ദനഹാക്കാലം ഒന്നാം ഞായർ
യോഹ 1, 45-51
(സീറോ മലബാർ സഭയുടെ പുതിയ ആരാധനാക്രമ കലണ്ടറനുസരിച്ചുള്ള സുവിശേഷഭാഗമാണ് വിചിന്തനത്തിനായി എടുത്തിരിക്കുന്നത്.)
സന്ദേശം

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2022 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2022 ലെ ആദ്യ ഞായറാഴ്ചയാണിന്ന്. ഈ പുതുവർഷം ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.
ദനഹാക്കാലത്തിന്റെ സന്ദേശം എന്താണ് എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!
വ്യാഖ്യാനം
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രത്യേക ലക്‌ഷ്യം തന്നെ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക എന്നതാണ്. വിശുദ്ധ യോഹാന്നാൻ അവതരിപ്പിക്കുന്ന അത്ഭുതങ്ങൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് സംഭവിക്കുന്നത്. വിശുദ്ധ യോഹാന്നാൻ അവതരിപ്പിക്കുന്ന അടയാളങ്ങൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്; വിശുദ്ധ യോഹാന്നാൻ അവതരിപ്പിക്കുന്ന പ്രതീകങ്ങൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് നിലകൊള്ളുന്നത്; വിശുദ്ധ യോഹന്നാൻ കൊണ്ടുവരുന്ന വ്യക്തികൾ ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് രംഗത്തുവരുന്നത്. ഇന്നത്തെ സുവിശേഷത്തിലും ഈശോയുടെ ഭാവി ശിഷ്യന്മാരാകാൻ പോകുന്ന പീലിപ്പോസിലൂടെയും, നഥാനിയേൽ എന്ന് വിളിക്കപ്പെടുന്ന ബർത്തലോമിയോയിലൂടെയും സംഭവിക്കുന്നതും ഈശോയുടെ മഹത്വീകരണമാണ്.
ഇന്നത്തെ സുവിശേഷത്തിൽ, ഈശോയെ അനുഗമിക്കുവാൻ പീലിപ്പോസ് തീരുമാനിച്ചപ്പോൾ, ഭാരതത്തിന്റെ ഭക്തകവി കബീർദാസ് പാടിയപോലെ “ദൈവമേ നീ എന്നിലൂടെ പ്രകാശിക്കൂ ….നിന്നെക്കുറിച്ചുള്ള സ്നേഹഗീതങ്ങളാകട്ടെ എന്റെ അധരങ്ങൾ ഉരുവിടേണ്ടത്” എന്ന് മനസ്സുകൊണ്ട് അദ്ദേഹം പറഞ്ഞു കാണണം. മാത്രമല്ല, “നാളെ ചെയ്യാനാഗ്രഹിക്കുന്നതെന്തോ, അത് ഇന്ന് ചെയ്യുക, ഇന്ന് ചെയ്യാനാഗ്രഹിക്കുന്നത് ഇപ്പോൾ ചെയ്യുക” എന്ന കബീർദാസിന്റെ മനോഭാവത്തോടെയാകണം അയാൾ കൂട്ടുകാരൻ നഥാനിയേലിന്റെ അടുത്തേയ്ക്കു ചെന്നത്. അത്രമേൽ ഇച്ഛാശക്തിയോടെയാണ് പീലിപ്പോസ് ഈശോയുടെ ശിഷ്യനായത്. കാരണം, ക്രിസ്തുവിന്റെ ശിഷ്യന്റെ ഇച്ഛാശക്തി (Will Power) എന്നുപറയുന്നത് തന്നിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നതാണ്. ക്രിസ്തുവിന്റെ ശിഷ്യന്റെ ഇച്ഛാശക്തി എന്നുപറയുന്നത് തന്റെ ചിന്തയിലൂടെ, വാക്കിലൂടെ, പ്രവർത്തിയിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നത് മാത്രമാണ്. അതുകൊണ്ട് പീലിപ്പോസ് നഥാനിയേലിനോട് പറയുകയാണ്: “മോശയുടെ നിയമത്തിലും, പ്രവാചക ഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ, ജോസഫിന്റെ മകൻ, നസ്രത്തിൽ നിന്നുള്ള യേശുവിനെ ഞാൻ കണ്ടു.” താൻ ആരുടെ ശിഷ്യനാണോ ആ ക്രിസ്തുവിനെ തന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുവാനാണ് പീലിപ്പോസ് ശ്രമിക്കുന്നത്. തന്റെ സുഹൃത്തിന് അത് ഇഷ്ടമാകുമോ, തങ്ങളുടെ സൗഹൃദം അതുവഴി തകരാറിലാകുമോ, തന്നെ നഥാനിയേൽ വിലകുറച്ചു കാണുമോ എന്നുള്ള ചിന്തകളൊന്നും പീലിപ്പോസിലില്ല. അങ്ങനെയുള്ള ചിന്തകളൊന്നും ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഏറ്റുപറയുവാൻ, തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ പീലിപ്പോസിന് തടസ്സമാകുന്നുമില്ല. പീലിപ്പോസിലൂടെ ക്രിസ്തു മഹത്വീകൃതനാകുകയാണ്.
പീലിപ്പോസിന്റെ ഇച്ഛാശക്തി നഥാനിയേലിൽ പലവിധ പ്രതികരണങ്ങൾ ഉണ്ടാക്കിയെങ്കിലും, ആ സാഹചര്യം ക്രിസ്തുവിന്റെ ഇടപെടലുകൊണ്ട് വിശുദ്ധമാകുകയാണ്. ഒരു ക്രൈസ്തവൻ, അവൾ, അവൻ ആരുമാകട്ടെ, തന്റെ കടമയും ദൗത്യവും നിർവഹിക്കുവാൻ തയ്യാറാകുമ്പോൾ, തങ്ങളുടെ ക്രൈസ്തവ ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാൻ ഇച്ഛാശക്തി കാണിക്കുമ്പോൾ അവിടെ ക്രിസ്തു ഇടപെടുമെന്നത് തീർച്ചയാണ്; പരിശുദ്ധാത്മാവിന്റെ കൃപയുടെ ഒഴുക്കുണ്ടാകുമെന്നത് അച്ചട്ടമാണ്. സംശയങ്ങൾ ഏറെയുണ്ടായെങ്കിലും, തന്റേതായ വാദമുഖങ്ങൾ അദ്ദേഹം തുറന്നെങ്കിലും, ഒടുവിൽ നഥാനിയേലും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനുള്ള ഇച്ഛാശക്തി കാണിക്കുകയാണ്. അദ്ദേഹം പറയുകയാണ്: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”
ഈ രംഗം ഒന്ന് ഭാവന ചെയ്യാൻ സാധിച്ചാൽ മനോഹരമാണ് പ്രിയപ്പെട്ടവരേ! ഒരു വ്യക്തി ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിച്ചിട്ട്, തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുമ്പോൾ, ക്രിസ്തു സന്തോഷിക്കുകയാണ്. അത് മാത്രമല്ല, അയാളുടെ ജീവിതത്തിലേക്ക് വലിയ വലിയ കാര്യങ്ങളുടെ വെബ്‌സൈറ്റ് തുറക്കുകയാണ്. അദ്ദേഹത്തിന് കൊടുക്കുന്ന സൗഭാഗ്യങ്ങൾ ഊഹിക്കാൻ പോലും സാധിക്കുന്നതല്ല. ഈശോ പറയുകയാണ്, സ്വർഗം തുറക്കപ്പെടുന്നത് നീ കാണും. അവിടെ മാലാഖമാരുടെ പ്രവർത്തനങ്ങൾ നീ വീക്ഷിക്കും. എന്നുവച്ചാൽ, നിന്റെ വ്യക്തി ജീവിതത്തിൽ, നിന്റെ കുടുംബത്തിൽ സ്വർഗീയ അന്തരീക്ഷം നിറയും. നിന്റെ ജീവിതത്തെ, കുടുംബത്തിന്റെ, മക്കളുടെ ജീവിതത്തെ കാക്കുവാനും നയിക്കുവാനും മാലാഖമാർ വരികയും പോകുകയും ചെയ്യും. നീ വലിയ വലിയ കാര്യങ്ങൾ കാണുക തന്നെ ചെയ്യും!
എന്താണ് ഇച്ഛാശക്തി? (Will Power) ഒരു വ്യക്തി തന്നിലുള്ള സ്വാഭാവിക പ്രവണതകളെ നിയന്ത്രിച്ചുകൊണ്ട്, ജീവിതത്തിലെ കടമയും ദൗത്യവും നിറവേറ്റുവാൻ തന്റെ ശക്തിയും പ്രയത്നവും പൂർണമായും ഉപയോഗിക്കുന്നതിനെയാണ് ഇച്ഛാശക്തി എന്ന് പറയുന്നത്. ഒരു വ്യക്തി ജീവിതത്തിൽ ചെയ്യേണ്ടത് ചെയ്യാനുള്ള കഴിവാണ് ഇച്ഛാശക്തി. നിങ്ങൾക്കത് ചെയ്യുവാൻ ഇഷ്ടമില്ലെങ്കിലും, നിങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങൾ ചെയ്യേണ്ടതിനെ പിന്തുടരുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, നിങ്ങൾ ചെയ്യേണ്ടവ ചെയ്യുവാൻ നിങ്ങൾ കാണിക്കുന്ന ആർജ്ജവമാണ്, അതിനോട് കാണിക്കുന്ന ആത്മാർത്ഥതയാണ് ഇച്ഛാശക്തി. ഇച്ഛാശക്തിയിലേക്ക് എത്തിച്ചേരുവാൻ ആദ്യമായി ഒരു വ്യക്തി താൻ ആരാണെന്നും, തന്റെ കടമയും ദൗത്യവും എന്താണെന്നും അറിയണം. രണ്ടാമതായി, ആത്മനിയന്ത്രണത്തിലൂടെ ആ വ്യക്തി കടന്നുപോകണം.

തന്റെ ദൗത്യത്തിനും കടമയ്ക്കും അനുസരിച്ച് തന്റെ ചിന്തയെയും, വാക്കിനേയും, പ്രവർത്തിയെയും നിയന്ത്രിക്കണം. മൂന്നാമതായി, ലക്ഷ്യത്തിലേക്കെത്തുവാനുള്ള പ്രയത്നം. ഈ മൂന്നുകാര്യങ്ങളും കൂടുമ്പോഴാണ് ഒരു വ്യക്തിയിൽ ഇച്ഛാശക്തി രൂപപ്പെടുക.
ഒരു ക്രൈസ്തവൻ തന്നിൽ രൂപപ്പെടുത്തേണ്ടത് ക്രൈസ്തവ ഇച്ഛാശക്തിയാണ് (Christian Will Power). മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി തീരുന്ന ക്രൈസ്തവർ, പരിശുദ്ധാത്മാവിന്റെ കൃപയിൽ നിറഞ്ഞ് തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ തയ്യാറാകുന്നിടത്താണ്, തങ്ങളുടെ സമയവും, കഴിവും, പ്രയത്നവും ഉപയോഗിക്കുന്നിടത്താണ് ക്രൈസ്തവരിൽ ക്രൈസ്തവ ഇച്ഛാശക്തി രൂപപ്പെടുന്നത്. ക്രൈസ്തവർ തങ്ങളുടെ ജീവിതാവസ്ഥയ്ക്ക് അനുസരിച്ച് അവരുടെ ക്രൈസ്തവ ഇച്ഛാശക്തിയെ രൂപപ്പെടുത്തുവാൻ ശ്രമിക്കണം. കുടുംബ സന്യാസ പൗരോഹിത്യ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ, യുവജനങ്ങളും കുട്ടികളും അവരുടെ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഓരോ നിമിഷവും പരിശോധിക്കണം, എന്റെ വാക്കിലൂടെ, ചിന്തയിലൂടെ പ്രവർത്തികളിലൂടെ ക്രിസ്തു വെളിപ്പെടുന്നുണ്ടോ, ക്രിസ്തു മഹത്വീകൃതനാകുന്നുണ്ടോ എന്ന്.
തന്റെ ജീവിതത്തിൽ പീലിപ്പോസ് കാണിച്ച ക്രൈസ്തവ ഇച്ഛാശക്തി അദ്ദേഹത്തെ സ്വന്തം ജീവൻ ത്യജിച്ചും ക്രിസ്തുവിനെ മഹത്വപ്പെടുവാൻ ശക്തനാക്കി. നഥാനിയേലെന്ന ബർത്തലോമിയോ ആകട്ടെ ലോകത്തിന്റെ പലഭാഗങ്ങളിലൂടെയും സഞ്ചരിച്ച് ക്രിസ്തുവിനെ മഹത്വപ്പെടുത്തി. ഒടുവിൽ അദ്ദേഹം ഇന്ത്യയിലും എത്തിയെന്ന് പറയപ്പെടുന്നു.
ഗലീലിയയിലെ കാനായിൽ നിന്നുള്ള നഥാനിയേൽ AD 55 ൽ ഭാരതത്തിലെ ഗോവയിൽ വന്നെന്നും, അവിടെ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചെന്നും ഒരു വാചിക പാരമ്പര്യമുണ്ട്. വിശുദ്ധ ബർത്തോലോമിയോ മെസപ്പൊട്ടോമിയയിലും, ഈജിപ്തിലും, അർമേനിയയിലും പേർഷ്യയിലും ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട് എന്നതിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. അദ്ദേഹം AD ൽ ഭാരതത്തിൽ വന്നെന്നും മഹാരാഷ്ട്രയിലെ കല്യാണിൽ സുവിശേഷം പ്രഘോഷിച്ചെന്നും, AD 62 ൽ രക്തസാക്ഷിത്വം വരിച്ചെന്നും പറയപ്പെടുന്നു. ഗോവയിലെ ചില പള്ളികളിൽ പാടത്തുനിന്ന് കൊയ്തെടുക്കുന്ന ആദ്യ നെൽക്കതിരുകൾ വെഞ്ചിരിക്കുന്ന പതിവ് വിശുദ്ധ ബർത്തോലോമിയയുമായി ബന്ധപ്പെടുത്തി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. AD 62 ലാണ് ബർത്തലോമിയോ രക്തസാക്ഷിയായത്. മരണവരെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാൻ അദ്ദേഹം തയ്യാറായി.
സ്നേഹമുള്ളവരേ, ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയാണ്, വെളിപ്പെടുത്തുകയാണ് നമ്മുടെ ക്രൈസ്തവ ദൗത്യവും കടമയുമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുകയാണ്. അതിനുള്ള ഇച്ഛാശക്തി കാണിക്കുവാൻ ക്രൈസ്തവർ തയ്യാറാകേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തിരുസ്സഭയോട് ചേർന്ന്, തിരുസ്സഭയിലൂടെയാണ് നാമിന്ന് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടത്. നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ – അത് കുടുംബജീവിതക്കാരുടേതായാലും, സന്യസ്തരുടെതായാലും, പുരോഹിതരുടേതായാലും – അലകും പിടിയും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇന്നത്തെ കാലത്ത് , കോവിഡ് മൂലം ധ്യാനകേന്ദ്രങ്ങളൊക്കെ അടഞ്ഞുകിടക്കുകയാണെങ്കിലും, സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ വളരെ ശക്തമായിത്തന്നെ നാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ വാക്കുകളിലൂടെ, പ്രവർത്തികളിലൂടെ ഇന്ന് ക്രിസ്തു എത്രമാത്രം വെളിപ്പെടുന്നുണ്ട്???? ഈ ചോദ്യം നിങ്ങളിലും എന്നിലും ഉണ്ട്. ജനങ്ങൾ ഇന്ന് ക്രൈസ്തവരിലേക്ക്, ക്രൈസ്തവ ദേവാലയങ്ങളിലേക്ക്, ക്രൈസ്തവ കുടുംബങ്ങളിലേക്ക്, ക്രൈസ്തവ സന്യസ്തരിലേക്ക്, പുരോഹിതരിലേക്ക് കടന്നുവരുന്നത് ലൗകിക ലക്ഷ്യങ്ങൾക്ക് വേണ്ടിയല്ല. ദൈവത്തിന്റെ, ക്രിസ്തുവിന്റെ മഹത്വം കാണുവാനാണ്, ക്രിസ്തുവിനെ കാണുവാനാണ്!!! പക്ഷേ, എന്നിലൂടെ, നിങ്ങളിലൂടെ, ക്രിസ്തു വെളിപ്പെടുന്നില്ല എന്നതല്ലേ സത്യം??
സമാപനം
പ്രിയപ്പെട്ടവരേ, ക്രൈസ്തവ ഇച്ഛാശക്തിയുടെ അഭാവം ഇന്ന് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും കാണുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നമ്മിലെ അഹങ്കാരം, പിടിവാശി, ധാർഷ്ട്യം, ലോകത്തിന്റെ വഴികളുടെ നടക്കാനുള്ള ആവേശം തുടങ്ങിയവ തടസ്സമാകുന്നുണ്ടെങ്കിൽ, ഇച്ഛാശക്തി എന്ന ആയുധം എടുക്കുവാൻ നാം തയ്യാറാകണം. പ്രതികരിക്കുക, പ്രതിരോധിക്കുക എന്നതിനേക്കാൾ, ജീവിതവിശുദ്ധിയിലൂടെ, ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നമുക്കാകണം.

അത് ബുദ്ധിമുട്ടേറിയതുകൊണ്ടാകാം, ചിലരൊക്കെ ലൗകിക വിപ്ലവ വഴികളിലൂടെ ക്രിസ്തുവിനായി പ്രവർത്തിക്കുന്നത്. ദനഹാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച, പുതുവർഷത്തിലെ ഒന്നാം ഞായറാഴ്ച്ച നമ്മുടെ ക്രൈസ്തവജീവിതങ്ങളെ ശക്തിപ്പെടുത്തുവാനുള്ള പ്രതിജ്ഞകളെടുക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുകയാണ്. ഇന്നത്തെ വിശുദ്ധ ബലി നമ്മെ വിശുദ്ധീകരിക്കട്ടെ, ശക്തിപ്പെടുത്തട്ടെ, നക്കിടെ ഹൃദയങ്ങളെ ജ്വലിപ്പിക്കട്ടെ, നമ്മുടെ കണ്ണുകളെ തുറക്കട്ടെ. ആമേൻ!
Thank you Father 🙏
LikeLike
God has given us one more year to reveal Him to the world! Happy New Year!
LikeLike