റുചിലപ്പോൾ വെറുക്കും, അടങ്ങാത്ത ആക്രാന്തവും കടൽ കാണിക്കും. നീലിമ നിറഞ്ഞ സൗന്ദര്യത്തോടെ കടൽ മാടിവിളിക്കുമ്പോൾ ഉള്ളിലുയരുന്ന ആർത്തികൊണ്ടു മനുഷ്യൻ പ്രലോഭിതനാകും. അവസാനം ഒന്നും നേടാതെ മടങ്ങേണ്ടിവരും.
ഏണസ്റ്റ് ഹെമിങ്‌വേ (Ernest Hemingway) യുടെ “കിഴവനും കടലും” (The Oldman and Sea) എന്ന പ്രസിദ്ധമായ നോവൽ ഓർക്കുന്നില്ലേ? സാന്റിയാഗോ എന്ന കിഴവൻ വലിയ മത്സ്യത്തെ പിടിക്കാൻ കടലിലേക്ക് പോകുകയാണ്. 84 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ലഭിക്കുന്നില്ല. അടുത്തദിവസവും കടൽ അയാളെ മാടിവിളിക്കുകയാണ്. ആഴക്കടലിൽ ചെല്ലുന്ന അയാളുടെ വലിയ ചൂണ്ടയിൽ മർലിൻ എന്ന വലിയ മത്സ്യം കുടുങ്ങുകയാണ്. കുറെ കഴിഞ്ഞപ്പോൾ ആ മത്സ്യത്തിന്റെ രക്തം കണ്ടു സ്രാവുകൾ നീന്തിയെത്തുന്നു. മത്സ്യം അയാളുടെ ജീവൻ പോലും അപകടപ്പെടുത്തുമെന്നു കണ്ടിട്ടും അയാളതിനെ ഉപേക്ഷിക്കുന്നില്ല.
കുറച്ചു സ്രാവുകളെ അയാൾക്ക് കൊല്ലുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും, സ്രാവുകൾ അവസാനം അയാളെ വിട്ടു മർലിൻ എന്ന വലിയ മത്സ്യത്തെ തിന്നുകയാണ്. സ്രാവുകളോട് മല്ലിട്ടു മർലിനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന അയാൾ മൂന്നാം ദിവസം കരയ്‌ക്കെത്തുമ്പോൾ നിരാശയോടെ മനസിലാക്കുന്നു, തന്റെ ചൂണ്ടയിൽ മർലിന്റെ അസ്ഥികൂടം മാത്രമേയുള്ളുവെന്ന്!!!!
സ്നേഹമുള്ളവരേ, ഓരോ മനുഷ്യനും ഒരു കടലാണ്. നാമോരോരുത്തരും കടലാണ്. എപ്പോഴും ഉഗ്രമായ കൊടുങ്കാറ്റുകളടിക്കുന്ന, പ്രക്ഷുബ്ധമായ കടൽ!! കലങ്ങി മറിയുന്ന വികാരങ്ങൾ, ദേഷ്യത്തിന്റെ, വെറുപ്പിന്റെ, അസൂയയുടെ, ആർത്തിയുടെ, ആഞ്ഞടിക്കുന്ന തിരമാലകളുമായി ഒഴുകുന്നവർ!!! നേടിയെടുക്കാനും വിജയം കൊയ്യുവാനും ഉള്ള വെമ്പലിൽ മലരുകളും ചുഴികളും എല്ലാം നാം മറക്കും!
പുറമെ മത്സരം, അകമേ ഭയം (2 കോറി 7, 5) എന്ന് വിശുദ്ധ പൗലോശ്ലീഹാ രേഖപ്പെടുത്തിയതുപോലെ മനുഷ്യരെല്ലാവരും ഇന്ന് അസ്വസ്ഥരായി അലയുകയാണ്. എല്ലാവരും ശാന്തി തേടുകയാണ്. എന്നാൽ, ജീവിതം മുങ്ങിപ്പോകത്തക്കവിധം തിരമാലകൾ ഉയർന്നടിക്കുന്നതു കണ്ടു നാം പലപ്പോഴും അലറിവിളിക്കാറുണ്ട്, ശിഷ്യരെപ്പോലെ: “കർത്താവേ രക്ഷിക്കണേ!” ഉറച്ചു വിശ്വസിക്കുക, ജീവിതത്തിന്റെ അണിയത്തു വിശ്രമിക്കുന്ന എന്റെ ദൈവം എന്റെ ജീവിതമാകുന്ന കടലിനെയും അതിലെ കാറ്റിനെയും ശാന്തമാക്കും.

ജീവിതം ആടിയുലയുന്ന വേളയിലും ഈശോ ശിഷ്യന്മാരെ നാല് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്, അവരുടെ ജീവിതത്തെ രൂപപ്പെടുത്തുവാൻ.
ഒന്ന്, സുരക്ഷിതത്വം. എന്താണ് നമുക്ക് സുരക്ഷിതത്വം നൽകുന്നത്? നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളതാണ് നമുക്ക് സുരക്ഷിതത്വം നൽകുന്നത്. ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുമ്പോൾ ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ഒരു പ്രത്യേക സുരക്ഷിതത്വം നമുക്ക് feel ചെയ്യും.
രണ്ട്, പ്രതീക്ഷ. ജീവിതത്തിലെ മാനസികവും വൈകാരികവുമായ ആടിയുലച്ചിലുകൾ പലതും യഥാർത്ഥത്തിൽ മനുഷ്യ മനസ്സിന്റെ അടിത്തട്ടിലുള്ള നിരാശയുടെയും, ശൂന്യതാബോധത്തിന്റെയും ലക്ഷണങ്ങളാണ്. “അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു” എന്ന ചോദ്യത്തിലില്ലേ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളുടെയും അവസാനം ക്രിസ്തുവാണെന്ന്? മക്കബായക്കാരുടെ രണ്ടാം പുസ്തകം അദ്ധ്യായം 8, വാക്യം 18 ൽ പറയുന്ന പോലെ, “നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.”
മൂന്ന്, മനോഭാവം. ജീവിതത്തിന് ദിശാബോധം നൽകുന്നത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളാണ്. ക്രിസ്തുവിന് എന്റെ ജീവിതത്തെ ശാന്തമാക്കുവാൻ കഴിയുമെന്ന ഒരു മനോഭാവം വളർത്തിയെടുക്കാൻ നമുക്കാകണം.
നാല്, ശക്തിപ്പെടുത്തൽ. സഹോദരാ, സഹോദരീ, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടെന്ന് പറഞ്ഞു പരസ്പരം ശക്തിപ്പെടുത്തുവാൻ മാത്രം മനഃസ്ഥൈര്യം സ്വന്തംമാക്കണം നാം.
ഇത്തരത്തിൽ ജീവിതത്തെ രൂപപ്പെടുത്തുമ്പോൾ, ക്രൈസ്തവജീവിതം രൂപപ്പെടുത്തുമ്പോൾ ഏതു നിമിഷത്തിലും നാം നമ്മുടെ ജീവിതത്തിന്റെ അണിയത്തുള്ള ക്രിസ്തുവിനെ വിളിച്ചുണർത്തും.
കഴിഞ്ഞ ദിവസം മഴക്കെടുതി മൂലം ദുരന്തം സംഭവിച്ചരുടെ ജീവിതത്തിൽ വലിയകൊടുങ്കാറ്റടിച്ചിരിക്കുകയാണ്. ഇപ്പോഴും തിരയൊടുങ്ങിയിട്ടില്ല. ജീവിതം കിടന്നു ആടിയുലയുകയാണ്. കോവിഡ് എന്ന മഹാമാരിയുടെ ദുരിതങ്ങളിലൂടെ കടന്നുപോകുന്നവരും, സാമ്പത്തിക ബുദ്ധിമുട്ടിൽ ആടിയുലയുന്നവരും, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവമൂലം ക്ലേശിക്കുന്നവരും, മതമർദ്ദനത്തിലൂടെ കടന്നു പോകുന്ന ക്രൈസ്തവരും, മഴക്കെടുതിമൂലം കഷ്ടപ്പെടുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും. സ്നേഹമുള്ളവരേ, ഒരു കാര്യം എനിക്ക് തീർച്ചയാണ്, ആ ഒരു കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്ന് വിശുദ്ധ കുർബാനയിലെ ഈശോയെ അവർ വിളിച്ചുണർത്തും. ഈശോ അവരുടെ ജീവിതമാകുന്ന കടലിനെ ശാന്തമാക്കും; കുടുംബത്തെ ആശ്വസിപ്പിക്കും.
നമ്മുടെ ജീവിതത്തിൽ തകർച്ചകളുണ്ടാകുമ്പോൾ, പാപാവസ്ഥയിലാകുമ്പോൾ, പരാജയങ്ങൾ കൂടെക്കൂടെ ഏറ്റുവാങ്ങുമ്പോൾ ഈ സഹോദരെപ്പോലെ പിൻവലിയരുത്. നാം ദേവാലയത്തിലേക്ക്, ഈശോയിലേക്ക് കടന്നുവരണം. ഇപ്പോൾ വന്നാൽ പ്രാർത്ഥിക്കുവാൻ പറ്റുകയില്ലല്ലോ എന്ന് ഓർക്കേണ്ടതില്ല. ഇതാണ് ഏറ്റവും പറ്റിയ സമയം. ഈശോയിലുള്ള വിശ്വാസത്തിലേക്ക് ഉണരണം. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നിരിക്കാം. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരിക്കുന്ന അവസ്ഥയിലായിരിക്കാം നിങ്ങളുടെ ദാമ്പത്യം. അല്ലെങ്കിൽ മക്കളെ ഓർത്തുള്ള വേദനയായിരിക്കാം. സാമ്പത്തിക തകർച്ചയിലായിരിക്കാം നിങ്ങൾ. വിവാഹം നടക്കാത്തതിന്റെ, ജോലി ലഭിക്കാത്തതിന്റെ, പഠനം നടക്കാത്തതിന്റെ തിരമാലകളാൽ ഉലയുന്ന തോണിയായിരിക്കാം നിങ്ങൾ. നിങ്ങൾ ദേവാലയത്തിൽ വരണം. ശിഷ്യന്മാരെപോലെ, വിറളിപിടിച്ച, വെപ്രാളം നിറഞ്ഞ അവസ്ഥയിൽ നിങ്ങളെ കാണുന്ന നിങ്ങളുടെ, നമ്മുടെ ഈശോ നിങ്ങൾക്ക് ആശ്വാസം നൽകും. അന്നത്തെ ബഹു. അച്ഛന്റെ വചനസന്ദേശത്തിലൂടെയാകാം, അർപ്പിച്ച വിശുദ്ധ ബലിയിലൂടെയാകാം ഈശോ നിങ്ങളുടെ ജീവിതത്തിൽ വരും. കാരണം, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീസ്ഥനാണ്.” (സങ്കീ 34, 18)
സമാപനം
സ്നേഹമുള്ളവരേ, മറ്റുള്ളവരുടെ ജീവിതങ്ങളെ ഈശോ ആശ്വസിപ്പിക്കുന്നത് ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷെ വിശ്വാസം നിങ്ങളിൽ വളർന്നിട്ടില്ല. നിങ്ങൾ തന്നെ ഈശോയുടെ സാന്നിധ്യം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വിശ്വാസം ഉയർന്നിട്ടില്ല. നിങ്ങൾപോലും അറിയാതെ നിങ്ങളുടെ കുടുംബജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, വിശ്വാസത്തിലേക്ക് ഉണരുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പിന്നെയും ചോദ്യങ്ങൾ?? പിന്നെയും സംശയങ്ങൾ!! പിന്നെയും അവിശ്വാസം!! എന്നാൽ, നിങ്ങൾ കാത്തിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ വിശ്വാസം വളർന്നു കൊണ്ടേയിരിക്കുമ്പോൾ, ആ വിശ്വാസം നിങ്ങളിൽ പാകമാകുമ്പോൾ ക്രിസ്തു നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും.

ഉഗ്രമായ കൊടുങ്കാറ്റിനാൽ ആടിയുലയുന്ന നിങ്ങളുടെ ജീവിതത്തിൽ ശാന്തത നിറയും. സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്. ആമേൻ!!
Reblogged this on Nelson MCBS.
LikeLike