കൈത്താക്കാലം അഞ്ചാം ഞായർ
ലേവ്യർ 16, 20-28
ഏശയ്യാ 14, 1-15
യൂദാ 1, 8-13
ലൂക്കാ 11, 14-26

പിശാചുബാധിതനെ സുഖപ്പെടുത്തുന്ന ആമുഖത്തോടെ തുടങ്ങുന്ന ഇന്നത്തെ സുവിശേഷ ഭാഗത്തിലെ ക്രിസ്തു പറയുന്ന അവസാന വാക്യങ്ങളെ ധ്യാനവിഷയമാക്കുവാനാണ്, അതിലൂടെ ഈ ഞായറാഴ്ചത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വാക്യങ്ങൾ ഇങ്ങനെയാണ്: “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു”
ആമുഖ സംഭവം ഈശോ പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ്. ഊമനായ, പിശാചുബാധിച്ച മനുഷ്യനെ ഈശോ സുഖപ്പെടുത്തിയിട്ടും അതിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ യഹൂദജനത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല, പിശാചുക്കളെക്കൊണ്ടാണ് ഈശോ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ ദൈവത്തെ കാണുവാനോ, ദൈവത്തിന്റെ കരം ദർശിക്കുവാനോ, ക്രിസ്തുവിനൊപ്പം നിൽക്കുവാനോ സാധിക്കാത്തവിധം അന്ധരായിപ്പോയ ഒരുകൂട്ടം മനുഷ്യരെയാണ് നാമിവിടെ കാണുന്നത്.
അവരോടാണ് ഈശോ പറയുന്നത് തന്നോടൊപ്പം നിൽക്കാത്തവർ തനിക്കെതിരാണ് എന്ന്. ദൈവത്തോടൊപ്പം നിൽക്കുന്നവർക്കേ, തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കരം ദർശിക്കുവാൻ, അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ, ദൈവത്തിന്റെ മകളും, മകനുമായി ജീവിക്കുവാൻ സാധിക്കുകയുള്ളു. മനുഷ്യജീവിതം, മനുഷ്യന്റെ അസ്തിത്വം കരുത്താർജിക്കുന്നതും, മനോഹരമാകുന്നതും, വിജയപ്രദമാകുന്നതും ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ്. ഈ സത്യം ഏറ്റവും കൂടുതലായി അനുഭവിച്ച ഒരു ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ നിന്നിട്ടും, ആ ദൈവത്തെ മനസ്സിലാക്കാതിരുന്നത്.
പഴയനിയമത്തിലെ ജനതയുടെ ചരിത്രം തന്നെ ദൈവത്തോടോത്തുനിൽക്കുന്നതിന്റെയും, ദൈവത്തെ മറുതലിച്ചു് നിൽക്കുന്നതിന്റേതുമാണ്. ദൈവം മനുഷ്യരോടൊപ്പം വസിച്ചതിന്റെ, അവരോടൊപ്പം യാത്രചെയ്തതിന്റെ, ജനം കലഹിച്ചപ്പോഴും, ദൈവത്തിനെതിരെ തിരിഞ്ഞപ്പോഴും, അവരോട് ക്ഷമിച്ചതിന്റെ, അവർക്കുവേണ്ടി യുദ്ധംചെയ്തതിന്റെ, അത്ഭുതങ്ങൾ ചെയ്‌ത് പോലും അവരെ തീറ്റിപ്പോറ്റിയതിന്റെ, അവർക്ക് തേനും പാലുമൊഴുകുന്ന കാനാൻ ദേശം സമ്മാനിച്ചതിന്റെ ചരിത്രമല്ലാതെ മറ്റെന്താണ് പഴയനിയമ വിവരണങ്ങൾ!! അതോടൊപ്പം തന്നെ, ദൈവത്തോട് കൂടെയല്ലാതിരുന്നതുകൊണ്ട്, ദൈവത്തോടൊത്ത് ശേഖരിക്കാതിരുന്നതുകൊണ്ട്, സ്വന്തം കഴിവിലും, അംഗബലത്തിലും ആശ്രയിച്ചതുകൊണ്ട് ചിതറിപ്പോയ ഒരു ജനതയുടെ ചരിത്രവും കൂടിയാണ് പഴയനിയമ വിവരണങ്ങൾ!! ആ പഴയകാല ജനതയുടെ വർത്തമാന തലമുറയാണ് ദൈവം മുന്നിൽ വന്നു നിന്നിട്ടും, സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടും, ആ ദൈവത്തിൽ പൈശാചികത ആരോപിച്ചത്. ഇപ്പോഴത്തെ ഇസ്രയേലിന്റെ ചരിത്രവും ദൈവത്തോടൊത്ത്, ക്രിസ്തുവിനോടൊത്ത് നിൽക്കാത്തവർ ചിതറിക്കപ്പെടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്!
ക്രിസ്തുവിനോടൊപ്പം നിൽക്കാനുള്ള വിളിയാണ് ക്രിസ്തുശിഷ്യത്വത്തിലേക്കുള്ള വിളി. സ്വർഗ്ഗത്തിന്റെ പുണ്യങ്ങളും, ദൈവത്തിന്റെ അനുഗ്രഹങ്ങളും ലഭിക്കണമെങ്കിൽ അതിന് ശ്രേഷ്ഠമായ പരിസരങ്ങൾ, atmosphere ആവശ്യമാണ്. മനുഷ്യനായി അവതരിച്ചു് ഭൂമിയിൽ വന്ന് ദൈവത്തിന്റെ കരങ്ങളുടെ പ്രവർത്തനങ്ങൾ ഭൂമിയിലെ ജനങ്ങളെ കാണിച്ചിട്ടും ക്രിസ്തുവിനോടൊത്ത് നിൽക്കാതിരുന്ന ഒരു ജനത്തെ മുന്നിൽ നിർത്തിക്കൊണ്ടാണ്, സ്നേഹമുള്ളവരേ, ഇന്ന് വലിയൊരു സത്യം ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് – “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു”.
അമേരിക്ക ആഭ്യന്തര യുദ്ധത്തിന്റെ പിടിയിൽപെട്ട നാളുകളിൽ ഏറ്റവും അസ്വസ്ഥനായിരുന്നത് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണായിരുന്നു. (Abraham Lincon) തന്റെ ഉപദേശകരോട് എന്താണ് ഇനി ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയ ഉത്തരം ഇതായിരുന്നു: “അങ്ങ് ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ദൈവം അങ്ങയുടെ പക്ഷത്താണ്.” ഇതുകേട്ടപ്പോൾ പ്രസിഡണ്ടിന്റെ മറുപടി വളരെ ക്ലാസ്സിക് ആണ്. അദ്ദേഹം പറഞ്ഞു: “ദൈവം എന്റെ കൂടെയുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. എന്നാൽ, ഞാൻ ദൈവത്തോട് കൂടെയാണോ എന്നതാണ് യഥാർത്ഥ പ്രശ്നം.”
ഓരോരുത്തരും ആരോടൊപ്പമാണ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരുവൻ ക്രിസ്തുവിനോട് കൂടെയല്ലെങ്കിൽ, അവൾ/ അവൻ മറ്റ് ആരുടെയെങ്കിലും കൂടെയായിരിക്കും; മറ്റെന്തിന്റെയെങ്കിലും കൂടെയായിരിക്കും. അവരോടൊപ്പം ആയിരിക്കും, അവയോടൊപ്പമായിരിക്കും. ദൈവത്തിന്റെ പ്രവർത്തികൾ നമ്മെ കാണിക്കുവാനും, ദൈവത്തിന്റെ കൃപകളിലൂടെ ജീവിതം ധന്യമാക്കാനും, അങ്ങനെ ദൈവരാജ്യത്തിന്റെ മക്കളായി ജീവിക്കുവാനും നമ്മെ പഠിക്കുവാൻ വന്ന ക്രിസ്തു, സ്വർഗത്തെ സ്വീകരിക്കുവാനുള്ള യോഗ്യതയായി നമ്മോട് പറയുന്നത് ദൈവത്തോടുകൂടി, ക്രിസ്തുവിനോടുകൂടി ജീവിക്കുവാനാണ്. ദൈവത്തോട് കൂടി, ക്രിസ്തുവിനോടുകൂടി, ക്രിസ്തുവിനോട് ചേർന്ന് ശേഖരിക്കുവാനാണ്, ജീവിതം പടുത്തുയർത്തുവാനാണ്; ക്രിസ്തുവാകുന്ന പാറമേൽ നമ്മുടെ ജീവിതം പണിയുവാനാണ്. (ലൂക്കാ 6, 46-49) അല്ലെങ്കിൽ ദൈവരാജ്യത്തിന്റെ മുത്തുകൾ നമുക്ക് ലഭിക്കുകയില്ല. ദൈവത്തെ മറുതലിക്കുന്ന, ദൈവത്തിലും പൈശാചികത ആരോപിക്കുന്ന ജനത്തിനോടാണ് ക്രിസ്തു പറഞ്ഞത്: “വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; മുത്തുകൾ പന്നികൾക്ക് ഇട്ട് കൊടുക്കരുത്” (മത്താ 7, 6) എന്ന്. ശ്രേഷ്ഠമായത് നമുക്ക് ലഭിക്കണമെങ്കിൽ ശ്രേഷ്ഠമായ പരിസരങ്ങളും നാം രൂപപ്പെടുത്തണം; ശ്രേഷ്ഠമായ ചിന്തകളും, പ്രവർത്തികളും നാം പരിചയിക്കണം. നാം ആരോടൊപ്പമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ദൈവത്തിന്റെ കരങ്ങളിൽ, അവിടുത്തെ പരിപാലനയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രിസ്തു അനുശാസിക്കുന്ന അനിവാര്യതകളിലൊന്നാണ്, യോഗ്യതകളിലൊന്നാണ് ക്രിസ്തുവിനോടൊപ്പം നിൽക്കുക എന്നത്, ക്രിസ്തുവിനോടൊപ്പം ശേഖരിക്കുക എന്നത്. അങ്ങനെയല്ലാത്തവർക്ക് ഒരിക്കലും ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുവാൻ സാധിക്കുകയില്ല. കാരണം സ്വർഗീയമായ മുത്തുകൾ ലഭിക്കുവാൻ മാത്രം അവർ ഒരുക്കമില്ലാത്തവരാണെന്ന് ചുരുക്കം. മദ്യപിച്ചിരിക്കുന്ന ഒരുവനോട് “ദേ സുഹൃത്തേ, നിന്റെ ഭാര്യ നിന്നെ കാത്തിരിക്കുന്നു ” എന്ന് പറയരുത്. സ്നേഹത്തോടെയുള്ള കാത്തിരിപ്പാകുന്ന മുത്തിനെ മനസ്സിലാക്കുവാൻ അവന് കഴിയില്ല. അവനത് ചവുട്ടി നശിപ്പിക്കും. ലഹരിയുടെ, ലൗകികസുഖങ്ങളുടെ, ചീത്ത കൂട്ടുകെട്ടിന്റെ പിടിയിലമർന്നനിരിക്കുന്ന മക്കളോട്, മാതാപിതാക്കളുടെ കണ്ണുനീരിനെക്കുറിച്ചു്, അവരുടെ ത്യാഗത്തെക്കുറിച്ചു്, സ്നേഹത്തെക്കുറിച്ചു് പറയരുത്. അവരതിനെ പുച്ഛിച്ചു് തള്ളിക്കളയും. വിശുദ്ധ കുർബാനയുടെ പേരിൽ തെരുവിലിറങ്ങി നിൽക്കുന്നവരോട് വിശുദ്ധ കുർബാനയുടെ മഹത്വത്തെക്കുറിച്ചു്, ക്രിസ്തുവിന്റെ മഹാത്യാഗത്തെക്കുറിച്ചു് പറയരുത്. അവരതിനെ വിവാദമാക്കി ക്രിസ്തുവിനെ നിസ്സാരമാക്കിക്കളയും. ജീവിതം ചിതറിച്ചുകളയാതിരിക്കണമെങ്കിൽ, ജീവിതം പണിതുയർത്തണമെങ്കിൽ, എന്നും എപ്പോഴും ദൈവത്തിന്റെ കൃപയുടെ, പരിപാലനയുടെ കുടക്കീഴിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രിയപ്പെട്ടവരേ ക്രസിതുവിനോടൊത്ത് ജീവിക്കുവാൻ പഠിക്കുക. നാം ആരോടൊപ്പമാണെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.
നാം ക്രിസ്തുവിനോടൊപ്പമല്ലെങ്കിൽ പിന്നെ ആരോടൊപ്പമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം, അത് നമ്മുടെ നാശത്തിനുള്ള പടപ്പുറപ്പാടായിരിക്കും. അന്യദൈവങ്ങളോടൊപ്പമാണ് നമ്മുടെ ജീവിതമെങ്കിൽ, ഉള്ളിൽ ഇരുട്ട് സൂക്ഷിക്കുന്നവരോടൊപ്പമാണ് നമ്മുടെ സൗഹൃദങ്ങളെങ്കിൽ, അമിതമായി സമ്പത്തിന്റെയും, ലൗകിക സുഖങ്ങളുടെയും കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ, അഹങ്കാരത്തിന്റെയും, വെറുപ്പിന്റെയും, മുൻകോപത്തിന്റെയും കുതിരപ്പുറത്താണ് നമ്മുടെ യാത്രയെങ്കിൽ, നമ്മുടെ കുടുംബങ്ങളിൽ ക്രിസ്തു രാജാവായി വാഴുന്നില്ലെങ്കിൽ സംശയംവേണ്ട, ജീവിതം തകർച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ദൈവകൃപയുടെ കുടക്കീഴിലല്ലെങ്കിൽ ഒന്നിനും നിലനില്പില്ലെന്ന് നാം അറിയണം.
ഒരു നിമിഷംകൊണ്ട് ജീവിതത്തിന്റെ മുഴുവൻ ഭ്രമണപഥങ്ങളെയും തെറ്റിച്ചുകളയുന്ന മനുഷ്യരുടെ കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ നമ്മുടെ കയ്യിലെ മെഴുകുതിരികൾ ഒരു ചെറിയ കാറ്റിൽ പോലും കെട്ടുപോകും. തിന്മയ്ക്കിപ്പോൾ നന്മയെക്കാളും സൗന്ദര്യമാണ്; ഇരുട്ടിപ്പോൾ പ്രകാശത്തേക്കാളും ആകർഷകമാണ്.
ഇന്നത്തെ സുവിശേഷം ഒരു മുന്നറിയിപ്പാണ്; ഒപ്പം സ്‌നേഹപൂർവമായ ഒരു ഓർമപ്പെടുത്തലുമാണ്. ഈശോ നമ്മെ പേടിപ്പിക്കുവാൻവേണ്ടി പറയുന്നതല്ല. പക്ഷേ, അവിടുത്തേക്ക് നമ്മെക്കുറിച്ചു് കരുതലുള്ളതുകൊണ്ട് നമ്മുടെ ജീവിതം ചിതറിപ്പോകാതിരിക്കുവാൻ നമ്മെ ഓർമിപ്പിക്കുകയാണ്, മകളേ, മകനേ നിന്റെ ജീവിതവഴികളിൽ പതിയിരിക്കുന്ന അപകടം നീ കാണുക എന്ന്. അത് കാണുവാൻ നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഇന്നത്തെ സുവിശേഷം സഹായകമാകണം. ജീവിതം ചിതറിപ്പോകാതിരിക്കുവാൻ നമ്മുടെ മനസ്സിനെ ബലപ്പെടുത്തണം.
കാൽവരിയിൽ ചിതറിക്കപ്പെടാതെ നിന്ന് ജീവിതത്തെ സംരക്ഷിച്ച ഒരു വ്യക്തിത്വമുണ്ട് – പരിശുദ്ധ കന്യകാമറിയം. അതിനവളെ സഹായിച്ചത് ശിമെയോനെന്ന ഒരു ദീർഘദർശിയാണ്. ജീവിതത്തിന്റെ യുവത്വത്തിൽ, കുടുംബജീവിതം പതുക്കെ മുന്നോട്ട് പോകുന്ന സമയത്ത് മറിയത്തെ വലിയൊരു പേടിയിലേക്ക് നയിച്ച ശിമെയോനെന്ന ദീർഘദർശിയോട് ചിലപ്പോൾ നമുക്ക് ഒരു ഇഷ്ടക്കേട് തോന്നാം. എന്തിനാണയാൾ ഇത്രയും ഭയപ്പെടുത്തുന്ന ഒരു കാര്യം യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു സ്ത്രീയോട്, ഒരമ്മയോട് പറഞ്ഞത്? ജീവിതത്തിലേക്ക് എപ്പോഴോ എത്തിച്ചേരുവാൻ ഊഴവും കാത്തുനിൽക്കുന്ന ഒരു വാൾ!! അതിനെക്കുറിച്ചയാൾ ഓർമിപ്പിക്കുന്നത് യാതൊരു കാരുണ്യവുമില്ലാതെയാണ്. എങ്കിലും, മേരിയ്ക്കത് ദൈവത്തിന്റെ ഓർമപ്പെടുത്തലായി തോന്നി. തന്റെ ജീവിതത്തിലേക്ക് വരൻ പോകുന്ന ഒരു വാളിനെ അഭിമുഖീകരിക്കുവാൻ, ആ വാൾ വരുമ്പോൾ ജീവിതം ചിതറിയിക്കപ്പെടാതിരിക്കുവാൻ അവൾ അവളെ ബലപ്പെടുത്തി, ദൈവത്തെ മുറുകെപ്പിടിച്ചു.. അതുകൊണ്ടല്ലേ, ചിതറിക്കപ്പെടാതെ തന്റെ മകന്റെ കുരിശുമരണവേളയിൽ കാൽവരിയിൽ കുരിശിൻ കീഴെ നില്ക്കാൻ മറിയത്തിനായത്?! അതെ, ശിമയോൻ അവളെ സഹായിക്കുകയായിരുന്നു. ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്!
സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ദൈവത്തെ നൽകിയ ദിവസമാണ്. ഈ സുവിശേഷ സന്ദേശം ഈശോയുടെ സ്നേഹം നിറഞ്ഞ ഓർമപ്പെടുത്തലാണ്. ക്രിസ്തുവിനോട് ചേർന്ന് നില്ക്കാൻ, മഴയത്തും, വെയിലിലും, ക്രിസ്തുവിനോടൊപ്പം നില്ക്കാൻ നാം പഠിക്കണം; നമ്മുടെ മക്കളെ പഠിപ്പിക്കണം. അക്കരപ്പച്ചകൾ കണ്ട് ഇളകാതിരിക്കുക!

നാം ഓരോരുത്തരുടെയും ജീവിതമാകുന്ന മേശകളിൽ നമുക്കാവശ്യമായ സ്നേഹസമ്പന്നനായ ആതിഥേയൻ, ക്രിസ്തു നമുക്ക് വിളമ്പിത്തരും. സ്വീകരിക്കാനുള്ള യോഗ്യത പുൽക്കൂട്ടിൽ ജനിച്ചവനോടൊത്ത്, മനുഷ്യന്റെ പാദങ്ങൾ കഴുകിയവനോടൊത്ത്, കാൽവരി കയറിയവനോടൊത്ത്, ഉത്ഥിതനായി വിശുദ്ധ കുർബാനയിൽ ജീവിക്കുന്നവനോടൊത്ത് ജീവിക്കുക, ശേഖരിക്കുക എന്നുള്ളതാണ്. ആമേൻ!
Reblogged this on Nelson MCBS.
LikeLike
Reblogged this on Nelsapy.
LikeLike