SUNDAY SERMON MK 8, 31-38

നോമ്പുകാലം ആറാം ഞായർ

നിയമാവർത്തനം 8, 1-10

2 മക്കബായർ 6, 18-31

1 പത്രോസ് 4, 12-19

മർക്കോസ് 8, 31-9,1

മനുഷ്യ ജീവിതത്തിൽ, സഹനം പനച്ചു നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ രക്തമൊലിക്കുന്ന, ചീഞ്ഞളിഞ്ഞ, ദുർഗന്ധം പുറപ്പെടുവിക്കുന്ന ഒരു വൃണമാണ്   യുക്രയിൻ-റഷ്യ യുദ്ധം. അവിടുത്തെ ജനങ്ങളുടെ സഹനം നമുക്ക് ഭവൻ ചെയ്യാൻപോലുമാകില്ല. നമ്മുടെ ഭാരതത്തെ സഹനത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ് ഇന്ധവിലയുടെ വർദ്ധന; പൊള്ളുന്ന മരുന്നുവില വർദ്ധന. കേരളത്തിന്റെ, തെക്കുമുതൽ വടക്കുവരെയുള്ള ജനങ്ങളെ സഹനത്തിലൂടെ കടത്തിവിടുകയാണ് കപട വികസനവുമായി വരുന്ന കെ. റയിൽ പദ്ധതി. അച്ചൻ രാഷ്ട്രീയം പറയുകയല്ല, ഇതുമൂലം സഹിക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ ടിവിയിലും മറ്റും കാണുമ്പോൾ ഹൃദയം വേദനിക്കുന്നത് കൊണ്ട് പറഞ്ഞുപോകുന്നതാണ്. മദ്യത്തിന്റെ ലഭ്യത കൂട്ടി അതിന്റെ ഉപയോഗം കുറയ്ക്കുമെന്ന തലതിരിഞ്ഞ മുദ്രാവാക്യവുമായി വന്ന് മദ്യം ഒഴുക്കാൻ തന്നെ കച്ചകെട്ടിയിറങ്ങുന്ന, അതുവഴി പാവപ്പെട്ട കുടുംബങ്ങളെ സഹനത്തിൽ, കണ്ണുനീരിൽ ആഴ്ത്തുന്ന ഗവണ്മെന്റ് സംവിധാനങ്ങളെക്കുറിച്ചു എന്തുപറയാൻ! ഈ കാലഘട്ടത്തിലെ മനുഷ്യന്റെയും പ്രകൃതിയുടെയും ചില സഹനചിത്രങ്ങളാണിവ. നമ്മുടെ, കുടുംബജീവിതത്തിലെ, വിശ്വാസജീവിതത്തിലെ സഹനചിത്രങ്ങളെ ഇതോടൊപ്പം ചേർത്തുവയ്ക്കാം. മനുഷ്യന്റെയും പ്രകൃതിയുടെയും വേദനകൾ, സഹനങ്ങൾ കുറയുകയല്ല, നിമിഷംപ്രതി കൂടുകയാണ്.

ഇങ്ങനെ ജീവിതം മുഴുവനും സഹനചിത്രങ്ങളുമായി നിൽക്കുന്ന മനുഷ്യരോട് സഹനത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷം. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ ഈശോയുടെ പീഡാനുഭവ-ഉത്ഥാന പ്രവചനങ്ങൾ മൂന്നാണ്. ഇവയിൽ ഒന്നാമത്തേതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് നാം വായിച്ചു കേട്ടത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ മറ്റ്, രണ്ടു മൂന്നും പ്രവചനങ്ങൾ ഒൻപതാം അദ്ധ്യായം 30-32 ലും, പത്താം അദ്ധ്യായം 32-34 ലും ആണ് നാം കാണുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ പരിസരം മനസ്സിലാക്കുവാൻ, തൊട്ട് മുൻപുള്ള പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ഇതിനോട് ചേർത്ത് പറഞ്ഞുപോകേണ്ടതാണ്.

ഗലീലിക്കടലിന്റെ വടക്കൻ തീരത്തുള്ള ബെത്‌സായ്ദാ പട്ടണത്തിലായിരുന്ന (മർക്കോ 8, 22) ഈശോ മുന്നോട്ടുള്ള യാത്രയ്ക്ക് കേസറിയാ ഫിലിപ്പി തിരഞ്ഞെടുക്കുകയാണ്. ഈ വിജാതീയ നഗരത്തിൽ വച്ചാണ് പത്രോസ് ഈശോയെ ക്രിസ്തുവായി തിരിച്ചറിയുന്നതും, “നീ ക്രിസ്തുവാണ്” എന്ന് ഏറ്റുപറയുന്നതും. ഈ ഏറ്റുപറച്ചിൽ ഈശോയ്ക്ക് ഒരു ദൈവിക വെളിപാടിന്റെ അനുഭവമായിരുന്നെങ്കിൽ, ശിഷ്യർക്കത് ഭാവിയിലേക്കുള്ള വലിയ വാതിലായിരുന്നു; ഭാവിയിൽ തുറക്കപ്പെടാനുള്ള സാധ്യതകളുടെ വലിയ വാതിൽ! അധികാരത്തിന്റെ, സമ്പത്തിന്റെ, നേട്ടങ്ങളുടെ വലിയ വാതിൽ! ശിഷ്യന്മാർ ചിന്തിച്ചു കാണും, ഈ വ്യക്തി ക്രിസ്തുവാണെങ്കിൽ, മിശിഹായാണെങ്കിൽ റോമാക്കാരെ തങ്ങളുടെ നാട്ടിൽ നിന്ന് ഓടിച്ചുവിട്ട്, ഇവിടെ ദൈവരാജ്യം സ്ഥാപിക്കുവാൻ സാധിക്കും. അങ്ങനെ ഒരു ദൈവാരാജ്യസംസ്ഥാപനം ഉണ്ടാകുകയാണെങ്കിൽ, തീർച്ചയായും, അതിന്റെ താക്കോൽസ്ഥാനങ്ങളിൽ തങ്ങളുണ്ടാകും. പിന്നെ, ക്രിസ്തുവിനെ മുന്നിൽ നിർത്തി അധികാരത്തിന്റെ സിംഹാസനങ്ങളിൽ തങ്ങൾക്ക് ഉപവിഷ്ഠരാകാം. ഞാനിത് പറയുന്നത് വെറും ഭാവനയുടെ വാചകക്കസർത്തായിട്ടല്ല. ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം, പത്രോസ് ഈശോയെ മാറ്റിനിർത്തിക്കൊണ്ട് തടസ്സം പറയുന്നത്. “നിനക്കിത് സംഭവിക്കാതിരിക്കട്ടെ.” കാരണം, പ്രവചനം സംഭവിച്ചാൽ അവരുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാകും! ശിഷ്യന്മാർ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ, അതിൽ സ്വന്തം കസേരകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു – അവരുടെ ചിന്തയിൽ!

ശിഷ്യരുടെ ഇത്തരത്തിലുള്ള ചിന്തകളും അവയിൽ പതുങ്ങിയിരിക്കുന്ന അപകടവും മനസ്സിലാക്കിയ ക്രിസ്തു ഉടനെ മൊഴിയുകയാണ് തന്റെ പീഡാനുഭവ-ഉത്ഥാനത്തിന്റെ ഒന്നാം പ്രവചനം! “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പ്രധാന പുരോഹിതന്മാർ നിയമജ്ഞന്മാർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും, വധിക്കപ്പെടുകയും, മൂന്ന് ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും!ഈശോ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞത്? വചനം പറയുന്നു: ” അവൻ ഇക്കാര്യം തുറന്ന് പറഞ്ഞു.” ഈശോ തന്റെ  സന്ദേശം സാധാരണ രീതിയിൽ പറയുന്നത് ഉപമകളിലൂടെയും കഥകളിലൂടെയുമാണ്. എന്നാൽ, ലോകരക്ഷയ്ക്കായി ഭൂമിയിൽ വന്ന ക്രിസ്തു ലോകത്തിന് രക്ഷ നൽകുന്നത് എങ്ങനെയെന്ന് എന്ന് വളരെ വ്യക്തമായി തുറന്ന് പറയുകയാണ്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

മാനുഷികമായ ചിന്തയിൽ ഭ്രമിച്ചിരുന്ന ശിഷ്യരുടെ മുൻപിൽ, കൊന്നും കൊലവിളിച്ചും വിജയശ്രീലാളിതനായി ലോകത്തിലേക്ക് വരുന്ന ക്രിസ്തുവിനെ ഭാവന ചെയ്തിരുന്ന ശിഷ്യരുടെ മുൻപിൽ സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ ദൈവരാജ്യം സ്ഥാപിക്കുവാൻ വന്നിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം അവതരിപ്പിക്കുകയാണ് ഈശോ. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹനദാസന്റെ, നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ട, നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെട്ട, കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും, രോമം കത്രി ക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും മൗനമായി സഹിച്ച സഹനദാസന്റെ (ഏശയ്യാ 53, 5-7) ചിത്രം ഓർമിപ്പിക്കുകയാണ് ഈശോ. വലിയ വാഹനങ്ങളിൽ ഇരുപതും ഇരുപത്തിയഞ്ചും കാറുകളുടെ അകമ്പടിയോടെ ജനത്തെ കബളിപ്പിച്ച് മിന്നിപ്പായുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന ഒരു നേതാവായിട്ടല്ല, സ്നേഹത്തിലൂടെ, സഹനത്തിലൂടെ, ത്യാഗത്തിലൂടെ സ്വന്തം ജീവൻ സമർപ്പിച്ചും ലോകത്തിന് രക്ഷ നല്കുന്നവനായിട്ടാണ് ക്രിസ്തു വന്നിരിക്കുന്നത് എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുകയാണ് ഈശോ.  

സ്നേഹമുള്ളവരേ, ലോകത്തിന്റെ അളവുകോൽ അനുസരിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരാളല്ല ക്രിസ്തു. ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് ഈശോയുടെ അടുത്തുചെന്നാൽ നമുക്ക് ക്രിസ്തുവിന്റെ നിറമെന്താണെന്ന്, രുചിയെന്താണെന്ന്, അറിയുവാൻ, മനസ്സെന്താണെന്ന്, നോട്ടത്തിന്റെ അർത്ഥമെന്താണെന്ന്, പുഞ്ചിരിയുടെ പൊരുളെന്താണെന്ന് വായിച്ചെടുക്കുവാൻ ആകില്ല. ക്രിസ്തുവിനെ മനസ്സിലാക്കുവാൻ, അറിയുവാൻ, അവിടുത്തെ രക്ഷയിൽ പങ്കുപറ്റുവാൻ ആഗ്രഹിക്കുന്നവന് സ്വർഗം നൽകുന്ന അളവുകോൽ എന്താണ്?  സഹനം. ആരെങ്കിലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ ക്രിസ്തുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ക്രിസ്തുവിനുവേണ്ടി, സുവിശേഷത്തിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്കു /അവന് സ്വർഗം കൊടുക്കുന്ന അടയാളം എന്താണ്?  സഹനം. ആരെങ്കിലും ലോകത്തിന് പുറകെ പോകാതെ, ക്രിസ്തുവിനെ നേടുവാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ അവൾക്ക് / അവന് ദൈവം നൽകുന്ന ഉത്തരം എന്താണ്? സഹനം. ആരെങ്കിലും ദൈവമഹത്വത്തിനുവേണ്ടി,

കുടുംബത്തിന്റെ, മക്കളുടെ നന്മയ്ക്കുവേണ്ടി ആത്മാർത്ഥമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൾക്ക്/ അവന് ക്രിസ്തു വച്ചുനീട്ടുന്ന offer എന്താണ്? സഹനം.ക്രിസ്തുവിന്റെ സഹന സംസ്കാരത്തിലൂടെയല്ലാതെ ക്രിസ്തുവിനെ നേടുവാൻ ആർക്കും സാധിക്കുകയില്ല. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ക്രൈസ്തവജീവിതത്തിൽ ജീവിതവിജയം നേടുന്നതിന്, നന്മയിൽ ജീവിക്കുന്നതിന്, ജീവിതസന്തോഷത്തിലേക്കും, സംതൃപ്തിയിലേക്കും പ്രവേശിക്കുന്നതിന് ക്രിസ്തു കാണിച്ചു തരുന്ന മാർഗം സഹനത്തിന്റേതാണ്. ഓർക്കണം, ആർഭാടത്തിന്റെയും, ആഘോഷത്തിന്റെയും ജീവിതം നയിച്ചിരുന്ന ക്രൈസ്തവരുടെ മുന്പിലേക്കല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ മുന്പിലേക്കാണ് വിശുദ്ധ മാർക്കോസ് ക്രിസ്തുവിന്റെ ഈ സന്ദേശം വച്ചുനീട്ടിയത്. അവരിൽ ചിലരെങ്കിലും നമ്മെപ്പോലെ തന്നെ ചോദിച്ചു കാണും, അല്ലെങ്കിൽ ചിന്തിച്ചുകാണും. ക്രിസ്തു ദൈവമായിരുന്നിട്ടും, ആ ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ ഈ സഹനങ്ങളിൽ നിന്ന് രക്ഷിക്കാത്തതെന്ത്? എന്തുകൊണ്ടാണ് ജീവിതത്തിൽ ഇത്രമാത്രം സഹനം ഉണ്ടാകുന്നത്? പ്രാർത്ഥനയിൽ, വിശുദ്ധിയിൽ, അയൽക്കാരനോടുള്ള സ്നേഹത്തിൽ വളരുമ്പോഴും സഹനത്തിന് യാതൊരു കുറവും ഇല്ലാത്തതെന്ത്? ഒന്നിന് പുറകെ ഒന്നായി സഹനങ്ങൾ ഓട്ടോറിക്ഷയിലല്ല, ട്രെയിനിലാണ് വരുന്നത്! എവിടെ ദൈവം? മനുഷ്യനെ സ്നേഹിക്കുന്ന ദൈവം?

ഈ പ്രപഞ്ചത്തിന്റെ, ഈ ഭൂമിയുടെ, ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ജീവിതം ബുദ്ധിമുട്ടേറിയതാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മെ തൃപ്തിപ്പെടുത്തുന്ന ഉത്തരം കിട്ടിയെന്ന് വരില്ല? എന്തുകൊണ്ടാണ് ഇലകൾക്ക് പച്ച നിറം? എന്തുകൊണ്ടാണ് പാവയ്ക്കയ്ക്ക് കയ്പ്?  മാമ്പഴത്തിന് മധുരം? റോസാച്ചെടിയിൽ മുള്ളുകൾ? ഉത്തരം വളരെ ലളിതമാണ്. ഇലകൾക്ക് പച്ചനിറം അവയുടെ സ്വഭാവമാണ്; പാവയ്ക്കയ്ക്ക് കയ്പ് അതിന്റെ സ്വഭാവമാണ്. മാമ്പഴത്തിന്റെ മധുരം അതിന്റെ സ്വഭാവമാണ്; റോസാച്ചെടിക്ക് മുള്ളുകൾ, അതിന്റെ സ്വഭാവമാണ്.

മനുഷ്യജീവിതത്തിന്റെ സ്വഭാവം സഹനമാണ്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ജന്മം എടുക്കുന്നത് സഹനത്തിലൂടെയല്ലേ? പൊട്ടിത്തകർന്നെങ്കിലല്ലേ വിത്തുകൾക്ക് മുളപൊട്ടുകയുള്ളു? ഈറ്റുനോവിലൂടെയല്ലേ ഒരു പുതുജീവൻ ഈ ഭൂമിയിലേക്കെത്തുന്നത്? നാം ധരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ സഹനത്തിലൂടെ കടന്നുവരുന്നതുകൊണ്ടല്ലേ ഇത്രയും തിളക്കമേറിയതാകുന്നത്? മയമുള്ള രോമക്കിടക്കയിൽ ഉറങ്ങുവാൻ എന്ത് സുഖമാണ്! എന്നാൽ, എങ്ങനെയാണ് രോമക്കിടക്ക രൂപപ്പെടുന്നത്? മെത്തയുണ്ടാക്കുന്നവരെ വിളിച്ച് രോമം അവരെ ഏൽപ്പിക്കുന്നു. അവർ രോമം തല്ലി തല്ലി പതപോലെയാക്കുന്നു. കൂടുതൽ ശക്തിയായി തല്ലുമ്പോൾ രോമം കൂടുതൽ വൃത്തിയുള്ളതും, മയമുള്ളതുമായിത്തീരുന്നു.  തല്ലുന്നതിനനുസരിച്ച് രോമം വൃത്തിയുള്ളതും മയമുള്ളതും ആകുന്നു. സിൽക്ക് നൂലെടുക്കുന്ന കക്കൂണും വേദന സഹിക്കുന്നു. തിളച്ചവെള്ളത്തിലിട്ട് പുഴുങ്ങിയശേഷം, പരുക്കൻ ബ്രഷും, മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പിഴിഞ്ഞാണ് അതിൽ നിന്ന് നൂലെടുക്കുന്നത്. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ!

ജനിക്കുന്ന നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെയും മനുഷ്യൻ പലതരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഈ സഹനങ്ങളെ മൂല്യമുള്ളതാക്കുവാൻ, രക്ഷാകരമാക്കുവാൻ, ദൈവികമാക്കുവാൻ ക്രൈസ്തവന് സാധിക്കുന്നത് ക്രിസ്തുവിന്റെ സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ്. മനുഷ്യൻ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ കണക്കെടുക്കുക സാധ്യമല്ല. നാം ഈ ദേവാലയത്തിൽ ആയിരിക്കുമ്പോഴും, ഓരോ മിനിട്ടിലും ധാരാളം മനുഷ്യർ കൊല്ലപ്പെടുന്നുണ്ട്; വളരെയേറെ ഗർഭസ്ഥ ശിശുക്കൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. വലിയൊരു ശതമാനം മനുഷ്യർ പട്ടിണിയും രോഗങ്ങളാലും സഹിച്ചു സഹിച്ചു ദിനങ്ങൾ മുന്നോട്ട് നീക്കുന്നവരുണ്ട്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദുരിതങ്ങൾക്ക് മീതെ ദുരിതങ്ങളുമായി തളരുന്ന മനസ്സുകളുണ്ട്. വേദനകളിൽ, ഏകാന്തതയിൽ, ദാരിദ്ര്യത്തിൽ, ദുരന്തങ്ങളിൽ, രോഗങ്ങളിൽ ദൈവത്തിന്റെ പ്ലാനും പദ്ധതിയും ദർശിക്കാൻ കഴിഞ്ഞാൽ സഹനത്തെ മൂല്യവത്താക്കുവാൻ, രക്ഷാകരമാക്കുവാൻ നമുക്ക് സാധിക്കും. 

സഹനത്തെ മൂല്യമുള്ളതാക്കാൻ സാധിക്കുന്നത് ഈശോയുടെ മരണവുമായി അത് ഒത്തുപോകുമ്പോഴാണ്. ഒരുവൻ സഹിക്കുന്നത് ദൈവമഹത്വത്തിനും, മറ്റുള്ളവരുടെ നന്മയ്ക്കുംവേണ്ടിയാണെങ്കിൽ അത് ഈശോയുടെ മരണത്തിലുള്ള പങ്കുപറ്റലാണ്. ഈശോയുടെ മരണത്തെ ശരിയായി വിവരിക്കുന്ന വാക്ക് ചമ്മട്ടിയടിയല്ല, പീഡനങ്ങളല്ല, കുരിശും അല്ല, പിന്നെയോ സ്നേഹത്തോടെയുള്ള സഹനമാണ്.

സഹനത്തിൽ ഒരു വ്യക്തിയും ഏകാകിയല്ല. ഈശോയുടെ പുൽക്കൂടിന് ചുറ്റും, കുരിശിന് ചുറ്റും ദൂതഗണങ്ങളുണ്ടായിരുന്നു. പുൽക്കൂടും കുരിശും എന്നത് ഈശോയുടെ രക്ഷകൻ എന്ന ദൗത്യത്തിന്റെ പരിസരവും, സാക്ഷാത്ക്കാരവുമായിരുന്നു. അതുകൊണ്ടാണ് സഹായിക്കുവാനും, ആശ്വസിപ്പിക്കുവാനും സ്വർഗം ഈശോയോടൊപ്പം ഉണ്ടായിരുന്നത്.

മനുഷ്യന് സഹിക്കുവാൻ പറ്റാത്തവിധം ഒരു സഹനവും ദൈവം നൽകുന്നില്ല. ഒരു വ്യക്തിക്ക് എത്രമാത്രം സഹിക്കുവാൻ കഴിയുമെന്ന് ഈശോയ്ക്കറിയാം. മനുഷ്യന്റെ ദുഃഖത്തിന്റെ ഭാരം വളരെ അസാധാരണവും, മനുഷ്യനെ ഞെരിച്ചു കളയുന്നതുമായതിനാൽ അത് വഹിക്കുവാൻ മനുഷ്യനെ ശക്തിപ്പെടുത്തുവാൻ ദൈവം അസാധാരണമാർഗങ്ങൾ തന്നെ ഉപയോഗിക്കും.

ദൈവഹിതം നിറവേറ്റുവാൻ സഹനത്തിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.

ഓർക്കുക, വിശുദ്ധി, നന്മനിറഞ്ഞ ജീവിതം സഹനത്തെ ഒഴിവാക്കുന്നില്ല. ഈ ഭൂമിയിൽ മനുഷ്യന് നേടുവാൻ കഴിയുന്നതിന്റെ ഏറ്റവും ഉന്നതവമായ വിശുദ്ധി നേടുവാൻ പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മറ്റാർക്കും കഴിയാത്ത വിധത്തിൽ സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുവാനും അവൾക്ക് സാധിച്ചു. എന്നാൽ അവൾ അനുഭവിക്കാത്ത ദുഃഖങ്ങളുണ്ടായിരുന്നോ? അമലോത്ഭവ ആയതുകൊണ്ട് ആദത്തിന്റെ തെറ്റ് വരുത്തിയ പാപത്തിൽ നിന്ന്, ലോകത്തിന്റെ ദുഃഖ ദുരിതങ്ങളിൽ നിന്ന് അവൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. എന്നാൽ എത്ര വിലാപങ്ങൾ! എത്രയധികം കണ്ണീർ! അവളുടെ പിതാവ്, മാതാവ്, ഭർത്താവ്, പുത്രൻ എല്ലാവരെയും മരണം വഹിച്ചുകൊണ്ട് പോകുന്നത് അവൾ കണ്ടു.

സഹനത്തിന്റെ രഹസ്യത്തിൽ പങ്കുകൊള്ളുന്നവർക്ക് മാത്രമേ യഥാർത്ഥമായ ജ്ഞാനം നല്കപ്പെടുന്നുള്ളു. സഹനത്തിന്റെ രഹസ്യത്തിലേക്ക് കടക്കുവാൻ ഒരു വ്യക്തി സമ്മതിക്കാത്തിടത്തോളം കാലം ക്രിസ്തു രുചിച്ചറിഞ്ഞ വേദന ഗ്രഹിക്കുവാൻ സാധിക്കുകയില്ല. ഈശോ മരിയവർത്തോർത്തയോട് പറഞ്ഞത് സഹിക്കുന്ന വ്യക്തിയിലേക്ക് മുൾമുടിധരിക്കപ്പെട്ട അവിടുത്തെ നെറ്റിത്തടത്തിൽ നിന്ന് പ്രത്യേക പ്രകാശ രശ്മികൾ കടന്നു ചെല്ലും എന്നാണ്. തുറക്കപ്പെട്ട അവിടുത്തെ കരങ്ങളിൽ നിന്നും, പാദങ്ങളിൽ നിന്നും കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും പ്രത്യേക പ്രകാശ രശ്മികൾ സഹിക്കുന്നവരിലേക്ക്  കടന്നുവരും.

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ ആറാം ഞായറാഴയിലേക്ക് നാം പ്രവേശിക്കുകയാണ്. അൻപത് നോമ്പിലെ നാൽപ്പതാം വെള്ളി ഈ ആഴ്ചയിലാണ് നാം ആചരിക്കുന്നത്. ഈയാഴ്ച്ചത്തെ നമ്മുടെ ധ്യാനം ഈശോയുടെ സഹനത്തെക്കുറിച്ചാകട്ടെ. ഈശോയുടെ സഹനത്തെക്കുറിച്ചുള്ള, കുരിശുമരണത്തെക്കുറിച്ചുള്ള ധ്യാനം, നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ മനസ്സിലാക്കുവാനും അവയെ വിശുദ്ധീകരിക്കുവാനും നമ്മെ സഹായിക്കും. ഓരോ വിശുദ്ധ കുർബാനയിലും നാം ഈശോയുടെ പീഡാസഹനവും, കുരിശുമരണവും ഓർക്കുന്നുണ്ട്, ആചരിക്കുന്നുണ്ട്. നമ്മുടെ വിശുദ്ധ കുർബാനയിലെ കൂദാശാവചനവേളയിൽ   ഈശോയുടെ കുരിശുമരണമാണ് നാം ആചരിക്കുന്നത്. ദൈവശാസ്ത്രജ്ഞന്മാർ the crowning point of his death എന്നാണ് ഈ സമയത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വിശുദ്ധ കുർബാനയർപ്പണവേളയിൽ ഈ സമയത്ത് വി. പാദ്രേ പിയോ കരഞ്ഞിരുന്നു പ്രിയപ്പെട്ടവരേ. ഇന്നത്തെ ബലിയിൽ ഈ ചിന്തയോടെ നമുക്ക് പങ്കെടുക്കാം. നമ്മുടെ ജീവിത സഹനങ്ങളെ, വേദനകളെ, കണ്ണുനീരിനെ വിശുദ്ധ കുർബാനയോട് ചേർത്തുവയ്ക്കാം.

സഹനങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ. സഹനത്തിലാണ് രക്ഷ! സഹനത്തിലൂടെ, കുരിശിലൂടെ, കുരിശുമരണത്തിലൂടെയാണ് രക്ഷ! ആമേൻ!

2 thoughts on “SUNDAY SERMON MK 8, 31-38”

  1. Thank you Fr. for a realistic commentary on the current situation, and speaking truth to the power. Let’s hope we shall overcome these just like Christ did on the third day !

    Like

Leave a comment